2008, മേയ് 15, വ്യാഴാഴ്‌ച

ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം ഒന്ന്

KirmeeraVadham Kathakali: Kalamandalam Gopi as Dharmaputhrar, Kalamandalam Shanmukhadas as Panchali, Kalamandalam Mukundan as SriKrishnan.
ഏപ്രില്‍ 20, 2008: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്പത്തിമൂന്നാമത് വാര്‍ഷികാഘോഷം, ആലപ്പുഴ എസ്.ഡി.വി. ബെസന്റ് ഹാളില്‍, ഏപ്രില്‍ ഇരുപതാം തീയതി നടത്തപ്പെട്ടു. ആലപ്പുഴ ക്ലബ്ബ് മണ്മറഞ്ഞ കഥകളി സംഗീതപ്രതിഭകളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ‘സോപാനസംഗീതലയം’ പുരസ്കാരം, സമകാലീന സംഗീതജ്ഞരില്‍ പ്രഥമഗണനീയനായ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിക്ക് നല്‍കുകയുണ്ടായി. തുടര്‍ന്ന് പുലരും വരെ കഥകളിയും അരങ്ങേറി. ‘കിര്‍മ്മീ‍രവധം’, ‘ദുര്യോധനവധം’ എന്നിവയാണ് അവതരിക്കപ്പെട്ടത്. കോട്ടക്കല്‍ ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ‘കിര്‍മ്മീരവധം’ കളിയുടെ ഓര്‍മ്മകള്‍ മായും മുന്‍പു തന്നെ മറ്റൊരു കളി കാണുവാന്‍ അവസരം ലഭിച്ചത് ഒരു ആസ്വാദകനെന്ന നിലയില്‍ സന്തോഷം നല്‍കിയ കാര്യമായിരുന്നു. ഇവിടെ പാത്രചരിതത്തിനു ശേഷം, സിംഹികയുടെ നാസാകുചഛേദനം വരെയുള്ള ഭാഗങ്ങളും ഉണ്ടെന്നറിഞ്ഞത് കൂടുതല്‍ സന്തോഷത്തിനുള്ള വക നല്‍കി.

KirmeeraVadham: Kalamandalam Gopi(Dharmaputhrar), Kalamandalam Shanmukhadas(Panchali)
ധര്‍മ്മപുത്രരായി കലാമണ്ഡലം ഗോപിയും, പാഞ്ചാലിയായി കലാമണ്ഡലം ഷണ്മുഖദാസുമാണ് അരങ്ങിലെത്തിയത്. ‘പാത്രചരിതം’എന്ന പേരില്‍ അറിയപ്പെടുന്ന ആദ്യഭാഗത്തെ കഥ കോട്ടക്കലെ ഉത്സവത്തിനരങ്ങേറിയ ‘കിര്‍മ്മീരവധ’ത്തെക്കുറിച്ചുള്ള പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. പാഞ്ചാലിയുടെ കൈപിടിച്ച് ധര്‍മ്മപുത്രര്‍ പ്രവേശിക്കുന്നതായാണ് രംഗത്തിന്റെ തുടക്കം. തനിക്കു വന്നുഭവിച്ച വിധിവൈപരീത്യം മനസിലോര്‍ത്ത് വിഷമിച്ചുകൊണ്ടാണ് ധര്‍മ്മപുത്രര്‍ പ്രവേശിക്കുന്നത്. ശോകസ്ഥായിയില്‍; കണ്ണുകളുടേയും, പുരികങ്ങളുടേയും, ചുണ്ടുകളുടേയും സൂക്ഷ്മ ചലനങ്ങളിലൂടെ, ധര്‍മ്മപുത്രരുടെ വിചാരവികാരങ്ങള്‍ ഗോപി പ്രേക്ഷകനിലെത്തിച്ചു. പല്ലവിക്കു ശേഷം ‘ഇങ്ങിനെയൊക്കെ വന്നു ഭവിച്ചല്ലോ! ആവട്ടെ, തലയിലെഴുത്തു തന്നെ!’ എന്ന ധര്‍മ്മപുത്രരുടെ ആത്മഗതവും പാത്രത്തിനിണങ്ങുന്ന രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചു.

പാഞ്ചാലിയായി കലാമണ്ഡലം ഷണ്മുഖദാസും വളരെ നന്നായി രംഗത്തു പ്രവര്‍ത്തിച്ചു. പാഞ്ചാലിയുടെ ശോകസ്ഥായിയും, കാട്ടിനുള്ളില്‍ കഴിയുന്നതു മൂലമുള്ള പരവശതയും അദ്ദേഹത്തിന്റെ പാഞ്ചാലിയില്‍ പ്രകടമായിരുന്നു. സാധാരണയായി “ബാലേ! കേള്‍ നീ!” എന്ന പല്ലവിക്കും, അനുപല്ലവിക്കും ശേഷം, “മണിമയസദനേ, മോഹനശയനേ...” എന്ന അവസാന ചരണമാണ് അവതരിപ്പിക്കുവാറുള്ളത്. എന്നാലിവിടെ ഇടയ്ക്കുള്ള ഒരു ചരണം കൂടി പാടുകയുണ്ടായി. എന്നാല്‍, മറ്റെല്ലാ ചരണങ്ങളിലും അഭിസംബോധനകളും, വിശേഷണങ്ങളും മാത്രമാണെന്നതിനാല്‍ ആ ചരണങ്ങള്‍ ഒഴിവാക്കിയാലും കാര്യമായൊന്നും സംഭവിക്കുവാനില്ലെന്നു തോന്നി. വളരെ സുഖസൌകര്യങ്ങളോടെ വസിക്കേണ്ടിയിരുന്ന നിനക്ക്, ഇപ്രകാരം കാട്ടിലെ കഷ്ടതകള്‍ അനുഭവിച്ചു വസിക്കേണ്ടിവന്നുവല്ലോ എന്ന ധര്‍മ്മപുത്രരുടെ സങ്കടവും, നിസ്സഹായതയും മാത്രമാണ് ആദ്യപദത്തില്‍ ആകെയുള്ള പ്രതിപാദ്യം. അതു വരുന്നതാവട്ടെ, അവസാന ചരണത്തില്‍ മാത്രവും!

ധര്‍മ്മപുത്രര്‍ സൂചിപ്പിച്ച വിഷമതകളൊക്കെ സഹിക്കാവുന്നതാണെങ്കിലും, മറ്റൊരു ഖേദമാണ് തന്റെ മനസില്‍ അധികമായി വളരുന്നതെന്ന് പാഞ്ചാലി അറിയിക്കുന്നു. തങ്ങളുടെ കൂടെ കാട്ടിലെത്തിയിട്ടുള്ള ആബാലവൃദ്ധം ബ്രാഹ്മണര്‍ക്ക് എങ്ങിനെ അന്നം നല്‍കുവാന്‍ സാധിക്കും എന്നതാണ് പാഞ്ചാലിയുടെ വിഷമം. ഇതുകേട്ട്, പാഞ്ചാലിയുടെ മഹത്വത്തെ സ്മരിച്ച് ധര്‍മ്മപുത്രര്‍ പറയുന്നു; “താന്‍ ഇപ്പോള്‍ തന്നെ കുലഗുരുവാന ധൌമ്യമഹര്‍ഷിയെ കണ്ട്, ഇതിനൊരു പരിഹാരം ആരായുന്നുണ്ട്.” ഇത്രയും പറഞ്ഞ്, ധൌമ്യനെ കാണുവാനായി വിടവാങ്ങുന്നിടത്ത് ആദ്യ രംഗം അവസാനിക്കുന്നു.

KirmeeraVadham: Kalamandalam Balakrishnan(Dhaumyan), Kalamandalam Gopi(Dharmaputhrar)
ആലപ്പുഴ ക്ലബ്ബിന്റെ കളികള്‍ക്ക്, വേഷഭംഗി കുറവാണെന്നത് ഒരു പ്രധാന പോരായ്മയായി തുടരുന്നു. കലാമണ്ഡലം ഗോപിയുടെ ഉടുത്തുകെട്ടിനു പോലും അത്രയൊന്നും ഭംഗി തോന്നിച്ചില്ല. അപ്പോള്‍ മറ്റുള്ള വേഷങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ! സ്ത്രീവേഷങ്ങളുടെ പ്രധാന വേഷസാമഗ്രികളെല്ലാം കലാകാരന്മാര്‍ തന്നെ കൊണ്ടുവരുന്നതിനാല്‍, സ്ത്രീവേഷങ്ങള്‍ക്ക് ഈ ന്യൂനത ഇല്ലായിരുന്നു താനും. അതുപോലെ മുടി(കിരീടം)കളും, ചാമരവും(തലമുടി) എല്ലാം താരതമ്യേന മോശമായിരുന്നു. എങ്ങിനെയൊക്കെയോ വലിച്ചുകീറിയിട്ടിരിക്കുന്ന ചാമരത്തിന് കഥകളിത്തം തന്നെ നഷ്ടപ്പെട്ടതുപോലെ തോന്നി. വടക്കന്‍ സമ്പ്രദായത്തിലുള്ള കിരീടങ്ങള്‍ ഒന്നുപോലും തയ്യാറാക്കുവാന്‍ സംഘാടകര്‍ക്ക് കഴിയാത്തതും ദുഃഖകരമായി. പ്രധാനകഥാപാത്രങ്ങള്‍ക്കെല്ലാം വടക്കന്‍ കിരീടമാണ് യോജിക്കുന്നതും, ഭംഗിയും. ഹംസം, കാര്‍ക്കോടകന്‍ തുടങ്ങിയ ചെറുവേഷങ്ങള്‍ക്ക് തെക്കന്‍ കിരീടവുമിണങ്ങും. അതുപോലെ ഇളം നിറത്തിലുള്ള പിന്നിലെ തിരശീലയും കഥകളിക്ക് യോജിച്ചതല്ല. ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ, അതുകൊണ്ട് ദൃശ്യാനുഭവത്തിനുണ്ടാവുന്ന കുറവ് വ്യക്തമാവും.

KirmeeraVadham: Kalamandalam Mukundan(SriKrishnan), Kalamandalam Gopi(Dharmaputhrar)
ധൌമ്യനായി കലാമണ്ഡലം ബാലകൃഷ്ണനും, സൂര്യനായി വാരനാട് സനലും വേഷമിട്ടു. ധൌമ്യന്‍ ഉപദേശിച്ച മന്ത്രം ജപിച്ച്, സൂര്യനെ ധ്യാനിച്ച്, പ്രത്യക്ഷപ്പെടുത്തുന്നു. അക്ഷയപാത്രം വരമായി വാങ്ങി ആദ്യം ധൌമ്യസവിധത്തിലും തുടര്‍ന്ന് പാഞ്ചാലിയുടെ സമീപത്തും യുധിഷ്ഠിരനെത്തുന്നു. പാത്രത്തിന്റെ സവിശേഷതകള്‍ ഇരുവരേയും ധരിപ്പിക്കുന്നുമുണ്ട്, ധര്‍മ്മപുത്രര്‍. അതിനു ശേഷം ശ്രീകൃഷ്ണനെ സ്മരിക്കുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണന്റെ ശംഖനാദം കേള്‍ക്കുന്നതായി ആടി, കൃഷ്ണന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആനയിച്ചിരുത്തി വണങ്ങുന്നു. ഇത്രയും ഭാഗത്തെ ചെണ്ടയെകുറിച്ച് ഒന്നു സൂചിപ്പിക്കേണ്ടതുണ്ട്. സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതു മുതല്‍, ശ്രീകൃഷ്ണനെ ആനയിച്ചിരുത്തുന്നതു വരെയും വലന്തലയിലായിരുന്നു കൊട്ടിയതു മുഴുവനും. ഇത് എത്രമാത്രം ശരിയാണെന്ന് സംശയമുണ്ട്. മംഗളമുഹൂര്‍ത്തങ്ങളിലാണല്ലോ വലന്തല ഉപയോഗിക്കേണ്ടത്. സൂര്യന്റെ കൈയില്‍ നിന്നും അക്ഷയപാത്രം വാങ്ങിയ ശേഷം, ധൌമ്യനേയും, പാഞ്ചാലിയേയും കാണുന്ന ഭാഗങ്ങളില്‍ വലന്തലയുടെ ആവശ്യമുണ്ടോ? അതുകഴിഞ്ഞ്, ശ്രീകൃഷ്ണന്‍ പ്രത്യക്ഷനാവുമ്പോള്‍ പോരേ, വലന്തലയുടെ പിന്നീടുള്ള പ്രയോഗം?

കലാമണ്ഡലം മുകുന്ദനാണ് ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. വേഷഭംഗിയുണ്ടെന്നുള്ളതൊഴിച്ചാല്‍, മുകുന്ദന്റെ അരങ്ങത്തെ പ്രവര്‍ത്തികള്‍ അത്രമെച്ചമായി തോന്നിയില്ല‍. “ഒരു നാണമില്ലയോ?” എന്ന് ധര്‍മ്മപുത്രര്‍ ചോദിക്കുമ്പോള്‍, എഴുന്നേറ്റ് തന്റെ കൌരവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുവാന്‍ മറന്നിരുന്ന ശ്രീകൃഷ്ണനെ, കലാമണ്ഡലം ഗോപി കൈമുട്ടുകൊണ്ടുന്തി എഴുനേല്‍പ്പിക്കേണ്ടിയും വന്നു. മാത്രവുമല്ല ആദ്യം മുതല്‍ ഒടുക്കം വരേയും ശ്രീകൃഷ്ണന്റെ ഭാവത്തിന് കാര്യമായ മാറ്റമൊന്നും തോന്നിയതുമില്ല. ഇത്രയും പാത്രബോധമില്ലാതെ അരങ്ങത്തു പ്രവര്‍ത്തിക്കുവാന്‍, ഭാവിയിലെ പ്രതീക്ഷയായ മുകുന്ദനെപ്പോലെയുള്ളവര്‍ തുനിയുന്നതു ദൌര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. നെടുമുടി വാസുദേവ പണിക്കരാണ് സുദര്‍ശനത്തെ അവതരിപ്പിച്ചത്. സുദര്‍ശനത്തിനു വേണ്ട ഉഗ്രതയൊന്നും അദ്ദേഹത്തിന്റെ വേഷത്തില്‍ കണ്ടില്ല. മുഖത്തെഴുത്തും അത്ര ആകര്‍ഷകമായി തോന്നിയില്ല. നൃത്തം മാത്രം തരക്കേടില്ലാതെ അവതരിപ്പിച്ചു.

KirmeeraVadham: Kalamandalam Mukundan(SriKrishnan), Kalamandalam Gopi(Dharmaputhrar)
പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കോട്ടക്കല്‍ മധു എന്നിവരാണ് ആദ്യ ഭാഗത്തിനു പാടിയത്. ഇരുവരും വളരെ മനോഹരമായി എല്ലാ പദങ്ങളും ആലപിച്ചു. പ്രത്യേകിച്ചും, “ബാലേ! കേള്‍ നീ!” എന്ന ആദ്യപതിഞ്ഞ പദം. സുദര്‍ശനത്തിന്റെ പദമായ “മാധവ! ജയശൌരേ!” മാത്രം പ്രതീ‍ക്ഷയ്ക്കൊത്തുയര്‍ന്നില്ല. മദ്ദളത്തില്‍ കലാമണ്ഡലം അച്ചുതവാര്യരും, ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുമാണ് പ്രവര്‍ത്തിച്ചത്. മദ്ദളം തെറ്റുകുറ്റങ്ങളില്ലാതെ കൈക്കുകൂടിയെങ്കിലും, ചെണ്ട വളരെ മോശമായെന്നത് പറയാതെ വയ്യ. കൈക്കു കൂടുന്നതുപോയിട്ട് കലാശങ്ങളില്‍ പോലും വേണ്ടത്ര ശ്രദ്ധ നല്‍കുന്നതായി തോന്നിയില്ല. സുദര്‍ശനത്തിന്റെ പദഭാഗത്തെ കലാശങ്ങളിലാവട്ടെ, ചുവടുകള്‍ പകുതിയായ ശേഷമാണ് ചെണ്ട തുടങ്ങിയതു തന്നെ!

ചെണ്ട മോശമായതിലും മറ്റും അസ്വസ്ഥമായിരിക്കുമ്പോളാണ്, കലാമണ്ഡലം ഗോപിയുടെ വക മറ്റു കോപ്രായങ്ങള്‍. പലഭാഗത്തും ചെണ്ട കൈക്കുകൂടാത്തതിലും, താളത്തിനൊക്കാത്തതിലും തനിക്കുള്ള അസ്വസ്ഥത ഗോപി അരങ്ങില്‍ പ്രകടമാക്കി. കൂടാതെ മുകുന്ദന്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കാഞ്ഞപ്പോഴും ഗോപിക്കു പാത്രബോധം നഷ്ടപ്പെട്ടു. ഇവയൊക്കെ കഥാപാത്രത്തോടും കലയോടുമുള്ള പ്രതിബന്ധതയായി കണക്കാക്കാമെന്നു വെച്ചാല്‍ പോലും; സുദര്‍ശനം പന്തവുമായെത്തിയപ്പോള്‍ ചൂടു സഹിക്കുവാന്‍ വയ്യെന്നു പറഞ്ഞ് പിന്നിലോട്ടു മാറിയതും, പകുതി കഴിഞ്ഞപ്പോള്‍ പന്തം മാറ്റുവാന്‍ ആവശ്യപ്പെട്ടതും, പന്തം കെടുത്തിയപ്പോള്‍ പുകമൂലം വീണ്ടും അസ്വസ്ഥത പ്രകടമാക്കിയതുമൊന്നും ന്യായീകരിക്കത്തക്കതല്ല. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, ഇവയെല്ലാം തന്റെ ആസ്വാദനത്തെ ബാധിക്കുന്നവയാണ്. ചെണ്ടയ്ക്കോ, കൂട്ടുവേഷത്തിനോ തെറ്റുപറ്റിയെങ്കില്‍; തന്റെ കഥാപാത്രത്തിനു കോട്ടം വരാത്ത രീതിയില്‍ വിവരം ധരിപ്പിക്കുവാന്‍ ശ്രമിക്കാവുന്നതാണ്. എന്നാലുടനെ കലാമണ്ഡലം ഗോപിയായി അവരെ അരങ്ങില്‍ ശകാരിക്കുന്നത് ഒട്ടും അഭിലഷണീയമല്ല. പ്രഗല്‍ഭനായ ഒരു നടനെന്ന രീതിയില്‍, എവിടെ ചെന്നാലും നല്ല പരിഗണനയും, ശ്രദ്ധയും സംഘാടക്കര്‍ ഗോപിക്കു നല്‍കാറുണ്ട്. അവയ്ക്കൊന്നും വില കല്പിക്കാത്ത രീതിയില്‍, ചൂടിനേയും മറ്റും പരാതിപറഞ്ഞ്, അതു പുറത്തു കാണിച്ച് അരങ്ങില്‍ പ്രവര്‍ത്തിക്കുന്നത് സങ്കടകരമാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍, വലിയ തരക്കേടില്ലാത്ത ആദ്യഭാഗമായിരുന്നു ആലപ്പുഴയില്‍ വെച്ചുണ്ടായത്. അരങ്ങിലെ കല്ലുകടികള്‍ ഒഴിവാക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍, വളരെ മികച്ച ഒരു അവതരണമായി കണക്കാക്കപ്പെടേണ്ടിയിരുന്ന ഒരു കളി, ഇങ്ങിനെയായതില്‍ കുണ്‌ഠിതപ്പെടുകയല്ലാതെ വേറെന്തു ചെയ്യുവാന്‍!


കളിയരങ്ങില്‍:
കോട്ടക്കലെ കിര്‍മ്മീരവധം - ഏപ്രില്‍ 2, 2008

Description: KirmeeraVadham Kathakali staged as part of 43rd Annual Celebrations of Alappuzha District Kathakali Club. An appreciation by Haree (Hareesh N. Nampoothiri). Kalamandalam Gopi as Dharmaputhrar, Kalamandalam Shanmukhadas as Panchali, Kalamandalam Balakrishnan as Dhaumyan, Varanad Sanal as Suryan, Kalamandalam Mukundan as SriKrishnan, Nedumudi Vasudeva Panicker as Sudarsanan. Pattu by Pathiyoor Sankarankutty and Kottackal Madhu. Melam Kalamandalam AchuthaVarier in Maddalam and Kuroor Vasudevan Nampoothiri in Chenda.
--

5 അഭിപ്രായങ്ങൾ:

Haree | ഹരീ പറഞ്ഞു...

ആലപ്പുഴ കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് അവതരിക്കപ്പെട്ട, ‘കിര്‍മ്മീരവധം’ കഥകളിയിലെ, ‘പാത്രചരിതം’ വരെയുള്ള ഭാഗത്തെ ആസ്വാദനം.

എല്ലാ വായനക്കാരുടേയും അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും, കാഴ്ചപ്പാടുകളും പ്രതീക്ഷിക്കുന്നു. :)
--

മണി പറഞ്ഞു...

*സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതു മുതല്‍, ശ്രീകൃഷ്ണനെ ആനയിച്ചിരുത്തുന്നതു വരെയും വലന്തലയിലായിരുന്നു കൊട്ടിയതു മുഴുവനും.
ഹരീ ഇങ്ങിനെതന്നെയാണ് പതിവ്,പിന്നെ കെ.പി.എസ്സ്.മേനോന്‍,പത്മനാഭന്‍ നായരാശാന്‍ എന്നിവരുടെ ആട്ടപ്രകാരം പ്രിശോധിച്ചതില്‍ നിന്നും ഇതുതന്നെയാണ് ഇവിടുത്തെ ചിട്ടയും എന്ന് കണ്ടു.സൂര്യന്‍ മറഞ്ഞുകഴിഞ്ഞാല്‍ വലന്തലയില്‍ ത്യപുടമേളം എന്നാണ് പറയുന്നത്.ഈ ഭാഗ്ഗത്ത് ദിവ്യമായ പാത്രത്തിന്റെ സാനിധ്യം അരങ്ങിലുള്ളതുകൊണ്ടാണെന്നുതോന്നുന്നു ഇങ്ങിനെ മംഗളധ്വനിയായ വലന്തലമേളം ചിട്ടപ്പെടുത്തിയിരിക്കുന്നത്.പാത്രം പാഞ്ചാലികുനല്‍കി തിരിഞ്ഞാല്‍ ത്യപുടമുറുകി മേളം നിര്‍ത്തുന്നു.പിന്നീട് ശ്ലോകമാണല്ലൊ,തുടര്‍ന്ന് ക്യഷ്ണന്‍ പ്രവേശിക്കുന്വോഴും വലന്തല കൊട്ടുന്നു.

*പിന്നെ ഗോപിയാശാന്റെ കാര്യം,അതു ഹരീ പറഞ്ഞത് തികച്ചും ശരിതന്നെയാണ്-“സുദര്‍ശനം പന്തവുമായെത്തിയപ്പോള്‍ ചൂടു സഹിക്കുവാന്‍ വയ്യെന്നു പറഞ്ഞ് പിന്നിലോട്ടു മാറിയതും, പകുതി കഴിഞ്ഞപ്പോള്‍ പന്തം മാറ്റുവാന്‍ ആവശ്യപ്പെട്ടതും, പന്തം കെടുത്തിയപ്പോള്‍ പുകമൂലം വീണ്ടും അസ്വസ്ഥത പ്രകടമാക്കിയതുമൊന്നും ന്യായീകരിക്കത്തക്കതല്ല.“

*മിടുക്കന്റെ മിടുക്ക് അറിവില്ലാത്തവരല്ലല്ലൊ കളി സംഘടിപ്പിച്ചത്? അതറിയാവുന്നതിനാലും കിര്‍മ്മീരവധം പോലെ ചിട്ടപ്രധാനമായ കഥയായതിനാലും ഗോപീയാശാനൊപ്പം കൂടാന്‍ കുറച്ചുകൂടി നല്ലൊരു ചെണ്ടക്കാരനേക്കൂടി വിളിക്കേണ്ടതായിരുന്നു സംഘാടകര്‍.

Haree | ഹരീ പറഞ്ഞു...

@ മണി,
ശരിയാണ്. വലന്തല അവിടെ പ്രയോഗിച്ചതില്‍ പിഴവുണ്ട് എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അങ്ങിനെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. പാത്രത്തിന്റെ സാന്നിധ്യം അരങ്ങിലുള്ളതുകൊണ്ടു മാത്രം വലന്തല അത്രയും കാലം പ്രയോഗിക്കേണ്ടതുണ്ടോ? മംഗളമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ വരവില്‍ വലന്തല ഉപയോഗിച്ച ശേഷം, ശ്രീകൃഷ്ണന്‍ അരങ്ങില്‍ നില്‍ക്കുന്ന മുഴുവന്‍ സമയവും വലന്തല ഉപയോഗിക്കുന്നില്ലല്ലോ!
--

gauri പറഞ്ഞു...

Dear Hari,

Your reviews are very informative for new 'aswadakas' like me.

Thiranottam, Dubai is organizing two Kathakali programmes at Irinjalakkuda on 9th and 10th August 2008.

Kirmeeravadham (Sampoornam) will be staged on 9th, followed by Lavanasuravadham on 10th.
Kirmeeravahdam - Dharmaputrar - Gopiasan, Krishnan - Sadanam Krishnankutty, Lalitha - Margi Vijayakumar, Panchali - Shanmughadas, Kirmeeran - Kottakkal Chandrasekharan, etc.

Lavanasuravadham - Hanuman - Ramankutty Asan, Seetha - Kottakkal Sivaraman, etc.

Pattu - Kalanilayam Unnikrishnan, Madhu, Vinod, Nedumpilli, etc.

There are other programmes during two days (Keli, Melappadam, Seminar, Kooth, Kacheri, etc.)

Hope we can meet you there.
Ram - Dubai

Haree | ഹരീ പറഞ്ഞു...

@ ഗൌരി,
വിവരം ഇവിടെ പങ്കുവെച്ചതില്‍ വളരെ സന്തോഷം. കഥകളി അരങ്ങുകളുടെ ഒരു ഡേറ്റാബേസ് ഇവിടെ ലഭ്യമാണ്. അവിടെയും വിവരങ്ങള്‍ ചേര്‍ക്കുമെന്നു കരുതട്ടെ. കൂടുതല്‍ പേര്‍ക്ക് അറിയുവാനും, കളി കാണുവാനായി എത്തിച്ചേരുവാനും അവിടെ നല്‍കുമ്പോള്‍ സാ‍ധ്യതയുണ്ട്.

‘കിര്‍മ്മീരവധം’ പൂര്‍ണ്ണമായി വളരെ അപൂര്‍വ്വമായല്ലേ അവതരിപ്പിക്കുവാറുള്ളൂ. അതിനാല്‍ തന്നെ കാണുവാന്‍ ആഗ്രഹമുണ്ട്. പക്ഷെ, നടക്കുമോ എന്നറിയില്ല.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--