2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം

KeechakaVadham Kathakali: Organized by Drisyavedi. An appreciation by Haree for Kaliyarangu.
ആഗസ്റ്റ് 11, 2010: 'കേരള രംഗകലോല്‍സവ'ത്തിന്റെ ഭാഗമായി ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇരയിമ്മന്‍ തമ്പി രചിച്ച 'കീചകവധം' കഥകളി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. കലാമണ്ഡലം സോമന്‍ കീചകനായും കലാമണ്ഡലം വിജയകുമാര്‍ മാലിനിയായും അരങ്ങിലെത്തി. ഇതര കഥാപാത്രങ്ങളായ സുദേഷ്ണ, വലലന്‍ എന്നിവരായി യഥാക്രമം കലാനിലയം വിനോദും മാര്‍ഗി ബാലസുബ്രഹ്മണ്യനും വേഷമിട്ടു. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, മാര്‍ഗി രവീന്ദ്രന്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. വിരാട രാജ്ഞിയായ സുദേഷ്ണയുടെ സമീപം മാലിനിയെന്ന പേരു സ്വീകരിച്ച് സൈരന്ധ്രിയായെത്തുന്ന പാഞ്ചാലിയില്‍ നിന്നുമാണ്‌ കഥ ആരംഭിക്കുന്നത്. "ശശിമുഖി! വരിക സുശീലേ!" എന്ന് സുദേഷ്ണ മാലിനിയെ സ്വാഗതം ചെയ്യുന്നു.

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

തോന്നക്കലെ ബാലിവധം

BaliVadham Kathakali at Natyagramam, Thonnackal. An appreciation by Haree for Kaliyarangu.
ജൂലൈ 31, 2010: തോന്നക്കല്‍ നാട്യഗ്രാമത്തിന്റെ ഏഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ബാലിവധം' കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ബാലിയേയും കോട്ടക്കല്‍ ദേവദാസ് സുഗ്രീവനേയും അവതരിപ്പിച്ചു. ഇവര്‍ക്കു പുറമേ; പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടേയും കലാനിലയം രാജീവന്റെയും ആലാപനം; കലാമണ്ഡലം കൃഷ്ണദാസ്, സദനം രാമകൃഷ്ണന്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാനിലയം മനോജ് എന്നിവരൊരുമിച്ച മേളം തുടങ്ങിയവയായിരുന്നു അന്നേ ദിവസം കളിയുടെ മറ്റ് ആകര്‍ഷണങ്ങള്‍. അമല്‍രാജ്, അരുണ്‍ജിത്ത് എന്നിവരൊരുമിച്ച പുറപ്പാട്, സംഗീതവാദ്യകലാകാരന്മാര്‍ ഒരുമിച്ചണിനിരന്ന ഇരട്ട മേളപ്പദം എന്നിവയോടെ അന്നേ ദിവസം കളി ആരംഭിച്ചു. സന്യാസി വേഷത്തില്‍ രാവണന്‍ സീതയെ അപഹരിക്കുന്നതും മറ്റും അടങ്ങുന്ന കഥയിലെ പൂര്‍വ്വഭാഗം ഒഴിവാക്കി; ബാലിയെ ഭയന്ന് ഋഷിമൂകാചലത്തില്‍ വസിക്കുന്ന സുഗ്രീവന്റെ വിചാരങ്ങള്‍ തൊട്ടുള്ള 'ബാലിവധം' കഥയുടെ ഉത്തരഭാഗമാണ്‌ ഇവിടെ അവതരിപ്പിച്ചത്.

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

കനകക്കുന്നിലെ ദുര്യോധനവധം

DuryodhanaVadham Kathakali presented by Sandarsan Kathakali Vidyalayam. An appreciation by Haree for Kaliyarangu.
ജൂലൈ 26, 2010: കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സം‍യുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ പക്ഷി-മൃഗ പ്രദര്‍ശനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക പരിപാടികളില്‍ കഥകളിയും ഒരിനമായിരുന്നു. അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചൂതുകളി മുതല്‍ക്കുള്ള 'ദുര്യോധനവധം' കഥയിലെ രംഗങ്ങളാണ്‌ ഇവിടെ അവതരിപ്പിച്ചത്. ഒന്നര-രണ്ട് മണിക്കൂറുകളില്‍ തീര്‍ക്കുന്ന ഹൃസ്വ അവതരണങ്ങള്‍ ഗൌരവത്തോടെ കാണാറില്ല. എന്നാലിവിടെ, അത്തരമൊരു കളി പോലും എങ്ങിനെ നന്നാക്കാമെന്ന് സന്ദര്‍ശന്‍ കാണിച്ചു തന്നു. നിശ്ചിത സമയത്തിനുള്ളില്‍ അവതരിപ്പിക്കാവുന്ന രംഗങ്ങള്‍ മാത്രമെടുത്ത്, ഉള്ളത് എത്രയും നന്നാക്കാമോ അത്രയും നന്നാക്കുക എന്ന ശൈലിയിലൂടെയാണ്‌ ഇത് സാധ്യമായത്. ആര്‍ക്കും കണ്ടാല്‍ രസിക്കുന്ന ഒരു കഥാഭാഗവും, അതിന്റെ മികവോടുകൂടിയ അവതരണവും; 'ഇന്‍സ്റ്റന്‍റ്' കഥകളിയായിട്ടു കൂടി കാണികളെ രസിപ്പിച്ച ഒന്നായി നിശാഗന്ധിയിലെ അരങ്ങ്.