2008, ഏപ്രിൽ 30, ബുധനാഴ്‌ച

കോട്ടക്കലെ രുഗ്മാംഗദചരിതം

RugmangadaCharitham Kathakali staged at Kottackal SriViswambhara Temple: Kottackal Chandrasekhara Varier(Rugmangadan), Kottackal Sambhu Embranthiri(Mohini), Kottackal Pradeep(Dharmangadan), Kottackal Unnikrishnan(SandhyaVali), Kottackal Manoj(MahaVishnu)
ഏപ്രില്‍ 3, 2008: കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച്, മൂന്നാം ദിവസം ആദ്യം അവതരിപ്പിച്ചത്, ‘രുഗ്മാംഗദചരിതം’ ആട്ടക്കഥയായിരുന്നു. രണ്ടു കൃഷ്ണമുടികളും, രണ്ട് മകുടമുടികളും ചേര്‍ന്നുള്ള പുറപ്പാടോടുകൂടിയാണ് ദിവസത്തെ കളി ആരംഭിച്ചത്. ചിട്ടയായ കളരിയഭ്യാസത്തിന്റെ ഭംഗിയും, പാകതയും കോട്ടക്കല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പുറപ്പാടില്‍ കാണുവാനുണ്ടായിരുന്നു. കലാമണ്ഡലം ബാബു നമ്പൂതിരി, കോട്ടക്കല്‍ കൊച്ചുനാരായണന്‍ എന്നിവരായിരുന്നു പുറപ്പാടിനും, തുടര്‍ന്ന് മേളപ്പദത്തിനും പാടിയത്. ഡബിള്‍ മേളപ്പദത്തില്‍ കലാമണ്ഡലം ബലരാമന്‍, കോട്ടക്കല്‍ പ്രസാദ് എന്നിവര്‍ ചെണ്ടയിലും; സദനം ശ്രീധരന്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം കാര്യമായ പ്രത്യേകതകളൊന്നും ഉള്ളതായി തോന്നിയില്ല ഇവിടുത്തെ ഡബിള്‍ മേളപ്പദം.

Purappadu: Kottackal ViswambharaKshethram Ulsavam'08
കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ രുഗ്മാംഗദനായും, കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി മോഹിനിയായും അരങ്ങിലെത്തിയ രുഗ്മാംഗദചരിതമായിരുന്നു തുടര്‍ന്ന്. മിന്നല്‍ പോലെ മിന്നിടുന്ന രൂപത്തെ കാണുകമാത്രമല്ല; മിന്നല്‍ ക്ഷണ നേരം കൊണ്ടുമറയും, പക്ഷെ ഇതിന്റെ ശോഭ സ്ഥായിയായി നില്‍ക്കുന്നു, അതിനാല്‍ ഇതു മിന്നലല്ലെന്ന് മനസിലാക്കുകയും ചെയ്തു വാര്യരുടെ രുഗ്മാംഗദന്‍. ‘മധുരതരകോമളവദനേ! മദസിന്ധുരഗമനേ!’ എന്ന പതിഞ്ഞ പദത്തിന്റെ അവസാന ചരണം, ‘പിരിയുന്നതു നിന്നോടെനി മമ!’ എന്ന ഭാഗം വളരെ മനോഹരമായി ചന്ദ്രശേഖരവാര്യര്‍ അരങ്ങില്‍ അവതരിപ്പിച്ചു. തന്റെ മരണത്തേക്കാള്‍ വേദനിപ്പിക്കുന്നതാണ് നിന്നെ പിരിയുന്നതെന്ന് മനസില്‍ തട്ടി തന്നെ രുഗ്മാംഗദന്‍ പറയുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു.

RugmangadaCharitham: Kottackal Chandrasekhara Varier(Rugmgangadan), Kottackal Sambhu Embranthiri(Mohini)
‘സോമവദന! കോമളാകൃതേ ഭവാന്‍!’ എന്ന മോഹിനിയുടെ മറുപടി പദമാണ് തുടര്‍ന്ന്. മോഹിനി സംസാരിച്ചു തുടങ്ങുമ്പോള്‍ രുഗ്മാംഗദന്‍ അത്ഭുതത്തോടെ ശ്രദ്ധിക്കുന്നു, തുടര്‍ന്ന് പറയുന്നു; “ഇവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, ഇവളുടെ മനോഹരമായ ശബ്ദം ശ്രവിച്ച്, കുയിലുകള്‍ കൂകുവാന്‍ മറന്നിരിക്കുന്നു. ഇവളുടെ മൊഴികളോടു പകരം വെയ്ക്കുവാന്‍ മറ്റൊന്നില്ല!”. തന്നോടപ്രിയമേതും ഒരുകാലത്തും പ്രവര്‍ത്തിക്കുകയില്ലെന്ന് രുഗ്മാംഗദനില്‍ നിന്നും സത്യം ചെയ്തു വാങ്ങിയ ശേഷം മോഹിനി രുഗ്മാംഗദനോടൊത്തു ചേരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മാട്ടമാണ്. പ്രധാനമായി മൂന്നു ഭാഗങ്ങളാണ് ഇതിനുള്ളത്. മോഹിനി ആരെന്നും, ഇവിടെ എങ്ങിനെ എത്തിയെന്നു രുഗ്മാംഗദന്‍ ചോദിച്ചറിയുന്നതാണ് ആദ്യഭാഗം. രണ്ടാമതായി താന്‍ ഏകാദശീവൃതം നോറ്റുതുടങ്ങുവാനുണ്ടായ കാരണം രുഗ്മാംഗദന്‍ വിശദീകരിക്കുന്നു. അവസാനഭാഗത്തില്‍, തന്നെ കൊട്ടാരത്തിലുള്ളവര്‍ എപ്രകാരം സ്വീകരിക്കുമെന്ന മോഹിനിയുടെ ആശങ്ക നിവൃത്തിക്കുകയാണ് രുഗ്മാംഗദന്‍. ഇവ മൂന്നും രുഗ്മാംഗദചരിതത്തില്‍ ഒഴിവാക്കുവാന്‍ പാടില്ലാത്ത ഭാഗങ്ങളാണ്. ഇവ മനോഹരമായിത്തന്നെ ചന്ദ്രശേഖരവാര്യര്‍ രംഗത്തവതരിപ്പിച്ചു. കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരിയാണ് മോഹിനിയുടെ വേഷം അവതരിപ്പിച്ചത്. വാര്യരുടെ രുഗ്മാംഗദനു ചേരുന്ന മോഹിനിയായിരുന്നു അദ്ദേഹത്തിന്റേത്. ഈ മൂന്നു മനോധര്‍മ്മാട്ടങ്ങളും ബന്ധിപ്പിച്ച് ആടുവാന്‍, രണ്ടു വേഷക്കാരും തമ്മില്‍ നല്ല പൊരുത്തമുണ്ടാവേണ്ടത് വളരെ ആവശ്യമാണ്. ആ നിലയ്ക്കും ഇവരുടെ സഖ്യം വളരെ നന്നായിരുന്നു.

RugmangadaCharitham: Brahmins
മൂന്നു ബ്രാഹ്മണര്‍ പരസ്പരം കണ്ടു സംസാരിക്കുന്ന രംഗമാണ് തുടര്‍ന്ന്. ഇവിടെ അവതരിപ്പിച്ച ‘രുഗ്മാംഗദചരിത’ത്തില്‍ ഏറെ വിചിത്രമായി തോന്നിയതും ഈ രംഗമാണ്. ഒരാള്‍ സാധാരണ ബ്രാഹ്മണവേഷം; മറ്റൊരാള്‍ അല്പം മുടന്തോടെ, കൃത്രിമ പല്ലും വെച്ച് വിരൂപനായ ഒരു ബ്രാഹ്മണന്‍; അടുത്തത് ഏറെ വിചിത്രം, സന്യാസിയുടെ രൂപത്തില്‍, അതും പൂണൂലിട്ട സന്യാസി! ഒരാള്‍ സാധാരണക്കാരന്‍(സാധാരണ ബ്രാഹ്മണവേഷം), മറ്റൊരാള്‍ ലൌകികസുഖങ്ങളോട് താത്പര്യമുള്ളയാള്‍(പല്ലുപൊങ്ങിയ, മുടന്തന്‍ ബ്രാഹ്മണന്‍), അടുത്തയാള്‍ നിഷ്‌കാമി(സന്യാസി) എന്നാവണം ഉദ്ദേശിച്ചത്. സാധാരണ ബ്രാഹ്മണവേഷത്തിലുള്ളയാള്‍ ഭൂദേവന്റെ വിശേഷം മറ്റുള്ളവരോട് പറയുന്നതായാണ് ആരംഭിച്ചത്. തുടര്‍ന്ന് മുടന്തന്‍ ബ്രാഹ്മണന്‍ ‘രാപകല്‍ മോഹിനിയോടും ഭൂപന്‍’ എന്ന ഭാഗം പറയുന്നു; അതിനു ശേഷം ‘മോഹിനിയോടു ചേര്‍ന്നിട്ടും’ എന്ന ചരണം സന്യാസി വേഷക്കാരനുമായിരുന്നിരിക്കണം അവര്‍ തമ്മില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കലാനിലയം ഉണ്ണികൃഷ്ണന് പാടിവന്നപ്പോള്‍ വരി മാറിപ്പോയി. ‘മോഹിനിയോടു ചേര്‍ന്നിട്ടും’ എന്ന ചരണം ആദ്യം കയറി തുടങ്ങി, പെട്ടെന്നു തന്നെ തിരുത്തിയെങ്കിലും സന്യാസി-ബ്രാഹ്മണന്‍ അതാടി തുടങ്ങിയിരുന്നു. പദം മാറിപ്പോയതാണെന്ന് മനസിലാക്കിയ ആ കലാകാരന്‍, മുടന്തന്‍ ബ്രാഹ്മണന്‍ തുടങ്ങാനായി കാത്തെങ്കിലും, അദ്ദേഹം അനങ്ങാത്തതിനാല്‍ ‘രാപകല്‍ മോഹിനിയോടും ഭൂപന്‍’ എന്ന ഭാഗം തന്നെ ആടി. അതിനു ശേഷം മുടന്തന്‍ ബ്രാഹ്മണന്‍, ‘മോഹിനിയോടു ചേര്‍ന്നിട്ടും’ എന്ന ചരണവുമാടി. ചുരുക്കത്തില്‍, ചരണങ്ങളുമായി ബന്ധപ്പെടുത്തി വേഷം ധരിച്ചെങ്കിലും, അത് അരങ്ങില്‍ പ്രാവര്‍ത്തികമായില്ല; എന്നു മാത്രമല്ല അബദ്ധമായി തീരുകയും ചെയ്തു!

ഏകാദശീവൃതം അനുഷ്ഠിച്ച്, ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന രുഗ്മാംഗദന്റെ സമീപത്തേക്ക് മോഹിനിയെത്തുന്നു. താന്‍ ഇവിടെ വന്നിട്ട് ഏറെക്കാലമായെങ്കിലും, തന്റെ ആഗമനോദ്ദേശം സാ‍ധിക്കുവാന്‍ തനിക്കിതുവരെ കഴിഞ്ഞിട്ടില്ല എന്നോര്‍ത്ത്; ഇന്ന് അതിനു ശ്രമിക്കുക തന്നെ എന്നുറയ്ക്കുന്നു. ധ്യാനത്തിലിരിക്കുന്ന രുഗ്മാംഗദനെ പുണരുവാന്‍ മുതിരുന്ന മോഹിനിയെ രാജാവ് തടയുന്നു. ഇന്ന് ഏകാദശീവൃതമാണെന്നും; ഇന്ന് കാമകേളികളും, ഭക്ഷണവും നിഷിദ്ധമാണെന്നും അറിയിക്കുന്നു. തന്റെ രാജ്യവാസികളെല്ലാം ഏകാദശീവൃതം അനുഷ്ഠിക്കുന്നു, മോഹിനിയും നോല്‍ക്കുവാന്‍ രാജാവു പറയുന്നു. എന്നാല്‍ പട്ടിണികൊണ്ടു കോലം കഷ്ടമാക്കാമെന്നല്ലാതെ, പ്രയോജനമില്ലാത്ത വ്രതങ്ങള്‍ താന്‍ നോല്‍ക്കുകയില്ലെന്ന് മോഹിനി ശഠിക്കുന്നു. എന്നാല്‍ അങ്ങിനെയാവട്ടെ, തന്നെ നോല്‍ക്കുവാന്‍ അനുവദിക്കുക എന്നു പറയുന്ന രുഗ്മാംഗദനോട് മോഹിനി, തന്റെ കൂടെ ആഹാരം കഴിക്കുവാന്‍ വരുവാന്‍ ആവശ്യപ്പെടുന്നു.

RugmangadaCharitham: Kottackal Chandrasekhara Varier(Rugmgangadan), Kottackal Sambhu Embranthiri(Mohini)
മോഹിനിയുടെ മനം മാറ്റത്തില്‍ ആശ്ചര്യപ്പെടുന്ന രുഗ്മാംഗദന്‍ തന്നെ വ്രതം നോല്‍ക്കുവാന്‍ അനുവദിക്കണമെന്ന് മോഹിനിയോട് അപേക്ഷിക്കുന്നു. തന്നിക്ക് അപ്രിയമായതു പ്രവര്‍ത്തിച്ചാല്‍ സത്യഭംഗം വരുമെന്നും; അങ്ങിനെ വരാതെ വ്രതം നോല്‍ക്കണമെന്നുണ്ടെങ്കില്‍, ഏകപുത്രനെ അമ്മയുടെ മടിയില്‍ കിടത്തി, കണ്ണുകളിലശ്രുകണങ്ങള്‍ ഒട്ടുമേ വന്നിടാതെ, ഗളച്ഛേദം ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇത്രയും കുടിലയായ ഇവളെയാണല്ലോ, താന്‍ തന്റെ രാജ്ഞിയാക്കി വാഴിച്ചതെന്ന് രുഗ്മാംഗദന്‍ കുണ്ഠിതപ്പെടുന്നു. പതിവ്രതാരത്നമായ തന്റെ പത്നിയേയും, ആറ്റുനോറ്റുണ്ടായ ഏകമകനേയും മറന്ന്, ഇവളുടെ സൌന്ദര്യത്തില്‍ മയങ്ങി ജീവിച്ചതിന് ഈശ്വരന്‍ തന്ന ശിക്ഷയാണിതെന്നും രുഗ്മാംഗദന്‍ കരുതുന്നു.

RugmangadaCharitham: Kottackal Chandrasekhara Varier(Rugmgangadan), Kottackal Pradeep(Dharmangadan), Kottackal Unnikrishnan(Sandhyavali)
വിഷമിച്ചിരിക്കുന്ന അച്ഛന്റെ സമീപത്തേക്ക് മകന്‍ ധര്‍മ്മാംഗദന്‍, അമ്മ സന്ധ്യാവലിയേയും കൂട്ടിയെത്തുന്നു. രാജവംശത്തിന്റെ കീര്‍ത്തിക്കു തന്നെ കളങ്കമാവുന്ന, സത്യഭംഗം വരാതിരിക്കുവാന്‍ തന്നെ ഒട്ടും മടികൂടാതെ വധിക്കുവാന്‍ അച്ഛനോട് ധര്‍മ്മാംഗദന്‍ ഉണര്‍ത്തിക്കുന്നു. സന്ധ്യാവലിയുടെ മടിയില്‍ കിടത്തി വെട്ടുവാന്‍ വാളോങ്ങുമ്പോള്‍ വിഷ്ണു പ്രത്യക്ഷപ്പെട്ട് തടയുന്നു. രുഗ്മാംഗദന്റെ ഭക്തി പരീക്ഷിക്കുവാന്‍ ബ്രഹ്മാവയച്ചതാണ് മോഹിനിയെയെന്നും, ധര്‍മ്മാംഗദനെ രാജാവായി വാഴിച്ച് ഭാര്യയോടൊപ്പം തന്നോടു ചേരുവാനും വിഷ്ണു അരുളിചെയ്യുന്നു. അപ്രകാരം ചെയ്ത് രുഗ്മാംഗദനും ഭാര്യയും വിഷ്ണുപദം ചേരുമ്പോള്‍ കഥ അവസാനിക്കുന്നു.

മകനെ കൊല്ലുവാന്‍ മാത്രം വാശിപിടിക്കുന്ന, ക്രൂരയായ മോഹിനിയെയല്ല കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി അവതരിപ്പിച്ചത്. എന്നാല്‍ വ്രതമുപേക്ഷിച്ച് ആഹാരം കഴിക്കുവാന്‍ മാത്രം ആവശ്യപ്പെടുന്ന, സമാധാനപ്രിയയായ മോഹിനിയുമായിരുന്നില്ല. രണ്ടു രീതിയിലായാലും, തന്നോട് അപ്രിയം പ്രവര്‍ത്തിക്കാതിരിക്കുവാന്‍ രാജാവിനോടു നിര്‍ദ്ദേശിക്കുന്ന മോഹിനിയായിരുന്നു ശംഭു എമ്പ്രാന്തിരിയുടേത്. എങ്കിലും രാജാവിനെക്കൊണ്ട് മകനെക്കൊല്ലിക്കുവാന്‍ കൂടുതല്‍ താല്പര്യം മോഹിനിക്കുള്ളതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു. വ്രതം മുടക്കുക എന്നതു മാത്രമാണല്ലോ, മോഹിനിയുടെ ലക്ഷ്യം. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ മുഖത്തു തേപ്പ് സാധാരണയിലും നന്നായിരുന്നു. പച്ച വേഷങ്ങള്‍ വായ തുറക്കരുതെന്നാണ് നിഷ്കര്‍ച്ചിരിക്കുന്നതെങ്കിലും, അധികമായും കത്തി വേഷങ്ങള്‍ ചെയ്തു ശീലിച്ചതിനാലാവണം, ചന്ദ്രശേഖരവാര്യര്‍ പലപ്പോഴും വായ തുറക്കാറുണ്ട്. വളരെ അരോചകമായി തോന്നുന്നു ഈ ശീലം. ഇനിയിതു മാറ്റുക പ്രയാസകരമാണെങ്കിലും, അതിനായി ശ്രമിക്കുകയെങ്കിലും ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.

RugmangadaCharitham: Kottackal Pradeep(Dharmangadan), MakudaMudi
കോട്ടക്കല്‍ പ്രദീപാണ് ധര്‍മ്മാംഗദനെ അവതരിപ്പിച്ചത്. സാധാരണ കിരീടത്തിനു പകരം, മകുടമുടി ചൂടിയാണ് ധര്‍മ്മാംഗദന്‍ രംഗത്തെത്തിയത്. കുട്ടിത്തം തോന്നിക്കുവാനും, യുവരാജാവെന്ന പ്രതീതി ഉണ്ടാക്കുവാനും മകുടമുടി ഉപയോഗിക്കുന്നത് നല്ലതായി തോന്നി. ആവശ്യത്തിനു കളരി പരിചയവും, അരങ്ങു പരിചയവും നേടിയ കലാകാരനാണ് പ്രദീപെന്നു തോന്നി. സാധാരണയിടങ്ങളില്‍ കാണാ‍റുള്ള ധര്‍മ്മാംഗദ വേഷങ്ങളേക്കാള്‍ പക്വതയുള്ള അഭിനയമായിരുന്നു കോട്ടക്കല്‍ പ്രദീപിന്റേത്. സന്ധ്യാവലിയായെത്തിയത് കോട്ടക്കല്‍ ഉണ്ണികൃഷ്ണനാണ്. മകന്റെ ശിരസ് തന്റെ മടിയില്‍ കിടത്തി മുറിക്കുവാന്‍ പോവുന്നു എന്ന വ്യഥയൊന്നും സന്ധ്യാവലിയില്‍ കണ്ടില്ല. തുടക്കക്കാരായ കലാകാരന്മാര്‍ക്ക് അഭിനയിച്ചു പ്രതിഫലിപ്പിക്കുവാന്‍ സാധിക്കുന്നതിലും മുകളിലാണ് സന്ധ്യാവലിയെന്ന കഥാപാത്രം നില്‍ക്കുന്നത്. കുറച്ചു കൂടി പ്രവര്‍ത്തിപരിചയമുള്ള കലാകാരന്മാര്‍ ഈ വേഷം സ്വീകരിക്കുന്നതാണ് ഉചിതം. കോട്ടക്കല്‍ മനോജാണ് വിഷ്ണുവായി അരങ്ങിലെത്തിയത്.

കലാനിലയം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ബാബുനമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് ‘രുഗ്മാംഗദചരിത’ത്തിനു പാടിയത്. ഇരുവരുടെയും പാട്ട് പ്രതീക്ഷിച്ചതിലും നന്നായിരുന്നു. കലാമണ്ഡലം ശങ്കരവാര്യര്‍, കലാമണ്ഡലം വിജയകൃഷ്ണന്‍ എന്നിവരാണ് യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും, തുടക്കത്തില്‍ മേളമൊരുക്കിയത്. ഇന്നത്തെ മദ്ദളവാദകരില്‍ പ്രഥമഗണനീയനാണ് ശങ്കരവാര്യര്‍. എന്നാല്‍, വളരെക്കുറച്ചു നേരം മാത്രമേ അദ്ദേഹം അരങ്ങില്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നത് ആസ്വാദകരെ സംബന്ധിച്ച് നിരാശയുണ്ടാ‍ക്കുന്ന കാര്യമാണ്. ബ്രാഹ്മണരുടെ രംഗത്തിനു ശേഷം സദനം ശ്രീധരന്റെ മദ്ദളവും, കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയുമായിരുന്നു. ചുരുക്കത്തില്‍ പ്രതീക്ഷിച്ചതിലും വളരെ മികച്ച ഒരു അനുഭവമായിരുന്നു കോട്ടക്കലെ രുഗ്മാംഗദചരിതം ആസ്വാദകര്‍ക്കു നല്‍കിയത്.

കലാമണ്ഡലം ശിവരാമന്‍, ആര്‍.എല്‍.വി. സോമദാസ്, കലാമണ്ഡലം സതീശന്‍ എന്നിവരാണ് ആദ്യ രണ്ടു ദിനങ്ങളില്‍ ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. കോട്ടക്കല്‍ ട്രൂപ്പിന്റെ ഉടയാടകളും, ചമയങ്ങളും, കോപ്പുകളുമുപയോഗിച്ച് അരങ്ങിലെത്തിയ വേഷങ്ങള്‍ക്ക് പ്രത്യേക ഭംഗിതന്നെയുണ്ടായിരുന്നു. വേണ്ട സമയത്ത്, വേണ്ട രീതിയില്‍, ആരുടെയും നിര്‍ദ്ദേശം ആവശ്യമില്ലാതെ തന്നെ തിരശീല പിടിച്ച അരങ്ങുസഹായികളും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ഇത്രയും അടുക്കും ചിട്ടയോടും കൂടിയ കഥകളി അവതരണം കേരളത്തില്‍ മറ്റൊരിടത്തും കണ്ടേക്കുവാന്‍ സാധ്യതയില്ലെന്നു തോന്നുന്നു. കഥകളി പ്രേമികള്‍ക്ക് ഒരു പ്രത്യേക അനുഭവം തന്നെയാണ് വിശ്വംഭരക്ഷേത്രത്തിലെ ഉത്സവവും, അതോടു ചേര്‍ന്നു നടത്തുന്ന കഥകളികളും സമ്മാനിക്കുന്നതെന്നത് നിസ്തര്‍ക്കമായ കാര്യമാണ്.


കളിയരങ്ങില്‍:
കനകക്കുന്നിലെ രുഗ്മാംഗദചരിതം - ജനുവരി 21, 2008

ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.

Description: RugmangadaCharitham Kathakali staged at Kottackal SriViswambhara Temple: Kottackal Chandrasekhara Varier(Rugmangadan), Kottackal Sambhu Embranthiri(Mohini), Kottackal Pradeep(Dharmangadan), Kottackal Unnikrishnan(SandhyaVali), Kottackal Manoj(MahaVishnu) | Pattu: Kalanilayaam Unnikrishnan, Kottackal Kochu Narayanan | Melam: Kalamandalam Sankara Varier(Maddalam), Kalamandalam Vijayakrishnan(Chenda) | Chutti: Kalamandalam Satheesan
--

2008, ഏപ്രിൽ 13, ഞായറാഴ്‌ച

കോട്ടക്കലെ കീചകവധം

KeechakaVadham Kathakali @ Kottackal SriViswambhara Temple: Madavoor Vasudevan Nair(Keechakan), Kalamandalam Rajasekharan(Malini/Sairandhri), Kottackal Murali(Valalan), Kottackal Kesavan Embranthiri(UpaKeechakan), Kottackal Harikumar(Sudeshna), Kottackal Balanarayanan(Bheeru)
ഏപ്രില്‍ 2, 2008: കോട്ടക്കല്‍ വിശ്വംഭരക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനം, ‘കീചകവധം’ ആട്ടക്കഥ രണ്ടാമതായി അവതരിക്കപ്പെട്ടു. മടവൂര്‍ വാസുദേവന് നായരുടെ കീചകനും, കലാമണ്ഡലം രാജശേഖരന്റെ സൈരന്ധ്രിയുമായിരുന്നു കോട്ടക്കലെ ‘കീചകവധ’ത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ‘മാലിനി! രുചിരഗുണശാലി’ എന്നുതുടങ്ങുന്ന പതിഞ്ഞ പദം, ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ...’ എന്ന ദണ്ഡകം, ‘സഭ’ എന്ന വാക്ക് നാലുവരികളിലും ആവര്‍ത്തിക്കുന്ന ശ്ലോകം, തുടര്‍ന്നു വരുന്ന ‘ഹരിണാക്ഷി! ജനമൌലീമണേ!’ എന്ന കാംബോജി രാഗത്തിലുള്ള ശൃംഗാരപദം, ‘കണ്ടിവാര്‍കുഴലീ!’ എന്ന അവസാനപദം; ഇങ്ങിനെ ഒട്ടുമിക്ക പദങ്ങളും ആലാപനസാധ്യതകൊണ്ടും, അഭിനയസാധ്യതകൊണ്ടും ഒന്നിനൊന്നു ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ കഥകളിയധികം കണ്ടിട്ടില്ലാത്ത ആസ്വാദകര്‍ക്കുപോലും നന്നായി രസിക്കുന്ന ഒരു ആട്ടക്കഥയാണിത്.

KeechakaVadham - Keechakan by Madavoor Vasudevan Nair
പാണ്ഡവര്‍ വനവാസം കഴിഞ്ഞതിനു ശേഷം, വേഷപ്രച്ഛന്നരായി വിരാടപുരിയില്‍ അജ്ഞാതവാസത്തെ കഴിക്കുന്ന കാലം. വിരാടരാജാവിന്റെ ഭാര്യാസഹോദരനായ കീചകന്‍, രാജ്ഞിയുടെ സൈരന്ധ്രിയായി, മാലിനിയെന്ന പേരില്‍ കൊട്ടാരത്തില്‍ കഴിഞ്ഞുവരുന്ന പാഞ്ചാലിയെക്കണ്ട് ഭ്രമിക്കുന്നു. സാധാരണയായി, പൂന്തോട്ടത്തില്‍ പുഷ്പമിറുക്കുന്ന മാലിനിയെ ദൂരെനിന്ന് കണ്ട്, ഭ്രമിച്ചരികിലെത്തുന്ന കീചകനില്‍ നിന്നുമാണ് ‘കീചകവധം’ ആരംഭിക്കാറുള്ളത്. എന്നാല്‍ ഇവിടെ കീചകനായി വേഷമിട്ട മടവൂര്‍ വാസുദേവന്‍ നായര്‍ കഥ ആരംഭിച്ചത് കീചകന്റെ ഒരു തന്റേടാട്ടത്തോടെയായിരുന്നു. പാഞ്ചാലിയെ ദൂരെനിന്നു കാണുന്ന കീചകന്‍ ഇപ്രകാരം വിചാരിക്കുന്നു: “ദൂരെ കാണുന്നതെന്താണ്. രണ്ട് താമരയിലകളോ, അതോ കാമന്റെയമ്പുകളോ... അല്ല, ഇത് രണ്ട് കണ്ണുകളാണല്ലോ! അതിനു താഴെ രണ്ട് വാകപ്പക്ഷികളാണോ? അതോ കൂമ്പി നില്‍ക്കുന്ന പൂങ്കുലകളോ? അതുമല്ലെങ്കില്‍ രണ്ട് കനകകുംഭങ്ങളോ? അല്ല, അതൊരു സ്ത്രീയുടെ സ്തനങ്ങള്‍ തന്നെ! ഇവളാര്? രാജ്ഞിയുടെ ദാസിയാണെന്നു തോന്നുന്നല്ലോ. ഇതിനുമുന്‍പ് ഇവിടെയെങ്ങും ഇവളെ കണ്ടിട്ടില്ലല്ലോ. ഏതായാലും അടുത്തു ചെന്ന് കൂടുതല്‍ ചോദിച്ചറിഞ്ഞ് ഇവളെ പ്രാപിക്കുക തന്നെ.” ഈയൊരു ഹൃസ്വമായ തന്റേടാട്ടത്തിലൂടെ കീചകന്‍ എന്ന വിടനായ കാമുകനെ പ്രേക്ഷകന് അനായേസേന പരിചയപ്പെടുത്തുകയാണ് മടവൂര്‍ ചെയ്തത്.

KeechakaVadham - Keechakan by Madavoor Vasudevan Nair & Malini by Kalamandalam Rajasekharan
സൈരന്ധ്രി വലതുവശത്തുകൂടി പ്രവേശിക്കുന്നു. പുഷ്പമിറുത്തുകൊണ്ടിരിക്കുന്ന സൈരന്ധ്രിയുടെ സമീപത്തേക്ക് കീചകനെത്തുന്നു. തുടര്‍ന്നാണ് ‘മാലിനീ! രുചിരഗുണശാലിനീ‍!’ എന്നു തുടങ്ങുന്ന കീചകന്റെ പതിഞ്ഞ പദം. കലാമണ്ഡലം രാജശേഖരനായിരുന്നു സൈരന്ധ്രിയായി അരങ്ങിലെത്തിയത്. പന്ത്രണ്ടുകൊല്ലത്തെ വനവാസവും, അജ്ഞാതവാസവുമൊന്നും സൈരന്ധ്രിയെ ദുഃഖിപ്പിക്കുന്നതായി തോന്നിയില്ല. രാജ്ഞിയുടെ ദാസ്യവൃത്തിചെയ്യേണ്ടി വന്നുവെന്ന അപമാനവും സൈരന്ധ്രിയില്‍ കണ്ടില്ല. വളരെ സന്തോഷത്തോടെ അജ്ഞാതവാസകാലം കഴിക്കുന്ന, പുഞ്ചിരിച്ചുകൊണ്ട് പുഷ്പമിറുക്കുന്ന സൈരന്ധ്രിയെയാണ് രാജശേഖരന്‍ അവതരിപ്പിച്ചത്! ഇത്രയും ബോധമില്ലാതെ, രാജശേഖരനെപ്പോലെയുള്ള ഒരു കലാകാരന്‍ രംഗത്തുപ്രവര്‍ത്തിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്. എന്നൊടു പറഞ്ഞതൊന്നും ശരിയല്ലെന്നു പറഞ്ഞ് സൈരന്ധ്രി കീചകസമീപത്തു നിന്നും മാറുന്നു.

സൈരന്ധ്രി പോയതിനു ശേഷം, ഇച്ഛാഭംഗത്തോടെയുള്ള കീചകന്റെ മനോധര്‍മ്മാട്ടമാണ് തുടര്‍ന്ന്. “ഒന്നും നടന്നില്ല! അവളുടെ പിരികം കൊണ്ടുള്ള കടാക്ഷങ്ങള്‍ എന്റെ ഹൃദയത്തെ മുറിക്കുന്നു. അവളുടെ കണ്ണുകളാവട്ടെ തന്റെ മനസിനെ പിടിച്ചു വലിക്കുന്നു. ചുണ്ടുകള്‍ നുകരുവാനായി എന്നില്‍ കൊതി പെരുകുന്നു.” കീചകന്‍ കടന്നു വരുമ്പോള്‍ സൈരന്ധ്രി പൂവിറുക്കുകയായിരുന്നുവല്ലോ? സംഭ്രമിച്ച് താഴെ തൂവിയ പൂവുകളെടുത്ത് തലോടി, തുടരുന്നു. “അവളുടെ കരസ്പര്‍ശമേറ്റ ഈ പൂവുകള്‍ സുകൃതം ചെയ്തവ തന്നെ. എന്നെയാവട്ടെ അവളൊന്നു തൊട്ടതുകൂടിയില്ല!” തന്നോടു തന്നെ അല്പം നീരസം തോന്നിയെന്നു ഭാവിച്ച്, “ഞാനെന്തിന് ഇവിടെ ഇങ്ങിനെ വിഷമിച്ചിരിക്കണം. അവള്‍ കേവലമൊരു ദാസി. പോയി പിടിച്ചുകൊണ്ടുവന്നങ്ങു പ്രാപിക്കുക തന്നെ! ഛെ! ഒരു സ്ത്രീയോട് അങ്ങിനെയൊക്കെ പെരുമാറാമോ. സഹോദരിയെ തന്റെ ഇംഗിതം അറിയിക്കുകയാണുചിതം!”. ഇത്രയുമാടി കീചകന്‍ മാറുന്നാതോടെ ആ രംഗത്തിനു തിരശീല വീഴുന്നു.

KeechakaVadham - Sudeshna by Kottackal Harikumar & Keechakan by Madavoor Vasudevan Nair
തുടര്‍ന്ന് കീചകന്‍ തന്റെ സഹോദരി, സുദേഷ്ണയുടെ സമീപമെത്തി, തനിക്ക് സൈരന്ധ്രിയില്‍ തോന്നിയ താല്പര്യം അറിയിക്കുന്നു. വല്ല വിധേനയും അവളെ തന്റെ സമീപത്തേക്ക് അയയ്ക്കുവാന്‍ കരുണകാണിക്കണമെന്നും കീചകന്‍ അപേക്ഷിക്കുന്നു. എന്നാല്‍ ഇത് കീചകന്റെ ഗുണത്തിനല്ല, അവള്‍ക്ക് ഭര്‍ത്താക്കന്മാരായി അഞ്ചു ഗന്ധര്‍വ്വന്മാരാണുള്ളത്, അവരിതറിഞ്ഞാന്‍ അനര്‍ത്ഥം ഭവിക്കുമെന്ന് സുദേഷ്ണ സഹോദരനെ ഉപദേശിക്കുന്നു. എന്നാല്‍ അഞ്ചു ഗന്ധര്‍വ്വന്മാരെ വെല്ലുവാന്‍ താന്‍ ധാരാളമാണെന്നും, എന്നാല്‍ കാമദേവനെ വെല്ലുവാന്‍ തനിക്ക് കഴിയില്ലെന്നും കീചകന്‍ പ്രതിവചിക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും കീചകന്‍ തന്റെ ആവശ്യത്തില്‍ നിന്നും പിന്മാറുന്നില്ലെന്നു മനസിലാക്കുന്ന സുദേഷ്ണ, താന്‍ വല്ല വിധത്തിലും സൈരന്ധ്രിയെ കീചകന്റെ മന്ദിരത്തിലേക്ക് പറഞ്ഞയയ്ക്കാമെന്നു പറഞ്ഞ് കീചകനെ യാത്രയാക്കുന്നു. അടുത്ത രംഗത്തില്‍ സുദേഷ്ണ, മാലിനിയെ വിളിച്ച്, കീചകന്റെ മന്ദിരത്തില്‍ പോയി തനിക്ക് മദ്യം വാങ്ങിവരുവാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ ഭാഗം മുതല്‍ കീചകസമീപം മാലിനിയെത്തുന്നതുവരെയുള്ള ഭാഗങ്ങള്‍ ദണ്ഡകമായാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്ഞിയുടെ നിര്‍ദ്ദേശം കേട്ട്, ‘പലതടവുമതിനു പുനരവളൊടു പറഞ്ഞളവു, പരുഷമൊഴികേട്ടുനടങ്ങി’, കണ്ണീരാല്‍ മലിനമാ‍യ വേഷത്തില്‍, കൈയില്‍ പാത്രവുമായി, സിംഹത്തിന്റെ ഗുഹയിലേക്ക് യാത്രയാവുന്ന മാന്‍‌പേടയുടെ വിവശതയോടെ, മാലിനി കീചകസവിധത്തിലെത്തി.

മാലിനി, രജ്ഞിയുടെ ദാസിയാണ്. എന്നാല്‍ രാജശേഖരന്റെ വേഷം കണ്ടാല്‍ തിരിച്ചാണ് തോന്നുക. എല്ലാ സ്ത്രീവേഷത്തിനും ഒരേ മാതൃകയില്‍, വര്‍ണശബളമായ അലങ്കാരങ്ങള്‍ ഉചിതമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതിപ്പോള്‍ സൈരന്ധ്രിയായാലും, ദമയന്തിയായാലും, കേശിനിയായാലും, മോഹിനിയായാലും; കലാമണ്ഡലം രാജശേഖരനാണോ, അദ്ദേഹത്തിന്റെ വേഷം ഒരേ രീതിയില്‍! കഥാപാത്രത്തിനനുയോജ്യമായ വേഷം ധരിക്കുവാന്‍ കലാകാരന്മാര്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാതെ, തന്റെ വേഷഭംഗി പ്രകടിപ്പിക്കുകയാവരുത് ലക്ഷ്യം. കോട്ടക്കല്‍ ഹരികുമാറിന്റെ സുദേഷ്ണയ്ക്കും ഈ പറഞ്ഞത് ബാധകമാണ്. വെറുതെ ഒരു വെളുത്ത തുണി മാറത്തു ചുറ്റിയെത്തിയപ്പോള്‍, പട്ടുതുണി ചുറ്റിയെത്തിയ സൈരന്ധ്രിയുടെ ദാസിയുടെ രൂപമായിരുന്നു സുദേഷ്ണയ്ക്കുണ്ടായിരുന്നത്.

മാലിനിയെ പ്രതീക്ഷിച്ച് കീചകന്‍ സ്വഗൃഹത്തില്‍ വസിക്കുന്നു. അല്പം മദ്യമൊക്കെ സേവിച്ചാണിരിപ്പ്. സാധാരണയായി, കീചകന്റെ വിസ്തരിച്ചുള്ള ഒരുക്കമൊക്കെ ആടാറുണ്ട്. ഇവിടെ അതൊക്കെ വേഗത്തില്‍ കഴിച്ചുകൂട്ടി. ഒരു സേവകന്‍ രാജ്ഞിയുടെ ഒരു സൈരന്ധ്രി മദ്യം വാങ്ങുവാനായി വന്നു നില്‍ക്കുന്നു എന്നറിയിക്കുന്നതായി ആടി, അവള്‍ മാലിനി തന്നെയെന്നുറച്ച്, വേഗം അകത്തേക്ക് കടത്തിവിടുവാന്‍ നിര്‍ദ്ദേശിക്കുന്നു. മാലിനി പ്രവേശിക്കുന്നു. “ഹരിണാക്ഷീജനമൌലീ‍മണേ! നീ!” എന്നു തുടങ്ങുന്ന കീചകന്റെ ശൃംഗാരപദമാണ് തുടര്‍ന്ന്. പലതും പറഞ്ഞ് മാലിനിയെ തനിക്കു വഴങ്ങുവാന്‍ കീചകന്‍ പ്രേരിപ്പിക്കുന്നു. നിന്റെ അനുചിതമായ വചനങ്ങള്‍, വൃഥാവിലാവുമെന്ന് മാലിനി തിരിച്ചുപറയുന്നു. ഇതുകേട്ട് കുപിതനാവുന്ന കീചകന്‍, ഇവളെ കൊല്ലുക തന്നെയെന്നുറച്ച് പലതരത്തിലും ഉപദ്രവിക്കുന്നു. തദവസരത്തില്‍ സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസന്‍ മാലിനിയെ രക്ഷിക്കുന്നു.

സിംഹത്തിന്റെ ഗുഹയിലെത്തിയ മാന്‍പേടയുടെ അവസ്ഥയാണ് മാലിനിക്കെന്നാണ് കവിവചനം. എന്നാല്‍ രാജശേഖരന്റെ മാലിനിയാവട്ടെ, സിംഹത്തിന്റെ മുന്നില്‍ നില്‍ക്കുന്ന മദം പൊട്ടിയ ആനയുടെ ശൌര്യത്തോടെയാണ് കീചകന്റെ മുന്‍പില്‍ നിന്നത്. തന്റെ മടിയില്‍ വന്നിരിക്കുവാന്‍ ക്ഷണിക്കുന്ന കീചകനോട് മാലിനി പറയുന്നതു നോക്കൂക: “ഞാനിവിടെ തന്റെ മടിയിലിരിക്കുവാന്‍ വന്നതല്ല, വേഗം മദ്യം തരിക, ഞാന്‍ പോവുകയായി”. ഇതും പോരാഞ്ഞ്, “നീയൊരു എലിമാത്രം, സര്‍പ്പം എലിയെ ഭക്ഷിക്കുന്നതുപോലെ എന്റെ പതികള്‍ നിന്റെ കഥ കഴിക്കും” എന്നും മാലിനി പറയുന്നു. ഇതിനു മറുപടിയായി, “സര്‍പ്പങ്ങളെ കൊത്തിനുറുക്കുന്ന ഗരുഡനെപോലെ ഞാന്‍ അവരെ വകവരുത്തും.” എന്നു കീചകനും പറയുന്നു.

ഇവിടെയൊന്നും ഇങ്ങിനെ പറയുവാനുള്ള ധൈര്യവും തന്റേടവും മാലിനിക്കു വരുവാന്‍ സാധ്യത കാണുന്നില്ല. ഒന്നും മിണ്ടാതെ എല്ലാം സഹിച്ച്, വേഗം മദ്യം തന്നയയ്ക്കുവാനപേക്ഷിക്കുവാന്‍ മാത്രമേ സൈരന്ധ്രിക്കാവുകയുള്ളൂ. ഇതൊന്നും പോരാഞ്ഞ് ഒരവസരത്തില്‍ കീചകനെ അടിക്കുവാനും രാജശേഖരന്റെ സൈരന്ധ്രി തുനിഞ്ഞു! ഇത്രയും പാത്രബോധമില്ലാതെ; ഇത്രനാളത്തെ അരങ്ങു പരിചയമുള്ള; കലാമണ്ഡലത്തിലെ വേഷാധ്യാപകനും, വൈസ്-പ്രിന്‍സിപ്പാളുമായ ഒരു നടന്‍; അരങ്ങത്തു പ്രവര്‍ത്തിച്ചത് വളരെ അത്ഭുതമായി തോന്നി. ‘ആശാനക്ഷരമൊന്നു പിഴച്ചാല്‍, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.’ എന്നാണല്ലോ ചൊല്ല്. ഇവിടെ അമ്പത്തൊന്നും പിഴച്ചു നില്‍ക്കുന്ന ആശാന്റെ കളരിവിട്ടിറങ്ങുന്ന ശിഷ്യന്മാര്‍ അരങ്ങില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്ന് കാത്തിരുന്നു തന്നെ കാണണം.

കീചകന്റെ വധത്തിനു ശേഷം; ഉപകീചകന്‍, ഭീരു എന്നിവരുടെ ഭാഗങ്ങളും കോട്ടക്കല്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ മദോല്‍ക്കടന്റെ ഭാഗം അവതരിപ്പിച്ചതുമില്ല! എന്നാല്‍ ഈ ഭാഗത്ത് മനോധര്‍മ്മമായിപ്പോലും അങ്ങിനെയൊരു കഥാപാത്രത്തിന്റെ വരവ്, കീചകവേഷം കെട്ടുന്ന കലാകാരന്‍ ആടാറുമില്ല. കീചകന്റെ സവിധത്തില്‍ നിന്നും, കേവലമൊരു സൈരന്ധ്രിയായ മാലിനിക്ക് അത്ര എളുപ്പത്തില്‍, പരസഹായമില്ലാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ലല്ലോ! അങ്ങിനെയൊരു സൂചന പോലും നല്‍കാതിരിക്കുന്നത് ഉചിതമാണെന്നു തോന്നുന്നില്ല.

KeechakaVadham - Valalan by Kottackal Murali & Keechakan by Madavoor Vasudevan Nair
മാലിനി, വലലനായി വസിക്കുന്ന ഭീമന്റെ സമീപമെത്തി കീചകന്റെ നീചവൃത്തിയെക്കുറിച്ച് പരാതിപ്പെടുന്നു. തനിക്ക് അവനെ വസിക്കുക പ്രയാസകരമല്ലെങ്കിലും, ജേഷ്ഠന്റെ നിര്‍ദ്ദേശത്തെ മറികടക്കുകവയ്യല്ലോ. അതിനാല്‍ ഉപായത്തില്‍ വേണം അവനെ വകവരുത്തുവാന്‍. നൃത്തശാലയിലേക്ക് അവനെ വിളിച്ചുവരുത്തുവാനും, അവിടെ മാലിനിയെ പ്രതീക്ഷിച്ചെത്തുന്ന കീചകനേയും കാത്ത് താനിരുന്നുകൊള്ളാമെന്നും, അവിടെവെച്ച് അവനെ കൊന്നുകൊള്ളാമെന്നും സമാധാനിപ്പിച്ച് വലലന്‍ മാലിനിയെ അയയ്ക്കുന്നു. മാലിനിയെ പ്രതീക്ഷിച്ച് നൃത്തശാലയിലെത്തുന്ന കീചകന്റെ പദമായ “കണ്ടിവാര്‍ കുഴലീ...” എന്ന പദമാണ് തുടര്‍ന്ന്. പദാന്ത്യത്തില്‍, വലലന്‍ കീചകനെ പിന്നില്‍ നിന്നും ഞെരിച്ച്, ശ്വാസം മുട്ടിച്ചു കൊല്ലുന്നു.

കോട്ടയ്ക്കല്‍ മുരളിയാണ് വലലനെ രംഗത്തവതരിപ്പിച്ചത്. വെറുതെ വന്നാടി എന്നതിനപ്പുറം, പാഞ്ചാലിയോടുള്ള സ്നേഹമോ, കീചകനോടുള്ള ദേഷ്യമോ ഒന്നും വേണ്ടും വണ്ണം ഭാവത്തിലൂടെ ധ്വനിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ വലലനു കഴിഞ്ഞില്ല. മുഖത്തു തേപ്പും അത്ര നന്നായതായി തോന്നിയില്ല. കീചകവധത്തിലെ, കീ‍ചകന്റെ അന്ത്യരംഗം വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ കലാ‍കാരന്മാര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ മടവൂര്‍ അവതരിപ്പിച്ച കീചകന്റെ അന്ത്യരംഗം അത്രയൊന്നും പ്രേക്ഷകരെ സ്പര്‍ശിച്ചില്ല. അദ്ദേഹം തന്നെ ഈ ഭാഗം ഇതിനു മുന്‍പ് ഇതിലും ഭംഗിയായി അവതരിപ്പിച്ച് കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഇവിടുത്തെ അരങ്ങ് തൃപ്തിനല്‍കുമെന്ന് കരുതുക വയ്യ.

KeechakaVadham - Upakeechakan by Kottackal Kesavan Embranthiri
കീചകന്‍ നൃത്തശാലയില്‍ മരിച്ചു കിടക്കുന്നതു കാണുന്ന, നൃത്തശാലയിലെ സൂക്ഷിപ്പുകാ‍രന്‍ ഉപകീചകന്റെ സമീപമെത്തി കാര്യമുണര്‍ത്തിക്കുന്നു. നൃത്തശാലയില്‍ മാലിനി കീചകന്റെ ശവത്തിനു സമീപം കരഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട്, ഇവളാണ് കീചകന്റെ മരണത്തിനു കാരണക്കാരിയെന്നു മനസിലാക്കി, ഇവളെയും കീചകന്റെ ചിതയില്‍ ദഹിപ്പിക്കുകയെന്നുറച്ച് ശ്മശാനത്തിലേക്കു ഗമിക്കവെ, വലലന്‍ ഒരു വലിയ മരം പിഴുതുകൊണ്ടുവന്ന് ഏവരേയും വധിക്കുന്നു.

കോട്ടയ്ക്കല്‍ കേശവന്‍ എമ്പ്രാന്തിരി ഉപകീചകനായും, കോട്ടയ്ക്കല്‍ ബാലനാരായണന്‍ ഭീരുവായും (നൃത്തശാല സൂക്ഷിപ്പുകാരന്‍) വേഷമിട്ടു. ഉപകീചകന്റേയും, ഭീരുവിന്റേയും തിരനോക്കു കഴിഞ്ഞ്, ഉപകീചകന്റെ ഹൃസ്വമായ ഒരു തന്റേടാട്ടം. അതിന്റെയൊടുവില്‍ നിലവിളിച്ചുവരുന്ന ഭീരുവിനെ കാണുന്നു. ബാലനാരായണന്റെ ഭീരുവില്‍ ഭീരുത്വമൊഴികെ മറ്റെല്ലാമുണ്ടായിരുന്നു എന്നു വേണം പറയുവാന്‍. ഈ വേഷത്തില്‍ വന്ന് എന്തും കാട്ടാം എന്നാണെന്നു തോന്നുന്നു അദ്ദേഹത്തിന്റെ ധാരണ. പാത്രബോധമില്ലാതെ, ഉപകീചകന്റെ മുന്‍പില്‍ കാലുകയറ്റിയിരിക്കുന്നതും, വെള്ളം കൊണ്ടുവരുവാന്‍ ഉപകീചകനോട് ആജ്ഞാപിക്കുന്നതും മറ്റും ഒട്ടും ഉചിതമായില്ല. പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നിരിക്കാം ഉദ്ദേശം. എന്നാല്‍ ഇങ്ങിനെയൊക്കെ കോമാളിത്തം കാട്ടിയല്ല പ്രേക്ഷകരെ രസിപ്പിക്കേണ്ടത്, ഭീരുവിന്റെ ഭീരുത്വത്തിലൂന്നിയുള്ള ചേഷ്ടകളാവണം കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തേണ്ടത്. അതുപോലെ വേഷത്തിലും അല്പം കൂടി അടക്കും ചിട്ടയുമാവാമായിരുന്നു. എങ്ങിനെയെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ എടുത്തണിയുക എന്നാണോ ഭീരുവിന്റെ വേഷമായി നിശ്ചയിച്ചിരിക്കുന്നത്! അരങ്ങില്‍ സംസാരിക്കുവാന്‍ അനുവദിച്ചിരിക്കുന്ന ചുരുക്കം ചില വേഷങ്ങളിലൊന്നാണ് ഭീരു. എന്നാല്‍ ആ സാധ്യതയും ഇവിടെ പ്രയോജനപ്പെടുത്തി കണ്ടില്ല.

KeechakaVadham - Bheery by Kottackal Balanarayanan
വളരെയധികം സംഗീതപ്രധാനമായ കഥയാണ് ‘കീചകവധം’ എന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. കോട്ടക്കല്‍ മധു, കോട്ടക്കല്‍ സുരേഷ് എന്നിവരാണ് ഉപകീചകന്റെ ഭാഗം വരെ പാടിയത്. എന്നാല്‍ മടവൂ‍ര്‍ പലഭാഗങ്ങളും വിശദീകരിച്ചുള്ള ആട്ടമൊഴിവാക്കി, പ്രത്യേകിച്ചും ‘ഹരിണാക്ഷീജനമൌലീമണേ!’ എന്ന പദത്തില്‍. അതിനാല്‍ തന്നെ ഗായകര്‍ക്ക് കാര്യമായ സ്വരസഞ്ചാരത്തിനോ, മനോധര്‍മ്മ പ്രയോഗങ്ങള്‍ക്കോ അവസരമുണ്ടായില്ല. ഇതൊഴിച്ചു നിര്‍ത്തിയാല്‍ നന്നായിത്തന്നെ ഇരുവരും അരങ്ങില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ കോട്ടക്കല്‍ കൊച്ചുനാരായണനും, കോട്ടക്കല്‍ സുരേഷുമാണ് പാടിയത്. കലാഭാരതി ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ ഹരിനാരായണന്‍ എന്നിവര്‍ ആദ്യഭാഗത്ത്; യഥാക്രമം ചെണ്ടയിലും, മദ്ദളത്തിലും മികവുകാട്ടി. കലാമണ്ഡലം ശിവരാമന്‍, ആര്‍.എല്‍.വി. സോമദാസ് എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തത്. ചുരുക്കത്തില്‍, കലാമണ്ഡലം രാജശേഖരന്റെ സൈരന്ധ്രിയുടെ പ്രവര്‍ത്തി ദൂഷ്യം ഒന്നുകൊണ്ടുമാത്രം മറക്കുവാനാഗ്രഹിക്കുന്ന ഒരു ‘കീചകവധ’മായിരുന്നു കോട്ടക്കല്‍ അരങ്ങേറിയത്.


ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.

Description: KeechakaVadham Kathakali staged at Kottackal SriViswambhara Temple: Madavoor Vasudevan Nair(Keechakan), Kalamandalam Rajasekharan(Malini/Sairandhri), Kottackal Murali(Valalan), Kottackal Kesavan Embranthiri(UpaKeechakan), Kottackal Harikumar(Sudeshna), Kottackal Balanarayanan(Bheeru)| Pattu: Kottackal Madhu, Kottackal KochuNarayanan, Kottackal Suresh | Melam: Guruvayoor Harinarayanan(Maddalam), Kalabharathi Unnikrishnan(Chenda) | Chutti: Kalamandalam Sivaraman, R.L.V. Somadas
--

2008, ഏപ്രിൽ 6, ഞായറാഴ്‌ച

കോട്ടക്കലെ കിര്‍മ്മീരവധം

KirmeeraVadham Kathakali - Kalamandalam Gopi as Dharmaputhrar, Margi Vijayakumar as Panchali, Kalamandalam Sreekumar as SriKrishnan.
ഏപ്രില്‍ 2, 2008: കോട്ടക്കല്‍ ശ്രീ വിശ്വംഭരക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തില്‍; രണ്ടാം ഉത്സവം മുതല്‍ ആറാം ഉത്സവം വരെ കഥകളി പതിവുണ്ട്. ഈ കൊല്ലം, രണ്ടും മുന്നും ദിവസത്തെ ഉത്സവത്തില്‍ പങ്കെടുക്കുവാനും, ആ ദിവസങ്ങളിലെ കഥകളി കാണുവാനും ഈ ആസ്വാദകനും ഭാഗ്യം ലഭിച്ചു. കലാമണ്ഡലം ഗോപി(ധര്‍മ്മപുത്രര്‍), മാര്‍ഗി വിജയകുമാര്‍(പാഞ്ചാലി) എന്നിവരുള്‍പ്പടെയുള്ള കലാകാരന്മാര്‍ അണിനിരന്ന ‘കിര്‍മ്മീരവധ’മായിരുന്നു രണ്ടാം ഉത്സവദിനം അവതരിക്കപ്പെട്ട ആദ്യ കഥ. ചിട്ടപ്രധാനമായ പതിഞ്ഞ പദങ്ങളാല്‍ സമ്പന്നമായ കഥയായതിനാല്‍ തന്നെ, ആസ്വാദനക്ഷമതയുടെ അളവുകോലായി ‘കിര്‍മ്മീരധം’ ആട്ടക്കഥയെ വിശേഷിപ്പിക്കാറുണ്ട്.

രണ്ടുഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആട്ടക്കഥയാണ് ‘കിര്‍മ്മീരവധം’. പാണ്ഡവര്‍ക്ക് അക്ഷയപാത്രം സൂര്യഭഗവാനില്‍ നിന്നും ലഭിക്കുന്ന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഒന്നാം ഭാഗവും; സിംഹിക, തന്റെ പതിയായ ശാര്‍ദ്ദൂലന്റെ മരണത്തിനു കാരണക്കാരായ പാണ്ഡവരോടുള്ള പകപോക്കുവാന്‍ ശ്രമിക്കുന്നതും, സഹദേവനാല്‍ നാസാകുചങ്ങള്‍ ഛേദിക്കപ്പെട്ട് സഹോദരനായ കിര്‍മ്മീരസമക്ഷത്തില്‍ സങ്കടമുണര്‍ത്തിക്കുന്നതും, കിര്‍മ്മീരന്‍ ഭീമനോടെതിര്‍ത്തു തോറ്റ് കൊല്ലപ്പെടുന്നതും ഉള്‍പ്പെടുന്ന രണ്ടാം ഭാഗവുമാണ് ഇതിനുള്ളത്. ആദ്യഭാഗം മാത്രമാണ് ഇപ്പോള്‍ രംഗത്ത് അവതരിപ്പിച്ച് വരാറുള്ളത്. ‘പാത്രചരിതം’ എന്ന പേരില്‍ അറിയപ്പെടുന്ന അത്രയും ഭാഗത്തിലുള്‍പ്പെടുന്ന, സുദര്‍ശനത്തിന്റെ വരവുവരെയുള്ള ഭാഗം മാത്രമാണ് കോട്ടക്കല്‍ അരങ്ങേറിയത്.

Dharmaputhrar(Kalamandalam Gopi) and Panchali(Margi Vijayakumar) in KirmeeraVadham Kathakali.
‘ബാലേ! കേള്‍ നീ!’ എന്നു തുടങ്ങുന്ന ധര്‍മ്മപുത്രരുടെ പതിഞ്ഞ പദമാണ് ആദ്യം. പല്ലവിയും, അനുപല്ലവിയും, അവസാനചരണവും മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. പല്ലവിക്കുശേഷമുള്ള കലാശത്തിനു മുന്‍പായി ഒരു ചെറിയ മനോധര്‍മ്മവും പതിവുണ്ട്. “കഷ്ടം! കുരുവംശത്തില്‍ പിറന്ന ഞങ്ങള്‍ക്ക് ഇങ്ങിനെയൊക്കെ വന്നുഭവിച്ചല്ലോ! ആവട്ടെ, തലയിലെഴുത്തു തന്നെ!” എന്നു പറഞ്ഞ് ദുഃഖിക്കുകയാണ് യുധിഷ്ഠിരനിവിടെ. ‘പാലോലും‌മൊഴിമാര്‍കുലതിലകേ! പാഞ്ചാലാധിപസുകൃതവിപാകേ!’ എന്നതാണ് അനുപല്ലവി. ഇവിടെ ‘മൊഴിമാര്‍കുലതിലകേ!’ എന്ന ഭാഗത്തെ ‘കുലം’ എന്നതിന് ‘കൂട്ടം’ എന്നാണ് കലാമണ്ഡലം ഗോപി മുദ്രകാട്ടിയത്. കുലമെന്നുതന്നെ മുദ്രകാട്ടിയാലും തെറ്റുപറയുവാന്‍ കഴിയുകയില്ലെങ്കിലും, കൂട്ടം എന്നു പറയുമ്പോള്‍ ലഭിക്കുന്ന അര്‍ത്ഥവ്യാപ്തിയും വിശേഷഭംഗിയും കുലം എന്നുകാട്ടുമ്പോള്‍ ലഭിക്കുകയില്ലല്ലോ! മാത്രവുമല്ല, കൂട്ടം എന്ന മുദ്ര, പതിഞ്ഞ താളത്തിലുള്ള നൃത്തവിശേഷത്തിനും യോജിച്ചതാണ്. ഒരു വാക്കിന് ഇതുപോലെയുള്ള നാനാര്‍ത്ഥങ്ങള്‍ കല്പിക്കാവുന്ന സാഹചര്യങ്ങള്‍ കഥകളിയില്‍ നിരവധിയാണ്. പല അര്‍ത്ഥങ്ങള്‍ തന്നെ ആ രംഗത്തിനു യോജിച്ചുവെന്നും വരാം. എന്നാല്‍ മറ്റുള്ള ഘടകങ്ങള്‍കൂടി കണക്കിലെടുത്ത്, ഏറ്റവും കഥകളിത്തമുള്ള അര്‍ത്ഥം കല്പിച്ച് ആടുമ്പോഴാണ് ആട്ടത്തിന് ആകര്‍ഷണീയതയും, കലാകാ‍രനു‍ മഹത്വവുമുണ്ടാവുന്നത്.

Dharmaputhrar(Kalamandalam Gopi) and Panchali(Margi Vijayakumar) in KirmeeraVadham Kathakali.
വളരെ സുഖസൌകര്യങ്ങളോടെ, സന്തോഷകരമായി ജീവിതം നയിക്കേണ്ട പാഞ്ചാലി ഈ കാനനത്തില്‍ എങ്ങിനെ കഴിയുന്നുവെന്ന് യുധിഷ്ഠിരന്‍ കുണ്ഠിതപ്പെടുന്നു. ‘കാന്ത! ചിന്തിക്കിലിതിലേറെ...’ എന്നു തുടങ്ങുന്ന പാഞ്ചാലിയുടെ മറുപടി പദമാണു തുടര്‍ന്ന്. തനിക്ക് ഈ കാനനവാസത്തിലൊന്നും കുണ്ഠിതമില്ല; എന്നാല്‍ തങ്ങളോടൊപ്പം പ്രയാണം ചെയ്യുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കും, ബ്രാഹ്മണര്‍ക്കും അന്നം നല്‍കുവാന്‍ സാധിക്കുന്നില്ലല്ലോ എന്നതാണെന്നെ ഏറെ വിഷമിപ്പിക്കുന്നത് എന്നു പറയുകയാണ് പാഞ്ചാലി ഈ പദത്തില്‍. “തന്റെ ദയിതയായ ഇവള്‍ ഇത്രയും കഷ്ടതകള്‍ക്കു നടുവിലും, അന്യരെക്കുറിച്ചോര്‍ത്തു കുണ്ഠിതപ്പെടുന്നുവല്ലോ! എത്ര ശ്രേഷ്ഠയാണിവള്‍!” എന്നിങ്ങനെ തുടങ്ങുന്ന യുധിഷ്ഠിരന്റെ മനോധര്‍മ്മാട്ടമാണ് തുടര്‍ന്ന്. ഇവളുടെ ഖേദം കളയുവാന്‍ എന്താ‍ണുപായമെന്ന് ആലോചിച്ച്, കുലഗുരുവായ ധൌമ്യമഹര്‍ഷിയെ കണ്ട് ആരായുകതന്നെയെന്നുറച്ച്; അപ്രകാരം പാഞ്ചാലിയോടു പറഞ്ഞ്; അങ്ങിനെ നിശ്ചയിച്ച് ഇരുവരും മാറുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു.

ആദ്യരംഗം മുഴുവനും ധര്‍മ്മപുത്രരും, പാഞ്ചാലിയും ശോകസ്ഥായി മാറാതെ കാക്കേണ്ടതുണ്ട്. തങ്ങളുടെ ദുര്‍വിധിയെ പഴിച്ച് കാനനത്തില്‍ വസിക്കുന്ന ഇവര്‍ക്ക് ശോകമൊഴിഞ്ഞ് നേരമുണ്ടാവില്ലല്ലോ! ധര്‍മ്മപുത്രര്‍ ഈ ഭാവം സുദര്‍ശനത്തെ കാണുന്നതു വരെ കാക്കുകയും വേണം. പാഞ്ചാലിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭാവം കാക്കുകയെന്നതിലപ്പുറം മാര്‍ഗി വിജയകുമാറിനെപ്പോലെയൊരു കലാകാരന് കാര്യമായൊന്നും ചെയ്യുവാനില്ലാത്ത കഥാപാത്രമായി തോന്നി ‘കിര്‍മ്മീരവധ’ത്തിലെ പാഞ്ചാലി. സ്ഥായി കൈവിടാതെ രംഗത്തു പ്രവര്‍ത്തിക്കുന്നത് അത്ര നിസാരമല്ല എന്നതുമോര്‍ക്കേണ്ടതാണ്. കാര്യമായ മനോധര്‍മ്മാട്ടങ്ങള്‍ക്കും ഈ കഥയില്‍ പഴുതില്ല. എങ്കിലും ചെയ്യുവാനുള്ളത്രയും ഭാഗങ്ങള്‍ ഭംഗിയായിത്തന്നെ വിജയകുമാര്‍‍ ചെയ്തു തീര്‍ത്തു.

Dhaumyan(Kalamandalam Kuttan) and Dharmaputhrar(Kalamandalam Gopi) in KirmeeraVadham Kathakali.
യുധിഷ്ഠിരന്‍ ധൌമ്യസവിധത്തിലെത്തുന്നു. ‘താപസമൌലേ, ജയജയ താപസമൌലേ!’ എന്നു ഗുരുവിനെ സ്തുതിച്ച് തന്റെ ആഗമനോദ്ദേശം യുധിഷ്ഠിരന്‍ അറിയിക്കുന്നു. ക്ലേശങ്ങളകലുവാന്‍ സൂര്യഭഗവാനെ ഭജിക്കുവാനാണ് ഗുരു ഉപദേശിക്കുന്നത്. പദത്തിനു ശേഷം, ചെറിയൊരു മനോധര്‍മ്മവും ഇരുവരും തമ്മിലുണ്ട്. അങ്ങയുടെ നിര്‍ദ്ദേശപ്രകാരം സൂര്യദേവനെ ഭജിക്കുവാന്‍ ഉടന്‍ തന്നെ പുറപ്പെടുകയായെന്നറിയിക്കുന്ന യുധിഷ്ഠിരന്, ഭജിക്കുവാനുള്ള മന്ത്രം ഉപദേശിച്ച് ധൌമ്യന്‍ രംഗത്തു നിന്നും മാറുന്നു. പാഞ്ചാലി പ്രവേശിക്കുന്നു. ഗുരുവിന്റെ നിര്‍ദ്ദേശമറിയിച്ച്, അപ്രകാരം സൂര്യഭഗവാനെ ഭജിക്കുവാന്‍ താ‍നിതാ പോവുന്നു എന്നറിയിച്ച് യുധിഷ്ഠിരന്‍ പാഞ്ചാലിയെ അയയ്ക്കുന്നു.

കലാമണ്ഡലം കുട്ടനാണ് ധൌമ്യനായി രംഗത്തെത്തിയത്. ഗോപിയാശാനൊത്ത് ആടുമ്പോള്‍ പല കലാകാരന്മാരും കഥാപാത്രത്തെ മറന്ന്, ഗോപിയെ ബഹുമാനിച്ചു കാണാറുണ്ട്. കലാമണ്ഡലം ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിനു പ്രാധാന്യം കുറവാണെങ്കില്‍ ഇത് എടുത്തറിയുകയും ചെയ്യും. എന്നാലിവിടെ കലാമണ്ഡലം കുട്ടന്‍ അങ്ങിനെയുള്ള പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ധൌമ്യനെ അവതരിപ്പിച്ചു. അങ്ങയുടെ നിര്‍ദ്ദേശപ്രകാരം തപസിനു പോവുകയാണെന്നാടി തിരക്കിട്ടു പോകുവാന്‍ തുടങ്ങിയ യുധിഷ്ഠിരനോട്; “നില്‍ക്കുക, ഒരു കാര്യം കൂ‍ടി” എന്നു പറഞ്ഞു നിര്‍ത്തിയാണ് മന്ത്രം ഉപദേശിക്കുന്നത് ആടിയത്. അശ്രദ്ധമായി ചെയ്ത മുഖത്തുതേപ്പ് വേഷപ്പൊലിമ കുറച്ചു എന്നൊരു ന്യൂനതയും ധൌമ്യനുണ്ടായിരുന്നു.

Suryan(Cherthala Sunil) and Dharmaputhrar(Kalamandalam Gopi) in KirmeeraVadham Kathakali.
ഗുരു നിര്‍ദ്ദേശിച്ച പ്രകാരം ധര്‍മ്മപുത്രര്‍ സൂര്യഭഗവാനെ ഭജിക്കുന്നു. യുധിഷ്ഠിരന്റെ തപസില്‍ സം‌പ്രീതനാവുന്ന സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട്, അക്ഷയപാത്രം വരമായി നല്‍കുന്നു. ചേര്‍ത്തല സുനിലാണ് സൂര്യദേവനായി അരങ്ങിലെത്തിയത്. മുദ്രകള്‍ കാട്ടുമ്പോഴുള്ള ഒഴുക്ക് ഇടയ്ക്കിടെ നഷ്ടമാവുന്നുണ്ടെന്നത് ഈ കലാ‍കാരന്റെ വേഷത്തിനുള്ള ഒരു പ്രധാന പോരായ്മയാണ്. തിരികെ ഗുരുസവിധത്തിലെത്തുകയാണ് യുധിഷ്ഠിരന്‍. തനിക്ക് അക്ഷയപാത്രം സൂര്യഭഗവാന്‍ വരമായി നല്‍കിയെന്നും, ഇതില്‍ ദിനവും ധാരാളം അന്നം ലഭിക്കുമെന്ന് സൂര്യഭഗവാന്‍ അരുളിചെയ്തെന്ന് അറിയിക്കുകയും ചെയ്യുന്നു. പിന്നീട് പാഞ്ചാലിയുടെ സമീപമെത്തി അക്ഷയപാത്രം ഏല്പിക്കുന്നു. ദിനവും പാഞ്ചാലി കഴിക്കുന്നതുവരെ ഇതില്‍ നിന്നും അന്നം ലഭിക്കുമെന്നും അറിയിക്കുന്നു.

SriKrishnan(Kalamandalam Sreekumar) and Dharmaputhrar(Kalamandalam Gopi) in KirmeeraVadham Kathakali.
തുടര്‍ന്ന് കൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നു, ധര്‍മ്മപുത്രര്‍. ശംഖനാദം കേള്‍ക്കുന്നതായി നടിച്ച്, കൃഷ്ണന്‍ വരുന്നുണ്ടെന്നാടുമ്പോള്‍, പിന്നില്‍ തിരശീലപിടിച്ച് ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു. ശ്രീകൃഷ്ണന്റെ വീരപരാക്രമങ്ങളെ സ്തുതിച്ച ശേഷം ധര്‍മ്മപുത്രര്‍ ഇങ്ങിനെ പറയുന്നു; “നാഗകേതനന്റെ നികൃതികളാല്‍, നാടുപേക്ഷിച്ച് ഇവിടെ കാനനത്തില്‍ കഷ്ടതകളോടെ വസിക്കുന്ന ഞങ്ങളെ കണ്ടിട്ട് നിനക്കൊരു നാണവും തോന്നുന്നില്ലേ?”. പ്രസന്നവദനനായ കൃഷ്ണന്‍ ഇതു കേട്ട് അത്യന്തം ക്രുദ്ധനായി, കൌരവരെ മുഴുവനും ഇപ്പോള്‍തന്നെ നിഗ്രഹിക്കുന്നുണ്ടെന്നുറച്ച് സുദര്‍ശനത്തെ സ്മരിക്കുന്നു. ‘മാധവ! ജയശൌരേ!’ എന്ന സുദര്‍ശനത്തിന്റെ പദമാണ് തുടര്‍ന്ന്. ഇതുകണ്ട് ധര്‍മ്മപുത്രര്‍, താന്‍ തന്റെ സങ്കടം കൊണ്ടു പറഞ്ഞുപോയതാണ് ദയവുചെയ്ത് സുദര്‍ശനത്തെ അടക്കുക, കൌരവരെ അങ്ങു വധിക്കണം എന്നു ഞാന്‍ കരുതിയിട്ടില്ല എന്നൊക്കെ കൃഷ്ണനോട് പറയുന്നു. അപ്രകാരം കൃഷ്ണന്‍, താങ്കളെ ദൈന്യഭാവത്തില്‍ നിന്നും മോചിപ്പിക്കുവാനായി സുദര്‍ശനത്തെ ദൃശ്യമാക്കിയതാണ്, കൌരവനിഗ്രഹം താനും ഉദ്ദേശിച്ചതല്ല എന്നു പറഞ്ഞ് സുദര്‍ശനത്തെ തിരിച്ചയയ്ക്കുന്നു. മനുഷ്യജന്മത്തില്‍ സുഖദുഃഖങ്ങള്‍ മാറിമാറിവരുമെന്നും, ഇപ്പോഴുള്ള ദുഃഖം മാറി അധികം വൈകാതെ സുഖം ഭവിക്കുമെന്നും, ധര്‍മ്മപുത്രരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു, ശ്രീകൃഷ്ണന്‍.

ശ്രീകൃഷ്ണനായി കലാമണ്ഡലം ശ്രീകുമാറും, സുദര്‍ശനമായി കോട്ടക്കല്‍ സുനില്‍കുമാറുമാണ് വേഷമിട്ടത്. വേഷഭംഗിയും, മുഖഭംഗിയും വേണ്ടുവോളമുണ്ടെങ്കിലും; ഭാവം മുഖത്തുകൊണ്ടുവരുന്നതില്‍ ഇനിയുമേറെ പുരോഗമിക്കുവാനുള്ള കലാകാരനാണദ്ദേഹം. കൃഷ്ണന്റെ കോപമൊന്നും ഒട്ടും തന്നെ പ്രേക്ഷകനിലെത്തിക്കുവാന്‍ അദ്ദേഹത്തിനായില്ല. സുദര്‍ശനത്തിന്റെ കഥയും വ്യത്യസ്തമല്ല. ചടുലമായ ചലനങ്ങളും, രൌദ്രഭാവവും സുദര്‍ശനത്തിന് അത്യന്താപേക്ഷിതമാണ്. ഇതുരണ്ടും സുനില്‍കുമാറിന്റെ വേഷത്തില്‍ കാണുവാന്‍ കഴിഞ്ഞില്ല. ശ്രീകുമാറും, സുനില്‍കുമാറും വേഷം കെട്ടി നില്‍ക്കുകയല്ല; മറിച്ച് ശ്രീകൃഷ്ണനും, സുദര്‍ശനവുമാണ് തങ്ങളെന്ന ബോധം ഇവര്‍ക്കുവരുന്നില്ലെന്നു വേണം കരുതുവാന്‍.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു ‘കിര്‍മ്മീരവധ’ത്തിനു പാടിയത്. ചിട്ടപ്രധാനമായ പദങ്ങള്‍, പതിഞ്ഞ താളക്രമത്തിലൊതുക്കി എന്നാല്‍ ആസ്വാദ്യകരമായി പാടുക എന്നത് നിസാരമായ കാര്യമല്ലെങ്കിലും; ഇരുവരും അനായാസേന തന്നെ ഇതിലെ പദങ്ങള്‍ ആലപിച്ചു. പക്ഷെ, അല്പം കൂടി വ്യക്തത പാട്ടിനാവാമായിരുന്നെന്നു തോന്നി. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം നമ്പീശന്‍കുട്ടി എന്നിവരായിരുന്നു യഥാക്രമം ചെണ്ടയും മദ്ദളവും. കഥകളി ചെണ്ടയില്‍ പ്രഥമഗണനീയനായ കലാകാരനാണ് കലാമണ്ഡലം ഉണ്ണികൃഷ്ണന്‍. വളരെ നന്നായിത്തന്നെ അദ്ദേഹം ഇവിടെയും ചെണ്ട കൈകാര്യം ചെയ്തു. കലാമണ്ഡലം നമ്പീശന്‍കുട്ടിയുടെ മദ്ദളം, പ്രായാധിക്യം മൂലമാവണം, അത്രയൊന്നും മികവുപുലര്‍ത്തിയതായി തോന്നിയില്ല. കലാമണ്ഡലം ശിവരാമന്‍, ആര്‍.എല്‍.വി. സോമദാസ് എന്നിവരുടെ ചുട്ടിയും നന്നായിരുന്നു. ചുരുക്കത്തില്‍ കഥകളി ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു കോട്ടക്കലെ ‘കിര്‍മ്മീരവധം‘’. എങ്കിലും; വളരെയധികം വേഷങ്ങള്‍ അരങ്ങിലെത്തുന്ന ഇതുപോലെയുള്ള കഥകള്‍ അവതരിപ്പിക്കുവാന്‍ കലാമണ്ഡലത്തിലോ, കോട്ടക്കലോ പോലെയുള്ള കളരികളിലേ ഇപ്പോള്‍ സാധ്യതയുള്ളെന്നിരിക്കെ, പൂര്‍ണ്ണമായി ഈ കഥ അവതരിക്കപ്പെട്ടെങ്കിലെന്ന്, ഒരു ആസ്വാദകനെന്ന നിലയില്‍ ആശിച്ചു പോവുന്നു.


ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.

Description: KirmeeraVadham Kathakali staged at Kottackal as part of the annual celebrations in SriViswambhara Temple. Kalamandalam Gopi as Dharmaputhrar, Margi Vijayakumar as Panchali, Kalamandalam Sreekumar as SriKrishna, Kalamandalam Kuttan as Dhaumyan, Cherthala Sunil as Suryan and Kottackal SunilKumar as Sudarsanan were the performers. Pathiyoor Sankarankutty and Kalamandalam Vinod provided the vocal support along with Unnikrishnan on Chenda and Kalamandalam NambeesanKutty on Maddalam.
--