2011, മേയ് 6, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ കചദേവയാനി

KachaDevayani Kathakali: Madavoor Vasudevan Nair as Sukran, Kalamandalam Gopi as Kachan and Margi Vijayakumar as Devayani. Appreciation by Haree for Kaliyarangu.
22 ഏപ്രില്‍ 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷിക ആഘോഷങ്ങളില്‍ ആദ്യ ദിനം അരങ്ങേറിയ 'കിര്‍മ്മീരവധം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാം ദിവസം താഴവന ഗോവിന്ദനാശാനെഴുതിയ 'കചദേവയാനി'യായിരുന്നു ആദ്യകഥയായി നിശ്ചയിച്ചിരുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപിയുടെ കചനും മാര്‍ഗി വിജയകുമാറിന്റെ ദേവയാനിക്കുമൊപ്പം പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ ശുക്രാചാര്യരുമായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ട, കലാമണ്ഡലം ശങ്കര വാര്യരുടെ മദ്ദളം എന്നിവയ്ക്കു പുറമേ പത്തിയൂര്‍ ശങ്കരന്‍‍കുട്ടി, കോട്ടക്കല്‍ മധു എന്നിവരുടെ ആലാപനം എന്നിവയും ഇതിനോടൊപ്പം തന്നെ കളി മികച്ചതാകുമെന്ന പ്രതീക്ഷ നല്‍കിയ ഘടകങ്ങളാണ്‌. നെടുമുടി വാസുദേവ പണിക്കര്‍ (സുകേതു), കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കലാനിലയം രാകേഷ് (മദ്ദളം) തുടങ്ങിയവരായിരുന്നു ഇതര കലാകാരന്മാര്‍. കലാനിലയം സജി, മാര്‍ഗി ശ്രീകുമാര്‍ എന്നിവര്‍ ചുട്ടിയിലും അരുണ്‍ അണിയറയിലും പ്രവര്‍ത്തിച്ചു. മൃതസഞ്ജീവനി മന്ത്രം പഠിക്കുക എന്ന ലക്ഷ്യവുമായി അസുരഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുവാനായി കചന്‍ ശുക്രാചാര്യരുടെ ആശ്രമത്തിലെത്തുന്നതു മുതലാണ്‌ കഥ ആരംഭിക്കുന്നത്.

അസുരഗുരുവായ ശുക്രാചാര്യര്‍; ആരാണ്‌, എന്താണ്‌ എന്നൊക്കെ തന്റെ മുന്നിലെത്തിയ സരസിജശരരൂപനായ യുവാവിനോട് തിരക്കുന്നു. ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രനാണ്‌, അങ്ങയുടെ ശിഷ്യത്വം സ്വീകരിച്ച് ഗൂഢശാസ്ത്രം പഠിക്കുവാനായാണ്‌ എത്തിയതെന്ന് കചന്‍ ഉണര്‍ത്തിക്കുന്നു. കചന്റെ സത്യസന്ധതയിലും വിനയത്തിലും സം‍പ്രീതനായ ശുക്രന്‍ കചനെ ശിഷ്യനായി സ്വീകരിക്കുന്നു. കചന്‍ വരുന്നതു കാണുമ്പോള്‍ തന്നെ 'ഒരു ദേവകുമാരന്‍ ഇങ്ങോട്ടേക്ക് വരുന്നല്ലോ' എന്നു മനസിലാക്കിയ ശുക്രനെയാണ്‌ മടവൂര്‍ വാസുദേവന്‍ നായര്‍ അവതരിപ്പിച്ചത്. കചന്റെ മധുരഭാഷണവും സല്‍ഗുണങ്ങളും ശുക്രനെ സന്തോഷിപ്പിക്കുന്നതായി നടിച്ചതു കൂടാതെ, ബൃഹസ്പതിയുടെ പുത്രനെന്നു കേള്‍ക്കുമ്പോള്‍ പുത്രതുല്യമായ വാത്സല്യത്തോടെ കചനെ ആശ്ലേഷിക്കുകയും ചെയ്തു മടവൂരിന്റെ ശുക്രന്‍. പദങ്ങള്‍ക്കു ശേഷം ബൃഹസ്പതിയും ഞാനും സഹപാഠികളായിരുന്നു, അവന്‍ ദേവഗുരുവായി ഞാനിവിടെ അസുരഗുരുവും എന്ന് ശുക്രന്‍ ഓര്‍മ്മിക്കുമ്പോള്‍ കചന്‍ ചോദിക്കുന്നു, 'അതെങ്ങിനെ സംഭവിച്ചു?'. 'എന്റെ തലയിലെഴുത്ത് ഇങ്ങിനെയായി' എന്നൊരു ഒഴുക്കന്‍ മറുപടിയേ ഇവിടെ ശുക്രനില്‍ നിന്നും ഉണ്ടായുള്ളൂ. വിഷ്ണുവിനോടുള്ള അപ്രിയം നിമിത്തം അസുരഗുരുവായെന്നോ അതല്ലെങ്കില്‍ പിതാവില്‍ നിന്നേറ്റ ശാപത്തിന്റെ കഥയോ ഇവിടെ ആടുവാന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ക്ക് അവസരമുണ്ടായിരുന്നു. സമയോചിതമായി, 'അത് അങ്ങയുടെ തലയിലെഴുത്ത് കാരണമായല്ല, ദേവന്മാര്‍ക്ക് അതിനുള്ള യോഗമില്ലാതെ പോയതുകൊണ്ടാണ്‌!' എന്നാടി കലാമണ്ഡലം ഗോപി അവിടം ഭംഗിയായി അവസാനിപ്പിച്ചു.

കചനു മന്ത്രോപദേശം നല്‍കുന്നതൊക്കെ പ്രത്യേകിച്ചൊന്നും കാണിക്കുവാനില്ലാത്തതു പോലെ തോന്നി മടവൂര്‍ വാസുദേവന്‍ നായരുടെ ശുക്രന്‌. ആടിയതിനൊന്നും അത്രയ്ക്ക് വ്യക്തത വന്നതുമില്ല. കുതിരകളെ പൂട്ടിയ തേരുപോലെ പഞ്ചേന്ദ്രിയങ്ങള്‍ നയിക്കുന്ന മനസിനെ നിയന്ത്രിക്കുവാനുള്ള മന്ത്രം, പല നദികള്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ എല്ലാ ഈശ്വരഭജനയും ഒരൊറ്റ ചൈതന്യത്തിലെത്തുന്നു എന്ന സൂചനയോടെ ഒരു മന്ത്രം, പുരുഷന്റെ നാലാശ്രമങ്ങളെ സൂചിപ്പിച്ച് മറ്റൊരു മന്ത്രം; ഇത്രയുമൊക്കെയേ മനസിലാക്കുവാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് തന്റെ ജീവനു തുല്യമാണ്‌ ഈ മകള്‍ എന്നു പറഞ്ഞ് ദേവയാനിയെ പരിചയപ്പെടുത്തുക മാത്രമല്ല കചനെ നോക്കി നില്‍ക്കുന്ന മകളെ തിരികെ വന്ന് വിളിച്ചു കൊണ്ടു പോവുകയും ചെയ്തു ഇവിടെ ശുക്രന്‍. ഇതു കാണികളെ ചിരിപ്പിച്ചെങ്കിലും, മകളുടെ കൈയ്യിലിരുപ്പ് അത്ര ശരിയല്ലെന്ന വിചാരം ശുക്രനുണ്ടോ എന്നു സംശയിപ്പിക്കുന്നതു കൂടിയായി ഈ പ്രവര്‍ത്തി.

KachaDevayani

SDV Besant Hall, Alappuzha
Written by
 • Thazhavana Govindanasan
Actors
 • Kalamandalam Gopi as Kachan
 • Margi Vijayakumar as Devayani
 • Madavoor Vasudevan Nair as Sukran
 • Kalanilayam Vasudeva Panicker as Sukethu
Singers
 • Pathiyoor Sankarankutty
 • Kottackal Madhu
Accompaniments
 • Kalamandalam Unnikrishnan, Kalamandalam Ravisankar in Chenda
 • Kalamandalam Sankara Warrier, Kalanilayam Rakesh in Maddalam
Chutty
 • Kalanilayam Saji
 • Margi Sreekumar
Kaliyogam
 • Alappuzha District Kathakali Club, Alappuzha
Organized by
 • Alappuzha District Kathakali Club, Alappuzha
April 22, 2011
ആശ്രമം ചുറ്റിനടന്നു കാണുന്ന കചന്‍ കാണുന്ന അത്ഭുത ദൃശ്യങ്ങളാണ്‌ തുടര്‍ന്ന് കലാമണ്ഡലം ഗോപി അവതരിപ്പിച്ചത്. പൂക്കള്‍ നിറഞ്ഞ മരങ്ങള്‍, ഫലങ്ങള്‍ തിങ്ങുന്ന ശിഖിരങ്ങള്‍, അവയൊന്ന് രുചിക്കുക പോലും ചെയ്യാതെ കൊക്കുരുമ്മി കഴിയുന്ന ഇണക്കുരുവികള്‍, ഹോമകുണ്ഡത്തില്‍ വീണു മരിക്കുന്ന ശലഭങ്ങള്‍ പുനര്‍ജനിച്ച് പറന്നുയരുന്നത്, തന്റെ ദംഷ്ട്രയില്‍ പിടിച്ചു വലിക്കുന്ന ആനക്കുട്ടിയെ ശ്രദ്ധിക്കുകപോലും ചെയ്യാതെ മയങ്ങുന്ന സിംഹത്താന്‍, മാന്‍കുട്ടിക്ക് മുലയൂട്ടുന്ന പെണ്‍കടുവ, വിടര്‍ത്തിയ ഫണത്തിന്റെ തണലില്‍ മയങ്ങുന്ന കീരി; എന്നിങ്ങനെ ആശ്രമത്തിന്റെ പുണ്യം വിളിച്ചോതുന്ന കാഴ്ചകളെല്ലാം തന്നെ ഗോപിയാശാന്‍ വിസ്തരിച്ച് ആടുകയുണ്ടായി. ഇപ്രകാരമൊരു പുണ്യാശ്രമത്തില്‍ വിദ്യ അഭ്യസിക്കുവാന്‍ ഭാഗ്യം ലഭിച്ചത് തന്റെ പുണ്യമെന്ന് കരുതി കചന്‍ അരങ്ങില്‍ നിന്നും മാറുന്നതോടെ ആദ്യ രംഗം അവസാനിക്കുന്നു.

പഠിച്ചു കൊണ്ടിരിക്കുന്ന കചന്റെ കൈയ്യില്‍ നിന്നും എഴുത്തോല തട്ടിയെടുത്ത് ദേവയാനി പ്രവേശിക്കുന്നതായാണ്‌ അടുത്ത രംഗം ആരംഭിക്കുന്നത്. കചനോടുള്ള തന്റെ അനുരാഗം ദേവയാനി വെളിപ്പെടുത്തുന്നെങ്കിലും കചന്‍ അവളെ സ്നേഹപൂര്‍വ്വം വിലക്കുന്നു. കലാശങ്ങള്‍ക്കിടയില്‍ പോലും ചില നോട്ടങ്ങള്‍ കചനു നേര്‍ക്കയച്ചു കൊണ്ടുള്ള മാര്‍ഗി വിജയകുമാറിന്റെ ദേവയാനി ഈ ഭാഗങ്ങളില്‍ മികവു പുലര്‍ത്തി. കാമിതം പറയുമ്പോള്‍ സ്ത്രീസഹജമായ ലജ്ജയും വിജയകുമാറിന്റെ ദേവയാനിയില്‍ കണ്ടു. "നല്ലാര്‍മൗലീ മാണിക്യക്കല്ലേ!" എന്നവസാനിക്കുന്ന കചന്റെ അനുനയ വചനങ്ങള്‍ ഗോപിയാശാനും ഭംഗിയാക്കി. ഒടുവില്‍, ശുക്രാചാര്യരുടെ ജീവനായ ഇവളെ പിണക്കിയാല്‍ തന്റെ കാര്യം നടക്കില്ല എന്നു മനസിലാക്കുന്ന കചന്‍ കുറേയൊക്കെ ഇവളുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുക തന്നെ എന്നു നിശ്ചയിക്കുന്നു. കചനും ദേവയാനിയും കൂടിയുള്ള വിവിധ കളികള്‍ ഇരുവരും സരസമായാണ്‌ അവതരിപ്പിച്ചത്. ആട്ടങ്ങള്‍ക്കിടയില്‍ വരുന്ന ചെറിയ ചില പൊടിക്കൈകളാണ്‌ സദസ്യരെ ചിരിപ്പിക്കുന്നത്. വീണവായിക്കാം എന്നു പറയുന്ന ദേവയാനിയോട് കചന്‍ പറയുന്നു ഞാന്‍ വന്നപ്പോള്‍ വീണ കൊണ്ടുവന്നില്ല എന്ന്. ഉടനേ ദേവയാനി ശര്‍മ്മിഷ്ഠ നല്‍കിയ വീണയുമായെത്തുന്നു. വീണവായന കേട്ട് മുത്തു വാരിവിതറിയ പോലെ തോന്നിച്ചു എന്നു ദേവയാനി, 'അതൊക്കെ വാരിക്കൂട്ടിയോ?' എന്നാണ്‌ അതിനു കചന്റെ മറുചോദ്യം. ദേവയാനിയുടെ വീണവായന കണ്ട് സരസ്വതി വീണയുമായി ഓടിയൊളിച്ചു, ലാസ്യനടനമെടുത്താലോ ശിവന്‍ പോലും താഴെയേ നില്‍ക്കൂ എന്നൊക്കെ കചന്‍ ദേവയാനിയെ പുകഴ്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ നേരു തന്നെയോ എന്ന് സംശയിക്കുന്ന ദേവയാനിയോട്, ബ്രാഹ്മണനായ താന്‍ കള്ളം പറയുകയില്ലെന്നും കചന്‍ പറയുന്നു. 'കചദേവയാനി'യില്‍ ഒഴിവാക്കുവാനാവാത്ത പന്തുകളി, പൂപറിച്ച് മാലകോര്‍ക്കല്‍, പശുവിനെ കറക്കല്‍ തുടങ്ങിയവയും കുറവൊന്നും വരുത്താതെ, ഇടയ്ക്കൊക്കെ നര്‍മ്മം കലര്‍ത്തി തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടു.

ഒരു ദിവസം കാട്ടില്‍ ഏകനായി പശുക്കളെ മേയ്ക്കുവാന്‍ പോയ കചനെ സുകേതു വധിക്കുന്നതാണ്‌ അടുത്ത രംഗത്തില്‍. ആദ്യ രണ്ട് ശ്രമങ്ങളില്‍ കചനെ ഇല്ലായ്മ ചെയ്യുവാന്‍ സുകേതു പരാജയപ്പെട്ടത് ഇവിടെ സൂചിപ്പിച്ചില്ല; ആ അനുഭവം ആവര്‍ത്തിക്കുവാതിരിക്കുവാനാണ്‌ കചനെ വധിച്ച് പൊടിച്ച് ഗുരുവിനു തന്നെ മദ്യത്തില്‍ ചേര്‍ത്തു നല്‍കുന്നത്. തിരനോട്ടത്തിനു ശേഷം ഒരു ചെറിയ തന്റേടാട്ടത്തില്‍ ഈ കാര്യം അവതരിപ്പിച്ച്; ദൂരെ നിന്നു വരുന്ന ഒരാളെ കാണുന്നതായി ആടിയതിനു ശേഷം പദത്തിലേക്ക് കടക്കുകയാണ്‌ കൂടുതല്‍ നന്നാവുക എന്നു തോന്നുന്നു. കലാനിലയം വാസുദേവ പണിക്കരുടെ സുകേതു പദഭാഗമൊക്കെ നന്നായി ആടുന്നെങ്കിലും, കലാശമെടുപ്പൊക്കെ അദ്ദേഹത്തിന്റെ രീതിയുടെ പ്രത്യേകതകൊണ്ട് തമാശയായാണ്‌ തോന്നുക. സുകേതുവിന്റെ കോപമോ പരാക്രമമോ ഒന്നും അനുഭവവേദ്യമായതുമില്ല.

നേരമേറെ വൈകിയിട്ടും കചനെക്കാണാഞ്ഞ് പരിഭ്രമിക്കുന്ന ദേവയാനി അച്ഛന്റെയടുത്തെത്തുന്നു. ദിവ്യദൃഷ്ടിയാല്‍ സംഭവിച്ചതും, കചന്‍ തന്റെ ഉദരത്തിലാണെന്നതും ശുക്രാചാര്യന്‍ മനസിലാക്കുന്നു. വിഷമസന്ധിയിലാവുന്ന ശുക്രന്‍ നിവൃത്തിയില്ലാതെ വയറിനുള്ളില്‍ കിടക്കുന്ന കചനെ വിളിച്ച് മൃതജീവനി ഉപദേശിക്കുന്നു. ശേഷം മന്ത്രശക്തിയാല്‍ ശുക്രാചാര്യരുടെ വയറു പിളര്‍ന്ന് പുറത്തെത്തുന്ന കചന്‍, വീണ്ടും മന്ത്രം ഉപയോഗിച്ച് ശുക്രാചാര്യരേയും ജീവിപ്പിക്കുന്നു. തന്റെ ആഗമനോദ്ദേശം പൂര്‍ത്തിയാക്കുന്ന കചന്‍ തിരികെ പോകുവാന്‍ ഗുരുവിനോട് അനുവാദം ചോദിക്കുന്നു. ശുക്രന്‍ കചനെ അനുഗ്രഹിച്ച് യാത്രയാക്കുന്നു. അതിനു മുന്‍പായി, തന്റെ മദ്യാസക്തിയാണ്‌ ഈ കുഴപ്പമുണ്ടാക്കിയതെന്ന് മനസിലാക്കുന്ന ശുക്രന്‍, ഇനിമുതല്‍ മദ്യം സേവിക്കുകയില്ലെന്നും, മദ്യം അല്‍പമെങ്കിലും സേവിക്കുന്ന ബ്രാഹ്മണര്‍ക്ക് കലുഷം ഭവിക്കുമെന്ന് ശപിക്കുകയും ചെയ്യുന്നു.

ഉപകഥകള്‍
ശുക്രാചാര്യര്‍
 • ഭൃഗുമഹര്‍ഷിക്ക് പുലോമയില്‍ ജനിച്ച പുത്രനാണ്‌ ശുക്രന്‍. ഭൃഗുമഹര്‍ഷിയുടെ മറ്റൊരു പുത്രനായ കവിയുടെ മകനാണ്‌ ശുക്രന്‍, ഭൃഗുവിന്റെ മറ്റൊരു നാമമാണ്‌ കവി എന്നിങ്ങനെ അപവാദങ്ങളും ഇതിനുണ്ട്. (ആട്ടക്കഥയില്‍ ഭൃഗുവിന്റെ മകനായ കവി തന്നെയാണ്‌ ശുക്രന്‍ എന്നാണെന്നു തോന്നുന്നു പറയുന്നത്; 'കവിനന്ദിനീ! സാ' എന്ന ശ്ലോകം ഓര്‍ക്കുക.) മഹാബലി വാമനന്‌ ഭൂമി ദാനം ചെയ്യുന്നത് തടയുവാന്‍ ശ്രമിക്കവേ തന്റെയൊരു കണ്ണ് നഷ്ടപ്പെടുത്തിയ / അസുരന്മാരെ സഹായിച്ചു എന്ന പേരില്‍ അമ്മയെ വധിച്ച വിഷ്ണുവിനോടുള്ള കോപം നിമിത്തമായി അസുരഗുരുവായി മാറിയതാണെന്നും, അതല്ല ദേവസ്ത്രീയില്‍ ഭ്രമിച്ച് ലൗകികജീവിതത്തില്‍ മുഴുകിയ ശുക്രനെ പിതാവായ ഭൃഗു അസുരഗുരുവാവട്ടെ എന്നു ശപിച്ചതാണെന്നും രണ്ട് വാദങ്ങളുണ്ട്. ദേവഗുരുവായ ബൃഹസ്പതിയും ശുക്രാചാര്യരും സഹപാഠികളായിരുന്നു (എവിടെ? എപ്പോള്‍? ആരുടെ ശിക്ഷണം?) എന്നും പറയപ്പെടുന്നു.
ദേവയാനിയെ അറിയിക്കാതെ ഉപായത്തില്‍ അവിടെ നിന്നും തിരിച്ചു പോകുവാന്‍ കചന്‍ ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല. ദേവയാനിയുടെ ആവര്‍ത്തിച്ചുള്ള വിവാഹാഭ്യര്‍ത്ഥന നിരസിച്ച്, തന്നെ ജീവിപ്പിക്കുവാന്‍ കാരണമായെങ്കില്‍ നീ അമ്മയാണെന്നും, നിന്റെ അച്ഛന്റെ ഉദരത്തില്‍ നിന്നും ജനിച്ചതിനാല്‍ നീയെനിക്ക് സഹോദരിയാണെന്നും പറഞ്ഞ് ത്യജിക്കുകയും ചെയ്യുന്നു. കചന്റെ മനസിളകുന്നില്ലെന്ന് കണ്ട് ദേവയാനി, പഠിച്ചതൊന്നും നിനക്ക് ഉപകാരപ്പെടാതെ പോവട്ടെ എന്നു കചനെ ശപിക്കുന്നു. ധര്‍മ്മതത്പരനായ എനിക്ക് നിന്റെ ശാപം ഏല്‍ക്കില്ലെന്നു പറഞ്ഞ്, ബ്രാഹ്മണരാരും ദേവയാനിയെ വിവാഹം കഴിക്കുവാന്‍ ഇടവരാതെ പോവട്ടെ എന്ന് കചന്‍ തിരിച്ചും ശപിക്കുന്നു. ഇരുവരും ഈ വിധം ശപിച്ചു പിരിയുന്ന അവസാന രംഗവും കലാമണ്ഡലം ഗോപിയും മാര്‍ഗി വിജയകുമാറും ചേര്‍ന്ന് ഭംഗിയാക്കി.

പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കോട്ടക്കല്‍ മധുവും ഒരുമിച്ചുള്ള ആലാപനം, മുന്‍ദിവസം അരങ്ങേറിയ 'കിര്‍മ്മീരവധ'ത്തിലെന്നതുപോലെ നല്ല നിലവാരം പുലര്‍ത്തി. ദേവയാനി തന്റെ ഇംഗിതം കചനെ അറിയിക്കുന്ന "രാമണീയ ഗുണകര!", "സുന്ദര കളേബര!" തുടങ്ങിയ പദങ്ങളും "നല്ലാര്‍മൗലീ മാണിക്യക്കല്ലേ! നീ ക്ഷമിക്കേണം!" എന്ന കചന്റെ അനുനയവചനവുമൊക്കെ ഭാവപൂര്‍ണതയോടെ ഇരുവരും ആലപിച്ചു. ('മാണിക്യക്കല്ലേ!' എന്ന ഭാഗത്തു തന്നെ കൃത്യമായി കറന്റ് പോയതുമാത്രം കഷ്ടമായി!) കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം ശങ്കര വാര്യരും ഒരുമിച്ച മേളവും നടന്മാര്‍ക്ക് നല്ല പിന്തുണ നല്‍കി. കചനും ദേവയായിനും ചേര്‍ന്നുള്ള വീണവായനയും മറ്റും ഏറെ ആകര്‍ഷകമായത് ഇവരിരുവരുടേയും കരവിരുതു കൊണ്ടു കൂടിയാണ്‌. വീണ/മദ്ദള വായനയില്‍ നടന്മാര്‍ കാണിച്ചതുമായി ചില ഏറ്റക്കുറച്ചിലുകള്‍ ഇടയ്ക്കുണ്ടായത് ഒരല്‍പം ഭംഗിക്കുറവായി എന്നതും വിസ്മരിക്കുന്നില്ല. മദ്ദളം കൊട്ടുന്നതിനൊപ്പം നടന്മാരുടെ ഭാവം തന്നെ മുഖത്തും വരുത്തുന്ന ശങ്കര വാര്യരെ കാണുന്നതും മറ്റൊരു കൗതുകം. 'ശുകഭാഷിണീ!' എന്ന് കചന്‍ ദേവയാനിയ സംബോധന ചെയ്യുന്ന അവസരത്തിലും മദ്ദളത്തില്‍ കുയിലിന്റെ കൂജനം കേള്‍പ്പിക്കേണ്ടതുണ്ടോ? നടന്‍ കുയിലിനെ കാണുന്നു, അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ കുയിലിനെ പ്രതിപാദിക്കുന്നു (ഉദാ: കുയിലിനോട് കൂജനം നിര്‍ത്തുവാന്‍ പറയുന്നു, കുയിലിന്റെ കൂജനം ആസ്വദിക്കുന്നു, കുയിലിന്റെ കൂജനം കേള്‍ക്കുന്നതായി ഭാവിക്കല്‍) എന്നീയിടങ്ങളില്‍ ഇപ്രകാരം മദ്ദളത്തില്‍ കേള്‍പ്പിച്ചാല്‍ മതിയെന്നു തോന്നുന്നു. ഇവിടെ ശുകമെന്ന മുദ്ര നടന്‍ വിസ്തരിക്കുക പോലും ചെയ്യാറില്ല എന്നതുമോര്‍ക്കേണ്ടതുണ്ട്. ചെറിയൊരു ഇടവേളയില്‍ മാറ്റത്തിനെത്തിയ കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കലാനിലയം രാകേഷ് (മദ്ദളം) എന്നിവരും മോശമായില്ല. ചുരുക്കത്തില്‍, നടന്മാരുടെ മികവുകൊണ്ടും, അവര്‍ക്കു പിന്നണിയില്‍ നിന്നു ലഭിച്ച പിന്തുണകൊണ്ടും ഏറെ മികവു പുലര്‍ത്തിയ ഒരു അവതരണമായിരുന്നു ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷ വേളയില്‍ അരങ്ങേറിയ 'കചദേവയാനി'.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ വെബ്സൈറ്റ് ഉദ്ഘാടനം
'കചദേവയാനി' അവതരണത്തിന്‌ മുന്‍പായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ കഥകളിയരങ്ങിന്റെ സാരഥിയായ സ്വാമി കൃഷ്ണാനന്ദഭാരതി നിര്‍വ്വഹിച്ചു. ഒരു കഥകളി കലാകാരന്റെ ആദ്യത്തെ വ്യക്തിഗത വെബ്സൈറ്റെന്ന് ഇതിനെ വിശേഷിപ്പിക്കാം. ആദ്യഘട്ടം പൂര്‍ത്തിയായ വെബ്സൈറ്റ് ഇവിടെ സന്ദര്‍ശിക്കാം. (വിലാസം: http://www.kalamandalam-unnithan.com/) കൂടുതല്‍ വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ അടുത്ത ഘട്ടങ്ങളിലായി ചേര്‍ക്കപ്പെടും. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനുമായി ബന്ധമുള്ള അപൂര്‍വ്വമായ ചിത്രങ്ങള്‍, പത്രവാര്‍ത്തകള്‍, വീഡിയോകള്‍ എന്നിവ കൈവശമുള്ളവര്‍, അനുബന്ധ വിവരങ്ങള്‍ സഹിതം (ലഭ്യമെങ്കില്‍; ചിത്രമെടുത്ത തീയതി, സ്ഥലം, പകര്‍ത്തിയ ആളുടെ പേര്‌ തുടങ്ങിയവ) സഹിതം സൈറ്റില്‍ ചേര്‍ക്കുവാനായി sasinairtvm[at]gmail[dot]com എന്ന വിലാസത്തില്‍ അയച്ചു തരുവാന്‍ താത്പര്യപ്പെടുന്നു.

9 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന 'കചദേവയാനി'യുടെ ഒരു ആസ്വാദനം.
--

നിഷ്ക്കളങ്കന്‍ പറഞ്ഞു...

യഥാതഥം . മനോഹരം ഹരീ :)

raghusankar പറഞ്ഞു...

ആശ്വാദനം വളരെ നന്നായി തോന്നി.ഒരു കളി കണ്ട അനുഭവം.നന്ദി.

Jyothi പറഞ്ഞു...

Adipoli aswaadanam, haree! As usual, kali kanda pole thanne aayi! :) More than anything else, i wish i'd been there just to hear Pathiyoor and Madhu sing! There are my absolute favourite singers right now. Loved your comment on the facial expressions of Shankara Warrier as well- it is as entertaining as the performance itself! :) And i agree with you on the 'kuyil naadam' bit - it needs to be used only when there an actual bird is supposed to be in the scene, not when it is just mentioned as part of flattery/conversation between characters.

The part where sukracharyan had to come back to lead davyani away made me laugh a little... i guess not even the best of kathakali actors can help a bit of bollywood-style melodrama when it comes to stories like these! The last kacha -devyani i saw was with Kal. Shanmughan and Vijayan as kachan and devyani respectively... Bhagawane, enthokkeyayirunnu! Accidentally bumping onto each other, falling together, almost-kisses and a teary tumultous separation at the end... it was like a full blown romantic soap opera... And even though these tricks elicit an immediate response from the audience, i guess the actors should still know where to draw the line, considering this is a classical art form and not some form of mass entertainment.

Jyothi പറഞ്ഞു...

ithu parayan vittu poyi-- The photographs look great! I liked all of them, especially the ninth one, in which Devyani is in the foeground and kachan in the background, slightly out of focus...( seems like this kind of shot is a specialty of yours!) :) Wish the background wasn't that violent pink though- clashes horribly with the colours of the vesham!

PS: My mom is in the audience picture! yay!

AMBUJAKSHAN NAIR പറഞ്ഞു...

ഫോട്ടോകള്‍, ആസ്വാദനം ഇവകള്‍ നന്നായിട്ടുണ്ട്.
കച ദേവയാനിയുടെ അവതരണം പരസ്പരം ശപിച്ചു പിരിയുകയാണല്ലോ. എന്നാല്‍ പണ്ട് ഈ കഥയുടെ അവതരണത്തില്‍ ഇവര്‍ പരസ്പരം ശപിച്ചശേഷം ദേവയാനി രംഗം വിടുകയും കചന്‍ തന്റെ പ്രയത്നം വിഫലമായതില്‍ ഖേദിക്കുകയും, താന്‍ അഭ്യസിച്ച വിദ്യ ദേവലോകത്തുള്ളവര്‍ക്ക് അഭ്യസിപ്പിച്ചു കൊടുത്തു കൊണ്ട് പ്രയോജനപ്പെടുത്തുക തന്നെ എന്ന തീരുമാനത്തോടെ കചന്‍ രംഗത്തു നിന്നു പിരിയും.

മണി,വാതുക്കോടം പറഞ്ഞു...

ഹരീ, ആസ്വാദനം പതിവുപോലെ ഗംഭീരമായിരിക്കുന്നു.

"ഹോമകുണ്ഡത്തില്‍ വീണു മരിക്കുന്ന ശലഭങ്ങള്‍ പുനര്‍ജനിച്ച് പറന്നുയരുന്നത്" ശലഭം എന്നുതന്നെയായിരുന്നോ ഇവിടെ കാണിച്ചിരുന്നത്. ‘പക്ഷി’ എന്നാണ് കാട്ടിയത് എന്നാണ് എനിക്കുതോന്നിയത്.

Haree പറഞ്ഞു...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.

കചനും ദേവയാനിയും ചേര്‍ന്നുള്ള രംഗത്ത് ഇരുവരും തമ്മിലുള്ള പ്രണയലീലകള്‍ ഒഴിവാക്കുവാന്‍ കഴിയില്ല. എന്നാല്‍, കളിക്കുന്നത് കഥകളിയാണ്‌ എന്നതു മറക്കാതെ, പരിധി നിശ്ചയിക്കേണ്ടത് കലാകാരന്മാരാണ്‌. പരിധി ലംഘിക്കാതെയാണ്‌ ഇവിടെ രണ്ടുപേരും കചനെയും ദേവയാനിയേയും അവതരിപ്പിച്ചത്.

പരസ്പരം ശപിച്ചതിനു ശേഷമുള്ള ഞെട്ടലിനു ശേഷം കചന്റെ ആട്ടം വേണ്ടതില്ലെന്നു തോന്നുന്നു. ശാപം തനിക്ക് ഏല്‍ക്കില്ലെന്ന് കചന്‍ ഉറപ്പിച്ചു പറയുന്നുണ്ട്. അപ്പോള്‍ പിന്നെ പരിഹാരം (ഉടനെ) ചിന്തിക്കേണ്ട കാര്യമില്ല. മാത്രമല്ല ദേവന്മാരെ പഠിപ്പിച്ച് അവര്‍ വഴി ഇതുപയോഗിക്കാം എന്നൊക്കെ ആ മാനസികാവസ്ഥയില്‍ കചന്‌ ചിന്തിക്കുവാനാകുമോ? സംശയമാണ്‌. മന്ത്രം മറ്റുള്ളവരെ പഠിപ്പിക്കുക എന്നതും ഒരു തരത്തില്‍ അതിന്റെ ഉപയോഗം തന്നെയല്ലേ? ശാപം ഫലിച്ചെങ്കില്‍ അതും സാധിക്കുമോ? പിന്നീട് ദേവന്മാര്‍ ഈ മന്ത്രം ഉപയോഗിച്ചതായി എവിടെയെങ്കിലും സൂചനയുണ്ടോ? (ശുക്രാചാര്യരെക്കുറിച്ചുള്ള ഉപകഥയില്‍ പറഞ്ഞ സംശയങ്ങള്‍ക്കും അറിവുള്ളവര്‍ മറുപടി നല്‍കണമെന്ന് അപേക്ഷിക്കുന്നു.)

പക്ഷി എന്നര്‍ത്ഥം വരുന്ന മുദ്രതന്നെയാണ്‌ കാണിച്ചത്. അത് ശലഭം എന്നുദ്ദേശിച്ചു തന്നെയാവില്ലേ? അതല്ലെങ്കില്‍ പിന്നെ വണ്ട് എന്ന മുദ്ര കാണിക്കണം. ശലഭത്തിന്‌ ഇതു രണ്ടുമല്ലാതെ പ്രത്യേകിച്ചൊരു മുദ്രയുണ്ടോ? നാമം എന്ന മുദ്ര, സന്ദര്‍ഭത്തിനനുസരിച്ച് വിവിധ പേരുകളെ കുറിക്കുന്നതു പോലെ ഈ മുദ്രയും പക്ഷി, ശലഭം എന്നിവയെ കുറിക്കുന്നു എന്നു വിചാരിച്ചാണ്‌, ശലഭം എന്നു തന്നെയെഴുതിയത്.

മറ്റുള്ളവരുടെ കാഴ്ച തടസപ്പെടുത്താതെ ഫോട്ടൊയെടുക്കണമെങ്കില്‍ വശത്തു നിന്നുള്ള ആ ആംഗിളില്‍ എടുക്കുകയേ നിവൃത്തിയുള്ളൂ. പക്ഷെ, ശരിയായ സമയത്ത് ക്ലിക്ക് ചെയ്താല്‍ നല്ല ചിത്രങ്ങള്‍ ഈ ആംഗിളില്‍ തന്നെ കിട്ടിക്കൂടെന്നുമില്ല. പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്ന കര്‍ട്ടന്റെ നിറത്തെക്കുറിച്ചൊക്കെ പല പോസ്റ്റുകളിലായി പറഞ്ഞതുകൊണ്ട് ആവര്‍ത്തിച്ചില്ല എന്നു മാത്രം. ചിത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കും നന്ദി. :)
--

Gireesh പറഞ്ഞു...

ദേവയാനി ചരിതം ഒന്നാംതരം പൈങ്കിളി കഥയാണ്. പണ്ട് കണ്ടിട്ടുള്ള ഗോപിയാശാനും ശിവരാമാശാനും കൂടിയുള്ള ദേവയാനി ചരിതങ്ങള്‍ മറക്കാന്‍ പറ്റില്ല :) അത്രയും "പൈങ്കിളിത്തം" മറ്റാര്‍ക്കെങ്കിലും പറ്റുമോ എന്നു സംശയിച്ചു പോകും :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--