2011, ജനുവരി 28, വെള്ളിയാഴ്‌ച

ഗുരുവായൂരിലെ നളചരിതം ഒന്നാം ദിവസം

Nalacharitham at Guruvayoor: An appreciation by Haree for Kaliyarangu. A report on Kalamandalam Ramachandran Unnithan's 60th Birthday Celebrations.
ജനുവരി 22, 2011: കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍ക്ക് സ്വന്തമായൊരു വ്യാകരണം നല്‍കിയ കലാകാരന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ഗുരുവായൂര്‍ രോഹിണി കല്യാണമണ്ഡപത്തില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. പദ്മശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് മേളപ്പദം, 'കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍, സുഹൃദ്സംഗമം, സമാദരണ സദസ്സ് തുടങ്ങിയ പരിപാടികള്‍ക്കു ശേഷം പുലരും വരെ കഥകളിയും അരങ്ങേറി. 'നളചരിതം ഒന്നാം ദിവസം', 'സുഭദ്രാഹരണ'ത്തിലെ ബലഭദ്രനും ശ്രീകൃഷ്ണനും, 'ദുര്യോധനവധം' എന്നീ കഥകളാണ്‌ അവതരിക്കപ്പെട്ടത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളായ കാശിനാഥന്‍, സിബി എന്നിവര്‍ അവതരിപ്പിച്ച പുറപ്പാടോടെയാണ്‌ കഥകളി ആരംഭിച്ചത്. ചുവടുകളുടെ കണിശതകൊണ്ടും, ചലനങ്ങളിലെ ഭംഗികൊണ്ടും കണ്ണിനു വിരുന്നായി ഇവിടുത്തെ ഇരട്ട കൃഷ്ണമുടി വേഷങ്ങളുടെ പുറപ്പാട്. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ നളന്‍, മടവൂര്‍ വാസുദേവന്‍ നായരുടെ ഹംസം, കലാമണ്ഡലം കല്ലുവഴി വാസുവിന്റെ ദമയന്തി എന്നിവയോട് കൂടിയ 'നളചരിതം ഒന്നാം ദിവസം'തുടര്‍ന്ന് അവതരിക്കപ്പെട്ടു. (കലാമണ്ഡലം ഗോപിയുടെ നളനാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം അദ്ദേഹം പിന്മാറുകയാണുണ്ടായത്.) ഒരുനാള്‍ നൈഷധത്തിലെത്തുന്ന നാരദന്‌ യഥാവിധി പൂജകള്‍ ചെയ്ത് കാര്യം തിരക്കുന്ന നളന്റെ "ഭഗവല്‍ നാരദ! വന്ദേഹം..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.

ഭീമരാജാവിന്റെ പുത്രിയായ ദമയന്തിയെക്കുറിച്ച് ഇതിനോടകം തന്നെ പലര്‍ പറഞ്ഞറിഞ്ഞ് അവളില്‍ അനുരക്തനാണ്‌ നളന്‍. അവളെ ലഭിക്കുവാനായി വേണ്ടതു ചെയ്യണമെന്നു പറയുന്ന നാരദന്റെ വാക്കുകള്‍ കേട്ട് സന്തോഷിക്കുകയും, എന്നാല്‍ ദേവന്മാര്‍ പോലും അവളെ ആഗ്രഹിക്കുന്നു എന്നറിഞ്ഞ് സന്ദേഹപ്പെടുകയും ചെയ്യുന്ന നളനെ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ വേണ്ടും വണ്ണം അവതരിപ്പിച്ചു. പാത്രബോധത്തോടെ, നളന്റെ വാക്കുകള്‍ക്ക് യുക്തമായ പ്രതികരണങ്ങള്‍ മുഖത്തു വരുത്തി, ചിലതിനൊക്കെ ചെറുതായൊരു മറുപടി അപ്പോള്‍ തന്നെ നല്‍കി അരങ്ങില്‍ പ്രവര്‍ത്തിച്ച കലാമണ്ഡലം അരുണ്‍ വാര്യരുടെ നാരദനും മികച്ചു നിന്നു. കലാശങ്ങളും മറ്റും എടുക്കുമ്പോള്‍ നാരദന്‌ അല്‍പം കൂടി ചടുലതയാവാം എന്നു തോന്നി. പദങ്ങള്‍ക്ക് ശേഷം ചന്ദ്രശേഖര വാര്യര്‍ ആടിയത് പൂര്‍ണമായും മനസിലാക്കുവാന്‍ കഴിഞ്ഞില്ല. 'നാഗത്താന്‍ കാക്കുന്ന നാഗമാണിക്യത്തെപ്പോലെ, ഭീമരാജാവിന്റെ പരിരക്ഷണയില്‍ കഴിയുന്ന അവളെ ലഭിക്കുവാന്‍ തനിക്കെന്തു ചെയ്യുവാന്‍ കഴിയും!' എന്നോ മറ്റൊ ആണ്‌ ഉദ്ദേശിച്ചതെന്ന് കരുതുന്നു. 'യോഗ്യനായ ഒരുവനു തന്നെയേ അവളെ ലഭിക്കുകയുള്ളൂ, അതിനായി നീ യത്നിക്കുക!' എന്നൊരു ഒഴുക്കന്‍ മറുപടിയേ ഇതിന്‌ നാരദനും നല്‍കിയുള്ളൂ.

ദമയന്തിയെക്കുറിച്ചോര്‍ത്ത് പ്രേമപരവശനാവുന്ന നളന്റെ "കുണ്ഡിനനായക നന്ദിനിക്കൊത്തൊരു..." എന്ന വിചാരപ്പദമാണ്‌ തുടര്‍ന്ന്. "മുദിരതതികബരീ..." എന്ന ഭാഗമൊക്കെ ആവശ്യത്തിന്‌ വിസ്തരിച്ച്, സാമാന്യം ഭേദപ്പെട്ട രീതിയില്‍ ഈ ഭാഗങ്ങളിലെ നളനെയും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അവതരിപ്പിച്ചു. രാജ്യകാര്യങ്ങളില്‍ ശ്രദ്ധ നഷ്ടപ്പെടുന്ന നളന്‍, വാദ്യങ്ങളൊക്കെ വായിച്ച് ആശ്വാസം കണ്ടെത്തുവാന്‍ ശ്രമിക്കുന്നെങ്കിലും ഫലം കാണുന്നില്ല. മൃദംഗം വായിച്ചു വായിച്ച് അതിന്റെ തോല്‍ പൊളിച്ച് നളന്റെ കൈ ഉള്ളിലെത്തുന്നു എന്നാണ്‌ ഇവിടെ ആടിയത്! മനസ് അസ്വസ്ഥമായതിനാല്‍ താളം തെറ്റുന്നതായോ മറ്റോ ആടുകയായിരുന്നു ഭംഗി. ഒടുവില്‍ മനസിന്‌ ആശ്വാസം ലഭിക്കുവാനായി വിജനമായ ഉദ്യാനത്തില്‍ സമയം ചെലവിടുവാന്‍ നളനുറയ്ക്കുന്നു. അവിടെ സ്വര്‍ണ നിറത്തിലുള്ള ഹംസത്തെ കണ്ട്, അതിനെ പിടിച്ച് ഇണക്കാം എന്ന ഉദ്ദേശത്തില്‍ നളന്‍ പച്ചിലച്ചാര്‍ത്തില്‍ മറഞ്ഞിരിക്കുന്നതോടെ രംഗം അവസാനിക്കുന്നു.

Nalacharitham Onnaam Divasam
Rohini Kalyanamandapam, Guruvayoor
Written by
 • Unnayi Warrier
Actors
 • Kottackal Chandrasekhara Warrier as Nalan
 • Kalamandalam Arun Warrier as Naradan
 • Madavoor Vasudevan Nair as Hamsam
 • Kalamandalam Kalluvazhi Vasu as Damayanthi
 • Kalamandalam Yaswanth as Sakhi
 • Kalamandalam Jishnu as Sakhi
Singers
 • Pathiyur Sankarankutty
 • Kalamandalam Vinod
 • Kottackal Madhu
 • Kalamandalam Sajeevan
Accompaniments
 • Kurur Vasudevan Nair, Kalamandalam Krishnadas, Kalamandalam Krishnadas, Kalamandalam Ravisankar in Chenda
 • Kalamandalam Narayanan Nair, Kalamandalam Harinarayanan in Maddalam
Chutty
 • Kalamandalam Sivaraman
Kaliyogam
 • Manjuthara, Mangode
Organized by
 • Organizing Committe, 60th Birthday Celebrations
January 22, 2011
മടവൂര്‍ വാസുദേവന്‍ നായരാണ്‌ ഹംസമായി അരങ്ങിലെത്തിയത്. എണ്‍പതു കഴിഞ്ഞ അദ്ദേഹത്തിന്‌ ചെയ്തു ഫലിപ്പിക്കുവാന്‍ സാധിക്കുന്ന ഒരു വേഷമല്ല 'നളചരിത'ത്തിലെ ഹംസം. വേഷം നിശ്ചയിക്കുന്ന സംഘാടകരും അദ്ദേഹവും മനസിലാക്കേണ്ട ഒന്നാണിത്. ഹംസത്തിന്റെ തനതായ ചുവടുവെപ്പുകളും നൃത്തവിശേഷങ്ങളുമെല്ലാം ഒതുക്കത്തില്‍ കഴിച്ചുള്ള അവതരണം കഥാപാത്രത്തിന്റെ മികവ് കുറയ്ക്കുമല്ലോ! ഈയൊരു കുറവ് ഒഴിച്ചു നിര്‍ത്തിയാല്‍, പദഭാഗങ്ങളിലും അല്ലാതെയുള്ള ആട്ടങ്ങള്‍ക്കും, മുദ്രകാട്ടുന്നതില്‍ അദ്ദേഹം കാട്ടിയ നിഷ്കര്‍ഷ ഹംസത്തിന്റെ മികവുയര്‍ത്തുന്നതായിരുന്നു. 'ഹേമാമോദ സമാ'യും 'കമനീരത്നകനകങ്ങളുടെ ഘടനയേഘടന'യുമൊന്നും ഇത്രയും വ്യക്തതയോടെ ആടുന്ന ഹംസങ്ങള്‍ ഏറെയുണ്ടാവില്ല. മറുഭാഗത്ത് നളനായെത്തിയ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അരങ്ങില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ പലപ്പോഴും ഭംഗിയായി ചെയ്തു വന്നതിനു ശേഷം; സന്ദര്‍ഭത്തിനു തീരെ യോജിക്കാത്ത ഒരു മുദ്ര, അല്ലെങ്കില്‍ നില, അതല്ലെങ്കിലൊരു മുഖഭാവം, അതുമല്ലെങ്കിലൊരു നോക്ക് ഇവയേതെങ്കിലും കാരണമായി ഉദ്ദേശിക്കുന്ന അനുഭവം പലപ്പോഴും കിട്ടാതെപോവുന്നു എന്നതാണ്‌ സങ്കടകരം. ഉദാഹരണത്തിന്‌, ദമയന്തിയെന്ന് ഹംസം ചെവിയില്‍ പറയുമ്പോഴുള്ള നളന്റെ മുഖഭാവം ശ്രദ്ധിക്കുക (ചിത്രങ്ങളില്‍ ആറാമത്തേത്). ഒടുവില്‍ ദമയന്തിയോട് തന്റെ അനുരാഗം അറിയിക്കുവാനും, അവളുടെ ഇംഗിതം അറിഞ്ഞു വരുവാനുമായി നളന്‍ ഹംസത്തെ കുണ്ഡിനത്തിലേക്ക് അയയ്ക്കുന്നു.

കുണ്ഡിനപുരിയിലെ ഉദ്യാനത്തില്‍ ദമയന്തിയും തോഴിമാരും പ്രാര്‍ത്ഥനയോടെ വസിക്കുന്നതായാണ്‌ അടുത്ത രംഗം ആരംഭിക്കുന്നത്. കലാമണ്ഡലം കല്ലുവഴി വാസു, കലാമണ്ഡലം യശ്വന്ത്, കലാമണ്ഡലം ജിഷ്ണു എന്നിവര്‍ യഥാക്രമം ദമയന്തിയേയും തോഴിമാരേയും അവതരിപ്പിച്ചു. ദമയന്തിയുടേയും തോഴിമാരുടേയും പ്രാര്‍ത്ഥന ഒരു സാരി നൃത്തമായാണ്‌ ഉദ്ദേശിച്ചിരിക്കുന്നതെങ്കിലും ഇവര്‍ മൂന്നുപേരും അവതരിപ്പിച്ചു വന്നപ്പോളത് ഏതാണ്ടൊരു 'ബ്രേക്ക് ഡാന്‍സി'ന്റെ മട്ടിലായി. ലാസ്യം ലവലേശമില്ലാതെ ഇത്രത്തോളം ചടുലമായൊരു അവതരണം ദമയന്തിക്ക് മറ്റെവിടെയും കണ്ടതായി ഓര്‍മ്മയിലില്ല. സ്ത്രീവേഷങ്ങളേക്കാള്‍, ചടുലമായ സഞ്ചാരങ്ങള്‍ക്കും കണിശമായ മുദ്രാപ്രയോഗങ്ങള്‍ക്കും മറ്റും സാധുതയുള്ള ബ്രാഹ്മണര്‍, മുനിമാര്‍ തുടങ്ങിയ വേഷങ്ങളാവും കല്ലുവഴി വാസുവിന്റെ ശരീരഭാഷയ്ക്ക് കൂടുതല്‍ യോജിക്കുക. പൂവ് മണപ്പിക്കുന്നതിനു മുന്‍പു തന്നെ ദമയന്തിക്ക് അസഹ്യമായി തോന്നിയെങ്കില്‍; തോഴിമാര്‍ക്ക് പിന്നെയും ഔചിത്യമുണ്ടായിരുന്നു. പൂവിറുത്ത് മണപ്പിച്ച് സൗരഭ്യം നുകരുക മാത്രമല്ല അതെടുത്ത് തലയില്‍ ചൂടുകയും ചെയ്തു തോഴിമാരിലൊരാള്‍. തുടര്‍ന്നുള്ള ഹംസവുമൊത്തുള്ള ദമയന്തിയുടെ സംഭാഷണങ്ങളും ഏറെ മികവു പറയുവാനില്ലാതെ കടന്നുപോയി.

പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കോട്ടക്കല്‍ മധുവുമായിരുന്നു ഇവിടുത്തെ പ്രധാന ഗായകര്‍. നളന്റെ ഭാഗങ്ങള്‍ക്ക് പാടിയ പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടെ ദിവസമായിരുന്നില്ല അന്നെന്നു തോന്നി, കല്യാണിയിലുള്ള "കുണ്ഡിനനായക നന്ദിനി..."യും മറ്റും കേട്ടപ്പോള്‍. ഈ പദമൊക്കെ ഇതിലുമെത്രയോ മനോഹരമായി ആലപിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കത്തിനിടമില്ല. ഹംസത്തിന്റെ കാമോദരിയിലുള്ള പദം "ഊര്‍ജ്ജിതാശയ..." മാത്രമാണ്‌ പിന്നെയും ആസ്വാദ്യകരമായി തോന്നിയത്. ദേശില്‍ "മിന്നല്‍ക്കൊടിയിറങ്ങി...", നീലാംബരിയില്‍ "ഹന്ത! ഹംസമേ..." എന്നീ പദങ്ങള്‍ കോട്ടക്കല്‍ മധുവിന്റെ ആലാപനത്തില്‍ ഹൃദ്യമായി അനുഭവപ്പെട്ടു. കലാമണ്ഡലം വിനോദും കലാമണ്ഡലം സജീവനുമായിരുന്നു ഇവര്‍ക്ക് പാട്ടിനു കൂട്ട്. നളന്റെ മൃദംഗം വായനയൊക്കെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്നതില്‍ മേളത്തിന്‌ വലിയ പങ്കുണ്ട്. ഇവിടെ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം നാരായണന്‍ നായര്‍ മദ്ദളത്തിലുമൊരുക്കിയ ആദ്യഭാഗങ്ങളിലെ മേളം ഈ ദൗത്യത്തില്‍ പിന്നോക്കമായിരുന്നു. ഹംസം മുതല്‍ക്കുള്ള ഭാഗങ്ങള്‍ക്ക് കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവിശങ്കര്‍ എന്നിവരായിരുന്നു ചെണ്ടയില്‍ പ്രവര്‍ത്തിച്ചത്. ഈ ഭാഗങ്ങളിലെ ചെണ്ട മെച്ചപ്പെട്ടുവെങ്കിലും ദമയന്തിയുടേയും സഖിമാരുടേയും രംഗം മുതല്‍ക്കെത്തിയ കലാമണ്ഡലം ഹരിനാരായണന്‍ മദ്ദളത്തില്‍ പിന്നെയും പിന്നോക്കം പോയി. എന്തെങ്കിലുമൊക്കെ കൊട്ടി നില്‍ക്കുക എന്നതിനപ്പുറം ഒരു ശ്രദ്ധയും അദ്ദേഹം അരങ്ങില്‍ പുലര്‍ത്തിയതായി തോന്നിയില്ല. ഉദ്യാനത്തില്‍, ദമയന്തിയുടെയടുത്തേക്ക് വണ്ടുപോയിട്ട് ഒരു ഈച്ച പോലും മേളത്തില്‍ വന്നതുമില്ല!

കലാമണ്ഡലം ശിവരാമന്റെ ചുട്ടിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മഞ്ജുതര കളിയോഗത്തിന്റെ കോപ്പുകളും മികച്ച നിലവാരം പുലര്‍ത്തി. പലയിടത്തും അനാസ്ഥയോടെ കൈകാര്യം ചെയ്ത് കണ്ടിട്ടുള്ള നാരദന്റെ വേഷം പോലും ഇവിടെ വേഷഭംഗിയില്‍ മുന്നിട്ടു നിന്നു. ഇത്തരമൊരു പ്രധാന പരിപാടിയായിട്ടു കൂടി പിന്‍കര്‍ട്ടന്‍, ശബ്ദം, വെളിച്ചം എന്നിവ വളരെ മോശമായാണ്‌ ഒരുക്കിയിരുന്നത് എന്നത് സംഘാടകരുടെ ഭാഗത്തു നിന്നുമുണ്ടായ പാളിച്ചയാണ്‌. ആദ്യഭാഗങ്ങളിലെ ആലാപനം അത്രകണ്ട് ശോഭിക്കാത്തതിന്‌ ഉപയോഗിച്ച മൈക്കിന്റെ നിലവാരമില്ലായ്മയും ഒരു കാരണമാണ്. ചുരുക്കത്തില്‍; കലാകാരന്മാരില്‍ ചിലരുടെ ചില ഭാഗങ്ങളിലെ മികവ് ഒഴിച്ചു നിര്‍ത്തിയാല്‍, മേല്‍ പറഞ്ഞ പല കാരണങ്ങള്‍കൊണ്ടും നിരാശമാത്രം നല്‍കിയ ഒന്നായിരുന്നു ഗുരുവായൂരില്‍ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷത്തോട് അനുബന്ധിച്ചു നടത്തിയ 'നളചരിതം ഒന്നാം ദിവസം' കഥകളി.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷം
ജനുവരി 22, 2011: കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍ക്ക് സ്വന്തമായൊരു വ്യാകരണം നല്‍കിയ കലാകാരന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ഗുരുവായൂര്‍ രോഹിണി കല്യാണമണ്ഡപത്തില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. പദ്മശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് ഇന്നു ജീവിച്ചിരിക്കുന്ന ഗായകരില്‍ ആചാര്യസ്ഥാനത്തുള്ള കലാമണ്ഡലം ഗംഗാധരന്റെ നേതൃത്വത്തില്‍ മേളപ്പദം നടന്നു. കലാമണ്ഡലം ബാലചന്ദ്രനാണ്‌ കൂടെ പാടുവാനായി ഉണ്ടായിരുന്നത്. ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരും മദ്ദളത്തില്‍ കോട്ടക്കല്‍ രവി, കലാമണ്ഡലം ഹരിഹരന്‍ എന്നിവരുമായിരുന്നു മേളപ്പദത്തില്‍ പങ്കെടുത്ത ഇതര കലാകാരന്മാര്‍. കഥകളി സംഗീതത്തിന്റെ തനത് ശൈലിയില്‍ അധികം രാഗമാറ്റങ്ങള്‍ക്കും ആലാപനകസര്‍ത്തുകള്‍ക്കും മുതിരാതെയായിരുന്നു ഗംഗാധരനാശാന്റെ ആലാപനം. മേളപ്പദത്തിനായി സംഘാടകര്‍ ചേങ്ങില കരുതാത്തതിനാല്‍ കൈകൊണ്ട് താളമിട്ടാണ്‌ അദ്ദേഹം 'മഞ്ജുതര...' പാടി പൂര്‍ത്തിയാക്കിയത്. അതിനൊപ്പിച്ച് മേളക്കാരുടെ മികവു കൂടി ചേര്‍ന്നപ്പോള്‍ ആസ്വാദ്യകരമായ ഒരു അനുഭവമായി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള മേളപ്പദം.

'കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍' എന്ന വിഷയത്തിലെ സെമിനാറായിരുന്നു തുടര്‍ന്നുള്ള പരിപാടി. ഡോ. എന്‍.പി. വിജയകൃഷ്ണന്‍ മോഡറേറ്ററായിരുന്ന സംവാദത്തില്‍ കെ.ബി. രാജാനന്ദ് വിഷയം അവതരിപ്പിച്ചു. നാടകീയത, നൃത്തസാധ്യത ഇവയൊന്നുമില്ലാത്ത, കളിയെ ഒരു തരത്തിലും പൊലിപ്പിക്കാത്ത, കേവലം കഥപറച്ചില്‍ മാത്രം ഉദ്ദേശിച്ചുള്ള സുദീര്‍ഘമായ ആട്ടങ്ങള്‍ കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് ഉദ്ധത കഥാപാത്രങ്ങള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശമാണ്‌ ആമുഖപ്രസംഗത്തില്‍ കെ.ബി. രാജാനന്ദ് മുന്നോട്ടുവെച്ചത്. വെള്ളിനേഴി അച്യുതന്‍കുട്ടി, ഞായത്ത് ബാലന്‍, കാവുങ്കല്‍ ദിവാകര പണിക്കര്‍, കൊട്ടാരക്കര ഗംഗ, പ്രൊഫ. രാധാകൃഷ്ണ കുറുപ്പ്, പരിയാനമ്പറ്റ ദിവാകരന്‍, കോട്ടക്കല്‍ ദേവദാസ് തുടങ്ങിയവര്‍ തുടര്‍ന്ന് സംസാരിച്ചു. ആരെങ്കിലും മതി താടികെട്ടുവാന്‍ എന്നൊരു കറുത്ത കാലഘട്ടം കഥകളിയില്‍ ഉണ്ടായിട്ടുണ്ടായിരിക്കാം, എന്നാല്‍ താന്‍ കണ്ടിട്ടുള്ള ഇന്നത്തെ താടിവേഷക്കാരെല്ലാവരും ഉത്തമം തന്നെയെന്ന് വെള്ളിനേഴി അച്യുതന്‍കുട്ടി അഭിപ്രായപ്പെട്ടു. തമാശയുടെ അംശങ്ങളുള്ള, കഥാഗതിയെ സംഘര്‍ഷഭരിതമാക്കുന്ന, കഥയ്ക്ക് സൌന്ദര്യം നല്‍കുന്നവയാണ്‌ ഉദ്ധത കഥാപാത്രങ്ങളെന്ന് പ്രഫ. രാധാകൃഷ്ണകുറുപ്പ് പറഞ്ഞു. ഉദ്ധത കഥാപാത്രങ്ങളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതായി കലാകാരന്മാര്‍ എങ്ങിനെ ചിന്തിക്കുന്നു എന്നതാണ്‌ കൊട്ടാരക്കര ഗംഗ പങ്കുവെച്ചത്. വീരഭദ്രനേയും ഭൂതഗണങ്ങളേയും ഇന്നത്തെ 'കൊട്ടേഷന്‍ ടീമി'നോട് ഗംഗ ഉപമിച്ചത് സദസ്യരില്‍ ചിരി പടര്‍ത്തി. കഥകളിയുടെ ജനകീയാംശവും ക്ലാസിക്കല്‍ സ്വഭാവവും സമന്വയിക്കുന്ന വേഷങ്ങളാണ്‌ ഉദ്ധത കഥാപാത്രങ്ങളെന്ന് കോട്ടക്കല്‍ ദേവദാസ് അഭിപ്രായപ്പെട്ടു. ഈയൊരു ഇരുതലസ്വഭാവം മോശമാവാതെ കാത്തുകൊണ്ട് അരങ്ങില്‍ പ്രവര്‍ത്തിക്കുകയെന്ന വെല്ലുവിളിയാണ്‌ ഈ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന കലാകാരന്മാര്‍ക്കുള്ളത്. ചെയ്തു ചെയ്ത് നന്നാക്കിയെടുക്കേണ്ടതാണ്‌ ഒരു വേഷക്കാരന്‍ അവന്റെ പ്രവര്‍ത്തി. മറിച്ച് വേഷം കെട്ടി പരിചയമായി വരുന്നവരുടെ പ്രവര്‍ത്തി പോലും പട്ടിക്കാംതൊടിയും കീഴ്പ്പടവും മുതലായ പ്രഗത്ഭരായ കലാകാരന്മാര്‍ ചെയ്തിരുന്നവയോട് താരതമ്യം ചെയ്തുള്ള വിമര്‍ശനം എത്രകണ്ട് ഗുണം ചെയ്യും എന്നും ദേവദാസ് സംശയം പ്രകടിപ്പിച്ചു. കലാമണ്ഡലം ഉണ്ണിത്താന്റെ പ്രവര്‍ത്തി, അദ്ദേഹവുമായുള്ള ബന്ധം തുടങ്ങി വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്‌ മറ്റുള്ളവര്‍ സംസാരിച്ചത്. വിഷയസംബന്ധിയല്ലാത്ത സംസാരങ്ങള്‍ കൂടുതല്‍ സമയമെടുത്തതിനാല്‍ കാര്യമായ ചര്‍ച്ചകള്‍ക്കൊന്നും ഇട നല്‍കാതെ സെമിനാര്‍ അവസാനിക്കുകയും ചെയ്തു.

പിറന്നാള്‍ സദ്യയ്ക്കു ശേഷം സുഹൃദ് സംഗമമായിരുന്നു നിശ്ചയിച്ചിരുന്നത്. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അരങ്ങിലേയും ആസ്വാദകരിലേയും രാമചന്ദ്രന്‍ ഉണ്ണിത്താന്റെ സുഹൃത്തുക്കള്‍ പങ്കെടുത്ത് സംസാരിച്ചു. വൈകുന്നേരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനെ ആനയിച്ചതിനു ശേഷം, കലാമണ്ഡലം വിനോദിന്റെ പ്രാര്‍ത്ഥനാലാപനത്തോടെ, സമാദരണ സദസ്സ് ആരംഭിച്ചു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കാവാലം നാരായണ പണിക്കരുടെ അഭാവത്തില്‍ പദ്മഭൂഷണ്‍ ഡോ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പദ്മശ്രീ കലാമണ്ഡലം ഗോപി, മടവൂര്‍ വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ക്കുള്ള ഗുരുപൂജയായിരുന്നു തുടര്‍ന്ന്. മൂവരും രാമചന്ദ്രന്‍ ഉണ്ണിത്താന്‍ എന്ന കലാകാരന്റെ ഗുണദോഷങ്ങള്‍ സദസ്യരുമായി പങ്കുവെച്ചതിനൊപ്പം തുടര്‍ന്നും നല്ല രീതിയില്‍ അരങ്ങില്‍ പ്രവര്‍ത്തിക്കുവാന്‍ ഉണ്ണിത്താനു കഴിയട്ടെ എന്നാശംസിക്കുകയും ചെയ്തു. ഡോ. എന്‍.പി. വിജയകൃഷ്ണന്‍, സദനം ഹരികുമാര്‍, ചവറ പാറുക്കുട്ടി, സദനം കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. മൂന്ന് ഗുരുക്കന്മാരുടേയും അനുഗ്രഹം നേടുവാന്‍ തനിക്കു കഴിഞ്ഞതിന്റെ ആഹ്ലാദം കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ മറുപടിപ്രസംഗത്തില്‍ പ്രകടമായിരുന്നു. ഇത്തരമൊരു ആഘോഷം സംഘടിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങിയവരെ പ്രത്യേകം പേരെടുത്ത് നന്ദി പറഞ്ഞുകൊണ്ടാണ്‌ രാമചന്ദ്രന്‍ ഉണ്ണിത്താന്‍ തന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചത്. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിന്‌ കളര്‍കോട് മുരളി സ്വാഗതവും കലാമണ്ഡലം രാജശേഖരന്‍ നന്ദിയും പറഞ്ഞു. നര്‍ത്തകിയും ചലച്ചിത്രതാരവുമായ കൃപ നന്ദകുമാര്‍ ആയിരുന്നു അവതാരക. ആഘോഷങ്ങളോട് അനുബന്ധിച്ച് കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ വേഷവൈവിധ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഒരു ചിത്രപ്രദര്‍ശനവും സമ്മേളനസ്ഥലത്ത് ഒരുക്കിയിരുന്നു. സമാദരണ സദസ്സിനു ശേഷം പുലരും വരെ കഥകളിയും അരങ്ങേറി.

13 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ഗുരുവായൂരില്‍ അരങ്ങേറിയ 'നളചരിതം ഒന്നാം ദിവസം' കഥകളിയുടെ ഒരു ആസ്വാദനം. കൂടെ, കലാ. രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷങ്ങളുടെ ഒരു കുറിപ്പും.
--

Sajeesh പറഞ്ഞു...

ഹരിയുടെ വിവരണം വായിച്ചാല്‍ ഒരു സംശയവും ബാക്കി ഉണ്ടാവില്ല. ഓരോ കാര്യങ്ങളും വിശദമായി വളരെ വിവരിച്ചു എഴുതും. ഒരു ഉദാഹരണം പറഞ്ഞാല്‍ പിന്നിലെ കര്‍ട്ടന്‍ വരെ വിവരിക്കും. ശരിക്കും പറഞ്ഞാല്‍ ഇങ്ങനെ ആണ് ഒരു വിവരണം എഴുതേണ്ടത് സംശയം ഇല്ല, എല്ലാ വിധ ആശംസകളും നേരുന്നു. ബാക്കി ഉള്ള കഥകള്‍ക്കായി കാത്തിരിക്കുന്നു.

soottan പറഞ്ഞു...

പ്രിയ ഹരി,
ഞാന്‍ അന്നെ ദിവസം രാവിലെ 3 മണി വരെ കഥകളി കണ്ടിരുന്നു. ഹരി പറഞ്ഞത് പോലെ കുറൂര്‍ നടന്മാരുടെ കൈക്ക് കൂടുന്നതിനു പിറകിലായിരുന്നു.പെരുന്നയില്‍ ഗോപിയാശാന്റെ മൂന്നാം ദിവസത്തിനു ചെണ്ടയില്‍ അദ്ദേഹം ആയിരുന്നു.അന്നെ ദിവസം അദ്ദേഹത്തിന്‍റെ പ്രകടനം മോശമായിരുന്നു.അതിനാല്‍ "വേര്‍പാട്" ഒട്ടും effective ആയി തോന്നിയിരുന്നില്ല.പദ്മഭൂഷന്‍ മടവൂര്‍ ആശാന്റെ ഹംസം പ്രായാധിക്യം കൊണ്ട് അവശനായിരുന്നു.ഈയിടെ ഗോപിയാശാന്റെ ഒന്നാം ദിവസം കൂടുതല്‍ കണ്ടതിനാല്‍ ചന്ദ്രശേഖരന്റെ നളനോട് യോജിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നു. പത്തിയൂരിനു ശാരീരിക അസ്വാസ്ഥ്യം മൂലമാകാം നല്ല രീതിയില്‍ പാടാന്‍ കഴിയാതെ പോയത്. കല്ലുവഴി വാസുവിന്റെ പ്രകടനം ഒട്ടും ഭാങ്ങിയായില്ല.മൊത്തത്തില്‍ താങ്കള്‍ സൂചിപ്പിച്ചത് പോലെ ഒരു below average കളി ആയിരുന്നു അന്നത്തേത്.ഏറ്റുമാന്നൂര്‍ കണ്ണന്‍ പങ്കെടുക്കുന്ന ഒരു കളിയുടെ ആസ്വാദനം പ്രതീക്ഷിക്കുന്നു.
സുരേഷ് .വി.കൊല്ലം

AMBUJAKSHAN NAIR പറഞ്ഞു...

ഒരു കാലത്ത് ദക്ഷിണ കേരളത്തില്‍ താടി വേഷങ്ങള്‍, ഉത്തരാസ്വയംവരത്തിലെ ത്രിഗര്‍ത്തന്‍ , നളചരിതം 2 ലെ കലിയും ബാലി വധത്തിലെ ബാലി സുഗ്രീവന്‍മാര്‍ ഒഴികെയുള്ള താടി വേഷങ്ങള്‍ കളിയോഗത്തിലെ നടന്മാരെ വെച്ചു കൊണ്ട് നടത്തുന്ന രീതിയായിരുന്നു നിലവില്‍ നിന്നിരുന്നത്. അതുകൊണ്ട് തന്നെ എല്ലാ കളിയോഗത്തിലും ഒരു താടി വേഷ നടന്‍ ഉണ്ടായിരുന്നു. ഈ രീതിക്ക് മാറ്റം വന്നത് ആര്‍. എല്‍. വിയില്‍ നിന്നും വെമ്പായം അപ്പുകുട്ടന്‍ പിള്ള, തോന്നക്കല്‍ പീതാംബരന്‍, കലാമണ്ഡലത്തില്‍ നിന്നും ഉണ്ണിത്താന്‍ ചേട്ടന്‍ ഇവര്‍ എത്തിയതോടെയാണ്. കൊല്ലം ജില്ലയില്‍ പീതാംബരന്‍, ഉണ്ണിത്താന്‍ എന്നിവര്‍ ഒന്നിച്ചു നടന്നിട്ടുള്ള ബാലിവധങ്ങള്‍ സ്മരണാര്‍ഹമാണ്.

AMBUJAKSHAN NAIR പറഞ്ഞു...

പണ്ടു ദക്ഷിണ കേരളത്തില്‍ ചമ്പക്കുളം പാച്ചു പിള്ള ആശാന്‍, കുറൂര്‍ തിരുമേനി എന്നിവര്‍ കളിക്കു ഇല്ലെങ്കില്‍, ദുര്യോധനവധം കഥയില്‍ ദുശാസനന്‍ നെടും കത്തി വേഷത്തില്‍ ആവും കെട്ടുക. അന്നത്തെ നടന്മാരില്‍ പള്ളിപ്പുറം ആശാന്‍, ഹരിപ്പാട്‌ ആശാന്‍ , ചെന്നിത്തല ആശാന്‍, പന്തളം കേരളവര്‍മ്മ എന്നിവര്‍ നെടും കത്തി വേഷത്തില്‍ ദുശാസനനായി രംഗത്ത്‌ എത്തി കണ്ടിട്ടുണ്ട്.
ശ്രീ. പീതാംബരന്‍ കാലക്രമത്തില്‍ താടി വേഷം ചെയ്യുന്നതില്‍ താല്‍പ്പര്യം കാട്ടാതെ നെടുംകത്തി വേഷത്തില്‍ ദുശാസനനായി വേഷമിട്ടു കണ്ടിട്ടുണ്ട്. ഉണ്ണിത്താന്‍ ചേട്ടന്‍ സുമാര്‍ ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ പച്ച, കത്തി, മിനുക്ക്‌ വേഷങ്ങള്‍ ദക്ഷിണ കേരളത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും തനിക്കു കഥകളിയില്‍ മാന്യമായ ഒരു അംഗീകാരം നേടികൊടുത്ത " തമോഗുണ " വേഷങ്ങളെ കൈവെടിഞ്ഞില്ല എന്നത് കഥകളി ആസ്വാദകരുടെ ഭാഗ്യം എന്നു തറപ്പിച്ചു പറയാം.

-സു‍-|Sunil പറഞ്ഞു...

ഹരീ,
എനിക്ക് കാണാൻ പറ്റാത്തതിനാളുള്ള ചോദ്യങ്ങൾ ആണ്.
ഗംഗാധരൻ കൈകൊണ്ട് താളം പിടിക്കാ‍നെന്താ കാരണം? 2 ചെണ്ട/2ഇലത്താളം ഒക്കെ ഉണ്ടായിരുന്നുവോ? അതിൽ ഒന്ന് മാത്രമായത് ചേങ്ങില മാത്രമായിരുന്നുവോ? എന്താ പ്രശ്നം എന്ന് എനിക്ക് ഒട്ടും തിരിഞ്ഞില്ല!
കഷ്ടം! ഇതാണ് കഥകളിക്ക് പോകാൻ ഒരി “ദ്”. ചെലപ്പോ അടിപൊളി എന്ന് പറയാൻ തോന്നും ചെലപ്പോ വണ്ടിക്കൂലി കൂടെ മുതലാവില്ല. :):)
സെമിനാറിനെ പറ്റി: കഥകളിയിൽ ചുവന്നതാടിക്ക് എങ്ങന്യാ പ്രാധാന്യം കുറഞ്ഞ് പോയത്? ബാലി ഓയിക്കൻ ഒക്കെ ഒരു കാലത്ത് ഉണ്ടായിരുന്നു. ബാലി ആയിരുന്നു ഒരു കാലത്തെ കഥകളിയിൽ ഏറ്റവും കേമം. ഇപ്പോ ആ ബാലി ഒരു ചെറിയ കോമാളിപോലെ ആയിരിക്കുന്നു. എന്താ അതിന് കാരണം? അത്തരത്തിൽ ആരും സെമിനാറിൽ സംസാരിച്ചില്ലേ?

തൊഴുത്തിൽകുത്തിന്റെ ഒരു നേർത്ത രേഖ എവിടെയോ കാണുന്നുണ്ടോ എന്നാ എനിക്ക് ഹരീയുടെ പോസ്റ്റ് വായിച്ചപ്പോ തോന്നിയത്. അത് എഴുത്തിന്റെ കുറ്റമല്ല, മറിച്ച് എഴുതിയത് ശരിയാണെങ്കിൽ അന്നത്തെ ‘കഥാപാത്രങ്ങളുടെ‘ കുഴപ്പം ആയിരിക്കാം. :):)

Haree പറഞ്ഞു...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ കത്തിവേഷങ്ങളുടെ മികവ് പച്ചവേഷങ്ങള്‍ക്ക് തോന്നാറില്ല. ഇതു പറയുവാന്‍ ഗോപിയാശാനോട് ഉപമിക്കേണ്ടതുമില്ല. സാധാരണയായി ചന്ദ്രശേഖര വാര്യര്‍ പച്ചവേഷം കൈകാര്യം ചെയ്യാറുള്ളതിലും നന്നായതായി തോന്നി ഇവിടെ.

ദുഃശാസനന്‌ നെടും കത്തിയും പതിവുണ്ടായിരുന്നോ... അതറിയില്ലായിരുന്നു! അതത്ര ഭംഗിയാവുമോ എന്നാണ്‌ സംശയം.

മേളപ്പദത്തിനായി ചേങ്ങില സംഘാടകര്‍ കരുതിയിരുന്നില്ല! ഇലത്താളവും ഇല്ലായിരുന്നു, പിന്നീട് എവിടുന്നോ സംഘടിപ്പിച്ചു കൊണ്ടുവന്നു. ചേങ്ങില പിന്നെ രാത്രി കളിയായപ്പോഴേക്കേ കൊണ്ടുവന്നുള്ളൂ. ബാലി, കോമാളിയോ! ദുഃശാസനന്‍, ത്രിഗര്‍ത്തന്‍, ചിലപ്പോഴൊക്കെ സുഗ്രീവനേയും അങ്ങിനെ പറയാം, പക്ഷെ ബാലിയെ അങ്ങിനെയാക്കിയിട്ടില്ല, ചുരുങ്ങിയ പക്ഷം ഇന്നത്തെ പ്രധാന താടി വേഷക്കാര്‍ കെട്ടുമ്പോഴെങ്കിലും. തൊഴുത്തില്‍ കുത്തിന്റെ നേര്‍ത്ത രേഖ എവിടെയാണു കാണുന്നത്? പറഞ്ഞാല്‍ വിശദമാക്കുവാന്‍ ശ്രമിക്കാം.
--

Ranjini പറഞ്ഞു...

Dear Haree,
Glad to see KALIYARANGU up and live once again.:-)
കലാമണ്ഡലം ശിവരാമന്‍ നായരുടെ ചുട്ടിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മഞ്ജുതര കളിയോഗത്തിന്റെ കോപ്പുകളും മികച്ച നിലവാരം പുലര്‍ത്തി.
As far as we all know, Chutti Sivaraman is 'Appunni Tharkan's' son who owns manjuthara koppu. Sivaraman eppozha 'Sivaraman NAIR' aayathu?!:-)

More than your aswadanam, few comments made by those authoritarians in Kathakali did sound interesting and at the same time, alarming.
കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍' എന്ന വിഷയത്തിലെ സെമിനാറായിരുന്നു തുടര്‍ന്നുള്ള പരിപാടി. നാടകീയത, നൃത്തസാധ്യത ഇവയൊന്നുമില്ലാത്ത, കളിയെ ഒരു തരത്തിലും പൊലിപ്പിക്കാത്ത, കേവലം കഥപറച്ചില്‍ മാത്രം ഉദ്ദേശിച്ചുള്ള സുദീര്‍ഘമായ ആട്ടങ്ങള്‍ കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് ഉദ്ധത കഥാപാത്രങ്ങള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശമാണ്‌ ആമുഖപ്രസംഗത്തില്‍ കെ.ബി. രാജാനന്ദ് മുന്നോട്ടുവെച്ചത്.
May be we should find some way to simplify 'Kathakali' to just KALI (without KATHA). Like a '20-20' cricket match. :-) Eashwaro Raksha !

Haree പറഞ്ഞു...

:) തിരുത്തലിനു നന്ദി.

കഥകളി വെറും 'കഥ'(കളിയില്ലാതെ)യായിപ്പോവരുതെന്നേ അദ്ദേഹം പറഞ്ഞതിനര്‍ത്ഥമുള്ളൂ. അല്ലാതെ ആട്ടങ്ങളുടെ പ്രാധാന്യം കുറച്ചു കണ്ടു എന്നു തോന്നിയില്ല. പിന്നെ ഇന്‍സ്റ്റന്റ് കഥകളിയൊക്കെ 20-20-ക്കും എത്രയോ മുന്‍പേ വന്നു കഴിഞ്ഞു!
--

Ranjini പറഞ്ഞു...

Hareeshe,

'Kathayum Kaliyum' undenkile, KATHAKALI aavu. I dont know which aattoms are relevant and which are not according to modern thinking. Ennal pinne, kalyanasowgandhikam hanumanu Ashtakalasam maathram mathi, aattangal venda. Aswadakarkku bore adikillallo..:-)

ranjini
dubai

Haree പറഞ്ഞു...

വ്യക്തതയ്ക്കു വേണ്ടി ഒരു സന്ദര്‍ഭം പറയാം. 'ദുര്യോധനവധ'ത്തില്‍ ഭീമനുമായി യുദ്ധത്തിനു തിരിക്കുന്ന ദുഃശാസനന്‍ യുദ്ധത്തിന്റെ കെടുതികള്‍ കാണുന്ന ആട്ടമാടുന്നു എന്നിരിക്കട്ടെ. കഥകളിയുടെ നൃത്ത/അഭിനയ സാധ്യതകള്‍ മുതലെടുക്കാതെ, കേവലം കുറേ കാര്യങ്ങള്‍ മുദ്രയിലൂടെ വെറുതേ പറഞ്ഞു പോയാല്‍ ആ ആട്ടം ആസ്വാദ്യകരമാവില്ല. ആ ഒരു ആട്ടം കഥയെ മുന്നോട്ടുകൊണ്ടുപോകുവാന്‍ അനിവാര്യമല്ലാത്തതിനാല്‍ അത് ചേര്‍ക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം കലാകാരന്റെ കലാപരമായ കഴിവുകള്‍ പ്രകടമാക്കി, കഥകളിയുടെ നൃത്ത-നൃത്യ സാധ്യതകള്‍ ഭംഗിയായി പ്രയോജനപ്പെടുത്തി അവതരിപ്പിക്കുക എന്നതാണ്‌. അങ്ങിനെ നന്നാക്കുവാന്‍ ഉദ്ദേശമില്ലെങ്കില്‍ ആ ആട്ടം ഒഴിവാക്കുകയാണ്‌ ഉചിതം. (ഇങ്ങിനെയാണ്‌ അദ്ദേഹം സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കിയത്. ഇങ്ങിനെയാണ്‌ ഉദ്ദേശിച്ചതെങ്കില്‍ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു.)

കഥയും കളിയും വേണം, പക്ഷെ രണ്ടും പാലും വെള്ളവും പോലെ ലയിക്കണം, അല്ലാതെ വെള്ളവും എണ്ണയും പോലെ വേറിട്ട് നില്‍ക്കരുത്!
--

കപ്ലിങ്ങാട്‌ പറഞ്ഞു...

കഥ കളിക്കാന്‍ വകയുള്ളതാവണം, കളി കഥയെ പൊലിപ്പിക്കുന്നതുമാവണം. ഈ പാരസ്പര്യം ശക്തമായിത്തീരുമ്പോഴല്ലേ കഥകളി ഉദാത്തമായ കലാരൂപമായിത്തീരുന്നത് ?

കഥകള്‍ ആടിക്കാണാനുള്ള തൃഷ്ണയുണ്ടെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. രംഗകല എന്ന നിലയ്ക്ക് കഥകളി കൂടുതല്‍ ഔന്നത്യങ്ങള്‍ കീഴടക്കണം എന്ന തൃഷ്ണയാകണം ശ്രീ രാജാനന്ദിനെ ഇങ്ങിനെ പറയിച്ചത്.

വെറുതെ ആട്ടങ്ങള്‍ ആടുന്നതു പോലെ വെറുതെ അഷ്ടകലാശം എടുക്കുന്നതും തെറ്റു തന്നെ.

കഥയാണോ കളിയാണോ കൂടുതല്‍ പ്രധാനം എന്ന ചോദ്യത്തിന്റെ ഉത്തരത്തെക്കാള്‍, അവ രണ്ടൂം തമ്മിലുള്ള പാരസ്പര്യമാണ് ഏറ്റവും പ്രധാനം എന്നാണ് ഞാന്‍ രാജാനന്ദിന്റെ വാക്കുകളില്‍ കണ്ടത്.

AMBUJAKSHAN NAIR പറഞ്ഞു...

ദുഃശാസനന്‌ നെടും കത്തിയും പതിവുണ്ടായിരുന്നോ... അതറിയില്ലായിരുന്നു! അതത്ര ഭംഗിയാവുമോ എന്നാണ്‌ സംശയം ?

അങ്ങിനെ സംശയിക്കേണ്ട ആവശ്യം ഇല്ല. ഞാന്‍ വളരെ അധികം കളിക്കും നെടും കത്തി വേഷത്തിലുള്ള ദുഃശാസനനെയാണ് പണ്ടു കണ്ടിട്ടുള്ളത്. ഏറ്റവും ഒടുവില്‍ കണ്ടത് ശ്രീ. ഫാക്ട് ഭാസ്കരന്റെ ദുര്യോധനവധത്തില്‍ ദുഃശാസനന്‍ . തീര്‍ച്ചയായും അരങ്ങില്‍ രണ്ടു സഹോദരന്മാര്‍ എന്ന തോന്നല്‍ ഉണ്ടാകും.
പണ്ടു എല്ലാ വേഷവും കെട്ടുന്ന നടന്മാര്‍ എന്ന രീതി കണ്ടിട്ടില്ല. ഒരു സാധാരണ കളിക്ക് ഒരു ആദ്യാവസാന പച്ച വേഷ നടന്‍, ഒരു രണ്ടാം തരം നടന്‍ , ഒരു കത്തി വേഷ നടന്‍, ഒരു പ്രധാന സ്ത്രീവേഷക്കാരന്‍ ഇത്രയുമാണ് പ്രധാനമായി ക്ഷണിക്കുക. കഥ നേരത്തെ പ്ലാന്‍ ചെയ്യുക ചുരുക്കം. യാത്രാ സൗകര്യം വളരെ കുറവായിരുന്നതിനാല്‍ ഒരു കളിസ്ഥലത്ത് ആറു മണിക്ക് ശേഷമാവും കഥയും വേഷവും തീരുമാനിക്കുക. അതായത് എല്ലാ പ്രധാന നടന്മാരും വന്ന ശേഷം. ബാക്കി വേഷത്തിനുള്ള കലാകാരന്മാരുടെ ചുമതല കളിയോഗം മാനേജരിലാവും. ഒട്ടു മിക്ക കളിയോഗം മാനേജരും ഏതെങ്കിലും വേഷം കെട്ടാന്‍ കഴിവുള്ളവരോ കൂടി ആയിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--