2008, ജൂൺ 23, തിങ്കളാഴ്‌ച

മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം ഒന്ന്

DuryodhanaVadham Kathakali staged at SriVallabha Kshethram, Mathilbhagam, Thiruvalla: Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmaniam as SriKrishnan, Kalamanndalam Shanmukhadas as Panchali.

ജൂണ്‍ 7, 2008: തിരുവല്ല മതില്‍ഭാഗം ശ്രീവല്ലഭക്ഷേത്ര സന്നിധിയില്‍ വഴിപാടുകളിയായി ‘ദുര്യോധനവധം’ അവതരിക്കപ്പെട്ടു. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാമണ്ഡലം അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പുറപ്പാടോടെയായിരുന്നു ദിവസത്തെ കളി തുടങ്ങിയത്. അതിനു ശേഷം പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ പാട്ടിലും; കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദവും അരങ്ങേറി. ‘കുസുമചയരചിതശുചി’ എന്ന ചരണത്തിന്റെ ഹമീര്‍ കല്യാണിയിലുള്ള ആലാപനം വളരെ ഹൃദ്യമായി അനുഭവപ്പെട്ടു.



‘പാന്‌ഥോജലോചനേ!’ എന്ന ദുര്യോധനന്റെ ഭാനുമതിയോടുള്ള പതിഞ്ഞ പദത്തോടെയാണ് കഥയുടെ ആരംഭം. പാണ്ഡവര്‍ക്കു വന്നു ചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ പദത്തില്‍ സൂചിപ്പിക്കുന്നു. കൂട്ടത്തില്‍ അവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തിന്റെ മനോഹാരിതയും വര്‍ണ്ണിക്കുന്നു. അവിടെ പാഞ്ചാലി അഞ്ചുപേരുടെയും രാജ്ഞിയായി വാഴുന്നു എന്നറിയുമ്പോള്‍ ഭാനുമതിയുടെ ഭാവം മാറുന്നു. കാരണം അന്വേഷിക്കുന്ന പതിയോടുള്ള ഭാനുമതിയുടെ പദമായ “വല്ലഭ! മുല്ലശരോപമ! കേള്‍ക്ക നീ!” എന്ന പദമാണ് തുടര്‍ന്ന്. പാഞ്ചാലി അവിടെ, സര്‍വ്വസുഖങ്ങളോടും കൂടി, തന്നേക്കാള്‍ നല്ല രീതിയില്‍ വാഴുന്നു എന്നത് തനിക്ക് അപമാനവും, കോപവും, സങ്കടവുമാണെന്ന് ഭാനുമതി അറിയിക്കുന്നു.



DuryodhanaVadham Kathakali: Kottackal Chandrasekhara Varier as Duryodhanan, Kalakendram Muraleedharan Nampoothiri as Bhanumathi.

കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ദുര്യോധനനായും, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി ഭാനുമതിയായും അരങ്ങിലെത്തി. ദുര്യോധനനെ വാര്യര്‍ വളരെ നന്നായി രംഗത്തവതരിപ്പിച്ചു. ഒരുപക്ഷെ, കലാമണ്ഡലം ഗോപി പച്ചയിലെന്നതുപോലെ, വാര്യര്‍ കത്തിവേഷങ്ങളില്‍ മാത്രം അരങ്ങിലെത്തുന്നതാവും നല്ലതെന്നു തോന്നുന്നു. വാര്യരുടെ പച്ച വേഷങ്ങളെക്കുറിച്ച് കളിയരങ്ങില്‍ മുന്‍പെഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടാവുമല്ലോ. ‘കോപമോടീര്‍ഷ്യ, അപത്രപതാപവും’ എന്നതാണ് ഭാനുമതിയുടെ അവസ്ഥ. എന്നാല്‍ മുരളീധരന്റെ ഭാനുമതിയില്‍ കോപം മാത്രമേ കണ്ടുള്ളൂ. ഭാവവും, ആട്ടവുമൊക്കെ ഉണ്ടെങ്കിലും മുരളീധരന്‍ നമ്പൂതിരിക്ക് പ്രേക്ഷകരുടെ മനസില്‍ ഭാനുമതിയായി മാറുവാന്‍ സാധിക്കുന്നില്ല എന്നത് ഒരു ന്യൂനതയായി നിലനില്‍ക്കുന്നു. മുരളീധരന്‍ ഭാനുമതിയായി അഭിനയിക്കുന്നു എന്ന തോന്നലാണ് പ്രേക്ഷകര്‍ക്കുണ്ടാവുന്നത്. ഭാനുമതിയാ‍ണത് എന്ന തോന്നലുണ്ടാവുന്നില്ലെന്നു സാരം.



ഭാനുമതിയുടെ കോപം അടക്കുവാനുള്ള ദുര്യോധനന്റെ ശ്രമങ്ങളെല്ലാം വൃഥാവിലാവുന്നതാണ് നാം കാണുന്നത്. ദുര്യോധനന്‍ പറയുന്നു; “നീ നിസ്സാ‍രയായ ഒരു പെണ്ണല്ല. രാജ്ഞിയാണെന്നത് ഓര്‍മ്മവേണം. നിസ്സാരരായ സ്ത്രീകള്‍ സ്തനവലുപ്പത്തിന്റെ പേരില്‍, കട്ടി കൂടിയ മുലക്കച്ച ധരിച്ച് പരസ്പരം കലഹിക്കുന്ന പ്രകാരം നീ പെരുമാറരുത്. നിന്റെ ദുര്‍വിചാരങ്ങള്‍, വളരെ വിചിത്രമായി തോന്നുന്നു. ഞാന്‍ അവര്‍ എങ്ങിനെയുമാവട്ടെ എന്ന് ഉപേക്ഷിച്ചിരിക്കുകയാണ്, അതിനാല്‍ അവര്‍ നന്മയോടെ വാഴുന്നു.” ഇത്രയൊക്കെ ആയിട്ടും ഭാനുമതിക്ക് ഭാവമാറ്റമേതുമില്ലെന്ന് മനസിലാക്കി, ഞാനെന്താണ് നിന്നെ സന്തോഷിപ്പിക്കുവാനായി ചെയ്യേണ്ടതെന്ന് ആരായുന്നു. കൂട്ടത്തില്‍, പാഞ്ചാലിയെ കട്ടുകൊണ്ടു വരട്ടെ എന്നൊരു ചോദ്യവും ചോദിക്കുന്നു. ഇതുകേട്ട് ഭാനുമതിയുടെ കോപം ഇരട്ടിക്കുന്നു. പാഞ്ചാലിയില്‍ പണ്ടേയൊരു കണ്ണുണ്ട് എന്നും മറ്റും ഭാനുമതി പരിഭവിക്കുന്നു. ദുരോധനന്‍, “അങ്ങിനെ വരട്ടെ, എന്റെ മനസില്‍ ഇപ്പോളും അവളുണ്ടോ എന്ന ശങ്കയാണ് ഇവളുടെ കോപത്തിനു കാരണം”. സഹോദരന്മാരോടൊത്ത് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന് അവരെ അപമാനിക്കുന്നുണ്ട് എന്നു പറഞ്ഞ് ഭാനുമതിയെ സമാധാനിപ്പിച്ച്, ദുര്യോധനന്‍ സഹോദരന്മാരുടെ സമീപത്തേക്ക് ഗമിക്കുന്നു.



പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇത്രയും ഭാഗത്തിനു പാടിയത്. ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, മദ്ദളത്തില്‍ കോട്ടക്കല്‍ രവിയും മേളമൊരുക്കി. ഇവരെല്ലാവരും തന്നെ വളരെ നന്നായി രംഗത്തു പ്രവര്‍ത്തിച്ചു. ദുശ്ശാസനന്റെ തിരനോക്കുമുതല്‍ കോട്ടക്കല്‍ മധു, മംഗലം നാരായണന്‍ എന്നിവര്‍ സംഗീതവും, കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും, കലാഭാരതി ജയന്‍ മദ്ദളവും കൈകാര്യം ചെയ്തു. മംഗലം നാരായണന്‍, സംഗീതത്തില്‍ രാഗഭാവം കൊണ്ടുവരുവാന്‍ തന്നെ നന്നേ യത്നിക്കുന്നതായി തോന്നി. കഥാപാത്രങ്ങളുടെ ഭാവത്തിന് അനുസരിച്ചുള്ള, രാഗഭാവം മാത്രം സംഗീതത്തില്‍ കൊണ്ടുവരുവാന്‍ ഇനിയും നാരായണന്‍ പരിശീലിക്കേണ്ടിയിരിക്കുന്നു. മദ്ദളത്തില്‍ കലാഭാരതി ജയന്‍, വളരെ മോശമായാണ് അരങ്ങില്‍ പ്രവര്‍ത്തിച്ചത്. കൈക്കു കൂടുന്നതോ, കലാശത്തിനു വൃത്തിയായി കൊട്ടുന്നതോ പോവട്ടെ; കൊട്ടണ്ടേ! ഇതു വെറുതെ മദ്ദളത്തില്‍ തട്ടുകയായിരുന്നെന്നു പറയാം. അരങ്ങിലെ കഥാപാത്രങ്ങളെക്കൂടുതല്‍ ചുറ്റും നടക്കുന്ന കാര്യങ്ങളിലും മറ്റുമായിരുന്നു ജയനു ശ്രദ്ധ. ഇതൊന്നും പോരാഞ്ഞ് ഇടയ്ക്കിടെ പിന്നില്‍ വന്നു വിളിക്കുന്ന സുഹൃത്തക്കളോട്, മദ്ദളത്തോടെ തന്നെ നീങ്ങി നിന്നുള്ള സംസാരവും. അത്ര ബുദ്ധിമുട്ടാണെങ്കില്‍, ഈ പണി ഉപേക്ഷിക്കുന്നതല്ലേ ജയനു നല്ലത്? വെറുതെ, കാണികളെക്കൂടി ബുദ്ധിമുട്ടിക്കണോ? ജയന്‍ അവിടെ മദ്ദളവും തട്ടി നിന്നില്ലെങ്കില്‍, കഥകളിക്ക് ഒരു നഷ്ടവും വരാനില്ല എന്നത് ഓര്‍ക്കുക.



DuryodhanaVadham as Kathakali: Kottackal Devdadas as Dussasanan.

ദുശ്ശാസനനോട് ദുര്യോധനന്റെ പദമാണ് തുടര്‍ന്ന്; ‘സോദരന്മാരേ, ഇതു സാദരം കണ്ടിതോ?’ എന്നു തുടങ്ങുന്നു ഈ പദം. ഈ പദത്തിന്റെ ചരണങ്ങളിലൊന്ന് ഇപ്രകാരമാണ്; ‘ശില്പി മയാസുര കല്പിതമല്‍ഭുതം!’. ഈ ഭാഗത്ത് പദം ആടുന്നതിനു പുറമേ ഒരു ചെറിയ മനോധര്‍മ്മവുമുണ്ടായി. ഒരു ശില്പം ചൂണ്ടിക്കാണിച്ചിട്ട്, എന്തു തോന്നുന്നു എന്ന് ദുര്യോധനന്‍ ദുശ്ശാസനനോട് ചോദിക്കുന്നു. ഒരു സുന്ദരിയുടെ ശില്പമാണ് എന്നു ദുശ്ശാസനന്‍ മറുപടി കൊടുക്കുന്നു. ദുര്യോധനന്‍ വീണ്ടും, ഒന്നു കൂടി സൂക്ഷിച്ചു നോക്കുവാന്‍ സഹോദരനോട് പറയുന്നു. നോക്കിയിട്ടു വന്നിട്ട്, അതൊരു സുന്ദരിയുടെ ശില്പം തന്നെ എന്നു ഉറപ്പിക്കുന്നു, ദുശ്ശാസനന്‍. ദുര്യോധനന്‍ നിരാശയോടെ, “എടാ, ആ ശില്പത്തിനു തുണിയില്ല, പൂര്‍ണ്ണ നഗ്നയാണ്, അതു നീ കണ്ടില്ലേ?” എന്നു ചോദിക്കുന്നു. ദുശ്ശാസനന്‍, “ഹ ഹ ഹ, ശരി തന്നെ. ഞാന്‍ മുഖം മാത്രമേ നോക്കിയുള്ളൂ.” എന്നു നിഷ്കളങ്കനായി പറയുന്നു. അതിനു മറുപടിയായി ദുര്യോധനന്‍, “ഹൊ! ഇവനൊരു പൊണ്ണന്‍. ഭാര്യയുടെ അടുത്തും ഇങ്ങിനെ തന്നെ? അവളുടേയും മുഖം മാത്രമേ താന്‍ കണ്ടിട്ടുള്ളോ?”. ദുശ്ശാസനന്‍, ചിരിച്ച് ഇളഭ്യത നടിക്കുന്നു. വിശദമായി ഇന്ദ്രപ്രസ്ഥം കണ്ടതിനു ശേഷം, ഇവരെ അവമാനിക്കുവാന്‍ എന്തുവഴിയെന്ന് മാതുലനോട് ആലോചിച്ച് വേണ്ടതു ചെയ്യാം എന്നു പറഞ്ഞു മാറുന്നു.



കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ദുര്യോധനനും, കോട്ടക്കല്‍ ദേവദാസിന്റെ ദുശ്ശാസനനും; ഇവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാര്‍ തന്നെയാണോ എന്നു തോന്നിപ്പിക്കും വിധമാണ് രംഗത്തു പ്രവര്‍ത്തിച്ചത്. ഒരേ കളരിയില്‍ നിന്നുമാണ് ഇരുവരുമെന്നതും, നിരവധിയരങ്ങുകളില്‍ ഇവര്‍ ഈ വേഷങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതും ഇവരുടെ ദുര്യോധന-ദുശ്ശാസന വേഷങ്ങളുടെ മികവിന് പ്രധാന കാരണങ്ങളാണ്. യുധിഷ്ഠിരനും, പാഞ്ചാലിയും, ഭീമനും ഇരിക്കുന്ന സഭയിലേക്ക് ദുര്യോധനാദികള്‍ പ്രവേശിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതു കണ്ട് ദുര്യോധനാദികള്‍ കോപത്തോടെ അവിടെ നിന്നും നിഷ്‌ക്രമിക്കുന്നു. കലാഭാരതി ഹരികുമാര്‍ യുധിഷ്ഠിരനായും, കലാമണ്ഡലം ഷണ്മുഖദാസ് പാഞ്ചാലിയായും, കലാമണ്ഡലം അരുണ്‍കുമാര്‍ കുട്ടിഭീമനായും വേഷമിട്ടു. അരുണ്‍കുമാറിന് കുട്ടിഭീമന്റെ വേഷമൊന്നും കൈകാര്യം ചെയ്യുവാനുള്ള പാകമായിട്ടില്ല എന്നതുമൂലമുള്ള രസക്കുറവൊഴിച്ചാല്‍, ഈ രംഗം വളരെ നന്നായിത്തന്നെ അവതരിക്കപ്പെട്ടു.



DuryodhanaVadham Kathakali: Kalabharathi Harikumar as Yudhishtiran, Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Nedumudi Vasudeva Panikker as Sakuni.

തങ്ങള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ ദുര്യോധനന്‍ മാതുലനായ ശകുനിയെ അറിയിക്കുന്നു. അവരെ ചൂതില്‍ തോല്‍പ്പിച്ച്, അവരുടെ സമ്പത്തും, ഐശ്വര്യവും കൈക്കലാക്കുവാന്‍ ശകുനി ദുര്യോധനനെ ഉപദേശിക്കുന്നു. ദുര്യോധനന്‍ അപ്രകാരം യുധിഷ്ഠിരനെ ചൂതിനു ക്ഷണിക്കുന്നു. ചൂത് നല്ലതല്ലെങ്കിലും, അത് രാജധര്‍മ്മത്തില്‍ പെടുന്നതാകയാല്‍ കളിക്കാം, എന്നാല്‍ ചതിപാടില്ലെന്നും മറ്റും, യുധിഷ്ഠിരന്‍ ദുര്യോധനനോട് പറയുന്നു. തുടര്‍ന്ന് ചൂതുകളി. എല്ലാ സമ്പത്തുകളും നഷ്ടപ്പെടുന്ന യുധിഷ്ഠിരന്‍, സഹോദരന്മാരെ പണയപ്പെടുത്തി കളി തുടരുന്നു. സഹോദരന്മാരേയും നഷ്ടപ്പെടുമ്പോള്‍, തന്നെയും ഭാര്യയേയും പണയം വെച്ച് ചൂതുകളിക്കുന്നു. അവിടെയും യുധിഷ്ഠിരന്‍ തോല്‍ക്കുന്നു. തങ്ങളെ ഇന്ദ്രപ്രസ്ഥത്തില്‍ വെച്ച് അപമാനിച്ചതോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസ്യവേല ചെയ്യുവാനായി ശാസിക്കുവാന്‍ ദുശ്ശാസനനോട് അജ്ഞാപിക്കുന്നു. തൊട്ടുകൂടാതെ മാറിയിരിക്കുന്ന പാഞ്ചാലിയെ, മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് ദുശ്ശാസനന്‍ സഭയിലെത്തിക്കുന്നു. ഇതൊന്നും പോരാഞ്ഞ് ഏവരുടേയും മുന്നില്‍ വസ്ത്രാക്ഷേപത്തിനും മുതിരുന്നു. പഞ്ചാലി ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നു. ശ്രീകൃഷ്ണന്‍ ദുശ്ശാസനന്‍ വസ്ത്രമഴിക്കുന്ന മുറക്ക്, വസ്ത്രം നല്‍കി പാഞ്ചാലിയെ അപമാനത്തില്‍ നിന്നും രക്ഷിക്കുന്നു. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും, തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും രണത്തില്‍ വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. അതിനു ശേഷം മാത്രമേ തന്റെ അഴിഞ്ഞ മുടി കെട്ടുകയിള്ളൂവെന്നും പാഞ്ചാലി ശപഥമെടുക്കുന്നു.



DuryodhanaVadham Kathakali: Kottackal Devadas as Dussasanan, Kalamandalam Shanmukhadas as Panchali.

ഇതൊക്കെ കേട്ട് ദുര്യോധനന്‍ കോപത്തോടെ, ദാ‍സരായ പാണ്ഡവരെ പന്ത്രണ്ടുകൊല്ലം വനവാസത്തിനും, അതിനു ശേഷം അജ്ഞാത വാസത്തിനുമയയ്ക്കുന്നു. അജ്ഞാതവാസത്തില്‍ പിടിക്കപ്പെട്ടാല്‍, ഇത് പിന്നെയും ആവര്‍ത്തിക്കുമെന്നും ദുര്യോധനന്‍ അറിയിക്കുന്നു. അപമാനഭാരത്തോടെ പാണ്ഡവര്‍ പാഞ്ചാലിയോടൊപ്പം വനവാസത്തിനു പുറപ്പെടുന്നു. നെടുമുടി വാസുദേവ പണിക്കരാണ് ശകുനിയെ അവതരിപ്പിച്ചത്. ചതിയും, കൌശലവും കൈമുതലായുള്ള ശകുനിയെ, ആ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നു കരുതുവാന്‍ വയ്യ. കുറച്ചു കൂടി ഗൌരവപൂര്‍ണ്ണമാ‍യ സമീപനം ഈ കഥാപാത്രത്തിന് ആവശ്യമാണ്. ചൂതുമുതലുള്ള ഭാഗങ്ങള്‍ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും, കോട്ടക്കല്‍ മധുവും ചേര്‍ന്നാണ് ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അജ്ഞാതവാസത്തിനു ശേഷം, ദുര്യോധനന്‍ പാണ്ഡവര്‍ക്ക് അവകാശപ്പെട്ട രാജ്യം തിരിച്ചു നല്‍കുവാന്‍ തയ്യാറാവുന്നില്ല. യുദ്ധം ഒഴിവാക്കുവാനായി യത്നിക്കുവാന്‍, ശ്രീകൃഷ്ണന്‍ കൌരവസഭയിലേക്ക് ദൂതിനു പോകുവാന്‍ ഒരുങ്ങുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കാണുവാനെത്തുന്ന ഭാഗം തൊട്ടുള്ള കളിയുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.





Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kalakendram Muraleedharan Nampoothiri as Bhanumathi, Kottackal Devadas as Dussasanan, Kalabharathi Harikumar as Yudhishtiran, Kalabharathi Arun Kumar as KuttiBhiman, Kalamandalam Balasubrahmaniam as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Sakuni. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.

--

2008, ജൂൺ 18, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം - ഭാഗം രണ്ട്

KeechakaVadham performed as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna, Fact Jayadeva Varma as Valalan.
ജൂണ്‍ 6, 2008: കേരള രംഗകലോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ടയില്‍ അവതരിപ്പിക്കപ്പെട്ട ‘കീചകവധം’ കഥകളിയുടെ ആദ്യഭാഗങ്ങളുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? തന്റെ ആഗ്രഹസഫലീകരണത്തിനായി കീചകന്‍, തന്റെ സഹോദരിയായ സുദേഷ്ണയുടെ അടുത്തെത്തി തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ആഗ്രഹമറിയിക്കുന്ന കീചകനെ പറഞ്ഞുമനസിലാക്കുവാന്‍ സുദേഷ്ണ യത്നിക്കുന്നു. അഞ്ചു ഗന്ധര്‍വ്വന്മാര്‍ അവള്‍ക്ക് പതിമാരായി ഉണ്ടെന്നും, അതിനാല്‍ തന്നെ നിന്റെ ഈ ആഗ്രഹം നിന്റെ തന്നെ നാശത്തിനാണെനും മറ്റും സുദേഷ്ണ പറയുന്നു. എന്നാല്‍, അഞ്ചു ഗന്ധര്‍വ്വന്മാരെ ജയിക്കുവാന്‍ താന്‍ ഒറ്റയ്ക്കുമതിയെന്നും; എന്നാല്‍ കാമദേവനെ ജയിക്കുവാന്‍ തനിക്കാവതില്ലെന്നും പറഞ്ഞു നില്‍ക്കുന്ന സഹോദരനോട് ഇനിയെന്തെങ്കിലും പറയുന്നതില്‍ കാര്യമില്ലെന്നു മനസിലാക്കി, വല്ല വിധത്തിലും മാലിനിയെ കീചകന്റെ മന്ദിരത്തിലേക്ക് അയക്കാമെന്ന് ഉറപ്പുകൊടുത്ത് സഹോദരനെ അയക്കുന്നു.

KeechakaVadham Kathakali: Kalamandalam Anilkumar as Sudeshna, Kalamandalam Vijayakumar as Sairandhri.
സുദേഷ്ണ മാലിനിയെ വിളിച്ച്, കീചകസവിധത്തില്‍ പോയി മദ്യം വാങ്ങിവരുവാന്‍ അറിയിക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ദണ്ഡകമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂതസുതനുടെ മന്ദിരത്തില്‍ മാലിനി എത്തുന്നതുവരെയാണ് ദണ്ഡകം. സാധാരണയായി സുദേഷ്ണയായി രംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക്, സുദേഷ്ണയുടേതായ ഒരു വ്യക്തിത്വം ആ കഥാപാത്രത്തിനു നല്‍കുവാന്‍ സാധിക്കാറില്ല. എന്നാല്‍ കലാമണ്ഡലം അനില്‍കുമാറിന് അതിവിടെ സാധിച്ചു. സുദേഷ്ണയും, സൈരന്ധ്രിയുമൊത്തുള്ള ആദ്യരംഗം ഇവിടെ അവതരിക്കപ്പെട്ടതുകൊണ്ടു കൂടിയാണ് ഇത് അനില്‍കുമാറിനു സാധിച്ചത് എന്നതും ഓര്‍ക്കേണ്ടതാണ്. ആദ്യ ഭാഗത്തില്‍ സൂചിപ്പിച്ച, ചില മനോധര്‍മ്മത്തിലെ പിഴവുകളും മറ്റും ഒഴിവാക്കിയാല്‍ മികച്ച ഒരു അവതരണമായിരുന്നു സുദേഷ്ണയായി അനില്‍കുമാര്‍ നടത്തിയത്.

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri.
‘ഹരിണാക്ഷി! ജനമൌലിമണേ!’ എന്ന കീചകന്റെ ശൃംഗാരപദമാണ് അടുത്തത്. നടന്നു തളര്‍ന്ന നിന്റെ പാദങ്ങള്‍ ഞാന്‍ പരിചരിക്കാം, മാലിനി വന്നതിനാല്‍ തന്റെ മന്ദിരം ധന്യമായി, തന്റെ ജന്മം സഫലമായി തുടങ്ങി പലതും പറഞ്ഞ് മാലിനിയെ വശത്താക്കുവാന്‍ കീചകന്‍ യത്നിക്കുന്നെങ്കിലും, ഒന്നും ഫലം കാണുന്നില്ല. സൈരന്ധ്രി “വേഗം മദ്യം തരിക, ഞാന്‍ പോവട്ടെ...” എന്ന രീതിയില്‍ കീചകനോട് കോപിച്ചു തന്നെ എതിര്‍ത്തു പറയുകയും ചെയ്യുന്നു. എങ്കില്‍, ഗുണശീല ചമയുന്ന നിന്നെയിന്ന് കൊന്നിട്ടു തന്നെ കാര്യം എന്നുറച്ച് കൊല്ലുവാനായുന്നു. മാലിനി വല്ലവിധേനയും കീചകന്റെയടുത്തു നിന്നും ഓടി രക്ഷപെടുന്നു.

ശ്ലോകം കഴിഞ്ഞ് തിരശ്ശീല മാറ്റുമ്പോള്‍ മാലിനി രംഗപ്രവേശം ചെയ്യുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. കീചകന്റെ ഒരുക്കം, സേവകന്‍ ഒരു സൈരന്ധ്രി കാണുവാന്‍ അനുവാദം ചോദിക്കുന്നു തുടങ്ങിയ ഭാഗങ്ങളൊന്നും ആടുകയുണ്ടായില്ല. മൂന്നുവട്ടം കലാശം കൊട്ടിക്കഴിഞ്ഞതിനു ശേഷമാണ് പദം തുടങ്ങേണ്ടത്. എന്നാല്‍ പാലനാട് ദിവാകരന് അവിടെ പിഴവുപറ്റി. രണ്ടാമത്തെ കലാശത്തിനു ശേഷം തന്നെ അറിയാതെ തുടങ്ങിപ്പോയി. എന്നാല്‍, ഒരു ഭാവമാറ്റവും കൂടാതെ തന്റെ പ്രവര്‍ത്തി തുടര്‍ന്ന ചന്ദ്രശേഖര വാര്യര്‍ അനുകരണീയമായ മാതൃകയാണ്. ഉടനെ ഭാഗവതരോട് തിരിഞ്ഞ് തന്റെ നീരസം പ്രകടിപ്പിക്കുകയും മറ്റും ചെയ്താല്‍ എത്ര അരോചകമായിരിക്കും?

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri.
പദാവസാനം മാലിനി ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നു. കീചകന്‍ അവളെ തടയുന്നു. ശേഷം അണച്ചു നില്‍ക്കുന്ന മാലിനിയെനോക്കി കീചകന്റെ മനോധര്‍മ്മം ഇങ്ങിനെ: “ഇവള്‍ അണയ്ക്കുമ്പോള്‍ സ്തനങ്ങള്‍ ഉയര്‍ന്നു താഴുന്നു; ഇതു കണ്ടാല്‍ കൂമ്പി നില്‍ക്കുന്ന താമരകള്‍, പൊയ്കയില്‍ ഓളത്തിനൊത്ത് പൊങ്ങിത്താഴുന്നതു പോലെ തോന്നുന്നു.” രാജ്ഞിയുടെ സേവകയായി കഷ്ടപ്പെടാതെ തന്റെ രാജ്ഞിയായി വാഴാം തുടങ്ങി മോഹനവാഗ്ദാനങ്ങളിലൊന്നും സൈരന്ധ്രിയുടെ മനസുമാറ്റുവാന്‍ കഴിയുന്നില്ല എന്നു മനസിലാക്കുന്ന കീചകന്‍, അവളെ ബലാല്‍ പ്രാപിക്കുവാന്‍ ഒരുങ്ങുന്നു. മാലിനി ഓടി രക്ഷപെടുന്നു. സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസന്‍ കീചകനെ തടയുന്നതിനാലാണ് മാലിനിക്ക് രക്ഷപെടുവാന്‍ സാധിക്കുന്നത്, എന്നാലിവിടെ അത് ആടുകയുണ്ടായില്ല. തീര്‍ച്ചയായും അത് ആടാതിരിക്കുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല.

KeechakaVadham Kathakali: Fact Jayadeva Varma as Valalan, Kalamandalam Vijayakumar as Sairandhri.
കീചകന്റെ പക്കല്‍ നിന്നും രക്ഷപെടുന്ന മാലിനി, വിരാടരാജാവിന്റെ പാചകശാലയില്‍ ‘വലലന്‍’ എന്ന പേരില്‍ വസിക്കുന്ന തന്റെ പതിയായ ഭീമസേനന്റെ പക്കലെത്തുന്നു. ‘കാന്താ! കൃപാലോ’ എന്ന മാലിനിയുടെ പദമാണ് തുടര്‍ന്ന്. കീചകന്റെ ദുര്‍വൃത്തികള്‍ കാരണമായി, മാലിനിക്കുണ്ടായ കഷ്ടതകള്‍ക്ക് പകരം ചോദിക്കുമെന്ന് വലലന്‍ അറിയിക്കുന്നു. എന്നാല്‍ വെളിച്ചത്തില്‍ നേരിടുക ഈ അവസ്ഥയില്‍ സാധ്യമല്ലെന്നതിനാല്‍, ഉപായത്തിലൂടെ അവന്റെ കഥകഴിക്കാമെന്ന് നിശ്ചയിച്ച്, കീചകനെ നാട്യഗൃഹത്തിലേക്ക് എത്തിക്കുവാന്‍ മാലിനിയോട് ആവശ്യപ്പെടുന്നു. അവിടെ കാത്തു നിന്ന് അവനെ നിഗ്രഹിക്കുവാനാണ് വലലന്റെ ഉദ്ദേശം. അപ്രകാരം ചെയ്യാമെന്ന് പറഞ്ഞ് മാലിനി രംഗത്തു നിന്നും മാറുന്നു.

ഈ ഭാഗങ്ങളെല്ലാം, ഈ വേദിയിലെന്നല്ല മിക്ക വേദികളിലും, വളരെ വേഗത്തില്‍ കഴിക്കുന്നതാ‍യാണ് കണ്ടിട്ടുള്ളത്. മാലിനിയുടെ വിലാപമായി അനുഭവപ്പെടേണ്ട ‘കാന്താ! കൃപാലോ’ എന്ന പദത്തിന് ആ ഭാ‍വം നല്‍കുവാന്‍ പലപ്പോഴും കലാകാരന്മാര്‍ക്ക് കഴിയാറുമില്ല. ‘മതി, മതി, മതിമുഖി! പരിതാപം’ എന്ന വലലന്റെ പദവും വല്ലാതെ ധൃതിപിടിച്ചു തീര്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്. വളരെ അത്യാവശ്യമായി വേണ്ട പദങ്ങള്‍ മാത്രമേ ഇവിടങ്ങളില്‍ പാടാറുമുള്ളൂ. പദത്തിനു ശേഷം, ഇവര്‍ തമ്മില്‍ കാര്യമായ മനോധര്‍മ്മങ്ങളൊന്നും ആടാറുമില്ല. വലലന്, മാലിനിയോടുള്ള സ്നേഹം; കീചകനോടുള്ള കോപം; മാലിനിക്ക് വലലനിലുള്ള വിശ്വാസം ഇങ്ങിനെ വിവിധ ഭാവങ്ങള്‍ പ്രകടമാക്കേണ്ട ഈ രംഗം; ഒട്ടും പ്രാധാന്യമില്ലാത്തതെന്ന മട്ടില്‍ ഓടിച്ചു തീര്‍ക്കുന്നത് വളരെ കഷ്ടമാണ്. അല്പം കൂടി വിസ്‌തരിച്ച്, പദമൊക്കെ ഭംഗിയായി പാടിയാല്‍ തന്നെ, ഏറിയാല്‍ പതിനഞ്ച്-ഇരുപതി മിനിറ്റ് അധികമെടുക്കുമായിരിക്കും. അത്രയും സമയം ലാഭിക്കുന്നതിനായി ഈ രംഗം ഈ രീതിയില്‍ ചുരുക്കേണ്ടതുണ്ടോ?

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Fact Jayadeva Varma as Valalan.
കീചകന്‍ മാലിനിയെ പ്രതീക്ഷിച്ച് നാട്യഗൃഹത്തിലെത്തുന്നു. കീചകന്റെ പദമായ ‘കണ്ടിവാര്‍കുഴലീ!’യുടെ അവസാനം, നാട്യഗൃഹത്തില്‍ ഒളിച്ചിരിക്കുന്ന വലലന്‍, കീചകനെ ശരീരം ഞെരിച്ച് കൊലപ്പെടുത്തുന്നു. ഇരുട്ടില്‍ തപ്പി-തപ്പി നാട്യഗ്രഹത്തിലെത്തുന്ന കീചകനെ വാര്യര്‍ നന്നായി അവതരിപ്പിച്ചു. പദത്തിനു ശേഷം, ഇവളോടൊപ്പം ശയിക്കുക എന്നുറച്ച്, നാട്യഗൃഹത്തിന്റെ വാതില്‍ അടക്കുവാന്‍ പോകുമ്പോളാവട്ടെ, നല്ല വെളിച്ചത്തില്‍ പോയി അടച്ചു വരുന്നതുപോലെയാണ് ആടിയത്! അപ്പോഴും കണ്ണുകാണുവാന്‍ വയ്യാത്തത്ര ഇരുട്ടു തന്നെയാണല്ലൊ, അതു മറന്നതുപോലെ തോന്നി. കീചകന്‍, വലലനാല്‍ കൊല്ലപ്പെടുന്ന രംഗവും വാര്യര്‍ മനോഹരമാക്കി. വലലനായുള്ള ഫാക്ട് ജയദേവവര്‍മ്മയുടെ രംഗത്തെ പ്രവര്‍ത്തി തൃപ്തികരം എന്നേ പറയുവാനുള്ളൂ. ഇതിലും മനോഹരമായി അവതരിപ്പിക്കുവാന്‍ സാധ്യതയുള്ള കഥാപാത്രം തന്നെയാണ് ‘കീചകവധ’ത്തിലെ വലലന്‍.

പാലനാട് ദിവാകരന്‍, കലാനിലയം രാജീവന്‍ എന്നിവരാണ് കഥക്കു പാടിയത്. ഇരുവരുടേയും ആലാപനം മോശമായില്ല. എങ്കിലും ഹൈദരാലിയും മറ്റും പാടിക്കേട്ടിട്ടുള്ള ആസ്വാദകര്‍ക്ക് ഇത്രയും മതിയോ എന്നും സംശയമാണ്. മാര്‍ഗി രവിന്ദ്രന്‍ മദ്ദളത്തിലും, കോട്ടക്കല്‍ വിജയരാഘവന്‍ ചെണ്ടയിലും കളിക്ക് മേളമൊരുക്കി. ഇരുവരും, പ്രത്യേകിച്ച് വിജയരാഘവന്‍, വളരെ നന്നായി കൈക്കുകൂടി അരങ്ങില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അരങ്ങില്‍ നടനാടുന്നത് ആസ്വദിച്ചാണ് മേളത്തില്‍ ഏര്‍പ്പെടുന്നതെന്നതും വിജയരാഘവന്റെ ഒരു നല്ല വശമായി കണക്കാക്കാം. മേളത്തെയും, നടനത്തേയും എന്നതുപോലെ തന്നെ കഥാപാത്രങ്ങളുടെ ചുട്ടിയും, വേഷങ്ങളും, ഉടുത്തുകെട്ടും വളരെ മികച്ചതാ‍യിരുന്നു. എങ്ങിനെയെങ്കിലുമൊക്കെ മതി എന്ന അലസത ഒരു കഥാപാത്രത്തിലും കണ്ടില്ല. മാലിനിക്കും, സുദേഷ്ണയ്ക്കും ഉചിതമായ അലങ്കാരങ്ങള്‍ നല്‍കുവാന്‍ ശ്രദ്ധിച്ചുവെന്നതും എടുത്തുപറയേണ്ടുന്ന ഒന്നാണ്. ചുട്ടിയില്‍ പ്രവര്‍ത്തിച്ച ആ‍ര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍ പിള്ള, മാര്‍ഗി ശ്രീകുമാര്‍, മാര്‍ഗി രവികുമാര്‍; അണിയറയില്‍ ഗോപന്‍, തങ്കപ്പന്‍ പിള്ള, തങ്കപ്പന്‍ എന്നിവരും അഭിനന്ദനാര്‍ഹരാണ്. ചുരുക്കത്തില്‍ കഥകളി ആസ്വാദകര്‍ക്ക് മികച്ച ഒരു അനുഭവമാണ്, രംഗകലോത്സവത്തിന്റെ ഭാഗമയി ദൃശ്യവേദി ഒരുക്കിയ ‘കീചകവധം’ കഥകളി നല്‍കിയത്.


കളിയരങ്ങില്‍:
കിഴക്കേക്കോട്ടയിലെ കീചകവധം: ഭാഗം 1 - ജൂണ്‍ 6, 2008
കോട്ടക്കലെ കീചകവധം - ഏപ്രില്‍ 2, 2008


Description: KeechakaVadham staged at SriKarthikaThirunal Theater, East Fort, Thiruvananthapuram; as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna, Fact Jayadeva Varma as Valalan. Pattu by Palanadu Divakaran and Kalanilayam Rajeevan. Kottackal Vijayaraghavan in Chenda and Margi Raveendran in Maddalam. Appreciation by Hareesh N. Nampoothiri aka Haree|ഹരീ.
--

2008, ജൂൺ 11, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം - ഭാഗം ഒന്ന്

KeechakaVadham Kathakali: Organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam AnilKumar as Sudeshna.
ജൂണ്‍ 6, 2008: ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കേരള രംഗകലോത്സവത്തിന് കഴിഞ്ഞ ആഴ്ച ആരംഭമായി. പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഒന്നാം ദിവസം ശ്രീകാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ‘കീചകവധം’ കഥകളി അരങ്ങേറി. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ കീചകന്‍, കലാമണ്ഡലം വിജയന്റെ സൈരന്ധ്രി; പാലനാട് ദിവാകരന്‍, കലാനിലയം രാജീവന്‍ തുടങ്ങിയവരുടെ പാട്ട് എന്നിവയായിരുന്നു മുഖ്യ ആകര്‍ഷണങ്ങള്‍. ഉദ്യാനത്തില്‍ പുഷ്പമിറക്കുന്ന സൈരന്ധ്രിയെ കണ്ട് അടുത്തെത്തുന്ന കീചകനില്‍ നിന്നുമാണ് സാധാരണ ഈ കഥ അവതരിക്കപ്പെടാറുള്ളത്. എന്നാല്‍ ഇതിനു മുന്‍പുള്ള; സുദേഷ്ണയും, സൈരന്ധ്രിയും തമ്മിലുള്ള രംഗം കൂടി ഇവിടെ അവതരിക്കപ്പെട്ടു.

KeechakaVadham Kathakali: Kalamandalam AnilKumar as Sudeshna, Kalamandalam Vijayakumar as Sairandhri.
കേകയരാജപുത്രിയായ സുദേഷ്ണയുടെ സമീപത്തേക്ക്, രാജ്ഞിയുടെ സൈരന്ധ്രിയാകുവാനുള്ള അനുവാദത്തിനായി, മാലിനിയെന്ന പേരില്‍ പാഞ്ചാലി എത്തുന്നു. ‘ശശിമുഖി! വരിക, സുശീലേ!’ എന്ന സുദേഷ്ണയുടെ പദമാണ് ആദ്യം. പാഞ്ചാലിയുടെ സൌന്ദര്യം വര്‍ണ്ണിച്ചശേഷം, ആരാണെന്ന് തിരക്കുകയാണ് സുദേഷ്ണ ഈ പദത്തില്‍. ‘കേകയഭൂപതികന്യേ! കേള്‍ക്കമേ ഗിരം’ എന്ന സൈരന്ധ്രിയുടെ മറുപടി പദമാണ് തുടര്‍ന്ന്. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞാകാരിണിയായിരുന്ന സൈരന്ധ്രിയാണ് താനെന്നും, മാലിനിയെന്നാണ് തന്റെ പേരെന്നും, കാലഭേദം കൊണ്ട് ഇവിടെ വന്നുപെട്ടതാണെന്നും സൈരന്ധ്രി സുദേഷ്ണയെ അറിയിക്കുന്നു. താന്‍ പത്രലേഖനത്തിലും മറ്റും വളരെ നിപുണയാണെന്നും, തോഴിയായി ഇവിടെ വാഴുവാന്‍ തനിക്ക് അനുവാദം നല്‍കണമെന്നും സൈരന്ധ്രി അപേക്ഷിക്കുന്നു. സുദേഷ്ണ അപ്രകാരം മാലിനിയെ തന്റെ സൈരന്ധ്രിയായി കൂടെ വസിപ്പിക്കുന്നു.

കലാമണ്ഡലം അനില്‍കുമാര്‍ സുദേഷ്ണയായും, കലാമണ്ഡലം വിജയകുമാര്‍ സൈരന്ധ്രിയായും വേഷമിട്ടു. ഇരുവരുടേയും വേഷം, രാജ്ഞിക്കും തോഴിക്കും ഇണങ്ങുന്ന രീതിയിലായിരുന്നത് എടുത്തു പറയേണ്ടതാണ്. ചിത്രം ശ്രദ്ധിക്കുക. തന്റെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി, രാജ്ഞിക്കുമുന്നില്‍ ചിരിക്കുവാന്‍ ശ്രമിക്കുന്ന മാലിനിയെ കലാമണ്ഡലം വിജയകുമാര്‍ വളരെ നന്നായി തന്നെ അവതരിപ്പിച്ചു. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞാകാരിണിയായ സൈരന്ധ്രിയാണെന്നു പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ, “ഇവിടെ വന്നത് എന്തിന്?” എന്ന ചോദ്യമാണ് സുദേഷ്ണയില്‍ നിന്നുണ്ടായത്. എന്നാല്‍ “എന്താണ് നിന്റെ നാമം?” എന്നായിരുന്നു ചോദിക്കേണ്ടത്. അടുത്ത പദം വരുന്നത് ‘നീലവേണി! എനിക്കിന്നു മാലിനിയെന്നല്ലോ നാമം.’ എന്നാണ്. ഇവിടെ വീണ്ടും “ഇവിടെ വന്നത് എന്തിന്?” എന്ന് ആവര്‍ത്തിക്കുകയും ചെയ്തു സുദേഷ്ണ. ആദ്യം വരിമാറി അബദ്ധത്തില്‍ ആ ചോദ്യം ചോദിച്ച സ്ഥിതിക്ക് അനില്‍കുമാര്‍ വീണ്ടും അത് ആവര്‍ത്തിക്കേണ്ടിയിരുന്നില്ല. അതുപോ‍ലെ അടുത്ത ഭാഗത്ത് ചോദിച്ചത് “നിനക്ക് എന്തൊക്കെ അറിയാം?” എന്നാ‍ണ്. ഇതും അത്ര യോജിപ്പുള്ളതായി തോന്നിയില്ല. “നിനക്കെന്തു സഹായമാണ് ഞാന്‍ ചെയ്യേണ്ടത്?” എന്നോ “ഇവിടെ വരുവാ‍ന്‍ കാരണം എന്ത്?” എന്നോ മറ്റോ ചോദിക്കുന്നതായിരുന്നു ഉചിതം. സൈരന്ധ്രിയുടെ അടുത്ത ചരണം അവസാനിക്കുന്നത്, “നിന്നോടൊത്തു വാഴുവാന്‍ എന്നെ അനുവദിക്കുക.” എന്ന അപേക്ഷയോടെയാണെന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്.

പദങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ കാര്യമായ മനോധര്‍മ്മങ്ങളൊന്നും ഉണ്ടായില്ല എന്നതും ഒരു ന്യൂനതയായി. പന്ത്രണ്ടു വര്‍ഷം മുന്‍പാണല്ലോ പാഞ്ചാലിക്ക് ഇന്ദ്രപ്രസ്ഥം വിട്ടു പോവേണ്ടി വരുന്നത്. പാണ്ഡവര്‍ക്കു വന്ന ദുര്യോഗം കേകയരാജകന്യയ്ക്ക് അറിയാതിരിക്കുവാനും തരമില്ല. പാണ്ഡവര്‍ക്കു വന്ന ദുര്യോഗം ഒന്നു സ്മരിച്ച ശേഷം, “ഇത്രയും കാലം നീ എവിടെയായിരുന്നു?” എന്നൊരു ചോദ്യം ന്യായമായും സുദേഷ്ണയ്ക്ക് ചോദിക്കുവാന്‍ കഴിയും. താന്‍ ദേശയാത്രയിലായിരുന്നു, അനേകം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു എന്നോ മറ്റോ സൈരന്ധ്രിക്ക് മറുപടി നല്‍കുകയുമാവാം.

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri.
മാലിനി പുഷ്പമിറക്കുന്നത് തിരശീലയ്ക്കു പിന്നില്‍ നിന്നു നോക്കി കാണുന്ന രീതിയിലാണ് ഇവിടെ അവതരിക്കപ്പെട്ടത്. തിരശീല മാറുമ്പോള്‍, കീചകന്‍ ചുറ്റും കണ്ണോടിച്ച് ആരുമില്ലെന്ന് ഉറപ്പു വരുത്തുന്നുമുണ്ട്. കീചകന്‍ പുറകിലൂടെ വന്ന് മാലിനിയെ കൈമുട്ടുകൊണ്ടു തട്ടുന്നു. സംഭ്രമത്തോടെ മാലിനി വശത്തേക്ക് ഒതുങ്ങുന്നു. കലാമണ്ഡലം വിജയകുമാറിന്റെ മാലിനി കീചകനെ കാണുന്ന സമയം മുതല്‍ക്കു തന്നെ അത്യധികം ഭീതയായി കാണപ്പെട്ടു. അത്രയും പരിഭ്രമം ആദ്യം തന്നെ കാണിക്കേണ്ടതുണ്ടോ? കാണിച്ചാല്‍, കീചകന്റെ ഇംഗിതം മനസിലാക്കുമ്പോള്‍, താന്‍ പറയുന്നത് ഇവനില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്നറിയുമ്പോള്‍, കൂടുതല്‍ വിഷമിക്കുന്നതായി കാണിക്കുവാന്‍ ബുദ്ധിമുട്ടാവും. ക്രമാനുഗതമായി മാലിനിയുടെ ഭീതി വളരുന്നതായി അവതരിപ്പിക്കുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു.

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri.
കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരാണ് കീചകനെ അവതരിപ്പിച്ചത്. ‘മാലിനി! രുചിരഗുണശാലിനി!’ എന്ന കീചകന്റെ പതിഞ്ഞ പദം വളരെ മനോഹരമായി അവതരിപ്പിച്ചു. എന്നാല്‍ മാലിനിയെക്കണ്ട് ഇവളാരെന്ന് സന്ദേഹിക്കുകയോ, മാലിനിയാണെന്ന് മനസിലാക്കുകയോ ഒന്നും ചെയ്യുകയുണ്ടായില്ല. പദം തുടങ്ങുന്നത് ‘മാലിനി!’ എന്ന് സൈരന്ധ്രിയെ അഭിസംബോധന ചെയ്തു കൊണ്ടാകയാല്‍, രാജ്ഞിയുടെ സമീപം മാലിനിയെന്ന പേരില്‍ ഒരു സുന്ദരിയായ സൈരന്ധ്രി വന്നിട്ടുണ്ടെന്നു കേട്ടു, ഇവളെ ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടിട്ടില്ല, ഇവള്‍ അതിസുന്ദരിയുമാണ് - അതിനാല്‍ ഇവള്‍ തന്നെ മാലിനി എന്നുറയ്ക്കുന്നതായി ആടുന്നത് ഉചിതമായി തോന്നുന്നു. മുദ്രകളെ നൃത്തത്തിലൂടെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഒരു രീതി ചന്ദ്രശേഖര വാര്യര്‍ക്കുണ്ട്. ‘ഗുണശാലിനി! കേള്‍ക്ക നീ!’ എന്ന ഭാഗവും, ‘ചില്ലികൊണ്ടു തല്ലിടാതെ ധന്യേ!’ എന്ന ഭാഗവും വളരെ മനോഹരമായി വാര്യര്‍ രംഗത്തവതരിപ്പിച്ചു.

‘സാദരം നീ ചൊന്നൊരു മൊഴിയിതു, സാധുവല്ല കുമതേ!’ എന്ന പദാരംഭത്തില്‍ വാര്യരുടെ കീചകന്‍ ഇങ്ങിനെയാടി; “കുയിലുകള്‍ ഒന്നും മിണ്ടുന്നില്ല. ഹ, ഇവളുടെ വാണിയോളം വരുമോ അവയുടെ കൂജനം!”. ‘ഖേദമതിനുടയ, വിവരമിതറിക നീ!’ എന്ന ഭാഗത്ത് കീചകന്‍ പറയുന്നു, “എന്റെ ജാതകത്തില്‍ ഖേദം കുറിക്കപ്പെട്ടിട്ടീല്ല.”, അതുപോലെ ‘കേവലം പരനാരിയില്‍ മോഹം’ എന്നു സൈരന്ധ്രി പറയുമ്പോള്‍, “നീ എന്റെ പെണ്ണു തന്നെ.” എന്നു കീചകന്‍ പ്രതിവചിക്കുന്നു. ഇത്തരത്തിലുള്ള ഉചിതമായ ഇടപെടലുകളാല്‍ വാര്യര്‍ രംഗം സമ്പന്നമാക്കി.

മാലിനി ഇത്രയും പറഞ്ഞ്, ഉപായത്തില്‍ രംഗത്തു നിന്നും മാറുന്നു. കീചകന്റെ ആത്മഗതമാണ് മനോധര്‍മ്മമായി പിന്നീട് അവതരിപ്പിക്കുന്നത്. “എന്തൊക്കെയോ കോപവാക്കുകള്‍ പറഞ്ഞ് അവള്‍ മറഞ്ഞു. മാലിനിയുടെ ചന്ദ്രതുല്യമായ മുഖം, തളിരിലസമാനമായ ചുണ്ടുകള്‍, പന്തുകള്‍ പോലെ വികസിച്ച സ്തനങ്ങള്‍, ഇവയൊക്കെ തന്നെ കാമപരവശനാക്കുന്നു. കാമന്‍ എന്നെ ദഹിപ്പിച്ചു ഭസ്മമാക്കുന്നു. ഇവളെ ഒരിക്കല്‍ കൂടി കാണുവാന്‍ ഉപായമെന്ത്?”. തന്റെ സഹോദരിക്ക് ദാസ്യവൃത്തി ചെയ്യുകയാണല്ലോ ഇവള്‍, സഹോദരിയോടു പറഞ്ഞ് ഇതിനൊരു വഴി കാണുകതന്നെ എന്നുറച്ച് കീചകന്‍ രംഗം വിടുന്നു. മാലിനിയുടെ കൈയില്‍ നിന്നും തെറിച്ചു വീണ പൂക്കള്‍ എടുത്ത് തന്റെ മേലിട്ട് നിര്‍വിതി കൊള്ളുന്ന കീചകനെയൊന്നും ഇവിടെ അവതരിപ്പിച്ചുമില്ല. വിടനാ‍യ ഒരു കാമുകനെന്ന ഭാവമായിരുന്നില്ല ഇവിടെ കീചകന്. സ്ത്രീലമ്പടത്വവും അത്രയൊന്നും പ്രകടമായില്ല. ‘ഛായാമുഖി’ നാടകത്തിന്റെ സ്വാധീനം കഥകളിയിലെ കീചകനും വന്നതാണോ, ആവോ!

സുദേഷ്ണയെ കീചകന്‍ കണ്ട്, തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍; നാട്യഗ്രഹത്തില്‍ വലലനാല്‍ കൊല്ലപ്പെടുന്നതുവരെയുള്ള കഥാഭാഗത്തിന്റെ ആസ്വാദനം അടുത്ത ഭാഗത്തില്‍.



കളിയരങ്ങില്‍:
കോട്ടക്കലെ കീചകവധം - ഏപ്രില്‍ 2, 2008


Description: KeechakaVadham staged at SriKarthikaThirunal Theater, East Fort, Thiruvananthapuram; as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna. Pattu by Palanadu Divakaran and Kalanilayam Rajeevan. Kottackal Vijayaraghavan in Chenda and Margi Raveendran in Maddalam. Appreciation by Hareesh N. Nampoothiri aka Haree|ഹരീ.
--