2008, നവംബർ 28, വെള്ളിയാഴ്‌ച

മരുത്തോര്‍വട്ടത്തെ സന്താനഗോപാലം - ഭാഗം ഒന്ന്

SanthanaGopalam Kathakali at Maruthorvattom SriDhanvanthari Kshethram: Kalamandalam Balasubrahmanian as Arjunan, Kalamandalam Sreekumar as SriKrishnan and Kalamandalam Kesavan Nampoothiri as Brahmanan.
നവംബര്‍ 22, 2008: കഥകളി മുഖ്യവഴിപാടായി നടത്തപ്പെടുന്ന പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രം. നവംബര്‍ 22-ന് അവിടെ അവതരിപ്പിക്കപ്പെട്ട ‘സന്താനഗോപാലം’ കഥകളിയില്‍; കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അര്‍ജ്ജുനനേയും, കലാമണ്ഡലം കേശവന്‍ നമ്പൂതിരി ബ്രാഹ്മണനേയും, കലാമണ്ഡലം ശ്രീകുമാര്‍ ശ്രീകൃഷ്ണനേയും അവതരിപ്പിച്ചു. അര്‍.എല്‍.വി. സുനില്‍ അവതരിപ്പിച്ച പുറപ്പാട്; പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ പാട്ടിലും; കലാനിലയം മനോജ്, ആര്‍.എല്‍.വി. വിനീത് തുടങ്ങിയവര്‍ മദ്ദളത്തിലും; കലാഭാരതി ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദം എന്നിവയ്ക്കു ശേഷമാണ് കഥാഭാഗം അവതരിക്കപ്പെട്ടത്. “ചലമാലയ മൃദുപവന...” എന്ന ചരണത്തിന്റെ കീഴ്‌സ്ഥായിയിലുള്ള ആവര്‍ത്തനം ശ്രദ്ധേയമായി; ഇതൊഴിച്ചു നിര്‍ത്തിയാല്‍ ശരാശരി മികവുപോലും മേളപ്പദത്തിന് അനുഭവപ്പെട്ടില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകയിലെത്തുന്നതു മുതല്‍ക്കാണ് കഥ ആരംഭിക്കുന്നത്. അര്‍ജ്ജുനനെ കണ്ട് ആഹ്ലാദിക്കുന്ന കൃഷ്ണന്റെ “ശ്രീമന്‍, സഖേ, വിജയ!” എന്ന പദമാണ് ആദ്യം. അര്‍ജ്ജുനനും, സഹോദരന്മാരും സുഖമായി കഴിയുന്നില്ലയോ എന്നു കൃഷ്ണന്‍ കുശലമന്വേഷിക്കുകയാണ് ഇതിലൂടെ. “നാഥ! ഭവല്‍ചരണ” എന്ന അര്‍ജ്ജുനന്റെ മറുപടി പദമാണ് തുടര്‍ന്ന്. അങ്ങയുടെ ദാസരായ ഞങ്ങള്‍ക്ക് എന്തെങ്കിലും ദുഃഖം ഉണ്ടാവുമോ, ഏവരും സുഖമായിരിക്കുന്നു എന്നാണ് അര്‍ജ്ജുനന്‍ പറയുന്നത്. ഇളകുന്ന താമരയിലയില്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ജലകണികപോലെ, ക്ഷണികമായ മനുഷ്യജീവിതത്തില്‍ സുഹൃത്തുക്കളോടൊത്തു കഴിയുക എന്നതാണ് ഏറ്റവും സന്തോഷകരം, അതിനാല്‍ കുറച്ചു കാലം ഇവിടെ തന്നോടൊത്തു കഴിയുക എന്ന് കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നു.

“അതിസുഖസംഗത സുദിനം ദിനമിതു മമ!” എന്നു കൃഷ്ണന്‍ പറയുമ്പോള്‍, ‘എനിക്കും അപ്രകാരം തന്നെ’ എന്നിങ്ങനെ സന്ദര്‍ഭത്തോടിണങ്ങുന്ന രീതിയില്‍ ചില മനോധര്‍മ്മങ്ങള്‍ അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ നിന്നുണ്ടായി. എന്നാല്‍ “ഏതാകിലും വരുമോ ബാധ!” എന്നഭാഗത്ത് കൃഷ്ണനോട് അതൊരു ചോദ്യമായി ചോദിച്ചു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. സത്യത്തില്‍, അങ്ങയുടെ ദാസനായ ഞങ്ങള്‍ക്ക് ഒരു ദുഃഖവും വരുവാന്‍ ഇടയില്ല എന്നുറപ്പിച്ചു പറയുകയല്ലേ വേണ്ടത്. അങ്ങിനെയൊരു ചോദ്യത്തിനു തന്നെ ഇടമില്ല എന്നു വ്യംഗ്യം. ശ്രീകൃഷ്ണന്റെ പദഭാഗമായ “ചലിക്കും നളിനീദലമധ്യേ...” എന്നതിന്റെ അവതരണവും ശരിയായ രീതിയിലല്ല ഉണ്ടായത്. ഈ പദത്തിന്റെ അര്‍ത്ഥമുദ്രകള്‍ അതുപോലെ പെറുക്കിവെയ്ക്കുന്നതില്‍ എന്തു കാര്യം! ഇളകുന്ന ജലത്തുള്ളിയുടേതിനു സമാനമായ, ക്ഷണികമായ നരജന്മം എന്നര്‍ത്ഥം കൊണ്ടുവരുവാന്‍ കഴിയണം. താമരയില എന്നതിനു താമരയിതള്‍ എന്നാണ് ശ്രീകുമാര്‍ ആടിയത്. ചലിക്കുന്ന താമരയിലയില്‍ ലസിക്കുന്ന ജലബിന്ദുവിനെ ആട്ടത്തിലൂടെ അനുഭവവേദ്യമാക്കുവാനും അദ്ദേഹം മിനക്കെട്ടില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
‘വളരെക്കാലങ്ങളായി അങ്ങയെക്കാണുവാന്‍ ഇച്ഛിക്കുന്നു. ഒരു വണ്ട് താമരയിലയില്‍ തേന്‍ നുകരുവാന്‍ എപ്രകാരം കൊതിക്കുന്നുവോ, അപ്രകാരം നിന്റെ ചരണാംബുജങ്ങളില്‍ നമസ്കരിക്കുവാന്‍ ഞാനും കൊതിച്ചു കഴിഞ്ഞു. ഇന്ന് എനിക്കതിനു യോഗം വന്നു, എന്തു വേണമെന്ന് ആജ്ഞാപിച്ചാലും’ എന്ന് അര്‍ജ്ജുനനും; ‘നിന്നെക്കാണുവാനായി ഞാനും വളരെ ആഗ്രഹിച്ചിരുന്നു, അല്പകാലം ഇവിടെ എന്നോടൊത്ത് വസിക്കുക’ എന്ന് കൃഷ്ണനും പറയുന്ന ഒരു ചെറിയ മനോധര്‍മ്മമാണ് ഇവിടെ ആടിയത്. എല്ലാം അങ്ങയുടെ ഇച്ഛപോലെ എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ ബലഭദ്രനെ അന്വേഷിക്കുന്നു. അപ്പുറത്തുണ്ടെന്നു കൃഷ്ണന്‍, എന്നാല്‍ അദ്ദേഹത്തെ കണ്ട് വന്ദിച്ചു തിരികെയെത്താം എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ വിടവാങ്ങുന്നു. തന്റെ മുന്‍‌കാല പരാക്രമങ്ങള്‍ സൂചിപ്പിച്ചതിനു ശേഷം, ഇപ്രകാരം ശക്തിമാനായ, പരാക്രമശാലിയായ എന്റെ സുഹൃത്തായി ശ്രീകൃഷ്ണനുമുണ്ട്, അപ്രകാരമുള്ള എന്നെ ജയിക്കുവാന്‍ കാലനും കഴിയില്ല എന്നരീതിയിലോ മറ്റോ‍, അര്‍ജ്ജുനന്റെ ഗര്‍വ്വ് വെളിവാക്കുന്ന ഒരു മനോധര്‍മ്മാട്ടം ഇവിടെ അനിവാര്യമാണ്. അതല്ലാതെ പദമതുപോലെ മുദ്രകാട്ടി അഭിനയിച്ചു തീര്‍ക്കുവാന്‍ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു മുതിര്‍ന്ന കലാകാരന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അരങ്ങില്‍ പ്രവര്‍ത്തിച്ച കാലത്തിന്റെ കണക്കില്‍ മാത്രമാവരുത് ഒരു കലാകാരന്‍ ‘സീനിയര്‍’ ആവുന്നത്. അതിനൊത്ത പ്രവര്‍ത്തിയും ഉണ്ടാവേണ്ടതാണ്.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
ശ്രീകൃഷ്ണനും, അര്‍ജ്ജുനനും, മറ്റ് യാദവ വീരന്മാരും കൂടിയിരിക്കുന്ന സഭയിലേക്ക് വിലപിച്ചുകൊണ്ട് ഒരു ബ്രാഹ്മണന്‍ പ്രവേശിക്കുന്നു. കൈയില്‍ ഒരു കൈക്കുഞ്ഞിന്റെ ശവശരീരവുമുണ്ട്. തന്റെ എട്ട് ബാലന്മാര്‍ ഇതുപോലെ മുന്‍പ് മരണപ്പെട്ടു. തന്റെ ധര്‍മ്മത്തിനെതിരായി ഇന്നുവരെ ഞാന്‍ ജീവിച്ചിട്ടില്ല. അപ്രകാരമുള്ള തന്റെ ദുഃഖത്തിന് അറുതിവരുത്തുക എന്ന് ബ്രാഹ്മണന്‍ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണന്‍ കേട്ട ഭാവം കാണിക്കുന്നില്ല. ഒടുവില്‍ ശ്രീകൃഷ്ണന്റെ അവഗണനയില്‍ സഹികെട്ട്; പതിനാറായിരത്തിലധികം ഭാര്യമാരുടേയും, അവരുടെ കുട്ടികളുടെയും സുഖസൌകര്യങ്ങള്‍ അന്വേഷിച്ചു കഴിയുന്നവന്, ഒരു സാധുബ്രാഹ്മണന്റെ സങ്കടമകറ്റുവാന്‍ എവിടെയാണ് നേരം, എന്നും മറ്റും നിന്ദിച്ചു സംസാരിക്കുന്നു. ഇത്രയൊക്കെയായിട്ടും ശ്രീകൃഷ്ണനോ, മറ്റ് യാദവരോ അനങ്ങുക പോലും ചെയ്യുന്നില്ലെന്നു കണ്ട്, ബ്രാഹ്മണനെ സാന്ത്വനിപ്പിക്കുവാനായി അര്‍ജ്ജുനന്‍ തുനിയുന്നു. താന്‍ ഉദ്ദേശിച്ചതുപോലെ അര്‍ജ്ജുനന്‍ പ്രവര്‍ത്തിച്ചതില്‍ ആഹ്ലാദിച്ച് ശ്രീകൃഷ്ണന്‍ രംഗത്തു നിന്നും മാറുന്നു. ഇപ്രകാരമൊരു ഉദ്ദേശം കൃഷ്ണനുള്ളതായി മുന്‍പെവിടെയും പ്രതിപാദിക്കുന്നില്ല. ബ്രാഹ്മണനെ സഭയില്‍ കാണുന്നതിനു മുന്‍പ് ശ്രീകൃഷ്ണന് ഇതിനുള്ള സമയം ലഭിക്കും (മൂന്നുവട്ടം കലാശമെടുത്താണല്ലോ ബ്രാഹ്മണന്‍ പ്രവേശിക്കുന്നത്.) അപ്പോള്‍, ഒരു ബ്രാഹ്മണന്‍ വിലപിച്ച് വരുമെന്നും, ആരും അനങ്ങരുതെന്നും സദസ്യരോട്(അര്‍ജ്ജുനനെ അറിയിക്കാതെ) പറയുന്നതായി കൃഷ്ണന് ആടാവുന്നതാണ്. ഈ സമയത്ത് ഒന്നുമാടാതെ വെറുതേയിരിക്കുന്ന ശ്രീകൃഷ്ണനെയാണ് സാധാരണ കണ്ടുവരുന്നത്.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
“പരിദേവിതം മതിമതി, തവ!” എന്നു തുടങ്ങുന്ന അര്‍ജ്ജുനന്റെ ബ്രാഹ്മണനോടുള്ള പദമാണ് തുടര്‍ന്ന്. “പുത്രരിനി ജനിക്കില്‍, കാത്തു തരുമീ പാര്‍ത്ഥന്‍!” എന്നു പറഞ്ഞാണ് അര്‍ജ്ജുനന്‍ നിര്‍ത്തുന്നത്. ‘വിഷ്ടപാധിപനായ ശ്രീകൃഷ്ണന്‍ മുതലായവര്‍ എന്റെ ദുഃഖം കേട്ടിട്ട് അനങ്ങാഞ്ഞതെന്ത്? എന്നു ചിന്തിക്കാതെ, ഈ രീതിയില്‍ വാക്കുനല്‍കുന്നത് അത്ഭുതം തന്നെ!’ എന്നു ബ്രാഹ്മണനും പറയുന്നു. ‘ദുഃഖഭാരത്താല്‍ അങ്ങു പറയുന്നവയില്‍ എനിക്ക് അപ്രിയമേതുമില്ല; കുട്ടിയെ രക്ഷിച്ചു തരുവാന്‍ കഴിയുന്നില്ലെങ്കില്‍, താന്‍ ഇന്ദ്രന്റെ പുത്രനല്ല’ എന്നു പറഞ്ഞ് വിശ്വസിപ്പിക്കുവാന്‍ അര്‍ജ്ജുനന്‍ ശ്രമിക്കുന്നു. ‘ശ്രീകൃഷ്ണന്‍, ബലഭദ്രന്‍, മറ്റു യാദവവീരന്മാരും സാധ്യമല്ലെന്നുവെച്ച് അനങ്ങിയില്ല; അപ്പോള്‍ പിന്നെ എനിക്കിനി പുത്രനെ കാണുവാന്‍ കഴിയുമെന്ന ആഗ്രഹമില്ല’ എന്നു പറഞ്ഞ് ബ്രാഹ്മണന്‍ തന്റെ വിലാപം തുടരുന്നു. ബ്രാഹ്മണന്‍ എന്തൊക്കെ പറഞ്ഞിട്ടും ആശ്വസിക്കുന്നില്ലെന്ന് കണ്ട്, തന്റെ പരാക്രമങ്ങള്‍ കേട്ടിട്ടില്ലയോ എന്ന് ചോദിച്ച്, അടുത്തതായി ജനിക്കുന്ന പുത്രനെ കാത്തു നല്‍കുവാന്‍ തനിക്കായില്ലെങ്കില്‍, താന്‍ ജീവനോടെ അഗ്നിയില്‍ ദഹിക്കുമെന്ന് ശപഥം ചെയ്തു നല്‍കുന്നു.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണനും അത്രയൊന്നും കേമമെന്നു പറയുവാനുണ്ടായില്ല. മുദ്രകളുടെ അവ്യക്തതയാണ് എടുത്തു പറയേണ്ട ഒരു കുറവായി കണ്ടത്. ബ്രാഹ്മണന്റെ സ്ഥായി ഈ ഭാഗങ്ങളിലുടനീളം നിലനിര്‍ത്തുന്നതിലും പൂര്‍ണ്ണമായി അദ്ദേഹം വിജയിക്കുകയുണ്ടായില്ല. പദങ്ങള്‍ക്കു ശേഷം അര്‍ജ്ജുനന്റെ പക്കല്‍ നിന്നും വീണ്ടും വീണ്ടും സത്യം വാങ്ങിക്കുന്ന ബ്രാഹ്മണന്റെ മനോധര്‍മ്മങ്ങളാണ്. കംസന്‍ കൊന്ന ശിശുക്കളെ അമ്മയ്ക്ക് തിരിച്ചു നല്‍കി, ഗുരുവായ സാന്ദീപനിയുടെ മൃതനായ പുത്രനെയും യമന്റെ പക്കല്‍ നിന്നും വീണ്ടെടുത്തു നല്‍കി; ഇതു രണ്ടും സാധിപ്പിച്ച കൃഷ്ണന്‍ എന്റെ പുത്രരെ കാക്കാത്തതിനാല്‍ ഇത് അത്ര നിസ്സാരമായെടുക്കരുത് എന്ന ഉപദോശത്തോടെയാണ് ബ്രാഹ്മണന്‍ തുടങ്ങിയത്. തുടര്‍ന്ന് ജ്യേഷ്ഠന്റെ പാദത്തെ ശിരസാനമിച്ച് അര്‍ജ്ജുനന്‍ സത്യം ചെയ്തു നല്‍കുന്നു. തിരികെപ്പോകുവാന്‍ ഒരുങ്ങുന്ന ബ്രാഹ്മണന്റെ മനസിന് ഉറപ്പു ലഭിക്കുന്നില്ല. കൃഷ്ണന്റെ സഹായമില്ലാതെ ഇവനിത് സാധിക്കുകയില്ല എന്നു ചിന്തിക്കുന്ന ബ്രാഹ്മണന്‍, കൃഷ്ണന്റെ പാദത്തെ സ്മരിച്ചൊരു വാക്കു കൂടി അര്‍ജ്ജുനനില്‍ നിന്നും വാങ്ങുക തന്നെ എന്നുറയ്ക്കുന്നു. തന്റെ സഹോദരിയെ വിധവയാക്കുവാന്‍ എന്തായാലും കൃഷ്ണന്‍ അനുവദിക്കുകയില്ല എന്നൊരു ഉപായവും ബ്രാഹ്മണന്റെ ചിന്തയിലുണ്ട്. അപ്രകാരമുള്ള ബ്രാഹ്മണന്റെ ആവശ്യത്തെ അര്‍ജ്ജുനന്‍ നിരാകരിക്കുന്നു. കോപിച്ച് തിരികെ പോകുവാന്‍ ഒരുങ്ങുന്ന ബ്രാഹ്മണനെ തടഞ്ഞ്, അര്‍ജ്ജുനന്‍ കൃഷ്ണ പാദങ്ങളെ സ്മരിച്ച് വാക്കു നല്‍കുന്നതാണ് എന്നു പറയുന്നു. ‘അല്ലയോ ബ്രാഹ്മണ! അങ്ങയ്ക്ക് അടുത്തതായി പിറക്കുന്ന പുത്രനെ ഞാന്‍ കാത്തു നല്‍കുന്നുണ്ട്. അപ്രകാരം എന്നാല്‍ സാധിക്കാതെ വന്നാല്‍, അഗ്നിയില്‍ ചാടി...’ ഇത്രയും അര്‍ജ്ജുനന്‍ പറയുമ്പോള്‍ ബ്രാഹ്മണന്‍ ഇടയ്ക്കു കയറി, ‘വെറുതേ ചാടിയാല്‍ പോര, ഗാണ്ഡീവവുമൊത്ത് ചാടി ദഹിക്കണം.’ എന്നാവശ്യപ്പെടുന്നു. അപ്രകാരം ‘...ഗാണ്ഡീവസഹിതം അഗ്നിയില്‍ ചാടി ദഹിക്കുന്നുണ്ട്.’ എന്ന് അര്‍ജ്ജുനന്‍ വാക്കു നല്‍കുന്നു. ഇതില്‍ സന്തുഷ്ടനാവുന്ന ബ്രാഹ്മണന്‍, അര്‍ജ്ജുനനെ അനുഗ്രഹിച്ച് യാത്രയാവുന്നു.

ഈ ഭാഗത്ത് രണ്ട് വിചിത്രമായ മനോധര്‍മ്മങ്ങള്‍ ബാലസുബ്രഹ്മണ്യന്‍ ആടുകയുണ്ടായി. ആദ്യത്തേത്, ബ്രാഹ്മണന്‍ “വിഷ്ടപാധിപന്‍, ശിഷ്ടപാലകന്...‍” എന്നു തുടങ്ങുന്ന പദത്തിന്റെ ഇരട്ടിയില്‍, “പൊട്ട! നീ ചാടി പുറപ്പെട്ടതെത്രയും ചിത്രം!” എന്നു പറയുമ്പോള്‍ ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ ആടുകയാണ്, ‘ബ്രാഹ്മണന്റെ ശകാരം പോലും അമൃതിനു സമാനമാണ്!’ എന്ന്. ‘കീചകവധ’ത്തില്‍ മാലിനിയുടെ ശകാരങ്ങള്‍ കേട്ടിരിക്കുന്ന കീചകന് ഈ ആട്ടം ചേരും, ഇവിടെ അര്‍ജ്ജുനനു ചേരില്ല! “അര്‍ജ്ജുനനെ കേട്ടറിയുന്നില്ലയോ ഭവാന്‍?” എന്ന് അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു, ‘എനിക്കൊന്നും കേള്‍ക്കുവാനില്ല...’ എന്ന്. ഇതു കണ്ട് അര്‍ജ്ജുനന്‍ കാണിക്കുകയാണ്, ‘പാവം! പൂജ കഴിച്ചുകഴിച്ച്, മണിയുടെ ശബ്ദം മാത്രമേ കേള്‍ക്കുവാന്‍ കഴിയുന്നുള്ളെന്നു തോന്നുന്നു!’ എന്തുദ്ദേശത്തിലാണ് ഇങ്ങിനെയുള്ള ആട്ടങ്ങളൊക്കെ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു കലാകാരന്‍ ആടുന്നതെന്ന് മനസിലാവുന്നില്ല.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇവിടം വരെയുള്ള ഭാഗങ്ങള്‍ ആലപിച്ചത്. ആദ്യ രംഗത്തെ പദങ്ങള്‍ അത്രയൊന്നും ഭാവസാന്ദ്രമായെന്നു പറയുവാനില്ല. “ധീരന്‍! സുകൃതിജന...” എന്ന ഭാഗത്തെ ‘ധീരന്‍’ എന്നതിനും മറ്റും ശക്തികൊടുത്തു പാടുന്നത് രാഗഭാവം കുറയ്ക്കുന്നു. കുശലം ചോദിക്കുന്ന രീതിയാകയാല്‍, അവിടെ പദങ്ങള്‍ക്ക് അത്രയും ശക്തി നല്‍കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ബ്രാഹ്മണന്റെ മുതല്‍ക്കുള്ള ഭാഗങ്ങള്‍ ഇരുവരും നന്നായി ആലപിച്ചു. ബ്രാഹ്മണന്റെ ഒരു ചരണത്തില്‍ വരുന്ന “കഷ്ടം! ഇതു കാണ്മിന്‍...”, “എട്ടു ബാലന്മാര്‍...” എന്നിവയിലെ ‘കഷ്ടം’, ‘എട്ടു’ എന്നിവ ആവര്‍ത്തിച്ചു പാടി ഭാവതീവ്രത നല്‍കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഈ രണ്ടുവാക്കും നീട്ടിപ്പാടി താളത്തില്‍ നിര്‍ത്തുകയാണുണ്ടായത്. കലാനിലയം മനോജ്, കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും ഈ ഭാഗങ്ങള്‍ക്ക് മേളമൊരുക്കി. കൈക്കുകൂടുന്നതിലും, കലാശങ്ങളിലും ഇരുവരും മോശമായില്ല. ബ്രാഹ്മണന്‍ തിരികെ ഗൃഹത്തിലെത്തി, നടന്ന കാര്യങ്ങള്‍ പത്നിയെ അറിയിക്കുന്നതു മുതല്‍ക്കുള്ള രംഗങ്ങളുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Santhanagopalam Kathakali @ Maruthorvattom Dhanvanthari Kshethram, Cherthala, Alappuzha: Kalamandalam Balasubrahmanian (Arjunan), Kalamandalam Sreekumar (SriKrishnan), Kalamandalam Kesavan Nampoothiri (Brahmanan), Kalamandalam Vijayakumar (Brahmana Pathni, Lekshmi), RLV Sunil (Vishnu). Pattu by Pathiyoor Sankarankutty, Kalanilayam Rajeevan and Kalamandalam Rajesh Babu; Maddalam by Kalanilayam Manoj, RLV Vineeth; Chenda by Kalabharathi Unnikrishnan, Kalamandalam Sreekanth Varma. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

2008, നവംബർ 16, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ കൃഷ്ണലീല

KrishnaLeela Kathakali: Margi Vijayakumar as Devaki, Kalamandalam Shanmukhadas as Yasoda and Kalamandalam Mukundan as SriKrishnan; Pattu by Kalamandalam Babu Nampoothiri and Kalanilayam Rajeevan; Organized by DrisyaVedi, Thiruvananthapuram.
11 നവംബര്‍, 2008: പുതിയതായി ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ച കഥകളില്‍ ഏറെ ശ്രദ്ധ നേടിയ കൃഷ്ണലീലയുടെ അഞ്ചാം വാര്‍ഷികവും, ഇരുനൂറ്റിയമ്പതാമത് അരങ്ങുമായിരുന്നു ഇവിടുത്തേത്. കഥയുടെ കര്‍ത്താവായ ഡോ. പി. വേണുഗോപാലനെയും, അവതരണത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കലാകാരന്മാരെയും വേദിയില്‍ ആദരിച്ചു. ദൃശ്യവേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സി.ആര്‍. ഹരിയുടെ സ്മരണാര്‍ത്ഥം, ‘ഹരിചന്ദനം’ എന്ന സ്മരണിക പ്രകാശനം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. കലാമണ്ഡലം മുകുന്ദന്‍ ശ്രീകൃഷ്ണനേയും; മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ് എന്നിവര്‍ യഥാക്രമം ദേവകിയേയും, യശോദയേയും അവതരിപ്പിച്ച ‘കൃഷ്ണലീല’ തുടര്‍ന്ന് അവതരിപ്പിച്ചു. കഥയുടെ സംഗീതം ചിട്ടപ്പെടുത്തിയ ബാബു നമ്പൂതിരി, കലാമണ്ഡലം രാജീവന്‍ എന്നിവരായിരുന്നു ഇവിടെ പാടിയത്. കലാനിലയം മനോജ് മദ്ദളത്തിലും, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ ചെണ്ടയിലും മേളമൊരുക്കി.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Mukundan as SriKrishnan.
കംസനെ കൊന്നതിനു ശേഷം ദേവകിയെ കാണുവാനായി ശ്രീകൃഷ്ണന്‍ എത്തുന്നതു മുതലാണ് ‘കൃഷ്ണലീല’ തുടങ്ങുന്നത്. ദേവകി ഇരുന്നുകൊണ്ടും, ശ്രീകൃഷ്ണന്‍ വലതുവശത്തുകൂടിയും രംഗാരംഭത്തില്‍ പ്രവേശിക്കുന്നു. ‘അമ്മയെ ചെന്നു കാണുക തന്നെ, എവിടെയാണ് അമ്മ?’ എന്നു ശ്രീകൃഷ്ണനും; ‘ശ്രീകൃഷ്ണന്‍ തന്നെക്കാണുവാനായി വരുന്നുണ്ട്’ എന്ന് ദേവകിയും ആടുന്നു. ഇരുവരും കാണുമ്പോള്‍, ഭഗവാനെന്നോര്‍ത്ത് ദേവകി മകനായ ശ്രീകൃഷ്ണനെ തൊഴുന്നു. “ജനനീ! താവക തനയോഗം...” എന്ന ശ്രീകൃഷ്ണന്റെ പദമാണ് ആദ്യം. തന്നെ തൊഴുകയല്ല മറിച്ച് അമ്മയുടെ കരലാളനസൌഖ്യം തരികയാണ് വേണ്ടതെന്ന് ശ്രീകൃഷ്ണന്‍ ഇതില്‍ പറയുന്നു. തുടര്‍ന്ന് ദേവകി കല്‍ത്തുറങ്കില്‍ കഴിയേണ്ടി വന്നതും, തന്റെ പുത്രന്മാരെയെല്ലാം കംസന്‍ കൊന്നതും സ്മരിക്കുന്നു. ഇവയൊക്കെ കേട്ട്, പുത്രധര്‍മ്മം പാലിക്കാതെ വിവിധ ലീലകളാടി ദ്വാരകയില്‍ വസിക്കുകയാണല്ലോ താന്‍ ചെയ്തതെന്ന് ശ്രീകൃഷ്ണന്‍ പശ്ചാത്തപിക്കുന്നു. ശ്രീകൃഷ്ണനെ മകനായി സ്മരിച്ചുള്ള പദമായ “കണ്ണാ! കണ്ണാ! എന്‍ ആരോമലെ” എന്ന പദത്തിനൊടുവില്‍ തനിക്കൊരു ഖേദമുള്ളതായി ദേവകി അറിയിക്കുന്നു. എന്തെന്നു തിരക്കുന്ന കൃഷ്ണനോട്, കണ്ണന്റെ ബാലലീലകള്‍ കാണുവാന്‍ തനിക്കായില്ല എന്നതാണ് ദുഃഖമെന്ന് മറുപടി നല്‍കുന്നു. ഒട്ടും വിഷമിക്കേണ്ട, തന്നെ വളര്‍ത്തിയ യശോദ, എല്ലാം വിസ്തരിച്ച് പറയുന്നതാണ് എന്നാണ് ശ്രീകൃഷ്ണന്റെ സമാധാനം. യശോദയെ കൂട്ടിക്കൊണ്ടുവരുവാനായി ശ്രീകൃഷ്ണന്‍ പോവുന്നതോടെ ആദ്യ രംഗം അവസാനിക്കുന്നു.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Mukundan as SriKrishnan.
മകനെ ഇത്രയും കാലം വേര്‍പിരിഞ്ഞു കഴിയേണ്ടി വന്ന അമ്മയുടെ ദുഃഖം അതുപോലെ പ്രകടമാക്കുവാന്‍ വിജയകുമാറിനായി. ‘തരിക ജനനീഭവല്‍, കരലാളനസൌഖ്യം’ എന്നു കൃഷ്ണന്‍ യാചിക്കുമ്പോള്‍, തന്റെ വിധിയോര്‍ത്ത് ദുഃഖിക്കുന്ന അമ്മയാകുവാന്‍ മാര്‍ഗി വിജയകുമാറിന് ഒരു പ്രയാസവുമുണ്ടായില്ല(ചിത്രം ശ്രദ്ധിക്കുക). ‘കൃഷ്ണലീല’-യിലെ കൃഷ്ണനായി വളരെയധികം അരങ്ങുപരിചയമുള്ള കലാമണ്ഡലം മുകുന്ദനാവട്ടെ, പലയിടത്തും മുദ്രയ്ക്ക് ഒഴുക്കുകിട്ടുവാന്‍ പ്രയാസപ്പെടുന്നതുപോലെ തോന്നി. പുത്രധര്‍മ്മം ഓര്‍ക്കാതെ, ലീലകളാടി കാലം കളഞ്ഞു എന്നയിടത്ത്, ‘കളഞ്ഞു’ എന്നു മുദ്രകാട്ടാതെ ‘നശിച്ചു’ എന്നാണ് ആടിയത്. ‘കാലം നശിച്ചു/നശിപ്പിച്ചു’ എന്നാടുന്നതിലെ അഭംഗി ആര്‍ക്കും മനസിലാവുമല്ലോ!

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Shanmukhadas as Yasoda.
ദേവകിയുടെ സമീപത്തേക്ക് യശോദയെത്തുന്നു. ദേവകിയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണന്റെ ബാലലീലകള്‍ ഓരോന്നായി യശോദ വിശദീകരിക്കുന്നു. മുലപ്പാലില്‍ വിഷം ചേര്‍ത്ത് കൊല്ലുവാന്‍ നോക്കിയ പൂതനയെന്ന രാക്ഷസിക്ക് മോക്ഷം നല്‍കിയത്, ബാലന്റെ വായയില്‍ ഈരേഴ് പതിനാലുലോകങ്ങളും കണ്ടത്, തൈരു കടയുമ്പോള്‍ വന്ന് മുലപ്പാല്‍ ചോദിച്ചതു കിട്ടാത്തതിന്റെ ദേഷ്യത്തില്‍ കുസൃതി കാട്ടിയത്, ദേഷ്യം വന്ന് താന്‍ കൃഷ്ണനെ ഉരലില്‍ കെട്ടിയിട്ടത്, ഉരല്‍ വലിച്ചു നടന്ന് മരങ്ങള്‍ മറിച്ചിട്ട് കുബേരപുത്രന്മാര്‍ക്ക് ശാപമോക്ഷം നല്‍കിയത്, ഉഗ്രവിഷമുള്ള കാളിയന്റെ ഫണത്തില്‍ നൃത്തമാടിയത്, ഗോവര്‍ദ്ധനമുയര്‍ത്തി ഗോകുലനിവാസികളെ രക്ഷിച്ചത്; ഇങ്ങിനെ കൃഷ്ണന്റെ ലീലകളോരോന്നായി യശോദ ദേവകിക്ക് വിശദീകരിക്കുന്നു.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Shanmukhadas as Yasoda.
വളരെ മനോഹരമായാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. ഈ കഥയെ ആകര്‍ഷകമാക്കുന്നതും ഈ രംഗം തന്നെ. ഓരോ ചരണത്തിലും ഓരോ ബാലലീല എന്ന കണക്കില്‍, കാംബോജിയില്‍ പദം ചിട്ടപ്പെടുത്തിയിരിക്കുന്നു. യശോദയായി ആടുന്ന നടനും, അതുകേട്ടിരിക്കുന്ന ദേവകിയെ അവതരിപ്പിക്കുന്ന നടനും ആടുവാന്‍ വേണ്ടുവോളമുണ്ട് ഇവിടെ. യശോദ പറയുന്ന ഓരോന്നിനും അതിനൊത്ത പ്രതിഫലനങ്ങള്‍ നടിക്കുവാന്‍ വിജയകുമാര്‍ മറന്നില്ല. കലാമണ്ഡലം ഷണ്മുഖന്റെ യശോദ മോശമായില്ലെങ്കിലും, അല്പം നിറം മങ്ങിയതായി തോന്നിച്ചു. മകനെ ലഭിച്ചതില്‍ സന്തോഷിക്കുന്ന ദേവകിയുടേയും, മകനെ പിരിയേണ്ടതില്‍ വിഷമിക്കുന്ന യശോദയുടേയും സ്ഥായി സൂക്ഷിക്കുവാനും ഇരുവര്‍ക്കുമായി. ‘ഇന്നുകേള്‍ക്കണമവന്‍ ബാലചരിതമെല്ലാം...‍’ എന്നതിന്റെ അര്‍ത്ഥം കണ്ണുകളുടെ ചലനങ്ങളാല്‍ ദ്യോതിപ്പിക്കുന്ന ഒരാട്ടവും വളരെ മനോഹരമായി വിജയകുമാര്‍ അവതരിപ്പിക്കുകയുണ്ടായി.

SriKrishnaLeela Kathakali: Margi Vijayakumar as Devaki,  Kalamandalam Mukundan as SriKrishnan and Kalamandalam Shanmukhadas as Yasoda.
ശ്രീകൃഷ്ണന്‍ അമ്മമാരുടെ സമീപത്തേക്ക് തിരികെയെത്തി, ഇരുവരേയും യഥാവിധി വന്ദിക്കുന്നു. തിരികെ ഗോകുലത്തിലേക്ക് മടങ്ങുന്ന യശോദയെ; ദേവകിയും, കൃഷ്ണനും ചേര്‍ന്ന് യാത്രയാക്കുന്നു. “മാതൃകൃപാധാരം ജഗതഖിലം” എന്ന ചരണത്തോടെയാണ് കഥ അവസാനിക്കുന്നത്. ഈ രംഗം അനുഭവത്താക്കി അവതരിപ്പിക്കുന്നതില്‍ മൂവരും വിജയിച്ചു. ഇവിടുത്തെ കഥകളിയരങ്ങ് ഇത്രയും അനുഭവവേദ്യമായതില്‍; കലാമണ്ഡലം ബാബു നമ്പൂതിരി, കലാനിലയം രാജീവന്‍ എന്നിവരുടെ ആലാപനത്തിനുള്ള പങ്കും ചെറുതല്ല. രേവതി രാഗത്തിലുള്ള ‘മായാതെ മാമക മാനസേചേര്‍ക്ക...’ എന്ന പദം, ‘നന്ദകുമാരലീലകള്‍ ചൊല്‍‌വാന്‍ വന്നുയോഗം...’ എന്ന കാംബോജിയിലുള്ള പദം, അവസാനഭാഗത്തുള്ള യശോദയുടെ ശുഭപന്തുവരാളിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ‘നന്ദനനെ മാതാവിനായ് നല്‍കുവാന്‍ വന്നവള്‍...’ എന്ന പദവും വളരെ മികച്ചു നിന്നു. ചിലഭാഗങ്ങളില്‍ വാക്കുകളുടെ ഉച്ചാരണത്തില്‍ വ്യക്തതയുണ്ടായില്ല എന്നതുമാത്രം ഒരു കുറവായി തോന്നി.

മദ്ദളത്തില്‍ കലാനിലയം മനോജ്, ചെണ്ടയില്‍ കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവരുടെ പ്രവര്‍ത്തിയും തരക്കേടില്ലായിരുന്നു. ചിലയിടങ്ങളിലൊക്കെ മുദ്രയ്ക്കോ, ചുവടുകള്‍ക്കോ അനുസരിച്ച് കൊട്ടാതെ, ഇരുവരും താളം പിടിക്കുന്നതായി കണ്ടു. സ്ത്രീകഥാപാത്രങ്ങളുടെ പദങ്ങള്‍ക്ക് ഇടയ്ക്ക ചിലപ്പോഴൊക്കെ ഉപയോഗിച്ചു കാണാറുണ്ട്. ഇവിടെയുമതുണ്ടായി. ഇടയ്ക്കയുടെ ശബ്ദം കേള്‍ക്കുവാനായി മൈക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇടയ്ക്കയുടെ ശബ്ദം വളരെ ഉയര്‍ന്നു കേള്‍ക്കുന്നത് മേളത്തിന്റെ ഭംഗികുറയ്ക്കുന്നു. അതുപോലെ ഇടയ്ക്ക ശ്രുതി ചേര്‍ക്കാതെ ഉപയോഗിക്കുന്നതും നന്നല്ല. ശ്രുതി ചേരാത്ത ഇടയ്ക്ക ഗായകര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മാര്‍ഗി രവീന്ദ്രന്റെ ചുട്ടി, മാര്‍ഗി കളിയോഗത്തിന്റെ കോപ്പുകള്‍ എന്നിവ സാധാരണപോലെ നിലവാരം പുലര്‍ത്തി. മൊത്തത്തില്‍ വളരെ മികച്ചൊരു കഥകളിവിരുന്നായിരുന്നു, കാര്‍ത്തിക തിരുനാളില്‍ അവതരിപ്പിക്കപ്പെട്ട ‘കൃഷ്ണലീല’ ആസ്വാദകര്‍ക്കു നല്‍കിയത്.

Description: SreeKrishnaLeela Kathakali @ Karthika Thirunal Theater, East Fort, Thiruvananthapuram. Margi Vijayakumar (Devaki), Kalamandalam Shanmukhan (Yasoda), Kalamandalam Mukundan (SriKrishnan). Pattu: Kalamandalam Babu Nampoothiri, Kalanilayam Rajeevan; Maddalam: Kalanilayam Manoj; Chenda: Kalamandalam Sreekanth Varma; Chutti: R.L.V. Somadas; Organized by Drisyavedi. An appreciation (aswadanam) by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu blog.
--