തിരനോട്ടത്തിനു ശേഷം, നളനേയും ദമയന്തിയേയും ഒരുമിപ്പിക്കുവാനായി ബ്രഹ്മാവയച്ചതാണ് തന്നെ എന്നോര്‍മ്മിച്ച്, കൂട്ടുകാരോട് നൈഷധത്തിലേക്ക് പോവുകയല്ലേ തുടങ്ങിയ ആട്ടങ്ങളോടെയാണ് നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ഹംസം തുടങ്ങിയത്. തുടര്‍ന്ന് നൈഷധന്റെ ഉദ്യാനത്തില്‍ പറന്നിറങ്ങുന്ന ഹംസം വിവിധ ക്രീഢകളില്‍ ഏര്‍പ്പെട്ട് തളര്‍ന്ന് പതുക്കെ മയങ്ങുവാന്‍ തുടങ്ങുന്നു. ഈ അവസരത്തില്‍ നളന്‍ ഹംസത്തെ പിടിക്കുന്നു. തനിക്കു വന്നു ഭവിച്ച ദുരിതങ്ങളോര്‍ത്ത് പരിതപിക്കുന്ന ഹംസത്തെ സാന്ത്വനിപ്പിച്ച്, നിന്റെ സൗഹൃദം മാത്രമേ എനിക്കു വേണ്ടൂ എന്നു പറഞ്ഞ് നളന്‍ ഹംസത്തെ സ്വതന്ത്രനാക്കുന്നു. ഇതിന് അവസരം വരുമ്പോള്‍ താന്‍ പ്രത്യുപകാരം ചെയ്യും എന്നു പറഞ്ഞ് ഹംസം പറന്നു മറയുന്നു. പിന്നീട് നളന്റെ സമീപത്ത് വീണ്ടുമെത്തുന്ന ഹംസം, ദമയന്തിയെ നളനോട് ചേര്‍ക്കുവാന്‍ താന്‍ ശ്രമിക്കാമെന്നും അതിനായി അനുമതി തരണമെന്നും അഭ്യര്‍ത്ഥിക്കുന്നു. മറ്റുവഴികളൊന്നും ഉചിതമായവയല്ല എന്നുറപ്പുള്ള നളന്‍, ദമയന്തിയെ ലഭിക്കുവാന്‍ ഏകാശ്രയമായ ഹംസത്തെ ദമയന്തിയുടെ അടുത്തേക്ക് പറഞ്ഞയയ്ക്കുന്നു.
ഹംസത്തിന്റെ ക്രീഢകളുടെ അവതരണത്തില്‍ നൃത്തച്ചുവടുകളൊക്കെ ചേര്‍ത്തും; നിന്റെ സ്നേഹം മതിയെന്നു നളന്‍ പറയുമ്പോള്‍, 'കൂട്ടിലിട്ട് ആഹാരം തന്നു വളര്‍ത്തുന്ന സ്നേഹമോ?' എന്നൊക്കെ ചോദിച്ചും ഹംസത്തെ ഭംഗിയാക്കുവാന്‍ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി ശ്രമിച്ചു. എന്നാല്‍ പലതും വിശദമായി പരത്തി ആടുകയും അഭിനയിക്കുകയും ചെയ്തത് ഹംസത്തെ വിരസമാക്കി. "കുണ്ഡിനനായക..." പദത്തിനു ശേഷം ദമയന്തിയെ നേടുവാനായി; ഭീമരാജാവിനോട് അപേക്ഷിച്ചാലോ, പടയോടുകൂടി പോയി പിടിച്ചുകൊണ്ടു വന്നല്ലോ എന്നിങ്ങനെ പലവഴികള്‍ നളന്‍ ആലോചിക്കുന്നുണ്ട്. ഓരോരോ കാരണങ്ങള്‍ കൊണ്ട് അവയൊന്നും ഉചിതമല്ല എന്നും നളന്‍ മനസിലാക്കുന്നു. നളന്റെ ഓരോ ചിന്തകളായി വരുന്ന ഈ ചോദ്യങ്ങള്‍ ഇവിടെ ഹംസമാണ് ചോദിച്ചത്! ദമയന്തിയെ നേടുവാനായി യത്നിക്കാം എന്നു വാക്കും കൊടുത്തിട്ട്, പടയോടൊപ്പം പോയി അങ്ങേക്ക് പിടിച്ചു കൊണ്ടു വന്നുകൂടേ എന്നൊക്കെ ഹംസം ചോദിക്കുന്നതിനെ എന്താണ് പറയേണ്ടത്! (ഇപ്പോഴും അതെങ്ങിനെ ആ സന്ദര്‍ഭത്തില്‍ ചോദിച്ചു എന്ന് പൂര്‍ണമായി മനസിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല.)
കലാമണ്ഡലം ഹരിനാരായണന്റെ നളനാവട്ടെ, ഹംസത്തിന്റെ മുന്‍പില്‍ പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ലാത്ത മട്ടിലായിരുന്നു അരങ്ങില്‍ പ്രവര്‍ത്തിച്ചത്. പലപ്പോഴും പദത്തോട് ഒത്തുപോവുന്ന തരത്തില്‍ മുദ്ര വിന്യസിച്ച് അഭിനയിക്കുന്നതിലും ഇരുവരും കാര്യമായ ശ്രദ്ധകൊടുത്തു കണ്ടില്ല. ഹംസം വിശദമായി ഓരോന്നുമാടുകയും നളന്‍ കാര്യമായൊന്നും ചെയ്യാതെയിരിക്കുകയും; ഇതു രണ്ടും കൂടിയായപ്പോള്‍ കഥ 'ഹംസചരിത'മായോ എന്നായി കാണികള്‍ക്ക് സംശയം! ഒടുവില്‍ ഹംസം പറന്നു മറയുന്നത് നോക്കിക്കണ്ട്, ദൂരെ പോയി മറഞ്ഞു എന്ന് ഹരിനാരായണന്റെ നളന്‍ ആടിയവസാനിപ്പിച്ചത് ഗോപിയാശാന്റെ വികലമായ അനുകരണമായി മാത്രമേ അനുഭവപ്പെട്ടതുമുള്ളൂ. കുറച്ചു കൂടി കാഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിക്കുവാനുള്ള ശ്രമം കലാമണ്ഡലം ഹരിനാരായണന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരുന്നു.
Nalacharitham Onnam Divasam
Kunchu Nair Memorial Hall, KaralmannaWritten by
- Unnayi Warrier
Actors
- Narippatta Narayanan Namboothiri as Hamsam
- Kalamandalam Harinarayanan as Nalan
- Peesappalli Rajeevan as Damayanthi
- Kalamandalam Praveen as Sakhi 1
- Kalamandalam Sibi Chakravarthi as Sakhi 2
Singers
- Kalamandalam Jayaprakash
- Nedumpally Rammohan
Accompaniments
- Kalamandalam Krishnadas, Sadanam Jithin in Chenda
- Kalamandalam Raj Narayanan, Kalamandalam Venu in Maddalam
Chutty
- Kalamandalam Padmanabhan
Kaliyogam
- Manjuthara, Mangode
Organized by
May 07, 2011- Vazhengada Kunchu Nair Memorial Trust, Karalmanna
കലാമണ്ഡലം ജയപ്രകാശും നെടുമ്പള്ളി രാംമോഹനും ചേര്‍ന്നുള്ള ആലാപനം തീര്‍ത്തും അനാകര്‍ഷകമായി അനുഭവപ്പെട്ടു. കാംബോജിയിലുള്ള "ഊര്‍ജ്ജിതാശയ...", തോടിയിലുള്ള "പ്രിയമാനസ! നീ പോയ്..." എന്നീ പദങ്ങളൊക്കെ, അതാത് രാഗത്തിന്റെ സൗന്ദര്യം ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം പ്രകടമാവുന്ന തരത്തിലാണ് ഇവിടെ ആലപിക്കപ്പെട്ടത്. കേള്‍വിശീലത്തോട് ചേര്‍ന്നു പോവാത്ത തരത്തില്‍ വരികള്‍ മുറിച്ചു ചേര്‍ത്തും, അനാവശ്യമായ സംഗീത പ്രയോഗങ്ങളൊക്കെ അമിതമായി ഉപയോഗിച്ചുമൊക്കെ വിരസമാക്കി കളഞ്ഞു പദങ്ങളൊക്കെയും. മുഖ്യഗായകനായ ജയപ്രകാശിനാണ് ഇതിന്റെ ഉത്തരവാദിത്തം മുഴുവനും. ആദ്യ രംഗങ്ങളില്‍ ചെണ്ടയിലെത്തിയ കലാമണ്ഡലം കൃഷ്ണദാസ് കൈക്കുകൂടുന്നതിലും മറ്റുമൊന്നും കാര്യമായി ശ്രദ്ധകൊടുത്തു കണ്ടില്ല. പിന്നീട് ഹംസം ദമയന്തിയുടെ സമീപമെത്തുന്ന രംഗങ്ങളില്‍ സദനം ജിതിന്റെ ചെണ്ട പിന്നെയും മികവു പുലര്‍ത്തി. മദ്ദളത്തില്‍ ആദ്യരംഗത്ത് കലാമണ്ഡലം വേണു ശരാശരിയെങ്കില്‍ പിന്നീടെത്തിയ കലാമണ്ഡലം രാജ് നാരായണന്‍ മികച്ചു നിന്നു.
മാങ്ങോട് മഞ്ജുതരയുടെ ചമയങ്ങളുടെ ഭംഗി എടുത്തു പറയേണ്ടതുണ്ട്. ഹംസം, നളന്‍ എന്നീ വേഷങ്ങളെ വേണ്ടും വിധം നന്നായി ഉടുത്തുകെട്ടിച്ചു വിടുവാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച അപ്പുണ്ണി തരകനും സംഘവും ശ്രമിക്കുകയും ചെയ്തു. ഇവയോടൊപ്പം കലാമണ്ഡലം പത്മനാഭന്റെ ചുട്ടിയും അന്നേ ദിവസം മികവു പുലര്‍ത്തി. കഥകളിക്ക് ഉതകുന്ന രീതിയില്‍ അരങ്ങൊരുക്കുവാന്‍ പ്രത്യേകം മനസുവെച്ച സംഘാടകരും അഭിനന്ദനമര്‍ഹിക്കുന്നു. (അവതരണത്തിനു മുന്‍പായി പിന്‍ കര്‍ട്ടനില്‍ ഉണ്ടായിരുന്ന പരിപാടിയുടെ ഫ്ലക്സ് ബാനര്‍ പോലും നീക്കം ചെയ്യുകയുണ്ടായി.) എന്നാലിവയ്ക്കൊന്നും കലാകാരന്മാരുടെ പ്രവര്‍ത്തിക്കു പകരമാകുവാന്‍ കഴിയില്ലല്ലോ! അതിനാല്‍ തന്നെ ഏറെയൊന്നും കാണികള്‍ക്ക് തൃപ്തി നല്‍കുന്ന ഒന്നായിരുന്നില്ല വേഷവും പാട്ടും മേളവുമൊന്നും ശോഭിക്കാതെ പോയ, ഹംസമുള്‍പ്പെടുന്ന പൂര്‍വ്വഭാഗ രംഗങ്ങള്‍ മാത്രം അവതരിപ്പിച്ച, കാറല്‍മണ്ണയിലെ 'നളചരിതം ഒന്നാം ദിവസം'.
കഥകളി.ഇന്‍ഫോ വെബ്സൈറ്റ് ഉദ്ഘാടനം
കഥകളി അവതരണത്തിനു മുന്‍പായി വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ള 'കഥകളി.ഇന്‍ഫോ' എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടന്നു. പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കഥകളി.ഇന്‍ഫോയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും, ഉള്ളടക്കത്തെക്കുറിച്ചും, പ്രവര്‍ത്തന രീതിയെക്കുറിച്ചുമെല്ലാം ശ്രീചിത്രന്‍, നിഖില്‍ കപ്ലിങ്ങാട് തുടങ്ങിയവര്‍ വിശദമായി സംസാരിച്ചു. 'ശാസ്‍ത്രീയ കലാരൂപങ്ങളുടെ സൈബര്‍ സാധ്യതകള്‍' എന്ന വിഷയത്തില്‍ മനോജ് കുറൂര്‍ പ്രബന്ധാവതരണം നടത്തുകയുമുണ്ടായി. കഥകളിയില്‍ താത്പര്യമുള്ള ആര്‍ക്കും അംഗമായി, ഉള്ളടക്കത്തിലേക്ക് ലേഖനങ്ങളും, ചിത്രങ്ങളും, വീഡിയോകളുമെല്ലാം കൂട്ടിച്ചേര്‍ക്കാവുന്ന വിധത്തിലാണ് കഥകളി.ഇന്‍ഫോ വെബ്സൈറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്കും സൈറ്റില്‍ അംഗത്വം നേടുന്നതിനും കഥകളി.ഇന്‍ഫോ സന്ദര്‍ശിക്കുക. http://www.kathakali.info എന്നാണ് സൈറ്റിന്റെ വെബ് വിലാസം.
11 അഭിപ്രായങ്ങൾ:
വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കാറല്‍മണ്ണയില്‍ അവതരിക്കപ്പെട്ട 'നളചരിതം ഒന്നാം ദിവസ'ത്തിന്റെ ഒരു ആസ്വാദനം.
--
നളനേയും ദമയന്തിയേയും ഒരുമിപ്പിക്കുവാനായി ബ്രഹ്മാവയച്ചതാണ് തന്നെ എന്നോര്‍മ്മിച്ച്, കൂട്ടുകാരോട് നൈഷധത്തിലേക്ക് പോവുകയല്ലേ തുടങ്ങിയ ആട്ടങ്ങളോടെയാണ് നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ഹംസം തുടങ്ങിയത്.
നരിപ്പറ്റയുടെ ഈ അവതരണം ഉചിതം തന്നെയാണ്.
ഗോപി ആശാന്‍ മാത്രമാണ് കഥകളി ആസ്വാദകരുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്ന പച്ച. അത്രത്തോളം എത്താന്‍ ഒരു കലാകാരാരനും സാധിച്ചിട്ടില്ല. പിന്നെ എന്ത് ചെയ്യുവാന്‍. ഒരു പരിധി വരെ അനുകരണത്തില്‍ കൂടി ചില നിമിഷങ്ങള്‍ നമുക്ക് സന്തോഷം തരുവാന്‍ അവര്‍ ശ്രമിക്കുന്നു. അത് ശരിയോ തെറ്റോ എന്നതിന് അവരില്‍ പ്രസക്തി ഇല്ല. ആ ഒരു "ഭാവം" ഗോപി ആശാന്‍ ഏതാണ്ടൊക്കെ ചെയ്യുനത് പോലെ ചെയ്യാന്‍ സാധിച്ചു എന്ന് നാം ആ കലാകാരനോട് പറഞ്ഞാല്‍ അതില്‍പരം സംതൃപ്തി അയാള്‍ക്ക് വേറെ ഉണ്ടാവാനില്ല. പാത്ര ബോധം, കഥാജ്ഞാനം എന്നിവയൊന്നും വേണ്ടാതെ വന്ന കാലഘട്ടത്തിന്റെ ആസ്വാദന രീതിക്ക് ഇത് മതി എന്ന് എനിയ്ക്ക് തോന്നുന്നു.
....haai...harinaraayananaashaan...ente guru aane...aashaanulla oru kali blogil aadhyamayane kanunath..nanni post cheythathine...!!
കാറല്‍മണ്ണ സ്റ്റേജ് കഥകളിക്ക് വേണ്ടി തന്നെയുള്ളതാണ്. :):) പീശപ്പള്ളിയുടെ ഉടുത്തൊരുങ്ങള്‍ നല്ല ഭംഗി!
-സു-
ഹംസത്തിന്റെ തുടക്കത്തിലെ ആട്ടങ്ങളോട് വിരോധമൊന്നുമില്ല, അത്രയും വിസ്തരിച്ച് ആടേണ്ടതില്ല എന്നൊരു അഭിപ്രായമുണ്ടെന്നു മാത്രം. ഹംസത്തിന്റെ യാത്ര നോക്കിക്കാണുന്നത് ഇതിലും മനോഹരമാക്കുവാന്‍ കഴിയും. കലാമണ്ഡലം ഹരിനാരായണന് തീര്‍ച്ചയായും ഇതിലും ഭംഗിയായി നളനെ അവതരിപ്പിക്കുവാന്‍ കഴിവുണ്ടെന്നു തന്നെ കരുതുന്നു.
കഥകളിക്കു വേണ്ടിയുള്ള സ്റ്റേജിനെക്കുറിച്ച് അടുത്ത പോസ്റ്റില്‍ പ്രതിപാദിക്കുവാന്‍ ഇരിക്കുകയാണ്. :)
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
വിസ്തരിക്കേണ്ട എന്ന അഭിപ്രായം ശരി. നളചരിതം ഒന്ന് ഒരു രാത്രി കൊണ്ട് അവതരിപ്പിച്ച കാലഘട്ടത്തില്‍ ആട്ട രീതികള്‍ എങ്ങിനെ ആയിരുന്നു എന്ന് മനസ്സിലാക്കുവാന്‍ ഇതു അല്‍പ്പമെങ്കിലും സഹായിക്കും എന്ന് കരുതുക. ഒരു യുവ നടന്‍ ഈ ആട്ടങ്ങള്‍ കണ്ടാല്‍ ഇതെന്തു കഥ എന്ന് മിഴിച്ചു നില്‍ക്കും. ..ഹംസത്തിന്റെ നിഷധ രാജ്യത്തിലേക്കുള്ള യാത്രാ കഥകള്‍ മനസിലാക്കുവാന്‍ ഇതു ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇന്നത്തെ ഹിന്ദു Friday Reviewൽ ഇതെനെക്കുറിച്ച് എഴുതിയിരിക്കുന്നത് വായിച്ചോ?
ആ ദിവസം ഏറ്റവും മികച്ചുനിന്നത് ദമയന്തി ആയിരുന്നത്രേ...
"However, Peesappalli Rajeevan's Damayanti was the star of the evening. Rajeevan is a theatre artiste too and perhaps because of this he gave a different interpretation to the padam ‘Kusuma sawrabham nasa…'"- The Hindu: Friday Review
എന്തായിരുന്നു "കുസുമസൌരഭ..."ത്തിന്റെ വ്യത്യസ്തമായ അവതരണം? ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
നളന്റെ സന്ദേശവാഹകനായി ഹംസം പുറപ്പെടുന്നതിനു മുന്‍പായി നാലാമിരട്ടി എടുത്തതിനെക്കുറിച്ച് അവിടെയെഴുതിയ വിനു വാസുദേവന്‍ വളരെ രൂക്ഷമായി സംസാരിച്ചു എന്ന് പറഞ്ഞു കേട്ടു. പക്ഷെ, പത്രത്തില്‍ വന്നപ്പോള്‍ അഭിപ്രായം ഇങ്ങിനെയായി: "Narippatta Narayanan Nambudiri's portrayal of the swan made for a marvellous start to the performance."
ഹംസം നാലാമിരട്ടി എടുത്തിരുന്നോ? എന്റെ ഓര്‍മ്മയില്‍ വരുന്നില്ല.
ഒന്നെനിക്ക് ഓര്‍മ്മയുണ്ട്, 'ദമയന്തി മരിച്ചിട്ടില്ല ദമയന്തി മരിച്ചിട്ടില്ല' എന്ന് വീണ്ടും വീണ്ടും എന്റെ അടുത്ത് ഓടി വന്ന് പറഞ്ഞ് വീണ്ടും കളി കാണാന്‍ ഓടിയിരുന്ന ഒരാളെ.. (ശിവരാമാശാന്‍ പ്പൊയപ്പോള്‍ ദമയന്തി പോയി എന്ന ചില പ്രസ്താവനകള്‍ സ്മരിക്കേണ്ടതുണ്ട്.)
-സു-
ശിവരാമന്‍ പോയപ്പോള്‍ ദമയന്തി മരിച്ചു എന്നു തോന്നിയ ആള്‍ക്ക്, പീശപ്പള്ളിയുടെ ഇവിടുത്തെ ദമയന്തി കണ്ട് മരിച്ചിട്ടില്ല എന്നായെന്നോ! കൊള്ളാം!
കോട്ടക്കല്‍ ശിവരാമന്റെയോളം വരും പീശപ്പള്ളിയുടെ ദമയന്തി എന്നല്ലേ പറഞ്ഞുവെച്ചത്? ഏതായാലും അദ്ദേഹം ഇന്റര്‍നെറ്റിലൊക്കെയുള്ള ആസ്വാദകനെങ്കില്‍ ഈ പോസ്റ്റൊന്നു കാണിച്ചു കൊടുക്കുവാന്‍ അപേക്ഷ. ദമയന്തി എന്തുകൊണ്ട് മികച്ചതായി അദ്ദേഹത്തിനു തോന്നി എന്നിവിടെയൊന്ന് കമന്റിട്ടുരുന്നെങ്കില്‍ അത് നല്ലതായിരുന്നു. വിരുദ്ധാഭിപ്രായങ്ങളുണ്ടെങ്കില്‍ അതു കൂടി ചേരുമ്പോഴാണല്ലോ ഒരു ബ്ലോഗ് പോസ്റ്റ് പൂര്‍ണമാവുക.
സംശയം ശീലമായതുകൊണ്ട്: ഒരു മണിക്കുറോളമാണ് ദമയന്തി അരങ്ങില്‍. അതിനിടയില്‍ ഇതു പറയുവാന്‍ എത്ര വട്ടം ഓടിവന്നു തിരിച്ചു പോയി? കളിക്കിടയില്‍ ഇത്രയും വട്ടം എഴുനേറ്റു പോകുവാന്‍ സാധിക്കുന്നെങ്കില്‍ അതു മതിയല്ലോ കളിയുടെ അവസ്ഥ മനസിലാക്കുവാന്‍!
ഓഫ്: രണ്ടു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ ഒരു 'രുഗ്മാംഗദചരിതം' അരങ്ങേറി. പിറ്റേന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ ആദ്യ രംഗം മാത്രമൊന്ന് കണ്ടെന്ന് വരുത്തി തിരിച്ചു പോകുവാനായിരുന്നു പ്ലാന്‍. പക്ഷെ, എഴുനേറ്റു പോകുവാന്‍ തോന്നിയില്ല. അത്ര ഗംഭീരമായിരുന്നു ഗോപിയാശാന്റെ രുഗ്മാംഗദനും മാര്‍ഗി വിജയകുമാറിന്റെ മോഹിനിയും. 'ശിവരാമനാശാനു ശേഷം ഒരു മോഹിനിയുണ്ട്' എന്ന ഭംഗിവാക്ക് അടുത്തിരിക്കുന്ന ആളോട് പോലും പറയാനും സമയം കിട്ടിയതുമില്ല! :)
--
Haree,ശിവരാമനേയും പീശപ്പള്ളിയേയും കൂടിയുള്ള ഒരു കമ്പാരിസൺ ഒന്നും ആ പറഞ്ഞ ആൾ ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പ്രത്യേകിച്ചും അദ്ദേഹം ഒരു നടനും സംവിധായകനുമൊക്കെ ആകുമ്പോൾ.
പിന്നെ ഇടക്ക് 2 തവണ അദ്ദേഹം വന്ന് പറഞ്ഞു എന്നാണെന്റെ ഓർമ്മ. അതും താൻ പറഞ്ഞ പോലെ തന്നെ ആവണം എല്ലായ്പ്പോഴും എന്നൊന്നും ഇല്ലല്ലൊ. അങ്ങനെ ജനറലൈസ് ചെയ്താൽ ശരിയാവില്ല.
അനിയേട്ടൻ പറഞ്ഞപോലെ, സാരല്യ ഇതൊന്നും ചർച്ചയാക്കണ്ട. :):)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--