
Selected Scenes എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Selected Scenes എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 മേയ് 15, ഞായറാഴ്‌ച
കാറല്‍മണ്ണയിലെ നളചരിതം

2011 മേയ് 6, വെള്ളിയാഴ്‌ച
ആലപ്പുഴയിലെ മല്ലയുദ്ധം

2011 മാർച്ച് 2, ബുധനാഴ്‌ച
ബെങ്കളൂരിലെ കേളികൊട്ട്

2010 നവംബർ 30, ചൊവ്വാഴ്ച
കിഴക്കേക്കോട്ടയിലെ ഉഷ-ചിത്രലേഖ
2010 ജൂലൈ 6, ചൊവ്വാഴ്ച
അമ്പലപ്പുഴയിലെ ലളിത-പാഞ്ചാലി

2010 ഫെബ്രുവരി 16, ചൊവ്വാഴ്ച
കനകക്കുന്നിലെ മല്ലയുദ്ധം

2009 നവംബർ 20, വെള്ളിയാഴ്‌ച
ഇടപ്പള്ളിയിലെ ഉഷ-ചിത്രലേഖ

2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച
കോട്ടക്കകത്തെ ഉര്‍വ്വശീശാപം

ഉര്‍വ്വശിയെ കണ്ട് ഇരിപ്പിടത്തിലിരുന്നു തന്നെ അര്‍ജ്ജുനന്‍ വണങ്ങുന്നു. ഉര്‍വ്വശിയെ മാതൃതുല്യയായി അല്ലെങ്കില്‍ ദേവനാരിയായി കണ്ട് അര്‍ജ്ജുനന്‍ മാനിക്കുന്നെങ്കില്‍ എന്തുകൊണ്ട് ഇടത്തേക്കു മാറി വലതുസ്ഥാനം ഉര്‍വ്വശിക്കു നല്‍കുന്നില്ല എന്ന് മറ്റൊരു സംശയം ഇവിടെ തോന്നാറുണ്ട്. അങ്ങിനെ അര്‍ജ്ജുനന്‍ മാറുവാന്‍ നോക്കുകയും, ഉര്‍വ്വശി സ്നേഹപൂര്‍വ്വമതു നിരസിച്ച് തന്റെ ഇംഗിതത്തിന്റെ സൂചന നല്‍കുകയും ചെയ്യുക എന്ന രീതിയില്‍ പോലും ഇവിടെ ചിട്ടപ്പെടുത്താത്തതിന് കാരണമെന്താവാം? അര്‍ജ്ജുനനായെത്തിയ ആറ്റിങ്ങല്‍ പീതാംബരന്‍ നായരുടെ പ്രവൃത്തിയില്‍ മികവ് പറയുവാനില്ല. ഉര്‍വ്വശിയോടുള്ള ഭക്തി, ആദരവ്; ഇങ്ങിനെയൊരു അവസ്ഥയില്‍ വന്നു പെട്ടുവല്ലോ എന്ന വിഷമം; ആവശ്യത്തോടുള്ള നിരാസം; ഇവയൊക്കെ മാറി മാറി അര്‍ജ്ജുനനില്‍ പ്രകടമാവേണ്ടതാണ്. എന്നാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഇങ്ങിനെയുള്ള ഭാവവ്യതിയാനങ്ങളെന്നല്ല, പ്രത്യേകിച്ചൊരു ഭാവവും പീതാംബരന്റെ മുഖത്തു കണ്ടില്ല.
കലാമണ്ഡലം കൃഷ്ണന്‍കുട്ടിക്കൊപ്പം ഉര്‍വ്വശിയും സഖിയുമായുള്ള ഭാഗം വരെ മാര്‍ഗി നന്ദകുമാറും തുടര്‍ന്ന് മാര്‍ഗി ദാമുവും പദങ്ങള്‍ ആലപിച്ചു. മുദ്രകള്‍ നോക്കി പാടുന്നതില്‍ അല്പം ഉപേക്ഷ കലാമണ്ഡലം കൃഷ്ണന്‍കുട്ടിക്ക് ഉണ്ടായിരുന്നു. നന്ദകുമാറിന്റെയും ദാമുവിന്റെയും ആലാപനത്തിലാവട്ടെ ഭാവം നന്നേ കുറവുമായിരുന്നു. ഉര്‍വ്വശിയും അര്‍ജ്ജുനനുമായുള്ള രംഗം വരെ മാര്‍ഗി രത്നാകരനായിരുന്നു മദ്ദളത്തില്‍. ഉര്‍വ്വശിയുടെ “നിരുപമനയഗുണശീലേ!” എന്ന സഖിയോടുള്ള പദത്തില്‍ “എന്നാലതിനൊരു ഉപായം...” എന്നയിടത്ത് ‘ഉപായം’ എന്ന വാക്കിനൊക്കെ മദ്ദളം കൊട്ടിയമര്‍ത്തി നീട്ടുകയും മറ്റും ചെയ്ത് മേളത്തിനു ജീവന്‍ നല്‍കുവാന്‍ രത്നാകരന്‍ ശ്രമിച്ചു കണ്ടു. “തൊണ്ടിപ്പവിഴമിവ മണ്ടും...” എന്ന ഭാഗം ഒടുവില്‍ വീണ്ടുമെടുത്ത് കലാശിക്കുന്നയിടത്തു മാത്രം രത്നാകരന് എന്തോ പിശകു പറ്റിയതായി തോന്നിച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ നല്ല രീതിയില്‍ തന്നെ അദ്ദേഹം മദ്ദളത്തില്‍ നടനെ പിന്തുണച്ചു. മാര്‍ഗി കൃഷ്ണകുമാറിന്റെ ഇടയ്ക്ക മേളത്തിനൊരു അനിവാര്യതയായി തോന്നിയില്ല. മാര്‍ഗി വേണുഗോപാലിന്റെ ചെണ്ട തരക്കേടില്ലാതെ മേളത്തിനു കൂടിയപ്പോള്‍ അവസാന ഭാഗങ്ങളിലെ മാര്‍ഗി ബേബിയുടെ മദ്ദളത്തിന് ഉണര്‍വു കുറവായിരുന്നു. മാര്‍ഗി രവീന്ദ്രനും മാര്‍ഗി ശ്രീകുമാറും ചേര്‍ന്നൊരുക്കിയ ചുട്ടി ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍, അര്‍ജ്ജുനന്റേതുള്‍പ്പടെയുള്ള പുരുഷവേഷങ്ങളുടെ ഉടുത്തുകെട്ട് പരിതാപകരമായിരുന്നു. മാര്‍ഗി പോലെയൊരു കഥകളി വിദ്യാലയം നടത്തുന്ന കളിയില്‍ പോലും ഉടുത്തുകെട്ടിന് ശ്രദ്ധകൊടുക്കുന്നില്ലെങ്കില്‍, മറ്റു കളികളുടെ കാര്യം പറയേണ്ടതില്ലല്ലോ! ചുരുക്കത്തില്‍; ഉര്‍വ്വശിക്ക് പ്രാധാന്യമുള്ള രംഗങ്ങളായതിനാലും, ഉര്‍വ്വശിയായി മാര്‍ഗി വിജയകുമാര്‍ മികവുപുലര്‍ത്തിയതിനാലും ആസ്വാദ്യകരമായി അനുഭവപ്പെട്ട ഒരു കളിയായിരുന്നു മാര്‍ഗിയില്‍ അവതരിക്കപ്പെട്ട ‘ഉര്‍വ്വശീശാപം’.
Description: UrvaseeSaapam from KalakeyaVadham Kathakali: Organized by Margi, Thiruvananthapuram. Margi Vijayakumar as Urvasi, Margi Sukumaran as Sakhi, Attingal Peethambaran Nair as Arjunan and Margi Ravikumar as Indran. Vocal by Kalamandalam Krishnankutty, Margi Damu and Margi Nandakumar. Chenda by Margi Venugopal. Maddalam by Margi Rathnakaran and Margi Baby. Idayka by Margi Krishnakumar. Chutty by Margi Raveendran and Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 22, 2009.
--
2009 ഫെബ്രുവരി 25, ബുധനാഴ്‌ച
പേരാമംഗലത്തെ മല്ലയുദ്ധം

തന്റെ കൈക്കരുത്തിലും അഭ്യാസപാടവത്തിലും അത്യധികം അഹങ്കരിക്കുന്ന ജിനൂതന്‍ എന്ന ഒരു മല്ലന്‍ ഒരിക്കല്‍ വിരാടരാജ്യത്തിലെത്തുന്നു. മല്ലന്റെ പരാക്രമങ്ങളെക്കുറിച്ച് കേട്ടറിവുള്ള ദേശത്തെ പ്രധാനമല്ലന്മാരാരും അയാളോട് എതിര്‍ക്കുവാന്‍ തയ്യാറാവുന്നില്ല. ഈ സമയം, പാചകക്കാരനായി വിരാടദേശത്ത് അജ്ഞാതവാസം കഴിക്കുന്ന വലലന്‍ മല്ലയുദ്ധത്തിനൊരുങ്ങുന്നു. ജിനൂതനെ പരാജയപ്പെടുത്തി വലലന്‍ വിരാടരാജാവിന്റെ പ്രീതിക്ക് പാത്രമാവുന്നു. ഇത്രയുമാണ് ‘മല്ലയുദ്ധം’ കഥയുടെ ഉള്ളടക്കം. തന്റെ സ്വൈര്യജീവിതത്തിനു കാരണം തേടിയുള്ള മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥ ആരംഭിക്കുന്നത്. തന്നോടെതിര്‍ത്ത പല പേരുകേട്ട മല്ലന്മാരെയും കാലപുരിയ്ക്കയച്ച പരാക്രമശാലിയായ തന്നോടെതിര്‍ക്കുവാന്‍ ഇവിടെയെങ്ങും ആരുമില്ലെന്ന തന്റെ സുഖത്തിന്റെ ഹേതു അയാള്‍ മനസിലാക്കുന്നു. ഏറെ നാളായി ആരോടും എതിര്‍ക്കാത്തതിനാല്‍ കൈതരിക്കുന്നു, ദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ആരെയെങ്കിലും എതിര്‍ക്കുവാന്‍ കിട്ടുമോയെന്നു നോക്കുകതന്നെ എന്നാടി ഭാണ്ഡവുമെടുത്ത് മല്ലന്‍ പുറപ്പെടുന്നു.
“ആരൊരു പുരുഷനഹോ! എന്നോടെതിര്‍പ്പാന്‍?” എന്നു തുടങ്ങുന്ന മല്ലന്റെ പദമാണ് തുടര്‍ന്ന്. ആരെങ്കിലും യുദ്ധത്തിനു തയ്യാറുണ്ടോ എന്നു ചോദിച്ച്, ഇനിയാരെങ്കിലും തയ്യാറായാല്‍ അവന്റെ ‘മദമടക്കി ലഘുമടക്കും...’ എന്നു വീമ്പിളക്കുന്ന മല്ലന്റെ മുന്നിലേക്ക് വലലന്‍ പ്രവേശിക്കുന്നു. സമര്‍ത്ഥനെന്നൊരു തെറ്റിദ്ധാരണയോടെ ഇവിടെ നിന്ന് വീമ്പിളക്കുന്ന നിന്നെ കാലന്റെ അതിഥിയാക്കുവാനാണ് താന്‍ വന്നത് എന്നാണ് വലലന്റെ പദം. തുടര്‍ന്ന് ഇരുവരും പരസ്പരം പരിഹാസവാക്കുകള്‍ ചൊരിഞ്ഞ് യുദ്ധത്തിലേക്ക് കടക്കുന്നു. വിവിധ യുദ്ധമുറകള്‍ക്കൊടുവില്‍ വലലന്‍ മല്ലനെ കീഴ്പ്പെടുത്തുന്നു.
പലകകള്‍ കൂട്ടിക്കെട്ടി നിര്‍മ്മിച്ച താല്‍കാലിക വേദിയില്‍ ‘മല്ലയുദ്ധം’ പോലെയൊരു കഥ വെയ്ക്കേണ്ടിയിരുന്നില്ല. ഇരുവര്‍ക്കും ആത്മവിശ്വാസത്തോടെ ആഞ്ഞു ചവിട്ടി കലാശങ്ങളെടുക്കുവാന്‍ അതിനാല്‍ തന്നെ സാധിച്ചതുമില്ല. ചെണ്ടയുടെ ശബ്ദത്തിലും മുഴക്കത്തില്‍ പലകയില്‍ ചവിട്ടുന്നതിന്റെ ശബ്ദമായിരുന്നു കേള്‍ക്കുവാനുണ്ടായിരുന്നത്. കഥകളി അരങ്ങുകള്‍ സാധാരണ ഉപയോഗിക്കുന്നതിലും മികച്ച ശബ്ദനിയന്ത്രണ സംവിധാനങ്ങളായിരുന്നു ഇവിടെ ഉപയോഗിച്ചത്. വെളിച്ചത്തിനായി ധാരാളം ലൈറ്റുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, വേദിയില്‍ എല്ലായിടവും പ്രകാശമെത്തുന്ന രീതിയിലായിരുന്നില്ല അവയുടെ ക്രമീകരണം എന്നതിനാല്‍ തന്നെ ഉദ്ദേശിച്ച പ്രയോജനം അവകൊണ്ടുണ്ടായില്ല. ചുരുക്കത്തില്‍ വളരെ മികച്ചതെന്നു പറയുവാനില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു ‘മല്ലയുദ്ധ’മായിരുന്നു പേരാമംഗലത്ത് അരങ്ങേറിയത്.
Description: Mallayudham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kottackal Devadas as Mallan, Kalamandalam Pradeep Kumar as Valalan; Pattu: Kalamandalam Babu Nampoothiri and Kalamandalam Vinod; Chenda: Kottackal Prasad and Kottackal Vijayaraghavan; Maddalam: Kottackal Radhakrishnan and Kottackal Sabarish; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--
2008 സെപ്റ്റംബർ 1, തിങ്കളാഴ്‌ച
കിഴക്കേക്കോട്ടയിലെ രംഭാപ്രവേശം

ആഗസ്റ്റ് 12, 2008: പതിനാലാമത് രംഗകലോത്സവത്തിന്റെ സമാപനദിവസം, ‘രാവണവിജയം’ കഥകളിയിൽ നിന്നുമെടുത്ത ‘രംഭാപ്രവേശം’ എന്ന ഭാഗം അവതരിപ്പിക്കുകയുണ്ടായി. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള രാവണനായും, മാർഗി വിജയകുമാർ രംഭയായും, കോട്ടക്കൽ രവികുമാർ ദൂതനായും വേഷമിട്ടു. കലാമണ്ഡലം രാജേന്ദ്രൻ, ഫാക്ട് ദാമു എന്നിവരായിരുന്നു ഗായകർ. കലാമണ്ഡലം അച്ചുതവാര്യർ മദ്ദളത്തിലും, കോട്ടക്കൽ പ്രസാദ് ചെണ്ടയിലും മേളമൊരുക്കി. രാവണന്റെ വീരരസപ്രധാനമായ തിരനോക്കോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.

ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുടെ തിരനോക്കിന് ഒരു പ്രത്യേക ഭംഗി തന്നെയുണ്ടായിരുന്നു. വളരെ കൃത്യതയോടെയാണ് തിരനോക്കിലെ ഓരോ ചലനവും അദ്ദേഹം അവതരിപ്പിക്കുന്നത്. തിരനോക്കിന്റെ അവസാന ഭാഗത്ത് തിരപൊക്കി, പാദം മുന്നിലോട്ടു നീട്ടുന്ന ഒരു പതിവുണ്ട് (ചിത്രം ശ്രദ്ധിക്കുക). സാധാരണയായി കാലു പൊക്കുവാൻ തുടങ്ങുമ്പോൾ തിര താഴെയായിരിക്കും, അതുപിന്നെ വലിച്ചുവാരി പിടിച്ച്, ഇടയ്ക്കത് പിന്നെയും താഴെക്ക് വീണ്, അവതരിപ്പിച്ചുവരുമ്പോൾ അതിന്റെ ഭംഗി മുഴുവൻ നഷ്ടമാവും. എന്നാലിവിടെ, അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ, കൈ തിരക്കുമുകളിലൂടെ ചലിപ്പിക്കുമ്പോൾ തന്നെ ശരിയായി മുകളിലേക്ക് മടക്കി, വളരെ മനോഹരമായി രാമചന്ദ്രൻ പിള്ള ഈ ഭാഗം ചെയ്യുകയുണ്ടായി. ചെറിയ കണ്ണുകളാണെന്ന പോരായ്മ മറികടക്കുവാനായി, പ്രത്യേകരീതിയിൽ കണ്ണുകൾ ചെറുതായി അടച്ചു തുറന്നുള്ള നോട്ടമായിരുന്നു അദ്ദേഹത്തിന്റെ തിരനോക്കിലെ മറ്റൊരു സവിശേഷത.
തിരനോക്കിനു ശേഷം രാവണന്റെ സഭയിലേക്ക് വൈശ്രവണൻ അയച്ച ഒരു ദുതൻ പ്രവേശിക്കുന്നു. ‘യാദുധാന ശിഖാമണേ! ശൃണു...’ എന്നതാണ് ദ്ദൂതന്റെ പദം. തന്റെ ശക്തി ഉപയോഗിച്ച് പല ദിക്കുകളിലുമുള്ള സ്ത്രീകളെ കീഴ്പ്പെടുത്തി, അവരെ ബലാൽക്കാരമായി പ്രാപിക്കുന്ന രാവണന്റെ ശീലം അവസാനിപ്പിക്കണമെന്നും മറ്റുമാണ് ദൂതൻ രാവണനെ അറിയിക്കുന്നത്. ഇതൊക്കെ കേട്ട് കോപിക്കുന്ന രാവണൻ, ദൂതന്റെ തലവെട്ടിമാറ്റുന്നു. ദൂതൻ പറഞ്ഞ കാര്യങ്ങൾ രാവണൻ വീണ്ടും ആലോചിക്കുന്നു. “താൻ സ്ത്രീകളെ ബലാൽക്കാരമായി പ്രാപിക്കുന്നെന്നോ... ഛായ്...” എന്നാലൊചിച്ച് കുബേരനെ ഒരു പാഠം പഠിപ്പിക്കണമെന്നുറയ്ക്കുന്നു. ശക്തിമാനായ തന്നെ ഉപദേശിക്കുവാൻ മാത്രം അവൻ വളർന്നുവോ എന്നാണ് രാവണന്റെ ചിന്ത. ബ്രഹ്മാവിനെ തപസ്സുചെയ്ത്, വരങ്ങൾ ലഭ്യമാക്കിയതെങ്ങിനെയെന്ന് തുടർന്നാടുന്നു.

ദൂതനായി രംഗത്തെത്തിയ കോട്ടക്കൽ രവികുമാറിന് ഭാവങ്ങൾ നന്നേ കുറവായി തോന്നി. കുബേരൻ വന്നു പറയുന്ന അതേ ഭാവത്തിൽ, അത്രയും ഗൌരവത്തിലാവണം ദൂതൻ കാര്യങ്ങൾ ധരിപ്പിക്കേണ്ടത്. ദൂത് കഴിഞ്ഞ്, രാവണൻ കോപിക്കുമ്പോൾ അത്യധികം ഭയക്കുകയും വേണം. എന്നാലിവിടെ അങ്ങിനെയുള്ള സൂക്ഷ്മഭാവങ്ങളൊന്നും രവികുമാറിൽ കണ്ടില്ല. ആട്ടം തരക്കേടില്ലായിരുന്നെന്നു മാത്രം. ദൂതന്റെ തല അരിഞ്ഞ ശേഷം മുകളിലേക്ക് നോക്കി, “കുബേര! ഇതു കാണുക. നിന്റെ ദൂതന്റെ തല ഞാൻ അരിഞ്ഞിരിക്കുന്നു, ഇതു പോലെ നിന്റെ തലയും അരിയുന്നുണ്ട്...” എന്നുള്ള രാവണന്റെ ആട്ടവും ഉചിതമായി. അതുകഴിഞ്ഞ്, ഭൃത്യരെ വിളിച്ച് അവിടം വൃത്തിയാക്കുവാനും രാവണൻ പറയുന്നുണ്ട്. കുബേരനെ യുദ്ധത്തിൽ പരാജയപ്പെടുത്തണം എന്നുറച്ച്, അതിനായി തയ്യാറെടുക്കുക തന്നെ എന്നാടി കലാശിക്കുന്നു.
യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കിയുള്ള പടപ്പുറപ്പാടാണ് തുടർന്ന് വിസ്തരിച്ചാടിയത്. തേരു കാണുന്നതും, വിവിധങ്ങളായ ആയുധങ്ങൾ തേരിൽ നിറയ്ക്കുന്നതും മറ്റും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കുന്തം, ശൂലം മുതലായ ആയുധങ്ങൾ ഇരുകരങ്ങളും ഉപയോഗിച്ചു പിടിക്കുന്നതായാണ് അവതരിപ്പിക്കുക; അപ്പോളൊക്കെ കുന്തം, ശൂലം എന്നിവ പിടിക്കുന്ന രീതിയിൽ കൈകളുടെ സ്ഥാനം ശരിയായി പിടിക്കുവാൻ ശ്രദ്ധിക്കുന്നതായി കണ്ടില്ല. തേരിൽ സഞ്ചരിച്ച് കുറേയെത്തുമ്പോൾ; സൂര്യൻ അസ്തമിക്കുന്നതായും, ഇരുൾ പരന്നതിനാൽ ഇനിയിന്ന് യുദ്ധം പറ്റില്ല എന്നുമാടി; സൈന്യത്തോട് കൂടാരങ്ങളുണ്ടാക്കി വിശ്രമിക്കുവാൻ ആജ്ഞാപിക്കുന്നു.
ഗംഗയുടെ കളകള ശബ്ദത്തോടെയുള്ള ഒഴുക്ക് പാദസരങ്ങളുടെ ശബ്ദം പോലെയും, സുന്ദരിയുടെ ചിരിപോലെയുമൊക്കെ രാവണനു തോന്നുന്നു. പർവ്വത മുകളിൽ ഉദിച്ചു നിൽക്കുന്ന ചന്ദ്രന്റെ നിലാവ് എങ്ങും പരന്നിരിക്കുന്നു. നിലാവ് മായാതിരിക്കുവാൻ, ചന്ദ്രനോട് അവിടെ തന്നെ നിൽക്കുവാൻ രാവണൻ ആജ്ഞാപിക്കുന്നു. കുയിലുകളുടെ പാട്ടും, മന്ദമാരുതനും രാവണനിൽ കാമവികാരങ്ങൾ ഉണർത്തുന്നു. പോരാത്തതിന് പർവ്വതമുകളിൽ ഗന്ധർവ്വന്മാരും, അപ്‍സരകന്യകളും കാമക്രീഡകളിൽ മുഴുകിയിരിക്കുന്നതും രാവണൻ കാണുന്നു. ഇതൊക്കെ കണ്ട്, ഇവിടെ തനിക്കൊരു പെണ്ണില്ലാതെ പോയല്ലോ എന്ന് രാവണൻ കുണ്ഠിതപ്പെടുന്നു. ഈ സമയത്താണ് ഒരു പെണ്ണിന്റെ ഗന്ധം രാവണനു ലഭിക്കുന്നത്, നോക്കുമ്പോൾ ഒരു സ്ത്രീ രൂപം അടുത്തേക്കു വരുന്നു. മറ്റൊരു വഴിയിലൂടെയും കടന്നു പോകുവാനില്ലാത്തതുകൊണ്ട്, ഈ വഴിതന്നെയാണ് അവളുടെ വരവ് എന്നു രാവണൻ തീർച്ചയാക്കുന്നു. വരുമ്പോൾ ആരെന്നറിയാം എന്നുറച്ച്, രാവണൻ സുന്ദരിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നു.

രംഭ, വലതു ഭാഗത്തുകൂടി പ്രവേശിക്കുന്നു. പടകുടീരങ്ങൾ കണ്ട്, ഒട്ടൊരു സംഭ്രമത്തോടെ, ശബ്ദമുണ്ടാക്കാതെ കടന്നുപോവുക തന്നെ എന്നുറച്ച് അവൾ മുന്നോട്ടു നടക്കുന്നു. രാവണൻ തടയുന്നു. ഈരേഴ് പാരിനും ഈശനായ താൻ, കാമശരങ്ങളേറ്റ് തളരുന്നു എന്നു പറഞ്ഞ് രാവണൻ തന്റെ ഇംഗിതം അറിയിക്കുന്നു. ‘ആർശരനാഥ മുഞ്ചമ...’ എന്ന രംഭയുടെ പദമാണ് തുടർന്ന്. താനിന്ന് കുബേരന്റെ പുത്രനോടൊപ്പം ശയിക്കുമെന്ന് വാക്കു നൽകിയതാണ്. അങ്ങയുടെ പുത്രഭാര്യയായ എന്നെ അങ്ങ് മോചിപ്പിക്കുക എന്നു രംഭ അപേക്ഷിക്കുന്നു. എന്നാൽ, തന്റെ പുത്രൻ മന്ദിരത്തിൽ സുഖമായി ഉറങ്ങുന്നുണ്ട്, അതിനാൽ നീ എന്നോടൊപ്പം ശയിക്കുക എന്നാണ് രാവണന്റെ മറുപടി. തന്റെ മുത്തണിമുല ഇന്നു പുൽകുവാനുള്ള അവകാശം വിത്തനന്ദനനാണ് എന്നു പറയുന്ന രംഭയോട് രാവണൻ പറയുന്നു; “രണ്ടു കൈകളുള്ള ആ ബാലൻ പുണർന്നാൽ എന്താകുവാനാണ്, തന്റെ ഇരുപതു കൈകൾ കൊണ്ട് നിന്നെ പുണരുന്നുണ്ട്...”.

ദേവനാരിയായ തനിക്ക് ദിനവും ഓരോ വല്ലഭനാണെന്നും, ഇന്ന് കുബേരപുത്രനാണ് തന്റെ പതിയെന്നും, അദ്ദേഹത്തോടൊപ്പമല്ലാതെ അന്യപുരുഷനൊപ്പം ഞാനിന്ന് ശയിക്കുകയില്ലെന്നും; അതിനാൽ തന്റെ പാതിവ്രത്യം പാലിക്കുവാൻ അനുവദിക്കണമെന്നും രംഭ യാചിക്കുന്നു. “കാലിണ തവ തൊഴുതേൻ പോകുന്നു...” എന്നു പറഞ്ഞ് പോകാനൊരുങ്ങുന്ന രംഭയോട് രാവണൻ പൊയ്ക്കോളുവാൻ ആംഗ്യം കാണിക്കുന്നു. രണ്ടുമൂന്നടി വെയ്ക്കുമ്പോൾ, ഉഗ്രനൊരു അലർച്ച. ചെവി പൊട്ടിപ്പോയതുപോലെ എന്നു പരിഭ്രമിച്ച് രംഭ തിരികെയെത്തുന്നു. നിധികുംഭം കണ്മുന്നിൽ വന്നിട്ട്, അത് കാലുകൊണ്ട് തട്ടിക്കളയുന്നവരുണ്ടാവുമോ എന്നാണ് രാവണന്റെ ചോദ്യം. താനിന്ന് കുബേരപുത്രനു വാക്കു കൊടുത്തതാണ്, ചെന്നില്ലെങ്കിൽ അവൻ ശപിക്കുമെന്നായി രംഭ. രാവണന്റെ മറുപടി, “അവൻ രണ്ടു കൈകൊണ്ട് ശപിച്ചുകൊള്ളട്ടെ, ഞാൻ നിന്നെ ഇരുപതു കരങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നു.”.
രാവണൻ എന്തുപറഞ്ഞിട്ടും കൂട്ടാക്കുന്നില്ല എന്നു മനസിലാക്കി, ഇനിയെന്തെങ്കിലും ഉപായം പറയുക തന്നെ എന്നു തീരുമാനിക്കുന്നു. സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ, എന്ന മുഖവുരയോടെ ചോദിക്കുന്നു; “ഇന്ന് ഞാൻ പോയിട്ട് നാളെ അങ്ങയുടെ അടുത്ത് വരട്ടെ?”. ഇതു കേട്ട്, രാവണൻ ചോദിക്കുന്നു; “ഇന്നപ്പോൾ ഞാൻ ഒറ്റയ്ക്കിവിടെയിരിക്കണമെന്ന്, അല്ലേ?”. എന്നാൽ ഞാനൊരു കാര്യം പറയട്ടെ എന്നു പറഞ്ഞ് രാവണൻ തുടരുന്നു; “വിഭവസമൃദ്ധമായ ഊണു വിളമ്പിയതിനു ശേഷം, ഇന്നില്ല നാളെ വന്നാൽ ഊണു കഴിക്കാം എന്നു പറഞ്ഞാൽ ശരിയാവുമോ? നിന്നെ പെട്ടെന്ന് വിട്ടേക്കാം, അതിനു ശേഷം നീ കുബേരപുത്രന്റെ സമീപത്തേക്ക് പൊയ്ക്കോളൂ...”. രംഭ നേരേ പറഞ്ഞിട്ട് വഴങ്ങുന്നില്ല എന്നു കണ്ട്, ബലാൽക്കാരമായി രാവണൻ അവളെ പ്രാപിക്കുന്നു.

രംഭയേയും കൊണ്ട് അരങ്ങിൽ നിന്നും മാറുകയാണ് ചെയ്യുക. തിരിച്ചു വന്ന്, “മോശമായിപ്പോയി, ഒരു പെണ്ണിനെ ബലാൽക്കാരമായി... ഛെ!” എന്ന രീതിയിലുള്ള ആത്മഗതത്തിനു ശേഷം; സമയം ഏറെയായിരിക്കുന്നു എന്നുകണ്ട്, ചന്ദ്രനോട് നിങ്ങിക്കോള്ളുവാൻ പറയുന്നു (നേരത്തേ ചന്ദ്രനോട് നിൽക്കുവൻ ആജ്ഞാപിച്ചത് ഓർക്കുക.). നേരം പുലർന്നതു കണ്ട്, വൈശ്രവണനെ ഇനി പോരിനു വിളിക്കുക തന്നെ എന്നാടി അവസാനിപ്പിക്കുകയാണ് സാധാരണ പതിവ്. എന്നാൽ വൈശ്രവണനെ യുദ്ധത്തിൽ തോൽപ്പിച്ചു; ധനവും, പുഷ്പകവിമാനവും കൈക്കലാക്കി; ലങ്കയിലേക്കുള്ള യാത്രാമധ്യേ കൈലാസം മാർഗത്തിനു വിഘ്നമായി നിൽക്കുന്നു; കൈലാസോദ്ധാരണം; തളർന്നു വീണ് ഞരമ്പ് പുറത്തെടുത്ത് വീണയായി മീട്ടി, ശങ്കരാഭരണം രാഗത്തിൽ ശിവനെ സ്തുതിച്ച്; ശിവൻ പ്രസാദിച്ച് ചന്ദ്രഹാസം നൽകുന്നതുവരെ ഇഞ്ചക്കാടൻ ആടുകയുണ്ടായി. എന്നാൽ, ഇത്രയും ഭാഗം ഒട്ടും വിശദീകരിക്കാതെ വളരെ ഝടുതിയിലാണ് ആടി തീർത്തത്. ആട്ടത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. വൈശ്രവണനുമായി യുദ്ധത്തിനു തയ്യാറെടുക്കുന്ന ഭാഗം വരെ ആടി അവസാനിപ്പിക്കുകയായിരുന്നു ഭംഗി.
ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും, മാർഗി വിജയകുമാറും; രണ്ടുപേരും അന്യോന്യം മനസറിഞ്ഞാണ് രംഗത്തു പ്രവർത്തിച്ചത്. അതിന്റേതായ ഭംഗി പലഭാഗത്തും കാണുവാനുമുണ്ടായിരുന്നു. മുദ്രകാണിക്കുന്നതിനിടയിൽ കണ്ണുകൾ ഇടയ്ക്കിടെ അടയ്ക്കുന്നത് ഇഞ്ചക്കാടന്റെ(ദൂതനുമൊത്തുള്ള രണ്ടാമത്തെ ഫോട്ടോ ശ്രദ്ധിക്കുക.) ഒരു പോരായ്മയായി തോന്നി. രാവണന്റെ ഉടുത്തുകെട്ടും ഭംഗിയായില്ല. രംഭയ്ക്ക് നീല കുപ്പായമാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും, ചുവന്ന കുപ്പായമാണ് ഇവിടെ ധരിച്ചിരുന്നത്. കലാമണ്ഡലം രാജേന്ദ്രൻ, ഫാക്ട് ദാമു എന്നിവരുടെ സംഗീതം ശരാശരി നിലവാരം പുലർത്തി. ആനന്ദഭൈരവിയിലുള്ള ‘ആർശരനാഥ! മുഞ്ചമ...’ എന്ന പദമൊക്കെ ഇതിലും എത്രയോ മെച്ചമായി പാടാമായിരുന്നു. ഫാക്ട് ദാമുവിന്റെ പാട്ടിൽ ഭാവവും കുറവായിരുന്നു, ഇടയ്ക്കൊക്കെ ശബ്ദം നിയന്ത്രണത്തിൽ നിന്നതുമില്ല. ചെണ്ടയിൽ പ്രവർത്തിച്ച കോട്ടക്കൽ പ്രസാദിന് പലയിടത്തും പിഴച്ചു. മുദ്രയ്ക്കും/കലാശങ്ങൾക്കും ഒപ്പം കൂടുന്നതിലും മികവ് പ്രകടമായില്ല. കലാമണ്ഡലം അച്ചുതവാര്യരുടെ മദ്ദളം നന്നായിരുന്നു. രാവണൻ കുയിലിനെയും മറ്റും കാണിച്ചപ്പോൾ(രംഭ സംസാരിക്കുമ്പോൾ, ശല്യപ്പെടുത്താതെയിരിക്കുവാൻ പറയുന്നതായി), കൂജനമൊന്നും മദ്ദളത്തിൽ കേൾപ്പിക്കുവാൻ ഉത്സാഹിച്ചില്ല എന്നതൊരു കുറവായി. ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും; ഇഞ്ചക്കാടന്റെ രാവണനും, വിജയകുമാറിന്റെ രംഭയും നന്നായി തിളങ്ങിയതിനാൽ, വളരെ മികച്ച ഒരു ആസ്വാദനാനുഭവമായിരുന്നു ഇവിടുത്തെ ‘രംഭാപ്രവേശം’ പ്രേക്ഷകർക്കു നൽകിയത്.
Description: RambhaPravesham Kathakali(Selected scenes from RavanaVijayam) staged at Karthika Thirunal Theater, East Fort, Thiruvananthapuram. Organized by Drisyavedi as part of 14th Kerala Rangakalolsavam. Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha and Kottackal Ravikumar as Doothan. Pattu by Kalamandalam Rajendran and Fact Damu. Maddalam by Kalamandalam Achutha Varier and Chenda by Kottackal Prasad.
--
2008 ഓഗസ്റ്റ് 7, വ്യാഴാഴ്‌ച
ചിങ്ങോലിയിലെ കാട്ടാളനും, ദമയന്തിയും

ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ, കാരുവള്ളി ഇല്ലത്ത് കെ.എൻ. വാസുദേവൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ പ്രമാണിച്ച് നളചരിതം രണ്ടാംദിവസം കഥകളിയിലെ കാട്ടാളനും, ദമയന്തിയും കൂടിയുള്ള രംഗം അവതരിക്കപ്പെട്ടു. ചിങ്ങോലി ഗോപാലകൃഷ്ണൻ അവതരിപ്പിച്ച പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. പുറപ്പാട് ചുവടുകളുടെ സൌന്ദര്യമൊന്നും ഗോപാലകൃഷ്ണന്റെ ആട്ടത്തിൽ പ്രകടമായില്ല. കുറച്ചു കൂടി ചടുലതയോടെ, വ്യക്തമായ മുദ്രകളോടെ പുറപ്പാട് അവതരിപ്പിക്കാമായിരുന്നു. കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം അച്ചുത വാര്യർ, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരുടെ മേളപ്പദവും തുടർന്ന് അവതരിപ്പിക്കപ്പെട്ടു.
കോട്ടക്കൽ മധു, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു പുറപ്പാടും മേളപ്പദവും പാടിയത്. കോട്ടക്കൽ മധു സാധാരണ പാടാറുള്ളത്രയും, സംഗീതപ്രയോഗങ്ങളോടെ ഇവിടെ പാടുകയുണ്ടായില്ല. എന്നിട്ടുപോലും സജീവന് പലയിടത്തും മധുവിനെ പിന്തുടരുവാൻ കഴിഞ്ഞില്ല. താളത്തിനുള്ളിൽ വരികൾ വിന്യസിക്കുവാനും വല്ലാതെ ആയാസപ്പെടുന്നതായി തോന്നി. കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ ചെണ്ടയിൽ നന്നായി പ്രവർത്തിച്ചപ്പോൾ; മദ്ദളത്തിൽ കലാമണ്ഡലം നാരയണൻ നായരുടെ പ്രവർത്തി അത്ര മെച്ചമായി തോന്നിയില്ല. രണ്ടാമത്തെ മദ്ദളം കൈകാര്യം ചെയ്ത അച്ചുത വാര്യർ സാമാന്യം നല്ല രീതിയിൽ തന്നെ മേളം കൈകാര്യം ചെയ്തു. പുറപ്പാടിനു ശേഷം അവതരിപ്പിക്കുന്ന കഥകളുടെ ഒരു സംക്ഷിപ്ത വിവരണം കലാമണ്ഡലം സജീവൻ നൽകുകയുണ്ടായി. ഒരു കഥകളി കലാകാരൻ തന്നെ അത് അവതരിപ്പിച്ചത് എന്തുകൊണ്ടും ഉചിതമായി. സജീവൻ അത് ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.

മാർഗി വിജയകുമാർ ദമയന്തിയായും, സദനം കൃഷ്ണൻകുട്ടി കാട്ടാളനായും വേഷമിട്ട; നളചരിതത്തിലെ കാട്ടാളനും, ദമയന്തിയും ഉൾപ്പെടുന്ന രംഗമാണ് തുടർന്ന് അവതരിക്കപ്പെട്ടത്. കലിബാധിതനായ നളൻ ദമയന്തിയെ വനത്തിൽ ഉപേക്ഷിച്ചു പോവുന്നു. ക്ഷീണിതയായി ഉറങ്ങിപ്പോയ ദമയന്തി ഉറക്കമുണരുമ്പോൾ പ്രിയതമനെ കാണാതെ വിഷമിക്കുന്നു. തുടർന്നുള്ള ദമയന്തിയുടെ പദമായ “അലസത വിലസിതം...” എന്ന പദം മുതൽക്കാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദമയന്തിയായെത്തിയ മാർഗി വിജയകുമാർ സാധാരണപോലെ മികച്ചു നിന്നു.

സദനം കൃഷ്ണൻ കുട്ടി അവതരിപ്പിച്ച കാട്ടാളനെ ‘വിചിത്രം!’ എന്നേ വിശേഷിപ്പിക്കുവാനാവൂ. എന്തോ ശബ്ദം കേട്ട് ഉണരുന്ന കാട്ടാളൻ ഉടൻ തന്നെ പന്തം കത്തിക്കുന്നതായാണ് ആടിയത്. ഈ ആട്ടം ഒട്ടും തന്നെ കാട്ടാളന് ഉചിതമല്ല. കാട്ടാളന്റെ അടുത്ത ചരണത്തിൽ പറയുന്നുണ്ട്, “ഉരത്തെഴും തിമിരം വെൽവാൻ ഉദിക്കുമാറായ് ഭഗവാനും...” എന്ന്. പന്തവും കൈയിലേന്തി നടക്കുന്ന ഒരുവന് ഉരത്തെഴുന്ന തിമിരം ഒരു പ്രശ്നമാവില്ലല്ലോ! പന്തമൊക്കെ കൊളുത്തി പുറത്തിറങ്ങുന്ന കാട്ടാളൻ ഉടൻ തന്നെ, പദമോർത്തിട്ടാവണം, പന്തം കെടുത്തുകയും ചെയ്തു! അതിനു ശേഷം കാട്ടാളൻ പറയുന്നു, ‘ശബ്ദം കേട്ടിട്ട് കുയിലിന്റെ കൂജനമാണോ എന്നു തോന്നും!’ എന്ന്. ഇവിടെ ഒരു കുയിൽ പേടിച്ചു കരയുന്നതുപോലെ തോന്നുന്നു എന്നോ മറ്റോ ആടുന്നതായിരുന്നു ഉചിതം. നളനെ കാണാഞ്ഞ് ദമയന്തി വിലപിക്കുന്നതാണല്ലോ കാട്ടാളൻ കേൾക്കുന്നത്. അത്, കുയിലിന്റെ കൂജനമായി കേൾക്കുന്നത് അഭംഗിയായി തോന്നുന്നു.
“എടുത്തു വില്ലും അമ്പും വാളും...” എന്ന ചരണത്തിലാണ് അടുത്ത വിശേഷം. നാലു പാടും, ഉത്തരത്തിലും മറ്റും തന്റെ ആയുധങ്ങളെ തപ്പുന്നതായാണ് കൃഷ്ണൻകുട്ടിയുടെ കാട്ടാളൻ ആടിയത്. തന്റെ ജീവൻ നിലനിർത്തിപ്പോകുവാൻ ഏറ്റവും ആവശ്യമായ ആയുധങ്ങൾ എവിടെ വെച്ചു എന്ന് ഒരു കാട്ടാളൻ മറക്കുക വിശ്വസിനീയമായ സംഗതിയല്ല. കാട്ടിൽ വസിക്കുന്ന ഒരാളായതിനാൽ തന്നെ, സ്വയരക്ഷയ്ക്കായി ആയുധങ്ങൾ കൈയ്യെത്തുന്ന അകലത്തിൽ തന്നെ ഉണ്ടാകുവാനാണ് സാധ്യത. അതുപോലെ സ്ഥിരം ഉപയോഗിക്കുന്ന വാളും, അമ്പും മറ്റും ഉപയോഗിക്കുവാനേ കഴിയാത്തത്രയും മൂർച്ച കുറഞ്ഞ അവസ്ഥയിലായിരിക്കുകയുമില്ലല്ലോ! അങ്ങിനെയാടുന്നതിനോടും യോജിക്കുവാൻ കഴിയില്ല. അല്പം മൂർച്ചകൂട്ടുന്നതായൊക്കെ ആടാം, അത്രയും മതിയാവും.
“ആഹന്ത ദയിത! ദയാസിന്ധോ നീയെന്നെ...” എന്ന പദം ഇപ്പോൾ വെറുതെ ആലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എനിക്കു തോന്നുന്നു, കഥകളിയിൽ ഒരു പദവും അങ്ങിനെ വെറുതെ പാടുവാനുള്ളതാവില്ല എന്നാണ്. ഈ സമയം കാട്ടാളൻ അരങ്ങിൽ നിന്നു മാറുകയും, ദമയന്തി വശത്തുകൂടി പ്രവേശിച്ച് പദമാടി മാറുകയും ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം എന്നു തോന്നുന്നു. ‘കിർമ്മീരവധം’ കഥകളിയിൽ പാത്രവുമായെത്തുന്ന ധർമ്മപുത്രരുടെ അടുത്തേക്ക് ധൌമ്യനും, പാഞ്ചാലിയും പ്രവേശിച്ചു മാറുന്നത് ഓർക്കുക. ആ മാതൃക ഇവിടെയും പിന്തുടരാവുന്നതാണ്.
കാട്ടാളന്റെ തുടർന്നുള്ള പദത്തിലെ ഒരു വരി “വാതിച്ചോർക്കും പ്രാണാപായേ...” എന്നാണ് തുടങ്ങുന്നത്. ഇവിടെ ‘വാതിച്ചോർ’ എന്നതിന് അടുത്തേക്കു വരുന്നു എന്നതിനു കാട്ടുന്ന മുദ്രയാണ് കാണിച്ചത്. എന്താണ് ഇതുകൊണ്ട് നടൻ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. വാതിച്ചോർ എന്നതിന് ബ്രാഹ്മണർ എന്നാണർത്ഥം. ബ്രാഹ്മണർക്കു പോലും, പ്രാണൻ അപകടത്തിലാവുന്ന സമയത്ത് അയിത്തം ഒരു പ്രശ്നമാവാറില്ല എന്നു വരിയുടെ അർത്ഥം. അതുപോലെ ‘കാട്’ എന്നതിനു പലപ്പോഴും ‘മരം’ എന്ന മുദ്രകൊണ്ടു മതിയാക്കി; ‘മംഗലഗാത്രി’ എന്ന ഭാഗത്ത് ‘മനോഹരം’ എന്നതിൽ മുദ്ര നിർത്തി, ‘ഗാത്രി’ എന്നഭാഗം വിഴുങ്ങി - ഇങ്ങിനെ പലഭാഗത്തും മുദ്രകൾ പൂർണ്ണമായി കാണിക്കാതെ ഒഴിവാക്കുന്നത് കാണാമായിരുന്നു.

പാമ്പിനെ കൊന്നതിനു ശേഷം, കാട്ടാളനുടനെ പച്ചിലയൊക്കെ പറിച്ച് മരുന്നുണ്ടാക്കി ദമയന്തിയുടെ പാദത്തിൽ തേക്കുവാൻ ആയുന്നതായൊക്കെ ആടി. എന്നാൽ ഈ ഭാഗമൊന്നും ദമയന്തി കണ്ടതുകൂടിയില്ല. ഒരുപക്ഷെ അങ്ങിനെ ഒരു ആട്ടം ആടുന്നുണ്ട് എന്ന് മാർഗി വിജയകുമാർ അറിഞ്ഞിട്ടുണ്ടാവില്ല. പിന്നെ, കാട്ടാളൻ തന്നെ മരുന്ന് വേണ്ടെന്നോ എന്നൊക്കെ സ്വയം ആടി, അവസാനിപ്പിച്ചു; മാർഗി വിജയകുമാർ പദഭാഗവുമാടി. കൂട്ടുവേഷത്തിന്റെ സഹകരണം ആവശ്യമുള്ള ഇത്തരം മനോധർമ്മങ്ങൾ അരങ്ങിൽ അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അത് അണിയറയിൽ വെച്ചു തന്നെ കൂട്ടുവേഷം കെട്ടുന്ന നടനുമായി സംസാരിച്ച് ഒരു ധാരണയിൽ എത്തുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ഇവിടെ സംഭവിച്ചതുപോലെ, ‘ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന രീതിയിൽ ആട്ടം അവസാനിപ്പിക്കേണ്ടിവരും.
“അംഗനേ! ഞാനങ്ങുപോവതെങ്ങിനെ...” എന്ന കാട്ടാളന്റെ പദത്തിൽ “വാഴ്ച നമുക്കവിടെ വനസുഖം, ആരറിഞ്ഞു!” എന്നൊരു ചരണത്തിൽ വരുന്നുണ്ട്. ഇവിടെ വനസുഖം കാട്ടാളൻ ആടിയത്, മാനിനെയും മറ്റും നായാടി, അവയെ തീയിൽ ചുട്ടു തിന്നാം എന്നൊക്കെയാണ്. എത്ര ശുഷ്കമാണ് കാട്ടാളന്റെ ഭാവന. കാമവുമായോ, രതിയുമായോ ബന്ധപ്പെട്ട എന്തെങ്കിലും ആട്ടങ്ങളാണ് ഇവിടെ അനുയോജ്യം. വെള്ളച്ചാട്ടങ്ങളിൽ നീരാടി, ഇണക്കിണികളെപ്പോലെ ചുണ്ടുരുമ്മി കഴിയാം, ലതകൾ മരങ്ങളെ ചുറ്റിപ്പുണരുന്നതുപോലെ ഞാൻ നിന്നെ പുണരാം... എന്നിങ്ങനെ എന്തൊക്കെ കാണിക്കാം! അപ്പോഴാണ് മാംസം ചുട്ടുകഴിക്കാമെന്ന് പറയുന്നത്! ഉണ്ണായിവാര്യരുടെ കാട്ടാളനുപോലും വിവരമുണ്ട് എന്നാണ് പറയുവാറുള്ളത്. എന്നാൽ വിവരക്കേടായ കാട്ടാളന്മാരും കുറവല്ല എന്ന് ഇത്തരം വേദികൾ തെളിയിക്കുന്നു.

ഒടുവിൽ ദമയന്തി “ഈശ്വര! നിഷധേശ്വര...” എന്നു വിലാപം തുടങ്ങുമ്പോളേ കാട്ടാളൻ സ്റ്റൂളിൽ കയറി ഭസ്മമാകുവാൻ തയ്യാറായിരുന്നു. “അബലേ! നിൻവ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ...” എന്നാണ് കവിവാക്യം. കാട്ടാളൻ ദമയന്തിയെ പ്രാപിക്കുവാൻ ആയുമ്പോളാണ്, അല്ലെങ്കിൽ അങ്ങിനെയുള്ള വികാരങ്ങൾ അയാളിൽ ജനിക്കുമ്പോളാണ്, ദേവന്മാരുടെ ദമയന്തിക്കുള്ള വരം നിമിത്തമായി കാട്ടാളൻ ഭസ്മമാവുന്നത്. സ്റ്റൂളിൽ കയറി വീഴുവാൻ കാത്തു നിൽക്കുന്നതിനു പകരം; കാട്ടാളന്റെയുള്ളിലെ കാമവികാരങ്ങൾ രംഗത്ത് പ്രകടിപ്പിക്കുകയാണ് വേണ്ടത്. അതു പ്രകടമാക്കിക്കഴിഞ്ഞാൽ ചൂട് അനുഭവപ്പെടുന്നതായി ആടി, അഗ്നിയിൽ താൻ ദഹിക്കുന്നതായി ആടി, ചാരമായി നിപതിക്കുന്നു എന്നുമാടിവേണം കാട്ടാളൻ വീഴുവാൻ. ഇതൊന്നും സദനം കൃഷ്ണൻ കുട്ടിക്ക് അറിവില്ലാത്തതാണ് എന്നു കരുതുവാൻ വയ്യ. എന്തുകൊണ്ടോ അദ്ദേഹത്തിന് വേണ്ടും വണ്ണം കാട്ടാളനെ അവതരിപ്പിക്കുവാൻ അന്നേ ദിവസം ശുഷ്കാന്തി ഉണ്ടായിരുന്നില്ല എന്നു വേണം കരുതുവാൻ. സാധാരണ പ്രേക്ഷകർക്ക് കൃഷ്ണൻകുട്ടിയുടെ അധികമായി ഇളകിയുള്ള ആട്ടവും മറ്റും കൊണ്ട് കാട്ടാളൻ ഇഷ്ടപ്പെട്ടെന്നിരിക്കും; എങ്കിലും ഇത്രയും മുതിർന്ന ഒരു കലാകാരനിൽ നിന്നും ഇതിലും ഉത്തരവാദിത്തപ്പെട്ട ഒരു പ്രകടനമാണ് കഥകളി ആസ്വാദകർ പ്രതീക്ഷിക്കുന്നത്.
പത്തിയൂർ ശങ്കരൻ കുട്ടി, കോട്ടക്കൽ മധു എന്നിവരായിരുന്നു ഈ കഥാഭാഗം ആലപിച്ചത്. വേദിയിലെ മൈക്ക്/സ്പീക്കർ വിന്യാസം അത്ര മെച്ചമല്ലായിരുന്നതിനാൽ, കേൾവി സുഖം കുറവായിരുന്നു. വെറുതെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുക എന്നതുമാത്രമല്ല മൈക്ക്/സ്പീക്കർ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇവ ക്രമീകരിക്കുന്നവർ മനസിലാക്കിയെങ്കിൽ! കാട്ടാളന്റെ “അംഗനേ! ഞാനങ്ങുപോവതെങ്ങിനെ...” എന്ന പദം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് ചരണത്തിന്റെ ആവർത്തനത്തിൽ, “എങ്ങിനെ ഞാനങ്ങുപോവതംഗനേ...” എന്നു മറിച്ചു പാടിയതും രസകരമായി തോന്നി. എന്നാൽ ‘അംഗനേ!’ എന്നാണോ ‘അങ്ങനേ’ എന്നാണോ വരി തുടങ്ങേണ്ടത് എന്നൊരു സംശയം ഇപ്പോളും നിലനിൽക്കുന്നു. ഉണ്ണായിവാര്യർ ഒരു പ്രാസപ്രിയനായതിനാലും (അടുത്തവരി തുടങ്ങുന്നത് “ഇങ്ങനേകം മനോരാജ്യം...” എന്നാണല്ലോ.), കാട്ടാളന്റെ സ്വഭാവത്തിന് ‘അങ്ങനെ ഞാനെങ്ങിനെയാണ് അങ്ങു പോവുക?’ എന്ന ചോദ്യമാണ് കൂടുതൽ യോജ്യമെന്നതുകൊണ്ടും; ‘അംഗനേ!’ എന്ന അഭിസംബോധനയ്ക്കു പകരം ‘അങ്ങനെ’ എന്നു തുടങ്ങുന്നതാണ് കൂടുതൽ യോജ്യമെന്നു തോന്നുന്നു. “സങ്കടമെനിക്കുണ്ടു സദയത വേണമെന്നിൽ...” എന്ന ചരണമാണ് ഏറ്റവും മനോഹരമായത്. കാട്ടാളന്റെ ഭാവം ശരിയായി പ്രകടമാവുന്ന രീതിയിൽ ശബ്ദനിയന്ത്രണത്തോടെയാണ് ഈ ഭാഗം ശങ്കരൻ കുട്ടിയും, മധുവും ആലപിച്ചത്. എന്നാൽ ദമയന്തിയുടെ അവസാന പദമായ “ഈശ്വര! നിഷധേശ്വര!” അത്ര അനുഭവത്തായതുമില്ല.
മാർഗി രവി, ചിങ്ങോലി പുരുഷോത്തമൻ എന്നിവരായിരുന്നു ഇവിടുത്തെ ചുട്ടി കൈകാര്യം ചെയ്തത്. ഏവൂരിലെ ശ്രീകൃഷ്ണവനമാല കളിയോഗത്തിന്റെ കോപ്പുകളും, വേഷങ്ങളുമാണ് ഉപയോഗിച്ചത്. കാട്ടാളന്റെയും, ദമയന്തിയുടേയും വേഷം മനോഹരമായിരുന്നു. എന്നിരുന്നാലും, കാട്ടാളന്റെ ഒരു വശമുള്ള മുന്തി ഭൂരിഭാഗം സമയവും നേരേയല്ല കിടന്നിരുന്നത്. ഉടുത്തുകെട്ടിലുള്ള പോരായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്. വേഷത്തിലെ അപാകത നടൻ ശ്രദ്ധിച്ചതുമില്ല. ചുരുക്കത്തിൽ അത്രയൊന്നും തൃപ്തികരമായ ഒരു അനുഭവമായിരുന്നില്ല, ചിങ്ങോലിയിൽ അവതരിപ്പിച്ച ‘കാട്ടാളനും ദമയന്തിയും’ ആസ്വാദകർക്കു നൽകിയത്.
കുറിപ്പ്: കഥാവതരണത്തിനു ശേഷം സജീവൻ പറഞ്ഞത് “കെ.എൻ. വാസുദേവൻ നമ്പൂതിരിക്ക് ഇനിയും ആയുരാരോഗ്യത്തോടെ അനേകവർഷങ്ങൾ ജീവിക്കുവാൻ കഴിയട്ടെ. അദ്ദേഹത്തിന്റെ സപ്തതിക്കും, നവതിക്കുമെല്ലാം ഇതുപോലെ കഥകളി അരങ്ങൊരുക്കുവാനുള്ള കഴിവും, ആരോഗ്യവും അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടാവട്ടെ...”; ഇതേ പ്രാർത്ഥനയോടെ ഈ ആസ്വാദനക്കുറിപ്പ് അദ്ദേഹത്തിനു സമർപ്പിക്കുന്നു.
Description: Kattalan & Damayanthi Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Chingoli Gopalakrishnan (Purappad), Sadanam Krishnankutty (Kattalan), Margi Vijayakumar (Damayanthi). Pattu by Pathiyoor Sankaran Kutty and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri