2009, ജൂൺ 24, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam Kathakali: Kalamandalam Balasubrahmanian as Nalan, Kalamandalam Shanmukhadas as Damayanthi and Kalamandalam Unnithan as Kali.
ജൂണ്‍ 18, 2009: തിരുവനന്തപുരം ദൃശ്യവേദിയുടെ ജൂണ്‍ മാസപരിപാടിയായി ‘നളചരിതം രണ്ടാം ദിവസം’ കഥകളി അവതരിക്കപ്പെട്ടു. “കുവലയ വിലോചനേ...” എന്നു തുടങ്ങുന്ന തോടി രാഗത്തിലുള്ള പതിഞ്ഞ പദം മുതല്‍, ചൂതില്‍ തോറ്റ നളനെ പുഷ്കരന്‍ കാട്ടിലയയ്ക്കുന്നതുവരെയുള്ള ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ നളനായും കലാമണ്ഡലം ഷണ്മുഖദാസ് ദമയന്തിയായും ഇവിടെ വേഷമിട്ടു. സ്വയംവരാനന്തരും ഇരുവരും നൈഷധത്തിലെത്തി തങ്ങളുടെ ദാമ്പത്യജീവിതം ആരംഭിക്കുന്നതാണ് ആദ്യരംഗം.


കലാമണ്ഡലം ഗോപിയുടേതില്‍ നിന്നും വിഭിന്നമായി നില്‍ക്കുവാന്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ മനഃപൂര്‍വ്വം യത്നിക്കുന്നതായി തോന്നി. ഉദാഹരണത്തിന്, ആദ്യ പദത്തിലെ അവസാനപദത്തില്‍ “ഇന്ദുവദനേ! നിന്നെ ലഭിച്ചു...” എന്ന ഭാഗത്ത് വലതു കൈയില്‍ മുഷ്ടി പിടിച്ച് ചുഴറ്റി നിന്ന് താളത്തിന്റെ ഒടുവില്‍ പെട്ടെന്ന് മുകളിലേക്കെടുത്ത് ഇടതു കൈയില്‍ വെയ്ക്കുകയാണ് ഗോപിയാശാന്റെ രീതി. എന്നാലിവിടെ മുഷ്ടി പിടിച്ച് മുകളിലെടുത്ത് ചുഴറ്റി നില്‍ക്കുകയും താളത്തിനൊടുവില്‍ ഇടതു കൈയില്‍ വെയ്ക്കുകയുമാണ് ബാലസുബ്രഹ്മണ്യന്‍ ചെയ്തത്. താളത്തോടൊത്ത് ചടുലമായി മുദ്ര തീര്‍ക്കുമ്പോഴുള്ള ഫലപ്രാപ്തി ഇതിനില്ല. ഇത്തരത്തിലുള്ള ചില കുറവുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ രംഗത്തിലെ പതിഞ്ഞ പദം ബാലസുബ്രഹ്മണ്യന്‍ മനോഹരമായി തന്നെ രംഗത്തവതരിപ്പിച്ചു.

“സാമ്യമകന്നോരുദ്യാനം...” എന്നു തുടങ്ങുന്ന ദമയന്തിയുടെ മറുപടി പദമാണ് തുടര്‍ന്ന്. നളന്റെ ഉദ്യാനത്തിലെ മനോഹരങ്ങളായ കാഴ്ചകള്‍ ദമയന്തി വര്‍ണിക്കുകയാണിതില്‍. ഗ്രാമ്യമായ നന്ദനവനവും, രമ്യമല്ലാത്ത ചൈത്രരഥവും; “കാമ്യം നിനയ്ക്കുന്നാകില്‍ സാമ്യമല്ലിതു രണ്ടും...” എന്നാണ് പാടിയതെങ്കിലും കലാമണ്ഡലം ഷണ്മുഖദാസ് ആടിയത് സാമ്യപ്പെടുത്തിയാല്‍ കാമ്യമല്ല എന്നാണ്. എന്റെ കാമനയിലുള്ള ഉദ്യാനവുമായി താരതമ്യപ്പെടുത്തിയാല്‍ (അതായത്, നളനുള്ള ഉദ്യാനം) ഇവ രണ്ടും സമമല്ല എന്നര്‍ത്ഥം വരുന്ന ആട്ടമാണ് ഇവിടെ കൂടുതല്‍ ചേരുക. നളന്റെ ഉദ്യാനം ഭൌതികമായി മറ്റു രണ്ടിനേക്കാള്‍ മികച്ചത് എന്നു പറയുന്നത് കേവലമൊരു സ്തുതിവചനം മാത്രമാവുന്നു. മിതമായ ആട്ടങ്ങളാണ് ദമയന്തിയുടെ പദത്തിനിടയില്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ നിന്നുമുണ്ടായത്. എന്നാല്‍ ദമയന്തി പറയുന്നവ കേട്ട് അതിനു തക്കതായ മുഖഭാവങ്ങള്‍ കൊണ്ടുവരുവാനും അദ്ദേഹം ശ്രദ്ധിച്ചു കണ്ടു. വസന്തമായോ എന്നു ദമയന്തി സംശയിക്കുമ്പോള്‍, ‘ഹേയ് അതൊന്നുമല്ല, ഇവിടെയെന്നും വസന്തം തന്നെ!’ എന്നാണ് നളന്‍ പറയുന്നത്. കിംകേതകങ്ങളില്‍ ഉദിച്ചത് അങ്ങയുടെ മുഖത്തിനു സമമായ ചന്ദ്രനെന്ന് ദമയന്തി പറയുമ്പോള്‍, നിന്റെ മുഖത്തിനും ഈ വിശേഷണമാവാമെന്നു നളന്‍. “ദയിതേ! നീ കേള്‍...” എന്ന പദത്തിന്റെ ആവര്‍ത്തനങ്ങളില്‍, ‘ദയിതേ!’ എന്ന മുദ്രപിടിച്ച് ഒന്നു നിര്‍ത്തി പിന്നെ വീണ്ടും തുടങ്ങുന്ന ഗോപിയാശാന്റെ ശൈലി ഒഴിവാക്കിയാണ് ഇവിടെ അവതരിക്കപ്പെട്ടത്. “ഭംഗിതരംഗിതം അംഗമിതം...” എന്നതിന്റെ അവതരണത്തിനും താളത്തോട് ചേര്‍ച്ചക്കുറവ് തോന്നിച്ചു. കലാമണ്ഡലം ഗോപി കാണിക്കുന്നത് അതുപോലെ കാണിക്കേണ്ടതില്ലെങ്കിലും, ചിലതെങ്കിലും അദ്ദേഹത്തിന്റെ വഴിക്കു പോവുന്നതു തന്നെയാണ് നന്നെന്നു തോന്നുന്നു. അതിനപ്പുറത്തേക്ക് മികച്ചതാണെങ്കില്‍ മാത്രമല്ലേ ആ വഴി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ!


സമയക്കുറവു മൂലമാവണം തുടര്‍ന്നുള്ള മനോധര്‍മ്മങ്ങള്‍ വേഗത്തില്‍ കഴിക്കുന്നതാണ് കണ്ടത്. എല്ലാ സുന്ദരങ്ങളായ വസ്തുക്കളും ഇവളില്‍ ബ്രഹ്മാവ് ചേര്‍ത്തിരിക്കുന്നു എന്നു മാത്രം പറഞ്ഞ്, സ്വയംവരത്തിനു മുന്‍പ് ഉദ്യാനത്തിലെ കാഴ്ചകള്‍ തനിക്ക് എപ്രകാരം കഠിനമായിരുന്നെന്നും, ഇന്നവയൊക്കെ സുന്ദരങ്ങളായി ഭവിച്ചുവെന്നുമുള്ള നളന്റെ ആട്ടത്തിലേക്ക് കടന്നു. ഒടുവില്‍ ഇപ്രകാരമാകുവാന്‍ കാരണമെന്ത് എന്നു ചോദിക്കുന്ന നളനോട്, ‘എന്റെ ഭാഗ്യം തന്നെ!’ എന്നു ദമയന്തി മറുപടി നല്‍കുന്നു. ‘അല്ല, നിന്നെ ലഭിച്ചതുകൊണ്ട് എനിക്കു വന്ന ഭാഗ്യം!’ എന്നു നളന്‍ തിരുത്തുന്നു. തുടര്‍ന്ന് വിവാഹത്തിനു മുന്‍പ് നടന്ന കാര്യങ്ങള്‍ ഇരുവരും അയവിറക്കുന്നു. അതിനു ശേഷം ഇരുവരും ചേര്‍ന്ന് ഉദ്യാനം നടന്നു കാണുന്നു. ഈ ഉദ്യാനത്തില്‍ താന്‍ മുന്‍പ് വേദനയോടെ ഉഴറി നടന്നത് നളന്‍ സ്മരിക്കുന്നു. വള്ളിക്കുടില്‍ കൈയ്യാട്ടി വിളിക്കുന്നതു കണ്ട് ഇരുവരും ഉള്ളിലേക്ക് കടക്കുന്നു. പിന്നീട് പുറത്തിറങ്ങി നോക്കുമ്പോള്‍ ചില്ലയില്‍ രണ്ട് ഇണക്കുരുവികള്‍. ആണ്‍കുരുവി അല്പസമയത്തിനു ശേഷം പറന്നകലുന്നു, വേദനയാല്‍ പെണ്‍കുരുവി കരയുന്നു. ഇപ്രകാരം തന്നെയും അങ്ങ് ഉപേക്ഷിക്കുമോ എന്നു സന്ദേഹിക്കുന്ന ദമയന്തിയോട്, നളന്‍ ഒരിക്കലുമില്ലെന്ന് ഉറപ്പിച്ചു പറയുന്നു. ഈ ആട്ടം മാത്രമാണ് കഥാഗതിയോട് ചേര്‍ന്നുപോവുന്ന ഒരു ഉദ്യാനക്കാഴ്ചയായി അനുഭവപ്പെട്ടത്. നേരം വൈകിയെന്നാടി ഇരുവരും മന്ദിരത്തിലേക്ക് പോവുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു.


കലിയും ചുവന്നതാടിയും മാര്‍ഗമധ്യേ ഇന്ദ്രാദി ദേവന്മാരെ സന്ധിക്കുന്നതാണ് തുടര്‍ന്നുള്ള രംഗം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് കലിയായി വേഷമിട്ടത്. കലിയുടെ തിരനോക്കില്‍ വീരത്തോടും രൌദ്രത്തോടുമൊപ്പം ഇടയ്ക്കല്പം ശൃംഗാരവും കൂടി ചേര്‍ത്തത് കഥാപാത്രത്തിന്റെ അപ്പോഴത്തെ മനോനിലയ്ക്ക് വളരെ യോജിക്കുന്നതായി. കഴുത്താരം ധരിക്കാതെയെത്തിയ മാര്‍ഗി സുരേഷിന്റെ ചുവന്നതാടിക്ക് തിരശീല ഇട്ടാട്ടുക എന്നതിനപ്പുറമൊന്നും തിരനോക്കില്‍ ചെയ്യുവാനുണ്ടായിരുന്നില്ല. രണ്ടുവഴിക്ക് വരുന്ന കലിയും ചുവന്നതാടിയും ഇടയ്ക്ക് സന്ധിക്കുകയും തുടര്‍ന്ന് തങ്ങളിരുവരും ഒരു ലക്ഷ്യത്തിലേക്കാണെന്ന് മനസിലാക്കി ഒരുമിച്ച് യാത്രതുടരുകയും ചെയ്യുന്നു. ഇന്ദ്രനോടുള്ള പദത്തിനിടയിലും മറ്റും പതിവുപോലെയുള്ള ആട്ടങ്ങള്‍ ഉണ്ടായിരുന്നു. “കാമക്രോധലോഭമോഹസൈന്യ...” - ഈ ഭാഗത്ത് ലോഭം എന്നതിന് ഇവിടെ ആടിയത്, എല്ലാം കൈക്കലാക്കുക എന്നാണ്. മുന്‍പ് ഇവിടെ പറഞ്ഞിരുന്നതുപോലെ, ലോഭത്തിന് ലോപം എന്നര്‍ത്ഥം വരുന്ന മുദ്രയേക്കാള്‍ നല്ലത് ഇതുതന്നെ.


കലാമണ്ഡലം അരുണ്‍ വാര്യരായിരുന്നു ഇന്ദ്രനായി അരങ്ങിലെത്തിയത്. കലിയുടെ പരിഹാസങ്ങള്‍ക്ക് ചില മറുപടികള്‍ നല്‍കുവാന്‍ അരുണ്‍ വാര്യര്‍ ശ്രമിച്ചു കണ്ടു. തങ്ങള്‍ പോയത് നളദമയന്തിമാരെ അനുഗ്രഹിക്കുവാനാണ് എന്ന ഇന്ദ്രന്റെ വാദത്തെ കലി പരിഹസിക്കുന്നു. അഹല്യയെ ചതിയിലൂടെ ഭോഗിച്ചതിന് ഗൌതമന്‍ ഇന്ദ്രനെ ശപിച്ച കഥ ഇവിടെ രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടുകയുണ്ടായി. ദേവാധിപനായ ഇന്ദ്രനെ കലി അപ്രകാരം അധിക്ഷേപിക്കുന്നത് ശരിയല്ല എന്ന വാദം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് സ്ഥിരമാടുന്ന ഒരാട്ടമായിട്ടു കൂടി ഇതിനു തക്കതായ ഒരു മറുപടി നല്‍കുവാന്‍ ഇന്ദ്രന്മാര്‍ക്കാര്‍ക്കും കഴിയുന്നില്ല എന്നതാണ് ചിന്തനീയം. കലിയുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതും അതിലപ്പുറവും ആളും തരവും നോക്കാതെ പറഞ്ഞെന്നിരിക്കും, അവയൊക്കെ ഒഴിവാക്കുന്നതിലും നല്ലത് ഇവയ്ക്കൊക്കെ ഇന്ദ്രന്റെ സ്ഥാനത്തിനു കുറവുവരാത്ത മറുപടി ഇന്ദ്രനെ അവതരിപ്പിക്കുന്ന കലാകാരന്‍ നല്‍കുന്നതാവും. കുറഞ്ഞ പക്ഷം ആ തെറ്റില്‍ നിന്നും ഞാന്‍ പഠിച്ചു, ഇന്നു ഞാന്‍ ആ പഴയ ഇന്ദ്രനല്ല എന്നെങ്കിലും പറയാവുന്നതാണ്. അപ്രകാരം വന്നു ഭവിച്ചു, ഇവിടെ അതു പറയണ്ട എന്നോ മറ്റോ ആണ് അരുണ്‍ വാര്യരുടെ ഇന്ദ്രന്‍ മറുപടി നല്‍കിയത്.

ഇന്ദ്രനെ അയച്ചതിനു ശേഷം തന്റെ സത്യം നിറവേറ്റുവാനുള്ള വഴികള്‍ കലി ചുവന്നതാടിയോട് ആലോചിക്കുന്നു. നളനെ ചൂതില്‍ തോല്പിച്ച് രാജ്യത്തുനിന്നും ഭൈമിയില്‍ നിന്നും അകറ്റുക തന്നെ എന്നു നിശ്ചയിച്ച് പുഷ്കരന്റെ പക്കലേക്ക് ഇരുവരും തിരിക്കുന്നു. ധര്‍മ്മിഷ്ഠനായ നളന്റെ രാജ്യത്തേക്ക് കടക്കുവാന്‍ കലിക്ക് സാധിക്കുന്നില്ല. പൂജകളും അര്‍ച്ചനകളും ചെയ്യുന്ന ബ്രാഹ്മണര്‍, ദാനധര്‍മ്മങ്ങള്‍ സ്വീകരിച്ചു മടങ്ങുന്നവര്‍, സതി അനുഷ്ഠിക്കുന്ന ഒരു സ്ത്രീ; ഇങ്ങിനെ വിവിധ കാഴ്ചകള്‍ തന്റെ ഉദ്യമം ദുഷ്കരമെന്ന് കലിയെ ബോധ്യപ്പെടുത്തുന്നു. ഒരു താന്നിമരത്തിന്റെ മുകളില്‍ സന്ദര്‍ഭം കാത്തിരിക്കുന്ന കലിയുടെ മുന്നിലൂടെ വര്‍ഷങ്ങള്‍ കടന്നു പോവുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍, സന്ധ്യാവന്ദനത്തിനു കാല്‍ കഴുകിയപ്പോള്‍ മടമ്പു നനഞ്ഞില്ല എന്ന പഴുതിലൂടെ നളനില്‍ പ്രവേശിക്കുവാന്‍ കലിക്ക് അവസരം ലഭിക്കുന്നു. നളനെ ആവേശിച്ചതിനു ശേഷം കലി ചുവന്നതാടിയോടു ചേര്‍ന്ന് പുഷ്കരന്റെ പക്കലെത്തുന്നു.


പീശപ്പള്ളി രാജീവനാണ് പുഷ്കരനായെത്തിയത്. സമയക്കുറവു മൂലം “അരികില്‍ വന്നു നിന്നതാര്...” എന്ന പദമൊക്കെ വേഗത്തില്‍ കഴിക്കുകയാണുണ്ടായത്. എങ്കിലും കിട്ടിയ സമയത്തിനുള്ളില്‍ നിന്ന് ചില പ്രത്യേക ചേഷ്ടകളിലൂടെയും മറ്റും മുഷ്കരനായ പുഷ്കരനെ ഭംഗിയാക്കുവാന്‍ രാജീവന്‍ ശ്രമിച്ചിരുന്നു. മുന്‍പില്‍ വന്നു നില്‍ക്കുന്നവരെ അറിയുകയില്ലെങ്കില്‍ കൂടി, അവരെ കാണുമ്പോള്‍ മനസൊന്നു തുറക്കുവാന്‍ പെട്ടെന്നു തോന്നുന്നു എന്നര്‍ത്ഥം നല്‍കേണ്ട “അറികയില്ല എങ്കിലും, അഭിമുഖന്മാരെ കണ്ടെന്‍ മനതാരിലുണ്ടൊന്നിന്മിഷിതം ഝടുതി!” എന്നയിടത്ത് മിന്നലും മറ്റും കാണിച്ചതെന്തിനെന്നു മനസിലായില്ല. അപ്രകാരം പുഷ്കരന്‍ തന്റെ മനസു തുറന്നു സംസാരിക്കുകയാണല്ലോ തുടര്‍ന്നുള്ള ചരണങ്ങളില്‍. എന്നാലിവിടെ മനസു തുറക്കുവാന്‍ തോന്നുന്നു എന്നത് രാജീവന്‍ ആടിക്കണ്ടില്ല. കലി പറയുന്നതു കേട്ട് ഉടന്‍ പുഷ്കരന്‍ നളനോട് ഏറ്റുമുട്ടുവാന്‍ തയ്യാറാവുന്നില്ല. എന്നെ എന്തിനാണ് നിങ്ങള്‍ സഹായിക്കുന്നതെന്ന് പുഷ്കരന്‍ കലിയോടു ചോദിക്കുന്നു. വിഷമതകളില്‍ കഴിയുന്നവരെ താങ്ങാവുന്നതാണ് തങ്ങളുടെ കര്‍മ്മമെന്ന് കലി പറഞ്ഞതു കേള്‍ക്കുമ്പോള്‍, ഭൂമിയില്‍ ഇപ്രകാരം വിഷമിക്കുന്ന എല്ലാവരേയും നിങ്ങള്‍ ഇപ്രകാരം സഹായിക്കുമോ എന്നു പുഷ്കരന്‍ സംശയിക്കുന്നു. തങ്ങള്‍ എല്ലാവരേയും സഹായിക്കുമെന്നു മറുപടി പറഞ്ഞ് കലി കാര്യം കഴിച്ചു. ഇതോടെ പുഷ്കരനും തൃപ്തിയായി, നളനെ ചൂതുവിളിക്കുവാന്‍ പുറപ്പെടുകയും ചെയ്തു. സാധാരണ പുഷ്കരന്മാരെ തന്റെ വഴിക്കു കൊണ്ടുവരുവാന്‍ പാടുപെടേണ്ടത്രയും രാജീവന്റെ പുഷ്കരനെ പാട്ടിലാക്കുവാന്‍ രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലിക്ക് ഇവിടെ പാടുപെടേണ്ടി വന്നില്ല.

ചൂതില്‍ തോറ്റ നളന്റെ ധനവും രാജ്യവും കൈക്കലാക്കി പുഷ്കരന്‍, വനവാസം തന്റെ നാട്ടിലല്ല വേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇനിയും ഇവിടെ നിന്നാല്‍ ദമയന്തിയും തന്നോടു ചേരുമെന്ന പുഷ്കരന്റെ വാക്കുകള്‍ ബാലസുബ്രഹ്മണ്യന്റെ നളനെ അസഹ്യനാക്കുക മാത്രമേ ചെയ്യുകയുണ്ടായുള്ളൂ. തുടര്‍ന്ന് മിണ്ടാതെ രംഗത്തു നിന്നും നിഷ്ക്രമിക്കുന്ന നളനാവട്ടെ ദമയന്തി അടുത്തുണ്ടെന്നു പോലും ചിന്തിച്ചില്ല. ആരെങ്കിലും ഇതു കണ്ടിട്ട്, ഭൈമിയെ അവിടെ വിട്ടിട്ടു പോവുന്നതാണോ എന്നു സംശയിച്ചാല്‍ അവരെ തെറ്റു പറയുവാനും കഴിയില്ല. തനിക്കു നിനച്ചിരിക്കാതെ വന്നുചെര്‍ന്ന സൌഭാഗ്യങ്ങളില്‍ മതിമറന്നാഹ്ലാദിക്കുന്ന പുഷ്കരന്റെ കലാശത്തോടെ ഇവിടെ കളിക്ക് തിരശീല വീണു.


കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ വ്യത്യസ്തമായ മുദ്രാവിന്യാസങ്ങള്‍ക്കൊപ്പിച്ചു പാടുവാന്‍ നോക്കിയതിനാലാവണം പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയുടെ പാട്ടിന് സ്വാഭാവികമായ ഒഴുക്ക് അനുഭവപ്പെട്ടില്ല. കൂടെപ്പാടിയ കലാമണ്ഡലം ജയപ്രകാശാവട്ടെ പലപ്പോഴും ചേര്‍ന്നു പാടിയതുമില്ല. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയും കലാനിലയം മനോജ് മദ്ദളവും നന്നായി തന്നെ കൈകാര്യം ചെയ്തു. പല മുതിര്‍ന്ന മേളക്കാരും തുടക്കക്കാരായ വേഷക്കാര്‍ അരങ്ങിലെത്തുമ്പോള്‍ തികഞ്ഞ അലംഭാവത്തോടെ അരങ്ങില്‍ പ്രവര്‍ത്തിക്കുന്നത് സാധാരണമായിരിക്കുന്ന ഈ കാലത്ത്; അരങ്ങില്‍ ബാലസുബ്രഹ്മണ്യനായാലും അരുണ്‍ വാര്യരായാലും ഒരുപോലെ കൈക്കും കലാശങ്ങള്‍ക്കും കൂടുവാന്‍ മനസുകാണിക്കുന്ന ഇരുവരും മറ്റു മേളക്കാര്‍ക്ക് നല്ലൊരു മാതൃകയാണ്. ആര്‍.എല്‍.വി. സോമദാസിന്റെ അന്നേ ദിവസത്തെ ചുട്ടിയും വളരെ മികവു പുലര്‍ത്തി. കലിയുടെ ചുട്ടിയുടെ ഉള്ളരികുകളില്‍, കറുത്ത കടലാസുകൊണ്ട് ചെറിയ മുനവെച്ച മറ്റൊരു ഇതള്‍ കൂടി ചേര്‍ത്തത് മനോഹരമായിരുന്നു. (കലിയുടെ ആദ്യ ചിത്രം ശ്രദ്ധിക്കുക.) മാര്‍ഗിയുടെ വേഷങ്ങള്‍ തരക്കേടില്ലായിരുന്നെങ്കിലും, കലി ഉപയോഗിച്ച കറുത്ത കുറ്റിച്ചാമരം പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പുതുക്കുവാന്‍ കഴിയില്ലെങ്കില്‍ ചുവന്ന കുറ്റിച്ചാമരം തന്നെ ഉപയോഗിക്കുകയാവും ഭേദം. സമയം ക്രമീകരിച്ച്, സമയത്തിനുള്ളില്‍ ആടി തീര്‍ക്കാവുന്ന ഭാഗങ്ങള്‍ മാത്രം, അതും വൈകുന്നേരം മുതല്‍ അധികം രാത്രിയാവാതെ തീരത്തക്കവണ്ണം അവതരിപ്പിക്കുവാന്‍ സംഘാടകരായ ദൃശ്യവേദി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇത്രയും ഭാഗങ്ങള്‍ പോലും വേണ്ട രീതിയില്‍ അവതരിപ്പിക്കുവാന്‍ മൂന്നര മണിക്കൂര്‍ മതിയാവില്ല എന്നാണ് ഇവിടുത്തെ അരങ്ങ് മനസിലാക്കിത്തരുന്നത്. ചുരുക്കത്തില്‍ നളചരിതം രണ്ടാം ദിവസം ഏറെ കണ്ടിട്ടുള്ള ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഏറെയൊന്നും തൃപ്തികരമായിരുന്നിരിക്കില്ല ഇവിടുത്തെ അരങ്ങ്.

Description: Nalacharitham Randam Divasam Kathakali: Organized by DrisyaVedi, Thiruvananthapuram. Kalamandalam Balasubrahmanian as Nalan, Kalamandalam Shanmukhadas as Damayanthi, Kalamandalam Ramachandran Unnithan as Kali, Peesappally Rajeevan as Pushkaran, Margi Suresh as Dwaparan and Kalamandalam Arun Warrier as Indran. Chenda by Kalamandalam Krishnadas and Maddalam by Kalanilayam Manoj. Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. June 18, 2009.
--