2011, ജൂൺ 24, വെള്ളിയാഴ്‌ച

ടെക്‍നോപാര്‍ക്കിലെ കല്യാണസൗഗന്ധികം

ജൂണ്‍ 16, 2010: ടെക്‍നോപാര്‍ക്കിലെ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ 'നടന'യുടെ ആഭിമുഖ്യത്തില്‍ പാര്‍ക്ക് സെന്റര്‍ ആഡിറ്റോറിയത്തില്‍ കോട്ടയlത്തു തമ്പുരാന്റെ 'കല്യാണസൗഗന്ധികം' കഥകളി അവതരിക്കപ്പെട്ടു. ടെക്‍നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന IBS എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സേതുനാഥാണ്‌ ഭീമനായി വേഷമിട്ടത്. മാര്‍ഗി സുകുമാരന്‍ പാഞ്ചാലിയെയും കലാമണ്ഡലം രതീശന്‍ ഹനുമാനെയും അവതരിപ്പിച്ചു. കലാനിലയം രാജീവനും അര്‍ജ്ജുനും ചേര്‍ന്ന് പദങ്ങള്‍ ആലപിക്കുകയും മാര്‍ഗി വേണുഗോപാല്‍, മാര്‍ഗി രത്നാകരന്‍ തുടങ്ങിയവര്‍ മേളത്തിന്‌ കൂടുകയും ചെയ്തു. മാര്‍ഗിയുടെ കോപ്പുകളുപയോഗിച്ച് മാര്‍ഗി ഗോപനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ആര്‍.എല്‍.വി. സോമദാസായിരുന്നു ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. ആട്ടക്കഥയുടെ ഉത്തരഭാഗത്തിലെ ഭീമന്റെ ആദ്യ പതിഞ്ഞ പദം ഒഴിവാക്കി പാഞ്ചാലിയുടെ "എന്‍ കണവ! കണ്ടാലും..." എന്ന പദത്തോടെയാണ്‌ ഇവിടെ കളി ആരംഭിച്ചത്. കാറ്റില്‍ പറന്നെത്തുന്ന സൗഗന്ധിക പുഷ്പത്തിന്റെ മനോഹാരിത കാന്തനെ കാണിച്ചു കൊടുത്തതിനു ശേഷം, അത്തരം പൂക്കള്‍ തനിക്കായി കൊണ്ടുവരുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌ പാഞ്ചാലി ഈ പദത്തില്‍.

2011, ജൂൺ 9, വ്യാഴാഴ്‌ച

കിഴക്കേക്കോട്ടയിലെ കല്യാണസൗഗന്ധികം

KalyanaSaugandhikam Kathakali: Kalamandalam Ratheesan as Hanuman and Kalamandalam Shanmukhadas as Bhiman. An appreciation by Haree for Kaliyarangu.
ജൂണ്‍ 06, 2011: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ മാസത്തെ സായാഹ്ന കഥകളി പരിപാടിയായി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ കോട്ടയത്തു തമ്പുരാന്റെ 'കല്യാണസൗഗന്ധികം' കഥ അവതരിക്കപ്പെട്ടു. കലാമണ്ഡലം രതീശന്റെ ഹനുമാനും കലാമണ്ഡലം ഷണ്മുഖദാസിന്റെ ഭീമനുമായിരുന്നു മുഖ്യവേഷങ്ങള്‍. കലാഭാരതി വാസുദേവന്‍ പാഞ്ചാലിയായി വേഷമിട്ടു. കലാനിലയം രാജീവന്‍, കലാമണ്ഡലം സുധീഷ് എന്നിവരുടെ ആലാപനവും; കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മാര്‍ഗി രത്നാകരന്‍ മദ്ദളത്തിലുമൊരുക്കിയ മേളവും പിന്നണിയില്‍ ഇവര്‍ക്കൊരുമിച്ചു കൂടി‍. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയോടൊപ്പം മാര്‍ഗിയുടെ ചമയങ്ങളുമായിരുന്നു അണിയറയില്‍. ശൗര്യഗുണവും ജടാസുരന്റെ വധവുമൊക്കെ ഉള്‍പ്പെടുന്ന പൂര്‍വ്വഭാഗങ്ങള്‍ ഒഴിവാക്കി കഥയുടെ ഉത്തരഭാഗം മാത്രമായാണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ളത്. "പാഞ്ചാലരാജതനയേ!" എന്ന ഭീമന്റെ പതിഞ്ഞ ശൃം‍ഗാരപദത്തോടെ തുടങ്ങുന്ന ഉത്തരഭാഗമാണ്‌ ഇവിടെയും അവതരിക്കപ്പെട്ടത്.