2009, ഏപ്രിൽ 19, ഞായറാഴ്‌ച

ആലപ്പുഴയിലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam Kathakali - Part One: Kalamandalam Gopi as Bahukan, Kalamandalam Shanmukhadas as Rithuparnan.
ഏപ്രില്‍ 09, 2009: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആദ്യഭാഗങ്ങളുടെ ആസ്വാദനം ഇവിടെ കാണാം. നളനെ തിരയുവാനായി പലദേശങ്ങളിലേക്കും ഭീമരാജാവ് പല ബ്രാഹ്മണരെ അയയ്ക്കുന്നു. അതിലൊരു ബ്രാഹ്മണനായ പര്‍ണാദന്‍ ദമയന്തിയുടെ പക്കല്‍ വന്ന്, അയോധ്യയില്‍ ഋതുപര്‍ണ്ണന്റെ ഇഷ്ടസാരഥിയായി നളന്‍ വസിക്കുന്നുവെന്ന വാര്‍ത്ത അറിയിക്കുന്നു. പര്‍ണാദന്‍ ചൊന്നതു കേട്ട് താനിനി എന്താണ് ചെയ്യേണ്ടതെന്ന് ദമയന്തി അമ്മയോടു തിരക്കുന്നു. ഒരു ബ്രാഹ്മണനെ വീണ്ടും ഋതുപര്‍ണസവിധത്തിലേക്ക് അയയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് രാജമാതാവ് ഉപദേശിക്കുന്നു.


അരങ്ങില്‍ സാധാരണയായി പതിവില്ലാത്ത ഈ രംഗങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയുണ്ടായി. കലാഭാരതി ഹരികുമാര്‍ പര്‍ണാദനായും കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി രാജമാതാവായും വേഷമിട്ടു. നളചരിതം രണ്ടാം ദിവസത്തിലെ അവസാനരംഗങ്ങളുടെ ആവര്‍ത്തനഛായയുള്ള രംഗങ്ങളാണിവ. പര്‍ണാദന്റെയും ദമയന്തിയുടേയും പദങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതുപോലും അതേപടിയാണ്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ ആ രംഗങ്ങള്‍ക്കുള്ള പ്രാധാന്യമോ മികവോ ഇവയ്ക്ക് അവകാശപ്പെടുവാനുമില്ല. അരങ്ങില്‍ നിന്നും ഒഴിവാക്കപ്പെടുന്ന രംഗങ്ങള്‍ ‘ഒഴിവാക്കിയത് കാര്യമില്ലാതല്ല’ എന്ന പ്രതീതിയാണ് ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ ഉണ്ടായത്. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു ഈ പദങ്ങള്‍ ആലപിച്ചത്. കലാമണ്ഡലം കൃഷ്ണകുമാര്‍ ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ മേളമൊരുക്കി.


ദമയന്തിയുടെ സമീപം സുദേവനെന്ന ബ്രാഹ്മണനെത്തുന്നു. യഥാവിധി സ്വീകരിച്ചിരുത്തി തന്റെ ആവശ്യം ദമയന്തി സുദേവനെ അറിയിക്കുന്നു. നൈഷധനെ വീണ്ടും ദര്‍ശിക്കുവാന്‍ സംഗതിവരത്തക്ക വിധത്തില്‍ ഋതുപര്‍ണസവിധത്തില്‍ ചെന്ന് ഒന്നു പറയണമെന്നതാണ് ദമയന്തിയുടെ ആവശ്യം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സുദേവനായെത്തിയത്. ഇവളുടെ മനസ് ആകെ ഇളകിയിരിക്കുന്നു, ഓരോന്നു പറഞ്ഞ് ഇവളുടെ മനസ് ഉറപ്പിക്കുന്നുണ്ട് എന്നൊരു ചെറിയ ആട്ടത്തോടെയാണ് അദ്ദേഹം “യാമി, യാമി, ഭൈമീകാമിതം...” എന്നതിലേക്ക് കടന്നത്. നിത്യസഞ്ചാരമെന്നതില്‍ നിരാസം തോന്നരുതെന്ന ദമയന്തിയുടെ വാക്കുകള്‍ക്കു മറുപടിയോടെയാണ് സുദേവന്‍ തുടങ്ങുന്നത്. എത്രവഴിമണ്ടിയാലും അത്തലതുകൊണ്ടില്ല, ഉത്തരകോസലമാവട്ടെ രണ്ടോമൂന്നോ ദിവസത്തെ യാത്രയുടെ കാര്യമേയുള്ളൂ താനും എന്നു പറഞ്ഞ്, ദമയന്തിയുടെ കാമിതം സാധിച്ചു തരുന്നുണ്ടെന്ന് സുദേവന്‍ ഉറപ്പുകൊടുക്കുന്നു.


“ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും...” എന്ന സുദേവന്റെ ഭാഗം വിസ്തരിച്ചു തന്നെ നടന്മാര്‍ ആടുക പതിവുണ്ട്. എന്നാല്‍ വെറുതേ കുറേ പടയാളികള്‍ അകമ്പടി സേവിക്കുന്നു എന്നുമാത്രമല്ല രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടിയത്. സേവകര്‍ അകമ്പടി സേവിക്കുന്നതിനൊപ്പം, വാളും പരിചയും കൊണ്ട് വേലകളിക്കു സമാനമായ രീതിയില്‍ ചില ചുവടുകളും അദ്ദേഹത്തിന്റെ സുദേവന്‍ ചെയ്യുകയുണ്ടായി. അതുപോലെ മേളവാദ്യമെന്നു പറഞ്ഞ് കുറേ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുകയല്ല ഉണ്ടായത്, പഞ്ചവാദ്യഘോഷവുമുണ്ടെന്നാടി അഞ്ച് വാദ്യങ്ങളും വിസ്തരിച്ച് ആടുകയാണ് ചെയ്തത്. ഈ രീതിയില്‍ തന്റേതായ രീതിയില്‍ സുദേവനെ മികച്ചതാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സുദേവന്റെ ഉപായം ദമയന്തിക്ക് ആദ്യം സ്വീകാര്യമാവുന്നില്ല. ഇതു കേട്ടാല്‍ അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്നുപോവും എന്നു ദമയന്തി പറയുന്നു. ഒരു നല്ലകാര്യത്തിനായി ഈ ചെറിയ കള്ളമാവാം, ഒരു കുഴപ്പവുമില്ല എന്നു സുദേവന്‍ ആശ്വസിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് ഋതുപര്‍ണനെ കുണ്ഡിനത്തിലെത്തിക്കുവാന്‍ തന്റെ കാന്തനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്ന വിശ്വാസത്തില്‍ സുദേവന്റെ ഉപായത്തിനു ദമയന്തി വഴങ്ങുന്നു. തേരു വരുന്ന ശബ്ദവും കാത്ത് താനിവിടെ തന്നെയിരിക്കും എന്നു പറയുന്ന ദമയന്തിയോട്, വിഷമിക്കാതെ കുളിച്ചൊരുങ്ങി സുന്ദരിയായി ഇരിക്കുകയെന്നു പറഞ്ഞ് സുദേവന്‍ അയോധ്യയിലേക്ക് തിരിക്കുന്നു.


ഋതുപര്‍ണസവിധത്തിലെത്തി സുദേവന്‍ കാര്യങ്ങള്‍ ഉണര്‍ത്തിക്കുന്നു. ദമയന്തിയുടെ സ്വയംവരവാര്‍ത്തയറിഞ്ഞ് നിരവധി രാജാക്കന്മാര്‍ ഇപ്പോള്‍ തന്നെ കുണ്ഡിനത്തില്‍ വന്നു നിറഞ്ഞുവെന്നു പറയുന്നതിന്റെ കൂടെ താഴെ വിളക്കിന്റെ ചുവട്ടില്‍ കിടന്ന ഒരു താമരയിതളെടുത്ത്, ഒരു താമരയില കടത്തുവാന്‍ കൂടി ഇടമില്ലാത്തവിധം കുണ്ഡിനത്തില്‍ രാജാക്കന്മാര്‍ വന്നു നിറഞ്ഞിരിക്കുന്നു എന്നൊരു മനോധര്‍മ്മവും ഉണ്ണിത്താന്‍ ആടുകയുണ്ടായി. തുടര്‍ന്ന് ഇന്നു നിശ്ചയിച്ചിരുന്ന സ്വയംവരം ഒരാളു കാരണം നാളേക്ക് മാറ്റിയിരിക്കുന്നു എന്നും പറഞ്ഞ് സുദേവന്‍ നിര്‍ത്തുന്നു. പ്രത്യക്ഷത്തില്‍ ഋതുപര്‍ണനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്ന രീതിയിലാണ് ഈ സുദേവവാക്യം, എന്നാല്‍ ഗൂഢമായി ഉദ്ദേശിക്കുന്നത് ബാഹുകനേയും. കലാനിലയം വിജയനാണ് ഈ ഭാഗങ്ങളില്‍ ബാഹുകനായെത്തിയത്. സുദേവന്റെ വാക്യങ്ങളോരോന്നും കേള്‍ക്കുമ്പോള്‍ മനസിടറുകയും എന്നാലെല്ലാം ഒളിപ്പിച്ച് നില്‍ക്കേണ്ടിവരികയുമെന്ന പരിതാപകരമായ അവസ്ഥയിലാണ് ബാഹുകന്‍. ഇടയ്ക്കിടെ ഞെട്ടുകയും വാര്‍ഷ്ണേയന്റെ കൈപിടിച്ച് ഒന്നുമില്ലെന്നു കാട്ടലും, ഇതിങ്ങനെ രണ്ടു മൂന്നു പ്രാവശ്യം കാട്ടിയെന്നല്ലാതെ സ്വാഭാവികമായി നളന്റെ മാനസികാവസ്ഥ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ വിജയന്‍ ശ്രമിച്ചു കണ്ടില്ല. “...നാളെയിന്നതൊരാളുമൂലമിതെന്നതും.” ഇത് സുദേവന് അഭിനയിപ്പിച്ചു ഫലിപ്പിക്കണമെങ്കില്‍ ബാഹുകന്റെകൂടി സഹകരണം ആവശ്യമാണ്. അതുപോലെ പദം കഴിഞ്ഞ് സുദേവന്‍ പോവുന്നതിനു മുന്‍പായും ബാഹുകനുമായി ചില്ലറ മനോധര്‍മ്മങ്ങള്‍ പതിവുണ്ട്. എന്നാലിവിടെ ബാഹുകന്‍ സുദേവനെ ശ്രദ്ധിച്ചതേയില്ല. എന്തെങ്കിലും ബാഹുകന്‍ ചോദിക്കുന്നെങ്കില്‍ മറുപടി പറയാമെന്നു കരുതി ഉണ്ണിത്താന്റെ സുദേവന്‍ മൂന്നു പ്രാവശ്യത്തോളം അരങ്ങു വിടുന്നതിനു മുന്‍പ് അവിടെയുമിവിടെയുമൊക്കെ നിന്ന് തിരിഞ്ഞു നോക്കിയെങ്കിലും ബാഹുകന് ഒരു അനക്കവും കണ്ടില്ല. കാണികളിലൊരാള്‍ ചോദിച്ചതുപോലെ ‘ഈ ബാഹുകനെന്താണ് മൂന്നാം ദിവസം കണ്ടിട്ടു കൂടിയില്ലേ?’ എന്നുതന്നെയാണ് ഭൂരിപക്ഷം ആസ്വാദകര്‍ക്കും തോന്നിയത്. സുദേവന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ച് അതിനനുസരിച്ചുള്ള ഭാവത്തില്‍, ഇടയ്ക്കിടെ ചെറിയ മനോധര്‍മ്മങ്ങളുമായി കലാമണ്ഡലം ഷണ്മുഖദാസ് ഋതുപര്‍ണനെ ഈ രംഗത്തില്‍ മികച്ചതാക്കി.


സുദേവന്‍ പോയയുടനെ, ബാഹുകനെ അരികില്‍ വിളിച്ച് കുണ്ഡിനത്തിലേക്ക് പുറപ്പെടുവാനായി തയ്യാറാകുവാന്‍ പറയുന്നു ഋതുപര്‍ണന്‍. ‘താന്‍ വരണമോ, വാര്‍ഷ്ണേയന്‍ പോരേ?’ എന്ന് “തെളിവിനോടു തേര്‍ നീ തെളിക്കേണം.” എന്ന ഋതുപര്‍ണവചനം കേള്‍ക്കുമ്പോള്‍ ബാഹുകന്‍ സംശയിക്കാറുണ്ട്. ഇത് കാട്ടിത്തുടങ്ങിയെങ്കിലും പൂര്‍ണ്ണമായി കാണിക്കുവാന്‍ കലാനിലയം വിജയന്‍ ശ്രമിച്ചില്ല. ദമയന്തിയോടുള്ള കാമപരവശതയാല്‍ തന്നെ തന്നെ മറക്കുന്ന അവസ്ഥയിലാണ് ഈ പദഭാഗത്ത് ഋതുപര്‍ണന്‍. എന്നാല്‍ ഷണ്മുഖദാസിന്റെ ഋതുപര്‍ണന്‍ തികച്ചും മാന്യനായി, വികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ടു നില്‍ക്കുന്നതുപോലെ തോന്നിച്ചു. ബാഹുകന്റെ നീറുന്ന മനസിന് എണ്ണയായി ഭവിക്കുന്ന രീതിയിലാവണം ഋതുപര്‍ണന്റെ അഭിനയം ഈ ഭാഗത്തില്‍. ഇവിടെ ഷണ്മുഖദാസിന് ഇനിയും മെച്ചപ്പെടുത്തുവാന്‍ കഴിയുമായിരുന്നെന്നു തോന്നി. “മറിമാന്‍‌കണ്ണിമൌലീയുടെ...” എന്ന ബാഹുകന്റെ പദം കലാനിലയം വിജയന്‍ മോശമാവാതെ അവതരിപ്പിച്ചു. ചുണ്ടു വല്ലാതെ കടിച്ചുപിടിച്ച് എപ്പോഴും അഭിനയിക്കുന്നത് അഭംഗിയായി തോന്നി. മുദ്രാഭിനയത്തിലും പദങ്ങള്‍ക്കനുസരിച്ച് മുദ്രകള്‍ വിന്യസിക്കുന്നതിലുമെല്ലാം വിജയന്‍ തരക്കേടില്ലെന്നു തോന്നി.


ഋതുപര്‍ണനും ബാഹുകനും വാര്‍ഷ്ണേയനും ചേര്‍ന്ന് കുണ്ഡിനത്തിലേക്കുള്ള യാത്രയും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഉത്തരീയം വീണതെടുക്കുവാനായി രഥം നിര്‍ത്തുവാനാവശ്യപ്പെടുന്ന ഋതുപര്‍ണനോട്, ഒരു ഉത്തരീയമാണോ താര്‍ത്തേന്‍‌വാണിതന്‍ പാണിഗ്രഹണമാണോ വലുതെന്ന് ബാഹുകന്‍ ചോദിക്കുന്നു. ‘തോര്‍ത്തുന്ന വസ്ത്രം പ്രധാനമല്ല, എങ്കിലും ഞാന്‍ ധൂര്‍ത്തനല്ല. ഈ പറഞ്ഞത് കളവല്ല, നിനക്കതു ബോധ്യം വരുവാനായി ഒന്നു പറയാം, ഞാന്‍ നിനച്ചപ്പോള്‍ അകലെക്കാണുന്ന താന്നിമരത്തിലെ ഇലകളുടേയും ഫലങ്ങളുടേയും എണ്ണം മൂന്നുലക്ഷത്തിമുപ്പതിനായിരമെന്ന് തോന്നി.’ എന്നു ഋതുപര്‍ണന്‍ ബഹുകന് മറുപടി നല്‍കുന്നു. ഇതു കേട്ട് ബാഹുകന്‍ തേരു നിര്‍ത്തുന്നു. പിന്നീടുള്ള പദങ്ങള്‍ പാടുകയുണ്ടായില്ല. തുടര്‍ന്നുള്ള ഭാഗങ്ങളെക്കുറിച്ച് കലാനിലയം വിജയന്‍ പൂര്‍ണ്ണമായും അജ്ഞനാണെന്നു തോന്നുന്ന രീതിയിലായിരുന്നു അരങ്ങിലെ പ്രവര്‍ത്തികള്‍. ഈ വിദ്യ തന്നെയും പഠിപ്പിക്കണമെന്ന് ബാഹുകന്‍ ഋതുപര്‍ണനെ നിര്‍ബന്ധിക്കുകയാണ് തുടര്‍ന്ന് ചെയ്യേണ്ടത്. അതുണ്ടാവാത്തതിനാലാവണം, താന്‍ പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ എണ്ണിനോക്കുവാന്‍ ബാഹുകനോട് ഋതുപര്‍ണന്‍ ആവശ്യപ്പെടുന്നു. എങ്കില്‍ ശരി ഞാന്‍ പോയി എണ്ണിയിട്ടുവരാമെന്നു പറഞ്ഞ് ബാഹുകന്‍ പോകുവാനൊരുങ്ങുന്നു. ഇതു കണ്ട് ഋതുപര്‍ണന്‍, എണ്ണുവാന്‍ മന്ത്രം വേണ്ടേ, ഞാന്‍ പറഞ്ഞുതരാം എന്നുപറഞ്ഞ് നളനെ മന്ത്രം പഠിപ്പിക്കുന്നു. ഋതുപര്‍ണന്റെ ആവശ്യമായിരുന്നു നളനെ മന്ത്രം പഠിപ്പിക്കല്‍ എന്നു തോന്നി ഇവിടുത്തെ അവതരണം കണ്ടപ്പോള്‍. ‘ഇന്നുതന്നെ എനിക്കു പഠിക്കേണം’ എന്ന് നിര്‍ബന്ധബുദ്ധിയോടെയുള്ള നളന്റെ ആവശ്യപ്രകാരമാണ് ഋതുപര്‍ണന്‍ നളന് അക്ഷഹൃദയം ഉപദേശിക്കുന്നത്.

തുടര്‍ന്ന് ഋതുപര്‍ണന്‍ ബാഹുകനോട് അശ്വഹൃദയം പഠിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നു. സത്യത്തില്‍ അങ്ങിനെയൊരു ആവശ്യം ഋതുപര്‍ണന്‍ നടത്തുന്നതായി നളചരിതം മൂന്നാം ദിവസം ആട്ടക്കഥയില്‍ പറയുന്നില്ല, എന്നിരുന്നാലും അങ്ങിനെയൊരു ആവശ്യം ഋതുപര്‍ണനില്‍ നിന്നുമുണ്ടാവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഋതുപര്‍ണനത് പഠിക്കണമെന്നുണ്ടെങ്കില്‍, ബാഹുകന് അക്ഷഹൃദയം ഉപദേശിക്കുന്നതിനു മുന്‍പായി, നളന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, ‘നീയെന്നെ അശ്വഹൃദയം ഉപദേശിക്കുക, എങ്കില്‍ നിനക്ക് അക്ഷഹൃദയം ഞാനും നല്‍കാം.’ എന്നു ഋതുപര്‍ണന്‍ പറയുന്നതാണ് കൂടുതല്‍ നല്ലത്. കാര്‍ക്കോടകന്റെ വചനം തന്നെ അങ്ങിനെയാണല്ലോ! (“അശ്വഹൃദയം അവനായ് നല്‍കീടുകില്‍, അക്ഷഹൃദയം വശമായ്‌ വരും തവ...”‌) ഇവിടെ നളന് അക്ഷഹൃദയം പഠിക്കുവാന്‍ താത്പര്യം ഉണ്ടാവാത്തതിനാല്‍ ഋതുപര്‍ണനാണ് യഥാര്‍ത്ഥത്തില്‍ വെട്ടിലായത്! നളന് അക്ഷഹൃദയം ഉപദേശിച്ചതിനു ശേഷം അശ്വഹൃദയം ഉപദേശിക്കുവാന്‍ ഋതുപര്‍ണന്‍ ബാഹുകനോട് ആവശ്യപ്പെടാതിരിക്കാമായിരുന്നു. കലിയുടെ വേഷമുണ്ടായില്ലെങ്കിലും, കലിയെ കാണുന്നതായും മറ്റും ബാഹുകന്‍ ആട്ടത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് മൂവരും വീണ്ടും തേരില്‍ കയറി കുണ്ഡിനത്തിലേക്കുള്ള യാത്ര തുടരുന്നു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു സുദേവന്‍ ദമയന്തിയെ കാണുന്നയിടം മുതല്‍ പാടിയത്. “യാമി, യാമി, ഭൈമീ! കാമിതം...”, “മാന്യമതേ...”, “മറിമാന്‍‌കണ്ണി...” തുടങ്ങിയ പദങ്ങളെല്ലാം തന്നെ ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിച്ചു. കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരൊരുക്കിയ ഈ രംഗങ്ങളിലെ മേളവും മികവുപുലര്‍ത്തി. മേളവാദ്യങ്ങളുടെ ഘോഷം മേളത്തില്‍ വളരെ നന്നായിത്തന്നെ അനുഭവവേദ്യമാക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. പതിവില്ലാത്ത രംഗങ്ങള്‍ കാണിക്കുവാനായി വെളുത്ത നളന്റെ ഭാഗം ഒഴിവാക്കിയതാണ് ഇവിടുത്തെ മൂന്നാം ദിവസത്തിലെ ഒരു പ്രധാന കുറവായി തോന്നിയത്. രാജമാതാവ്, പര്‍ണാദന്‍ എന്നിവരുടെ രംഗങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ അവസാന രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ നിന്നും കലാമണ്ഡലം ഗോപി ഒഴിവായതിനാല്‍ തന്നെ തുടര്‍ന്നുള്ള ബാഹുകന്റെ രംഗങ്ങള്‍ക്ക് ആദ്യഭാഗത്തെ നിലവാരം ഉണ്ടായതുമില്ല. ഈയൊരു നഷ്ടം ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ നല്ലരീതിയില്‍ അരങ്ങേറിയ ‘നളചരിതം മൂന്നാം ദിവസ’മായിരുന്നു ഇവിടെ അരങ്ങേറിയത്.

Description: Alappuzha District Kathakali Club Anniversary 2009: Nalacharitham Moonnam Divasam Kathakali - Kalamandalam Shanmukhadas (Nalan, Rithuparnan), Kalanilayam Vasudeva Panicker (Karkodakan, Jeevalan), Kalamandalam Gopi (Bahukan), RLV Pramod (Varshneyan), Margi Vijayakumar (Damayanthi), Kalabharathi Harikumar (Parnadan), Kalakendram Muraleedharan Nampoothiri (Rajamathavu), Kalamandalam Ramachandran Unnithan (Sudevan), Kalanilayam Vijayan (Bahukan 2); Pattu: Pathiyur Sanakarankutty, Kottackal Madhu, Kalanilayam Rajeevan; Chenda: Kurur Vasudevan Nampoothiri, Kalamandalam Krishnadas; Maddalam: Kottackal Radhakrishnan, Kalamandalam Achutha Varier; Chutti: Cherthala Viswanathan Nair, Kalanilayam Saji; Kaliyogam: Alappuzha District Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. April 09, 2009.
--

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

ആലപ്പുഴയിലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam Kathakali - Part One: Kalamandalam Gopi as Bahukan, Kalamandalam Shanmukhadas as Rithuparnan.
ഏപ്രില്‍ 09, 2009: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്പത്തിനാലാമത് വാര്‍ഷികം ആലപ്പുഴ എസ്.ഡി.വി. ബെസന്റ് ഹാളില്‍ രണ്ടുദിവസങ്ങളിലായി ആഘോഷിക്കുകയുണ്ടായി. കലാമണ്ഡലം ഗോപി ബാഹുകനായെത്തിയ നളചരിതം മൂന്നാം ദിവസമായിരുന്നു ആദ്യ ദിവസത്തെ പ്രധാന കഥ. കഥാവതരണത്തിനു മുന്‍പു നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പത്മശ്രീ പുരസ്കാരാര്‍ഹനായ കലാമണ്ഡലം ഗോപിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും, കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പ്രഥമ കളര്‍കോട് നാരായണന്‍ നായര്‍ സ്മാരക അവാര്‍ഡ് നല്‍കുകയും ചെയ്തു. നളചരിതം മൂന്നാം ദിവസം സമ്പൂര്‍ണ്ണമായി അവതരിപ്പിക്കുന്നു എന്നാണ് നോട്ടീസില്‍ കണ്ടിരുന്നതെങ്കിലും, സാധാരണയായി ഉണ്ടാവാറുള്ള വെളുത്ത നളന്റെ ഭാഗങ്ങള്‍ ഇവിടെ ഒഴിവാക്കുകയാണ് ഉണ്ടായത്. “അന്തികേ വന്നിടേണം...” എന്നു തുടങ്ങുന്ന കാര്‍ക്കോടകന്റെ പദത്തോടെയാണ് കഥ ആരംഭിച്ചത്.


കലാനിലയം വാസുദേവ പണിക്കരാണ് കാര്‍ക്കോടകനായെത്തിയത്. തുടര്‍ന്ന് കത്തുന്ന വനശിഖിമദ്ധ്യത്തില്‍ നില്‍ക്കുന്ന കാര്‍ക്കോടകനെ കണ്ട് ആരെന്നു തിരക്കുന്ന നളനെയാണ് കാണുന്നത്. കലാമണ്ഡലം ഷണ്മുഖദാസ് ഈ ഭാഗത്ത് നളനായെത്തി. പീഠത്തില്‍ നില്‍ക്കുന്ന കാര്‍ക്കോടകനെ കൈപിടിച്ചിറക്കി, ഇരുത്തിയതിനു ശേഷമാണ് ഷണ്മുഖദാസ് പദത്തിലേക്ക് കടന്നത്. പദത്തിനു മുന്‍പുള്ള ശ്ലോകത്തില്‍ തനിക്കും താന്‍ തൊടുന്നവര്‍ക്കും അഗ്നിഭയമുണ്ടാവില്ലെന്ന് പറയുന്നതിനാലാവാം ഈ രീതിയില്‍ ആടിയത്. എന്നാല്‍ ശ്ലോകത്തില്‍ തന്നെ പറയുന്നതു പ്രകാരം, തേടിക്കാണുക മാത്രം ചെയ്യുന്ന ഉരഗപതിയോടാണ് നളന്‍ ഓരോന്ന് ചോദിക്കുന്നത്. നളന്‍ പൊള്ളലേല്‍ക്കാതിരിക്കുവാനായി കാര്‍ക്കോടകനെ സ്പര്‍ശിക്കുന്നതായി ശ്ലോകത്തില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നില്ല. “എരിഞ്ഞതീയില്‍ നിന്നല്ലിനി വേണ്ടൂ സല്ലാപം...” എന്നു നളന്‍ പിന്നീട് പറയണമെങ്കില്‍, കാര്‍ക്കോടകന് അഗ്നിഭയം മാറിയിരിക്കുവാന്‍ സാധ്യതയും ഉണ്ടാവരുതല്ലോ. സാധാരണയായി കാണുന്നതുപോലെ പദാവസാനം കാര്‍ക്കോടകനെ രക്ഷിക്കുന്നതു തന്നെയാണ് ഉചിതം.


ദംശനത്താല്‍ തന്നെ വിരൂപനാക്കിയ കാര്‍ക്കോടകനോട് ബാഹുകന്‍ കോപിക്കുന്നു. ഇങ്ങിനെയുണ്ടാകുവാനുള്ള കാരണവും താനാരെന്നതും കാര്‍ക്കോടകന്‍ “നൈഷധേന്ദ്ര! നിന്നോടു ഞാന്‍...” എന്ന പദത്തിലൂടെ അറിയിക്കുന്നു. ഊക്കേറും അഹിവരരില്‍ പ്രമുഖനായ കാര്‍ക്കോടകനാണ് താനെന്ന് അറിയിക്കുമ്പോള്‍, നളന്‍ ഇടതുഭാഗത്തേക്കു മാറി കാര്‍ക്കോടകന് മാന്യസ്ഥാനം നല്‍കുന്നു. “കാദ്രവേയകുലതിലക! നിന്‍...” എന്ന ബാഹുകന്റെ മറുപടി പദമാണ് തുടര്‍ന്ന്. കാര്‍ക്കോടകന്റെ ദംശനത്താല്‍ വിരൂപമായ തന്റെ രൂപം കണ്ട് അത്യധികം വിഷമത്തോടെയും ദേഷ്യത്തോടെയും കാര്‍ക്കോടകനോട് കയര്‍ക്കുന്ന ബാഹുകനേയും, പിന്നീട് കാര്‍ക്കോടകനാരെന്നറിഞ്ഞ് ഭയഭക്തിബഹുമാനങ്ങളോടെ തന്റെ കഷ്ടതകള്‍ക്ക് എന്നറുതിവരുമെന്നു കേഴുന്ന ബാഹുകനേയും ഗോപി മനോഹരമാക്കി. ഋതുപര്‍ണസേവകനായി, അവന് അശ്വഹൃദയം നല്‍കി അക്ഷഹൃദയം വശമാക്കുക വഴി കലിബാധ അകറ്റുവാന്‍ കാര്‍ക്കോടകന്‍ അറിയിക്കുന്നു. കൂടാതെ ഒരു വിശേഷ വസ്ത്രം നല്‍കി, സ്വരൂപം തിരിച്ചു കിട്ടുവാനായി അതുടുത്താല്‍ മതിയെന്നും അനുഗ്രഹിക്കുന്നു. കലാനിലയം വാസുദേവ പണിക്കരുടെ കാര്‍ക്കോടകന്‍ മുദ്ര കാട്ടുകയല്ല, എറിയുകയാണ് ചെയ്യുന്നതെന്നു പറയണം. മുദ്രകാണിക്കുന്നതില്‍ അല്പം കൂടി ശ്രദ്ധ നല്‍കുവാന്‍ വാസുദേവ പണിക്കര്‍ മനസുവെച്ചെങ്കില്‍ നന്നായിരുന്നു.


വസ്ത്രം നല്‍കി കാര്‍ക്കോടകന്‍ മറഞ്ഞതിനു ശേഷം, കാര്‍ക്കോടകന്റെ നിര്‍ദ്ദേശപ്രകാരം ഋതുപര്‍ണന്റെ രാജ്യത്തേക്ക് നളന്‍ പുറപ്പെടുന്നു. അതിനു മുന്‍പായി മറ്റാരും കാണാതെ വസ്ത്രം ഒളിപ്പിക്കുക തന്നെ എന്നു പറഞ്ഞ് ഉള്ളിലേക്ക് തിരുകി വസ്ത്രം ഒളിപ്പിക്കുന്നതായും കലാമണ്ഡലം ഗോപി ആടുകയുണ്ടായി‍. അല്പവസ്ത്രം മാത്രം ധരിച്ച നളന്‍ ഏതുരീതിയില്‍ വസ്ത്രം ഒളിപ്പിക്കുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു മനസിലായില്ല. തന്റെ ദയിതയായ ദമയന്തിയെ വനത്തില്‍ ഏകയായി ഉപേക്ഷിച്ചത് നളനെ ഇപ്പോഴും അലട്ടുന്നു. വേര്‍പാട് രംഗം മറ്റൊരു രൂപത്തില്‍ ഇവിടെ ഗോപി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നു. ക്രൂരജന്തുക്കള്‍ നിറഞ്ഞ കാട്ടില്‍ ദമയന്തിക്ക് എന്തെങ്കിലും ആപത്തുപിണയുമോ എന്നു ശങ്കിക്കുന്നെങ്കിലും, പതിവ്രതയായ അവള്‍ക്ക് ഒരു ആപത്തും വരില്ല എന്നു നളന്‍ പിന്നീട് സ്വയം ആശ്വസിക്കുന്നു. ഓരോന്ന് ചിന്തിച്ചിരിക്കാതെ ഋതുപര്‍ണ രാജധാനിയിലേക്ക് ഗമിക്കുക തന്നെ എന്നാടി, യാത്ര തുടങ്ങുന്ന ബാഹുകന്‍ കാട്ടില്‍ പലതും കാണുന്നു. ഇവിടെ ‘മാന്‍പ്രസവം’ മാത്രമാണ് വനവര്‍ണ്ണനയായി ഉണ്ടായത്. വിശന്നുവലഞ്ഞ വേടന്‍, ക്രൂരനായ സിംഹം, കാട്ടുതീ, നിറഞ്ഞൊഴുകുന്ന പുഴ ഇവയ്ക്കു നടുവില്‍ അശരണയായ ഒരു പേടമാന്‍, അതാവട്ടെ പൂര്‍ണ്ണഗര്‍ഭിണിയും. ഏകാശ്രയമായ ഈശ്വരന്‍ എങ്ങിനെ ഇവള്‍ക്ക് തുണയാവും എന്ന് നളന്‍ ഓര്‍ക്കുന്നു. മിന്നലേറ്റ് വേടന്‍ മരിക്കുന്നു, വില്ലില്‍ നിന്നും ലക്ഷ്യം തെറ്റി പാഞ്ഞ അമ്പുകൊണ്ട് സിഹവും ചാവുന്നു, മഴയില്‍ കാട്ടുതീ അണയുന്നു, പേടമാന്‍ രണ്ടു മാന്‍‌കിടാക്കളെ പ്രസവിക്കുന്നു; ഈ രീതിയില്‍ ഈശ്വരന്‍ പേടമാനെ കാക്കുന്നതുകണ്ട് തന്റെ ദയിതയേയും ആപത്തുകളില്‍ നിന്നും ഈശ്വരന്‍ കാക്കുകതന്നെ ചെയ്യും എന്നു നളന്‍ ഉറയ്ക്കുന്നു. വേടന്‍, സിംഹം, തീ, പുഴ എന്നിവ മാറിമാറി അഭിനയിക്കുക എന്നതിലുപരിയായി ഇവയുടെ സൂക്ഷ്മാംശങ്ങള്‍ കൂടി കൃത്യതയോടെ അവതരിപ്പിക്കുവാന്‍ കലാമണ്ഡലം ഗോപി ശ്രദ്ധ ചെലുത്തുകയുണ്ടായി. അതിനാല്‍ തന്നെ ഈ ഭാഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വളരെ അനുഭവത്താവുകയും ചെയ്തു.

മാര്‍ഗമദ്ധ്യേ കാണുന്നവരോട് ഋതുപര്‍ണരാജ്യത്തിലേക്കുള്ള വഴി തിരക്കി ബാഹുകന്‍ യാത്രതുടരുന്നു. അകലെ നിന്നു തന്നെ ആകാശം മുട്ടുന്ന കൊടിമരം ബാഹുകന്‍ കാണുന്നു. കാറ്റത്ത് ഇളകുന്ന കൊടിക്കൂറ അശരണരെ രക്ഷിക്കുവാനായി രാജാവ് വരൂ, വരൂ എന്ന് കൈകാട്ടി ക്ഷണിക്കുന്നതുപോലെയെന്ന് ബാഹുകന് തോന്നുന്നു. ഗോപുരങ്ങളോട് കൂടിയ മന്ദിരത്തില്‍, കാവല്‍ക്കാരുടെ അനുവാദം വാങ്ങി ബാഹുകന്‍ പ്രവേശിക്കുന്നു. ഉള്ളില്‍ സ്ത്രീകള്‍ വീണയും മറ്റു വാദ്യങ്ങളും മനോഹരമായി വായിക്കുന്നെങ്കിലും ബാഹുകന് അതില്‍ താത്പര്യം തോന്നുന്നില്ല. സേവകരോടൊപ്പം സ്ഥിതി ചെയ്യുന്ന ഋതുപര്‍ണ്ണനെ ബാഹുകന്‍ കാണുന്നു. രാജാവിന്റെ സമീപമെത്തി താനൊരു സാരഥിയാണെന്നും, പാചകവും വശമുണ്ടെന്നും ബാഹുകന്‍ അറിയിക്കുന്നു. “മാരോപമീതാകൃതേ...” എന്നതിന്, ‘കാമദേവന്‍ അങ്ങയെക്കണ്ടാല്‍ ഓടിയൊളിക്കും...’ എന്നൊരു പുകഴ്തലും ഗോപിയുടെ ബാഹുകനില്‍ നിന്നുമുണ്ടായി.


ബാഹുകനെ ബോധിക്കുന്ന ഋതുപര്‍ണന്‍, ജീവലവാര്‍ഷ്ണേയന്മാരെ കാട്ടി, അവരോടൊപ്പം വസിക്കുക എന്ന് ബാഹുകനോട് പറയുന്നു. കലാമണ്ഡലം ഷണ്മുഖദാസാണ് ഋതുപര്‍ണനായെത്തിയത്. ബാഹുകന്റെ വാക്കുകള്‍ താത്പര്യത്തോടെ കേട്ട്, തന്നെപ്പറ്റിയുള്ള പുകഴ്ത്തലുകള്‍ ആസ്വദിച്ചിരിക്കുന്ന ഋതുപര്‍ണ്ണനെ ഷണ്മുഖദാസ് ഭംഗിയായിത്തന്നെ അവതരിപ്പിച്ചു. കലാനിലയം വാസുദേവ പണിക്കര്‍, ആര്‍.എല്‍.വി. പ്രമോദ് എന്നിവരവതരിപ്പിച്ച ജീവലവാര്‍ഷ്ണേയന്മാര്‍ നിരുത്തരവാദിത്തപരമായി കലാ‍കാരന്മാര്‍ അരങ്ങിലെത്തുന്നതിനു തെളിവായിരുന്നു. ആര്‍.എല്‍.വി. പ്രമോദ്, ഒന്നുമില്ലെങ്കിലും കഴുത്താരവും പടിയരഞ്ഞാണവുമെങ്കിലും ധരിച്ചിട്ടുണ്ടായിരുന്നു എന്നതൊരു സമാധാനം. എന്നാല്‍ ജീവലവേഷമിട്ട, മുതര്‍ന്ന കലാകാരനായ കലാനിലയം വാസുദേവ പണിക്കരാവട്ടെ, മുഖമൊന്നു മിനുക്കുവന്‍ പോലും മിനക്കെടാതെ, തോന്നിയപോലെ എന്തൊക്കെയോ എടുത്തു ചുറ്റിയാണ് അരങ്ങിലെത്തിയത്. നാല്പത്തിനാലു വര്‍ഷം പിന്നിടുന്ന ഒരു കഥകളി ക്ലബ്ബിന്റെ വാര്‍ഷികവേദിയിലാണ് ഇത്തരത്തില്‍ കലാകാരന്മാര്‍ പെരുമാറുന്നതെന്നത് സംഘാടകര്‍ക്കു കൂടി അപമാനകരമാണ്.

രാത്രിയില്‍ ഉറക്കം വരാതെ ബാഹുകന്‍ തന്റെ അവസ്ഥയോര്‍ത്ത് വിലപിക്കുന്നു. ഇതു കേട്ടുണരുന്ന ജീവലന്‍ കാര്യം തിരക്കുന്നു. താനെഴുതിയ ഒരു കഥയാണിതെന്ന് പറഞ്ഞ് ബാഹുകന്‍ ഒഴിയുന്നു. ബാഹുകന്റെ വിലാപം കേട്ടാണ് ജീവലന്‍ ഉണരേണ്ടത്. എന്നാലിവിടെ പദം കഴിഞ്ഞ് ബാഹുകന്‍ വീണ്ടും ഉറങ്ങാന്‍ കിടക്കുന്നു. ഉടന്‍ ജീവലനെഴുനേറ്റ് ഉറക്കമുണര്‍ത്തി ബാഹുകനോട് കാര്യം തിരക്കുന്നു. പദം തീര്‍ന്നതിനു ശേഷം മനോധര്‍മ്മമായി പിന്നെയും എന്തെങ്കിലുമൊക്കെ ഓര്‍ത്തു ദുഃഖിക്കുകയും, ഇതു കേട്ട് ജീവലന്‍ ഉറക്കമുണര്‍ന്ന് വിലപിക്കുന്ന ബാഹുകനെ കാണുകയും; ഇങ്ങിനെയാവുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു. നേരം പുലര്‍ന്നു, ഉടന്‍ രാജാവിന്റെ സമീപമെത്തുക തന്നെ എന്നു പറഞ്ഞ്, ഉറങ്ങുന്ന വാര്‍ഷ്ണേയനേയുമുണര്‍ത്തി മൂവരും മാറുന്നതോടെ രംഗം അവസാനിക്കുന്നു.


പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ ചേര്‍ന്നാണ് ഋതുപര്‍ണ സവിധത്തില്‍ ബാഹുകനെത്തുന്നതുവരെയുള്ള രംഗങ്ങള്‍ക്ക് പാടിയത്. “വിജനേ ബത! മഹതി!” മുതല്‍ക്ക് ശങ്കരന്‍കുട്ടിയോടൊപ്പം കലാനിലയം രാജീവനും പാടുവാനെത്തി. കലാമണ്ഡലം ഗോപി ഒഴികെയുള്ള മറ്റു വേഷക്കാര്‍ക്ക് പാടുമ്പോള്‍ ഗായകര്‍ അനാവശ്യ ധൃതി കാട്ടുന്നതായി തോന്നി. “വസ, വസ സൂത!” എന്ന പദത്തിനാണ് ഇത് ഏറ്റവും പ്രകടമായത്. കാലം കയറ്റി ഈ പദം പാടുമ്പോള്‍, രാജാവിനു ചേര്‍ന്ന ഗൌരവം നല്‍കുവാന്‍ നടന് നന്നേ ക്ലേശിക്കേണ്ടതായി വരുന്നു. കാര്‍ക്കോടകന്‍, ജീവലന്‍ തുടങ്ങിയ ചെറുവേഷക്കാര്‍, മുദ്ര ആടിക്കഴിയുന്നതിനു മുന്‍പു തന്നെ അടുത്ത വരിയിലേക്ക് നീങ്ങുന്നതും കാണാമായിരുന്നു. ഈ ന്യൂനത ഒഴിച്ചു നിര്‍ത്തിയാല്‍ മൂവരും ഈ ഭാഗങ്ങള്‍ വളരെ ഭംഗിയായി പാടുകയുണ്ടായി. “കാര്‍ദ്രവേയകുലതിലക!...” എന്ന പദമാണ് ഏറെ ശ്രദ്ധേയമായത്. ബാഹുകന്റെ അവസ്ഥ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം കഥാപാത്രാവതരണത്തില്‍ കുറച്ചൊന്നുമാവില്ല നടന് സഹായകരമായത്.

വനവര്‍ണ്ണനവരെ ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസാണ് പ്രവര്‍ത്തിച്ചത്. വേര്‍പാട് രംഗവും മറ്റും ഇത്രമേല്‍ വികാരതീവ്രമായി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്നതില്‍ കൃഷ്ണദാസിന്റെ ചെണ്ടയ്ക്കുള്ള പങ്ക് ചെറുതല്ല. കാട്ടുതീ കാണുന്ന ബാഹുകനെ അവതരിപ്പിക്കുമ്പോള്‍, കണ്ണുകൊണ്ട് തീ കത്തി പടര്‍ന്നു കയറുന്നതായി കലാമണ്ഡലം ഗോപി ആടാറുണ്ട്. ഈ ഭാഗത്തു മാത്രം ശബ്ദവ്യതിയാനം നല്‍കുവാന്‍ കൃഷ്ണദാസ് ശ്രദ്ധിച്ചു കണ്ടില്ല. പ്രത്യേക താളത്തില്‍ ശബ്ദം ഉയര്‍ന്നും താഴ്‌ന്നും ചെണ്ടയില്‍ കേള്‍ക്കുമ്പോളാണ് തീ കാണുന്ന ബാഹുകനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ രസിക്കുക. “ഋതുപര്‍ണ! ധരണീപാല” മുതല്‍ക്ക് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയായിരുന്നു ചെണ്ടയില്‍. കൈക്കു കൂടുന്നതിലും മറ്റും കാര്യമായി അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. കൃഷ്ണദാസ് മാറി ചെണ്ടയില്‍ കുറൂരെത്തുന്നത് വളരെ പ്രകടമായി അറിയുവാനുണ്ടായിരുന്നു. മദ്ദളത്തില്‍ ഇത്രയും ഭാഗത്ത് പ്രവര്‍ത്തിച്ച കോട്ടക്കല്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തി മോശമായില്ല. ഭീമരാജ്യത്ത് നളനെ കാണാഞ്ഞ് ഖിന്നയായി വസിക്കുന്ന ദമയന്തിയുടെ സമീപം പര്‍ണാദന്‍ എത്തുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളുടെ ആസ്വാദനം അടുത്ത പോസ്റ്റില്‍.

Description: Alappuzha District Kathakali Club Anniversary 2009: Nalacharitham Moonnam Divasam Kathakali - Kalamandalam Shanmukhadas (Nalan, Rithuparnan), Kalanilayam Vasudeva Panicker (Karkodakan, Jeevalan), Kalamandalam Gopi (Bahukan), RLV Pramod (Varshneyan), Margi Vijayakumar (Damayanthi), Kalabharathi Harikumar (Parnadan), Kalakendram Muraleedharan Nampoothiri (Rajamathavu), Kalamandalam Ramachandran Unnithan (Sudevan), Kalanilayam Vijayan (Bahukan 2); Pattu: Pathiyur Sanakarankutty, Kottackal Madhu, Kalanilayam Rajeevan; Chenda: Kurur Vasudevan Nampoothiri, Kalamandalam Krishnadas; Maddalam: Kottackal Radhakrishnan, Kalamandalam Achutha Varier; Chutti: Cherthala Viswanathan Nair, Kalanilayam Saji; Kaliyogam: Alappuzha District Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. April 09, 2009.
--