2008, ജനുവരി 5, ശനിയാഴ്‌ച
കിഴക്കേക്കോട്ടയിലെ നളചരിതം രണ്ടാം ദിവസം
ഡിസംബര്‍ 27, 2007: നളചരിതമേളയുടെ രണ്ടാമതുദിനം, നളചരിതം രണ്ടാം ദിവസം ആട്ടക്കഥയിലെ വേര്‍പാടുവരെയുള്ള രംഗങ്ങളാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപി നളനായും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും ആദ്യരംഗത്തില്‍ അരങ്ങിലെത്തി. “കുവലയവിലോചനേ! ബാലേ! ഭൈമി!” എന്ന പ്രശസ്തമായ പതിഞ്ഞ പദത്തോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്. ദമയന്തിയുടെ കരംഗ്രഹിച്ചുകൊണ്ട് അരങ്ങില്‍ പ്രവേശിക്കുന്ന നളന്‍, ദമയന്തിയെ നോക്കിക്കണ്ട ശേഷം പദം ആരംഭിക്കുന്നു. ശൃംഗാരരസപ്രധാനമായ ഈ പദം ഏതൊരു കലാകാരനും ഒരു വെല്ലുവിളി തന്നെയാണ്. കലാമണ്ഡലം ഗോപി - മാര്‍ഗി വിജയകുമാര്‍, ഇവരുടെ നളദമയന്തിമാരെ വെല്ലുവാന്‍ ഈ കാലത്ത് മറ്റൊരു കൂട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടേയും ആദ്യ രംഗത്തെ അഭിനയം.
“കുവലയവിലോചനേ!” എന്ന നളന്റെ പദത്തിനു ശേഷം, ദമയന്തിയുടെ “സാമ്യമകന്നോരുദ്യാനം...” എന്നു തുടങ്ങുന്ന മറുപടി പദമാണ്. ആ പദത്തില്‍ “കങ്കേളി ചെമ്പകാദികള്‍ പൂത്തു നില്‍ക്കുന്നു,” എന്നൊരു ഭാഗമുണ്ട്. ദമയന്തിയിതു പറയുമ്പോള്‍, നളന്‍ ചോദിക്കുന്നു; ‘പൂത്തുനില്‍ക്കുന്നതു കണ്ടിട്ട് എന്തു തോന്നുന്നു?’. ഇതിന്റെ മറുപടി അടുത്ത വരിയാണ്, “ശങ്കേ, വസന്തം ആയാതം.”. ‘വസന്തത്തിന്റെ വരവായില്ലേയെന്ന് താന്‍ സംശയിക്കുന്നു’ എന്നു സാരം. ‘അതുതന്നെ!’ എന്ന് നളന്‍ തിരിച്ചുപറയുന്നു. എത്ര മനോഹരമായാണ് കലാമണ്ഡലം ഗോപി, മനോധര്‍മ്മം വരികള്‍ക്കിടയില്‍ പ്രയോഗിച്ചതെന്നു നോക്കുക. ഈ രീതിയിലുള്ള പ്രയോഗങ്ങള്‍ മറ്റു കലാകാരന്മാര്‍ ചെയ്യുന്നതുകാണാറില്ല. വളര്‍ന്നു വരുന്ന പുതുതലമുറക്കാരെങ്കിലും, ഇവയൊക്കെ കണ്ടു മനസിലാക്കി അരങ്ങില്‍ പ്രയോഗിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. അരങ്ങുകള്‍ കണ്ടുള്ള പരിചയം ഒരു കഥകളി കലാകാരന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പക്ഷെ, കഥകളി പഠിക്കുന്നവര്‍, കളി കാണുവാനെത്തുക എന്നത് അപൂര്‍വ്വമാണ്.
“ദയിതേ! നീ കേള്‍, കമനീയാകൃതേ!” എന്ന മനോഹരമായ പദമാണടുത്തത്. ദമയന്തിയോടുള്ള പ്രണയത്താല്‍ ദീനനായ തന്റെ വിവാഹത്തിനു മുന്‍പുള്ള അവസ്ഥ ദമയന്തിയോടു പറയുകയാണിതില്‍ നളന്‍. ഈ പദത്തിലെ “ഓരോ ജനങ്ങള്‍ ചൊല്ലി, നിന്‍ഗുണമങ്ങു നിശമ്യസദാ; ധീരോപി, ഞാനധികം; മങ്ങിമയങ്ങി അനംഗരുജ!” എന്ന ചരണമാണ് വിശദമായി ആടാറുള്ളവയിലൊന്ന്. ഓരോരുത്തര്‍ ദമയന്തിയുടെ ഗുണങ്ങള്‍ പറഞ്ഞതുകേട്ട്, ധൈര്യവാനായ ഞാന്‍ കാമദേവന്റെ അസ്ത്രങ്ങളേറ്റ് നിരുത്സാഹവാനായി കാണപ്പെട്ടു എന്നിതിന് അര്‍ത്ഥം പറയാം. ഇവിടെ ‘മങ്ങിമയങ്ങി’ എന്ന ഭാഗം വളരെ നന്നായി കലാമണ്ഡലം ഗോപി അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഈ സമയം, മാര്‍ഗി വിജയകുമാറിന്റെ മുഖഭാവവും ശ്രദ്ധിക്കേണ്ടതുണ്ട്. ദമയന്തി എന്ന പേരിലൊരു സ്ത്രീവേഷം വെറുതേ അരങ്ങില്‍ നില്‍ക്കുകയല്ല, നളന്‍ പറയുന്നത് ഓരോന്നും സശ്രദ്ധം കേട്ട്, അതിലുള്‍ക്കൊണ്ടിരിക്കുന്ന ഭാവം മുഖത്തുവരുത്തുകയാണ് മാര്‍ഗി വിജയകുമാര്‍ ചെയ്യുക. ‘ഭംഗിതിരയടിക്കുന്ന നിന്റെ രൂപമോര്‍ത്ത് ഓരോ ദിനവും എനിക്ക് യുഗങ്ങളായി അനുഭവപ്പെട്ടു’ എന്നു നളന്‍ പറയുമ്പോള്‍ ദമയന്തിയായി അഭിനയിക്കുന്ന കലാകാരന്റെ മുഖത്ത് ലജ്ജവരുന്നില്ലെങ്കില്‍ എത്ര അരോചകമായിരിക്കും ഇത്രയും മനോഹരമായ ഒരു ശൃംഗാരപദമെന്നു ചിന്തിച്ചു നോക്കൂ. ഓരോ വരിക്കും അതിനനുസൃതമായി ഭാവം മുഖത്തുകൊണ്ടുവരുന്ന മാര്‍ഗി വിജയകുമാറിന്റെ ദമയന്തി എന്തുകൊണ്ടും മറ്റുള്ളവര്‍ക്ക് അനുകരണീയമായ മാതൃകയാണ്.
ഈ മൂന്നുപദങ്ങളും അഭിനയപ്രധാനമാണ്, അതുപോലെ തന്നെ സംഗീതപ്രധാനവുമാണ്. എന്നാല്‍ കലാമണ്ഡലം സുബ്രഹ്മണ്യന്‍, കലാമണ്ഡലം ഹരീഷ് നമ്പൂതിരി എന്നിവരുടെ പാട്ട് തീരെ ശരിയായില്ല. ഹരീഷിനേക്കാള്‍ ഇതിന്റെ ഉത്തരവാദിത്തം സുബ്രഹ്മണ്യനാണു താനും. “ദയിതേ! നീ കേള്‍” എന്ന പദത്തില്‍ ചരണത്തിനു ശേഷമുള്ള ആദ്യവരിയുടെ ആവര്‍ത്തനമൊക്കെ വിട്ടുപോവുക എന്നതൊക്കെ ക്ഷമിക്കുവാന്‍ കഴിയാത്ത തെറ്റുകളാണ്. മുദ്രയ്ക്കനുസരിച്ച് പദത്തിലെ വാക്കുകള്‍ വിന്യസിക്കുന്നതില്‍ ഒട്ടും തന്നെ ശ്രദ്ധിക്കുകയുമുണ്ടായില്ല. കലാമണ്ഡലം ഗോപി മുദ്രകള്‍ വാക്കിനനുസരിച്ചു വിന്യസിക്കുന്നതില്‍ വളരെ നിഷ്കര്‍ഷ പുലര്‍ത്തുന്ന കലാകാരനായതിനാല്‍, ഇത് കുറച്ചൊന്നുമല്ല അഭിനയത്തെ ബാധിച്ചത്. ഇത്രയും അരങ്ങുപരിചയവും അനുഭവസമ്പത്തുമുള്ള കലാകാരന്മാര്‍, ഉത്തരവാദിത്തമില്ലാതെ അരങ്ങത്തു പ്രവര്‍ത്തിക്കുന്നത് വളരെ കഷ്ടമാണ്! കലാമണ്ഡലം സുബ്രഹ്മണ്യന്റെ പാട്ടില്‍ ആകെ കണ്ടൊരു മെച്ചം വാക്കുകള്‍ മുറിക്കുന്നതിലെ ഔചിത്യമാണ്. ഉദാഹരണത്തിന് “നാള്‍തോറും വളരുന്നു...” എന്ന ഭാഗം പലപ്പോഴും “നാള്‍തോ.....റും... വളരുന്നു...” എന്നാണ് പാടാറുള്ളത്. എന്നാല്‍ സുബ്രഹ്മണ്യന്‍ പാടിയത് “നാള്‍തോറും........ വളരുന്നു...” എന്നാണ്. പദം പാടിക്കേള്‍ക്കുമ്പോള്‍ അര്‍ത്ഥം വ്യക്തമായിത്തന്നെ മനസിലാക്കുവാന്‍ ഈ രീതിയില്‍ വാക്കുകള്‍ ഉചിതമായി മുറിക്കുന്നതിലൂടെ സാധിക്കുന്നു.
ആദ്യരംഗത്തിലെ ഇത്രയും പദങ്ങള്‍ക്കു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മമാണ്. ആദ്യം നളന്‍ ചോദിക്കുന്നു, ‘വിവാഹത്തിന്, തന്റെ രൂപത്തിലുള്ള അഞ്ചുപേരില്‍ നിന്നും എന്നെയെങ്ങിനെ കൃത്യമായി നീ വരിച്ചു?’ എന്ന്. ദമയന്തിയുടെ മറുപടി, ‘താന്‍ കുട്ടിക്കാലത്തുതന്നെ മനസാവരിച്ച നളനെ തനിക്കു തന്നെ ലഭിക്കുവാന്‍ കനിവുണ്ടാവണമെന്ന് ദേവന്മാരോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോളവര്‍ തങ്ങളുടെ ചിഹ്നങ്ങള്‍ കാട്ടിത്തന്നു. അങ്ങിനെയാണ് താന്‍ അങ്ങയെ തിരിച്ചറിഞ്ഞത്.’ നളനും ദമയന്തിയും ദേവന്മാരെ വന്ദിച്ചശേഷം, നളന്‍ തുടരുന്നു; ‘അതിവിശിഷ്ടമായ പദാര്‍ത്ഥങ്ങളുടെ നീരെടുത്ത് ദൈവം നിന്റെ അംഗങ്ങള്‍ മനോഹരമാക്കി. കൊന്ത് എറിഞ്ഞത് ചന്ദ്രനില്‍ പതിച്ചു. അവ ചന്ദ്രനില്‍ കറുത്ത പാടുകളായി കാണപ്പെടുന്നു. തളികയില്‍ ശേഷിച്ചവ താമരപ്പൂവുകളായി. കൈ കുടഞ്ഞപ്പോള്‍ തെറിച്ച തുള്ളികള്‍ നക്ഷത്രങ്ങളായി ആകാശത്തില്‍ വിളങ്ങി. ഇതുകണ്ട് പരിഭവിച്ച് താമര കൂമ്പി നിന്നു. പകല്‍ സൂര്യനുദിച്ച്, നക്ഷത്രങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ താമര വീണ്ടും വിരിയുന്നു.’ തുടര്‍ന്ന് ഉദ്യാനത്തിലെ വിവിധ കാഴ്ചകള്‍ കാണുവാനായി ഇരുവരും തിരിക്കുന്നു. നിലത്തുകിടക്കുന്ന വാടിയപൂവുകള്‍ കണ്ട്, നളന്‍ ദമയന്തിയോട് പറയുന്നു: ‘ഇവ നിന്നെ വരവേല്‍ക്കുവാനായി താഴെവീണു കിടക്കുകയാണ്’. വാടിയ പൂവുകളെ നളന്‍ തലോടുമ്പോള്‍ അവ വീണ്ടും വിടര്‍ന്ന് സുഗന്ധം പരത്തുന്നു. ദേവന്മാര്‍ വിവാഹത്തിനു ശേഷം തനിക്കു നല്‍കിയ വരങ്ങളെ നളന്‍ സ്മരിക്കുന്നു.
ഉദ്യാനത്തിലൂടെ നടക്കുമ്പോള്‍ കാണുന്ന കാഴ്ചകളുടെ വര്‍ണ്ണന തുടരുന്നു. നളന്‍, ‘ഒരു അരയന്നം നിന്റെ നടപ്പിന്റെ ഭംഗികണ്ട്, അത്രയും ഭംഗിയായി നടക്കുവാന്‍ തനിക്കാവുന്നില്ലല്ലോ എന്നു ദുഃഖിച്ച് വേഗം നടന്നു മറഞ്ഞു. അതാ, നോക്കൂ ഒരു മരത്തില്‍ വള്ളി പടര്‍ന്നു കയറിയിരിക്കുന്നു, ഇതു കണ്ടിട്ട് നിനക്കെന്തു തോന്നുന്നു?’. മറുപടിയായി ദമയന്തി, ‘മരത്തില്‍ വള്ളിയെന്നതുപോലെ പുണരുവാന്‍.’ അപ്പോള്‍ നളന്‍, ‘അത്രയും മാത്രമല്ല, പിന്നീടൊരിക്കലും പിരിയാതിരിക്കുവാനും!’. ഇങ്ങിനെയൊക്കെ ഓരോന്നു പറഞ്ഞു നടക്കുമ്പോള്‍ ഒരു മാന്‍പേട കുട്ടികള്‍ക്ക് മുലയൂട്ടുന്നതു കാണുന്നു. ഇതുകണ്ട് സ്വയം മറന്നു നില്‍ക്കുന്ന ദമയന്തിയോട് നളന്‍ കാര്യം തിരക്കുന്നു. ‘ഒന്നുമില്ല, വെറുതെ...’ എന്നു പറയുന്ന ദമയന്തിയോട് നളന്‍, ‘കാര്യമൊക്കെ എനിക്കു മനസിലായി. നമ്മുടെ കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനെക്കുറിച്ചല്ലേ ചിന്തിച്ചത്, അധികം വൈകാതെ നമുക്കും കുട്ടികളാവും’. ദൂരെയൊരു വള്ളിക്കുടില്‍ കണ്ട്, ‘അതിന്റെ ശിഖരങ്ങള്‍ നമ്മെ വിളിക്കുന്നതുപോലെയില്ലേ? അങ്ങോട്ടു പോവുകയല്ലേ?’ എന്നു ചോദിച്ച് രണ്ടാളും കൂടി അങ്ങോട്ടു മാറുന്നിടത്ത് ആദ്യരംഗം അവസാനിക്കുന്നു.
മറ്റൊരിടത്ത് കലിയും ദ്വാപരനും ഭൈമീവിവാഹത്തില്‍ പങ്കെടുക്കുവാനായി ഭൂമിയിലേക്കുള്ള യാത്രാമദ്ധ്യേയാണ്. വഴിയില്‍ ഇന്ദ്രാദികളായ ദേവന്മാരെ കണ്ടുമുട്ടുന്നു. ദമയന്തിയുടെ വിവാഹം കേവലം ഒരു മനുഷ്യനായ നളനുമായി നടന്നു എന്നറിഞ്ഞ് അത്യധികം കോപിഷ്ഠനാവുന്ന കലി, ഭൈമിയേയും നളനേയും രാജ്യത്തേയും വേര്‍പിരിക്കുമെന്ന് മനസിലുറപ്പിക്കുന്നു. ദ്വാപരനോട് അതിനെന്തുവഴിയെന്നാലോചിച്ച്, പുഷ്കരന്‍ എന്ന നളന്റെ അര്‍ദ്ധസഹോദരനെ മുഷ്കരനാക്കി, ചൂതില്‍ നളനെ പരാജയപ്പെടുത്താം എന്നുറയ്ക്കുന്നു. കലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും, ദ്വാപരനായി മാര്‍ഗി സുരേഷുമാണ് രംഗത്തെത്തിയത്. ഇന്ദ്രനായി കലാമണ്ഡലം മുകുന്ദന്‍ വേഷമിട്ടു. പുഷ്കരനെ കാണുന്നതിനു മുന്‍പായി നളനില്‍ ആവേശിക്കുവാനായി കലി പുറപ്പെടുന്നു. എന്നാല്‍ എങ്ങും പുണ്യകര്‍മ്മങ്ങള്‍ മാത്രം നടക്കുന്ന നളന്റെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ തന്നെ കലിക്ക് കഷ്ടപ്പെടേണ്ടി വരുന്നു. ഈ ഭാഗത്തെ കലിയുടെ ആട്ടത്തെക്കുറിച്ച് മണി എഴുതിയിരിക്കുന്നത് ഇവിടെ വായിക്കുക.
ദ്വാപരന്റെ വേഷത്തെക്കുറിച്ച് ഗൌരവമായ ഒരു ചര്‍ച്ച ആവശ്യമാണെന്നു തോന്നുന്നു. ഓരോയിടത്തും ഓരോ രീതിയിലാണ് വേഷം, ചുട്ടിയും പല തരത്തില്‍. ഇവിടെ ദു:ശ്ശാസ്സനനും മറ്റും നിശ്ചയിച്ചിട്ടുള്ള ചുവപ്പു താടി വേഷമായിരുന്നു ദ്വാപരന്റേത്. അല്പം പ്രായക്കൂടുതലുള്ള, കുശാഗ്രബുദ്ധിയുള്ള ഒരാളാണ് ദ്വാപരന്‍ എന്നാണല്ലോ സങ്കല്പം. അപ്പോളതിന് യോജിക്കുക, ചെറിയ കിരീടവും, വെള്ള സന്യാസി താടിയും മറ്റുമുള്ള വേഷമല്ലേ? ചുട്ടി, കുറിയകത്തിയുമാവാം. ദ്വാപരന്റെ വേഷം ചുവപ്പുതാടിയാവുമ്പോള്‍, കലിയുടെ പ്രാധാന്യം മങ്ങുകയും ചെയ്യും. കലിയുടെ ചുട്ടി വളരെ മികച്ചു നിന്നു. ചിത്രം ശ്രദ്ധിക്കുക. സാധാരണ ചുട്ടിയില്‍, കൂര്‍ത്ത അഗ്രങ്ങളായാണ് പേപ്പറില്‍ മുറിക്കുക. എന്നാലിവിടെ ജ്വാലയുടെ ആകൃതിയിലാണ് പേപ്പര്‍ മുറിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് ഈ വ്യത്യാസം മനസിലാക്കുവാന്‍ സാധിക്കുകയില്ലെങ്കിലും, കലിയുടെ ചുട്ടിക്ക് ഒരു പ്രത്യേക ഭംഗി ഈ രീതിയില്‍ മുറിക്കുമ്പോള്‍ തോന്നുന്നുണ്ട്. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി ശ്രീകുമാര്‍ എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തിരുന്നത്. ഇരുവരില്‍ ആരുടെയാണ് ഈ കരവിരുത് എന്നറിയില്ല, രണ്ടാളും അഭിനന്ദനമര്‍ഹിക്കുന്നു. കലിയുടെ കിരീടം പുതുക്കിപ്പണിയുവാന്‍ നേരമായി എന്നതും സൂചിപ്പിക്കട്ടെ.
തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നളനായി ഏറ്റുമാനൂര്‍ കണ്ണനും പുഷ്കരനായി കലാമണ്ഡലം മുകുന്ദനും അരങ്ങിലെത്തി. തുടര്‍ന്നുള്ള ഭാഗങ്ങള്‍ കാണുവാന്‍ സാധിച്ചില്ല. മണിയുടെ ബ്ലോഗില്‍ തുടര്‍ന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ? ഈ ദിവസത്തെ കളിയുടെ മേളം കൈകാര്യം ചെയ്തത്, മദ്ദളത്തില്‍; കോട്ടയ്ക്കല്‍ രാധാകൃഷ്ണന്‍, മാര്‍ഗി ബേബി തുടങ്ങിയവരും, ചെണ്ടയില്‍; കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശ്രീകാന്ത് തുടങ്ങിയവരുമായിരുന്നു. മേളവിഭാഗം നന്നായെങ്കിലും, എടുത്തുപറയുവാന്‍ ഒന്നുമുള്ളതായി തോന്നിച്ചില്ല. ആദ്യരംഗത്തില്‍ ദമയന്തി സംസാരിച്ചു തുടങ്ങുമ്പോള്‍, കിളികളോട് ഇനി മിണ്ടാതിരിക്കുവാന്‍ നളന്‍ ആംഗ്യം കാട്ടാറുണ്ട്. ഈ ഭാഗത്ത് മദ്ദളം വേണ്ടവണ്ണം നളനെ പിന്തുണച്ചതുമില്ല. കണ്ടടത്തോളം വെച്ച്, പ്രേക്ഷകനെ അത്രയൊന്നും തൃപ്തിപ്പെടുത്തുന്ന ഒന്നായില്ല ദൃശ്യവേദി സംഘടിപ്പിച്ച നളചരിതമേളയിലെ, നളചരിതം രണ്ടാം ദിവസം ആട്ടക്കഥയുടെ വേര്‍പാടുവരെയുള്ള ഭാഗം.
Keywords: Nalacharitham Randam Divasam, NalacharithaMela, Drisyavedi, Thiruvananthapuram, Kalamandalam Gopi, Margi Vijayakumar, Nelliyodu Vasudevan Nampoothiri, Margi Sukumaran, Margi Suresh
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri
6 അഭിപ്രായങ്ങൾ:
ദൃശ്യവേദി സംഘടിപ്പിച്ച നളചരിതമേളയില്‍ അവതരിക്കപ്പെട്ട നളചരിതം രണ്ടാം ദിവസം അരങ്ങിന്റെ ആസ്വാദനം.
സമയക്കുറവ് വല്ലാതെയുണ്ടായിരുന്നു; അതിനാല്‍ തന്നെ എഴുതിയത് എനിക്കുതന്നെ തൃപ്തി തോന്നുന്നില്ല! :(
--
:):)
വിവരണവും ചിത്രങ്ങളും ഉപകാരപ്രദം.
ശരാശരിയിലും വളരെ താഴ്ന്ന അഭിനയമാണ് ശ്രീ.കലാ: മുകുന്ദന്‍ അന്ന് പ്രകടിപ്പിച്ചു കണ്ടത്. “അരികില്‍ വന്നു നിന്നതാര്‍” എന്ന പദത്തില്‍ അഭിനയിയ്ക്കേണ്ടുന്ന നിരാശ,നളനോടുള്ള അസൂയ അതേ സമയം കലിദ്വാപരന്മാര്‍ നളനെതിരെ പറയുമ്പോള്‍ പ്രകടിപ്പിയ്ക്കേണ്ടുന്ന ഭയം ഒന്നും ലവലേശം അദ്ദേഹത്തിന്റെ അഭിനയത്തില്‍ അന്ന് കണ്ടില്ല. “ഇതൊന്ന് കഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍” എന്ന ഭാവം സ്ഥായിയായി കാണപ്പെട്ടു. ചൂതിന്റെ രംഗത്തില്‍ മുകുന്ദന്റെ പുഷ്കരന്‍ ഒട്ടും ശോഭിച്ചില്ല എന്നു തന്നെ പറയാം.
ഊണിന്നാസ്ഥകുറഞ്ഞു എന്ന ശ്ലോകത്തില്‍
“തോല്‍ക്കും വാതുപറഞ്ഞു നേര്‍ക്കുമുടനെ ഭൂയോ നിരത്തും നളന്‍
നോക്കും പുഞ്ചിരിയിട്ടു പുഷ്കരനിരിയ്ക്ക്കുമ്പോള്‍ രസിയ്ക്കും വൃഷം
വായ്ക്കും ദൈവഗതിയ്ക്കു നീക്കമൊരുനാളുണ്ടോ ധനം രാജ്യവും
ശീഘ്രം തച്ചുപറിച്ചുകൊണ്ടു നളനോടിത്യൂചിവാന്‍ പുഷ്കരന്‍”
എന്ന ഭാഗം നടന്മാര്‍ക്ക് അഭിനയിയ്ക്കാനുള്ളതാണ് എന്ന് ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്റെ നളനും ശ്രീ.മുകുന്ദന്റെ പുഷ്കരനും നിശ്ശേഷം മറന്നതായ്യി തോന്നി. പുഷ്കരന്‍ ഈ സമയത്ത് കാണിയ്ക്കേണ്ട അഹന്ത, അത്യാര്‍ത്തി, ചുറുചുറുക്ക് എന്നതൊന്നും മുകുന്ദന്‍ എന്ന നടനില്‍ തൊട്ടുതീണ്ടിക്കണ്ടില്ല. മാര്‍ഗ്ഗി വിജയകുമാറിന്റെ ചൂതിനിടയിലും മേല്‍പ്പറഞ്ഞ ശ്ലോകത്തിലുമുള്ള ഔചിത്യത്തോടെയുള്ള അഭിനയം ശ്രദ്ധേയമായിരുന്നു.
ശ്രീ. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയ്ക്ക് എത്ര വയസ്സായി എന്നറിയില്ല. ആ മഹാനടന്‍ ഈ പ്രായത്തിലും താരതമ്യേന കനം കൂടിയ കുറ്റിച്ചാമരവും വെച്ച് മണിയ്ക്കൂറുകളോളം അര്‍പ്പണമനോഭാവത്തോടെ കാഴ്ചവെയ്ക്കുന്ന അഭിനയം ഈ ചെറുപ്പക്കാരായ നടന്മാര്‍ കണ്ടുപഠിയ്ക്കേണ്ടതാകുന്നു. കലിയെ ഇത്ര മനോഹരമായി ആടി ഫലിപ്പിയ്ക്കാന്‍ കഴിവുള്ളവര്‍ വിരളം.
ഏറ്റുമാനൂര്‍ കണ്ണന്റെ നളന്റെ വേര്‍പാടാട്ടം ശരാശരി നിലവാരം പുലര്‍ത്തി.
പാട്ട് : അരോചകം എന്നു പറഞ്ഞാല്‍ ഒട്ടൂം അധികമാവില്ല എന്നു തോന്നുന്നു. ശ്രീ: സുബ്രഹ്മണ്യന് ഒച്ച അടച്ചിരുന്നതിനാല്‍ അതൊന്നുകൂടി “അസ്സാധ്യ” മായിപ്പോയി എന്നുതോന്നി.
ശ്രീകാന്ത് വര്‍മ്മ ശ്രീ: നെല്ലിയോടിന്റെ ആട്ടങ്ങള്‍ക്ക് കൊട്ടിയെത്തിയ്ക്കാന്‍ പെടാപ്പാട് പെട്ടിട്ടും സാധിയ്ക്കുന്നുണ്ടായിരുന്നില്ല.
ഹരീ:
പതിവുപോലെ ഒന്നാന്തരം വിശകലനം. ഇതു കളിക്കാര്‍ കാണുന്നുണ്ടോ ആവോ. ഏതെങ്കിലും പത്രത്തില്‍ ഒരു കോളം തുടങ്ങിയാലോ ഹരീ?
കഥ കളിയല്ലെന്നും കാര്യമാണെന്നും എല്ലാവരും അറിയേണ്ടതല്ലെ.
കലിയുടെ ചുട്ടിയില്‍ ഉള്ള പുതുമ ഉജ്ജ്വലമാണല്ലൊ.
ഒരു ചെറിയ തിരുത്ത്: സാമ്യമകന്നോരുദ്യാനത്തില്‍“കങ്കേളി” ആണ് ‘തന്‍ കേളി ‘ അല്ല. (കങ്കേളി=അശോകം). എന്തു തോന്നുന്നു എന്നു ചോദിച്ച് നളന്‍ ഇടങ്കോലിടുന്നത് കാവ്യഭംഗിയെ ഒട്ട് ഉലയ്ക്കുകയല്ലെ? “കിം കേതകങ്ങളില്‍ മൃഗാങ്കനുദിക്കയല്ലീ” എന്നൊക്കെ ചോദിക്കാന്‍ പോകുന്ന മിടുക്കിയാണ് ദമയന്തി ഇവിടെ.
പാടലപടലിയില്‍ വണ്ടു വരുന്നത് ഗ്രീഷ്മത്തിന്റേയും കേതകം പൂക്കുന്നത് വര്‍ഷ് ഋതുവിന്റേയും വരവിനെ സൂചിപ്പിക്കുന്നു, എല്ലാ ഋതുക്കളും ഈ ഉദ്യാനത്തില്‍ സമ്മേളിക്കുകയാണല്ലൊ എന്ന് ദമയന്തി സന്തോഷത്തോടെ സംശയിക്കുകയാണിവിടെ എന്ന് വി. എസ്. ശര്‍മ്മ.
@ വഡവോസ്കി,
:)
@ പ്രിയ ഉണ്ണികൃഷ്ണന്‍,
നന്ദി. :)
@ നിഷ്കളങ്കന്‍,
ഈ ഭാഗങ്ങള്‍ ഞാന്‍ കാണുവാന്‍ നിന്നില്ല. അഭിപ്രായം രേഖപ്പെടുത്തിയതിന് പ്രത്യേകം നന്ദി. :) തുടര്‍ന്നും ഈ രീതിയിലുള്ള സഹകരണം പ്രതീക്ഷിക്കുന്നു.
@ എതിരന്‍ കതിരവന്‍,
:) നന്ദി. പത്രത്തിലോ? സാധ്യതയേയില്ല... റീഡര്‍ഷിപ്പ് ഒരു പ്രധാന ഘടകമാണല്ലോ? അതെയതെ, ചുട്ടി എനിക്കേറെ ഇഷ്ടമായി. അതൊന്നും ആരും ശ്രദ്ധിക്കാത്തതെന്താണോ... ശ്രദ്ധിക്കപ്പെട്ടാലല്ലേ, ഇങ്ങിനെ എന്തെങ്കിലുമൊക്കെ പരീക്ഷിക്കുവാന്‍ അവര്‍ക്കും ഊര്‍ജ്ജം ലഭിക്കൂ...
തിരുത്തിയിട്ടുണ്ട്. എന്റെയൊരു പോരായ്മ ഇതാണ്. മലയാളം പഠനം പ്രിഡിഗ്രിയില്‍ അവസാനിപ്പിച്ഛതാണ്, അതുകോണ്ട് പലതിന്റേയും അര്‍ത്ഥം പൂര്‍ണ്ണമായും മനസിലാവാറില്ല. ചോദിച്ചൊക്കെയാണ് മനസിലാക്കുന്നത്. അതുകൊണ്ട് തിരുത്തുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
“കങ്കേളി, ചെമ്പകാദികള്‍, പൂത്തുനില്‍ക്കുന്നു“ - “ശങ്കേ വസന്തം, ആയാതം”. ഈ രണ്ടുവരികളെ യോജിപ്പിക്കുവാന്‍ നളന്റെ ‘എന്തു തോന്നുന്നു?’ എന്നുള്ള ചോദ്യത്തിനു കഴിയുന്നില്ലേ? എനിക്കിത് നന്നായതായാണ് ഇപ്പോഴും തോന്നുന്നത്. വി.എസ്. ശര്‍മ്മ പറഞ്ഞരീതിയില്‍ ആടുന്നതും ഭംഗിയായിരിക്കും. (ഇനി അങ്ങിനെ ആടിയോ, ഞാന്‍ കാണാത്തതാണോ? :)
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--