2009, ജനുവരി 30, വെള്ളിയാഴ്‌ച

എളവൂരെ കചദേവയാനി

KachaDevayani Kathakali - Kalamandalam Gopi as Kachan and Margi Vijayakumar as Devayani.
ജനുവരി 24, 2009: എളവൂര്‍ മഹാത്മഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘കചദേവയാനി’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപി കചനേയും, മാര്‍ഗി വിജയകുമാര്‍ ദേവയാനിയേയും അവതരിപ്പിച്ച കളിക്ക്; കലാനിലയം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവന്‍ എന്നിവരുടേതായിരുന്നു പാട്ട്. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയിലും, കലാനിലയം മനോജ് മദ്ദളത്തിലും ഇവിടുത്തെ കളിക്ക് മേളമൊരുക്കി. പ്രതിപാദ്യം കൊണ്ടും, ലളിതമനോഹരമായ സാഹിത്യഭംഗികൊണ്ടും സാധാരണക്കാരെപ്പോലും ആകര്‍ഷിക്കുന്ന കഥയാണ് ‘കചദേവയാനി’. അസുരഗുരുവായ ശുക്രന്റെ പക്കല്‍, മരിച്ചവരെ ജീവിപ്പിക്കുവാന്‍ ഉതകുന്ന മൃതജീവനി മന്ത്രം പഠിക്കുവാനായി ദേവലോകവാസിയായ കചനെത്തുന്ന രംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്.


തന്റെ പക്കലെത്തുന്ന സുമുഖനായ പുരുഷന്റെ രൂപം കണ്ട്; ആരാണ്, വരുവാനെന്താണ് കാരണം എന്നിവയൊക്കെ ശുക്രാചാര്യര്‍ അന്വേഷിക്കുന്നു. “സരസിജശരരൂപമേ...” എന്ന ശുക്രന്റെ പദമാണ് ആദ്യം. “ജയ ജയ ആശ്രിതബന്ധോ!” എന്ന മറുപടി പദത്തിലൂടെ ദേവഗുരുവിന്റെ പുത്രനായ കചനാണ് താനെന്നും, വിവിധങ്ങളായ ശാസ്ത്രങ്ങള്‍ അഭ്യസിക്കുവാനാണ് താനെത്തിയിരിക്കുന്നതെന്നും കചന്‍ ശുക്രനെ അറിയിക്കുന്നു. ഗൂഢശാസ്ത്രങ്ങളൊക്കെയും, ഒന്നൊഴിയാതെ പഠിപ്പിക്കുന്നതാണെന്ന് ശുക്രന്‍ വാക്കുകൊടുക്കുന്നു. ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മമാണ് തുടര്‍ന്ന്. സമയം നോക്കി പഠനം ആരംഭിക്കുന്നതും, പ്രാഥമിക പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതുമൊക്കെ ഇവിടെ ആടുന്നു. മകളായ ദേവയാനിയെ വിളിച്ച് കചന് പരിചയപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന്, തനിക്ക് സന്ധ്യാവന്ദനത്തിനുള്ള സമയമായെന്നു പറഞ്ഞ മകളോടൊപ്പം ശുക്രാചാര്യര്‍ രംഗത്തു നിന്നും മാറുന്നു.

കലാനിലയം ഗോപിനാഥനാണ് ശുക്രാചാര്യരായി അരങ്ങിലെത്തിയത്. ശുക്രാചാര്യരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനായി. കചന്‍ തന്റെ സത്വം വെളിപ്പെടുത്തുമ്പോള്‍, ‘വന്നത് ആരും കണ്ടില്ലല്ലോ?’ എന്നൊക്കെ സന്ദര്‍ഭോചിതമായ രീതിയില്‍ പ്രതികരിക്കുവാനും അദ്ദേഹം മറന്നില്ല. എന്നാല്‍ കചന്‍ സത്യം അതുപോലെ പറഞ്ഞതിനാല്‍, ഇവന്‍ കള്ളമില്ലാത്തവനാണ് എന്നൊരു ആട്ടം കൂടി ആവാമായിരുന്നു. അതുപോലെ പലയിടത്തും, രാക്ഷസന്മാരെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ ശുക്രാചാര്യരില്‍ നിന്നുമുണ്ടായി; അവയും ഒഴിവാക്കാമായിരുന്നതായി തോന്നി. രാക്ഷസഗുരുവായി പോയില്ലേ, എല്ലാം സഹിക്കുക തന്നെ എന്നൊരു ഭാവമായിരുന്നു ഗോപിനാഥന്റെ ശുക്രാചാര്യര്‍ക്ക്. ‘ഇവിടെ വന്നത് ആരെങ്കിലും കണ്ടുവോ?’ എന്നു ഉത്കണ്ഠപ്പെടുന്ന ഗുരുവിനോട് കചന്‍ പറയുന്നത്, ‘താന്‍ യുദ്ധത്തിനല്ല എത്തിയത്, പഠിക്കുവാനാണ്!’ എന്നാണ്. ‘രാക്ഷസര്‍ക്ക് ശണ്ഠയുണ്ടാക്കുവാന്‍ കാരണമൊന്നും വേണ്ട, ദേവലോകത്തു നിന്നും വന്നവനാണ് എന്നതു തന്നെ ധാരാളം!’ എന്ന് ശുക്രനും പറയുന്നു. ഗുരുവിന്റെ പക്കല്‍ നിന്നും എഴുത്തോല സ്വീകരിക്കുമ്പോള്‍, കചന്റെ കൈയില്‍ നിന്നും അത് താഴെ വീഴുന്നു. ദുഃശകുനമായല്ലോ എന്നോര്‍ത്ത് ഖേദിക്കുന്ന കചനോട്, മനസുറപ്പോടെ പഠനം ആരംഭിക്കുവാന്‍ ഗുരു ഉപദേശിക്കുന്നു.


ആശ്രമം ചുറ്റിക്കാണുകയാണ് കചന്‍ തുടര്‍ന്ന്. മരക്കമ്പുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയിരിക്കുന്ന യജ്ഞശാലകളില്‍ പൂജയ്ക്കായി പൂക്കള്‍ തയ്യാറാക്കി വെച്ചിരിക്കുന്നു. നടുവിലായി ഹോമകുണ്ഠം ജ്വലിപ്പിച്ചിരിക്കുന്നു, അഗ്നിജ്വാലകള്‍ ആകാശം മുട്ടെ ഉയര്‍ന്നു കത്തുന്നു. ആകാശത്തിലൂടെ പോവുന്ന പറവകള്‍, ജ്വാലകളാല്‍ പൊള്ളലേറ്റ് ഹോമകുണ്ഠത്തില്‍ പതിക്കുന്നു. ഇങ്ങിനെയുള്ള യജ്ഞത്തിന് എങ്ങിനെ ഫലപ്രാപ്തിവരും എന്നു ശങ്കിക്കുന്ന കചന്‍, തീയില്‍ വീണു ചാരമായ പറവകള്‍ ഒരപായവും കൂടാതെ വീണ്ടും പറന്നു പൊങ്ങുന്നതു കണ്ട് അത്ഭുതപ്പെടുന്നു. പിന്നെയും ചുറ്റി നടന്ന്; ഉറങ്ങുന്ന ഒരു സിംഹത്തെ കാണുന്നു. ഒരു ആനക്കുട്ടി, താമരത്തണ്ടാണെന്നു കരുതി, സിംഹത്തിന്റെ ദംഷ്ട്രയില്‍ തുമ്പിക്കൈ ചുറ്റി വലിക്കുന്നു. എന്നാല്‍ സിംഹം അത് ഗൌനിക്കുന്നതേയില്ല. പിന്നെയും നടക്കുമ്പോള്‍; ഒരു പെണ്‍പുലി മാന്‍‌കുട്ടിക്ക് മുലയൂട്ടുന്നു, പാമ്പിന്റെ പത്തിക്കടിയില്‍ തലചായ്ച് കീരി ഉറങ്ങുന്നു, കീരിയുടെ മുകളില്‍ ഫണം താഴ്തി പാമ്പും വിശ്രമിക്കുന്നു; തുടങ്ങിയ ദൃശ്യങ്ങള്‍ കാണുന്നു. ഇതുപോലെയൊരു പുണ്യാശ്രമത്തില്‍ പഠിക്കുവാന്‍ അവസരം ലഭിച്ച താന്‍ ഭാഗ്യം ചെയ്തവനാണെന്നാടി, പൂജയ്ക്കുള്ള സാമഗ്രികള്‍ ഒരുക്കുവാന്‍ തുടങ്ങുകയാണെന്ന് കാണിച്ച് കചന്‍ രംഗത്തു നിന്നും മാറുന്നു. വളരെ രസകരമായ ഈ ആട്ടങ്ങളൊക്കെയും കലാമണ്ഡലം ഗോപി മനോഹരമായി രംഗത്തവതരിപ്പിച്ചു.


പഠിച്ചുകൊണ്ടിരിക്കുന്ന കചന്റെ പക്കല്‍ നിന്നും താളിയോല കൈക്കലാക്കുന്ന ദേവയാനിയില്‍ നിന്നുമാണ് അടുത്ത രംഗം ആരംഭിക്കുന്നത്. "രമണീയ! ഗുണകര!" എന്നു തുടങ്ങുന്ന ദേവയാനിയുടെ പദമാണ് ആദ്യം. തന്റെ ആനന്ദസാഗരത്തില്‍ സൂര്യനായി ഉദിച്ചുനില്‍ക്കുന്ന അങ്ങയോടൊപ്പം കാമലീലകളില്‍ ഏര്‍പ്പെട്ട്, മോദത്തോടുകൂടി വസിക്കുവാനുള്ള തന്റെ ആഗ്രഹം കചനെ അറിയിക്കുകയാണ് ദേവയാനി ഈ പദത്തിലൂടെ. ദേവയാനിയുടെ ഇംഗിതമറിയുന്ന കചന്‍, തന്റെ പഠനകാലത്ത് കാമവിചാരങ്ങള്‍ പാടില്ലെന്നും, അതിനാല്‍ നീ എന്നോട് ക്ഷമിക്കണമെന്നും ദേവയാനിയോട് പറയുന്നു. ദേവയാനി തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍ക്ക് ‘ഇവളാളു ശരിയല്ല!’ എന്ന ഭാവത്തില്‍ പിന്നീടങ്ങോട്ട് പെരുമാറിത്തുടങ്ങുന്ന കചന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍, കലാമണ്ഡലം ഗോപിയുടെ കചന്‍, അതൊരു നേരമ്പോക്കുപോലെയെടുത്ത്, ‘കൊള്ളാം, അതേതായാലും നന്നായി!’ എന്ന രീതിയില്‍ സൌമ്യനായി പ്രതികരിക്കുകയാണുണ്ടായത്. വാത്സല്യത്തോടെ പറഞ്ഞ് തിരുത്തുവാനാണ് കചന്‍ തന്റെ പദത്തില്‍ ശ്രമിക്കുന്നതും. അതിനാല്‍, ഈ രീതിയിലുള്ള കചന്റെ അവതരണമാണ് കൂടുതല്‍ യോജ്യമായതെന്നു നിസ്സംശയം പറയാം.

പദത്തിനു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മങ്ങളാണ്. കചന്റെ മറുപടിയില്‍ പരിഭവിച്ചു നില്‍ക്കുന്ന ദേവയാനിയെ സന്തോഷിപ്പിക്കുവാനാണ് കചന്റെ ശ്രമം. പുത്രിയോട് വളരെ വാത്സല്യമുള്ള ശുക്രാചാര്യര്‍, തന്നെ പറഞ്ഞു വിടതിരിക്കുവാന്‍ ദേവയാനിയെ പിണക്കാതിരിക്കേണ്ടത് തന്റെ ആവശ്യമാണ് എന്നു സാധാരണ കചന്മാര്‍ ആടിക്കാണാറുണ്ട്. ഇവിടെ അങ്ങിനെയൊരു കാരണവും കലാമണ്ഡലം ഗോപി ആടിയില്ല. ഒരിഷ്ടം പറഞ്ഞാല്‍ സാധിച്ചു തരാത്ത അങ്ങയോട് മിണ്ടില്ലെന്നു പറയുന്ന ദേവയാനിയോട് കചന്‍ വീണ്ടും പറയുന്നു, തന്റെ പഠനകാലത്ത് ഈ വക വിചാരങ്ങളുണ്ടായാല്‍ പഠനത്തില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുകയില്ല. ഇതു കേട്ട്, എങ്കില്‍ പഠനത്തിനു ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കുക എന്നാവുന്നു ദേവയാനിയുടെ ആവശ്യം; ഉറപ്പൊന്നും നല്‍കുവാന്‍ കഴിയില്ല എന്നു പറഞ്ഞ് കചന്‍ ഒഴിവാകുന്നു.


പഠിക്കുവാന്‍ തുടങ്ങുന്ന കചനെ വീണ്ടും ദേവയാനി ഒരോ കളികള്‍ക്കായി ക്ഷണിക്കുന്നു. നിവൃത്തിയില്ലാതെ കചന്‍ വഴങ്ങുന്നു. ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്, വീണവായിക്കുന്നത്, മൃദംഗം കൊട്ടുന്നത്, പശുവിനെ കറക്കുന്നത്, പൂവിറുക്കുന്നത് എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ആസ്വാദ്യകരമായി ഗോപിയും, വിജയകുമാറും ചേര്‍ന്ന് രംഗത്തവതരിപ്പിച്ചു. തന്നോട് ചേര്‍ന്നിരിക്കുന്ന ദേവയാനിയോട് കളിയായി കചന്‍ പറയുന്നു, എങ്കില്‍ എന്റെ മടിയിലേക്ക് കയറിയിരിക്ക്, ഉടനെ ചാടി മടിയിലേക്ക് ഇരിക്കുവാന്‍ തുടങ്ങുന്ന ദേവയാനി; വീണയുടെ ശ്രുതി ശരിയായില്ല, തിരിക്കണമെന്ന് പറയുന്ന ദേവയാനിയുടെ ചെവി തിരിക്കുവാന്‍ തുടങ്ങുന്ന കചന്‍; സന്ദര്‍ഭവശാല്‍ തന്റെ കൈയില്‍ പിടിക്കുന്ന കചനെ, കാമത്തോടെ നോക്കുന്ന ദേവയാനി, ഇതുകണ്ട് വല്ലാതെയാവുന്ന കചന്‍; കുമ്മി കളിച്ച് കളിച്ച് ഇരുവരും കൂട്ടിമുട്ടുന്നു, അരിശപ്പെടുന്ന കചനെ നോക്കിയുള്ള ദേവയാനിയുടെ ചിരി; ഒടുവില്‍ തന്റെ കാര്യം ഗോപിയാക്കുമോ എന്ന കചന്റെ ചോദ്യം; മാല തന്നെ അണിയിക്കുവാന്‍ വരുന്ന ദേവയാനിയെ ഇത് ദൈവത്തിനുള്ളതാണെന്ന് പറഞ്ഞ് അകറ്റുന്ന കചനോട് അങ്ങാണെന്റെ ദൈവം എന്നു പറയുന്ന ദേവയാനി; ഇപ്രകാരം വളരെ രസകരമായ ധാരാളം സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മാട്ടം. ഒടുവില്‍, പശുക്കളെ മേയുവാന്‍ കൊണ്ടുപോയിട്ടു വരാം എന്നു പറഞ്ഞ് കചന്‍ കാട്ടിലേക്ക് ഗമിക്കുന്നു.

കാട്ടിലെത്തുന്ന കചനെ, സുകേതു എന്ന രാക്ഷസകിങ്കരന്‍ കാണുന്നു. കചനെ തിരിച്ചറിയുന്ന സുകേതു, അവനെ വധിച്ച്, ശവം പൊടിച്ച് മദ്യത്തില്‍ ചേര്‍ത്ത് ശുക്രാചാര്യര്‍ക്കു നല്‍കുന്നു. വളരെ നേരമായിട്ടും കചനെ കാണാഞ്ഞ് ദേവയാനി ശുക്രാചാര്യരുടെ പക്കലെത്തുന്നു. ജ്ഞാനദൃഷ്ടിയിലൂടെ കചന്‍ തന്റെ ഉദരത്തിലാണെന്നും, അതെങ്ങിനെ സംഭവിച്ചുവെന്നും മനസിലാക്കുന്ന ശുക്രന്‍; തന്റെ അവസ്ഥ മകളെ അറിയിക്കുന്നു. അച്ഛനിലാണോ, കചനിലാണോ മകള്‍ക്ക് പ്രിയമെന്നാരായുന്ന ഒരു സാധാരണ അച്ഛനാവുന്നു ശുക്രാചാര്യര്‍ ഇവിടെ. ഇരുവരും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നുള്ള ദേവയാനിയുടെ മറുപടി കേട്ട്; തന്റെ ഉദരത്തിലുള്ള കചനെ മൃതജീവനി മന്ത്രത്താല്‍ ജീവിപ്പിച്ച്, കചന് മന്ത്രം ശുക്രാചാര്യര്‍ ഉപദേശിക്കുന്നു. ശുക്രന്റെ ഉദരം പിളര്‍ന്ന് പുറത്തുവരുന്ന കചന്‍, മന്ത്രശക്തിയാല്‍ ശുക്രാചാര്യരേയും പുനരുജ്ജീവിപ്പിക്കുന്നു. തന്റെ ആഗമനോദ്ദേശം പൂര്‍ത്തിയായ കചന്‍, ഗുരുവിനെ വന്ദിച്ച് തിരികെ ദേവലോകത്തേക്ക് മടങ്ങുവാന്‍ ശുക്രനോട് അനുമതി ചോദിക്കുന്നു. തന്റെ മദ്യാസക്തിയാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാര്യമെന്ന് തിരിച്ചറിയുന്ന ശുക്രന്‍, ഇനിയൊരു ബ്രഹ്മണന്‍ അല്പമെങ്കിലും മദ്യം സേവിച്ചാല്‍, അവന്‍ പാപിയായി തീരുമെന്ന് കുലത്തെ ഒന്നടങ്കം ശപിക്കുന്നു. തുടര്‍ന്ന് കചന് മടങ്ങുവാനുള്ള അനുമതി നല്‍കുന്നു.


കലാമണ്ഡലം അരുണ്‍ വാര്യരാണ് സുകേതുവായി അരങ്ങിലെത്തിയത്. വേഷഭംഗികൊണ്ടും, വെടുപ്പുള്ള പ്രവൃത്തികൊണ്ടും പ്രതീക്ഷയ്ക്ക് വകയുള്ള യുവകലാകാരനാണ് അരുണ്‍ വാര്യര്‍. എന്നാലിവിടെ സുകേതുവായുള്ള അദ്ദേഹത്തിന്റെ പ്രകടനം തരക്കേടില്ല എന്നേ പറയുവാനുള്ളൂ. പദങ്ങള്‍ക്ക് മുഴുവനായും വേണ്ടരീതിയില്‍ മുദ്രകാട്ടുവാന്‍ അരുണിനായില്ല. “കാടിതുവനചരനാടകമിവിടെ, തേടിയടുത്തതുമനുകൂലം!” എന്നീ വരികളൊക്കെ മനസിലാക്കിയാണോ അരുണ്‍ അരങ്ങിലെത്തിയതെന്നും സംശയമുണ്ട്; ആ ഭാഗങ്ങളില്‍ കാര്യാമായൊന്നും ആടിക്കണ്ടില്ല! അതുപോലെ വളരെ ശോഷിച്ച ശരീരപ്രകൃതിയും മാറ്റേണ്ടതാണ്; ഇതിപ്പോള്‍ കൈ പൊക്കിയാല്‍ ഇട്ടിരിക്കുന്ന വള മുകളില്‍ തോള്‍പ്പൂട്ടില്‍ ചെന്നു നില്‍ക്കും! കചനും, സുകേതുവും കൂടിയുള്ള യുദ്ധമൊക്കെ ഒരുവിധത്തില്‍ കഴിക്കുകയേ ഉണ്ടായുള്ളൂ. കചനും, ശുക്രനും കൂടിയുള്ള രംഗത്തില്‍; “മന്ദതയാല്‍ ദൈത്യര്‍ ചെയ്ത ദുര്‍നയങ്ങള്‍ ഗുണമായി!” എന്നു കചന്‍ പറയുന്നതു കേട്ട് ശുക്രാചാര്യര്‍ ഒരു ഭാവവ്യത്യാസവും കാട്ടാതെ ഇരുന്നതേയുള്ളൂ. ‘തനിക്ക് നിന്റെ ഉദ്ദേശം മനസിലായിരുന്നു, എല്ലാം വിധിപോലെയേ വരികയുള്ളൂ!’ എന്നോ മറ്റോ ശുക്രന് ആടാവുന്നതാണ്. ഈ പഠിച്ചതൊന്നും കചന് ഉപകരിക്കില്ലെന്നതും ശുക്രന് അറിവുണ്ടായിരിക്കുമല്ലോ, ആ ഒരു അറിവിന്റെ കൂടെ ബലത്തിലാവണം (അതിവിടെ പറയുകയുമരുത്!) ഇവിടെ കാര്യങ്ങള്‍ ശുക്രന്‍ കാണേണ്ടത്. അതുപോലെ, ശുക്രാചാര്യര്‍ ബ്രാഹ്മണരെ ശപിക്കുന്നതു കേട്ട് കചനും ഒന്നും ചോദിച്ചു കണ്ടില്ല. തന്റെ മരണശേഷം, ശുക്രന്റെ ഉദരത്തില്‍ പുനര്‍ജനിക്കുന്നതുവരെ അവിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് കചന് അറിയുകയില്ലല്ലോ, അതിനാല്‍ അവിടെ ശുക്രാചാര്യര്‍ പറയുന്നതെല്ലാം കേട്ടിരിക്കുന്നതിനു പകരം, പദത്തിനു ശേഷമുള്ള മനോധര്‍മ്മത്തില്‍ ഈ രീതിയിലൊരു ചോദ്യം ആകാവുന്നതാണ്. ഇത് അവതരിപ്പിക്കാതെ ഒഴിവാക്കിയതിന് സമയക്കുറവും ഒരു കാരണമായിരിക്കാം.

ദേവയാനി കാണാതെ അവിടെ നിന്നും പോകുവാന്‍ ശ്രമിക്കുന്ന കചന്‍, ദേവയാനിയുടെ മുന്നില്‍ തന്നെ ചെന്നു പെടുന്നു. “സുന്ദരകളേബര! നന്ദിതസുരവര!” എന്ന മനോഹരമായ പദമാണിവിടെ. അത്യധികം പ്രേമത്തോടുകൂടി എന്നെ കാമിച്ചത് പോകുവാനായാണോ, അങ്ങയെ പരദൈവമായി നിനച്ച് സ്നേഹിച്ചു കഴിയുന്ന എന്നോട് ഒന്നും മിണ്ടാതെ പോവുന്നത് അങ്ങേക്കു ചേര്‍ന്നതല്ല; എന്നിങ്ങനെയുള്ള ദേവയാനിയുടെ പരിദേവനങ്ങളാണ് ഈ പദത്തില്‍. മയത്തില്‍ പറഞ്ഞ് ദേവയാനിയെ അനുനയിപ്പിക്കുവാന്‍ കചന്‍ ശ്രമിക്കുന്നു. എന്നാല്‍ തന്റെ കരംഗ്രഹിക്കണമെന്ന ആവശ്യത്തില്‍ ദേവയാനി ഉറച്ചു നില്‍ക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും ദേവയാനി കൂട്ടാക്കുന്നില്ലെന്നു കണ്ട് കചന്‍ തന്റെ സ്വരം അല്പം കടുപ്പിക്കുന്നു. ദേവയാനിയാണ് തന്റെ പുതുജീവന് ഹേതുവെങ്കില്‍, അമ്മയുടെ സ്ഥാനമാണുള്ളത്; ശുക്രാചാര്യരുടെ ഉദരത്തില്‍ നിന്നുമാണ് ഞാന്‍ ജനിച്ചത്, അതിനാല്‍ ദേവയാനി തനിക്ക് സഹോദരിയുമാണ്. ഈ കാരണങ്ങള്‍ പറഞ്ഞ് കചന്‍, ദേവയാനിയെ ഇവിടെ ത്യജിക്കുകയാണെന്ന് ഉറപ്പിച്ചു പറയുന്നു. താന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും, കാരിരുമ്പുമനസുമായി നില്‍ക്കുന്ന ഇവനോട് കരുണ തോന്നേണ്ടതുണ്ടോ എന്ന് ദൈവത്തോട് ചോദിച്ച്; പണ്ടുചെയ്തു തന്നതൊക്കെയും ഒരു വിഷമവുമില്ലാതെ മറന്ന നിനക്ക്, പഠിച്ചതൊന്നും ഉപകാരപ്പെടാതെ പോവട്ടെ എന്ന് ദേവയാനി കചനെ ശപിക്കുന്നു. കാമാര്‍ത്തി പെരുത്ത് ദുര്‍മ്മദയായ നിന്റെ ശാപം ധര്‍മ്മതത്പരനായ എനിക്ക് ഏല്‍ക്കുമോ എന്നു ചോദിച്ച്, നിന്നെ ബ്രഹ്മകുലത്തില്‍ പെട്ട ഒരുവനും പത്നിയായി സ്വീകരിക്കുവാന്‍ ഇടവരാതിരിക്കട്ടെ എന്ന് കചനും ദേവയാനിയെ ശപിക്കുന്നു.


സാധാരണ കഥകളില്‍ നിന്നും വ്യത്യസ്തമായി, രണ്ടു പേര്‍ പിരിയുന്നതോടെ കഥ അവസാനിക്കുകയാണ് ‘കചദേവയാനി’യില്‍. സ്നേഹത്തോടെ വസിച്ചിരുന്ന തങ്ങള്‍, പരസ്പരം ശപിക്കുന്ന നിലയിലേക്കെത്തിയല്ലോ എന്നു വിചാരിച്ച് കചനും, ദേവയാനിയും ഖിന്നരായി നില്‍ക്കുന്ന രീതിയിലാണ് ഇവിടെ രംഗം അവസാനിപ്പിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവന്‍ തുടങ്ങിയവരുടെ ആലാപനം അത്രയൊന്നും കഥയ്ക്ക് മിഴിവേകിയില്ല. ഹൈദരാലി, ഹരിദാസ് തുടങ്ങിയവര്‍ പാടി ഇതിലെ പദങ്ങള്‍ കേട്ടിട്ടുള്ളവര്‍ക്ക് ഒട്ടും തൃപ്തി നല്‍കുവാന്‍ ഉണ്ണികൃഷ്ണന്റെ ആലാപനത്തിനു കഴിയുന്നില്ല. “രമണീയ! ഗുണകര!” എന്നത് ‘രാ’ എന്നു നീട്ടതെ തന്നെ താളത്തില്‍ നിര്‍ത്താമെന്നിരിക്കെ, ‘രാമണീയ!’ എന്നു പാടുന്നതെന്തിനെന്നു മനസിലാവുന്നില്ല. “നല്ലാര്‍മൌലിമാണിക്യക്കല്ലേ! നീ ക്ഷമിക്കേണം!” എന്ന ഭാഗമൊക്കെ അവിസ്മരണീയമായ രംഗമുഹൂര്‍ത്തമായി വികസിപ്പിക്കുവാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ സംഗീതത്തിലെ അപര്യാപ്തത നിമിത്തം ആ ഭാഗമൊന്നും അത്രയ്ക്കങ്ങ് അനുഭവത്തായില്ല. “മന്ദതയാല്‍ ദൈത്യര്‍ ചെയ്ത...” എന്ന ഭാഗം കാലം കേറ്റിയാണ് സാധാരണ പാടിക്കേള്‍ക്കാറുള്ളത്, ഇവിടെ അതും ഉണ്ടായില്ല. അവസാന ഭാഗങ്ങളിലെ “പാണീപീഢനം മേ...”, “ബന്ധം എന്തിഹ തവ!” എന്നീ പദങ്ങളാണ് താരതമ്യേന മികച്ചു നിന്നത്.

‘കചദേവയാനി’ പോലെയൊരു കഥയ്ക്ക് മേളക്കാര്‍ വേഷക്കാരുടെ കൈക്കുകൂടുന്നതില്‍ ഒട്ടും ലോപം വരുത്തുവാന്‍ പാടുള്ളതല്ല. വിശേഷിച്ചും, ആദ്യഭാഗത്തുള്ള കചന്റെ മനോധര്‍മ്മങ്ങള്‍ക്കും, തുടര്‍ന്നു വരുന്ന കചനും ദേവയാനിയും ചേര്‍ന്നുള്ള ആട്ടങ്ങള്‍ക്കും മേളം പ്രധാനമാണ്. കലാമണ്ഡലം ഉണ്ണികൃഷ്ണന് ചെണ്ടയിലും‍, കലാനിലയം മനോജ് മദ്ദളത്തിലും ഒരുമിച്ചൊരുക്കിയ കളിയുടെ മേളം അവസരത്തിനൊത്തുയര്‍ന്നു. മുന്‍പു സൂചിപ്പിച്ച ആട്ടങ്ങള്‍ ഇത്രയും ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെട്ടതില്‍ ഇവരുടെ പങ്കും ചെറുതല്ല. കലാനിലയം സജിയുടെ ചുട്ടി, എരൂര്‍ ശ്രീഭുവനേശ്വരി കഥകളിയോഗത്തിന്റെ കോപ്പുകള്‍ എന്നിവയും നിലവാരം പുലര്‍ത്തി. ചെറിയ നിലയിലുള്ള ഒരു ഗ്രന്ഥശാല ഇത്തരമൊരു കളി അവതരിപ്പിക്കുവാന്‍ ഉത്സാഹിച്ചത് തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെ. വേദിയിലെ വെളിച്ചക്കുറവും, ശബ്ദക്രമീകരണത്തിലെ പോരായ്മകളും തത്കാലം മറക്കാം. മനോധര്‍മ്മങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മൈക്കിലൂടെ അവ വിശദീകരിക്കുന്നത് സാധാരണക്കാര്‍ക്ക് കളി മനസിലാകുവാന്‍ സഹായകകരമാണ്. എന്നാല്‍ അവിടെയും ഇവിടെയും മാത്രം വിശദീകരിക്കുന്നതും, കല്പനകളുടെ സൌന്ദര്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഓരോ മുദ്രയ്ക്കും അര്‍ത്ഥം വേര്‍തിരിച്ചു പറയുന്നതും ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക. കഥകളി അഭ്യസിച്ച ഒരു കലാകാരന്‍ തന്നെ ഈ കര്‍മ്മം ചെയ്യുന്നതാണ് ഭംഗി. ചുരുക്കത്തില്‍, സമയപരിമിതിയുണ്ടായിരുന്നതിനാല്‍ അല്പം വേഗത്തില്‍ തീര്‍ത്ത കളിയായിരുന്നെങ്കിലും, കാണികള്‍ക്ക് ആസ്വാദ്യകരമായ ഒരു അനുഭവമാകുവാന്‍ ഇവിടുത്തെ ‘കചദേവയാനി’ക്ക് സാധിച്ചു.

Description: Elavoor MahatmaGandhi Library Annual Celebrations 2009 - KachaDevayani Kathakali: Kalamandalam Gopi (Kachan), Margi Vijayakumar (Devayani), Kalanilayam Gopinathan (Sukran), Kalamandalam Arun Varier (Sukethu); Pattu: Kalanilayam Unnikrishnan, Kalanilayam Rajeevan; Chenda: Kalamandalam Unnikrishnan; Maddalam: Kalanilayam Manoj; Chutti: Kalanilayam Saji; Kaliyogam: Sri Bhavaneeswari Kathakaliyogam, Eroor. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

15 അഭിപ്രായങ്ങൾ:

Haree | ഹരീ പറഞ്ഞു...

എളവൂര്‍ മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അവതരിക്കപ്പെട്ട ‘കചദേവയാനി’ കഥകളിയുടെ ആസ്വാദനം.

പത്മശ്രീ പുരസ്കാരാര്‍ഹനായ ഗോപിയാശാന് ആശംസകള്‍. വളരെ നേരത്തേതന്നെ അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കേണ്ടതായിരുന്നു. വൈകിയെങ്കിലും, അദ്ദേഹത്തെപ്പോലൊരു കലാകാരന് ഈ പുരസ്കാരം നല്‍കുകവഴി, പുരസ്കാരത്തിന്റെ മാറ്റു കൂടുകയാണ് ഉണ്ടായിരിക്കുന്നത്.
--

-സു‍-|Sunil പറഞ്ഞു...

ഹരീ, നല്ല എഴുത്ത്.
എനിക്ക് ഈ പുതിയ പുതിയ കഥകൾ കാണുന്ന “തെക്കരോട്” അസൂയ തോന്നുന്നു.:):)
വി.എസ്. ഖാണ്ഡേക്കറുടെ അല്ലേ പണ്ട്‌ ഈ നോവൽ മാതൃഭൂമിയിൽ വന്നിരുന്നത്? പേരോർമ്മയില്ല, എന്റെ തെറ്റായിരിക്കും. എ.എസ്സിന്റെ ചിത്രങ്ങൾ ഓർമ്മയുണ്ട്‌. ആ ലൈനിലാണ് കചൻ ഇവിടെ അവതരിപ്പിച്ചത് ഗോപ്യാശാൻ എന്നു തോന്നുന്നു.
ഇക്കഥ ആരെഴുതിയതാ? ഗോപ്യാശാൻ ചെണ്ട ഉണ്ണികൃഷ്ണൻ തന്നെ വേണം എന്നത് അടുത്തകാലത്ത് നിർബന്ധമാ.
-സു-

വികടശിരോമണി പറഞ്ഞു...

സുനിലേ,താഴവന ഗോവിന്ദനാശാന്റെ കൃതിയാ ദേവയാനീചരിതം.പുതിയ കഥയോ?തെക്കരോട് അസൂയയോ?രണ്ടിനും പ്രസക്തിയില്ല.പുതിയ കഥയുമല്ല,തെക്കും വടക്കും അരങ്ങുള്ള കഥയുമാണ് കചദേവയാനി.
ഹരീ,
‘ശിഖിനിശലഭം’എന്ന കൂടിയാട്ടത്തിലെ ആട്ടം എല്ലാ കചന്മാരും കാണിക്കാറുണ്ടെങ്കിലും ഗോപിയാശാൻ ചെയ്യുന്നതിന്റെ അനുഭവം ആരുചെയ്താലുമില്ല.അങ്ങനെ വേറെയും പറയാം-‘ഹിമകരം’-പത്മനാഭനാശാൻ,“സൌന്ദര്യാസ്സമസ്‌തൈർ”-രാമൻ‌കുട്ടിയാശാൻ…
അതൊക്കെ ഗോപിയാശാൻ തന്നെ ഈയിടെ പലയിടത്തും ചെയ്യാറില്ല.അതുണ്ടായി എന്നതിൽ സന്തോഷം.
ഇപ്പോൾ കിരാതം അർജ്ജുനന്റെ ശ്ലോകമായിരിക്കുന്നു,അത്.
ആ ‘സിനിമാസ്റ്റൈൽ വീഴൽ’ഉണ്ടായോ:) രണ്ടുപേരും കൂടി കെട്ടിപ്പിടിച്ച്…ഹഹഹ…
പൈങ്കിളിത്തം തന്നെ!
പാട്ടിന്റെ ദയനീയാവസ്ഥ എഴുതീത് മനസ്സിൽ കൊണ്ടു.വെണ്മണി ഹരിദാസിന്റെ മറക്കാനാവാത്ത ഒരു അരങ്ങാണെനിക്ക് പണ്ടുനടന്ന ഒരു കചദേവയാനി.ഹൊ!ഓർക്കുമ്പൊഴേ തരിക്കുന്നു.
എന്തായാലും ഗോപിയാശാന് ആശംസകൾ,പത്മശ്രീക്ക്….
നല്ല വിവരണമായി,ട്ടൊ ഹരീ.അടുക്കും ചിട്ടയുമുള്ള എഴുത്ത്.

Rajasekhar.P പറഞ്ഞു...

വീശീ:

'ശിഖിനി ശലഭം' മാണി മാധവ ചാക്യാരുടെ, മാസ്റ്റർ പീസായിരുന്നല്ലോ! കണ്ടിട്ടുണ്ട്വാല്ലോ,ല്ലേ !

ഗോപിയാശാന്റേതും കാണേണ്ടതു തന്നെ !
മുൻ പദ്മ ശ്രീയുടേയും അങ്ങനെത്തന്നെ
ചാക്യാരാശാന്റെ ശലഭം മിഴി കൊണ്ടു തന്നെ .ഗോപിയാശനു കൺ പോളകളും കൂടി വേണം പറക്കൽ പൂർത്തിയാകാൻ !

ഈ 'ശിഖിനി ശലഭ'ത്തിനും, 'വേർ പാടിനും' ,'നിന്റെ പേരും പറഞ്ഞു ഞെളിഞ്ഞതിനും','ഉചിതമപരവരണോദ്യമത്തിനും','കബരീപരിചയപദവിക്കും' മറ്റും എന്തു കൊടുത്താൽ മതിയാവും?
ആ മുഖശ്രീക്കു പണ്ടേ നൽകേണ്ടതല്ലായിരുന്നോ, ഈ പദ്മശ്രീ?

ഗോപിയാശാ നു എന്റേയും ആശം സ കൾ.( ഹരിയുടെ ബ്ലോഗിൽ എന്റെ ആശം സ, പ്രസിദ്ധമായ വാര്യർ-എമ്പ്രാൻ ഇക്വേഷൻ )

നമ്മുടെ സർക്കാർ ഉദാസീനത കാണിച്ചോ, പദ്മ ഭൂഷൺ ശുപാർശ ചെയ്യായ്ക വഴി, എന്നു തോന്നി.
തമിഴ്‌ നാട്‌ സർക്കാർ
ശാന്ത -ധനഞ്ജയൻ ദമ്പതികളുടെ കാര്യത്തിൽ കാണിച്ച ഉചിതജ്ഞത ശ്രദ്ധയിൽ പെട്ടപ്പോൾ.

പിന്നെ, ഈ ശിഖിനി ശലഭം കിരാത ത്തിൽ അർജ്ജുനൻ ആടുന്നതായി കേട്ടു. ശുക്രാചാര്യരുടെ ആശ്രമത്തിലെ ' ശമം' ആണല്ലോ ആ ശ്ലോകം ആടുക വഴി പ്രേക്ഷകനിലേക്കു എത്തിക്കുന്നത്‌. തപസ്സു ചെയ്യുവാനൊരുങ്ങുന്ന ഒരു ഭക്തനതു ചേരുമോ ! കാണുന്ന ഒരോന്നും പരമ ശിവനിലേക്കു ഘടിപ്പിക്കുന്ന സർവ്വം ശിവമയമായ പതിവുള്ള ആട്ടം തന്നെ യല്ലേ കിരാതത്തിൽ യോജിക്കുക ?അഭിപ്രായം ?

രാജശേഖർ.പി

nair പറഞ്ഞു...

ശിഖിനി ശലഭം കിരാത ത്തിൽ അ൪ജ്ജുനനായി സദനം മണികണ്ഠൻ അവതരിപ്പിക്കുന്നതു കണ്ടു.
എല്ലാം ശിവമയം എന്നുള്ള എന്നുള്ള ആട്ടമാണ് ഉത്തമം.

വികടശിരോമണി പറഞ്ഞു...

രാജശേഖർ,
മാണിമാധവചാക്യാരുടെ കണ്ടിട്ടുണ്ട്...പലവട്ടം...അതു മറ്റൊന്നുമായും താരത‌മ്യപ്പെടുത്താനാവില്ല.
കിരാതം അർജ്ജുനൻ അതു ചെയ്യുന്നതിനോട് എനിക്കൊട്ടും അഭിപ്രായമില്ല.ഔചിത്യമില്ല എന്നതുമാത്രമല്ല,“പരമേശാപാഹി”എന്ന പദം കഴിഞ്ഞ് ഏറ്റവും കുറഞ്ഞ മനോധർമ്മവുമായി തപസ്സിനൊരുങ്ങുകയാണ് ഉചിതം,അവിടെ വെറുതേ നീട്ടിവലിക്കുന്നത് വൃത്തികേടാവുകയേ ഉള്ളൂ.
ആ പത്മശ്രീ എന്നോ വരേണ്ടതുതന്നെ.

Jyothi പറഞ്ഞു...

Wow!! great write-up as what looks like a GRREAT kali!!

The last kacha-devayani i saw was performed by Shanmughan and Chambakkara Vijayan. Even though the performance clocked high standards in terms of melodrama,veshabhangi, and vocal support, there were some really reprochable un-kathakali-like elements like a bollywood-style falling on each other and a near kiss n all that!!! Thank god all that was done away with in this kali!! :)

Haree | ഹരീ പറഞ്ഞു...

@ -സു‍-|Sunil,
നന്ദി. ഞാനിത് പോയി കണ്ടത് മധ്യകേരളത്തിലാണ് കേട്ടോ. ഉണ്ണികൃഷ്ണന്‍ അല്ലെങ്കില്‍ കൃഷ്ണദാസ്; പറയുന്നതില്‍ കാര്യമില്ലാതില്ല, മറ്റാര് കൊട്ടിയാലും ഇവരുടെയത്രയും ഒക്കില്ല!

@ വികടശിരോമണി,
രണ്ടാം ദിവസത്തില്‍ കാട്ടാളന്റെ ഭാഗം മാത്രമായി എടുത്ത് ‘കാട്ടാളനും ദമയന്തിയും’ എന്ന പേരില്‍ കളി നടത്തുന്നതുപോലെയല്ലേ ഇത്? ‘ദേവയാനീചരിത’ത്തില്‍ നിന്നും ഒരു ഭാഗം അടര്‍ത്തി ‘കചദേവയാനി’ എന്ന പേരില്‍ നടത്തുന്നു. ‘ഉഷ-ചിത്രലേഖ’ മറ്റൊരു ഉദാഹരണം. ഈ പറഞ്ഞ ആട്ടങ്ങളൊന്നും കാണുവാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല. അല്പം പൈങ്കിളത്തമൊക്കെ ആവാമെന്നേ... എഴുത്ത് നന്നെന്നു പറഞ്ഞതില്‍ സന്തോഷം, നന്ദി. :-)

@ Rajasekhar.P,
:-) ‘ശിഖിനിശലഭം’ കണ്ടിട്ടില്ലെങ്കിലും, അതിനു ശേഷം പറഞ്ഞതെല്ലാം വേണ്ടുവോളം കണ്ടിട്ടുണ്ട്. എന്താണ് സംശയം, പത്മശ്രീയൊക്കെ വളരെ മുന്‍പേ നല്‍കേണ്ടതായിരുന്നു. ‘ബെറ്റര്‍ ലേറ്റ്, ദാന്‍ നെവര്‍’ എന്നാണല്ലോ! ഇന്നു കേള്‍ക്കുന്നു, കാശ്മീരില്‍ കരകൌശലവസ്തുക്കളുടെ ബിസിനസ് ചെയ്തുവന്ന ഒരാള്‍ക്കും കിട്ടിയത്രേ പത്മശ്രീ, അയാള്‍ തന്നെ ഞെട്ടിപ്പോയെന്നാണ് സംസാരം. :-) വാര്യര്‍-എമ്പ്രാന്‍ ഇക്വേഷന്‍ മനസിലായില്ല!!!

@ nair,
ശരിതന്നെ, തപസ് ചെയ്യുവാനെത്തുന്ന കാട് ഇതുപോലെയൊരു പുണ്യസ്ഥലമാവണമെന്നില്ല. വില്ലെടുത്ത് അസ്ത്രമയയ്ക്കുവാന്‍ പരുവത്തില്‍ ആയുധം വെച്ചാണ് അര്‍ജ്ജുനന്‍ തപസ് ചെയ്യുന്നത് (പന്നി വരുമ്പോള്‍ ഉടന്‍ അസ്ത്രമയയ്ക്കുന്നത് ഓര്‍ക്കുക); അതായത് ആ സ്ഥലം അത്ര സേഫ് അല്ല എന്നല്ലേ! അതിനാല്‍ എല്ലാം ശിവമയമെന്ന് ദ്യോതിപ്പിക്കുന്ന ഒന്നോ രണ്ടോ ആട്ടമാടി തപസിലേക്ക് കടക്കുകയാണ് ഉചിതം.

@ Jyothi,
കുറേ നാളു കൂടിയാണല്ലോ ഈ വഴിയൊക്കെ! അല്പം പൈങ്കിളിത്തമില്ലെങ്കില്‍ പിന്നെ എന്തു ‘കചദേവയാനി’. പിന്നെ പൈങ്കിളിത്തം എന്നത് ഒരു മോശം കാര്യവുമല്ലല്ലോ! കചന്റെയും, ദേവയാനിയുടെയും പ്രായം ചെറുപ്പം; തമ്മില്‍ തൊടുമ്പോഴും, കൂട്ടിയിടിക്കുമ്പോഴുമൊക്കെ ഈ വിധത്തിലുള്ള വികാരപ്രകടനങ്ങളുണ്ടാവുന്നത് സ്വാഭാവികം മാത്രം; അല്ലേ? :-D എന്നാലും near kiss ഒന്നും വേണമെന്നില്ല; ഇവിടെയും കൂട്ടിയിടിയൊക്കെ ഉണ്ടായി, ഓവറാക്കിയതുമില്ല.
--

വികടശിരോമണി പറഞ്ഞു...

"അഗ്നിജ്വാലകള്‍ ആകാശം മുട്ടെ ഉയര്‍ന്നു കത്തുന്നു. ആകാശത്തിലൂടെ പോവുന്ന പറവകള്‍, ജ്വാലകളാല്‍ പൊള്ളലേറ്റ് ഹോമകുണ്ഠത്തില്‍ പതിക്കുന്നു. ഇങ്ങിനെയുള്ള യജ്ഞത്തിന് എങ്ങിനെ ഫലപ്രാപ്തിവരും എന്നു ശങ്കിക്കുന്ന കചന്‍, തീയില്‍ വീണു ചാരമായ പറവകള്‍ ഒരപായവും കൂടാതെ വീണ്ടും പറന്നു പൊങ്ങുന്നതു കണ്ട് അത്ഭുതപ്പെടുന്നു. പിന്നെയും ചുറ്റി നടന്ന്; ഉറങ്ങുന്ന ഒരു സിംഹത്തെ കാണുന്നു. ഒരു ആനക്കുട്ടി, താമരത്തണ്ടാണെന്നു കരുതി, സിംഹത്തിന്റെ ദംഷ്ട്രയില്‍ തുമ്പിക്കൈ ചുറ്റി വലിക്കുന്നു. എന്നാല്‍ സിംഹം അത് ഗൌനിക്കുന്നതേയില്ല. പിന്നെയും നടക്കുമ്പോള്‍; ഒരു പെണ്‍പുലി മാന്‍‌കുട്ടിക്ക് മുലയൂട്ടുന്നു, പാമ്പിന്റെ പത്തിക്കടിയില്‍ തലചായ്ച് കീരി ഉറങ്ങുന്നു, കീരിയുടെ മുകളില്‍ ഫണം താഴ്തി പാമ്പും വിശ്രമിക്കുന്നു; തുടങ്ങിയ ദൃശ്യങ്ങള്‍ കാണുന്നു."
ഇതു തന്നെ,ഹരീ,“ശിഖിനിശലഭം” ആട്ടം.
ഇതു പിന്നെ കാണാതെയാ എഴുതിയേ:)

Haree | ഹരീ പറഞ്ഞു...

@ വികടശിരോമണി,
കൂടിയാട്ടത്തിലെ, മാണിമാധവ ചാക്യാരുടെ, ആട്ടം കണ്ടിട്ടില്ലെന്ന്... :-) പിന്നെ ഈ ആട്ടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കില്‍ തന്നെ, ഇങ്ങിനെ പേരു പറഞ്ഞാല്‍ അറിയുകയുമില്ല... ചിലതൊക്കെ അറിയാം, അത്രമാത്രം.
--

gauri പറഞ്ഞു...

Haree,

Well done; really enjoyed your description of the 'Kali' and appreciate your efforts to bring out the nuances of Kathakali for the information of Rasikas like me.

Awaiting your next post.

Ramachandran - Dubai

ശ്രീകാന്ത് അവണാവ് പറഞ്ഞു...

ഹരി,

വളരെ നന്നായിട്ടുണ്ട് വിവരണം. പല കചന്മാരെയൂം കണ്ടിട്ടുണ്ട്. അതില്‍ നല്ല നില വരുത്തിയതു ഗോപിയാശാന്റെ കചന്‍ തന്നെ.പിന്നെ നന്നായി തോന്നിയതു ഒരിക്കല്‍ കണ്ട കോട്ടക്കല്‍ കേശവന്റെ കചന്‍ ആണ്..

പക്ഷെ എനിക്കു ഈ കെട്ടി മറഞ്ഞു വീഴ്ച്ച മുതലായ കാര്യങ്ങളോട് അഭിപ്രായ വ്യത്യാസം ഉണ്ട്. കചന്‍ ധീരനായ ഒരു കഥാപാത്രമാണ്. വന്നിരിക്കുന്നത് ദേവ കുലത്തെ രക്ഷിക്കാനാണ്. അതുകൊണ്ട് ദേവയാനിയുമായുള്ള സ്പര്‍ശം ഒഴിവാക്കാന്‍ കചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിന്നെ കചന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ, വി.സ്. ഖണ്ഡേക്കറുടെ “യയാതി” ആണ് ഓര്‍മ്മ വരിക. കചനെ ഇത്ര മനോഹരമായി ചിത്രീകരിക്കാന്‍ വേറെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

അതിനാല്‍ കച-ദേവയാനിമാര്‍ കുറച്ച് കൂടി മിതത്വം പാലിക്കണം എന്നാണ് എന്റെ അഭിപ്രായം.

പിന്നെ ഗോപിയാശന്റെ ആട്ടങ്ങളെ കുറിച്ച് എന്തു പറയാന്‍. അതി മനോഹരം തന്നെ. ഈ 70 വയസ്സിലും ഭാരതത്തിന്റെ “ശ്രീ” ആയി വിളങ്ങുന്ന അദ്ദേഹത്തിന് ആശംസകള്‍.

കലാനിലയം ഉണ്ണികൃഷ്ണനു പരിമിതികള്‍ ഉണ്ട്. ഒരിക്കലും ഒരു “ഹൈദരാലി”-യേയൊ “ഹരിദാസിനേയോ” പ്രതീക്ഷിക്കരുത്.

പിന്നെ ഇവിടെ പ്രസ്ക്തമല്ലെങ്കിലും, ഞാന്‍ കേട്ടിട്ടുള്ള ഒരു നല്ല കചദേവയാനി, ശ്രീ പി.ജി. രാധാകൃഷ്ണന്‍ പാടിയിട്ടുള്ളതാണ്.

നിഷ്ക്കളങ്കന്‍ പറഞ്ഞു...

ഹരീ
ആസ്വാദ്യമായ ആസ്വാദന‌വും വിമ‌ര്‍ശനവും. കൂല‌ങ്കഷം. ഹും! ഒരു ന‌ല്ല കളി മിസ്സായി.

പത്മശ്രീ പുര‌സ്കാരം ഗോപിയാശാന് എന്നോ കിട്ടേണ്ടത്. സ‌ത്യം. ന്നാലും ഇപ്പോഴെങ്കിലും കൊടുത്തത് പത്മശ്രീയുടെ ഭാഗ്യം.

engineering consultant പറഞ്ഞു...

1."Kacha devayani" is not a new story asmentioned by some body here.I have seen this about 60 years ago in Valady temple at Kuttanad(Aalappuzha Dist).

2.I loved the comments and review of Mr Hari.
3.There is no North or South .

Haree | ഹരീ പറഞ്ഞു...

@ gauri,
നന്ദി. :-)

@ ശ്രീകാന്ത് അവണാവ്,
നന്ദി. :-)
കചന്‍ ദേവഗുരുവിന്റെ പുത്രനാണ്, ബ്രാഹ്മണനാണ്, അത്ര ധീരവീരശൂര പരാക്രമിയാകുവാന്‍ ന്യായം കാണുന്നില്ല. കേവലമൊരു സാദാ അസുരനായ സുകേതുവാല്‍ ഹനിക്കപ്പെട്ടവനുമാണല്ലോ! തീര്‍ച്ചയായും ദേവയാനിയുടെ സ്പര്‍ശം മാത്രമല്ല, സാമീപ്യം തന്നെ ഒഴിവാക്കുവാനാണ് കചന്‍ ശ്രമിക്കുന്നത്, ഇവിടെയും ശ്രമിച്ചിരുന്നതും. എന്നാല്‍ സാന്ദര്‍ഭികമായി ഇരുവരും കൂട്ടിമുട്ടുന്നതിലൊന്നും അനൌചിത്യമുണ്ടെന്നു കരുതുന്നില്ല. ഇരുവരും ചപലമായ വികാരപ്രകടനങ്ങള്‍ക്ക് സാധുതയുള്ള പ്രായത്തിലാണല്ലോ! കചനാണെങ്കില്‍, ദേവന്മാരെ രക്ഷിക്കുകയെന്ന കര്‍മ്മബോധം കൊണ്ട് മനസിനെ നിയന്ത്രിക്കുന്നു എന്നുമാത്രം. പക്ഷെ, ദേവയാനിക്ക് അപ്രകാരമൊന്നുമില്ലല്ലോ! ‘കചദേവയാനി’യിലെ പൈങ്കിളിത്തം തെളിയുന്നത് ദേവയാനിയിലാണ്, കചനിലല്ല. ആ പൈങ്കിളിത്തമെന്നത്, ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ ചപലമായ വികാരപ്രകടനമായി കണ്ടാല്‍ മതിയാവും. (അല്ലാതെ ‘മ’ വാരികകളിലെ നായികാനായകന്മാരുടെ പൈങ്കിളിത്തമല്ലന്നേ! ഇത് കഥകളിത്തമുള്ള പൈങ്കിളിത്തം. :-D) അത് കഥയ്ക്ക് ചേരുകയും ചെയ്യും. ഓവറായാല്‍ അമൃതും വിഷം, അതോര്‍മ്മവേണമെന്നു മാത്രം. :-D പി.ജി. രാധാകൃഷ്ണന്റെ പാട്ട് കേട്ടിട്ടില്ല.

@ നിഷ്കളങ്കന്‍,
:-) ഹ ഹ ഹ... അങ്ങിനെ യാത്ര ചെയ്ത് കളികാണുന്ന പതിവുണ്ടോ? ഇതിപ്പോള്‍ തിരു.പുരത്തു നിന്ന് അങ്കമാലിയെത്തിയേ, ഈ 'കചദേവയാനി' കാണുവാന്‍! :-D

@ engineering consultant,
:-) നന്ദി.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--