2008, ഡിസംബർ 5, വെള്ളിയാഴ്‌ച

മരുത്തോര്‍വട്ടത്തെ സന്താനഗോപാലം - ഭാഗം രണ്ട്

Santhanagopalam Kathakali: Kalamandalam Balasubrahmanian as Arjunan, Kalamandalam Kesavan Nampoothiri as Brahmanan, Kalamandalam Sreekumar as SriKrishnan and Kalamandalam Vijayakumar as BrahmanaPathni.
നവംബര്‍ 22, 2008: മരുത്തോര്‍വട്ടത്ത് നടത്തപ്പെട്ട സന്താനഗോപാലം കഥകളിയെക്കുറിച്ചുള്ള ആദ്യ ഭാഗം ഇവിടെ വായിച്ചുവല്ലോ. 'ഇനി മേലില്‍ ജനിക്കുന്ന പുത്രനെ കാത്തു നല്‍കാം' എന്ന് അര്‍ജ്ജുനന്റെ പക്കല്‍ നിന്നും സത്യം ചെയ്ത് വാങ്ങിയ ശേഷം ബ്രാഹ്മണന്‍ സ്വഭവനത്തില്‍ മടങ്ങിയെത്തി, തന്റെ ഭാര്യയെ നടന്നതെല്ലാം ധരിപ്പിക്കുന്നു. “കോമളസരോജമുഖി!” എന്ന ബ്രാഹ്മണന്റെ പദത്തോടെയാണ് രംഗത്തിന്റെ തുടക്കം. എന്നാല്‍ “വിധിമതം നിരസിച്ചീടാമോ വിദഗ്ദ്ധന്മാര്‍ക്കും?” എന്ന് സന്ദേഹിക്കുകയാണ് ബ്രാഹ്മണപത്നി. തന്റെ സഹോദരിയുടെ പതിയെ, ഉറ്റതോഴനായ അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍ കൈവെടിയുകയില്ല; അദ്ദേഹത്തിന്റെ സഹായത്തോടെ പുത്രനെ കാത്തു നല്‍കുവാന്‍ പാര്‍ത്ഥന് തീര്‍ച്ചയായും കഴിയും എന്ന് ബ്രാഹ്മണന്‍ പത്നിയെ ആശ്വസിപ്പിക്കുന്നു. ഇപ്രകാരം വിശ്വസിച്ച്, ഇരുവരും പ്രാര്‍ത്ഥനയോടെ വസിക്കുന്നു.

SanthanaGopalam Kathakali: Kalamandalam Kesavan Nampoothiri as Brahmanan and Kalamandalam Vijayakumar as BrahmanaPathni.
അടുത്ത രംഗത്തില്‍ ബ്രാഹ്മണ പത്നി, തന്റെ ഗര്‍ഭം പൂര്‍ണ്ണമായെന്നും, മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രസവമുണ്ടാവുമെന്നും പതിയെ അറിയിക്കുകയാണ്. പുത്രനെ രക്ഷിച്ചു നല്‍കാം എന്നു ശപഥം ചെയ്തിട്ടുള്ള, കര്‍ണ്ണവൈരിയായ അര്‍ജ്ജുനനെ ഉടന്‍ തന്നെ ചെന്നു കണ്ട് വര്‍ത്തമാനം അറിയിച്ച് കൂട്ടിക്കൊണ്ടുവരുവാന്‍ ബ്രാഹ്മണനോട് പത്നി അപേക്ഷിക്കുന്നു. “കല്യാണാലയേ ചെറ്റും അല്ലല്‍ കരുതീടായ്ക...” എന്ന ബ്രാഹ്മണന്റെ മറുപടി പദമാണ് തുടര്‍ന്ന്. പദാന്ത്യത്തില്‍, അര്‍ജ്ജുനനെ കൂട്ടി വേഗമെത്താം എന്നു പറഞ്ഞ് ബ്രാഹ്മണന്‍ തിരിക്കുന്നു.

കലാമണ്ഡലം വിജയകുമാറാണ് ബ്രാഹ്മണപത്നിയായി അരങ്ങിലെത്തിയത്. ആദ്യ രംഗത്തില്‍ ഉണ്ടാവേണ്ട ശോകസ്ഥായിയും, അടുത്ത രംഗത്തിലെ പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയുടെ ഭാവങ്ങളും പ്രകടമാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന്‍ ഈ രംഗങ്ങളില്‍ കൂടുതല്‍ നിലവാരം പുലര്‍ത്തി. എന്നിരുന്നാലും, കൂട്ടുവേഷം രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകരെ നോക്കാതെ കൂട്ടുവേഷത്തെ തിരിഞ്ഞു നോക്കിയുള്ള അദ്ദേഹത്തിന്റെ ഇരുപ്പ് തീര്‍ത്തും അഭംഗിയായി തോന്നി. ആവശ്യമുള്ളപ്പോള്‍ മാത്രം കൂട്ടുവേഷത്തെ അഭിമുഖീകരിച്ച്, മറ്റു സമയങ്ങളില്‍ മുന്നിലേക്ക് നോക്കിയിരിക്കുന്നതാണ് ഉചിതം.

SanthanaGopalam Kathakali: Kalamandalam Kesavan Nampoothiri as Brahmanan and Kalamandalam Balasubrahmanian as Arjunan.
ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തനിക്ക് ചെയ്തു തന്ന സത്യം ഓര്‍മ്മിപ്പിച്ച് അര്‍ജ്ജുനനെയും കൂട്ടി വീട്ടിലേക്ക് എത്രയും പെട്ടെന്നു തിരിക്കുവാനായി തിടുക്കം കൂട്ടുന്നു.”ധീര! വീര! ധീര! വീര! ഹേ!“ എന്ന ബ്രാഹ്മണന്റെ പദമാണ് ഇവിടെ. “ബ്രാഹ്മണേന്ദ്ര! കൂടെ പോരുന്നേന്‍...” എന്ന അര്‍ജ്ജുനന്റെ മറുപടിപദമാണ് തുടര്‍ന്ന്. പുത്രനെ കാത്തു നല്‍കുന്നതിനായി, താന്‍ ഉടന്‍ തന്നെ പുറപ്പെടുന്നതായി അര്‍ജ്ജുനന്‍ അറിയിക്കുന്നു. ഇരുവരും ബ്രാഹ്മണഭവനത്തിലെത്തുന്നു. ശരകൂടം നിര്‍മ്മിക്കുവാനൊരുങ്ങുന്ന അര്‍ജ്ജുനനെ തടഞ്ഞ്, ബ്രാഹ്മണന്‍ ആദ്യം സ്ഥാനം നോക്കുന്നു. ഒരു സ്ഥലം നോക്കി അവിടെ അഗ്നിയുടെ സാന്നിധ്യം, മറ്റൊരിടത്ത് യമന്റെ സാന്നിധ്യം എന്നൊക്കെയാടി ഒടുവില്‍ ഒരു സ്ഥലം കാട്ടിക്കൊടുക്കുന്നു. അവിടെ അര്‍ജ്ജുനന്‍ ശരകൂടം നിര്‍മ്മിക്കുന്നു. തുടര്‍ന്ന് ബ്രാഹ്മണപത്നിയെ ശരകൂടത്തിനുള്ളിലേക്ക് മാറ്റുന്നു. ബ്രാഹ്മണന്റെ ഭവനത്തെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് ശരകൂടമുണ്ടാക്കുന്നു എന്നല്ലേ വേണ്ടത്? സ്ഥാനം നോക്കുന്നതിലും മറ്റും അത്രയ്ക്ക് ഔചിത്യം തോന്നിയില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
അകത്തു നിന്നും രോദനങ്ങള്‍ കേട്ട് ബ്രാഹ്മണന്‍ വ്യാകുലപ്പെടുന്നു. പ്രസവവേദനയാണ് എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ ആശ്വസിപ്പിക്കുന്നു. ഈറ്റില്ലത്തില്‍ നിന്നുള്ള വാര്‍ത്തയറിഞ്ഞ് ബ്രാഹ്മണന്‍ ബോധം നഷ്ടപ്പെട്ട് വീഴുന്നു. ആലസ്യത്തില്‍ നിന്നും ഉണര്‍ന്ന്, അത്യധികം കോപത്തോടെ അര്‍ജ്ജുനനെ ശകാരിക്കുന്നു. ദ്വാരകയില്‍ പോയി ഉണ്ടുറങ്ങിക്കഴിഞ്ഞുകൊള്ളുക എന്ന മട്ടിലുള്ള ശകാരങ്ങള്‍ കേട്ട് അര്‍ജ്ജുനന്‍ വിവശനാവുന്നു. (ഇപ്പോളും അമൃതുപോലെ അര്‍ജ്ജുനന് തോന്നിയോ ആവോ!!!) തുടര്‍ന്ന് ബ്രാഹ്മണപുത്രനെ ദേവലോകത്തും, യമലോകത്തുമെല്ലാം അര്‍ജ്ജുനന്‍ അന്വേഷിക്കുന്നു. യമനെ പോരിനു വിളിക്കുക പോലും ചെയ്യുന്നു. എന്നാല്‍ അവിടെയൊന്നും ബ്രാഹ്മണനപുത്രനെ കണ്ടെത്തുവാന്‍ അര്‍ജ്ജുനനു കഴിയുന്നില്ല. ഇതൊക്കെ അര്‍ജ്ജുനന്റെ ആട്ടത്തില്‍ വരേണ്ടതുണ്ടെങ്കിലും, വളരെ ചുരുക്കിയാണ് ഈ ഭാഗം ഇവിടെ ബാലസുബ്രഹ്മണ്യന്‍ ആടിയത്. ശ്രീകൃഷ്ണന്‍ പോലും തന്റെ രക്ഷയ്ക്കെത്തിയില്ലല്ലോ എന്നോര്‍ത്ത് ദുഃഖിച്ച് വഹ്നിയില്‍ ചാടി ദഹിക്കുവാന്‍ അര്‍ജ്ജുനന്‍ ഒരുങ്ങുന്നു. തീകുണ്ഠം ജ്വലിപ്പിച്ച്, അതിലേക്ക് ചാടുവാന്‍ തുനിയുന്ന അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍ തടയുന്നു. “മാ കുരു സാഹസം...” എന്ന ശ്രീകൃഷ്ണന്റെ പദമാണ് തുടര്‍ന്ന്. ‘മാധവനായ ഞാന്‍ നിനക്ക് സുഹൃത്തായുള്ളപ്പോള്‍, നിനക്ക് ഒരു കാര്യവും അസാധ്യമല്ല എന്നത് ലോകപ്രസിദ്ധമല്ലേ!’ എന്നൊക്കെയുള്ള ശ്രീകൃഷ്ണന്റെ വാക്കുകള്‍ക്ക് അര്‍ജ്ജുനനെ അനുനയിപ്പിക്കുവാനാവുന്നില്ല. ശ്രീകൃഷ്ണന്‍ തന്റെ സുഹൃത്താണ് എന്നു പറഞ്ഞു ഞെളിയുന്നതൊക്കെ ഇതോടെ താന്‍ നിര്‍ത്തി എന്ന മട്ടില്‍ അര്‍ജ്ജുനന്‍ പരിഭവിക്കുന്നു. അര്‍ജ്ജുനന്റെയുള്ളിലെ ഗര്‍വ്വം നീങ്ങിയെന്നു ബോധ്യമാവുന്ന ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സാന്ത്വനിപ്പിക്കുന്നു. ‘ബ്രാഹ്മണന്റെ പുത്രന്മാരെല്ലാം ഒരു കുണ്ഠതയുമില്ലാത്ത ദിക്കില്‍ വസിക്കുന്നുണ്ട്, അവരെ വീണ്ടെടുക്കണമെന്ന നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിച്ചു തരുന്നുണ്ട് ’, എന്ന കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ അത്യധികം സന്തോഷിക്കുന്നു. പുത്രന്മാരെ കൊണ്ടുവരുവാനായി ഇരുവരും വൈകുണ്ഠത്തിലേക്ക് തിരിക്കുന്നു.

SanthanaGopalam Kathakali: RLV Sunil as Vishnu and Kalamandalam Vijayakumar as Lakshmi.
സാധാരണയായി രംഗത്ത് അവതരിപ്പിച്ചു കാണാത്ത, സുദര്‍ശനത്തിന്റെ വരവും, വൈകുണ്ഠത്തില്‍ ഇരുവരും ചെല്ലുന്നതും മറ്റുമായ ഭാഗങ്ങളും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. വൈകുണ്ഠത്തിലേക്കുള്ള വഴിയിലെ അന്ധകാരം അകറ്റുവാനായാണ് ശ്രീകൃഷ്ണന്‍ സുദര്‍ശനത്തെ സ്മരിക്കുന്നത്. സുദര്‍ശനത്തിന്റെ പ്രഭയില്‍ ഇരുള്‍ നീങ്ങി, ഇരുവരും വൈകുണ്ഠത്തില്‍ എത്തിച്ചേരുന്നു. അവിടെ നിന്നും പത്ത് പുത്രന്മാരെയും ഏറ്റുവാങ്ങി ബ്രാഹ്മണഭവനത്തിലേക്ക് തിരിക്കുന്നു. ഫാക്ട് ബിജു ഭാസ്കറാണ് സുദര്‍ശനമായി വേഷമിട്ടത്. വിഷ്ണുവായി ആര്‍.എല്‍.വി. സുനിലും, ലക്ഷ്മിയായി കലാമണ്ഡലം വിജയകുമാറും അരങ്ങിലെത്തി. ബാലെകളിലും മറ്റും കാണാറുള്ളതുപോലെ അനന്തന്റെ ബൊമ്മയൊക്കെ ഇവിടെ ഉപയോഗിച്ചിരുന്നു. കഥകളിയെ സംബന്ധിച്ച് ഇതൊരു അനാവശ്യമാണെങ്കിലും, സാധാരണക്കാര്‍ക്ക് കൌതുകം തോന്നിപ്പിക്കുവാനായിരിക്കാം ഇതുപോലെയുള്ള ക്രമീകരണങ്ങള്‍ അരങ്ങില്‍ ഉപയോഗിക്കുന്നത്. ബ്രാഹ്മണബാലന്മാരെ അത്രയൊന്നും ശ്രദ്ധിക്കാതെ; പാന്റും, ഷര്‍ട്ടും, നിക്കറുമൊക്കെയിട്ട രീതിയിലാണ് പലയിടത്തും അരങ്ങിലേക്ക് കയറ്റിവിടാറുള്ളത്. എന്നാല്‍ ഇവിടെ പത്തുപേരെയും, ഒറ്റമുണ്ടുടുപ്പിച്ച്, ഭസ്മക്കുറിയൊക്കെയണിയിച്ചാണ് അരങ്ങിലെത്തിച്ചത്. ഈ കാര്യത്തില്‍ സംഘാടകരെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.

SanthanaGopalam Kathakali: Kalamandalam Vijayakumar as BrahmanaPathni, Kalamandalam Kesavan Nampoothiri as Brahmanan, Kalamandalam Balasubrahmanian as Arjunan and Kalamandalam Sreekumar as SriKrishnan.
ശ്രീകൃഷ്ണനും, അര്‍ജ്ജുനനും ബ്രാഹ്മണസവിധത്തിലെത്തി പുത്രന്മാരെ കൈമാറുന്നു. ബ്രാഹ്മണന്‍ ഇരുവരേയും അനുഗ്രഹിക്കുന്നു. “ജയിക്ക, ജയിക്ക കൃഷ്ണ!” എന്ന ബ്രാഹ്മണന്റെ പദം കഴിഞ്ഞ് അധികം വലിച്ചു നീട്ടാതെ ആട്ടം അവസാനിപ്പിക്കുന്നതാണ് ഭംഗി. എന്നാലിവിടെ കേശവന്‍ നമ്പൂതിരിക്ക് ആടി മതിയായില്ലെന്നു തോന്നുന്നു. ഓരോരോ കാരണം പറഞ്ഞ് വെറുതെ പതിനഞ്ച് മിനിറ്റോളം അദ്ദേഹം പദത്തിനു ശേഷവും രംഗം വലിച്ചു നീട്ടി. തൊഴുതു മടങ്ങുന്ന അര്‍ജ്ജുനനെയും, ശ്രീകൃഷ്ണനെയും പിന്നാലെപോയി തടഞ്ഞ്, തിരികെ വിളിച്ച്; ‘തന്നെ മറന്നു പോവുമോ?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് രംഗം നീട്ടിക്കൊണ്ടു പോവുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. കലാനിലയം രാജീവന്‍, കലാമണ്ഡലം രാജേഷ് ബാബു എന്നിവരാണ് ഇവിടെ പ്രതിപാദിച്ച രംഗങ്ങള്‍ക്കത്രയും ആലപിച്ചത്. രാജേഷ് ബാബു പലയിടത്തും പാടിയെത്തുന്നുണ്ടായിരുന്നില്ല. രാജീവന്‍ സഹായിച്ചു പാട്ട് രക്ഷപെടുത്തി എന്നു പറയാം. ആര്‍.എല്‍.വി. വിനീത്, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവരായിരുന്നു യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും പ്രവര്‍ത്തിച്ചത്. പ്രധാനവേഷങ്ങള്‍ക്ക് തന്നെ കൊട്ടുവാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തുവാന്‍ ഇരുവരും ശ്രമിച്ചതായി തോന്നിയില്ല. കൈക്കുകൂടാതെ വെറുതെ താളം പിടിച്ചു നില്‍ക്കുവാനാണ് ഇരുവര്‍ക്കും കൂടുതല്‍ ഉത്സാഹം. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ തടയുന്ന ഭാഗത്ത് വലന്തല കൊട്ടി തുടങ്ങി, ആ പദം മുഴുവന്‍ കൊട്ടുന്നത് സഹിക്കാം; എന്നാല്‍ അര്‍ജ്ജുനന്റെ പദത്തിനു ഇടന്തലയിലേക്ക് പോയി, പിന്നെയുള്ള ശ്രീകൃഷ്ണന്റെ ചരണമായ “പാര്‍ത്ഥ! മമ സഖേ...” എന്നതിന് വീണ്ടും വലന്തല ഉപയോഗിക്കുന്നത് എന്തിനാണ്? വലന്തല, വെറുതെ താളം പിടിച്ചു നില്‍ക്കുവാനുള്ള ഉപായമായെടുക്കുന്നത് ഒട്ടും ആശാസ്യമല്ല.

മാര്‍ഗി ശ്രീകുമാറിന്റെ ചുട്ടിയും, നെടുമുടി ശ്രീപാര്‍വതി വിലാസം കഥകളിയോഗത്തിന്റെ കോപ്പുകളും നിലവാരം പുലര്‍ത്തി. ഉടയാടകളിലും, കോപ്പുകളിലും കൊണ്ടുവന്നിട്ടുള്ള പുതിയ പരിഷ്കാരങ്ങള്‍ ഈ കഥകളിയോഗത്തിന്റെ കോപ്പുകളില്‍ കാണുവാനുണ്ടായില്ല. നന്നെന്നു തോന്നുന്ന മാറ്റങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. കഥകളി സ്ഥിരമായി നടക്കാറുള്ള ഒരിടമായിട്ടു കൂടി, പിന്നിലും വശങ്ങളിലും കര്‍ട്ടന്‍ ഉപയോഗിക്കുവാന്‍ സംഘാടകര്‍ മനസുവെക്കാത്തത് ദൌര്‍ഭാഗ്യകരമാണ്. തൂണുകളും, അങ്ങോട്ടുമിങ്ങോട്ടും കിടക്കുന്ന വയറുകളും, പിന്നില്‍ കാണുന്ന ലൈറ്റുകളും, ക്ലോക്കുകളും, മറ്റു സാമഗ്രികളും, എല്ലാത്തിന്റെയും ഇടയില്‍ കഥകളി വേഷങ്ങളും; എന്നതാണ് സ്ഥിതി. അനന്തശയനം അണിയിച്ചൊരുക്കുന്നതിന്റെ പകുതി ആത്മാര്‍ത്ഥത വേണ്ടല്ലോ ചുറ്റുമൊരോ കര്‍ട്ടനിടുവാന്‍! ചുരുക്കത്തില്‍; ആട്ടത്തിലെ കുറവുകളും, മേളത്തിലെ പോരായ്മകളും, രംഗസജ്ജീകരണത്തിലെ അപാകതകളും ഒക്കെ ചേര്‍ന്ന് ആസ്വാദനക്ഷമത കുറച്ച ഒരു അരങ്ങായിരുന്നു മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രത്തിലേത്.

Description: Santhanagopalam Kathakali @ Maruthorvattom Dhanvanthari Kshethram, Cherthala, Alappuzha: Kalamandalam Balasubrahmanian (Arjunan), Kalamandalam Sreekumar (SriKrishnan), Kalamandalam Kesavan Nampoothiri (Brahmanan), Kalamandalam Vijayakumar (Brahmana Pathni, Lakshmi), RLV Sunil (Vishnu) and Fact Biju Bhaskar (Sudarsanam). Pattu by Pathiyoor Sankarankutty, Kalanilayam Rajeevan and Kalamandalam Rajesh Babu; Maddalam by Kalanilayam Manoj, RLV Vineeth; Chenda by Kalabharathi Unnikrishnan, Kalamandalam Sreekanth Varma. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

2008, നവംബർ 28, വെള്ളിയാഴ്‌ച

മരുത്തോര്‍വട്ടത്തെ സന്താനഗോപാലം - ഭാഗം ഒന്ന്

SanthanaGopalam Kathakali at Maruthorvattom SriDhanvanthari Kshethram: Kalamandalam Balasubrahmanian as Arjunan, Kalamandalam Sreekumar as SriKrishnan and Kalamandalam Kesavan Nampoothiri as Brahmanan.
നവംബര്‍ 22, 2008: കഥകളി മുഖ്യവഴിപാടായി നടത്തപ്പെടുന്ന പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രം. നവംബര്‍ 22-ന് അവിടെ അവതരിപ്പിക്കപ്പെട്ട ‘സന്താനഗോപാലം’ കഥകളിയില്‍; കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അര്‍ജ്ജുനനേയും, കലാമണ്ഡലം കേശവന്‍ നമ്പൂതിരി ബ്രാഹ്മണനേയും, കലാമണ്ഡലം ശ്രീകുമാര്‍ ശ്രീകൃഷ്ണനേയും അവതരിപ്പിച്ചു. അര്‍.എല്‍.വി. സുനില്‍ അവതരിപ്പിച്ച പുറപ്പാട്; പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ പാട്ടിലും; കലാനിലയം മനോജ്, ആര്‍.എല്‍.വി. വിനീത് തുടങ്ങിയവര്‍ മദ്ദളത്തിലും; കലാഭാരതി ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദം എന്നിവയ്ക്കു ശേഷമാണ് കഥാഭാഗം അവതരിക്കപ്പെട്ടത്. “ചലമാലയ മൃദുപവന...” എന്ന ചരണത്തിന്റെ കീഴ്‌സ്ഥായിയിലുള്ള ആവര്‍ത്തനം ശ്രദ്ധേയമായി; ഇതൊഴിച്ചു നിര്‍ത്തിയാല്‍ ശരാശരി മികവുപോലും മേളപ്പദത്തിന് അനുഭവപ്പെട്ടില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകയിലെത്തുന്നതു മുതല്‍ക്കാണ് കഥ ആരംഭിക്കുന്നത്. അര്‍ജ്ജുനനെ കണ്ട് ആഹ്ലാദിക്കുന്ന കൃഷ്ണന്റെ “ശ്രീമന്‍, സഖേ, വിജയ!” എന്ന പദമാണ് ആദ്യം. അര്‍ജ്ജുനനും, സഹോദരന്മാരും സുഖമായി കഴിയുന്നില്ലയോ എന്നു കൃഷ്ണന്‍ കുശലമന്വേഷിക്കുകയാണ് ഇതിലൂടെ. “നാഥ! ഭവല്‍ചരണ” എന്ന അര്‍ജ്ജുനന്റെ മറുപടി പദമാണ് തുടര്‍ന്ന്. അങ്ങയുടെ ദാസരായ ഞങ്ങള്‍ക്ക് എന്തെങ്കിലും ദുഃഖം ഉണ്ടാവുമോ, ഏവരും സുഖമായിരിക്കുന്നു എന്നാണ് അര്‍ജ്ജുനന്‍ പറയുന്നത്. ഇളകുന്ന താമരയിലയില്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ജലകണികപോലെ, ക്ഷണികമായ മനുഷ്യജീവിതത്തില്‍ സുഹൃത്തുക്കളോടൊത്തു കഴിയുക എന്നതാണ് ഏറ്റവും സന്തോഷകരം, അതിനാല്‍ കുറച്ചു കാലം ഇവിടെ തന്നോടൊത്തു കഴിയുക എന്ന് കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നു.

“അതിസുഖസംഗത സുദിനം ദിനമിതു മമ!” എന്നു കൃഷ്ണന്‍ പറയുമ്പോള്‍, ‘എനിക്കും അപ്രകാരം തന്നെ’ എന്നിങ്ങനെ സന്ദര്‍ഭത്തോടിണങ്ങുന്ന രീതിയില്‍ ചില മനോധര്‍മ്മങ്ങള്‍ അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ നിന്നുണ്ടായി. എന്നാല്‍ “ഏതാകിലും വരുമോ ബാധ!” എന്നഭാഗത്ത് കൃഷ്ണനോട് അതൊരു ചോദ്യമായി ചോദിച്ചു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. സത്യത്തില്‍, അങ്ങയുടെ ദാസനായ ഞങ്ങള്‍ക്ക് ഒരു ദുഃഖവും വരുവാന്‍ ഇടയില്ല എന്നുറപ്പിച്ചു പറയുകയല്ലേ വേണ്ടത്. അങ്ങിനെയൊരു ചോദ്യത്തിനു തന്നെ ഇടമില്ല എന്നു വ്യംഗ്യം. ശ്രീകൃഷ്ണന്റെ പദഭാഗമായ “ചലിക്കും നളിനീദലമധ്യേ...” എന്നതിന്റെ അവതരണവും ശരിയായ രീതിയിലല്ല ഉണ്ടായത്. ഈ പദത്തിന്റെ അര്‍ത്ഥമുദ്രകള്‍ അതുപോലെ പെറുക്കിവെയ്ക്കുന്നതില്‍ എന്തു കാര്യം! ഇളകുന്ന ജലത്തുള്ളിയുടേതിനു സമാനമായ, ക്ഷണികമായ നരജന്മം എന്നര്‍ത്ഥം കൊണ്ടുവരുവാന്‍ കഴിയണം. താമരയില എന്നതിനു താമരയിതള്‍ എന്നാണ് ശ്രീകുമാര്‍ ആടിയത്. ചലിക്കുന്ന താമരയിലയില്‍ ലസിക്കുന്ന ജലബിന്ദുവിനെ ആട്ടത്തിലൂടെ അനുഭവവേദ്യമാക്കുവാനും അദ്ദേഹം മിനക്കെട്ടില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
‘വളരെക്കാലങ്ങളായി അങ്ങയെക്കാണുവാന്‍ ഇച്ഛിക്കുന്നു. ഒരു വണ്ട് താമരയിലയില്‍ തേന്‍ നുകരുവാന്‍ എപ്രകാരം കൊതിക്കുന്നുവോ, അപ്രകാരം നിന്റെ ചരണാംബുജങ്ങളില്‍ നമസ്കരിക്കുവാന്‍ ഞാനും കൊതിച്ചു കഴിഞ്ഞു. ഇന്ന് എനിക്കതിനു യോഗം വന്നു, എന്തു വേണമെന്ന് ആജ്ഞാപിച്ചാലും’ എന്ന് അര്‍ജ്ജുനനും; ‘നിന്നെക്കാണുവാനായി ഞാനും വളരെ ആഗ്രഹിച്ചിരുന്നു, അല്പകാലം ഇവിടെ എന്നോടൊത്ത് വസിക്കുക’ എന്ന് കൃഷ്ണനും പറയുന്ന ഒരു ചെറിയ മനോധര്‍മ്മമാണ് ഇവിടെ ആടിയത്. എല്ലാം അങ്ങയുടെ ഇച്ഛപോലെ എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ ബലഭദ്രനെ അന്വേഷിക്കുന്നു. അപ്പുറത്തുണ്ടെന്നു കൃഷ്ണന്‍, എന്നാല്‍ അദ്ദേഹത്തെ കണ്ട് വന്ദിച്ചു തിരികെയെത്താം എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ വിടവാങ്ങുന്നു. തന്റെ മുന്‍‌കാല പരാക്രമങ്ങള്‍ സൂചിപ്പിച്ചതിനു ശേഷം, ഇപ്രകാരം ശക്തിമാനായ, പരാക്രമശാലിയായ എന്റെ സുഹൃത്തായി ശ്രീകൃഷ്ണനുമുണ്ട്, അപ്രകാരമുള്ള എന്നെ ജയിക്കുവാന്‍ കാലനും കഴിയില്ല എന്നരീതിയിലോ മറ്റോ‍, അര്‍ജ്ജുനന്റെ ഗര്‍വ്വ് വെളിവാക്കുന്ന ഒരു മനോധര്‍മ്മാട്ടം ഇവിടെ അനിവാര്യമാണ്. അതല്ലാതെ പദമതുപോലെ മുദ്രകാട്ടി അഭിനയിച്ചു തീര്‍ക്കുവാന്‍ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു മുതിര്‍ന്ന കലാകാരന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അരങ്ങില്‍ പ്രവര്‍ത്തിച്ച കാലത്തിന്റെ കണക്കില്‍ മാത്രമാവരുത് ഒരു കലാകാരന്‍ ‘സീനിയര്‍’ ആവുന്നത്. അതിനൊത്ത പ്രവര്‍ത്തിയും ഉണ്ടാവേണ്ടതാണ്.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
ശ്രീകൃഷ്ണനും, അര്‍ജ്ജുനനും, മറ്റ് യാദവ വീരന്മാരും കൂടിയിരിക്കുന്ന സഭയിലേക്ക് വിലപിച്ചുകൊണ്ട് ഒരു ബ്രാഹ്മണന്‍ പ്രവേശിക്കുന്നു. കൈയില്‍ ഒരു കൈക്കുഞ്ഞിന്റെ ശവശരീരവുമുണ്ട്. തന്റെ എട്ട് ബാലന്മാര്‍ ഇതുപോലെ മുന്‍പ് മരണപ്പെട്ടു. തന്റെ ധര്‍മ്മത്തിനെതിരായി ഇന്നുവരെ ഞാന്‍ ജീവിച്ചിട്ടില്ല. അപ്രകാരമുള്ള തന്റെ ദുഃഖത്തിന് അറുതിവരുത്തുക എന്ന് ബ്രാഹ്മണന്‍ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണന്‍ കേട്ട ഭാവം കാണിക്കുന്നില്ല. ഒടുവില്‍ ശ്രീകൃഷ്ണന്റെ അവഗണനയില്‍ സഹികെട്ട്; പതിനാറായിരത്തിലധികം ഭാര്യമാരുടേയും, അവരുടെ കുട്ടികളുടെയും സുഖസൌകര്യങ്ങള്‍ അന്വേഷിച്ചു കഴിയുന്നവന്, ഒരു സാധുബ്രാഹ്മണന്റെ സങ്കടമകറ്റുവാന്‍ എവിടെയാണ് നേരം, എന്നും മറ്റും നിന്ദിച്ചു സംസാരിക്കുന്നു. ഇത്രയൊക്കെയായിട്ടും ശ്രീകൃഷ്ണനോ, മറ്റ് യാദവരോ അനങ്ങുക പോലും ചെയ്യുന്നില്ലെന്നു കണ്ട്, ബ്രാഹ്മണനെ സാന്ത്വനിപ്പിക്കുവാനായി അര്‍ജ്ജുനന്‍ തുനിയുന്നു. താന്‍ ഉദ്ദേശിച്ചതുപോലെ അര്‍ജ്ജുനന്‍ പ്രവര്‍ത്തിച്ചതില്‍ ആഹ്ലാദിച്ച് ശ്രീകൃഷ്ണന്‍ രംഗത്തു നിന്നും മാറുന്നു. ഇപ്രകാരമൊരു ഉദ്ദേശം കൃഷ്ണനുള്ളതായി മുന്‍പെവിടെയും പ്രതിപാദിക്കുന്നില്ല. ബ്രാഹ്മണനെ സഭയില്‍ കാണുന്നതിനു മുന്‍പ് ശ്രീകൃഷ്ണന് ഇതിനുള്ള സമയം ലഭിക്കും (മൂന്നുവട്ടം കലാശമെടുത്താണല്ലോ ബ്രാഹ്മണന്‍ പ്രവേശിക്കുന്നത്.) അപ്പോള്‍, ഒരു ബ്രാഹ്മണന്‍ വിലപിച്ച് വരുമെന്നും, ആരും അനങ്ങരുതെന്നും സദസ്യരോട്(അര്‍ജ്ജുനനെ അറിയിക്കാതെ) പറയുന്നതായി കൃഷ്ണന് ആടാവുന്നതാണ്. ഈ സമയത്ത് ഒന്നുമാടാതെ വെറുതേയിരിക്കുന്ന ശ്രീകൃഷ്ണനെയാണ് സാധാരണ കണ്ടുവരുന്നത്.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
“പരിദേവിതം മതിമതി, തവ!” എന്നു തുടങ്ങുന്ന അര്‍ജ്ജുനന്റെ ബ്രാഹ്മണനോടുള്ള പദമാണ് തുടര്‍ന്ന്. “പുത്രരിനി ജനിക്കില്‍, കാത്തു തരുമീ പാര്‍ത്ഥന്‍!” എന്നു പറഞ്ഞാണ് അര്‍ജ്ജുനന്‍ നിര്‍ത്തുന്നത്. ‘വിഷ്ടപാധിപനായ ശ്രീകൃഷ്ണന്‍ മുതലായവര്‍ എന്റെ ദുഃഖം കേട്ടിട്ട് അനങ്ങാഞ്ഞതെന്ത്? എന്നു ചിന്തിക്കാതെ, ഈ രീതിയില്‍ വാക്കുനല്‍കുന്നത് അത്ഭുതം തന്നെ!’ എന്നു ബ്രാഹ്മണനും പറയുന്നു. ‘ദുഃഖഭാരത്താല്‍ അങ്ങു പറയുന്നവയില്‍ എനിക്ക് അപ്രിയമേതുമില്ല; കുട്ടിയെ രക്ഷിച്ചു തരുവാന്‍ കഴിയുന്നില്ലെങ്കില്‍, താന്‍ ഇന്ദ്രന്റെ പുത്രനല്ല’ എന്നു പറഞ്ഞ് വിശ്വസിപ്പിക്കുവാന്‍ അര്‍ജ്ജുനന്‍ ശ്രമിക്കുന്നു. ‘ശ്രീകൃഷ്ണന്‍, ബലഭദ്രന്‍, മറ്റു യാദവവീരന്മാരും സാധ്യമല്ലെന്നുവെച്ച് അനങ്ങിയില്ല; അപ്പോള്‍ പിന്നെ എനിക്കിനി പുത്രനെ കാണുവാന്‍ കഴിയുമെന്ന ആഗ്രഹമില്ല’ എന്നു പറഞ്ഞ് ബ്രാഹ്മണന്‍ തന്റെ വിലാപം തുടരുന്നു. ബ്രാഹ്മണന്‍ എന്തൊക്കെ പറഞ്ഞിട്ടും ആശ്വസിക്കുന്നില്ലെന്ന് കണ്ട്, തന്റെ പരാക്രമങ്ങള്‍ കേട്ടിട്ടില്ലയോ എന്ന് ചോദിച്ച്, അടുത്തതായി ജനിക്കുന്ന പുത്രനെ കാത്തു നല്‍കുവാന്‍ തനിക്കായില്ലെങ്കില്‍, താന്‍ ജീവനോടെ അഗ്നിയില്‍ ദഹിക്കുമെന്ന് ശപഥം ചെയ്തു നല്‍കുന്നു.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണനും അത്രയൊന്നും കേമമെന്നു പറയുവാനുണ്ടായില്ല. മുദ്രകളുടെ അവ്യക്തതയാണ് എടുത്തു പറയേണ്ട ഒരു കുറവായി കണ്ടത്. ബ്രാഹ്മണന്റെ സ്ഥായി ഈ ഭാഗങ്ങളിലുടനീളം നിലനിര്‍ത്തുന്നതിലും പൂര്‍ണ്ണമായി അദ്ദേഹം വിജയിക്കുകയുണ്ടായില്ല. പദങ്ങള്‍ക്കു ശേഷം അര്‍ജ്ജുനന്റെ പക്കല്‍ നിന്നും വീണ്ടും വീണ്ടും സത്യം വാങ്ങിക്കുന്ന ബ്രാഹ്മണന്റെ മനോധര്‍മ്മങ്ങളാണ്. കംസന്‍ കൊന്ന ശിശുക്കളെ അമ്മയ്ക്ക് തിരിച്ചു നല്‍കി, ഗുരുവായ സാന്ദീപനിയുടെ മൃതനായ പുത്രനെയും യമന്റെ പക്കല്‍ നിന്നും വീണ്ടെടുത്തു നല്‍കി; ഇതു രണ്ടും സാധിപ്പിച്ച കൃഷ്ണന്‍ എന്റെ പുത്രരെ കാക്കാത്തതിനാല്‍ ഇത് അത്ര നിസ്സാരമായെടുക്കരുത് എന്ന ഉപദോശത്തോടെയാണ് ബ്രാഹ്മണന്‍ തുടങ്ങിയത്. തുടര്‍ന്ന് ജ്യേഷ്ഠന്റെ പാദത്തെ ശിരസാനമിച്ച് അര്‍ജ്ജുനന്‍ സത്യം ചെയ്തു നല്‍കുന്നു. തിരികെപ്പോകുവാന്‍ ഒരുങ്ങുന്ന ബ്രാഹ്മണന്റെ മനസിന് ഉറപ്പു ലഭിക്കുന്നില്ല. കൃഷ്ണന്റെ സഹായമില്ലാതെ ഇവനിത് സാധിക്കുകയില്ല എന്നു ചിന്തിക്കുന്ന ബ്രാഹ്മണന്‍, കൃഷ്ണന്റെ പാദത്തെ സ്മരിച്ചൊരു വാക്കു കൂടി അര്‍ജ്ജുനനില്‍ നിന്നും വാങ്ങുക തന്നെ എന്നുറയ്ക്കുന്നു. തന്റെ സഹോദരിയെ വിധവയാക്കുവാന്‍ എന്തായാലും കൃഷ്ണന്‍ അനുവദിക്കുകയില്ല എന്നൊരു ഉപായവും ബ്രാഹ്മണന്റെ ചിന്തയിലുണ്ട്. അപ്രകാരമുള്ള ബ്രാഹ്മണന്റെ ആവശ്യത്തെ അര്‍ജ്ജുനന്‍ നിരാകരിക്കുന്നു. കോപിച്ച് തിരികെ പോകുവാന്‍ ഒരുങ്ങുന്ന ബ്രാഹ്മണനെ തടഞ്ഞ്, അര്‍ജ്ജുനന്‍ കൃഷ്ണ പാദങ്ങളെ സ്മരിച്ച് വാക്കു നല്‍കുന്നതാണ് എന്നു പറയുന്നു. ‘അല്ലയോ ബ്രാഹ്മണ! അങ്ങയ്ക്ക് അടുത്തതായി പിറക്കുന്ന പുത്രനെ ഞാന്‍ കാത്തു നല്‍കുന്നുണ്ട്. അപ്രകാരം എന്നാല്‍ സാധിക്കാതെ വന്നാല്‍, അഗ്നിയില്‍ ചാടി...’ ഇത്രയും അര്‍ജ്ജുനന്‍ പറയുമ്പോള്‍ ബ്രാഹ്മണന്‍ ഇടയ്ക്കു കയറി, ‘വെറുതേ ചാടിയാല്‍ പോര, ഗാണ്ഡീവവുമൊത്ത് ചാടി ദഹിക്കണം.’ എന്നാവശ്യപ്പെടുന്നു. അപ്രകാരം ‘...ഗാണ്ഡീവസഹിതം അഗ്നിയില്‍ ചാടി ദഹിക്കുന്നുണ്ട്.’ എന്ന് അര്‍ജ്ജുനന്‍ വാക്കു നല്‍കുന്നു. ഇതില്‍ സന്തുഷ്ടനാവുന്ന ബ്രാഹ്മണന്‍, അര്‍ജ്ജുനനെ അനുഗ്രഹിച്ച് യാത്രയാവുന്നു.

ഈ ഭാഗത്ത് രണ്ട് വിചിത്രമായ മനോധര്‍മ്മങ്ങള്‍ ബാലസുബ്രഹ്മണ്യന്‍ ആടുകയുണ്ടായി. ആദ്യത്തേത്, ബ്രാഹ്മണന്‍ “വിഷ്ടപാധിപന്‍, ശിഷ്ടപാലകന്...‍” എന്നു തുടങ്ങുന്ന പദത്തിന്റെ ഇരട്ടിയില്‍, “പൊട്ട! നീ ചാടി പുറപ്പെട്ടതെത്രയും ചിത്രം!” എന്നു പറയുമ്പോള്‍ ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ ആടുകയാണ്, ‘ബ്രാഹ്മണന്റെ ശകാരം പോലും അമൃതിനു സമാനമാണ്!’ എന്ന്. ‘കീചകവധ’ത്തില്‍ മാലിനിയുടെ ശകാരങ്ങള്‍ കേട്ടിരിക്കുന്ന കീചകന് ഈ ആട്ടം ചേരും, ഇവിടെ അര്‍ജ്ജുനനു ചേരില്ല! “അര്‍ജ്ജുനനെ കേട്ടറിയുന്നില്ലയോ ഭവാന്‍?” എന്ന് അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു, ‘എനിക്കൊന്നും കേള്‍ക്കുവാനില്ല...’ എന്ന്. ഇതു കണ്ട് അര്‍ജ്ജുനന്‍ കാണിക്കുകയാണ്, ‘പാവം! പൂജ കഴിച്ചുകഴിച്ച്, മണിയുടെ ശബ്ദം മാത്രമേ കേള്‍ക്കുവാന്‍ കഴിയുന്നുള്ളെന്നു തോന്നുന്നു!’ എന്തുദ്ദേശത്തിലാണ് ഇങ്ങിനെയുള്ള ആട്ടങ്ങളൊക്കെ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു കലാകാരന്‍ ആടുന്നതെന്ന് മനസിലാവുന്നില്ല.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇവിടം വരെയുള്ള ഭാഗങ്ങള്‍ ആലപിച്ചത്. ആദ്യ രംഗത്തെ പദങ്ങള്‍ അത്രയൊന്നും ഭാവസാന്ദ്രമായെന്നു പറയുവാനില്ല. “ധീരന്‍! സുകൃതിജന...” എന്ന ഭാഗത്തെ ‘ധീരന്‍’ എന്നതിനും മറ്റും ശക്തികൊടുത്തു പാടുന്നത് രാഗഭാവം കുറയ്ക്കുന്നു. കുശലം ചോദിക്കുന്ന രീതിയാകയാല്‍, അവിടെ പദങ്ങള്‍ക്ക് അത്രയും ശക്തി നല്‍കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ബ്രാഹ്മണന്റെ മുതല്‍ക്കുള്ള ഭാഗങ്ങള്‍ ഇരുവരും നന്നായി ആലപിച്ചു. ബ്രാഹ്മണന്റെ ഒരു ചരണത്തില്‍ വരുന്ന “കഷ്ടം! ഇതു കാണ്മിന്‍...”, “എട്ടു ബാലന്മാര്‍...” എന്നിവയിലെ ‘കഷ്ടം’, ‘എട്ടു’ എന്നിവ ആവര്‍ത്തിച്ചു പാടി ഭാവതീവ്രത നല്‍കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഈ രണ്ടുവാക്കും നീട്ടിപ്പാടി താളത്തില്‍ നിര്‍ത്തുകയാണുണ്ടായത്. കലാനിലയം മനോജ്, കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും ഈ ഭാഗങ്ങള്‍ക്ക് മേളമൊരുക്കി. കൈക്കുകൂടുന്നതിലും, കലാശങ്ങളിലും ഇരുവരും മോശമായില്ല. ബ്രാഹ്മണന്‍ തിരികെ ഗൃഹത്തിലെത്തി, നടന്ന കാര്യങ്ങള്‍ പത്നിയെ അറിയിക്കുന്നതു മുതല്‍ക്കുള്ള രംഗങ്ങളുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Santhanagopalam Kathakali @ Maruthorvattom Dhanvanthari Kshethram, Cherthala, Alappuzha: Kalamandalam Balasubrahmanian (Arjunan), Kalamandalam Sreekumar (SriKrishnan), Kalamandalam Kesavan Nampoothiri (Brahmanan), Kalamandalam Vijayakumar (Brahmana Pathni, Lekshmi), RLV Sunil (Vishnu). Pattu by Pathiyoor Sankarankutty, Kalanilayam Rajeevan and Kalamandalam Rajesh Babu; Maddalam by Kalanilayam Manoj, RLV Vineeth; Chenda by Kalabharathi Unnikrishnan, Kalamandalam Sreekanth Varma. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

2008, നവംബർ 16, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ കൃഷ്ണലീല

KrishnaLeela Kathakali: Margi Vijayakumar as Devaki, Kalamandalam Shanmukhadas as Yasoda and Kalamandalam Mukundan as SriKrishnan; Pattu by Kalamandalam Babu Nampoothiri and Kalanilayam Rajeevan; Organized by DrisyaVedi, Thiruvananthapuram.
11 നവംബര്‍, 2008: പുതിയതായി ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ച കഥകളില്‍ ഏറെ ശ്രദ്ധ നേടിയ കൃഷ്ണലീലയുടെ അഞ്ചാം വാര്‍ഷികവും, ഇരുനൂറ്റിയമ്പതാമത് അരങ്ങുമായിരുന്നു ഇവിടുത്തേത്. കഥയുടെ കര്‍ത്താവായ ഡോ. പി. വേണുഗോപാലനെയും, അവതരണത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കലാകാരന്മാരെയും വേദിയില്‍ ആദരിച്ചു. ദൃശ്യവേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സി.ആര്‍. ഹരിയുടെ സ്മരണാര്‍ത്ഥം, ‘ഹരിചന്ദനം’ എന്ന സ്മരണിക പ്രകാശനം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. കലാമണ്ഡലം മുകുന്ദന്‍ ശ്രീകൃഷ്ണനേയും; മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ് എന്നിവര്‍ യഥാക്രമം ദേവകിയേയും, യശോദയേയും അവതരിപ്പിച്ച ‘കൃഷ്ണലീല’ തുടര്‍ന്ന് അവതരിപ്പിച്ചു. കഥയുടെ സംഗീതം ചിട്ടപ്പെടുത്തിയ ബാബു നമ്പൂതിരി, കലാമണ്ഡലം രാജീവന്‍ എന്നിവരായിരുന്നു ഇവിടെ പാടിയത്. കലാനിലയം മനോജ് മദ്ദളത്തിലും, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ ചെണ്ടയിലും മേളമൊരുക്കി.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Mukundan as SriKrishnan.
കംസനെ കൊന്നതിനു ശേഷം ദേവകിയെ കാണുവാനായി ശ്രീകൃഷ്ണന്‍ എത്തുന്നതു മുതലാണ് ‘കൃഷ്ണലീല’ തുടങ്ങുന്നത്. ദേവകി ഇരുന്നുകൊണ്ടും, ശ്രീകൃഷ്ണന്‍ വലതുവശത്തുകൂടിയും രംഗാരംഭത്തില്‍ പ്രവേശിക്കുന്നു. ‘അമ്മയെ ചെന്നു കാണുക തന്നെ, എവിടെയാണ് അമ്മ?’ എന്നു ശ്രീകൃഷ്ണനും; ‘ശ്രീകൃഷ്ണന്‍ തന്നെക്കാണുവാനായി വരുന്നുണ്ട്’ എന്ന് ദേവകിയും ആടുന്നു. ഇരുവരും കാണുമ്പോള്‍, ഭഗവാനെന്നോര്‍ത്ത് ദേവകി മകനായ ശ്രീകൃഷ്ണനെ തൊഴുന്നു. “ജനനീ! താവക തനയോഗം...” എന്ന ശ്രീകൃഷ്ണന്റെ പദമാണ് ആദ്യം. തന്നെ തൊഴുകയല്ല മറിച്ച് അമ്മയുടെ കരലാളനസൌഖ്യം തരികയാണ് വേണ്ടതെന്ന് ശ്രീകൃഷ്ണന്‍ ഇതില്‍ പറയുന്നു. തുടര്‍ന്ന് ദേവകി കല്‍ത്തുറങ്കില്‍ കഴിയേണ്ടി വന്നതും, തന്റെ പുത്രന്മാരെയെല്ലാം കംസന്‍ കൊന്നതും സ്മരിക്കുന്നു. ഇവയൊക്കെ കേട്ട്, പുത്രധര്‍മ്മം പാലിക്കാതെ വിവിധ ലീലകളാടി ദ്വാരകയില്‍ വസിക്കുകയാണല്ലോ താന്‍ ചെയ്തതെന്ന് ശ്രീകൃഷ്ണന്‍ പശ്ചാത്തപിക്കുന്നു. ശ്രീകൃഷ്ണനെ മകനായി സ്മരിച്ചുള്ള പദമായ “കണ്ണാ! കണ്ണാ! എന്‍ ആരോമലെ” എന്ന പദത്തിനൊടുവില്‍ തനിക്കൊരു ഖേദമുള്ളതായി ദേവകി അറിയിക്കുന്നു. എന്തെന്നു തിരക്കുന്ന കൃഷ്ണനോട്, കണ്ണന്റെ ബാലലീലകള്‍ കാണുവാന്‍ തനിക്കായില്ല എന്നതാണ് ദുഃഖമെന്ന് മറുപടി നല്‍കുന്നു. ഒട്ടും വിഷമിക്കേണ്ട, തന്നെ വളര്‍ത്തിയ യശോദ, എല്ലാം വിസ്തരിച്ച് പറയുന്നതാണ് എന്നാണ് ശ്രീകൃഷ്ണന്റെ സമാധാനം. യശോദയെ കൂട്ടിക്കൊണ്ടുവരുവാനായി ശ്രീകൃഷ്ണന്‍ പോവുന്നതോടെ ആദ്യ രംഗം അവസാനിക്കുന്നു.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Mukundan as SriKrishnan.
മകനെ ഇത്രയും കാലം വേര്‍പിരിഞ്ഞു കഴിയേണ്ടി വന്ന അമ്മയുടെ ദുഃഖം അതുപോലെ പ്രകടമാക്കുവാന്‍ വിജയകുമാറിനായി. ‘തരിക ജനനീഭവല്‍, കരലാളനസൌഖ്യം’ എന്നു കൃഷ്ണന്‍ യാചിക്കുമ്പോള്‍, തന്റെ വിധിയോര്‍ത്ത് ദുഃഖിക്കുന്ന അമ്മയാകുവാന്‍ മാര്‍ഗി വിജയകുമാറിന് ഒരു പ്രയാസവുമുണ്ടായില്ല(ചിത്രം ശ്രദ്ധിക്കുക). ‘കൃഷ്ണലീല’-യിലെ കൃഷ്ണനായി വളരെയധികം അരങ്ങുപരിചയമുള്ള കലാമണ്ഡലം മുകുന്ദനാവട്ടെ, പലയിടത്തും മുദ്രയ്ക്ക് ഒഴുക്കുകിട്ടുവാന്‍ പ്രയാസപ്പെടുന്നതുപോലെ തോന്നി. പുത്രധര്‍മ്മം ഓര്‍ക്കാതെ, ലീലകളാടി കാലം കളഞ്ഞു എന്നയിടത്ത്, ‘കളഞ്ഞു’ എന്നു മുദ്രകാട്ടാതെ ‘നശിച്ചു’ എന്നാണ് ആടിയത്. ‘കാലം നശിച്ചു/നശിപ്പിച്ചു’ എന്നാടുന്നതിലെ അഭംഗി ആര്‍ക്കും മനസിലാവുമല്ലോ!

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Shanmukhadas as Yasoda.
ദേവകിയുടെ സമീപത്തേക്ക് യശോദയെത്തുന്നു. ദേവകിയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണന്റെ ബാലലീലകള്‍ ഓരോന്നായി യശോദ വിശദീകരിക്കുന്നു. മുലപ്പാലില്‍ വിഷം ചേര്‍ത്ത് കൊല്ലുവാന്‍ നോക്കിയ പൂതനയെന്ന രാക്ഷസിക്ക് മോക്ഷം നല്‍കിയത്, ബാലന്റെ വായയില്‍ ഈരേഴ് പതിനാലുലോകങ്ങളും കണ്ടത്, തൈരു കടയുമ്പോള്‍ വന്ന് മുലപ്പാല്‍ ചോദിച്ചതു കിട്ടാത്തതിന്റെ ദേഷ്യത്തില്‍ കുസൃതി കാട്ടിയത്, ദേഷ്യം വന്ന് താന്‍ കൃഷ്ണനെ ഉരലില്‍ കെട്ടിയിട്ടത്, ഉരല്‍ വലിച്ചു നടന്ന് മരങ്ങള്‍ മറിച്ചിട്ട് കുബേരപുത്രന്മാര്‍ക്ക് ശാപമോക്ഷം നല്‍കിയത്, ഉഗ്രവിഷമുള്ള കാളിയന്റെ ഫണത്തില്‍ നൃത്തമാടിയത്, ഗോവര്‍ദ്ധനമുയര്‍ത്തി ഗോകുലനിവാസികളെ രക്ഷിച്ചത്; ഇങ്ങിനെ കൃഷ്ണന്റെ ലീലകളോരോന്നായി യശോദ ദേവകിക്ക് വിശദീകരിക്കുന്നു.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Shanmukhadas as Yasoda.
വളരെ മനോഹരമായാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. ഈ കഥയെ ആകര്‍ഷകമാക്കുന്നതും ഈ രംഗം തന്നെ. ഓരോ ചരണത്തിലും ഓരോ ബാലലീല എന്ന കണക്കില്‍, കാംബോജിയില്‍ പദം ചിട്ടപ്പെടുത്തിയിരിക്കുന്നു. യശോദയായി ആടുന്ന നടനും, അതുകേട്ടിരിക്കുന്ന ദേവകിയെ അവതരിപ്പിക്കുന്ന നടനും ആടുവാന്‍ വേണ്ടുവോളമുണ്ട് ഇവിടെ. യശോദ പറയുന്ന ഓരോന്നിനും അതിനൊത്ത പ്രതിഫലനങ്ങള്‍ നടിക്കുവാന്‍ വിജയകുമാര്‍ മറന്നില്ല. കലാമണ്ഡലം ഷണ്മുഖന്റെ യശോദ മോശമായില്ലെങ്കിലും, അല്പം നിറം മങ്ങിയതായി തോന്നിച്ചു. മകനെ ലഭിച്ചതില്‍ സന്തോഷിക്കുന്ന ദേവകിയുടേയും, മകനെ പിരിയേണ്ടതില്‍ വിഷമിക്കുന്ന യശോദയുടേയും സ്ഥായി സൂക്ഷിക്കുവാനും ഇരുവര്‍ക്കുമായി. ‘ഇന്നുകേള്‍ക്കണമവന്‍ ബാലചരിതമെല്ലാം...‍’ എന്നതിന്റെ അര്‍ത്ഥം കണ്ണുകളുടെ ചലനങ്ങളാല്‍ ദ്യോതിപ്പിക്കുന്ന ഒരാട്ടവും വളരെ മനോഹരമായി വിജയകുമാര്‍ അവതരിപ്പിക്കുകയുണ്ടായി.

SriKrishnaLeela Kathakali: Margi Vijayakumar as Devaki,  Kalamandalam Mukundan as SriKrishnan and Kalamandalam Shanmukhadas as Yasoda.
ശ്രീകൃഷ്ണന്‍ അമ്മമാരുടെ സമീപത്തേക്ക് തിരികെയെത്തി, ഇരുവരേയും യഥാവിധി വന്ദിക്കുന്നു. തിരികെ ഗോകുലത്തിലേക്ക് മടങ്ങുന്ന യശോദയെ; ദേവകിയും, കൃഷ്ണനും ചേര്‍ന്ന് യാത്രയാക്കുന്നു. “മാതൃകൃപാധാരം ജഗതഖിലം” എന്ന ചരണത്തോടെയാണ് കഥ അവസാനിക്കുന്നത്. ഈ രംഗം അനുഭവത്താക്കി അവതരിപ്പിക്കുന്നതില്‍ മൂവരും വിജയിച്ചു. ഇവിടുത്തെ കഥകളിയരങ്ങ് ഇത്രയും അനുഭവവേദ്യമായതില്‍; കലാമണ്ഡലം ബാബു നമ്പൂതിരി, കലാനിലയം രാജീവന്‍ എന്നിവരുടെ ആലാപനത്തിനുള്ള പങ്കും ചെറുതല്ല. രേവതി രാഗത്തിലുള്ള ‘മായാതെ മാമക മാനസേചേര്‍ക്ക...’ എന്ന പദം, ‘നന്ദകുമാരലീലകള്‍ ചൊല്‍‌വാന്‍ വന്നുയോഗം...’ എന്ന കാംബോജിയിലുള്ള പദം, അവസാനഭാഗത്തുള്ള യശോദയുടെ ശുഭപന്തുവരാളിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ‘നന്ദനനെ മാതാവിനായ് നല്‍കുവാന്‍ വന്നവള്‍...’ എന്ന പദവും വളരെ മികച്ചു നിന്നു. ചിലഭാഗങ്ങളില്‍ വാക്കുകളുടെ ഉച്ചാരണത്തില്‍ വ്യക്തതയുണ്ടായില്ല എന്നതുമാത്രം ഒരു കുറവായി തോന്നി.

മദ്ദളത്തില്‍ കലാനിലയം മനോജ്, ചെണ്ടയില്‍ കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവരുടെ പ്രവര്‍ത്തിയും തരക്കേടില്ലായിരുന്നു. ചിലയിടങ്ങളിലൊക്കെ മുദ്രയ്ക്കോ, ചുവടുകള്‍ക്കോ അനുസരിച്ച് കൊട്ടാതെ, ഇരുവരും താളം പിടിക്കുന്നതായി കണ്ടു. സ്ത്രീകഥാപാത്രങ്ങളുടെ പദങ്ങള്‍ക്ക് ഇടയ്ക്ക ചിലപ്പോഴൊക്കെ ഉപയോഗിച്ചു കാണാറുണ്ട്. ഇവിടെയുമതുണ്ടായി. ഇടയ്ക്കയുടെ ശബ്ദം കേള്‍ക്കുവാനായി മൈക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇടയ്ക്കയുടെ ശബ്ദം വളരെ ഉയര്‍ന്നു കേള്‍ക്കുന്നത് മേളത്തിന്റെ ഭംഗികുറയ്ക്കുന്നു. അതുപോലെ ഇടയ്ക്ക ശ്രുതി ചേര്‍ക്കാതെ ഉപയോഗിക്കുന്നതും നന്നല്ല. ശ്രുതി ചേരാത്ത ഇടയ്ക്ക ഗായകര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മാര്‍ഗി രവീന്ദ്രന്റെ ചുട്ടി, മാര്‍ഗി കളിയോഗത്തിന്റെ കോപ്പുകള്‍ എന്നിവ സാധാരണപോലെ നിലവാരം പുലര്‍ത്തി. മൊത്തത്തില്‍ വളരെ മികച്ചൊരു കഥകളിവിരുന്നായിരുന്നു, കാര്‍ത്തിക തിരുനാളില്‍ അവതരിപ്പിക്കപ്പെട്ട ‘കൃഷ്ണലീല’ ആസ്വാദകര്‍ക്കു നല്‍കിയത്.

Description: SreeKrishnaLeela Kathakali @ Karthika Thirunal Theater, East Fort, Thiruvananthapuram. Margi Vijayakumar (Devaki), Kalamandalam Shanmukhan (Yasoda), Kalamandalam Mukundan (SriKrishnan). Pattu: Kalamandalam Babu Nampoothiri, Kalanilayam Rajeevan; Maddalam: Kalanilayam Manoj; Chenda: Kalamandalam Sreekanth Varma; Chutti: R.L.V. Somadas; Organized by Drisyavedi. An appreciation (aswadanam) by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu blog.
--

2008, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം ഒന്നാം ദിവസം

Nalacharitham Onnam Divasam - Uthara Bhagam Kathakali: Kalamandalam Krishnakumar (Nalan), Margi Vijayakumar (Damayanthi), Kalamandalam Balasubrahmanian (Indran), Kalamandalam Shanmukhadas (Agni), Margi Suresh (Yaman), Margi Harivalsan (Varunan), Margi Sukumaran (Saraswathi); Music: Pathiyoor Sankarankutty, Kalamandalam Vinod; Maddalam: Margi Rathnakaran; Chenda: Margi Venugopal; Chutti: R.L.V. Somadas; Presented by Drisyavedi, Thiruvananthapuram.
ഒക്ടോബര്‍ 23, 2008: നളചരിതം ഒന്നാം ദിവസം പൂര്‍വ്വഭാഗത്തിന്റെ തുടര്‍ച്ചയായ ഉത്തരഭാഗമാണ് ദൃശ്യവേദിയുടെ മാസപരിപാടിയായി ഒക്ടോബര്‍ മാസത്തില്‍ അവതരിപ്പിച്ചത്. കലാമണ്ഡലം കൃഷ്ണകുമാറിന്റെ നളന്‍, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി, പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടെ പാട്ട് എന്നിവയായിരുന്നു മുഖ്യ ആ‍കര്‍ഷണങ്ങള്‍. ഹംസം നളന്റെ പക്കല്‍ തിരിച്ചെത്തുന്ന രംഗം ഒഴിവാക്കി, ദേവന്മാര്‍ നളനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു മുതല്‍ക്കുള്ള ഭാഗമാണ് ഇവിടെ അവതരിക്കപ്പെട്ടത്. ഒന്നാം ദിവസം കഥയെ രണ്ടായി വിഭജിച്ച് അവതരിപ്പിക്കുമ്പോളെങ്കിലും, രംഗങ്ങള്‍ ഒഴിവാക്കാതെയിരുന്നാല്‍ നന്നായിരുന്നു.

ദമയന്തിയില്‍ തങ്ങള്‍ക്കുള്ള താത്പര്യം ദേവേന്ദ്രാദികള്‍ നളനെ അറിയിക്കുന്നു. തങ്ങളുടെ ദൂതനായി ദമയന്തിയെ ചെന്നു കാണണമെന്നതാണ് ദേവന്മാരുടെ ആവശ്യം. എന്നാല്‍ ഭൈമീകാമുകനായ തന്നെ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന് നളന്‍ അപേക്ഷിക്കുന്നു. മുന്‍പ് എന്തു പറഞ്ഞാലും ചെയ്യാം എന്നു പറഞ്ഞിട്ട്, ഇനിയിതു ചെയ്യാതിരുന്നാല്‍ ധര്‍മ്മച്യുതിവരുമെന്ന് യമധര്‍മ്മന്‍ ഓര്‍മ്മപ്പെടുത്തുന്നു. ധര്‍മ്മസങ്കടത്തിലാവുന്ന നളന്‍ ഒടുവില്‍ ദേവന്മാരുടെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാമെന്ന് നിശ്ചയിക്കുന്നു. ദേവേന്ദ്രനില്‍ നിന്നും തിരസ്കരണി വശമാക്കിയ ശേഷം, അദൃശ്യനായി നളന്‍ ദമയന്തിയുടെ അന്തഃപുരത്തിലെത്തുന്നു.

Nalacharitham Onnam Divasam - Uthara Bhagam Kathakali: Kalamandalam Krishnakumar (Nalan), Kalamandalam Balasubrahmanian (Indran).
കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ഇന്ദ്രനായി അരങ്ങിലെത്തിയത്. പദത്തിനു ശേഷം തിരസ്കരണി നളന് ഉപദേശിക്കുന്നതായി ആടുവാന്‍ അദ്ദേഹം മറന്നില്ല. “തിരസ്കരണി ഉപയോഗിച്ച് അന്തഃപുരത്തില്‍ കടന്നാല്‍ അവള്‍ക്ക് ദേഷ്യം തോന്നില്ലേ?” എന്ന ചോദ്യവും കൃഷ്ണകുമാറിന്റെ നളനില്‍ നിന്നുമുണ്ടായി. “ഒരിക്കലുമില്ല, എന്റെ ദൂതനെന്നറിയുമ്പോള്‍ അവള്‍ അത്യധികം സന്തോഷിക്കും” എന്ന് ഉചിതമായി ബാലസുബ്രഹ്മണ്യന്‍ മറുപടി നല്‍കുകയും ചെയ്തു. ‘അരുള്‍ ചെയ്തതു കേട്ടില്ലെന്നരുതേ കോപം...’ എന്ന പദഭാഗത്ത് കൃഷ്ണകുമാര്‍ കാട്ടിയത് ‘കേട്ടില്ല’ എന്നായിരുന്നു. ‘പറഞ്ഞത് ചെയ്തില്ല എന്നു കരുതരുതേ...’ എന്നാണ് നളന്‍ അപേക്ഷിക്കുന്നത്. അല്ലാതെ, ‘തനിക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞില്ല എന്നു കരുതരുതേ...’ എന്നല്ല! കലാമണ്ഡലം കൃഷ്ണകുമാറില്‍ നിന്നും പ്രേക്ഷകര്‍ ഇതല്ല പ്രതീക്ഷിക്കുന്നത്.

Nalacharitham Onnam Divasam - Uthara Bhagam Kathakali: Kalamandalam Krishnakumar (Nalan), Margi Vijayakumar (Damayanthi).
തന്റെ അന്തഃപുരത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷന് നളന്റെ ഛായയുണ്ടെങ്കിലും, ഇപ്രകാരത്തില്‍ അദൃശ്യനായി വന്നതിനാല്‍ മര്‍ത്യനല്ല എന്നു നിനച്ച് ദമയന്തി ആരെന്ന് തിരക്കുന്നു. ആഗമനോദ്ദേശം അറിയിക്കുമ്പോള്‍, ദമയന്തിക്കു താത്പര്യം ദൂതന്റെ വിശേഷങ്ങള്‍ അറിയുവാനാണ്. സൌമ്യഭാവത്തില്‍ തുടങ്ങി ഒടുവില്‍ കോപത്തോടെയും ദമയന്തിയുടെ മനസ് ഇളക്കുവാന്‍ നളന്‍ ശ്രമിക്കുന്നു. എന്നാല്‍ നളന്‍ എന്തൊക്കെ പറഞ്ഞിട്ടും ദമയന്തി കൂട്ടാക്കുന്നില്ല. രാജകന്യകയായ താന്‍ മനസില്‍ നിരൂപിച്ചിരിക്കുന്ന രാജാവിനെയല്ലാതെ മറ്റൊരാളെ വരിക്കുകയില്ല എന്ന് ദമയന്തി തീര്‍ത്തു പറയുന്നു.

തിരുനക്കരയിലെ ഒന്നാം ദിവസത്തിലെന്നപോലെ പോലെ മാര്‍ഗി വിജയകുമാറിന്റെ ദമയന്തി ഇവിടെയും അത്ര പ്രസന്നമായ മുഖഭാവത്തോടെയല്ല തുടങ്ങിയത്. എന്നാല്‍ ദൌത്യം കഴിഞ്ഞു നളന്‍ മടങ്ങുമ്പോള്‍, നളനെ ഓര്‍ത്തിരിക്കുന്ന ദമയന്തിയാകുവാന്‍ വിജയകുമാറിന് ആവുകയും ചെയ്തു. ‘തന്നെ നിനച്ചിരിക്കുകയാണിവള്‍, താന്‍ സുകൃതം ചെയ്തവന്‍ തന്നെ!’ എന്നൊരു ആട്ടവും ഇവിടെ കൃഷ്ണകുമാറില്‍ നിന്നുമുണ്ടായി. കലാമണ്ഡലം കൃഷ്ണകുമാറിന്റെ നളന്‍ ആദ്യം ദമയന്തിയോട് തുടങ്ങുന്നതു മുതല്‍, അവസാനം വരെയും ഒരേ ഭാവത്തിലാണ് പ്രവര്‍ത്തിച്ചത്. ദമയന്തി മറുപടി നല്‍കുമ്പോളാവട്ടെ, കാര്യമായ താത്പര്യമൊന്നും കാട്ടാതെ വെറുതെ നില്‍ക്കുകയുമായിരുന്നു നളന്‍. കൃഷ്ണകുമാര്‍, വേഷത്തോട് പൂര്‍ണ്ണമായും ആത്മാര്‍ത്ഥത കാട്ടുന്നില്ല എന്നതാണ് സങ്കടകരം. ഇത്രയൊക്കെ മതി എന്ന രീതിയിലാണ് അരങ്ങിലെ പ്രവര്‍ത്തി. ഇന്ദ്രനെ സ്വീകരിച്ചാല്‍ സ്വര്‍ഗീയസുഖങ്ങള്‍ യഥേഷ്ടം ലഭിക്കും; വരുണനെ വരിച്ചാലാവട്ടെ സമുദ്രത്തിന്റെ അഗാധതയിലുള്ള മുത്തുകളും മറ്റും ലഭിക്കും; അഗ്നിയെയാണ് വരിക്കുന്നതെങ്കിലോ പിന്നെ അഗ്നിഭയം ഒട്ടും വേണ്ട, അത്യധികം ശോഭയുണ്ടാവുകയും ചെയ്യും; ഇനി യമനാണ് പതിയെങ്കില്‍ ഒരിക്കലും മൃത്യു ഉണ്ടാവുകയുമില്ല; ഈ രീതിയില്‍ ഓരോ ദേവന്മാരെ സ്വീകരിക്കുന്നതു കൊണ്ടും ദമയന്തിക്കുണ്ടാകാവുന്ന സൌഭാഗ്യങ്ങള്‍ നളന്‍, ദമയന്തിയെ അവസാനം ഓര്‍മ്മപ്പെടുത്തുകയുമുണ്ടായി. ഈ ആട്ടം മാത്രമാണ് ഇവിടെ കൃഷ്ണകുമാറിന്റെ നളനില്‍ കണ്ട മികവ്.

Nalacharitham Onnam Divasam - Uthara Bhagam Kathakali: Damayanthi Swayamvaram.
സ്വയംവരമാണ് അടുത്ത രംഗം. ഇവിടെ സരസ്വതീദേവി സ്വയംവരത്തിനായെത്തിയിരിക്കുന്ന രാജാക്കന്മാരെ ദമയന്തിക്ക് പരിചയപ്പെടുത്തുന്നു. നളന്റെ രൂപത്തില്‍ അഞ്ചുപേരെക്കണ്ട്, തനിക്ക് ശരിയായ നളനെ മനസിലാക്കിത്തരുവാന്‍ ദമയന്തി ദേവന്മാരോട് പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥന കൈക്കൊണ്ട്, ദേവന്മാര്‍ തന്താങ്ങളുടെ ചിഹ്നങ്ങള്‍ ദമയന്തിക്ക് ദൃശ്യമാക്കുന്നു. ദമയന്തി നളനെ വരിക്കുന്നു. സരസ്വതിയായി ഇവിടെ അരങ്ങിലെത്തിയത് മാര്‍ഗി സുകുമാരനായിരുന്നു. ആട്ടം തരക്കേടില്ലായിരുന്നെങ്കിലും, ദമയന്തിയുടെ പക്കല്‍ നിന്നും പുഷ്പമാല മേടിച്ച് പിടിച്ചു നില്‍ക്കേണ്ടതില്ലായിരുന്നു. ഒരു സാധാരണ ദാസിയല്ലല്ലോ സരസ്വതി. അഗ്നിയായി കലാമണ്ഡലം ഷണ്മുഖദാസ്, യമനായി മാര്‍ഗി സുരേഷ്, വരുണനായി മാര്‍ഗി ഹരിവത്സന്‍ എന്നിവരാണ് അരങ്ങിലെത്തിയത്. മാര്‍ഗി സുരേഷിന്റെ യമന് ഗൌരവം കുറവായിരുന്നു. ‘നീ വാക്കു പറഞ്ഞതല്ലയോ, ഇപ്പോള്‍ മാറുവാന്‍ പാടുണ്ടോ?’ എന്നുള്ള ചോദ്യമൊക്കെ രസികസ്വഭാവമുള്ള കഥാപാത്രങ്ങള്‍ ചോദിക്കുന്ന രീതിയിലായിപ്പോയി.

Nalacharitham Onnam Divasam - Uthara Bhagam Kathakali: Kalamandalam Krishnakumar (Nalan), Margi Vijayakumar (Damayanthi).
പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം വിനോദ് എന്നിവരുടെ ആലാപനത്തില്‍, പദങ്ങള്‍ നോക്കി പാടുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. ഉത്തരഭാഗവും ഇപ്പോള്‍ പലയിടത്തും അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഈ ഭാഗത്തെ പദങ്ങളും കാണാതെ പഠിക്കുന്നതാവും അഭികാമ്യം. സംഗീതം അനുഭവത്താക്കുവാന്‍ ഇവ ഹൃദിസ്ഥമാക്കേണ്ടത് അനിവാര്യവുമാണ്. മാര്‍ഗി രത്നാകരന്റെ മദ്ദളവും, മാര്‍ഗി രത്നാകരന്റെ മദ്ദളവും ശരാശരി നിലവാരം പുലര്‍ത്തി. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയും, മാര്‍ഗിയുടെ വേഷാലങ്കാരങ്ങളും പതിവുപോലെ മികച്ചു നിന്നു. ഇങ്ങിനെയെല്ലാം നോക്കുമ്പോള്‍; ഏറെയൊന്നും പ്രേക്ഷകര്‍ക്ക് തൃപ്തിനല്‍കാത്ത നളചരിതം ഒന്നാം ദിവസം ഉത്തരഭാഗമായിരുന്നു ഇവിടെ അവതരിപ്പിക്കപ്പെട്ടത്.

Description: Nalacharitham Randam Divasam - Uthara Bhagam Kathakali: Kalamandalam Krishnakumar (Nalan), Margi Vijayakumar (Damayanthi), Kalamandalam Balasubrahmanian (Indran), Kalamandalam Shanmukhadas (Agni), Margi Suresh (Yaman), Margi Harivalsan (Varunan), Margi Sukumaran (Saraswathi); Music: Pathiyoor Sankarankutty, Kalamandalam Vinod; Maddalam: Margi Rathnakaran; Chenda: Margi Venugopal; Chutti: R.L.V. Somadas; Presented by Drisyavedi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം ഒന്നാം ദിവസം

Nalacharitham Onnam Divasam Kathakali organized by Drisyavedi @ Karthika Thirunal Theater, East Fort, Thiruvananthapuram. Kalamandalam Balasubrahmanian (Nalan), Fact Jayadeva Varma (Naradan), Kalamandalam Ratheesan (Hamsam), Kalamandalam Rajasekharan (Damayanthi), Kalamandalam Anilkumar (Thozhi).
22 സെപ്റ്റംബര്‍ 2008: തിരുവനന്തപുരം ദൃശ്യവേദിയുടെ പ്രതിമാസക്കളി, കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അരങ്ങേറി. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ നളനേയും, കലാമണ്ഡലം രാജശേഖരന്‍ ദമയന്തിയേയും, കലാമണ്ഡലം രതീശന്‍ ഹംസത്തേയും അവതരിപ്പിച്ച നളചരിതം ഒന്നാം ദിവസം കഥകളിയുടെ പൂര്‍വ്വഭാഗമായിരുന്നു അവതരിപ്പിച്ചത്. നൈഷധരാജനായ നളനെക്കാണുവാനായി നാരദമഹര്‍ഷി എത്തുന്നു. യഥാവിധി സ്വീകരിച്ചിരുത്തി ആഗമനോദ്ദേശം ആരായുന്ന നളനോട്, ദേവന്മാര്‍ പോലും ആഗ്രഹിക്കുന്ന ദമയന്തിയെ ലഭിക്കുവാനായി യത്നിക്കുവാന്‍ പറയുന്നു. ദേവന്മാര്‍ പോലും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ദമയന്തിയെ ലഭിക്കുവാന്‍, കേവലമൊരു മനുഷ്യനായ താന്‍ യത്നിക്കുന്നത് ധര്‍മ്മച്യുതിയാവില്ലേ എന്നാണ് നളന്റെ സന്ദേഹം. യജ്ഞഭാഗം സ്വീകരിക്കുവാനാണ് ദേവകള്‍ക്ക് അര്‍ഹതയെന്നും, രത്നങ്ങള്‍ രാജാവായ നിനക്കുള്ളതാണ് എന്നും നാരദന്‍ മറുപടി നല്‍കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Balasubrahmanian as Nalan, Fact Jayadeva Varma as Naradan.
പദത്തിനു ശേഷമുള്ള മനോധര്‍മ്മാട്ടത്തിലും ദേവന്മാര്‍ പോലും ഇച്ഛിക്കുന്ന ദമയന്തിക്കായി താന്‍ യത്നിക്കുന്നത് ശരിയാണോ എന്ന് നളന്‍ സന്ദേഹിക്കുന്നുണ്ട്. അങ്ങിനെ നിനക്ക് ശ്രേയസ്കരമല്ലാത്ത ഒരു കാര്യവുമായി ഞാന്‍ നിന്റെയരികിലെത്തുമോ എന്നാണ് ഇതിന് നാരദന്‍ പറയുന്ന സമാധാനം. ഫാക്ട് ജയദേവ വര്‍മ്മയാണ് ഇവിടെ നാരദവേഷമിട്ടത്. ദേവന്മാര്‍ കൊതിക്കുന്ന ദമയന്തിയെ സ്വന്തമാക്കുവാന്‍, ദേവനാരികള്‍ പോലും കൊതിക്കുന്ന നളനുതന്നെയാണ് അര്‍ഹത എന്നു തുടങ്ങുന്ന കഥ ഈയിടെയായി ഒരു നാരദനും ആടിക്കാണാറില്ല. അറിവില്ലാത്തതിനാലാണോ, അതോ വേണ്ട എന്നു കരുതിയാണോ ഇതെന്ന് അറിയില്ല. കലാമണ്ഡലം ബാലസുബ്രഹ്മണ്യനാവട്ടെ; ‘അരവിന്ദഭവതനയന്‍’, ‘ഹരിമന്ദിരം’ എന്നിവയ്ക്കെല്ലാം നേരിട്ടുള്ള അര്‍ത്ഥമുദ്രകള്‍ കാട്ടിയതല്ലാതെ കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിച്ചു കണ്ടില്ല. അതുപോലെ നാരദന്റെ വാക്കുകള്‍ കേട്ട്, ഇടയ്ക്കിടയ്ക്കുള്ള മനോധര്‍മ്മങ്ങളും കാര്യമായി ഉണ്ടായില്ല.

ദമയന്തിയോടുള്ള പ്രണയത്താല്‍ പീഢിതനായ നളനെയാണ് തുടര്‍ന്നു കാണുന്നത്. “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...” എന്ന കല്യാണിയിലുള്ള പദമാണ് ഇവിടെ. പദത്തിനു മുന്‍പുള്ള ശ്ലോകത്തില്‍ “പാന്ഥലോകാശ്രുതായാം...” എന്നുണ്ടെങ്കിലും, പലര്‍ പറഞ്ഞു ദമയന്തിയുടെ ഗുണഗണങ്ങള്‍ കേള്‍ക്കുന്നത് ബാലസുബ്രഹ്മണ്യന്‍ ആടുകയുണ്ടായില്ല. അതുപോലെ ഇടതുവശത്തെ ഇരുപ്പിടത്തില്‍ ഇരിക്കുവാനാഞ്ഞ്, ഇരിപ്പുറയ്ക്കാതെ വലത് വശത്തേക്ക് നടന്ന് ഇരിപ്പിടത്തില്‍ ഇരിക്കുവാനാഞ്ഞ്, അവിടെയും ഇരിപ്പുറയ്ക്കാതെ തിരിച്ചു വന്നിരുന്നാണ് കലാമണ്ഡലം ഗോപി പദം ആടി തുടങ്ങാറുള്ളത്. എന്നാല്‍ ഇവിടെ ഗോപിയുടെ ശിഷ്യന്‍ അവതരിപ്പിച്ചു വന്നപ്പോള്‍, ഇടതുവശത്ത് ഇരിപ്പുറയ്ക്കാഞ്ഞ് പകുതിവരെ നടന്ന്, വീണ്ടും ഇടത് വന്ന് ഇരിക്കുന്നതായി. മിക്കവാറും, ബാലസുബ്രഹ്മണ്യന്റെ ശിഷ്യന്മാരുടെ കാലമാവുമ്പോള്‍, ഇടതുവശത്തിരുന്ന് ആടിത്തുടങ്ങുക മാത്രമേ ഉണ്ടാവുകയുള്ളൂ!

Nalacharitham Onnam Divasam Kathakali: Kalamandalam Balasubrahmanian as Nalan.
നളന്റെ ഈ പദത്തില്‍ തന്നെ, “വിധുരത വന്നു കൃത്യചതുരത പോയി...” എന്ന ഭാഗത്ത്, ‘തന്റെ കൃത്യചതുരത നശിച്ചു.’ എന്നാണ് ബാലസുബ്രഹ്മണ്യന്‍ ആടിയത്. ‘പോവുക’ എന്നതിന് ‘നശിച്ചു’ എന്നാടിയാല്‍ എങ്ങിനെയാണ് ശരിയാവുക? തുടര്‍ന്ന് അവളെ ലഭിക്കുവാനുള്ള വിവിധങ്ങളായ ഉപായങ്ങള്‍ ആലോചിക്കുകയാണ് നളന്‍.
> കുണ്ഡിനത്തില്‍ പോയി ഭീമരാജാവിനോട്, അവളെ വിവാഹം കഴിച്ചുതരുവാന്‍ യാചിച്ചാലോ? ഇളഭ്യത നടിച്ച്; വേണ്ട, ഒരു രാജാവായ തനിക്കത് ഉചിതമല്ല.
> സേനയോടു കൂടിച്ചെന്ന്, ബലമുപയോഗിച്ച് അവളെ പിടിച്ചുകൊണ്ടിങ്ങു വന്നാലോ? - അങ്ങിനെ ചെയ്താല്‍ അവള്‍ക്ക് തന്നോട് അഹിതം തോന്നില്ലേ? അതിനാലതും വേണ്ട.
ഇങ്ങിനെയൊക്കെ ചിന്തിക്കുന്നെങ്കിലും, ഇവയൊന്നും ഉചിതമല്ലെന്നും നളന്‍ തന്നെ മനസിലാക്കുന്നു. തുടര്‍ന്ന് മനസിന് അല്പം സുഖം ലഭിക്കുവാനായി വീണ വായിക്കുക തന്നെ എന്നുറയ്ക്കുന്നു. ആദ്യമൊക്കെ അതില്‍ സുഖം ലഭിക്കുന്നെങ്കിലും, പിന്നീട് അത് നഷ്ടമാവുന്നു. താന്‍ കാമാഗ്നിയില്‍ വേവുകയാണെന്നാടി നളന്‍ ശരീരമാസകലം ചന്ദനം പുരട്ടുന്നു. എന്നാല്‍ ചന്ദനം ചൂട് വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ എന്ന് കണ്ട് തുടച്ചു മാറ്റുന്നു. കാമാഗ്നിയില്‍ വേവുന്നു എന്നത് മാനസികമായ ഒരു ഭാവമല്ലേ? ഉടനെ ചൂടുകുറക്കുവാനായി ചന്ദനം പിരട്ടുന്നതായി ആടുന്നത് അരസികമായി തോന്നുന്നു. ബാലസുബ്രഹ്മണ്യന്‍ അവതരിപ്പിച്ചു വന്നപ്പോള്‍ തൊലിപ്പുറത്തെ അസ്വസ്ഥതമാറ്റുവാനായി ചന്ദനം പിരട്ടുന്നതായേ തോന്നിയുള്ളൂ. പിന്നെയും ദമയന്തിയെ ലഭിക്കുവാന്‍ വഴിയെന്തെന്ന് നളന്‍ ആലോചിക്കുന്നു.
> ആകാശത്ത് മേഘക്കൂട്ടങ്ങളെ കണ്ട്, ആനക്കുട്ടികള്‍ ഓടിക്കളിക്കുന്നതു പോലെ. ഇവരുടെ കൈയില്‍ അവള്‍ക്കൊരു സന്ദേശം അയച്ചുകൊടുത്താലോ? - താനെന്തൊരു വിഡ്ഢിയാണ്, മേഘങ്ങളുടെ കൈയില്‍ സന്ദേശമയയ്ക്കുകയോ!
നളന്റെ വിചാരവികാരങ്ങള്‍ പ്രകടമാക്കുന്ന ഇത്രയും മനോധര്‍മ്മാട്ടങ്ങള്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഒരുവിധം തരക്കേടില്ലാതെ രംഗത്തവതരിപ്പിച്ചു. എന്നാല്‍ പീഢിതനായ നളന്റെ ശോകം, സ്ഥായിയായി നിലനിര്‍ത്തുന്നതില്‍ ബാലസുബ്രഹ്മണ്യന്‍ പരാജയപ്പെട്ടു. അതിനാല്‍ തന്നെ നളനെ പ്രേക്ഷകന് വേണ്ടുംവണ്ണം അനുഭവവേദ്യമായതുമില്ല.

Nalacharitham Onnam Divasam Kathakali: Kalamandalam Ratheesan as Hamsam.
തന്റെ ഈ അവസ്ഥയില്‍ രാജസിംഹാസനത്തില്‍ ഇരിക്കുന്നത് അനുചിതമാണെന്ന് ചിന്തിച്ച്, ഉദ്യാനത്തില്‍ പോയി മനസ്ഥൈര്യം വീണ്ടെടുക്കുക തന്നെ എന്നുറയ്ക്കുന്നു. രാജ്യഭാരം മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തിലേക്ക് നളന്‍ തിരിക്കുന്നു. എന്നാല്‍ അവിടെയും നളന് സ്വസ്ഥത ലഭിക്കുന്നില്ല. അപ്പോളാണ് വര്‍ണ്ണം പലതായി മിന്നീടുന്ന അന്നങ്ങള്‍ക്കിടയില്‍, സ്വര്‍ണ്ണനിറത്തോടു കൂടിയ ഒരു ഹംസത്തെ കാണുന്നത്. ചിത്രതരാംഗനായ ഇവനെ ലഭിക്കുന്നത് എത്രയും നന്നു തന്നെ എന്നുറച്ച്, ഹംസത്തെ പിടിക്കുവാനായി നളന്‍ മറഞ്ഞിരിക്കുന്നു. ഹംസത്തിന്റെ ഇളകിയാട്ടമാണ് തുടര്‍ന്ന്. വിവിധങ്ങളായ ക്രീഡചെയ്ത് ക്ഷീണിതനായ ഹംസം ഒരിടത്തിരുന്ന് ഉറങ്ങുവാന്‍ ആരംഭിക്കുന്നു. ഇതുതന്നെ തക്കമെന്നുറച്ച് നളന്‍ ഹംസത്തെ പിടിക്കുന്നു. രാജാവിന്റെ ചെയ്തിയില്‍ പേടിച്ച് നിലവിളിക്കുന്ന ഹംസത്തെ നളന്‍ വിട്ടയയ്ക്കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Balasubrahmanian as Nalan, Kalamandalam Ratheesan as Hamsam.
ഊര്‍ജ്ജിതാശയനായ നളനെ ദമയന്തിയുടെ വിഷയത്തില്‍ സഹായിക്കുവാനായി ഹംസം തിരികെയെത്തുന്നു. ഹംസത്തിന്റെ പദത്തില്‍ “ത്വാമനുരാഗിണിയാം അതെനിക്കുഭരം...” എന്നതില്‍, ‘ഭരം’ എന്നതിന് ഹംസം കാട്ടിയത് ‘ഭാരം’ എന്നാണ്. ‘അതെനിക്കുഭരം’ എന്നതിന്, ‘അത് തനിക്ക് വിധേയമായിട്ടുള്ളതാണ്’/‘അതെന്നാല്‍ സാധ്യമാണ്’ എന്നാണ് അര്‍ത്ഥമാടേണ്ടത്. ഹംസവേഷത്തില്‍ അഗ്രഗണ്യനായിരുന്ന ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയുടെ മകനാണ് ഇവിടെ ഹംസമായെത്തിയ കലാമണ്ഡലം രതീശന്‍. ഹംസത്തിന്റെ വേഷത്തിനു പ്രധാനമായ നൃത്തവിശേഷങ്ങള്‍ രതീശന്റെ ഹംസത്തില്‍ കാണുവാനുണ്ടായില്ല. എന്നാല്‍ പദങ്ങള്‍ക്കിടയിലുള്ള, യുക്തമായ മനോധര്‍മ്മാട്ടങ്ങള്‍ അമിതമാവാതെ ഉണ്ടാവുകയും ചെയ്തു. എത്രയും പെട്ടെന്ന് ദമയന്തിയെക്കണ്ട്, അവളുടെ മനമറിഞ്ഞ് തിരികെയെത്തുന്നതാണ് എന്നു പറഞ്ഞ് ഹംസം മറയുന്നു.

കുണ്ഡിനത്തിലെ ഉദ്യാനത്തില്‍ ദമയന്തിയും, തോഴിമാരും പ്രാര്‍ത്ഥനപാടി പ്രവേശിക്കുന്നു. കലാമണ്ഡലം രാജശെഖരനാണ് ഇവിടെ ദമയന്തിയായെത്തിയത്. കലാമണ്ഡലം അനില്‍കുമാര്‍ തോഴിയെ അവതരിപ്പിച്ചു.“കുസുമസൌരഭം നാസാകുഹരസരസൈരിഭം” എന്ന ഭാഗത്ത് തോഴി ഒരു പുഷ്പമിറുത്ത് ദമയന്തിക്ക് വാസന ആസ്വദിക്കുവാന്‍ നല്‍കാറുണ്ട്. ഇവിടെ തോഴി ആദ്യം മണപ്പിച്ചു നോക്കി ആസ്വദിച്ചതിനു ശേഷമാണ് പുഷ്പം ദമയന്തിക്കു നല്‍കുന്നത്. ദമയന്തിയെ ആദ്യം മണപ്പിച്ച്, രാജ്ഞി ദുര്‍ഗന്ധം നടിക്കുമ്പോള്‍ തോഴി മണപ്പിച്ചു നോക്കി, ഇതിനു സുഗന്ധമാണല്ലോ എന്ന് വിചാരിക്കുന്നതിനാണ് ഔചിത്യം. അല്ലാതെ, തോഴി മണപ്പിച്ചതിനു ശേഷം പുഷ്പം രാജ്ഞിക്കു നല്‍കുന്നതത്ര ഉചിതമാണെന്നു തോന്നുന്നില്ല.

Nalacharitham Onnam Divasam Kathakali: Kalamandalam Rajasekharan as Damayanthi, Kalamandalam Anilkumar as Thozhi.
മിന്നല്‍ക്കൊടിയാണോ, വിധുമണ്ഡലമാണോ എന്നൊക്കെ സന്ദേഹിച്ചതിനു ശേഷം; തോഴി തന്നെ അതൊരു സുവര്‍ണഹംസമാണെന്നു തിരിച്ചറിയുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. ഈ രീതിയും അത്ര സുഖകരമായി തോന്നിയില്ല. സുവര്‍ണ ഹംസം എപ്രകാരം നളന് ആശ്വാസമാവുന്നുവോ, അതേപോലെ തന്നെയാണ് ദമയന്തിക്കും. സുവര്‍ണഹംസമാണെന്ന് ദമയന്തി തന്നെ തിരിച്ചറിഞ്ഞ്, ആഹ്ലാദിക്കുന്നതാവും ഉചിതം. ദമയന്തി നോക്കിയിരിക്കുകയും, തോഴി കാര്യമായി ഹംസത്തിന്റെ ആട്ടമൊക്കെ ആടുകയും ചെയ്യുന്നതില്‍ എന്താണ് രസം! രാജശേഖരനാവട്ടെ, തോഴിയുടെ വര്‍ത്തമാനത്തിലൊന്നും താത്പര്യം കാട്ടാതെ ഒഴിഞ്ഞ്, ഇരിപ്പിടത്തില്‍ ഇരുന്നതേയുള്ളൂ താനും!

തോഴിയെ തന്ത്രപൂര്‍വ്വം അകറ്റി ഹംസം, ദമയന്തിയോട് സംസാരിക്കുന്നു. ദമയന്തിയുടെ ഉള്ളിലും നളനുണ്ടെന്ന് മനസിലാക്കി, അതൊന്ന് ഇളക്കിവെച്ചുറപ്പിക്കുകയാണ് ഹംസം ചെയ്യുന്നത്. പദങ്ങള്‍ക്കു ശേഷം ഇരുവരും തമ്മിലുള്ള മനോധര്‍മ്മാട്ടത്തില്‍ ഹംസം താമരയിലയില്‍ നളന്റെ രൂപം ആലേഖനം ചെയ്തു നല്‍കുന്നതും; ദേവേന്ദ്രന്‍ തന്നെ വന്നാലും താന്‍ നളനെയല്ലാതെ വരിക്കുകയില്ലെന്ന് പറയുന്ന ദമയന്തിയോട്, സ്വര്‍ഗീയ ഗുണങ്ങളെക്കുറിച്ചു പറഞ്ഞ് ഹംസം പ്രലോഭിക്കുവാന്‍ ശ്രമിക്കുന്നതും മറ്റും ആടുകയുണ്ടായി. എന്തുവന്നാലും താന്‍ നളനെയെ വരിക്കൂ എന്ന ദമയന്തിയുടെ വാക്കുകളില്‍ പൂര്‍ണ്ണവിശ്വാസം വരുന്ന ഹംസം തിരികെ നളന്റെ സമീപത്തേക്ക് തിരിക്കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Rajasekharan as Damayanthi, Kalamandalam Ratheesan as Hamsam.
കലാമണ്ഡലം രാജശേഖരന്റെ ദമയന്തിക്ക് പറയത്തക്ക മേന്മയൊന്നും കാണുവാന്‍ കഴിഞ്ഞില്ല. “കഞ്ജഭവനനുടെ വാഹനമേ...” എന്ന പദഭാഗത്ത്, ‘വാഹനം’ എന്നതിന് മുദ്രകാട്ടിയത് ഇരുന്ന് ചുമലില്‍ ഭാരം എടുക്കുന്ന രീതിയിലായിരുന്നു. ഇതു പോലെയുള്ള ഗ്രാമ്യമായ മുദ്രാപ്രയോഗങ്ങള്‍ ദമയന്തിക്ക് എത്രമാത്രം അനുയോജ്യമാണെന്ന് അദ്ദേഹമൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. നൃത്തവിഭാഗത്തില്‍ ഏറെ മെച്ചപ്പെടാനുണ്ടെങ്കിലും, കലാമണ്ഡലം രതീശന്‍ ഹംസത്തെ നന്നായി ഉള്‍ക്കൊണ്ടു തന്നെയാണ് അവതരിപ്പിച്ചത്. മനോധര്‍മ്മാട്ടങ്ങളിലും, പദഭാഗങ്ങളിലും ഇത് വളരെ പ്രകടവുമായിരുന്നു.

കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഇവിടെ സംഗീതത്തിന്. പലചരണങ്ങളും (സമയക്കുറവു കാരണമാണോ എന്നറിയില്ല) ഒഴിവാക്കിയാണ് ഇവര്‍ ആലപിച്ചത്. “നാഴിക തികച്ചൊരുനാള്‍...”, “പടുതമന്മഥനന്റെ പടവീടിതേവാപി...” ഇവയൊക്കെ ഒഴിവാക്കിയവയില്‍ പെടുന്നു. “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...”, “ഊര്‍ജ്ജിത ആശയ...”, “പ്രിയമാനസ...”, “അരയന്നമന്നവ...” എന്നിങ്ങനെയുള്ള പദങ്ങളുടെ വൈകാരികഭാവം വളരെ പ്രകടമാവേണ്ട ചരണങ്ങള്‍ അത്രത്തോളം ഭാവമുള്‍ക്കൊണ്ടായിരുന്നില്ല ഇവരിവിടെ ആലപിച്ചത്. ശബ്ദനിയന്ത്രണം വരുത്തി, രാഗഭാവത്തോടൊപ്പം രംഗഭാവവും കൂടി നല്‍കുവാന്‍ മധു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മദ്ദളത്തില്‍ കലാമണ്ഡലം ഹരികുമാറിന്റെ പ്രവൃത്തി മികച്ചുനിന്നു. എന്നാല്‍ ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണന്റെ പ്രകടനത്തില്‍ അത്ര മികവ് പ്രകടമായതുമില്ല. ഹംസത്തിന്റെ പല നൃത്തങ്ങള്‍ക്കും വേണ്ടത്ര ശോഭ തോന്നിക്കാത്തതില്‍ ചെണ്ടക്കാരന്റെ പങ്കും ചെറുതല്ല. മാര്‍ഗി കളിയോഗത്തിന്റെ കോപ്പുകളും, ഉടുത്തുകെട്ടും, ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയും മികവു പുലര്‍ത്തി. ചുരുക്കത്തില്‍ ഇവിടെ അവതരിപ്പിക്കപ്പെട്ട നളചരിതം ഒന്നാം ദിവസത്തിന്, ശരാശരി നിലവാരത്തില്‍ നിന്നും ഒട്ടും ഉയരുവാന്‍ കഴിഞ്ഞില്ല. എങ്കിലും ആശ്വാസത്തിന് ഇടയ്ക്കിടെയെങ്കിലും വകയുണ്ടായിരുന്നു എന്നതിനാല്‍ പൂര്‍ണ്ണനിരാശയുമായില്ല ഇവിടുത്തെ അരങ്ങ്.

Description: Nalacharitham Onnam Divasam Kathakali organized by Drisyavedi @ Karthika Thirunal Theater, East Fort, Thiruvananthapuram. Kalamandalam Balasubrahmanian (Nalan), Fact Jayadeva Varma (Naradan), Kalamandalam Ratheesan (Hamsam), Kalamandalam Rajasekharan (Damayanthi), Kalamandalam Anilkumar (Thozhi); Pattu: Kottackal Madhu, Kalanilayam Rajeevan; Chenda: Kalabharathi Unnikrishnan; Maddalam: Kalamandalam Harikumar; Chutti: RLV Somadas.
--

2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

തിരുനക്കരയിലെ നളചരിതം ഒന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Onnam Divasam Kathakali staged as part of Kurur Vasudevan Nampoothiri's 60th B'Day Celebrations: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Rajeevan as Indran. Kalanilayam Unnikrishnan, Kottackal Madhu, Pathiyoor Sankaran Kutty, Kalamandalam Vinod rendered music. Kalamandalam Unnikrishnan on Chenda; Kottackal Ravi on Maddalam.
ആഗസ്റ്റ് 22, 2008: കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ഷഷ്ടബ്ദ്യപൂര്‍ത്തിയുടെ ഭാഗമായി തിരുനക്കരയില്‍ അരങ്ങേറിയ നളചരിതം ഒന്നാം ദിവസം കഥകളിയുടെ ആസ്വാദനത്തിന്റെ ഒന്നാം ഭാഗം ഇവിടെ കണ്ടുവല്ലോ. ദമയന്തിയുടെ സ്വയംവരത്തിനായി സൈന്യസമേതം നളന്‍ പുറപ്പെടുന്നതുവരെയുള്ള ഭാഗങ്ങളാണ് ഒന്നാം ഭാഗത്തില്‍ പറഞ്ഞുവെച്ചത്. ഇതേ അവസരത്തില്‍ ദേവന്മാരായ ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍ എന്നിവരും ദമയന്തിയുടെ സ്വയംവരത്തിനായി തിരിക്കുന്നു. മാര്‍ഗമദ്ധ്യേ നളനെക്കണ്ട്, ‘മിളിതം പദയുഗളേ നിഗളതയാ മാര്‍ഗ്ഗിതയാ ലതയാ...’ അഥവാ ‘തേടിയ വള്ളി കാലില്‍ ചുറ്റി’ എന്നാണ് ഇന്ദ്രന്റെ പദം. യഥാവിധി ആദരിച്ചു വന്ദിക്കുന്ന നളനോട്; ഞങ്ങള്‍ക്കൊരു ആഗ്രഹമുണ്ട്, അതു സാധിപ്പിച്ചു തരണമെന്നപേക്ഷിക്കുവാനായാണ് തങ്ങളെത്തിയിരിക്കുന്നത് എന്നറിയിക്കുന്നു. എന്നെ പരീക്ഷിക്കുകയാണോ, അങ്ങയുടെ നിര്‍ദ്ദേശത്തിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് നളന്‍ വാക്കു നല്‍കുന്നു.

പാല്‍‌പൊഴിയും മൊഴി ദമയന്തിയെക്കുറിച്ച് കേള്‍ക്കുവാന്‍ ദിനരാത്രങ്ങള്‍ മതിയാവുന്നില്ല, അവളില്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഞങ്ങളിലൊരാളെ അവള്‍ക്ക് പതിയായി ലഭിക്കുവാന്‍ നീ യത്നിക്കേണം എന്നാണ് ഇന്ദ്രന്റെ ആവശ്യം. എന്നാല്‍ ഭൈമീകാമുകനായ താന്‍ ഈ ദൌത്യത്തിനു പറ്റിയതല്ലെന്നു പറയുന്ന നളനെ; നിര്‍ദ്ദേശം അനുസരിക്കാം എന്നു പറഞ്ഞിട്ട്, അപ്രകാരം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് അധര്‍മ്മമാവും എന്ന് യമന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇത്രയും തിരക്കിനിടയിലൂടെ കടന്ന്, ദമയന്തിയുടെ അന്തഃപുരത്തിലെത്തി ഈ കാര്യം ഉണര്‍ത്തിക്കുവാന്‍ തനിക്ക് കഴിവില്ല എന്നാണ് നളന്റെ അടുത്ത ന്യായം. അതിനു പോംവഴിയായി, ആരും കാണാതെ അവിടെ പോയി വരുവാന്‍ തിരസ്കരണി നല്‍കുന്നതാണ് എന്ന് ഇന്ദ്രന്‍ മറുപടി നല്‍കുന്നു. ഗത്യന്തരമില്ലാതെ നളന്‍ ദൌത്യം ഏറ്റെടുക്കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Rajeevan as Indran, Kalamandalam Gopi as Nalan.
അല്പം വേഗതയിലാണ് ഇത്രയും ഭാഗം അവതരിപ്പിച്ചത്. കലാമണ്ഡലം രാജീവന്‍, ആര്‍.എല്‍.വി. സുനില്‍, കലാമണ്ഡലം ഗോപന്‍, തിരുവഞ്ചൂര്‍ സുഭാഷ് എന്നിവരാണ് യഥാക്രമം ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍ എന്നിവരെ അവതരിപ്പിച്ചത്. ഗോപിയാശാന്റെ മുന്നിലാടുന്നു എന്ന പകപ്പൊന്നുമില്ലാതെ, കഥാപാത്രത്തിനു ചേരുന്ന ഗൌരവത്തില്‍ തന്നെ രാജീവന്‍ ഇന്ദ്രനെ അവതരിപ്പിച്ചു. മറ്റുള്ളവര്‍ അത്രത്തോളം കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയില്ല. തിരസ്കരണി നളന് ഉപദേശിക്കുന്നതായുള്ള ആട്ടം ഉണ്ടായില്ല എന്നത് ഈ ഭാഗത്തെ ഗൌരവതരമായ ഒരു വീഴ്ചയായി.

സേനയെ നിര്‍ത്തിയ ശേഷം നളന്‍, ദമയന്തിയുടെ മന്ദിരം ലക്ഷ്യമാക്കി തിരിക്കുന്നു. നിരത്തിലൂടെ നടക്കുമ്പോള്‍ ആരും നളനെ കാണുന്നില്ല, സ്പര്‍ശിച്ചിട്ടുപോലും അറിയുന്നില്ല. ഈ രീതിയില്‍ അദൃശ്യനായി ദമയന്തിയുടെ അന്തഃപുരത്തിലെത്തുന്നു. തന്റെ അന്തഃപുരത്തില്‍ പ്രത്യക്ഷനാവുന്ന പുരുഷന്, തന്റെ മനസിലുള്ള നളന്റെ രൂപസാദൃശ്യമുണ്ടെങ്കിലും; ഈ രീതിയില്‍ മറഞ്ഞ് സഞ്ചരിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിവില്ലാത്തതിനാല്‍ അമാനുഷനെന്ന് ദമയന്തി ഉറപ്പിക്കുന്നു. ആരാണെന്ന് ചോദിക്കുന്ന ദമയന്തിയോട്; താന്‍ ഒരു ദേവദൂതനാണെന്നും, ഇന്ദ്രന്റെ സന്ദേശവുമായെത്തിയതാണെന്നും അറിയിക്കുന്നു. എന്നാല്‍ ദമയന്തിക്ക് ദൂതനെക്കുറിച്ച് കൂടുതലറിയുവാനായിരുന്നു താത്പര്യം; ദൂതന്റെ നാമം, കുലം എന്നിവയൊക്കെ വിശദമായി ദമയന്തി അന്വേഷിക്കുന്നു. ഇന്ദ്രന്റെ സന്ദേശവുമായെത്തിയ ദൂതനെണെന്നു പറയുമ്പോള്‍, സന്ദേശമെന്തെന്ന് ചോദിക്കാതെ ദൂതന്റെ കാര്യമന്വേഷിക്കുന്നത് ഉചിതമല്ലെന്ന് അല്പം കോപത്തോടെ തന്നെ നളന്‍ ദമയന്തിയോട് പറയുന്നു.

Nalacharitham Onnam Divasam Kathakali: Margi Vijayakumar as Damayanthi.
മാര്‍ഗി വിജയകുമാറാണ് ദമയന്തിയായി വേഷമിട്ടത്. തുടക്കത്തിലെ അദ്ദേഹത്തിന്റെ ഭാവം ഉചിതമായി തോന്നിയില്ല(ചിത്രം ശ്രദ്ധിക്കുക). ആരോടോ ദേഷ്യപ്പെട്ടിരിക്കുന്നതുപോലെയുണ്ട്. നളനെക്കുറിച്ചോര്‍ത്ത്, നളനോട് ചേരുവാന്‍ ഇനി അധികസമയമില്ല എന്നു സന്തോഷിച്ചിരിക്കുകയല്ലേ വേണ്ടത്? ഒരേ സമയം ഭൈമീകാമുകനും, ഇന്ദ്രദൂതനുമായ നളന്റെ മാനസികവ്യഥ ഗോപി നന്നായി തന്നെ അവതരിപ്പിച്ചുവെങ്കിലും, നളന് കാര്യമായ പ്രാധാന്യമില്ലാത്ത ഭാഗമായതിനാലാവാം, ഗോപിക്കും വേണ്ടത്ര ശോഭിക്കുവാന്‍ കഴിഞ്ഞില്ല!

ദമയന്തിയോടുള്ള പ്രണയത്താല്‍ ദേവസ്ത്രീകളെ ഇന്ദ്രന്‍ വെടിഞ്ഞു, സ്വാഹാദേവിയില്‍ അഗ്നി പ്രീതനല്ല, ബഡവാഗ്നിയേക്കാള്‍ തീഷ്ണമായ താപത്താല്‍ വരുണനും വിഷമിക്കുന്നു, കാമബാണങ്ങളേറ്റ് യമനും മൃതപ്രായനായി.  ഇങ്ങിനെ പറയുന്ന നളനോട് ഒരു രാജഭാര്യയാകുവാനാണ് തനിക്കാഗ്രഹമെന്ന് ദമയന്തി അറിയിക്കുന്നു. നളന് സന്തോഷം തോന്നുന്നെങ്കിലും, തന്റെ ദൌത്യം മറക്കാതെ; എപ്പോഴും അമൃതം ഭുജിക്കാമെന്നും, കളിച്ചും ചിരിച്ചും എന്നും കഴിയാമെന്നും, ശ്രേയസ്സുകള്‍ അനവധി അനുഭവിക്കാമെന്നും, ആയുസ്സിനും അന്തമുണ്ടാവില്ലെന്നുമൊക്കെ പറഞ്ഞ് ദമയന്തിയുടെ മനസിളക്കുവാന്‍ ശ്രമിക്കുന്നു. നീ ഇതല്ലാതെ നല്ലതായി മറ്റെന്തെങ്കിലും പറയുക, അത് എനിക്ക് സന്തോഷം നല്‍കും എന്നാണ് ദമയന്തിയുടെ മറുപടി.

Nalacharitham Onnam Divasam Kathakali: Margi Vijayakumar as Damayanthi, Kalamandalam Gopi as Nalan.
വന്ദിക്കേണ്ടവരെ ഉപേക്ഷിക്കരുത്, മന്ദിരത്തില്‍ ദൂതനെവിട്ട് യാചിപ്പിച്ചതിനാലാണോ അവരോട് നിനക്ക് പുച്ഛം? ദേവന്മാരെ നിന്ദചെയ്ത നിനക്കാരാണ് ബന്ധുവാകുക? ദൂതനായ വന്ന എന്നിലുള്ള അപ്രീതിയാണ് നിനക്ക് ദേവന്മാരോട് ഉപേക്ഷ തോന്നുവാന്‍ കാരണം. ഇന്ദ്രാദികളോട് ഞാനിത് ഉണര്‍ത്തിക്കുമ്പോള്‍ അവര്‍ മറ്റാരെയെങ്കിലും ദൂതനായി നിയോഗിക്കും, അവര്‍ ഒടുവില്‍ നീയുമായി പോവുകയും ചെയ്യും. എന്നൊക്കെയായി നളന്റെ അടുത്ത വാദങ്ങള്‍. താനൊരു രാജകന്യയാണെന്നും, ദേവന്മാര്‍ ചതി തുടരുകയാണെങ്കില്‍ താന്‍ ജീവന്‍ വെടിയുമെന്നും ദമയന്തി അറിയിക്കുന്നു. മാത്രവുമല്ല, തന്റെ മനസിലുള്ള പതിയുടെ ഛായ നിനക്കുള്ളതുകൊണ്ടാണ് ഇത്രയും സംസാരിച്ചത്, അല്ലെങ്കില്‍ അതുമില്ല എന്നു പറഞ്ഞ് നളനെ തിരിച്ചയയ്ക്കുന്നു. ഉള്ളാലെ സന്തോഷിച്ച് നളന്‍ തിരികെ വന്ന് ദേവന്മാരെ ഈ വിവരങ്ങളെല്ലാം ധരിപ്പിക്കുന്നു.

നളന്റെ പ്രവര്‍ത്തിയില്‍ സം‌പ്രീതരായി, ദേവന്മാര്‍ നളനോടും സ്വയംവരത്തില്‍ പങ്കെടുക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. തങ്ങളില്‍ അഞ്ചുപേരില്‍ ഒരുവനെയല്ലാതെ മറ്റൊരുവനെ അവള്‍ വരിക്കുകയാണെങ്കില്‍, അവനും അവള്‍ക്കും അനര്‍ത്ഥം ഭവിക്കും എന്നും ഇന്ദ്രന്‍ പറയുന്നു. ദേവന്മാര്‍ മറയുന്നു, നളന്‍ സൈന്യത്തോടൊപ്പം ഭീമരാജധാനിയിലേക്ക് യാത്ര തുടരുന്നു. സ്വയംവരമാണ് തുടര്‍ന്ന്. സരസ്വതി ഓരോരുത്തരെയായി ദമയന്തിക്ക് പരിചയപ്പെടുത്തുന്നു. അഞ്ച് നളന്മാരെ കണ്ട് വിഷമിക്കുന്ന ദമയന്തി, നളനോടുള്ള തന്റെ സ്നേഹം സത്യമാണെങ്കില്‍ തനിക്ക് ശരിയായ നളനെ കാട്ടിത്തരണമെന്ന് ദേവന്മാരോട് അപേക്ഷിക്കുന്നു. ‘ഇത്തൊഴില്‍ വെടിഞ്ഞെന്നുടെ, അത്തലൊഴിച്ചരുളേണം...’ എന്നു പ്രാര്‍ത്ഥിക്കുന്ന ദമയന്തിക്ക്, ദേവന്മാര്‍ തങ്ങളുടെ ചിഹ്നങ്ങള്‍ ദൃശ്യമാക്കുന്നു. ശരിയായ നളനെ തിരിച്ചറിഞ്ഞ് ദമയന്തി വരിക്കുന്നു.

Nalacharitham Onnam Divasam Kathakali: Margi Vijayakumar as Damayanthi, Kalakendram Muraleedharan Nampoothiri as Saraswathi.
സം‌പ്രീതരായ ദേവന്മാര്‍ നളദമയന്തിമാരെ അനുഗ്രഹിക്കുന്നു. ഒരുകാലത്തും ക്ഷയമുണ്ടാവില്ലെന്നും, ശിവസായൂജ്യം ലഭിക്കുമെന്നും ഇന്ദ്രന്‍; അഗ്നി എപ്പോഴും നിനക്ക് അധീശനായിരിക്കുമെന്നും, നളന്‍ വെച്ചുണ്ടാക്കുന്നവ അമൃതിനൊക്കുമെന്ന് അഗ്നി; ആപത്തിലും നിന്റെ ബുദ്ധി അധര്‍മ്മത്തിലേക്ക് തിരിയുകയില്ലെന്നും, ആയുധവിദ്യകളെല്ലാം നിനക്ക് വശപ്പെട്ടിരിക്കുമെന്നും യമന്‍; വാടിയ പുഷ്പങ്ങള്‍ പോലും നീ തൊട്ടാല്‍ വീണ്ടും തളിര്‍ക്കുമെന്നും, മരുഭൂമിയിലും നിനക്ക് ജലം ലഭിക്കുമെന്നും വരുണന്‍; പ്രാസവൃത്താലങ്കാര ഭംഗികളോടെയുള്ള കാവ്യങ്ങള്‍ രചിക്കുവാന്‍ നിനക്കും, നിന്റെ ദയിതയ്ക്കും പിന്നെ നിന്നെ നിനയ്ക്കുന്നവര്‍ക്കും കഴിയുമെന്ന് സരസ്വതി, എന്നിങ്ങനെ എല്ലാവരും വരങ്ങള്‍ നല്‍കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi.
കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയാണ് സരസ്വതിയായി അരങ്ങിലെത്തിയത്. സരസ്വതിക്ക് നിശ്ചയിച്ചിട്ടുള്ള ‘സരസ്വതിമുടി’ കിരീടമായിരുന്നില്ല മുരളീധരന്‍ ധരിച്ചിരുന്നത്. ദേവന്മാര്‍ സ്വചിഹ്നങ്ങള്‍ ദൃശ്യമാക്കുന്ന ഭാഗത്ത്, എല്ലാവരും എഴുന്നേറ്റു നിന്നതല്ലാതെ, ഇരിപ്പിടത്തിനു മുകളില്‍ കയറി നില്‍ക്കുകയുണ്ടായില്ല. ദമയന്തിയുടെ ‘ഹേ! മഹാനുഭാവ!’ എന്ന പദമൊഴികെയുള്ളവയൊന്നും ഉത്തരഭാഗത്ത് അത്ര ആകര്‍ഷകമെന്നു കരുതുവാനില്ല. കലാനിലയം ഉണ്ണികൃഷ്ണന്‍, കോട്ടക്കല്‍ മധു എന്നിവരാണ് സ്വയംവരെയുള്ള ഭാഗം ആലപിച്ചത്. അധികം അരങ്ങില്‍ നടപ്പില്ലാത്ത ഭാഗമായതിനാല്‍, വരികള്‍ പലപ്പോഴും മാറിപ്പോവുകയുണ്ടായി എന്നതൊഴിച്ചാല്‍, ഇരുവരുടേയും സംഗീതം തരക്കേടില്ലായിരുന്നു. സ്വയംവരം മുതല്‍ക്ക് പാടിയത് പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ട വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. പ്രായാധിക്യം മൂലം കലാശങ്ങള്‍ വേണ്ടപോലെ എടുക്കുവാന്‍ കലാമണ്ഡലം ഗോപി ശ്രമിക്കാറില്ല. എന്നാല്‍ ഈ കുറവ് ഒരു പരിധിവരെ നികത്തുവാന്‍ ഉണ്ണികൃഷ്ണന്റെ ചെണ്ടയ്ക്ക് കഴിയുന്നുണ്ട്. കോട്ടയ്ക്കല്‍ രവിയുടെ മദ്ദളവും മോശമായില്ല. ശ്രീവല്ലഭ കഥകളി ക്ലബ്ബിന്റെ വേഷങ്ങളുടെ നിലവാരമില്ലായ്മയെക്കുറിച്ച് ഇതിനുമുന്‍പും ഇവിടെ സൂചിപ്പിച്ചിട്ടുള്ളതാണ്. ഇവിടെയും വേഷങ്ങളുടെ അഭംഗി പ്രകടമായിരുന്നു. ഷഷ്ടിപൂര്‍ത്തിയോട് അനുബന്ധിച്ചുള്ള കളിക്ക്, കുറച്ചുകൂടി നല്ല വേഷങ്ങള്‍ കൈയിലുള്ള ക്ലബ്ബുകാരെ സമീപിക്കാമായിരുന്നു.

അറുപതാം പിറന്നാള്‍ ആഘോഷിച്ച കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക്; ആയുസ്സും, ആരോഗ്യവും തുടര്‍ന്നുമുണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ ആസ്വാദനം അവസാനിപ്പിക്കുന്നു.

Description: Nalacharitham Onnam Divasam Kathakali staged as part of Kurur Vasudevan Nampoothiri's 60th B'Day Celebrations; at Thirunakkara MahadevaKshethram. Kalanilayam Unnikrishnan, Kottackal Madhu, Pathiyoor Sankaran Kutty, Kalamandalam Vinod rendered music. Kalamandalam Unnikrishnan on Chenda; Kottackal Ravi on Maddalam. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Rajeevan as Indran, RLV Sunil as Agni, Kalamandalam Gopan as Yaman, Thiruvanchoor Subhash as Varunan and Kalakendram Muraleedharan Nampoothiri as Saraswathi. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, സെപ്റ്റംബർ 3, ബുധനാഴ്‌ച

തിരുനക്കരയിലെ നളചരിതം ഒന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Onnam Divasam Kathakali: Kalamandalam Gopi(Nalan), Sadanam Krishnankutty(Hamsam), Margi Vijayakumar(Damayanthi).
ആഗസ്റ്റ് 22, 2008: കഥകളി ചെണ്ട കലാകാരനായ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടേ ഷഷ്ടബ്ദ്യപൂര്‍ത്തി കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തില്‍ വെച്ച് ആഘോഷിക്കുകയുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി രാത്രിമുതല്‍ പുലരും വരെ കഥകളിയുമുണ്ടായിരുന്നു. കലാമണ്ഡലം ഗോപി നളനേയും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയേയും, സദനം കൃഷ്ണന്‍കുട്ടി ഹംസത്തേയും അവതരിപ്പിച്ച ‘നളചരിതം ഒന്നാം ദിവസ’ത്തിലെ ഉത്തരഭാഗമായിരുന്നു ആദ്യ കഥ. കഥാവതരണത്തിനു മുന്‍പായി പകുതിപ്പുറപ്പാടും അരങ്ങേറി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ‘കിര്‍മ്മീരവധം’ കഥകളിക്കുമുന്‍പുള്ള പുറപ്പാട് പദമാണ് ഇവിടെ അവതരിപ്പിച്ചത്.

Pakuthippurappadu (Pakuthi Purappadu: Kalakendram Hareesh, Kalamandalam Rajeevan, Kalamandalam Prashanth, Kalamandalam Arun.
സാധാരണ പുറപ്പാടിന് നാലുനോക്കാണ് നിശ്ചയിച്ചിട്ടുള്ളതെങ്കില്‍, പകുതിപ്പുറപ്പാടിന്‌ രണ്ടു നോക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ‘ഭൂഭാരം തീര്‍പ്പതിനു ഭൂമിയില്‍ വന്നു അവതരിച്ചു...’ എന്നു തുടങ്ങുന്നതും; നാലുകൃഷ്ണമുടി വേഷങ്ങള്‍ രംഗത്തെത്തുന്നതുമായ പുറപ്പാടാണ് ‘കിര്‍മ്മീരവധ’ത്തിലേത്. സാധാരണ അവതരിപ്പിച്ചു വരുന്ന പുറപ്പാടിനെ അപേക്ഷിച്ച് അവതരണശൈലികൊണ്ടും, നൃത്തവൈവിധ്യം കൊണ്ടും ഒരു പ്രത്യേകഭംഗിതന്നെ ഈ പുറപ്പാടിനുണ്ട്. കലാകേന്ദ്രം ഹരീഷ്, കലാമണ്ഡലം രാജീവന്‍, കലാമണ്ഡലം അരുണ്‍, കലാമണ്ഡലം പ്രശാന്ത് എന്നിവരാണ് ഇവിടെ പുറപ്പാടവതരിപ്പിച്ചത്. വേഷക്കാര്‍ ഒരേ നിരയില്‍ നിന്നു മാത്രം കളിക്കാതെ, ചില ഫോര്‍മ്മേഷനുകളൊക്കെ ഇടയ്ക്ക് കൊണ്ടുവരികയുണ്ടായി. എന്നാല്‍ അവതരിപ്പിച്ചു വന്നപ്പോള്‍ പലരും പല വഴിക്കായത്, അവയുടെ ഭംഗികുറച്ചു. ഈ അപാകത ഒഴിച്ചു നിര്‍ത്തിയാല്‍, ഇവിടുത്തെ പകുതിപ്പുറപ്പാട് വളരെ ആസ്വാദ്യകരമായിരുന്നു.

കോട്ടക്കല്‍ മധു, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു പുറപ്പാടിനു പാടിയത്. പകുതിപ്പുറപ്പാട് പദം അധികം വ്യതിയാനങ്ങളില്ലാതെ പാടിയെങ്കിലും; ‘മഞ്ജുതര’ മുതല്‍ക്ക് കോട്ടക്കല്‍ മധു പുതുമയ്ക്കായി വല്ലാതെ ക്ലേശിക്കുന്നതായി തോന്നി. ചിട്ടപ്രകാരം, കഥകളി രീതിയില്‍ നിന്നും അത്രയധികം വ്യതിചലിക്കാതെ ഇടയ്ക്കിടെ മധുവിന്റേതായ സംഗീത പ്രയോഗങ്ങള്‍ ചേര്‍ക്കുന്നതാവും കൂടുതല്‍ ഭംഗിയെന്നു തോന്നുന്നു. പുതുമയ്ക്കായി നിര്‍ബന്ധബുദ്ധിയോടെ മാറ്റം കൊണ്ടുവരുമ്പോള്‍, മാറ്റങ്ങളുടെ ഔചിത്യത്തിനു കോട്ടം വരുന്നു. ധര്‍മ്മവതി രാഗത്തില്‍ ആലപിച്ച ‘നവഭവകുസുമ...’ എന്ന ചരണം വളരെ ആസ്വാദ്യകരമായെങ്കിലും; ‘പ്രവിശരാധേ...’ എന്ന ഭാഗത്ത് ‘രാധേ...’ എന്നു നീട്ടാതെ, ‘പ്രവിശരാധേ, രാധേ, രാധേ...’ എന്നുള്ള വിളികളാക്കി പാടിയത് ആ ചരണത്തിന്റെ മുഴുവന്‍ രസവും കളഞ്ഞു. കഥ അവതരിപ്പിക്കുമ്പോള്‍, ഈ രീതി ചിലയിടത്തൊക്കെ ഉപയോഗിക്കുവാറുണ്ടെങ്കിലും; പുറപ്പാടില്‍ ഇതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ‘കുസുമചയരചിതശുചി...’ എന്ന ഭാഗം ബിഹാഗിലാണ് ആലപിച്ചത്. ഈ ഭാഗവും നന്നായിരുന്നു. ‘ചലമാലയമൃദുപവന...’ രാഗമാലികയായി അവതരിപ്പിക്കുമ്പോള്‍, നേരേ പാടാതെ ‘ചലമാലയ, ചലമാലയമൃദുപവന...’ എന്ന എടുപ്പോടെ പാടിയതും നന്നേ രസിച്ചു. കലാമണ്ഡലം വിനോദ്, വളരെ നല്ല രീതിയില്‍ മധുവിനെ പിന്തുണക്കുകയും ചെയ്തതോടെ മേളപ്പദത്തിലെ പദഭാഗം, ചില കല്ലുകടികള്‍ ഇടയ്ക്കൊക്കെ അനുഭവപ്പെട്ടുവെങ്കിലും, വളരെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു.

60th B'Day Celebrations: Kurur Vasudevan Nampoothiri.
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, സദനം രാമകൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും; കോട്ടക്കല്‍ രവി, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളത്തിലും മികവളന്ന മേളപ്പദത്തിലെ മേളഭാഗവും മികച്ചു നിന്നു. പുറപ്പാട് മേളം നന്നാക്കണമെന്ന വാശിയില്‍ തന്നെയായിരുന്നു കുറൂരെന്നു തോന്നുന്നു. ഒരുപക്ഷെ, ഇത്രയും ഭംഗിയായി അടുത്തെങ്ങും അദ്ദേഹം കൊട്ടിയിട്ടുണ്ടാവില്ല. കോട്ടക്കല്‍ രവി, കലാമണ്ഡലം ശശി എന്നിവരൊരുക്കിയ മദ്ദളത്തിലെ മേള വൈവിധ്യങ്ങള്‍ അസ്വാദകര്‍ക്ക് ശരിക്കുമൊരു വിരുന്നു തന്നെയായിരുന്നു. കൂട്ടത്തില്‍, സദനം രാമകൃഷ്ണന്റെ ചെണ്ട മാത്രമാണ് നിറം മങ്ങിപ്പോയത്.

ദമയന്തിയെക്കണ്ട്, നളന്റെ വിവരങ്ങള്‍ ധരിപ്പിച്ച്, ദമയന്തിയുടെ മനമറിഞ്ഞ് ഹംസം നളന്റെ സമീപത്തേക്ക് മടങ്ങിയെത്തുന്നതു മുതല്‍ക്കുള്ള ഒന്നാം ദിവസത്തിലെ രംഗങ്ങളാണ് ഇവിടെ അവതരിക്കപ്പെട്ടത്. ദമയന്തിയെ കണ്ടതും, വൃത്താന്തമറിയിച്ചതുമെല്ലാം ഹംസം വിശദമായി നളനെ അറിയിക്കുന്നു. ദമയന്തി തോഴിമാരുമൊത്ത് കളിചിരിയോടെ ഉദ്യാനത്തിലേക്ക് വന്നുവെന്ന് ഹംസം പറഞ്ഞപ്പോള്‍, നളന്‍ ചോദിക്കുന്നു; “നീയതു കണ്ടുവോ? പുണ്യം തന്നെ!” എന്ന്. ദമയന്തിക്ക് തന്നിലും പ്രണയമുണ്ടെന്നത് അത്രയ്ക്ക് ബോധ്യം വരാത്ത നളനെ, ‘വായാപി പറയിച്ചൊന്നിളക്കിവെച്ചുറപ്പി’ച്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നതെന്നും; അതിനാല്‍ ഇനി ഇന്ദ്രന്‍ തന്നെ വന്നാലും, അവള്‍ നളനെയല്ലാതെ മറ്റൊരുവനെ വരിക്കുകയില്ലെന്ന് ധൈര്യപ്പെടുത്തുകയും ചെയ്യുന്നു, ഹംസം. തുടര്‍ന്ന്, ഇനി എന്തെങ്കിലും ആവശ്യം വരുകയാണെങ്കില്‍ തന്നെ സ്മരിച്ചാല്‍ മതിയെന്നുപറഞ്ഞ് ഹംസം പറന്നു മറയുന്നു. എല്ലാം തലവര പോലെ വരട്ടെ, രാജകൊട്ടാരത്തിലേക്ക് മടങ്ങുക തന്നെ എന്നുറച്ച്, ഭൃത്യനെ വിളിച്ച് തേരു കൊണ്ടുവരുവിച്ച്, തേരില്‍ കയറി കൊട്ടാരത്തിലേക്ക് തിരിക്കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Gopi(Nalan), Sadanam Krishnankutty(Hamsam).
കലാമണ്ഡലം ഗോപിയുടെ നളന്‍ ഈ ഭാഗത്ത് വേണ്ടും വണ്ണം ശോഭിച്ചുവോ എന്ന് സംശയമാണ്. പൂര്‍വ്വഭാഗത്തില്‍ മന്ത്രിമാരെ രാജ്യഭാരം ഏല്‍പ്പിച്ച്; നളന്‍ ഉദ്യാനത്തിലേക്ക് തേരില്‍ കയറി തിരിച്ചുവെന്ന് ആരും ആടിക്കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ തിരിച്ചു വരുവാന്‍ തേര് ആവശ്യമുണ്ടോ? ഒടുവില്‍ ഹംസം വിടവാങ്ങുന്ന ഭാഗം, നേരത്തേ ദമയന്തിയുടെ അടുത്തേക്ക് ഹംസത്തെ അയയ്ക്കുന്ന നളന്റെ അതേ രീതിയിലാണ് അവതരിപ്പിച്ചത്. ഒരു വശത്തുനിന്നും നോക്കി, മറുവശത്തെത്തി, സ്വര്‍ണ്ണരേഖപോലെ മറഞ്ഞുവെന്ന ആട്ടം ഇവിടെ എത്രത്തോളം ഉചിതമാണ്? നളന്റെ ഉദ്യാനമാണ് ഹംസത്തിന്റെ വാസസ്ഥലം, അതിനാല്‍ കുണ്ഡിനത്തിലേക്ക് പോയതുപോലെ ഉയര്‍ന്നു പറക്കേണ്ട കാര്യം ഹംസത്തിനില്ലല്ലോ! നടന്നു നടന്ന്, മറ്റ് ഹംസങ്ങളുടെ ഇടയില്‍ ലയിച്ചു എന്നോ മറ്റോ ആടുന്നതാവും ഇവിടെ ഉചിതമെന്നു തോന്നുന്നു. തിരുത്ത് - ‘ഖഗപതി പറന്നംബരേ പോയ്മറഞ്ഞാന്‍’ എന്നായതിനാല്‍ ഈ ആട്ടം ഇവിടെ ഉചിതമല്ല. മറ്റൊരു രീതിയില്‍ ഹംസം പറന്നുമറയുന്നത് അവതരിപ്പിക്കാവുന്നതാണ്; വശത്തു നിന്നും വശത്തോട്ടല്ലാതെ, നേരേ പറന്നു പോവുന്നതായോ മറ്റോ ആടാം. മാത്രവുമല്ല, ഹംസത്തിന്റെ ദമയന്തിയുടെ അടുത്തേക്കുള്ള യാത്ര ഉത്കണ്ഠയോടെ നോക്കി നില്‍ക്കുന്ന നളനല്ലല്ലോ, ദമയന്തിയുടെ വിവരങ്ങള്‍ ഹംസത്തില്‍ നിന്നും ധരിച്ചതിനു ശേഷമുള്ള നളന്‍. അതിനാല്‍ തന്നെ വ്യത്യസ്തമായൊരു രീതിയില്‍ ഹംസത്തിന്റെ വിടവാങ്ങല്‍ അവതരിപ്പിക്കുന്നതാവും ഉചിതം.

സദനം കൃഷ്ണന്‍കുട്ടി ഹംസത്തിന്റെ വേഷം ഉടുത്തുകെട്ടുകയല്ല, വാരിച്ചുറ്റുകയായിരുന്നെന്നു വേണം പറയുവാന്‍. ഒരു പ്രധാന നടന്‍, ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുവാന്‍, ഇപ്രകാരം രംഗത്തെത്തിയത് തികഞ്ഞ അലംഭാവം തന്നെയാണ്. വേഷം ഇങ്ങിനെയൊക്കെ ആയിരുന്നുവെങ്കിലും, അന്നേ ദിവസത്തെ അദ്ദേഹത്തിന്റെ ആട്ടം മോശമായില്ല. സദനത്തിന്റെ ഇളകിയുള്ള ശൈലി ഹംസത്തിനു നന്നേ യോജിക്കുമെന്നതിനാല്‍, പ്രത്യേകിച്ചൊരു ഭംഗിയുമുണ്ടായിരുന്നു. ഗോപിക്ക് ഹംസവുമായി മനോധര്‍മ്മമാടി നില്‍ക്കുവാന്‍ നേരമില്ലാത്തതുകൊണ്ടാവാം, കാര്യമായ അവസരങ്ങളൊന്നും കൃഷ്ണന്‍കുട്ടിക്ക് നല്‍കുകയുണ്ടായില്ല. അതിനാല്‍ തന്നെ, ഇത്രയും പ്രഗത്ഭനായ ഒരു നടന്‍ ഹംസവേഷം കെട്ടിയെത്തിയിട്ടും, പുതുമയുള്ളതൊന്നും ഈ രംഗങ്ങളില്‍ ഉണ്ടായില്ല.

Nalacharitham Onnam Divasam Kathakali: Kalamandalam Gopi(Nalan).
രാജധാനിയിലെത്തിയ നളനോട് ഒരു ദൂതന്‍ മുഖം കാണിക്കുവാനെത്തിയിരിക്കുന്നുവെന്ന് സേവകന്‍ അറിയിക്കുന്നു. എവിടെനിന്നാണ് എന്നു ചോദ്യത്തിന് ഭീമരാജാവിന്റെ പക്കല്‍ നിന്നാണെന്ന് കേട്ട്, പെട്ടെന്നു കൂട്ടിക്കൊണ്ടുവരുവാന്‍ നിര്‍ദ്ദേശിക്കുന്നു. ദൂതനില്‍ നിന്നും ദമയന്തിയുടെ സ്വയം‍വരവൃത്താന്തം അറിഞ്ഞ്, തന്റെ ആഗ്രഹം സഫലമാകുവാന്‍ ഇനി അധികം കാലതാമസമില്ലെന്ന് സന്തോഷിച്ച്, സൈനത്തോടൊപ്പം കുണ്ഡിനത്തിലേക്ക് തിരിക്കുന്നു. തേരു നോക്കിക്കാണുന്നതും, ആയുധങ്ങള്‍ സജ്ജീകരിക്കുന്നതുമെല്ലാം ചെറുതായി ഇവിടെ ആടുകയുണ്ടായി. ദമയന്തിയുടെ സ്വയം‍വരത്തില്‍ പങ്കെടുക്കുവാനെത്തുന്ന ദേവന്മാര്‍, മാര്‍ഗമദ്ധ്യേ നളനെ കാണുന്നതു മുതലായ തുടര്‍ന്നുള്ള രംഗങ്ങളുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Pakuthippurappadu(Pakuthi Purappad), Melappadam and Nalacharitham Onnam Divasam Kathakali staged as part of Kurur Vasudevan Nampoothiri's 60th B'Day Celebrations; at Thirunakkara MahadevaKshethram. Kottackal Madhu, Kalamandalam Vinod rendered Purappadu and Melappadam. Kurur Vasudevan Nampoothiri and Sadanam Ramakrishnan handled Chenda; Kottackal Ravi and Kalamandalam Sasi performed on Maddalam. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi and Sadanam Krishnankutty as Hamsam. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

കിഴക്കേക്കോട്ടയിലെ രംഭാപ്രവേശം

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha.
ആഗസ്റ്റ് 12, 2008: പതിനാലാമത് രംഗകലോത്സവത്തിന്റെ സമാപനദിവസം, ‘രാവണവിജയം’ കഥകളിയിൽ നിന്നുമെടുത്ത ‘രംഭാപ്രവേശം’ എന്ന ഭാഗം അവതരിപ്പിക്കുകയുണ്ടായി. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള രാവണനായും, മാർഗി വിജയകുമാർ രംഭയായും, കോട്ടക്കൽ രവികുമാർ ദൂതനായും വേഷമിട്ടു. കലാമണ്ഡലം രാജേന്ദ്രൻ, ഫാക്ട് ദാമു എന്നിവരായിരുന്നു ഗായകർ. കലാമണ്ഡലം അച്ചുതവാര്യർ മദ്ദളത്തിലും, കോട്ടക്കൽ പ്രസാദ് ചെണ്ടയിലും മേളമൊരുക്കി. രാവണന്റെ വീരരസപ്രധാനമായ തിരനോക്കോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan.
ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുടെ തിരനോക്കിന് ഒരു പ്രത്യേക ഭംഗി തന്നെയുണ്ടായിരുന്നു. വളരെ കൃത്യതയോടെയാണ് തിരനോക്കിലെ ഓരോ ചലനവും അദ്ദേഹം അവതരിപ്പിക്കുന്നത്. തിരനോക്കിന്റെ അവസാന ഭാഗത്ത് തിരപൊക്കി, പാദം മുന്നിലോട്ടു നീട്ടുന്ന ഒരു പതിവുണ്ട് (ചിത്രം ശ്രദ്ധിക്കുക). സാധാരണയായി കാലു പൊക്കുവാൻ തുടങ്ങുമ്പോൾ തിര താഴെയായിരിക്കും, അതുപിന്നെ വലിച്ചുവാരി പിടിച്ച്, ഇടയ്ക്കത് പിന്നെയും താഴെക്ക് വീണ്, അവതരിപ്പിച്ചുവരുമ്പോൾ അതിന്റെ ഭംഗി മുഴുവൻ നഷ്ടമാവും. എന്നാലിവിടെ, അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ, കൈ തിരക്കുമുകളിലൂടെ ചലിപ്പിക്കുമ്പോൾ തന്നെ ശരിയായി മുകളിലേക്ക് മടക്കി, വളരെ മനോഹരമായി രാമചന്ദ്രൻ പിള്ള ഈ ഭാഗം ചെയ്യുകയുണ്ടായി. ചെറിയ കണ്ണുകളാണെന്ന പോരായ്മ മറികടക്കുവാനായി, പ്രത്യേകരീതിയിൽ കണ്ണുകൾ ചെറുതായി അടച്ചു തുറന്നുള്ള നോട്ടമായിരുന്നു അദ്ദേഹത്തിന്റെ തിരനോക്കിലെ മറ്റൊരു സവിശേഷത.

തിരനോക്കിനു ശേഷം രാവണന്റെ സഭയിലേക്ക് വൈശ്രവണൻ അയച്ച ഒരു ദുതൻ പ്രവേശിക്കുന്നു. ‘യാദുധാന ശിഖാമണേ! ശൃണു...’ എന്നതാണ് ദ്ദൂതന്റെ പദം. തന്റെ ശക്തി ഉപയോഗിച്ച് പല ദിക്കുകളിലുമുള്ള സ്ത്രീകളെ കീഴ്പ്പെടുത്തി, അവരെ ബലാൽക്കാരമായി പ്രാപിക്കുന്ന രാവണന്റെ ശീലം അവസാനിപ്പിക്കണമെന്നും മറ്റുമാണ് ദൂതൻ രാവണനെ അറിയിക്കുന്നത്. ഇതൊക്കെ കേട്ട് കോപിക്കുന്ന രാവണൻ, ദൂതന്റെ തലവെട്ടിമാറ്റുന്നു. ദൂതൻ പറഞ്ഞ കാര്യങ്ങൾ രാവണൻ വീണ്ടും ആലോചിക്കുന്നു. “താൻ സ്ത്രീകളെ ബലാൽക്കാരമായി പ്രാപിക്കുന്നെന്നോ... ഛായ്...” എന്നാലൊചിച്ച് കുബേരനെ ഒരു പാഠം പഠിപ്പിക്കണമെന്നുറയ്ക്കുന്നു. ശക്തിമാനായ തന്നെ ഉപദേശിക്കുവാൻ മാത്രം അവൻ വളർന്നുവോ എന്നാണ് രാവണന്റെ ചിന്ത. ബ്രഹ്മാവിനെ തപസ്സുചെയ്ത്, വരങ്ങൾ ലഭ്യമാക്കിയതെങ്ങിനെയെന്ന് തുടർന്നാടുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Kottackal Ravikumar as Doothan.
ദൂതനായി രംഗത്തെത്തിയ കോട്ടക്കൽ രവികുമാറിന് ഭാവങ്ങൾ നന്നേ കുറവായി തോന്നി. കുബേരൻ വന്നു പറയുന്ന അതേ ഭാവത്തിൽ, അത്രയും ഗൌരവത്തിലാവണം ദൂതൻ കാര്യങ്ങൾ ധരിപ്പിക്കേണ്ടത്. ദൂത് കഴിഞ്ഞ്, രാവണൻ കോപിക്കുമ്പോൾ അത്യധികം ഭയക്കുകയും വേണം. എന്നാലിവിടെ അങ്ങിനെയുള്ള സൂക്ഷ്മഭാവങ്ങളൊന്നും രവികുമാറിൽ കണ്ടില്ല. ആട്ടം തരക്കേടില്ലായിരുന്നെന്നു മാത്രം. ദൂതന്റെ തല അരിഞ്ഞ ശേഷം മുകളിലേക്ക് നോക്കി, “കുബേര! ഇതു കാണുക. നിന്റെ ദൂതന്റെ തല ഞാൻ അരിഞ്ഞിരിക്കുന്നു, ഇതു പോലെ നിന്റെ തലയും അരിയുന്നുണ്ട്...” എന്നുള്ള രാവണന്റെ ആട്ടവും ഉചിതമായി. അതുകഴിഞ്ഞ്, ഭൃത്യരെ വിളിച്ച് അവിടം വൃത്തിയാക്കുവാനും രാവണൻ പറയുന്നുണ്ട്. കുബേരനെ യുദ്ധത്തിൽ പരാജയപ്പെടുത്തണം എന്നുറച്ച്, അതിനായി തയ്യാറെടുക്കുക തന്നെ എന്നാടി കലാശിക്കുന്നു.

യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കിയുള്ള പടപ്പുറപ്പാടാണ് തുടർന്ന് വിസ്തരിച്ചാടിയത്. തേരു കാണുന്നതും, വിവിധങ്ങളായ ആയുധങ്ങൾ തേരിൽ നിറയ്ക്കുന്നതും മറ്റും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കുന്തം, ശൂലം മുതലായ ആയുധങ്ങൾ ഇരുകരങ്ങളും ഉപയോഗിച്ചു പിടിക്കുന്നതായാണ് അവതരിപ്പിക്കുക; അപ്പോളൊക്കെ കുന്തം, ശൂലം എന്നിവ പിടിക്കുന്ന രീതിയിൽ കൈകളുടെ സ്ഥാനം ശരിയായി പിടിക്കുവാൻ ശ്രദ്ധിക്കുന്നതായി കണ്ടില്ല. തേരിൽ സഞ്ചരിച്ച് കുറേയെത്തുമ്പോൾ; സൂര്യൻ അസ്തമിക്കുന്നതായും, ഇരുൾ പരന്നതിനാൽ ഇനിയിന്ന് യുദ്ധം പറ്റില്ല എന്നുമാടി; സൈന്യത്തോട് കൂടാരങ്ങളുണ്ടാക്കി വിശ്രമിക്കുവാൻ ആജ്ഞാപിക്കുന്നു.

ഗംഗയുടെ കളകള ശബ്ദത്തോടെയുള്ള ഒഴുക്ക് പാദസരങ്ങളുടെ ശബ്ദം പോലെയും, സുന്ദരിയുടെ ചിരിപോലെയുമൊക്കെ രാവണനു തോന്നുന്നു. പർവ്വത മുകളിൽ ഉദിച്ചു നിൽക്കുന്ന ചന്ദ്രന്റെ നിലാവ് എങ്ങും പരന്നിരിക്കുന്നു. നിലാവ് മായാതിരിക്കുവാൻ, ചന്ദ്രനോട് അവിടെ തന്നെ നിൽക്കുവാൻ രാവണൻ ആജ്ഞാപിക്കുന്നു. കുയിലുകളുടെ പാട്ടും, മന്ദമാരുതനും രാവണനിൽ കാമവികാരങ്ങൾ ഉണർത്തുന്നു. പോരാത്തതിന് പർവ്വതമുകളിൽ ഗന്ധർവ്വന്മാരും, അപ്‍സരകന്യകളും കാമക്രീഡകളിൽ മുഴുകിയിരിക്കുന്നതും രാവണൻ കാണുന്നു. ഇതൊക്കെ കണ്ട്, ഇവിടെ തനിക്കൊരു പെണ്ണില്ലാതെ പോയല്ലോ എന്ന് രാവണൻ കുണ്ഠിതപ്പെടുന്നു. ഈ സമയത്താണ് ഒരു പെണ്ണിന്റെ ഗന്ധം രാവണനു ലഭിക്കുന്നത്, നോക്കുമ്പോൾ ഒരു സ്ത്രീ രൂപം അടുത്തേക്കു വരുന്നു. മറ്റൊരു വഴിയിലൂടെയും കടന്നു പോകുവാനില്ലാത്തതുകൊണ്ട്, ഈ വഴിതന്നെയാണ് അവളുടെ വരവ് എന്നു രാവണൻ തീർച്ചയാക്കുന്നു. വരുമ്പോൾ ആരെന്നറിയാം എന്നുറച്ച്, രാവണൻ സുന്ദരിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha.
രംഭ, വലതു ഭാഗത്തുകൂടി പ്രവേശിക്കുന്നു. പടകുടീരങ്ങൾ കണ്ട്, ഒട്ടൊരു സംഭ്രമത്തോടെ, ശബ്ദമുണ്ടാക്കാതെ കടന്നുപോവുക തന്നെ എന്നുറച്ച് അവൾ മുന്നോട്ടു നടക്കുന്നു. രാവണൻ തടയുന്നു. ഈരേഴ് പാരിനും ഈശനായ താൻ, കാമശരങ്ങളേറ്റ് തളരുന്നു എന്നു പറഞ്ഞ് രാവണൻ തന്റെ ഇംഗിതം അറിയിക്കുന്നു. ‘ആർശരനാഥ മുഞ്ചമ...’ എന്ന രംഭയുടെ പദമാണ് തുടർന്ന്. താനിന്ന് കുബേരന്റെ പുത്രനോടൊപ്പം ശയിക്കുമെന്ന് വാക്കു നൽകിയതാണ്. അങ്ങയുടെ പുത്രഭാര്യയായ എന്നെ അങ്ങ് മോചിപ്പിക്കുക എന്നു രംഭ അപേക്ഷിക്കുന്നു. എന്നാൽ, തന്റെ പുത്രൻ മന്ദിരത്തിൽ സുഖമായി ഉറങ്ങുന്നുണ്ട്, അതിനാൽ നീ എന്നോടൊപ്പം ശയിക്കുക എന്നാണ് രാവണന്റെ മറുപടി. തന്റെ മുത്തണിമുല ഇന്നു പുൽകുവാനുള്ള അവകാശം വിത്തനന്ദനനാണ് എന്നു പറയുന്ന രംഭയോട് രാവണൻ പറയുന്നു; “രണ്ടു കൈകളുള്ള ആ ബാലൻ പുണർന്നാൽ എന്താകുവാനാണ്, തന്റെ ഇരുപതു കൈകൾ കൊണ്ട് നിന്നെ പുണരുന്നുണ്ട്...”.

RambhaPravesham Kathakali (Selected scenes from RavanaVijayam): Margi Vijayakumar as Rambha.
ദേവനാരിയായ തനിക്ക് ദിനവും ഓരോ വല്ലഭനാണെന്നും, ഇന്ന് കുബേരപുത്രനാണ് തന്റെ പതിയെന്നും, അദ്ദേഹത്തോടൊപ്പമല്ലാതെ അന്യപുരുഷനൊപ്പം ഞാനിന്ന് ശയിക്കുകയില്ലെന്നും; അതിനാൽ തന്റെ പാതിവ്രത്യം പാലിക്കുവാൻ അനുവദിക്കണമെന്നും രംഭ യാചിക്കുന്നു. “കാലിണ തവ തൊഴുതേൻ പോകുന്നു...” എന്നു പറഞ്ഞ് പോകാനൊരുങ്ങുന്ന രംഭയോട് രാവണൻ പൊയ്ക്കോളുവാൻ ആംഗ്യം കാണിക്കുന്നു. രണ്ടുമൂന്നടി വെയ്ക്കുമ്പോൾ, ഉഗ്രനൊരു അലർച്ച. ചെവി പൊട്ടിപ്പോയതുപോലെ എന്നു പരിഭ്രമിച്ച് രംഭ തിരികെയെത്തുന്നു. നിധികുംഭം കണ്മുന്നിൽ വന്നിട്ട്, അത് കാലുകൊണ്ട് തട്ടിക്കളയുന്നവരുണ്ടാവുമോ എന്നാണ് രാവണന്റെ ചോദ്യം. താനിന്ന് കുബേരപുത്രനു വാക്കു കൊടുത്തതാണ്, ചെന്നില്ലെങ്കിൽ അവൻ ശപിക്കുമെന്നായി രംഭ. രാവണന്റെ മറുപടി, “അവൻ രണ്ടു കൈകൊണ്ട് ശപിച്ചുകൊള്ളട്ടെ, ഞാൻ നിന്നെ ഇരുപതു കരങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നു.”.

രാവണൻ എന്തുപറഞ്ഞിട്ടും കൂട്ടാക്കുന്നില്ല എന്നു മനസിലാക്കി, ഇനിയെന്തെങ്കിലും ഉപായം പറയുക തന്നെ എന്നു തീരുമാനിക്കുന്നു. സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ, എന്ന മുഖവുരയോടെ ചോദിക്കുന്നു; “ഇന്ന് ഞാൻ പോയിട്ട് നാളെ അങ്ങയുടെ അടുത്ത് വരട്ടെ?”. ഇതു കേട്ട്, രാവണൻ ചോദിക്കുന്നു; “ഇന്നപ്പോൾ ഞാൻ ഒറ്റയ്ക്കിവിടെയിരിക്കണമെന്ന്, അല്ലേ?”. എന്നാൽ ഞാനൊരു കാര്യം പറയട്ടെ എന്നു പറഞ്ഞ് രാവണൻ തുടരുന്നു; “വിഭവസമൃദ്ധമായ ഊണു വിളമ്പിയതിനു ശേഷം, ഇന്നില്ല നാളെ വന്നാൽ ഊണു കഴിക്കാം എന്നു പറഞ്ഞാൽ ശരിയാവുമോ? നിന്നെ പെട്ടെന്ന് വിട്ടേക്കാം, അതിനു ശേഷം നീ കുബേരപുത്രന്റെ സമീപത്തേക്ക് പൊയ്ക്കോളൂ...”. രംഭ നേരേ പറഞ്ഞിട്ട് വഴങ്ങുന്നില്ല എന്നു കണ്ട്, ബലാൽക്കാരമായി രാവണൻ അവളെ പ്രാപിക്കുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan.
രംഭയേയും കൊണ്ട് അരങ്ങിൽ നിന്നും മാറുകയാണ് ചെയ്യുക. തിരിച്ചു വന്ന്, “മോശമായിപ്പോയി, ഒരു പെണ്ണിനെ ബലാൽക്കാരമായി... ഛെ!” എന്ന രീതിയിലുള്ള ആത്മഗതത്തിനു ശേഷം; സമയം ഏറെയായിരിക്കുന്നു എന്നുകണ്ട്, ചന്ദ്രനോട് നിങ്ങിക്കോള്ളുവാൻ പറയുന്നു (നേരത്തേ ചന്ദ്രനോട് നിൽക്കുവൻ ആജ്ഞാപിച്ചത് ഓർക്കുക.). നേരം പുലർന്നതു കണ്ട്, വൈശ്രവണനെ ഇനി പോരിനു വിളിക്കുക തന്നെ എന്നാടി അവസാനിപ്പിക്കുകയാണ് സാധാരണ പതിവ്. എന്നാൽ വൈശ്രവണനെ യുദ്ധത്തിൽ തോൽപ്പിച്ചു; ധനവും, പുഷ്പകവിമാനവും കൈക്കലാക്കി; ലങ്കയിലേക്കുള്ള യാത്രാമധ്യേ കൈലാസം മാർഗത്തിനു വിഘ്നമായി നിൽക്കുന്നു; കൈലാസോദ്ധാരണം; തളർന്നു വീണ് ഞരമ്പ് പുറത്തെടുത്ത് വീണയായി മീട്ടി, ശങ്കരാഭരണം രാഗത്തിൽ ശിവനെ സ്തുതിച്ച്; ശിവൻ പ്രസാദിച്ച് ചന്ദ്രഹാസം നൽകുന്നതുവരെ ഇഞ്ചക്കാടൻ ആടുകയുണ്ടായി. എന്നാൽ, ഇത്രയും ഭാഗം ഒട്ടും വിശദീകരിക്കാതെ വളരെ ഝടുതിയിലാണ് ആടി തീർത്തത്. ആട്ടത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. വൈശ്രവണനുമായി യുദ്ധത്തിനു തയ്യാറെടുക്കുന്ന ഭാഗം വരെ ആടി അവസാനിപ്പിക്കുകയായിരുന്നു ഭംഗി.

ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും, മാർഗി വിജയകുമാറും; രണ്ടുപേരും അന്യോന്യം മനസറിഞ്ഞാണ് രംഗത്തു പ്രവർത്തിച്ചത്. അതിന്റേതായ ഭംഗി പലഭാഗത്തും കാണുവാനുമുണ്ടായിരുന്നു. മുദ്രകാണിക്കുന്നതിനിടയിൽ കണ്ണുകൾ ഇടയ്ക്കിടെ അടയ്ക്കുന്നത് ഇഞ്ചക്കാടന്റെ(ദൂതനുമൊത്തുള്ള രണ്ടാമത്തെ ഫോട്ടോ ശ്രദ്ധിക്കുക.) ഒരു പോരായ്മയായി തോന്നി. രാവണന്റെ ഉടുത്തുകെട്ടും ഭംഗിയായില്ല. രംഭയ്ക്ക് നീല കുപ്പായമാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും, ചുവന്ന കുപ്പായമാണ് ഇവിടെ ധരിച്ചിരുന്നത്. കലാമണ്ഡലം രാജേന്ദ്രൻ, ഫാക്ട് ദാമു എന്നിവരുടെ സംഗീതം ശരാശരി നിലവാരം പുലർത്തി. ആനന്ദഭൈരവിയിലുള്ള ‘ആർശരനാഥ! മുഞ്ചമ...’ എന്ന പദമൊക്കെ ഇതിലും എത്രയോ മെച്ചമായി പാടാമായിരുന്നു. ഫാക്ട് ദാമുവിന്റെ പാട്ടിൽ ഭാവവും കുറവായിരുന്നു, ഇടയ്ക്കൊക്കെ ശബ്ദം നിയന്ത്രണത്തിൽ നിന്നതുമില്ല. ചെണ്ടയിൽ പ്രവർത്തിച്ച കോട്ടക്കൽ പ്രസാദിന് പലയിടത്തും പിഴച്ചു. മുദ്രയ്ക്കും/കലാശങ്ങൾക്കും ഒപ്പം കൂടുന്നതിലും മികവ് പ്രകടമായില്ല. കലാമണ്ഡലം അച്ചുതവാര്യരുടെ മദ്ദളം നന്നായിരുന്നു. രാവണൻ കുയിലിനെയും മറ്റും കാണിച്ചപ്പോൾ(രംഭ സംസാരിക്കുമ്പോൾ, ശല്യപ്പെടുത്താതെയിരിക്കുവാൻ പറയുന്നതായി), കൂജനമൊന്നും മദ്ദളത്തിൽ കേൾപ്പിക്കുവാൻ ഉത്സാഹിച്ചില്ല എന്നതൊരു കുറവായി. ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും; ഇഞ്ചക്കാടന്റെ രാവണനും, വിജയകുമാറിന്റെ രംഭയും നന്നായി തിളങ്ങിയതിനാൽ, വളരെ മികച്ച ഒരു ആസ്വാദനാനുഭവമായിരുന്നു ഇവിടുത്തെ ‘രംഭാപ്രവേശം’ പ്രേക്ഷകർക്കു നൽകിയത്.

Description: RambhaPravesham Kathakali(Selected scenes from RavanaVijayam) staged at Karthika Thirunal Theater, East Fort, Thiruvananthapuram. Organized by Drisyavedi as part of 14th Kerala Rangakalolsavam. Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha and Kottackal Ravikumar as Doothan. Pattu by Kalamandalam Rajendran and Fact Damu. Maddalam by Kalamandalam Achutha Varier and Chenda by Kottackal Prasad.
--