2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ചിങ്ങോലിയിലെ ബാലിവധം - ഭാഗം മൂന്ന്

BaliVadham Kathakali: Staged at Karuvalli Illom, Chingoli. Nelliyodu Vasudevan Nampoothiri (Bali), Kalamandalam Ramachandran Unnithan (Sugreevan),  Kalamandalam Krishnaprasad (SriRaman).
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’ കഥകളിയിലെ ആദ്യ ഭാഗങ്ങളുടെ ആസ്വാദനം ഇവിടെയും, ഇവിടെയുമായി വായിച്ചുവല്ലോ. രാമലക്ഷ്മണന്മാരെ സുഗ്രീവൻ കാണുന്നതും, അവരാരെന്നറിഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ ഹനുമാനെ നിയോഗിക്കുന്നതുമായ രംഗം മുതൽക്കാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ‘ബാലിവധം’ കഥകളിയിൽ ഇപ്പോൾ വ്യാപകമായി നടപ്പുള്ള ഭാഗങ്ങളാണ് തുടർന്നു വരുന്നത്.

സുഗ്രീവന്റെ തിരനോക്ക്, തന്റേടാട്ടം എന്നിവയാണ് രംഗത്തിന്റെ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. താൻ ഈ അവസ്ഥയിലെങ്ങിനെയെത്തി എന്നതാണ് സുഗ്രീവൻ ഈ ആട്ടത്തിൽ സൂചിപ്പിക്കുന്നത്. മായാവിയുമായി ബാലി യുദ്ധം ചെയ്തതും, ഗുഹയിൽ കയറിയതും, പാലൊഴുകിവരുന്നതു കണ്ട് ബാലി മരിച്ചെന്നു കരുതി ഗുഹാമുഖം അടച്ച് തിരികെ വന്ന് രാജ്യഭാരം ഏറ്റെടുത്തതും, പിന്നീട് ബാലി വന്ന് സുഗ്രീവനെ ഓടിച്ചതും മറ്റുമാണ് ഇവിടെ ആടുന്നത്. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാണ് സുഗ്രീവനായി അരങ്ങിലെത്തിയത്. രാജ്യഭാരം ഏറ്റെടുത്ത ശേഷം ബാലിയുടെ ശേഷക്രിയകൾ ചെയ്തപ്പോളുണ്ടായ വിശേഷവും അദ്ദേഹം ഇവിടെ ആടുകയുണ്ടായി. ബലി അർപ്പിച്ച ശേഷം, ബലിച്ചോർ ഉണ്ണുവാനായി കാക്കകളൊന്നും എത്തിയില്ല. ബലിച്ചോർ പുഴയിൽ ഒഴുക്കിയപ്പോൾ മീനുകളും അത് കഴിച്ചില്ല. ഇതൊക്കെ കണ്ട് ജ്യേഷ്ഠന് തന്നോട് പിണക്കമുണ്ട് എന്നും മറ്റും സുഗ്രീവൻ പരിതപിക്കുന്നു.

BaliVadham Kathakali - Kalamandalam Ramachandran Unnithan as Sugreevan.
തന്റേടാട്ടത്തിനു ശേഷം, ദൂരെ തേജസ്വികളായ, സന്യാസിവേഷധാരികളെ കാണുന്നു. എന്നാൽ അവരുടെ കൈയിലുള്ള അമ്പും, വില്ലും സുഗ്രീവനിൽ സംശയം ജനിപ്പിക്കുന്നു. ഹനുമാനെ അവരാരെന്ന് അറിഞ്ഞ് കൂട്ടിവരുവാൻ നിയോഗിക്കുന്നു. ഹനുമാൻ രാമലക്ഷ്മണന്മാരെ സുഗ്രീവന്റെ സമീപമെത്തിക്കുന്നു. ഇത്രയും ഏറ്റവും മിതമായ രീതിയിലാണ് ഉണ്ണിത്താൻ അവതരിപ്പിച്ചത്. കഥാഭാഗം കണ്ട് നല്ല പരിചയമില്ലാത്തവർക്ക്, സുഗ്രീവൻ എന്താണിവിടെ പറഞ്ഞതെന്ന് മനസിലാക്കുവാൻ കഴിയണമെന്നില്ല. തുടർന്ന് രാമലക്ഷ്മണന്മാരുമായി, സുഗ്രീവൻ സഖ്യം ചെയ്യുന്നു. ബാലിയെ വധിക്കുവാൻ സുഗ്രീവനെ സഹായിക്കാമെന്ന് രാമൻ ഏൽക്കുന്നു. തിരികെ സീതയെ കണ്ടെത്തുവാനായി താനും, തന്റെ വാനരസൈന്യവും തയ്യാറായിരിക്കുമെന്ന് സുഗ്രീവനും വാക്കുനൽകുന്നു. കാട്ടിൽ നിന്നും വീണുലഭിച്ച ആഭരണങ്ങളും മറ്റും സുഗ്രീവൻ രാമലക്ഷ്മണന്മാരെ കാണിക്കുന്നു. സീതയുടേതാണ് ആ ആഭരണങ്ങളെന്ന് രാമൻ തിരിച്ചറിയുന്നു. ഇവിടെ സീതയുടെ പാദസരം ലക്ഷ്മണൻ തിരിച്ചറിയുന്നതായി ഒരു ആട്ടമുണ്ട്. ദിനവും ജ്യേഷ്ഠന്റേയും, ജ്യേഷ്ഠത്തിയുടേയും പാദത്തിൽ നമസ്കരിക്കുമ്പോൾ ഈ പാദസരം കാണാറുണ്ടെന്നാണ് ലക്ഷ്മണൻ പറയുന്നത്. കലാമണ്ഡലം രവീന്ദ്രനാഥ പൈ അത് ആടുകയുണ്ടായില്ല.

ബാലിയെ യുദ്ധത്തിനു വിളിക്കുവാൻ രാമൻ സുഗ്രീവനോട് പറയുന്നു. രാമൻ ബാലിയെ വധിക്കുവാൻ സഹായിക്കാം എന്നേൽക്കുമ്പോൾ, സുഗ്രീവന് അതിൽ അത്ര വിശ്വാസം വരുന്നില്ല. സുഗ്രീവന് വിശ്വാസം വരുത്തുവാനായി ദുന്ദുഭിയുടെ ശരീരം ദൂരേക്ക് കാൽ‍വിരൽ കൊണ്ട് തട്ടിമാറ്റുകയും, ബാലി കൈത്തരിപ്പ് തീർക്കുന്ന സാലവൃക്ഷങ്ങളെ എല്ലാത്തിനേയും ഒരസ്ത്രം ഉപയോഗിച്ച് മുറിക്കുകയും ചെയ്യുന്നുണ്ട്. ഇതു രണ്ടിനും പദമുണ്ടെങ്കിലും, ദുന്ദുഭിയുടെ ശരീരം എറിയുന്നത് മനോധർമ്മമായാണ് അവതരിപ്പിച്ചത്. സാലവൃക്ഷങ്ങളെ ഭേദിച്ച് അസ്ത്രം തിരിച്ച് രാമന്റെ കൈയിൽ തന്നെയെത്തുമ്പോൾ, സുഗ്രീവൻ ചോദിക്കുന്നു; “സാധാരണ അസ്ത്രങ്ങൾ നേരേയല്ലേ പോവുക, ഇതെങ്ങിനെ വൃത്താകൃതിയിൽ മരങ്ങളെ ഭേദിച്ച് തിരിച്ചെത്തി?”. എന്നാൽ ഇതിന് രാമനായെത്തിയ കൃഷ്ണപ്രസാദ് കൃത്യമായ ഒരു ഉത്തരം നൽകി കണ്ടില്ല. എന്താണ് അവിടെ ഉണ്ണിത്താൻ പ്രതീക്ഷിച്ച മറുപടി എന്ന് എനിക്കും മനസിലായില്ല! തുടർന്ന് സുഗ്രീവനെ രാമൻ യുദ്ധത്തിനയയ്ക്കുന്നു. പുറപ്പെടും മുൻപ് രാമൻ തന്നെ സുഗ്രീവനോട് ചോദിക്കുന്നു, “നിങ്ങൾ രണ്ടുപേരും കണ്ടാൽ എങ്ങിനെ, തിരിച്ചറിയുവാൻ കഴിയുമോ?”. “അതറിയുവാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ രണ്ടുപേരും കാഴ്ചയ്ക്ക് ഒരുപോലെയിരിക്കും”, എന്നു സുഗ്രീവന്റെ മറുപടി. തിരിച്ചറിയുവാനായി സുഗ്രീവന് രാമൻ ഒരു ഹാരം സമ്മാനിക്കുന്നു. ബാലിക്ക് കാഞ്ചനമാലയുണ്ട്, തനിക്ക് ഇപ്പോൾ രാമൻ നൽകിയ മാലയുമുണ്ട്; എന്ന് സുഗ്രീവൻ ഇവിടെ സ്മരിക്കുന്നതായും ഉണ്ണിത്താൻ ആടുകയുണ്ടായി.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali.
ബാലിയുടെ തിരനോക്ക്. സുഗ്രീവനോടുള്ള നീരസം തന്റേടാട്ടത്തിൽ വ്യക്തമാക്കിയ ശേഷം, ഒരു ശബ്ദം കേൾക്കുന്നതായി നടിച്ച് ശ്രദ്ധിക്കുന്നു. സുഗ്രീവൻ വീണ്ടും പോരിനു വന്നിരിക്കുന്നത് കണ്ട് ബാലി അതിശയിക്കുന്നു. ഇവിടെ പാലാഴിമഥനം നടത്തി അമൃത് നേടുവാൻ ദേവന്മാരെ സഹായിച്ച, ബ്രഹ്മാവിൽ നിന്നും വരങ്ങൾ നേടി ശക്തനായ രാവണനെ വാലിൽ കെട്ടി ഏഴു കടലും ചാടിക്കടന്ന, വീരനായ എന്നോടെതിർക്കുവാൻ നീയാര് എന്നൊരു ആട്ടം വിസ്തരിച്ചു തന്നെ ബാലിയായെത്തിയ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അവതരിപ്പിക്കുകയുണ്ടായി. ഈ ആട്ടങ്ങളാണ് അദ്ദേഹത്തിന്റെ ബാലിയെ വ്യത്യസ്തനാക്കുന്നതും. എന്നാൽ സുഗ്രീവൻ കാണികൾക്ക് പിന്നിൽ നിൽക്കുമ്പോൾ ഇത്രയും വിസ്തരിച്ച് ഈ ആട്ടങ്ങൾ ആടുന്നതിലുള്ള അനൌചിത്യവും പറയാതെ വയ്യ. അണിയറയിൽ വേഷം കെട്ടിയിരിക്കുന്ന രീതിയിലല്ല ഉണ്ണിത്താൻ കാണികളുടെ പിന്നിൽ നിൽക്കുന്നത്, സുഗ്രീവനായിട്ടാണ്. എന്നാൽ ഒന്നും ചെയ്യുവാനുമില്ല, ആരും കാണുവാനുമില്ല. സുഗ്രീവൻ രംഗത്ത് കയറിയ ശേഷം ഈ ആട്ടങ്ങൾ ചേർക്കുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു. അല്ലെങ്കിൽ, സുഗ്രീവനെ കാണുന്നതിനു മുൻപ്, “ഇങ്ങിനെയുള്ള എന്നെ പോരിനുവിളിക്കുന്ന ഇവനാര്!” എന്നാടുവാനും സാധ്യതയുണ്ട്. മറ്റൊന്നുള്ളത്, സുഗ്രീവന്റെ കഴുത്തിൽ കിടക്കുന്ന മാലകണ്ട്, “ഇതെന്താണ് ഒരു മാലയൊക്കെയിട്ട്?” എന്നൊരു ചോദ്യം ബാലി ചോദിക്കുന്നതായൊക്കെ ആടാറുണ്ട്. ഇവിടെ അങ്ങിനെയുള്ള ചോദ്യോത്തരങ്ങൾ കുറവായിരുന്നു.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali and Kalamandalam Ramachandran Unnithan as Sugreevan.
ആകാരവലുപ്പം കൊണ്ടും, വേഷഭംഗികൊണ്ടും, ആരോഗ്യം കൊണ്ടും; ഉണ്ണിത്താന്റെ സുഗ്രീവൻ, നെല്ലിയോടിന്റെ ബാലിയേക്കാൾ മേലെയാണ്. മോടികുറഞ്ഞ കോപ്പുകളുപയോഗിച്ചത് ബാലിയുടെ ഗൌരവം വീണ്ടും കുറച്ചു. ഈ കാരണങ്ങളാൽ ബാലിയിൽ നിന്നും താന്നുനിൽക്കുവാൻ ഉണ്ണിത്താൻ വല്ലാതെ ആയാസപ്പെടേണ്ടതായും വന്നു. പർവ്വതത്തിനെ വലം വെച്ചുള്ള ആട്ടവും, വാനരചേഷ്ടകളും, യുദ്ധവുമൊക്കെ വളരെ വേഗത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തു. രാമൻ ബാലിയെ ഒളിയമ്പെയ്യുന്നു, അസ്ത്രമേറ്റ് ബാലി വീഴുന്നു, രാമൻ ബാലിക്ക് മോക്ഷം നൽകുന്നു, ലക്ഷ്മണൻ സുഗ്രീവനെ വാനരരാജാവായി വാഴിക്കുന്നു. ഈ രംഗങ്ങളും സാധാരണ അവതരിപ്പിക്കുന്നതിലും വേഗത്തിൽ കളിച്ചു തീർക്കുന്നതായാണ് കണ്ടത്.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali and Kalamandalam KrishnaPrasad as SriRaman.
ബാലിയും, സുഗ്രീവനും ചേരുന്ന ആദ്യരംഗങ്ങൾ കോട്ടക്കൽ മധു, കലാനിലയം രാജീവൻ എന്നിവരും; അവസാനഭാഗങ്ങൾ പത്തിയൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം സജീവൻ എന്നിവരും ആലപിച്ചു. കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം അച്ചുതവാര്യർ എന്നിവർ മദ്ദളത്തിലും; കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ ചെണ്ടയിലും ഈ ഭാഗങ്ങളിൽ മേളമൊരുക്കി. എല്ലാവരും കളി തീർക്കുവാനുള്ള തത്രപ്പാടിലായിരുന്നു അവസാനമായപ്പോഴേക്കും. ഇത് കളിയുടെ ഗൌരവം കളഞ്ഞു. ബാലിയുടെ അന്ത്യരംഗങ്ങൾക്കും പറയത്തക്ക ആകർഷകത്വമൊന്നും തോന്നിയില്ല. ചിങ്ങോലി പുരുഷോത്തമൻ, മാർഗി രവി എന്നിവരുടെ ചുട്ടിയും നിലവാരം പുലർത്തിയില്ല. ശ്രീകൃഷ്ണവനമാല കഥകളിയോഗത്തിന്റെ കോപ്പുകളും ആകർഷകമായിരുന്നില്ല. ചുരുക്കത്തിൽ ആദ്യഭാഗങ്ങൾ നന്നായെങ്കിലും, മൊത്തത്തിൽ ആസ്വാദകർക്ക് തൃപ്തികരമായ ഒരു അനുഭവമായിരുന്നില്ല ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’.


Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Nelliyodu Vasudevan Nampoothiri (Bali), Kalamandalam Ramachandran Unnithan (Sugreevan), Kalamandalam Krishnaprasad (SriRaman), Kalamandalam Raveendranatha Pai (Lakshmanan), Kalakendram Muraleedharan Nampoothiri (Thara), Chingoli Gopalakrishnan (Angadan). Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ചിങ്ങോലിയിലെ ബാലിവധം - ഭാഗം രണ്ട്

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan, Chingoli Gopalakrishnan as Jadayu.
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’ കഥകളിയുടെ ഒന്നാം ഭാഗം ഇവിടെ കണ്ടുവല്ലോ. സ്വർണ്ണമാനായി സീതയുടെ മുന്നിലെത്തുവാൻ, മാരീചനെ അയച്ചശേഷമുള്ള രാവണന്റെ മനൊധർമ്മാട്ടത്തിനു ശേഷമുള്ള രംഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. രാമൻ, സീത, ലക്ഷ്മണൻ എന്നിവർ വസിക്കുന്ന പഞ്ചവടിയിൽ, സ്വർണ്ണമാനിന്റെ രൂപത്തിൽ മാരീചൻ എത്തുന്നു. ‘വണ്ടാർക്കുഴലി! ബാലേ!’ എന്ന രാമന്റെ പദമാണ് ഇവിടെ. സുവർണ്ണമാനിനെ സീതയ്ക്ക് കാട്ടിക്കൊടുക്കുകയാണ് രാമൻ ഇതിൽ.

BaliVadham Kathakali: Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha.
സീത മാനിനെ വർണ്ണിക്കുന്നതാണ് അടുത്ത പദം. സ്വർണ്ണ ദേഹം, വെള്ളിക്കുളമ്പുകൾ, നീണ്ട കൊമ്പുകൾ എന്നിങ്ങനെ പോവുന്നു സീതയുടെ വർണ്ണന. ഇതൊക്കെ കേട്ട് സീതയുടെ ഉള്ളിൽ ഇത് ഒരു മോഹമായി ഉണ്ടെങ്കിൽ ഉടൻ തന്നെ നിനക്കിതിനെ പിടിച്ചുകൊണ്ടുവന്നു തരാമെന്ന് രാമൻ അറിയിക്കുന്നു. സീതയെ കാത്തുകൊള്ളുവാൻ ലക്ഷ്മണനോട് പറഞ്ഞതിനു ശേഷം രാമൻ മാനിന്റെ പിന്നാലെ പോവുന്നു. ഇവിടെ തോടി രാഗം മൂന്നുവട്ടം ആലപിക്കുകയാണ് പതിവ്. ഓരോ പ്രാവശ്യവും കലാശമെടുത്തു നിൽക്കുമ്പോൾ ശ്രീരാമൻ മാനിനു സമീപമെത്തുന്നതായും, മാൻ വെട്ടിച്ചു പോവുന്നതായും ആടുന്നു. മൂന്നാമതും അങ്ങിനെ ചെയ്യുമ്പോൾ ഇത് സാധാരണ മാനല്ല, എന്തോ ചതിയാണെന്ന് സംശയിച്ച് മാനിനു നേരേ അസ്ത്രം തൊടുക്കുന്നു. അസ്ത്രമേറ്റ് വീഴുന്ന മാൻ സീതയേയും, ലക്ഷ്മണനേയും രാമന്റെ ശബ്ദത്തിൽ പ്രാണഭയത്തോടെ കരയുന്നു. ഇത് ചതി തന്നെ എന്നുറപ്പിച്ച്, എത്രയും വേഗം സീതയുടേയും, ലക്ഷ്മണന്റേയും പക്കലെത്തുക തന്നെ എന്നാടി രാമൻ രംഗത്തു നിന്നും മാറുന്നു.

കലാമണ്ഡലം കൃഷ്ണപ്രസാദാണ് രാമനായി അരങ്ങിലെത്തിയത്. കലാമണ്ഡലം മുകുന്ദൻ സീതയായും, കലാമണ്ഡലം രവീന്ദ്രനാഥ പൈ ലക്ഷ്മണനായും വേഷമിട്ടു. കലാമണ്ഡലം കൃഷ്ണപ്രസാദ് വളരെ നന്നായി തന്നെ രാമനെ അവതരിപ്പിച്ചു. പ്രത്യേകിച്ചും, മാനിനെ പിന്തുടരുന്ന രാമന്റെ ഭാഗം അദ്ദേഹം ഗംഭീരമാക്കി. ആദ്യവട്ടത്തിൽ വെറുതെ പിടിക്കുവാൻ ശ്രമിക്കുന്നതായും; രണ്ടാമത് തന്റെ വില്ലുകണ്ടാവും എന്നു കരുതി, വില്ലൊളിപ്പിച്ച് വെച്ചശേഷം പിടിക്കുവാൻ ശ്രമിക്കുന്നതായും; മൂന്നാമത്, പുല്ല് നീട്ടി ഉപായത്തിൽ പിടിക്കുവാൻ ശ്രമിക്കുന്നതായുമാണ് ആടിയത്. കലാമണ്ഡലം മുകുന്ദന്റെ സീതയായുള്ള പ്രവർത്തിയും നന്നായി. ഇവിടെ, കിഴക്കേക്കോട്ടയിലെ ‘പൂതനാമോക്ഷം’ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി, സ്ത്രീത്വമൊക്കെ വേഷത്തിനുണ്ടായിരുന്നു. മാനിനെ പിടിച്ചു കൊണ്ടുവരാം എന്നു പറയുന്ന രാമനോട്, “ഉറപ്പാണോ? ഒരു കാര്യം, അതിനെ അമ്പെയ്ത് കൊല്ലരുത്.” എന്നൊക്കെ മനോധർമ്മമായി ആടുകയുമുണ്ടായി. ഇതേ പ്രകാരം വെപ്രാളപ്പെടാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ, മുകുന്ദന്റെ മറ്റു വേഷങ്ങളും നന്നാവുമെന്ന കാര്യത്തിൽ സംശയമില്ല.

BaliVadham Kathakali: Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan.
രാമന്റെ കരച്ചിൽ കേട്ട് സീത പരിഭ്രമിക്കുന്നു. ‘ദേവബാല! സൌമിത്രേ കേൾക്ക...’ എന്ന സീതയുടെ ലക്ഷ്മണനോടുള്ള പദമാണ് തുടർന്ന്. രാമന് എന്തോ അപകടം നേരിട്ടിരിക്കുന്നുവെന്നും, അതിനാൽ ഉടൻ തന്നെ രാമനെ തിരക്കി പുറപ്പെടുവാൻ സീത ലക്ഷ്മണനോട് പറയുന്നു. തന്റെ ജേഷ്ഠനായ രാമനെ അപായപ്പെടുത്തുവാൻ ഒന്നിനുമാവില്ലെന്നും, ഇത് ഏതോ നക്തഞ്ചരന്റെ ചതിയാണെന്നും ലക്ഷ്മണൻ പ്രതിവചിക്കുന്നു. ഇത് രാമന്റെ ശബ്ദമാണ്, നിശാചരന്മാരുടെയല്ല എന്നൊക്കെ പറഞ്ഞ് വീണ്ടും ലക്ഷ്മണനെ അയയ്ക്കുവാൻ ശ്രമിക്കുന്നു. എന്തു പറഞ്ഞിട്ടും ലക്ഷ്മണൻ പോകുവാൻ കൂട്ടാക്കുന്നില്ലെന്നു കണ്ട്, ലക്ഷ്മണന് തന്റെ മേൽ കണ്ണുണ്ട് അതിനാലാണ് രാമന് അപകടം നേരിട്ടുവെന്നറിഞ്ഞിട്ടും ഇവിടെ നിൽക്കുന്നത് എന്നുമൊക്കെ പറയുന്നു. ഇത്രയുമൊക്കെ കൂടി കേൾക്കുമ്പോൾ, ലക്ഷ്മണൻ രാമനെ തിരക്കി പോവുക തന്നെ എന്നുറപ്പിച്ച്, സീതയോട് ഇവിടെ നിന്നും എങ്ങും പോവരുതെന്നു പറഞ്ഞ് രംഗത്തു നിന്നും മാറുന്നു. ഈ സമയം സന്യാസിയുടെ രൂപത്തിൽ രാവണനെത്തുന്നു. ഉപചാരപൂർവ്വം സ്വീകരിച്ചിരിക്കുന്ന സീതയ്ക്കു മുൻപിൽ തന്റെ സ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ട ശേഷം, രാവണൻ സീതയെ ബലാൽക്കാരമായി കടത്തുവാൻ ശ്രമിക്കുന്നു. എന്നാൽ സീതയുടെ സമീപത്തേക്ക് അടുക്കുവാൻ ശ്രമിക്കുമ്പോൾ, അഗ്നിയുടേതെന്ന പോലെ രാവണന് പൊള്ളൽ അനുഭവപ്പെടുന്നു. അതിനാൽ രാവണൻ, സീത സ്ഥിതിചെയ്യുന്ന ഭൂമിയോടൊപ്പം സീതയെ പുഷ്പകവിമാനത്തിൽ എടുത്തുവെച്ച് ലങ്കയിലേക്ക് തിരിക്കുന്നു.

BaliVadham Kathakali: Kavungal Divakara Panicker as Sanyasi Ravanan, Kalamandalam Mukundan as Seetha.
കലാമണ്ഡലം രവീന്ദ്രനാഥ പൈയുടെ പ്രവർത്തി നന്നെങ്കിലും, പാത്രപരിചയം അദ്ദേഹത്തിനു കുറവായിരുന്നെന്നു തോന്നി. സീതയെ തനിച്ചാക്കി, രാമനെ തേടി പുറപ്പെടുമ്പോൾ വില്ലുകൊണ്ട് ലക്ഷ്മണ രേഖ വരയ്ക്കുന്നതായൊന്നും ഇവിടെ ആടുകയുണ്ടായില്ല. സീതയെ വലം വെച്ച് പോവുന്നതായാണ് അദ്ദേഹം ആടിയത്. അതിനു ശേഷം, എങ്ങും പോവാതെ ഇവിടെ തന്നെ സ്ഥിതി ചെയ്യുക എന്നുമാത്രമാണ് പറഞ്ഞത്. രേഖയ്ക്ക് പുറത്തുപോവരുത് എന്നൊന്നും സീതയോട് പറയുന്നതായി ആടി കണ്ടില്ല. കാവുങ്കൽ ദിവാകര പണിക്കരാണ് സന്യാസി രാവണനെ അവതരിപ്പിച്ചത്. സന്യാസി രാവണന്റെ വേഷം, ബാലെകളിലും മറ്റും കാണുന്നതു പോലെ തോന്നിച്ചു. അല്പസമയത്തേക്ക് മാത്രമുള്ള വേഷമാണെങ്കിലും, ഉപേക്ഷയോടെ കാണുവാൻ പാടുള്ളതല്ല. വേഷം നന്നായിരിക്കുവാൻ ശ്രദ്ധിക്കേണ്ടത്, അതാത് വേഷം ചെയ്യുന്ന കലാകാരന്മാരുടെ ഉത്തരവാദിത്തമാണ്.

സീതയുമായി രാവണൻ പോവുന്നതുകാണുന്ന ജടായു വഴിതടയുന്നു. പോകുവാൻ അനുവദിക്കാതിരുന്നാൽ ജടായുവിനെ വധിച്ച് താൻ പോവുമെന്ന് രാവണൻ വീമ്പുപറയുന്നു. എന്നാൽ ജടായു നിസ്സാരനല്ലെന്ന് അധികം വൈകാതെ തന്നെ രാവണൻ മനസിലാക്കുന്നു. ഒടുവിൽ ചന്ദ്രഹാസമെടുത്ത് ജടായുവിനെ വെട്ടുവാൻ തുടങ്ങുന്നു. എന്നാൽ വെട്ടുകൊള്ളാതെ ജടായു സമർത്ഥമായി ഒഴിഞ്ഞുമാറുന്നു. ഒടുവിൽ ഇവനെ കീഴ്പ്പെടുത്തുവാൻ ചതി ഉപയോഗിക്കുക തന്നെ എന്നുറച്ച്, ഇനി മർമ്മം പറഞ്ഞ് യുദ്ധം ചെയ്യാമെന്ന് രാവണൻ ജടായുവിനോട് പറഞ്ഞു. രാവണന്റെ ചതി മനസിലാക്കാതെ, വലതുപക്ഷമാണ് തന്റെ മർമ്മമെന്ന് ജടായു പറയുന്നു. ഇടതുകാലിലെ തള്ളവിരലാണ് തന്റെ മർമ്മമെന്ന് രാവണനും പറയുന്നു. ജടായു രാവണന്റെ ഇടതുകാലിലെ തള്ളവിരലിൽ കൊത്തുവാനായി കുനിയുന്നു. ആ സമയം ജടായുവിന്റെ വലതുചിറക് രാവണൻ അരിഞ്ഞു വീഴ്ത്തുന്നു. പിന്നാലെ സീതയെ തിരഞ്ഞെത്തുന്ന രാമലക്ഷ്മണന്മാർ ജടായുവിനെ കാണുന്നു. ജടായുവിൽ നിന്നും സീതയെ കൊണ്ടുപോയത് രാവണനാണെന്നും, ലങ്കയിലേക്കാണ് കൊണ്ടുപൊയതെന്നുമുള്ള വൃത്താന്തം ഇരുവരും അറിയുന്നു. ശ്രീരാമൻ ജടായുവിന് മോക്ഷം നൽകുന്നു.

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Mukundan as Seetha, Chingoli Gopalakrishnan as Jadayu.
ചിങ്ങോലിയിലെ ‘ബാലിവധ’ത്തിൽ ഏറ്റവും പാളിപ്പോയ രംഗമായിരുന്നു ഇത്. ഇവിടെ രാവണനും, ജടായുവിനും പദങ്ങളുണ്ടെങ്കിലും അവ പാടുകയുണ്ടായില്ല. അതിനാൽ, മുഴുവൻ ആട്ടവും കലാകാരന്മാർ മനോധർമ്മമായി ആടേണ്ടതുണ്ടായിരുന്നു. എന്നാൽ ജടായുവായെത്തിയ ചിങ്ങോലി ഗോപാലകൃഷ്ണന് അരങ്ങിൽ എന്താണ് പ്രവർത്തിക്കേണ്ടതെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ജടായു ആദ്യം യുദ്ധം ചെയ്യുമ്പോൾ ജയിച്ചു നിൽക്കണം, ചന്ദ്രഹാസമെടുത്ത് വെട്ടിത്തുടങ്ങുമ്പോൾ ഒഴിഞ്ഞുമാറണം, രാവണൻ ആ സമയം യുദ്ധം ചെയ്ത് തളരണം, ഉപായമെന്തെന്ന് ആലോചിക്കുന്നതായി ആടണം, മർമ്മം പറഞ്ഞ് യുദ്ധം ചെയ്യുവാൻ ജടായുവിനെ വിളിക്കണം, ജടായു മർമ്മം പറയണം, രാവണന്റെ കാലിലെ ഇടതുതള്ളവിരൽ ലക്ഷ്യമാക്കി കൊത്തുവാനായണം, അതിനായി രാവണൻ ഇടതുതള്ളവിരൽ ഉയർത്തി കാട്ടണം, വീഴുമ്പോൾ വലതുചിറക് താഴ്ത്തിയിട്ട്, ഇടതു ചിറകടിച്ച് വശം ചെരിഞ്ഞു വീഴണം, വീഴുമ്പോൾ മുഖം പ്രേക്ഷകർക്ക് അഭിമുഖമായിരിക്കണം... ഇതൊന്നും അവിടെ കണ്ടില്ല. രാവണൻ എടുത്ത് വെട്ടുതുടങ്ങിയപ്പോഴേ ജടായു താഴെവീണു, പാട്ടുകാരൻ ഓർമ്മിപ്പിക്കുവാൻ ശ്രമിക്കുന്നതും കണ്ടു. എന്നിട്ട് വലതു കരം കൊണ്ടു തന്നെ മുദ്രയും കാട്ടി! പ്രേക്ഷകർക്ക് എതിരായി തലവെച്ചാണ് ജടായു വീണ് കിടന്നതെന്നതിനാൽ, ജടായുവിന് മോക്ഷം നൽകുന്നതും മറ്റും അനുഭവത്തായതുമില്ല. പൂർണ്ണമായും കറുത്ത വേഷമാണ് ജടായുവിന് നിശ്ചയിച്ചിട്ടുള്ളത്. എന്നാലിവിടെ ജടായുവിന്റെ വേഷവും നിശ്ചയപ്രകാരമായിരുന്നില്ല. ജടായു വേഷം കെട്ടുവാൻ അരങ്ങുപരിചയം കുറഞ്ഞ, തുടക്കക്കാരനായ ഒരു നടനെ നിശ്ചയിച്ച സംഘാടകരെ തന്നെയാണ് ഇതിനു കുറ്റപ്പെടുത്തേണ്ടത്.

പത്തിയൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു ഈ ഭാഗങ്ങൾ ആലപിച്ചത്. സമയക്കുറവു മൂലമായിരിക്കണം, പല പദങ്ങളും ഒഴിവാക്കിയാണ് ഇവർ കഥയ്ക്ക് പാടിയത്. എന്നാൽ ജടായുവുമായുള്ള യുദ്ധഭാഗത്ത് പദം പാടിയിരുന്നെങ്കിൽ, ഇത്രയും മോശമാവില്ലായിരുന്നു ആ രംഗമെന്നു തോന്നുന്നു. ചിങ്ങോലി ഗോപാലകൃഷ്ണന് ആ ഭാഗം ചൊല്ലിയാടി പരിചയമുണ്ടെങ്കിലത്തെ കഥയാണത്, ഇല്ലെങ്കിൽ ഇതിലും മോശമാകുവാനും മതി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ഗണേശ് എന്നിവരായിരുന്നു ഈ ഭാഗത്ത് യഥാക്രമം ചെണ്ടയിലും, മദ്ദളത്തിലും പ്രവർത്തിച്ചത്. ബാലി-സുഗ്രീവ യുദ്ധവും, ബാലിവധവും ഉൾപ്പെടുന്ന ഭാഗങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റിൽ.

Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Kottackal Chandrasekhara Varier as Ravanan, Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan, Kavungal Divakara Panicker as Sanyasi Ravanan, Chingoli Gopalakrishnan as Jadayu. Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, ഓഗസ്റ്റ് 13, ബുധനാഴ്‌ച

ചിങ്ങോലിയിലെ ബാലിവധം - ഭാഗം ഒന്ന്

BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan, Kalakendram Muraleedharan Nampoothiri as Mandothiri.
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ, കാരുവള്ളി ഇല്ലത്ത് കെ.എൻ. വാസുദേവൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ പ്രമാണിച്ച് അവതരിപ്പിച്ച കഥകളിയിൽ ‘ബാലിവധ’മായിരുന്നു രണ്ടാമത്തെ കഥ. സാധാരണയായി സുഗ്രീവൻ, രാമലക്ഷ്മണന്മാരെ കാണുന്നതു മുതലാണ് അവതരിക്കപ്പെടാറുള്ളതെങ്കിൽ ഇവിടെ രാവണനും, അകമ്പനുമുൾപ്പെടുന്ന രംഗം മുതൽക്കാണ് അവതരിപ്പിച്ചത്. സാഹിത്യഭംഗിയിൽ മറ്റു കഥകളെ അപേക്ഷിച്ച് വളരെ പിന്നിലാണ് ബാലിവധം ആട്ടക്കഥ. ‘രാഘവസഖേ! വാക്കു കേൾക്ക മമ, വീര!’ എന്നു പദം മുതൽക്കാണ് പിന്നെയും സാഹിത്യഭംഗിയുള്ളത്. എന്നാൽ കഥകളിയിൽ, സാഹിത്യഭംഗിയേക്കാളുപരി, മറ്റു പല ഘടകങ്ങളുമുണ്ടല്ലോ; അതിന്റെ മേന്മയിലാവാം, ബാലിവധം ഉപേക്ഷിക്കപ്പെടാതെ പോയത്.

രാവണന്റെ തിരനോക്കോടു കൂടിയാണ് കഥ ആരംഭിക്കുന്നത്. അതിനു ശേഷം രാവണന്റെ തന്റേടാട്ടമാണ്. “എനിക്കേറ്റം സുഖം ഭവിച്ചു, അതിനു കാരണമെന്ത്?” എന്നു തുടങ്ങുന്ന ആട്ടത്തിൽ; ബ്രഹ്മദേവനെ തപസുചെയ്ത് വരങ്ങൾ വാങ്ങിച്ച കഥയും, കൈലാസമെടുത്ത് അമ്മാനമാടി ചന്ദ്രഹാസം കൈക്കലാക്കിയ കഥയും (പാർവ്വതീവിരഹം ഇല്ലാതെ) ഒക്കെ പ്രതിപാദിക്കുന്നു. ഇപ്രകാരമുള്ള എന്നെ എതിർക്കുവാൻ മൂന്നു ലോകത്തിലും ആരുമില്ല എന്നു പറഞ്ഞു നിർത്തി; ആരോ വെപ്രാളപ്പെട്ട് ഓടിവരുന്നതായി കാണുന്നു. തന്റെ ദൂതനായ അകമ്പനാണെന്ന് മനസിലാക്കി, ഇപ്രകാരം വെപ്രാളപ്പെട്ടു വരുവാൻ കാരണമെന്തെന്ന് ചിന്തിച്ച്, അകമ്പനെ പ്രതീക്ഷിച്ചിരിക്കുന്നു.

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan.
തുടർന്ന് അകമ്പന്റെ തിരനോക്ക്. അകമ്പൻ രാവണന്റെ സമീപമെത്തുന്നു. ‘രാത്രിഞ്ജര പുംഗവ!’ എന്ന പദമാണ് അകമ്പന്റേത്. ഇതിൽ, രാവണന്റെ സഹോദരിയായ ശൂർപ്പണഖയെ വികൃതയാക്കിയവൻ പഞ്ചവടിയിലെത്തിയിട്ടുണ്ട് എന്ന് അകമ്പൻ അറിയിക്കുന്നു. കൂട്ടത്തിൽ ഒറ്റയ്ക്കല്ല, അവന്റെ ജ്യേഷ്ഠനായ രാമനും, ജ്യേഷ്ഠപത്നിയായ സീതയും ഉണ്ടെന്നും അറിയിക്കുന്നു. തുടർന്ന് ‘മന്നിലൊരു നാരികളും ഏവമില്ലല്ലോ...’ എന്നെടുത്ത് വട്ടം തട്ടി, സീതയുടെ രൂപലാവണ്യത്തെ അകമ്പൻ വർണ്ണിക്കുന്നു. ഇടയ്ക്ക് അകമ്പൻ പറയുന്നു, “അവളുടെ സ്തനങ്ങൾ അമൃതകുംഭങ്ങളോട് സമമാണ്...”; ഉടൻ രാവണൻ... “ശ്ശെ... അത്രയേ ഉള്ളൂ?”; അകമ്പൻ.. “അല്ല, പർവ്വതാഗ്രങ്ങൾക്ക് സമമാണ്...”. സഹോദരിയെ വികൃതയാക്കിയതിനു പകരമായി, ഇവളെ അപഹരിച്ചുകൊണ്ടു വരികയാണ് വേണ്ടത് എന്ന് അകമ്പൻ, രാവണനെ ഉപദേശിക്കുന്നു.

കോട്ടക്കൽ ചന്ദ്രശേഖര വാര്യർ രാവണനായും, കലാമണ്ഡലം ബാലകൃഷ്ണൻ അകമ്പനായും വേഷമിട്ടു. അകമ്പന് നെടുംകത്തിയാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും, കത്തിവേഷത്തിലാണ് ഇവിടെ ബാലകൃഷ്ണൻ പ്രത്യക്ഷപ്പെട്ടത്. രാക്ഷസദൂതൻ എന്നതിലുപരിയായി, അകമ്പന് പ്രാധാന്യം ഇല്ലാത്തതിനാൽ തിരനോട്ടവും ആവശ്യമുണ്ടായിരുന്നില്ല. വെപ്രാളപ്പെട്ടുവരുന്നതായാണ് രാവണൻ കാണുന്നതെങ്കിലും, അകമ്പനിൽ വെപ്രാളമൊന്നും അരങ്ങിൽ കണ്ടില്ല. ചിട്ടപ്രധാനമായ രംഗമാണെങ്കിലും, ഒരു സാധാരണ പദം പോലെയേ ബാലകൃഷ്ണൻ ആടിയപ്പോൾ തോന്നിച്ചുള്ളൂ. പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലാത്തതായും തോന്നി. ഒരുപക്ഷെ, കെട്ടി പരിചയമില്ലാത്തതിനാലാവാം ഇങ്ങിനെ സംഭവിച്ചത്. കോട്ടക്കൽ മധു, കലാനിലയം രാജീവൻ എന്നിവരായിരുന്നു ഇത്രയും ഭാഗം ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കലാമണ്ഡലം അച്ചുതവാര്യർ മദ്ദളത്തിലും ഈ ഭാഗത്തിന് മേളമൊരുക്കി.

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalakendram Muraleedharan Nampoothiri as Mandothiri.
സുന്ദരീമണിയായ സീതയുടെ വൃത്താന്തം അകമ്പനിൽ നിന്നുമറിഞ്ഞ രാവണന്റെ മനോവിചാരങ്ങളാണ് തുടർന്ന്. പതിയുടെ ഈ രീതിയിലുള്ള പെരുമാറ്റത്തിൽ കുണ്ഠിതയായ മണ്ഡോദരി, രാവണനെ ഉപദേശിക്കുന്ന പദമാണ് അടുത്തത്. സീതയെ ഉപായത്തിൽ കടത്തിക്കൊണ്ടുവരുവാനുള്ള നിന്റെ വിചാരം ശരിയല്ല; അത് നിന്റെയും, വംശത്തിന്റെയും നാശത്തിനാണ്; ശക്തിയുണ്ടെങ്കിൽ, നീ രാമനെ പരാജയപ്പെടുത്തി സീതയെ കൈക്കലാക്കുകയാണ് വേണ്ടത്; ഇങ്ങിനെയൊക്കെ പറഞ്ഞ് രാവണനെ പിന്തിരിപ്പിക്കുവാൻ മണ്ഡോദരി ശ്രമിക്കുന്നു. എന്നാൽ മന്ദിരത്തിൽ പോയി വസിക്കുവാനാണ് രാവണൻ മണ്ഡോദരിയോട് പറയുന്നത്. കലാകേന്ദ്രം മുരളീധരൻ നമ്പൂതിരിയാണ് മണ്ഡോദരിയെ അവതരിപ്പിച്ചത്. മണ്ഡോദരിയുടെ പരിഭവവും, ഈർഷ്യയും ഒപ്പം നിസ്സഹായതയും മുരളീധരൻ നന്നായിത്തന്നെ അരങ്ങിൽ പ്രകടമാക്കി.

മണ്ഡോദരിയെ അയച്ച ശേഷം രാവണൻ വീണ്ടും വിചാരങ്ങളിൽ മുഴുകുന്നു; “അവളെ കരസ്തമാക്കുവാൻ എന്താണ് വഴി! നിസ്സാരരായ അവരെ കൊന്ന്, അവളെ കൈക്കലാക്കിയാലോ? ഇല്ല, ചതിയിൽ രാമനിൽ നിന്നും അവളെ പിരിച്ച്, വിരഹവേദന എന്തെന്ന് അറിയിക്കണം. അതിന് ഉപായമെന്ത്? വഴിയുണ്ട്, മാരീചനോട് ആലോചിച്ച് ഒരു വഴി കാണുക തന്നെ.” ഇങ്ങിനെയൊക്കെ ചിന്തിച്ച്, മാരീചന്റെ സമീപത്തേക്ക് പെട്ടെന്നു പോവുകയെന്നു പറഞ്ഞ് രാവണൻ രംഗത്തു നിന്നും മാറുന്നു. മാരീചനുമായുള്ള രംഗമാണ് തുടർന്നുള്ളത്. കാര്യമറിയുന്ന മാരീചൻ രാവണനോട് പറയുന്നു, “അവർ കേവലം നിസ്സരനായ മനുഷ്യനല്ല രാമൻ, നാരായണൻ തന്നെയാണ്. അതിനാൽ നിന്റെ പ്രവൃത്തിയിൽ കൂടെ നിൽക്കുവാൻ എനിക്കാവില്ല.” ഇതു കേട്ട് അത്രയും നേരം ബഹുമാനത്തോടെ നിന്നിരുന്ന രാവണൻ മാരീചനെ തന്റെ ഇടതു ഭാഗത്തേക്ക് കഴുത്തിൽ തള്ളി മാറ്റുന്നു. ഒടുവിൽ കൂടെച്ചെന്നില്ലയെങ്കിൽ രാവണന്റെ കൈകൊണ്ടാവും തന്റെ അന്ത്യം എന്നു മനസിലാക്കുന്ന മാരീചൻ ഒപ്പം ചെല്ലാമെന്നു സമ്മതിക്കുന്നു. ഇതു കേൾക്കുമ്പോൾ രാവണൻ പിന്നെയും മാരീചനെ വലതു ഭാഗത്തേക്കു മാറ്റി, വേണ്ടും വണ്ണം ബഹുമാനിക്കുന്നു!

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan.
കലാമണ്ഡലം ബാലകൃഷ്ണനാണ് മാരീചനായും രംഗത്തെത്തിയത്. എന്നാൽ ഇവിടെയും പരിഭ്രമിച്ചാണ് ബാലകൃഷ്ണൻ കഥാപാത്രം അവതരിപ്പിച്ചത്. “രാവണന്റെ കൈകൊണ്ട് മരിക്കുന്നതിലും നല്ലത് രാമബാണമേറ്റ് മരിക്കുന്നതാണ്. തനിക്ക് മോക്ഷം ലഭിക്കുകയും ചെയ്യും”; ഈ രീതിയിലുള്ള മാരീചന്റെ വിചാരമൊന്നും ബാലകൃഷ്ണൻ ആടുകയുണ്ടായില്ല. തുടർന്ന് രാവണൻ തന്റെ ഉദ്ദേശം മാരീചനെ അറിയിക്കുന്നു. “ഒരു സ്വർണ്ണമാനായി സീതയിൽ കൌതുകമുണർത്തുക. സീതയ്ക്കുവേണ്ടി, മാനിനെ പിടിക്കുവാനായി രാമൻ തിരിക്കും. ദൂരെയെത്തുമ്പോൾ ലക്ഷ്മണനേയും, സീതയേയും വിളിച്ച് രാമന്റെ ശബ്ദത്തിൽ പ്രാണഭയത്തോടെ കരയുക. ഇതുകേട്ട് ലക്ഷ്മണൻ സീതയെ ഒറ്റയ്ക്കാക്കി രാമനെ തിരക്കി പുറപ്പെടും. ഈ സമയം ഞാൻ സീതയെ തട്ടിയെടുത്ത് ലങ്കയിലേക്ക് തിരിച്ചുകൊള്ളാം”. ഇതുകേട്ട് എല്ലാം നിന്റെ ആഗ്രഹം പോലെ എന്നു പറഞ്ഞ്, സ്വർണ്ണമാനായി സീതയിൽ മോഹമുണർത്തുവാനായി മാരീചൻ തിരിക്കുന്നു.

രാവണന്റെ മനോധർമ്മാട്ടമാണ് തുടർന്ന്. “ദേവകളെ പരാജയപ്പെടുത്തി, താൻ ഇന്ദ്രനെയും, സുരലോകത്തെയും തന്റെ അധീനതയിലാക്കി. അന്ന് സുന്ദരിയായ ഇന്ദ്രാണിയെ കാണുകയുണ്ടായി. എന്നാൽ അവൾ ഈ സീതയുടെ സൌന്ദര്യത്തിനു മുൻപിൽ ഒന്നുമല്ല! ഈരേഴ് പതിനാല് ലോകവും ജയിച്ച് പല സുന്ദരിമാരേയും താൻ പുഷ്പകവിമാനത്തിൽ കയറ്റി ലങ്കയിലെത്തിച്ചു. അവരെല്ലാവരും സുന്ദരിമാർ തന്നെ, എന്നാൽ സീതയുടെ അത്രയും സൌന്ദര്യമുള്ള ഒരുവളെ ഞാൻ അവരിലും കണ്ടില്ല. കൈലാസമെടുത്ത് പണ്ട് അമ്മാനമാടിയപ്പോൾ, ഭയചകിതയായ പാർവ്വതിയെ ഞാൻ കാണുകയുണ്ടായി. പാർവ്വതിയും, സൌന്ദര്യത്തിൽ സീതയുടെ പിന്നിലാണ്!” ഇങ്ങിനെയൊക്കെ വിചാരിച്ച ശേഷം, ഉടൻ തന്നെ പഞ്ചവടിയിലേക്ക് തിരിക്കുക തന്നെ എന്നാടി രാവണൻ മാറുന്നു.

പത്തിയൂർ ശങ്കരൻ കുട്ടി, സജീവൻ എന്നിവർ പാട്ടിലും; കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം അച്ചുതവാര്യർ എന്നിവർ മേളത്തിലും മാരീചന്റെ ഭാഗം മുതൽ പ്രവർത്തിച്ചു. കോട്ടക്കൽ ചന്ദ്രശേഖര വാര്യരുടെ രാവണനായുള്ള അവതരണം വളരെ നന്നായി ഈ ഭാഗങ്ങളിൽ. പ്രത്യേകിച്ചും അകമ്പൻ, മാരീചൻ എന്നിവരോടുള്ള മനോധർമ്മങ്ങളും; സീതയുടെ സൌന്ദര്യം മറ്റുള്ള പലരോടും താരതമ്യം ചെയ്തുള്ള ആട്ടവും വാര്യർ മനോഹരമാക്കി. ഏറ്റവും അരോചകമായി അനുഭവപ്പെടാറുള്ള, വായ തുറന്നുവെയ്ക്കൽ ഇവിടെ വളരെ കുറവായിരുന്നു എന്നതും പ്രവർത്തി ഇഷ്ടപ്പെടുവാൻ ഒരു കാരണമാണ്. തെക്കൻ ശൈലിയിലുള്ള കിരീടമാണ് ഉപയോഗിച്ചതെന്നതൊഴിച്ചാൽ, രാവണന്റെ വേഷവും ഗംഭീരമായിരുന്നു. കലാമണ്ഡലം ബാലകൃഷ്ണന്റെ ഉടുത്തുകെട്ട് അതേസമയം അത്ര നന്നായില്ല. മാത്രമല്ല, അരങ്ങിൽ അദ്ദേഹത്തിന്റെ നില്പിലൊന്നും ഒരു ‘കഥകളി’ത്തം തോന്നിക്കുന്നില്ല. മുട്ട് അല്പം പോലും വളയ്ക്കാതെ, നേരേ ഒറ്റ നില്പാണ്! അതുപോലെ പാദത്തിന്റെ മുഴുവനും നിലത്ത് സ്പർശിക്കുന്ന രീതിയിലാണ് കാൽ വെയ്ക്കുന്നതും. ഇവയൊക്കെക്കൂടി ശ്രദ്ധിച്ചാൽ, കൂടുതൽ നന്നാവും ബാലകൃഷ്ണന്റെ വേഷം. സീതാപഹരണവും, ജടായൂമോക്ഷവും ഉൾപ്പെടുന്ന ‘ബാലിവധ’ത്തിലെ തുടർന്നുള്ള ഭാഗങ്ങൾ അടുത്ത പോസ്റ്റിൽ.

Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan, Kalakendram Muraleedharan Nampoothiri as Mandothiri. Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ചിങ്ങോലിയിലെ കാട്ടാളനും, ദമയന്തിയും

Kattalan & Damayanthi Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Chingoli Gopalakrishnan (Purappad), Sadanam Krishnankutty (Kattalan), Margi Vijayakumar (Damayanthi).
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ, കാരുവള്ളി ഇല്ലത്ത് കെ.എൻ. വാസുദേവൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ പ്രമാണിച്ച് നളചരിതം രണ്ടാംദിവസം കഥകളിയിലെ കാട്ടാളനും, ദമയന്തിയും കൂടിയുള്ള രംഗം അവതരിക്കപ്പെട്ടു. ചിങ്ങോലി ഗോപാലകൃഷ്ണൻ അവതരിപ്പിച്ച പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. പുറപ്പാട് ചുവടുകളുടെ സൌന്ദര്യമൊന്നും ഗോപാലകൃഷ്ണന്റെ ആട്ടത്തിൽ പ്രകടമായില്ല. കുറച്ചു കൂടി ചടുലതയോടെ, വ്യക്തമായ മുദ്രകളോടെ പുറപ്പാട് അവതരിപ്പിക്കാമായിരുന്നു. കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം അച്ചുത വാര്യർ, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരുടെ മേളപ്പദവും തുടർന്ന് അവതരിപ്പിക്കപ്പെട്ടു.

കോട്ടക്കൽ മധു, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു പുറപ്പാടും മേളപ്പദവും പാടിയത്. കോട്ടക്കൽ മധു സാധാരണ പാടാറുള്ളത്രയും, സംഗീതപ്രയോഗങ്ങളോടെ ഇവിടെ പാടുകയുണ്ടായില്ല. എന്നിട്ടുപോലും സജീവന് പലയിടത്തും മധുവിനെ പിന്തുടരുവാൻ കഴിഞ്ഞില്ല. താളത്തിനുള്ളിൽ വരികൾ വിന്യസിക്കുവാനും വല്ലാതെ ആയാസപ്പെടുന്നതായി തോന്നി. കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ ചെണ്ടയിൽ നന്നായി പ്രവർത്തിച്ചപ്പോൾ; മദ്ദളത്തിൽ കലാമണ്ഡലം നാരയണൻ നായരുടെ പ്രവർത്തി അത്ര മെച്ചമായി തോന്നിയില്ല. രണ്ടാമത്തെ മദ്ദളം കൈകാര്യം ചെയ്ത അച്ചുത വാര്യർ സാമാന്യം നല്ല രീതിയിൽ തന്നെ മേളം കൈകാര്യം ചെയ്തു. പുറപ്പാടിനു ശേഷം അവതരിപ്പിക്കുന്ന കഥകളുടെ ഒരു സംക്ഷിപ്ത വിവരണം കലാമണ്ഡലം സജീവൻ നൽകുകയുണ്ടായി. ഒരു കഥകളി കലാകാരൻ തന്നെ അത് അവതരിപ്പിച്ചത് എന്തുകൊണ്ടും ഉചിതമായി. സജീവൻ അത് ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.

Kattalan & Damayanthi Kathakali: Margi Vijayakumar (Damayanthi).
മാർഗി വിജയകുമാർ ദമയന്തിയായും, സദനം കൃഷ്ണൻകുട്ടി കാട്ടാളനായും വേഷമിട്ട; നളചരിതത്തിലെ കാട്ടാളനും, ദമയന്തിയും ഉൾപ്പെടുന്ന രംഗമാണ് തുടർന്ന് അവതരിക്കപ്പെട്ടത്. കലിബാധിതനായ നളൻ ദമയന്തിയെ വനത്തിൽ ഉപേക്ഷിച്ചു പോവുന്നു. ക്ഷീണിതയായി ഉറങ്ങിപ്പോയ ദമയന്തി ഉറക്കമുണരുമ്പോൾ പ്രിയതമനെ കാണാതെ വിഷമിക്കുന്നു. തുടർന്നുള്ള ദമയന്തിയുടെ പദമായ “അലസത വിലസിതം...” എന്ന പദം മുതൽക്കാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദമയന്തിയായെത്തിയ മാർഗി വിജയകുമാർ സാധാരണപോലെ മികച്ചു നിന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan), Margi Vijayakumar (Damayanthi).
സദനം കൃഷ്ണൻ കുട്ടി അവതരിപ്പിച്ച കാട്ടാളനെ ‘വിചിത്രം!’ എന്നേ വിശേഷിപ്പിക്കുവാനാവൂ. എന്തോ ശബ്ദം കേട്ട് ഉണരുന്ന കാട്ടാളൻ ഉടൻ തന്നെ പന്തം കത്തിക്കുന്നതായാണ് ആടിയത്. ഈ ആട്ടം ഒട്ടും തന്നെ കാട്ടാളന് ഉചിതമല്ല. കാട്ടാളന്റെ അടുത്ത ചരണത്തിൽ പറയുന്നുണ്ട്, “ഉരത്തെഴും തിമിരം വെൽ‍വാൻ ഉദിക്കുമാറായ് ഭഗവാനും...” എന്ന്. പന്തവും കൈയിലേന്തി നടക്കുന്ന ഒരുവന് ഉരത്തെഴുന്ന തിമിരം ഒരു പ്രശ്നമാവില്ലല്ലോ! പന്തമൊക്കെ കൊളുത്തി പുറത്തിറങ്ങുന്ന കാട്ടാളൻ ഉടൻ തന്നെ, പദമോർത്തിട്ടാവണം, പന്തം കെടുത്തുകയും ചെയ്തു! അതിനു ശേഷം കാട്ടാളൻ പറയുന്നു, ‘ശബ്ദം കേട്ടിട്ട് കുയിലിന്റെ കൂജനമാണോ എന്നു തോന്നും!’ എന്ന്. ഇവിടെ ഒരു കുയിൽ പേടിച്ചു കരയുന്നതുപോലെ തോന്നുന്നു എന്നോ മറ്റോ ആടുന്നതായിരുന്നു ഉചിതം. നളനെ കാണാഞ്ഞ് ദമയന്തി വിലപിക്കുന്നതാണല്ലോ കാട്ടാളൻ കേൾക്കുന്നത്. അത്, കുയിലിന്റെ കൂജനമായി കേൾക്കുന്നത് അഭംഗിയായി തോന്നുന്നു.

“എടുത്തു വില്ലും അമ്പും വാളും...” എന്ന ചരണത്തിലാണ് അടുത്ത വിശേഷം. നാലു പാടും, ഉത്തരത്തിലും മറ്റും തന്റെ ആയുധങ്ങളെ തപ്പുന്നതായാണ് കൃഷ്ണൻകുട്ടിയുടെ കാട്ടാളൻ ആടിയത്. തന്റെ ജീവൻ നിലനിർത്തിപ്പോകുവാൻ ഏറ്റവും ആവശ്യമായ ആയുധങ്ങൾ എവിടെ വെച്ചു എന്ന് ഒരു കാട്ടാളൻ മറക്കുക വിശ്വസിനീയമായ സംഗതിയല്ല. കാട്ടിൽ വസിക്കുന്ന ഒരാളായതിനാൽ തന്നെ, സ്വയരക്ഷയ്ക്കായി ആയുധങ്ങൾ കൈയ്യെത്തുന്ന അകലത്തിൽ തന്നെ ഉണ്ടാകുവാനാണ് സാധ്യത. അതുപോലെ സ്ഥിരം ഉപയോഗിക്കുന്ന വാളും, അമ്പും മറ്റും ഉപയോഗിക്കുവാനേ കഴിയാത്തത്രയും മൂർച്ച കുറഞ്ഞ അവസ്ഥയിലായിരിക്കുകയുമില്ലല്ലോ! അങ്ങിനെയാടുന്നതിനോടും യോജിക്കുവാൻ കഴിയില്ല. അല്പം മൂർച്ചകൂട്ടുന്നതായൊക്കെ ആടാം, അത്രയും മതിയാവും.

“ആഹന്ത ദയിത! ദയാസിന്ധോ നീയെന്നെ...” എന്ന പദം ഇപ്പോൾ വെറുതെ ആലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എനിക്കു തോന്നുന്നു, കഥകളിയിൽ ഒരു പദവും അങ്ങിനെ വെറുതെ പാടുവാനുള്ളതാവില്ല എന്നാണ്. ഈ സമയം കാട്ടാളൻ അരങ്ങിൽ നിന്നു മാറുകയും, ദമയന്തി വശത്തുകൂടി പ്രവേശിച്ച് പദമാടി മാറുകയും ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം എന്നു തോന്നുന്നു. ‘കിർമ്മീരവധം’ കഥകളിയിൽ പാത്രവുമായെത്തുന്ന ധർമ്മപുത്രരുടെ അടുത്തേക്ക് ധൌമ്യനും, പാഞ്ചാലിയും പ്രവേശിച്ചു മാറുന്നത് ഓർക്കുക. ആ മാതൃക ഇവിടെയും പിന്തുടരാവുന്നതാണ്.

കാട്ടാളന്റെ തുടർന്നുള്ള പദത്തിലെ ഒരു വരി “വാതിച്ചോർക്കും പ്രാണാപായേ...” എന്നാണ് തുടങ്ങുന്നത്. ഇവിടെ ‘വാതിച്ചോർ’ എന്നതിന് അടുത്തേക്കു വരുന്നു എന്നതിനു കാട്ടുന്ന മുദ്രയാണ് കാണിച്ചത്. എന്താണ് ഇതുകൊണ്ട് നടൻ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. വാതിച്ചോർ എന്നതിന് ബ്രാഹ്മണർ എന്നാണർത്ഥം. ബ്രാഹ്മണർക്കു പോലും, പ്രാണൻ അപകടത്തിലാവുന്ന സമയത്ത് അയിത്തം ഒരു പ്രശ്നമാവാറില്ല എന്നു വരിയുടെ അർത്ഥം. അതുപോലെ ‘കാട്’ എന്നതിനു പലപ്പോഴും ‘മരം’ എന്ന മുദ്രകൊണ്ടു മതിയാക്കി; ‘മംഗലഗാത്രി’ എന്ന ഭാഗത്ത് ‘മനോഹരം’ എന്നതിൽ മുദ്ര നിർത്തി, ‘ഗാത്രി’ എന്നഭാഗം വിഴുങ്ങി - ഇങ്ങിനെ പലഭാഗത്തും മുദ്രകൾ പൂർണ്ണമായി കാണിക്കാതെ ഒഴിവാക്കുന്നത് കാണാമായിരുന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan).
പാമ്പിനെ കൊന്നതിനു ശേഷം, കാട്ടാളനുടനെ പച്ചിലയൊക്കെ പറിച്ച് മരുന്നുണ്ടാക്കി ദമയന്തിയുടെ പാദത്തിൽ തേക്കുവാൻ ആയുന്നതായൊക്കെ ആടി. എന്നാൽ ഈ ഭാഗമൊന്നും ദമയന്തി കണ്ടതുകൂടിയില്ല. ഒരുപക്ഷെ അങ്ങിനെ ഒരു ആട്ടം ആടുന്നുണ്ട് എന്ന് മാർഗി വിജയകുമാർ അറിഞ്ഞിട്ടുണ്ടാവില്ല. പിന്നെ, കാട്ടാളൻ തന്നെ മരുന്ന് വേണ്ടെന്നോ എന്നൊക്കെ സ്വയം ആടി, അവസാനിപ്പിച്ചു; മാർഗി വിജയകുമാർ പദഭാഗവുമാടി. കൂട്ടുവേഷത്തിന്റെ സഹകരണം ആവശ്യമുള്ള ഇത്തരം മനോധർമ്മങ്ങൾ അരങ്ങിൽ അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അത് അണിയറയിൽ വെച്ചു തന്നെ കൂട്ടുവേഷം കെട്ടുന്ന നടനുമായി സംസാരിച്ച് ഒരു ധാരണയിൽ എത്തുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ഇവിടെ സംഭവിച്ചതുപോലെ, ‘ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന രീതിയിൽ ആട്ടം അവസാനിപ്പിക്കേണ്ടിവരും.

“അംഗനേ! ഞാനങ്ങുപോവതെങ്ങിനെ...” എന്ന കാട്ടാളന്റെ പദത്തിൽ “വാഴ്ച നമുക്കവിടെ വനസുഖം, ആരറിഞ്ഞു!” എന്നൊരു ചരണത്തിൽ വരുന്നുണ്ട്. ഇവിടെ വനസുഖം കാട്ടാളൻ ആടിയത്, മാനിനെയും മറ്റും നായാടി, അവയെ തീയിൽ ചുട്ടു തിന്നാം എന്നൊക്കെയാണ്. എത്ര ശുഷ്കമാണ് കാട്ടാളന്റെ ഭാവന. കാമവുമായോ, രതിയുമായോ ബന്ധപ്പെട്ട എന്തെങ്കിലും ആട്ടങ്ങളാണ് ഇവിടെ അനുയോജ്യം. വെള്ളച്ചാട്ടങ്ങളിൽ നീരാടി, ഇണക്കിണികളെപ്പോലെ ചുണ്ടുരുമ്മി കഴിയാം, ലതകൾ മരങ്ങളെ ചുറ്റിപ്പുണരുന്നതുപോലെ ഞാൻ നിന്നെ പുണരാം... എന്നിങ്ങനെ എന്തൊക്കെ കാണിക്കാം! അപ്പോഴാണ് മാംസം ചുട്ടുകഴിക്കാമെന്ന് പറയുന്നത്! ഉണ്ണായിവാര്യരുടെ കാട്ടാളനുപോലും വിവരമുണ്ട് എന്നാണ് പറയുവാറുള്ളത്. എന്നാൽ വിവരക്കേടായ കാട്ടാളന്മാരും കുറവല്ല എന്ന് ഇത്തരം വേദികൾ തെളിയിക്കുന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan).
ഒടുവിൽ ദമയന്തി “ഈശ്വര! നിഷധേശ്വര...” എന്നു വിലാപം തുടങ്ങുമ്പോളേ കാട്ടാളൻ സ്റ്റൂളിൽ കയറി ഭസ്മമാകുവാൻ തയ്യാറായിരുന്നു. “അബലേ! നിൻ‍വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ...” എന്നാണ് കവിവാക്യം. കാട്ടാളൻ ദമയന്തിയെ പ്രാപിക്കുവാൻ ആയുമ്പോളാണ്, അല്ലെങ്കിൽ അങ്ങിനെയുള്ള വികാരങ്ങൾ അയാളിൽ ജനിക്കുമ്പോളാണ്, ദേവന്മാരുടെ ദമയന്തിക്കുള്ള വരം നിമിത്തമായി കാട്ടാളൻ ഭസ്മമാവുന്നത്. സ്റ്റൂളിൽ കയറി വീഴുവാൻ കാത്തു നിൽക്കുന്നതിനു പകരം; കാട്ടാളന്റെയുള്ളിലെ കാമവികാരങ്ങൾ രംഗത്ത് പ്രകടിപ്പിക്കുകയാണ് വേണ്ടത്. അതു പ്രകടമാക്കിക്കഴിഞ്ഞാൽ ചൂട് അനുഭവപ്പെടുന്നതായി ആടി, അഗ്നിയിൽ താൻ ദഹിക്കുന്നതായി ആടി, ചാരമായി നിപതിക്കുന്നു എന്നുമാടിവേണം കാട്ടാളൻ വീഴുവാൻ. ഇതൊന്നും സദനം കൃഷ്ണൻ കുട്ടിക്ക് അറിവില്ലാത്തതാണ് എന്നു കരുതുവാൻ വയ്യ. എന്തുകൊണ്ടോ അദ്ദേഹത്തിന് വേണ്ടും വണ്ണം കാട്ടാളനെ അവതരിപ്പിക്കുവാൻ അന്നേ ദിവസം ശുഷ്കാന്തി ഉണ്ടായിരുന്നില്ല എന്നു വേണം കരുതുവാൻ. സാധാരണ പ്രേക്ഷകർക്ക് കൃഷ്ണൻകുട്ടിയുടെ അധികമായി ഇളകിയുള്ള ആട്ടവും മറ്റും കൊണ്ട് കാട്ടാളൻ ഇഷ്ടപ്പെട്ടെന്നിരിക്കും; എങ്കിലും ഇത്രയും മുതിർന്ന ഒരു കലാകാരനിൽ നിന്നും ഇതിലും ഉത്തരവാദിത്തപ്പെട്ട ഒരു പ്രകടനമാണ് കഥകളി ആസ്വാദകർ പ്രതീക്ഷിക്കുന്നത്.

പത്തിയൂർ ശങ്കരൻ കുട്ടി, കോട്ടക്കൽ മധു എന്നിവരായിരുന്നു ഈ കഥാഭാഗം ആലപിച്ചത്. വേദിയിലെ മൈക്ക്/സ്പീക്കർ വിന്യാസം അത്ര മെച്ചമല്ലായിരുന്നതിനാൽ, കേൾവി സുഖം കുറവായിരുന്നു. വെറുതെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുക എന്നതുമാത്രമല്ല മൈക്ക്/സ്പീക്കർ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇവ ക്രമീകരിക്കുന്നവർ മനസിലാക്കിയെങ്കിൽ! കാട്ടാളന്റെ “അംഗനേ! ഞാനങ്ങുപോവതെങ്ങിനെ...” എന്ന പദം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് ചരണത്തിന്റെ ആവർത്തനത്തിൽ, “എങ്ങിനെ ഞാനങ്ങുപോവതംഗനേ...” എന്നു മറിച്ചു പാടിയതും രസകരമായി തോന്നി. എന്നാൽ ‘അംഗനേ!’ എന്നാണോ ‘അങ്ങനേ’ എന്നാണോ വരി തുടങ്ങേണ്ടത് എന്നൊരു സംശയം ഇപ്പോളും നിലനിൽക്കുന്നു. ഉണ്ണായിവാര്യർ ഒരു പ്രാസപ്രിയനായതിനാലും (അടുത്തവരി തുടങ്ങുന്നത് “ഇങ്ങനേകം മനോരാജ്യം...” എന്നാണല്ലോ.), കാട്ടാളന്റെ സ്വഭാവത്തിന് ‘അങ്ങനെ ഞാനെങ്ങിനെയാണ് അങ്ങു പോവുക?’ എന്ന ചോദ്യമാണ് കൂടുതൽ യോജ്യമെന്നതുകൊണ്ടും; ‘അംഗനേ!’ എന്ന അഭിസംബോധനയ്ക്കു പകരം ‘അങ്ങനെ’ എന്നു തുടങ്ങുന്നതാണ് കൂടുതൽ യോജ്യമെന്നു തോന്നുന്നു. “സങ്കടമെനിക്കുണ്ടു സദയത വേണമെന്നിൽ...” എന്ന ചരണമാണ് ഏറ്റവും മനോഹരമായത്. കാട്ടാളന്റെ ഭാവം ശരിയായി പ്രകടമാവുന്ന രീതിയിൽ ശബ്ദനിയന്ത്രണത്തോടെയാണ് ഈ ഭാഗം ശങ്കരൻ കുട്ടിയും, മധുവും ആലപിച്ചത്. എന്നാൽ ദമയന്തിയുടെ അവസാന പദമായ “ഈശ്വര! നിഷധേശ്വര!” അത്ര അനുഭവത്തായതുമില്ല.

മാർഗി രവി, ചിങ്ങോലി പുരുഷോത്തമൻ എന്നിവരായിരുന്നു ഇവിടുത്തെ ചുട്ടി കൈകാര്യം ചെയ്തത്. ഏവൂരിലെ ശ്രീകൃഷ്ണവനമാല കളിയോഗത്തിന്റെ കോപ്പുകളും, വേഷങ്ങളുമാണ് ഉപയോഗിച്ചത്. കാട്ടാളന്റെയും, ദമയന്തിയുടേയും വേഷം മനോഹരമായിരുന്നു. എന്നിരുന്നാലും, കാട്ടാളന്റെ ഒരു വശമുള്ള മുന്തി ഭൂരിഭാഗം സമയവും നേരേയല്ല കിടന്നിരുന്നത്. ഉടുത്തുകെട്ടിലുള്ള പോരായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്. വേഷത്തിലെ അപാകത നടൻ ശ്രദ്ധിച്ചതുമില്ല. ചുരുക്കത്തിൽ അത്രയൊന്നും തൃപ്തികരമായ ഒരു അനുഭവമായിരുന്നില്ല, ചിങ്ങോലിയിൽ അവതരിപ്പിച്ച ‘കാട്ടാളനും ദമയന്തിയും’ ആസ്വാദകർക്കു നൽകിയത്.

കുറിപ്പ്: കഥാവതരണത്തിനു ശേഷം സജീവൻ പറഞ്ഞത് “കെ.എൻ. വാസുദേവൻ നമ്പൂതിരിക്ക് ഇനിയും ആയുരാരോഗ്യത്തോടെ അനേകവർഷങ്ങൾ ജീവിക്കുവാൻ കഴിയട്ടെ. അദ്ദേഹത്തിന്റെ സപ്തതിക്കും, നവതിക്കുമെല്ലാം ഇതുപോലെ കഥകളി അരങ്ങൊരുക്കുവാനുള്ള കഴിവും, ആരോഗ്യവും അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടാവട്ടെ...”; ഇതേ പ്രാർത്ഥനയോടെ ഈ ആസ്വാദനക്കുറിപ്പ് അദ്ദേഹത്തിനു സമർപ്പിക്കുന്നു.

Description: Kattalan & Damayanthi Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Chingoli Gopalakrishnan (Purappad), Sadanam Krishnankutty (Kattalan), Margi Vijayakumar (Damayanthi). Pattu by Pathiyoor Sankaran Kutty and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--