2009, ജനുവരി 30, വെള്ളിയാഴ്‌ച

എളവൂരെ കചദേവയാനി

KachaDevayani Kathakali - Kalamandalam Gopi as Kachan and Margi Vijayakumar as Devayani.
ജനുവരി 24, 2009: എളവൂര്‍ മഹാത്മഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘കചദേവയാനി’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപി കചനേയും, മാര്‍ഗി വിജയകുമാര്‍ ദേവയാനിയേയും അവതരിപ്പിച്ച കളിക്ക്; കലാനിലയം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവന്‍ എന്നിവരുടേതായിരുന്നു പാട്ട്. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയിലും, കലാനിലയം മനോജ് മദ്ദളത്തിലും ഇവിടുത്തെ കളിക്ക് മേളമൊരുക്കി. പ്രതിപാദ്യം കൊണ്ടും, ലളിതമനോഹരമായ സാഹിത്യഭംഗികൊണ്ടും സാധാരണക്കാരെപ്പോലും ആകര്‍ഷിക്കുന്ന കഥയാണ് ‘കചദേവയാനി’. അസുരഗുരുവായ ശുക്രന്റെ പക്കല്‍, മരിച്ചവരെ ജീവിപ്പിക്കുവാന്‍ ഉതകുന്ന മൃതജീവനി മന്ത്രം പഠിക്കുവാനായി ദേവലോകവാസിയായ കചനെത്തുന്ന രംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്.


തന്റെ പക്കലെത്തുന്ന സുമുഖനായ പുരുഷന്റെ രൂപം കണ്ട്; ആരാണ്, വരുവാനെന്താണ് കാരണം എന്നിവയൊക്കെ ശുക്രാചാര്യര്‍ അന്വേഷിക്കുന്നു. “സരസിജശരരൂപമേ...” എന്ന ശുക്രന്റെ പദമാണ് ആദ്യം. “ജയ ജയ ആശ്രിതബന്ധോ!” എന്ന മറുപടി പദത്തിലൂടെ ദേവഗുരുവിന്റെ പുത്രനായ കചനാണ് താനെന്നും, വിവിധങ്ങളായ ശാസ്ത്രങ്ങള്‍ അഭ്യസിക്കുവാനാണ് താനെത്തിയിരിക്കുന്നതെന്നും കചന്‍ ശുക്രനെ അറിയിക്കുന്നു. ഗൂഢശാസ്ത്രങ്ങളൊക്കെയും, ഒന്നൊഴിയാതെ പഠിപ്പിക്കുന്നതാണെന്ന് ശുക്രന്‍ വാക്കുകൊടുക്കുന്നു. ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മമാണ് തുടര്‍ന്ന്. സമയം നോക്കി പഠനം ആരംഭിക്കുന്നതും, പ്രാഥമിക പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതുമൊക്കെ ഇവിടെ ആടുന്നു. മകളായ ദേവയാനിയെ വിളിച്ച് കചന് പരിചയപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന്, തനിക്ക് സന്ധ്യാവന്ദനത്തിനുള്ള സമയമായെന്നു പറഞ്ഞ മകളോടൊപ്പം ശുക്രാചാര്യര്‍ രംഗത്തു നിന്നും മാറുന്നു.

കലാനിലയം ഗോപിനാഥനാണ് ശുക്രാചാര്യരായി അരങ്ങിലെത്തിയത്. ശുക്രാചാര്യരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനായി. കചന്‍ തന്റെ സത്വം വെളിപ്പെടുത്തുമ്പോള്‍, ‘വന്നത് ആരും കണ്ടില്ലല്ലോ?’ എന്നൊക്കെ സന്ദര്‍ഭോചിതമായ രീതിയില്‍ പ്രതികരിക്കുവാനും അദ്ദേഹം മറന്നില്ല. എന്നാല്‍ കചന്‍ സത്യം അതുപോലെ പറഞ്ഞതിനാല്‍, ഇവന്‍ കള്ളമില്ലാത്തവനാണ് എന്നൊരു ആട്ടം കൂടി ആവാമായിരുന്നു. അതുപോലെ പലയിടത്തും, രാക്ഷസന്മാരെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ ശുക്രാചാര്യരില്‍ നിന്നുമുണ്ടായി; അവയും ഒഴിവാക്കാമായിരുന്നതായി തോന്നി. രാക്ഷസഗുരുവായി പോയില്ലേ, എല്ലാം സഹിക്കുക തന്നെ എന്നൊരു ഭാവമായിരുന്നു ഗോപിനാഥന്റെ ശുക്രാചാര്യര്‍ക്ക്. ‘ഇവിടെ വന്നത് ആരെങ്കിലും കണ്ടുവോ?’ എന്നു ഉത്കണ്ഠപ്പെടുന്ന ഗുരുവിനോട് കചന്‍ പറയുന്നത്, ‘താന്‍ യുദ്ധത്തിനല്ല എത്തിയത്, പഠിക്കുവാനാണ്!’ എന്നാണ്. ‘രാക്ഷസര്‍ക്ക് ശണ്ഠയുണ്ടാക്കുവാന്‍ കാരണമൊന്നും വേണ്ട, ദേവലോകത്തു നിന്നും വന്നവനാണ് എന്നതു തന്നെ ധാരാളം!’ എന്ന് ശുക്രനും പറയുന്നു. ഗുരുവിന്റെ പക്കല്‍ നിന്നും എഴുത്തോല സ്വീകരിക്കുമ്പോള്‍, കചന്റെ കൈയില്‍ നിന്നും അത് താഴെ വീഴുന്നു. ദുഃശകുനമായല്ലോ എന്നോര്‍ത്ത് ഖേദിക്കുന്ന കചനോട്, മനസുറപ്പോടെ പഠനം ആരംഭിക്കുവാന്‍ ഗുരു ഉപദേശിക്കുന്നു.


ആശ്രമം ചുറ്റിക്കാണുകയാണ് കചന്‍ തുടര്‍ന്ന്. മരക്കമ്പുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയിരിക്കുന്ന യജ്ഞശാലകളില്‍ പൂജയ്ക്കായി പൂക്കള്‍ തയ്യാറാക്കി വെച്ചിരിക്കുന്നു. നടുവിലായി ഹോമകുണ്ഠം ജ്വലിപ്പിച്ചിരിക്കുന്നു, അഗ്നിജ്വാലകള്‍ ആകാശം മുട്ടെ ഉയര്‍ന്നു കത്തുന്നു. ആകാശത്തിലൂടെ പോവുന്ന പറവകള്‍, ജ്വാലകളാല്‍ പൊള്ളലേറ്റ് ഹോമകുണ്ഠത്തില്‍ പതിക്കുന്നു. ഇങ്ങിനെയുള്ള യജ്ഞത്തിന് എങ്ങിനെ ഫലപ്രാപ്തിവരും എന്നു ശങ്കിക്കുന്ന കചന്‍, തീയില്‍ വീണു ചാരമായ പറവകള്‍ ഒരപായവും കൂടാതെ വീണ്ടും പറന്നു പൊങ്ങുന്നതു കണ്ട് അത്ഭുതപ്പെടുന്നു. പിന്നെയും ചുറ്റി നടന്ന്; ഉറങ്ങുന്ന ഒരു സിംഹത്തെ കാണുന്നു. ഒരു ആനക്കുട്ടി, താമരത്തണ്ടാണെന്നു കരുതി, സിംഹത്തിന്റെ ദംഷ്ട്രയില്‍ തുമ്പിക്കൈ ചുറ്റി വലിക്കുന്നു. എന്നാല്‍ സിംഹം അത് ഗൌനിക്കുന്നതേയില്ല. പിന്നെയും നടക്കുമ്പോള്‍; ഒരു പെണ്‍പുലി മാന്‍‌കുട്ടിക്ക് മുലയൂട്ടുന്നു, പാമ്പിന്റെ പത്തിക്കടിയില്‍ തലചായ്ച് കീരി ഉറങ്ങുന്നു, കീരിയുടെ മുകളില്‍ ഫണം താഴ്തി പാമ്പും വിശ്രമിക്കുന്നു; തുടങ്ങിയ ദൃശ്യങ്ങള്‍ കാണുന്നു. ഇതുപോലെയൊരു പുണ്യാശ്രമത്തില്‍ പഠിക്കുവാന്‍ അവസരം ലഭിച്ച താന്‍ ഭാഗ്യം ചെയ്തവനാണെന്നാടി, പൂജയ്ക്കുള്ള സാമഗ്രികള്‍ ഒരുക്കുവാന്‍ തുടങ്ങുകയാണെന്ന് കാണിച്ച് കചന്‍ രംഗത്തു നിന്നും മാറുന്നു. വളരെ രസകരമായ ഈ ആട്ടങ്ങളൊക്കെയും കലാമണ്ഡലം ഗോപി മനോഹരമായി രംഗത്തവതരിപ്പിച്ചു.


പഠിച്ചുകൊണ്ടിരിക്കുന്ന കചന്റെ പക്കല്‍ നിന്നും താളിയോല കൈക്കലാക്കുന്ന ദേവയാനിയില്‍ നിന്നുമാണ് അടുത്ത രംഗം ആരംഭിക്കുന്നത്. "രമണീയ! ഗുണകര!" എന്നു തുടങ്ങുന്ന ദേവയാനിയുടെ പദമാണ് ആദ്യം. തന്റെ ആനന്ദസാഗരത്തില്‍ സൂര്യനായി ഉദിച്ചുനില്‍ക്കുന്ന അങ്ങയോടൊപ്പം കാമലീലകളില്‍ ഏര്‍പ്പെട്ട്, മോദത്തോടുകൂടി വസിക്കുവാനുള്ള തന്റെ ആഗ്രഹം കചനെ അറിയിക്കുകയാണ് ദേവയാനി ഈ പദത്തിലൂടെ. ദേവയാനിയുടെ ഇംഗിതമറിയുന്ന കചന്‍, തന്റെ പഠനകാലത്ത് കാമവിചാരങ്ങള്‍ പാടില്ലെന്നും, അതിനാല്‍ നീ എന്നോട് ക്ഷമിക്കണമെന്നും ദേവയാനിയോട് പറയുന്നു. ദേവയാനി തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍ക്ക് ‘ഇവളാളു ശരിയല്ല!’ എന്ന ഭാവത്തില്‍ പിന്നീടങ്ങോട്ട് പെരുമാറിത്തുടങ്ങുന്ന കചന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍, കലാമണ്ഡലം ഗോപിയുടെ കചന്‍, അതൊരു നേരമ്പോക്കുപോലെയെടുത്ത്, ‘കൊള്ളാം, അതേതായാലും നന്നായി!’ എന്ന രീതിയില്‍ സൌമ്യനായി പ്രതികരിക്കുകയാണുണ്ടായത്. വാത്സല്യത്തോടെ പറഞ്ഞ് തിരുത്തുവാനാണ് കചന്‍ തന്റെ പദത്തില്‍ ശ്രമിക്കുന്നതും. അതിനാല്‍, ഈ രീതിയിലുള്ള കചന്റെ അവതരണമാണ് കൂടുതല്‍ യോജ്യമായതെന്നു നിസ്സംശയം പറയാം.

പദത്തിനു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മങ്ങളാണ്. കചന്റെ മറുപടിയില്‍ പരിഭവിച്ചു നില്‍ക്കുന്ന ദേവയാനിയെ സന്തോഷിപ്പിക്കുവാനാണ് കചന്റെ ശ്രമം. പുത്രിയോട് വളരെ വാത്സല്യമുള്ള ശുക്രാചാര്യര്‍, തന്നെ പറഞ്ഞു വിടതിരിക്കുവാന്‍ ദേവയാനിയെ പിണക്കാതിരിക്കേണ്ടത് തന്റെ ആവശ്യമാണ് എന്നു സാധാരണ കചന്മാര്‍ ആടിക്കാണാറുണ്ട്. ഇവിടെ അങ്ങിനെയൊരു കാരണവും കലാമണ്ഡലം ഗോപി ആടിയില്ല. ഒരിഷ്ടം പറഞ്ഞാല്‍ സാധിച്ചു തരാത്ത അങ്ങയോട് മിണ്ടില്ലെന്നു പറയുന്ന ദേവയാനിയോട് കചന്‍ വീണ്ടും പറയുന്നു, തന്റെ പഠനകാലത്ത് ഈ വക വിചാരങ്ങളുണ്ടായാല്‍ പഠനത്തില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുകയില്ല. ഇതു കേട്ട്, എങ്കില്‍ പഠനത്തിനു ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കുക എന്നാവുന്നു ദേവയാനിയുടെ ആവശ്യം; ഉറപ്പൊന്നും നല്‍കുവാന്‍ കഴിയില്ല എന്നു പറഞ്ഞ് കചന്‍ ഒഴിവാകുന്നു.


പഠിക്കുവാന്‍ തുടങ്ങുന്ന കചനെ വീണ്ടും ദേവയാനി ഒരോ കളികള്‍ക്കായി ക്ഷണിക്കുന്നു. നിവൃത്തിയില്ലാതെ കചന്‍ വഴങ്ങുന്നു. ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്, വീണവായിക്കുന്നത്, മൃദംഗം കൊട്ടുന്നത്, പശുവിനെ കറക്കുന്നത്, പൂവിറുക്കുന്നത് എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ആസ്വാദ്യകരമായി ഗോപിയും, വിജയകുമാറും ചേര്‍ന്ന് രംഗത്തവതരിപ്പിച്ചു. തന്നോട് ചേര്‍ന്നിരിക്കുന്ന ദേവയാനിയോട് കളിയായി കചന്‍ പറയുന്നു, എങ്കില്‍ എന്റെ മടിയിലേക്ക് കയറിയിരിക്ക്, ഉടനെ ചാടി മടിയിലേക്ക് ഇരിക്കുവാന്‍ തുടങ്ങുന്ന ദേവയാനി; വീണയുടെ ശ്രുതി ശരിയായില്ല, തിരിക്കണമെന്ന് പറയുന്ന ദേവയാനിയുടെ ചെവി തിരിക്കുവാന്‍ തുടങ്ങുന്ന കചന്‍; സന്ദര്‍ഭവശാല്‍ തന്റെ കൈയില്‍ പിടിക്കുന്ന കചനെ, കാമത്തോടെ നോക്കുന്ന ദേവയാനി, ഇതുകണ്ട് വല്ലാതെയാവുന്ന കചന്‍; കുമ്മി കളിച്ച് കളിച്ച് ഇരുവരും കൂട്ടിമുട്ടുന്നു, അരിശപ്പെടുന്ന കചനെ നോക്കിയുള്ള ദേവയാനിയുടെ ചിരി; ഒടുവില്‍ തന്റെ കാര്യം ഗോപിയാക്കുമോ എന്ന കചന്റെ ചോദ്യം; മാല തന്നെ അണിയിക്കുവാന്‍ വരുന്ന ദേവയാനിയെ ഇത് ദൈവത്തിനുള്ളതാണെന്ന് പറഞ്ഞ് അകറ്റുന്ന കചനോട് അങ്ങാണെന്റെ ദൈവം എന്നു പറയുന്ന ദേവയാനി; ഇപ്രകാരം വളരെ രസകരമായ ധാരാളം സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മാട്ടം. ഒടുവില്‍, പശുക്കളെ മേയുവാന്‍ കൊണ്ടുപോയിട്ടു വരാം എന്നു പറഞ്ഞ് കചന്‍ കാട്ടിലേക്ക് ഗമിക്കുന്നു.

കാട്ടിലെത്തുന്ന കചനെ, സുകേതു എന്ന രാക്ഷസകിങ്കരന്‍ കാണുന്നു. കചനെ തിരിച്ചറിയുന്ന സുകേതു, അവനെ വധിച്ച്, ശവം പൊടിച്ച് മദ്യത്തില്‍ ചേര്‍ത്ത് ശുക്രാചാര്യര്‍ക്കു നല്‍കുന്നു. വളരെ നേരമായിട്ടും കചനെ കാണാഞ്ഞ് ദേവയാനി ശുക്രാചാര്യരുടെ പക്കലെത്തുന്നു. ജ്ഞാനദൃഷ്ടിയിലൂടെ കചന്‍ തന്റെ ഉദരത്തിലാണെന്നും, അതെങ്ങിനെ സംഭവിച്ചുവെന്നും മനസിലാക്കുന്ന ശുക്രന്‍; തന്റെ അവസ്ഥ മകളെ അറിയിക്കുന്നു. അച്ഛനിലാണോ, കചനിലാണോ മകള്‍ക്ക് പ്രിയമെന്നാരായുന്ന ഒരു സാധാരണ അച്ഛനാവുന്നു ശുക്രാചാര്യര്‍ ഇവിടെ. ഇരുവരും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നുള്ള ദേവയാനിയുടെ മറുപടി കേട്ട്; തന്റെ ഉദരത്തിലുള്ള കചനെ മൃതജീവനി മന്ത്രത്താല്‍ ജീവിപ്പിച്ച്, കചന് മന്ത്രം ശുക്രാചാര്യര്‍ ഉപദേശിക്കുന്നു. ശുക്രന്റെ ഉദരം പിളര്‍ന്ന് പുറത്തുവരുന്ന കചന്‍, മന്ത്രശക്തിയാല്‍ ശുക്രാചാര്യരേയും പുനരുജ്ജീവിപ്പിക്കുന്നു. തന്റെ ആഗമനോദ്ദേശം പൂര്‍ത്തിയായ കചന്‍, ഗുരുവിനെ വന്ദിച്ച് തിരികെ ദേവലോകത്തേക്ക് മടങ്ങുവാന്‍ ശുക്രനോട് അനുമതി ചോദിക്കുന്നു. തന്റെ മദ്യാസക്തിയാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാര്യമെന്ന് തിരിച്ചറിയുന്ന ശുക്രന്‍, ഇനിയൊരു ബ്രഹ്മണന്‍ അല്പമെങ്കിലും മദ്യം സേവിച്ചാല്‍, അവന്‍ പാപിയായി തീരുമെന്ന് കുലത്തെ ഒന്നടങ്കം ശപിക്കുന്നു. തുടര്‍ന്ന് കചന് മടങ്ങുവാനുള്ള അനുമതി നല്‍കുന്നു.


കലാമണ്ഡലം അരുണ്‍ വാര്യരാണ് സുകേതുവായി അരങ്ങിലെത്തിയത്. വേഷഭംഗികൊണ്ടും, വെടുപ്പുള്ള പ്രവൃത്തികൊണ്ടും പ്രതീക്ഷയ്ക്ക് വകയുള്ള യുവകലാകാരനാണ് അരുണ്‍ വാര്യര്‍. എന്നാലിവിടെ സുകേതുവായുള്ള അദ്ദേഹത്തിന്റെ പ്രകടനം തരക്കേടില്ല എന്നേ പറയുവാനുള്ളൂ. പദങ്ങള്‍ക്ക് മുഴുവനായും വേണ്ടരീതിയില്‍ മുദ്രകാട്ടുവാന്‍ അരുണിനായില്ല. “കാടിതുവനചരനാടകമിവിടെ, തേടിയടുത്തതുമനുകൂലം!” എന്നീ വരികളൊക്കെ മനസിലാക്കിയാണോ അരുണ്‍ അരങ്ങിലെത്തിയതെന്നും സംശയമുണ്ട്; ആ ഭാഗങ്ങളില്‍ കാര്യാമായൊന്നും ആടിക്കണ്ടില്ല! അതുപോലെ വളരെ ശോഷിച്ച ശരീരപ്രകൃതിയും മാറ്റേണ്ടതാണ്; ഇതിപ്പോള്‍ കൈ പൊക്കിയാല്‍ ഇട്ടിരിക്കുന്ന വള മുകളില്‍ തോള്‍പ്പൂട്ടില്‍ ചെന്നു നില്‍ക്കും! കചനും, സുകേതുവും കൂടിയുള്ള യുദ്ധമൊക്കെ ഒരുവിധത്തില്‍ കഴിക്കുകയേ ഉണ്ടായുള്ളൂ. കചനും, ശുക്രനും കൂടിയുള്ള രംഗത്തില്‍; “മന്ദതയാല്‍ ദൈത്യര്‍ ചെയ്ത ദുര്‍നയങ്ങള്‍ ഗുണമായി!” എന്നു കചന്‍ പറയുന്നതു കേട്ട് ശുക്രാചാര്യര്‍ ഒരു ഭാവവ്യത്യാസവും കാട്ടാതെ ഇരുന്നതേയുള്ളൂ. ‘തനിക്ക് നിന്റെ ഉദ്ദേശം മനസിലായിരുന്നു, എല്ലാം വിധിപോലെയേ വരികയുള്ളൂ!’ എന്നോ മറ്റോ ശുക്രന് ആടാവുന്നതാണ്. ഈ പഠിച്ചതൊന്നും കചന് ഉപകരിക്കില്ലെന്നതും ശുക്രന് അറിവുണ്ടായിരിക്കുമല്ലോ, ആ ഒരു അറിവിന്റെ കൂടെ ബലത്തിലാവണം (അതിവിടെ പറയുകയുമരുത്!) ഇവിടെ കാര്യങ്ങള്‍ ശുക്രന്‍ കാണേണ്ടത്. അതുപോലെ, ശുക്രാചാര്യര്‍ ബ്രാഹ്മണരെ ശപിക്കുന്നതു കേട്ട് കചനും ഒന്നും ചോദിച്ചു കണ്ടില്ല. തന്റെ മരണശേഷം, ശുക്രന്റെ ഉദരത്തില്‍ പുനര്‍ജനിക്കുന്നതുവരെ അവിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് കചന് അറിയുകയില്ലല്ലോ, അതിനാല്‍ അവിടെ ശുക്രാചാര്യര്‍ പറയുന്നതെല്ലാം കേട്ടിരിക്കുന്നതിനു പകരം, പദത്തിനു ശേഷമുള്ള മനോധര്‍മ്മത്തില്‍ ഈ രീതിയിലൊരു ചോദ്യം ആകാവുന്നതാണ്. ഇത് അവതരിപ്പിക്കാതെ ഒഴിവാക്കിയതിന് സമയക്കുറവും ഒരു കാരണമായിരിക്കാം.

ദേവയാനി കാണാതെ അവിടെ നിന്നും പോകുവാന്‍ ശ്രമിക്കുന്ന കചന്‍, ദേവയാനിയുടെ മുന്നില്‍ തന്നെ ചെന്നു പെടുന്നു. “സുന്ദരകളേബര! നന്ദിതസുരവര!” എന്ന മനോഹരമായ പദമാണിവിടെ. അത്യധികം പ്രേമത്തോടുകൂടി എന്നെ കാമിച്ചത് പോകുവാനായാണോ, അങ്ങയെ പരദൈവമായി നിനച്ച് സ്നേഹിച്ചു കഴിയുന്ന എന്നോട് ഒന്നും മിണ്ടാതെ പോവുന്നത് അങ്ങേക്കു ചേര്‍ന്നതല്ല; എന്നിങ്ങനെയുള്ള ദേവയാനിയുടെ പരിദേവനങ്ങളാണ് ഈ പദത്തില്‍. മയത്തില്‍ പറഞ്ഞ് ദേവയാനിയെ അനുനയിപ്പിക്കുവാന്‍ കചന്‍ ശ്രമിക്കുന്നു. എന്നാല്‍ തന്റെ കരംഗ്രഹിക്കണമെന്ന ആവശ്യത്തില്‍ ദേവയാനി ഉറച്ചു നില്‍ക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും ദേവയാനി കൂട്ടാക്കുന്നില്ലെന്നു കണ്ട് കചന്‍ തന്റെ സ്വരം അല്പം കടുപ്പിക്കുന്നു. ദേവയാനിയാണ് തന്റെ പുതുജീവന് ഹേതുവെങ്കില്‍, അമ്മയുടെ സ്ഥാനമാണുള്ളത്; ശുക്രാചാര്യരുടെ ഉദരത്തില്‍ നിന്നുമാണ് ഞാന്‍ ജനിച്ചത്, അതിനാല്‍ ദേവയാനി തനിക്ക് സഹോദരിയുമാണ്. ഈ കാരണങ്ങള്‍ പറഞ്ഞ് കചന്‍, ദേവയാനിയെ ഇവിടെ ത്യജിക്കുകയാണെന്ന് ഉറപ്പിച്ചു പറയുന്നു. താന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും, കാരിരുമ്പുമനസുമായി നില്‍ക്കുന്ന ഇവനോട് കരുണ തോന്നേണ്ടതുണ്ടോ എന്ന് ദൈവത്തോട് ചോദിച്ച്; പണ്ടുചെയ്തു തന്നതൊക്കെയും ഒരു വിഷമവുമില്ലാതെ മറന്ന നിനക്ക്, പഠിച്ചതൊന്നും ഉപകാരപ്പെടാതെ പോവട്ടെ എന്ന് ദേവയാനി കചനെ ശപിക്കുന്നു. കാമാര്‍ത്തി പെരുത്ത് ദുര്‍മ്മദയായ നിന്റെ ശാപം ധര്‍മ്മതത്പരനായ എനിക്ക് ഏല്‍ക്കുമോ എന്നു ചോദിച്ച്, നിന്നെ ബ്രഹ്മകുലത്തില്‍ പെട്ട ഒരുവനും പത്നിയായി സ്വീകരിക്കുവാന്‍ ഇടവരാതിരിക്കട്ടെ എന്ന് കചനും ദേവയാനിയെ ശപിക്കുന്നു.


സാധാരണ കഥകളില്‍ നിന്നും വ്യത്യസ്തമായി, രണ്ടു പേര്‍ പിരിയുന്നതോടെ കഥ അവസാനിക്കുകയാണ് ‘കചദേവയാനി’യില്‍. സ്നേഹത്തോടെ വസിച്ചിരുന്ന തങ്ങള്‍, പരസ്പരം ശപിക്കുന്ന നിലയിലേക്കെത്തിയല്ലോ എന്നു വിചാരിച്ച് കചനും, ദേവയാനിയും ഖിന്നരായി നില്‍ക്കുന്ന രീതിയിലാണ് ഇവിടെ രംഗം അവസാനിപ്പിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവന്‍ തുടങ്ങിയവരുടെ ആലാപനം അത്രയൊന്നും കഥയ്ക്ക് മിഴിവേകിയില്ല. ഹൈദരാലി, ഹരിദാസ് തുടങ്ങിയവര്‍ പാടി ഇതിലെ പദങ്ങള്‍ കേട്ടിട്ടുള്ളവര്‍ക്ക് ഒട്ടും തൃപ്തി നല്‍കുവാന്‍ ഉണ്ണികൃഷ്ണന്റെ ആലാപനത്തിനു കഴിയുന്നില്ല. “രമണീയ! ഗുണകര!” എന്നത് ‘രാ’ എന്നു നീട്ടതെ തന്നെ താളത്തില്‍ നിര്‍ത്താമെന്നിരിക്കെ, ‘രാമണീയ!’ എന്നു പാടുന്നതെന്തിനെന്നു മനസിലാവുന്നില്ല. “നല്ലാര്‍മൌലിമാണിക്യക്കല്ലേ! നീ ക്ഷമിക്കേണം!” എന്ന ഭാഗമൊക്കെ അവിസ്മരണീയമായ രംഗമുഹൂര്‍ത്തമായി വികസിപ്പിക്കുവാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ സംഗീതത്തിലെ അപര്യാപ്തത നിമിത്തം ആ ഭാഗമൊന്നും അത്രയ്ക്കങ്ങ് അനുഭവത്തായില്ല. “മന്ദതയാല്‍ ദൈത്യര്‍ ചെയ്ത...” എന്ന ഭാഗം കാലം കേറ്റിയാണ് സാധാരണ പാടിക്കേള്‍ക്കാറുള്ളത്, ഇവിടെ അതും ഉണ്ടായില്ല. അവസാന ഭാഗങ്ങളിലെ “പാണീപീഢനം മേ...”, “ബന്ധം എന്തിഹ തവ!” എന്നീ പദങ്ങളാണ് താരതമ്യേന മികച്ചു നിന്നത്.

‘കചദേവയാനി’ പോലെയൊരു കഥയ്ക്ക് മേളക്കാര്‍ വേഷക്കാരുടെ കൈക്കുകൂടുന്നതില്‍ ഒട്ടും ലോപം വരുത്തുവാന്‍ പാടുള്ളതല്ല. വിശേഷിച്ചും, ആദ്യഭാഗത്തുള്ള കചന്റെ മനോധര്‍മ്മങ്ങള്‍ക്കും, തുടര്‍ന്നു വരുന്ന കചനും ദേവയാനിയും ചേര്‍ന്നുള്ള ആട്ടങ്ങള്‍ക്കും മേളം പ്രധാനമാണ്. കലാമണ്ഡലം ഉണ്ണികൃഷ്ണന് ചെണ്ടയിലും‍, കലാനിലയം മനോജ് മദ്ദളത്തിലും ഒരുമിച്ചൊരുക്കിയ കളിയുടെ മേളം അവസരത്തിനൊത്തുയര്‍ന്നു. മുന്‍പു സൂചിപ്പിച്ച ആട്ടങ്ങള്‍ ഇത്രയും ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെട്ടതില്‍ ഇവരുടെ പങ്കും ചെറുതല്ല. കലാനിലയം സജിയുടെ ചുട്ടി, എരൂര്‍ ശ്രീഭുവനേശ്വരി കഥകളിയോഗത്തിന്റെ കോപ്പുകള്‍ എന്നിവയും നിലവാരം പുലര്‍ത്തി. ചെറിയ നിലയിലുള്ള ഒരു ഗ്രന്ഥശാല ഇത്തരമൊരു കളി അവതരിപ്പിക്കുവാന്‍ ഉത്സാഹിച്ചത് തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെ. വേദിയിലെ വെളിച്ചക്കുറവും, ശബ്ദക്രമീകരണത്തിലെ പോരായ്മകളും തത്കാലം മറക്കാം. മനോധര്‍മ്മങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മൈക്കിലൂടെ അവ വിശദീകരിക്കുന്നത് സാധാരണക്കാര്‍ക്ക് കളി മനസിലാകുവാന്‍ സഹായകകരമാണ്. എന്നാല്‍ അവിടെയും ഇവിടെയും മാത്രം വിശദീകരിക്കുന്നതും, കല്പനകളുടെ സൌന്ദര്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഓരോ മുദ്രയ്ക്കും അര്‍ത്ഥം വേര്‍തിരിച്ചു പറയുന്നതും ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക. കഥകളി അഭ്യസിച്ച ഒരു കലാകാരന്‍ തന്നെ ഈ കര്‍മ്മം ചെയ്യുന്നതാണ് ഭംഗി. ചുരുക്കത്തില്‍, സമയപരിമിതിയുണ്ടായിരുന്നതിനാല്‍ അല്പം വേഗത്തില്‍ തീര്‍ത്ത കളിയായിരുന്നെങ്കിലും, കാണികള്‍ക്ക് ആസ്വാദ്യകരമായ ഒരു അനുഭവമാകുവാന്‍ ഇവിടുത്തെ ‘കചദേവയാനി’ക്ക് സാധിച്ചു.

Description: Elavoor MahatmaGandhi Library Annual Celebrations 2009 - KachaDevayani Kathakali: Kalamandalam Gopi (Kachan), Margi Vijayakumar (Devayani), Kalanilayam Gopinathan (Sukran), Kalamandalam Arun Varier (Sukethu); Pattu: Kalanilayam Unnikrishnan, Kalanilayam Rajeevan; Chenda: Kalamandalam Unnikrishnan; Maddalam: Kalanilayam Manoj; Chutti: Kalanilayam Saji; Kaliyogam: Sri Bhavaneeswari Kathakaliyogam, Eroor. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

2009, ജനുവരി 21, ബുധനാഴ്‌ച

മൈലംകുളത്തെ അര്‍ജ്ജുനവിഷാദവൃത്തം - ഭാഗം രണ്ട്

ജനുവരി 14, 2009: കുരുക്ഷേത്രയുദ്ധത്തിനായി ജയദ്രഥന്‍ സൈനസമേതനായി പുറപ്പെടുന്നതുവരെയുള്ള, ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടക്കഥയുടെ ആദ്യഭാഗത്തിന്റെ ആസ്വാദനം ഇവിടെ കാണാം. അടുത്ത രംഗത്തില്‍ നാം കാണുന്നത് കുരുക്ഷേത്രയുദ്ധത്തിന്റെ ഇടയില്‍ നില്‍ക്കുന്ന അര്‍ജ്ജുനനേയും, ശ്രീകൃഷ്ണനേയുമാണ്. പതിമൂന്നാം ദിവസം യുദ്ധഭൂമിയുടെ ദക്ഷിണഭാഗത്തുനിന്നും തന്നെ പോരിനുവിളിച്ച സംശപ്തകരെ പരാജയപ്പെടുത്തി അര്‍ജ്ജുനനും ശ്രീകൃഷ്ണനും പടകുടീരത്തിലേക്ക് മടങ്ങുന്നു. എന്നാല്‍ അര്‍ജ്ജുനന്റെ മനസില്‍ ആശങ്കകള്‍ നിറയുന്നു, ദുഃശകുനങ്ങള്‍ കാണുന്നു. തന്റെ സഹോദരന്മാര്‍ക്ക് ആപത്തുപിണഞ്ഞുവോ എന്നു തിരക്കുന്ന അര്‍ജ്ജുനനെ, ധര്‍മ്മയുദ്ധത്തില്‍ പങ്കെടുക്കുന്ന സോദരര്‍ക്ക് ഒരപകടവും വരില്ലെന്ന് പറഞ്ഞ് ശ്രീകൃഷ്ണന്‍ സമാധാനിപ്പിക്കുന്നു. അശ്രാന്തയുദ്ധമാണ് നിന്റെ ആധിക്കു കാരണമെന്നും ശ്രീകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ArjunaVishadaVritham Kathakali: Kalamandalam Vijayakrishnan Unnithan as SriKrishnan and Kalamandalam Krishnakumar as Arjunan.
ഇരുവരും തേര്‍ തെളിച്ച് പടകുടീരങ്ങള്‍ക്ക് സമീപമെത്തുന്നു. എല്ലാവരും മൂകരായി തലകുമ്പിട്ടു നില്‍ക്കുന്നു. അര്‍ജ്ജുനനെ കണ്ട് എല്ലാവരും എന്തോ പരസ്പരം പറയുന്നു, ചിലര്‍ അര്‍ജ്ജുനനെ നോക്കി കരയുന്നു. ഭടന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന അര്‍ജ്ജുനന്‍, ജയദ്രഥന്റെ ചതിയാല്‍ അഭിമന്യു മൃതനായ വിവരം മനസിലാക്കുന്നു. അഭിമന്യുവിനെ ഓര്‍ത്തുള്ള അര്‍ജ്ജുനന്റെ വിലാപ പദം; തന്റെ സുതനായ അഭിമന്യുവിന്റെ ദുരന്തം നീയറിയുന്നില്ലയോ എന്ന കൃഷ്ണനോടുള്ള ചോദ്യത്തോടെയാണ് അവസാനിക്കുന്നത്. “തീരാദുഃഖമിതെങ്കിലുമിങ്ങിനെ...” എന്ന കൃഷ്ണന്റെ മറുപടിപദമാണ് തുടര്‍ന്ന്. വീരന്മാര്‍ ഇങ്ങിനെ കരയുകയല്ല, ധീരമായി പോരാടി പോരില്‍ വിജയിക്കുകയാണ് വേണ്ടതെന്ന് അര്‍ജ്ജുനനെ കൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തുന്നു. മന്ദിരത്തില്‍ ചെന്നു നിന്റെ ഭഗിനിയോടെന്താണ് പറയേണ്ടത്; ഇനി എന്തിനാണ് രണവും ഭരണവും; മരണമാണ് തനിക്കിനി ഉചിതം എന്നൊക്കെ അര്‍ജ്ജുനന്‍ വിലാപം തുടരുന്നു. നിന്റെ മകനെ കനിവില്ലാതെ വധിക്കുവാന്‍ കാരണമായവന്‍ ഇനി അധികകാലം ഭൂമിയിലുണ്ടാവരുത് എന്നു പറഞ്ഞ് കൃഷ്ണന്‍ അര്‍ജ്ജുനനെ വീണ്ടും ഉത്തേജിതനാക്കുന്നു. തുടര്‍ന്ന് ജയദ്രഥനെ നാളെ സൂര്യാസ്തമയത്തിനു മുന്‍പ് വധിക്കുമെന്ന് അര്‍ജ്ജുനന്‍ ശപഥം ചെയ്യുന്നു.

ArjunaVishadaVritham Kathakali: Kalamandalam Vijayakrishnan Unnithan as SriKrishnan and Kalamandalam Krishnakumar as Arjunan.
കലാമണ്ഡലം കൃഷ്ണകുമാര്‍ അര്‍ജ്ജുനനേയും, കലാമണ്ഡലം വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍ ശ്രീകൃഷ്ണനേയും അവതരിപ്പിച്ചു. ദുഃശകുനങ്ങള്‍ കണ്ട് വ്യാകുലപ്പെടുന്ന, മകന്റെ മരണവാര്‍ത്തയറിഞ്ഞു ദുഃഖാര്‍ത്തനായ, ജയദ്രഥനോടുള്ള കോപത്താല്‍ പ്രതികാരം ചെയ്യുമെന്നു ശപഥമെടുക്കുന്ന; ഇങ്ങിനെ വിവിധ ഭാവങ്ങളില്‍ അര്‍ജ്ജുനനെ രംഗത്തവതരിപ്പിക്കുന്നതില്‍ കൃഷ്ണകുമാര്‍ വിജയിച്ചു. കലാമണ്ഡലം ഗോപിയുടെ ചുണ്ടു കൂര്‍പ്പിച്ചുള്ള നോട്ടവും, കൈവിറപ്പിക്കലുമെല്ലാം അതേപടി പകര്‍ത്തുവാന്‍ കൃഷ്ണകുമാര്‍ ശ്രദ്ധപുലര്‍ത്തുന്നു. കൃഷ്ണകുമാറിനെപ്പോലെയൊരു നടന്‍, സ്വന്തമായൊരു ശൈലി കൊണ്ടുവരാതെ ഇപ്രകാരം അനുകരണങ്ങളില്‍ അഭിരമിക്കുന്നതെന്തിനെന്നു മനസിലാവുന്നില്ല. അര്‍ജ്ജുനന്റെ ഭാവത്തിനനുസരിച്ച് തന്റെ ശരീരഭാഷയോ, മുഖഭാവമോ പ്രകടിപ്പിക്കുവാന്‍ വിജയകൃഷ്ണന്‍ ഉണ്ണിത്താന്റെ ശ്രീകൃഷ്ണന്‍ ശ്രമിച്ചു കണ്ടില്ല. അര്‍ജ്ജുനനോട് ഒരു ദയയുമില്ലാത്ത, നിര്‍വ്വികാരനായ കൃഷ്ണനായതിനാല്‍ തന്നെ‍, പ്രേക്ഷകനെ ഉലയ്ക്കുവാന്‍ തക്കവണ്ണം രംഗങ്ങള്‍ ശോഭിച്ചില്ല.

അര്‍ജ്ജുനന്റെ ശപഥവാര്‍ത്തയറിഞ്ഞ് ജയദ്രഥന്‍ യുദ്ധഭൂമിയില്‍ വരാതെ ഒളിച്ചിരിക്കുന്നു. സന്ധ്യയോടടുത്തിട്ടും ജയദ്രഥനെ പോരിനു കിട്ടാഞ്ഞ് അര്‍ജ്ജുനന്‍ വിഷമിക്കുന്നു. ശ്രീകൃഷ്ണന്‍ വീണ്ടും അര്‍ജ്ജുനന്റെ രക്ഷയ്ക്കെത്തുന്നു. സുദര്‍ശന ചക്രത്താല്‍ സൂര്യനെമറച്ച് കൃത്രിമശ്യാമ ചമച്ചിടാം, അതുകണ്ട് പുറത്തുവരുന്ന സൈന്ധവനെ വധിക്കുക എന്ന് ശ്രീകൃഷ്ണന്‍ വഴി പറഞ്ഞു നല്‍കുന്നു. ജയദ്രഥന്റെ ശിരസ് ഭുമിയില്‍ വീഴ്തരുത്, വൃദ്ധനായ പിതാവിന്റെ മടിയില്‍ ചേര്‍ക്കുകയാണ് വേണ്ടതെന്ന് കൂട്ടത്തില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. “കുന്തിതനയ! നിന്റെ ശപഥമെങ്ങുപോയിതെങ്ങുപോയി?” എന്നു പരിഹസിച്ചെത്തുന്ന ജയദ്രഥനെ കണ്ട് സൂര്യനസ്തമിക്കുവാന്‍ ഇനിയും നാഴികകള്‍ ബാക്കിയുണ്ടെന്ന് അര്‍ജ്ജുനന്‍ അറിയിക്കുന്നു. ശ്രീകൃഷ്ണന്‍ സുദര്‍ശനത്തെ പിന്‍‌വലിച്ച് സൂര്യനെ പിന്നെയും ദൃശ്യമാക്കുന്നു. ഇരുവരും ചേര്‍ന്നുള്ള യുദ്ധത്തിനൊടുവില്‍ ജയദ്രഥന്റെ ശിരസസ്ത്രമയിച്ചറുത്ത്, അകലെ തപസുചെയ്യുകയായിരുന്ന ജയദ്രഥന്റെ പിതാവായ വൃദ്ധക്ഷത്രന്റെ മടിയില്‍ വീഴ്ത്തുന്നു. ഞെട്ടിയെഴുനേല്‍ക്കുന്ന അയാളുടെ മടിയില്‍ നിന്നും ജയദ്രഥന്റെ ശിരസ് താഴെ വീഴുന്നു, ശിരസ് താഴെ വീഴുവാന്‍ കാരണമായ വൃദ്ധക്ഷത്രന്‍ ശിരസ് പൊട്ടിത്തകര്‍ന്ന് മരിക്കുന്നു.

ArjunaVishadaVritham Kathakali: Kalamandalam Vijayakrishnan Unnithan as SriKrishnan, Kalamandalam Krishnakumar as Arjunan and Kalamandalam Ramachandran Unnithan as Jayadrathan.
അര്‍ജ്ജുനനെ പരിഹസിച്ചുള്ള ജയന്ദ്രഥന്റെ, “കുന്തിതനയ! നിന്റെ ശപഥമെങ്ങുപോയി....” എന്നു തുടങ്ങുന്ന പദം നാട്ടക്കുറിഞ്ഞിയില്‍ കാലംകയറ്റിയാണ് പാടാറുള്ളത്. ഒരു തമാശപ്പാട്ടായാണ് ഈ പദം കേട്ടാല്‍ തോന്നുക. പരിഹാസമാണ് ഉദ്ദേശിക്കുന്നതെങ്കിലും, ഒരു രാജാവായ ജയദ്രഥന്‍ പരിഹസിക്കുമ്പോള്‍, അതിനൊരു ആഢ്യത്വം വേണമല്ലോ! ഇതിപ്പോള്‍ മീശപിരിച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ നായകവേഷം, സലിംകുമാറിന്റെ വളിപ്പിറക്കുന്നതു പോലെയിരിക്കുന്നു! ജയദ്രഥന്റെ മരണം അരങ്ങില്‍ കാണിക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ച് കാര്യമായ ധാരണ തിരശ്ശീലക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. എങ്ങിനെയൊക്കെയോ ആ ഭാഗങ്ങള്‍ അവതരിപ്പിച്ചു തീര്‍ത്തു എന്നേ പറയുവാനുള്ളൂ. ജയദ്രഥവധത്തിനു ശേഷം അര്‍ജ്ജുനനും, ശ്രീകൃഷ്ണനുമായി ചില മനോധര്‍മ്മാട്ടങ്ങളുമുണ്ടായി. സൂര്യനെ മറയ്ക്കുവാനുള്ള കാരണം, പാപമുക്തിക്കായി യജ്ഞം നടത്തുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയവയൊക്കെ ആടുകയുണ്ടായി. (ഈ ഭാഗങ്ങള്‍ ശരിയായി മനസിലാക്കുവാന്‍ എനിക്കായില്ല!)

ArjunaVishadaVritham Kathakali: Margi Vijayakumar as Dussala and Mangad Vishnuprasad as Surathan.
രണ്ടു ബ്രാഹ്മണര്‍ മാര്‍ഗമദ്ധ്യേ കണ്ടുമുട്ടി സംസാരിക്കുന്ന രംഗമാണ് അടുത്തത്. അശ്വമേധയാഗവാര്‍ത്തയും, യാഗാശ്വവുമായി അര്‍ജ്ജുനന്‍ തിരിച്ചിരിക്കുന്നതുമൊക്കെയാണ് ഇവരുടെ സംഭാഷണത്തില്‍ വരുന്നത്. രുഗ്മാംഗദചരിതത്തിലേയോ, സുഭദ്രാഹരണത്തിലേയോ ബ്രാഹ്മണരുടെ രംഗങ്ങള്‍ക്കുള്ള പ്രാധാന്യം ഇതിനുള്ളതായി തോന്നിയില്ല. ദുശ്ശളയുടെ മടിയില്‍ സുരഥപുത്രനുറങ്ങുന്നു. മകനായ സുരഥന്‍ പ്രവേശിക്കുന്നു. തന്റെ വിധിയോര്‍ത്തു ദുഃഖിച്ചിരിക്കുന്ന അമ്മയെക്കണ്ട്, പാണ്ഡവരോട് പ്രതികാരം ചെയ്യുവാന്‍ താന്‍ മതിയെന്ന് സുരഥന്‍ അമ്മയെ സമാധാനിപ്പിക്കുവാനായി പറയുന്നു. എന്നാല്‍ അവരോട് വൈരമരുതെന്നും; ശത്രുതയും, മാത്സര്യവും പാരില്‍ സുഖം തരികയില്ലെന്നും; മിത്രതകൊണ്ടുമാത്രമേ കുലത്തിന് അഭിവൃദ്ധിയുണ്ടാവുകയുള്ളൂ എന്നും മറ്റും ദുശ്ശള പുത്രനെ ഉപദേശിക്കുന്നു. ഈ അവസരത്തില്‍ ദ്വാരപാലകര്‍ വന്ന് ശത്രുവായ അര്‍ജ്ജുനന്‍ പടയോടുകൂടി രാജ്യത്തെത്തിയിരിക്കുന്നു എന്നറിയിക്കുന്നു. ഇതുകേട്ട് ഹൃദയാഘാതത്താല്‍ സുരഥന്‍ വീണുമരിക്കുന്നു.

പതിയും, സഹോദരന്മാരുമുള്‍പ്പടെ സകലരേയും യുദ്ധത്തില്‍ നഷ്ടപ്പെട്ട തനിക്ക്, തന്റെ പുത്രനെക്കൂടി നഷ്ടമായതുകണ്ട് പൌത്രനേയും കൂട്ടി ദുശ്ശള അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തന്റെ മകനും മരിച്ചു, ഇനി അവശേഷിക്കുന്ന സുരഥപുത്രനെയെങ്കിലും ശത്രുവായിക്കണ്ട് വധിക്കരുതെന്ന് അര്‍ജ്ജുനനോട് ദുശ്ശള അപേക്ഷിക്കുന്നു. സുരഥന്‍ മരിച്ചതെങ്ങിനെയെന്ന് ആരായുന്നതിനോടൊപ്പം, വധിച്ചതാരാണെങ്കിലും അവനെ താന്‍ വകവരുത്തുന്നുണ്ടെന്നും അര്‍ജ്ജുനന്‍ അറിയിക്കുന്നു. പിതാവിനെ വധിച്ച താന്‍ രാജ്യത്തെത്തിയതറിഞ്ഞാണ് സുരഥന്‍ മരിച്ചത് എന്നു കേട്ട് അര്‍ജ്ജുനന്‍ വിവശനാവുന്നു. ദുശ്ശളയുടെ വിലാപം കണ്ട്, യുദ്ധത്തില്‍ അച്ഛനെ, മകനെ, ഭര്‍ത്താവിനെ നഷ്ടപ്പെട്ട അബലകളായ നിരവധി സ്ത്രീകള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നതായി അര്‍ജ്ജുനനു തോന്നുന്നു. താന്‍ മൂലം സുരഥനു നേരിട്ട ദുര്‍ഗതിയില്‍ അര്‍ജ്ജുനന്‍ ദുശ്ശളയോട് മാപ്പപേക്ഷിക്കുന്നു, കൂടാതെ രാജ്യത്തെ രാജാവായി സുരഥപുത്രനെ വാഴിക്കുകയും ചെയ്യുന്നു.

ArjunaVishadaVritham Kathakali: Kalamandalam Krishnakumar as Arjunan and Margi Vijayakumar as Dussala.
ജയദ്രഥന്റെ വധത്തിനു ശേഷമുള്ള രംഗങ്ങളാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. വിജയികളുടെ ഭാഗത്തുകൂടിയാണ് സാധാരണ കഥകള്‍ മുന്നേറാറുള്ളത്. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയായ, ദുശ്ശളയുടെ വശമാണ് ‘അര്‍ജ്ജുനവിഷാദവൃത്ത’ത്തില്‍ തുടര്‍ന്നു പ്രതിപാദിക്കുന്നത്. എന്നാല്‍ അവസാനരംഗം ഇരുവരും ചേര്‍ന്നുള്ള സാധാരണ സംഭാഷണം എന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. ഇനി ശത്രുത പാടില്ല, മൈത്രി പുലരേണം എന്നൊക്കെ ദുശ്ശളയും; കഴിഞ്ഞതെല്ലാം മറക്കുക, തന്റെ ചെയ്തികള്‍ക്ക് മാപ്പുനല്‍കണം എന്നിങ്ങനെ അര്‍ജ്ജുനനും പലരീതികളില്‍ പറയുന്നുവെന്നു മാത്രം. ബാഹുകനും, കേശിനിയും കൂടിയുള്ള സംഭാഷണം; കുന്തിയും, കര്‍ണ്ണനും തമ്മിലുള്ള രംഗം ഇവയൊക്കെയും ഇതുപോലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ദീര്‍ഘമായ സംഭാഷണങ്ങളാണ്. എന്നാല്‍ അത്രയൊന്നും തീവ്രത ഈ രംഗത്തിനു വരുന്നില്ല. അര്‍ജ്ജുനനോ, ദുശ്ശളയ്ക്കോ കാര്യമാ‍യ ഭാവവ്യതിയാനങ്ങളും രംഗത്തില്‍ സംഭവിക്കുന്നില്ല. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് പദമാടുക എന്നതിനപ്പുറം ഇവിടെ ഒന്നും ചെയ്യുവാനില്ല. ഒരേ സ്വഭാവമുള്ള പദങ്ങളുടെ ആവര്‍ത്തനം പ്രേക്ഷകന് രംഗത്തോടുള്ള താത്പര്യം കുറയ്ക്കുകയും ചെയ്യുന്നു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീ‍വന്‍ തുടങ്ങിയവരായിരുന്നു ഈ ഭാഗങ്ങളുടെ ആലാപനം. കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും, കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മേളത്തിനു കൂടി. വേദിയും, ശബ്ദസംവിധാനവും മിക്ക കഥകളി അരങ്ങുകളിലേയും പോലെ നിലവാരം കുറഞ്ഞതായിരുന്നെങ്കിലും; സംഘാടകരുടെ ആത്മാര്‍ത്ഥത നോട്ടീസില്‍ ദൃശ്യമാണ്. രംഗം തിരിച്ച് കഥാഭാഗം വിശദമായി പ്രതിപാദിക്കുവാനായി, ഈ കഥയ്ക്കു മാത്രം, ആറോളം പേജുകളാണ് അവര്‍ നീക്കിവെച്ചിരിക്കുന്നത്. കാണികള്‍ എല്ലാവര്‍ക്കും കഥയെക്കുറിച്ച് നല്ല ധാരണയുണ്ടാക്കുവാന്‍ ഇത് സഹായിക്കും. മുതുപിലാക്കാട് ചന്ദ്രശേഖരന്‍‌പിള്ള, മാര്‍ഗി ശ്രീകുമാര്‍ എന്നിവരുടെ ചുട്ടി നിലവാരം പുലര്‍ത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിന്റെ വേഷങ്ങളും, അലങ്കാരങ്ങളും അത്രയൊന്നും മെച്ചമെന്നു പറയുവാനില്ല. ചുരുക്കത്തില്‍, ശൈശവദിശയിലുള്ള കഥയുടെ ബാലാരിഷ്ടതകള്‍ ഒഴിവാക്കി നോക്കിയാല്‍; കഥയുടേയും, പദങ്ങളുടേയും പരിമിതികള്‍ക്കുള്ളില്‍ നിന്ന്, തങ്ങള്‍ക്കാവും വിധം കലാകാരന്മാര്‍ ആടിഫലിപ്പിച്ച ഒരു അരങ്ങായിരുന്നു മൈലംകുളത്തേത്.

Description: ArjunaVishadaVritham Kathakali staged at Mailamkulam Sri NagarajaKshethram, Kottarakkara. Kalamandalam Ramachandran Unnithan (Jayadrathan), Margi Vijayakumar (Dussala), Kalamandalam Krishnakumar (Arjunan), Kalamandalam Vijayakrishnan Unnithan (SriKrishnan), Mangad Vishnuprasad (Surathan), Kalabharathi Vasudevan (Doothan); Pattu: Pathiyoor Sankarankutty, Kalamandalam Vinod, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Venukkuttan, Kalamandalam Achuthavarier; Chutti: Muthupilakkad Chandrasekharan Pillai, Margi Sreekumar; Kaliyogam: Poruvazhi SriKrishnaVilasam Kathakaliyogam. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

2009, ജനുവരി 18, ഞായറാഴ്‌ച

മൈലംകുളത്തെ അര്‍ജ്ജുനവിഷാദവൃത്തം - ഭാഗം ഒന്ന്

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Margi Vijayakumar as Dussala.
ജനുവരി 14, 2009: കൊട്ടാരക്കര മൈലംകുളം ശ്രീ നാഗരാജാക്ഷേത്രത്തില്‍; മകരവിളക്കിനോടും, നൂറും പാലും മഹോത്സവത്തോടും അനുബന്ധിച്ച് മേജര്‍സെറ്റ് കഥകളി അരങ്ങേറി. പി. രാജശേഖര്‍ രചിച്ച ‘അര്‍ജ്ജുനവിഷാദവൃത്ത’മായിരുന്നു ആദ്യം അവതരിക്കപ്പെട്ടത്. നവീന കഥകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണിത്. കൌരവരുടെ ഏക സഹോദരിയായ ദുശ്ശളയ്ക്ക് പ്രാധാന്യമുള്ള കഥ എന്ന നിലയിലും ഈ ആട്ടക്കഥ ശ്രദ്ധേയമാണ്. വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരിക്കുവാന്‍ ശ്രമിച്ച ജയദ്രഥനെ പാണ്ഡവര്‍ തോല്പിച്ച് ബന്ധനത്തിലാക്കുന്നു. സഹോദരിയായ ദുശ്ശളയുടെ ഭര്‍ത്താവ് എന്ന പരിഗണനയില്‍ ധര്‍മ്മപുത്രരുടെ നിര്‍ദ്ദേശാനുസരണം ജയദ്രഥനെ വധിക്കാതെ, തലമുണ്ഡനം ചെയ്ത് അവമാനിച്ചയയ്ക്കുന്നു. ഇതിനു പകരം വീട്ടുവാനായി ജയദ്രഥന്‍ ശിവനെ തപസ്സു ചെയ്യുന്നു. താന്‍ പാശുപതാസ്ത്രം നല്‍കിയ അര്‍ജ്ജുനനൊഴികെ മറ്റു നാലുപേര്‍ ഒരുമിച്ചു വന്നാലും ജയദ്രഥന് തടുക്കുവാനാവുമെന്ന് ശിവന്‍ വരം നല്‍കുന്നു. വരം നേടി തിരികെ സ്വരാജ്യത്തിലെത്തുന്ന ജയദ്രഥനില്‍ നിന്നുമാണ് ഈ കഥ ആരംഭിക്കുന്നത്.

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Margi Vijayakumar as Dussala.
ജയദ്രഥന്‍ തന്റെ ഭാര്യയായ ദുശ്ശളയുടെ സമീപമെത്തുന്നു. എന്നാല്‍ തോഴിമാര്‍ പറഞ്ഞ് ജയദ്രഥന്റെ ചെയ്തികളെല്ലാം അറിയുന്ന ദുശ്ശള കോപത്തിലാണ്. കാരണം തിരക്കുന്ന ജയദ്രഥനോട് “പാഞ്ചാലിതന്നില്‍ അല്ലോ കൌതുകം...” എന്ന തന്റെ വിചാരം ദുശ്ശള അറിയിക്കുന്നു. പഞ്ചപുരുഷന്മാര്‍ക്ക് പത്നിയായി കഴിയുന്ന പാഞ്ചാലിയോട് തനിക്ക് താത്പര്യമില്ലെന്നും, പരമേശപാദം ഭജിച്ചു വരങ്ങള്‍ നേടിയ തനിക്ക് ഇനി അരികള്‍ തൃണസമാനമാണെന്നും മറ്റും പറഞ്ഞ് ജയദ്രഥന്‍ ദുശ്ശളയെ ആശ്വസിപ്പിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായിരുന്നു ഇവിടെ ജയദ്രഥനായി വേഷമിട്ടത്. കെട്ടിപ്പഴകാത്തതിന്റെ കുറവുകള്‍ തിരനോട്ടം മുതല്‍ക്കു തന്നെ അദ്ദേഹത്തിന്റെ കത്തിവേഷത്തില്‍ പ്രകടമായിരുന്നു. കത്തിവേഷങ്ങള്‍ക്കു വേണ്ട ആഢ്യത്വം പലപ്പോഴും കാണുവാനുണ്ടായിരുന്നില്ല. പദാര്‍ത്ഥം അഭിനയിക്കുമ്പോള്‍ വളരെ നന്നായി മുദ്രകള്‍ കാട്ടി തുടങ്ങുമെങ്കിലും, അവ പൂര്‍ണ്ണതയോടെ അവസാനിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. വേഷഭംഗിയും, മനോധര്‍മ്മങ്ങള്‍ ചാരുതയോടെ അവതരിപ്പിക്കുവാന്‍ പ്രതിഭയുമുള്ള അദ്ദേഹത്തിന് അല്പം ശ്രദ്ധവെച്ചാല്‍ കത്തിവേഷങ്ങളും മികച്ചതാക്കാവുന്നതേയുള്ളൂ.

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Margi Vijayakumar as Dussala.
ജയദ്രഥന്റെ ആദ്യപദത്തിലുള്ള “ഉല്ലസിച്ചുദ്യാനത്തില്‍, സല്ലപിക്കേണ്ടും കാലം...” എന്ന ഭാഗം അല്പം വിസ്തരിച്ച് ‘പൂക്കള്‍ പറിച്ചു മുടിയില്‍ ചൂടി, ഊഞ്ഞാലാടി, വിവിധ കാമലീലകളാടി കഴിയേണ്ടതല്ലേ?’ എന്ന രീതിയില്‍ അവതരിപ്പിക്കുകയുണ്ടായി. “പഞ്ചപുരുഷന്മാര്‍ക്കും...” എന്ന പദമെടുത്ത് വട്ടം തട്ടി, ഇന്ദ്രപ്രസ്ഥത്തില്‍ ദുര്യോധനാദികള്‍ നേരിട്ട അവമാനവും, പാഞ്ചാലീസ്വയംവരസമയത്ത് നേരിട്ട അവമാനവും എല്ലാം ഓര്‍ത്ത്, അവയ്ക്ക് പകരമായാണ് താന്‍ പാഞ്ചാലിയെ അപഹരിക്കുവാന്‍ ശ്രമിച്ചത് എന്ന് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടുകയുണ്ടായി. നീയുള്ളപ്പോള്‍ മറ്റൊരുവള്‍ എനിക്കു വേണമോ എന്നൊരു ചോദ്യവും ഒടുവില്‍ ചോദിച്ചു. അപ്പോള്‍ തോഴിമാര്‍ പറയുന്നതൊക്കെ കളവാണോ എന്ന് ദുശ്ശള സന്ദേഹിക്കുന്നു. അവര്‍ ഏഷണി കൂട്ടുകയാണ്, താന്‍ പറയുന്നതാണ് സത്യമെന്ന് ജയദ്രഥന്‍ ആണയിടുന്നു. മാര്‍ഗി വിജയകുമാറിന്റെ ദുശ്ശള, ഭര്‍ത്താവിന്റെ മോശം വര്‍ത്തമാനങ്ങള്‍ എണ്ണി എണ്ണി പറയുന്നതില്‍ ഉത്സുകയായി തോന്നിച്ചു. ജയദ്രഥനെക്കുറിച്ച് ഓരോ കാര്യങ്ങള്‍ കേട്ട്, ദുഃഖിതയായ ഒരു സാധാരണ സ്ത്രീയാണ് ദുശ്ശള. ജയദ്രഥന്റെ വാക്കുകള്‍ ദുശ്ശള ഒരു വിഷമവും കൂടാതെ വിശ്വസിച്ച്, എത്ര പെട്ടെന്നാണ് സ്നേഹത്തോടെ പെരുമാറി തുടങ്ങുന്നത്!. നേരേ നിന്നു നേരു ചൊല്ലുന്ന നാലാംദിവസത്തിലെ ദമയന്തിയുടെ ശരീരഭാഷ ദുശ്ശളയ്ക്കു നല്‍കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Margi Vijayakumar as Dussala.
ജയദ്രഥനെക്കുറിച്ചുള്ള പരിഭവങ്ങള്‍ നീങ്ങി ദുശ്ശള വീണ്ടും സ്നേഹത്തിലാവുന്നു. ഇരുവരും ചേര്‍ന്നുള്ള ശൃംഗാരപദങ്ങളായ; “സുന്ദരസൂനങ്ങളും സുരഭില ചന്ദനവും...” എന്ന നാട്ട രാഗത്തിലുള്ള പദം, “ശാരദരജനിവരുന്നു തേരില്‍...” എന്ന ആരഭിയിലുള്ള പദം എന്നിവയാണ് തുടര്‍ന്ന്. ദുശ്ശളയുടെ മനോഹരമായ പദചലനങ്ങള്‍ കണ്ട് കൊതിപൂണ്ട് അരയന്നങ്ങള്‍ അവയെ അനുകരിച്ച് അനുഗമിക്കുന്നു എന്നയാട്ടം ഇവിടെ വിസ്തരിച്ചു. അരയന്നങ്ങള്‍ പദചലനം നോക്കി കണ്ട്, അനുകരിക്കുന്നതായി വളരെ തന്മയത്വത്തോടെ ഉണ്ണിത്താന്‍ അവതരിപ്പിച്ചു. പദാഭിനയത്തിനൊടുവില്‍ ദൂരെ നിന്നും ഒരു ദൂതന്‍ വരുന്നതു കണ്ട്, ദുര്യോധനന്റെ ദൂതനെന്നു തോന്നുന്നു എന്നാടി വേഗം രാജസഭയിലെത്തട്ടെ എന്നു പറഞ്ഞാണ് ഉണ്ണിത്താന്‍ രംഗമവസാനിപ്പിച്ചത്. എന്നാല്‍ ദുര്യോധനന്റെ ദൂതന്‍ അപ്പോള്‍, അവിടെ വരുന്നതായി ആടുന്നത് ഒട്ടും യോജ്യമല്ല. ഇരുവരും ഉദ്യാനത്തിലാണ്, സമയം രാത്രിയാണ്, മാത്രവുമല്ല ജയദ്രഥന്‍ തപസ്സ് ചെയ്ത് വരങ്ങള്‍ നേടി എത്തുന്ന സമയത്തിനുള്ളില്‍ വനവാസവും, അജ്ഞാതവാസവും, ദൂ‍തുമെല്ലാം കഴിഞ്ഞ് യുദ്ധാരംഭമാകുവാനുള്ള സാധ്യതയും കുറവാണ്. കലാഭാരതി വാസുദേവനാണ് ദൂതനായി വേഷമിട്ടത്. യാതൊരു ഭാവവും മുഖത്തു വരുത്താതെ, ആടിത്തീര്‍ത്തു എന്നതിനപ്പുറം ഒന്നും തന്നെ അദ്ദേഹത്തിന്റെ വേഷത്തെക്കുറിച്ചു പറയുവാനില്ല. ശ്രീകൃഷ്ണന്‍ ദൂതിനെത്തിയതും, അന്യജാതരായ പാണ്ഡവര്‍ക്ക് പാതിരാജ്യം നല്‍കുകയില്ലെന്ന് ദുര്യോധനന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് യുദ്ധം ആസന്നമായെന്നും ദൂതന്‍ അറിയിക്കുന്നു. സേനയോടൊത്ത് താന്‍ എത്രയും പെട്ടെന്ന് യുദ്ധത്തിനായി ചേരുന്നതാണ് എന്നു പറഞ്ഞ് ജയദ്രഥന്‍ ദൂതനെ അയയ്ക്കുന്നു.

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Kalabharathi Vasudevan as Doothan.
ദൂതന്‍ തൊഴുതു മടങ്ങുന്നതിനൊപ്പം ദുശ്ശള പ്രവേശിക്കുന്നു. ആജന്മവൈരികളെ വധിച്ച്, വിജയിയായി താന്‍ തിരികെയെത്തുമെന്ന് ജയദ്രഥന്‍ ദുശ്ശളയെ സമാശ്വസിപ്പിക്കുന്നു. നീയൊരു സാധാരണ സ്ത്രീയല്ല, നൂറു കൌരവര്‍ക്ക് കണ്ണില്‍ കൃഷ്ണമണിയെന്നപോലെ ഒരേയൊരു സോദരിയാണ്, നിനക്ക് ഭയം തോന്നരുത് എന്നു പറയുന്ന ജയദ്രഥനോട്; തന്റെ ശരീരത്തില്‍ ക്ഷത്രിയ രക്തമാണെന്നും, തനിക്ക് ഒട്ടും ഭയമില്ലെന്നും ദുശ്ശള മറുപടി നല്‍കുന്നു. ജയദ്രഥനെ രക്തതിലകമണിയിച്ച്, പടവാളു നല്‍കി ദുശ്ശള യാത്രയാക്കുന്നു. വാള്‍ നല്‍കുന്ന അവസരത്തില്‍ ദുഃശകുനമായി അത് താഴെ വീഴണം. എന്നാല്‍ ഇവിടെ അതുണ്ടായില്ല. തുടര്‍ന്ന് ജയദ്രഥന്‍ പടപ്പുറപ്പാടാടി, യുദ്ധത്തിനായി തിരിക്കുന്നു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം വിനോദ് തുടങ്ങിയവരാണ് ഇത്രയും ഭാഗത്തെ പദങ്ങള്‍ ആലപിച്ചത്. പദങ്ങള്‍ നോക്കിപ്പാടിയതിനാലാവാം, ആലാപനത്തില്‍ ഭാവം കുറവായിരുന്നു. കലാമണ്ഡലം വേണുക്കുട്ടന്‍ മദ്ദളത്തിലും, കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മേളത്തിനു കൂടി. “കളകളരവമൊടു കൂടണയുന്നൊരു...” എന്ന ഭാഗത്ത് മദ്ദളത്തില്‍ കിളികളുടെ ചിലച്ചില്‍ കേള്‍പ്പിക്കുവാനൊന്നും വേണുക്കുട്ടന്‍ ഉത്സാഹിച്ചില്ല. ജയദ്രഥന്‍ കളകളരവം കേള്‍ക്കുന്നതായി എടുത്താടിയിട്ടും പ്രയോജനമുണ്ടായില്ല. എന്നാല്‍ “കിളികളവള്‍ക്കൊരു ശുഭശകുനം...” എന്നു പാടിയപ്പോള്‍ കിളികളുടെ ശബ്ദം മദ്ദളത്തില്‍ കേള്‍പ്പിക്കുകയും ചെയ്തു! ജയദ്രഥവധവും, വിഷാദവൃത്തവും ഉള്‍പ്പെട്ട തുടര്‍ന്നുള്ള ഭാഗങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റില്‍.

Description: ArjunaVishadaVritham Kathakali staged at Mailamkulam Sri NagarajaKshethram, Kottarakkara. Kalamandalam Ramachandran Unnithan (Jayadrathan), Margi Vijayakumar (Dussala), Kalamandalam Krishnakumar (Arjunan), Kalamandalam Vijayakrishnan Unnithan (SriKrishnan), Mangad Vishnuprasad (Surathan), Kalabharathi Vasudevan (Doothan); Pattu: Pathiyoor Sankarankutty, Kalamandalam Vinod, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Venukkuttan, Kalamandalam Achuthavarier; Chutti: Muthupilakkad Chandrasekharan Pillai, Margi Sreekumar; Kaliyogam: Poruvazhi SriKrishnaVilasam Kathakaliyogam. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

2009, ജനുവരി 14, ബുധനാഴ്‌ച

പെരുന്നയിലെ നളചരിതം രണ്ടാം ദിവസം - ഭാഗം രണ്ട്

Nalacharitham Randam Divasam Kathakali @ Perunna: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi and Kalamandalam Ramachandran Unnithan as Kali & Kattalan.
ജനുവരി 1, 2009: മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്ന, ചങ്ങനാശ്ശേരിയില്‍ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യഭാഗം ഇവിടെ കാണാം. നളനില്‍ പ്രവേശിച്ചതിനു ശേഷം കലി, ദ്വാപരനുമൊന്നിച്ച് പുഷ്കരനെ ചെന്നു കാണുന്നു. കലിയുടെ വാക്കു വിശ്വസിച്ച് നളനെ ചൂതിനു വിളിക്കുവാന്‍ പുഷ്കരന്‍ ആദ്യം വിസമ്മതിക്കുന്നു. താന്‍ എപ്രകാരമാണോ നളന്റെ ആശ്രിതനായി ഇവിടെ കഴിയുന്നത് അപ്രകാരം തന്റെ മക്കള്‍ നളന്റെ മക്കളുടെ ആശ്രിതരായി കഴിയേണ്ടിവരും എന്ന കലിയുടെ വാക്കുകള്‍ പുഷ്കരനെ ചിന്താകുഴപ്പത്തിലാക്കുന്നു. ഇരുവരും തന്നെ ചതിക്കുകയില്ലെന്ന് സത്യം ചെയ്തു വാങ്ങിയതിനു ശേഷം കലിയുടെ നിര്‍ദ്ദേശപ്രകാരം നളനെ ചൂതുവിളിക്കുക തന്നെ എന്ന് പുഷ്കരന്‍ നിശ്ചയിക്കുന്നു.

Nalacharitham Randam Divasam: Sadanam Krishnankutty as Pushkaran, Kalamandalam Ramachandran Unnithan as Kali and Thiruvalla Babu as Dwaparan.
സദനം കൃഷ്ണന്‍‌കുട്ടിയായിരുന്നു പുഷ്കരനായി അരങ്ങിലെത്തിയത്. സമയക്കുറവു കാരണമാവാം “അരികില്‍ വന്നുനിന്നതാരെ...” എന്ന ആദ്യപദമൊക്കെ അത്രയ്ക്ക് വിസ്തരിക്കുകയുണ്ടായില്ല. സദനം കൃഷ്ണന്‍‌കുട്ടിയുടെ എടുപ്പുകളും, മുഖഭാവങ്ങളും മറ്റും പുഷ്കരന് നന്നേ യോജിക്കും. പുഷ്കരന്റെ ആശ്രിതത്വത്തെ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലി അവതരിപ്പിച്ചത്, ‘എപ്രകാരം നീ ആഹാരം, എണ്ണ, വസ്ത്രം എന്നിവയ്ക്കായി നളന്റെ മുന്നില്‍ കൈ നീട്ടുന്നുവോ, നാളെ അതുപോലെ നിന്റെ മക്കളും അവന്റെ മക്കളുടെ മുന്നില്‍ ഇവയ്ക്കായി യാചിച്ചു നില്‍ക്കേണ്ടി വരും!’ എന്ന രീതിയിലായിരുന്നു. പുഷ്കരനെ പറഞ്ഞിളക്കുന്നത് വളരെ വിശ്വസിനീയമായി രംഗത്ത് അവതരിപ്പിക്കുവാന്‍ കൃഷ്ണന്‍‌കുട്ടിക്കും, രാമചന്ദ്രന്‍ ഉണ്ണിത്താനും സാധിച്ചു. പ്രേക്ഷകരെ അഭിമുഖീകരിക്കുന്നതിനു പകരം, മിക്കസമയവും കലിയേയും, പുഷ്കരനേയും തിരിഞ്ഞു നോക്കിയായിരുന്നു തിരുവല്ല ബാബുവിന്റെ ദ്വാപരന്‍ നിന്നിരുന്നത്. കലാമണ്ഡലം ബാലചന്ദ്രന്‍, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഈ ഭാഗത്തെ ആലാപനം.

Nalacharitham Randam Divasam: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi and Sadanam Krishnankutty as Pushkaran.
കലിദ്വാപരന്മാരെ അയച്ചതിനു ശേഷം പുഷ്കരന്‍ നളനെത്തേടി കൊട്ടാരത്തിലെത്തുന്നു. രാജാവ് പത്നിയോടൊപ്പം ഉദ്യാനത്തിലാണെന്ന് സേവകനില്‍ നിന്നും അറിഞ്ഞ് ഉദ്യാനത്തിലേക്ക് തിരിക്കുന്നു. ദൂരെ ഇരുവരേയും കണ്ട്, അല്പം കൂടി അടുത്തെത്തി നളനെ ചൂതിനു വിളിക്കുന്നു. “വീരസേനസൂനോ!” എന്നു തുടങ്ങുന്ന പദമാണിവിടെ. ആദ്യം ധൈര്യത്തോടെ ചൂതിനു വിളിക്കുന്നെങ്കിലും, നളന്‍ മുന്നിലെത്തുമ്പോള്‍ പുഷ്കരന്‍ അല്പം പരുങ്ങുന്നു. വീണ്ടും ധൈര്യം വീണ്ടെടുത്ത് ചൂതു കളിക്കുക തന്നെ എന്നുറയ്ക്കുന്നു. ഇവന്‍ നിസ്സാരനാണെന്നും, ഇവനെ തോല്പിക്കുക തനിക്ക് ഒട്ടും പ്രയാസമുള്ള കാര്യമല്ലെന്നും ദമയന്തിയെ ആശ്വസിപ്പിച്ച് പുഷ്കരനോടൊത്ത് നളന്‍ ചൂതിനൊരുങ്ങുന്നു. എന്നാല്‍ കലിബാധിതനായ നളന്റെ നീക്കങ്ങള്‍ പിഴയ്ക്കുന്നു. രാജ്യവും, സര്‍വ്വസമ്പത്തുകളും കൈക്കലാക്കി പുഷ്കരന്‍ നളനെ കാട്ടിലേക്കയയ്ക്കുന്നു. ഭീമരാജാവിന്റെ സമീപത്തേക്ക് പോകുവാന്‍ ദമയന്തിയോട് നളന്‍ പറയുന്നെങ്കിലും, അതു കൂട്ടാക്കാതെ ദമയന്തി നളനെ അനുഗമിക്കുന്നു.

Nalacharitham Randam Divasam: Margi Vijayakumar as Damayanthi, Kalamandalam Gopi as Nalan and Sadanam Krishnankutty as Pushkaran.
ഈ ഭാഗങ്ങള്‍ കഴിവതും വേഗത്തില്‍ തീര്‍ക്കുകയാണ് പതിവ്. അധികം വിശദീകരിച്ച് ആടേണ്ട കാര്യവുമില്ല. പുഷ്കരന്‍ “ഇനി പൊരുന്നതാകില്‍, വനവാസം ചെയ്ക തോറ്റാല്‍...” എന്നു പറയുമ്പോള്‍, കുട്ടികളെ ഭീമരാജാവിന്റെ അടുത്താക്കുവാന്‍ ദമയന്തി ഒരു ഭൃത്യനെ (ജീവലന്‍, കുട്ടികളെ ഭീമരാജാവിന്റെ സമീപമാക്കി അയാള്‍ ഋതുപര്‍ണ രാജധാനിയില്‍ ചെന്നു ചേരുന്നു.) നിയോഗിക്കുന്നതായും ആടുക പതിവുണ്ട്. പുഷ്കരന്റെ ചൂതുവിളി കേള്‍ക്കുന്നതു മുതല്‍ക്ക്, ദമയന്തിയുടെ ഓരോ ഭാവവും നളന്റെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാവണം. മാര്‍ഗി വിജയകുമാര്‍ ഈ ഭാഗങ്ങള്‍ വളരെ ഭംഗിയായി തന്നെ രംഗത്തവതരിപ്പിച്ചു. ചൂതു കളിക്കുവാനായുള്ള പലകയും, കരുക്കളും എടുത്തു നല്‍കുവാന്‍ അണിയറക്കാരോ, സേവകന്റെ വേഷത്തില്‍ ഒരാളോ ഉണ്ടായിരുന്നില്ല. അതിനാല്‍ ആ സമയം ശിങ്കിടി പാടിയിരുന്ന രാജീവനാണ് അതു കലാമണ്ഡലം ഗോപിയുടെ സമീപമുള്ള സ്റ്റൂളിലേക്ക് കൊണ്ടു വെച്ചത്. വെച്ചു മടങ്ങുവാന്‍ തുടങ്ങിയ രാജീവനെ, ഗോപിയാശാന്‍ വിളിച്ച് അവ രണ്ടും നടുവിലേക്ക് വെയ്പ്പിച്ചു. ആശാന്‍ തന്നെയാണ് വിളിച്ചതെന്നോര്‍ത്ത് എന്തെന്നു ചോദിച്ച രാജീവന്, തന്നെ ഒരു ഭൃത്യനാക്കി അഭിനയിപ്പിക്കുകയായിരുന്നു എന്നു മനസിലായത്, ‘ഇനി പൊയ്ക്കോളൂ...’ എന്ന് ആശാന്‍ തുടര്‍ന്നാടിയപ്പോഴാണ്. ഇത് രംഗത്തു പ്രവര്‍ത്തിച്ച കലാകാരന്മാരുള്‍പ്പടെ (വേഷക്കാരൊഴിച്ച്) എല്ലാവരിലും ചിരി പടര്‍ത്തി.

Nalacharitham Randam Divasam: Kalamandalam Gopi as Nalan and Margi Vijayakumar as Damayanthi.
ദമയന്തിയോടൊത്ത് നളന്‍ കാട്ടിലെത്തുന്നു. പക്ഷികളെ പിടിക്കുവാന്‍ ശ്രമിക്കവെ നളന് തന്റെ വസ്ത്രവും നഷ്ടമാവുന്നു. എന്തൊക്കെപ്പറഞ്ഞിട്ടും തന്നെ വിട്ടു പോകുവാന്‍ ഇവള്‍ തയ്യാറാവുന്നില്ലെന്നു കണ്ട്, ഉറങ്ങുന്ന അവസരത്തില്‍ നളന്‍ ദമയന്തിയെ കാട്ടിലുപേക്ഷിച്ച് ഓടി മറയുന്നു. പോവുന്നതിനു മുന്‍പ് നാണം മറയ്ക്കുവാനായി ദമയന്തിയുടെ വസ്ത്രത്തില്‍ നിന്നും ഒരു പാതി മുറിച്ചെടുക്കുകയും ചെയ്യുന്നു. ഉറക്കമുണരുന്ന ദമയന്തി നളനെക്കാണാതെ പരിഭ്രമിച്ച് കാട്ടില്‍ അലഞ്ഞു നടക്കുന്നു. മുടി മുന്നിലേക്കിട്ട് ഭ്രാന്തമായ ഒരു അവസ്ഥയില്‍ നളനെ അവതരിപ്പിച്ച്; അതിനു ശേഷം വിട്ടു പോകുവാ‍നും വയ്യ, പോവാതെയും വയ്യ എന്നരീതിയില്‍ പലവട്ടം മുന്നിലേക്കും പിന്നിലേക്കും നീങ്ങി; ഒടുവില്‍ ദമയന്തിയെ വിട്ട് ഓടി മറയുന്നതായാണ് കലാമണ്ഡലം ഗോപി വേര്‍പാട് രംഗം അവതരിപ്പിക്കുവാറുള്ളത്. എന്നാലിവിടെ അത്രയൊന്നും തീവ്രത രംഗത്തിനു നല്‍കുവാന്‍ അദ്ദേഹം ശ്രമിച്ചു കണ്ടില്ല.

Nalacharitham Randam Divasam: Kalamandalam Ramachandran Unnithan as Kattalan.
കാട്ടിലുറങ്ങുകയായിരുന്ന ഒരു കാട്ടാളന്‍ പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ടുണരുന്നു. ശബ്ദം തിരക്കിച്ചെല്ലുന്ന അവന്‍ കാണുന്നത്, സുന്ദരിയായ ഒരു സ്ത്രീയെയാണ്. അവളുടെ കാലില്‍ ഒരു പെരുമ്പാമ്പ് പിടുത്തമിട്ടിരിക്കുന്നു. പെരുമ്പാമ്പിനെ കൊന്ന് കാട്ടാളന്‍ ദമയന്തിയെ രക്ഷിക്കുന്നു. തുടര്‍ന്ന്, ഒരാളുടെ പ്രാണന്‍ രക്ഷിക്കുന്നതിന് പകരമായി എന്തുതന്നെ ചെയ്താലും മതിയാവുകയില്ല, അതിനാല്‍ വേണ്ടുന്ന ദിക്കിലേക്ക് തന്നെവിട്ട് പൊയ്ക്കൊള്ളുക എന്ന് ദമയന്തി പറയുന്നു. ‘അങ്ങിനെ ഞാനെങ്ങിനെയാണ് പോവുക?’ എന്നാണ് കാട്ടാളന്റെ ചോദ്യം. തനിക്ക് ചോര്‍ച്ചയില്ലാത്ത ഒരു വീടുണ്ട്, വനസുഖമറിഞ്ഞ് നമുക്കിവിടെ വാഴാം എന്നാണ് കാട്ടാളന്‍ പറയുന്നത്. തന്റെ പാതിവ്രത്യം ഭംഗം ചെയ്യുവാന്‍ തുനിയുന്നവന്‍ ഭസ്മമായിമാറും എന്ന് ദമയന്തിക്ക് ലഭിച്ചിട്ടുള്ള വരത്തിന്റെ ശക്തിയാല്‍ കാട്ടാളന്‍ ഭസ്മമായിപ്പോവുന്നു.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ തന്നെയാണ് കാട്ടാളനായും എത്തിയത്. ആവശ്യത്തിന് സമയമെടുത്ത് ഉടുത്തൊരുങ്ങാത്തതിനാല്‍, വേഷഭംഗി നന്നേ കുറവായിരുന്നു. ഉടുത്തുകെട്ടിയതിന് ഒട്ടും വെടിപ്പുണ്ടായിരുന്നില്ല. ആഭരണങ്ങളില്‍ ചിലത് ഇടയ്ക്ക് അഴിഞ്ഞു പോവുകയും ചെയ്തു. കഥകളിക്ക് വേഷഭംഗി കൂടിയേ തീരൂ. വേഷം ഭംഗിയായി തീര്‍ന്നാല്‍ തന്നെ നടന്റെ പകുതി ജോലി കഴിഞ്ഞുവെന്നു പറയാം. അങ്ങിനെയല്ലാതെ അരങ്ങിലെത്തി, എന്തൊക്കെ വൃത്തിയായി ആടിയാലും അത് പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായി അനുഭവപ്പെടുകയുമില്ല. ആരവം കേട്ടുണരുന്ന കാട്ടാളന്‍, ആദ്യം തന്നെ സുന്ദരമായ ശബ്ദമെവിടെ നിന്നു വരുന്നുവെന്നാണ് ആടിയത്. പരിചിതമല്ലാത്ത ഒരു ശബ്ദം മാത്രമേ തുടക്കത്തില്‍ കാട്ടാളന്‍ കേള്‍ക്കേണ്ടതുള്ളൂ. ആയുധങ്ങളൊക്കെയെടുത്ത്, ഏകദേശം മരത്തിനിടയില്‍ കാണാവുന്നത്രയും അടുത്തെത്തുമ്പോഴാണ് സ്വരത്തിനുടെ മാധുര്യം കൊണ്ട് ഇത് ഒരുത്തിയാണ് എന്ന് കാട്ടാളന്‍ മനസിലാക്കുന്നത്. പാമ്പിനെ കൊല്ലുന്നതിലാണ് ഈ കാലത്ത് കാട്ടാളന്മാര്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇവിടെ പാമ്പിനെ എതോ ചെടിയുടെ ഇല പിഴിഞ്ഞ് നീരുവീഴ്ത്തി മയക്കിയതിനു ശേഷം, കല്ലെടുത്ത് മുകളിലിട്ട് കൊല്ലുന്നതായാണ് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ചത്. ചില തനി നാടന്‍ശൈലിയിലുള്ള നൃത്തവിശേഷങ്ങളും ഉണ്ണിത്താന്റെ കാട്ടാളനില്‍ കാണാം. വേഷഭംഗിയിലെ കുറവ് ഒന്നുകൊണ്ടു മാത്രം നിറം മങ്ങിപ്പോയ കാട്ടാളനായിരുന്നു പെരുന്നയിലേത്.

Nalacharitham Randam Divasam: Kalamandalam Ramachandran Unnithan as Kattalan and Margi Vijayakumar as Damayanthi.
പാമ്പിനെ കൊന്നതിനു ശേഷം, ദമയന്തിയുടെ മുറിവിലേക്ക് മരുന്ന് പിഴിഞ്ഞൊഴിക്കുവാനും കാട്ടാളന്‍ യത്നിക്കുന്നുണ്ട്. ‘ചിങ്ങോലിയിലെ കാട്ടാളനും, ദമയന്തിയും’ എന്ന പോസ്റ്റില്‍, സദനം കൃഷ്ണന്‍കുട്ടിയുടെ കാട്ടാളന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചപ്പോള്‍, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി ശ്രദ്ധിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാലിവിടെ കാട്ടാളന് മരുന്നൊഴിക്കുവാന്‍ തക്കവണ്ണം കാലു നീട്ടിക്കൊടുക്കുകയാണ് വിജയകുമാര്‍ ചെയ്തത്. പ്രാണരക്ഷയ്ക്കപ്പുറത്തേക്ക് ഒരു സഹായവും ദമയന്തിക്ക് കാട്ടാളനില്‍ നിന്നും സ്വീകരിക്കുവാന്‍ ഉദ്ദേശമില്ല. ആ രീതിയിലൊരു പ്രവര്‍ത്തി മാര്‍ഗി വിജയകുമാറിന്റെ ഭാഗത്തു നിന്നുണ്ടായത് ഖേദകരമായി.

പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരാണ് ഈ ഭാഗങ്ങള്‍ ആലപിച്ചത്. പുഷ്കരനും, കലിയും തമ്മിലുള്ള ഭാഗം വരെ കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശശി തുടങ്ങിയവര്‍ മേളമൊരുക്കി. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്ക് കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാനിലയം മനോജ് തുടങ്ങിയവരാണ് യഥാക്രമം ചെണ്ടയിലും, മദ്ദളത്തിലും പ്രവര്‍ത്തിച്ചത്. മേളവിഭാഗം താരതമ്യേന മികച്ചു നിന്നു. കഥകളിക്ക് ആ കലാരൂപം അര്‍ഹിക്കുന്ന പരിഗണനയോ, ഗൌരവമോ നല്‍കുവാന്‍ സംഘാടകര്‍ ഇവിടെ ശ്രമിച്ചു കണ്ടില്ല. അരങ്ങില്‍ ഒരു ചെറിയ വിളക്ക് ഉപയോഗിച്ചു എന്നതുമാത്രം ഒരു നല്ല കാര്യമായി പറയാം. കഥകളിക്ക് പിന്‍‌കര്‍ട്ടനായി മഞ്ഞപട്ടായിരുന്നു ഉപയോഗിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ലബ്ബിന്റെ കോപ്പുകളുടെ ശോചനീയാവസ്ഥ ഇതിനു മുന്‍പും ചില പോസ്റ്റുകളില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. അതിനോടു കൂടി ഈ നിറത്തിലുള്ള പിന്‍‌തിരശീല കൂടിയായപ്പോള്‍, ഒരു വേഷവും അരങ്ങില്‍ ശോഭിച്ചില്ല. ഒരു കഥ തന്നെ വൃത്തിയായി അവതരിപ്പിക്കുവാന്‍ സമയമില്ലാതെയിരിക്കുമ്പോള്‍; പുറപ്പാട്, ഡബിള്‍ മേളപ്പദം എന്നിവയും; രണ്ടാമതായി മറ്റൊരു കഥയും ഉള്‍പ്പെടുത്തിയത് എന്തിനു വേണ്ടിയാണെന്ന് മനസിലാവുന്നില്ല. ചുരുക്കത്തില്‍, ഒരു ആസ്വാദകനും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ആഗ്രഹിക്കാത്ത ഒരു അരങ്ങായിരുന്നു പെരുന്നയിലേത്.

Description: Nalacharitham Randam Divasam (Second Day) Kathakali staged at Perunna, Changanasseri as part of Mannam Jayanthi Celebrations 2009. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali and Kattalan, Thiruvalla Babu as Dwaparan. Pattu by Pathiyoor Sankarankutty, Kalamandalam Balachandran and Kalanilayam Rajeevan; Maddalam by Kalamandalam Sasi, Kalanilayam Manoj; Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas. Chutti by Neerlamperur Jayan and Chingoli Purushothaman. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

2009, ജനുവരി 8, വ്യാഴാഴ്‌ച

പെരുന്നയിലെ നളചരിതം രണ്ടാം ദിവസം - ഭാഗം ഒന്ന്

Nalacharitham Randam Divasam Kathakali - Part One: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali.
ജനുവരി 1, 2009: ഈ വര്‍ഷത്തെ മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ നടന്ന നായര്‍ മഹാസമ്മേളനത്തിന്റെ ആദ്യ ദിനം രാത്രി, പുലരും വരെ കഥകളി അവതരിപ്പിക്കപ്പെട്ടു. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവര്‍ കൃഷ്ണവേഷങ്ങളായെത്തിയ പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ പാട്ടിലും; കലാമണ്ഡലം ശശി, കലാനിലയം മനോജ് തുടങ്ങിയവര്‍ മദ്ദളത്തിലും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച ഇരട്ടമേളപ്പദവും തുടര്‍ന്നുണ്ടായി. വൈകി ആരംഭിച്ചതിനാല്‍ ‘മഞ്ജുതര കുഞ്ജതല...’യ്ക്കു ശേഷം ‘ചലമലയ...’യിലെത്തി പെട്ടെന്ന് അവസാനിപ്പിച്ച മേളപ്പദമായിരുന്നു ഇവിടുത്തേത്. സമയമില്ലെങ്കില്‍ ഇപ്രകാരം പേരിനുവേണ്ടി മാത്രമായി മേളപ്പദം അവതരിപ്പിക്കാതിരിക്കുകയാണ് ഉചിതം.

Nalacharitham Randam Divasam: Kalamandalam Gopi as Nalan and Margi Vijayakumar as Damayanthi.
കലാമണ്ഡലം ഗോപി നളനായും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങിലെത്തിയ നളചരിതം രണ്ടാം ദിവസമായിരുന്നു തുടര്‍ന്ന്. “കുവലയവിലോചനേ...” എന്ന നളന്റെ ആദ്യപതിഞ്ഞ പദം, സാധാരണ രീതിയില്‍ സമയമെടുത്ത്, വിസ്തരിച്ച് അഭിനയിക്കുവാന്‍ കലാമണ്ഡലം ഗോപി ശ്രമിച്ചു കണ്ടില്ല. “നവയൌവനവും വന്നു നാള്‍ തോറും വളരുന്നു...” എന്ന ഭാഗത്തില്‍ ‘നാള്‍ തോറും’ എന്നതിന് ഓരോ നാളിലും എന്നതിനു പകരം എല്ലാ നാളിലും എന്നാണ് ഗോപി മുദ്രകാട്ടിയത്. അര്‍ത്ഥകല്പനയില്‍ ഓരോ ദിവസവും പ്രായമേറുന്നു എന്നതിനാണല്ലോ, എല്ലാ ദിവസവും പ്രായമേറുന്നു എന്നതിലും ഭംഗി.

‘ലജ്ജകളഞ്ഞ് എന്നെയൊന്നു നോക്കുകില്ലേ? എന്നിലെ കാമാഗ്നിയെ അധരങ്ങളാല്‍ നീ അണയ്ക്കുകില്ലേ?’ എന്ന ഒരു ചെറിയ മനോധര്‍മ്മവും “സാമ്യമകന്നോരു ഉദ്യാനം...” പദത്തിനു മുന്‍പായി, ശ്ലോകം പാടുന്ന വേളയില്‍ കലാമണ്ഡലം ഗോപിയില്‍ നിന്നുമുണ്ടായി. ദമയന്തി പദമാടിത്തുടങ്ങുമ്പോള്‍, കിളികളെ നോക്കി ശബ്ദിക്കരുതെന്ന് ആവശ്യപ്പെടുന്നതിനു പകരമായി; ‘ഇവളുടെ സ്വരം കേട്ടിട്ടും കുറുകുവാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?’ എന്നൊരു ചോദ്യമാണ് നളനില്‍ നിന്നുമുണ്ടായത്. “...എത്രയുമഭിരാമ്യം ഇതിനുണ്ടതു നൂനം.” എന്നു പറയുന്ന ദമയന്തിയോട്, ‘അതിലും സൌന്ദര്യമുള്ളവളല്ലേ നീ?’ എന്നൊരു മറുചോദ്യമാണ് നളനുള്ളത്. ഇതേ രീതിയില്‍ “...കാമ്യം നിനയ്ക്കുന്നാകില്‍, സാമ്യമല്ലിതു രണ്ടും.” എന്ന ഭാഗത്ത് ‘നമ്മളിരുവരും അപ്രകാരമല്ലയോ?’ എന്നും; “...മൃഗാങ്കനുദിക്കയല്ലീ?” എന്നയിടത്ത് ‘എന്റെ മുന്നില്‍ നീ ഉദിച്ചിരിക്കുമ്പോള്‍ അവയൊക്കെ നിഷ്‌പ്രഭം!’ എന്നും ഗോപി ആടുകയുണ്ടായി. ഇവയ്ക്കെല്ലാം യുക്തമായ രീതിയില്‍, മിതമാ‍യ മറുപടികള്‍; പദാഭിനയത്തില്‍ ഭംഗം വരുത്താതെ തന്നെ, വിജയകുമാര്‍ നല്‍കുകയും ചെയ്തു.

Nalacharitham Randam Divasam: Kalamandalam Gopi as Nalan and Margi Vijayakumar as Damayanthi.
വിവാഹത്തിനു മുന്‍പുള്ള തന്റെ അവസ്ഥ നളന്‍ പറയുന്ന പദമായ “ദയിതേ! നീ കേള്‍...” എന്നതിനു ശേഷം ഇരുവരുടേയും മനോവിചാരങ്ങള്‍ പങ്കുവെയ്ക്കുന്ന മനോധര്‍മ്മാട്ടമാണ്. ബ്രഹ്മദേവന്‍ വിശിഷ്ടവസ്തുക്കളാല്‍ ദമയന്തിയെ സൃഷ്ടിച്ചുവെന്നു തുടങ്ങുന്ന ആട്ടമായിരുന്നു ആദ്യം. (ഈ ആട്ടത്തെക്കുറിച്ച് വിശദമായി ഈ പോസ്റ്റില്‍ കാണാം.) സ്വയംവരത്തിനായുള്ള ഭീമരാജാവിന്റെ അറിയിപ്പ് ലഭിച്ച്, നൈഷധത്തില്‍ നിന്നും പുറപ്പെട്ട്, പടയോടു കൂടി യാത്ര ചെയ്യുന്ന വേളയില്‍ ദേവന്മാര്‍ മുന്നിലെത്തിയതും, അവരുടെ ദൂതനായി ദമയന്തിയെക്കണ്ടതും, ദമയന്തിയുടെ മറുപടി ദേവന്മാരെ അറിയിക്കുന്നതും, സ്വയംവരത്തില്‍ നളരൂപത്തില്‍ ദേവകളെത്തിയതും നളന്‍ സ്മരിക്കുന്നു. തുടര്‍ന്ന് തന്നെ എങ്ങിനെ തിരിച്ചറിഞ്ഞു എന്നു നളന്‍ ദമയന്തിയോടു ചോദിക്കുന്നു. താന്‍ കുട്ടിക്കാലം മുതല്‍ക്കേ മനസില്‍ സങ്കല്‍പ്പിക്കുന്ന നളനെ തനിക്ക് കാട്ടിത്തരുവാന്‍ ദേവന്മാരോട് പ്രാര്‍ത്ഥിച്ചതു പ്രകാരം അവര്‍ സ്വചിഹ്നങ്ങള്‍ തനിക്ക് ദൃശ്യമാക്കി എന്ന് ദമയന്തി മറുപടി നല്‍കുന്നു. ഇരുവരും തുടര്‍ന്ന് ഉദ്യാനത്തിലേക്ക് നീങ്ങുന്നു. ഉദ്യാനത്തില്‍ ഹംസങ്ങള്‍ ദമയന്തിയുടെ നടത്തത്തില്‍ അസൂയപൂണ്ട് മാറി മറയുന്നു, ഈ സമയത്ത് “നളിനമിഴിമാര്‍ക്കെല്ലാം നടപഠിപ്പാന്‍...” എന്ന് ഹംസം പറഞ്ഞത് നീ ഓര്‍ക്കുന്നില്ലേ എന്നൊരു ചോദ്യവും നളന്‍ ദമയന്തിയോട് ചോദിക്കുകയുണ്ടായി. താമരയിലയാല്‍ മറഞ്ഞിരിക്കുന്ന ഇണയെ കാണാഞ്ഞ് കരയുന്ന ചക്രവാകം, പേടമാന്‍ തന്റെ കുട്ടികള്‍ക്ക് പാലൂട്ടുന്നത് തുടങ്ങി സാധാരണ ഉണ്ടാവാറുള്ള ആട്ടങ്ങളും അവതരിക്കപ്പെട്ടു.

Nalacharitham Randam Divasam Kathakali: Thiruvalla Hari (Indran), Kalamandalam Ramachandran Unnithan (Kali), Thiruvalla Babu (Dwaparan).
സ്വയംവരം കഴിഞ്ഞ് മടങ്ങുന്ന ഇന്ദ്രാദികളെ, സ്വയംവരത്തിനായി പുറപ്പെട്ട കലിദ്വാപരന്മാര്‍ വഴിയില്‍ സന്ധിക്കുന്നു. കലി, ഭൈമീസ്വയംവരത്തിനായി തിരിച്ചിരിക്കുകയാണെന്ന് മനസിലാക്കുന്ന ഇന്ദ്രന്‍, അവളുടെ വിവാഹം കഴിഞ്ഞുവെന്നും, നളനെന്നു പേരായ ഒരു രാജാവിനെ അവള്‍ വരിച്ചുവെന്നും അറിയിക്കുന്നു. ദേവന്മാര്‍ പോലും പങ്കെടുത്ത സ്വയംവരത്തില്‍, ദമയന്തി ഒരു മനുഷ്യപ്പുഴുവിനെയാണ് പതിയായി തിരഞ്ഞെടുത്തത് എന്ന വാര്‍ത്ത കലിയെ കുപിതനാക്കുന്നു. അവളെയും, രാജ്യത്തെയും അവനില്‍ നിന്നും പിരിക്കുമെന്ന് കലി ശപഥമെടുക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, തിരുവല്ല ബാബു എന്നിവരാണ് യഥാക്രമം കലിയായും, ദ്വാപരനായും അരങ്ങിലെത്തിയത്. “കനക്കെക്കൊതികലര്‍ന്നു മിഴിച്ചുപാവകളെ...” എന്ന ഭാഗമെടുത്ത് വട്ടംതട്ടി; കിട്ടാത്ത മുന്തിരി കുറുക്കന് പുളിക്കും എന്ന ആട്ടമാണ് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആദ്യമാടിയത്. തുടര്‍ന്ന്; യജ്ഞഭാഗത്തിന് അര്‍ഹതയുള്ള ദേവന്മാര്‍, ഭൂമിയില്‍ വന്ന് സദ്യയുണ്ട് അതിന്റെ കേമത്തം വിളമ്പുന്നു എന്നൊക്കെ പറഞ്ഞ് ഇന്ദ്രാദികളെ കണക്കിന് പരിഹസിക്കുന്നു. കൂട്ടാനൊഴിച്ച് ചോറുരുട്ടി ഉണ്ണുന്നതും, പഴം തൊലിച്ച് പാല്‍‌പായസത്തില്‍ കുഴച്ച് കഴിക്കുന്നതും മറ്റും വിസ്തരിച്ചാടി പ്രേക്ഷകരെ നന്നായി രസിപ്പിച്ച് ഈ ഭാഗം ഉണ്ണിത്താന്‍ അരങ്ങില്‍ അവതരിപ്പിച്ചു. തങ്ങള്‍ ആഹാരം കഴിക്കുകയല്ല ചെയ്തത്, അവരെ ഇരുവരേയും ചേര്‍ക്കുവാനായി വന്നു, അവരെ ഒരുമിപ്പിച്ച് അനുഗ്രഹങ്ങളും നല്‍കി മടങ്ങുന്നു എന്നു പറഞ്ഞ് ഇന്ദ്രന്‍ തടിതപ്പുന്നു. കലിയുടെ പരിഹാസങ്ങള്‍ കാര്യമായി ശ്രദ്ധിക്കാത്ത, ആവശ്യത്തിനു മാത്രം മറുപടി നല്‍കുന്ന സൌമ്യനായ ഇന്ദ്രനെയാണ് തിരുവല്ല ഹരി അവതരിപ്പിച്ചത്.

“എനിക്കിന്നിതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം...” എന്ന പദഭാഗം ദ്വാപരനാണ് ആടിയത്. ഒടുവില്‍, “പിണക്കിയകറ്റുവന്‍ ഞാനവനെയും, ദ്രുവമവളെയും, രാജ്യമകലെയും...” എന്നു പാടി ദ്വാപരന്‍ ആദ്യം പ്രതിജ്ഞയെടുത്തു, ശേഷം കലിയുമെടുത്തു! ദ്വാപരന് ഈ ഭാഗങ്ങളിലൊന്നും പദം ആടുവാനില്ല. ഇനി വേഷം കെട്ടിയത് വെറുതേയാവണ്ട, എന്തെങ്കിലുമൊന്ന് ആടണം എന്ന ഉദ്ദേശത്തിലാണെങ്കില്‍; “മനസിലുറപ്പോടവള്‍ പരക്കും ജനം നടുവില്‍...” എന്ന ഭാഗം മാത്രം ദ്വാപരന് നല്‍കാവുന്നതാണ്. ഇവിടെ ദമയന്തി മനസില്‍ ഒരു ചഞ്ചലത്വവുമില്ലാതെയാണോ നളനെ വരിച്ചത് എന്ന് ദ്വാപരന് ഇന്ദ്രനോട് എടുത്തു ചോദിക്കാം. അതു ചെന്ന് കലിയോടു പറഞ്ഞ് കലിയുടെ കോപം കൂട്ടുകയുമാവാം. “ഒരു മനുഷ്യപ്പുഴുവിനെയോ വരിച്ചുപോല്‍?” എന്ന ഭാഗം തിരിച്ച് കലിയിലെത്തുകയും വേണം. ഇതു കൂടാതെ “മിനക്കെട്ട് അങ്ങുമിങ്ങും നടക്ക...” എന്ന ഭാഗങ്ങളില്‍ കലിയോടു ചേര്‍ന്ന് നടക്കുകയും മറ്റും ചെയ്യുവാനും സാധ്യതയുണ്ട്. ഇതൊന്നുമല്ലാതെ, കലിയുടെ കോപം ദ്വാപരനെടുത്ത് ജ്വലിപ്പിക്കുന്നതും, അവരെ പിണക്കിയകറ്റുമെന്ന് ശപഥം ചെയ്യുന്നതും മറ്റും തികച്ചും അനുചിതമാണ്.

Nalacharitham Randam Divasam Kathakali: Kalamandalam Ramachandran Unnithan (Kali), Thiruvalla Babu (Dwaparan).
തുടര്‍ന്ന് തന്റെ ശപഥം സാധ്യമാക്കുവാന്‍ എന്തുവഴിയെന്ന് ആരായുന്ന കലിക്ക്, പുഷ്കരനെക്കുറിച്ച് ദ്വാപരന്‍ അറിവു നല്‍കുന്നു. പുഷ്കരനെ മുഷ്കരനാക്കി, നളനെ ചൂതില്‍ തോല്‍പിക്കാമെന്ന് ഇരുവരും നിശ്ചയിക്കുന്നു. നളനില്‍ പ്രവേശിക്കുവാനായി കലി നൈഷധത്തിലേക്ക് തിരിക്കുന്നു. നളന്റെ രാജ്യം ധര്‍മ്മരാജ്യമാണെന്നു സൂചിപ്പിക്കുന്ന ഒന്നുരണ്ട് ആട്ടങ്ങള്‍ ഇവിടെ രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിക്കുകയുണ്ടായി. സതിയനുഷ്ഠിക്കുന്ന ഒരു സ്ത്രീയെ കാണുന്നതും അതിലൊന്നാണ്. ‘കഴക്കൂട്ടത്തെ നളചരിതം രണ്ടാം ദിവസം’ എന്ന പോസ്റ്റില്‍, സതിയെ പ്രകീര്‍ത്തിച്ചുള്ള ആട്ടം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല എന്നു സൂചിപ്പിച്ചിരുന്നു. കാലത്തിനു ചേരാത്ത ആട്ടങ്ങള്‍ കലയില്‍ നിന്നും ഒഴിവാക്കുക തന്നെയാണ് നല്ലത്.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആദ്യരംഗം ആലപിച്ചത്. മുദ്രാപ്രകരണത്തിനനുസൃതമായി പദം പാടുന്നതില്‍ ഇരുവരും ശ്രദ്ധപുലര്‍ത്തി. ഈ ഭാഗത്ത് മേളത്തിനു കൂടിയ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം ശശി തുടങ്ങിയവരും മോശമായില്ല. കലാമണ്ഡലം ബാലചന്ദ്രന്‍, തിരുവല്ല സിനു തുടങ്ങിയവരാണ് കലിയുടെ പ്രവേശം മുതല്‍ക്കുള്ള ഭാഗങ്ങള്‍ പാടിയത്. അധികം കസര്‍ത്തുകളില്ലാതെ, മര്യാദയ്ക്ക് പാടിയാല്‍ ബാലചന്ദ്രന്റെ പാട്ട് കേട്ടിരിക്കാം. എന്നാല്‍ ഒരു കാര്യവുമില്ലാതെ നീട്ടിയും, കുറുക്കിയും, ഇടക്കു നിര്‍ത്തിയും മറ്റും ആകെ അലങ്കോലമാക്കിയുള്ള സ്ഥിരം ശൈലിയിലായിരുന്നു ഇവിടെയും അദ്ദേഹത്തിന്റെ പാട്ട്. “മിനക്കെട്ടങ്ങുമിങ്ങും നടക്കമാത്രമിഹ...” എന്ന ഭാഗത്ത് കലി മുന്‍പോട്ടു നടക്കുമ്പോള്‍ മേല്‍‌സ്ഥായിയിലും, തിരികെ നടക്കുമ്പോള്‍ കീഴ്‌സ്ഥായിയിലുമായാണ് ബാലചന്ദ്രന്‍ പാടിയത്. കൂടെപ്പാടിയ തിരുവല്ല സിനുവിന് കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. ബാലചന്ദ്രന്റെ സഞ്ചാരങ്ങള്‍ക്കൊപ്പിച്ച് പാടുക ആരാലും ദുഷ്കരമാണ്! കലാകേന്ദ്രം പീതാംബരന്‍, കലാനിലയം മനോജ് എന്നിവരായിരുന്നു ഈ ഭാഗത്തെ മേളം കൈകാര്യം ചെയ്തത്.

കലിദ്വാപരന്മാര്‍ പുഷ്കരനെ ചെന്നു കാണുന്നതും, ചൂതില്‍ തോറ്റ് ദമയന്തിയെ നളന്‍ വേര്‍പിരിയുന്നതും മറ്റുമുള്‍പ്പെടുന്ന തുടര്‍ന്നുള്ള ഭാഗങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റില്‍.

Description: Nalacharitham Randam Divasam (Second Day) Kathakali staged at Perunna, Chenganasseri as part of Mannam Jayanthi Celebrations 2009. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali, Thiruvalla Hari as Indran, Thiruvalla Babu as Dwaparan. Pattu by Pathiyoor Sankarankutty, Kalamandalam Balachandran, Kalanilayam Rajeevan and Thiruvalla Sinu; Maddalam by Kalamandalam Sasi, Kalanilayam Manoj; Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas. Chutti by Neerlamperur Jayan and Chingoli Purushothaman. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--