2011, മാർച്ച് 2, ബുധനാഴ്‌ച

ബെങ്കളൂരിലെ കേളികൊട്ട്

'Kelikottu' by Uthishta aat Bengaluru. An appreciation by Haree for Kaliyarangu.
ഫെബ്രുവരി 20, 2011: ബെങ്കളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഉത്തിഷ്ഠ'യുടെ നേതൃത്വത്തില്‍ 'കേളികൊട്ട്' എന്ന പേരിലൊരു കഥകളി പരിപാടി ബെങ്കളൂരു ഇന്ദിരാനഗര്‍ സംഗീത സഭ ഹാളില്‍ നടത്തുകയുണ്ടായി. 'നളചരിതം രണ്ടാം ദിവസം' കഥയിലെ ആദ്യ രംഗം 'നളദമയന്തി' എന്ന പേരിലും തുടര്‍ന്ന് സുഗ്രീവന്റെ തിരനോക്ക് മുതല്‍ ബാലിയുടെ മരണം വരെ 'ബാലിവധ'വുമാണ്‌ അന്നേ ദിവസം അവതരിക്കപ്പെട്ടത്. പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ നളനും മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയുമായിരുന്നു 'നളദമയന്തി'യില്‍. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബാലി, കലാമണ്ഡലം ഹരി ആര്‍. നായരുടെ സുഗ്രീവന്‍, കലാമണ്ഡലം ഷണ്മുഖദാസിന്റെ ശ്രീരാമന്‍, മാര്‍ഗി വിജയകുമാറിന്റെ താര, കലാമണ്ഡലം അരുണിന്റെ അംഗദന്‍ തുടങ്ങിയവയായിരുന്നു 'ബാലിവധ'ത്തില്‍ വേഷമിട്ടത്. പത്തിയൂര്‍ ശങ്കരന്‍‍കുട്ടിയും കലാമണ്ഡലം ബാബു നമ്പുതിരിയും ചേര്‍ന്നുള്ള ആലാപനം, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം രവിശങ്കറും ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും ഒരുക്കിയ മേളം തുടങ്ങിയവ കൂടി ചേരുന്നതായിരുന്നു അന്നേ ദിവസത്തെ കഥകളി അവതരണം.