2007, നവംബർ 24, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ ബാലിവിജയം

Balivijayam Kathakali @ East Fort, Thiruvananthapuram - Organized by Drisyavedi.
നവംബര്‍ 19, 2007: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍, തിരുവനന്തപുരം കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍, കല്ലൂര്‍ നമ്പൂതിരിപ്പാട് രചിച്ച ബാലിവിജയം ആട്ടക്കഥ അവതരിക്കപ്പെട്ടു. ദൃശ്യവേദിയുടെ അമരക്കാരായ സി.ജി. രാജഗോപാല്‍ (പ്രസിഡന്റ്), എസ്. ശ്രീനിവാസന്‍(സെക്രട്ടറി) എന്നിവര്‍ കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയെ അനുസ്മരിച്ചു. സംഘാടകര്‍ എന്ന നിലയില്‍ അവര്‍ക്ക് എമ്പ്രാന്തിരിയോടുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും, അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില ഏടുകളും അവര്‍ ഓര്‍ത്തെടുത്തത്, ഏതൊരു കഥകളിആസ്വാദകനേയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയെന്ന അതുല്യഗായകന് ഒരിക്കല്‍ കൂടി പ്രണാമം.

Ravanan & Mandothiri in Balivijayam Kathakali.
ദൃശ്യവേദി യുവകലാകാരന്മാര്‍ക്ക് അവസരം നല്‍കിയാണ് ഇവിടെ ബാലിവിജയം അവതരിപ്പിച്ചത്. യുവകലാകാരന്മാര്‍ക്ക് ഈ രീതിയില്‍ അരങ്ങില്‍ അവസരം നല്‍കുന്നത് ഭാവിയിലേക്ക് പ്രയോജനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. കലാമണ്ഡലം ഷണ്മുഖദാസ് രാവണനേയും കലാമണ്ഡലം വിജയകുമാര്‍ മണ്ഡോദരിയേയും അവതരിപ്പിച്ച പതിഞ്ഞ പദമായിരുന്നു ആദ്യ രംഗം. ‘അരവിന്ദദളോപമനയനേ’ എന്നു തുടങ്ങുന്ന പദം വിസ്തരിച്ചു തന്നെ ഷണ്മുഖദാസ് അവതരിപ്പിച്ചു. ‘കരവംശതി’ എന്ന പ്രശസ്തമായ പദഭാഗവും അവതരിപ്പിക്കുകയുണ്ടായി. തന്റെ പത്തു തലകള്‍ നിന്നെ ചുംബിക്കുവാനായും, ഇരുപതു കരങ്ങള്‍ നിന്നെ പുണരുവാനായും പരസ്പരം കലഹിക്കുന്നു എന്നാണ് പദം കൊണ്ടുദ്ദേശിക്കുന്നത്. ഈ ആട്ടത്തില്‍, രാവണന്‍ തന്റെ തലകളെ നോക്കിക്കാണുന്നുണ്ട്. ഷണ്മുഖദാസ് ഇടതുവശത്തോട്ടും വലതുവശത്തോട്ടും അഞ്ചുപ്രാവശ്യം വീതമാണ് തലകളെ നോക്കിക്കണ്ടത്. അങ്ങിനെവരുമ്പോള്‍ നോക്കുന്ന തലകൂടി ചേര്‍ത്ത് പതിനൊന്ന് തലകള്‍ വരില്ലേ?

കലാമണ്ഡലം വിനോദ്, കോട്ടയ്ക്കല്‍ സന്തോഷ് എന്നിവരായിരുന്നു സംഗീതം. പാടിയില്‍ നിശ്ചയിച്ചിരിക്കുന്ന പതിഞ്ഞ പദത്തിലെ ചില ഭാഗങ്ങളിലെ സഞ്ചാരം കൌതുകമുണര്‍ത്തിയെങ്കിലും, ആവശ്യമുള്ളതായി തോന്നിയില്ല. പാടിയുടെ ഭാവം വെടിയാതെ പാടുകയാവും ഉചിതം. കോട്ടയ്ക്കല്‍ സന്തോഷ്, വെളുത്ത വസ്ത്രത്തിനു പകരം കറുത്ത വസ്ത്രമുടുത്താണ് രംഗത്തെത്തിയത്. ശബരിമലയില്‍ പോകുവാന്‍ മാലയിട്ടിരിക്കുന്നതിനാലാണ് കറുപ്പുടുത്തതെന്ന് മനസിലാവുമെങ്കിലും, ഈ വേഷത്തില്‍ അരങ്ങില്‍ പ്രവര്‍ത്തിക്കുന്നത് അത്ര ഭംഗിയായി തോന്നിയില്ല.

രംഗത്തിന്റെ അവസാനം ദൂരെനിന്നും ഒരു പ്രഭ കണ്ട് അതെന്താണെന്ന് രാവണന്‍ ആലോചിക്കുന്നു. സൂര്യനാണോ? അല്ല, സൂര്യന്‍ കുറുകെയാണ് സഞ്ചരിക്കുക, ഈ പ്രകാശത്തിന്റെ സഞ്ചാരം നെടുകെയാണല്ലോ! ഇനി അഗ്നിയാണോ? അല്ല, അഗ്നി താഴെനിന്നും മുകളിലേക്കാണ് ജ്വലിക്കുക, ഇത് മുകളീല്‍ നിന്നും താഴേക്ക് ഇറങ്ങിവരികയാണ്. പ്രകാശത്തിന്റെ മധ്യത്തിലായി കരചരണങ്ങള്‍ കാണുന്നുവല്ലോ, ഭസ്മക്കുറികള്‍ അണിഞ്ഞിട്ടുമുണ്ട്, ജടാധാരിയുമാണ്. കൈയിലൊരു വീണയും, നാരദമഹര്‍ഷി തന്നെ. ഇവിടെ ഭസ്മക്കുറിയണിഞ്ഞിരിക്കുന്നതും, ജടയും കണ്ടശേഷം വീണ കാണുന്നതില്‍ ഒരു ഭംഗിക്കുറവില്ലേ? കൂട്ടത്തില്‍ വലുതായ വീണയല്ലേ ആദ്യം കാണേണ്ടത്? പിന്നെ ജടയും, ഒടുവിലായി ഭസ്മക്കുറികളും കാണുന്നതാണ് കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു. ഈ ഭാഗത്ത് രാവണന്‍ ഒറ്റയ്ക്കാണ് മുഴുവന്‍ ഭാഗങ്ങളും ആടിയത്. മണ്ഡോദരി അവിടെയുള്ളതായിപ്പോലും രാവണന്‍ വിസ്മരിച്ചുവെന്നു തോന്നുന്നു. എന്താണ് പ്രകാശമെന്ന് മണ്ഡോദരിയോട് ചോദിക്കുന്നതായും, മണ്ഡോദരി സൂര്യന്‍, അഗ്നി എന്നിങ്ങനെ ഉത്തരങ്ങള്‍ നല്‍കുന്നതായും, രാവണന്‍ കാരണസഹിതം തിരുത്തുന്നതായും ആടിയാല്‍ കൂടുതല്‍ ആസ്വാദ്യകരമാവും ഈ ഭാഗം. തുടര്‍ന്ന് മണ്ഡോദരിയെ യാത്രയാക്കിയ ശേഷം നാരദമഹര്‍ഷിയെ സ്വീകരിക്കുവാനായി രാവണന്‍ തയ്യാറാവുന്നു.

നാരദമഹര്‍ഷിയുടെ ആഗമനമാണ് തുടര്‍ന്നുള്ള രംഗം. രാവണനെ പല രീതിയില്‍ പ്രകീര്‍ത്തിച്ചുകൊണ്ടാണ് നാരദന്‍ വരുന്നത്. ഓരോ വര്‍ണനയ്ക്കും രാവണന്‍ ഓരോ ഭാവം ആടേണ്ടതുണ്ട്. കൈകസിനന്ദന, പൌലസ്ത്യതനയ എന്നിവ കേള്‍ക്കുമ്പോള്‍; മാതാപിതാക്കന്മാരെ സ്മരിച്ച് വന്ദിക്കുന്നു; കുംഭകര്‍ണന്റേയും ശൂര്‍പ്പണഖയുടേയും സഹോദരനെന്ന് വാഴ്ത്തുമ്പോള്‍ ലജ്ജിക്കുന്നു; ഇന്ദ്രജിത്തിന്റെ പിതാവെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനിക്കുന്നു; മണ്ഡോദരിയുടെ ദയിതനെന്നു കേള്‍ക്കുമ്പോള്‍ ശൃംഗാരം; കൈലാസോദ്ധാരക, വിശ്രുതകീര്‍ത്തേ, ചക്രവിജയി എന്നിങ്ങനെയുള്ളവ കേള്‍ക്കൂമ്പോള്‍ വീരം; എന്നിങ്ങനെയാണ് രാവണന്റെ ഭാവമാറ്റങ്ങള്‍. നാരദനായി രംഗത്തെത്തിയത് മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയായിരുന്നു.

നാരദനുമായുള്ള സംഭാഷണങ്ങള്‍ക്കൊടുവിലായി, നിസ്സാരമായ ഒരു കാര്യം ഉണര്‍ത്തിക്കുവാനുണ്ടെന്ന് നാരദന്‍ അറിയിക്കുന്നു. എന്താണത് എന്ന ചോദ്യത്തിന് ഉത്തരമായി നാരദന്‍ ഇങ്ങിനെ പറയുന്നു:“ബാലി എന്നൊരു വാനരന്‍, നിസ്സാരന്‍, ഒരു പുല്ലും ദശാസ്യനും തനിക്ക് തുല്യമാണെന്ന് വീരവാദം പറയുന്നു.” എന്നറിയിക്കുന്നു. ഇവിടെ ‘തെല്ലുമില്ലതടവ്’ എന്നാണ് പദം അവസാനിക്കുന്നത്. ഇവിടെ നാരദന്‍ കാണിച്ചത് “രാവണനും, ഒരു പുല്ലും തുല്യമാണെന്നു പറയുവാന്‍ ഒരു തടസവും ബാലിക്കില്ല.” എന്നാണ്. എന്നാല്‍ ശരിയായ അര്‍ത്ഥം, “രാവണനും, ഒരു പുല്ലും തുല്യമാണെന്ന് ഇടതടവില്ലാതെ ബാലി പറഞ്ഞുകൊണ്ടിരിക്കുന്നു.” എന്നാണ്. നിസ്സാരമെങ്കിലും, ഇങ്ങിനെയുള്ള തെറ്റുകള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.

Kailasodharanam - Ravanan in Balivijayam Kathakali.
തന്നെ നിസ്സാരനായി കാണുന്ന ബാലിയെ ഒരു പാഠം പഠിപ്പിക്കുകതന്നെ, എന്നുറച്ച് രാവണന്‍ ചന്ദ്രഹാസവുമെടുത്തിറങ്ങുന്നു. അപ്പോള്‍ നാരദന്‍ പറയുന്നു, “കേവലമൊരു വാനരനെ എതിര്‍ക്കുവാന്‍ ചന്ദ്രഹാസമെടുക്കേണ്ടതുണ്ടോ? ചന്ദ്രഹാസത്തിന്റെ മഹത്വം നിനക്കറിയില്ലേ?”. ഇതുകേട്ട് രാവണന്‍ ഒന്നു ശങ്കിക്കുന്നു, എന്നിട്ട് നാരദനോട് ചോദിക്കുന്നു: “താങ്കള്‍ക്ക് അറിയുമോ ഇതെങ്ങിനെയാണ് എനിക്ക് ലഭിച്ചതെന്ന്?”, നാരദന്‍: “കുറച്ചൊക്കെ കേട്ടിട്ടുണ്ട്.”. ഉടന്‍ തന്നെ രാവണന്‍ ഉത്സാഹത്തോടെ, “ഞാന്‍ പറഞ്ഞുതരാം, ഇതെനിക്കു കിട്ടിയ കഥ.” എന്നു പറഞ്ഞ് വൈശ്രവണന്റെ കൈയില്‍ നിന്നും പുഷ്പകവിമാനം കിട്ടിയ കഥയും, കൈലാസമെടുത്ത് അമ്മാനമാടുവാനുണ്ടായ സാഹചര്യവുമൊക്കെ വിശദമായി ആടുന്നു. അപ്പോള്‍ നാരദന്‍ ചോദിക്കുന്നു, “കൈലാസമെടുത്ത് അമ്മാനമാടിയപ്പോള്‍ പാര്‍വ്വതീപരമേശ്വരന്‍മാര്‍ അവിടെയുണ്ടായിരുന്നില്ലേ?”. രാവണന്‍ പറയുന്നു, “ഉണ്ടായിരുന്നു, അവിടെ സംഭവിച്ചത് മറ്റൊരു കഥയാണ്, പറഞ്ഞുതരാം.” എന്നുപറഞ്ഞ് പാര്‍വ്വതീവിരഹം എന്ന ഭാഗമാടുന്നു. കൈലാസോദ്ധാരണവും, പാര്‍വ്വതീവിരഹവും വളരെയധികം വിശദീകരിച്ച് ആടേണ്ടവയാണെങ്കിലും ഇവിടെ രണ്ടും വളരെ ചുരുക്കിയാണ് അവതരിപ്പിച്ചത്. ഷണ്മുഖദാസ് തന്നെ ഇവ വളരെനന്നായി ആടിക്കണ്ടിട്ടുള്ളതിനാല്‍ സമയക്കുറവാവണം, ചുരുക്കുവാനുണ്ടായ കാരണം. സമയപരിമിതിയുണ്ടെങ്കില്‍, അവതരിപ്പിക്കുന്ന കഥാഭാഗം പരിമിതപ്പെടുത്തി, അവതരിപ്പിക്കുന്നത്രയും ഭംഗിയായും പൂര്‍ണ്ണമായും അവതരിപ്പിക്കുക എന്ന രീതിയാവും കൂടുതല്‍ അഭികാമ്യം. വൈശ്രവണന്‍ ദൂതനെ അയയ്ക്കുമ്പോള്‍, അവനെ വധിച്ച ഭാഗം; ശിവന്‍ ദേവസ്ത്രീകളെ സ്മരിച്ച് പാര്‍വ്വതിയെ സുരഗംഗയില്‍ കുളിക്കുവാനായി കൂട്ടിക്കൊണ്ടു പോകുവാന്‍ ആവശ്യപ്പെടുന്ന ഭാഗം; പാര്‍വ്വതി കുളികഴിഞ്ഞെത്തുമ്പോള്‍, ശിവന്റെ മടിയില്‍ ഗംഗയെക്കണ്ട് കോപിക്കുന്ന ഭാഗം ഇതൊന്നും ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. ശിവന്റെ തലയില്‍ ഗംഗയുടെ മുഖവും സ്തനങ്ങളും കണ്ട് പരിഭവിച്ച് പിണങ്ങിപ്പോവുന്ന പാര്‍വ്വതിയായാണ് ഇവിടെയാടിയത്. പിണങ്ങിപ്പോകുവാന്‍ തുടങ്ങുമ്പോഴാണ്, രാവണന്‍ കൈലാസമെടുത്ത് അമ്മാനമാടുവാന്‍ തുടങ്ങിയത്. ഇതുകണ്ട് ഭയന്ന് പാര്‍വ്വതി വേഗം പരമശിവന്റെ മേല്‍ അഭയം പ്രാപിക്കുന്നു. പാര്‍വ്വതിയുമായുള്ള കലഹം ഒഴിവാക്കുവാന്‍ കാരണക്കാരനായ രാവണനില്‍ സം‌പ്രീതനായി ശിവന്‍ തനിക്ക് സമ്മാനിച്ചതാണ് ഈ ചന്ദ്രഹാസം എന്നാടി രാവണന്‍ അവസാനിപ്പിക്കുന്നു. തുടര്‍ന്ന് ബാലിയെ ബന്ധിക്കുവാനായി നാരദനുമൊത്ത് രാവണന്‍ പുറപ്പെടുന്നു.

ബാലിയുടെ തിരനോക്കും തന്റേടാട്ടവുമായാണ് അടുത്ത രംഗം ആരംഭിക്കുന്നത്. “തനിക്കേറ്റവും സുഖം ഭവിച്ചു, അതിനു കാരണമെന്ത്?” എന്നാലോചിച്ച്, തനിക്ക് മഹാവിഷ്ണുവില്‍ നിന്നും വരം ലഭിച്ച കഥ ആടുന്നു. ഒടുവില്‍ ഏഴുസമുദ്രങ്ങള്‍ ചാടിക്കടന്ന് സൂര്യനമസ്കാരം നിര്‍വ്വഹിച്ച ശേഷം ബാലി ധ്യാനനിരതനായിരിക്കുന്നു. ഈ സമയം രാവണനും നാരദനും ബാലിയെ ബന്ധിക്കുവാനായെത്തുന്നു. ബാലിയോട് നാരദന്‍ നേരത്തേതന്നെ പറഞ്ഞുറപ്പിച്ചതാണ്, താന്‍ രാവണനുമായെത്തുമെന്നും മറ്റും. നാരദന്‍ രാവണനെക്കൊണ്ട് ബാലിയുടെ വാലില്‍ പിടിപ്പിക്കുന്നതും, ഒടുവില്‍ ദേഹമാസകലം ബാലിയുടെ വാലില്‍ കെട്ടുപിണഞ്ഞ് രാവണന്‍ വിലപിക്കുന്നു. തന്റെ പുറകില്‍ നിന്നും തുടര്‍ച്ചയായ രോദനം കേട്ട്, വാലില്‍ കുടുങ്ങിക്കിടക്കുന്ന രാവണനെ കണ്ട്, “നീയാണോ പുത്രനെക്കൊണ്ട് ഇന്ദ്രനെ ജയിച്ച വീരന്‍?” എന്നു പരിഹാസപൂര്‍വ്വം ചോദിക്കുന്നു. അഹങ്കാരം ശമിച്ച രാവണനുമായി ബാലി സഖ്യം ചെയ്യുന്നതോടെ ബാലിവിജയം അവസാനിക്കുന്നു.

ബാലിയുമായി അരങ്ങില്‍ നാരദന്‍ ഒന്നും സംവേദിക്കേണ്ട കാര്യമില്ല. എന്നാലിവിടെ നാരദന്‍ ഇടയ്ക്കിടെ കണ്ണുകൊണ്ട് ബാലിയോട് ഓരോന്നു കാണിക്കുകയും, ഇടയ്ക്ക് ഒരവസരത്തില്‍ ബാലിയെ തോണ്ടിവിളിച്ച് “എല്ലാം പറഞ്ഞതുപോലെ.” എന്നുകാണിക്കുകയുമൊക്കെ ചെയ്തത് കടന്നുപോയി. ബാലിയിരിക്കുന്ന സ്ഥാനവും, രാവണനും നാരദനും നില്‍ക്കുന്ന സ്ഥാനവും തമ്മില്‍ വളരെയകലമുണ്ട് എന്നാണല്ലോ സങ്കല്പം. അതിനിടയില്‍ രാവണനറിയാതെ നാരദന്‍ ഇതൊക്കെ എങ്ങിനെ സാധിക്കുവാനാണ്?

Bali, Naradan & Ravanan in Balivijayam Kathakali.
മാര്‍ഗി മുരളിയാണ് ബാലിയെ അവതരിപ്പിച്ചത്. വേഷഭംഗിയുണെങ്കിലും, ആട്ടം ആസ്വാദ്യകരമായില്ല. മുദ്രകള്‍ക്ക് വ്യക്തതവരുത്തുകയും, ആട്ടങ്ങള്‍ പൂര്‍ണ്ണമായി അവതരിപ്പിക്കുകയും വേണം. ഒട്ടേറെ ഭാഗങ്ങള്‍ ആടിവരുമ്പോള്‍ വിഴുങ്ങിപ്പോവുന്നു എന്നതായിരുന്നു ഇവിടുത്തെ ബാലിയുടെ ഒരു കുഴപ്പം. ചെണ്ടയില്‍ വാരണാസി നാരായണന്‍ മൂസതും, മദ്ദളത്തില്‍ മാര്‍ഗി രത്നാകരനും ഒട്ടും തന്നെ നന്നായില്ല. മുദ്രകള്‍ കാണിക്കുമ്പോള്‍ കൈക്കുകൂടുന്നതില്‍ ഇരുവരും വിമുഖരായിരുന്നു. പാട്ടിന് താളം പിടിക്കുകയല്ല കഥകളിയിലെ വാദ്യങ്ങളുടെ ധര്‍മ്മം എന്നറിയാത്തവരല്ല, രംഗപരിചയം വേണ്ടുവോളമുള്ള ഇവരിരുവരും എന്നതിനാല്‍, ഈ കളിക്ക് എന്തുകൊണ്ടോ ഉഴപ്പി എന്നുമാത്രമേ കരുതുവാന്‍ ന്യായമുള്ളൂ. ഒരു ആസ്വാദകനെന്ന നിലയില്‍, ഒട്ടും തന്നെ തൃപ്തിനല്‍കുന്ന ഒന്നായില്ല ദൃശ്യവേദി ഇവിടെയൊരുക്കിയ ബാ‍ലിവിജയം കഥകളി.


Keywords: Balivijayam, Drisyavedi, Kizhakkekotta, East Fort, Thiruvananthapuram, Ravanan, Kalamandalam Shanmukhadas, Mandothiri, Kalamandalam Vijayan, Bali, Margi Murali, Naradan, Mathur Govindankutty, Kalamandalam Vinod, Kottackal Santhosh, Varanasi Narayanan Mussath, Margi Rathnakaran.
--

6 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ദൃശ്യവേദിയുടെ ആഭിമുഖത്തില്‍, കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ ആഡിറ്റോറിയത്തില്‍ അവതരിക്കപ്പെട്ട ബാലിവിജയം കഥകളിയുടെ ആസ്വാദനം.
--

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല അവതരണം ഹരീ.
ചിത്രങ്ങളും നന്നായിട്ടുണ്ട്.

vadavosky പറഞ്ഞു...

വളരെ നന്നായിടുണ്ട്‌ വിവരണം. പ്രത്യേകിച്ച്‌ രാവണന്‍ നാരദനെ കാണുമ്പോള്‍ വീണയാണ്‌ ആദ്യം കാണേണ്ടിയിരുന്നത്‌ എന്നത്‌ താങ്കളുടേത്‌ നല്ല നീരിക്ഷണമാണെന്നു കാണിക്കുന്നു.

ഈയിടെ നളചരിതം രണ്ടാം ദിവസം കാണാന്‍ പോയി. ദമയന്തിയുടെ സ്വയംവരം കഴിഞ്ഞുവരുന്ന ദേവേന്ദ്രനോട്‌ കലിയുടെ വക ചീത്തവിളി വിസ്തരിക്കുമ്പോള്‍ കുറുക്കന്‍ മുന്തിരിക്ക്‌ വേണ്ടി ചാടി കിട്ടാതെ പോയിട്ട്‌ പുളിക്കും എന്നു പറഞ്ഞതുപോലെ ആയി എന്നു കാണിക്കുന്നു. ഈ ഈസോപ്പു കഥ കലി ദേവേന്ദ്രനോടു പറയേണ്ട കാര്യമില്ലായിരുന്നു. ഈ ഈസോപ്പിന്റെ ഒരു കാര്യം. കലി പോലും ആ കഥ വായിച്ചിരിക്കുന്നു.

എതിരന്‍ കതിരവന്‍ പറഞ്ഞു...

അഭിനയ പ്രാധാന്യമുള്ളതാണ് ബാലി വിജയം. കഥാപാത്രാവതരണത്തില്‍ അരങ്ങിന്റെ വിജയം ഊന്നുന്ന അപൂര്‍വം കഥകളിലൊന്ന്. കാരണം സംഘട്ടനാത്മകമായ ഒരു ക്ലൈമാക്സില്ല അവസാനം.അതിലേയ്ക്ക് ചുറ്റിയുയരുന്ന കഥസന്ദര്‍ഭങ്ങളുമില്ല. ഇതു സമീകരിക്കാന്‍ മറ്റുകാര്യങ്ങള്‍ നന്നാവണം. രാവണനും ബാലിയും ഒരേപോലെ ശ്രദ്ധ വച്ചില്ലെങ്കില്‍ പാളിപ്പോകും അവതരണം.
പതിവുപോലെ ഷണ്മുഖദാസിന്റെ വേഷഭംഗി ഫോടൊയില്‍ പ്രകടമാണ്.

Unknown പറഞ്ഞു...

Dear haree

Very nice aswadanam. It is good that you are noting and pointing out very minute happenings which will have a huge impact on the aswadanam.
Shanmughan, Vijayan all up coming artists will give their maximum effort to make their performance well. Also we have to appreciate the organisers who are giving them a good chance for development.

Your observations on the 'Varavattom' of Nardada is very interesting. As you know the artists is doing the attom of a famous sloks "Ghathamthirasheenam....". As per the sloka first the brightness was suspected to be Soorya, then as agni and finally in the middle of the brightness a human body with hands and legs is being seen. In that first Jada is being seen, the the entire body with Bhasman is seen, with that the person is identified as a sage and atlast the Veena is seen so that it is concluded that the Sage is none other than Narada. Your opinion is also correct as If we see some body what to see first is the Veena he is having in his hand, but I think If veena is seen first at the first instance itself the person is identifed to be Narada, and there is no need to do the other attoms. Also regarding the performance of the attam by Ravana alone is as per the Kalari Chitta. We can rethink the attom as the same can be performed by participating Mandothari also. The answers to the Question can de given by Mandothari, so that I will have more Stage effect.( I have seen some of the artists are doing like that also )

Regarding the worng interpretation of the PAdam by Narada, we are also exepricneing the similar situtations even from many major artists. I dont think it is due to their ignorance, but it is due to the carelessness from their part.

Thanks, and go ahead with your aswadanams.

Renjith

Haree പറഞ്ഞു...

@ വാല്‍മീകി,
വളരെ നന്ദി. :)

@ വഡാവോസ്കി,
അതു പലപ്പോഴും ഉണ്ടാവാറുള്ളതാണ്. മനോധര്‍മ്മമാടുമ്പോള്‍ ചിലപ്പോള്‍ കാലമൊക്കെ മറന്നുപോവും, കലാകാരന്റെ കാലമാവും കഥാപാത്രത്തിനും. ;) അല്ലേല്‍ കലി പറഞ്ഞത് കോപ്പിയടിച്ചതാവുമെന്നേ ഈസോപ്പ്... :P

@ എതിരന്‍ കതിരവന്‍,
രാവണനും ബാലിയും നാരദനും ഒരുപോലെ നന്നാവണം. നാരദനാണ് ബാലിവിജയത്തിന്റെ ‘മൂഡ്’ ഉണ്ടാക്കുന്നതില്‍ പ്രധാനി. നന്ദി. :)

@ രഞ്ജിത്ത്,
തീര്‍ച്ചയായും. പക്ഷെ, ശ്ലോകങ്ങള്‍ ദൃശ്യമാധ്യമമല്ലല്ലോ! തിരിച്ച് അവതരിപ്പിക്കുന്നതില്‍ പ്രശ്നമുണ്ടോ? “കരചരണങ്ങള്‍ കാണുന്നുവല്ലോ, കൈയിലതാ ഒരു വീണയും, ആരായിരിക്കും” എന്നു ശങ്കിച്ച്, ഒന്നു കൂടി നോക്കി; “ആഹ ജടയും ഭസ്മക്കുറികളും, ഇത് നാരദന്‍ തന്നെ!” എന്നാടിയാല്‍ കുഴപ്പമുണ്ടോ? മനോധര്‍മ്മം ആടുമ്പോള്‍ രണ്ടുപേര്‍ വേദിയിലുണ്ടെങ്കില്‍, ഒരുമിച്ചുതന്നെയാവണം മനോധര്‍മ്മം അവതരിപ്പിക്കുവാന്‍ എന്നാണെന്റെ പക്ഷം. ഒരാള്‍ തന്നെ ചോദ്യം ചോദിക്കുക, അയാള്‍ തന്നെ ഉത്തരം പറയുക, അയാള്‍ തന്നെ ശരിയല്ലെന്നും പറയുക; ഒറ്റയ്ക്കേയുള്ളൂവെങ്കില്‍ ഇതേ നിവൃത്തിയുള്ളൂ. പക്ഷെ, ഇവിടെ അതിന്റെ ആവശ്യമില്ലല്ലൊ! വിശദമായി ഒരു കമന്റിട്ടതിന് പ്രത്യേകം നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു. :)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--