2008, നവംബർ 28, വെള്ളിയാഴ്‌ച

മരുത്തോര്‍വട്ടത്തെ സന്താനഗോപാലം - ഭാഗം ഒന്ന്

SanthanaGopalam Kathakali at Maruthorvattom SriDhanvanthari Kshethram: Kalamandalam Balasubrahmanian as Arjunan, Kalamandalam Sreekumar as SriKrishnan and Kalamandalam Kesavan Nampoothiri as Brahmanan.
നവംബര്‍ 22, 2008: കഥകളി മുഖ്യവഴിപാടായി നടത്തപ്പെടുന്ന പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രം. നവംബര്‍ 22-ന് അവിടെ അവതരിപ്പിക്കപ്പെട്ട ‘സന്താനഗോപാലം’ കഥകളിയില്‍; കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അര്‍ജ്ജുനനേയും, കലാമണ്ഡലം കേശവന്‍ നമ്പൂതിരി ബ്രാഹ്മണനേയും, കലാമണ്ഡലം ശ്രീകുമാര്‍ ശ്രീകൃഷ്ണനേയും അവതരിപ്പിച്ചു. അര്‍.എല്‍.വി. സുനില്‍ അവതരിപ്പിച്ച പുറപ്പാട്; പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ പാട്ടിലും; കലാനിലയം മനോജ്, ആര്‍.എല്‍.വി. വിനീത് തുടങ്ങിയവര്‍ മദ്ദളത്തിലും; കലാഭാരതി ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദം എന്നിവയ്ക്കു ശേഷമാണ് കഥാഭാഗം അവതരിക്കപ്പെട്ടത്. “ചലമാലയ മൃദുപവന...” എന്ന ചരണത്തിന്റെ കീഴ്‌സ്ഥായിയിലുള്ള ആവര്‍ത്തനം ശ്രദ്ധേയമായി; ഇതൊഴിച്ചു നിര്‍ത്തിയാല്‍ ശരാശരി മികവുപോലും മേളപ്പദത്തിന് അനുഭവപ്പെട്ടില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകയിലെത്തുന്നതു മുതല്‍ക്കാണ് കഥ ആരംഭിക്കുന്നത്. അര്‍ജ്ജുനനെ കണ്ട് ആഹ്ലാദിക്കുന്ന കൃഷ്ണന്റെ “ശ്രീമന്‍, സഖേ, വിജയ!” എന്ന പദമാണ് ആദ്യം. അര്‍ജ്ജുനനും, സഹോദരന്മാരും സുഖമായി കഴിയുന്നില്ലയോ എന്നു കൃഷ്ണന്‍ കുശലമന്വേഷിക്കുകയാണ് ഇതിലൂടെ. “നാഥ! ഭവല്‍ചരണ” എന്ന അര്‍ജ്ജുനന്റെ മറുപടി പദമാണ് തുടര്‍ന്ന്. അങ്ങയുടെ ദാസരായ ഞങ്ങള്‍ക്ക് എന്തെങ്കിലും ദുഃഖം ഉണ്ടാവുമോ, ഏവരും സുഖമായിരിക്കുന്നു എന്നാണ് അര്‍ജ്ജുനന്‍ പറയുന്നത്. ഇളകുന്ന താമരയിലയില്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ജലകണികപോലെ, ക്ഷണികമായ മനുഷ്യജീവിതത്തില്‍ സുഹൃത്തുക്കളോടൊത്തു കഴിയുക എന്നതാണ് ഏറ്റവും സന്തോഷകരം, അതിനാല്‍ കുറച്ചു കാലം ഇവിടെ തന്നോടൊത്തു കഴിയുക എന്ന് കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നു.

“അതിസുഖസംഗത സുദിനം ദിനമിതു മമ!” എന്നു കൃഷ്ണന്‍ പറയുമ്പോള്‍, ‘എനിക്കും അപ്രകാരം തന്നെ’ എന്നിങ്ങനെ സന്ദര്‍ഭത്തോടിണങ്ങുന്ന രീതിയില്‍ ചില മനോധര്‍മ്മങ്ങള്‍ അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ നിന്നുണ്ടായി. എന്നാല്‍ “ഏതാകിലും വരുമോ ബാധ!” എന്നഭാഗത്ത് കൃഷ്ണനോട് അതൊരു ചോദ്യമായി ചോദിച്ചു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. സത്യത്തില്‍, അങ്ങയുടെ ദാസനായ ഞങ്ങള്‍ക്ക് ഒരു ദുഃഖവും വരുവാന്‍ ഇടയില്ല എന്നുറപ്പിച്ചു പറയുകയല്ലേ വേണ്ടത്. അങ്ങിനെയൊരു ചോദ്യത്തിനു തന്നെ ഇടമില്ല എന്നു വ്യംഗ്യം. ശ്രീകൃഷ്ണന്റെ പദഭാഗമായ “ചലിക്കും നളിനീദലമധ്യേ...” എന്നതിന്റെ അവതരണവും ശരിയായ രീതിയിലല്ല ഉണ്ടായത്. ഈ പദത്തിന്റെ അര്‍ത്ഥമുദ്രകള്‍ അതുപോലെ പെറുക്കിവെയ്ക്കുന്നതില്‍ എന്തു കാര്യം! ഇളകുന്ന ജലത്തുള്ളിയുടേതിനു സമാനമായ, ക്ഷണികമായ നരജന്മം എന്നര്‍ത്ഥം കൊണ്ടുവരുവാന്‍ കഴിയണം. താമരയില എന്നതിനു താമരയിതള്‍ എന്നാണ് ശ്രീകുമാര്‍ ആടിയത്. ചലിക്കുന്ന താമരയിലയില്‍ ലസിക്കുന്ന ജലബിന്ദുവിനെ ആട്ടത്തിലൂടെ അനുഭവവേദ്യമാക്കുവാനും അദ്ദേഹം മിനക്കെട്ടില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
‘വളരെക്കാലങ്ങളായി അങ്ങയെക്കാണുവാന്‍ ഇച്ഛിക്കുന്നു. ഒരു വണ്ട് താമരയിലയില്‍ തേന്‍ നുകരുവാന്‍ എപ്രകാരം കൊതിക്കുന്നുവോ, അപ്രകാരം നിന്റെ ചരണാംബുജങ്ങളില്‍ നമസ്കരിക്കുവാന്‍ ഞാനും കൊതിച്ചു കഴിഞ്ഞു. ഇന്ന് എനിക്കതിനു യോഗം വന്നു, എന്തു വേണമെന്ന് ആജ്ഞാപിച്ചാലും’ എന്ന് അര്‍ജ്ജുനനും; ‘നിന്നെക്കാണുവാനായി ഞാനും വളരെ ആഗ്രഹിച്ചിരുന്നു, അല്പകാലം ഇവിടെ എന്നോടൊത്ത് വസിക്കുക’ എന്ന് കൃഷ്ണനും പറയുന്ന ഒരു ചെറിയ മനോധര്‍മ്മമാണ് ഇവിടെ ആടിയത്. എല്ലാം അങ്ങയുടെ ഇച്ഛപോലെ എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ ബലഭദ്രനെ അന്വേഷിക്കുന്നു. അപ്പുറത്തുണ്ടെന്നു കൃഷ്ണന്‍, എന്നാല്‍ അദ്ദേഹത്തെ കണ്ട് വന്ദിച്ചു തിരികെയെത്താം എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ വിടവാങ്ങുന്നു. തന്റെ മുന്‍‌കാല പരാക്രമങ്ങള്‍ സൂചിപ്പിച്ചതിനു ശേഷം, ഇപ്രകാരം ശക്തിമാനായ, പരാക്രമശാലിയായ എന്റെ സുഹൃത്തായി ശ്രീകൃഷ്ണനുമുണ്ട്, അപ്രകാരമുള്ള എന്നെ ജയിക്കുവാന്‍ കാലനും കഴിയില്ല എന്നരീതിയിലോ മറ്റോ‍, അര്‍ജ്ജുനന്റെ ഗര്‍വ്വ് വെളിവാക്കുന്ന ഒരു മനോധര്‍മ്മാട്ടം ഇവിടെ അനിവാര്യമാണ്. അതല്ലാതെ പദമതുപോലെ മുദ്രകാട്ടി അഭിനയിച്ചു തീര്‍ക്കുവാന്‍ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു മുതിര്‍ന്ന കലാകാരന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അരങ്ങില്‍ പ്രവര്‍ത്തിച്ച കാലത്തിന്റെ കണക്കില്‍ മാത്രമാവരുത് ഒരു കലാകാരന്‍ ‘സീനിയര്‍’ ആവുന്നത്. അതിനൊത്ത പ്രവര്‍ത്തിയും ഉണ്ടാവേണ്ടതാണ്.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
ശ്രീകൃഷ്ണനും, അര്‍ജ്ജുനനും, മറ്റ് യാദവ വീരന്മാരും കൂടിയിരിക്കുന്ന സഭയിലേക്ക് വിലപിച്ചുകൊണ്ട് ഒരു ബ്രാഹ്മണന്‍ പ്രവേശിക്കുന്നു. കൈയില്‍ ഒരു കൈക്കുഞ്ഞിന്റെ ശവശരീരവുമുണ്ട്. തന്റെ എട്ട് ബാലന്മാര്‍ ഇതുപോലെ മുന്‍പ് മരണപ്പെട്ടു. തന്റെ ധര്‍മ്മത്തിനെതിരായി ഇന്നുവരെ ഞാന്‍ ജീവിച്ചിട്ടില്ല. അപ്രകാരമുള്ള തന്റെ ദുഃഖത്തിന് അറുതിവരുത്തുക എന്ന് ബ്രാഹ്മണന്‍ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണന്‍ കേട്ട ഭാവം കാണിക്കുന്നില്ല. ഒടുവില്‍ ശ്രീകൃഷ്ണന്റെ അവഗണനയില്‍ സഹികെട്ട്; പതിനാറായിരത്തിലധികം ഭാര്യമാരുടേയും, അവരുടെ കുട്ടികളുടെയും സുഖസൌകര്യങ്ങള്‍ അന്വേഷിച്ചു കഴിയുന്നവന്, ഒരു സാധുബ്രാഹ്മണന്റെ സങ്കടമകറ്റുവാന്‍ എവിടെയാണ് നേരം, എന്നും മറ്റും നിന്ദിച്ചു സംസാരിക്കുന്നു. ഇത്രയൊക്കെയായിട്ടും ശ്രീകൃഷ്ണനോ, മറ്റ് യാദവരോ അനങ്ങുക പോലും ചെയ്യുന്നില്ലെന്നു കണ്ട്, ബ്രാഹ്മണനെ സാന്ത്വനിപ്പിക്കുവാനായി അര്‍ജ്ജുനന്‍ തുനിയുന്നു. താന്‍ ഉദ്ദേശിച്ചതുപോലെ അര്‍ജ്ജുനന്‍ പ്രവര്‍ത്തിച്ചതില്‍ ആഹ്ലാദിച്ച് ശ്രീകൃഷ്ണന്‍ രംഗത്തു നിന്നും മാറുന്നു. ഇപ്രകാരമൊരു ഉദ്ദേശം കൃഷ്ണനുള്ളതായി മുന്‍പെവിടെയും പ്രതിപാദിക്കുന്നില്ല. ബ്രാഹ്മണനെ സഭയില്‍ കാണുന്നതിനു മുന്‍പ് ശ്രീകൃഷ്ണന് ഇതിനുള്ള സമയം ലഭിക്കും (മൂന്നുവട്ടം കലാശമെടുത്താണല്ലോ ബ്രാഹ്മണന്‍ പ്രവേശിക്കുന്നത്.) അപ്പോള്‍, ഒരു ബ്രാഹ്മണന്‍ വിലപിച്ച് വരുമെന്നും, ആരും അനങ്ങരുതെന്നും സദസ്യരോട്(അര്‍ജ്ജുനനെ അറിയിക്കാതെ) പറയുന്നതായി കൃഷ്ണന് ആടാവുന്നതാണ്. ഈ സമയത്ത് ഒന്നുമാടാതെ വെറുതേയിരിക്കുന്ന ശ്രീകൃഷ്ണനെയാണ് സാധാരണ കണ്ടുവരുന്നത്.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
“പരിദേവിതം മതിമതി, തവ!” എന്നു തുടങ്ങുന്ന അര്‍ജ്ജുനന്റെ ബ്രാഹ്മണനോടുള്ള പദമാണ് തുടര്‍ന്ന്. “പുത്രരിനി ജനിക്കില്‍, കാത്തു തരുമീ പാര്‍ത്ഥന്‍!” എന്നു പറഞ്ഞാണ് അര്‍ജ്ജുനന്‍ നിര്‍ത്തുന്നത്. ‘വിഷ്ടപാധിപനായ ശ്രീകൃഷ്ണന്‍ മുതലായവര്‍ എന്റെ ദുഃഖം കേട്ടിട്ട് അനങ്ങാഞ്ഞതെന്ത്? എന്നു ചിന്തിക്കാതെ, ഈ രീതിയില്‍ വാക്കുനല്‍കുന്നത് അത്ഭുതം തന്നെ!’ എന്നു ബ്രാഹ്മണനും പറയുന്നു. ‘ദുഃഖഭാരത്താല്‍ അങ്ങു പറയുന്നവയില്‍ എനിക്ക് അപ്രിയമേതുമില്ല; കുട്ടിയെ രക്ഷിച്ചു തരുവാന്‍ കഴിയുന്നില്ലെങ്കില്‍, താന്‍ ഇന്ദ്രന്റെ പുത്രനല്ല’ എന്നു പറഞ്ഞ് വിശ്വസിപ്പിക്കുവാന്‍ അര്‍ജ്ജുനന്‍ ശ്രമിക്കുന്നു. ‘ശ്രീകൃഷ്ണന്‍, ബലഭദ്രന്‍, മറ്റു യാദവവീരന്മാരും സാധ്യമല്ലെന്നുവെച്ച് അനങ്ങിയില്ല; അപ്പോള്‍ പിന്നെ എനിക്കിനി പുത്രനെ കാണുവാന്‍ കഴിയുമെന്ന ആഗ്രഹമില്ല’ എന്നു പറഞ്ഞ് ബ്രാഹ്മണന്‍ തന്റെ വിലാപം തുടരുന്നു. ബ്രാഹ്മണന്‍ എന്തൊക്കെ പറഞ്ഞിട്ടും ആശ്വസിക്കുന്നില്ലെന്ന് കണ്ട്, തന്റെ പരാക്രമങ്ങള്‍ കേട്ടിട്ടില്ലയോ എന്ന് ചോദിച്ച്, അടുത്തതായി ജനിക്കുന്ന പുത്രനെ കാത്തു നല്‍കുവാന്‍ തനിക്കായില്ലെങ്കില്‍, താന്‍ ജീവനോടെ അഗ്നിയില്‍ ദഹിക്കുമെന്ന് ശപഥം ചെയ്തു നല്‍കുന്നു.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണനും അത്രയൊന്നും കേമമെന്നു പറയുവാനുണ്ടായില്ല. മുദ്രകളുടെ അവ്യക്തതയാണ് എടുത്തു പറയേണ്ട ഒരു കുറവായി കണ്ടത്. ബ്രാഹ്മണന്റെ സ്ഥായി ഈ ഭാഗങ്ങളിലുടനീളം നിലനിര്‍ത്തുന്നതിലും പൂര്‍ണ്ണമായി അദ്ദേഹം വിജയിക്കുകയുണ്ടായില്ല. പദങ്ങള്‍ക്കു ശേഷം അര്‍ജ്ജുനന്റെ പക്കല്‍ നിന്നും വീണ്ടും വീണ്ടും സത്യം വാങ്ങിക്കുന്ന ബ്രാഹ്മണന്റെ മനോധര്‍മ്മങ്ങളാണ്. കംസന്‍ കൊന്ന ശിശുക്കളെ അമ്മയ്ക്ക് തിരിച്ചു നല്‍കി, ഗുരുവായ സാന്ദീപനിയുടെ മൃതനായ പുത്രനെയും യമന്റെ പക്കല്‍ നിന്നും വീണ്ടെടുത്തു നല്‍കി; ഇതു രണ്ടും സാധിപ്പിച്ച കൃഷ്ണന്‍ എന്റെ പുത്രരെ കാക്കാത്തതിനാല്‍ ഇത് അത്ര നിസ്സാരമായെടുക്കരുത് എന്ന ഉപദോശത്തോടെയാണ് ബ്രാഹ്മണന്‍ തുടങ്ങിയത്. തുടര്‍ന്ന് ജ്യേഷ്ഠന്റെ പാദത്തെ ശിരസാനമിച്ച് അര്‍ജ്ജുനന്‍ സത്യം ചെയ്തു നല്‍കുന്നു. തിരികെപ്പോകുവാന്‍ ഒരുങ്ങുന്ന ബ്രാഹ്മണന്റെ മനസിന് ഉറപ്പു ലഭിക്കുന്നില്ല. കൃഷ്ണന്റെ സഹായമില്ലാതെ ഇവനിത് സാധിക്കുകയില്ല എന്നു ചിന്തിക്കുന്ന ബ്രാഹ്മണന്‍, കൃഷ്ണന്റെ പാദത്തെ സ്മരിച്ചൊരു വാക്കു കൂടി അര്‍ജ്ജുനനില്‍ നിന്നും വാങ്ങുക തന്നെ എന്നുറയ്ക്കുന്നു. തന്റെ സഹോദരിയെ വിധവയാക്കുവാന്‍ എന്തായാലും കൃഷ്ണന്‍ അനുവദിക്കുകയില്ല എന്നൊരു ഉപായവും ബ്രാഹ്മണന്റെ ചിന്തയിലുണ്ട്. അപ്രകാരമുള്ള ബ്രാഹ്മണന്റെ ആവശ്യത്തെ അര്‍ജ്ജുനന്‍ നിരാകരിക്കുന്നു. കോപിച്ച് തിരികെ പോകുവാന്‍ ഒരുങ്ങുന്ന ബ്രാഹ്മണനെ തടഞ്ഞ്, അര്‍ജ്ജുനന്‍ കൃഷ്ണ പാദങ്ങളെ സ്മരിച്ച് വാക്കു നല്‍കുന്നതാണ് എന്നു പറയുന്നു. ‘അല്ലയോ ബ്രാഹ്മണ! അങ്ങയ്ക്ക് അടുത്തതായി പിറക്കുന്ന പുത്രനെ ഞാന്‍ കാത്തു നല്‍കുന്നുണ്ട്. അപ്രകാരം എന്നാല്‍ സാധിക്കാതെ വന്നാല്‍, അഗ്നിയില്‍ ചാടി...’ ഇത്രയും അര്‍ജ്ജുനന്‍ പറയുമ്പോള്‍ ബ്രാഹ്മണന്‍ ഇടയ്ക്കു കയറി, ‘വെറുതേ ചാടിയാല്‍ പോര, ഗാണ്ഡീവവുമൊത്ത് ചാടി ദഹിക്കണം.’ എന്നാവശ്യപ്പെടുന്നു. അപ്രകാരം ‘...ഗാണ്ഡീവസഹിതം അഗ്നിയില്‍ ചാടി ദഹിക്കുന്നുണ്ട്.’ എന്ന് അര്‍ജ്ജുനന്‍ വാക്കു നല്‍കുന്നു. ഇതില്‍ സന്തുഷ്ടനാവുന്ന ബ്രാഹ്മണന്‍, അര്‍ജ്ജുനനെ അനുഗ്രഹിച്ച് യാത്രയാവുന്നു.

ഈ ഭാഗത്ത് രണ്ട് വിചിത്രമായ മനോധര്‍മ്മങ്ങള്‍ ബാലസുബ്രഹ്മണ്യന്‍ ആടുകയുണ്ടായി. ആദ്യത്തേത്, ബ്രാഹ്മണന്‍ “വിഷ്ടപാധിപന്‍, ശിഷ്ടപാലകന്...‍” എന്നു തുടങ്ങുന്ന പദത്തിന്റെ ഇരട്ടിയില്‍, “പൊട്ട! നീ ചാടി പുറപ്പെട്ടതെത്രയും ചിത്രം!” എന്നു പറയുമ്പോള്‍ ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ ആടുകയാണ്, ‘ബ്രാഹ്മണന്റെ ശകാരം പോലും അമൃതിനു സമാനമാണ്!’ എന്ന്. ‘കീചകവധ’ത്തില്‍ മാലിനിയുടെ ശകാരങ്ങള്‍ കേട്ടിരിക്കുന്ന കീചകന് ഈ ആട്ടം ചേരും, ഇവിടെ അര്‍ജ്ജുനനു ചേരില്ല! “അര്‍ജ്ജുനനെ കേട്ടറിയുന്നില്ലയോ ഭവാന്‍?” എന്ന് അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു, ‘എനിക്കൊന്നും കേള്‍ക്കുവാനില്ല...’ എന്ന്. ഇതു കണ്ട് അര്‍ജ്ജുനന്‍ കാണിക്കുകയാണ്, ‘പാവം! പൂജ കഴിച്ചുകഴിച്ച്, മണിയുടെ ശബ്ദം മാത്രമേ കേള്‍ക്കുവാന്‍ കഴിയുന്നുള്ളെന്നു തോന്നുന്നു!’ എന്തുദ്ദേശത്തിലാണ് ഇങ്ങിനെയുള്ള ആട്ടങ്ങളൊക്കെ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു കലാകാരന്‍ ആടുന്നതെന്ന് മനസിലാവുന്നില്ല.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇവിടം വരെയുള്ള ഭാഗങ്ങള്‍ ആലപിച്ചത്. ആദ്യ രംഗത്തെ പദങ്ങള്‍ അത്രയൊന്നും ഭാവസാന്ദ്രമായെന്നു പറയുവാനില്ല. “ധീരന്‍! സുകൃതിജന...” എന്ന ഭാഗത്തെ ‘ധീരന്‍’ എന്നതിനും മറ്റും ശക്തികൊടുത്തു പാടുന്നത് രാഗഭാവം കുറയ്ക്കുന്നു. കുശലം ചോദിക്കുന്ന രീതിയാകയാല്‍, അവിടെ പദങ്ങള്‍ക്ക് അത്രയും ശക്തി നല്‍കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ബ്രാഹ്മണന്റെ മുതല്‍ക്കുള്ള ഭാഗങ്ങള്‍ ഇരുവരും നന്നായി ആലപിച്ചു. ബ്രാഹ്മണന്റെ ഒരു ചരണത്തില്‍ വരുന്ന “കഷ്ടം! ഇതു കാണ്മിന്‍...”, “എട്ടു ബാലന്മാര്‍...” എന്നിവയിലെ ‘കഷ്ടം’, ‘എട്ടു’ എന്നിവ ആവര്‍ത്തിച്ചു പാടി ഭാവതീവ്രത നല്‍കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഈ രണ്ടുവാക്കും നീട്ടിപ്പാടി താളത്തില്‍ നിര്‍ത്തുകയാണുണ്ടായത്. കലാനിലയം മനോജ്, കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും ഈ ഭാഗങ്ങള്‍ക്ക് മേളമൊരുക്കി. കൈക്കുകൂടുന്നതിലും, കലാശങ്ങളിലും ഇരുവരും മോശമായില്ല. ബ്രാഹ്മണന്‍ തിരികെ ഗൃഹത്തിലെത്തി, നടന്ന കാര്യങ്ങള്‍ പത്നിയെ അറിയിക്കുന്നതു മുതല്‍ക്കുള്ള രംഗങ്ങളുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Santhanagopalam Kathakali @ Maruthorvattom Dhanvanthari Kshethram, Cherthala, Alappuzha: Kalamandalam Balasubrahmanian (Arjunan), Kalamandalam Sreekumar (SriKrishnan), Kalamandalam Kesavan Nampoothiri (Brahmanan), Kalamandalam Vijayakumar (Brahmana Pathni, Lekshmi), RLV Sunil (Vishnu). Pattu by Pathiyoor Sankarankutty, Kalanilayam Rajeevan and Kalamandalam Rajesh Babu; Maddalam by Kalanilayam Manoj, RLV Vineeth; Chenda by Kalabharathi Unnikrishnan, Kalamandalam Sreekanth Varma. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

17 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രത്തില്‍ നവംബര്‍ 22-ന് നടന്ന ‘സന്താനഗോപാലം’ കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യഭാഗം.

ഈ കഥ അവതരിപ്പിച്ചു കണ്ടിട്ട് കുറച്ചു കാലമായി, ഏതാണ്ട് ഒരു വര്‍ഷത്തിനു മേല്‍. അതിന്റെ കുറവുകള്‍ ഉണ്ടാവും, ക്ഷമിക്കുക. :-)
--

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഈ വിവരണം.വായിച്ചു.നന്ദി.ശരിക്കും പറയാന്‍ വലുതായി അറിയില്ല.

വികടശിരോമണി പറഞ്ഞു...

ഹരീ,
വായനാക്ഷമമായ എഴുത്ത്.
ബാലസുവിന്റെ ആട്ടങ്ങൾ ചൂണ്ടിക്കാണിച്ചതു നന്നായി.
മൂപ്പർ പഴയ ഗോപിയാശാന് പഠിക്കയാണെന്നു തോന്നുന്നു.മുമ്പ്,ഗോപിയാശാന്റെ അർജ്ജുനൻ ‘ജയിക്ക ജയിക്ക കൃഷ്ണാ’ എന്നു ബ്രാഹ്മണൻ കൃഷ്ണനു ജയാശംസ നേരുമ്പോൾ,“ഓ,പണിയൊക്കെ ഞാനും കൂടിയാ എടുത്തത്.ഇപ്പൊ പുകഴ്ത്തലൊക്കെ ബ്രാഹ്മണനും” എന്നാടിയിരുന്നു.പിന്നെയത് അദ്ദേഹം മാറ്റി.
ബ്രാഹ്മണന്റെ പ്രവേശത്തിന് മൂന്നു പോയിട്ട് ഒരു കലാശവുമില്ലല്ലോ ഹരീ.
“കിടതകധീം താം” വെച്ചുള്ള പ്രവേശം ആണോ ഉദ്ദേശിച്ചത്?
അതാണെങ്കിൽ മൂന്നല്ലല്ലോ,അഞ്ചല്ലേ?
എന്തായാലും ബ്രാഹ്മണൻ കഥകളിയിലെ ഒരു അസാധാരണ കഥാപാത്രമാണ്.പേരു പോലുമില്ല,ഒരു ബ്രാഹ്മണൻ-അത്രമാത്രം.പക്ഷേ എന്തൊരു ക്യാരക്ടറാണ്!
കേശവൻ നമ്പൂതിരിയുടെ ബ്രാഹ്മണൻ കുറേ കണ്ടതാണ്.(അതു കക്ഷിയുടെ സ്ഥിരം വേഷമല്ലേ!അതിന്റെ കോസ്റ്റ്യൂമും കൊണ്ടാണ് നടപ്പ് എന്നാണറിവ്:)
ആശംസകൾ.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ എഴുത്ത് നന്നായി....
ആദ്യരംഗത്തില്‍ അര്‍ജ്ജുനന്റെ സ്ഥായി വീരമല്ല,ഭക്തിയാണല്ലൊ. അതിനാല്‍ അവിടത്തെ ആട്ടത്തില്‍ തന്റെ വീരസ്യം വിളമ്പണം എന്ന ഹരിയുടെ ആശയത്തിനോട് യോജിക്കാനാവുന്നില്ല. തന്നയുമല്ല ഭഗവാന്റെ സമീപം അര്‍ജ്ജുനന്‍ എന്തിന് ഇവ പറയണം? എല്ലാം അവിടത്തേക്ക് അറിവുള്ളതല്ലെ? ഇവിടെ ഭഗവാന്റെ ലീലകള്‍ വര്‍ണ്ണിച്ച് ഭക്തിസംവര്‍ദ്ധകമായ ആട്ടമാണ് ഉചിതം. ‘ലോകനാധനായ അങ്ങ് ഓരോരോ കാലത്ത് ഓരോരോ വെഷം ധര്‍ച്ച്.....’എന്ന ആട്ടമാണ് ആട്ടപ്രകാരമനുസ്സരിച്ച് ഇവിടെ നിശ്ചയിച്ചിട്ടുള്ളതും പൂര്‍വ്വികരായ കലാകാരന്മാര്‍ ചെയ്തുവരാറുള്ളതും.
പിന്നെ കേശവന്‍ നമ്പൂതിരിയും കൃഷ്ണകുമാറും ചേര്‍ന്നുള്ള ഒരു സന്ദാനഗോപാലം കഴിഞ്ഞദിവസം കാണ്ടിരുന്നു(വിശദമായി ബ്ലോഗുന്നുണ്ട്.) ഇരുവരും യാതൊരു പാത്രബോധവുമില്ലാതെ,സ്ഥായിസൂക്ഷിക്കാതെ ആടി അറുബോറാക്കി എന്നു ചുരുക്കത്തില്‍ പറയാം.

Dr. Evoor Mohandas പറഞ്ഞു...

if what Haree has written is what Balasubramanian has shown there, then there is something seriously wrong with this 'senior' artist. It sounds absolutely nonsense.

Mohandas

Haree പറഞ്ഞു...

@ അരുണ്‍ കായംകുളം,
വായിച്ചതിനും, അഭിപ്രായത്തിനും നന്ദി. വായിച്ച് വായിച്ച് ശരിക്കും പറയുവാന്‍ പഠിക്കുമെന്നേ... :-)

@ വികടശിരോമണി,
നന്ദി. :-) ഹ ഹ ഹ... ബ്രാഹ്മണന്‍ അങ്ങോട്ടുപോയി വേഷം ‘പിടിക്കുന്ന’ പതിവുണ്ടെന്ന് ഞാനും ചിലരില്‍ നിന്നും പറഞ്ഞു കേട്ടു. ഈ ‘കിടതകധീം താം’ വെച്ചുള്ള പ്രവേശത്തിന് എന്താണ് പറയുക? അങ്ങിനെയല്ലേ കലാശത്തിന്റെയും വായ്താരിയുടെ തുടക്കം? കിടതകധീം - എനിക്കിതു വന്നല്ലോ, എന്റെ പുത്രരെല്ലാവരും മരണപ്പെട്ടു - കിടതകധീം - ധര്‍മ്മത്തില്‍ നിന്നും ഞാന്‍ വ്യതിചലിച്ച് പ്രവര്‍ത്തിച്ചില്ല, ആ എനിക്ക് എന്താണിങ്ങിനെ വരുവാന്‍ - കിടതകധീം - ദ്വാരകാനാഥനായ കൃഷ്ണനെ ചെന്നു കണ്ട് സങ്കടം ഉണര്‍ത്തിക്കുക തന്നെ! - കിടതകധീം :- ഇങ്ങിനെയല്ലയോ വേണ്ടത്? ഇതില്‍ ആദ്യത്തേത് ഞാന്‍ കൂട്ടിയില്ല എന്നു മാത്രം. അഞ്ച് എണ്ണം എപ്രകാരമാണ് വരുന്നത്? ഒടുവില്‍ രണ്ട് കിടതകധീം എടുക്കുമോ? ഏതായാലും ഇങ്ങിനെ മൂന്ന് ഇടയ്ക്കുള്ളാ‍ട്ടമേ ഉണ്ടായുള്ളൂ, അതുറപ്പ്.

@ മണി, വാതുക്കോടം.
:-) ആദ്യത്തെ പദത്തില്‍ സ്ഥായി ഭക്തി ആയിക്കൊള്ളട്ടെ, അതിനു ശേഷം അര്‍ജ്ജുനന്റെ സ്ഥായി വീരത്തിലേക്ക് മാറുക തന്നെ വേണം. ബ്രാഹ്മണന്‍ പ്രവേശിക്കുമ്പോളൊക്കെ ‘തന്നത്താന്‍ പ്രമാണി’യായി വേണം അര്‍ജ്ജുനന്‍ ഇരിക്കുവാന്‍. ഭക്തിയില്‍ നിന്നും ലോകനാഥനായ ശ്രീകൃഷ്ണന്‍ സുഹൃത്തായുള്ള, അസ്ത്രവിദ്യയില്‍ അജയ്യനായ എന്നെ ജയിപ്പാന്‍ കാലനും കഴിയില്ല; ആ അഹന്തയുടെ മുനയാണ് കൃഷ്ണന്‍ ഒടിക്കുന്നത്. അവിടെ ഈ രീതിയിലുള്ള മനോധര്‍മ്മം തീര്‍ച്ചയായും ഉണ്ടാവേണ്ടതാണ്. അതുശരി, അങ്ങിനെയെങ്കില്‍ കൃഷ്ണനോട് ആര്‍ക്കുമൊന്നും ആടാനും, പാടിയഭിനയിക്കാനും ഉണ്ടാവില്ലല്ലോ! എല്ലാം അറിയാവുന്നയാളല്ലേ!!! ;-)ഒരാള്‍ അഹങ്കരിക്കുന്നത്, മറ്റുള്ളവര്‍ക്ക് അയാളുടെ കഴിവുകള്‍ അറിയാത്തതുകൊണ്ടല്ലല്ലോ, അതുകൊണ്ട് കൃഷ്ണനറിയാം എന്നതൊന്നും വിഷയമാവേണ്ടതില്ല. ഭക്തിസംവര്‍ദ്ധകമായ ആട്ടം ഒട്ടും തന്നെ ഉചിതമല്ലെന്നു ഞാന്‍ പറയും. അതുവേണമെങ്കില്‍ ആവാം, പക്ഷെ അവസാനിപ്പിക്കുന്നത് അര്‍ജ്ജുനന്റെ വീരരസത്തോടെ തന്നെയാവണം എന്നാണെന്റെ പക്ഷം. “ലോകനാഥനായ അങ്ങ്...” ഇങ്ങിനെ തുടങ്ങുന്ന ആട്ടം ഒന്നു മുഴുവന്‍ പറയാമോ?

@ mohan,
:-) തീര്‍ച്ചയായും വിശ്വസിക്കാം. എനിക്ക് തെറ്റു പറ്റിയിട്ടില്ല.
--

വികടശിരോമണി പറഞ്ഞു...

ഹരീ,
‘കിടതകിതാം’എടുക്കുക എന്നു തന്നെയാണ് ഞാൻ കഥകളിക്കാർക്കിടയിലും കേട്ടുപരിചയിച്ചിട്ടുള്ള ആ നൃത്തവിശേഷത്തിന്റെ ഭാഷ.മറ്റെന്തെങ്കിലും വാക്ക് ഉള്ളതായി അറിയില്ല.
ഏതായാലും “ഹാഹാ കരോമി”ക്കു മുമ്പ് അഞ്ചു കിടതകിതാം തന്നെയാണ്.ആദ്യം പതിഞ്ഞ കിടതകിതാം,പിന്നെ 64,32,16,8 എന്നിങ്ങനെ ദ്രുതമാകുന്ന വിധത്തിൽ.ഇടയിലുള്ള ആട്ടങ്ങൾക്ക് വിവിധശൈലികളാണ്.
പത്മനാഭൻ നായരാശാന്റെ രീതി ഇങ്ങനെയാണ് കണ്ടിട്ടുള്ളത്:
പതിഞ്ഞ കിടതകിതാം:
ഈശ്വരാ!ഞാനൊരു പാപവും ഈ ജന്മത്തിൽ അറിഞ്ഞു കൊണ്ട് ചെയ്തിട്ടില്ലല്ലോ?പിന്നെയും എനിക്കീ ഗതി വന്നുവല്ലോ?
64:
കഷ്ടം!എന്റെ ഈശ്വരസേവാഫലം ഇങ്ങനെയായല്ലോ!
32:
ഇനി ഞാനെന്തിനാണ് കൃഷ്ണനെ പോയി കാണുന്നത്?
16:
ആകട്ടെ,ഈ ജഡത്തെ യാദവസഭയിലെത്തി കൃഷ്ണന്റെ സന്നിധിയിലിട്ട് പോരിക തന്നെ.
8 മാത്രയിലുള്ള കിടതകിതാം കഴിയുന്നതോടെ യാദവസഭാപ്രവേശം.
(ഓർമ്മയിൽ നിന്നാണേ,തെറ്റുകാണുന്നവർ തിരുത്തണം.സന്തോഷമേയുള്ളൂ)
കേശവൻ നമ്പൂതിരി ചെയ്യുന്നത് കുഞ്ചുനായരാശാന്റെയും പത്മനാഭനാശാന്റെയും ഒരു കലർപ്പാണ്.അതിൽ മുഴച്ചുനിൽക്കുന്നത് കുഞ്ചുനായരാശാൻ തന്നെ.ആട്ടങ്ങളിൽ മാത്രമല്ല,പോസുകളിൽ പോലും അതുണ്ടെന്ന് അടുത്തകാലത്ത് കുഞ്ചുനായരാശാന്റെ ചില സന്താനഗോപാല ഫോട്ടോകൾ കാണാൻ ഭാഗ്യമുണ്ടായപ്പോൾ തോന്നി.
അതിൽ മിക്കതും വികൃതമാക്കുകയാണ് ചെയ്യുന്നതെന്നത് വേറെ കാര്യം.
ഇനി ഒന്നു കൂടി,പല വട്ടം കീഴ്പ്പടത്തിന്റെ ബ്രാഹ്മണൻ കണ്ടിട്ടുണ്ട്.ഒരൊറ്റ തവണ പോലും കിടതകിതാമിനിടക്കുള്ള ആട്ടങ്ങൾ കഴിഞ്ഞ അരങ്ങിനെപ്പോലെ ആവർത്തിക്കുന്നത് കണ്ടിട്ടില്ല.ഓരോ തവണയും ചെന്നിരിക്കുമ്പോൾ ഇന്നെന്താവും കീഴ്പ്പടം കാട്ടുക എന്ന ജിജ്ഞാസയുണ്ടായിരുന്നു.അതാണ് നിത്യനവോന്മേഷശാലിയായ പ്രതിഭ.
ഇനിയെത്ര കാലം തപസ്സിരിക്കണം,അങ്ങനെയൊരു നടനെ ലഭിക്കാൻ?

Dr. Evoor Mohandas പറഞ്ഞു...

ഈ ഭാഗത്ത് രണ്ട് വിചിത്രമായ മനോധര്‍മ്മങ്ങള്‍ ബാലസുബ്രഹ്മണ്യന്‍ ആടുകയുണ്ടായി. ആദ്യത്തേത്, ബ്രാഹ്മണന്‍ “വിഷ്ടപാധിപന്‍, ശിഷ്ടപാലകന്...‍” എന്നു തുടങ്ങുന്ന പദത്തിന്റെ ഇരട്ടിയില്‍, “പൊട്ട! നീ ചാടി പുറപ്പെട്ടതെത്രയും ചിത്രം!” എന്നു പറയുമ്പോള്‍ ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ ആടുകയാണ്, ‘ബ്രാഹ്മണന്റെ ശകാരം പോലും അമൃതിനു സമാനമാണ്!’ എന്ന്. ‘കീചകവധ’ത്തില്‍ മാലിനിയുടെ ശകാരങ്ങള്‍ കേട്ടിരിക്കുന്ന കീചകന് ഈ ആട്ടം ചേരും, ഇവിടെ അര്‍ജ്ജുനനു ചേരില്ല! “അര്‍ജ്ജുനനെ കേട്ടറിയുന്നില്ലയോ ഭവാന്‍?” എന്ന് അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു, ‘എനിക്കൊന്നും കേള്‍ക്കുവാനില്ല...’ എന്ന്. ഇതു കണ്ട് അര്‍ജ്ജുനന്‍ കാണിക്കുകയാണ്, ‘പാവം! പൂജ കഴിച്ചുകഴിച്ച്, മണിയുടെ ശബ്ദം മാത്രമേ കേള്‍ക്കുവാന്‍ കഴിയുന്നുള്ളെന്നു തോന്നുന്നു!’ എന്തുദ്ദേശത്തിലാണ് ഇങ്ങിനെയുള്ള ആട്ടങ്ങളൊക്കെ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു കലാകാരന്‍ ആടുന്നതെന്ന് മനസിലാവുന്നില്ല.

I feel disgusted to read it. Ayyo! kashtam. Ithrakke adhapathicho balasubramanian? 'swargavasikalkum sukha vitharanam cheyyunna' aa gambheeranaaya arjunan evide? ee koalivesham evide?

Why not someone tell him that Arjunan is not a circus 'komali', but the most dignified character of our puranas.

Mohandas

AMBUJAKSHAN NAIR പറഞ്ഞു...

കഥകളിയുെട സ്ഥിതി ഇത്റ േമാശമായതിൽ േഖദിക്കുന്നു. മഹാകവി
വള്ളേത്താളി൯ ആൽമാവ് ഇവേരാട് െപാറുക്്കുേമാ?

Haree പറഞ്ഞു...

@ വികടശിരോമണി,
ഇവിടെ മൂന്ന് മനോധര്‍മ്മങ്ങളെ ഉണ്ടായുള്ളൂ, അതില്‍ അഞ്ച് ‘കിടതകിതാം’ എങ്ങിനെ പ്രയോഗിച്ചുവെന്ന് അറിയില്ല. എന്തൊക്കെയാണ് കീഴ്പ്പടം കാട്ടാറുണ്ടായിരുന്ന ആട്ടങ്ങളെന്ന് വിവരിച്ചു കൂടെ? ഒരു ബ്ലോഗ് പോസ്റ്റിനു സാധ്യത... :-) അതിലല്പം അതിശയോക്തിയില്ലേ? ഒരോ സ്റ്റേജിലും ഓരോ ആട്ടങ്ങളെന്നതിനേ...

@ mohan,
:-( ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ഞങ്ങളോ അപ്പോള്‍! ഇത്തരം ആട്ടങ്ങള്‍ ആസ്വാദകര്‍ക്ക് രസിക്കുമെന്ന് വല്ല തെറ്റിദ്ധാരണയും അദ്ദേഹത്തിനുണ്ടായിട്ടാണോ ഇങ്ങിനെയൊക്കെ ഇനി ആടുന്നത്? അങ്ങിനെയെങ്കില്‍, അദ്ദേഹത്തോട് അടുപ്പമുള്ള ആരെങ്കിലും ആ ധാരണയൊന്ന് തിരുത്തുന്നത് നന്നായിരിക്കും.

@ nair,
സ്വന്തം മനസാക്ഷിക്കുമുന്നില്‍ ഇവര്‍ക്ക് ന്യായീകരിക്കുവാനാവുമോ?
--

വികടശിരോമണി പറഞ്ഞു...

ഹരീ,
ഓരോ അരങ്ങിലും വ്യത്യസ്തമെന്നതുകൊണ്ടുദ്ദേശിച്ചത്.ഒരിടത്ത് കാട്ടിയ ഒന്നും മറ്റൊരിടത്ത് കാണിച്ചില്ല എന്നല്ല.ഓരോ ഇടത്തെയും ആട്ടങ്ങളിൽ എന്തെങ്കിലുമൊന്ന് വ്യത്യസ്തമായുണ്ടായിരുന്നു എന്നാണേ:)

C.Ambujakshan Nair പറഞ്ഞു...

ഹരി,
താങ്കൾ കഥകളിക്ക് പുതിയ സങ്കൽപ്പങ്ങൾ നൽകുന്നതായി തോന്നുന്നു. സന്താനഗോപാലം കഥയിൽ യാദവ സഭയിൽ പുത്ര ശവവുമായി എത്തുന്ന
ബ്രാമ്ഹണന്റെ ദുഖം യാദവ സഭാവാസികൾ ആരും ശ്റദ്ധിച്ചില്ല. നരനാരയണന്മാ൪ ഒന്നിച്ചു വൈകുണ്ഠത്തിൽ എത്തിക്കാനുള്ള ഭഗവാന്റെ ലീലാവിലാസമല്ലേ ഇത്. സഭാവാസികൾക്ക് ഭഗവത് നിശ്ചയത്തെ മറികടക്കാനുള്ള ശക്തി ഇല്ലല്ലോ. കഥകളിയിൽ നിലനിന്നിരുന്ന ശൈലികൾ, ഒരോ നടന്മാരുടെ അവതരണ രീതികൾ ഇവകൾ മനസിൽ ഉൾക്കൊണ്ട് അഭിപ്റായം എഴുതുക. യാദവ സഭയിൽ പുത്റ ശവവുമായി ബ്രാമ്ഹണൻ എത്തുമെന്നും ആരും ശ്റദ്ധിക്കരുതെന്നു കൃഷ്ണൻ പറയണം എന്നുമൊക്കെ ഉള്ള അനാവശ്യ ചിന്തകൾ കഥകളി ബ്ളോഗുകൾ വായിക്കുന്ന ആസ്വാദക൪ക്കും യുവകലാകാരന്മാ൪ക്കും കുഴപ്പം ഉണ്ടാക്കുവാനേ സഹായിക്കൂ.
ദുര്യോധനവധം കഥകളിയിൽ കൃഷ്ണ൯ സഭയിലേക്കു വരുന്നതു കാണുമ്പോൾ ദുര്യോധനന് സഭാവാസികളോട് ആരും എഴുനേൽക്കയോ ബഹുമാനിക്കയോ ചെയ്യരുതെന്ന് ആജ്ഞാപിക്കാം. കഥയ്ക്കും, കഥകളിക്കും ബന്ധമുള്ളതാണ് ഇത്. പക്ഷേ നടന്മാ൪ ചെയ്യുന്നില്ല .ദുര്യോധനവധത്തിലെ കൗരവ സഭയിലെ ദുര്യോധനന്റെ പദം ശ്രദ്ധിക്കു.
“പാപമായാവിയാം കൃഷ്ണനുമിപ്പോൾ പാണ്ഡവ ദൂതനായ് വന്നീടും
ഗോപകുമാരൻ വരുന്നേരം ഒരു ഭൂപനുമുദ്ധാനം ചെയ്കൊലാ”
(കൗരവസഭയിൽ കൃഷ്ണൻ വരുമ്പോൾ സഭാവാസികൾ ആരും എഴുനേൽക്കയോ ബഹുമാനിക്കയോ ചെയ്യരുതെന്ന് ആജ്ഞാപിക്കുന്ന ചെങ്ങന്നൂരാശാന്റെ ദുര്യോധനൻ ,കൃഷ്ണൻ സഭയിൽ പ്രവേശിക്കുമ്പോൾ സിംഹാസനത്തിൽ നിന്നും (ദുര്യോധനൻ) വീഴുന്നതായും പിന്നീട് ഇളിഭ്യനായി സിംഹാസനത്തിൽ ഇരിക്കുന്നതായും അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. )

Haree പറഞ്ഞു...

@ nair,
:-) നരനാരായണന്മാരെ ഒന്നിച്ചു വൈകുണ്ഠത്തെത്തിക്കുവാന്‍ ഭഗവാന് ഇത്രയുമൊക്കെ ചെയ്യണമോ? വെറുതേയൊന്നു നിനച്ചാല്‍ അത് നടക്കാവുന്നതല്ലേയുള്ളൂ! അത് അര്‍ജ്ജുനനെ/ബ്രാഹ്മണനെ സാന്ത്വനിപ്പിച്ചു പറയുന്നുവെന്നു മാത്രം. സത്യത്തില്‍, അര്‍ജ്ജുനന്റെ ഗര്‍വ്വം അടക്കുവാനുള്ള ശ്രീകൃഷ്ണന്റെ ഉപായമാണല്ലോ ഇത്. വികടശിരോമണി ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ, തേത്രായുഗത്തിലെ പ്രയുക്ഷുവിന്റെ, ദ്വാപരജന്മത്തെ അതിനായി ഉപയോഗിക്കുകയും ചെയ്തു. ഒരുവെടിക്ക് രണ്ടുപക്ഷി; അര്‍ജ്ജുനന്റെ ഗര്‍വ്വവും നീങ്ങും; പ്രിയുക്ഷുവില്‍ ശാപം ഫലിപ്പിച്ചു, ശാപമോക്ഷം നല്‍കുകയും ചെയ്യാം. (‌കീഴ്പടം ആടാറുണ്ടായിരുന്ന ബ്രാഹ്മണന്‍ - നായ ആട്ടത്തെക്കുറിച്ച് വി.ശി. സൂചിപ്പിച്ചിട്ടുണ്ട് അതില്‍, അതിനെക്കുറിച്ച് അറിയുമെങ്കില്‍ പങ്കുവെയ്ക്കുമല്ലോ...) ശ്രീകൃഷ്ണന്‍ അങ്ങിനെ ആടണമെന്ന് ഞാന്‍ പറഞ്ഞില്ല; പക്ഷെ, അങ്ങിനെയൊരു ദിശയില്‍ കൂടി കലാകാരന്മാര്‍/ആസ്വാദകര്‍ ചിന്തിക്കുക എന്നത് ഞാന്‍ ഉദ്ദേശിച്ചിട്ടുള്ള കാര്യം തന്നെയാണ്. അത്തരം ആശയകുഴപ്പങ്ങളില്‍ നിന്നുമാണല്ലോ, പുതിയ ആശയങ്ങള്‍ ഉരുത്തെരിയുന്നത്. :-) സഭാവാസികള്‍ക്ക് ഭഗവല്‍(കൃഷ്ണന്റെ) നിശ്ചയത്തെ മറികടക്കുവാനുള്ള ശക്തിയില്ല. പക്ഷെ, കൃഷ്ണന്റെ നിശ്ചയമെന്തെന്ന് നടന് സൂചിപ്പിക്കാമല്ലോ! അതിന് കഥയുമായി വളരെ ബന്ധമുണ്ട് താനും.
--

Dr. Evoor Mohandas പറഞ്ഞു...

പല വട്ടം കീഴ്പ്പടത്തിന്റെ ബ്രാഹ്മണൻ കണ്ടിട്ടുണ്ട്.ഒരൊറ്റ തവണ പോലും കിടതകിതാമിനിടക്കുള്ള ആട്ടങ്ങൾ കഴിഞ്ഞ അരങ്ങിനെപ്പോലെ ആവർത്തിക്കുന്നത് കണ്ടിട്ടില്ല.ഓരോ തവണയും ചെന്നിരിക്കുമ്പോൾ ഇന്നെന്താവും കീഴ്പ്പടം കാട്ടുക എന്ന ജിജ്ഞാസയുണ്ടായിരുന്നു.അതാണ് നിത്യനവോന്മേഷശാലിയായ പ്രതിഭ.
ഇനിയെത്ര കാലം തപസ്സിരിക്കണം,അങ്ങനെയൊരു നടനെ ലഭിക്കാൻ?

Yes, veesee rightly summed up the the essence of kathakali.I don't know veesee has ever witnessed a kathakali rangam between Krishnan Nair Asan and Mankulam. Navam navangalaaya ethrayethra manodharmangalaanavide undauka!The masters used to compete in manodharmam for the spectators delight!. Athokke kandittullavarkkku, innathe koprayangal kanumpol, athu ethu valiya sthapanathinte perilayayalum, sahikkan alpam buddhimuttakum. Ha,AA kaalamokke poyi, ini koprayathinte kaalamaayi!

Mohandas

VAIDYANATHAN, Chennai പറഞ്ഞു...

ഈ കാലത്ത് കീഴ്പടം ആശാനെ പോലെ ‘നവം നവമായ’ ആട്ടങ്ങള് ആരാണ് ആടാന് ഉള്ളത്? നെല്ലിയോടു തിരുമേനിയെ പോലെ അല്ലെങ്കില് നരിപ്പറ്റയെ പോലെ ആരെങ്കിലും ആടിയാല് ആയി.

Sethunath UN പറഞ്ഞു...

ഹരീ
ക‌ളി കണ്ടില്ല. എന്നാല്‍ കണ്ട‌പോലെയായി ഇപ്പോള്‍. സങ്കടമൊട്ടില്ലതാനും. :) ഇതെന്താ ഇവ‌രൊക്കെ ഇങ്ങനെ എന്ന് കുണ്ഡിതപ്പെടാനേ കഴിയുന്നുള്ളൂ.
"ഇതു രണ്ടും സാധിപ്പിച്ച കൃഷ്ണന്‍ എന്റെ പുത്രരെ കക്കാത്തതിനാല്‍ " - കാക്കാത്തതിനാല്‍ എന്ന് തിരുത്തുമ‌ല്ലോ. അക്ഷരപ്പിശാച് അര്‍ത്ഥം മാറ്റിക്ക‌ള‌ഞ്ഞതുകൊണ്ടാണ് സുചിപ്പിച്ചത്.

Sureshkumar Punjhayil പറഞ്ഞു...

:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--