2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ചിങ്ങോലിയിലെ ബാലിവധം - ഭാഗം മൂന്ന്

BaliVadham Kathakali: Staged at Karuvalli Illom, Chingoli. Nelliyodu Vasudevan Nampoothiri (Bali), Kalamandalam Ramachandran Unnithan (Sugreevan),  Kalamandalam Krishnaprasad (SriRaman).
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’ കഥകളിയിലെ ആദ്യ ഭാഗങ്ങളുടെ ആസ്വാദനം ഇവിടെയും, ഇവിടെയുമായി വായിച്ചുവല്ലോ. രാമലക്ഷ്മണന്മാരെ സുഗ്രീവൻ കാണുന്നതും, അവരാരെന്നറിഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ ഹനുമാനെ നിയോഗിക്കുന്നതുമായ രംഗം മുതൽക്കാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ‘ബാലിവധം’ കഥകളിയിൽ ഇപ്പോൾ വ്യാപകമായി നടപ്പുള്ള ഭാഗങ്ങളാണ് തുടർന്നു വരുന്നത്.

സുഗ്രീവന്റെ തിരനോക്ക്, തന്റേടാട്ടം എന്നിവയാണ് രംഗത്തിന്റെ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. താൻ ഈ അവസ്ഥയിലെങ്ങിനെയെത്തി എന്നതാണ് സുഗ്രീവൻ ഈ ആട്ടത്തിൽ സൂചിപ്പിക്കുന്നത്. മായാവിയുമായി ബാലി യുദ്ധം ചെയ്തതും, ഗുഹയിൽ കയറിയതും, പാലൊഴുകിവരുന്നതു കണ്ട് ബാലി മരിച്ചെന്നു കരുതി ഗുഹാമുഖം അടച്ച് തിരികെ വന്ന് രാജ്യഭാരം ഏറ്റെടുത്തതും, പിന്നീട് ബാലി വന്ന് സുഗ്രീവനെ ഓടിച്ചതും മറ്റുമാണ് ഇവിടെ ആടുന്നത്. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാണ് സുഗ്രീവനായി അരങ്ങിലെത്തിയത്. രാജ്യഭാരം ഏറ്റെടുത്ത ശേഷം ബാലിയുടെ ശേഷക്രിയകൾ ചെയ്തപ്പോളുണ്ടായ വിശേഷവും അദ്ദേഹം ഇവിടെ ആടുകയുണ്ടായി. ബലി അർപ്പിച്ച ശേഷം, ബലിച്ചോർ ഉണ്ണുവാനായി കാക്കകളൊന്നും എത്തിയില്ല. ബലിച്ചോർ പുഴയിൽ ഒഴുക്കിയപ്പോൾ മീനുകളും അത് കഴിച്ചില്ല. ഇതൊക്കെ കണ്ട് ജ്യേഷ്ഠന് തന്നോട് പിണക്കമുണ്ട് എന്നും മറ്റും സുഗ്രീവൻ പരിതപിക്കുന്നു.

BaliVadham Kathakali - Kalamandalam Ramachandran Unnithan as Sugreevan.
തന്റേടാട്ടത്തിനു ശേഷം, ദൂരെ തേജസ്വികളായ, സന്യാസിവേഷധാരികളെ കാണുന്നു. എന്നാൽ അവരുടെ കൈയിലുള്ള അമ്പും, വില്ലും സുഗ്രീവനിൽ സംശയം ജനിപ്പിക്കുന്നു. ഹനുമാനെ അവരാരെന്ന് അറിഞ്ഞ് കൂട്ടിവരുവാൻ നിയോഗിക്കുന്നു. ഹനുമാൻ രാമലക്ഷ്മണന്മാരെ സുഗ്രീവന്റെ സമീപമെത്തിക്കുന്നു. ഇത്രയും ഏറ്റവും മിതമായ രീതിയിലാണ് ഉണ്ണിത്താൻ അവതരിപ്പിച്ചത്. കഥാഭാഗം കണ്ട് നല്ല പരിചയമില്ലാത്തവർക്ക്, സുഗ്രീവൻ എന്താണിവിടെ പറഞ്ഞതെന്ന് മനസിലാക്കുവാൻ കഴിയണമെന്നില്ല. തുടർന്ന് രാമലക്ഷ്മണന്മാരുമായി, സുഗ്രീവൻ സഖ്യം ചെയ്യുന്നു. ബാലിയെ വധിക്കുവാൻ സുഗ്രീവനെ സഹായിക്കാമെന്ന് രാമൻ ഏൽക്കുന്നു. തിരികെ സീതയെ കണ്ടെത്തുവാനായി താനും, തന്റെ വാനരസൈന്യവും തയ്യാറായിരിക്കുമെന്ന് സുഗ്രീവനും വാക്കുനൽകുന്നു. കാട്ടിൽ നിന്നും വീണുലഭിച്ച ആഭരണങ്ങളും മറ്റും സുഗ്രീവൻ രാമലക്ഷ്മണന്മാരെ കാണിക്കുന്നു. സീതയുടേതാണ് ആ ആഭരണങ്ങളെന്ന് രാമൻ തിരിച്ചറിയുന്നു. ഇവിടെ സീതയുടെ പാദസരം ലക്ഷ്മണൻ തിരിച്ചറിയുന്നതായി ഒരു ആട്ടമുണ്ട്. ദിനവും ജ്യേഷ്ഠന്റേയും, ജ്യേഷ്ഠത്തിയുടേയും പാദത്തിൽ നമസ്കരിക്കുമ്പോൾ ഈ പാദസരം കാണാറുണ്ടെന്നാണ് ലക്ഷ്മണൻ പറയുന്നത്. കലാമണ്ഡലം രവീന്ദ്രനാഥ പൈ അത് ആടുകയുണ്ടായില്ല.

ബാലിയെ യുദ്ധത്തിനു വിളിക്കുവാൻ രാമൻ സുഗ്രീവനോട് പറയുന്നു. രാമൻ ബാലിയെ വധിക്കുവാൻ സഹായിക്കാം എന്നേൽക്കുമ്പോൾ, സുഗ്രീവന് അതിൽ അത്ര വിശ്വാസം വരുന്നില്ല. സുഗ്രീവന് വിശ്വാസം വരുത്തുവാനായി ദുന്ദുഭിയുടെ ശരീരം ദൂരേക്ക് കാൽ‍വിരൽ കൊണ്ട് തട്ടിമാറ്റുകയും, ബാലി കൈത്തരിപ്പ് തീർക്കുന്ന സാലവൃക്ഷങ്ങളെ എല്ലാത്തിനേയും ഒരസ്ത്രം ഉപയോഗിച്ച് മുറിക്കുകയും ചെയ്യുന്നുണ്ട്. ഇതു രണ്ടിനും പദമുണ്ടെങ്കിലും, ദുന്ദുഭിയുടെ ശരീരം എറിയുന്നത് മനോധർമ്മമായാണ് അവതരിപ്പിച്ചത്. സാലവൃക്ഷങ്ങളെ ഭേദിച്ച് അസ്ത്രം തിരിച്ച് രാമന്റെ കൈയിൽ തന്നെയെത്തുമ്പോൾ, സുഗ്രീവൻ ചോദിക്കുന്നു; “സാധാരണ അസ്ത്രങ്ങൾ നേരേയല്ലേ പോവുക, ഇതെങ്ങിനെ വൃത്താകൃതിയിൽ മരങ്ങളെ ഭേദിച്ച് തിരിച്ചെത്തി?”. എന്നാൽ ഇതിന് രാമനായെത്തിയ കൃഷ്ണപ്രസാദ് കൃത്യമായ ഒരു ഉത്തരം നൽകി കണ്ടില്ല. എന്താണ് അവിടെ ഉണ്ണിത്താൻ പ്രതീക്ഷിച്ച മറുപടി എന്ന് എനിക്കും മനസിലായില്ല! തുടർന്ന് സുഗ്രീവനെ രാമൻ യുദ്ധത്തിനയയ്ക്കുന്നു. പുറപ്പെടും മുൻപ് രാമൻ തന്നെ സുഗ്രീവനോട് ചോദിക്കുന്നു, “നിങ്ങൾ രണ്ടുപേരും കണ്ടാൽ എങ്ങിനെ, തിരിച്ചറിയുവാൻ കഴിയുമോ?”. “അതറിയുവാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ രണ്ടുപേരും കാഴ്ചയ്ക്ക് ഒരുപോലെയിരിക്കും”, എന്നു സുഗ്രീവന്റെ മറുപടി. തിരിച്ചറിയുവാനായി സുഗ്രീവന് രാമൻ ഒരു ഹാരം സമ്മാനിക്കുന്നു. ബാലിക്ക് കാഞ്ചനമാലയുണ്ട്, തനിക്ക് ഇപ്പോൾ രാമൻ നൽകിയ മാലയുമുണ്ട്; എന്ന് സുഗ്രീവൻ ഇവിടെ സ്മരിക്കുന്നതായും ഉണ്ണിത്താൻ ആടുകയുണ്ടായി.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali.
ബാലിയുടെ തിരനോക്ക്. സുഗ്രീവനോടുള്ള നീരസം തന്റേടാട്ടത്തിൽ വ്യക്തമാക്കിയ ശേഷം, ഒരു ശബ്ദം കേൾക്കുന്നതായി നടിച്ച് ശ്രദ്ധിക്കുന്നു. സുഗ്രീവൻ വീണ്ടും പോരിനു വന്നിരിക്കുന്നത് കണ്ട് ബാലി അതിശയിക്കുന്നു. ഇവിടെ പാലാഴിമഥനം നടത്തി അമൃത് നേടുവാൻ ദേവന്മാരെ സഹായിച്ച, ബ്രഹ്മാവിൽ നിന്നും വരങ്ങൾ നേടി ശക്തനായ രാവണനെ വാലിൽ കെട്ടി ഏഴു കടലും ചാടിക്കടന്ന, വീരനായ എന്നോടെതിർക്കുവാൻ നീയാര് എന്നൊരു ആട്ടം വിസ്തരിച്ചു തന്നെ ബാലിയായെത്തിയ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അവതരിപ്പിക്കുകയുണ്ടായി. ഈ ആട്ടങ്ങളാണ് അദ്ദേഹത്തിന്റെ ബാലിയെ വ്യത്യസ്തനാക്കുന്നതും. എന്നാൽ സുഗ്രീവൻ കാണികൾക്ക് പിന്നിൽ നിൽക്കുമ്പോൾ ഇത്രയും വിസ്തരിച്ച് ഈ ആട്ടങ്ങൾ ആടുന്നതിലുള്ള അനൌചിത്യവും പറയാതെ വയ്യ. അണിയറയിൽ വേഷം കെട്ടിയിരിക്കുന്ന രീതിയിലല്ല ഉണ്ണിത്താൻ കാണികളുടെ പിന്നിൽ നിൽക്കുന്നത്, സുഗ്രീവനായിട്ടാണ്. എന്നാൽ ഒന്നും ചെയ്യുവാനുമില്ല, ആരും കാണുവാനുമില്ല. സുഗ്രീവൻ രംഗത്ത് കയറിയ ശേഷം ഈ ആട്ടങ്ങൾ ചേർക്കുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു. അല്ലെങ്കിൽ, സുഗ്രീവനെ കാണുന്നതിനു മുൻപ്, “ഇങ്ങിനെയുള്ള എന്നെ പോരിനുവിളിക്കുന്ന ഇവനാര്!” എന്നാടുവാനും സാധ്യതയുണ്ട്. മറ്റൊന്നുള്ളത്, സുഗ്രീവന്റെ കഴുത്തിൽ കിടക്കുന്ന മാലകണ്ട്, “ഇതെന്താണ് ഒരു മാലയൊക്കെയിട്ട്?” എന്നൊരു ചോദ്യം ബാലി ചോദിക്കുന്നതായൊക്കെ ആടാറുണ്ട്. ഇവിടെ അങ്ങിനെയുള്ള ചോദ്യോത്തരങ്ങൾ കുറവായിരുന്നു.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali and Kalamandalam Ramachandran Unnithan as Sugreevan.
ആകാരവലുപ്പം കൊണ്ടും, വേഷഭംഗികൊണ്ടും, ആരോഗ്യം കൊണ്ടും; ഉണ്ണിത്താന്റെ സുഗ്രീവൻ, നെല്ലിയോടിന്റെ ബാലിയേക്കാൾ മേലെയാണ്. മോടികുറഞ്ഞ കോപ്പുകളുപയോഗിച്ചത് ബാലിയുടെ ഗൌരവം വീണ്ടും കുറച്ചു. ഈ കാരണങ്ങളാൽ ബാലിയിൽ നിന്നും താന്നുനിൽക്കുവാൻ ഉണ്ണിത്താൻ വല്ലാതെ ആയാസപ്പെടേണ്ടതായും വന്നു. പർവ്വതത്തിനെ വലം വെച്ചുള്ള ആട്ടവും, വാനരചേഷ്ടകളും, യുദ്ധവുമൊക്കെ വളരെ വേഗത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തു. രാമൻ ബാലിയെ ഒളിയമ്പെയ്യുന്നു, അസ്ത്രമേറ്റ് ബാലി വീഴുന്നു, രാമൻ ബാലിക്ക് മോക്ഷം നൽകുന്നു, ലക്ഷ്മണൻ സുഗ്രീവനെ വാനരരാജാവായി വാഴിക്കുന്നു. ഈ രംഗങ്ങളും സാധാരണ അവതരിപ്പിക്കുന്നതിലും വേഗത്തിൽ കളിച്ചു തീർക്കുന്നതായാണ് കണ്ടത്.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali and Kalamandalam KrishnaPrasad as SriRaman.
ബാലിയും, സുഗ്രീവനും ചേരുന്ന ആദ്യരംഗങ്ങൾ കോട്ടക്കൽ മധു, കലാനിലയം രാജീവൻ എന്നിവരും; അവസാനഭാഗങ്ങൾ പത്തിയൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം സജീവൻ എന്നിവരും ആലപിച്ചു. കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം അച്ചുതവാര്യർ എന്നിവർ മദ്ദളത്തിലും; കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ ചെണ്ടയിലും ഈ ഭാഗങ്ങളിൽ മേളമൊരുക്കി. എല്ലാവരും കളി തീർക്കുവാനുള്ള തത്രപ്പാടിലായിരുന്നു അവസാനമായപ്പോഴേക്കും. ഇത് കളിയുടെ ഗൌരവം കളഞ്ഞു. ബാലിയുടെ അന്ത്യരംഗങ്ങൾക്കും പറയത്തക്ക ആകർഷകത്വമൊന്നും തോന്നിയില്ല. ചിങ്ങോലി പുരുഷോത്തമൻ, മാർഗി രവി എന്നിവരുടെ ചുട്ടിയും നിലവാരം പുലർത്തിയില്ല. ശ്രീകൃഷ്ണവനമാല കഥകളിയോഗത്തിന്റെ കോപ്പുകളും ആകർഷകമായിരുന്നില്ല. ചുരുക്കത്തിൽ ആദ്യഭാഗങ്ങൾ നന്നായെങ്കിലും, മൊത്തത്തിൽ ആസ്വാദകർക്ക് തൃപ്തികരമായ ഒരു അനുഭവമായിരുന്നില്ല ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’.


Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Nelliyodu Vasudevan Nampoothiri (Bali), Kalamandalam Ramachandran Unnithan (Sugreevan), Kalamandalam Krishnaprasad (SriRaman), Kalamandalam Raveendranatha Pai (Lakshmanan), Kalakendram Muraleedharan Nampoothiri (Thara), Chingoli Gopalakrishnan (Angadan). Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

1 അഭിപ്രായം:

Haree | ഹരീ പറഞ്ഞു...

ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ബാലിവധം കഥകളിയുടെ ആസ്വാദനം, അവസാനഭാഗം.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--