2011, ജനുവരി 28, വെള്ളിയാഴ്‌ച

ഗുരുവായൂരിലെ നളചരിതം ഒന്നാം ദിവസം

Nalacharitham at Guruvayoor: An appreciation by Haree for Kaliyarangu. A report on Kalamandalam Ramachandran Unnithan's 60th Birthday Celebrations.
ജനുവരി 22, 2011: കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍ക്ക് സ്വന്തമായൊരു വ്യാകരണം നല്‍കിയ കലാകാരന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ഗുരുവായൂര്‍ രോഹിണി കല്യാണമണ്ഡപത്തില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. പദ്മശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് മേളപ്പദം, 'കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍, സുഹൃദ്സംഗമം, സമാദരണ സദസ്സ് തുടങ്ങിയ പരിപാടികള്‍ക്കു ശേഷം പുലരും വരെ കഥകളിയും അരങ്ങേറി. 'നളചരിതം ഒന്നാം ദിവസം', 'സുഭദ്രാഹരണ'ത്തിലെ ബലഭദ്രനും ശ്രീകൃഷ്ണനും, 'ദുര്യോധനവധം' എന്നീ കഥകളാണ്‌ അവതരിക്കപ്പെട്ടത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളായ കാശിനാഥന്‍, സിബി എന്നിവര്‍ അവതരിപ്പിച്ച പുറപ്പാടോടെയാണ്‌ കഥകളി ആരംഭിച്ചത്. ചുവടുകളുടെ കണിശതകൊണ്ടും, ചലനങ്ങളിലെ ഭംഗികൊണ്ടും കണ്ണിനു വിരുന്നായി ഇവിടുത്തെ ഇരട്ട കൃഷ്ണമുടി വേഷങ്ങളുടെ പുറപ്പാട്. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ നളന്‍, മടവൂര്‍ വാസുദേവന്‍ നായരുടെ ഹംസം, കലാമണ്ഡലം കല്ലുവഴി വാസുവിന്റെ ദമയന്തി എന്നിവയോട് കൂടിയ 'നളചരിതം ഒന്നാം ദിവസം'തുടര്‍ന്ന് അവതരിക്കപ്പെട്ടു. (കലാമണ്ഡലം ഗോപിയുടെ നളനാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം അദ്ദേഹം പിന്മാറുകയാണുണ്ടായത്.) ഒരുനാള്‍ നൈഷധത്തിലെത്തുന്ന നാരദന്‌ യഥാവിധി പൂജകള്‍ ചെയ്ത് കാര്യം തിരക്കുന്ന നളന്റെ "ഭഗവല്‍ നാരദ! വന്ദേഹം..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.

2011, ജനുവരി 5, ബുധനാഴ്‌ച

നെടുമുടിയിലെ കര്‍ണ്ണശപഥം

KarnaSapatham Kathakali organized by Mathur Kalari at Nedumudi. Padmasri Kalamandalam Gopi as Karnan and Mathur Govindankutty as Kunthi. An appreciation by Haree for Kaliyarangu.
ഡിസംബര്‍ 25, 2010: മാത്തൂര്‍ കളരിയുടെ ആഭിമുഖ്യത്തില്‍ നെടുമുടി മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 'കര്‍ണ്ണശപഥം' കഥകളി അരങ്ങേറി. പത്മശ്രീ കലാമണ്ഡലം ഗോപി കര്‍ണ്ണനേയും മാത്തൂര്‍ ഗോവിന്ദന്‍കുട്ടി കുന്തിയേയും അവതരിപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍ തുടങ്ങിയവരായിരുന്നു മറ്റ് വേഷങ്ങളില്‍. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവരുടെ പാട്ടും കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), കലാമണ്ഡലം അച്യുത വാര്യര്‍ (മദ്ദളം) എന്നിവരുടെ മേളവുമായിരുന്നു അന്നേ ദിവസം കളിക്കുണ്ടായിരുന്നത്. കലാമണ്ഡലം സുകുമാരന്‍, കലാനിലയം സജി എന്നിവരുടേ ചുട്ടിയും സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ കോപ്പുകളുമായിരുന്നു നടന്മാരെ കഥാപാത്രങ്ങളാക്കിയത്.