2009, ഫെബ്രുവരി 28, ശനിയാഴ്‌ച

പേരാമംഗലത്തെ ദുര്യോധനവധം

DuryodhanaVadham Kathakali: Kalamandalam Gopi as RaudraBhiman, Nelliyodu Vasudevan Nampoothiri as Dussasanan, Kalamandalam Krishnakumar as Duryodhanan and Sadanam Bhasi as SriKrishnan.
ഫെബ്രുവരി 22, 2009: പേരാമംഗലത്ത് കലാമണ്ഡലം ഗോപിക്കു നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന കഥകളിയില്‍ ആദ്യകഥയായ ‘മല്ലയുദ്ധ’ത്തെക്കുറിച്ചുള്ള ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാമതായി ‘ദുര്യോധനവധ’മാണ് അരങ്ങേറിയത്. കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമനായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണം. ഇന്ദ്രപ്രസ്ഥത്തിന്റെ മോടി കണ്ട് ദുര്യോധനനും സഹോദരന്മാരും അത്ഭുതപ്പെടുന്നു. ദുര്യോധനന്‍ തന്റെ സഹോദരന്മാരോട് ഇന്ദ്രപ്രസ്ഥത്തിലെ കാഴ്ചകള്‍ കണ്ടുപറയുന്ന രംഗത്തോടെയാണ് ഇവിടെ ‘ദുര്യോധനവധം’ ആരംഭിച്ചത്. കലാമണ്ഡലം കൃഷ്ണകുമാര്‍ ദുര്യോധനനനായും നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ദുഃശാസനനായും വേഷമിട്ടു.


ദുര്യോധനനും കൂട്ടരുമൊരുമിച്ച് ഇന്ദ്രപ്രസ്ഥം നടന്നു കാണുന്നുവെന്ന തരത്തിലാണ് ഈ രംഗം വിഭാവനം ചെയ്തിരിക്കുന്നത്. പാണ്ഡവര്‍ക്കു വന്നുചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളില്‍ അസൂയപ്പെടുകയാണ് ദുര്യോധനാദികള്‍. ഓരോ ചരണത്തിനു ശേഷവും യുക്തമായ മനോധര്‍മ്മങ്ങളും ഇരുവരും ആടുകയുണ്ടായി. ദുഃശാസനനെ അവതരിപ്പിച്ച നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു ആട്ടങ്ങളില്‍ മുന്നിട്ടു നിന്നത്. ഈ കാണുന്നതെല്ലാം അങ്ങേയ്ക്ക് അവകാശപ്പെട്ടതാണ്, എല്ലാം പാണ്ഡവര്‍ പിടിച്ചെടുത്ത് കാല്‍ക്കീഴിലാക്കിയിരിക്കുന്നു; നടന്നടുക്കുമ്പോള്‍ പാമ്പുകളുടെ രൂപങ്ങള്‍ പത്തിവിടര്‍ത്തുന്നു, സിംഹങ്ങളുടെ വായ തുറക്കുന്നു; അവര്‍ സുഖമായി വസിക്കുന്നതു കണ്ട് മനസു പുകയുന്നു, എല്ലാം കൈക്കലാക്കി ഇവരെ കെട്ടുകെട്ടിക്കണം; രണ്ടുപാവകള്‍, ഒന്ന് അടുത്തേക്കുവരുന്നവന്റെ മുഖത്തേക്ക് തുപ്പുവാന്‍ വെള്ളവുമായി നില്‍ക്കുന്നു, മറ്റൊന്ന് തുപ്പുമ്പോള്‍ ആദ്യത്തേതിന്റെ മുഖമടിച്ച് തിരിക്കുന്നു, തമാശ തന്നെ; ഈ രീതിയില്‍ പാണ്ഡവരോടുള്ള അമര്‍ഷവും ഇന്ദ്രപ്രസ്ഥത്തിലെ വിസ്മയക്കാഴ്ചകളും ഇടകലര്‍ത്തിയുള്ള അവതരണമായിരുന്നു നെല്ലിയോടിന്റേത്. ഇതിനോടൊക്കെ യുക്തമായി പ്രതികരിക്കുകയെന്നതിനപ്പുറമായി കൃഷ്ണകുമാര്‍ ഒന്നും ചെയ്തു കണ്ടില്ല.

ഇന്ദ്രപ്രസ്ഥത്തിലെ വിശേഷങ്ങളില്‍ അസ്വസ്ഥത പൂണ്ട്, ഇരുവരും യുധിഷ്ഠിരനെ സഭയില്‍ ചെന്നു കാണുക തന്നെ എന്നുറച്ച് പുറപ്പെടുവാന്‍ തയ്യാറാവുന്നു. ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുവാന്‍ ദുഃശാസനനെ ചുമതലപ്പെടുത്തി ദുര്യോധനന്‍ രംഗം വിടുന്നു. മസ്തിഷ്കം താമരപ്പൂവുപോലെ വിരിഞ്ഞ ആനകളേയും, വിവിധതരം വാദ്യഘോഷങ്ങളും, കുരവയിടുവാനായി താലം പിടിച്ച സുന്ദരികളേയും, വെടിക്കാരേയും ദുഃശാസനന്‍ ഏര്‍പ്പാടാക്കുന്നു. ദുഃശാസനന്റെ ഈ ആട്ടങ്ങള്‍ കാഴ്ചയ്ക്ക് രസകരമാണെങ്കിലും, ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കഴിഞ്ഞതിനു ശേഷം വീണ്ടുമൊരു ഘോഷയാത്രയ്ക്കായി ഒരുക്കങ്ങള്‍ ചെയ്യേണതുണ്ടോ എന്നൊരു സംശയം ഇവിടെ അവശേഷിക്കുന്നു. ഒരുക്കങ്ങള്‍ കഴിഞ്ഞ് ദുര്യോധനന്‍ പുറപ്പെടുവാന്‍ തയ്യാറാവുന്നു. വേഷം മാറുന്നില്ലേ എന്നു തിരക്കുന്ന ദുര്യോധനനോട്, ‘എനിക്കതിന്റെ കാര്യമില്ല, ഇതൊക്കെ ധാരാളം. അങ്ങ് അണിഞ്ഞൊരുങ്ങിയിട്ടുണ്ടല്ലോ, അതുമതി’ എന്നു ദുഃശാസനന്‍ മറുപടി നല്‍കുന്നു. പൊന്നിന്‍ കുടത്തിനെന്തിനാണ് പൊട്ട് എന്നു ചോദിച്ച്, ദുര്യോധനന്‍ ദുഃശാസനനു മേല്‍ പനിനീര്‍ തളിക്കുന്നു. ദുഃശാസനന്‍ തടഞ്ഞുകൊണ്ട്, അസഹ്യമായ ദുര്‍ഗന്ധം, മൂക്കു തുളച്ചു കയറുന്നു എന്നു പറയുന്നു. സത്ജനങ്ങള്‍ നല്ലതെന്നു കരുതുന്നത്, ദുഷ്ടന്മാര്‍ക്ക് ഹിതകരമാവില്ലെന്ന സങ്കല്പത്തിലുള്ള ഈ ആട്ടം, ചെറുതെങ്കിലും കഥാപാത്രത്തിന്റെ മനോനില വ്യക്തമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സഭയിലേക്ക് പുറപ്പെടുന്നു.


അടുത്ത രംഗത്തില്‍ യുധിഷ്ഠിരനോടൊപ്പം പാഞ്ചാലി സഭയില്‍ സന്നിഹിതയായിരിക്കുന്നു. ദുര്യോധനന്റേയും കൂട്ടരുടേയും വരവ് ഭീമന്‍ വിവരിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതുകണ്ട് അപമാനിതരായി ഇതിനു പകരം ചെയ്യുമെന്നു പറഞ്ഞ് ദുര്യോധനാദികള്‍ മടങ്ങുന്നു. ആരേയും പരിഹസിക്കുകയരുതെന്ന് ധര്‍മ്മപുത്രര്‍ ഭീമനേയും പാഞ്ചാലിയേയും ഉപദേശിക്കുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള കലാമണ്ഡലം വിജയകുമാറാണ് പാഞ്ചാലിയെ അവതരിപ്പിച്ചത്. ഇരുവര്‍ക്കും അമളി പറ്റുന്ന സമയം മാത്രം പാഞ്ചാലി മന്ദഹസിക്കുന്നതാണ് കണ്ടിട്ടുള്ളത്, ഇവിടെ ദുര്യോധനനും ദുഃശാസനനും വേദി വിടും വരേയും പരിഹസിച്ചു ചിരിക്കുന്ന പാഞ്ചാലിയായിരുന്നു. വളരെ അപക്വമായാണ് മായ നെല്ലിയോട് യുധിഷ്ഠിരനെ അവതരിപ്പിച്ചത്. ഇതുപോലെ പ്രഗല്‍ഭര്‍ അണിനിരക്കുന്ന വേദിയില്‍, ചെറുവേഷങ്ങളാണെങ്കില്‍ പോലും അവ അവതരിപ്പിക്കുവാന്‍ മായ ഇനിയുമേറെ മുന്നോട്ടു പോവേണ്ടിയിരിക്കുന്നു. തുടക്കക്കാരന്റെ അപരിചിതത്വം പ്രകടമായിരുന്നെങ്കിലും കലാമണ്ഡലം വിപിന്റെ കുട്ടിഭീമന്‍ മോശമായില്ല.


ഇന്ദ്രപ്രസ്ഥത്തില്‍ തനിക്കു നേരിട്ട അവമാനം ദുര്യോധനന്‍ ശകുനിയെ അറിയിക്കുന്നു. ശകുനിയുടെ ഉപദേശപ്രകാരം ദുര്യോധനന്‍ യുധിഷ്ഠിരനെ നയത്തില്‍ ചൂതിനു ക്ഷണിക്കുന്നു. ചൂതില്‍ ചതിപാടില്ലെന്ന് പ്രത്യേകമോര്‍മ്മപ്പെടുത്തി യുധിഷ്ഠിരന്‍ ചൂതുകളിക്കുവാന്‍ തയ്യാറാവുന്നു. ദൈവഹിതം പോലെ ചൂതില്‍ ജയവും തോല്‍‌വിയും വരുമെന്നു പറഞ്ഞ് ശകുനിയും ചൂതിനിരിക്കുന്നു. തന്നെയും ഭാര്യയേയുമുള്‍പ്പടെ സകലതും യുധിഷ്ഠിരന്‍ ചൂതില്‍ പണയം വെച്ചു തോല്‍ക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലെ കാര്യങ്ങളോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസീകൃത്യമെടുക്കുവാനായി ശാസിച്ചീടുവാന്‍ ദുഃശാസനനോട് പറയുന്നു. എന്നാല്‍ ഒരുപടികൂടി കടന്ന് പാഞ്ചാലിയുടെ വസ്ത്രം ഉരിയുവാനാണ് ദുഃശാസനന്‍ ഉദ്യമിക്കുന്നത്. “പൂഞ്ചോല ഞാന്‍ അഴിച്ചീടുവന്‍...” എന്നു പറഞ്ഞു നില്‍ക്കുന്ന ദുഃശാസനനെ കണ്ട് ദുര്യോധനന്‍ ശകുനിയോട്, ‘ഇവനെന്താണിതു ചെയ്യുന്നത്?’ എന്നു സന്ദേഹിക്കുന്നു. ‘എന്തെങ്കിലുമാവട്ടെ...’ എന്നുള്ള ശകുനിയുടെ മറുപടി കേട്ട്, ‘ഒന്നും കണ്ടില്ലെന്നു കരുതുക തന്നെ...’ എന്നു നിനച്ച് ദുര്യോധനന്‍ അനങ്ങാതെയിരിക്കുന്നു. കൃഷ്ണകൃപയാല്‍ പൂര്‍ണ്ണമായ അപമാനത്തില്‍ നിന്നും രക്ഷനേടുന്ന പാഞ്ചാലിയെ തന്റെ തുടയിലടിച്ച് ദുര്യോധനന്‍ ക്ഷണിക്കുന്നു‍. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. ദുഃശാസനന്റെ പ്രവര്‍ത്തികളോട് ഒട്ടും യോജിക്കുവാനാവാതെ, ലജ്ജയാല്‍ മുഖം തിരിക്കുന്ന ദുര്യോധനനെയാണ് ഇവിടെ കലാമണ്ഡലം കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. ഇത്തരമൊരു രംഗമായിട്ടുകൂടി, ഒരു ക്ഷത്രിയ രാജാവിനു ചേരുന്ന ഗൌരവം ദുര്യോധനനു നല്‍കുവാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തു പറയേണ്ടതു തന്നെ. കലാനിലയം ദാമോദരനാണ് ശകുനിയായി വേഷമിട്ടത്. വെള്ളക്കുപ്പായത്തിനു പകരം ചുവപ്പ് കുപ്പായമാണ് ശകുനി ധരിച്ചിരുന്നത്. ഒരു കൌശലക്കാരന്റെ ഭാവമൊന്നും ദാമോദരന്റെ ശകുനിയില്‍ കാണുവാനില്ലായിരുന്നെങ്കിലും, പദഭാഗങ്ങളൊക്കെയും തരക്കേടില്ലാതെ അവതരിപ്പിച്ചു.


ദൂതിനായി തിരിക്കുവാന്‍ തയ്യാറെടുക്കുന്ന ശ്രീകൃഷ്ണനെ കാണുവാനായി പാഞ്ചാലിയെത്തുന്നു. തന്റെ ശപഥം നിറവേറ്റുവാനുള്ള സാഹചര്യം ഇല്ലാതാക്കരുതെന്ന് കൃഷ്ണനെ ഓര്‍മ്മപ്പെടുത്തുകയാണ് പാഞ്ചാലി ഇവിടെ. നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാവും, ആ സമയത്തിനായി കാത്തിരിക്കുക എന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ പാഞ്ചാലിയെ സമാശ്വസിപ്പിക്കുന്നു. കേശമിതു കാണുകയെന്ന പാഞ്ചാലിയുടെ വാക്കുകള്‍ കേട്ടുടനെ പീഠത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ്, കഴിഞ്ഞ സംഭവങ്ങളൊര്‍ത്ത് കൌരവരോട് കോപിക്കുന്ന രീതിയിലാണ് പലരും കൃഷ്ണനെ അവതരിപ്പിക്കുവാറുള്ളത്. എന്നാല്‍ അങ്ങിനെയാടുമ്പോള്‍ വികാരങ്ങള്‍ക്കടിമപ്പെടുന്ന സാധാരണ മനുഷ്യന്‍ മാത്രമാവുന്നു കൃഷ്ണന്‍. എല്ലാമറിയുന്നവനായ താന്‍ തന്നെയാണ് ഇതിനൊക്കെയും ഹേതുവെന്ന് ദ്വോതിപ്പിക്കുന്ന അകലേയ്ക്കുള്ള ഗഹനമായ ഒരു നോട്ടവും, പാഞ്ചാലിയെനോക്കിയൊരു മന്ദസ്മിതവുമാണ് സദനം ഭാസിയുടെ കൃഷ്ണനില്‍ നിന്നുമുണ്ടായത്. പാത്രബോധത്തോടെയുള്ള അദ്ദേഹത്തിന്റെ അവതരണം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കലാമണ്ഡലം വിജയകുമാറാവട്ടെ പാഞ്ചാലിയുടെ വിഷമം അഭിനയിക്കുന്നതിലും എളുപ്പമായി കണ്ടിട്ടാവണം; കണ്ണുനീരും, കലങ്ങിയ കവിളുകളും വരച്ചു ചേര്‍ത്താണ് അരങ്ങിലെത്തിയത്. (ഇന്‍സെറ്റ് ശ്രദ്ധിക്കുക.) കണ്ണുനീര്‍ സീരിയലുകളിലെ നായികമാരുടെ അവസ്ഥയിലുള്ള വിജയകുമാറിന്റെ പാഞ്ചാലി, ആ കഥാപാത്രത്തിനു തന്നെ അപമാനമായിരുന്നു! “പരിപാഹിമാം ഹരേ!” എന്ന പാഞ്ചാലിയുടെ പദം, അനുപല്ലവി പാടി നേരേ അവസാന ചരണത്തിലേക്കെത്തുകയാണ് ഉണ്ടായത്. “പാര്‍ഷതി മമ സഖി!” എന്ന കൃഷ്ണന്റെ പദവും മുഴുവനായി ആലപിക്കുകയുണ്ടായില്ല.


ദൂതിനായി കൃഷ്ണന്‍ കൌരവസഭയിലെത്തുന്നു. സൂചികുത്തുവാന്‍ പാണ്ഡവര്‍ക്ക് ഇടം നല്‍കുകയില്ലെന്ന ദുര്യോധനന്റെ വാശി, നാശത്തിനാണെന്ന് കൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു. കൃഷ്ണന്റെ വാക്കുകളില്‍ കുപിതനാവുന്ന ദുര്യോധനന്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഉദ്യമിക്കുന്നു. വിശ്വരൂപം കാട്ടുന്ന കൃഷ്ണപ്രഭയില്‍, ദുര്യോധനാദികള്‍ ബോധം നഷ്ടപ്പെട്ടു വീഴുന്നു. സഭാവാസികളെ അനുഗ്രഹിച്ച് കൃഷ്ണന്‍ മടങ്ങുന്നു. ദൂതിനായി പുറപ്പെടുമ്പോള്‍ തേര് വിശദമായി നോക്കിക്കാണുന്നതും കൊടിക്കൂറയില്‍ ഗരുഢനെ സ്മരിച്ചിരുത്തുന്നതും മറ്റും ഭാസി ആടുകയുണ്ടായില്ല. എന്നാല്‍ സഭയിലെത്തുന്ന കൃഷ്ണനായി ദുര്യോധനന്‍ തയ്യാറാക്കുന്ന ഇരിപ്പിടം കണ്ട്, ദുര്യോധനന്റെ ഉദ്ദേശം മനസിലാക്കുന്നതു കൂടാതെ, ആ പീഠത്തിന്റെ ചരിതത്തെക്കുറിച്ചുള്ള ചെറിയ പരാമര്‍ശവും സദനം ഭാസിയുടെ കൃഷ്ണനില്‍ നിന്നുമുണ്ടായി. ദൂതിനു ശേഷം ആയുധം നല്‍കി ദുര്യോധനന്‍ ദുഃശാസനനെ യാത്രയാക്കുന്നതായാണ് ഇവിടെ ആടിക്കണ്ടത്. ഗദ വാങ്ങുമ്പോള്‍ അത് താഴെവീഴുകയെന്ന ദുഃശകുനവും ആടുകയുണ്ടായി. എന്നാല്‍ ദൂതിനു ശേഷം, യുദ്ധം തുടങ്ങി, ഭീഷ്മര്‍ മുതല്‍ക്ക് കര്‍ണന്‍ വരെ വീണതിനു ശേഷമാണ് ദുഃശാസനന്‍ സേനയെ നയിക്കുവാനെത്തുന്നത്. ദൂ‍തുകഴിഞ്ഞ ഉടന്‍ തന്നെ ഭീമനോടുള്ള യുദ്ധത്തിനു പുറപ്പെടുകയാണെന്ന രീതിയിലുള്ള ഈ അവതരണം ഉചിതമെന്നു തോന്നുന്നില്ല. ഇരുവരും ചേര്‍ന്ന് ‘ഇനി യുദ്ധത്തിനു തയ്യാറെടുക്കുക തന്നെ!’ എന്നാടി മാറുകയാവും കൂടുതല്‍ നല്ലത്. ധൃതരാഷ്ട്രരുടെയടുത്ത് കൃഷ്ണനെത്തുന്ന രംഗം, ദുര്യോധനന്‍ സഭാവാസികളോട് കൃഷ്ണന്‍ വരുമ്പോളാരും എഴുന്നേല്‍ക്കരുതെന്നു പറയുന്നത്, വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്ന കൃഷ്ണനെ മുമുക്ഷു സ്തുതിക്കുന്നത്, കുരുക്ഷേത്രഭൂമിയിലെത്തുന്ന ദുഃശാസനന്‍ യുദ്ധത്തിന്റെ കെടുതികള്‍ നോക്കിക്കാണുന്നത് മുതലായവയെല്ലാം ഇവിടെ ഒഴിവാക്കുകയാണുണ്ടായത്.


രൗദ്രഭീമന്‍ ദുഃശാസനനെ യുദ്ധഭൂമിയില്‍ തേടിക്കണ്ട് പോരിനു വിളിക്കുന്നു. പണ്ട് ദുഃശാസനന്‍ ചെയ്ത കൊള്ളരുതായ്കകള്‍ ചിന്തിച്ച് അത്യധികം കോപത്തോടെ ദുഃശാസനനുമായി യുദ്ധത്തിലേര്‍പ്പെടുന്നു. യുദ്ധം പുരോഗമിക്കവേ, നരസിംഹം ഭീമനില്‍ ആവേശിക്കുന്നു. ദുഃശാസനന്റെ മാറുപിളര്‍ന്ന് ഭീമന്‍ ചോരകുടിക്കുന്നു, കുടല്‍മാല കഴുത്തില്‍ അണിയുന്നു. പാഞ്ചാലിയെ ചെന്നുകണ്ട്, ദുഃശാസനന്റെ രക്തം പുരട്ടി മുടികെട്ടിക്കൊടുക്കുന്നു. തുടര്‍ന്ന് കൃഷ്ണനെ ചെന്നു കണ്ടു പ്രാര്‍ത്ഥിക്കുന്ന ഭീമനില്‍ നിന്നും നരസിംഹ ബാധയൊഴിച്ച് കൃഷ്ണന്‍ ക്ലേശങ്ങളകറ്റുന്നു. താന്‍ ചെയ്ത പാപങ്ങളോര്‍ത്ത് വിലപിക്കുന്ന ഭീമനെ, അവയൊക്കെയും ക്ഷത്രിയധര്‍മ്മമാണെന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ ആശ്വസിപ്പിക്കുന്നു. പാഞ്ചാലിയായെത്തിയ കലാമണ്ഡലം വിജയകുമാര്‍ മുടി മുന്നിലേക്ക് ആവശ്യത്തിനിടാതെയാണ് അരങ്ങിലെത്തിയത്. കലാമണ്ഡലം ഗോപി അക്ഷരാര്‍ത്ഥത്തില്‍ രൗദ്രഭീമനായതും ഈ സമയത്തായിരുന്നു. എങ്ങിനെയൊക്കെയോ മുടി വലിച്ചെടുത്ത് കെട്ടുന്നതായി ആടി പാഞ്ചാലിയോട് പൊയ്ക്കോളാന്‍ പറയുകയാണ് ഉണ്ടായത്. ക്ലേശമകന്ന്, എപ്പോഴും ഞങ്ങളില്‍ കരുണ വേണമേയെന്നു പ്രാര്‍ത്ഥിച്ച് പിന്നിലേക്ക് മാറുന്ന ഭീമന്റെ കൈയില്‍ ഗദയെടുത്തു കൊടുക്കുവാന്‍ കൃഷ്ണന്‍ മറന്നു. അവിടെയാണ് രൗദ്രഭീമന്‍ അലറുന്നത് ശരിക്കും കേട്ടത്! കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമന്‍ ഭാവം കൊണ്ട് മികച്ചു നിന്നുവെങ്കിലും, കഥാപാത്രത്തിനാവശ്യമായ ഊര്‍ജ്ജം കാണുവാനുണ്ടായിരുന്നില്ല. മുന്‍‌കാലങ്ങളില്‍ ഗോപിയുടെ രൗദ്രഭീമന്‍ കണ്ടിട്ടുള്ളവര്‍ക്ക് ആ വേഷങ്ങളുടെ നിഴലായി മാത്രമേ ഇവിടുത്തെ വേഷം അനുഭവപ്പെട്ടിരിക്കുകയുള്ളൂ. എങ്കില്‍ തന്നെയും, അദ്ദേഹത്തിന്റെ പ്രായാധിക്യം കൂടി കണക്കിലെടുത്താല്‍ വേഷം ഒട്ടും മോശമായതായി പറയുവാന്‍ കഴിയില്ല. കൂട്ടുവേഷങ്ങളുടെ പാളിച്ചകള്‍ കാരണമായി പറയാമെങ്കിലും, സ്വന്തം കഥാപാത്രത്തോട് നീതി കാട്ടാതെയുള്ള ഇടയ്ക്കൊക്കെയുള്ള പെരുമാറ്റങ്ങള്‍ മാത്രമാണ് കല്ലുകടിയായി അനുഭവപ്പെട്ടത്.


കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കോട്ടയ്ക്കല്‍ പ്രസാദ്, കോട്ടക്കല്‍ വിജയരാഘവന്‍, കലാമണ്ഡലം ശ്രീഹരി എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം നാരായണന്‍ നായര്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാമണ്ഡലം രാജ് നാരായണന്‍, കോട്ടക്കല്‍ ശബരീഷ് എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. അവസാനഭാഗങ്ങളില്‍ മൂന്നു ചെണ്ടയും മൂന്നു മദ്ദളവും ഉണ്ടായിരുന്നെങ്കിലും, അതിന്റേതായ മികവൊന്നും മേളത്തിന് അനുഭവപ്പെട്ടില്ല. ഇത്രയധികം വാദ്യങ്ങള്‍ ഒരുമിച്ചുപയോഗിക്കുമ്പോള്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ചില്ലായെങ്കില്‍ കുറേ ഒച്ചയുണ്ടാക്കാമെന്നല്ലാതെ മേളത്തിനു മികവുണ്ടാവില്ല. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ്, കലാമണ്ഡലം അജേഷ് പ്രഭാകരന്‍ എന്നിവരുടെ ആലാപനത്തിനും ശരാശരി നിലവാരമേ അവകാശപ്പെടുവാനുള്ളൂ. ഇത്രയും കഥാഭാഗം പാടുന്നതിനിടയില്‍ മൂന്നോ നാലോ പ്രാവശ്യമാണ് അങ്ങോട്ടുമിങ്ങോട്ടും ഗായകര്‍ മാറിക്കളിച്ചത്. അതിനാല്‍ തന്നെ ഒരു താളം കണ്ടെത്തുവാന്‍ മൂവരും വിഷമിച്ചു. കലാമണ്ഡലം സതീശന്‍, കലാമണ്ഡലം ബാര്‍ബറെ വിജയകുമാര്‍ എന്നിവരുടെ ചുട്ടി മികവുപുലര്‍ത്തി. എന്നിരുന്നാലും രൗദ്രഭീമന്റെ ചുട്ടി കുറച്ചു കൂടി മികച്ച രീതിയില്‍ ചെയ്യാവുന്നതായിരുന്നു. രൗദ്രഭീമന്റെ മുഖത്തെഴുത്തും അത്രയ്ക്ക് മികച്ചതായില്ല. കലാചേതനയുടെ കോപ്പുകളും വസ്ത്രങ്ങളും നല്ല നിലവാരം പുലര്‍ത്തി. ഇത്തരമൊരു വേദി കലാമണ്ഡലം ഗോപിയെ ആദരിക്കുവാനായി ഒരുക്കിയ സംഘാടകരും അഭിനന്ദനം അര്‍ഹിക്കുന്നു. ചുരുക്കത്തില്‍; പത്മശ്രീ നേടിയ കലാമണ്ഡലം ഗോപിയെ അനുമോദിക്കുവാന്‍ കൂടിയ ഒരു ചടങ്ങില്‍ അവതരിക്കപ്പെട്ട കഥകളി, അപൂര്‍വ്വമായി അദ്ദേഹം ചെയ്യാറുള്ള ഒരു വേഷം, ഈ ഘടകങ്ങള്‍ നല്‍കുന്ന സന്തോഷം ഒഴിച്ചു നിര്‍ത്തിയാല്‍, ആസ്വാദകര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ തക്കവണ്ണമുള്ളതൊന്നും പേരാമംഗലത്ത് അവതരിപ്പിക്കപ്പെട്ട ‘ദുര്യോധനവധ‘ത്തില്‍ കാണുകയുണ്ടായില്ല.

Description: DuryodhanaVadham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kalamandalam Krishnakumar as Duryodhanan, Nelliyodu Vasudevan Nampoothiri as Dussasanan, Sadanam Bhasi as SriKrishnan, Kalamandalam Vijayakumar (Englad) as Panchali, Kalanilayam Damodaran as Sakuni, Maya Nelliyodu as Yudhishtiran, Kalamandalam Vipin as KuttiBhiman and Padmasree Kalamandalam Gopi as RaudraBhiman; Pattu: Kalamandalam Babu Nampoothiri, Kalamandalam Vinod and Kalamandalam Ajesh Prabhakaran; Chenda: Kalamandalam Unnikrishnan, Kottackal Prasad and Kottackal Vijayaraghavan; Maddalam: Kalamandalam Narayanan Nair, Kalamandalam Raj Narayanan and Kottackal Sabarish; Chutti: Kalamandalam Satheesan, Kalamandalam Barbare Vijayakumar; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

പേരാമംഗലത്തെ മല്ലയുദ്ധം

Mallayudham Kathakali: Kottackal Devadas as Mallan and Kalamandalam Pradeep Kumar as Valalan.
ഫെബ്രുവരി 22, 2009: പത്മശ്രീ പുരസ്കാരര്‍ഹനായ കലാമണ്ഡലം ഗോപിയുടെ ബഹുമാനാര്‍ത്ഥം, അദ്ദേഹത്തിന്റെ വാസസ്ഥലമായ പേരാമംഗലം നിവാസികള്‍ ഒരുക്കിയ സ്വീകരണത്തിനു ശേഷം ആദ്യ കഥയായി ‘മല്ലയുദ്ധം’ അവതരിക്കപ്പെട്ടു. ഇരയിമ്മന്‍ തമ്പിയുടെ ‘കീചകവധം’ ആട്ടക്കഥയില്‍ നിന്നുമെടുത്ത ഒരു രംഗമാണിത്. ആട്ടത്തിനും, യുദ്ധരംഗങ്ങള്‍ക്കും വളരെ പ്രാധാന്യമുള്ള ഒരു കഥാഭാഗമാണിത്. കോട്ടക്കല്‍ ദേവദാസ് മല്ലനായും കലാമണ്ഡലം പ്രദീപ് കുമാര്‍ വലലനായും അരങ്ങിലെത്തിയ ഈ കഥയുടെ മേളം കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും നയിച്ചു. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് തുടങ്ങിയവരായിരുന്നു ഗായകര്‍.

തന്റെ കൈക്കരുത്തിലും അഭ്യാസപാടവത്തിലും അത്യധികം അഹങ്കരിക്കുന്ന ജിനൂതന്‍ എന്ന ഒരു മല്ലന്‍ ഒരിക്കല്‍ വിരാടരാജ്യത്തിലെത്തുന്നു. മല്ലന്റെ പരാക്രമങ്ങളെക്കുറിച്ച് കേട്ടറിവുള്ള ദേശത്തെ പ്രധാനമല്ലന്മാരാരും അയാളോട് എതിര്‍ക്കുവാന്‍ തയ്യാറാവുന്നില്ല. ഈ സമയം, പാചകക്കാരനായി വിരാടദേശത്ത് അജ്ഞാതവാസം കഴിക്കുന്ന വലലന്‍ മല്ലയുദ്ധത്തിനൊരുങ്ങുന്നു. ജിനൂതനെ പരാജയപ്പെടുത്തി വലലന്‍ വിരാടരാജാവിന്റെ പ്രീതിക്ക് പാത്രമാവുന്നു. ഇത്രയുമാണ് ‘മല്ലയുദ്ധം’ കഥയുടെ ഉള്ളടക്കം. തന്റെ സ്വൈര്യജീവിതത്തിനു കാരണം തേടിയുള്ള മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥ ആരംഭിക്കുന്നത്. തന്നോടെതിര്‍ത്ത പല പേരുകേട്ട മല്ലന്മാരെയും കാലപുരിയ്ക്കയച്ച പരാക്രമശാലിയായ തന്നോടെതിര്‍ക്കുവാന്‍ ഇവിടെയെങ്ങും ആരുമില്ലെന്ന തന്റെ സുഖത്തിന്റെ ഹേതു അയാള്‍ മനസിലാക്കുന്നു. ഏറെ നാളായി ആരോടും എതിര്‍ക്കാത്തതിനാല്‍ കൈതരിക്കുന്നു, ദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ആരെയെങ്കിലും എതിര്‍ക്കുവാന്‍ കിട്ടുമോയെന്നു നോക്കുകതന്നെ എന്നാടി ഭാണ്ഡവുമെടുത്ത് മല്ലന്‍ പുറപ്പെടുന്നു.


കുറച്ചു ദൂരം ചെല്ലുമ്പോള്‍, പെരുമ്പറയുടേയും കാഹളത്തിന്റേയും ശബ്ദം കേട്ട് മല്ലന്‍ അവിടേക്ക് ശ്രദ്ധിക്കുന്നു. വിരാടരാജ്യത്ത് നടക്കുന്ന മല്ലയുദ്ധത്തിന്റെ അറിയിപ്പായിരുന്നു അത്. വിരാടരാജ്യത്തു ചെന്ന് മല്ലയുദ്ധത്തില്‍ പങ്കെടുക്കുക തന്നെ എന്നുറച്ച് മല്ലന്‍ അങ്ങോട്ടു തിരിക്കുന്നു. പല നിലകളുള്ള ഗോപുരത്തിന് ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു. അടുത്തെത്തുന്ന മല്ലനെ കണ്ട് അവര്‍ ഭവ്യതയോടെ അകത്തേക്ക് ആനയിക്കുന്നു. ഉള്ളില്‍ മല്ലന്മാരുടെ ചിത്രങ്ങള്‍ കണ്ട്, ഇവരെയെല്ലാം താന്‍ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് മല്ലന്‍ മേനി നടിക്കുന്നു. കുറച്ചു കൂടി ഉള്ളിലേക്ക് കടക്കുമ്പോള്‍, തന്റെ തന്നെ ചിത്രം കൊത്തിവെച്ചിരിക്കുന്നത് അഭിമാനത്തോടെ നോക്കിക്കാണുന്നു. അങ്കത്തട്ട്, ചുറ്റിനും പല നിലകളിലായി കാണികള്‍, ഏറ്റവും മുകളിലായി രാജാവ് തന്നെ സന്നിഹിതനായിരിക്കുന്നു. അങ്കത്തട്ടില്‍ കയറി രാജാവിനെ വന്ദിച്ച്, ചുറ്റുമുള്ള പല മല്ലന്മാരെയും പോരിനായി ക്ഷണിക്കുന്നു. എന്നാല്‍ അവരെല്ലാം ഒഴിഞ്ഞു മാറുന്നു.

“ആരൊരു പുരുഷനഹോ! എന്നോടെതിര്‍പ്പാന്‍?” എന്നു തുടങ്ങുന്ന മല്ലന്റെ പദമാണ് തുടര്‍ന്ന്. ആരെങ്കിലും യുദ്ധത്തിനു തയ്യാറുണ്ടോ എന്നു ചോദിച്ച്, ഇനിയാരെങ്കിലും തയ്യാറായാല്‍ അവന്റെ ‘മദമടക്കി ലഘുമടക്കും...’ എന്നു വീമ്പിളക്കുന്ന മല്ലന്റെ മുന്നിലേക്ക് വലലന്‍ പ്രവേശിക്കുന്നു. സമര്‍ത്ഥനെന്നൊരു തെറ്റിദ്ധാരണയോടെ ഇവിടെ നിന്ന് വീമ്പിളക്കുന്ന നിന്നെ കാലന്റെ അതിഥിയാക്കുവാനാണ് താന്‍ വന്നത് എന്നാണ് വലലന്റെ പദം. തുടര്‍ന്ന് ഇരുവരും പരസ്പരം പരിഹാസവാക്കുകള്‍ ചൊരിഞ്ഞ് യുദ്ധത്തിലേക്ക് കടക്കുന്നു. വിവിധ യുദ്ധമുറകള്‍ക്കൊടുവില്‍ വലലന്‍ മല്ലനെ കീഴ്പ്പെടുത്തുന്നു.


മല്ലനായെത്തിയ കോട്ടക്കല്‍ ദേവദാസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മല്ലന്റെ അഹങ്കാരത്തോടെയുള്ള വീരശൂരത്വം വളരെ നന്നായി തന്നെ പ്രകടമാക്കുവാന്‍ ദേവദാസിനു കഴിഞ്ഞു. മല്ലന്റെ ആദ്യഭാഗത്തെ ആട്ടങ്ങളും മനോഹരമായിത്തന്നെ അദ്ദേഹം രംഗത്തവതരിപ്പിച്ചു. വലലനായെത്തിയ കലാമണ്ഡലം പ്രദീപ് കുമാര്‍ വേഷത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന രീതിയിലല്ല അരങ്ങില്‍ പ്രവര്‍ത്തിച്ചത്. ഈ ഭാഗത്ത് വലലന്റെ സ്ഥായിയായ വീരമോ, സഞ്ചാരീഭാവങ്ങളായ കോപം, പുച്ഛം എന്നിവയോ വേണ്ടതുപോലെ അദ്ദേഹത്തിന്റെ മുഖത്ത് കാണുവാനുണ്ടായിരുന്നില്ല. വലലന്റെ കൈയിലേ ചട്ടുകമോ, ദേഹത്ത് പൂണൂലോ ഉണ്ടായിരുന്നതുമില്ല. വലലനെ കാ‍ണുന്ന മല്ലന്‍, ‘നീയൊരു ബ്രാഹ്മണന്‍, കേവലമൊരു പാചകക്കാരന്‍’ എന്നു പറയുവാന്‍ കാരണമാവുന്ന ഇവയുടെ അഭാവം വളരെ പ്രകടമായിരുന്നു. ഇരുവരുടേയും വേഷത്തിലേയും ഭാവത്തിലേയും, മികവും കുറവും ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ദേവദാസിന്റെ വേഷത്തിന്റെ ശക്തിയ്ക്കും കണിശതയ്ക്കും മുന്നില്‍ പ്രദീപിന്റെ വലലന്‍ വല്ലതെ ചെറുതായതു പോലെ തോന്നിച്ചു. ഇതില്‍ കൂടുതല്‍ മികച്ച ഒരു പ്രകടനം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു.


പഞ്ചുപിടിച്ചു കൊണ്ടാണ് ഇരുവരും യുദ്ധം തുടങ്ങിയത്. തുടര്‍ന്നുള്ള യുദ്ധമുറകളില്‍ പലതും WWE Wresteling-നെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു. ഒരാള്‍ കിടക്കുന്നു, മറ്റേയാള്‍ സ്റ്റൂളിന്റെ മുകളില്‍ നിന്നും ചാടുന്നു, കിടക്കുന്നയാള്‍ ഒഴിഞ്ഞു മാറുന്നു, ചാടി വീണയാള്‍ നിലത്തു വീഴുന്നു, തിരിഞ്ഞ് കാലുകൊണ്ട് വെട്ടി അടുത്തയാളെ വീഴ്‌ത്തുന്നു, കൈ പിടിച്ച് തിരിക്കുന്നു... ഇങ്ങിനെ പലതും WWE ഗുസ്തിനാടകത്തിന്റെ ശൈലിയിലായിരുന്നു. ഒടുവില്‍ മല്ലന്മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള കഥകളിയുടേതായ യുദ്ധമുറകള്‍ ഇരുവരും ചേര്‍ന്ന് ഒഴുക്കന്‍‌മട്ടില്‍ അവതരിപ്പിച്ചു പോവുകയേ ചെയ്തുള്ളൂ. കഥകളിയെ സംബന്ധിച്ചിടത്തോളം, യുദ്ധവും മറ്റും ഒരു നൃത്തരൂപം തന്നെയാണ്. നൃത്തത്തിന്റെ ചടുലതയിലൂടെയും പ്രത്യേക അംഗവിക്ഷേപങ്ങളിലൂടെയുമാണ് യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കേണ്ടത്. അല്ലാതെയുള്ള അവതരണം കഥകളിക്ക് എത്രമാത്രം യോജിച്ചതാണ് എന്നത് ചിന്തിക്കേണ്ട ഒന്നാണ്. ഒടുവില്‍, മല്ലനെ പരാജയപ്പെടുത്തി അയയ്ക്കുന്നതായാണ് മുന്‍പ് കണ്ടിട്ടുള്ളത്. ഇവിടെ മല്ലനെ വലലന്‍ വധിക്കുന്നതായാണ് അവതരിപ്പിച്ചത്. അതും എത്രമാത്രം ശരിയാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.


“ആരൊരു പുരുഷനഹോ!...” എന്നു തുടങ്ങുന്ന ഒരു പദം മാത്രമാണ് ഈ കഥാഭാഗത്തിലുള്ളത്. കാര്യമായി ശ്രദ്ധ ലഭിക്കാത്ത ഈയൊരു പദം പോലും, കലാമണ്ഡലം ബാബു നമ്പൂതിരിയുടേയും കലാമണ്ഡലം വിനോദിന്റേയും ആലാപനത്താല്‍ ആസ്വാദ്യകരമായിരുന്നു. മേളത്തില്‍ കോട്ടക്കല്‍ പ്രസാദും കോട്ടക്കല്‍ രാധാകൃഷ്ണനും നല്ല രീതിയില്‍ കോട്ടക്കല്‍ ദേവദാസിന്റെ മല്ലനെ പിന്തുണച്ചു. എന്നാല്‍ കലാമണ്ഡലം പ്രദീപ് കുമാറിന്റെ വലലന് ഇരുവരുടേയും പിന്തുണ അത്രയ്ക്ക് ഉണ്ടായിരുന്നതുമില്ല. പ്രദീപിന്റെ വേഷത്തിന്റെ നിറം മങ്ങുവാന്‍ അതുമൊരു കാരണമാണ്. ശൈലിയിലുള്ള വ്യത്യാസമാണോ, അല്ലെങ്കില്‍ വലലന്റെ ഭാഗമാവുമ്പോള്‍ അല്പം വിശ്രമിച്ചേക്കാം എന്ന് മേളക്കാര്‍ കരുതിയതാണോ; എന്തുകൊണ്ടാണ് അങ്ങിനെയായത് എന്നറിയില്ല. കോട്ടക്കല്‍ വിജയരാഘവന്‍ ചെണ്ടയിലും, കോട്ടക്കല്‍ ശബരീഷ് മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും അവരും വലലനെ കാര്യമായി ഗൌനിച്ചിരുന്നില്ല.

പലകകള്‍ കൂട്ടിക്കെട്ടി നിര്‍മ്മിച്ച താല്‍കാലിക വേദിയില്‍ ‘മല്ലയുദ്ധം’ പോലെയൊരു കഥ വെയ്ക്കേണ്ടിയിരുന്നില്ല. ഇരുവര്‍ക്കും ആത്മവിശ്വാസത്തോടെ ആഞ്ഞു ചവിട്ടി കലാശങ്ങളെടുക്കുവാന്‍ അതിനാല്‍ തന്നെ സാധിച്ചതുമില്ല. ചെണ്ടയുടെ ശബ്ദത്തിലും മുഴക്കത്തില്‍ പലകയില്‍ ചവിട്ടുന്നതിന്റെ ശബ്ദമായിരുന്നു കേള്‍ക്കുവാനുണ്ടായിരുന്നത്. കഥകളി അരങ്ങുകള്‍ സാധാരണ ഉപയോഗിക്കുന്നതിലും മികച്ച ശബ്ദനിയന്ത്രണ സംവിധാനങ്ങളായിരുന്നു ഇവിടെ ഉപയോഗിച്ചത്. വെളിച്ചത്തിനായി ധാരാളം ലൈറ്റുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, വേദിയില്‍ എല്ലായിടവും പ്രകാശമെത്തുന്ന രീതിയിലായിരുന്നില്ല അവയുടെ ക്രമീകരണം എന്നതിനാല്‍ തന്നെ ഉദ്ദേശിച്ച പ്രയോജനം അവകൊണ്ടുണ്ടായില്ല. ചുരുക്കത്തില്‍ വളരെ മികച്ചതെന്നു പറയുവാനില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു ‘മല്ലയുദ്ധ’മായിരുന്നു പേരാമംഗലത്ത് അരങ്ങേറിയത്.

Description: Mallayudham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kottackal Devadas as Mallan, Kalamandalam Pradeep Kumar as Valalan; Pattu: Kalamandalam Babu Nampoothiri and Kalamandalam Vinod; Chenda: Kottackal Prasad and Kottackal Vijayaraghavan; Maddalam: Kottackal Radhakrishnan and Kottackal Sabarish; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--