2007, ഡിസംബർ 30, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം ഒന്നാം ദിവസം

Nalacharitham Onnam Divasam @ Kizhakkekotta, Organized by Drisyavedi, Thiruvananthapuram
ഡിസംബര്‍ 26, 2007: ദൃശ്യവേദി, തിരുവനന്തപുരം വര്‍ഷാവര്‍ഷം സംഘടിപ്പിച്ചുവരുന്ന കേരളനാട്യോത്സവം ശ്രീ. നെടുമുടിവേണു ഉദ്ഘാടനം ചെയ്തു. നളചരിതം കഥകളി, അഞ്ചുദിവസങ്ങളിലായി അവതരിപ്പിക്കുന്ന ‘നളചരിതമേള’യാണ് ഇരുപതാമത് കേരളനാട്യോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഡിസംബര്‍ മുപ്പതിന് ‘നളചരിതസംവാദ’വും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെടുമുടിവേണു ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞതുപോലെ; നളചരിതം പാടുവാന്‍ കൊതിക്കാത്ത ഗായകരില്ല, ആടുവാന്‍ കൊതിക്കാത്ത നടന്മാരില്ല, കാണുവാന്‍ കൊതിക്കാത്ത കാണികളുമില്ല, എന്നതു ശരിവെയ്ക്കുന്നതായി കളികാണുവാനായെത്തിയ കാണികളുടെ തിരക്ക്.

Nalan & Naradan in Nalacharitham Onnam Divasam
നളനെക്കാണുവാനായി നാരദനെത്തുന്ന രംഗത്തോടെയാണ് നളചരിതം ഒന്നാം ദിവസം ആരംഭിക്കുന്നത്. കലാമണ്ഡലം ഗോപി നളനായും, ആറ്റിങ്ങല്‍ പീതാംബരന്‍ നാരദനായും അരങ്ങിലെത്തി. നളന്‍ നാരദനെ സ്വീകരിച്ചിരുത്തി കുശലങ്ങളന്വേഷിക്കുന്ന, “ഭഗവല്‍ നാരദ! വന്ദേഹം!” എന്നതാണ് ആദ്യപദം. ഒന്നാം ചരണത്തിലുള്ള “വരവിതിന്നെങ്ങു നിന്നിപ്പോള്‍” എന്ന പദം, നേരിട്ട് മുദ്രകാട്ടിയാടാതെ; നാരദന്‍ പല സ്ഥലങ്ങളിലും സഞ്ചരിക്കുന്നതും, കാര്യങ്ങള്‍ മനസിലാക്കുന്നതും മറ്റുമാമാടിയത് നന്നായിരുന്നു. “പാഴിലാക്കീടൊല്ല ജന്മം” എന്നു നാരദന്‍ പറയുമ്പോള്‍, ‘താനെന്തെങ്കിലും അനര്‍ത്ഥം പ്രവര്‍ത്തിച്ചുവോ?’, എന്നു ശങ്കിച്ച്; “കുണ്ഠിനപുരിയിലുണ്ടു, സുന്ദരി ദമയന്തി!” എന്നു പറയുമ്പോള്‍ ‘അങ്ങിനെവരട്ടെ, അപ്പോള്‍ വരവു വെറുതെയല്ല. അവളെക്കുറിച്ച് നിരവധി പറഞ്ഞു കേട്ടിരിക്കുന്നു.’ എന്നു ചിന്തിച്ച്; “വൃന്ദാരകന്‍ മാര്‍ക്കു മോഹം.” എന്നു പറയുമ്പോള്‍, ‘ഇതൊക്കെ എന്നോടു പറയുവാനെന്താണ് കാരണം?’ എന്നു നളന്‍ നാരദനോട് ചോദിക്കുന്നു. ഈ ചോദ്യം സാധാരണയുണ്ടാവാറില്ല. ഈ ചോദ്യം ചോദിക്കുന്നത് വളരെ ഭംഗിയായി തോന്നി. ‘പറയാം’ എന്നു മുദ്രകാട്ടി, കലാശമെടുത്ത് അടുത്ത പദം, “രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകള്‍ക്കുള്ളൂ” എന്നാടുമ്പോള്‍ ആ ചോദ്യം വളരെ ഔചിത്യമുള്ളതാവുന്നു.

ആറ്റിങ്ങല്‍ പീതാംബരന്റെ നാരദനും മോശമായില്ല. “അരവിന്ദഭവയോനേ...”, “ഹരിമന്ദിരത്തില്‍ നിന്നോ?” എന്നീ ഭാഗങ്ങളില്‍ ബ്രഹ്മാവിനേയും വിഷ്ണുവിനേയും സ്മരിച്ച് വന്ദിക്കുന്നതും; “ഉന്നത തപോനിധേ!” എന്നഭാഗത്ത്, നളനില്‍ സം‌പ്രീതനാവുന്നതുമൊക്കെ വേണ്ടും വണ്ണം പീതാംബരന്റെ നാരദന്‍ അരങ്ങില്‍ കാണിച്ചു. എന്നാല്‍ മുദ്രകള്‍ താളത്തിനൊത്തു വിന്യസിക്കുന്നതില്‍ മികവു തോന്നിയതുമില്ല. ആ കാര്യം കൂടി കുറച്ചു ശ്രദ്ധിച്ചാല്‍ ഇനിയും മനോഹരമാക്കുവാന്‍ സാധിക്കും അദ്ദേഹത്തിന്. നാരദന്റെ മറുപടിപദത്തിനു ശേഷം, നളനും നാരദനും തമ്മിലുള്ള ഹൃസ്വമായ ഒരു മനോധര്‍മ്മാട്ടമാണ്. ‘താന്‍ നിത്യവും പൂജിക്കുന്ന ദേവന്മാരുടെ ഇഷ്ടത്തിനു വിഘാതം നിന്നാല്‍ അനര്‍ത്ഥം സംഭവിക്കുകയില്ലേ? അവരെന്നെ ശപിക്കില്ലേ?’ എന്നുള്ള നളന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നാരദന്‍ പറയുന്നതിങ്ങിനെ: ‘ഒരിക്കലുമില്ല, മനസുകൊണ്ട് ഇഷ്ടപ്പെടുന്ന നാരിയെ ലഭിക്കുവാനുള്ള യത്നം വീരന്മാര്‍ക്കു ചേര്‍ന്ന പ്രവര്‍ത്തി തന്നെ. അതില്‍ ദേവന്മാര്‍ സന്തോഷിക്കുകയേയുള്ളൂ.’ നളന്റെ ഈ ചോദ്യത്തിനും; ‘യജ്ഞമേ ദേവകള്‍ക്കുള്ളൂ, രത്നമെല്ലാം നിനക്കുള്ളൂ’ എന്നു തന്നെ വീണ്ടും പറയുന്ന നാരദന്മാരാണധികവും എന്നതിനാല്‍ തന്നെ ആറ്റിങ്ങല്‍ പീതാംബരന്റെ നാരദന്‍ ശ്രദ്ധേയമായി.

Mudiradathi Kabari - Nalan (Kalamandalam Gopi)
നാരദനെ യാത്രയാക്കി രാജ്യകാരണങ്ങളില്‍ മുഴുകുന്ന നളന്റെ മനസ് അസ്വസ്ഥമാവുന്നു. ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടമായ, “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...” എന്ന പദമാണ് അടുത്തത്. “എന്തൊരു കഴിവെനിക്കിന്ദുമുഖിക്കുമെന്നില്‍, അന്തഃരംഗത്തില്‍ പ്രേമം വന്നീടുവാന്‍” എന്ന പദഭാഗം സാധാരണയിലും ഭംഗിയായി ഗോപി അവതരിപ്പിച്ചു. “വിധുമുഖിയുടെ രൂപമധുരത കേട്ടു മമ, വിധുരത വന്നു, കൃത്യചതുരത പോയി” എന്ന ഭാഗം അത്രയ്ക്ക് ആസ്വാദ്യകരമായതുമില്ല. ഇതില്‍ തന്നെ “കൃത്യചതുരത പോയി” എന്ന പദഭാഗം ‘രാജ്യഭരണം മങ്ങിപ്പോയി’ എന്നാണ് ആടിയത്. എന്നാലത് യോജ്യമാണോ? ‘രാജ്യഭരണത്തില്‍ തനിക്കുണ്ടായിരുന്ന കഴിവ് ഇപ്പോള്‍ നഷ്ടമായി’ എന്ന അര്‍ത്ഥം, മങ്ങിപ്പോയി എന്നു പറയുമ്പോള്‍ പൂര്‍ണ്ണമായി ലഭിക്കുന്നുണ്ടോ? ഇല്ല, എന്നാണ് എന്റെ അഭിപ്രായം. പദത്തിനു ശേഷം നളന്റെ മനോധര്‍മ്മാട്ടമാണ്. ‘സുന്ദരിയുടെ വാര്‍ത്തകള്‍ കേട്ട്, മനസ് അവളില്‍ ഉടക്കിയിരിക്കുന്നു. മറ്റൊന്നിലും ശ്രദ്ധ കിട്ടുന്നില്ല. അവളെ ദയിതയായി ലഭിക്കുവാന്‍ എന്താണൊരുപായം. ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ!’ എന്നൊക്കെ ആടി മന്ദിരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുന്ന നളന്‍ ഒരു വീണ കാണുന്നു. ‘വീണവായിച്ചാല്‍ ഒരല്പം ആശ്വാസം കിട്ടുമായിരിക്കും’ എന്നാടി വീണവായന തുടങ്ങുന്നു.

വീണയെടുത്ത് മടിയില്‍ വെച്ച്, ശ്രുതി നോക്കി, വായന തുടങ്ങുന്നു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയാണ് ഈ ഭാഗത്ത് വളരെ ശ്രദ്ധേയമായത്. ഗോപിയുടെ വിരലുകള്‍ക്കൊപ്പിച്ച് കൃത്യമായി ചെണ്ടക്കോലുവീഴ്ത്തുവാന്‍ കൃഷ്ണദാസിനുള്ള മിടുക്ക് കണ്ടും-കേട്ടും തന്നെ അറിയണം. കലാനിലയം മനോജിന്റെ മദ്ദളവും ഒട്ടും മോശമായില്ല. വീണവായനയ്ക്കിടയില്‍, ‘വീണയുടെ നാദം എന്റെ മനസിന് അമൃതമായി ഭവിച്ചു, മനസ് സ്വസ്ഥമായി. എന്നാല്‍, ഈ വീണയ്ക്കു പകരം അവളായിരുന്നു എന്റെ മടിയിലെങ്കിലോ! ഈ കരങ്ങള്‍കൊണ്ട് അവളെ പുണര്‍ന്ന്, അവളുടെയധരങ്ങളില്‍ ചുംബിച്ച്...’ പൂര്‍ത്തിയാക്കാതെ വീണ്ടും വീണവായിച്ചു തുടങ്ങുന്നു. ഇടയ്ക്ക്, ബോധത്തിലേക്കെത്തുന്ന നളന്‍, തന്റെ കൈയില്‍ വീണ തന്നെയാണ്, ദമയന്തിയല്ല എന്നു മനസിലാക്കി, വീണ നിലത്തുവെയ്ക്കുന്നു. വീണ്ടും മനസ് അസ്വസ്ഥമായതായി ആടി, കാമാഗ്നിയില്‍ തന്നെ നീറ്റുന്ന കാമദേവനെ പഴിക്കുന്നു. ‘തന്റെ നേര്‍ക്ക് അഞ്ചസ്ത്രങ്ങളുമയയ്ക്കാതെ, നാലെണ്ണം എന്റെ നേര്‍ക്കയച്ച്; ഒരണ്ണം, ഒരേയൊരണ്ണം അവളുടെ നേര്‍ക്കയച്ചെങ്കില്‍’ എന്നൊക്കെയുള്ള സാധാരണയാടാറുള്ള മനോധര്‍മ്മങ്ങള്‍ ഇവിടെയുമുണ്ടായി. തുടര്‍ന്ന് മന്ത്രിയെവിളിച്ച് രാജ്യകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ ഉത്തരവിട്ട് ഉദ്യാനത്തിലേക്ക് ഗമിക്കുന്നു.

Hamsam by Madavoor Vasudevan Nair
‘നിര്‍ജ്ജനമെന്നതേയുള്ളൂ ഗുണമോ...’ എന്ന പദമാണ് അടുത്തത്. പദത്തിന്റെ അവസാനത്തില്‍ സുവര്‍ണഹംസത്തെ കണ്ട് അതില്‍ ആകൃഷ്ടനാവുന്നതായി ആടുന്നു. അവന്‍ കേളികള്‍ കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുമ്പോള്‍ പിടിക്കുക തന്നെ എന്നുറച്ച്, വള്ളിച്ചാര്‍ത്തുകള്‍ക്കിടയില്‍ നളന്‍ മറഞ്ഞിരിക്കുന്നു. തുടര്‍ന്ന് ഹംസത്തിന്റെ തന്റേടാട്ടം; അതില്‍ വിവിധ കേളികളാടി, ആഹാരമൊക്കെ തേടി തളരുന്ന ഹംസം ഉറങ്ങുവാന്‍ തുടങ്ങുന്നു. മടവൂര്‍ വാസുദേവന്‍ നാ‍യരായിരുന്നു ഹംസമായി രംഗത്തെത്തിയത്. പ്രായാധിക്യം മൂലമുള്ള അവശതകളുള്ളതിനാല്‍, ഹംസത്തിന്റെ നൃത്തങ്ങള്‍ അത്രയ്ക്ക് ശോഭിച്ചില്ല. എന്നാല്‍ പദാഭിനയവും മനോധര്‍മ്മങ്ങളും വളരെ നന്നാവുകയും ചെയ്തു.

BheemaNarendraSutha, Damayanthi! - Nalan & Hamsam
നളന്റെ കൈയിലകപ്പെടുന്ന ഹംസത്തിന്റെ വിലാപം, “ശിവ ശിവ എന്തു ചെയ്‌വു” എന്ന പദമാണ് അടുത്തത്. ഇതില്‍ “ജനകന്‍ മരിച്ചു പോയി...” എന്ന് ഹംസം പറയുമ്പോള്‍, നളന്‍ പറയുന്നു, ‘എന്റേയും പിതാവ് ജീവിച്ചിരിപ്പില്ല.’ ഉടന്‍ തന്നെ മടവൂരിന്റെ ഹംസം ചോദിക്കുന്നു: ‘അതിനു ഞാനെന്തു വേണം?’, ‘ഒരു കരുണയുമില്ലാത്ത ഹംസം’ എന്നു നളന്‍ പരിഭവിക്കുന്നു. ഹംസം ഇങ്ങിനെ തിരിച്ചു ചോദിക്കുന്നത്, അത്രയ്ക്ക് ഉചിതമായി തോന്നുന്നില്ലെങ്കിലും, വേദിയില്‍ അവതരിപ്പിച്ചു കണ്ടപ്പോള്‍ രസിക്കാതിരുന്നില്ല. “മനസി രുചിജനകം, എന്റെ ചിറകുമണികനകം; ഇതുകൊണ്ടാക നീ ധനികന്‍” എന്ന ഭാഗത്ത്, ആദ്യം ഹംസം കളിയായി ‘എന്റെ ചിറകുകൊണ്ട് നീ ധനികനാവുക’ എന്നാടി പിന്നീട് തിരുത്തി ‘ഇതു വെറും നിറം മാത്രം, ഇതു നിന്നെ ധനികനാക്കില്ല’ എന്നാടിയത് വളരെ നന്നായതായി തോന്നി. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി പാട്ടില്‍ ഈ അര്‍ത്ഥഭേദം കൊണ്ടുവരികയും ചെയ്തു. ഹംസത്തിന്റെ തുടര്‍ന്നുള്ള പദമായ “ഊര്‍ജ്ജിത ആശയ, പാര്‍ത്ഥിവ തവ!” എന്നതിന്റെ പദാര്‍ത്ഥാഭിനയവും വളരെ മികച്ചു നിന്നു. "കെല്‍പ്പുള്ള ഭീമനു ചൊല്പേറുമൊരുമകള്‍” എന്നു ഹംസം പറയുമ്പോള്‍, ‘അതെയോ, ഒരു മകളേയുള്ളൂ?’ എന്ന് നളനൊന്നുമറിയാത്തതുപോലെ ചോദ്യം. അതുകണ്ട് ഹംസം ‘ഒന്നുമറിയില്ല, അല്ലേ? ഒരൊറ്റ മകളേയുള്ളൂ’ എന്ന് അര്‍ത്ഥം വെച്ചുപറയുന്നതും രസകരമായി. ഇത്ര നന്നായി ഹംസത്തെ ആടി ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. നൃത്തഭാഗങ്ങള്‍ മികച്ചതാക്കുവാനുള്ള ആരോഗ്യം കൂടി മടവൂരിനുണ്ടായിരുന്നെങ്കില്‍, ഈ കാലത്തെ മികച്ച ഹംസമായി കണക്കാക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ഹംസം എന്നു നിഃസംശയം പറയാം.

“പ്രിയമാനസ! നീ പോയ് വരേണം” എന്ന ഭാഗവും ഇവിടെ നന്നായി. സാധാരണയായി ഗോപി ഈ ഭാഗം പെട്ടെന്നു തീര്‍ക്കുകയാണ് പതിവ്. പദത്തിന്റെ ഒടുവില്‍ നളനും ഹംസവും ചേര്‍ന്ന് ഒരു ഹൃസ്വമാ‍യ മനോധര്‍മ്മമുണ്ട്. ‘നീയല്ലാതെ എനിക്ക് മറ്റൊരാശ്രയമില്ല. നിന്റെ മധുരമായ വചനങ്ങള്‍ കൊണ്ട് അവളെ എനിക്കു നല്‍കുക’ എന്നു നളനും, ‘ഒട്ടും ശങ്ക വേണ്ട. അവളുടെ ഹൃദയത്തെ അങ്ങയിലേക്ക് അടുപ്പിക്കുവാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്’ എന്നു ഹംസവും പറയുന്നു. യാത്രയാക്കുവാനൊരുങ്ങുന്ന നളന്‍ ഹംസത്തോട് പറയുന്നു, ‘ഭൈമിയുടെ ഇംഗിതമറിഞ്ഞ് പെട്ടെന്നു വരിക, ഞാനിവിടെ നിന്നെയും കാത്തിരിക്കാം’; അപ്പോള്‍ ഹംസം, ‘ഇവിടെയോ, അപ്പോള്‍ ആഹാരം?’. ‘അവളെക്കുറിച്ചോര്‍ത്ത് ആഹാരത്തോടൊന്നും ഒരു താത്പര്യവും തോന്നുന്നില്ല, ഞാനിവിടെയിരിക്കാം.’ എന്നു നളന്‍ മറുപടിപറയുന്നു. ഇങ്ങിനെയുള്ള ചെറിയ സംഭാഷണങ്ങളാണ് ഇരുനടന്മാരുടേയും വേഷത്തെ കൂടുതല്‍ പ്രേക്ഷകരോടടുപ്പിച്ചത്. തുടര്‍ന്ന് ഹംസത്തെ യാത്രയാക്കി നളന്‍ ഉദ്യാനത്തില്‍, ഹംസത്തിന്റെ മടങ്ങിവരവും പ്രതീക്ഷിച്ചിരിക്കുന്നു. എന്നാലിവിടെ ഹംസം സ്വര്‍ണരേഖയായി, ഒടുവില്‍ മറഞ്ഞുവെന്നാടുന്നതിനൊപ്പം രംഗം വിടുന്നതായാണ് അവതരിക്കപ്പെട്ടത്. ഹംസത്തിന്റെ വരവും പ്രതീക്ഷിച്ച് ഇരിപ്പിടത്തില്‍ നളനിരിക്കുമ്പോള്‍ തിരശീല പിടിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നു തോന്നുന്നു.

Damayanthi & Thozhimar - Shahilal, Kalamandalam Shanmukhadas, Kalamandalam Sucheendran
ദമയന്തിയും തോഴിമാരും ഉദ്യാനത്തില്‍ ദേവന്മാരെ സ്തുതിക്കുന്ന “പൂമകനും മൊഴിമാതും, ഭൂമിദേവി താനും!” എന്ന പദമാണ് അടുത്തത്. ഉദ്യാനം വിരസമായി തോന്നുന്നതിനാല്‍, രാജ്യസഭയിലേക്ക് പോവാം എന്നുപറയുന്ന ഭൈമിയോട് തോഴിമാര്‍ ചോദിക്കുന്നു; ‘അവിടെ നിന്നുമല്ലേ ഇപ്പോളിങ്ങു വന്നത്? എവിടെയും മനസുറക്കാത്തതെന്ത്?’ വണ്ടുകളുടെ മൂളല്‍, പൂക്കളുടെ സുഗന്ധം തുടങ്ങിയവയൊക്കെ ദമയന്തിക്ക് ക്ലേശകരമായി അനുഭവപ്പെടുന്നു. ഒടുവില്‍ രാജധാനിയിലേക്ക് മടങ്ങുവാനൊരുങ്ങുമ്പോള്‍, ആകാശത്ത് ഒരു പ്രകാശം കാണുന്നു. മിന്നല്‍ക്കൊടിയായും, ചന്ദ്രനായും കല്പിക്കുന്ന തോഴിമാരോട്, അതൊരു സുവര്‍ണഹംസമാണെന്ന് ദമയന്തി തിരുത്തുന്നു. “നിങ്ങള്‍ ദൂരെ നില്‍പ്പിന്‍, എന്നരികില്‍ ആരും വേണ്ട” എന്നുപറഞ്ഞ് ദമയന്തി തോഴിമാരെ യാത്രയാക്കുന്നു.

Thottene Njan Kaikal Kondu - Hamsam & Damayanthi
തോഴിമാര്‍, ദമയന്തിയെ അനുകരിച്ച് ഹംസത്തിന് ആഹാരം നല്‍കുവാന്‍ നോക്കുമ്പോള്‍ അല്ലെങ്കില്‍ തൊടുവാന്‍ ശ്രമിക്കുമ്പോള്‍ ഹംസം അവരെ കൊത്തിയോടിക്കുന്നു, അതു കാണുമ്പോള്‍ ദമയന്തി അവരോട് ദൂരേയ്ക്കുമാറുവാന്‍ പറയുന്നു. ഈ രീതിയിലാണ് സാധാരണയായി അവതരിപ്പിക്കുവാറുള്ളത്. എന്നാലിവിടെ തോഴിമാര്‍ അങ്ങിനെയൊന്നും ചെയ്തു കണ്ടില്ല. ദമയന്തി എന്തുകൊണ്ടാണ് തോഴിമാരെ ദൂരേയ്ക്കു മാറ്റുന്നത് എന്നതിന് വിശദീകരണം രംഗത്തുണ്ടായില്ല. തോഴിമാരായി ആടുന്നവര്‍ ഇതുപോലെയുള്ള യുക്തികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കലാമണ്ഡലം ശുചീന്ദ്രന്‍, ഷാഹിലാല്‍ എന്നിവരാണ് തോഴിമാരായെത്തിയത്. ഇവരില്‍ ശുചീന്ദ്രന്റെ തോഴി വേഷഭംഗികൊണ്ടും, തരക്കേടില്ലാത്ത അഭിനയം കൊണ്ടും ശ്രദ്ധേയമായി. തുടര്‍ന്ന് ഹംസവും ദമയന്തിയും തമ്മിലുള്ള പദങ്ങളും ഒടുവില്‍ ചെറിയൊരു മനോധര്‍മ്മവുമാണുള്ളത്. നളനെ താമരയിലയില്‍ വരച്ചുകാണിക്കുന്നതും മറ്റുമാടി ഒടുവിലെ മനോധര്‍മ്മം ഇപ്പോളധികം നീട്ടാറില്ല. ഇത്രയും നേരം കഥകളി ശ്രദ്ധിച്ചിരിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇതൊരാശ്വാസമാണ്.

പത്തിയൂ‍ര്‍ ശങ്കരന്‍‌‌കുട്ടിയ്ക്കൊപ്പം, കലാമണ്ഡലം സജീവനായിരുന്നു പാട്ട്. പത്തിയൂരിന്റെ പാട്ട് സാധാരണപോലെ തന്നെ മികച്ചു നിന്നു. ശബ്ദനിയന്ത്രണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുവാന്‍ സജീവന്‍ ശ്രദ്ധിക്കുമെങ്കില്‍, അദ്ദേഹത്തിന്റെ പാട്ട് ഇനിയും മികച്ചതാക്കാം. ശബ്ദവ്യതിയാനം കൊണ്ടുവരാതെ, പാട്ട് ഭാവപൂര്‍ണ്ണമാക്കുക അസാധ്യമാണല്ലോ! വെണ്മണി ഹരിദാസിന് ഭാവഗായകനെന്നുള്ള വിശേഷണം ലഭിക്കുവാനുള്ള കാരണം തന്നെ, അദ്ദേഹം സംഗീതത്തില്‍ കൊണ്ടുവന്ന ശബ്ദവ്യതിയാനങ്ങളായിരുന്നുവല്ലോ! കഥാപാത്രങ്ങളുടെ വേഷത്തില്‍ കുറവുകളൊന്നും ചൂണ്ടിക്കാണിക്കുവാനില്ല. ഞൊറി അധികമുപയോഗിക്കാതെയുള്ള ഹംസത്തിന്റെ ഉടുത്തുകെട്ടും നന്നായിരുന്നു. ആര്‍.എല്‍.വി. സോമദാസായിരുന്നു ഈ ദിവസത്തെ ചുട്ടി. പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും നല്ലൊരനുഭവമാണ് ദൃശ്യവേദി സംഘടിപ്പിച്ച ‘നളചരിതമേള’യിലെ നളചരിതം ഒന്നാം ദിവസം നല്‍കിയത്.


കളിയരങ്ങില്‍:
കളര്‍കോട്ടെ നളചരിതം ഒന്നാം ദിവസം - നവംബര്‍ 3, 2007


Keywords: Nalacharitham Onnam Divasam, NalacharithaMela, Drisyavedi, Thiruvananthapuram, Kalamandalam Gopi, Madavur Vasudevan Nair, Madavoor, Kalamandalam Shanmukhan, Kalamandalam Sucheendran, Shahilal, Nalan, Hamsam, Damayanthi, Thozhimar.
--