2008, നവംബർ 16, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ കൃഷ്ണലീല

KrishnaLeela Kathakali: Margi Vijayakumar as Devaki, Kalamandalam Shanmukhadas as Yasoda and Kalamandalam Mukundan as SriKrishnan; Pattu by Kalamandalam Babu Nampoothiri and Kalanilayam Rajeevan; Organized by DrisyaVedi, Thiruvananthapuram.
11 നവംബര്‍, 2008: പുതിയതായി ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ച കഥകളില്‍ ഏറെ ശ്രദ്ധ നേടിയ കൃഷ്ണലീലയുടെ അഞ്ചാം വാര്‍ഷികവും, ഇരുനൂറ്റിയമ്പതാമത് അരങ്ങുമായിരുന്നു ഇവിടുത്തേത്. കഥയുടെ കര്‍ത്താവായ ഡോ. പി. വേണുഗോപാലനെയും, അവതരണത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കലാകാരന്മാരെയും വേദിയില്‍ ആദരിച്ചു. ദൃശ്യവേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സി.ആര്‍. ഹരിയുടെ സ്മരണാര്‍ത്ഥം, ‘ഹരിചന്ദനം’ എന്ന സ്മരണിക പ്രകാശനം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. കലാമണ്ഡലം മുകുന്ദന്‍ ശ്രീകൃഷ്ണനേയും; മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ് എന്നിവര്‍ യഥാക്രമം ദേവകിയേയും, യശോദയേയും അവതരിപ്പിച്ച ‘കൃഷ്ണലീല’ തുടര്‍ന്ന് അവതരിപ്പിച്ചു. കഥയുടെ സംഗീതം ചിട്ടപ്പെടുത്തിയ ബാബു നമ്പൂതിരി, കലാമണ്ഡലം രാജീവന്‍ എന്നിവരായിരുന്നു ഇവിടെ പാടിയത്. കലാനിലയം മനോജ് മദ്ദളത്തിലും, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ ചെണ്ടയിലും മേളമൊരുക്കി.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Mukundan as SriKrishnan.
കംസനെ കൊന്നതിനു ശേഷം ദേവകിയെ കാണുവാനായി ശ്രീകൃഷ്ണന്‍ എത്തുന്നതു മുതലാണ് ‘കൃഷ്ണലീല’ തുടങ്ങുന്നത്. ദേവകി ഇരുന്നുകൊണ്ടും, ശ്രീകൃഷ്ണന്‍ വലതുവശത്തുകൂടിയും രംഗാരംഭത്തില്‍ പ്രവേശിക്കുന്നു. ‘അമ്മയെ ചെന്നു കാണുക തന്നെ, എവിടെയാണ് അമ്മ?’ എന്നു ശ്രീകൃഷ്ണനും; ‘ശ്രീകൃഷ്ണന്‍ തന്നെക്കാണുവാനായി വരുന്നുണ്ട്’ എന്ന് ദേവകിയും ആടുന്നു. ഇരുവരും കാണുമ്പോള്‍, ഭഗവാനെന്നോര്‍ത്ത് ദേവകി മകനായ ശ്രീകൃഷ്ണനെ തൊഴുന്നു. “ജനനീ! താവക തനയോഗം...” എന്ന ശ്രീകൃഷ്ണന്റെ പദമാണ് ആദ്യം. തന്നെ തൊഴുകയല്ല മറിച്ച് അമ്മയുടെ കരലാളനസൌഖ്യം തരികയാണ് വേണ്ടതെന്ന് ശ്രീകൃഷ്ണന്‍ ഇതില്‍ പറയുന്നു. തുടര്‍ന്ന് ദേവകി കല്‍ത്തുറങ്കില്‍ കഴിയേണ്ടി വന്നതും, തന്റെ പുത്രന്മാരെയെല്ലാം കംസന്‍ കൊന്നതും സ്മരിക്കുന്നു. ഇവയൊക്കെ കേട്ട്, പുത്രധര്‍മ്മം പാലിക്കാതെ വിവിധ ലീലകളാടി ദ്വാരകയില്‍ വസിക്കുകയാണല്ലോ താന്‍ ചെയ്തതെന്ന് ശ്രീകൃഷ്ണന്‍ പശ്ചാത്തപിക്കുന്നു. ശ്രീകൃഷ്ണനെ മകനായി സ്മരിച്ചുള്ള പദമായ “കണ്ണാ! കണ്ണാ! എന്‍ ആരോമലെ” എന്ന പദത്തിനൊടുവില്‍ തനിക്കൊരു ഖേദമുള്ളതായി ദേവകി അറിയിക്കുന്നു. എന്തെന്നു തിരക്കുന്ന കൃഷ്ണനോട്, കണ്ണന്റെ ബാലലീലകള്‍ കാണുവാന്‍ തനിക്കായില്ല എന്നതാണ് ദുഃഖമെന്ന് മറുപടി നല്‍കുന്നു. ഒട്ടും വിഷമിക്കേണ്ട, തന്നെ വളര്‍ത്തിയ യശോദ, എല്ലാം വിസ്തരിച്ച് പറയുന്നതാണ് എന്നാണ് ശ്രീകൃഷ്ണന്റെ സമാധാനം. യശോദയെ കൂട്ടിക്കൊണ്ടുവരുവാനായി ശ്രീകൃഷ്ണന്‍ പോവുന്നതോടെ ആദ്യ രംഗം അവസാനിക്കുന്നു.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Mukundan as SriKrishnan.
മകനെ ഇത്രയും കാലം വേര്‍പിരിഞ്ഞു കഴിയേണ്ടി വന്ന അമ്മയുടെ ദുഃഖം അതുപോലെ പ്രകടമാക്കുവാന്‍ വിജയകുമാറിനായി. ‘തരിക ജനനീഭവല്‍, കരലാളനസൌഖ്യം’ എന്നു കൃഷ്ണന്‍ യാചിക്കുമ്പോള്‍, തന്റെ വിധിയോര്‍ത്ത് ദുഃഖിക്കുന്ന അമ്മയാകുവാന്‍ മാര്‍ഗി വിജയകുമാറിന് ഒരു പ്രയാസവുമുണ്ടായില്ല(ചിത്രം ശ്രദ്ധിക്കുക). ‘കൃഷ്ണലീല’-യിലെ കൃഷ്ണനായി വളരെയധികം അരങ്ങുപരിചയമുള്ള കലാമണ്ഡലം മുകുന്ദനാവട്ടെ, പലയിടത്തും മുദ്രയ്ക്ക് ഒഴുക്കുകിട്ടുവാന്‍ പ്രയാസപ്പെടുന്നതുപോലെ തോന്നി. പുത്രധര്‍മ്മം ഓര്‍ക്കാതെ, ലീലകളാടി കാലം കളഞ്ഞു എന്നയിടത്ത്, ‘കളഞ്ഞു’ എന്നു മുദ്രകാട്ടാതെ ‘നശിച്ചു’ എന്നാണ് ആടിയത്. ‘കാലം നശിച്ചു/നശിപ്പിച്ചു’ എന്നാടുന്നതിലെ അഭംഗി ആര്‍ക്കും മനസിലാവുമല്ലോ!

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Shanmukhadas as Yasoda.
ദേവകിയുടെ സമീപത്തേക്ക് യശോദയെത്തുന്നു. ദേവകിയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണന്റെ ബാലലീലകള്‍ ഓരോന്നായി യശോദ വിശദീകരിക്കുന്നു. മുലപ്പാലില്‍ വിഷം ചേര്‍ത്ത് കൊല്ലുവാന്‍ നോക്കിയ പൂതനയെന്ന രാക്ഷസിക്ക് മോക്ഷം നല്‍കിയത്, ബാലന്റെ വായയില്‍ ഈരേഴ് പതിനാലുലോകങ്ങളും കണ്ടത്, തൈരു കടയുമ്പോള്‍ വന്ന് മുലപ്പാല്‍ ചോദിച്ചതു കിട്ടാത്തതിന്റെ ദേഷ്യത്തില്‍ കുസൃതി കാട്ടിയത്, ദേഷ്യം വന്ന് താന്‍ കൃഷ്ണനെ ഉരലില്‍ കെട്ടിയിട്ടത്, ഉരല്‍ വലിച്ചു നടന്ന് മരങ്ങള്‍ മറിച്ചിട്ട് കുബേരപുത്രന്മാര്‍ക്ക് ശാപമോക്ഷം നല്‍കിയത്, ഉഗ്രവിഷമുള്ള കാളിയന്റെ ഫണത്തില്‍ നൃത്തമാടിയത്, ഗോവര്‍ദ്ധനമുയര്‍ത്തി ഗോകുലനിവാസികളെ രക്ഷിച്ചത്; ഇങ്ങിനെ കൃഷ്ണന്റെ ലീലകളോരോന്നായി യശോദ ദേവകിക്ക് വിശദീകരിക്കുന്നു.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Shanmukhadas as Yasoda.
വളരെ മനോഹരമായാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. ഈ കഥയെ ആകര്‍ഷകമാക്കുന്നതും ഈ രംഗം തന്നെ. ഓരോ ചരണത്തിലും ഓരോ ബാലലീല എന്ന കണക്കില്‍, കാംബോജിയില്‍ പദം ചിട്ടപ്പെടുത്തിയിരിക്കുന്നു. യശോദയായി ആടുന്ന നടനും, അതുകേട്ടിരിക്കുന്ന ദേവകിയെ അവതരിപ്പിക്കുന്ന നടനും ആടുവാന്‍ വേണ്ടുവോളമുണ്ട് ഇവിടെ. യശോദ പറയുന്ന ഓരോന്നിനും അതിനൊത്ത പ്രതിഫലനങ്ങള്‍ നടിക്കുവാന്‍ വിജയകുമാര്‍ മറന്നില്ല. കലാമണ്ഡലം ഷണ്മുഖന്റെ യശോദ മോശമായില്ലെങ്കിലും, അല്പം നിറം മങ്ങിയതായി തോന്നിച്ചു. മകനെ ലഭിച്ചതില്‍ സന്തോഷിക്കുന്ന ദേവകിയുടേയും, മകനെ പിരിയേണ്ടതില്‍ വിഷമിക്കുന്ന യശോദയുടേയും സ്ഥായി സൂക്ഷിക്കുവാനും ഇരുവര്‍ക്കുമായി. ‘ഇന്നുകേള്‍ക്കണമവന്‍ ബാലചരിതമെല്ലാം...‍’ എന്നതിന്റെ അര്‍ത്ഥം കണ്ണുകളുടെ ചലനങ്ങളാല്‍ ദ്യോതിപ്പിക്കുന്ന ഒരാട്ടവും വളരെ മനോഹരമായി വിജയകുമാര്‍ അവതരിപ്പിക്കുകയുണ്ടായി.

SriKrishnaLeela Kathakali: Margi Vijayakumar as Devaki,  Kalamandalam Mukundan as SriKrishnan and Kalamandalam Shanmukhadas as Yasoda.
ശ്രീകൃഷ്ണന്‍ അമ്മമാരുടെ സമീപത്തേക്ക് തിരികെയെത്തി, ഇരുവരേയും യഥാവിധി വന്ദിക്കുന്നു. തിരികെ ഗോകുലത്തിലേക്ക് മടങ്ങുന്ന യശോദയെ; ദേവകിയും, കൃഷ്ണനും ചേര്‍ന്ന് യാത്രയാക്കുന്നു. “മാതൃകൃപാധാരം ജഗതഖിലം” എന്ന ചരണത്തോടെയാണ് കഥ അവസാനിക്കുന്നത്. ഈ രംഗം അനുഭവത്താക്കി അവതരിപ്പിക്കുന്നതില്‍ മൂവരും വിജയിച്ചു. ഇവിടുത്തെ കഥകളിയരങ്ങ് ഇത്രയും അനുഭവവേദ്യമായതില്‍; കലാമണ്ഡലം ബാബു നമ്പൂതിരി, കലാനിലയം രാജീവന്‍ എന്നിവരുടെ ആലാപനത്തിനുള്ള പങ്കും ചെറുതല്ല. രേവതി രാഗത്തിലുള്ള ‘മായാതെ മാമക മാനസേചേര്‍ക്ക...’ എന്ന പദം, ‘നന്ദകുമാരലീലകള്‍ ചൊല്‍‌വാന്‍ വന്നുയോഗം...’ എന്ന കാംബോജിയിലുള്ള പദം, അവസാനഭാഗത്തുള്ള യശോദയുടെ ശുഭപന്തുവരാളിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ‘നന്ദനനെ മാതാവിനായ് നല്‍കുവാന്‍ വന്നവള്‍...’ എന്ന പദവും വളരെ മികച്ചു നിന്നു. ചിലഭാഗങ്ങളില്‍ വാക്കുകളുടെ ഉച്ചാരണത്തില്‍ വ്യക്തതയുണ്ടായില്ല എന്നതുമാത്രം ഒരു കുറവായി തോന്നി.

മദ്ദളത്തില്‍ കലാനിലയം മനോജ്, ചെണ്ടയില്‍ കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവരുടെ പ്രവര്‍ത്തിയും തരക്കേടില്ലായിരുന്നു. ചിലയിടങ്ങളിലൊക്കെ മുദ്രയ്ക്കോ, ചുവടുകള്‍ക്കോ അനുസരിച്ച് കൊട്ടാതെ, ഇരുവരും താളം പിടിക്കുന്നതായി കണ്ടു. സ്ത്രീകഥാപാത്രങ്ങളുടെ പദങ്ങള്‍ക്ക് ഇടയ്ക്ക ചിലപ്പോഴൊക്കെ ഉപയോഗിച്ചു കാണാറുണ്ട്. ഇവിടെയുമതുണ്ടായി. ഇടയ്ക്കയുടെ ശബ്ദം കേള്‍ക്കുവാനായി മൈക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇടയ്ക്കയുടെ ശബ്ദം വളരെ ഉയര്‍ന്നു കേള്‍ക്കുന്നത് മേളത്തിന്റെ ഭംഗികുറയ്ക്കുന്നു. അതുപോലെ ഇടയ്ക്ക ശ്രുതി ചേര്‍ക്കാതെ ഉപയോഗിക്കുന്നതും നന്നല്ല. ശ്രുതി ചേരാത്ത ഇടയ്ക്ക ഗായകര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മാര്‍ഗി രവീന്ദ്രന്റെ ചുട്ടി, മാര്‍ഗി കളിയോഗത്തിന്റെ കോപ്പുകള്‍ എന്നിവ സാധാരണപോലെ നിലവാരം പുലര്‍ത്തി. മൊത്തത്തില്‍ വളരെ മികച്ചൊരു കഥകളിവിരുന്നായിരുന്നു, കാര്‍ത്തിക തിരുനാളില്‍ അവതരിപ്പിക്കപ്പെട്ട ‘കൃഷ്ണലീല’ ആസ്വാദകര്‍ക്കു നല്‍കിയത്.

Description: SreeKrishnaLeela Kathakali @ Karthika Thirunal Theater, East Fort, Thiruvananthapuram. Margi Vijayakumar (Devaki), Kalamandalam Shanmukhan (Yasoda), Kalamandalam Mukundan (SriKrishnan). Pattu: Kalamandalam Babu Nampoothiri, Kalanilayam Rajeevan; Maddalam: Kalanilayam Manoj; Chenda: Kalamandalam Sreekanth Varma; Chutti: R.L.V. Somadas; Organized by Drisyavedi. An appreciation (aswadanam) by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu blog.
--

18 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കിഴക്കേക്കോട്ടയില്‍ അവതരിക്കപ്പെട്ട ‘കൃഷ്ണലീല’ കഥകളിയുടെ ആസ്വാദനം.
--

വികടശിരോമണി പറഞ്ഞു...

ഹരീ,
എനിക്കും പുതിയ കഥകളിൽ ഇഷ്ടപ്പെട്ട ഒന്നാണ് കൃഷ്ണലീല.വേണുമാഷുടെ കവിത്വമൊക്കെ കഷ്ടി,പക്ഷേ കഥകളിക്കെന്തുവേണം എന്നു കൃത്യമായ ധാരണയുണ്ട്.ആ “നന്ദകുമാരലീലകൾ ചിട്ടപ്പെടുത്തിയിരിക്കുന്ന രീതിതന്നെ ഉദാഹരണം.കർണ്ണാടകസംഗീതത്തിലെ നിരവൽ പോലെ,വരികളെ രാഗവിസ്താരം ചെയ്യുന്ന ആ ആശയം അഭിനന്ദനാർഹമാണ്.ആ കാളിയ മർദ്ദനത്തിൽ ലക്ഷ്മീതാളം കൊരുത്തുവെച്ചതിന്റെ ചാരുത!വാക്കുകളില്ല.
എനിക്കേറെ ഇഷ്ടമായ ഒരു ചിട്ടപ്പെടുത്തൽ പഞ്ചാരി താളത്തിലുള്ള കൃഷ്ണന്റെ പദമാണ്.എന്താണതിന്റെ ആദ്യവരി?ഓർമ്മകിട്ടുന്നില്ല.
ക്ഷണ്മുഖന്റെ ദേവകിയാണ് കൂടുതൽ കണ്ട് പരിചയം.മുകുന്ദൻ ആയിരം വട്ടം കെട്ടിയാലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല.

ചീര I Cheera പറഞ്ഞു...

ഈ കഥ കണ്ടിട്ടില്ല, ഇതുവരെ!

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഹരീ, ഇക്കഥ പണ്ട്‌ ദൂരദർശനിൽ കാൺനിച്ചിരുന്നപ്പോ, നന്ദകുമാരലീലകൾ കേട്ട് നോക്കിയിരുന്നിട്ടിണ്ട്‌. ഇപ്പോഴാ അതിനെ പറ്റി കൂടുതൽ അറിയിന്നത്. നല്ല സുഖമുള്ള പാട്ട്‌. വേണുഗോപാലിനെ പറ്റി കൂടുതൽ പറഞ്ഞുതരുമോ? ഇക്കഥ പുസ്തകമായി കിട്ടുമോ?? അല്ലെങ്കിൽ കാസറ്റ് ആയാലും മതി. എനിക്ക് ശരിക്കൊന്നു കാണാനും കേൾൽക്കാനും ആഗ്രഹമുണ്ട്‌.

ബാബുവിന്റെ പാട്ട് കൊള്ളാം. സോപാനസംഗീതശൈലിയിൽ നിന്നും വിടുതൽ ഉണ്ട്‌.എങ്കിലും.. അർജ്ജുന്വവിഷാദവൃത്തം പാലക്കാട്ട് നിന്നുകണ്ടപ്പോൾ ബാബുവും വിനോദും അസ്സലായി പാടിയിരുന്നു. അതുകേട്ടതുകൊണ്ട്‌ മാത്രമാണ് പല വരികളും ഇപ്പോഴും ഓർമ്മിക്കുന്നത്.

Haree പറഞ്ഞു...

@ വികടശിരോമണി,
:-) അതെയതെ. കഥകളിക്കാണ് സൌന്ദര്യം. പദങ്ങള്‍ ചിലപ്പോള്‍ കേട്ടു കേട്ട് ഇഷ്ടമാവുമായിരിക്കും. ഷണ്മുഖന്‍ യശോദയെയാണ് സ്ഥിരമായി അവതരിപ്പിക്കാറുള്ളത്. ഞാന്‍ കണ്ടപ്പോഴൊക്കെ അങ്ങിനെയായിരുന്നു. അപൂര്‍വ്വമായി ഷണ്മുഖന്‍ ദേവകിയെ കെട്ടിയതു മാത്രമാവും മാഷ് കണ്ടത്!

@ p.r,
കാണുവാന്‍ ശ്രമിക്കൂ... സ്ത്രീകഥാപാത്രങ്ങള്‍ക്ക് (മാത്രം) പ്രാധാന്യമുള്ള കഥയാണ്.

@ -സു‍-|sunil,
ഡോ. പി. വേണുഗോപാലന്‍, കേരള യൂണിവേഴ്സിറ്റിയില്‍ ലെക്സിക്കന്‍ വിഭാഗം എഡിറ്ററാണ്. കൂടിയാട്ടത്തിലാണ് ഗവേഷണം നടത്തിയിരിക്കുന്നത്. യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളിയോഗത്തിന്റെ ഭാരവാഹികളില്‍ പ്രധാനിയാണ്. ഇത്രയൊക്കെയേ എനിക്കുമറിയൂ! :-)

ബാബുവിന്റെ പാട്ട് നല്ലതു തന്നെ. പക്ഷെ ചിലപ്പോള്‍ ഉഴപ്പിക്കളയും... അത്രേയുള്ളൂ... :-)
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

കൃഷ്ണലീല കാണാന്‍ അവസരമുണ്ടായിട്ടില്ല.

കൃഷ്ണലീല എന്നു പേര്. കൃഷ്ണന്‍ അരങ്ങില്‍ വരുന്നുമുണ്ട്. പക്ഷെ കൃഷ്ണലീലകള്‍ ആടുന്നതു മുഴുവന്‍ സ്ത്രീവേഷവും. അതു കൃഷ്ണന്‍ ആടുന്നതല്ലെ നല്ലത്? അല്ലെങ്കില്‍ കൃഷ്ണ ലീല എന്ന് എന്തിനു പേരിട്ടു? യശോദാ ദേവകീയം എന്നു വല്ലതും ഇട്ടാല്‍പ്പോരെ?

Haree പറഞ്ഞു...

@ എതിരന്‍ കതിരവന്‍,
:-) അതു നല്ല ചോദ്യം! ‘കിര്‍മ്മീരവധ’ത്തിനെന്തിനാണ് ആ പേര്? ഞാനിതുവരെ കണ്ടിട്ടില്ല, കിര്‍മ്മീരനെ കൊല്ലുന്നത്!!! ദുര്യോധനനെ കൊല്ലാത്ത ‘ദുര്യോധനവധ’ങ്ങളുടെ പേര് ‘ദുഃശാസനവധം’ എന്നും ആക്കണം; അല്ലെങ്കില്‍ ‘രൌദ്രഭീമചരിതം’ എന്നായാലോ!!! :-P

എന്റെ കുട്ടിക്കാലത്തെ കളികളെക്കുറിച്ച് ഞാന്‍ തന്നെ പറയുക, എത്ര ബോറന്‍ പരിപാടിയാണത്... അതൊക്കെ കണ്ടു നിന്ന അമ്മ പറയുന്നതല്ലേ അതിന്റെയൊരു രസം! ഹൊ! എത്ര ബോറന്‍ ഭാവന, എതിരന്‍ മാഷ്ക് ഇതെന്തുപറ്റി!!! :-D
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

ഹരീ പറഞ്ഞ ‘വധ“ങ്ങളിലൊക്കെ വധരംഗങ്ങളുണ്ട്. അരങ്ങത്ത് അവതരിപ്പിക്കുന്നില്ലെന്നുള്ളത് വേറെ കാര്യം. അതുകൊണ്ട് ആ പേരുകളൊക്കെ തികച്ചും ശരിയാണ്. കൃഷ്ണലീല എന്നു പേരിട്ടിട്ട് അത് പരോക്ഷമായി അതും ഒരു സ്ത്രീവേഷം ചെയ്യുമ്പോള്‍ പലതും നഷ്ടമാകുന്നു. ഒരു മുഴുനീള കൃഷ്ണകഥയില്‍ ഒരു സംഭാഷണമെന്ന നിലയില്‍ അവതരിപ്പിക്കാന്‍ മാത്രം വരുന്ന കഷ്ണം‍. ‘രാവണോദ്ഭവം’ എന്നു പേരിട്ടിട്ട് കേകസി തന്നെ ഉദ്ഭവം മുഴുവന്‍ അങ്ങ് കളിച്ചാല്‍ മതിയോ? “എന്റെ മോനാ, എനിയ്ക്കറിയാമ്മേലാത്ത കാര്യങ്ങളുണ്ടോ” എന്ന മട്ടില്‍?

വികടശിരോമണി പറഞ്ഞു...

കതിരവാ,ഹരീ-അടി മുറുകട്ടെ:)
ഗോകുലത്തിലെ കണ്ണനിൽ നിന്ന് രാഷ്ട്രീയകൃഷ്ണനിലേക്കുള്ള പരിണാമസന്ധിയിലാണ് കൃഷ്ണലീലയുടെ ഭാവനാപരിസരം.വൃന്ദാവനത്തിൽ നിന്ന് ദ്വാരകയിലേക്കുള്ള ദൂരം,വൈയക്തികമായ വൈകാരികതകളിൽ നിന്ന് ഒരു രാഷ്ട്രത്തിന്റെ വൈകാരികതകളിലേക്കു കൂടിയുള്ളതാണ്.കംസവധത്തിനും കാരാഗൃഹമോചനത്തിനും ശേഷം പുതിയൊരു കൃഷ്ണനെയാണ് നാം കാണുന്നത്,ആ സാമൂഹികസ്ഥലികളിൽ നിന്ന് കുരുക്ഷേത്രം വരെയും,പിന്നെ ഉള്ളം കാലിലേറ്റ ആ അസ്ത്രം വരെയും കൃഷ്ണനു പിന്മടക്കവുമില്ല.ആ മഹാപരിണാമസന്ധിയിലാണ് വേണുമാഷ് മറ്റൊരു വശം ചിന്തിച്ചത്,അപ്പോൾ ആ അമ്മമാരുടെ മനസ്സിലെന്തായിരിക്കും?അമ്മ എല്ലായിടത്തും ഒന്നാണ്,ആ സ്നേഹഗ്രന്ഥിക്ക് വ്യഷ്ടി-സമഷ്ടി വ്യത്യാസങ്ങളില്ല.ഒരമ്മ തന്റെ പുത്രന്റെ വളർച്ച കാണാതെ കാരാഗൃഹത്തിൽ കിടന്നു നീറി,അവസാനം മോചിതയായിരിക്കുന്നു,മറ്റൊരമ്മ സ്നേഹക്കടൽ കടഞ്ഞ വെണ്ണകൊടുത്ത് വളർത്തിയ പുത്രൻ ഇനിയൊരിക്കലും പ്രത്യായനമില്ലാത്തവണ്ണം തന്നിൽ നിന്ന് വേർപെടുകയാണ്.ആ സംഘട്ടനാത്മകതയാണ് മാഷ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.അതു കൃഷ്ണലീലതന്നെ,ഉണ്ണിവായിൽ ഈരേഴുലകങ്ങളും(അതു കാണിക്കുമ്പോൾ ഞാനും കാരാഗൃഹത്തിലെ നിങ്ങളും എന്നു ഷണ്മുഖൻ കാണിച്ചുകണ്ടിട്ടുണ്ട്)ഒതുക്കുന്ന കൃഷ്ണന്റെ ലീല.അത്രമാത്രം ആഴമുള്ളതാണ് ആ പേര്,ഇതൊന്നും എന്റെ വ്യാഖ്യാന ഭാവനകളല്ല,മാഷ് തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്.
കതിരവൻ രാവണോത്ഭവത്തെത്തന്നെ ഉദാഹരിച്ചതു നന്നായി.രാവണോത്ഭവത്തെ രാവണോത്ഭവമാക്കുന്ന തപസ്സാട്ടം ആട്ടക്കഥയിലുള്ള ഒന്നല്ലല്ലോ.വിശ്രവസ്സിന്റെ പതിഞ്ഞപദം മുതലുള്ള രാവണോത്ഭവമല്ലല്ലോ കഥകളി സ്വീകരിച്ചത്.രാവണോത്ഭവം രാവണൻ ചെയ്യുന്നുവെന്നത് സ്ത്രീവേഷം കൃഷ്ണലീലകൾ പകർന്നാടുന്ന കൽപ്പനക്കെങ്ങനെ വിഘാതമാകുന്നുവെന്ന് വ്യക്തമായില്ല.സ്ത്രീവേഷത്തിന് വിഷ്വലൈസേഷനുള്ള പരിമിതീകളാണുദ്ദേശിക്കുന്നതെങ്കിൽ,അവയെ വിജയകുമാറും ഷണ്മുഖനുമൊക്കെ വിദഗ്ധമായി നേരിടുന്നത് കാണാം.
കൃഷ്ണലീല എന്ന പേരിന്റെ സർഗ്ഗസൌന്ദര്യം എന്റെ ദരിദ്രഭാഷക്കു വഴങ്ങുന്നില്ല,അതു കാണാതെ കതിരവന് അതു ബോധ്യപ്പെടുത്താൻ എനിക്കാവുകയുമില്ല,ക്ഷമിക്കൂ.
ഹരീ,കിർമീരനെകൊല്ലുന്നത് കണ്ടിട്ടില്ലേ?സമ്പൂർണ്ണകിർമീരവധം?കാണാൻ ശ്രമിക്കൂ,അതും ഒരനുഭവമാണ്.
കൃഷ്ണലീലയോടുള്ള എന്റെ വിയോജിപ്പുകൾ മറ്റൂ ചിലതാണ്,അത് കഥകളിയിലൊട്ടും ചേരാത്ത ഒരു ഭകതിപ്രസ്ഥാനത്തെയും പരോക്ഷമായി ഉന്നം വെക്കുന്നു,അത് അപായകരമാണ്.

Haree പറഞ്ഞു...

@ എതിരന്‍ കതിരവന്‍,
:-) രാവണോത്ഭവം പൂര്‍ണ്ണമായും ആടുവാന്‍ കൈകസിക്ക് ആവുമോ? തപസ്സാട്ടവും മറ്റും കൈകസി എങ്ങിനെ വിവരിക്കുവാനാണ്? പിന്നെ, അത് തന്റെ വീരസ്യം പറയുന്നതാണ്, അല്ലാതെ ബാലലീലകള്‍ പറയുകയല്ല. കൃഷ്ണന്റെ ലീലകള്‍ യശോദ ദേവകിയോട് പറയുന്നതിനാല്‍ കൃഷ്ണലീല, അതുമൊരു ലീലയാകയാല്‍ കൃഷ്ണലീല; ശെഠാ! വളര്‍ത്തമ്മ, പെറ്റമ്മയോട് തങ്ങളുടെ മകന്റെ കളികള്‍ പറയുന്നു; അതിന് പേരിട്ടത് മകനോട് ചേര്‍ന്ന്, അതിലെന്താണ് കുഴപ്പം!!!

@ വികടശിരോമണി,
കിര്‍മ്മീരനെ കൊല്ലുന്നത് അവതരിപ്പിക്കുന്നതു തന്നെ വിരളം, അപ്പോള്‍ പിന്നെ എങ്ങിനെ കാണുവാനാണ്. കഴിഞ്ഞ കൊല്ലം തിരനോട്ടം അവതരിപ്പിച്ചപ്പോള്‍ പോകുവാന്‍ കഴിഞ്ഞതുമില്ല. അത്രയും നീണ്ട കഥയൊക്കെ എങ്ങിനെ ശ്രദ്ധയോടെ കണ്ടിരിക്കും എന്നതും ഒരു വിഷയമാണേ... മുദ്രകളൊക്കെ ശ്രദ്ധിച്ച് അര്‍ത്ഥം മനസിലാക്കിയാണ് കാണുന്നതെങ്കില്‍, മാനസികാധ്വാനം നന്നായി ഉണ്ടാവും ആസ്വാദകന്. പലപ്പോഴും ആദ്യത്തെ ഒരു കഥ മാത്രമേ കാണുവാന്‍ ഉത്സാഹിക്കാറുള്ളൂ, അപ്പോഴേക്കും ഉറക്കം വന്നില്ലെങ്കിലും ക്ഷീണിക്കും. :-) (പ്രസക്തഭാഗങ്ങള്‍ കാണുന്ന പണ്ഡിതരുടെ രീതിയല്ലാട്ടോ... :-D)

അതേത് ഭക്തിപ്രസ്ഥാനമാണ്? കൂടുതല്‍ വിവരങ്ങള്‍ കൂടി ചേര്‍ത്ത് ഒരു പോസ്റ്റാക്കൂ... ഈ കമന്റില്‍ പറഞ്ഞ കാര്യങ്ങളും കൂടി ഉള്‍പ്പെടുത്തൂ... വേണുമാഷ് പലയിടത്തും പറഞ്ഞിട്ടുണ്ടാവാം, പക്ഷെ ഒന്നും രേഖപ്പെടുത്തിയിരിക്കണമെന്നില്ലല്ലോ!
--

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഭക്തി പ്രസ്ഥാനത്തിന്റെ ഒരു ബൈപ്രൊഡക്റ്റ് ആയിരുന്നില്ലേ കഥകളി തന്നെ? കോട്ടയം കഥകൾ വന്നപ്പോഴാൺ മന്നുഷ്യന്റെ ധർമ്മസങ്കടങ്ങളെ മുന്നിലേക്ക് നയിച്ച്, ദൈവത്തെ പിന്നിലേക്കാക്കിയത് കഥകളിയിൽ. കൃഷ്ണലീല കൃഷ്ണന്റെ അമാനുഷിക കഥകൾ പറയുന്നതുവഴി കഥകളിയെ പിന്നിലേക്ക് ആക്കുകയാണെന്നോ വി.ശി.യുടെ വിവക്ഷ?
കഥകളിയിലൊട്ടും ചേരാത്ത എന്നൊന്നും പറഞ്ഞ് മുഴുമിപ്പിക്കല്ലെ വി.ശി. ആളുകൾ രാമനെ കാണുന്നതിലധികം ബാലിയെ കണ്ടുകാൺനും. അത് അഭിനയരീതിയുടെ പ്രത്യേകതയല്ലേ? ആ രീതി ഒരമ്മ തന്റെ കുട്ടിയുടെ കുസൃതികൾ കാണിക്കാൻ ഉപയോഗിച്ചാൽ എന്താ പറ്റില്ലേ? കാലഘട്ടത്തിനനുസരിച്ചല്ലെ ഇത് വിലയിരുത്തപ്പെടുക? കാലഘട്ടത്തിൻ പറ്റാത്തതാണെങ്കിൽ കൃഷ്ണലീല തിരസ്കരിക്കപെട്ടേക്കാം. പക്ഷെ അങനെയെങ്കിൽ ഊത്തക്കാടിന്റെ കൃതികൾക്ക് പ്രചരണം കൂടുകയല്ലെ ചെയ്യുന്നത്?

ഞാൻ പറഞ്ഞ് കാട് കയറിയൊ? കുറച്ചുകാലമായി ആലോചിക്കുന്നതും ചർച്ചചെയ്യുന്നതുമായ ഒരു വിഷയമായതിനാൽ ആണ് പെട്ടെന്ന് ഇങ്ങനെ എഴുതിയത്. നി പ്പോ ഇതൊന്ന്വല്ല വി.ശി. നിരീച്ചതെങ്കിൽ, പ്രശനല്യ. കീബോർഡിൽ ഡിലീറ്റ് ബട്ടൺ ഉണ്ടല്ലോ.

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഹരീ ഇന്നലെ ഞാൻ ഒരു സുഹൃത്ത് കൊണ്ടുവന്ന സി.ഡി.കേട്ടു. അതിൽ എമ്പ്രാന്തിരിയും ശ്രീവത്സൻ മേനോനും ചെർന്ന് ജുഗൽബന്ദിയാണ്. “നന്ദകുമാര ലീലകൾ..“ എന്നത് അതിൽ കാമ്പോജിയിലാണ്. പിന്നെ “പശുഗോപബാല ചരിതം” എന്നോമറ്റൊ ഒരു വരിയുണ്ട്‌. പശുഗോപൻ എന്ന് വേണമോ?ആവർത്തനമല്ലേ അത്?
-സു-

Haree പറഞ്ഞു...

@ -സു‍-|Sunil,
“നന്ദകുമാരലീലകള്‍...” കാംബോജില്‍ തന്നെയാണ്. പദഭാഗം വര്‍ണ്ണിച്ചപ്പോള്‍ അത് ശരിയായെഴുതി, ഗായകര്‍ നന്നായി ആലപിച്ച പദങ്ങളുടെ കൂട്ടത്തില്‍ എഴുതിയപ്പോള്‍ രാഗം അബദ്ധത്തില്‍ മാറിപ്പോയതാണ്. തിരുത്തിയതിനു നന്ദി. :-)
--

AMBUJAKSHAN NAIR പറഞ്ഞു...

Hello,
Your write upis good. Already I heard that the story and presentation is good.

വികടശിരോമണി പറഞ്ഞു...

ഹരീ,
ഹരീ പറഞ്ഞപ്രകാരം
കൃഷ്ണലീലയെ മുൻ‌നിർത്തി,ഒരു പോസ്റ്റ് ഇടുന്നു.എല്ലാവർക്കും സ്വാഗതം.പ്രചോദനത്തിന് നന്ദി.
{ഒരു ലിങ്ക് ഇങ്ങോട്ട് കൊടുത്തിട്ടുണ്ട്.പൈറസി,പ്ലേജറിസം എന്നൊക്കെപ്പറഞ്ഞ് കേസ് കൊടുക്കല്ലേ ആശാനേ:)}

മേരിക്കുട്ടി(Marykutty) പറഞ്ഞു...

ഹരീ, കഥകളി കേരളത്തിന്റെ തനതു കലാരൂപമാണ് എന്ന് അഭിമാനിക്കുന്ന ഒരാള്‍- പക്ഷേ ഒന്നും അറിയില്ല എനിക്ക് കഥകളിയെ പറ്റി..നിറപകിട്ടാര്‍്ന്ന വേഷങ്ങള്‍ ഇഷ്ടമാണ്, കണ്ണ് കൊണ്ടുള്ള ഭാവപ്രകടനങ്ങള്‍ ഇഷ്ടമാണ്..അത്രേയുള്ളൂ. കഥകളിയെ പറ്റി ഇത്രയധികം അറിവുള്ളത് നല്ല കാര്യം... അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകും വിധം പറഞ്ഞു കൊടുക്കുന്നത് അതിലും നല്ല കാര്യം..
hats off to u!

Sureshkumar Punjhayil പറഞ്ഞു...

:)

Gireesh പറഞ്ഞു...

I hav'nt got an opprtunity to see this story till now...But seems a brilliant one from the narration... thanks Hari..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--