2007, ഡിസംബർ 30, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം ഒന്നാം ദിവസം

Nalacharitham Onnam Divasam @ Kizhakkekotta, Organized by Drisyavedi, Thiruvananthapuram
ഡിസംബര്‍ 26, 2007: ദൃശ്യവേദി, തിരുവനന്തപുരം വര്‍ഷാവര്‍ഷം സംഘടിപ്പിച്ചുവരുന്ന കേരളനാട്യോത്സവം ശ്രീ. നെടുമുടിവേണു ഉദ്ഘാടനം ചെയ്തു. നളചരിതം കഥകളി, അഞ്ചുദിവസങ്ങളിലായി അവതരിപ്പിക്കുന്ന ‘നളചരിതമേള’യാണ് ഇരുപതാമത് കേരളനാട്യോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഡിസംബര്‍ മുപ്പതിന് ‘നളചരിതസംവാദ’വും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെടുമുടിവേണു ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞതുപോലെ; നളചരിതം പാടുവാന്‍ കൊതിക്കാത്ത ഗായകരില്ല, ആടുവാന്‍ കൊതിക്കാത്ത നടന്മാരില്ല, കാണുവാന്‍ കൊതിക്കാത്ത കാണികളുമില്ല, എന്നതു ശരിവെയ്ക്കുന്നതായി കളികാണുവാനായെത്തിയ കാണികളുടെ തിരക്ക്.

Nalan & Naradan in Nalacharitham Onnam Divasam
നളനെക്കാണുവാനായി നാരദനെത്തുന്ന രംഗത്തോടെയാണ് നളചരിതം ഒന്നാം ദിവസം ആരംഭിക്കുന്നത്. കലാമണ്ഡലം ഗോപി നളനായും, ആറ്റിങ്ങല്‍ പീതാംബരന്‍ നാരദനായും അരങ്ങിലെത്തി. നളന്‍ നാരദനെ സ്വീകരിച്ചിരുത്തി കുശലങ്ങളന്വേഷിക്കുന്ന, “ഭഗവല്‍ നാരദ! വന്ദേഹം!” എന്നതാണ് ആദ്യപദം. ഒന്നാം ചരണത്തിലുള്ള “വരവിതിന്നെങ്ങു നിന്നിപ്പോള്‍” എന്ന പദം, നേരിട്ട് മുദ്രകാട്ടിയാടാതെ; നാരദന്‍ പല സ്ഥലങ്ങളിലും സഞ്ചരിക്കുന്നതും, കാര്യങ്ങള്‍ മനസിലാക്കുന്നതും മറ്റുമാമാടിയത് നന്നായിരുന്നു. “പാഴിലാക്കീടൊല്ല ജന്മം” എന്നു നാരദന്‍ പറയുമ്പോള്‍, ‘താനെന്തെങ്കിലും അനര്‍ത്ഥം പ്രവര്‍ത്തിച്ചുവോ?’, എന്നു ശങ്കിച്ച്; “കുണ്ഠിനപുരിയിലുണ്ടു, സുന്ദരി ദമയന്തി!” എന്നു പറയുമ്പോള്‍ ‘അങ്ങിനെവരട്ടെ, അപ്പോള്‍ വരവു വെറുതെയല്ല. അവളെക്കുറിച്ച് നിരവധി പറഞ്ഞു കേട്ടിരിക്കുന്നു.’ എന്നു ചിന്തിച്ച്; “വൃന്ദാരകന്‍ മാര്‍ക്കു മോഹം.” എന്നു പറയുമ്പോള്‍, ‘ഇതൊക്കെ എന്നോടു പറയുവാനെന്താണ് കാരണം?’ എന്നു നളന്‍ നാരദനോട് ചോദിക്കുന്നു. ഈ ചോദ്യം സാധാരണയുണ്ടാവാറില്ല. ഈ ചോദ്യം ചോദിക്കുന്നത് വളരെ ഭംഗിയായി തോന്നി. ‘പറയാം’ എന്നു മുദ്രകാട്ടി, കലാശമെടുത്ത് അടുത്ത പദം, “രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകള്‍ക്കുള്ളൂ” എന്നാടുമ്പോള്‍ ആ ചോദ്യം വളരെ ഔചിത്യമുള്ളതാവുന്നു.

ആറ്റിങ്ങല്‍ പീതാംബരന്റെ നാരദനും മോശമായില്ല. “അരവിന്ദഭവയോനേ...”, “ഹരിമന്ദിരത്തില്‍ നിന്നോ?” എന്നീ ഭാഗങ്ങളില്‍ ബ്രഹ്മാവിനേയും വിഷ്ണുവിനേയും സ്മരിച്ച് വന്ദിക്കുന്നതും; “ഉന്നത തപോനിധേ!” എന്നഭാഗത്ത്, നളനില്‍ സം‌പ്രീതനാവുന്നതുമൊക്കെ വേണ്ടും വണ്ണം പീതാംബരന്റെ നാരദന്‍ അരങ്ങില്‍ കാണിച്ചു. എന്നാല്‍ മുദ്രകള്‍ താളത്തിനൊത്തു വിന്യസിക്കുന്നതില്‍ മികവു തോന്നിയതുമില്ല. ആ കാര്യം കൂടി കുറച്ചു ശ്രദ്ധിച്ചാല്‍ ഇനിയും മനോഹരമാക്കുവാന്‍ സാധിക്കും അദ്ദേഹത്തിന്. നാരദന്റെ മറുപടിപദത്തിനു ശേഷം, നളനും നാരദനും തമ്മിലുള്ള ഹൃസ്വമായ ഒരു മനോധര്‍മ്മാട്ടമാണ്. ‘താന്‍ നിത്യവും പൂജിക്കുന്ന ദേവന്മാരുടെ ഇഷ്ടത്തിനു വിഘാതം നിന്നാല്‍ അനര്‍ത്ഥം സംഭവിക്കുകയില്ലേ? അവരെന്നെ ശപിക്കില്ലേ?’ എന്നുള്ള നളന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നാരദന്‍ പറയുന്നതിങ്ങിനെ: ‘ഒരിക്കലുമില്ല, മനസുകൊണ്ട് ഇഷ്ടപ്പെടുന്ന നാരിയെ ലഭിക്കുവാനുള്ള യത്നം വീരന്മാര്‍ക്കു ചേര്‍ന്ന പ്രവര്‍ത്തി തന്നെ. അതില്‍ ദേവന്മാര്‍ സന്തോഷിക്കുകയേയുള്ളൂ.’ നളന്റെ ഈ ചോദ്യത്തിനും; ‘യജ്ഞമേ ദേവകള്‍ക്കുള്ളൂ, രത്നമെല്ലാം നിനക്കുള്ളൂ’ എന്നു തന്നെ വീണ്ടും പറയുന്ന നാരദന്മാരാണധികവും എന്നതിനാല്‍ തന്നെ ആറ്റിങ്ങല്‍ പീതാംബരന്റെ നാരദന്‍ ശ്രദ്ധേയമായി.

Mudiradathi Kabari - Nalan (Kalamandalam Gopi)
നാരദനെ യാത്രയാക്കി രാജ്യകാരണങ്ങളില്‍ മുഴുകുന്ന നളന്റെ മനസ് അസ്വസ്ഥമാവുന്നു. ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടമായ, “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...” എന്ന പദമാണ് അടുത്തത്. “എന്തൊരു കഴിവെനിക്കിന്ദുമുഖിക്കുമെന്നില്‍, അന്തഃരംഗത്തില്‍ പ്രേമം വന്നീടുവാന്‍” എന്ന പദഭാഗം സാധാരണയിലും ഭംഗിയായി ഗോപി അവതരിപ്പിച്ചു. “വിധുമുഖിയുടെ രൂപമധുരത കേട്ടു മമ, വിധുരത വന്നു, കൃത്യചതുരത പോയി” എന്ന ഭാഗം അത്രയ്ക്ക് ആസ്വാദ്യകരമായതുമില്ല. ഇതില്‍ തന്നെ “കൃത്യചതുരത പോയി” എന്ന പദഭാഗം ‘രാജ്യഭരണം മങ്ങിപ്പോയി’ എന്നാണ് ആടിയത്. എന്നാലത് യോജ്യമാണോ? ‘രാജ്യഭരണത്തില്‍ തനിക്കുണ്ടായിരുന്ന കഴിവ് ഇപ്പോള്‍ നഷ്ടമായി’ എന്ന അര്‍ത്ഥം, മങ്ങിപ്പോയി എന്നു പറയുമ്പോള്‍ പൂര്‍ണ്ണമായി ലഭിക്കുന്നുണ്ടോ? ഇല്ല, എന്നാണ് എന്റെ അഭിപ്രായം. പദത്തിനു ശേഷം നളന്റെ മനോധര്‍മ്മാട്ടമാണ്. ‘സുന്ദരിയുടെ വാര്‍ത്തകള്‍ കേട്ട്, മനസ് അവളില്‍ ഉടക്കിയിരിക്കുന്നു. മറ്റൊന്നിലും ശ്രദ്ധ കിട്ടുന്നില്ല. അവളെ ദയിതയായി ലഭിക്കുവാന്‍ എന്താണൊരുപായം. ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ!’ എന്നൊക്കെ ആടി മന്ദിരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുന്ന നളന്‍ ഒരു വീണ കാണുന്നു. ‘വീണവായിച്ചാല്‍ ഒരല്പം ആശ്വാസം കിട്ടുമായിരിക്കും’ എന്നാടി വീണവായന തുടങ്ങുന്നു.

വീണയെടുത്ത് മടിയില്‍ വെച്ച്, ശ്രുതി നോക്കി, വായന തുടങ്ങുന്നു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയാണ് ഈ ഭാഗത്ത് വളരെ ശ്രദ്ധേയമായത്. ഗോപിയുടെ വിരലുകള്‍ക്കൊപ്പിച്ച് കൃത്യമായി ചെണ്ടക്കോലുവീഴ്ത്തുവാന്‍ കൃഷ്ണദാസിനുള്ള മിടുക്ക് കണ്ടും-കേട്ടും തന്നെ അറിയണം. കലാനിലയം മനോജിന്റെ മദ്ദളവും ഒട്ടും മോശമായില്ല. വീണവായനയ്ക്കിടയില്‍, ‘വീണയുടെ നാദം എന്റെ മനസിന് അമൃതമായി ഭവിച്ചു, മനസ് സ്വസ്ഥമായി. എന്നാല്‍, ഈ വീണയ്ക്കു പകരം അവളായിരുന്നു എന്റെ മടിയിലെങ്കിലോ! ഈ കരങ്ങള്‍കൊണ്ട് അവളെ പുണര്‍ന്ന്, അവളുടെയധരങ്ങളില്‍ ചുംബിച്ച്...’ പൂര്‍ത്തിയാക്കാതെ വീണ്ടും വീണവായിച്ചു തുടങ്ങുന്നു. ഇടയ്ക്ക്, ബോധത്തിലേക്കെത്തുന്ന നളന്‍, തന്റെ കൈയില്‍ വീണ തന്നെയാണ്, ദമയന്തിയല്ല എന്നു മനസിലാക്കി, വീണ നിലത്തുവെയ്ക്കുന്നു. വീണ്ടും മനസ് അസ്വസ്ഥമായതായി ആടി, കാമാഗ്നിയില്‍ തന്നെ നീറ്റുന്ന കാമദേവനെ പഴിക്കുന്നു. ‘തന്റെ നേര്‍ക്ക് അഞ്ചസ്ത്രങ്ങളുമയയ്ക്കാതെ, നാലെണ്ണം എന്റെ നേര്‍ക്കയച്ച്; ഒരണ്ണം, ഒരേയൊരണ്ണം അവളുടെ നേര്‍ക്കയച്ചെങ്കില്‍’ എന്നൊക്കെയുള്ള സാധാരണയാടാറുള്ള മനോധര്‍മ്മങ്ങള്‍ ഇവിടെയുമുണ്ടായി. തുടര്‍ന്ന് മന്ത്രിയെവിളിച്ച് രാജ്യകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ ഉത്തരവിട്ട് ഉദ്യാനത്തിലേക്ക് ഗമിക്കുന്നു.

Hamsam by Madavoor Vasudevan Nair
‘നിര്‍ജ്ജനമെന്നതേയുള്ളൂ ഗുണമോ...’ എന്ന പദമാണ് അടുത്തത്. പദത്തിന്റെ അവസാനത്തില്‍ സുവര്‍ണഹംസത്തെ കണ്ട് അതില്‍ ആകൃഷ്ടനാവുന്നതായി ആടുന്നു. അവന്‍ കേളികള്‍ കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുമ്പോള്‍ പിടിക്കുക തന്നെ എന്നുറച്ച്, വള്ളിച്ചാര്‍ത്തുകള്‍ക്കിടയില്‍ നളന്‍ മറഞ്ഞിരിക്കുന്നു. തുടര്‍ന്ന് ഹംസത്തിന്റെ തന്റേടാട്ടം; അതില്‍ വിവിധ കേളികളാടി, ആഹാരമൊക്കെ തേടി തളരുന്ന ഹംസം ഉറങ്ങുവാന്‍ തുടങ്ങുന്നു. മടവൂര്‍ വാസുദേവന്‍ നാ‍യരായിരുന്നു ഹംസമായി രംഗത്തെത്തിയത്. പ്രായാധിക്യം മൂലമുള്ള അവശതകളുള്ളതിനാല്‍, ഹംസത്തിന്റെ നൃത്തങ്ങള്‍ അത്രയ്ക്ക് ശോഭിച്ചില്ല. എന്നാല്‍ പദാഭിനയവും മനോധര്‍മ്മങ്ങളും വളരെ നന്നാവുകയും ചെയ്തു.

BheemaNarendraSutha, Damayanthi! - Nalan & Hamsam
നളന്റെ കൈയിലകപ്പെടുന്ന ഹംസത്തിന്റെ വിലാപം, “ശിവ ശിവ എന്തു ചെയ്‌വു” എന്ന പദമാണ് അടുത്തത്. ഇതില്‍ “ജനകന്‍ മരിച്ചു പോയി...” എന്ന് ഹംസം പറയുമ്പോള്‍, നളന്‍ പറയുന്നു, ‘എന്റേയും പിതാവ് ജീവിച്ചിരിപ്പില്ല.’ ഉടന്‍ തന്നെ മടവൂരിന്റെ ഹംസം ചോദിക്കുന്നു: ‘അതിനു ഞാനെന്തു വേണം?’, ‘ഒരു കരുണയുമില്ലാത്ത ഹംസം’ എന്നു നളന്‍ പരിഭവിക്കുന്നു. ഹംസം ഇങ്ങിനെ തിരിച്ചു ചോദിക്കുന്നത്, അത്രയ്ക്ക് ഉചിതമായി തോന്നുന്നില്ലെങ്കിലും, വേദിയില്‍ അവതരിപ്പിച്ചു കണ്ടപ്പോള്‍ രസിക്കാതിരുന്നില്ല. “മനസി രുചിജനകം, എന്റെ ചിറകുമണികനകം; ഇതുകൊണ്ടാക നീ ധനികന്‍” എന്ന ഭാഗത്ത്, ആദ്യം ഹംസം കളിയായി ‘എന്റെ ചിറകുകൊണ്ട് നീ ധനികനാവുക’ എന്നാടി പിന്നീട് തിരുത്തി ‘ഇതു വെറും നിറം മാത്രം, ഇതു നിന്നെ ധനികനാക്കില്ല’ എന്നാടിയത് വളരെ നന്നായതായി തോന്നി. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി പാട്ടില്‍ ഈ അര്‍ത്ഥഭേദം കൊണ്ടുവരികയും ചെയ്തു. ഹംസത്തിന്റെ തുടര്‍ന്നുള്ള പദമായ “ഊര്‍ജ്ജിത ആശയ, പാര്‍ത്ഥിവ തവ!” എന്നതിന്റെ പദാര്‍ത്ഥാഭിനയവും വളരെ മികച്ചു നിന്നു. "കെല്‍പ്പുള്ള ഭീമനു ചൊല്പേറുമൊരുമകള്‍” എന്നു ഹംസം പറയുമ്പോള്‍, ‘അതെയോ, ഒരു മകളേയുള്ളൂ?’ എന്ന് നളനൊന്നുമറിയാത്തതുപോലെ ചോദ്യം. അതുകണ്ട് ഹംസം ‘ഒന്നുമറിയില്ല, അല്ലേ? ഒരൊറ്റ മകളേയുള്ളൂ’ എന്ന് അര്‍ത്ഥം വെച്ചുപറയുന്നതും രസകരമായി. ഇത്ര നന്നായി ഹംസത്തെ ആടി ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. നൃത്തഭാഗങ്ങള്‍ മികച്ചതാക്കുവാനുള്ള ആരോഗ്യം കൂടി മടവൂരിനുണ്ടായിരുന്നെങ്കില്‍, ഈ കാലത്തെ മികച്ച ഹംസമായി കണക്കാക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ഹംസം എന്നു നിഃസംശയം പറയാം.

“പ്രിയമാനസ! നീ പോയ് വരേണം” എന്ന ഭാഗവും ഇവിടെ നന്നായി. സാധാരണയായി ഗോപി ഈ ഭാഗം പെട്ടെന്നു തീര്‍ക്കുകയാണ് പതിവ്. പദത്തിന്റെ ഒടുവില്‍ നളനും ഹംസവും ചേര്‍ന്ന് ഒരു ഹൃസ്വമാ‍യ മനോധര്‍മ്മമുണ്ട്. ‘നീയല്ലാതെ എനിക്ക് മറ്റൊരാശ്രയമില്ല. നിന്റെ മധുരമായ വചനങ്ങള്‍ കൊണ്ട് അവളെ എനിക്കു നല്‍കുക’ എന്നു നളനും, ‘ഒട്ടും ശങ്ക വേണ്ട. അവളുടെ ഹൃദയത്തെ അങ്ങയിലേക്ക് അടുപ്പിക്കുവാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്’ എന്നു ഹംസവും പറയുന്നു. യാത്രയാക്കുവാനൊരുങ്ങുന്ന നളന്‍ ഹംസത്തോട് പറയുന്നു, ‘ഭൈമിയുടെ ഇംഗിതമറിഞ്ഞ് പെട്ടെന്നു വരിക, ഞാനിവിടെ നിന്നെയും കാത്തിരിക്കാം’; അപ്പോള്‍ ഹംസം, ‘ഇവിടെയോ, അപ്പോള്‍ ആഹാരം?’. ‘അവളെക്കുറിച്ചോര്‍ത്ത് ആഹാരത്തോടൊന്നും ഒരു താത്പര്യവും തോന്നുന്നില്ല, ഞാനിവിടെയിരിക്കാം.’ എന്നു നളന്‍ മറുപടിപറയുന്നു. ഇങ്ങിനെയുള്ള ചെറിയ സംഭാഷണങ്ങളാണ് ഇരുനടന്മാരുടേയും വേഷത്തെ കൂടുതല്‍ പ്രേക്ഷകരോടടുപ്പിച്ചത്. തുടര്‍ന്ന് ഹംസത്തെ യാത്രയാക്കി നളന്‍ ഉദ്യാനത്തില്‍, ഹംസത്തിന്റെ മടങ്ങിവരവും പ്രതീക്ഷിച്ചിരിക്കുന്നു. എന്നാലിവിടെ ഹംസം സ്വര്‍ണരേഖയായി, ഒടുവില്‍ മറഞ്ഞുവെന്നാടുന്നതിനൊപ്പം രംഗം വിടുന്നതായാണ് അവതരിക്കപ്പെട്ടത്. ഹംസത്തിന്റെ വരവും പ്രതീക്ഷിച്ച് ഇരിപ്പിടത്തില്‍ നളനിരിക്കുമ്പോള്‍ തിരശീല പിടിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നു തോന്നുന്നു.

Damayanthi & Thozhimar - Shahilal, Kalamandalam Shanmukhadas, Kalamandalam Sucheendran
ദമയന്തിയും തോഴിമാരും ഉദ്യാനത്തില്‍ ദേവന്മാരെ സ്തുതിക്കുന്ന “പൂമകനും മൊഴിമാതും, ഭൂമിദേവി താനും!” എന്ന പദമാണ് അടുത്തത്. ഉദ്യാനം വിരസമായി തോന്നുന്നതിനാല്‍, രാജ്യസഭയിലേക്ക് പോവാം എന്നുപറയുന്ന ഭൈമിയോട് തോഴിമാര്‍ ചോദിക്കുന്നു; ‘അവിടെ നിന്നുമല്ലേ ഇപ്പോളിങ്ങു വന്നത്? എവിടെയും മനസുറക്കാത്തതെന്ത്?’ വണ്ടുകളുടെ മൂളല്‍, പൂക്കളുടെ സുഗന്ധം തുടങ്ങിയവയൊക്കെ ദമയന്തിക്ക് ക്ലേശകരമായി അനുഭവപ്പെടുന്നു. ഒടുവില്‍ രാജധാനിയിലേക്ക് മടങ്ങുവാനൊരുങ്ങുമ്പോള്‍, ആകാശത്ത് ഒരു പ്രകാശം കാണുന്നു. മിന്നല്‍ക്കൊടിയായും, ചന്ദ്രനായും കല്പിക്കുന്ന തോഴിമാരോട്, അതൊരു സുവര്‍ണഹംസമാണെന്ന് ദമയന്തി തിരുത്തുന്നു. “നിങ്ങള്‍ ദൂരെ നില്‍പ്പിന്‍, എന്നരികില്‍ ആരും വേണ്ട” എന്നുപറഞ്ഞ് ദമയന്തി തോഴിമാരെ യാത്രയാക്കുന്നു.

Thottene Njan Kaikal Kondu - Hamsam & Damayanthi
തോഴിമാര്‍, ദമയന്തിയെ അനുകരിച്ച് ഹംസത്തിന് ആഹാരം നല്‍കുവാന്‍ നോക്കുമ്പോള്‍ അല്ലെങ്കില്‍ തൊടുവാന്‍ ശ്രമിക്കുമ്പോള്‍ ഹംസം അവരെ കൊത്തിയോടിക്കുന്നു, അതു കാണുമ്പോള്‍ ദമയന്തി അവരോട് ദൂരേയ്ക്കുമാറുവാന്‍ പറയുന്നു. ഈ രീതിയിലാണ് സാധാരണയായി അവതരിപ്പിക്കുവാറുള്ളത്. എന്നാലിവിടെ തോഴിമാര്‍ അങ്ങിനെയൊന്നും ചെയ്തു കണ്ടില്ല. ദമയന്തി എന്തുകൊണ്ടാണ് തോഴിമാരെ ദൂരേയ്ക്കു മാറ്റുന്നത് എന്നതിന് വിശദീകരണം രംഗത്തുണ്ടായില്ല. തോഴിമാരായി ആടുന്നവര്‍ ഇതുപോലെയുള്ള യുക്തികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കലാമണ്ഡലം ശുചീന്ദ്രന്‍, ഷാഹിലാല്‍ എന്നിവരാണ് തോഴിമാരായെത്തിയത്. ഇവരില്‍ ശുചീന്ദ്രന്റെ തോഴി വേഷഭംഗികൊണ്ടും, തരക്കേടില്ലാത്ത അഭിനയം കൊണ്ടും ശ്രദ്ധേയമായി. തുടര്‍ന്ന് ഹംസവും ദമയന്തിയും തമ്മിലുള്ള പദങ്ങളും ഒടുവില്‍ ചെറിയൊരു മനോധര്‍മ്മവുമാണുള്ളത്. നളനെ താമരയിലയില്‍ വരച്ചുകാണിക്കുന്നതും മറ്റുമാടി ഒടുവിലെ മനോധര്‍മ്മം ഇപ്പോളധികം നീട്ടാറില്ല. ഇത്രയും നേരം കഥകളി ശ്രദ്ധിച്ചിരിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇതൊരാശ്വാസമാണ്.

പത്തിയൂ‍ര്‍ ശങ്കരന്‍‌‌കുട്ടിയ്ക്കൊപ്പം, കലാമണ്ഡലം സജീവനായിരുന്നു പാട്ട്. പത്തിയൂരിന്റെ പാട്ട് സാധാരണപോലെ തന്നെ മികച്ചു നിന്നു. ശബ്ദനിയന്ത്രണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുവാന്‍ സജീവന്‍ ശ്രദ്ധിക്കുമെങ്കില്‍, അദ്ദേഹത്തിന്റെ പാട്ട് ഇനിയും മികച്ചതാക്കാം. ശബ്ദവ്യതിയാനം കൊണ്ടുവരാതെ, പാട്ട് ഭാവപൂര്‍ണ്ണമാക്കുക അസാധ്യമാണല്ലോ! വെണ്മണി ഹരിദാസിന് ഭാവഗായകനെന്നുള്ള വിശേഷണം ലഭിക്കുവാനുള്ള കാരണം തന്നെ, അദ്ദേഹം സംഗീതത്തില്‍ കൊണ്ടുവന്ന ശബ്ദവ്യതിയാനങ്ങളായിരുന്നുവല്ലോ! കഥാപാത്രങ്ങളുടെ വേഷത്തില്‍ കുറവുകളൊന്നും ചൂണ്ടിക്കാണിക്കുവാനില്ല. ഞൊറി അധികമുപയോഗിക്കാതെയുള്ള ഹംസത്തിന്റെ ഉടുത്തുകെട്ടും നന്നായിരുന്നു. ആര്‍.എല്‍.വി. സോമദാസായിരുന്നു ഈ ദിവസത്തെ ചുട്ടി. പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും നല്ലൊരനുഭവമാണ് ദൃശ്യവേദി സംഘടിപ്പിച്ച ‘നളചരിതമേള’യിലെ നളചരിതം ഒന്നാം ദിവസം നല്‍കിയത്.


കളിയരങ്ങില്‍:
കളര്‍കോട്ടെ നളചരിതം ഒന്നാം ദിവസം - നവംബര്‍ 3, 2007


Keywords: Nalacharitham Onnam Divasam, NalacharithaMela, Drisyavedi, Thiruvananthapuram, Kalamandalam Gopi, Madavur Vasudevan Nair, Madavoor, Kalamandalam Shanmukhan, Kalamandalam Sucheendran, Shahilal, Nalan, Hamsam, Damayanthi, Thozhimar.
--

2007, നവംബർ 24, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ ബാലിവിജയം

Balivijayam Kathakali @ East Fort, Thiruvananthapuram - Organized by Drisyavedi.
നവംബര്‍ 19, 2007: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍, തിരുവനന്തപുരം കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍, കല്ലൂര്‍ നമ്പൂതിരിപ്പാട് രചിച്ച ബാലിവിജയം ആട്ടക്കഥ അവതരിക്കപ്പെട്ടു. ദൃശ്യവേദിയുടെ അമരക്കാരായ സി.ജി. രാജഗോപാല്‍ (പ്രസിഡന്റ്), എസ്. ശ്രീനിവാസന്‍(സെക്രട്ടറി) എന്നിവര്‍ കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയെ അനുസ്മരിച്ചു. സംഘാടകര്‍ എന്ന നിലയില്‍ അവര്‍ക്ക് എമ്പ്രാന്തിരിയോടുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും, അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില ഏടുകളും അവര്‍ ഓര്‍ത്തെടുത്തത്, ഏതൊരു കഥകളിആസ്വാദകനേയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയെന്ന അതുല്യഗായകന് ഒരിക്കല്‍ കൂടി പ്രണാമം.

Ravanan & Mandothiri in Balivijayam Kathakali.
ദൃശ്യവേദി യുവകലാകാരന്മാര്‍ക്ക് അവസരം നല്‍കിയാണ് ഇവിടെ ബാലിവിജയം അവതരിപ്പിച്ചത്. യുവകലാകാരന്മാര്‍ക്ക് ഈ രീതിയില്‍ അരങ്ങില്‍ അവസരം നല്‍കുന്നത് ഭാവിയിലേക്ക് പ്രയോജനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. കലാമണ്ഡലം ഷണ്മുഖദാസ് രാവണനേയും കലാമണ്ഡലം വിജയകുമാര്‍ മണ്ഡോദരിയേയും അവതരിപ്പിച്ച പതിഞ്ഞ പദമായിരുന്നു ആദ്യ രംഗം. ‘അരവിന്ദദളോപമനയനേ’ എന്നു തുടങ്ങുന്ന പദം വിസ്തരിച്ചു തന്നെ ഷണ്മുഖദാസ് അവതരിപ്പിച്ചു. ‘കരവംശതി’ എന്ന പ്രശസ്തമായ പദഭാഗവും അവതരിപ്പിക്കുകയുണ്ടായി. തന്റെ പത്തു തലകള്‍ നിന്നെ ചുംബിക്കുവാനായും, ഇരുപതു കരങ്ങള്‍ നിന്നെ പുണരുവാനായും പരസ്പരം കലഹിക്കുന്നു എന്നാണ് പദം കൊണ്ടുദ്ദേശിക്കുന്നത്. ഈ ആട്ടത്തില്‍, രാവണന്‍ തന്റെ തലകളെ നോക്കിക്കാണുന്നുണ്ട്. ഷണ്മുഖദാസ് ഇടതുവശത്തോട്ടും വലതുവശത്തോട്ടും അഞ്ചുപ്രാവശ്യം വീതമാണ് തലകളെ നോക്കിക്കണ്ടത്. അങ്ങിനെവരുമ്പോള്‍ നോക്കുന്ന തലകൂടി ചേര്‍ത്ത് പതിനൊന്ന് തലകള്‍ വരില്ലേ?

കലാമണ്ഡലം വിനോദ്, കോട്ടയ്ക്കല്‍ സന്തോഷ് എന്നിവരായിരുന്നു സംഗീതം. പാടിയില്‍ നിശ്ചയിച്ചിരിക്കുന്ന പതിഞ്ഞ പദത്തിലെ ചില ഭാഗങ്ങളിലെ സഞ്ചാരം കൌതുകമുണര്‍ത്തിയെങ്കിലും, ആവശ്യമുള്ളതായി തോന്നിയില്ല. പാടിയുടെ ഭാവം വെടിയാതെ പാടുകയാവും ഉചിതം. കോട്ടയ്ക്കല്‍ സന്തോഷ്, വെളുത്ത വസ്ത്രത്തിനു പകരം കറുത്ത വസ്ത്രമുടുത്താണ് രംഗത്തെത്തിയത്. ശബരിമലയില്‍ പോകുവാന്‍ മാലയിട്ടിരിക്കുന്നതിനാലാണ് കറുപ്പുടുത്തതെന്ന് മനസിലാവുമെങ്കിലും, ഈ വേഷത്തില്‍ അരങ്ങില്‍ പ്രവര്‍ത്തിക്കുന്നത് അത്ര ഭംഗിയായി തോന്നിയില്ല.

രംഗത്തിന്റെ അവസാനം ദൂരെനിന്നും ഒരു പ്രഭ കണ്ട് അതെന്താണെന്ന് രാവണന്‍ ആലോചിക്കുന്നു. സൂര്യനാണോ? അല്ല, സൂര്യന്‍ കുറുകെയാണ് സഞ്ചരിക്കുക, ഈ പ്രകാശത്തിന്റെ സഞ്ചാരം നെടുകെയാണല്ലോ! ഇനി അഗ്നിയാണോ? അല്ല, അഗ്നി താഴെനിന്നും മുകളിലേക്കാണ് ജ്വലിക്കുക, ഇത് മുകളീല്‍ നിന്നും താഴേക്ക് ഇറങ്ങിവരികയാണ്. പ്രകാശത്തിന്റെ മധ്യത്തിലായി കരചരണങ്ങള്‍ കാണുന്നുവല്ലോ, ഭസ്മക്കുറികള്‍ അണിഞ്ഞിട്ടുമുണ്ട്, ജടാധാരിയുമാണ്. കൈയിലൊരു വീണയും, നാരദമഹര്‍ഷി തന്നെ. ഇവിടെ ഭസ്മക്കുറിയണിഞ്ഞിരിക്കുന്നതും, ജടയും കണ്ടശേഷം വീണ കാണുന്നതില്‍ ഒരു ഭംഗിക്കുറവില്ലേ? കൂട്ടത്തില്‍ വലുതായ വീണയല്ലേ ആദ്യം കാണേണ്ടത്? പിന്നെ ജടയും, ഒടുവിലായി ഭസ്മക്കുറികളും കാണുന്നതാണ് കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു. ഈ ഭാഗത്ത് രാവണന്‍ ഒറ്റയ്ക്കാണ് മുഴുവന്‍ ഭാഗങ്ങളും ആടിയത്. മണ്ഡോദരി അവിടെയുള്ളതായിപ്പോലും രാവണന്‍ വിസ്മരിച്ചുവെന്നു തോന്നുന്നു. എന്താണ് പ്രകാശമെന്ന് മണ്ഡോദരിയോട് ചോദിക്കുന്നതായും, മണ്ഡോദരി സൂര്യന്‍, അഗ്നി എന്നിങ്ങനെ ഉത്തരങ്ങള്‍ നല്‍കുന്നതായും, രാവണന്‍ കാരണസഹിതം തിരുത്തുന്നതായും ആടിയാല്‍ കൂടുതല്‍ ആസ്വാദ്യകരമാവും ഈ ഭാഗം. തുടര്‍ന്ന് മണ്ഡോദരിയെ യാത്രയാക്കിയ ശേഷം നാരദമഹര്‍ഷിയെ സ്വീകരിക്കുവാനായി രാവണന്‍ തയ്യാറാവുന്നു.

നാരദമഹര്‍ഷിയുടെ ആഗമനമാണ് തുടര്‍ന്നുള്ള രംഗം. രാവണനെ പല രീതിയില്‍ പ്രകീര്‍ത്തിച്ചുകൊണ്ടാണ് നാരദന്‍ വരുന്നത്. ഓരോ വര്‍ണനയ്ക്കും രാവണന്‍ ഓരോ ഭാവം ആടേണ്ടതുണ്ട്. കൈകസിനന്ദന, പൌലസ്ത്യതനയ എന്നിവ കേള്‍ക്കുമ്പോള്‍; മാതാപിതാക്കന്മാരെ സ്മരിച്ച് വന്ദിക്കുന്നു; കുംഭകര്‍ണന്റേയും ശൂര്‍പ്പണഖയുടേയും സഹോദരനെന്ന് വാഴ്ത്തുമ്പോള്‍ ലജ്ജിക്കുന്നു; ഇന്ദ്രജിത്തിന്റെ പിതാവെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനിക്കുന്നു; മണ്ഡോദരിയുടെ ദയിതനെന്നു കേള്‍ക്കുമ്പോള്‍ ശൃംഗാരം; കൈലാസോദ്ധാരക, വിശ്രുതകീര്‍ത്തേ, ചക്രവിജയി എന്നിങ്ങനെയുള്ളവ കേള്‍ക്കൂമ്പോള്‍ വീരം; എന്നിങ്ങനെയാണ് രാവണന്റെ ഭാവമാറ്റങ്ങള്‍. നാരദനായി രംഗത്തെത്തിയത് മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയായിരുന്നു.

നാരദനുമായുള്ള സംഭാഷണങ്ങള്‍ക്കൊടുവിലായി, നിസ്സാരമായ ഒരു കാര്യം ഉണര്‍ത്തിക്കുവാനുണ്ടെന്ന് നാരദന്‍ അറിയിക്കുന്നു. എന്താണത് എന്ന ചോദ്യത്തിന് ഉത്തരമായി നാരദന്‍ ഇങ്ങിനെ പറയുന്നു:“ബാലി എന്നൊരു വാനരന്‍, നിസ്സാരന്‍, ഒരു പുല്ലും ദശാസ്യനും തനിക്ക് തുല്യമാണെന്ന് വീരവാദം പറയുന്നു.” എന്നറിയിക്കുന്നു. ഇവിടെ ‘തെല്ലുമില്ലതടവ്’ എന്നാണ് പദം അവസാനിക്കുന്നത്. ഇവിടെ നാരദന്‍ കാണിച്ചത് “രാവണനും, ഒരു പുല്ലും തുല്യമാണെന്നു പറയുവാന്‍ ഒരു തടസവും ബാലിക്കില്ല.” എന്നാണ്. എന്നാല്‍ ശരിയായ അര്‍ത്ഥം, “രാവണനും, ഒരു പുല്ലും തുല്യമാണെന്ന് ഇടതടവില്ലാതെ ബാലി പറഞ്ഞുകൊണ്ടിരിക്കുന്നു.” എന്നാണ്. നിസ്സാരമെങ്കിലും, ഇങ്ങിനെയുള്ള തെറ്റുകള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.

Kailasodharanam - Ravanan in Balivijayam Kathakali.
തന്നെ നിസ്സാരനായി കാണുന്ന ബാലിയെ ഒരു പാഠം പഠിപ്പിക്കുകതന്നെ, എന്നുറച്ച് രാവണന്‍ ചന്ദ്രഹാസവുമെടുത്തിറങ്ങുന്നു. അപ്പോള്‍ നാരദന്‍ പറയുന്നു, “കേവലമൊരു വാനരനെ എതിര്‍ക്കുവാന്‍ ചന്ദ്രഹാസമെടുക്കേണ്ടതുണ്ടോ? ചന്ദ്രഹാസത്തിന്റെ മഹത്വം നിനക്കറിയില്ലേ?”. ഇതുകേട്ട് രാവണന്‍ ഒന്നു ശങ്കിക്കുന്നു, എന്നിട്ട് നാരദനോട് ചോദിക്കുന്നു: “താങ്കള്‍ക്ക് അറിയുമോ ഇതെങ്ങിനെയാണ് എനിക്ക് ലഭിച്ചതെന്ന്?”, നാരദന്‍: “കുറച്ചൊക്കെ കേട്ടിട്ടുണ്ട്.”. ഉടന്‍ തന്നെ രാവണന്‍ ഉത്സാഹത്തോടെ, “ഞാന്‍ പറഞ്ഞുതരാം, ഇതെനിക്കു കിട്ടിയ കഥ.” എന്നു പറഞ്ഞ് വൈശ്രവണന്റെ കൈയില്‍ നിന്നും പുഷ്പകവിമാനം കിട്ടിയ കഥയും, കൈലാസമെടുത്ത് അമ്മാനമാടുവാനുണ്ടായ സാഹചര്യവുമൊക്കെ വിശദമായി ആടുന്നു. അപ്പോള്‍ നാരദന്‍ ചോദിക്കുന്നു, “കൈലാസമെടുത്ത് അമ്മാനമാടിയപ്പോള്‍ പാര്‍വ്വതീപരമേശ്വരന്‍മാര്‍ അവിടെയുണ്ടായിരുന്നില്ലേ?”. രാവണന്‍ പറയുന്നു, “ഉണ്ടായിരുന്നു, അവിടെ സംഭവിച്ചത് മറ്റൊരു കഥയാണ്, പറഞ്ഞുതരാം.” എന്നുപറഞ്ഞ് പാര്‍വ്വതീവിരഹം എന്ന ഭാഗമാടുന്നു. കൈലാസോദ്ധാരണവും, പാര്‍വ്വതീവിരഹവും വളരെയധികം വിശദീകരിച്ച് ആടേണ്ടവയാണെങ്കിലും ഇവിടെ രണ്ടും വളരെ ചുരുക്കിയാണ് അവതരിപ്പിച്ചത്. ഷണ്മുഖദാസ് തന്നെ ഇവ വളരെനന്നായി ആടിക്കണ്ടിട്ടുള്ളതിനാല്‍ സമയക്കുറവാവണം, ചുരുക്കുവാനുണ്ടായ കാരണം. സമയപരിമിതിയുണ്ടെങ്കില്‍, അവതരിപ്പിക്കുന്ന കഥാഭാഗം പരിമിതപ്പെടുത്തി, അവതരിപ്പിക്കുന്നത്രയും ഭംഗിയായും പൂര്‍ണ്ണമായും അവതരിപ്പിക്കുക എന്ന രീതിയാവും കൂടുതല്‍ അഭികാമ്യം. വൈശ്രവണന്‍ ദൂതനെ അയയ്ക്കുമ്പോള്‍, അവനെ വധിച്ച ഭാഗം; ശിവന്‍ ദേവസ്ത്രീകളെ സ്മരിച്ച് പാര്‍വ്വതിയെ സുരഗംഗയില്‍ കുളിക്കുവാനായി കൂട്ടിക്കൊണ്ടു പോകുവാന്‍ ആവശ്യപ്പെടുന്ന ഭാഗം; പാര്‍വ്വതി കുളികഴിഞ്ഞെത്തുമ്പോള്‍, ശിവന്റെ മടിയില്‍ ഗംഗയെക്കണ്ട് കോപിക്കുന്ന ഭാഗം ഇതൊന്നും ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. ശിവന്റെ തലയില്‍ ഗംഗയുടെ മുഖവും സ്തനങ്ങളും കണ്ട് പരിഭവിച്ച് പിണങ്ങിപ്പോവുന്ന പാര്‍വ്വതിയായാണ് ഇവിടെയാടിയത്. പിണങ്ങിപ്പോകുവാന്‍ തുടങ്ങുമ്പോഴാണ്, രാവണന്‍ കൈലാസമെടുത്ത് അമ്മാനമാടുവാന്‍ തുടങ്ങിയത്. ഇതുകണ്ട് ഭയന്ന് പാര്‍വ്വതി വേഗം പരമശിവന്റെ മേല്‍ അഭയം പ്രാപിക്കുന്നു. പാര്‍വ്വതിയുമായുള്ള കലഹം ഒഴിവാക്കുവാന്‍ കാരണക്കാരനായ രാവണനില്‍ സം‌പ്രീതനായി ശിവന്‍ തനിക്ക് സമ്മാനിച്ചതാണ് ഈ ചന്ദ്രഹാസം എന്നാടി രാവണന്‍ അവസാനിപ്പിക്കുന്നു. തുടര്‍ന്ന് ബാലിയെ ബന്ധിക്കുവാനായി നാരദനുമൊത്ത് രാവണന്‍ പുറപ്പെടുന്നു.

ബാലിയുടെ തിരനോക്കും തന്റേടാട്ടവുമായാണ് അടുത്ത രംഗം ആരംഭിക്കുന്നത്. “തനിക്കേറ്റവും സുഖം ഭവിച്ചു, അതിനു കാരണമെന്ത്?” എന്നാലോചിച്ച്, തനിക്ക് മഹാവിഷ്ണുവില്‍ നിന്നും വരം ലഭിച്ച കഥ ആടുന്നു. ഒടുവില്‍ ഏഴുസമുദ്രങ്ങള്‍ ചാടിക്കടന്ന് സൂര്യനമസ്കാരം നിര്‍വ്വഹിച്ച ശേഷം ബാലി ധ്യാനനിരതനായിരിക്കുന്നു. ഈ സമയം രാവണനും നാരദനും ബാലിയെ ബന്ധിക്കുവാനായെത്തുന്നു. ബാലിയോട് നാരദന്‍ നേരത്തേതന്നെ പറഞ്ഞുറപ്പിച്ചതാണ്, താന്‍ രാവണനുമായെത്തുമെന്നും മറ്റും. നാരദന്‍ രാവണനെക്കൊണ്ട് ബാലിയുടെ വാലില്‍ പിടിപ്പിക്കുന്നതും, ഒടുവില്‍ ദേഹമാസകലം ബാലിയുടെ വാലില്‍ കെട്ടുപിണഞ്ഞ് രാവണന്‍ വിലപിക്കുന്നു. തന്റെ പുറകില്‍ നിന്നും തുടര്‍ച്ചയായ രോദനം കേട്ട്, വാലില്‍ കുടുങ്ങിക്കിടക്കുന്ന രാവണനെ കണ്ട്, “നീയാണോ പുത്രനെക്കൊണ്ട് ഇന്ദ്രനെ ജയിച്ച വീരന്‍?” എന്നു പരിഹാസപൂര്‍വ്വം ചോദിക്കുന്നു. അഹങ്കാരം ശമിച്ച രാവണനുമായി ബാലി സഖ്യം ചെയ്യുന്നതോടെ ബാലിവിജയം അവസാനിക്കുന്നു.

ബാലിയുമായി അരങ്ങില്‍ നാരദന്‍ ഒന്നും സംവേദിക്കേണ്ട കാര്യമില്ല. എന്നാലിവിടെ നാരദന്‍ ഇടയ്ക്കിടെ കണ്ണുകൊണ്ട് ബാലിയോട് ഓരോന്നു കാണിക്കുകയും, ഇടയ്ക്ക് ഒരവസരത്തില്‍ ബാലിയെ തോണ്ടിവിളിച്ച് “എല്ലാം പറഞ്ഞതുപോലെ.” എന്നുകാണിക്കുകയുമൊക്കെ ചെയ്തത് കടന്നുപോയി. ബാലിയിരിക്കുന്ന സ്ഥാനവും, രാവണനും നാരദനും നില്‍ക്കുന്ന സ്ഥാനവും തമ്മില്‍ വളരെയകലമുണ്ട് എന്നാണല്ലോ സങ്കല്പം. അതിനിടയില്‍ രാവണനറിയാതെ നാരദന്‍ ഇതൊക്കെ എങ്ങിനെ സാധിക്കുവാനാണ്?

Bali, Naradan & Ravanan in Balivijayam Kathakali.
മാര്‍ഗി മുരളിയാണ് ബാലിയെ അവതരിപ്പിച്ചത്. വേഷഭംഗിയുണെങ്കിലും, ആട്ടം ആസ്വാദ്യകരമായില്ല. മുദ്രകള്‍ക്ക് വ്യക്തതവരുത്തുകയും, ആട്ടങ്ങള്‍ പൂര്‍ണ്ണമായി അവതരിപ്പിക്കുകയും വേണം. ഒട്ടേറെ ഭാഗങ്ങള്‍ ആടിവരുമ്പോള്‍ വിഴുങ്ങിപ്പോവുന്നു എന്നതായിരുന്നു ഇവിടുത്തെ ബാലിയുടെ ഒരു കുഴപ്പം. ചെണ്ടയില്‍ വാരണാസി നാരായണന്‍ മൂസതും, മദ്ദളത്തില്‍ മാര്‍ഗി രത്നാകരനും ഒട്ടും തന്നെ നന്നായില്ല. മുദ്രകള്‍ കാണിക്കുമ്പോള്‍ കൈക്കുകൂടുന്നതില്‍ ഇരുവരും വിമുഖരായിരുന്നു. പാട്ടിന് താളം പിടിക്കുകയല്ല കഥകളിയിലെ വാദ്യങ്ങളുടെ ധര്‍മ്മം എന്നറിയാത്തവരല്ല, രംഗപരിചയം വേണ്ടുവോളമുള്ള ഇവരിരുവരും എന്നതിനാല്‍, ഈ കളിക്ക് എന്തുകൊണ്ടോ ഉഴപ്പി എന്നുമാത്രമേ കരുതുവാന്‍ ന്യായമുള്ളൂ. ഒരു ആസ്വാദകനെന്ന നിലയില്‍, ഒട്ടും തന്നെ തൃപ്തിനല്‍കുന്ന ഒന്നായില്ല ദൃശ്യവേദി ഇവിടെയൊരുക്കിയ ബാ‍ലിവിജയം കഥകളി.


Keywords: Balivijayam, Drisyavedi, Kizhakkekotta, East Fort, Thiruvananthapuram, Ravanan, Kalamandalam Shanmukhadas, Mandothiri, Kalamandalam Vijayan, Bali, Margi Murali, Naradan, Mathur Govindankutty, Kalamandalam Vinod, Kottackal Santhosh, Varanasi Narayanan Mussath, Margi Rathnakaran.
--

2007, നവംബർ 13, ചൊവ്വാഴ്ച

കളര്‍കോട്ടെ നളചരിതം നാലാം ദിവസം

Nalacharitham @ Kalarcode SriMahadeva Temple, Thiruvulsavam'07
2007 നവംബര്‍ 4: അടുത്തകാലത്തായി വളരെയധികം കാണുവാന്‍ അവസരം ലഭിക്കുന്ന ഒരു കഥയാണ്, നളചരിതം നാലാം ദിവസം. മൂന്ന് വേഷങ്ങള്‍, രണ്ടു പാട്ടുകാര്‍, ഒരു ചെണ്ട, ഒരു മദ്ദളം ഇത്രയും കലാകാരന്മാര്‍ മാത്രമേ അരങ്ങത്ത് ആവശ്യം വരുന്നുള്ളൂ എന്നതാവാം ഇത്രയധികം പ്രാവശ്യം ഈ കഥ അവതരിക്കപ്പെടുവാന്‍ കാരണം. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും, ഒരിക്കല്‍ കൂടി നളചരിതം നാലാം ദിവസം കളര്‍കോട് കണ്ടിട്ടും മുഷിച്ചിലൊട്ടും തോന്നിയില്ല്ല എന്നതാണ് സത്യം, അതാണല്ലോ കഥകളിയുടെ സൌന്ദര്യവും. കലാമണ്ഡലം ഗോപിയുടെ ബാഹുകനും; മാര്‍ഗി വിജയകുമാറിന്റെ കേശിനിയും; പത്തിയൂര്‍ ശങ്കരന്‍കുട്ടിയും, കലാനിലയം രാജീവനും ചേര്‍ന്ന സംഗീതവുമാണ് ഇവിടുത്തെ കളി ഇത്രയും ആസ്വാദ്യകരമാക്കിയത്.

ദമയന്തിയും തോഴിയും ഋതുപര്‍ണ്ണ മഹാരാജാവിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന രംഗത്തോടെയാണ് നാലാം ദിവസം തുടങ്ങുന്നത്. പര്‍ണ്ണാദന്‍ പറഞ്ഞതു പ്രകാരം, ഋതുപര്‍ണ്ണസാരഥിയായ ബാഹുകന്‍ നൈഷധേന്ദ്രനായ നളന്‍ തന്നെയാണ് എന്ന വിശ്വാസമാണ് ദമയന്തിക്ക്. ബാഹുകവേഷത്തില്‍ നിന്നും നളനെ പുറത്തുകൊണ്ടുവരുവാനായി സുദേവന്‍ കണ്ടെത്തുന്ന വഴിയാണ് ദമയന്തിയുടെ പുനര്‍വിവാഹം. ഒരുദിവസം കൊണ്ട് ഋതുപര്‍ണ്ണനെ സ്വയംവരത്തിനായി വിദര്‍ഭപുരിയിലെത്തിക്കുവാന്‍ ബാഹുകനു സാധിച്ചാല്‍, അത് അശ്വഹൃദയം വശമുള്ള നളന്‍ തന്നെയാണെന്ന് ഉറപ്പാക്കാം. ഋതുപര്‍ണ്ണന്റെ തേരു ദൂരെനിന്നു കാണുന്നതും മറ്റുമാ‍ണ് പദാന്ത്യത്തില്‍ ദമയന്തി ആടുന്നത്.

Damayanthi & Kesini in Nalacharitham Nalam Divasam.
ഇതിനു ശേഷം ഋതുപര്‍ണ്ണനും ഭീമരാജാവുമായും മറ്റുമുള്ള രംഗങ്ങള്‍ മൂലകഥയിലുണ്ടെങ്കിലും അവയൊന്നും അരങ്ങില്‍ സാധാരണയായി അവതരിപ്പിച്ചു കാണാറില്ല. ബാഹുകന്‍, നളന്‍ തന്നെയാണെന്ന് ഉറപ്പാക്കുവാനായി തോഴിയായ കേശിനിയെ നളന്റെയടുത്തേക്കയയ്ക്കുന്ന ദമയന്തിയുടെ ‘സ്വല്പപുണ്യയായേന്‍, എന്‍ തോഴിമാരേ!’ എന്ന പദമാണ് തുടര്‍ന്ന് അവതരിപ്പിച്ചു വരുന്നത്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ദമയന്തിയായും, മാര്‍ഗി വിജയകുമാര്‍ കേശിനിയായും വേഷമിട്ടു. നാലാം ദിവസത്തെ ദമയന്തിയുടെ സ്ഥായി ശോകമാണ്; തന്റെ പ്രാണനാഥനെ കണ്ടെത്തുമോ എന്നുള്ള ഉത്കണ്ഠയാണ്, വിരഹദുഃഖത്താല്‍ ആര്‍ത്തയുമാണ്. എന്നാല്‍ മാത്തൂരിന്റെ ദമയന്തി അത്യധികം സന്തോഷവതിയായും ഊര്‍ജ്വസ്വലയായും കാണപ്പെട്ടു. ചിത്രം നോക്കൂ, എത്ര സന്തോഷവതിയായാണ് തോഴിയുടെ തോളില്‍ കൈതാങ്ങി, ബാഹുകനെ നിരീക്ഷിച്ചുവരുവാന്‍ നിര്‍ദ്ദേശിക്കുന്നത്‌! ‘ഒളിവില്‍ മരുവി, പുനരോടിവന്നു, സകലമാശു കേശിനി, ചൊല്ലേണം.’ എന്നതാണ് പ്രസ്തുത ഭാഗം. കേശിനിയെ അയച്ചശേഷം, ദമയന്തി വീണ്ടും ഇരിപ്പിടത്തില്‍ വന്നിരുന്ന്, എല്ലാം ഭംഗിയായി വരുത്തണമേ എന്നു പ്രാര്‍ത്ഥിച്ച്, കേശിനിയെ പ്രതീക്ഷിച്ചിരിക്കുമ്പോളാണ് തിരശീല പിടിക്കാറ്‌. ഇവിടെ കേശിനിയെ അയച്ച വഴിക്കു തന്നെ ദമയന്തിയും വേദി വിട്ടു!

Kalamandalam Gopi as Bahukan in Nalacharitham Nalam Divasam.
കലാമണ്ഡലം ഗോപി ബാഹുകനായും, മാര്‍ഗി വിജയകുമാര്‍ കേശിനിയായും മികച്ച അഭിനയം കാഴ്ചവെച്ച ബാഹുക-കേശിനി സംഭാഷണ രംഗങ്ങളായിരുന്നു തുടര്‍ന്ന്. ബാഹുകന്‍ എല്ലം വിധിനിശ്ചയം പോലെ നടക്കും എന്ന ശുഭപ്രതീക്ഷയില്‍, കേശിനിയോട് വളരെ സരസമായാണ് ഇടപെട്ടത്. ‘പൂമാതിനൊത്ത ചാരുതനോ’ എന്ന കേശിനിയുടെ പിന്നീടുള്ള പദത്തില്‍ പറയുമ്പോലെ, ‘പലതും പറഞ്ഞു പിന്നെ, ഫലിതമത്രേ പാര്‍ത്തോളം’ എന്ന വരികള്‍ അന്വര്‍ത്ഥമാക്കുകതന്നെ ചെയ്തു കലാമണ്ഡലം ഗോപിയുടെ ബാഹുകന്‍. ‘നേരു തന്നെ ചൊല്ലേണം’ എന്ന കേശിനിയുടെ പദത്തിന് ബാഹുക്കന്‍: “ഇവിടെ എല്ലാവരും കള്ളമാണോ പറയുന്നത്?”; ‘ഋതുപര്‍ണ്ണഭൂപനെന്തിങ്ങു വന്നീടുവാന്‍?’ എന്ന കേശിനിയുടെ ചോദ്യത്തിന് ബാഹുകന്റെ മറുപടിയിങ്ങിനെ: “ഉണ്ടുറങ്ങുവാന്‍, ഒന്നു പോടോ, ഇവളിതെവിടുന്നു വരുന്നു”; പിന്നീട് തനിക്ക് ഒന്നുമിവിടെ നടക്കുവാന്‍ പോവുന്നതറിയില്ലെന്നു പറയുന്ന കേശിനിയോട് ബാഹുകന്‍: “കള്ളം പറയുകയല്ലല്ലോ? ഇവിടെത്തന്നെയല്ലേ വാസം? പൊട്ടിയുമല്ലല്ലോ? എങ്കില്‍ പറയാം.” എന്നിങ്ങനെയുള്ള ചെറിയ മനോധര്‍മ്മങ്ങളാണ് ഈ രംഗങ്ങള്‍ മനോഹരമാക്കിയത്.

Bahukan & Kesini in Nalacharitham Nalam Divasam.
തുടര്‍ന്ന് കേശിനിയെ യാത്രയാക്കിയ ശേഷം ബാഹുകന്‍, ഋതുപര്‍ണ്ണ മഹാരാജാവിനുള്ള ആഹാരം പാകം ചെയ്യുന്നു. അഗ്നി ദേവനും, വരുണനും ദമയന്തീപരിണയത്തിനു ശേഷം നല്‍കിയ വരങ്ങള്‍ ഉപയോഗിച്ചാണ് പാകം ചെയ്യുവാനാവശ്യമായ തീയും ജലവും ലഭ്യമാക്കുന്നത്. ഈ രംഗങ്ങളില്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ കടുവറുക്കുന്നതും, പപ്പടം കാച്ചുന്നതും മറ്റും വിശദമായി ആടാറുള്ളതായാണ് കേട്ടിരിക്കുന്നത്. എന്നാല്‍ കലാമണ്ഡലം ഗോപിയുടെ ബാഹുകന്‍, ആഹാ‍രം പാകം ചെയ്യുന്നത് വിസ്തരിക്കാറില്ല. പകരം തന്റെ ദുരവസ്ഥയില്‍ വിലപിക്കുന്നതായാണ് ആടാറുള്ളത്. അനേകം ബ്രാഹ്മണര്‍ക്ക് ധാരാളം ധനവും വസ്ത്രങ്ങളും ദാനം ചെയ്ത തന്റെ കൈ, തന്റെ ദയിതയായ ദമയന്തിയെ പുണരുവാന്‍ ആശ്രയമായ കൈ; ഒടുവില്‍ ഭൈമിയെ കാട്ടിലുപേക്ഷിച്ചപ്പോള്‍ വസ്ത്രം മുറിച്ചെടുത്തതും ഈ കൈതന്നെ. ചെങ്കോലും വാളുമേന്തിയിരുന്ന ഈ കൈയില്‍ ഇന്ന് കുതിരയെ തെളിക്കുവാനുള്ള ചാട്ടയും, പാചകം ചെയ്യുവാനുള്ള ചട്ടുകവും; തലയിലെഴുത്തു തന്നെ. ഇത്രയും ആടുമ്പോളേക്കും, ആഹാരം പാകമായതായി ആടിയ ശേഷം, ആഹാരം വിളമ്പി നല്‍കുവാനായി ഋതുപര്‍ണ്ണന്റെ സമീപമെത്തുന്നു.

ഋതുപര്‍ണ്ണന്റെ ഭോജനത്തിനു ശേഷം, മറ്റൊരു മനോധര്‍മ്മമുണ്ട്. ബാഹുകന്‍ ചോദിക്കുന്നു: “എന്താണ് അങ്ങയുടെ മുഖം വാടിയിരിക്കുന്നത്?”. ഋതുപര്‍ണ്ണന്‍ “ഒന്നുമില്ല” എന്ന് പറഞ്ഞതു കേട്ടതായി ആടിയ ശേഷം: “ഇങ്ങോട്ട് വളരെ ഉത്സാഹഭരിതനായി എത്തിയ അങ്ങയുടെ മുഖം വല്ലാതെ വാടിയിരിക്കുന്നതു കണ്ടതിനാല്‍ ചോദിച്ചതാണ്. സത്യമായും ഒന്നുമില്ലല്ലോ, അല്ലേ? എന്നാല്‍ ഞാനങ്ങോട്ട്...”. ഋതുപര്‍ണ്ണനോട് വിടവാങ്ങി തേരില്‍ വിശ്രമിക്കുവാനായെത്തുന്ന ബാഹുകന്‍ ചിന്തിക്കുന്നു: “വിവാഹമാണെന്ന് സുദേവന്‍ പറഞ്ഞിട്ട് ഇവിടെ അതിനുള്ള ഒരുക്കങ്ങളൊന്നും കാണുന്നില്ലല്ലോ! സുദേവന്‍ പറഞ്ഞത് അസത്യമാവുമോ? ഹേയ്, ബ്രാഹ്മണര്‍ കളവു പറയുമോ! രണ്ടാം വിവാഹമല്ലേ, ആര്‍ഭാടം വേണ്ടെന്നു കരുതിയതാവും.” ഇങ്ങിനെയൊക്കെ ആലോചിച്ച് തേരിലെത്തുന്ന ബാഹുകന്‍ പൂക്കള്‍ മങ്ങിയിരിക്കുന്നതു കാണുന്നു. ഇവിടെ വീണ്ടുമൊരു മനോധര്‍മ്മം കൂ‍ടിയുണ്ട്. “പൂക്കള്‍ വിടര്‍ന്ന് പരിമളം പരത്തി നില്‍ക്കുമ്പോള്‍ തേന്‍ നുകരുവാനായി വണ്ടുകള്‍ കൂട്ടമായി പറന്നെത്തുന്നു, സുന്ദരികള്‍ പൂവിറുത്ത് മണപ്പിച്ച് നെറുകയില്‍ ചൂടുന്നു; എന്നാല്‍ ഇവയൊന്ന് വാടിയാലോ, വണ്ടുകള്‍ സമീപത്തുപോലുമെത്തില്ല, സുന്ദരിമാരാവട്ടെ മണപ്പിച്ചു നോക്കി അവജ്ഞയോടെ ദൂരേയ്ക്കെറിയുന്നു. മനുഷ്യന്റെ അവസ്ഥയുമങ്ങിനെ തന്നെ. ധനവും അധികാരവും ഉള്ളപ്പോള്‍ ധാരാളം പേര്‍ ഉണ്ടാവും, സുഹൃത്തുക്കളായി; എന്നാല്‍ ഒന്ന് ധനം ക്ഷയിച്ചാല്‍, അധികാരം നഷ്ടപ്പെട്ടാല്‍, പിന്നെ ആരുമുണ്ടാവില്ല. എല്ലാവരും ആട്ടിയകറ്റും.” ഇത്രയും ആടിയ ശേഷം പൂക്കളെ തലോടുമ്പോള്‍, അവ വീണ്ടും വിരിയുന്നു. വണ്ടുകള്‍ തെന്‍ നുകരുവാനായി പറന്നടുക്കുന്നു, അവയെ ബാഹുകന്‍ നീരസത്തോടെ ആട്ടിയകറ്റുന്നു. തേരിലെത്തി വിശ്രമിക്കുന്നതോടെ രംഗത്തിനു തിരശീല വീഴുന്നു.

ബാഹുകന്‍ ആഹാ‍രം പാകം ചെയ്യുവാ‍നായി, വരുണനേയും അഗ്നിയേയും സ്മരിച്ച് ജലവും തീയും ലഭ്യമാക്കുമ്പോഴും; തേരിലെത്തി പൂക്കള്‍ക്ക് പുതുജീവന്‍ നല്‍കുമ്പോഴും കേശിനി മറഞ്ഞു നിന്ന് ഇവയൊക്കെ വീക്ഷിക്കുന്നതായി ആടേണ്ടതുണ്ട്. ഇവിടെ പൂക്കള്‍ക്ക് ജീവന്‍ നല്‍കുന്നത് കാണുന്നതായി മാത്രമേ ആടുകയുണ്ടായുള്ളൂ. കലാമണ്ഡലം ഷണ്മുഖദാസ് കേശിനിയായെത്തുമ്പോള്‍, വളരെ വ്യക്തമായി ഈ ഭാഗങ്ങള്‍ അലസത കാട്ടാതെ ആടാറുണ്ട്. ചില കേശിനിമാര്‍ ഈ ഭാഗത്തോട്ടേ വരാറില്ല എന്നതും പറയണം. ചെറിയ കാര്യമാണെങ്കിലും, കേശിനി വേണ്ടുവണ്ണം ഈ ഭാഗങ്ങള്‍ അഭിനയിക്കുമ്പോളുണ്ടാവുന്ന രസം, ഈ ഭാഗത്ത് കേശിനി എത്തിയില്ലെങ്കില്‍ ലഭിക്കാറില്ല. കേശിനിയായി വേഷമിടുന്നവര്‍, ഇതിലൊന്ന് മനസിരുത്തിയാ‍ല്‍ വളരെ നന്ന്.

Nalan & Damayanthi in Nalacharitham Nalam Divasam.
കേശിനി താന്‍ ഒളിച്ചിരുന്ന് കണ്ട കാര്യങ്ങള്‍ ദമയന്തിയെ അറിയിക്കുന്നു. ബാഹുകന്‍ നളന്‍ തന്നെയെന്നു പൂര്‍ണ്ണമായും ബോധ്യമാവുന്ന ദമയന്തി, ബാഹുകന്റെ സമീപമെത്തുന്നു. ദമയന്തി ‘വഴിയേതാകിലെന്തു ദോഷം, മാതാവെനിക്കു സാക്ഷി!’ എന്നു പറയുമ്പോള്‍ ബാഹുകന്‍ പറയുന്നു: “എന്ത് ദോഷമെന്നോ? വിവാഹം കഴിച്ച പുരുഷന്‍ ജീവനോടെയിരിക്കുമ്പോള്‍, മറ്റൊരുവനെ വരിക്കുവാനൊരുങ്ങുന്നു, എന്നിട്ടു ചോദിക്കുന്നു, എന്ത് ദോഷമെന്ന്!”. നളചരിതം നാലാം ദിവസത്തിലെ ബാഹുകനായി കലാമണ്ഡലം ഗോപിയെത്തുമ്പോള്‍, കേശിനിയുടേതായാലും ദമയന്തിയുടേതായാലും, പദങ്ങള്‍ക്കിടയില്‍ ആടുന്ന മനോധര്‍മ്മങ്ങള്‍ നിരവധിയാണ്. ഇവയാണ് നളചരിതം നാലാം ദിവസത്തിന്റെ ജീവനെന്ന് നിഃസംശയം പറയാം. ഇവയെല്ലാം വിസ്താരഭയത്താല്‍ ഇവിടെ ചേര്‍ക്കുന്നില്ല, നളചരിതം നാലാം ദിവസത്തിന്റെ തന്നെ ഇനിവരുന്ന ആസ്വാദനങ്ങളില്‍ അവ കുറിക്കുവാന്‍ ശ്രമിക്കാം.

മറ്റൊരു പ്രധാനകാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് ഏവൂരില്‍ നടന്ന ‘നളചരിതോത്സവം-2007’-ല്‍ നളചരിതം കഥകള്‍ അവതരിപ്പിക്കുകയും; അവയെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുകയുമുണ്ടായി. അതിലുയര്‍ന്നു വന്ന ഒരു പ്രധാന നിര്‍ദ്ദേശം നളചരിതം നാലാം ദിവസം എങ്ങിനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ചായിരുന്നു. സാധാരണയായി, അശരീരി കേട്ട് ദമയന്തി തെറ്റുകാരിയല്ലെന്ന് തിരിച്ചറിഞ്ഞാലുടന്‍, നളന്‍ മക്കളെക്കുറിച്ച് ചോദിക്കുന്നതായും, ഇനിയൊരിക്കലും നാം പിരിയില്ലെന്നും മറ്റും പറഞ്ഞ് അവസാനിപ്പിക്കുന്നതാണ് കണ്ടിട്ടുള്ളത്. നളചരിതോത്സവത്തില്‍ വന്ന നിര്‍ദ്ദേശം; ഇതു ശരിയല്ലെന്നും, കാട്ടില്‍ നിന്നും ദമയന്തി എങ്ങിനെ നാട്ടില്‍ സുരക്ഷിതയായെത്തിയെന്ന് അറിയുവാനുള്ള ആകാംക്ഷയാവണം നളന്‍ കുട്ടികളെ അന്വേഷിക്കുന്നതിനും മുന്‍പ് ആടേണ്ടതെന്നുമായിരുന്നു. അതുപോലെ നളന് സംഭവിച്ചതറിയുവാന്‍ ദമയന്തിയും ആകാംക്ഷകാട്ടണം. വളരെ വിശദമായി ആടിയില്ലെങ്കിലും, ഒരു പത്തോ പതിനഞ്ചോ മിനിറ്റില്‍ ചുരുക്കിയെങ്കിലും ഇത്രയും ആടിയില്ലെങ്കില്‍, അത് ആ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്ന അവതരണമാവില്ല എന്നത് അവിടെയെത്തിയ ആസ്വാദകരും, ഈ രംഗത്ത് പഠനം നടത്തുന്നവരും ഒരുപോലെ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ഇവിടെയും അങ്ങിനെയൊരു ആട്ടം ഉണ്ടായില്ല്ല. ‘നളചരിതോത്സവം’ പോലെയുള്ള ആസ്വാദകസദസുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഇതുപോലെയുള്ള നിര്‍ദ്ദേശങ്ങള്‍, എത്രമേല്‍ പ്രവൃത്തിപരിചയമുള്ള കലാകാരന്മാരാണെങ്കിലും, അംഗീകരിച്ച് നടപ്പില്‍ വരുത്തുന്നതാണ് കഥകളിക്ക് ഗുണകരമാവുക എന്നതിന് ഒരു എതിരഭിപ്രായമുണ്ടാവുമെന്ന് തോന്നുന്നില്ല. അതു സാധിക്കുന്നില്ലെങ്കില്‍, ഈ രീതിയിലുള്ള ചര്‍ച്ചാവേദികള്‍ സംഘടിപ്പിക്കുന്നതിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെടും.

Nalan & Damayanthi in Nalacharitham Nalam Divasam.
പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവരുടെ പാട്ടാ‍ണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഇരുവരുടേയും ശബ്ദം നന്നായി ചേര്‍ന്നുപോവുന്നതാകയാ‍ല്‍, കേള്വിക്ക് ഇമ്പം കൂടുതലായി അനുഭവപ്പെട്ടു. ‘നൈഷധന്‍ ഇവന്‍ താന്‍’ എന്ന ഭാഗം പത്തിയൂര്‍ പാടുക ‘നൈഷധല്‍ ഇവന്‍ താന്‍’ എന്നാണ്. ഏതാണ് ശരി? സ്ഥിരമായി ‘നൈഷധല്‍’ എന്നുപയോഗിക്കുന്നതിനാല്‍ അറിയാതെ വന്ന പിശകല്ല അത്. ‘പൂമാതിനൊത്ത ചാരുതനോ?’ വരെയുള്ള ഭാഗം മദ്ദളത്തില്‍ കലാമണ്ഡലം ശശിയും, ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുമായിരുന്നു പക്കമേളം. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്ക് കലാമണ്ഡലം അച്ചുതവാര്യര്‍(മദ്ദളം), കലാമണ്ഡലം കൃഷ്ണദാസ്(ചെണ്ട) എന്നിവരായിരുന്നു മേളക്കാര്‍. ബാ‍ഹുകന്റേയും മറ്റും ചുട്ടിയും ഉടുത്തുകെട്ടും വളരെ നന്നായിരുന്നെന്നതും പ്രസ്താവ്യമാണ്. ദമയന്തി നിരാശപ്പെടുത്തിയെങ്കിലും, ഈ ഉത്സവക്കളികളിലെ ഏറ്റവും മികച്ച കളിയായിരുന്നു നളചരിതം നാലാം ദിവസമെന്ന് നിഃസംശയം പറയാം.


Keywords: Nalacharitham Nalam Divasam, Nalan, Damayanthi, Kesini, Kalamandalam Gopi, Mathur Govindankutty, Margi Vijayakumar, Pathiyoor Sankarankutty, Kalanilayam Rajeevan, Alappuzha, Kalarcode SriMahadeva Temple, Thiruvulsavam
--

2007, നവംബർ 11, ഞായറാഴ്‌ച

കളര്‍കോട്ടെ ബാലിവധം

Balivadham @ Kalarcode, Thiruvulsavam'07

നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

2007 നവംബര്‍ 3: മുതിര്‍ന്നവരേയും കുട്ടികളേയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കഥയാണ് ‘ബാലിവധം’. കഥയെക്കുറിച്ച് ഏകദേശധാരണയുള്ള ആര്‍ക്കും ഈ കഥ ആസ്വദിക്കുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെയൊരു പ്രത്യേകത. പദങ്ങളാവട്ടെ വളരെ സാധാരണമായ മലയാളം വാക്കുകള്‍ പയോഗിച്ചുള്ളവയാണെന്നതും, സാധാരണക്കാര്‍ക്ക് ഈ കഥയോട് പ്രിയം തോന്നുവാന്‍ കാരണമായിട്ടുണ്ട്. ബാലിവധം പൂര്‍ണ്ണമായി, ഈയിടെയായി ഒരു അരങ്ങിലും അവതരിപ്പിച്ച് കാണാറില്ല. സുഗ്രീവനും രാമനുമായുള്ള രംഗവും, ബാലി-സുഗ്രീവ യുദ്ധവും, ബാലിയുടെ മോക്ഷപ്രാപ്തിയുമാണ് ബാലിവധത്തില്‍ ഇപ്പോള്‍ നടപ്പുള്ള ഭാഗങ്ങള്‍. കളര്‍കോട്ടെ കളിയിലും ഇത്രയും ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

Kottackal Devadas as Sugreevan in Balivadham Kathakali.
സുഗ്രീവന്റെ തിരനോക്കോടുകൂടിയാണ് കഥ ആരംഭിക്കുന്നത്. തിരനോട്ടത്തിനു ശേഷം, സുഗ്രീവന്റെ തന്റേടാട്ടമാണ്. സാധാരണ തന്റേടാട്ടങ്ങള്‍ “എനിക്കേറ്റം സുഖം ഭവിച്ചു, അതിനു കാരണമെന്ത്?” എന്ന രീതിയിലാണ് തുടങ്ങാറുള്ളതെങ്കില്‍, സുഗ്രീവന്‍ തുടങ്ങുന്നത് “വാനരരാജാവിന്റെ സഹോദരനായ, എന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ത്?”എന്നാണ്. തുടര്‍ന്ന് ബാലിയും മായാവിയുമായുണ്ടായ യുദ്ധത്തിന്റെ കഥയും, താന്‍ ചതിച്ചുവെന്ന് ധരിച്ച് ബാലി തന്നെ വധിക്കുവാനെത്തിയതും മറ്റും ഓര്‍ക്കുന്നു. അങ്ങിനെ താന്‍ ഈ മലയില്‍ ബാലിയെപ്പേടിച്ച് കഴിയുകയാണ് എന്നു പറഞ്ഞ് തന്റേടാട്ടം അവസാനിപ്പിക്കുന്നു. എന്തുകൊണ്ട് ബാലി ഇവിടെ എത്തി തന്നെ വധിക്കുന്നില്ല എന്നോര്‍ത്ത്, ബാലിക്കു ലഭിച്ച ശാപത്തിന്റെ കഥയും ചിലപ്പോള്‍ അവതരിപ്പിക്കുവാറുണ്ട്. എന്നാലിവിടെ അതുണ്ടായില്ല. സുഗ്രീവനായി കോട്ടയ്ക്കല്‍ ദേവദാസ്, തുടക്കം മികച്ചതാക്കി.

തന്റേടാട്ടത്തിന്റെ അവസാനത്തില്‍, മരവുരി ധരിച്ച് ജടാധാരികളായ രണ്ടുപേര്‍, കൈയില്‍ അമ്പും വില്ലുമായി തന്റെ വാസസ്ഥലത്തിനു നേര്‍ക്കു വരുന്നത് കണ്ട്; അവര്‍ ബാലി തന്നെ വധിക്കുവാന്‍ അയച്ച ശത്രുക്കളാണോ, അതോ മിത്രങ്ങളാണോ എന്ന് അറിഞ്ഞുവരുവാനായി ഹനുമാനെ അയയ്ക്കുന്നതായി ആടുന്നു. ഹനുമാന്‍ തിരികെ വന്ന് അവരാരെന്നും മറ്റും ഉണര്‍ത്തിക്കുന്നു, അതുകേട്ട് സുഗ്രീവന്‍ അവരെ സ്വീകരിച്ചുകൊണ്ട് വരുവാനായി ഹനുമാനെ തിരികെയയയ്ക്കുന്നു. അവരെ പ്രതീക്ഷിച്ച് സുഗ്രീവന്‍ ഇരിക്കുമ്പോള്‍ ആദ്യ രംഗം അവസാനിക്കുന്നു. തുടര്‍ന്ന് ശ്രീരാമലക്ഷ്മണന്മാരും സുഗ്രീവനുമായുള്ള രംഗമാണ്. രാമനും ലക്ഷ്മണനുമായി രണ്ടുവേഷങ്ങള്‍ സാധാരണയായി പതിവുണ്ടെങ്കിലും ഇവിടെ ശ്രീരാമന്‍ മാത്രമേ ഈ രംഗത്ത് ഉണ്ടായുള്ളൂ. ശ്രീരാമനായെത്തിയത് കലാമണ്ഡലം ഷണ്മുഖദാസാണ്. ഷണ്മുഖദാസിന്റെ വേഷഭംഗിയാണ് എടുത്തുപറയേണ്ടുന്ന ഒന്ന്. സ്ത്രീവേഷമായാലും, കത്തിയായാലും, പച്ചയായാലും, ഒരുപോലെ ഷണ്മുഖദാസിനിണങ്ങും.

Kalamandalam Shanmukhan as SriRamam in Balivadham Kathakali.
തുടര്‍ന്ന് സുഗ്രീവന്റെ അവസ്ഥ മനസിലാക്കുന്ന രാമന്‍ സഹായിക്കാമെന്നേല്‍ക്കുന്നു. സുഗ്രീവന്‍ പറയുന്നു അതത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല. തുടര്‍ന്ന് ബാലി നിഗ്രഹിച്ച ദുന്ദുഭിയുടെ അസ്ഥികാണിച്ച്, ഇതൊന്ന് ഇളക്കുവാന്‍ സാധിച്ചാല്‍ തനിക്ക് രാമന്റെ ശക്തി ബോധ്യം വരുമെന്നറിയിക്കുന്നു. രാമന്‍ തന്റെ പാദത്തിലെ തള്ളവിരലുപയോഗിച്ച് അസ്ഥി ദൂരേയ്ക്ക് എറിയുന്നു. തുടര്‍ന്ന് ബാലി കൈത്തിരിപ്പ് തീര്‍ക്കുന്ന സാലവൃക്ഷങ്ങളെക്കാണിച്ച്, ഇവയിലൊരണ്ണം അസ്ത്രമയച്ച് പിളര്‍ക്കുവാന്‍ സാധിക്കുമോ എന്ന് സുഗ്രീവന്‍ ആരായുന്നു. രാ‍മനാവട്ടെ ഒറ്റ ബാണത്താല്‍ എല്ലാ സാലവൃക്ഷങ്ങളേയും പിളര്‍ത്തി അസ്ത്രത്തെ തിരികെ ആവനാഴിയിലെത്തിച്ച് തന്റെ പരാക്രമം സുഗ്രീവന് ബോധ്യമാക്കിക്കൊടുക്കുന്നു.

ബാലിയെ നിഗ്രഹിക്കുന്നതിനു പകരമായി, സീതയെ തിരഞ്ഞു കണ്ടുപിടിക്കുവാന്‍ രാ‍മനെ സഹായിക്കാമെന്ന് സുഗ്രീവന്‍ വാക്കു നല്‍കുന്നു. സീതയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ രാമനെ കാണിക്കുന്നു. ലക്ഷ്മണന്‍ രംഗത്തുണ്ടെങ്കില്‍, ആഭരണങ്ങളിലെ പാദസരം തിരിച്ചറിയുന്നതായി ആടുന്നത് ലക്ഷ്മണനാണ്. “മറ്റൊന്നും എനിക്ക് ജ്യേഷ്ഠത്തിയുടേതാണെന്ന് ഉറച്ചു പറയുവാന്‍ കഴിയില്ല. എന്നാല്‍ താന്‍ എന്നും പ്രഭാതത്തില്‍ ജ്യേഷ്ഠന്റേയും ജ്യേഷ്ഠത്തിയുടേയും പാദം കഴുകുമ്പോള്‍ ഈ പാദസരം കാ‍ണാറുള്ളതിനാല്‍ ഇത് എനിക്ക് ജ്യേഷ്ഠത്തിയുടേതു തന്നെയെന്ന് ഉറപ്പിച്ചുപറയുവാന്‍ കഴിയും.” എന്നാണ് ലക്ഷ്മണന്റെ ആട്ടം. എന്നാലിവിടെ ലക്ഷ്മണന്റെ അഭാവത്തില്‍, പാദസരം കണ്ടു വിഷമിക്കുന്ന രാമനെ മാത്രമേ അവതരിപ്പിച്ചുള്ളൂ. ലക്ഷ്മണനില്ലെങ്കില്‍, ഇങ്ങിനെയൊരു മനോധര്‍മ്മത്തില്‍ കാര്യമായൊന്നും കാണിക്കുവാനില്ല. തുടര്‍ന്ന് ബാലിയെ യുദ്ധത്തിനു വിളിക്കുക, യുദ്ധത്തിനിടയില്‍ താന്‍ അമ്പെയ്ത് ബാലിയെ നിഗ്രഹിക്കുന്നതാണ് എന്നു പറഞ്ഞ് രാമന്‍ സുഗ്രീവനെ യാത്രയാക്കുന്നു.

Kalamandalam Ramachandran Unnithan as Bali in Balivadham Kathakali.
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാ‍ണ് ബാലിയായി അരങ്ങിലെത്തിയത്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലിവേഷമായി കരുതപ്പെടുന്ന നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ ബാലിക്ക്, ഒരു പിന്മുറക്കാരനെ രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബാലിയില്‍ കാണാം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും കോട്ടയ്ക്കല്‍ ദേവദാസും തമ്മിലുള്ള ‘കെമിസ്ട്രി’ വളരെ നന്നായി പ്രയോഗത്തില്‍ വന്ന രംഗങ്ങളായിരുന്നു തുടര്‍ന്ന്. സാധാരണയായി, ആദ്യത്തെ വട്ടം ബാലിയില്‍ നിന്നും ധാരാളം പ്രഹരാങ്ങളേറ്റ് വിവശനാവുന്ന സുഗ്രീവന്‍ യുദ്ധഭൂമിയില്‍ നിന്നും പിന്തിരിഞ്ഞോടി, രാമന്റെയടുത്തെത്താറുണ്ട്. എന്തുകൊണ്ട് ബാലിയെ വധിച്ചില്ല, എന്നു ചോദിക്കുന്ന ബാലിയോട്, രാമന്‍ പറയുന്നത്, രണ്ടാളും തമ്മില്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ബാലിയാര്, സുഗ്രീവനാര് എന്നു മനസിലായില്ലെന്നാണ്. തുടര്‍ന്ന് തിരിച്ചറിയുവാനായി ഒരു മാലയണിഞ്ഞാണ് സുഗ്രീവന്‍ വീണ്ടും യുദ്ധത്തിനെത്തുന്നത്. എന്നാലിവിടെ ഇതൊന്നും ഉണ്ടായില്ല, സമയക്കുറവായിരിക്കാം കാരണം. ആദ്യ യുദ്ധരംഗത്തില്‍ തന്നെ മാലയിടീച്ചാണ് രാമന്‍ സുഗ്രീവനെ അയയ്ക്കുന്നത്, മാല ഭാവനയില്‍ മാത്രമായിരുന്നു താനും.

യുദ്ധത്തിനു മുന്‍പുള്ള മനോധര്‍മ്മാട്ടത്തില്‍, ബാലി സുഗ്രീവനോട് ചോദിക്കുന്നു. ആരൊക്കെയാണ് നിന്റെയടുത്തെത്തിയ ജടാധാരികള്‍, അവരെന്തിനാണ് മരത്തിനു മുകളില്‍ ഇവിടെ മറഞ്ഞിരിക്കുന്നത്, എന്തെങ്കിലും ചതി മനസിലുണ്ടോ എന്നൊക്കെ. സുഗ്രീവന്‍ “ദൈവമേ, എല്ലാം മനസിലാക്കിയോ?” എന്ന് സംശയിച്ച്, ബാലിയോട് പറയുന്നു, “അങ്ങിനെയൊന്നുമില്ല...” എന്ന്. എന്നാല്‍ ബാലി ഇത്രയുമൊക്കെ അറിയുന്നതായി നടിക്കുന്നത് എത്രമാത്രം ശരിയാണ്? അതുപോലെ രാമന്‍ പറയുന്നു, “പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചതിനാലാണ് അങ്ങയെ വധിച്ചത്.” എന്ന്. “അങ്ങിനെയൊരിക്കലും ഞാന്‍ കരുതിയിട്ടില്ല, ഞാന്‍ അപഹരിച്ചിട്ടില്ല...” എന്നൊക്കെ ബാലി പറയുന്നതായാണ് ഇവിടെ ആടിയത്. എന്നാല്‍ അതിനൊരു ന്യായീകരണം നല്‍കിയതുമില്ല. സത്യത്തില്‍, ബാലി തന്റെ തെറ്റുകള്‍ മനസിലാക്കുന്നതായല്ലേ ആടേണ്ടത്? എങ്കിലല്ലേ ‘കൊല്ലുവതിനര്‍ഹനായൊരെന്നിയിവിടെ, കല്യാ നീ കൊന്നതുചിതം’ എന്ന പദത്തിന് പ്രസക്തിയുണ്ടാവുന്നുള്ളൂ?

Bali, Sugreevan & Amgadan in Balivadham Kathakali.
ബാലിയുടേയും സുഗ്രീവന്റേയും ഉടുത്തുകെട്ടും ചുട്ടിയും മികവു പുലര്‍ത്തി. തീപ്പന്തങ്ങളും മരച്ചില്ലകളുമൊക്കെ പിടിച്ചുള്ള ബാലിയുടെ തിരനോക്കും, തിരശീലയ്ക്ക് ഇരുവശവും നിന്നുള്ള ബാലി-സുഗ്രീവന്മാരുടെ പോര്‍വിളികളും, യുദ്ധത്തിനു മുന്നോടിയായുള്ള കുരങ്ങന്മാരുടെ ചേഷ്ടകളും മറ്റും ഈ രംഗങ്ങളുടെ കൊഴുപ്പുകൂട്ടി. ഇവയൊന്നും അമിതമാവാതിരിക്കുവാന്‍ രണ്ടുപേരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. എന്നാല്‍ അവസാന രംഗങ്ങളില്‍ അസ്ത്രമേറ്റ് വീണു കിടക്കുമ്പോള്‍ ബാലി, ‘രാമ, താരേ, അംഗദാ‍’ എന്നൊക്കെ വിളിച്ചു കൂവിയത്, അല്പം കടന്നു പോയതായും തോന്നി. അവസാന ഭാഗത്ത് അംഗദനേക്കാള്‍ ബാലി സുഗ്രീവനോടാണ് കൂടുതല്‍ അടുപ്പം കാണിക്കാറുള്ളത്, എന്നാലിവിടെ സുഗ്രീവനെ ഒഴിവാക്കി താരയേയും അംഗദനേയുമാണ് കൂടുതല്‍ ബാലി ആശ്രയിച്ചത്. ബാലിയുടെ അന്ത്യനിമിഷങ്ങളും, അവസാനശ്വാസവുമെല്ലാം ഉണ്ണിത്താന്‍ ഭംഗിയായി അവതരിപ്പിച്ചു. താരയായി മുരളീധരന്‍ നമ്പൂതിരി, അംഗദനായി ചേര്‍ത്തല സുനില്‍ എന്നിവരാണ് വേഷമിട്ടത്. ബാലിവധം ആലപിച്ചത് കോട്ടയ്ക്കല്‍ മധു, കലാനിലയം ബാബു എന്നിവര്‍ ചേര്‍ന്നാണ്. മേളമൊരുക്കിയത് കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശശി, കലാമണ്ഡലം അച്ചുതവാര്യര്‍ എന്നീ കലാകാരന്മാരായിരുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍, അല്പം വിട്ടുവീഴ്ചകളൊക്കെ സമയം ലാഭിക്കുവാനായി ചെയ്തുവെങ്കിലും, വളരെ നന്നായ ഒരു കളിയായിരുന്നു കളര്‍കോട്ടെ ബാലിവധം.


നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

Keywords: Balivadham, Kathakali, Bali, Sugreevan, Raman, Thara, Amgadan, Kalamandalam, Ramachandran Unnithan, Kottackal, Devadas, Kalakendram Muraleedharan Nampoothiri, Cherthala Sunil, Kottackal Madhu, Kalanilayam Babu, Kalamandalam Krishnadas, Kalamandalam Sasi, Kurur Vasudevan Nampoothiri, Kalamandalam Achuthavarier.
--

2007, നവംബർ 7, ബുധനാഴ്‌ച

കളര്‍കോട്ടെ നളചരിതം ഒന്നാം ദിവസം

Nalacharitham @ Kalarcode SriMahadeva Temple

• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

2007 നവംബര്‍ 3, ശനി: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തില്‍ വാര്‍ഷികോത്സവങ്ങളുടെ ഭാഗമായി രണ്ടു ദിവസത്തെ കഥകളി പതിവുണ്ട്. ആദ്യ ദിനം നളചരിതം ഒന്നാം ദിവസം, ബാലിവധം എന്നീ കഥകളും; രണ്ടാം ദിവസം നളചരിതം നാലാം ദിവസം, കല്യാണസൌഗന്ധികം, കിരാതം എന്നിവയുമാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. നളചരിതം ഒന്നാം ദിവസം സമ്പൂര്‍ണ്ണമായും, കല്യാണസൌഗന്ധികം ശൌര്യഗുണത്തോടുകൂടിയുമാണ് അവതരിക്കപ്പെട്ടത് എന്നിവയായിരുന്നു ഈ കൊല്ലത്തെ സവിശേഷതകള്‍. കലാമണ്ഡലം ഗോപി ഒന്നാം നളനായും (പ്രിയ മാനസ വരെയുള്ള ഭാഗം), കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ രണ്ടാം നളനായും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും, കോട്ടയ്ക്കല്‍ കേശവന്‍ ഹംസമായും അരങ്ങിലെത്തിയ ഒന്നാം ദിവസത്തെക്കുറിച്ചു തന്നെയാവട്ടെ ആദ്യം.

കഴിഞ്ഞവര്‍ഷം മണ്മറഞ്ഞ, കഥകളി ഗായകന്‍ തകഴി കുട്ടന്‍പിള്ളയെ അനുസ്മരിച്ചതിനു ശേഷമാണ് കഥകളി ആരംഭിച്ചത്. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് പുറപ്പാടും മേളപ്പദവും പാടിയത്. പുറപ്പാട് വേഷമായി അരങ്ങിലെത്തിയത് മനു ഇ. നമ്പൂതിരി. കലാമണ്ഡലം കൃഷ്ണദാസ്, കോട്ടയ്ക്കല്‍ പ്രസാദ് എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം ശശി, കലാമണ്ഡലം അച്യുതവാര്യര്‍ എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. കോട്ടയ്ക്കല്‍ പ്രസാദ് ചെണ്ടയില്‍ കുറച്ചുകൂടി സ്വാധീനം കൈവരിക്കുവാനുള്ളതായി തോന്നി. ഇരട്ട മേളപ്പദങ്ങളുടെ ആധിക്യം മൂലം, മേളപ്പദമെന്നാല്‍ രണ്ടു ചെണ്ടയും രണ്ടു മദ്ദളവും ഉള്ളതാണ് എന്നൊരു ധാരണ പരക്കെ ആയിട്ടുണ്ടോ എന്നൊരു സംശയം. രണ്ടു ദിവസം മുന്‍പ് മണ്ണാറശാലയിലും ഡബിള്‍ മേളപ്പദം കണ്ടതിനാല്‍, ചെറുതായി മടുപ്പ് തോന്നാതിരുന്നില്ല. മടുപ്പുണ്ടാകാതിരിക്കുവാന്‍ തക്കവണ്ണം മേളം മെച്ചമായതുമില്ല.

നളനെ കാണുവാനായി നാ‍രദന്‍ എത്തുന്ന രംഗത്തോടെയാണ് ഒന്നാം ദിവസം കഥ ആരംഭിക്കുന്നത്. ‘ഭഗവല്‍ നാരദ വന്ദേഹം’ എന്ന പദത്തിലൂടെ നളന്‍ നാരദനെ യഥാവിധി സ്വീകരിച്ച്, ഇരിപ്പിടം നല്‍കി, ആഗമനോദ്ദേശം ആരായുന്നതും; നാരദന്‍ ദേവന്മാര്‍ പോലും മോഹിക്കുന്ന ഭൈമിയെക്കുറിച്ച് നളനെ അറിയിക്കുന്നതുമാണ് രംഗത്തിലെ ആശയം. എവിടെ നിന്നും വരുന്നു എന്നു ചോദിക്കുന്ന കൂട്ടത്തില്‍ ‘ഹരിമന്ദിരത്തില്‍ നിന്നോ?’ എന്ന് നളന്‍ ചോദിക്കുന്നുണ്ട്. ഇവിടെ ‘ഹരിമന്ദിരം’ എന്നു പദാനുപദമുദ്ര കാട്ടാതെ, “പാലാഴിയില്‍ അനന്തശായിയായ ഭഗവാന്റെ സമീപത്തുനിന്നുമാണോ വരുന്നത്?” എന്നാണ് കലാമണ്ഡലം ഗോപി ആടിയത്. അതുപോലെ തന്നെ ‘ഉന്നത തപോനിധേ!’ എന്നഭാഗത്ത് ‘ഉന്നതം/പൊക്കം’ എന്ന മുദ്രയാടാതെ “എത്രയും ശ്രേഷ്ഠനായ തപോനിധേ!” എന്നാണ് കാണിച്ചത്. നാരദന്റെ മറുപടിപദമായ ‘ഭീഷിതരിപുനികര!’ എന്ന പദത്തില്‍ നളനോട് ‘പാഴിലാക്കീടൊല്ല, ജന്മം.’ എന്ന് പറയുമ്പോള്‍, നളന്‍ “താന്‍ അനര്‍ത്ഥം വല്ലതും ചെയ്തുവോ? എന്താണ് നാരദമുനി ഇങ്ങിനെ പറയുവാന്‍, ഒന്നും മനസിലാവുന്നില്ലല്ലോ!” എന്ന മനോധര്‍മ്മവും നന്നായിരുന്നു. നാരദനായ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാവട്ടെ, ‘രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകള്‍ക്കൂള്ളൂ’ എന്നഭാഗത്ത്, ‘കന്യകാരത്ന’മെന്നാടാതെ ‘രത്ന’മെന്നുമാത്രം മുദ്രകാണിച്ച്, പദത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുത്തുകയും ചെയ്തു.

നാരദനെ യാത്രയാക്കി, രാജ്യഭാരം മന്ത്രിമാര്‍ക്കു നല്‍കി നളന്‍ ഉദ്യാനത്തില്‍ ആശ്വാസം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. കാമദേവനോട്, അഞ്ചസ്ത്രങ്ങളും എന്നിലേക്കയച്ച് എന്നെ കാമാഗ്നിയില്‍ ചുട്ടെരിക്കാതെ, നാലെണ്ണം എന്നിലേക്കും, ഒരേയൊരണ്ണം ഭൈമിയിലേക്കും അയയ്ക്കുക എന്നുള്ള മനോധര്‍മ്മമാണ് വിസ്തരിച്ചാടിയത്. ആശ്വാസത്തിനായി വീണമീട്ടുന്നതും, വീണയുടെ സ്വരം കര്‍ണ്ണങ്ങള്‍ക്ക് ശൂലതുല്യമാവുന്നതുമായിരുന്നു മറ്റൊരാട്ടം. തുടര്‍ന്ന് ‘കുണ്ഠിനനായക നന്ദിനിക്കൊത്തൊരു’, ‘നിര്‍ജ്ജനമെന്നതേയുള്ളൂ ഗുണമോ’ എന്നീ പദങ്ങള്‍ക്കു ശേഷം; ഹംസങ്ങള്‍ ക്രീഡചെയ്യുന്ന തടാകത്തെ വര്‍ണ്ണിച്ച്, സുവര്‍ണ്ണ ഹംസത്തെ കാണുന്നതായി ആടുന്നു. ഇവനെ കരഗതമാക്കുക തന്നെ എന്നുറച്ച്, ക്രീഡകള്‍ക്കു ശേഷം വിശ്രമിക്കുന്ന സമയത്ത് ബന്ധിക്കാമെന്ന ഉദ്ദേശത്തില്‍ നളന്‍ സമീപത്ത് മറയുന്നു.


കോട്ടയ്ക്കല്‍ കേശവനാണ് ഹംസമായി രംഗത്തെത്തിയത്. ആട്ടത്തിന്റെ ഭംഗികൊണ്ടും, പാത്രബോധം കൊണ്ടും ഹംസത്തിനെ മികച്ചതാക്കുവാന്‍ കേശവനു കഴിഞ്ഞു. ‘മനസിരുചി ജനകം, എന്റെ ചിറകുമണികനകം, ഇതുകൊണ്ടാക നീ ധനികന്‍!’ എന്ന ഭാഗത്ത്, “എന്റെ ഈ ചിറകുകള്‍ സ്വര്‍ണ്ണവര്‍ണ്ണത്തോടുകൂടിയതാണ്. ഇതുകൊണ്ട് നിനക്ക് ധനികനാകുവാന്‍ കഴിയില്ല” എന്നാണാടിയത്. ചില ഹംസങ്ങള്‍ “എന്റെ ചിറകുകള്‍ കനകമാണ്, എന്നെ കൊന്ന് ഇതെടുത്ത് നീ ധനികനായിക്കൊള്‍ക്ക” എന്നാടാറുണ്ട്. ‘ആക’ എന്നതിന് സാധിക്കില്ല എന്നും ആയിക്കോളൂ എന്നും സന്ദര്‍ഭോചിതമായി അര്‍ത്ഥം പറയുവാന്‍ കഴിയുമല്ലോ. എന്നാല്‍, ഇവിടെ സാധിക്കില്ല എന്നാടുന്നതാണ് ഉചിതം.

ശരിയായി ഉടുത്തുകെട്ടിക്കുവാന്‍ അറിയാവുന്നവരാവണം അതിനു മുതിരേണ്ടത്. നളന്റെയും ഹംസത്തിന്റേയും ഉടുത്തുകെട്ട് ഇവിടുത്തെ കളിയില്‍ തീരെ ശരിയായില്ല. ഹംസത്തിന്റെ ഉടുത്തുകെട്ടിന് ഇത്രയും വലുപ്പം ആവശ്യമുണ്ടെന്നും തോന്നിയില്ല. ഞൊറി അല്പം താഴ്ത്തി, കച്ച കുറച്ച ഉടുത്തുകെട്ടാണ് ഹംസത്തിന് കൂടുതല്‍ ഭംഗി നല്‍കുക. ഇവിടെ നളന്റേതിനേക്കാള്‍ കച്ചചേര്‍ത്ത്, നല്ല വലുപ്പത്തില്‍ തന്നെയായിരുന്നു ഞൊറി ഉടുത്തിരുന്നത്. വേഷം അരങ്ങിലെത്തിയാല്‍ വസ്ത്രങ്ങള്‍ യഥാസ്ഥാനത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കലാകാരന്‍ തന്നെയാണ്. എന്നാല്‍ കോട്ടയ്ക്കല്‍ കേശവന്‍ ആ കടമ നിര്‍വ്വഹിക്കുന്നതില്‍ വളരെ വിമുഖനായി കാണപ്പെട്ടു. ഒരു രംഗം കഴിഞ്ഞ് അടുത്ത രംഗത്തിലെത്തുമ്പോള്‍ പോലും വസ്ത്രങ്ങള്‍ യഥാസ്ഥാനങ്ങളിലുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ അദ്ദേഹം മിനക്കെട്ടില്ല. ഒടുവില്‍ ഒരുവശത്തെ മുന്തി ഊര്‍ന്നു പോവുകയും ചെയ്തു!


‘പ്രിയമാനസ! നീ പോയ് വരേണം’ എന്ന പദം ഉപായത്തില്‍ കഴിച്ചു എന്നുവേണം പറയുവാന്‍. ഹംസം മറയുന്നതു കാണുന്ന മുദ്രയോടൊപ്പം നളനും രംഗം വിടുകയാണുണ്ടായത്. സാധാരണയായി, ഹംസം മറയുന്നതായി ആടിയതിനു ശേഷം, “ഇനി ഹംസം തിരിച്ചു വരുന്നതു വരെ ഇവിടെ കാത്തിരിക്കുക തന്നെ.”, ഇത്രയെങ്കിലും ആടിയ ശേഷമാണ് രംഗം അവസാനിപ്പിക്കുവാറുള്ളത്. ദമയന്തിയും തോഴിമാരും ചേര്‍ന്നുള്ള രംഗമായിരുന്നു തുടര്‍ന്ന്. മാ‍ര്‍ഗി വിജയകുമാര്‍ ദമയന്തിയായും; കലാമണ്ഡലം ഷണ്മുഖദാസ്, കലാമണ്ഡലം മുരളീധരന്‍ നമ്പൂതിരി തുടങ്ങിയവര്‍ തോ‍ഴിമാരായും വേഷമിട്ടു. ‘മിന്നല്‍ക്കൊടിയിറങ്ങി, മന്നിലേ വരികയോ?’ എന്ന പദം ദമയന്തിക്കാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും, രണ്ട് തോഴിമാരും രംഗപരിചയമുള്ളവരാകയാലാവണം, ആ ചരണത്തിലെ ആദ്യ രണ്ടുവരികള്‍ തോഴിയായ ഷണ്മുഖദാസാണ് ആടിയത്. തുടര്‍ന്ന് ‘സ്വര്‍ണ്ണവര്‍ണ്ണമാം അന്നം’ ദമയന്തി, തോഴിമാരെ തിരുത്തുന്ന രീതിയില്‍ ആടിയതും രസകരമായി.


ദമയന്തിയും ഹംസവുമായുള്ള സംഭാഷണ മധ്യേ വരുന്ന ‘നളിനാസനവര വാഹന! നീ മമ നളനൃപ...‘ എന്ന ഭാഗത്ത്, ‘മമ’ എന്നത് ശ്രദ്ധിച്ച് ഹംസം ദമയന്തിക്ക് നളനിലുള്ള താത്പര്യം മനസിലാക്കുന്നതായി ആടേണ്ടതുണ്ട്. എന്നാല്‍ ഇവിടെ കോട്ടയ്ക്കല്‍ കേശവന്റെ ഹംസം അതിലൊരു താത്പര്യവും പ്രകടിപ്പിച്ചില്ല. മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം കാണുക. അടുത്ത ശ്ലോകത്തില്‍ ‘ഭൈമിതന്‍ ചിത്തം പത്തിലഞ്ചറിഞ്ഞവന്‍’ എന്നു പറയുന്നുണ്ടെന്നതും ഓര്‍ക്കുക, ദമയന്തി ‘മമ നളനൃപ’ എന്നു പറയുമ്പോളല്ലേ ഹംസം ദമയന്തിയുടെ അര്‍ദ്ധമനസ് അറിയുക?

ഹംസവും ദമയന്തിയുമായുള്ള ഭാഗങ്ങള്‍ പാടിയത് കോട്ടയ്ക്കല്‍ മധു, കലാനിലയം ബാബു തുടങ്ങിയവരാണ്. മധുവിന്റെ സംഗീതം മധുരതരമാണെങ്കിലും, ചില പദങ്ങളില്‍ സംഗതികളുടെ അമിത പ്രയോഗം അവയുടെ ഭാവവും ഭംഗിയും കുറയ്ക്കുന്നുണ്ടെന്നത് പറയുവാതിരിക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ച് ഹംസവും ദമയന്തിയും തമ്മിലുള്ള പദങ്ങളില്‍ സംഗതികള്‍ കുറച്ച്, ലളിതമായി, രാഗഭാവത്തിലൊതുങ്ങി പാടുന്നതാണ് കേള്‍ക്കുവാനും ആ‍ട്ടത്തിനും രസിക്കുക. കലാനിലയം ബാബു വളരെയേറെ സംഗീതത്തില്‍ മെച്ചപ്പെടുവാനുണ്ട്. ‘മിന്നല്‍ക്കൊടിയിറങ്ങി മന്നിലേവരികയോ’ എന്നത് ദേശ് രാഗത്തില്‍ പാടിയപ്പോള്‍, രാഗത്തിന്റെ ഒരു ഭാവവും ബാബുവിന്റെ പാട്ടില്‍ വന്നില്ല. ഈ ഭാഗത്തെ സംഗീതം ഈ കാര്യങ്ങള്‍ കൊണ്ട് അല്പം നിരാശപ്പെടുത്തി.


നളചരിതം സമ്പൂര്‍ണ്ണമായാണ് അവതരിപ്പിച്ചതെന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ. തുടര്‍ന്നുള്ള ഭാഗത്തെ നളനായി കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരാ‍ണ് വേഷമിട്ടത്. ഇന്ദ്രന്‍, യമന്‍, വരുണന്‍ എന്നിവരായി യഥാക്രമം നെടുമുടി വാസുദേവപ്പണിക്കര്‍, ചേര്‍ത്തല സുനില്‍, മനു. ഇ. നമ്പൂതിരി എന്നിവര്‍ അരങ്ങിലെത്തി. ദേവന്മാരില്‍ നിന്നും തിരസ്ക്കരണി നേടി, ദേവദൂതനായി നളന്‍ ദമയന്തിയുടെ അന്തഃപുരത്തിലെത്തുന്നു. എന്നാല്‍ ഈ ഭാഗങ്ങളിലെ നളന്റെ ഭാവം ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നേരേ!’ എന്നചൊല്ലിനെയാണ് ഓര്‍മ്മപ്പെടുത്തിയത്. ദേവന്മാര്‍ നളനെ ദൂതനായയച്ചതിന് ദമയന്തി എന്തു പിഴച്ചു? ‘ദൂതനെന്നു കേട്ടതു ബോധം വന്നില്ല!’ എന്നു ദമയന്തി പറയുമ്പോള്‍, നളന്റെ ഭാവം പുച്ഛമോ നീരസമോ ദേഷ്യമോ ഒക്കെയായിരുന്നു. നാലാം ദിവസത്തില്‍, ദമയന്തി ‘നാഥ! നിന്നെക്കാണാഞ്ഞു’ എന്നുവിളിക്കുമ്പോളുള്ള നളന്റെ ഭാവമായിരുന്നു ചന്ദ്രശേഖരവാര്യരുടെ നളന്. ചിത്രം ശ്രദ്ധിക്കുക. ഭൈമീകാമുകനായ താന്‍ തന്നെ, ദേവന്മാരുടെ ഇംഗിതം അറിയിക്കുവാന്‍ നിയോഗിക്കപ്പെട്ടല്ലോ എന്ന വിഷമം, ഇതു ചെയ്യാതിരുന്നാല്‍ ധര്‍മ്മഭൃംശം വരുമല്ലോ എന്ന സങ്കടം, തന്റെ മനോവിഷമം പ്രകടമാക്കാതെ ദമയന്തിയെ ദേവന്മാരുടെ സന്ദേശം അറിയിക്കേണ്ട കടമ; ഇതെല്ലാം മാറിമാറി പ്രകടമാക്കി നളന്റെ വിചാ‍രവികാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുവാനാണ് ഈ ഭാഗത്ത് നളനായി വേഷമിടുന്നവര്‍ ശ്രദ്ധിക്കേണ്ടത്. ഇത്രയും വര്‍ഷത്തെ പരിചയമുള്ള, വളരെ മുതിര്‍ന്ന കലാകാരനായ ചന്ദ്രശേഖരവാര്യരെപ്പോലെയുള്ളവര്‍ ഇതൊന്നും മാനിക്കാതെ ആടുന്നത് കഷ്ടമാണ്.

നളന്റേയും ദമയന്തിയുടേയും ഈ ഭാഗത്തെ ദീര്‍ഘമായ സംഭാഷണം, സ്വയംവര ഭാഗത്തെ പദങ്ങള്‍ എന്നിവയെല്ലാം വല്ലാതെ മുഷിപ്പിച്ചു. ഹംസം - ദമയന്തിയുടെ ഭാഗം കൊണ്ട് നിര്‍ത്തുന്നതാണ് നല്ലതെന്നു പോലും തോന്നിപ്പോയി. ഒടുവില്‍ ദമയന്തീസ്വയംവരം നടന്നു, ഓരോ ദേവന്മാരും സരസ്വതി(മുരളീധരന്‍ നമ്പൂതിരി)യും വധൂവരന്മാര്‍ക്ക് വരങ്ങള്‍ നല്‍കുന്നതുള്‍പ്പടെ പദങ്ങള്‍ സഹിതം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം ഗോപിയുടെ നളന്‍, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി, കോട്ടയ്ക്കല്‍ കേശവന്റെ ഹംസം എന്നിവ നന്നായതിനാല്‍, രക്ഷപെട്ടുപോയ ഒന്നായിരുന്നു ഇവിടെ നടന്ന ‘നളചരിതം ഒന്നാം ദിവസം’.



• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

Keywords: Nalacharitham Onnam Divasam, Kalamandalam Gopi, Nalan, Margi Vijayakumar, Damayanthi, Kottackal Kesavan, Hamsam, Kalamandalam Shanmukhadas, Kalamandalam Muraleedharan Nampoothiri, Kottackal Chandrasekhara Varier, Nedumudi Vasudevappanikkar.
--

2007, നവംബർ 3, ശനിയാഴ്‌ച

മണ്ണാറശാലയിലെ കര്‍ണ്ണശപഥം

Karnasapatham Kathakali @ Mannarasala Ayilyam Maholsavam'07

• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

2007 നവംബര്‍ 02, വെള്ളി: മണ്ണാറശാല ആയില്യ മഹോത്സവത്തോടനുബന്ധിച്ച്, ഇന്നലെ (2007 നവംബര്‍ 1) രാത്രി കഥകളി അരങ്ങേറി. മാലിയെന്ന വി. മാധവന്‍ നായര്‍ രചിച്ച കര്‍ണ്ണശപഥവും, ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗവുമായിരുന്നു കഥകള്‍. പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ ശാസ്ത്രീയസംഗീത കച്ചേരിക്കും ശേഷം, വളരെ വൈകി രാത്രി പത്തരയോടെയാണ് ആട്ടവിളക്ക് തെളിഞ്ഞത്. എങ്കിലും പുറപ്പാടും ഡബിള്‍ മേളപ്പദവും വിസ്‌തരിച്ചു തന്നെ, ഏതാണ്ട് രണ്ട് മണിക്കൂറോളമെടുത്ത് അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം ശങ്കരവാര്യര്‍‍, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളം; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ട എന്നിങ്ങനെയായിരുന്നു മേളം. പുറപ്പാടും മേളപ്പദവും പാടിയത് പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.


പുറപ്പാട് വേഷങ്ങളായി അരങ്ങിലെത്തിയത് കലാനിലയം രവീന്ദ്രനാഥ പൈ, മധു വാരണാസി തുടങ്ങിയവരായിരുന്നു. പുറപ്പാട് വേഷമായിട്ടുകൂടി മധു വാരണാസി എന്ന യുവകലാകാരന്‍ വേഷത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത എടുത്തുപറയേണ്ടതാണ്. ഭാവിയില്‍ ഒരു മികച്ച കലാകാരനാകുവാനുള്ള കഴിവും, വേഷഭംഗിയും ഈ കലാകാരനുണ്ട്. കഥകളി സംഗീതജ്ഞരെ സ്മരിക്കുമ്പോള്‍, പലപ്പൊഴും വിട്ടുപോകുന്ന ഒരു കലാകാരനാണ് പത്തിയൂര്‍ ശങ്കരന്‍ കുട്ടി. അദ്ദേഹവും കലാനിലയം രാജീവനു ചേര്‍ന്നാലപിച്ച പുറപ്പാടും മേളപ്പദവും വളരെ മികച്ചു നിന്നു. ‘കുസുമചയ രചിതശുചി’ എന്ന ഭാഗമാണ് ഏറ്റവും മനോഹരമായത്. ‘ചലമാലയ മൃദുപവന’ എന്ന അവസാന ചരണം, സാധാരണയായി വിവിധ രാഗങ്ങളില്‍ പാടാറുള്ളതാണ്. എന്നാല്‍, സമയക്കുറവുകാരണമാവണം ഇവിടെ അതുണ്ടായില്ല.


കര്‍ണ്ണശപഥത്തില്‍ ഇവിടെ ദുര്യോധനന്‍ കലാമണ്ഡലം കൃഷ്ണപ്രസാദും, ഭാനുമതി കലാമണ്ഡലം ഷണ്മുഖദാസനുമായിരുന്നു. ആദ്യരംഗങ്ങളില്‍ അവസരോചിതമായുള്ള, എന്നാല്‍ കൂട്ടുവേഷത്തെ തടസപ്പെടുത്താ‍ത്താതെയുള്ള കൃഷ്ണപ്രസാദിന്റെ ഇടപെടലുകള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ‘തളരുന്നു തനുപാര’മെന്ന ഭാഗത്തുള്ള ഭാനുമതിയുടെ ആട്ടത്തിനൊപ്പിച്ച് ദുര്യോധനന്‍ ഇടപെട്ട്, കൈ കൊണ്ട് താങ്ങി, നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചത് ഒരു ഉദാഹരണം. ‘ഭീരുതയോ, ഭാനുമതി?’ എന്ന ദുര്യോധനന്റെ പദത്തിനു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മാട്ടത്തില്‍ ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതായുണ്ട്. ഭീമന്‍, അര്‍ജ്ജുനന്‍, ശ്രീകൃഷ്ണന്‍ എന്നിവരെക്കുറിച്ചുള്ള ഉത്കണ്ഠ ഭാനുമതി ദുര്യോധനനോട് പറയുന്നു. ഭീമനെക്കുറിച്ചുള്ള ചോദ്യത്തിന് ദുര്യോധനന്റെ മറുപടി ഇങ്ങിനെ: “തിന്നും കുടിച്ചും പോണ്ണത്തടിയനായ ഭീമന്‍, സിഹത്തിനു മുന്നില്‍ പെട്ട മാന്‍പേടയെപ്പോലെയാണ്. അവനെ ഞാന്‍ നിഗ്രഹിക്കുകതന്നെ ചെയ്യും.” പോണ്ണത്തടിയനായ ഭീമന്‍ കരുത്തനായ സിംഹത്തിനു മുന്നിലെ തടിയനായ ആനയ്ക്കു സമമാണ്. സിംഹം എങ്ങിനെയാണോ മസ്തകത്തില്‍ പ്രഹരിച്ച് കരിവീരനെ വകവരുത്തുന്നത് അപ്രകാരം താനും ഭീമനെ വധിക്കും, എന്ന് ആടുന്നതാണ് ഭീമനെ മാന്‍പേടയോട് ഉപമിക്കുന്നതിലും എന്തുകൊണ്ടും ഭംഗി എന്നഭിപ്രായമാണെനിക്ക്. അടുത്തതായി ഭാനുമതി അര്‍ജ്ജുനന്റെ കാര്യം ചോദിക്കുന്നു, മറുപടി “അര്‍ജ്ജുനന്‍ കേവലം നിസ്സാരന്‍.” എന്നതിലൊതുങ്ങി. കര്‍ണ്ണനെ സ്മരിച്ചതിനു ശേഷം, “എന്റെ പ്രാണസമനായ കര്‍ണ്ണനുള്ളപ്പോള്‍ അര്‍ജ്ജുനനെക്കുറിച്ച് നിനക്ക് ഉത്കണ്ഠ എന്തിന്?” എന്നോ മറ്റോ ചോദിച്ചിരുന്നെങ്കില്‍ എത്രയോ നന്നാവുമായിരുന്നു! അടുത്ത ചോദ്യം കൃഷ്ണനെക്കുറിച്ചാണ്. മറുപടി “കൃഷ്ണന്റെ ചതിയും വഞ്ചനയും കുരുവീരരായ ഞങ്ങളോടു നടക്കില്ല.” ഇവിടെ, “ആയുധമെടുക്കാത്ത കൃഷ്ണനെ നീ ഭയപ്പെടുന്നതെന്തിന്?” എന്നോ മറ്റോ ചോദിക്കുന്നതാവുമായിരുന്നില്ലേ കൂടുതല്‍ നല്ലത്?

ഭാനുമതിയുടെ സ്ഥായി എന്തായിരിക്കണം ഈ രംഗങ്ങളില്‍? പൂര്‍ണ്ണമായും ഭയമാവരുത്, ദുര്യോധനന്‍ സമരത്തില്‍ നിഗ്രഹിക്കപ്പെടുമോ എന്നുള്ള ഭീതികലര്‍ന്ന ഉത്കണ്ഠയില്‍ നിന്നും ഉളവാകുന്ന വിഷമമാവണം ഭാനുമതിയില്‍ പ്രകടമാവേണ്ടത്. ഷണ്മുഖദാസ് ഇന്നലെ ഭാനുമതിയെ അവതരിപ്പിച്ചപ്പോള്‍ പൂര്‍ണ്ണമായും ഭാനുമതിയുടെ വിചാരങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നില്ല എന്നു തോന്നി. ആദ്യരംഗങ്ങളില്‍ ഭാനുമതിയുടെ വേഷം കുറച്ചുകൂടി മികച്ചതാക്കുവാന്‍ സാധ്യതയുണ്ടായിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയുവാന്‍ പ്രാപ്തനാണ് എന്നുള്ളതാണ്, ഷണ്മുഖദാസിന്റെ വേഷങ്ങള്‍ മികച്ചതാകുവാനുള്ള ഒരു കാരണം. ദുര്യോധനനോടൊത്തായാലും കര്‍ണ്ണനോടൊത്തായാലും മനോധര്‍മ്മാട്ടങ്ങള്‍ മികച്ചതാക്കുവാന്‍ ഇന്നലെയും ഷണ്മുഖദാസിന്റെ ഭാനുമതിക്ക് കഴിഞ്ഞു. ദുര്യോധനനും ഭാനുമതിയുമായി സംസാരിച്ചിരിക്കുന്നിടത്തേക്ക് കര്‍ണ്ണന്‍ നേരിട്ട് രംഗപ്രവേശം ചെയന്നതായാണ് ആടിയത്. കര്‍ണ്ണനെ ആളയച്ചു വരുത്തുന്നതായോ; കര്‍ണ്ണന്‍ വരുവാന്‍ സമയമായി, ഇനി കര്‍ണ്ണനോട് പറയാം ഇവളെ ഒന്നുപദേശിച്ച് ഖേദം അകറ്റുവാനെന്നോ; ഒന്നും തന്നെ ദുര്യോധനന്‍ ആടിയില്ല. ഈ രീതിയില്‍ കര്‍ണ്ണന്‍ വെറുതെ പ്രവേശിക്കുന്നത് അത്ര സുഖകരമായി തോന്നുന്നില്ല.


ദീര്‍ഘമായ യാത്രകള്‍ക്കു ശേഷമായതിനാലാവണം, കലാമണ്ഡലം ഗോപി വളരെ ക്ഷീണിതനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ കര്‍ണ്ണന്‍, അതിനാല്‍ തന്നെ വളരെ നന്നായി എന്നു പറയുവാന്‍ കഴിയുകയില്ല. എങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ പലയിടങ്ങളിലും മറനീക്കി പുറത്തുവരികയും ചെയ്തു. ‘വാത്സല്യവാരിധേ, കര്‍ണ്ണ!’ എന്ന ഭാനുമതിയുടെ പദാരംഭത്തില്‍, അമ്മ മകനെപ്പോലും ഇത്രത്തോ‍ളം വാത്സല്യത്തോടെ വിളിക്കില്ല എന്നുള്ള ആട്ടം; ‘ത്വത്സമന്‍ ആരുണ്ടഹോ, ഭൂമണ്ഡലം തന്നില്‍!’ എന്ന ഭാഗത്ത് വീരത നടിച്ച് കര്‍ണ്ണനെ അഹങ്കാരിയാക്കാതെ, ‘അങ്ങിനെയൊന്നുമില്ല, ഇങ്ങിനെയൊക്കെ കഴിയുന്ന ഒരുവന്‍’ എന്നാടി പ്രേക്ഷകന് കര്‍ണ്ണനോട് മമത തോന്നിപ്പിക്കുന്ന അഭിനയം; എന്നാല്‍ ‘ഏകാലംബനം നീയേ’ എന്നുള്ളിടത്ത്, ഉത്തരവാദിത്തം ഏല്‍ക്കുവാന്‍ താന്‍ പ്രാപ്തനാണെന്നാടി ഭാനുമതിയ്ക്ക് ആത്മധൈര്യം നല്‍കുന്നത്; എന്നിവ അദ്ദേഹത്തിന്റെ പാത്രബോധത്തിനു തെളിവാണ്. തുടര്‍ന്ന് ദുര്യോധനന്‍ വീണ്ടുമെത്തുന്നു, കൂട്ടത്തില്‍ ദുഃശാസനനും. കലാമണ്ഡലം ബാലകൃഷ്ണന്റെ ദുഃശാസനന്‍ വല്ലാതെ വെപ്രാളപ്പെടുന്നതായി തോന്നി, മുദ്രകള്‍ വ്യക്തമായതുമില്ല. ‘കാലിണ കൈ തൊഴുതീടുന്നേന്‍’ എന്ന പദം വളരെ വേഗത്തില്‍ ആടിയവസാനിപ്പിക്കുകയും ചെയ്തു. മറ്റുകഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ദുഃശാസനന്റെ ആട്ടം ഇതിലും മെച്ചമാക്കേണ്ടതായിരുന്നു എന്നഭിപ്രായമാണ് എനിക്ക്.

‘എന്തിഹ മന്മാനസേ’ എന്ന പദത്തിന് മുന്നോടിയായുള്ള കര്‍ണ്ണന്റെ മനോധര്‍മ്മാട്ടമാണ്, ഇന്നലത്തെ കളിയില്‍ ഏറെ മികച്ചു നിന്നത്. സാധാരണയായി ഒന്നോരണ്ടോ സംഭവങ്ങളാണ് ആടാറുള്ളതെങ്കില്‍, നാല് മനോധര്‍മ്മങ്ങള്‍ കലാമണ്ഡലം ഗോപി ഇന്നലെയാടി. സൂര്യഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇന്ദ്രന്‍ നാളെ കവചകുണ്ഡലങ്ങള്‍ യാചിച്ച് ബ്രാഹ്മണവേഷത്തിലെത്തുമെന്ന മുന്നറിയിപ്പു നല്‍കിയതും, പിറ്റേന്ന് അങ്ങിനെ തന്നെ സംഭവിച്ചതുമായ ആട്ടമായിരുന്നു ആദ്യത്തേത്. ഇവിടെ കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്ന ബ്രാഹ്മണനോട്, ഒന്നുമറിയാത്തവനെപ്പോലെ കര്‍ണ്ണന്‍ ചോദിക്കുന്നു: “അങ്ങേയ്ക്കെന്തിനാണ് എന്റെ കവചകുണ്ഡലങ്ങള്‍?”. “കുട്ടികള്‍ക്കു കളിക്കുവാന്‍ നല്‍കാനാണ്” എന്ന് ബ്രാഹ്മണന്റെ മറുപടി. ഉടന്‍ തന്നെ, കര്‍ണ്ണന്‍ ക്രോധത്തോടെ: “ലജ്ജയില്ലേ, അങ്ങയുടെ കുട്ടിയായ അര്‍ജ്ജുനന് കളിക്കുവാനായി എന്റെ കവചകുണ്ഡലങ്ങള്‍ യാചിച്ചെത്തുവാന്‍? അങ്ങയുടെ മകനെ രക്ഷിക്കുവാനായി, ദേവരാജാവായ അങ്ങ് ഇത്രയും അധഃപതിക്കണമോ? ഇതാ, എന്റെ കവചകുണ്ഡലങ്ങള്‍ സ്വീ‍കരിച്ചാലും.” ഈ ഭാഗം വളരെ മനോഹരമായി കലാമണ്ഡലം ഗോപി രംഗത്തവതരിപ്പിച്ചു. തുടര്‍ന്ന്, കുന്തിയുടെ കാലിലെ തള്ളവിരല്‍ കണ്ടപ്പോള്‍, മാതാവിനോടെന്ന പോലെ തനിക്ക് സ്നേഹം തോന്നിയതും; ഒരിക്കല്‍ കുന്തി പല്ലക്കില്‍ സഞ്ചരിക്കവെ, തന്നെ വഴിയരികില്‍ കണ്ട്, പല്ലക്ക് നിര്‍ത്തി തിരശീല മാറ്റി നോക്കി വിഷമിച്ചതും കര്‍ണ്ണന്‍ സ്മരിക്കുന്നു. താന്‍ പരശുരാ‍മന്റെ പക്കല്‍ നിന്നും ആയുധവിദ്യകള്‍ അഭ്യസിച്ചതും, ക്ഷത്രിയജാതനാണെന്ന് തിരിച്ചറിഞ്ഞ് മഹര്‍ഷി ശപിച്ചതും ഓര്‍ക്കുന്നു. തന്റെ യഥാര്‍ത്ഥ മാതാപിതാക്കളാരാണെന്നറിയാതെ വിഷമിക്കുന്ന കര്‍ണ്ണനെ ഈ രീതിയില്‍ കലാമണ്ഡലം ഗോപി വളരെ തന്മയത്വത്തോടെ രംഗത്തവതരിപ്പിച്ചു.


മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാണ് കുന്തിയായി രംഗത്തെത്തിയത്. കര്‍ണ്ണനും കുന്തിയുമായുള്ള സംസാര പദഭാഗങ്ങളുടെ അഭിനയത്തില്‍ വിശേഷിച്ചെന്തെങ്കിലും എടുത്തുപറയുവാനായുള്ളതായി തോന്നുന്നില്ല. ‘എന്നുടെ, പൊന്നോമനേ!’ എന്ന ഭാഗത്ത്, സ്വര്‍ണ്ണത്തിന്റെ മുദ്രകാട്ടി കര്‍ണ്ണന്റെ താടിക്കു പിടിക്കുന്നതായാണ് മാത്തൂര്‍ ആടിയത്. ‘പൊന്നോമനേ!’ എന്ന സംബോധന ഈ രീതിയില്‍ തന്നെയാണോ കാണിക്കേണ്ടത്? പദത്തിനു ശേഷമുള്ള മനോധര്‍മ്മത്തില്‍, കുന്തി കര്‍ണ്ണനോട് അനവധി തവണ തന്റെ പുത്രരോട് ചേരുവാന്‍ അഭ്യര്‍ത്ഥിച്ചത് അത്ര നന്നായതായി തോന്നിയില്ല. അനാവശ്യമായി ഈ ഭാഗം വലിച്ചു നീട്ടിയപ്പോള്‍, കര്‍ണന് കുന്തിയെ നിര്‍ബന്ധിപ്പിച്ച് പറഞ്ഞുവിടേണ്ടതായും വന്നു. ഒടുവില്‍, അര്‍ജ്ജുനനെ ഒഴികെ മറ്റാരെയും വധിക്കില്ല എന്നു വാക്കുനല്‍കുമ്പോള്‍, അര്‍ജ്ജുനനോട് മാത്രമായി എന്താണിത്ര പക എന്ന കുന്തിയുടെ ചോദ്യത്തിന്, കര്‍ണ്ണന്‍ തൃപ്തികരമായ ഉത്തരം നല്‍കിയതുമില്ല.

കുന്തി വന്നതും പോയതും പ്രേക്ഷകരുടെ ഇടയിലൂടെയാണ്. എന്നാല്‍, വെറുതെ നടന്ന് സ്റ്റേജിലെത്തുവാനാണെങ്കില്‍ ഈ സങ്കേതത്തിന് എന്തു പ്രസക്തി? കര്‍ണ്ണനെ അകലെനിന്നു കാണുമ്പോള്‍ മുതലുള്ള കുന്തിയുടെ ഭാവങ്ങള്‍ അവതരിപ്പിക്കുവാനും, കര്‍ണ്ണനില്ലാതെ മടങ്ങുമ്പോളുള്ള അമ്മയുടെ വേദന കാട്ടുവാനും തയ്യാറല്ലെങ്കില്‍, ഇങ്ങിനെ വരുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. വേദിയുടെ വലതുഭാഗത്തുനിന്നും സാധാരണ കഥാപാത്രങ്ങള്‍ പ്രവേശിക്കുന്നതുപോലെ പ്രവേശിക്കുന്നതാവും ഉത്തമം.

‘എന്തിഹ, മന്മാനസേ’ വരെയുള്ള രംഗങ്ങള്‍ക്ക് കലാമണ്ഡലം ശങ്കരവാര്യരും, കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് മേളമൊരുക്കിയത്. തുടര്‍ന്നുള്ള രംഗങ്ങളില്‍ മേളം; കലാമണ്ഡലം ശശി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരായിരുന്നു. കലാനിലയം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു കര്‍ണ്ണശപഥം ആലപിച്ചത്. കലാനിലയം ഉണ്ണികൃഷ്ണന്റെ പാട്ട് എടുത്തുപറയാനും മാത്രം മികച്ചതായി തോന്നിയില്ല. ‘ഈ കുരുവീരന്‍ ധരവാഴും‘ എന്നും മറ്റുമുള്ള ഭാഗങ്ങളില്‍, ‘ഈ’ എന്നതിന് ശക്തികൊടുത്ത് ദുര്യോധനന്റെ വീര്യം മുഴുവനായും പ്രകടമാക്കാ‍റുണ്ട്, എന്നാലിവിടെ അങ്ങിനെയൊരു ശ്രമം ഗായകന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. എന്നാല്‍ ‘ഈ കര്‍ണ്ണന്‍ വെടിയണമെന്നോ?’ എന്ന ഭാഗത്ത് നന്നായി പാടുകയും ചെയ്തു.

ഏവൂര്‍ ശ്രീകൃഷ്ണവനമാല കഥകളിസംഘത്തിന്റേതായിരൂന്നു കോപ്പും വേഷങ്ങളും. എല്ലാ കഥാപാത്രങ്ങളുടേയും ചുട്ടിയും വേഷവും മികച്ചു നിന്നു. അണിയറ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ചുട്ടി ചെയ്ത ചിങ്ങോലി പുരുഷോത്തമന്‍, അജികുമാര്‍ എന്നിവര്‍, പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. അതുപോലെ തിരശ്ശീല പിടിക്കുന്നവരും രണ്ടാം മുണ്ട് അരയില്‍ കെട്ടി, കഥകളിത്തത്തോടെ അരങ്ങിലെത്തിയതും നന്നായി. പലയിടത്തും കൈലിയുടുത്തും, ഷര്‍ട്ടിട്ടുമൊക്കെ കണ്ടിട്ടുള്ളതിനാലാണ് ഇതിവിടെ എടുത്തു പറഞ്ഞത്. ചുറ്റും മറയ്ക്കാത്ത, പലകയടിച്ചുണ്ടാക്കിയതായിരുന്നു വേദി. കഥകളിക്ക് ഇതെത്രമാത്രം അനുയോജ്യമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വേദിയുടെ പൊക്കത്തിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കഥകളി അടുത്തിരുന്നു കാണേണ്ട ഒന്നായതിനാല്‍, വേദിക്ക് പൊക്കം കൂടിയാല്‍, മുന്‍പിലിരുന്ന് കാണുക പ്രയാസമാവും. മണ്ണാറശാലയിലെ വേദിക്ക് സാധാരണയിലും പൊക്കമുണ്ടായിരുന്നതിനാല്‍ മുന്‍പിലിരുന്ന് കാണുമ്പോളുണ്ടായ അസൌകര്യം ചെറുതല്ല. ചുരുക്കത്തില്‍ കുറവുകളുണ്ടായിരുന്നെങ്കിലും, ആസ്വാദകര്‍ക്ക് നിരാശപ്പെടേണ്ട അവസ്ഥയുണ്ടാക്കാത്ത ഒരു കളിയായിരുന്നു മണ്ണാറശാലയില്‍ ആയില്യമഹോത്സവത്തോടനുബന്ധിച്ച് നടന്ന കര്‍ണ്ണശപഥം കഥകളി.



• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

Keywords: Aswadanam, Karnasapatham, Kalamandalam Gopi, Mathur Govindan Kutty, Ayilyam Maholsavam, Mannarasala, Kalamandalam Shanmukhadas, Kalamandalam Sankara Varier, Kalamandalam Krishnadas, Kalamandalam Sasi, Kurur Vasudevan Nampoothiri, Kalanilayam Unnikrishnan, Pathiyoor Sankarankutty, Kalanilayam Rajeevan, Kalamandalam Balachandran
--