2009, മാർച്ച് 25, ബുധനാഴ്‌ച

തിരുമുല്ലവാരത്തെ സുഭദ്രാഹരണം

SubhadraHaranam Kathakali: Kalamandalam Gopi as Arjunan, Thonnackal Peethambaran as Balabhadran, Fact Padmanabhan as SriKrishnan.
മാര്‍ച്ച് 17, 2009: തിരുമുല്ലവാരം ശ്രീമഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ ഈ കൊല്ലത്തെ തിരുവോണമഹോത്സവത്തോട് അനുബന്ധിച്ച് ‘സുഭദ്രാഹരണം’ കഥകളി അവതരിക്കപ്പെട്ടു. മന്ത്രേടത്ത് നമ്പൂതിരിയാണ് ഈ ആട്ടക്കഥയുടെ കര്‍ത്താവ്. യുധിഷ്ഠിരനും ദ്രൌപദിയും ഒരുമിച്ചിരിക്കുന്ന മുറിയില്‍ പ്രവേശിച്ച്, സഹോദരന്മാര്‍ തമ്മിലുള്ള വ്യവസ്ഥ തെറ്റിച്ചതിനുള്ള പ്രായശ്ചിത്തമായി, സന്യാസിയുടെ വേഷത്തില്‍ അര്‍ജ്ജുനന്‍ പ്രഭാസതീര്‍ത്ഥത്തില്‍ വസിക്കുന്നു. അര്‍ജ്ജുനനില്‍ സുഭദ്രയ്ക്കുള്ള താത്പര്യം മനസിലാക്കുന്ന ശ്രീകൃഷ്ണന്‍ ഇരുവരേയും ഒരുമിപ്പിക്കുവാനുള്ള ഒത്താശ ചെയ്തു കൊടുക്കുന്നു. ‘മാലയിടല്‍’ എന്നപേരിലറിയപ്പെടുന്ന ഭാഗം മുതല്‍ക്കാണ് ഇവിടെ കഥ അവതരിപ്പിക്കപ്പെട്ടത്. കൃഷ്ണന്റേയും ഇന്ദ്രന്റേയും സാന്നിധ്യത്തില്‍ അര്‍ജ്ജുനനെ സുഭദ്ര മാലയിട്ട് വരിക്കുന്നു.


മാലയിട്ടതിനു ശേഷം അര്‍ജ്ജുനന്‍ വിവിധ ഭാവങ്ങളില്‍ ഏവരേയും നോക്കിക്കണ്ട്, ശ്രീകൃഷ്ണനേയും താതനായ ഇന്ദ്രനേയും സാക്ഷികളായ മറ്റനേകം ദേവഗണങ്ങളേയും നമസ്കരിക്കുന്നു. വീരശൃംഗാരരസങ്ങളില്‍ തുടങ്ങുന്ന അര്‍ജ്ജുനന്‍, പതിയെ അതില്‍ നിന്നും മാറി ദയാവായ്പോടെ വീണ്ടും ശ്രീകൃഷ്ണനെ വണങ്ങുന്നു. ഈ ഭാഗത്തെ അര്‍ജ്ജുനന്റെ അവതരണം, പ്രത്യേകിച്ചും കലാമണ്ഡലം ഗോപിയുടെ അവതരണരീതി എഴുതിഫലിപ്പിക്കുക പ്രയാസകരമാണ്. എഴുതിയാല്‍ തന്നെ അത് കേവലം യാന്ത്രികമായ എഴുത്തായിപ്പോവുകയും ചെയ്യും! കലാമണ്ഡലം ഗോപിയുടെ സുഭദ്രാഹരണം അര്‍ജ്ജുനനെക്കുറിച്ച് മനോജ് കുറൂര്‍, കലാമണ്ഡലം ഗോപി: കാലവും ക്രിയയും എന്ന പോസ്റ്റില്‍ പറയുന്നതു നോക്കുക.
ലജ്ജ, വിനയം, ഭക്തി, പശ്ചാത്താപം, അദ്ഭുതം എന്നിങ്ങനെ വിവിധഭാവങ്ങളുടെ ബാഹുല്യത്തിനിടയില്‍പ്പോലും മദ്ദളവും ചെണ്ടയുടെ വലന്തലയും ഉപയോഗിച്ചുള്ള ഹരം പിടിപ്പിക്കുന്ന മേളത്തില്‍ സ്വയം രമിച്ചുകൊണ്ടാണ്‌ പ്രധാനഭാവങ്ങളായ രതിയും ഉത്സാഹവും ഇദ്ദേഹം ആവിഷ്ക്കരിക്കുന്നത്‌. മേളത്തിന്റെ ക്രമികമായ കാലപരിണാമവും നടന്റെ ചലനങ്ങളിലെ ലയപരിണാമവും എങ്ങനെ പരസ്പരം ചേര്‍ന്നുപോകുന്നുവെന്ന്‌ അനുഭവിച്ചുതന്നെ അറിയേണ്ടിവരും.


“കേട്ടാലും വചനം, സഖേ!” എന്നു തുടങ്ങുന്ന, അര്‍ജ്ജുനനോടുള്ള ശ്രീകൃഷ്ണന്റെ പദമാണ് ആദ്യം. അത്യധികം സുകൃതം ചെയ്തവനാണ് അര്‍ജ്ജുനന്‍ എന്നാണ് കൃഷ്ണന്‍ ഈ പദത്തിലൂടെ പറയുന്നത്. എന്നാല്‍ തന്റെ പ്രവര്‍ത്തിയോര്‍ത്ത് ലജ്ജിക്കുകയാണ് അര്‍ജ്ജുനന്‍. “കഷ്ടം! ഞാന്‍ കപടം കൊണ്ടു...” എന്നു തുടങ്ങുന്ന പദത്തില്‍, താന്‍ മുനിയായി വേഷം മാറി ചെയ്തത് ചെറിയ പാതകമല്ല, കപടവേഷധാരിയായ തന്റെ പാദങ്ങളില്‍ സന്യാസിയെന്നോര്‍ത്ത് ശ്രീകൃഷ്ണന്‍ നമസ്കരിക്കുവാന്‍ സാഹചര്യമുണ്ടായത് ഓര്‍ക്കുകയാണെങ്കില്‍ എനിക്ക് ഞെട്ടലുണ്ടാവുന്നു, ലജ്ജതോന്നുകയും ചെയ്യുന്നു. ഇപ്രകാരം ലജ്ജയാലും സംഭ്രമത്താലും വിവശനായ അര്‍ജ്ജുനനെ സമാശ്വസിപ്പിച്ച്, സുഭദ്രയുമൊത്ത് മടങ്ങുവാന്‍ കൃഷ്ണന്‍ പറയുന്നു. യോദ്ധാക്കള്‍ തടയുവാന്‍ ശ്രമിച്ചെങ്കില്‍ തന്നെയും അവരെ വധിക്കരുത് എന്നോര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശ്രീകൃഷ്ണന്‍. തനിക്ക് ഇപ്രകാരമെല്ലാം വന്നു ഭവിക്കുവാന്‍ കാരണമായത് ലോകനാഥനായ അങ്ങയുടേയും ദേവനാഥനായ അച്ഛന്റേയും കരുണമൂലമാണെന്നു പറഞ്ഞ്, എന്നിലെല്ലായ്പോഴും ഇതുപോലെ കരുണ തോന്നേണമേ എന്ന് അര്‍ജ്ജുനന്‍ പ്രാര്‍ത്ഥിക്കുന്നു. നീ സൌഖ്യത്തോടെ കഴിയുക എന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ വിടവാങ്ങുന്നു.

കലാമണ്ഡലം രാജീവനാണ് ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. പദഭാഗത്തിലെ ഓരോ വരിയും കേട്ടു മനസിലാക്കിയിട്ടു വേണം അതാടുവാന്‍ എന്നു തോന്നിക്കുമായിരുന്നു രാജീവന്റെ ആട്ടം കണ്ടാല്‍. അര്‍ജ്ജുനന്‍ വിശദമായി കഷ്ടതയും, ഞെട്ടലും, ലജ്ജയുമൊക്കെ ആടിയപ്പോഴും ശ്രീകൃഷ്ണനില്‍ യാതൊരു ഭാവമാറ്റവും കൊണ്ടുവരുവാന്‍ രാജീവന്‍ ശ്രമിച്ചു കണ്ടില്ല. ഒരുപക്ഷെ അരങ്ങുപരിചയം ആവശ്യത്തിനില്ലാത്ത ഒരു വേഷമായതുകൊണ്ടാവാം ഈ കുറവുകള്‍ ഇത്രയും പ്രകടമായി തോന്നിയത്. വേഷഭംഗിയും നല്ല വൃത്തിയായി മുദ്രകാട്ടുവാന്‍ കഴിവുമുള്ള കലാമണ്ഡലം രാജീവന്‍ ഈ കാര്യങ്ങളില്‍ കൂടി മനസിരുത്തിയാല്‍ വേഷങ്ങള്‍ കൂടുതല്‍ മികച്ചതാവുമെന്ന് നിസംശയം പറയാം.

അര്‍ജ്ജുനന്റെ സുഭദ്രയോടുള്ള ശൃംഗാരരസപ്രധാനമായ “കഞ്ജദളലോചനേ! മഞ്ജുതരഭാഷിണീ!” എന്നുതുടങ്ങുന്ന പതിഞ്ഞ പദമാണ് തുടര്‍ന്നു വരുന്നത്. “കുഞ്ജരസമാനഗമനേ!” എന്ന ഭാഗത്ത് ആനയുടെ നടപ്പിനിടയില്‍ വരുന്ന വിവിധ ചേഷ്ടകളും മറ്റും കലാമണ്ഡലം ഗോപി അവതരിപ്പിക്കുകയുണ്ടായി. ഒരു യഥാര്‍ത്ഥ ആനയെക്കാണുമ്പോഴും ആനയുടെ നടത്തം പോലെയെന്ന് നായികയുടെ ചലനത്തെ വിശേഷിപ്പിക്കുമ്പോളും ആന എന്നതിനു ഒരേ അവതരണം എത്രമാത്രം യോജിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇനി ആനയെ വിശദമായി കാണിച്ചാല്‍ പോലും, സുഭദ്രയുടെ നടത്തത്തിനെ വിശേഷിപ്പിക്കുവാന്‍ തക്കവണ്ണം ആനയുടെ നടത്തയേയും അവതരിപ്പിക്കേണ്ടതല്ലേ? “കാന്തമുഖാംബുജം, ഹന്ത! മറയ്ക്കുന്നതെന്തേ?”, “കാന്തേ! പദാംബുജം നോക്കി നില്‍ക്കുന്നിതോ?” ഈ ഭാഗങ്ങളിലൊക്കെ അര്‍ജ്ജുനന്‍ സുഭദ്രയെ നോക്കിക്കണ്ടാണ് ആടുന്നത്. സുഭദ്ര വെറുതേ ലജ്ജ നടിച്ച് നിന്നാല്‍ മതിയാവുമെന്നു തോന്നുന്നില്ല ഇവിടെയൊക്കെയും. ‘നമ്രശിരസ്കയായി കാല്‍‌വിരല്‍ കൊണ്ടു കളം വരച്ചു നില്‍ക്കുന്നതെന്തേ?’ എന്ന് അര്‍ജ്ജുനന്‍ വിശദമായി ചോദിക്കുമ്പോഴും, അത്രയൊന്നും ലജ്ജയോ ചലനങ്ങളോ സുഭദ്രയില്‍ കാണുവാനുണ്ടായില്ല. സുഭദ്രയായെത്തിയ കലാമണ്ഡലം അനില്‍കുമാര്‍ അല്പം കൂടി പാത്രബോധത്തോടെ അരങ്ങില്‍ പ്രവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യേണ്ടതുണ്ടായിരുന്നു എന്നു തോന്നി.


“മുല്ലസായകതുല്യ...” എന്ന സുഭദ്രയുടെ ഹൃസ്വമായ മറുപടിപദത്തിനു ശേഷം അര്‍ജ്ജുനന്റെ ആത്മഗതങ്ങളാണ് മനോധര്‍മ്മമായി അവതരിപ്പിക്കുക. ‘ഇവള്‍ എന്റെ മന്ദിരത്തില്‍ ലക്ഷ്മിദേവിയെപ്പോലെ വാഴും. ഇവളെ കാണുന്നത് കണ്ണുകള്‍ക്ക് അമൃതാണ്, ഇവളുടെ കൈകള്‍ എന്റെ കഴുത്തില്‍ മുത്തുമാലയായി ഭവിക്കും, ഇവളുടെ സ്പര്‍ശം ദേഹത്തിന് ചന്ദനമെന്നതുപോലെ കുളിരേകുന്നു. എന്നിട്ടും എനിക്ക് വിവശത തോന്നുവാന്‍ കാരണമെന്ത്?’ മനസിലായെന്നു കാട്ടി, ‘ഇവളെ പിരിയണമെന്ന ചിന്തയാണ് എന്നെ അസ്വസ്ഥനാക്കുന്നത്. അതിനാല്‍ ഇവളോടൊത്ത് വസിക്കുക തന്നെ’. തേരു വരുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ച്, ‘അല്ലയോ ദയിതേ! നമുക്ക് പോകുവാനുള്ള തേര് വന്നു. പെട്ടെന്ന് പോവുകയല്ലേ?’. ‘അപ്രകാരം തന്നെ!’ എന്നു പറയുന്ന സുഭദ്ര, അര്‍ജ്ജുനന്‍ ചിന്താധീനനായി നില്‍ക്കുന്നതു കണ്ട് കാര്യം തിരക്കുന്നു. ‘ആരാണ് തേര്‍ തെളിക്കുക?’ എന്ന തന്റെ സന്ദേഹം വെളിപ്പെടുത്തുന്ന അര്‍ജ്ജുനനോട് അതു താന്‍ ചെയ്യാമെന്ന് സുഭദ്ര പറയുന്നു. സുഭദ്രയ്ക്ക് തേരു തെളിക്കുവാന്‍ അറിയാമോ എന്ന് അത്ഭുതത്തോടെ അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍, ‘അറിയാം. എന്നെ കുട്ടിക്കാലത്തു തന്നെ ശ്രീകൃഷ്ണന്‍ തേരു തെളിക്കുവാന്‍ പഠിപ്പിച്ചു.’ ഇതുകേട്ട് കൃഷ്ണനെ കൃതാര്‍ത്ഥതയോടെ വിചാരിച്ച്, ഇരുവരും തേരില്‍ കയറി തിരിക്കുന്നു.


അല്പദൂരം സഞ്ചരിക്കുമ്പോള്‍ അവിടവിടെയായി സ്ഥിതി ചെയ്യുന്ന യോദ്ധാക്കളെ കാണുന്നു. ‘ഇവളോടൊത്ത് ഇവരെ ഞാന്‍ എന്തു ചെയ്യും?’ എന്നു ചിന്തിച്ച്, ‘ഇവരെ പോരിനു വിളിക്കുക തന്നെ!’ എന്നുറയ്ക്കുന്നു. ദ്വാരഭൂമിയില്‍ വാഴും വീരന്മാരോട്, “കണ്ടുകൊള്ളഹോ! കൊണ്ടല്‍‌വേണിയെ ഇണ്ടലെന്നിയേ കൊണ്ടുപോവുന്നേന്‍!” എന്നാണ് അര്‍ജ്ജുനന്റെ പദം. തുടര്‍ന്ന് വിപുധു എന്ന യോദ്ധാവുമായുള്ള യുദ്ധമാണെങ്കിലും, അത് സാധാരണയായി അവതരിപ്പിച്ച് കാണാറില്ല. ഇവിടെയും അതുണ്ടായില്ല. സുഭദ്രയെ ഒരു സന്യാസി അപഹരിച്ചുകൊണ്ടുപോയി, അത് സന്യാസിയായെത്തിയ അര്‍ജ്ജുനനായിരുന്നു എന്നിങ്ങനെ മൂന്നു ബ്രാഹ്മണര്‍ തമ്മില്‍ ലോഹ്യം പറയുന്നതാണ് അടുത്ത രംഗം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മയ്യനാട് കേശവന്‍ നമ്പൂതിരി, കലാമണ്ഡലം പ്രശാന്ത് എന്നിവരായിരുന്നു ബ്രാഹ്മണരായെത്തിയത്. ഇനി വേളികഴിക്കണമെന്നുള്ളവരൊക്കെ ആദ്യം സന്യസിക്കും എന്ന ഭാഗത്ത്, താടി വെച്ച ബ്രാഹ്മണനെ ചൂണ്ടി ഉണ്ണിത്താന്റെ ബ്രാഹ്മണന്‍ പറയുന്നു, ‘ഇദ്ദേഹം ഇപ്പോഴേ താടി വളര്‍ത്തി തുടങ്ങി!’ ഇതേ രീതിയില്‍ വളരെ സരസമായായിരുന്നു മൂവരും ചേര്‍ന്ന് ഈ ഭാഗം അവതരിപ്പിച്ചത്. പക്ഷെ എല്ലാവരും പദം ആടുവാനായി വീതിച്ചെടുത്തപ്പോള്‍, അല്പം യുക്തിഭംഗം ഇടയ്ക്കുണ്ടായി എന്നൊരു ന്യൂനത പറയാം. ഉദാഹരണത്തിന്, സുഭദ്രയുടെ വിശേഷം കേട്ടിട്ടില്ലാത്ത ഭാവത്തില്‍ ആദ്യമിരിക്കുന്ന ബ്രാഹ്മണന്‍ തന്നെ പിന്നീട് അര്‍ജ്ജുനനാണ് സുഭദ്രയെ കടത്തിക്കൊണ്ടുപോയത് എന്നു പറയുന്നു. പദം വീതിച്ചെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നത് നന്നായിരിക്കും. അതിനു ശേഷം, ‘തേരു തെളിച്ചത് സുഭദ്രയായിരുന്നു. കൃഷ്ണന്‍ ഇതൊക്കെ മുന്‍‌കൂട്ടി കണ്ടിരുന്നു. അര്‍ജ്ജുനന്റെ അസ്ത്രങ്ങള്‍ ഒരാളെപ്പോലും മുറിച്ചില്ല, ഉരസിപ്പോയതേയുള്ളൂ‍, രോമങ്ങള്‍ ഇവിടാകെ ചിതറിക്കിടക്കുന്നു.’ എന്നൊരു ഹൃസ്വമായ ആട്ടവും പദത്തിനു ശേഷം ഉണ്ണിത്താനില്‍ നിന്നുമുണ്ടായി. നര്‍മ്മരസം കലര്‍ത്തി, കഥയോടു ചേര്‍ന്നു പോവുന്ന ഇത്തരം ആട്ടങ്ങള്‍ അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അഭിനന്ദനീയമാണ്.

ദൈവതകം എന്ന ദ്വീപില്‍ ഉത്സവത്തിനു പോയ ബലഭദ്രനാണ് അടുത്ത രംഗത്തില്‍ എത്തുന്നത്. ‘ഉത്സവമൊക്കെ ഭംഗിയായിക്കഴിഞ്ഞു, ഇനി ദ്വാരകയിലേക്ക് തിരിക്കുക തന്നെ’ എന്നാടിയ ശേഷം തോണി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ട്, അതിലേറി തുഴഞ്ഞ് ബലഭദ്രന്‍ ദ്വാരകയിലെത്തുന്നു. ‘അതാ ധാരാളം ബ്രാഹ്മണര്‍. ഉത്സാഹത്തോടെ ഓരോന്നു പറഞ്ഞു ചിരിച്ചു കൊണ്ടു പോവുന്നു. അവരെന്താണ് പറയുന്നത്? സന്യാസി സുഭദ്രയെ അപഹരിച്ചു പോയെന്നോ! അത് സന്യാസിവേഷത്തിലെത്തിയ അര്‍ജ്ജുനനെന്നോ! സഹായിച്ചത് കൃഷ്ണനെന്നോ!’. അത്യധികം ക്രുദ്ധനാവുന്ന ബലരാമന്‍ പെട്ടെന്ന് ഒന്നു ചിന്തിക്കുന്നു, ‘കൃഷ്ണനോ! അതാകുവാന്‍ ഒരു വഴിയുമില്ല.’ വീണ്ടും ശ്രദ്ധിച്ച്, ‘കൃഷ്ണന്‍ തന്നെയെന്നോ!’, വീണ്ടും ക്രുദ്ധനായി കൃഷ്ണന്റെ സമീപത്തേക്ക് തിരിക്കുന്നു. “കുത്രവദ! കുത്രവദ!” എന്ന ബലരാമന്റെ ശ്രീകൃഷ്ണനോടുള്ള പദമാണ് തുടര്‍ന്ന്. ശ്രീകൃഷ്ണന്‍ ജേഷ്ഠനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇരുവരുടേയും ചരണങ്ങള്‍ക്കിടയില്‍ ബലഭദ്രന്‍ ഓരോ കാര്യങ്ങളോര്‍ത്ത് കോപിക്കുകയും ശ്രീകൃഷ്ണന്‍ അവയ്ക്കൊക്കെ ന്യായം പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ വിവിധ ആട്ടങ്ങളും പതിവുണ്ട്. ഒടുവില്‍, അര്‍ജ്ജുനനെ വധിച്ചാല്‍ സുഭദ്രയ്ക്ക് വൈധവ്യം വന്നു ചേരും എന്ന കൃഷ്ണന്റെ വാക്കുകളില്‍ ശാന്തനായി ബലഭദ്രന്‍ ഇരുവരേയും കണ്ട് അനുഗ്രഹിച്ച്, സ്വര്‍ണ്ണവും വസ്ത്രങ്ങളും നല്‍കുക തന്നെ എന്നുറച്ച് കൃഷ്ണനോടൊപ്പം തിരിക്കുന്നു. അര്‍ജ്ജുനന്‍ മുറിവേല്‍പ്പിക്കാതെ യോദ്ധാക്കളെ തുരത്തിയതും മറ്റും ശ്രീകൃഷ്ണന്‍ ജേഷ്ഠനെ കാണിക്കുകയും ചെയ്യുന്നു. നമ്മുടെ അര്‍ജ്ജുനന്‍ ഒരു വീരന്‍ തന്നെ എന്ന് അംഗീകരിച്ചാണ് ബലഭദ്രന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നത്.


ബലഭദ്രന്റെ കോപം വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ തോന്നയ്ക്കല്‍ പീതാംബരന് കഴിഞ്ഞില്ല. കോപം സ്ഥായിയായി നിര്‍ത്തുന്നതില്‍ പലപ്പോഴും അദ്ദേഹം പരാജയപ്പെട്ടു. ബ്രാഹ്മണര്‍ ഓരോന്നു പറയുന്നത് കേള്‍ക്കുമ്പോളും, ബലഭദ്രന്റെ കോപം ക്രമമായി ഉയര്‍ന്നു വരുകയും വേണം. അങ്ങിനെയൊരു ക്രമമായ ഉയര്‍ച്ചയും അദ്ദേഹത്തിന്റെ വേഷത്തില്‍ കാണുവാനായില്ല. ഫാക്ട് പത്മനാഭനാണ് ഈ രംഗങ്ങളില്‍ ശ്രീകൃഷ്ണനായെത്തിയത്. സുഭദ്രാഹരണം കഥയിലെ ശ്രീകൃഷ്ണനെ അവതരിപ്പിക്കുവാന്‍ എന്തിനാണ് രണ്ടു വേഷക്കാര്‍? ജേഷ്ഠന്റെ കോപത്താല്‍ വിവശനായ, തണുപ്പിക്കുവാന്‍ പാടുപെടുന്ന, താന്‍ തെറ്റുകാരനല്ലെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ശ്രീകൃഷ്ണനെ ഫാക്ട് പത്മനാഭന്‍ തരക്കേടില്ലാതെ അവതരിപ്പിച്ചു. എന്നാല്‍ ഇടയ്ക്കിടെ, പ്രത്യേകിച്ചും ബലരാമന്‍ പദമാടുന്ന അവസരങ്ങളില്‍, ശ്രീകൃഷ്ണനായല്ല ഫാക്ട് പത്മനാഭനായാണ് അദ്ദേഹം അരങ്ങത്ത് നിന്നതെന്നും തോന്നി. അല്പം കൂടി ആത്മാര്‍ത്ഥമായ അവതരണം ആകാമായിരുന്നു. ഇരുവരും ചേര്‍ന്ന് അഷ്ടകലാശമൊക്കെ എടുത്തെങ്കിലും, എങ്ങിനെയൊക്കെയോ കാട്ടിക്കൂട്ടി എന്നല്ലാതെ ആട്ടത്തിന്റെ സൌന്ദര്യമൊന്നും കാണുവാനായില്ല. ഇടയ്ക്ക് തോന്നയ്ക്കല്‍ പീതാംബരന്‍ ആട്ടം മതിയാക്കിയപ്പോള്‍, ശ്രീകൃഷ്ണന്‍ ചോദിക്കുന്നു, ‘ഇത്രയും മതിയോ?’ എന്ന്. ഉടനെ, ‘നീ ആടിക്കോളൂ...’ എന്ന്
ബലരാമന്റെ മറുപടി. ബലരാമനും ശ്രീകൃഷ്ണനും കൂടി നൃത്തം ചെയ്യുകയാണെന്നാണ് ഇരുവരുടേയും ധാരണയെന്നു തോന്നി ഈ ചോദ്യവും ഉത്തരവും കണ്ടപ്പോള്‍!


കൃഷ്ണവേഷത്തിലുള്ള ഫാക്ട് പത്മനാഭന്‍ പാട്ടുകാരോടും, വേദിയുടെ പിന്നില്‍ നില്‍ക്കുന്നവരോടുമൊക്കെ അടുത്ത രംഗമുണ്ടോ എന്നു തിരക്കുക; എന്നിട്ടത് തിരികെ വന്ന് തോന്നക്കലിന്റെ ബലരാമനോടത് പറയുക, ഇരുവരും കൂടി അരങ്ങില്‍ തിരശീല പിടിക്കാതെ തന്നെ സംസാരിക്കുക തുടങ്ങി കഥകളി അരങ്ങുകളില്‍ ഒട്ടും തന്നെ അഭിലഷണീയമല്ലാത്ത കാര്യങ്ങളാണ് തുടര്‍ന്നു കണ്ടത്. അടുത്ത രംഗമുണ്ടോ ഇല്ലയോ എന്നതൊക്കെ അണിയറയില്‍ വെച്ചു തന്നെ ധാരണയിലെത്തിയില്ലെന്നത് പോട്ടെ, ഇരുവരും ആട്ടം തീര്‍ത്തു മാറി തിരശീല പിടിച്ചതിനു ശേഷം ആ‍വാമല്ലോ അതിനെക്കുറിച്ചുള്ള സംസാരങ്ങള്‍. അതിനു ശേഷം അര്‍ജ്ജുനനായി കലാനിലയം ഗോപനാണെത്തിയത്. അര്‍ജ്ജുനനും ബലരാമനും എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയുമില്ല. ഒടുക്കം ഫാക്ട് പത്മനാഭന്‍ ഇരുവരേയും കൊണ്ട് ഓരോന്നു ചെയ്യിക്കുന്ന രീതിയിലായി കാര്യങ്ങള്‍. അര്‍ജ്ജുനനോട് എഴുനേറ്റ് വന്ദിക്കുവാന്‍ പറയുന്നു, ഇരുവരോടും വശം മാറുവാന്‍ പറയുന്നു, ബലരാമനോട് അര്‍ജ്ജുനനെ അനുഗ്രഹിക്കുവാന്‍ പറയുന്നു, സ്വര്‍ണ്ണവും ആഭരണങ്ങളും വസ്ത്രങ്ങളും ബലരാമനോട് നല്‍കുവാന്‍ പറയുന്നു; എന്നുവേണ്ട ഒടുവിലെങ്ങിനെ രംഗം അവസാനിപ്പിക്കണമെന്നു പോലും ബലരാമനും അര്‍ജ്ജുനനും അറിയില്ല. ഇത്രയും ബോധമില്ലായെങ്കില്‍ എന്തിനായിരുന്നു ഇത് അവതരിപ്പിച്ചതെന്ന് മനസിലാവുന്നില്ല. ഇത്തരം വികലമായ അവതരണങ്ങളും, ആശാന്മാര്‍ക്ക് അടുപ്പിലും തൂറാം എന്ന മട്ടിലുള്ള ചിലരുടെ അരങ്ങിലെ പ്രവര്‍ത്തികളും കാണുമ്പോള്‍ ഗോപിയാശാന്റെ ഭാഗം കഴിയുമ്പോള്‍, പ്രധാന പാട്ടുകാര്‍ക്കും മേളക്കാര്‍ക്കുമൊപ്പം ആസ്വാദകര്‍ക്കും വേദി വിടാം എന്നാണു തോന്നുന്നത്.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ബ്രാഹ്മണര്‍ വരെയുള്ള ഭാഗങ്ങളും; പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും വിനോദുമായി തുടര്‍ന്നുള്ള ഭാഗങ്ങളും ആലപിച്ചു. അടന്തയിലുള്ള അര്‍ജ്ജുനന്റെ ആദ്യ പതിഞ്ഞ പദവും, നാല്പത് അക്ഷരകാലം ചമ്പയിലുള്ള രണ്ടാമത്തെ പതിഞ്ഞ പദവും വളരെ നന്നായിത്തന്നെ പത്തിയൂരും ബാബു നമ്പൂതിരിയും ചേര്‍ന്ന് പാടുകയുണ്ടായി. സാഹിത്യവും താളവും വളരെ ബന്ധപ്പെടുത്തി ചിട്ട ചെയ്തിരിക്കുന്ന പദങ്ങളായതിനാല്‍ തന്നെ വളരെ ശ്രദ്ധയോടു കൂടി പാടേണ്ട ഒന്നാണ് ‘സുഭദ്രാഹരണം’ ആട്ടക്കഥ. തുടര്‍ന്നുള്ള രംഗങ്ങളുടെ ആലാപനവും മികച്ചു നിന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം രാധാകൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം നാരായണന്‍, കലാമണ്ഡലം വേണുക്കുട്ടന്‍ തുടങ്ങിയവര്‍ മദ്ദളത്തിലും മേളമൊരുക്കി. മേളപ്രധാനമായ ഈ കഥയില്‍ ഇവരെല്ലാവരും വളരെ നന്നായി തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി. മുതുപിലാക്കാട് ചന്ദ്രശേഖരന്‍പിള്ളയുടെ ചുട്ടി മൊത്തത്തില്‍ മികച്ചു നിന്നെങ്കിലും, കലാമണ്ഡലം ഗോപിയുടേതിനു മാത്രം അത്ര ഭംഗി തോന്നിച്ചില്ല. സാധാരണ മൂന്നിതളാണ് ഗോപിയാശാന് വെയ്ക്കാറുള്ളത്, ഇവിടെ നാലെണ്ണം വെച്ചതുകൊണ്ടാണോ എന്നു സംശയം.

കൊല്ലം കഥകളി ക്ലബ്ബിന്റെ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത്. മൊത്തത്തിലെല്ലാം ഒന്ന് പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അരങ്ങ് സജ്ജീകരണവും ശബ്ദവും വെളിച്ചവുമെല്ലാം പതിവുപോലെ അശ്രദ്ധമായിരുന്നു. പലക കൂട്ടിക്കെട്ടിയ വേദി, അതുതന്നെ പലകകള്‍ ഇളകുന്ന പരുവത്തിലായിരുന്നു ഉണ്ടായിരുന്നത്. അഷ്ടകലാശവും മറ്റും വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ കഴിയാത്തതില്‍ ഇതും ഒരു കാരണമാണ്. കഥകളി ഉയരത്തില്‍ അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള ഒന്നല്ല. പ്രത്യേകിച്ചും ഇരുപതോ മുപ്പതോ കാണികളുള്ളപ്പോള്‍, നിലത്തു തന്നെ അവതരിപ്പിക്കുന്നതാണ് ഇതിലും ഉചിതം. ഇങ്ങിനെ മൊത്തത്തില്‍ നോക്കുമ്പോള്‍, ഒടുവില്‍ കൊണ്ട് കലമുടച്ച കാര്യം മറക്കാമെങ്കില്‍, വളരെ നല്ല ഒരു അസ്വാദനാനുഭവമായിരുന്നു തിരുമുല്ലവാരത്തെ ‘സുഭദ്രാഹരണം’ കഥകളി നല്‍കിയത്.

Description: Thirumullavaram SriMahavishnuSwamy Temple, Thiruvona Maholsavam'09: SubhadraHaranam Kathakali - Kalamandalam Gopi (Arjunan 1), Kalamandalam Rajeevan (Mayyanadu Rajeevan) (SriKrishnan 1), Kalamandalam Anilkumar (Subhadra), Kalanilayam Gopan (Indran, Arjunan 2), Kalamandalam Ramachandran Unnithan (Brahmanan 1), Mayyanad Kesavan Nampoothiri (Brahmanan 2), Kalamandalam Prasanth (Brahmanan 3), Thonnackal Peethambaran (Balaraman / Balabhadran), Fact Padmanabhan (SriKrishnan 2); Pattu: Pathiyur Sanakarankutty, Kalamandalam Babu Nampoothiri, Kalamandalam Vinod; Chenda: Kalamandalam Unnikrishnan, Kalamandalam Radhakrishnan; Maddalam: Kalamandalam Narayanan Nair, Kalamandalam Venukkuttan; Chutti: Muthupilakkad Chandrasekharan Pillai; Kaliyogam: Kollam Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 17, 2009.
--

2009, മാർച്ച് 11, ബുധനാഴ്‌ച

ഇടയാവണത്തെ നളചരിതം രണ്ടാം ദിവസം - ഭാഗം രണ്ട്

Nalacharitham Randam Divasam Kathakali: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi and Nelliyodu Vasudevan Nampoothiri as Pushkaran.
മാര്‍ച്ച് 3, 2009: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ അവതരിക്കപ്പെട്ട ‘നളചരിതം രണ്ടാം ദിവസം’ കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കുക. തോന്നയ്ക്കല്‍ പീതാംബരനായിരുന്നു പുഷ്കരനായി രംഗത്തെത്തിയത്. “അരികില്‍ വന്നു നിന്നതാരെന്തഭിമതം?” എന്ന പുഷ്കരന്റെ ആദ്യ പദം, ഇടമട്ടിലുള്ളൊരു ചിട്ടപ്രധാനമായൊരു പദത്തിന്റെ ഘടനാപരമായ ഛായയുള്ള ഒന്നാണ്. എന്നാല്‍ സാധാരണയൊരു പദം പോലെ, മുദ്രകാണിച്ചു പോകുവാന്‍ മാത്രമേ പീതാംബരന്‍ ശ്രമിച്ചുള്ളൂ. കലിയാല്‍ ഉത്തേജിതനാവുന്ന പുഷ്കരന്‍, ഉദ്യാനത്തില്‍ ദമയന്തിയുമായി കഴിയുന്ന നളന്റെ സമീപം ചെന്ന് ചൂതുവിളിക്കുന്നു. ചെന്നു കണ്ട്, പുഷ്കരനാണെന്നറിയുന്ന നളന്‍ പുച്ഛത്തോടെ ദമയന്തിയോട് പറയുന്നു, ‘എനിക്കൊരു അര്‍ദ്ധസഹോദരനുള്ളതായി അറിയില്ലേ? അവനാണിവന്‍.’ എന്ന്.


പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ദമയന്തി നളന്റെ അര്‍ദ്ധസഹോദരനെ ആദ്യമായാണ് ഈ സമയം കാണുന്നത് എന്നതില്‍ അല്പം അതിശയോക്തിയുണ്ട്. ഇനി അത്രമേല്‍ അവഗണിക്കപ്പെട്ട നിലയിലായിരുന്നു പുഷ്കരന്‍ എന്നുവരുന്നത്, നളന് ക്ഷീണവുമാണ്. ഇത്തരം സംശയങ്ങള്‍ പ്രേക്ഷകരിലുണ്ടാക്കുവാനല്ലാതെ, മറ്റെന്തെങ്കിലും ഗുണം നളന്റെ ഈ വാചകം കൊണ്ടുണ്ടെന്നു തോന്നുന്നില്ല. ചൂതുകളിക്കിരിക്കുന്ന നളന്; കൈ തരിക്കല്‍, ഇടതു കണ്ണു തുടിക്കുക തുടങ്ങിയ ദുഃശകുനങ്ങള്‍ അനുഭവപ്പെടുന്നു. അവ കാര്യമാക്കാതെ ചൂതു തുടങ്ങുന്ന നളന് സര്‍വ്വതും നഷ്ടമാവുന്നു. പുറത്തു നിന്ന് കരയുകയായിരുന്ന ദമയന്തി, കാര്യങ്ങള്‍ കൈവിട്ടുപോവുന്നു എന്നതു മനസിലാക്കി കുട്ടികളെ സേവകന്‍ മുഖേന ഭീമരാജ്യത്തേക്കയയ്ക്കുന്നു. പുഷ്കരന്റെ ദുര്‍‌വാക്കുകളില്‍ മനംനൊന്ത്, നളന്‍ ദമയന്തിയോടു ചേര്‍ന്ന് വനത്തിലേക്ക് തിരിക്കുന്നു.


തനിക്കു വന്നുചേര്‍ന്ന സൌഭാഗ്യത്തില്‍ മദോന്മത്തനായി, “ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍...” എന്നയളവുവരെ പോവുന്നുണ്ട് പുഷ്കരനിവിടെ. വളരെ ഉന്മത്തനായുള്ള പുഷ്കരനെ വേണ്ടരീതിയില്‍ അവതരിപ്പിക്കുന്നതില്‍ തോന്നയ്ക്കല്‍ പീതാംബരന്‍ വിജയിച്ചില്ല. ഭാവം മുഖത്തുണ്ടെങ്കിലും, പ്രായാധിക്യം മൂലമാവണം ആവശ്യത്തിനു വേണ്ട ഊര്‍ജ്ജം പുഷ്കരനു നല്‍കുന്നതില്‍ അദ്ദേഹം പിന്നിലായിരുന്നു. “ഭൂമിയെന്നതുപോലെ...” എന്ന പദം ആടുവാന്‍ പലപ്പോഴും കലാമണ്ഡലം ഗോപി, പുഷ്കരനായി വേഷമിടുന്ന കലാകാരനെ അനുവദിക്കാറില്ല. ഇതു കേട്ടയുടനെ നിയന്ത്രണം വിടുന്ന നളനാണ്, മുദ്ര തീരുന്നതുവരെ നോക്കിയിരിക്കുന്ന് കോപിക്കുന്നതിലും നല്ലതും. ‘മല്ലാക്ഷിഭൈമിയേയുമൊല്ലാ കൊണ്ടങ്ങുപോകില്‍...’ എന്നതിനോടു ചേര്‍ത്ത് ‘ഭൂമിയെന്നതുപോലെ ഭൈമിയും...’ എന്നു കൂടി പുഷ്കരന്‍ മുദ്ര അഭിനയിച്ചതിനു ശേഷം മാത്രം, ഗായകര്‍ ആ വരിയിലേക്ക് കടക്കുന്നതാണ് അതിനാല്‍ നല്ലതെന്നു തോന്നുന്നു. വരി ഒരിക്കല്‍ പാടുമ്പോള്‍ തന്നെ, ‘ചേരുമെന്നില്‍’ എന്നു കാണിച്ച് നിര്‍ത്തുവാനും ഇങ്ങിനെയാവുമ്പോള്‍ പുഷ്കരനു സാധിക്കും. അങ്ങിനെയല്ലെങ്കില്‍ നളന്‍ പാ‍ട്ടുകേട്ട് ആടുകയാണെന്ന തോന്നലാണുണ്ടാവുക. നിരവധി രാജാക്കന്മാരുടെ സദസില്‍, ദേവകള്‍ പുഷ്പവൃഷ്ടി നടത്തുമ്പോള്‍ ധരിച്ച ഈ കിരീടം, ഇന്ന് ഇവനായി ഉപേക്ഷിക്കേണ്ടിവന്നുവല്ലോ എന്നു സങ്കടപ്പെട്ട്, അര്‍ത്ഥഗര്‍ഭമായി അനുഗ്രഹിച്ച്, ദമയന്തിയോടൊപ്പം നളന്‍ കാട്ടിലേക്ക് തിരിക്കുന്നു.


പക്ഷികളെ പിടിക്കുവാന്‍ ശ്രമിക്കവെ ഏകവസ്ത്രവും നഷ്ടപ്പെട്ട് ദമയന്തിയോടൊപ്പം നളന്‍ വനത്തില്‍ പ്രവേശിക്കുന്നു. ദമയന്തിയെ തന്റെ നിസ്സഹായത പറയുന്ന നളന്റെ, “ഒരുനാളും നിരൂപിതം...” എന്ന പദമാണ് തുടര്‍ന്ന്. വിശപ്പും ദാഹവുമൊന്നുമല്ല, നമ്മളുടെ പൊരുത്തം പൊയ്പോയോ എന്നതാണ് വിഷമിപ്പിക്കുന്നത് എന്നു പറഞ്ഞ് തന്റെയൊപ്പം നില്‍ക്കുന്ന ദമയന്തി തന്നോടൊപ്പം വന്നാല്‍ കൂടുതല്‍ കഷ്ടത അനുഭവിക്കേണ്ടിവരുമെന്ന് നളന്‍ തിരിച്ചറിയുന്നു. കാനനത്തിന്റെ ഭീകരത പറഞ്ഞു മനസിലാക്കി, ഇരുവഴികളിലൊന്നു ചൂണ്ടിക്കാട്ടി കുണ്ഡിനത്തിലേക്കുള്ള വഴിയിതാണെന്നു പറഞ്ഞു കൊടുത്ത് പതിയെ പിന്നിലോട്ടു നടക്കുന്ന നളന്റെയടുത്തേക്ക് ദമയന്തി തിരികെയെത്തുന്നു. യാത്രചെയ്ത് ക്ഷീണിതയായിരിക്കുന്ന ദമയന്തിയോട് തന്റെ മടിയില്‍ കിടന്നുറങ്ങുവാന്‍ നളന്‍ പറയുന്നു. രാജകൊട്ടാരത്തില്‍ സര്‍വ്വസുഖങ്ങളോടും കഴിയേണ്ട ഇവള്‍ക്ക്, താന്‍ കാരണമായി ഇങ്ങിനെയൊരു ദുരന്തം വന്നുവല്ലോ എന്ന ചിന്ത നളനെ കൂടുതല്‍ ദുഃഖിപ്പിക്കുന്നു. ഒടുവില്‍, ദമയന്തിയുടെ പാതിവസ്ത്രവും മുറിച്ചെടുത്ത് നളന്‍ നടന്നു മറയുന്നു.


കലിബാധയാല്‍ ഉന്മത്തനായ നളന്‍ ദമയന്തിയെ പിരിയുന്ന രംഗം കലാമണ്ഡലം ഗോപി മനോഹരമായി രംഗത്തവതരിപ്പിച്ചു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയ്ക്കും ഈ ഭാഗമായപ്പോഴേക്കും ഉണര്‍വ്വു വെച്ചു. മാര്‍ഗി രത്നാകരന്‍ നന്നായി പിന്തുണയ്ക്കുകയും; പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവര്‍ ഭാവമൊട്ടും കുറയാതെ ഗാനമാലപിക്കുകയും കൂടി ചെയ്തപ്പോള്‍ ഈ രംഗം വളരെ മികവു പുലര്‍ത്തി. ദുഃഖിതയായ ദമയന്തിക്ക്, ഘോരമായ വനത്തെക്കുറിച്ച് ഉള്ളാലെ ഭയവുമുണ്ട്. ഇത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാര്‍ഗി വിജയകുമാറിന്റെ ഈ രംഗങ്ങളിലെ അഭിനയവും ശ്രദ്ധേയമാണ്. ഉന്മത്തനായി പിന്നിലേക്കും, ദീനനായി മുന്നിലേക്കും രണ്ടു‌മൂന്നു പ്രാവശ്യം നടന്ന്; ദിക്പാലകന്മാരോട് ഇവളെ ഹൃംസജന്തുക്കളില്‍ നിന്നും കാത്തുകൊള്ളണമെന്നപേക്ഷിച്ച് പെട്ടെന്ന് പിന്നിലേക്കു തിരിഞ്ഞു മറയുന്ന കലാമണ്ഡലം ഗോപിയുടെ നളന്‍ പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവവേദ്യമായി. ഇവിടുത്തെ കളിയില്‍, ഈ ഭാഗമൊഴികെയുള്ള മറ്റു രംഗങ്ങളില്‍ ഗോപിയാശാന്‍ നളനായി മാറുന്ന മായാജാലം അത്രയ്ക്കൊന്നും അനുഭവപ്പെട്ടില്ല എന്നുകൂടി പറയേണ്ടതുണ്ട്.


ഉറക്കമെഴുനേല്‍ക്കുന്ന ദമയന്തി നളനെ കാണാഞ്ഞ് പരിഭ്രമിക്കുന്നു. ഏതോ ദുഷ്ടശക്തിയുടെ പ്രേരണയാലാണ് നളന്‍ ഈ തരത്തില്‍ തന്നോടുപോലും പെരുമാറുന്നത് എന്നുറയ്ക്കുന്ന ദമയന്തി, ആ വഞ്ചകനെ ശപിക്കുകയും ചെയ്യുന്നു. നളനെ തേടി നടക്കവെ ദമയന്തിയുടെ കാലില്‍ ഒരു പാമ്പ് പിടികൂടുന്നു. ദമയന്തിയുടെ നിലവിളി കേട്ട് ഉറക്കമുണരുന്ന ഒരു കാട്ടാളന്‍ അവിടെ രക്ഷയ്ക്കെത്തുന്നു. എന്നാല്‍, ദമയന്തിയുടെ രൂപം കണ്ട് മോഹിക്കുന്ന കാട്ടാളന്‍, രക്ഷിച്ചതിനു ശേഷം ദമയന്തിയോട് തന്നോടൊപ്പം വസിക്കുവാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഒരു അപകടത്തില്‍ നിന്നും മറ്റൊന്നിലെത്തുന്ന ദമയന്തി, ഇതിന് ദേവേന്ദ്രന്‍ നല്‍കിയ വരമാണ് തനിക്ക് ഉപകാരപ്പെടുക എന്നു ചിന്തിക്കുന്നു. ദമയന്തിയുടെ വ്രതശക്തിയാല്‍ കാട്ടാളന്‍ ഭസ്മമായി മാറുന്നു.

തന്റെ ഭര്‍ത്താവ് സ്വബോധത്തോടെ ഇതു ചെയ്യുകയില്ല എന്ന ദൃഢനിശ്ചയം മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയില്‍ പ്രകടമാണ്. ദമയന്തിയുടെ ഈ ദൃഢനിശ്ചയമാണ് നളചരിതത്തെ തുടര്‍ന്നു നയിക്കുന്നത് എന്നതു വിചാരിക്കുമ്പോള്‍, ദമയന്തിയെന്ന കഥാപാത്രത്തിന്റെ ഈ രീതിയിലുള്ള അവതരണം അവശ്യമാണെന്നു കാണാം. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ് കാട്ടാളനായി രംഗത്തെത്തിയത്. ഉറക്കം വിട്ടെഴുന്നേല്‍ക്കുന്ന കാട്ടാളന്‍, കല്ലുകള്‍ കൂട്ടിത്തിരുമ്മി തീയുണ്ടാക്കുന്നതും പന്തം കത്തിക്കുന്നതുമൊക്കെ ആടുകയുണ്ടായി. തുടര്‍ന്ന് പന്തം കെടുത്തി ശബ്ദത്തെക്കുറിച്ച് അന്വേഷിക്കുകതന്നെ എന്നുറയ്ക്കുകയും ചെയ്യുന്നു. ഈ ആട്ടം എന്തിനാണെന്ന് മനസിലാവുന്നില്ല. കാട്ടാളന്റെ ഉപജീവനത്തിന് ഹേതുവായുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നതും മറ്റും വിശദമായി ആടുന്നവരുണ്ട്. എന്നാല്‍, മൂര്‍ച്ചയുണ്ടോ എന്നൊന്ന് പരിശോധിച്ച് ആയുധങ്ങളുമെടുത്ത് പെട്ടെന്ന് തയ്യാറാവുകയാണ് നെല്ലിയോടിന്റെ കാട്ടാളന്‍ ചെയ്തത്. മറ്റൊരു പ്രത്യേകത കണ്ടത്, കാട്ടാളന്‍ ഒറ്റയ്ക്കല്ല താമസം എന്ന രീതീയിലായിരുന്നു അവതരണം എന്നതാണ്. ആരവമെന്തെന്നറിയുവാനായി പോവുന്നതിനു മുന്‍പ്, വാതിലടച്ചു കിടക്കുവാനായി ഉറങ്ങുന്നവരിലൊരാളെ (ഭാര്യയും മക്കളുമാണോ?) ഉണര്‍ത്തി പറയുകയും ചെയ്തു കാട്ടാളന്‍. ഒറ്റയ്ക്ക്, കാമപൂരണത്തിനുള്ള അവസ്ഥയില്ലാതെ കാട്ടില്‍ കഴിയുന്ന കാട്ടാളനാണ് കൂടുതല്‍ ഉചിതമെന്നു തോന്നുന്നു. ആപത്തില്‍ പെട്ടു കരയുന്ന സ്ത്രീയെ കാണുമ്പോള്‍ തന്നെ, രക്ഷിക്കുവാന്‍ ആലോചിക്കുന്നതിനും മുന്‍പ് കാമമാണല്ലോ കാട്ടാളനില്‍ ഉളവാകുന്നത്.


ദമയന്തിയെ കണ്ടയുടന്‍, വസ്ത്രം പോലും മുഴുവനില്ലാത്തത്രയും ഗതികേടിലാണിവള്‍ എന്നു കാട്ടാളന്‍ മനസിലാക്കുകയുമുണ്ടായി. സാധാരണ കാട്ടാളന്മാര്‍ ഇങ്ങിനെയൊരു കാര്യം ശ്രദ്ധിക്കുന്നതായി കണ്ടിട്ടില്ല. അനാവശ്യമായി പലപദങ്ങളും വിസ്തരിക്കുന്നതാണ് നെല്ലിയോടിന്റെ കാട്ടാളനില്‍ കണ്ട പ്രധാന പോരായ്മയായി തോന്നിയത്. എന്നാല്‍ പാമ്പിനെ കൊല്ലുന്നതിലും മറ്റും മിതത്വം പാലിക്കുകയും ചെയ്തു. “അംഗനേ ഞാനങ്ങു പോവതെങ്ങിനെ...” എന്നതിന്റെ തുടക്കത്തില്‍, ‘വാളെടുത്ത് വേണമെങ്കില്‍ നീയെന്റെ കഴുത്തുവെട്ടിക്കോളൂ, എന്നാലും ഞാന്‍ പോവില്ല!’ എന്നാടിയതും രസകരമായി തോന്നി. “അബലേ! നിന്‍ വ്രതലോപോദ്യതന്‍...” എന്നതുള്‍ക്കൊണ്ട്, പൂവുകളിറുത്ത് ദമയന്തിയില്‍ വര്‍ഷിക്കുവാന്‍ ഒരുമ്പിടവെയാണ് കാട്ടാളന്‍ ഭസ്മമായിത്തീരുന്നത്. കാട്ടാളന്റെ ഭാഗത്തുനിന്നും ദമയന്തിക്ക് വ്രതലോപം വരുന്ന രീതിയില്‍ ഒരുദ്യമം ഉണ്ടാവണം എന്നതിനാല്‍ തന്നെ, ഏറ്റവും മിതമായ എങ്കില്‍ ആശയം വ്യക്തമാവുന്ന ഈ അവതരണം, വളരെ ഉചിതമായി തോന്നി. കാട്ടാളന്റെ ഭസ്മീകരണം ദമയന്തിയില്‍ ഒരു ഭാവമാറ്റവും ഉണ്ടാക്കുന്നില്ല. ദമയന്തിയെ സംബന്ധിച്ചിടത്തോളം കാട്ടാളന്‍ ഒരു വിഷയമേ ആവുന്നുമില്ല. ഇതു കണ്ട് സന്തോഷിക്കുകയും, കണക്കായിപ്പോയി എന്നൊക്കെ ആടുകയും ചെയ്യുന്ന ദമയന്തിമാരില്‍ നിന്നും വിജയകുമാറിന്റെ ദമയന്തിയെ വേറിട്ടു നിര്‍ത്തുന്നതും ഈ പാത്രബോധം തന്നെയാണ്.

കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് കാട്ടാളന്റെ ഭാഗം മുതല്‍ക്ക് ആലപിച്ചത്. മൂന്നോ നാലോ പ്രാവശ്യം കൃഷ്ണന്‍‌കുട്ടിക്ക് പദങ്ങള്‍ തോന്നാതിരിക്കുകയോ, മാറിപ്പോവുകയോ ചെയ്യുകയുണ്ടായി. കൃഷ്ണന്‍‌കുട്ടിയുടെ പാട്ടിനെ അനുഗമിക്കുകയല്ലാതെ, തന്റേതായ രീതിയില്‍ പാടുകയാണ് രാജീവന്‍ ഇവിടെ ചെയ്തത്. സംഗീതം, ഭാവം എന്നിവ രാജീവന്റെ വഴിക്ക് കൂടുതലുണ്ടെങ്കിലും, കഥകളിയെ സംബന്ധിച്ചിടത്തോളം രണ്ടു ഗായകരും രണ്ടു രീതിയില്‍ പാടുന്നത് അഭികാമ്യമാണെന്നു തോന്നുന്നില്ല. മാര്‍ഗി വേണുഗോപാല്‍, കലാമണ്ഡലം രാജേന്ദ്രന്‍ എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും തരക്കേടില്ലാതെ പ്രവര്‍ത്തിച്ചുവെങ്കിലും, കാട്ടാളന്റെ ഇടയ്ക്കിടെയുള്ള നൃത്തങ്ങള്‍ക്ക് ചേരുന്ന താളം നല്‍കുവാന്‍ ഇരുവരുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമമൊന്നും ഉണ്ടായതുമില്ല.

മുന്‍‌വശം പണി പൂര്‍ത്തിയാവാത്ത സ്റ്റേജ്, ഇരുവശവും മറയ്ക്കുവാനായി ഒന്നുമില്ല, പ്രകടമായി മുന്നില്‍ തന്നെ ഇരുവശവും ഫാനുകള്‍, ചുറ്റും ഗംഭീരന്‍ സ്പീക്കറുകള്‍, ഇതിനൊക്കെ പുറമേ പ്രേക്ഷകനൊന്നു തലവെട്ടിച്ചാല്‍ കാണുവാന്‍ പാകത്തില്‍ സ്റ്റേജിനോടു ചേര്‍ന്നു തന്നെ അണിയറയും. നടന്മാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേക്ഷകര്‍ വല്ലാതെ ശ്രമപ്പെടേണ്ട അവസ്ഥ. ആട്ടവും പാട്ടും കൊട്ടുമൊന്നും വേണ്ടുംവണ്ണം ആസ്വാദ്യകരമായി അനുഭവപ്പെടാത്തതില്‍ ഇവിടുത്തെ രംഗസജ്ജീകരണങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. കലിയുടേയും കാട്ടാളന്റേയും വേഷങ്ങള്‍ക്ക് വെളുപ്പ് ഉത്തരീയം തന്നെ ഉപയോഗിച്ചിരിക്കുന്നതു കണ്ടു. കറുത്ത ഉത്തരീയം മാര്‍ഗി കളിയോഗത്തിന് ഇല്ലാത്തതുകൊണ്ടല്ല, ഇങ്ങിനെയൊക്കെ മതി എന്ന അലംഭാവമാണിതെന്ന് വ്യക്തം. പിന്നിലായി ഇളം നിറത്തില്‍ എടുത്തു കാണിക്കുന്ന ‘മാര്‍ഗി’ എന്നെഴുതിയ ബാനറും അരങ്ങിനു ചേര്‍ന്നതല്ല. ആവശ്യമെങ്കില്‍ അത്രയൊന്നും പ്രകടമല്ലാത്ത ഇരുണ്ട നിറങ്ങളുപയോഗിച്ചുള്ള ബാനര്‍ ആകാവുന്നതാണ്. ഇങ്ങിനെയുള്ള കാര്യങ്ങളിലൊക്കെയും മാര്‍ഗി പോലെയൊരു സ്ഥാപനം നിഷ്കര്‍ഷ പുലര്‍ത്തുവാന്‍ ശ്രമിക്കാത്തത് ഖേദകരമെന്നു തന്നെ പറയണം. വേഷത്തിന് ഗൌരവം കുറവായതിനാല്‍ കലാമണ്ഡലമാണ് ദ്വാപരന്റെ വേഷം ചുവപ്പുതാടിയാക്കുകയെന്ന ഹീനകൃത്യം ചെയ്തതെന്നു കേള്‍ക്കുന്നു. പച്ചയേക്കാള്‍ പ്രൌഢി കത്തിയ്ക്കാണെന്നു കണ്ട്, നളനെ കത്തിയാക്കുവാന്‍ തീരുമാനിക്കുന്നതിലുള്ള മൂഢത്വം ഇതിലുമുണ്ട്, ചെറുവേഷമായതിനാല്‍ അത് ഗൌരവത്തോടെ കണ്ടില്ലെന്നു മാത്രം. ചുരുക്കത്തില്‍; അത്രയൊന്നും കഥകളിക്ക് ചേരുന്ന അന്തരീക്ഷമല്ലാതിരുന്നിട്ടും, കലാകാരന്മാരുടെ പ്രകടനത്തിന്റെ ബലത്തില്‍ തരക്കേടില്ലാത്തതായി അനുഭവപ്പെട്ട ഒന്നായിരുന്നു ഇടയാവണത്ത് അവതരിപ്പിക്കപ്പെട്ട ‘നളചരിതം രണ്ടാം ദിവസം’.

Description: Thonnakkal Idayavanath SriBhagavathi Temple, Karthika Maholsavam'09: Nalacharitham Randam Divasam - Kalamandalam Gopi (Nalan), Margi Vijayakumar (Damayanthi), Kalamandalam Ramachandran Unnithan (Kali), Margi Suresh (Dwaparan), Margi Ravindran Nair (Indran), Thonnackal Peethambaran (Pushkaran), Nelliyodu Vasudevan Nampoothiri (Kattalan); Pattu: Kalamandalam Krishnankutty, Pathiyur Sanakarankutty, Fact Damu, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Raveendran, Margi Rathnakaran; Chutti: RLV Somadas, Margi Raveendran Nair, Margi Sreekumar; Kaliyogam: Margi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 03, 2009.
--

2009, മാർച്ച് 8, ഞായറാഴ്‌ച

ഇടയാവണത്തെ നളചരിതം രണ്ടാം ദിവസം - ഭാഗം ഒന്ന്

Nalacharitham Randam Divasam Kathakali: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali, Thonnackal Peethambaran as Pushkaran.
മാര്‍ച്ച് 3, 2009: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കഥകളിയില്‍, ‘നളചരിതം രണ്ടാം ദിവസ’മായിരുന്നു ആദ്യ കഥയായി അവതരിക്കപ്പെട്ടത്. ചെറിയ രീതിയിലുള്ള പുറപ്പാടിനും ഡബിള്‍ മേളപ്പദത്തിനും ശേഷമാണ് കഥ ആരംഭിച്ചത്. സ്വയംവരാനന്തരം നൈഷധത്തിലെത്തുന്ന നളദമയന്തിമാരുടെ സമാഗമരംഗമാണ് ആദ്യം. “കുവലയവിലോചനേ! ബാലേ! ഭൈമി!” എന്നു തുടങ്ങുന്ന നളന്റെ പതിഞ്ഞ ശൃംഗാരപദത്തോടെ രംഗം ആരംഭിക്കുന്നു. കലാമണ്ഡലം ഗോപിയാണ് ഇവിടെ നളനായി രംഗത്തെത്തിയത്. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായി വേഷമിട്ടു.


പദത്തിന്റെ മൂന്നാം ചരണത്തില്‍, സ്വയംവരത്തിനു മുന്‍പായി ഇന്ദ്രാദികളായ ദേവന്മാര്‍ മൂലമായുണ്ടായ സങ്കടങ്ങള്‍ നളന്‍ അയവിറക്കുന്നുണ്ട്. ഈ ഭാഗത്തും ദമയന്തി ലജ്ജയോടെ നളന്‍ പറയുന്നത് കേട്ട് ഇരിക്കുകയാണ് ഉണ്ടായത്. ഇടരെല്ലാം നീങ്ങി ആഗ്രഹിച്ച പ്രകാരം നളനെ ലഭിച്ച ദമയന്തിക്ക്, മുന്‍പുണ്ടായ സംഗതികളോര്‍ത്ത് ഭാവമാറ്റമൊന്നും വരേണ്ടതില്ലെങ്കിലും; നളനെ ആ കാര്യങ്ങള്‍ ഇപ്പോഴും അസ്വസ്ഥനാക്കുന്നു എന്നതില്‍ ദമയന്തിക്ക് അല്പം ആശങ്കയാവാമല്ലോ? ലജ്ജയൊന്നു മാറി, മുഖമൊന്നുയര്‍ത്തി നളന്‍ പറയുന്നത് അല്പം ശ്രദ്ധിച്ച്, തിരികെ ലജ്ജയിലേക്കെത്തിയാല്‍ കുറച്ചു കൂടി പ്രേക്ഷകര്‍ക്ക് ദമയന്തി അനുഭവത്താവുമെന്നു തോന്നുന്നു. “ഇന്ദുവദനേ! നിന്നെ ലഭിച്ചു...” എന്ന പദഭാഗത്ത്, ദമയന്തിയെ ലഭിക്കുവാനായി താനിക്കുണ്ടായ വലച്ചിലുകളെല്ലാം ആലോചിച്ച്, മുഖത്ത് പ്രകടമാക്കിയാണ് ‘ലഭിച്ചു’ എന്ന മുദ്രയിലേക്ക് കലാമണ്ഡലം ഗോപി കടക്കുന്നത്. അനുകരിക്കുന്നെങ്കില്‍; ഗോപിയാശാന്റെ നില്പും, നിലകളും, പ്രത്യേക അംഗവിക്ഷേപണങ്ങളും കൂടാതെ; ഇതുപോലെയുള്ള സൂക്ഷ്മാംശങ്ങള്‍ കൂടി അനുകരിക്കുവാന്‍ യുവകലാകാരന്മാര്‍ ശ്രമിച്ചെങ്കില്‍ നന്നായിരുന്നു.


“സാമ്യമകന്നോരുദ്യാനം...” ദമയന്തിയുടെ പദമാണെങ്കിലും, ഇവിടെ അവതരിപ്പിച്ചപ്പോളത് ഇരുവരും ചേര്‍ന്നുള്ള ഒരു പദമായി മാറി. “എത്രയുമഭിരാമ്യമിതിനുണ്ട്...” എന്നു ദമയന്തി പറയുമ്പോള്‍, ‘അതിനേക്കാള്‍ മനോഹരമായി നീയുമുണ്ട്.’ എന്ന് നളന്‍; “സാമ്യമല്ലിതുരണ്ടും...” എന്നതിന് ‘നമ്മള്‍ രണ്ടുപേരും എന്നതുപോലെ തന്നെ!’; “ഭൃംഗാളി നിറയുന്നു പാടലിപടലിയില്‍...” എന്ന ഭാഗത്ത് ‘വണ്ടുകള്‍ തേന്‍ നുകരുന്നു, എന്റെ കാര്യം?’; “മൃംഗാങ്കന്‍ ഉദിക്കയല്ലി!” എന്നയിടത്ത് ‘നീയാണ് എന്റെ മുന്നില്‍ ഉദിച്ചു നില്‍ക്കുന്നത്.’; “നിര്‍വൃതികരങ്ങളില്‍ ഈ വണ്ണം മറ്റൊന്നില്ല” എന്നതിന് ‘എനിക്കു നീയാണ് നിര്‍വൃതികരം’ എന്നിങ്ങനെ ദമയന്തി പറയുന്ന ഓരോന്നിനും, ദമയന്തിയുട് ബന്ധിപ്പിച്ച് എന്തെങ്കിലുമൊന്ന് നളനു പറയുവാനുണ്ടായിരുന്നു. “ദയിതേ! നീ കേള്‍” എന്ന നളന്റെ തുടര്‍ന്നുള്ള പദത്തില്‍, “...അനുകമ്പനീയം വൃത്തം.” എന്നു പറയുന്ന നളനോട്, ‘എന്താണത്?’ എന്നു ദമയന്തി ചോദിക്കുന്നു. നേരിട്ടൊരുത്തരം നല്‍കാതെ, ‘കാരണം നിനക്ക് അറിവില്ലെന്നോ?’ എന്നൊരു മറുചോദ്യമാണ് നളനില്‍ നിന്നുണ്ടായത്. ബ്രഹ്മദേവന്‍ സുന്ദരവസ്തുക്കള്‍ ചേര്‍ത്ത് ദമയന്തിയെ സൃഷ്ടിക്കുന്നത്, സ്വയംവരത്തിനു മുന്‍പുള്ള ഇരുവരുടേയും അനുഭവങ്ങള്‍, ഉദ്യാനത്തില്‍ ഹംസങ്ങളെ കാണുന്നത്, വള്ളിപടര്‍ന്നു കയറിയ വൃക്ഷത്തെ കണ്ട് എന്തു തോന്നുന്നുവെന്ന നളന്റെ ചോദ്യം, പേടമാന്‍ കുട്ടികള്‍ക്ക് മുലയൂട്ടുന്നത് സ്വയം മറന്നു കണ്ടു നില്‍ക്കുന്ന ദമയന്തി; തുടങ്ങിയ ആട്ടങ്ങളെല്ലാം ഇവിടെയുണ്ടായി. എന്നാല്‍ ഇവയൊക്കെയും അധികം വിസ്തരിക്കാതെ, പെട്ടെന്ന് ആടിത്തീര്‍ക്കുകയാണുണ്ടായത്.


കലിയും ചുവന്നതാടിയും തിരനോക്കു കഴിഞ്ഞ്, തിരശീല പാതി താഴ്തി പ്രവേശിക്കുന്നു. ഇരുവരും കണ്ടുമുട്ടുമ്പോള്‍ കലിയുടെ ചോദ്യം, ‘എങ്ങോട്ടാണ് യാത്ര?’. ‘ഭൂമിയില്‍ ഒരു സുന്ദരിയുടെ സ്വയംവരം...’ എന്നു പറയുന്ന ചുവന്നതാടിയോട്, ‘അവള്‍ എനിക്കുള്ളതാണ്. നീ മൃഷ്ടാനം ഉണ്ട്, സ്വയംവരം കണ്ടു പോന്നോളൂ... ഇനി ഒരുമിച്ചാവാം യാത്ര’. ദൂരെയൊരു പ്രഭകണ്ട്, ഇടയില്‍ നാലുപേരെ കലി തിരിച്ചറിയുന്നു. ഇദ്രന്‍, അഗ്നി, യമന്‍, വരുണന്‍ ഇവരെവിടെ നിന്നും വരുന്നുവെന്ന് ശങ്കിച്ച്; ഇവരെ ചെന്നു കണ്ട് അനുഗ്രഹവും മേടിച്ചാവാം തുടര്‍ന്നുള്ള യാത്ര എന്നു പറഞ്ഞ് അവരുടെ അടുത്തേക്ക് തിരിക്കുന്നു. ഇന്ദ്രനെയും ദേവന്മാരെയും ചെന്നു കണ്ടു വണങ്ങി, എവിടെ നിന്നും വരുന്നുവെന്നു തിരക്കുന്നു. അകലെ പോയ് വരികയാണെന്നു മറുപടി നല്‍കി, എങ്ങോട്ടാണ് യാത്രയെന്ന് ഇന്ദ്രന്‍ കലിയോട് തിരിച്ചു ചോദിക്കുന്നു. “ഭൂമിതന്നിലുണ്ടു...” എന്നു ചൊല്ലി വട്ടംതട്ടി, കലി ദമയന്തിയുടെ സൌന്ദര്യം വിവരിക്കുന്നു.
‘അവളുടെ സൌന്ദര്യം എന്റെ ഭാവനപോലെ പറയാം. ബ്രഹ്മദേവന്‍ എല്ലാ വിശിഷ്ടാവ്സ്തുക്കളുടേയും സത്തെടുത്ത് അവളുടെ രൂപമുണ്ടാക്കി; മയില്പീലി പോലെയുള്ള തലമുടി, കാമന്റെ വില്ലൊടിച്ച് വെച്ചപോലെയുള്ള പുരികങ്ങള്‍, മാന്‍ മിഴി പോലെ ഇമവെട്ടുന്ന മിഴിയിണകള്‍, നീണ്ടു മനോഹരമായ നാസിക, മുല്ലമൊട്ടുകള്‍ അടുക്കിയതുപോലെ പല്ലുകള്‍, കൊക്കിന്റേതുപോലെ നീണ്ട കഴുത്ത്, താമരവിടര്‍ന്നു കൂമ്പിയതുപോലെയുള്ള മുലകള്‍, സംഹത്തിന്റേതുപോലെ ഇടുങ്ങിയ അരക്കെട്ട്, ഹംസനട; ഇപ്രകാരം സുന്ദരിയെ സൃഷ്ടിച്ച് ബ്രഹ്മദേവന്‍ കൈകഴുകിയപ്പോള്‍ പൊയ്കയില്‍ താമരപ്പൂവുകള്‍ വിരിഞ്ഞു.’
നളനെയല്ലാതെ കലിയെ കെട്ടിയിരുന്നെങ്കിലും, ദമയന്തിക്ക് ബ്രഹ്മദേവന്റെ കഥ കേള്‍ക്കേണ്ടിവരുമായിരുന്നെന്നു ചിന്തിച്ചുപോയി ഇതു കണ്ടപ്പോള്‍! :-)

താന്‍ ഒറ്റയ്ക്കല്ല, തന്റെ കൂടെ “കാമക്രോധലോഭമോഹസൈന്യമുണ്ട്...” എന്നു പറയുന്നയിടത്ത് ‘ലോഭം’ എന്നതിന് ലോപിക്കുക എന്ന രീതിയില്‍ ഊര്‍ണനാഭത്തില്‍ തുടങ്ങി മുകുളത്തില്‍ അവസാനിക്കുന്ന മുദ്രയാണ് സാധാരണ കാണിച്ചുവരുന്നത്. അത്യാഗ്രഹം, ആര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മുദ്രയും, ‘മോഹ’മെന്ന അടുത്ത പദാര്‍ത്ഥവും കാണിക്കുവാന്‍ വ്യത്യസ്ത മുദ്രകളില്ലെന്നതാണ് ‘ലോഭം’ എന്നതിനു ‘ലോപം’ കാണിക്കുന്നതിനു കാരണമായി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഒന്നോ രണ്ടൊ മുദ്രകളുപയോഗിച്ച്, ‘മോഹ’ത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു മുദ്ര ‘ലോഭ’ത്തിനായി ഉണ്ടാവില്ലേ?


“കനക്കെക്കൊതികലര്‍ന്നു മിഴിച്ചു...” എന്ന ഭാഗമെടുത്ത് വട്ടം തട്ടി, കലിയും ഇന്ദ്രനും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നു. ‘കേവലമൊരു മനുഷ്യനെ വരിക്കുന്നതും കണ്ടു പോന്നു, അല്ലേ?’ എന്നു ചോദിക്കുന്ന കലിയോട് ഇന്ദ്രന്‍, ‘സ്വയംവരത്തിനു ക്ഷണം ലഭിച്ച് ധാരാളം രാജാക്കന്മാര്‍ വന്നിരുന്നു. അതിലൊരു സല്‍‌ഗുണവാനായ മഹാരാജാവിനെ തന്നെയാണ് അവള്‍ വരിച്ചത്.’ ഇതു കേട്ട് കലി, ‘നിങ്ങള്‍ക്കും കുറി ലഭിച്ചിരുന്നോ?’. ഇന്ദ്രന്റെ മറുപടി കേട്ട് സത്യമായും ഞെട്ടി, ‘ഞങ്ങള്‍ക്കും ക്ഷണം ലഭിച്ചിരുന്നു’വത്രേ! ഭീമരാജാവെങ്ങിനെയാണോ സ്വര്‍ഗാധിപനായ ഇന്ദ്രനെ ക്ഷണിച്ച് കുറിമാനമയച്ചത്! ‘കുറി കിട്ടിയപാടെ ചാടിപ്പുറപ്പെട്ടു’വല്ലേ എന്നു ചോദിച്ച് കലി അധികം പ്രശ്നമുണ്ടാക്കാതെ കലാശത്തിലേക്ക് കടന്നു. ‘ക്ഷണം ലഭിച്ചിട്ടല്ല, അവരിരുവരുടേയും സ്വയംവരം കണ്ട് അനുഗ്രഹിക്കുവാനാണ് ഞങ്ങള്‍ പോയത്...’ എന്ന രീതിയില്‍ ഭംഗിയാക്കുവാനുള്ള അവസരമാണ് ഇന്ദ്രനായെത്തിയ മാര്‍ഗി രവീന്ദ്രന്‍ നായര്‍ കളഞ്ഞു കുളിച്ചത്. മുനിയുടെ ശാപത്താല്‍ ദേവേന്ദ്രന്റെ ശരീരം മുഴുവന്‍ കണ്ണുകളായത്, കിട്ടാത്ത മുന്തിരി പുളിക്കുമെന്ന കുറുക്കന്റെ വാദം തുടങ്ങിയ ആട്ടങ്ങളും കലിയായെത്തിയ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടുകയുണ്ടായി. “മിനക്കെട്ടങ്ങുമിങ്ങും നടക്കമാത്രമിഹ...” എന്ന ഭാഗത്ത്, മുന്നോട്ട് ഊര്‍ജ്ജത്തോടെ നടന്ന് തിരികെ തലതാഴ്തി മടങ്ങുന്ന രീതിയിലല്ലാതെ, കലിയും ചുവന്നതാടിയും മാറി മാറി നടക്കുകയാണുണ്ടായത്. “എനിക്കിന്നതുകേട്ടുട്ടു...” തുടങ്ങി ഈ രംഗത്തിലെ എല്ലാ പദഭാഗവും കലി തന്നെയാണ് ഇവിടെ ആടിയത്.

“വഴിയേതുമേ പിഴയാതവനോടു...” ചെല്ലുന്നതെങ്ങിനെയെന്ന് ചിന്തിച്ച്, പുഷ്കരനെ മുഷ്കരനാക്കി, ചൂതുകളിയില്‍ നളനെ പരാജയപ്പെടുത്തുക തന്നെ എന്നിരുവരും ഉറയ്ക്കുന്നു. ധര്‍മ്മരാജാവായ നളനില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ല എന്നു ചിന്തിച്ചുള്ള കലിയുടെ ആട്ടവും കൂടുതലായി ഇവിടെ ഉണ്ടായി. രാജാവ്, ഉറക്കമുണര്‍ന്നാല്‍ ആഹാരം കഴിക്കുന്നതുപോലും ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ട് നിവൃത്തിയുണ്ടാക്കിയതിനു ശേഷമാണ്. നളനും പ്രജകളുമായി തുടര്‍ന്ന് കലി പകര്‍ന്നാടുന്നു. ഒരു പ്രജയെത്തി, ‘എനിക്ക് ആഹാരത്തിനു വകയില്ല...’ എന്നു സങ്കടം പറയുന്നു. ‘ഇവന് മൃഷ്ടാനം ആഹാരത്തിനുള്ള വക നല്‍കുക.’ എന്നു നളന്‍ ഉത്തരവിടുന്നു. തന്റെ മകള്‍ക്ക് വിവാഹപ്രായമായി, കെട്ടിച്ചയയ്ക്കുവാന്‍ സ്വര്‍ണമോ പണമോയില്ല എന്നു സങ്കടപ്പെടുന്നവന്, രാജാവുതന്നെ ഖജനാവു തുറന്ന് സ്വര്‍ണവും പണവുമെടുത്ത് കിഴികെട്ടി ദാനമായി നല്‍കുന്നു. തനിക്ക് മക്കളുണ്ടാവില്ലെന്ന അടുത്തയാളുടെ സങ്കടം കേട്ട്, ‘അതില്‍ എന്തെങ്കിലും ചെയ്യുവാന്‍ എനിക്കു നിവൃത്തിയില്ല, ശിവനെ ഭജിക്കുക. പിന്‍‌വിളക്കും ധാരയും വഴിപാടും കഴിച്ചു പ്രാര്‍ത്ഥിക്കുക, ഞാനും പ്രാര്‍ത്ഥിക്കാം’ എന്നു നളന്‍ പ്രതിവചിക്കുന്നു. ഇങ്ങിനെ സ്വധര്‍മ്മത്തില്‍ ഒട്ടും വിലോപം വരുത്താത്ത നളനില്‍ പ്രവേശിക്കുക ദുഷ്കരമാണെന്നോര്‍ത്ത്, ചുവന്നതാടിയെ അയച്ച് കലി നളന്റെ സമീപത്തേക്ക് തിരിക്കുന്നു.

നളനില്‍ പ്രവേശിക്കുവാന്‍ സന്ദര്‍ഭം കാത്തിരിക്കുന്ന കലിയുടെ ആട്ടമാണ് തുടര്‍ന്ന്. സഞ്ചരിക്കുന്ന വഴികളില്‍ ബ്രഹ്മണര്‍ പൂജകള്‍ ചെയ്യുന്നു, അവരുടെ നാമജപം കലിക്ക് അസഹനീയമായി തോന്നുന്നു. ഒരിടത്ത് ഒരുവന്റെ മൃതദേഹം പുത്രന്‍ ദഹിപ്പിക്കുന്നു, ഭാര്യ സതി അനുഷ്ഠിക്കുന്നു. കയറിയിരിക്കുവാന്‍ ഒരു മരമന്വേഷിക്കുകയാണ് കലി പിന്നീട്. ആദ്യത്തേത് ഇലപറിച്ച് ഞെരിടി മണപ്പിക്കുമ്പോള്‍, അത് ചന്ദനം. അസഹനീയത നടിച്ച് മറ്റൊരു മരം തേടുന്നു. അടുത്തത് നോക്കി താന്നിമരം, അത് തനിക്ക് യോജിച്ചതെന്ന് കണ്ട്, അതില്‍ കയറി ഇരിപ്പുറപ്പിക്കുന്നു. വര്‍ഷവും, വേനലും, ശൈത്യവും മാറി വരുന്നു. നളന്റെ കുട്ടികള്‍ വളരുന്നതു കാണുന്നു. താന്‍ ഇവിടെയെത്തിയിട്ട് പന്ത്രണു കൊല്ലം കഴിഞ്ഞുവെന്നതും കലിയോര്‍ക്കുന്നു. ഒടുവില്‍ സന്ധ്യാവന്ദനം ചെയ്യുവാനായി കാല്‍ കഴുകിയ നളന്റെ കാല്‍മടമ്പ് നനഞ്ഞിട്ടില്ലെന്ന് കലി കാണുന്നു. നളനില്‍ ആവേശിക്കുവാന്‍ തക്കം പാര്‍ത്തിരുന്ന കലിക്ക് ഇതൊരു അവസരമായി. കലി നളനില്‍ പ്രവേശിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലികളില്‍, ഏറെ മികവുപുലര്‍ത്തിയ ഒന്നായിരുന്നു ഇവിടുത്തേത്.


കലി ചുവന്നതാടിവേഷത്തോടൊപ്പം പുഷ്കരസവിധത്തിലെത്തുന്നു. ആദ്യമൊക്കെ ഇരുവരുടേയും വാക്കുകളില്‍ വിശ്വസിക്കുവാന്‍ തയ്യാറാവാത്ത പുഷ്കരന്‍; തനിക്കു വേണ്ട ആഹാരം, വസ്ത്രം ഇവയൊക്കെ നളന്‍ നല്‍കുന്നുണ്ട്, അതിനാല്‍ എന്നെ വിട്ടേക്കുക എന്നു പറയുന്നു. ‘ഒരു പുരുഷായുസ്സ് ഇങ്ങിനെ ഉണ്ടുറങ്ങി തീര്‍ക്കുവാന്‍ പാടുണ്ടോ?, മരണാനന്തരം സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് എന്തുത്തരം നല്‍കും?, അവിടെ നിന്നും കഴുത്തില്‍ പിടിച്ച് നരകത്തിലേക്ക് തള്ളിവിടും, തന്നെയുമല്ല നിന്റെ മക്കളും നളന്റെ മക്കളുടെ ആശ്രിതരായി കഴിയേണ്ടിവരും’; ഇപ്രകാരമുള്ള കലിയുടെ വാക്കുകള്‍ പുഷ്കരനെ ചിന്തിപ്പിക്കുന്നു. തന്നെ പാതിവഴിയില്‍ ഉപേക്ഷിക്കുകയില്ല എന്ന സത്യം ഇരുവരില്‍ നിന്നും വാങ്ങി, പുഷ്കരന്‍ നളനെ ചൂതിനു വിളിക്കുവാനായി പുറപ്പെടുന്നു.

കലാമണ്ഡലം ഗോപി അരങ്ങിലെത്തിയ ഭാഗങ്ങള്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഇരുവരും മോശമായില്ലെങ്കിലും, ഇരുവരുടേയും കഴിവിനൊത്ത് പാടിയെന്നും തോന്നിയില്ല. മറ്റുഭാഗങ്ങള്‍ ആലപിച്ച കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, ഫാക്ട് ദാമു എന്നിവരുടെ ആലാപനത്തിന് ഭാവം കുറവായിരുന്നുവെങ്കിലും; അധികം കസര്‍ത്തുകള്‍ക്കൊന്നും ശ്രമിക്കാതെ പദങ്ങള്‍ വ്യക്തമായി പാടുന്നതില്‍ കൃഷ്ണന്‍‌കുട്ടി ശ്രദ്ധപുലര്‍ത്തി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവരായിരുന്നു നളന്റെ ഭാഗങ്ങള്‍ക്ക് മേളത്തിനു കൂടിയത്. കൃഷ്ണദാസിന്റെ ചെണ്ടയ്ക്ക് സാധാരണയുണ്ടാവാറുള്ള ഉണര്‍വ്വ് ഇവിടെ അനുഭവപ്പെട്ടില്ല. മറ്റുള്ള ഭാഗങ്ങളില്‍ മാര്‍ഗി വേണുഗോപാല്‍ ചെണ്ടയിലും, മാര്‍ഗി രത്നാകരന്‍ മദ്ദളത്തിലും മേളമൊരുക്കി. നടന്റെ കൈക്കുകൂടുന്നതില്‍ മാര്‍ഗി രത്നാകരന്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുകയുണ്ടായില്ല. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി ശ്രീകുമാര്‍ തുടങ്ങിയവരുടെ ചുട്ടിക്കും എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും കണ്ടില്ല. ചുട്ടിക്കായി ഉപയോഗിച്ച പേപ്പറിന് ആവശ്യത്തിന് കനമുണ്ടാവാത്തിനാലോ, അഗ്രങ്ങള്‍ വല്ലാതെ നേര്‍ത്തുപോയതിനാലോ ആണെന്നു തോന്നുന്നു; കലിയുടേയും മറ്റും ചുട്ടിയുടെ കൂര്‍ത്ത അഗ്രങ്ങള്‍ പിന്നിലേക്ക് മടങ്ങിയ നിലയിലായിരുന്നു. കലിയുടെ കിരീടമൊഴികെ, മാര്‍ഗിയില്‍ നിന്നുമുള്ള മറ്റുള്ള കോപ്പുകള്‍ നിലവാരം പുലര്‍ത്തി. ദമയന്തീസമേതനായി ഉദ്യാനത്തില്‍ കഴിയുന്ന നളന്റെ സമീപത്തേക്ക് പുഷ്കരനെത്തി ചൂതിനു വിളിക്കുന്ന ഭാഗം മുതല്‍ക്കുള്ള ആസ്വാദനം അടുത്ത പോസ്റ്റില്‍.

Description: Thonnakkal Idayavanath SriBhagavathi Temple, Karthika Maholsavam'09: Nalacharitham Randam Divasam - Kalamandalam Gopi (Nalan), Margi Vijayakumar (Damayanthi), Kalamandalam Ramachandran Unnithan (Kali), Margi Suresh (Dwaparan), Margi Ravindran Nair (Indran), Thonnackal Peethambaran (Pushkaran), Nelliyodu Vasudevan Nampoothiri (Kattalan); Pattu: Kalamandalam Krishnankutty, Pathiyur Sanakarankutty, Fact Damu, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Raveendran, Margi Rathnakaran; Chutti: RLV Somadas, Margi Raveendran Nair, Margi Sreekumar; Kaliyogam: Margi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 03, 2009.
--