
കാട്ടുതീയില്‍ വെന്തുരുകി നിലവിളിക്കുന്ന കാര്‍ക്കോടകന്റെ തിരനോക്കോടെയാണ് ഇവിടെ കഥ ആരംഭിച്ചത്. പാമ്പിന്റെ മട്ടില്‍ ഇഴഞ്ഞു കൊണ്ടൊക്കെയാണ് മാര്‍ഗി സുരേഷ് തിരനോക്കിയതെങ്കിലും, കാര്‍ക്കോടകന്റെ ആ അവസ്ഥയില്‍ ഉണ്ടാവേണ്ട ദൈന്യതയോ വിവശതയോ ഒന്നും തിരനോട്ടത്തിലും തുടര്‍ന്നുള്ള "അന്തികേ വന്നിടേണം..." എന്ന പദാവതരണത്തിലും ഉണ്ടായില്ല. കാര്‍ക്കോടകന്റെ വിലാപം കേട്ട് പ്രവേശിക്കുന്ന നളന്, "നിന്നുദന്തം ഭൈമീജാനേ!" എന്ന് തന്നെ അഭിസംബോധന ചെയ്യുന്നത് കേട്ട് അത്ഭുതപ്പെടുന്നു. കലാമണ്ഡലം പ്രശാന്ത് കഥാപാത്രത്തിന് ഉചിതമായ രീതിയില്‍ തന്നെ ഇവിടെ നളനെ അവതരിപ്പിച്ചു. കാര്‍ക്കോടകനോട് "കത്തുന്ന വനശിഖി..." എന്ന പദത്തിലൂടെ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനു മുന്‍പായി ഒന്നു തൊട്ട് കാര്ക്കോടകന് തീയില്‍ നിന്നും രക്ഷ നല്കുവാനും പ്രശാന്ത് മറന്നില്ല. ("കാട്ടുതീയില്‍ ചാടിക്കൊണ്ടാലൊരു ഭയമെനിക്കില്ല, ഞാന്‍ തൊട്ടവര്‍ക്കും" എന്നു ശ്ലോകം.) ചെറിയ കാര്യമെങ്കിലും, വളരെ പ്രധാനമായ ഈ കൈതൊടല് പലപ്പോഴും നളന്മാര് വിസ്മരിച്ചു പോവാറുണ്ട്.
കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരാണ് കാര്‍ക്കോടക ദംശനമേറ്റ് ബാഹുകനായി മാറിയ നളനെ അവതരിപ്പിച്ചത്. "മമ ജനനി കദ്രുവല്ലോ" എന്നു കാര്ക്കോടകന് പറയുമ്പോള്‍ ഇത് നിസ്സാരനായ ഒരു പാമ്പല്ല എന്ന് കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ബാഹുകന് തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വശം മാറിയതിനു ശേഷം, കാര്‍ക്കോടകന്റെ ഓരോ വരിക്കും മുന്‍പായി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിങ്ങിനെ തുരുതുരെ ചോദിച്ച് ഒരു ചോദ്യോത്തരപംക്തിയാക്കി മാറ്റേണ്ടതില്ലായിരുന്നു ആ പദഭാഗം. "എന്താണിനി എന്റെ ഗതി?" എന്നോ മറ്റോ പദത്തിന്റെ മൊത്തം സാരാംശം ഉള്‍ക്കൊണ്ട് ഒരു ചോദ്യമോ മറ്റോ ചോദിച്ചതിനു ശേഷം, കാര്ക്കോടകന് പറയുന്നതിന്റെ പ്രതികരണങ്ങള്‍ ഭാവത്തില്‍ കൊണ്ടുവരുക എന്നതാണ് നല്ലത്. ഇതിപ്പോള്‍ ബാഹുകന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുവാന്‍ നില്ക്കുന്ന ഒരു ഭൃത്യനോ മറ്റോ ആയി കാര്ക്കോടകന്! "കലി, വന്നകമേ വാഴുന്നവന്" എന്നയിടത്ത് 'വാഴുന്നു അവന്' എന്ന് അവസാനിപ്പിക്കേണ്ടതിനു പകരം 'വാഴുന്ന വമ്പിച്ച / വലുതായ' എന്നര്‍ത്ഥം വരുന്ന മുദ്രയാണ് മാര്‍ഗി സുരേഷിന്റെ കാര്ക്കോടകന് ആടിയത്. അരങ്ങിലെത്തുന്നതിനു മുന്‍പ് പദങ്ങളും അര്‍ത്ഥവും ഒക്കെയൊന്ന് നോക്കി പരിചയിക്കുന്നത് ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കും. (മുന്‍പൊരിക്കല്‍ 'കചദേവയാനി'യിലെ സുകേതുവിന്റെ "കാടിതുവനചരനാടകമിവിടെ..." എന്ന പദഭാഗത്ത് 'വനചരന്റെ നാടിന്റെ അകമാണിവിടം' എന്നതിനു പകരം വനചരന്റെ 'നാടക'മാണ് എന്നാണ് സുരേഷ് ആടിയത്!) 'വേനലില്‍ ഒരിറ്റ് ദാഹജലത്തിനായി അലഞ്ഞ വേഴാമ്പലിനു മുന്നില്‍ മഴ പെയ്തതുപോലെയാണ് എന്റെ മുന്പില് അങ്ങ് പ്രത്യക്ഷപ്പെട്ടത്' എന്നൊരു ആട്ടവും "കാര്ദ്രവേയ കുലതിലക!"യ്ക്ക് ശേഷം ചന്ദ്രശേഖര വാര്യരില്‍ നിന്നുമുണ്ടായി. തുടര്‍ന്ന്; കാര്ക്കോടകന് നല്കിയ വസ്ത്രവും വാങ്ങി, (ഒരൊറ്റ വസ്ത്രമേ കാര്ക്കോടകന് നല്കിയുള്ളൂ, ബാഹുകന് ഒറ്റവസ്ത്രം ധരിച്ചു തന്നെ തുടര്‍ന്നും നടന്നു. വേണമെങ്കില്‍; നാണം മറയ്ക്കാനായി ഒരു വസ്ത്രം കൂടി ബാഹുകന് കാര്‍ക്കോടകനോട് വാങ്ങാമായിരുന്നു. വേര്‍പാടിന്റെ സമയമൊഴികെ, ഏകവസ്ത്രധാരിയാണെന്ന ബോധമേ ബാഹുകന്മാര്ക്ക് പൊതുവില്‍ ഉണ്ടാവാറില്ല. ഋതുപര്‍ണന്റെ രാജ്യത്ത് കടക്കുന്നതിനു മുന്‍പായി ഒരു വസ്ത്രം എവിടെനിന്നെങ്കിലും സംഘടിപ്പിക്കേണ്ടതല്ലേ?) കാര്‍ക്കോടകന്റെ നിര്‍ദ്ദേശം അനുസരിച്ച് ഋതുപര്‍ണന്റെ രാജധാനിയിലേക്ക് ബാഹുകന് യാത്ര തുടങ്ങുന്നു.
ധീരന്മാര് പോലും കണ്ടാല്‍ പകച്ചു പോവുന്ന ഘോരമായ വനത്തിലൂടെയുള്ള യാത്രയില്‍ ബാഹുകന് കാണുന്ന വിവിധ ദൃശ്യങ്ങളാണ് കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ തുടര്‍ന്ന് അവതരിപ്പിച്ചത്. താനും ദമയന്തിയുമായി ബന്ധപ്പെടുത്തി ഓര്‍ത്തോര്‍ത്തു വ്യസനിച്ചാണ് ഓരോ ദൃശ്യവും ബാഹുകന് കാണുന്നത്. പിടയാനകളോടും കുട്ടിയാനകളോടുമൊപ്പം ഒരു കൊമ്പന് പൊയ്കയില്‍ ജലം കുടിച്ച് തുമ്പിക്കൈ ചേര്‍ത്തു പിടിച്ച് നടന്നു പോവുന്നത്, ഒരു ഒറ്റയാന്റെ മദപ്പാടില്‍ നിന്നൊലിക്കുന്ന മദജലത്തിലേക്ക് വണ്ടുകള്‍ പറന്നടുത്ത് അരിച്ചു മടങ്ങുന്നത്, നിസ്സഹായരായ രണ്ട് ഇണക്കുരുവികളെ ലക്ഷ്യമിട്ട് അടുക്കുന്ന വേടനില്‍ നിന്നും കഴുകനില്‍ നിന്നും അവയെ ദൈവം രക്ഷിക്കുന്നത്; ഇതൊക്കെയാണ് ബാഹുകന് കാണുന്നത്. ഇവയില്‍ വണ്ടുകള്‍ മദപ്പാടില്‍ പറന്നുവന്നിരുന്ന് മടങ്ങുന്നത് ദമയന്തിയുടെ കാറ്റത്താടുന്ന കുറുനിരയായി കണ്ടതു മാത്രം അത്ര നല്ല ഭാവനയായി തോന്നിയില്ല. (ഇനിയത് അങ്ങിനെയല്ലേ ഉദ്ദേശിച്ചത്!)
വഴിയില്‍ കണ്ട യാത്രികരോട് ഋതുപര്‍ണന്റെ കൊട്ടാരത്തിലേക്കുള്ള വഴി ചോദിച്ചറിഞ്ഞ്, ദൂരെനിന്നു തന്നെ അശരണരെ മാടി വിളിക്കുന്ന കൊടിക്കൂറ കണ്ട് അത്ഭുതപ്പെട്ട്, ബ്രാഹ്മണര്‍ രാജാവിനെ പുകഴ്ത്തി ഓരോന്നു പറയുന്നത് കേട്ട് സന്തോഷിച്ച് ബാഹുകന് കൊട്ടാര വാതില്ക്കലെത്തുന്നു. കാവല്‍ക്കാരോട് ചോദിച്ചനുമതി വാങ്ങി അകത്തു കടക്കുന്ന ബാഹുകന് സുന്ദരിമാര്‍ വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതും കൂട്ടത്തില്‍ ആടുന്നതും പാടുന്നതുമൊക്കെ കാണുന്നു. ഒടുവില്‍ ഋതുപര്‍ണനെ കണ്ടെത്തി, കുതിരകളെ നോക്കുന്നതിലും പാചകത്തിലും സമര്‍ത്ഥനായ തനിക്ക് ശരണം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജീവലവാര്ഷ്ണേയന്മാരോടൊപ്പം ഇവിടെ സേവകനായി കഴിഞ്ഞുകൊള്ളുവാന് ഋതുപര്‍ണന്‍ അനുമതി നല്‍കുകയും ചെയ്യുന്നു. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ബാഹുകന് (പതിവുപോലെ) പലയിടത്തും സന്തോഷവാനായി തന്നെ കാണപ്പെട്ടു. ചിലതൊക്കെ കണ്ടും കേട്ടും സന്തോഷിക്കുന്നെങ്കിലും, എല്ലാം നഷ്ടപ്പെട്ട ഗതികെട്ടൊരുവന്റെ ദുഃഖം തന്നെ സ്ഥായിയായി ബാഹുകനില്‍ കാണേണ്ടതുണ്ട്.
കലാമണ്ഡലം അരുണിന്റെയും വിപിന്റെയും ജീവലവാര്‍ഷ്ണേയന്മാര്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒളികണ്ണിട്ട്, ബാഹുകനില്‍ എന്തോ കള്ളത്തരമുണ്ടെന്ന തരത്തിലായിരുന്നു അരങ്ങില്‍ പ്രവര്‍ത്തിച്ചത്. മൂവരും വീട്ടിലെത്തിയതിനു ശേഷം വാര്‍ഷ്ണേയനോട് എങ്ങിനെ ഇവിടെയെത്തി എന്നൊക്കെയും ജീവലനോട് കുടുംബത്തെക്കുറിച്ചുമൊക്കെ ബാഹുകന് ചോദിക്കുന്നു. 'ഭാര്യയുമുണ്ട്, ഒരു കുട്ടിയുമുണ്ട്' എന്നൊക്കെ ജീവലന് ഒരു ധൈര്യത്തിലങ്ങ് തട്ടിവിട്ടെങ്കിലും പിന്നീട് 'അവരെവിടെ, നീയെന്താണിവിടെ ഒറ്റയ്ക്ക് കഴിയുന്നത്?' എന്നൊക്കെയുള്ള ബാഹുകന്റെ തുടര്‍ചോദ്യങ്ങള്‍ വന്നപ്പോള്‍ തപ്പലായി. ഒന്നുകൂടി ഇതിനെക്കുറിച്ചൊക്കെ ഒരു ധാരണയുണ്ടാക്കി എത്താമായിരുന്നു കലാമണ്ഡലം അരുണിന്. കുടുംബമുണ്ടെങ്കില്‍ ജീവലന് വാര്ഷ്ണേയനോടൊപ്പം എന്തു കൊണ്ട് കഴിയുന്നു എന്നൊക്കെ വിശദീകരിക്കുവാന്‍ പാടായതിനാല്‍, 'കുടുംബമൊന്നും ആയിട്ടില്ല...' എന്നാടുകയാവും ഭേദം. 'എനിക്കു വിശക്കുന്നു, നിങ്ങള്‍ ദോശ ചുടൂ; ഞാന്‍ പോയി പശുവിനെ കറന്ന് പാലുമായി വരാം' എന്നാടിയാണ് ആ രംഗം ചന്ദ്രശേഖര വാര്യര്‍ അവസാനിപ്പിച്ചത്. പിന്നീട്, ബാഹുകന്റെ വിലാപം കേട്ടുണരുന്ന ജീവലന് 'ഏതു സുന്ദരിയെ ഓര്‍ത്താണ് നീ കരയുന്നത്?' എന്ന് തിരക്കുന്നെങ്കിലും അതൊരു കഥയില്‍ ഒരുവന്റെ അവസ്ഥ പറഞ്ഞതാണെന്ന് പറഞ്ഞ് ബാഹുകന് ഒഴിഞ്ഞു മാറുന്നു. ഈ സമയം ജീവലന് ബാഹുകന് അഭിമുഖമായി തിരിഞ്ഞിരുന്ന് ആടാതെ, എല്ലായിടവുമുള്ള സദസ്യര്‍ക്കു കൂടി കാണുവാന്‍ കഴിയുന്ന തരത്തില്‍ ചരിഞ്ഞിരുന്ന് ആടുകയാവും ഉചിതം.
Nalacharitham Moonnam Divasam
Karthika Thirunal Theater, East-fort, ThiruvananthapuramWritten by
- Unnayi Warrier
Actors
- Margi Suresh as Karkodakan
- Kalamandalam Prasanth as Nalan / Rithuparnan
- Kottackal Chandrasekhara Warrier as Bahukan
- Kalamandalam Arun as Jeevalan
- Kalamandalam Vipin as Varshneyan
- Margi Vijayakumar as Sudevan
- Kalamandalam Mukundan as Damayanthi
Singers
- Kottackal Madhu
- Kalamandalam Vinod
Accompaniments
- Kalamandalam Krishnadas, Margi Krishnakumar in Chenda
- Margi Rathnakaran, Sreekandeswaram Mohanachandran in Maddalam
Chutty
- RLV Somadas
Kaliyogam
- Margi, Thiruvananthapuram
Organized by
Date- Drisyavedi, Thiruvananthapuram
'ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു!' എന്ന സുദേവന്റെ മനോഗതി ഏറ്റവും പ്രകടമാക്കിയാണ് മാര്‍ഗി വിജയകുമാര്‍ "യാമി, യാമി, ഭൈമീ!" അഭിനയിച്ചു തുടങ്ങിയത്. 'ഞാനൊരു ഉപായം കണ്ടിട്ടുണ്ട്...' എന്നു മുന്കൂട്ടിയൊന്നു പറഞ്ഞതിനു ശേഷമാണ് "ആളകമ്പടികളോടും..." എന്ന ഭാഗം വിസ്തരിക്കുവാന്‍ തുടങ്ങിയതും. പദത്തിനു ശേഷം; 'ഒരൊറ്റ ദിവസം കൊണ്ട് ഋതുപര്‍ണനെ ഇവിടെയെത്തിക്കുവാന്‍ നളന് മാത്രമേ സാധിക്കൂ!' എന്ന് ദമയന്തിക്ക് ഉറപ്പ് കൊടുക്കുകയും ചെയ്യുന്നുണ്ട് സുദേവന്. ഇങ്ങിനെയൊരു ഉപായം പ്രയോഗിക്കുന്നതില്‍ അപാകതയൊന്നുമില്ലെന്ന് ദമയന്തിയെ ആശ്വസിപ്പിച്ചതിനു ശേഷം, സുദേവന് ഋതുപര്‍ണന്റെ രാജധാനിയിലേക്ക് തിരിക്കുന്നു. ഈ ഭാഗങ്ങളിലെ മാര്‍ഗി വിജയകുമാറിന്റെ സുദേവന്റെ നിലകള്‍ പലയിടത്തും ഒരു തോള് ചെരിച്ചുള്ള മോഹന്‍ലാലിനെ അനുസ്മരിപ്പിച്ചു. അതിനു ശേഷമുള്ള മുഖം കുലുക്കലിലും കൈകൊണ്ട് 'ഞാനേറ്റു' എന്നു പറയലിലുമൊക്കെ ഈയൊരു ലാലേട്ടന് ശൈലി കാണാമായിരുന്നു! ഒരിക്കലോ മറ്റോ ഇതു വന്നാലൊരു രസമുണ്ടെങ്കിലും, ഇടയ്ക്കിടെ സുദേവന്റെ നില ഈ മട്ടില്‍ പ്രകടമാവുന്നത് അത്ര നന്നെന്നു തോന്നിയില്ല.
പിന്നീട് ഋതുപര്‍ണന്റെ കൊട്ടാരത്തിലെത്തുന്ന സുദേവന്, പന്തണിമുലയാളുടെ സ്വയംവര വാര്‍ത്ത വിശദമായിത്തന്നെ ഋതുപര്‍ണനെ അറിയിക്കുന്നു. 'പന്തണിമുലമാര്‍മണി' എന്നയിടത്ത്, വിശദമായി പന്തൊക്കെ തട്ടി മുലകളുടെ മുദ്രയെടുത്ത് സുന്ദരി എന്നാടുന്നതിനു പകരം; മുല എന്നത് കാട്ടിത്തുടങ്ങി മുഴുമിപ്പിക്കാതെ സുന്ദരി എന്നതിലേക്ക് പോവുകയാവും കൂടുതല്‍ ഭംഗിയെന്ന് തോന്നുന്നു. ദമയന്തിയെന്ന് കേള്‍ക്കുമ്പോഴേ പുറപ്പെടുവാന്‍ തയ്യാറായിരിക്കുന്ന ഋതുപര്‍ണനെ, പിന്നെയുമിത് വിസ്തരിച്ച് പറഞ്ഞ് ഇളക്കേണ്ടതില്ലല്ലോ! രാജാക്കന്മാര് വന്നുവന്നു നിറഞ്ഞ കുണ്ഡിനം ഋതുപര്‍ണനെ ബോധ്യമാക്കുവാന്‍; 'ഒരുപിടി മണ്ണെടുത്തെറിഞ്ഞാല് അതിലൊരു തരിയും താഴെയെത്തില്ല, ആളുകളുടെ തലയിലേ വീഴുകയുള്ളൂ!' എന്നു കൂടി വിശദമാക്കി വിജയകുമാറിന്റെ സുദേവന്. ഋതുപര്‍ണനായി വേഷമിട്ട കലാമണ്ഡലം പ്രശാന്താവട്ടെ, സുദേവന്റെ ആട്ടങ്ങളോടൊക്കെ യുക്തമായി പ്രതികരിച്ച് തന്റെ ഭാഗവും ഭംഗിയാക്കി. തിരികെ മടങ്ങുന്ന വഴിക്ക് 'ഊണ് കഴിച്ചുവോ?' എന്നു ചോദിക്കുന്ന ബാഹുകനോടായി; 'അതൊക്കെ പിന്നെയാകാം, ഇപ്പോഴേ പുറപ്പെടുവാന്‍ നോക്കൂ, നാളെ അങ്ങെത്തണം!' എന്ന സുദേവന്റെ മറുപടി രസകരമായി.
ദമയന്തിയെക്കുറിച്ചുള്ള ഋതുപര്‍ണന്റെ വാക്കുകളില്‍ ദേഷ്യം തോന്നുന്ന ബാഹുകനെയാണ് ഇവിടെ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അവതരിപ്പിച്ചത്. ദേഷ്യവും അല്പം ഭാവിക്കാമെങ്കിലും, അതിലപ്പുറം വേദനയാവണം പ്രകടമാക്കേണ്ടത്. തരളഹൃദയനായ ബാഹുകന്റെ വിലാപമാണ് തുടര്‍ന്നു വരുന്നത്, അതിലേക്കൊരു ചവിട്ടുപടിയായി വേണം ഋതുപര്‍ണന്റെ പദത്തെ ബാഹുകനെ അവതരിപ്പിക്കുന്ന നടന് കാണേണ്ടത്. അതല്ലാതെ ഋതുപര്‍ണന്റെ പദഭാഗത്ത് ക്രോധവും മറ്റും നടിച്ച്, ശ്ലോകം തുടങ്ങുമ്പോള്‍ പെട്ടെന്ന് ദൈന്യത അഭിനയിക്കുന്നതില്‍ ചേര്‍ച്ചക്കുറവുണ്ട്. ദമയന്തി ഇങ്ങിനെയൊരു അപരാധം ചെയ്യുകയില്ല എന്ന് നളന് ഉറപ്പിക്കുമ്പോഴേക്കും അണിഞ്ഞൊരുങ്ങി ഋതുപര്ണനും കൂടെ വാര്ഷ്ണേയനുമെത്തുന്നു. മൂവരും കൂടി തേരില്‍ കുണ്ഡിനത്തിലേക്ക് തിരിക്കുന്നതോടെ 'നളചരിതം മൂന്നാം ദിവസ'ത്തിന് തിരശീല വീഴുന്നു. തേരിലേറി പോവുന്ന സമയത്തും ഋതുപര്ണനേക്കാള് സന്തോഷവാനായി കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ബാഹുകന് കാണപ്പെട്ടു!
കോട്ടക്കല്‍ മധുവും കലാമണ്ഡലം വിനോദും ചേര്‍ന്നുള്ള ആലാപനം, കാര്ക്കോടകന് ഉള്‍പ്പെടുന്ന രംഗങ്ങളില്‍ അത്ര ശോഭിച്ചില്ലെങ്കിലും "ഋതുപര്‍ണ! ധരണീപാല..." മുതല്‍ക്ക് ആസ്വാദ്യകരമായി അനുഭവപ്പെട്ടു. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസും മദ്ദളത്തില്‍ മാര്‍ഗി രത്നാകരനും ഒരുമിച്ചു കൂടിയ ഭാഗങ്ങളില്‍ മേളം മികവു പുലര്‍ത്തി. മാര്‍ഗി കൃഷ്ണകുമാറിന്റെ ചെണ്ട ആദ്യഭാഗങ്ങളില്‍ കലാശത്തിനു മാത്രമേ കേള്‍ക്കുവാന്‍ തന്നെ ഉണ്ടായിരുന്നുള്ളൂ. ശ്രീകണ്ഠേശ്വരം മോഹനചന്ദ്രന്റെ മദ്ദളവും കലാശങ്ങള്‍ക്ക് കൂടുക എന്നതിലപ്പുറം എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിച്ചു കണ്ടില്ല. ആദ്യ ഭാഗങ്ങളെ അപേക്ഷിച്ച്, ഒടുവില്‍ "മാന്യമതേ..."യിലെത്തിയപ്പോള്‍ ഇരുവരും പിന്നെയും മികച്ചു നിന്നു. ആര്.എല്‍.വി. സോമദാസിന്റെ ചുട്ടി നന്നായെങ്കില്‍ മാര്‍ഗിയുടെ കോപ്പുകളുപയോഗിച്ചുള്ള അണിയറക്കാരുടെ ഉടുത്തൊരുക്കല്‍ തരക്കേടില്ലായെന്നു മാത്രം. ജീവലനേയും വാര്‍ഷ്ണേയനേയും നന്നായി കെട്ടിച്ചുവിടുവാന്‍ മനസുവെച്ചത് നല്ല കാര്യം. ഇരുവര്‍ക്കും കൈകളിലോരോ ഹസ്തകടകം കൂടി ആവാമായിരുന്നു. ചുരുക്കത്തില്‍ കലാകാരന്മാരുടെ മൊത്തത്തിലുള്ള മികവില്‍ തരക്കേടില്ലാതെ അവസാനിച്ച ഒരു 'നളചരിതം മൂന്നാം ദിവസ'മായിരുന്നു ദൃശ്യവേദിയുടേതായി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അരങ്ങേറിയത്.
17 അഭിപ്രായങ്ങൾ:
തിരുവനന്തപുരത്ത് ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അരങ്ങേറിയ 'നളചരിതം മൂന്നാം ദിവസം' കഥകളിയുടെ ഒരു ആസ്വാദനം.
"നളോലബ്ധൗ വാസോയുഗള" നോട്ട് ചെയ്തത് ഇഷ്ടപ്പെട്ടു. കാര്‍ക്കോടകനാണ് രണ്ടാമത്തെ വസ്ത്രം നല്‍കേണ്ടത്. ബാഹുകന് ചോദിച്ചുമേടിക്കുകയല്ലല്ലോ. ബാഹുകനുണ്ടാവേണ്ട ആ നാണവും വസ്ത്രം സംഘടിപ്പിക്കേണ്ടതും നല്ല ഒരു ആട്ടമായിരിക്കും. ആ മോഹന്‍ലാല്‍ പോസ് കമന്റും രസിച്ചു. :) അദ്ദേഹം അതൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല (ഹരി അതിനെ സിനിമാറ്റിക് ആയി കാണുന്നത് സിനിമയുമായി ഒരു രക്ഷയുമില്ലാത്ത ബന്ധമുള്ളകൊണ്ടാണോ? :D ഇവിടെയും മോഹന്‍ലാല്‍ ഫാന്‍സ് വന്ന് ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. ജാഗ്രത). ഋതുപര്‍ണ്ണനെ പിരി കയറ്റി അന്നു തന്നെ പുറപ്പെടുവിക്കണമെങ്കില്‍ "ഇപ്പോഴും പന്തുപോലുള്ള മുലകളുള്ള ദമയന്തി" എന്നൊക്കെത്തന്നെ അടിച്ചുവിടണം എന്ന് സുദേവന് വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു. :) മാര്‍ഗ്ഗി വിജയകുമാറിന്റെ സുദേവന് ഇന്നേവരെ കാണാന്‍ സാധിച്ചിട്ടീല്ല. കേട്ടിട്ട് സത്യത്തില്‍ കാണാന്‍ തോന്നുന്നു. നന്നെന്നും.
ബാഹുകനെപ്പറ്റിയുള്ള പര്രമര്ശങ്ങള് : വെറൈറ്റികള്‍ക്ക് വേണ്ടി ശ്രമിക്കുകയായിരിക്കും നടന്മാരും കാണികളും. ആടിപ്പതിഞ്ഞവയില് നിന്നും അല്പം വേറിട്ട് കാട്ടുകയും അതില്‍ വീഴ്ചകള്‍ വരികയും ചെയ്യുന്നത് നിത്യക്കാഴ്ചകള്‍. ആടിപ്പതിഞ്ഞ രീതികള്‍ സുഭദ്രം. പക്ഷേ പൂര്‍വ്വസൂരികള്‍ ചെയ്തുപോയ മാനദണ്ഡങ്ങള്‍ കാണികള്‍ക്ക് ബെഞ്ച്മാര്‍ക്കും നടന്മാര്ക്ക് കീറാമുട്ടിയും . എല്ലാം ആറ്റിക്കുറിക്കിക്കാട്ടാന് ഇനിയൊരാള്‍ അല്ലെങ്കില്‍ ഒരു കൂട്ടം ആള്ക്കാര് വരും. തീര്‍ച്ച.
അല്ല, ആവശ്യം ബാഹുകന്റെയാവുമ്പോള് കാര്ക്കോടകന് മറന്നാലും ചോദിച്ചു മേടിക്കാമല്ലോ, അത്രയുമേ വസ്ത്രത്തിന്റെ കാര്യത്തില്‍ ഉദ്ദേശിച്ചുള്ളൂ! :)
:D മാര്‍ഗി വിജയകുമാര്‍ അങ്ങിനെ ഉദ്ദേശിച്ചു എന്നേ പറഞ്ഞില്ല, അങ്ങിനെയായിപ്പോയി എന്നേയുള്ളൂ! പിന്നെ, മോഹന്‍ലാലിനെ അറിയുന്ന മലയാളികള്‍ക്കാര്‍ക്കും അങ്ങിനെ തന്നെ തോന്നുവാനാണ് സാധ്യത. :)
*മൂന്നാം ദിവസം കാർക്കോടകൻ മുതൽമാത്രമുള്ള അവതരണരീതി നടപ്പായി(ചിട്ടയായി) ഇപ്പോൾ അല്ലെ....ആശാനു സ്തുതി!
"കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനു മുന്‍പായി ഒന്നു തൊട്ട് കാര്ക്കോടകന് തീയില്‍ നിന്നും രക്ഷ നല്കുവാനും പ്രശാന്ത് മറന്നില്ല. ചെറിയ കാര്യമെങ്കിലും, വളരെ പ്രധാനമായ ഈ കൈതൊടല് പലപ്പോഴും നളന്മാര് വിസ്മരിച്ചു പോവാറുണ്ട്."
ഈ തൊടൽ ഒക്കെ ചിട്ടയായത് എന്നു മുതലാണ് ഹരീ? സ്റ്റേജിനുപുറത്ത് തിക്കുണ്ഡംകൂട്ടി അതിനരികിലായി നിന്നിരുന്ന കാർക്കോടനെ സ്റ്റേജിലേയ്ക്ക് കയറ്റി നിർത്തിയതുതന്നെ അടുത്തകാലത്തല്ലെ? അതിനു മുൻപുള്ള നളന്മാർ സ്റ്റേജിൽ നിന്നും ഇറങ്ങിപോയി കാർക്കോടകനെ തൊട്ടുതിരിച്ചു സ്റ്റേജിൽ കയറിവന്നിട്ടാണോ 'കത്തുന്നവനശിഖി' ആടിയിരുന്നത്? തീയെ തനിക്കും തന്നെ തൊട്ടവർക്കും ഭയമില്ലെന്ന് നളൻ പറയുന്നതല്ലെ? 'തേടിക്കണ്ടോരുരുരഗപതൊയോടൂചിവാൻ' എന്നല്ലെ കവി പറയുന്നുള്ളു.
*നിഷ്ക്കളങ്കൻ പറഞ്ഞതുപോലെ ബാഹുകൻ ചോദിച്ചുവാങ്ങുകയല്ലൊ മറ്റൊരു വസ്ത്രംകൂടി കാർക്കോടകൻ അറിഞ്ഞു തൽകുകയല്ലെ ചെയ്യേണ്ടത്. അടുത്തകാലത്ത് തിരുമേനിയുടെ കാർക്കോടകൻ രണ്ടാമത്തെ വസ്ത്രം നൽകിയത് അത്ര പിടിക്കാഞ്ഞ ഒരു സുപ്രസിദ്ധനടൻ കാർക്കോടകനോട്തന്നെ അത് ഉടുപ്പിച്ച് തരാൻ പറയുകയും, ഉടുപ്പിക്കുകയും ചെയ്യുന്നതു കണ്ടു!
*പിന്നെ മലപ്പുറം ജില്ലയിലൊക്കെ ബാഹുകന്മാർ ദോശയെ കഴിക്കാറുള്ളു! പിന്നെ പാൽ......അതൊരു സമീകൃത ആഹാരമാണ്, നമുക്ക് സൗന്ദര്യവും ജോലികൾ ചെയ്യാനുള്ള ശക്തിയും ഒക്കെ ലഭിക്കണമെങ്കിൽ പാൽ അത്യാവശ്യമാണ് ഇന്നൊക്കെ കൂടി ആടിയില്ല അല്ലെ?
കൂടാതെ കുറഞ്ഞത് ഒരു അരഡസൻ പഴംചൊല്ലുകൾ എങ്കിലും ബാഹുകൻ ആടിക്കാണുമല്ലൊ...അതാണ് കോട്ടം തട്ടാത്ത കളരിചിട്ടയുടെ ഗുണം!
*'പന്തണീമുലമാർമണി' ഈ രീതിയിൽ കാട്ടിയത് കുറച്ച് ഔചിത്യമായി എന്നു തോന്നുന്നു. 'സുന്ദരീമണിമാർമണി' എന്നാണ് പത്മനാഭനായരാശാൻ, കരുണാകരൻ നായരാശാൻ, ഫാക്റ്റ് പത്മനാഭാശാൻ ഒക്കെ ഈ പദത്തിൽ മുദ്രകാണിക്കുന്നതായി കണ്ടിട്ടുള്ളത്. ഋതുപർണ്ണനെ ഇളക്കാൻ ദമയന്തി പന്തണിമുലയാളാണ് എന്ന സുദേവന്റെ പ്രസ്ഥാവനയുടെ യാതൊരു ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. ആദ്യ സ്വയംവരത്തിലെ പങ്കെടുത്തിട്ടും ദമയന്തിയെ നേരിട്ട് കണ്ടിട്ടും ഉള്ള ആളാണല്ലൊ ഋതുപർണ്ണൻ. ഇനി ഋതുപർണ്ണനെ ഇളക്കുക എന്ന ഇദ്ദേശത്തിലായാൽ പോലും പുത്രിസമാനയായ ഒരുവളെ കുറിച്ച് ബ്രാഹ്മണശ്രേഷ്ഠനായ സുദേവൻ എന്ന കഥാപാത്രത്തിന് പറയുവൻ കഴിയുമോ?
ചുരുക്കത്തിൽ മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു കളി ആയിരുന്നു അല്ലെ ഹരി. വാര്യരാശാൻ ഇതിലും ഔചിത്യപൂർണ്ണമായും നന്നായും ബാഹുകൻ അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നളചരിതത്തിലെ തന്നെ എനിക്കേറ്റവും ഇഷ്ടമുള്ളത് മൂന്നാംദിവസം ബാഹുകൻ ആണ്.
സുദേവൻലാൽ കൊള്ളാം അല്ലെ? ഇനിക്കും കാണാൻ സാധിച്ചിട്ടില്ല മാർഗ്ഗിയുടെ സുദേവനെ.
കാർക്കോടകൻ കൊടുക്കുന്നത് രണ്ടു വ്യത്യസ്ത വസ്ത്രങ്ങളാണ്. ഒന്ന് അപ്പോൾ ഉടുക്കാാനും മറ്റൊന്ന് സ്വന്തം രൂപം തിരിച്ചു കിട്ടാനും. രണ്ടിന്റേയും ധർമ്മം വേറേ. രണ്ടാമത്തേത് ഒരു മാതിരി മാജിക് തുണി.
രണ്ടെണ്ണം കൊടുക്കുന്നതായി കാണിക്കാറേ ഇല്ല. പദത്തിൽ കൃത്യമായി ഇത് നിബന്ധിച്ചിട്ടില്ലെങ്കിലും ആട്ടത്തിലെങ്കിലും അത് കാണിക്കേണ്ടതാണ്.
നളചരിതം കഥയിൽ വസ്ത്രം ഒരു പ്രധാന പങ്കു വഹിയ്ക്കുന്നു.കഥാഗതിയെ നിയന്ത്രിയ്ക്കുന്നുമുണ്ട്. സ്വത്വം മറയ്ക്കാനും വീണ്ടെടുക്കാനുമുള്ളതാണ് വസ്ത്രം. തിരസ്കരണി മറയ്ക്കാനുള്ളതാണ്. കലി ആദ്യം നളന്റെ വസ്ത്രം അപഹരിയ്ക്കുന്നു. (“വസ്ത്രമിതു പറിപ്പാൻ വന്നതിജ്ജനവും”) അതിനും മുൻപ് കൂടപ്പിറപ്പിനെപ്പോലെയാണ് നളൻ വസ്ത്രത്തെക്കാണുന്നത് (“വസ്ത്രമേതദുത്സുജാമി..”). ദമയന്തിയുടെ വസ്ത്രം മുറിച്ചുകൊണ്ടു പോയത് വലിയ അധർമ്മമായിട്ടാണ് കരുതുന്നത് (“തുകിൽ മുറിച്ചൊളിച്ചുപോവാൻ തോന്നിയവാറെങ്ങിനേവാൻ?“). സുദേവനു യാത്ര പുറപ്പെടാൻ ഒരുങ്ങണമെങ്കിൽ രണ്ടാം മുണ്ടു മാത്രം മതി (“മേൽപ്പുടവയെടുക്കേണം”) കാർക്കോടകൻ കൊടുക്കുന്ന വസ്ത്രമാകട്ടെ സ്വത്വം വീണ്ടെടുക്കാനുള്ളതാാണ്.
വസ്ത്രധാരണം വളരെ പ്രാധാന്യത്തിൽ വന്ന ഒരു കാലഘട്ടമാണോ കഥയിൽ സൂചിപ്പിക്കപ്പെടുന്നത് എന്നൊരു സംശയം. വസ്ത്രത്തിനു “magical powers" ഉണ്ടെന്ന ധാരണ വെറുതെ വന്നതാകാൻ സാദ്ധ്യതയില്ല.
ഇവിടെ മൂന്നാം ദിവസം ആദ്യം മുതല്‍ക്ക് തന്നെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാര്‍ഗി ബാലസുബ്രഹ്മണ്യന് എത്തുവാന്‍ കഴിഞ്ഞില്ല. പകരമെത്തിയ കലാ. പ്രശാന്തിന് അത്രയ്ക്ക് പരിചയമില്ലാത്തതു കൊണ്ടാണോ എന്നുമറിയില്ല. പിന്നെ സമയക്കുറവും ഒരു കാരണമാണ്. 10-നു മുന്‍പ് കഥ തീര്‍ക്കുകയും വേണം. മാര്‍ഗി ബാലസുബ്രഹ്മണ്യന് വന്നിരുന്നെങ്കിലും ആദ്യഭാഗങ്ങള്‍ ഒഴിവാക്കുവാന്‍ തന്നെയാണ് സാധ്യത.
അതു ശരിയാണല്ലോ! :) ഒന്നോ രണ്ടൊ പ്രാവശ്യം മാത്രമേ തീകൂട്ടിയുള്ള കളി കണ്ടിട്ടുള്ളൂ, പിന്നെയുള്ളതെല്ലാം ഇപ്രകാരം സ്റ്റേജില്‍ തന്നെ! ഏതായാലും, അങ്ങിനെയൊന്ന് തൊട്ടതിനു ശേഷം പദത്തിലേക്ക് കടക്കുന്നത് നല്ലൊരു രീതിയായി തന്നെ കാണുന്നു. അത്രയും നേരം ഒരു രക്ഷയും നല്‍കാതെ തീയില്‍ നിര്‍ത്തി കുശലം ചോദിച്ചു എന്ന ആരോപണവും ഒഴിവാക്കാം. :)
"പന്തണീമുലമാര്‍മണി..." ഔചിത്യമെന്നോ അനൗചിത്യമെന്നോ ഉദ്ദേശിച്ചത്? ഔചിത്യമെന്നു പറഞ്ഞിട്ട് പിന്നീട് പറഞ്ഞതെല്ലാം അനൗചിത്യത്തിനുള്ള വാദങ്ങളും.
വസ്ത്രത്തിന്റെ കാര്യം മുകളില്‍ സൂചിപ്പിച്ചല്ലോ; കാര്ക്കോടകന് തന്നെയാണ് രണ്ട് വസ്ത്രവും നല്‍കേണ്ടത്. അത് കാര്ക്കോടകന് മറന്നാല്‍, ബാഹുകന് ഓര്മ്മപ്പെടുത്താമെന്നേ ഉദ്ദേശിച്ചുള്ളൂ. വസ്ത്രമായി കൊടുത്തില്ലെങ്കിലും, മുദ്രയില്‍ കാട്ടിയാലും മതി. ഏതായാലും ഉടുപ്പിച്ചതൊക്കെ കടന്നുപോയി!
'നളചരിതം' മഹാഭാരതത്തില്‍ യുധിഷ്ഠിരനു പറഞ്ഞു കൊടുക്കുന്ന കഥയല്ലേ? അപ്പോളത് വേദവ്യാസന്റെ (അല്ലെങ്കില്‍ മഹാഭാരതം ആരെഴുതിയോ അയാളുടെ) തന്നെ ഭാവനയാവണം, അല്ലേ? അപ്പോള്‍ കാലഘട്ടത്തിന്റെ പ്രത്യേകതയെങ്കില്‍ മഹാഭാരതത്തിലും വസ്ത്രത്തിന്റെ ഇത്തരത്തിലുള്ള മേജിക് കഴിവുകള്‍ കാണേണ്ടതല്ലേ? അതോ, ഇനി അന്ന് പ്രചാരത്തിലുണ്ടായിരുന്ന നളന്റെ കഥ മഹാഭാരതത്തില്‍ ഉള്‍പ്പെടുത്തിയതാണോ? അങ്ങിനെയെങ്കില്‍; ആ കഥ ഉണ്ടായ കാലഘട്ടത്തിലായിരിക്കാം വസ്ത്രത്തിന് പ്രാധാന്യം വന്നത്.
ഏവരിടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
“പന്തണിമുലമാർമണി” യ്ക്ക് ഔചിത്യമുണ്ട്. ഋതുപർണ്ണനിൽ കാമവികാരം വളർത്താൻ വേണ്ടിയാണ് ഈ പ്രയോഗം. “നിതാന്ത രമ്യ നിശാന്തകേളി”യ്ക്ക് (രാത്രിയുടെ അന്ത്യത്തിലുള്ള കേളിയ്ക്ക്)മറ്റൊരുവനെ ഇതാ ദമയന്തി തിരയുന്നു എന്നാണ് പറഞ്ഞു ധരിപ്പിയ്ക്കുന്നത്. നളനെ ഞെട്ടിയ്ക്കണം എന്നും ഉദ്ദേശം കാണും. അവൾ ഇപ്പൊഴും കാമരൂപിണിയായിരിക്കുന്നു എന്നും അറിഞ്ഞോട്ടെ എന്നു കരുതിയായിരിക്കണം പ്രായമേറിയ ആളാണെങ്കിലും സ്വൽപ്പം എരിവും പുളിയും കൂട്ടി “അവൾ അങ്ങനെ ത്രസിച്ചു നിൽക്കുകയാ കേട്ടോ “ എന്ന മാതിരി ഇട്ടുകൊടുത്തത്. അതുകൊണ്ടു തന്നെ “മറിമാൻ കണ്ണിയുടെ മറിവിതാർക്കറിയാം’ എന്നത് കൂടുതൽ അർത്ഥവത്തും ആകുന്നു.
*മൂന്നാം ദിവസം കാർക്കോടകൻ മുതൽമാത്രമുള്ള അവതരണരീതി നടപ്പായി(ചിട്ടയായി) ഇപ്പോൾ അല്ലെ....ആശാനു സ്തുതി!
ഹ ഹ.. "മുദിതം മാനസം മമ" അപ്രത്യക്ഷമായതിനും, "നിര്‍ജ്ജനം,ഊര്‍ജ്ജിതാശയ,പ്രിയമാനസ" എല്ലാം വാലും തലയും മാത്രമായതിനും സ്തുതി :) :)
കലാമണ്ഡലം പ്രശാന്ത് എന്നു കേട്ടപ്പോള്‍, ആദ്യം കോട്ടയത്തുള്ള പ്രശാന്ത് ആണെന്നു വിചാരിച്ചു. അദ്ദേഹത്തിനു ഇനിയും വെളുത്ത നളന് പോലും കെട്ടാന്‍ പറ്റില്ലെങ്കില്‍ വളരെ കഷ്ടം തന്നെ എന്നു തോന്നി. പക്ഷെ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി ആ പ്രശാന്ത് അല്ല ഈ പ്രശാന്ത് എന്ന്, എന്റെ ഒരു തെറ്റിദ്ധാരണ!
എതിരേട്ടന്‍ പറഞ്ഞ "പന്തണിമുലമാര്‍മണി" യൊടാണ് എനിക്കും യോജിപ്പ്.
വാര്യരാശാന്റെ ദോശചുടലിനെക്കുറിച്ചുള്ള കമന്റുകള്‍ രസകരം. ശ്രീ മാങ്കുളത്തിന്റെ നാലാദിവസം ബാഹുകന്റെ ദേഹണ്ഡം കണ്ടിരുന്നെങ്കിലോ? കേവലബാലനായ എനിക്ക് അത്യധികം രസം തോന്നിച്ചിരുന്നു അന്നതിനോട്. സ്മരണമാത്രയില് സ്വാദിഷ്ടഭോജ്യങ്ങളുണ്ടാക്കാന് കഴിവുള്ള നളന് ഫുള്‍ ഫ്ലെഡ്ജ്ഡ് ദേഹണ്ഡക്കാരനാകേണ്ട കാര്യമില്ലെന്ന് പണ്ഡിതമതം. നടന് നടിക്കുവാന്‍ പല വഴികള്‍. ലോകധര്‍മ്മിയുടെ പോപ്പുലാരിറ്റിയുടെ പ്രലോഭനങ്ങള്‍ നടന്മാരെ എന്നു നോക്കിച്ചിരിച്ചുകൊണ്ടിരിക്കും.
AMBUJAKSHAN NAIR said...
കാര്‍ക്കോടകനോട് "കത്തുന്ന വനശിഖി..." എന്ന പദത്തിലൂടെ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനു മുന്‍പായി ഒന്നു തൊട്ട് കാര്ക്കോടകന് തീയില്‍ നിന്നും രക്ഷ നല്കുവാനും പ്രശാന്ത് മറന്നില്ല. ("കാട്ടുതീയില്‍ ചാടിക്കൊണ്ടാലൊരു ഭയമെനിക്കില്ല, ഞാന്‍ തൊട്ടവര്‍ക്കും" എന്നു ശ്ലോകം.) ചെറിയ കാര്യമെങ്കിലും, വളരെ പ്രധാനമായ ഈ കൈതൊടല് പലപ്പോഴും നളന്മാര് വിസ്മരിച്ചു പോവാറുണ്ട്.
കൊക്കിനെ പിടിക്കുന്നതിനു ഒരു വിദ്യയുണ്ട്. ആദ്യം കൊക്കിന്റെ തലയില്‍ കുറച്ചു വെണ്ണ വെയ്ക്കണം. വെണ്ണ ഉരുകി കുറേശ്ശെ കൊക്കിന്റെ കണ്ണില്‍ ഇറങ്ങും. അപ്പോള്‍ കൊക്കിന്റെ കാഴ്ച താല്‍ക്കാലികമായി നഷ്ട്ടപ്പെടും. അപ്പോള്‍ കൊക്കിനെ പിടിക്കാം. അത് പോലെയാണ് ഈ കാര്‍ക്കോടക തൊടീല്. കാട്ടുതീയില്‍ പ്രവേശിച്ചാല്‍ എനിക്ക് മാത്രം അല്ല ഞാന്‍ തൊട്ടവര്‍ക്കും ഭയം വേണ്ടാ എന്നാണ് പറയുന്നത്. അല്ലാതെ പോയി തൊട്ടു തിരികെ വന്നു സംസാരിക്കുകയും പിന്നീട് തീയില്‍ പ്രവേശിച്ചു കാര്‍ക്കൊടകനെ പിടിച്ചു കൊണ്ടുവന്നു എന്ന് ചിന്തിക്കുന്നത് എത്ര കണ്ടു ഉചിതം എന്ന് ചിന്തിക്കേണ്ടതുണ്ട്. നളന് കാട്ടുതീയില്‍ പ്രവേശിച്ചു കൊണ്ടും സംസാരിച്ചു കൊണ്ടും കാര്‍ക്കൊടകനെ സമീപിച്ചു. പലതും നളന് പറഞ്ഞു ഒടുവില്‍ സംസാരം നിര്‍ത്തി കാര്‍ക്കൊടകനെ തോളില്‍ എത്തി കാട്ടുതീ വിട്ട് വെളിയില്‍ വന്നു എന്ന് ധരിച്ചാല്‍ മതി. രണ്ടു വസ്ത്രം വാങ്ങുന്നു എന്നത് ശരി. രംഗത്ത് ഏതെങ്കിലും ഒരു തുണി കൊണ്ടു വെയ്ക്കുക എന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തം കളിയോഗത്തില്‍ ഉള്ളതായി തോന്നിയിട്ടില്ല. രണ്ടു വസ്ത്രം പ്രത്യേകം വാങ്ങി വരണം എന്നത് നടന്റെ ചുമതല ആണെന്ന് തോന്നുന്നില്ല. രണ്ടു വസ്ത്രം എന്ന് കാര്ക്കോടകന് മുദ്ര കാട്ടിയാല്‍ ഉള്ക്കൊള്ളാവുന്നതെയുള്ളൂ കഥകളിയില്‍.
(Note: അദ്ദേഹം മറ്റിടങ്ങളില്‍ പങ്കുവെച്ചത്. ബ്ലോഗില്‍ എന്തുകൊണ്ടോ പോസ്റ്റ് ചെയ്യുവാന്‍ കഴിയുന്നില്ല എന്നു പറഞ്ഞതിനാല്‍ ഇവിടേക്ക് കോപ്പി-പേസ്റ്റ് ചെയ്യുന്നു. മോസില്ല ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം ഇവയിലേതെങ്കിലും ഉപയോഗിക്കുക. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9-നു മുന്‍പുള്ള വേര്‍ഷനുകളില്‍ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍ കാണിച്ചെന്നിരിക്കും.)
മറുപടി
--------
"അല്ലാതെ പോയി തൊട്ടു തിരികെ വന്നു സംസാരിക്കുകയും പിന്നീട് തീയില്‍ പ്രവേശിച്ചു കാര്‍ക്കൊടകനെ പിടിച്ചു കൊണ്ടുവന്നു എന്ന് ചിന്തിക്കുന്നത് എത്ര കണ്ടു ഉചിതം എന്ന് ചിന്തിക്കേണ്ടതുണ്ട്. " - ഇങ്ങിനെ ചിന്തിക്കുന്നത് തീര്‍ത്തും അനുചിതം തന്നെ. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് അങ്ങിനെയല്ല താനും. കാര്‍ക്കോടകന്റെ സമീപമെത്തി ഒന്നു തൊട്ടതിനു ശേഷം കാര്യങ്ങള്‍ ചോദിച്ചറിയുന്നു; അത്രയുമേയുള്ളൂ. തൊട്ടിട്ട് തിരികെ പോവുന്നു എന്നൊക്കെ എവിടെ നിന്നും വന്നു? മുന്‍ കാലങ്ങളില്‍ മണി സൂചിപ്പിച്ച പ്രായോഗികമായ പ്രശ്നം ഉണ്ടായിരുന്നു. (സ്റ്റേജിനു പുറത്തെവിടെയെങ്കിലും കത്തിക്കുമ്പോള്‍ സ്റ്റേജില്‍ നിന്നിറങ്ങി പോയി തൊടുകയും തിരിച്ചു വന്നു കളിക്കുകയും ചെയ്യുകയെന്ന പ്രായോഗിക ബുദ്ധിമുട്ട്; ഇതാണോ നളന് പോയിട്ട് തിരിച്ചു വന്നതായി ധരിച്ചത്? അങ്ങിനെ നടന് പോയി വന്ന് കളിച്ചാല്‍ പോലും കഥകളിയില്‍ അതിനര്‍ത്ഥം നളന് തീയിനുള്ളില്‍ പോയി തൊട്ടിട്ട് തിരികെ വന്നു എന്നാവണമെന്നില്ല താനും.) എന്നാലിന്ന് ആ പ്രായോഗിക പ്രശ്നമില്ല. അതുകൊണ്ടു തന്നെ ഒന്നു തൊട്ട ശേഷം പദത്തിലേക്ക് കടക്കുന്നത് നല്ലൊരു രീതിയായി കരുതുന്നു. ഞാന്‍ തൊട്ടവര്‍ക്കും ആപത്തൊന്നും വരില്ലെന്ന് വെറുതേ അവിടെ നളന് പറയേണ്ട കാര്യമില്ലല്ലോ! പിന്നീട് എരിഞ്ഞ തീയില്‍ നിന്ന് വേണ്ട ഇനിയുള്ള സംസാരം എന്നേ നളന് പറയുന്നുള്ളൂ; നിന്നെ വേദനിപ്പിക്കുന്ന ഈ തീയില്‍ നിന്നും രക്ഷിക്കാം എന്നൊന്നുമല്ല പറയുന്നത്. വസ്ത്രത്തിന്റെ കാര്യം മുദ്രയിലൂടെയെങ്കിലും കാണിക്കണം എന്നു തന്നെയേ ഉദ്ദേശിച്ചുള്ളൂ; അവിടെ ഒരു വസ്ത്രത്തെ കാണിക്കുവാന്‍ പോലും യഥാര്‍ത്ഥത്തിലുള്ള തുണിക്കഷ്ണം നല്‍കണമെന്ന് ചിന്തിക്കുന്നില്ല.
(കൂട്ടത്തില്‍ പറയട്ടെ; കൊക്കിന്റെ ഉദാഹരണം ഇവിടെ തീരെ യോജിക്കുന്നതായി തോന്നിയില്ല! :p കാര്‍ക്കോടകന്റെ തൊടീലുമായി അതിനെ ബന്ധിപ്പിച്ചതെങ്ങിനെ? വിശദമാക്കിയാല്‍ നന്നായിരുന്നു.)
ഈ പ്രശാന്തിനും വെളുത്ത നളന് കെട്ടുവാന്‍ കഴിയും എന്നു തന്നെയാണ് കളിക്കു ശേഷം തോന്നിയത്. സമയക്കുറവ് മാത്രമായിരുന്നിരിക്കാം ആദ്യഭാഗം ഒഴിവാക്കുവാനുള്ള കാരണം.
"നിതാന്തരമ്യ നിശാന്തകേളിഷു ബാന്ധവം" എന്നു വരെയൊക്കെ സുദേവന് പറയുന്നതിനാല്‍ 'പന്തണിമുലമാര്‍മണി...' എന്ന് അല്പം വിസ്തരിച്ചു തന്നെ നടന് കാണിച്ചാലും തെറ്റുപറയുവാനാവില്ല എന്നതിനോട് യോജിക്കുന്നു. എങ്കിലും അല്പം ഒതുക്കി പറയുന്നത് കൂടുതല്‍ ഭംഗിയാവുമെന്ന് കരുതുന്നു.
--
dear haree,
at the time of bahuka, is man is able to prepare dosa !
പേടിക്കേണ്ട വരുവന് അരികേ വന്‍ കൊടും കാട്ടുതീയില്‍ ചാടിക്കൊണ്ടാലൊരു ഭയം എനിക്കില്ല , ഞാന്‍ തൊട്ടവര്‍ക്കും കൂടി കണ്ടാലുടന്‍ അഴല് ഒഴിച്ചീടുവെന് എന്ന് ചൊല്ലി തേടിക്കണ്ടൊരു ഉരഗപതിയോടു ഊചിവാന്‍ നൈഷധേന്ദ്രന്‍.
കാര്‍ക്കോടകന്റെ വിലാപം കേട്ട നളന് വിളിച്ചു പറയുന്നതാണ് " തീയില്‍ ചാടിക്കൊണ്ടാല്‍ എനിക്ക് ഭയം ഇല്ല എന്നും ഞാന്‍ തോട്ടവരും ഭയപ്പെടെണ്ടതില്ല എന്നും . അല്ലാതെ തൊട്ടിട്ടു പദം ആടുകയല്ല എന്ന് കാണികള്‍ മനസിലാക്കണം. "തേടി കണ്ടു" എന്നാണ് പറയുന്നത്. വന്‍ തീയില്‍ അകപ്പെട്ട കര്ക്കൊടകനെ നളന് കണ്ടു ഇപ്പ്രകാരം പറഞ്ഞു. എരിഞ്ഞ തീയില്‍, ഭുജംഗം എന്നു തോന്നി, എന്നുടെ കഥകളെ എന്നീ മൂന്നു ചരണങ്ങള്‍ നളന് ആടിക്കൊണ്ടു തീയില്‍ പ്രവേശിച്ചു കൊണ്ട് കാര്‍ക്കോടകനെ സമീപിക്കുകയാണ്. നടന് ഈ ചരണങ്ങള്‍ ആടി തീരുമ്പോള്‍ കാര്‍ക്കോടക സമീപത്തു എത്തിച്ചേര്‍ന്നു എന്നു ധരിച്ചാല്‍ മതി.
അങ്ങിനെ തന്നെ ധരിക്കണം എന്നില്ല. തേടി കണ്ടതിനു ശേഷം ആദ്യം കാര്ക്കോടകന് രക്ഷനല്കാതെ നളന് കാര്യങ്ങള്‍ ചോദിക്കുവാന്‍ നില്ക്കുമെന്നു കരുതുന്നില്ല. 'ഞാന്‍ തൊട്ടവര്‍ക്കും തീയില്‍ നിന്നും അപായം വരില്ല' എന്നവിടെ വെറുതേ നളന് വീമ്പ് പറയുകയും വേണ്ട. അതു ചെയ്യുവാനായി തന്നെ പറഞ്ഞതാണ് എന്ന രീതിയിലും മനസിലാക്കാം. മാത്രമല്ല പിന്നീട് പറയുന്നത്, "എരിഞ്ഞ തീയില്‍ നിന്നല്ലിനി വേണ്ടൂ സല്ലാപം..." എന്നാണ്. അതായത്, തീയില്‍ നിന്നും രക്ഷ നല്‍കിയശേഷം കാര്യങ്ങള്‍ ചോദിച്ചു; ഇനിയേതായാലും തീയില്‍ നിന്നും പുറത്തേക്ക് കടക്കാം. അതുകൊണ്ട് അവിടെ തൊട്ടിട്ട് പദം ആടുന്നതില്‍ കുഴപ്പമില്ലെന്നു മാത്രമല്ല, ഉചിതമായൊരു കാര്യമെന്നു തന്നെ കരുതുന്നു.
മാഷേ ഞാന്‍ വിടുന്നു. "ഞാന്‍ തൊട്ടവര്‍ക്കും" എന്ന് നളന് പറയുമ്പോള്‍ കാര്‍ക്കോടകനെ കണ്ടിട്ടില്ല. കൂടി കണ്ടാല്‍ " എന്നത് നിന്നെ ഞാന്‍ കണ്ടെത്തിയാല്‍ എന്നാണ്. കണ്ടെത്തി. എന്നാല്‍ സമീപത്തു എത്തിയെന്നു അര്‍ത്ഥം ഇല്ല . മൂന്നു ചരണം ആടുമ്പോള് നളന് കാട്ടുതീയില്‍ കൂടികണ്ടെത്തിയ കാര്‍ക്കോടകനെ സമീപിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് ഈ സംവാദത്തില്‍ നിന്നും രക്ഷ പെടുവാന്‍ ആഗ്രഹിക്കുന്നു
ഹരീ. അല്‍പ്പം കൂടി എഴുതി കൊള്ളട്ടെ .
നളചരിതം കഥകളിയുടെ " ശിരോമണി. ദേശമംഗലത്ത് രാമവാര്യരുടെ വ്യാഖ്യാനത്തില്‍ ഇപ്രകാരം പറയുന്നു.
രംഗത്തില്‍ വലത്തു ഭാഗത്തു കുറെ പിന്നിലായി തിരശീല ചെറുതാക്കി പിടിച്ചു കൊണ്ട് കാര്ക്കോടകന് നില്‍ക്കണം. കര്ക്കൊടകനെ കണ്ടിട്ടില്ലാത്ത നിലയില്‍ " പേടിക്കേണ്ട വരുവന് അരികില്‍ " എന്ന ശ്ലോകം ആടണം. കൂടി കണ്ടാല്‍ എന്നത് നിന്നെ കണ്ടെത്തിയാല്‍ നിന്റെ ദുഃഖം ഞാന്‍ അവസാനിപ്പിക്കും.കാട്ടുതീ മദ്ധ്യത്തില്‍ മനുഷ്യ ശബ്ദം ആയിരിക്കുമാന്നു കരുതി തേടി കണ്ടത് സര്പ്പശ്രേഷ്ടനെയാണ്. അപ്പോള്‍ ( നളന്റെ വസ്ത്രം കൊണ്ടു പോയ അന്നങ്ങളെ പോലെ ) നളനു ഇതു വഞ്ചന ആയിരിക്കുമോ എന്ന സംശയം (നേരു തന്നെ പറയേണം എന്ന് ചേര്‍ത്തിരിക്കുന്നത് ഈ സംശയം കൊണ്ടാണ് ) .
1, "എരിഞ്ഞ തീയില്‍ നിന്നല്ലിനി വേണ്ടൂ സംവാദം 2. ഭുജംഗമെന്നു തോന്നീ രൂപം കൊണ്ടു നിന്നെ 3. എന്നുടെ കഥകളെങ്ങിനെ നീ അറിഞ്ഞു തുടങ്ങിയ ഓരോ ചരണവും കാര്‍ക്കോടകന്റെ സമീപത്തേക്ക് നീങ്ങികൊണ്ടാണ് ആടേണ്ടത് . ഒടുവിലത്തെ ചരണം കഴിഞ്ഞാല്‍ ഓടിച്ചെന്നു കാര്‍ക്കോടകനെ പിടിച്ചു തീയില്‍ നിന്നു വെളിയില്‍ കൊണ്ടുവരണം.
കൂടിക്കണ്ടാലുടന് അഴലൊഴിച്ചീടും - തേടിക്കണ്ടോരു ഉരഗപതിയോട് പറഞ്ഞു; തേടിക്കണ്ടാല് എന്നു പറയുന്നിടത്ത് നളന് കാര്‍ക്കോടകനെ കണ്ടു കഴിഞ്ഞു. അപ്പോള്‍ ആദ്യം പറഞ്ഞ രീതിയില്‍ തൊട്ട് തീയില്‍ നിന്നും രക്ഷ നല്കി അഴല് ഉടന്‍ തന്നെ ഒഴിക്കുന്നതായി നളന് ആടുന്നതില്‍ അപാകതയൊന്നുമില്ല, അതിന് ഔചിത്യം കൂടുതലായുമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
ദേശമംഗലത്ത് രാമവാര്യര്‍ ഒരുപക്ഷെ ഇങ്ങിനെ ചിന്തിച്ചിരിക്കില്ല. (അതോ ഇന്ന ഇന്ന കാരണങ്ങള്‍ കൊണ്ട് തൊട്ടതിനു ശേഷം പദമാടുന്നത് പാടില്ല എന്നദ്ദേഹം എഴുതിയിട്ടുണ്ടോ? അങ്ങിനെയെങ്കില്‍ അദ്ദേഹം ആ സാധ്യതയും ചിന്തിച്ചിരുന്നു എന്നു പറയാം. ഇവിടെ ഞാനല്ല ഈ സാധ്യത ചിന്തിച്ചതും, അത് കലാമണ്ഡലം പ്രശാന്താണ്. അദ്ദേഹം ചെയ്തത് നന്നായി എന്നേ ഞാന്‍ പറഞ്ഞുള്ളൂ!) ഓരോ കാലത്തും ഈ തരത്തില്‍ പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ ഓരോന്നിനും ഉണ്ടായെന്നിരിക്കും, അവ യുക്തിസഹമെങ്കില്‍ സ്വീകരിക്കുന്നതില്‍ പ്രശ്നവുമില്ല. :)
കാര്ക്കോടകന് ഒരു ചെറിയ പാമ്പ് അല്ല. "തേടി കണ്ടു "എന്നത് കാര്‍ക്കോടകനെ കണ്ടു എന്ന് തന്നെ. കാര്‍ക്കോടകനെ തൊട്ടു എന്നതല്ല. ഇന്ദ്രാദികളില്‍ നിന്നും തനിക്കു ലഭിച്ചിരിക്കുന്ന ആ വരത്തെ പറ്റി കാര്‍ക്കോടകനെ കാണുന്നതിനു മുന്‍പ് തന്നെ നളന് വിളിച്ചു പറയുകയാണ്. *( പചന ദഹനങ്ങളില് സ്വാധീനന് ഞാന്‍ എന്ന് ). ചിന്തിച്ചാല്‍ കാട്ടു തീയില്‍ അകപ്പെട്ടിരിക്കുന്ന സര്‍പ്പരാജനെ നളന് കണ്ടു എന്ന് മാത്രമാണ് സാരം. പിന്നീടു ഓരോ ചരണങ്ങളും നളന് കാട്ടു തീയില്അകപ്പെട്ട കാര്‍ക്കോടകനെ സമീപിച്ചു കൊണ്ടു ആടുന്നത് തന്നെ ഉചിതം. (കാട്ടുതീ എന്താണ് എന്ന് നാം സങ്കല്പ്പിച്ചു നോക്കുക. )
നളന് കെട്ടിയ പ്രശാന്ത് ചിന്തിച്ചത് ന്യായമെന്ന് കരുതുവാന്‍ കഴിയുകയില്ല ഒപ്പം അതിനെ ന്യായീകരിക്കുന്നതും .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--