2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

കനകക്കുന്നിലെ ദക്ഷയാഗം

Dakshayagam at Kanakakkunnu, performed as part of the KathakaliMela in Nishagandhi Festival 2011. An appreciation by Haree for Kaliyarangu.
ജനുവരി 26, 2011: നിശാഗന്ധി ഉത്സവം 2011-ന്റെ ഭാഗമായി ഏഴുദിവസത്തെ കഥകളിമേള തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ അരങ്ങേറി. ഇരയിമ്മന്‍ തമ്പി എഴുതിയ 'ദക്ഷയാഗ'മാണ്‌ അവസാന ദിവസം അവതരിപ്പിച്ചത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരൊക്കെയാണ്‌ അന്നേ ദിവസം കളിയില്‍ പങ്കെടുത്ത മുതിര്‍ന്ന കലാകാരന്മാര്‍. കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും ചേര്‍ന്നുള്ള പാട്ട്, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം ഗോപിക്കുട്ടനും ചേര്‍ന്നു നയിച്ച മേളം എന്നിവയായിരുന്നു പിന്നണിയില്‍. കണ്ണിണയ്ക്കാനന്ദം നല്‍കുന്ന യമുനയുടെ തീരത്ത്, പ്രകൃതിയുടെ വിശേഷങ്ങള്‍ ആസ്വദിച്ചു കഴിയുന്ന ദക്ഷനും വേദവല്ലിയും ഒരുമിച്ചുള്ള രംഗത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്. ആ സമയം നദിയുടെ മധ്യത്തില്‍ താമരയിലയിലൊരു ശംഖ് കണ്ട്, അവിടേക്ക് നീന്തിയെത്തി ദക്ഷന്‍ ശംഖ് കൈയിലെടുക്കുന്നതോടെ അതൊരു പെണ്‍കുഞ്ഞായി മാറുന്നു. ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്ന സൗഭാഗ്യണിവള്‍ എന്നുറയ്ക്കുന്ന ദക്ഷന്‍, അവളെ മകളായി വളര്‍ത്തുവാന്‍ തീരുമാനിക്കുന്നു.

കഥകളിയിലെ നൃത്തസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ്‌ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ "കണ്ണിണയ്ക്കാനന്ദം..." എന്ന ദക്ഷന്റെ പദഭാഗം അവതരിപ്പിച്ചത്. പുളിനങ്ങളിലെ കളഹംസലീലയൊക്കെ ഏറെ ഭംഗിയാവുകയും ചെയ്തു. "അനന്തജന്മാര്‍ജ്ജിതമാം..." എന്ന പദഭാഗത്തില്‍ പ്രണയപരവശനായ ദക്ഷന്‍ ഭാര്യയോട് മുലയൂട്ടുവാന്‍ പറയുന്നതിനൊപ്പം, വേദവല്ലിയുടെ കൈയിലിരിക്കുന്ന ബാലിക മൂത്രമൊഴിച്ചു എന്നും മറ്റും പദത്തിനിടയില്‍ തന്നെ ചെറുതായാടി രംഗം സരസമാക്കുവാനും ശ്രമിച്ചു കണ്ടു. സാധാരണ പ്രത്യേകിച്ചൊരു പ്രതികരണവുമില്ലാതെയാണ്‌ മാര്‍ഗി സുകുമാരന്‍ അരങ്ങില്‍ നില്‍ക്കാറുള്ളതെങ്കിലും, ഇവിടെ ദക്ഷനായുള്ള ബാലസുബ്രഹ്മണ്യന്റെ ആട്ടങ്ങള്‍ക്ക് യുക്തമായ മറുപടികളുമായി മാര്‍ഗി സുകുമാരിന്റെ വേദവല്ലി അരങ്ങില്‍ ഉണര്‍ന്നു തന്നെ പ്രവര്‍ത്തിച്ചു. മറ്റു വേദികളെ അപേക്ഷിച്ച് സുകുമാരന്‍ ആത്മാര്‍ത്ഥത കാണിച്ചുവെന്നു പറയുമ്പോള്‍ തന്നെ, വേദവല്ലിയെ ഇതിലുമേറെ മികച്ചതാക്കാം എന്ന മറുവശവും കാണാതിരിക്കുന്നില്ല. പദങ്ങള്‍ക്കു ശേഷം, പാര്‍വ്വതി തന്റെ മകളായി വരണമെന്ന തന്റെ പ്രാര്‍ത്ഥനയും ശ്രീപരമേശ്വരന്റെ അനുഗ്രഹവും മറ്റും ദക്ഷന്‍ സ്മരിക്കുകയും ചെയ്തു.

യൗവനയുക്തയായ സതീദേവി പരമശിവനെ തന്റെ പതിയായി ലഭിക്കുവാന്‍ തപസനുഷ്ഠിക്കുന്നു. വൃദ്ധബ്രാഹ്മണ വേഷത്തില്‍ സതിയുടെ പക്കലെത്തുന്ന ശിവന്‍, അവള്‍ക്ക് തന്നോടുള്ള പ്രേമം പരീക്ഷിച്ചറിഞ്ഞ് സം‍പ്രീതനായി സ്വരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് നിന്റെ ഇച്ഛകളെല്ലാം സാധിക്കുമെന്ന് അനുഗ്രഹിക്കുന്നു. ഈ വിവരമറിയുന്ന ദക്ഷന്‍ ഇന്ദ്രനുള്‍പ്പടെയുള്ള ദേവന്മാരുടെ സാന്നിധ്യത്തില്‍ സതിയെ ശിവന്‌ വിവാഹം കഴിച്ചു കൊടുക്കുന്നു. എന്നാലതിനു ശേഷം ആരോടും ഒന്നും പറയാതെ സതിയോടൊപ്പം ശിവന്‍ മറയുന്നു. ഇത് ദക്ഷനെ കോപാകുലനാക്കുന്നെങ്കിലും, ഇന്ദ്രന്റെയും മറ്റും നിര്‍ദ്ദേശാനുസരണം മനസില്ലാമനസോടെ കൈലാസത്തിലെത്തി പരമശിവനെ കാണുവാന്‍ ദക്ഷന്‍ തീരുമാനിക്കുന്നു. കൈലാസത്തിലെത്തുന്ന ദക്ഷനെ ശിവന്‍ ധ്യാനത്തിലാണെന്ന കാരണം പറഞ്ഞ് നന്ദികേശ്വരന്‍ കവാടത്തില്‍ തടയുന്നു. അതോടെ ശിവനോടുള്ള കോപമിരട്ടിക്കുന്ന ദക്ഷന്‍ ഒരു യാഗം നടത്തുവാനും അതില്‍ ശിവന്‌ യജ്ഞഭാഗം നല്‍കാതെ നിന്ദിക്കുവാനും ഉറയ്ക്കുന്നു.

Dakshayagam

Kanakakkunnu, Thiruvananthapuram
Written by
 • Irayimman Thampi
Actors
 • Kalamandalam Balasubrahmanian as Dakshan
 • Margi Sukumaran as Vedavalli
 • Margi Vijayakumar as Sathi
 • Kalamandalam Shanmukhadas as Sivan
 • Kalamandalam Hari R. Nair as VridhaBrahmanan / Bhadrakali
 • Kalamandalam Ramachandran Unnithan as Veerabhadran
 • Kalamandalam Arun as Indran / Poojari
Singers
 • Kalamandalam Babu Namboothiri
 • Kalamandalam Vinod
Accompaniments
 • Kalamandalam Unnikrishnan, Margi Krishnakumar in Chenda
 • Kalamandalam Gopikkuttan, Sreekandeswaram Mohanan Potty in Maddalam
Chutty
 • RLV Somadas
Kaliyogam
 • Margi, Thiruvananthapuram
Organized by
 • Kerala Tourism Department, Thiruvananthapuram
Date
മാര്‍ഗി വിജയകുമാറാണ്‌ സതിയായി അരങ്ങിലെത്തിയത്. തപസനുഷ്ഠിക്കുമ്പോള്‍ ശിവനോടുള്ള ഭക്തി, ശിവനെ നിന്ദിക്കുന്ന ബ്രാഹ്മണനോടുള്ള കാര്‍ക്കശ്യം, ഒടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള പ്രണയഭാവം ഇവയൊക്കെയും വിജയകുമാറിന്റെ സതിയില്‍ വേണ്ടതുപോലെ കാണുവാന്‍ കഴിഞ്ഞു. പദഭാഗങ്ങള്‍ അവതരിപ്പിക്കുക എന്നതിനപ്പുറത്തേക്ക് പോയില്ലായെങ്കിലും, കലാമണ്ഡലം ഹരി ആര്‍. നായരുടെ ബ്രാഹ്മണവേഷം തരക്കേടില്ലായിരുന്നെന്നു പറയാം. കലാമണ്ഡലം ഷണ്മുഖദാസ് ശിവനേയും കലാമണ്ഡലം അരുണ്‍ ഇന്ദ്രനേയും അവതരിപ്പിച്ചു. നന്ദികേശ്വരന്‍, ദധീചി, നാരദന്‍ എന്നിവരുള്‍പ്പെടുന്ന ചില രംഗങ്ങള്‍ ഒഴിവാക്കിയപ്പോള്‍, നന്ദികേശ്വരന്‍ ദക്ഷനെ തടയുന്ന ഭാഗം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ പകര്‍ന്നാടുകയാണുണ്ടായത്.

തന്റെ പിതാവ് യാഗം നടത്തുന്നതറിയുന്ന സതി അവിടെവരെ പോയി വരുവാന്‍ ശിവനോട് അനുവാദം ചോദിക്കുന്നു. യാഗത്തിന്‌ നമ്മെ ക്ഷണിക്കാത്തതിനാല്‍ അവിടെ പോയാല്‍ അപമാനിക്കപ്പെടും എന്ന ശിവന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് സതി യാഗശാലയിലേക്ക് പുറപ്പെടുന്നു. മകളെ കാണുന്ന ദക്ഷന്‍ ശിവനെ നിന്ദിക്കുകയും സതിയെ യാഗശാലയില്‍ നിന്നും ആട്ടിയിറക്കുകയും ചെയ്യുന്നു. അത്യന്തം സങ്കടത്തോടെ സതി ശിവന്റെ സമീപം മടങ്ങിയെത്തി നടന്നതെല്ലാം അറിയിക്കുന്നതിനൊപ്പം, ഇനിമുതല്‍ ദക്ഷന്‍ തന്റെ പിതാവല്ലെന്നും, അവനെ വധിക്കുവാന്‍ ഒട്ടും വൈകരുതെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു. ഭാര്യയ്ക്ക് നേരിട്ട അപമാനത്താല്‍ ക്രുദ്ധനാകുന്ന പരമശിവന്റെ ജടയില്‍ നിന്നും വീരഭദ്രനും പാര്‍വ്വതിയുടെ കോപത്തില്‍ നിന്നും ഭദ്രകാളിയും ജന്മമെടുക്കുന്നു. യജ്ഞഭാഗം തരാത്ത ദക്ഷനെ കൊന്നുകളയുവാന്‍ ശിവന്‍ ആവശ്യപ്പെടുന്നു. ഭൂതഗണങ്ങളോടൊപ്പം ദക്ഷനെ അക്രമിക്കുന്ന വീരഭദ്രനും ഭദ്രകാളിയും ഒടുവില്‍ ദക്ഷനെ കീഴ്പ്പെടുത്തി തലവെട്ടുന്നു. യാഗം മുടങ്ങുന്നത് അനര്‍ത്ഥമാവും എന്ന ദേവന്മാരുടെ പ്രാര്‍ത്ഥന കേട്ട് പരമശിവന്‍ ദക്ഷന്‌ ഒരു ആടിന്റെ തല പകരം വെച്ചുകൊടുക്കുന്നു. പിന്നീട്, തെറ്റുകള്‍ പൊറുത്ത് അനുഗ്രഹിക്കണമേയെന്ന് ദക്ഷന്‍ ശിവനോട് പ്രാര്‍ത്ഥിക്കുന്നു.

അവമാനിതയായി തിരികെയെത്തി ശിവനോട് തന്റെ സങ്കടം പറയുന്ന സതിയേയും മാര്‍ഗി വിജയകുമാര്‍ ഭംഗിയാക്കി. ശിവനായി വേഷഭംഗിയിലും അവതരണത്തിലുമെല്ലാം പുലര്‍ത്തിയ മികവിനോടൊപ്പം, ഒരല്‍പം കൂടി രൗദ്രഭാവം അവസാന ഭാഗങ്ങളില്‍ കലാമണ്ഡലം ഷണ്മുഖദാസിന്‌ നല്‍കാമായിരുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ വീരഭദ്രനും കലാമണ്ഡലം ഹരി ആര്‍. നായരുടെ ഭദ്രകാളിയും മികവോടെ തന്നെ തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. ദക്ഷനുമായുള്ള യുദ്ധമൊക്കെ മിതത്വം പാലിച്ച് യുക്തമായ രീതിയില്‍ ഇരുവരും ചേര്‍ന്ന് മനോഹരമാക്കി. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ ദക്ഷന്റെ പങ്കും ഇവിടെ വിസ്മരിക്കത്തക്കതല്ല. വീരഭദ്രന്റെ കൈയില്‍ തൂങ്ങി കറങ്ങി ചാടി ഭദ്രകാളിയുടെ കൈയിലേക്ക്, തിരികെ വീണ്ടും വീരഭദ്രന്റെ കൈയിലേക്ക്; യുദ്ധത്തിലെ ഈയൊരു ഭാഗമൊക്കെ ഏറെ ആകര്‍ഷകമാക്കുവാന്‍ മൂവര്‍ക്കും സാധിച്ചു.

വാഴപ്പിണ്ടിയും കുരുത്തോലയും കൊണ്ടൊരു യാഗശാലയുടെ പ്രതീകം ഉണ്ടാവാറുണ്ടെങ്കിലും ഇവിടെയങ്ങിനെയൊന്ന് കാണുവാന്‍ കഴിഞ്ഞില്ല. പൂജകഴിക്കുന്ന ബ്രാഹ്മണന്‌ മണി, കൈവിളക്ക് എന്നിവയുമില്ലായിരുന്നു. (എന്നാല്‍ പിന്നെ പൂവ് മാത്രമായി വേണ്ടിയിരുന്നില്ല, അത് ഒഴിവാക്കിയതുമില്ല!) കലാമണ്ഡലം അരുണ്‍ അവതരിപ്പിച്ച പൂജാരിക്കാവട്ടെ ഇവയൊന്നും ഉണ്ടെന്ന് അഭിനയത്തിലൂടെ തോന്നിപ്പിക്കുവാനും കഴിഞ്ഞില്ല. അതിനാല്‍ തന്നെ യാഗം നടക്കുന്നു, വീരഭദ്രനും ഭദ്രകാളിയുമെത്തി അതു മുടക്കുന്നു എന്നതൊന്നും കാണികള്‍ക്ക് അത്രകണ്ട് അനുഭവവേദ്യമായതുമില്ല. ഇങ്ങിനെ വരാതിരിക്കുവാന്‍; യാഗശാലയുടെ പ്രതീകം, കൈമണി, വിളക്കുകള്‍ ഇവയൊക്കെ ഉപയോഗിക്കുന്നതാണ്‌ 'ദക്ഷയാഗം' കഥയ്ക്ക് നല്ലത്.

കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും ആലാപനമികവും കളി ആസ്വാദ്യകരമാകുവാന്‍ കാരണമാണ്‌. ചിലയിടങ്ങളില്‍ ബാബു നമ്പൂതിരി അനാവശ്യമായി ചേര്‍ക്കുന്ന ചില സഞ്ചാരങ്ങള്‍ മാത്രമാണ്‌ കല്ലുകടിയായത്. അളിവൃന്ദങ്ങള്‍ നിറയുന്ന നളിനങ്ങളും മറ്റും പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമായത് കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ടയുടെ കൂടി പിന്തുണയോടെയാണ്‌. അതേ സമയം കലാമണ്ഡലം ഗോപിക്കുട്ടന്റെ മദ്ദളത്തില്‍ നിന്നും ശബ്ദമെന്തെങ്കിലും വരുന്നുണ്ടോ എന്നതു തന്നെ സംശയമായിരുന്നു. സതിയുടെ പല മുദ്രകള്‍ക്കും കൂടുവാന്‍ മദ്ദളക്കാരനെ കണ്ടില്ല. രണ്ടാം മദ്ദളക്കാരന്‍ ശ്രീകണ്‌ഠേശ്വരം മോഹനന്‍ പോറ്റിയുടെ പ്രവര്‍ത്തിക്കും ഏറെ മികവില്ല. തുടക്കക്കാരനായ മാര്‍ഗി കൃഷ്ണകുമാറാണ്‌ ചെണ്ടയില്‍ രണ്ടാമനായി ഉണ്ടായിരുന്നത്. ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ മികവോടെ പ്രവര്‍ത്തിച്ചതുകൊണ്ട് ഇതര മേളക്കാരുടെ കുറവുകള്‍ കളിക്ക് അത്ര ദോഷം ചെയ്തില്ല എന്നത് ആശ്വാസകരം.

ചുവപ്പുതാടി വേഷത്തിനു പകരം മഞ്ഞ തേപ്പും വെള്ളത്താടിയുമാണ്‌ ഇവിടെ വീരഭദ്രന്‌ ഉപയോഗിച്ചു കണ്ടത്. ദുഷ്ടകഥാപാത്രമെന്ന് വിളിക്കുവാന്‍ കഴിയാത്തതിനാല്‍ ഈയൊരു വ്യത്യാസം നല്ലതിനു തന്നെ, ഒപ്പം വെള്ള പൊടിപ്പ് കുപ്പായം കൂടി ഉപയോഗിച്ചിരുന്നെങ്കില്‍ ഏറെ നന്നാവുമായിരുന്നു. വെള്ളയും ചുവപ്പും കറുപ്പുമൊക്കെ ചേര്‍ന്നുള്ള ആര്‍.എല്‍.വി. സോമദാസിട്ട വീരഭദ്രന്റെ ചുട്ടിയും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു. വസൂരിക്കലകളോടെ പുറത്തേക്ക് നീട്ടിയ നാവ് വരയ്ക്കാത്ത മട്ടിലായിരുന്നു ഭദ്രകാളിയുടെ മുഖത്തെഴുത്ത്. പലയിടത്തും പലമട്ടില്‍ ചെയ്തുവരുന്ന ഭദ്രകാളിയുടെ മുഖത്തെഴുത്തിന്‌ ഒരു സ്ഥിരത കൊണ്ടുവരേണ്ടതുണ്ടെന്നു തോന്നുന്നു. മാര്‍ഗിയുടെ കോപ്പുകളും വേഷങ്ങളുമാണ്‌ കളിക്കായി ഉപയോഗിച്ചത്. സാധാരണ കഥകളി അവതരിപ്പിക്കുന്ന വേദികളിലെ വെളിച്ച-ശബ്ദ-പശ്ചാത്തല ക്രമീകരണങ്ങള്‍ വളരെ പരിതാപകരമായിട്ടാണ്‌ കാണാറ്. ഈ വക കാര്യങ്ങളിലെല്ലാം ഇവിടെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുപോലെ, നിശ്ചിതസമയത്തില്‍ തീര്‍ക്കുവാന്‍ കഴിയുന്നത്രയും ഭാഗങ്ങള്‍ മാത്രമെടുത്ത് നല്ല രീതിയില്‍ അവതരിപ്പിക്കുവാനുള്ള സാഹചര്യവുമുണ്ടാക്കി. സംഘാടകര്‍ തീര്‍ച്ചയായും ഈ കാര്യങ്ങളില്‍ അഭിനന്ദനമര്‍‍ഹിക്കുന്നു. ചുരുക്കത്തില്‍, അരങ്ങിലേയും അണിയറയിലേയും കലാകാരന്മാരുടെ മികച്ച പ്രകടനവും സംഘാടനമികവും എല്ലാം കാരണമായി ഏറെ ആസ്വാദ്യകരമായ ഒന്നായിരുന്നു നിശാഗന്ധി ഉത്സവത്തോട് അനുബന്ധിച്ചുള്ള കഥകളിമേളയിലെ 'ദക്ഷയാഗം'.
--

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

നിശാഗന്ധി ഉത്സവം 2011-നോട് അനുബന്ധിച്ചുള്ള കഥകളിമേളയില്‍ അവതരിക്കപ്പെട്ട 'ദക്ഷയാഗം' കഥകളിയുടെ ഒരു ആസ്വാദനം.
--

sunil പറഞ്ഞു...

haree,
iwdeyum dadheechiyude bhagam ozhiwakkiyo...nalla padam ayirnnu..mangalamoorthiyam

AMBUJAKSHAN NAIR പറഞ്ഞു...

ദക്ഷയാഗം അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ പറ്റിയ നല്ല ഒരു കഥയാണ്. സാധാരണ കളിക്ക് നന്ദികേശ്വരന്‍ ദക്ഷനെ തടയുന്നത് പകര്‍ന്നാട്ടം ആയിട്ടാണ് അവതരിപ്പികുക. എന്നാല്‍ ആ രംഗത്തിലെ പദങ്ങള്‍ വളരെ നല്ലതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--