2008, ഏപ്രിൽ 30, ബുധനാഴ്‌ച

കോട്ടക്കലെ രുഗ്മാംഗദചരിതം

RugmangadaCharitham Kathakali staged at Kottackal SriViswambhara Temple: Kottackal Chandrasekhara Varier(Rugmangadan), Kottackal Sambhu Embranthiri(Mohini), Kottackal Pradeep(Dharmangadan), Kottackal Unnikrishnan(SandhyaVali), Kottackal Manoj(MahaVishnu)
ഏപ്രില്‍ 3, 2008: കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച്, മൂന്നാം ദിവസം ആദ്യം അവതരിപ്പിച്ചത്, ‘രുഗ്മാംഗദചരിതം’ ആട്ടക്കഥയായിരുന്നു. രണ്ടു കൃഷ്ണമുടികളും, രണ്ട് മകുടമുടികളും ചേര്‍ന്നുള്ള പുറപ്പാടോടുകൂടിയാണ് ദിവസത്തെ കളി ആരംഭിച്ചത്. ചിട്ടയായ കളരിയഭ്യാസത്തിന്റെ ഭംഗിയും, പാകതയും കോട്ടക്കല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പുറപ്പാടില്‍ കാണുവാനുണ്ടായിരുന്നു. കലാമണ്ഡലം ബാബു നമ്പൂതിരി, കോട്ടക്കല്‍ കൊച്ചുനാരായണന്‍ എന്നിവരായിരുന്നു പുറപ്പാടിനും, തുടര്‍ന്ന് മേളപ്പദത്തിനും പാടിയത്. ഡബിള്‍ മേളപ്പദത്തില്‍ കലാമണ്ഡലം ബലരാമന്‍, കോട്ടക്കല്‍ പ്രസാദ് എന്നിവര്‍ ചെണ്ടയിലും; സദനം ശ്രീധരന്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം കാര്യമായ പ്രത്യേകതകളൊന്നും ഉള്ളതായി തോന്നിയില്ല ഇവിടുത്തെ ഡബിള്‍ മേളപ്പദം.

Purappadu: Kottackal ViswambharaKshethram Ulsavam'08
കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ രുഗ്മാംഗദനായും, കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി മോഹിനിയായും അരങ്ങിലെത്തിയ രുഗ്മാംഗദചരിതമായിരുന്നു തുടര്‍ന്ന്. മിന്നല്‍ പോലെ മിന്നിടുന്ന രൂപത്തെ കാണുകമാത്രമല്ല; മിന്നല്‍ ക്ഷണ നേരം കൊണ്ടുമറയും, പക്ഷെ ഇതിന്റെ ശോഭ സ്ഥായിയായി നില്‍ക്കുന്നു, അതിനാല്‍ ഇതു മിന്നലല്ലെന്ന് മനസിലാക്കുകയും ചെയ്തു വാര്യരുടെ രുഗ്മാംഗദന്‍. ‘മധുരതരകോമളവദനേ! മദസിന്ധുരഗമനേ!’ എന്ന പതിഞ്ഞ പദത്തിന്റെ അവസാന ചരണം, ‘പിരിയുന്നതു നിന്നോടെനി മമ!’ എന്ന ഭാഗം വളരെ മനോഹരമായി ചന്ദ്രശേഖരവാര്യര്‍ അരങ്ങില്‍ അവതരിപ്പിച്ചു. തന്റെ മരണത്തേക്കാള്‍ വേദനിപ്പിക്കുന്നതാണ് നിന്നെ പിരിയുന്നതെന്ന് മനസില്‍ തട്ടി തന്നെ രുഗ്മാംഗദന്‍ പറയുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു.

RugmangadaCharitham: Kottackal Chandrasekhara Varier(Rugmgangadan), Kottackal Sambhu Embranthiri(Mohini)
‘സോമവദന! കോമളാകൃതേ ഭവാന്‍!’ എന്ന മോഹിനിയുടെ മറുപടി പദമാണ് തുടര്‍ന്ന്. മോഹിനി സംസാരിച്ചു തുടങ്ങുമ്പോള്‍ രുഗ്മാംഗദന്‍ അത്ഭുതത്തോടെ ശ്രദ്ധിക്കുന്നു, തുടര്‍ന്ന് പറയുന്നു; “ഇവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, ഇവളുടെ മനോഹരമായ ശബ്ദം ശ്രവിച്ച്, കുയിലുകള്‍ കൂകുവാന്‍ മറന്നിരിക്കുന്നു. ഇവളുടെ മൊഴികളോടു പകരം വെയ്ക്കുവാന്‍ മറ്റൊന്നില്ല!”. തന്നോടപ്രിയമേതും ഒരുകാലത്തും പ്രവര്‍ത്തിക്കുകയില്ലെന്ന് രുഗ്മാംഗദനില്‍ നിന്നും സത്യം ചെയ്തു വാങ്ങിയ ശേഷം മോഹിനി രുഗ്മാംഗദനോടൊത്തു ചേരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മാട്ടമാണ്. പ്രധാനമായി മൂന്നു ഭാഗങ്ങളാണ് ഇതിനുള്ളത്. മോഹിനി ആരെന്നും, ഇവിടെ എങ്ങിനെ എത്തിയെന്നു രുഗ്മാംഗദന്‍ ചോദിച്ചറിയുന്നതാണ് ആദ്യഭാഗം. രണ്ടാമതായി താന്‍ ഏകാദശീവൃതം നോറ്റുതുടങ്ങുവാനുണ്ടായ കാരണം രുഗ്മാംഗദന്‍ വിശദീകരിക്കുന്നു. അവസാനഭാഗത്തില്‍, തന്നെ കൊട്ടാരത്തിലുള്ളവര്‍ എപ്രകാരം സ്വീകരിക്കുമെന്ന മോഹിനിയുടെ ആശങ്ക നിവൃത്തിക്കുകയാണ് രുഗ്മാംഗദന്‍. ഇവ മൂന്നും രുഗ്മാംഗദചരിതത്തില്‍ ഒഴിവാക്കുവാന്‍ പാടില്ലാത്ത ഭാഗങ്ങളാണ്. ഇവ മനോഹരമായിത്തന്നെ ചന്ദ്രശേഖരവാര്യര്‍ രംഗത്തവതരിപ്പിച്ചു. കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരിയാണ് മോഹിനിയുടെ വേഷം അവതരിപ്പിച്ചത്. വാര്യരുടെ രുഗ്മാംഗദനു ചേരുന്ന മോഹിനിയായിരുന്നു അദ്ദേഹത്തിന്റേത്. ഈ മൂന്നു മനോധര്‍മ്മാട്ടങ്ങളും ബന്ധിപ്പിച്ച് ആടുവാന്‍, രണ്ടു വേഷക്കാരും തമ്മില്‍ നല്ല പൊരുത്തമുണ്ടാവേണ്ടത് വളരെ ആവശ്യമാണ്. ആ നിലയ്ക്കും ഇവരുടെ സഖ്യം വളരെ നന്നായിരുന്നു.

RugmangadaCharitham: Brahmins
മൂന്നു ബ്രാഹ്മണര്‍ പരസ്പരം കണ്ടു സംസാരിക്കുന്ന രംഗമാണ് തുടര്‍ന്ന്. ഇവിടെ അവതരിപ്പിച്ച ‘രുഗ്മാംഗദചരിത’ത്തില്‍ ഏറെ വിചിത്രമായി തോന്നിയതും ഈ രംഗമാണ്. ഒരാള്‍ സാധാരണ ബ്രാഹ്മണവേഷം; മറ്റൊരാള്‍ അല്പം മുടന്തോടെ, കൃത്രിമ പല്ലും വെച്ച് വിരൂപനായ ഒരു ബ്രാഹ്മണന്‍; അടുത്തത് ഏറെ വിചിത്രം, സന്യാസിയുടെ രൂപത്തില്‍, അതും പൂണൂലിട്ട സന്യാസി! ഒരാള്‍ സാധാരണക്കാരന്‍(സാധാരണ ബ്രാഹ്മണവേഷം), മറ്റൊരാള്‍ ലൌകികസുഖങ്ങളോട് താത്പര്യമുള്ളയാള്‍(പല്ലുപൊങ്ങിയ, മുടന്തന്‍ ബ്രാഹ്മണന്‍), അടുത്തയാള്‍ നിഷ്‌കാമി(സന്യാസി) എന്നാവണം ഉദ്ദേശിച്ചത്. സാധാരണ ബ്രാഹ്മണവേഷത്തിലുള്ളയാള്‍ ഭൂദേവന്റെ വിശേഷം മറ്റുള്ളവരോട് പറയുന്നതായാണ് ആരംഭിച്ചത്. തുടര്‍ന്ന് മുടന്തന്‍ ബ്രാഹ്മണന്‍ ‘രാപകല്‍ മോഹിനിയോടും ഭൂപന്‍’ എന്ന ഭാഗം പറയുന്നു; അതിനു ശേഷം ‘മോഹിനിയോടു ചേര്‍ന്നിട്ടും’ എന്ന ചരണം സന്യാസി വേഷക്കാരനുമായിരുന്നിരിക്കണം അവര്‍ തമ്മില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കലാനിലയം ഉണ്ണികൃഷ്ണന് പാടിവന്നപ്പോള്‍ വരി മാറിപ്പോയി. ‘മോഹിനിയോടു ചേര്‍ന്നിട്ടും’ എന്ന ചരണം ആദ്യം കയറി തുടങ്ങി, പെട്ടെന്നു തന്നെ തിരുത്തിയെങ്കിലും സന്യാസി-ബ്രാഹ്മണന്‍ അതാടി തുടങ്ങിയിരുന്നു. പദം മാറിപ്പോയതാണെന്ന് മനസിലാക്കിയ ആ കലാകാരന്‍, മുടന്തന്‍ ബ്രാഹ്മണന്‍ തുടങ്ങാനായി കാത്തെങ്കിലും, അദ്ദേഹം അനങ്ങാത്തതിനാല്‍ ‘രാപകല്‍ മോഹിനിയോടും ഭൂപന്‍’ എന്ന ഭാഗം തന്നെ ആടി. അതിനു ശേഷം മുടന്തന്‍ ബ്രാഹ്മണന്‍, ‘മോഹിനിയോടു ചേര്‍ന്നിട്ടും’ എന്ന ചരണവുമാടി. ചുരുക്കത്തില്‍, ചരണങ്ങളുമായി ബന്ധപ്പെടുത്തി വേഷം ധരിച്ചെങ്കിലും, അത് അരങ്ങില്‍ പ്രാവര്‍ത്തികമായില്ല; എന്നു മാത്രമല്ല അബദ്ധമായി തീരുകയും ചെയ്തു!

ഏകാദശീവൃതം അനുഷ്ഠിച്ച്, ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന രുഗ്മാംഗദന്റെ സമീപത്തേക്ക് മോഹിനിയെത്തുന്നു. താന്‍ ഇവിടെ വന്നിട്ട് ഏറെക്കാലമായെങ്കിലും, തന്റെ ആഗമനോദ്ദേശം സാ‍ധിക്കുവാന്‍ തനിക്കിതുവരെ കഴിഞ്ഞിട്ടില്ല എന്നോര്‍ത്ത്; ഇന്ന് അതിനു ശ്രമിക്കുക തന്നെ എന്നുറയ്ക്കുന്നു. ധ്യാനത്തിലിരിക്കുന്ന രുഗ്മാംഗദനെ പുണരുവാന്‍ മുതിരുന്ന മോഹിനിയെ രാജാവ് തടയുന്നു. ഇന്ന് ഏകാദശീവൃതമാണെന്നും; ഇന്ന് കാമകേളികളും, ഭക്ഷണവും നിഷിദ്ധമാണെന്നും അറിയിക്കുന്നു. തന്റെ രാജ്യവാസികളെല്ലാം ഏകാദശീവൃതം അനുഷ്ഠിക്കുന്നു, മോഹിനിയും നോല്‍ക്കുവാന്‍ രാജാവു പറയുന്നു. എന്നാല്‍ പട്ടിണികൊണ്ടു കോലം കഷ്ടമാക്കാമെന്നല്ലാതെ, പ്രയോജനമില്ലാത്ത വ്രതങ്ങള്‍ താന്‍ നോല്‍ക്കുകയില്ലെന്ന് മോഹിനി ശഠിക്കുന്നു. എന്നാല്‍ അങ്ങിനെയാവട്ടെ, തന്നെ നോല്‍ക്കുവാന്‍ അനുവദിക്കുക എന്നു പറയുന്ന രുഗ്മാംഗദനോട് മോഹിനി, തന്റെ കൂടെ ആഹാരം കഴിക്കുവാന്‍ വരുവാന്‍ ആവശ്യപ്പെടുന്നു.

RugmangadaCharitham: Kottackal Chandrasekhara Varier(Rugmgangadan), Kottackal Sambhu Embranthiri(Mohini)
മോഹിനിയുടെ മനം മാറ്റത്തില്‍ ആശ്ചര്യപ്പെടുന്ന രുഗ്മാംഗദന്‍ തന്നെ വ്രതം നോല്‍ക്കുവാന്‍ അനുവദിക്കണമെന്ന് മോഹിനിയോട് അപേക്ഷിക്കുന്നു. തന്നിക്ക് അപ്രിയമായതു പ്രവര്‍ത്തിച്ചാല്‍ സത്യഭംഗം വരുമെന്നും; അങ്ങിനെ വരാതെ വ്രതം നോല്‍ക്കണമെന്നുണ്ടെങ്കില്‍, ഏകപുത്രനെ അമ്മയുടെ മടിയില്‍ കിടത്തി, കണ്ണുകളിലശ്രുകണങ്ങള്‍ ഒട്ടുമേ വന്നിടാതെ, ഗളച്ഛേദം ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇത്രയും കുടിലയായ ഇവളെയാണല്ലോ, താന്‍ തന്റെ രാജ്ഞിയാക്കി വാഴിച്ചതെന്ന് രുഗ്മാംഗദന്‍ കുണ്ഠിതപ്പെടുന്നു. പതിവ്രതാരത്നമായ തന്റെ പത്നിയേയും, ആറ്റുനോറ്റുണ്ടായ ഏകമകനേയും മറന്ന്, ഇവളുടെ സൌന്ദര്യത്തില്‍ മയങ്ങി ജീവിച്ചതിന് ഈശ്വരന്‍ തന്ന ശിക്ഷയാണിതെന്നും രുഗ്മാംഗദന്‍ കരുതുന്നു.

RugmangadaCharitham: Kottackal Chandrasekhara Varier(Rugmgangadan), Kottackal Pradeep(Dharmangadan), Kottackal Unnikrishnan(Sandhyavali)
വിഷമിച്ചിരിക്കുന്ന അച്ഛന്റെ സമീപത്തേക്ക് മകന്‍ ധര്‍മ്മാംഗദന്‍, അമ്മ സന്ധ്യാവലിയേയും കൂട്ടിയെത്തുന്നു. രാജവംശത്തിന്റെ കീര്‍ത്തിക്കു തന്നെ കളങ്കമാവുന്ന, സത്യഭംഗം വരാതിരിക്കുവാന്‍ തന്നെ ഒട്ടും മടികൂടാതെ വധിക്കുവാന്‍ അച്ഛനോട് ധര്‍മ്മാംഗദന്‍ ഉണര്‍ത്തിക്കുന്നു. സന്ധ്യാവലിയുടെ മടിയില്‍ കിടത്തി വെട്ടുവാന്‍ വാളോങ്ങുമ്പോള്‍ വിഷ്ണു പ്രത്യക്ഷപ്പെട്ട് തടയുന്നു. രുഗ്മാംഗദന്റെ ഭക്തി പരീക്ഷിക്കുവാന്‍ ബ്രഹ്മാവയച്ചതാണ് മോഹിനിയെയെന്നും, ധര്‍മ്മാംഗദനെ രാജാവായി വാഴിച്ച് ഭാര്യയോടൊപ്പം തന്നോടു ചേരുവാനും വിഷ്ണു അരുളിചെയ്യുന്നു. അപ്രകാരം ചെയ്ത് രുഗ്മാംഗദനും ഭാര്യയും വിഷ്ണുപദം ചേരുമ്പോള്‍ കഥ അവസാനിക്കുന്നു.

മകനെ കൊല്ലുവാന്‍ മാത്രം വാശിപിടിക്കുന്ന, ക്രൂരയായ മോഹിനിയെയല്ല കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി അവതരിപ്പിച്ചത്. എന്നാല്‍ വ്രതമുപേക്ഷിച്ച് ആഹാരം കഴിക്കുവാന്‍ മാത്രം ആവശ്യപ്പെടുന്ന, സമാധാനപ്രിയയായ മോഹിനിയുമായിരുന്നില്ല. രണ്ടു രീതിയിലായാലും, തന്നോട് അപ്രിയം പ്രവര്‍ത്തിക്കാതിരിക്കുവാന്‍ രാജാവിനോടു നിര്‍ദ്ദേശിക്കുന്ന മോഹിനിയായിരുന്നു ശംഭു എമ്പ്രാന്തിരിയുടേത്. എങ്കിലും രാജാവിനെക്കൊണ്ട് മകനെക്കൊല്ലിക്കുവാന്‍ കൂടുതല്‍ താല്പര്യം മോഹിനിക്കുള്ളതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു. വ്രതം മുടക്കുക എന്നതു മാത്രമാണല്ലോ, മോഹിനിയുടെ ലക്ഷ്യം. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ മുഖത്തു തേപ്പ് സാധാരണയിലും നന്നായിരുന്നു. പച്ച വേഷങ്ങള്‍ വായ തുറക്കരുതെന്നാണ് നിഷ്കര്‍ച്ചിരിക്കുന്നതെങ്കിലും, അധികമായും കത്തി വേഷങ്ങള്‍ ചെയ്തു ശീലിച്ചതിനാലാവണം, ചന്ദ്രശേഖരവാര്യര്‍ പലപ്പോഴും വായ തുറക്കാറുണ്ട്. വളരെ അരോചകമായി തോന്നുന്നു ഈ ശീലം. ഇനിയിതു മാറ്റുക പ്രയാസകരമാണെങ്കിലും, അതിനായി ശ്രമിക്കുകയെങ്കിലും ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.

RugmangadaCharitham: Kottackal Pradeep(Dharmangadan), MakudaMudi
കോട്ടക്കല്‍ പ്രദീപാണ് ധര്‍മ്മാംഗദനെ അവതരിപ്പിച്ചത്. സാധാരണ കിരീടത്തിനു പകരം, മകുടമുടി ചൂടിയാണ് ധര്‍മ്മാംഗദന്‍ രംഗത്തെത്തിയത്. കുട്ടിത്തം തോന്നിക്കുവാനും, യുവരാജാവെന്ന പ്രതീതി ഉണ്ടാക്കുവാനും മകുടമുടി ഉപയോഗിക്കുന്നത് നല്ലതായി തോന്നി. ആവശ്യത്തിനു കളരി പരിചയവും, അരങ്ങു പരിചയവും നേടിയ കലാകാരനാണ് പ്രദീപെന്നു തോന്നി. സാധാരണയിടങ്ങളില്‍ കാണാ‍റുള്ള ധര്‍മ്മാംഗദ വേഷങ്ങളേക്കാള്‍ പക്വതയുള്ള അഭിനയമായിരുന്നു കോട്ടക്കല്‍ പ്രദീപിന്റേത്. സന്ധ്യാവലിയായെത്തിയത് കോട്ടക്കല്‍ ഉണ്ണികൃഷ്ണനാണ്. മകന്റെ ശിരസ് തന്റെ മടിയില്‍ കിടത്തി മുറിക്കുവാന്‍ പോവുന്നു എന്ന വ്യഥയൊന്നും സന്ധ്യാവലിയില്‍ കണ്ടില്ല. തുടക്കക്കാരായ കലാകാരന്മാര്‍ക്ക് അഭിനയിച്ചു പ്രതിഫലിപ്പിക്കുവാന്‍ സാധിക്കുന്നതിലും മുകളിലാണ് സന്ധ്യാവലിയെന്ന കഥാപാത്രം നില്‍ക്കുന്നത്. കുറച്ചു കൂടി പ്രവര്‍ത്തിപരിചയമുള്ള കലാകാരന്മാര്‍ ഈ വേഷം സ്വീകരിക്കുന്നതാണ് ഉചിതം. കോട്ടക്കല്‍ മനോജാണ് വിഷ്ണുവായി അരങ്ങിലെത്തിയത്.

കലാനിലയം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ബാബുനമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് ‘രുഗ്മാംഗദചരിത’ത്തിനു പാടിയത്. ഇരുവരുടെയും പാട്ട് പ്രതീക്ഷിച്ചതിലും നന്നായിരുന്നു. കലാമണ്ഡലം ശങ്കരവാര്യര്‍, കലാമണ്ഡലം വിജയകൃഷ്ണന്‍ എന്നിവരാണ് യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും, തുടക്കത്തില്‍ മേളമൊരുക്കിയത്. ഇന്നത്തെ മദ്ദളവാദകരില്‍ പ്രഥമഗണനീയനാണ് ശങ്കരവാര്യര്‍. എന്നാല്‍, വളരെക്കുറച്ചു നേരം മാത്രമേ അദ്ദേഹം അരങ്ങില്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നത് ആസ്വാദകരെ സംബന്ധിച്ച് നിരാശയുണ്ടാ‍ക്കുന്ന കാര്യമാണ്. ബ്രാഹ്മണരുടെ രംഗത്തിനു ശേഷം സദനം ശ്രീധരന്റെ മദ്ദളവും, കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയുമായിരുന്നു. ചുരുക്കത്തില്‍ പ്രതീക്ഷിച്ചതിലും വളരെ മികച്ച ഒരു അനുഭവമായിരുന്നു കോട്ടക്കലെ രുഗ്മാംഗദചരിതം ആസ്വാദകര്‍ക്കു നല്‍കിയത്.

കലാമണ്ഡലം ശിവരാമന്‍, ആര്‍.എല്‍.വി. സോമദാസ്, കലാമണ്ഡലം സതീശന്‍ എന്നിവരാണ് ആദ്യ രണ്ടു ദിനങ്ങളില്‍ ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. കോട്ടക്കല്‍ ട്രൂപ്പിന്റെ ഉടയാടകളും, ചമയങ്ങളും, കോപ്പുകളുമുപയോഗിച്ച് അരങ്ങിലെത്തിയ വേഷങ്ങള്‍ക്ക് പ്രത്യേക ഭംഗിതന്നെയുണ്ടായിരുന്നു. വേണ്ട സമയത്ത്, വേണ്ട രീതിയില്‍, ആരുടെയും നിര്‍ദ്ദേശം ആവശ്യമില്ലാതെ തന്നെ തിരശീല പിടിച്ച അരങ്ങുസഹായികളും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ഇത്രയും അടുക്കും ചിട്ടയോടും കൂടിയ കഥകളി അവതരണം കേരളത്തില്‍ മറ്റൊരിടത്തും കണ്ടേക്കുവാന്‍ സാധ്യതയില്ലെന്നു തോന്നുന്നു. കഥകളി പ്രേമികള്‍ക്ക് ഒരു പ്രത്യേക അനുഭവം തന്നെയാണ് വിശ്വംഭരക്ഷേത്രത്തിലെ ഉത്സവവും, അതോടു ചേര്‍ന്നു നടത്തുന്ന കഥകളികളും സമ്മാനിക്കുന്നതെന്നത് നിസ്തര്‍ക്കമായ കാര്യമാണ്.


കളിയരങ്ങില്‍:
കനകക്കുന്നിലെ രുഗ്മാംഗദചരിതം - ജനുവരി 21, 2008

ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.

Description: RugmangadaCharitham Kathakali staged at Kottackal SriViswambhara Temple: Kottackal Chandrasekhara Varier(Rugmangadan), Kottackal Sambhu Embranthiri(Mohini), Kottackal Pradeep(Dharmangadan), Kottackal Unnikrishnan(SandhyaVali), Kottackal Manoj(MahaVishnu) | Pattu: Kalanilayaam Unnikrishnan, Kottackal Kochu Narayanan | Melam: Kalamandalam Sankara Varier(Maddalam), Kalamandalam Vijayakrishnan(Chenda) | Chutti: Kalamandalam Satheesan
--

4 അഭിപ്രായങ്ങൾ:

Haree | ഹരീ പറഞ്ഞു...

കോട്ടക്കല്‍ ഉത്സവം തീര്‍ന്നിട്ടു മാസം ഒന്നായെങ്കിലും, ഇപ്പോഴാണ് തിരക്കുകള്‍ അല്പം കുറഞ്ഞ്, എഴുതുവാനുള്ള സാവകാശം കിട്ടിയത്. :)

കോട്ടക്കല്‍ ഉത്സവത്തില്‍ അവതരിപ്പിച്ച രുഗ്മാംഗദചരിതം ആട്ടക്കഥയുടെ ആസ്വാദനമാണ് ഇവിടെ.
--

P.R പറഞ്ഞു...

വളരെ നന്നായിരിയ്ക്കുന്നു പോസ്റ്റ്. കാണാന്‍ വൈകി പോയി.
സത്യത്തില്‍ ഇപ്പോള്‍ തോന്നുന്നു, കളി കണ്ടു കഴിഞ്ഞാല്‍ ആസ്വാദകര്‍ക്കു പ്രതികരിയ്ക്കാന്‍ ഒരവസരം, സജഷന്‍ ബോക്സ് എന്നൊക്കെ പറയില്ലേ, അതു പോലെ എന്തെങ്കിലും വേണമെന്ന്.
അല്ലാതെ സംഘാടകരും, കലാകാരന്മാരും ആസ്വാദകരുടെ അഭിപ്രായങ്ങളും, അവര്‍ക്കുള്ള അഭിനന്ദനങ്ങളും എങ്ങനെ അറിയും?

എതിരന്‍ കതിരവന്‍ പറഞ്ഞു...

പുറപ്പാ‍ാടില്‍ അമ്പും വില്ലും ധരിച്ച് വേഷങ്ങള്‍ വന്നു തുടങ്ങിയോ? അതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.നടുക്കുള്ള രണ്ടുപേര്‍ നീലക്കുപ്പായമിട്ട കൃഷ്ണവേഷവും മറ്റു രണ്ടുപേര്‍ ചുവന്നകുപ്പായവും മകുടമുടിയും ആയതുകൊണ്ട് എല്ല്ലാവരും അമ്പും വില്ലും ധരിക്കുമ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ ആണേ. ലവകുശന്മാരുടെ പകുതിപ്പുറപ്പാട് ആവേശിച്ചതാണോ? ഇതൊക്കെ ആരെടുക്കുന്ന തീരുമാനങ്ങളാണ്?

ഹരിയുടെ വിവരണത്തില്‍ നിന്നും മോഹിനിയുടെ കാമാസക്തി യും രതിലീലയ്ക്കുള്ള പിടിവാശിയും വ്യക്തമായി ആടിയോ എന്നു നിശ്ചയിക്കിനാവില്ല. കഥയുടെ പൊരുള്‍ അവിടെയാണ്. കാമാസക്തിയെ കടിഞ്ഞാണിടുന്നതില്‍ വിജയിക്കുമോ എന്നു പരീക്ഷിക്കപ്പെടുകയാണ് രുഗ്മാംഗദന്‍. ഇത്രയും നാള്‍ ഏകാദശിയും കാമകേളികളും ഒന്നിടവിട്ടുള്ള ചര്യയാണെന്നു ബ്രാഹ്മണവാക്യത്തില്‍. പിന്നീടാണ് ഏകാദശി ദിവസം തന്നെ “ചിത്തജ കേളിയിലിഹ മമ ചെറ്റും തൃപ്തി വരുന്നില്ലകമേ” എന്ന അത്യാവശ്യവുമായി മോഹിനി എത്തുന്നത്. “പൂബാണകേളികള്‍ ചെയ്യരുതേതും ബാലേ” എന്നു രുഗ്മാംഗദന്‍ ഇതു നേരിട്ടപ്പോള്‍ “മട്ടലര്‍ ബാണവിഹാരം പരിതുഷ്ടികരം സുഖസാരം” “വിഹരിക്കണമധികവുമധുനാ” എന്നായി മോഹിനി. “വ്രതം നോല്‍പ്പതിനനുവദിക്ക” എന്നു കെഞ്ചേണ്ടുന്ന ദയനീയസ്ഥിതിയിലാകുന്നു രുഗ്മാംഗദന്‍. പിന്നീട് സ്വന്തം മകനെ ഇല്ലാതാക്കേണ്ടുന്ന പരീക്ഷണത്തിലാണ് എത്തപ്പെടുന്നത്.

മനസ്സില്‍ അവശേഷിച്ചിരിക്കുന്ന കാമവികാരം തന്നെയാണ് മോഹിനി. പഞ്ചനിര്‍ഗ്ഗുണങ്ങളില്‍ എടുത്തുമാറ്റാന്‍ വള പ്രയാസമുള്ള വികാരം. ജീവചോദനയുമായി ബന്ധപ്പെട്ടതാകയാല്‍ ആവശ്യമാണു താനും. അതുകൊണ്ടാണ് രതിയുടെ പരി‍സമാപ്തിയായ സന്താനലബ്ധിയെ അനുബന്ധിച്ച് കഥ നീങ്ങുന്നത്. സ്വന്തം പുത്രനെ ഇല്ലാതാക്കുക. ഇണ ചേര്‍ന്നു ജന്മം കൊടുത്ത അമ്മയുടെ മടിയില്‍ വച്ചു തന്നെ. കാമം പ്രത്യുല്‍പ്പാദനത്തിനുള്ള നിബന്ധന ആണെന്നും അല്ലാതെ അതിനു സാംഗത്യമില്ലെന്നും മനസ്സിലാക്കിക്കൊടുക്കല്‍.
ആഹാരം കഴിച്ച് ഏകാദശി മുടക്കാനല്ല മോഹിനി ആവശ്യപ്പെടെണ്ടത്. കാട്ടില്‍ വച്ച് പിടികൂടിയ ഉജ്ജ്വല കാമവികാരം ആണ് രാജാവിനെ വലയ്ക്കുന്നത്.മോഹിനിയുടെ ഉല്‍ക്കടമായ കാമാവേശം വിജൃംഭിതമായി രംഗത്ത് പ്രകടിപ്പിച്ചാലെ രുഗ്മാംഗദന്റെ ധര്‍മ്മസങ്കടം പക്വമായ മനസ്സു നേടേണ്ട പുരുഷന്റെ വെല്ലുവിളിയായി സാര്‍വജനനീയമാകുകയുള്ളു.

Haree | ഹരീ പറഞ്ഞു...

@ പി.ആര്‍,
:) അങ്ങിനെയൊരു വേദിയൊക്കെ നല്ലതു തന്നെ. പക്ഷെ, കഥകളികള്‍ക്ക് നല്ല വേദികളുണ്ടായെങ്കിലെന്നാണ് എന്റെ ആഗ്രഹം... ആദ്യം കണ്ടു തുടങ്ങട്ടെ, എല്ലാവരും.

@ എതിരന്‍ കതിരവന്‍,
ശ്രീരാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിവരാണ് പുറപ്പാടുവേഷങ്ങള്‍.
ഏകാദശിയും കാമകേളികളും ഒന്നിടവിട്ടോ??? അതെങ്ങിനെ? :) കാമാസക്തിയെ ജയിക്കുമോ എന്നതല്ല ഇവിടെ വിഷയം. അതു പരീക്ഷിക്കുവാനായിരുന്നെങ്കില്‍; ഏകാദശി നോല്‍ക്കുന്ന ദിവസം മോഹിനിയെ ആദ്യമായി അയച്ചാല്‍ മതിയായിരുന്നല്ലോ! അപ്പോഴല്ലേ കാമാസക്തിക്ക് കടിഞ്ഞാണിടുവാന്‍ രുഗ്മാംഗദനു കഴിവുണ്ടോ എന്ന് നന്നായി പരീക്ഷിക്കപ്പെടുകയുള്ളൂ? കാമകേളിയൊക്കെ ആവശ്യത്തിനു നടത്തി, കുറേക്കാലം കഴിഞ്ഞാണോ അത് പരീക്ഷിക്കാന്‍ പോവുന്നത്?

ഇവിടെ സത്യഭംഗം വരുത്തുമോ, വരുത്താതെ ഏകാദശി നോല്‍ക്കുവാനുള്ള വഴി നോക്കുമോ, സത്യഭംഗം വരുത്തി ഏകാദശി നോല്‍ക്കുമോ; ഇതാണ് ബ്രഹ്മദേവന് അറിയേണ്ടത്.

അവസാ‍ന ഖണ്ഡികയിലെ യുക്തി കൊള്ളാം. ആ വഴിയില്‍ ചിന്തിച്ചാല്‍, മോഹിനി കാമാസക്തയായി രംഗത്തു പെരുമാറണം, അതേ ആവേശത്തോടെ തന്റെ ഇഷ്ടനിവൃത്തിക്കു സാധ്യമല്ലെങ്കില്‍, മകനെ കൊല്ലുവാന്‍ ആവശ്യപ്പെടുകയും വേണം. പക്ഷെ, അങ്ങിനെയായിരുന്നില്ല ഇവിടെ അവതരിക്കപ്പെട്ടത്, എവിടെയും അങ്ങിനെ ആടി കണ്ടിട്ടുമില്ല... കൂടുതല്‍ ചര്‍ച്ച ഈ വീക്ഷണകോണിലൂടെ ആവശ്യമാണെന്നു വേണം കരുതുവാന്‍.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--