2008, ഡിസംബർ 5, വെള്ളിയാഴ്‌ച

മരുത്തോര്‍വട്ടത്തെ സന്താനഗോപാലം - ഭാഗം രണ്ട്

Santhanagopalam Kathakali: Kalamandalam Balasubrahmanian as Arjunan, Kalamandalam Kesavan Nampoothiri as Brahmanan, Kalamandalam Sreekumar as SriKrishnan and Kalamandalam Vijayakumar as BrahmanaPathni.
നവംബര്‍ 22, 2008: മരുത്തോര്‍വട്ടത്ത് നടത്തപ്പെട്ട സന്താനഗോപാലം കഥകളിയെക്കുറിച്ചുള്ള ആദ്യ ഭാഗം ഇവിടെ വായിച്ചുവല്ലോ. 'ഇനി മേലില്‍ ജനിക്കുന്ന പുത്രനെ കാത്തു നല്‍കാം' എന്ന് അര്‍ജ്ജുനന്റെ പക്കല്‍ നിന്നും സത്യം ചെയ്ത് വാങ്ങിയ ശേഷം ബ്രാഹ്മണന്‍ സ്വഭവനത്തില്‍ മടങ്ങിയെത്തി, തന്റെ ഭാര്യയെ നടന്നതെല്ലാം ധരിപ്പിക്കുന്നു. “കോമളസരോജമുഖി!” എന്ന ബ്രാഹ്മണന്റെ പദത്തോടെയാണ് രംഗത്തിന്റെ തുടക്കം. എന്നാല്‍ “വിധിമതം നിരസിച്ചീടാമോ വിദഗ്ദ്ധന്മാര്‍ക്കും?” എന്ന് സന്ദേഹിക്കുകയാണ് ബ്രാഹ്മണപത്നി. തന്റെ സഹോദരിയുടെ പതിയെ, ഉറ്റതോഴനായ അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍ കൈവെടിയുകയില്ല; അദ്ദേഹത്തിന്റെ സഹായത്തോടെ പുത്രനെ കാത്തു നല്‍കുവാന്‍ പാര്‍ത്ഥന് തീര്‍ച്ചയായും കഴിയും എന്ന് ബ്രാഹ്മണന്‍ പത്നിയെ ആശ്വസിപ്പിക്കുന്നു. ഇപ്രകാരം വിശ്വസിച്ച്, ഇരുവരും പ്രാര്‍ത്ഥനയോടെ വസിക്കുന്നു.

SanthanaGopalam Kathakali: Kalamandalam Kesavan Nampoothiri as Brahmanan and Kalamandalam Vijayakumar as BrahmanaPathni.
അടുത്ത രംഗത്തില്‍ ബ്രാഹ്മണ പത്നി, തന്റെ ഗര്‍ഭം പൂര്‍ണ്ണമായെന്നും, മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രസവമുണ്ടാവുമെന്നും പതിയെ അറിയിക്കുകയാണ്. പുത്രനെ രക്ഷിച്ചു നല്‍കാം എന്നു ശപഥം ചെയ്തിട്ടുള്ള, കര്‍ണ്ണവൈരിയായ അര്‍ജ്ജുനനെ ഉടന്‍ തന്നെ ചെന്നു കണ്ട് വര്‍ത്തമാനം അറിയിച്ച് കൂട്ടിക്കൊണ്ടുവരുവാന്‍ ബ്രാഹ്മണനോട് പത്നി അപേക്ഷിക്കുന്നു. “കല്യാണാലയേ ചെറ്റും അല്ലല്‍ കരുതീടായ്ക...” എന്ന ബ്രാഹ്മണന്റെ മറുപടി പദമാണ് തുടര്‍ന്ന്. പദാന്ത്യത്തില്‍, അര്‍ജ്ജുനനെ കൂട്ടി വേഗമെത്താം എന്നു പറഞ്ഞ് ബ്രാഹ്മണന്‍ തിരിക്കുന്നു.

കലാമണ്ഡലം വിജയകുമാറാണ് ബ്രാഹ്മണപത്നിയായി അരങ്ങിലെത്തിയത്. ആദ്യ രംഗത്തില്‍ ഉണ്ടാവേണ്ട ശോകസ്ഥായിയും, അടുത്ത രംഗത്തിലെ പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയുടെ ഭാവങ്ങളും പ്രകടമാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന്‍ ഈ രംഗങ്ങളില്‍ കൂടുതല്‍ നിലവാരം പുലര്‍ത്തി. എന്നിരുന്നാലും, കൂട്ടുവേഷം രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകരെ നോക്കാതെ കൂട്ടുവേഷത്തെ തിരിഞ്ഞു നോക്കിയുള്ള അദ്ദേഹത്തിന്റെ ഇരുപ്പ് തീര്‍ത്തും അഭംഗിയായി തോന്നി. ആവശ്യമുള്ളപ്പോള്‍ മാത്രം കൂട്ടുവേഷത്തെ അഭിമുഖീകരിച്ച്, മറ്റു സമയങ്ങളില്‍ മുന്നിലേക്ക് നോക്കിയിരിക്കുന്നതാണ് ഉചിതം.

SanthanaGopalam Kathakali: Kalamandalam Kesavan Nampoothiri as Brahmanan and Kalamandalam Balasubrahmanian as Arjunan.
ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തനിക്ക് ചെയ്തു തന്ന സത്യം ഓര്‍മ്മിപ്പിച്ച് അര്‍ജ്ജുനനെയും കൂട്ടി വീട്ടിലേക്ക് എത്രയും പെട്ടെന്നു തിരിക്കുവാനായി തിടുക്കം കൂട്ടുന്നു.”ധീര! വീര! ധീര! വീര! ഹേ!“ എന്ന ബ്രാഹ്മണന്റെ പദമാണ് ഇവിടെ. “ബ്രാഹ്മണേന്ദ്ര! കൂടെ പോരുന്നേന്‍...” എന്ന അര്‍ജ്ജുനന്റെ മറുപടിപദമാണ് തുടര്‍ന്ന്. പുത്രനെ കാത്തു നല്‍കുന്നതിനായി, താന്‍ ഉടന്‍ തന്നെ പുറപ്പെടുന്നതായി അര്‍ജ്ജുനന്‍ അറിയിക്കുന്നു. ഇരുവരും ബ്രാഹ്മണഭവനത്തിലെത്തുന്നു. ശരകൂടം നിര്‍മ്മിക്കുവാനൊരുങ്ങുന്ന അര്‍ജ്ജുനനെ തടഞ്ഞ്, ബ്രാഹ്മണന്‍ ആദ്യം സ്ഥാനം നോക്കുന്നു. ഒരു സ്ഥലം നോക്കി അവിടെ അഗ്നിയുടെ സാന്നിധ്യം, മറ്റൊരിടത്ത് യമന്റെ സാന്നിധ്യം എന്നൊക്കെയാടി ഒടുവില്‍ ഒരു സ്ഥലം കാട്ടിക്കൊടുക്കുന്നു. അവിടെ അര്‍ജ്ജുനന്‍ ശരകൂടം നിര്‍മ്മിക്കുന്നു. തുടര്‍ന്ന് ബ്രാഹ്മണപത്നിയെ ശരകൂടത്തിനുള്ളിലേക്ക് മാറ്റുന്നു. ബ്രാഹ്മണന്റെ ഭവനത്തെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് ശരകൂടമുണ്ടാക്കുന്നു എന്നല്ലേ വേണ്ടത്? സ്ഥാനം നോക്കുന്നതിലും മറ്റും അത്രയ്ക്ക് ഔചിത്യം തോന്നിയില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
അകത്തു നിന്നും രോദനങ്ങള്‍ കേട്ട് ബ്രാഹ്മണന്‍ വ്യാകുലപ്പെടുന്നു. പ്രസവവേദനയാണ് എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ ആശ്വസിപ്പിക്കുന്നു. ഈറ്റില്ലത്തില്‍ നിന്നുള്ള വാര്‍ത്തയറിഞ്ഞ് ബ്രാഹ്മണന്‍ ബോധം നഷ്ടപ്പെട്ട് വീഴുന്നു. ആലസ്യത്തില്‍ നിന്നും ഉണര്‍ന്ന്, അത്യധികം കോപത്തോടെ അര്‍ജ്ജുനനെ ശകാരിക്കുന്നു. ദ്വാരകയില്‍ പോയി ഉണ്ടുറങ്ങിക്കഴിഞ്ഞുകൊള്ളുക എന്ന മട്ടിലുള്ള ശകാരങ്ങള്‍ കേട്ട് അര്‍ജ്ജുനന്‍ വിവശനാവുന്നു. (ഇപ്പോളും അമൃതുപോലെ അര്‍ജ്ജുനന് തോന്നിയോ ആവോ!!!) തുടര്‍ന്ന് ബ്രാഹ്മണപുത്രനെ ദേവലോകത്തും, യമലോകത്തുമെല്ലാം അര്‍ജ്ജുനന്‍ അന്വേഷിക്കുന്നു. യമനെ പോരിനു വിളിക്കുക പോലും ചെയ്യുന്നു. എന്നാല്‍ അവിടെയൊന്നും ബ്രാഹ്മണനപുത്രനെ കണ്ടെത്തുവാന്‍ അര്‍ജ്ജുനനു കഴിയുന്നില്ല. ഇതൊക്കെ അര്‍ജ്ജുനന്റെ ആട്ടത്തില്‍ വരേണ്ടതുണ്ടെങ്കിലും, വളരെ ചുരുക്കിയാണ് ഈ ഭാഗം ഇവിടെ ബാലസുബ്രഹ്മണ്യന്‍ ആടിയത്. ശ്രീകൃഷ്ണന്‍ പോലും തന്റെ രക്ഷയ്ക്കെത്തിയില്ലല്ലോ എന്നോര്‍ത്ത് ദുഃഖിച്ച് വഹ്നിയില്‍ ചാടി ദഹിക്കുവാന്‍ അര്‍ജ്ജുനന്‍ ഒരുങ്ങുന്നു. തീകുണ്ഠം ജ്വലിപ്പിച്ച്, അതിലേക്ക് ചാടുവാന്‍ തുനിയുന്ന അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍ തടയുന്നു. “മാ കുരു സാഹസം...” എന്ന ശ്രീകൃഷ്ണന്റെ പദമാണ് തുടര്‍ന്ന്. ‘മാധവനായ ഞാന്‍ നിനക്ക് സുഹൃത്തായുള്ളപ്പോള്‍, നിനക്ക് ഒരു കാര്യവും അസാധ്യമല്ല എന്നത് ലോകപ്രസിദ്ധമല്ലേ!’ എന്നൊക്കെയുള്ള ശ്രീകൃഷ്ണന്റെ വാക്കുകള്‍ക്ക് അര്‍ജ്ജുനനെ അനുനയിപ്പിക്കുവാനാവുന്നില്ല. ശ്രീകൃഷ്ണന്‍ തന്റെ സുഹൃത്താണ് എന്നു പറഞ്ഞു ഞെളിയുന്നതൊക്കെ ഇതോടെ താന്‍ നിര്‍ത്തി എന്ന മട്ടില്‍ അര്‍ജ്ജുനന്‍ പരിഭവിക്കുന്നു. അര്‍ജ്ജുനന്റെയുള്ളിലെ ഗര്‍വ്വം നീങ്ങിയെന്നു ബോധ്യമാവുന്ന ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സാന്ത്വനിപ്പിക്കുന്നു. ‘ബ്രാഹ്മണന്റെ പുത്രന്മാരെല്ലാം ഒരു കുണ്ഠതയുമില്ലാത്ത ദിക്കില്‍ വസിക്കുന്നുണ്ട്, അവരെ വീണ്ടെടുക്കണമെന്ന നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിച്ചു തരുന്നുണ്ട് ’, എന്ന കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ അത്യധികം സന്തോഷിക്കുന്നു. പുത്രന്മാരെ കൊണ്ടുവരുവാനായി ഇരുവരും വൈകുണ്ഠത്തിലേക്ക് തിരിക്കുന്നു.

SanthanaGopalam Kathakali: RLV Sunil as Vishnu and Kalamandalam Vijayakumar as Lakshmi.
സാധാരണയായി രംഗത്ത് അവതരിപ്പിച്ചു കാണാത്ത, സുദര്‍ശനത്തിന്റെ വരവും, വൈകുണ്ഠത്തില്‍ ഇരുവരും ചെല്ലുന്നതും മറ്റുമായ ഭാഗങ്ങളും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. വൈകുണ്ഠത്തിലേക്കുള്ള വഴിയിലെ അന്ധകാരം അകറ്റുവാനായാണ് ശ്രീകൃഷ്ണന്‍ സുദര്‍ശനത്തെ സ്മരിക്കുന്നത്. സുദര്‍ശനത്തിന്റെ പ്രഭയില്‍ ഇരുള്‍ നീങ്ങി, ഇരുവരും വൈകുണ്ഠത്തില്‍ എത്തിച്ചേരുന്നു. അവിടെ നിന്നും പത്ത് പുത്രന്മാരെയും ഏറ്റുവാങ്ങി ബ്രാഹ്മണഭവനത്തിലേക്ക് തിരിക്കുന്നു. ഫാക്ട് ബിജു ഭാസ്കറാണ് സുദര്‍ശനമായി വേഷമിട്ടത്. വിഷ്ണുവായി ആര്‍.എല്‍.വി. സുനിലും, ലക്ഷ്മിയായി കലാമണ്ഡലം വിജയകുമാറും അരങ്ങിലെത്തി. ബാലെകളിലും മറ്റും കാണാറുള്ളതുപോലെ അനന്തന്റെ ബൊമ്മയൊക്കെ ഇവിടെ ഉപയോഗിച്ചിരുന്നു. കഥകളിയെ സംബന്ധിച്ച് ഇതൊരു അനാവശ്യമാണെങ്കിലും, സാധാരണക്കാര്‍ക്ക് കൌതുകം തോന്നിപ്പിക്കുവാനായിരിക്കാം ഇതുപോലെയുള്ള ക്രമീകരണങ്ങള്‍ അരങ്ങില്‍ ഉപയോഗിക്കുന്നത്. ബ്രാഹ്മണബാലന്മാരെ അത്രയൊന്നും ശ്രദ്ധിക്കാതെ; പാന്റും, ഷര്‍ട്ടും, നിക്കറുമൊക്കെയിട്ട രീതിയിലാണ് പലയിടത്തും അരങ്ങിലേക്ക് കയറ്റിവിടാറുള്ളത്. എന്നാല്‍ ഇവിടെ പത്തുപേരെയും, ഒറ്റമുണ്ടുടുപ്പിച്ച്, ഭസ്മക്കുറിയൊക്കെയണിയിച്ചാണ് അരങ്ങിലെത്തിച്ചത്. ഈ കാര്യത്തില്‍ സംഘാടകരെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.

SanthanaGopalam Kathakali: Kalamandalam Vijayakumar as BrahmanaPathni, Kalamandalam Kesavan Nampoothiri as Brahmanan, Kalamandalam Balasubrahmanian as Arjunan and Kalamandalam Sreekumar as SriKrishnan.
ശ്രീകൃഷ്ണനും, അര്‍ജ്ജുനനും ബ്രാഹ്മണസവിധത്തിലെത്തി പുത്രന്മാരെ കൈമാറുന്നു. ബ്രാഹ്മണന്‍ ഇരുവരേയും അനുഗ്രഹിക്കുന്നു. “ജയിക്ക, ജയിക്ക കൃഷ്ണ!” എന്ന ബ്രാഹ്മണന്റെ പദം കഴിഞ്ഞ് അധികം വലിച്ചു നീട്ടാതെ ആട്ടം അവസാനിപ്പിക്കുന്നതാണ് ഭംഗി. എന്നാലിവിടെ കേശവന്‍ നമ്പൂതിരിക്ക് ആടി മതിയായില്ലെന്നു തോന്നുന്നു. ഓരോരോ കാരണം പറഞ്ഞ് വെറുതെ പതിനഞ്ച് മിനിറ്റോളം അദ്ദേഹം പദത്തിനു ശേഷവും രംഗം വലിച്ചു നീട്ടി. തൊഴുതു മടങ്ങുന്ന അര്‍ജ്ജുനനെയും, ശ്രീകൃഷ്ണനെയും പിന്നാലെപോയി തടഞ്ഞ്, തിരികെ വിളിച്ച്; ‘തന്നെ മറന്നു പോവുമോ?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് രംഗം നീട്ടിക്കൊണ്ടു പോവുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. കലാനിലയം രാജീവന്‍, കലാമണ്ഡലം രാജേഷ് ബാബു എന്നിവരാണ് ഇവിടെ പ്രതിപാദിച്ച രംഗങ്ങള്‍ക്കത്രയും ആലപിച്ചത്. രാജേഷ് ബാബു പലയിടത്തും പാടിയെത്തുന്നുണ്ടായിരുന്നില്ല. രാജീവന്‍ സഹായിച്ചു പാട്ട് രക്ഷപെടുത്തി എന്നു പറയാം. ആര്‍.എല്‍.വി. വിനീത്, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവരായിരുന്നു യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും പ്രവര്‍ത്തിച്ചത്. പ്രധാനവേഷങ്ങള്‍ക്ക് തന്നെ കൊട്ടുവാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തുവാന്‍ ഇരുവരും ശ്രമിച്ചതായി തോന്നിയില്ല. കൈക്കുകൂടാതെ വെറുതെ താളം പിടിച്ചു നില്‍ക്കുവാനാണ് ഇരുവര്‍ക്കും കൂടുതല്‍ ഉത്സാഹം. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ തടയുന്ന ഭാഗത്ത് വലന്തല കൊട്ടി തുടങ്ങി, ആ പദം മുഴുവന്‍ കൊട്ടുന്നത് സഹിക്കാം; എന്നാല്‍ അര്‍ജ്ജുനന്റെ പദത്തിനു ഇടന്തലയിലേക്ക് പോയി, പിന്നെയുള്ള ശ്രീകൃഷ്ണന്റെ ചരണമായ “പാര്‍ത്ഥ! മമ സഖേ...” എന്നതിന് വീണ്ടും വലന്തല ഉപയോഗിക്കുന്നത് എന്തിനാണ്? വലന്തല, വെറുതെ താളം പിടിച്ചു നില്‍ക്കുവാനുള്ള ഉപായമായെടുക്കുന്നത് ഒട്ടും ആശാസ്യമല്ല.

മാര്‍ഗി ശ്രീകുമാറിന്റെ ചുട്ടിയും, നെടുമുടി ശ്രീപാര്‍വതി വിലാസം കഥകളിയോഗത്തിന്റെ കോപ്പുകളും നിലവാരം പുലര്‍ത്തി. ഉടയാടകളിലും, കോപ്പുകളിലും കൊണ്ടുവന്നിട്ടുള്ള പുതിയ പരിഷ്കാരങ്ങള്‍ ഈ കഥകളിയോഗത്തിന്റെ കോപ്പുകളില്‍ കാണുവാനുണ്ടായില്ല. നന്നെന്നു തോന്നുന്ന മാറ്റങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. കഥകളി സ്ഥിരമായി നടക്കാറുള്ള ഒരിടമായിട്ടു കൂടി, പിന്നിലും വശങ്ങളിലും കര്‍ട്ടന്‍ ഉപയോഗിക്കുവാന്‍ സംഘാടകര്‍ മനസുവെക്കാത്തത് ദൌര്‍ഭാഗ്യകരമാണ്. തൂണുകളും, അങ്ങോട്ടുമിങ്ങോട്ടും കിടക്കുന്ന വയറുകളും, പിന്നില്‍ കാണുന്ന ലൈറ്റുകളും, ക്ലോക്കുകളും, മറ്റു സാമഗ്രികളും, എല്ലാത്തിന്റെയും ഇടയില്‍ കഥകളി വേഷങ്ങളും; എന്നതാണ് സ്ഥിതി. അനന്തശയനം അണിയിച്ചൊരുക്കുന്നതിന്റെ പകുതി ആത്മാര്‍ത്ഥത വേണ്ടല്ലോ ചുറ്റുമൊരോ കര്‍ട്ടനിടുവാന്‍! ചുരുക്കത്തില്‍; ആട്ടത്തിലെ കുറവുകളും, മേളത്തിലെ പോരായ്മകളും, രംഗസജ്ജീകരണത്തിലെ അപാകതകളും ഒക്കെ ചേര്‍ന്ന് ആസ്വാദനക്ഷമത കുറച്ച ഒരു അരങ്ങായിരുന്നു മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രത്തിലേത്.

Description: Santhanagopalam Kathakali @ Maruthorvattom Dhanvanthari Kshethram, Cherthala, Alappuzha: Kalamandalam Balasubrahmanian (Arjunan), Kalamandalam Sreekumar (SriKrishnan), Kalamandalam Kesavan Nampoothiri (Brahmanan), Kalamandalam Vijayakumar (Brahmana Pathni, Lakshmi), RLV Sunil (Vishnu) and Fact Biju Bhaskar (Sudarsanam). Pattu by Pathiyoor Sankarankutty, Kalanilayam Rajeevan and Kalamandalam Rajesh Babu; Maddalam by Kalanilayam Manoj, RLV Vineeth; Chenda by Kalabharathi Unnikrishnan, Kalamandalam Sreekanth Varma. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--