
തന്നോട് മല്ലയുദ്ധത്തില്‍ എതിര്‍ത്തു ജയിക്കുവാനും മാത്രം പരാക്രമശാലികളായ ആരും ഈ പ്രദേശത്തെങ്ങുമില്ല എന്നതിന്റെ ഗര്‍വ്വോടെയാണ് മല്ലന്റെ ജീവിതം. കൈത്തരിപ്പ് തീര്‍ക്കുവാന്‍ വഴി കാണാതെ അസ്വസ്ഥനാവുന്ന ജീമൂതന്‍ വിരാട രാജ്യത്തെ മല്ലയുദ്ധത്തിന്റെ വിളംബരം കേട്ട് സന്തോഷിക്കുന്നു. അവിടെയെത്തി തോല്പിച്ചു വിട്ട പലരേയും കണ്ട് പരിഹസിച്ച്, യുദ്ധത്തട്ടില് കയറി 'തന്നെ ജയിക്കുവാന്‍ ആരുണ്ട്?' എന്ന ഭാവത്തില്‍ വെല്ലുവിളിക്കുന്നു. കൂട്ടത്തില്‍ മല്ലയുദ്ധം കാണുവാനായി പല തട്ടുകളിലായിരിക്കുന്ന കാണികളേയും കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്റെ മല്ലന് നോക്കിക്കാണുന്നു. വിരാടരാജ്ഞിയുടെ സമീപത്തു നിന്ന് കൈതടവുകയും വിശറി വീശുകയും മറ്റും ചെയ്യുന്ന സുന്ദരിയായ ദാസിയെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലല്ലോ എന്നും ഇടയ്ക്ക് ചിന്തിക്കുന്നുണ്ട്. തുടര്‍ന്ന് "ആരൊരു പുരുഷനഹോ! എന്നോടു നേര്‍പ്പാന്‍..." എന്ന മല്ലന്റെ പദം ആടുന്നു.
പടയ്ക്ക് മിടുക്കുണ്ടെന്ന് അഹങ്കരിച്ചു വരുന്നവരുടെ മദമടക്കി കാലപുരിക്കയക്കുമെന്ന മട്ടിലുള്ള മല്ലന്റെ വീരവാദങ്ങള്‍ കേട്ട് യുദ്ധത്തിനെത്തുന്ന വലലനെക്കണ്ട് സൂക്ഷിച്ചു നോക്കിയതിനു ശേഷം; പൂണൂല് ധാരി, പാചകക്കാരന്, തിന്നു കൊഴുത്തവന്‍, മല്ലയുദ്ധത്തിനു വന്നിരിക്കുന്നു എന്നമട്ടില്‍ മല്ലന് പരിഹസിക്കുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ വന്നിരിക്കുന്നയാള്‍ നിസ്സാരനല്ല എന്നു മല്ലന് മനസിലാക്കുന്നു. ഒടുവില്‍ മല്ലയുദ്ധത്തിന്റെ പാരമ്യത്തില്‍ മല്ലനെ വലലന് ബന്ധിക്കുന്നെങ്കിലും, പിന്നീട് കുങ്കനായി വിരാടനോടൊപ്പം കഴിയുന്ന യുധിഷ്ഠിരന്റെ ആജ്ഞ മാനിച്ച് കൊല്ലാതെ വിടുകയും ചെയ്യുന്നു.
Mallayudham
SDV Besant Hall, AlappuzhaWritten by
- Irayimman Thampi
Actors
- Kalamandalam Ramachandran Unnithan as Mallan
- Kottackal Devadas as Valalan
Singers
- Kottackal Madhu
- Kalanilayam Rajeevan
Accompaniments
- Kottackal Prasad, Kalamandalam Ravisankar in Chenda
- Kalamandalam Achutha Warrier, Kalanilayam Rakesh in Maddalam
Chutty
- Kalanilayam Saji
- Margi Sreekumar
Kaliyogam
- Alappuzha District Kathakali Club
Organized by
Date- Alappuzha District Kathakali Club
മല്ലന്റെ പരിഹാസങ്ങള്‍ക്ക് ചുട്ട മറുപടികള്‍ നല്‍കിക്കൊണ്ട് കോട്ടക്കല്‍ ദേവദാസിന്റെ വലലനും അരങ്ങു നിറഞ്ഞു പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള യുദ്ധഭാഗങ്ങള്‍ ഇരുവരും തങ്ങളുടെ കായികശേഷി പ്രദര്‍ശിപ്പിക്കുവാനാണ് വിനിയോഗിച്ചത്. പഞ്ചു പിടിത്തവും, സ്റ്റൂളെറിഞ്ഞ് പിടിക്കലും, പരസ്പരം എടുത്തുയര്‍ത്തലും ഒക്കെ ചേര്‍ന്ന് ഒരു സര്‍ക്കസിന്റെ പ്രതീതിയായിരുന്നു മല്ലയുദ്ധത്തിന് ഉണ്ടായിരുന്നത്. വേദിയില്‍ നിന്നും പുറത്തിറങ്ങി കാണികള്‍ക്ക് നടുവിലൂടെയുള്ള ഓട്ടമൊന്നും 'മല്ലയുദ്ധ'ത്തില്‍ പതിവില്ല. അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നും ചിന്തിക്കാവുന്നതാണ്. കഥകളിത്തമുള്ള ചുവടുകളും യുദ്ധമുറകളുമൊക്കെ ഈ പരാക്രമങ്ങളില്‍ മുങ്ങിപ്പോവുകയും ചെയ്തു. യുദ്ധത്തിനു ശേഷമുള്ള ചില ചെറിയ ആട്ടങ്ങള്‍ സരസമായി അവതരിപ്പിച്ചു എന്നതു മാത്രം അന്നേ ദിവസത്തെ 'മല്ലയുദ്ധ'ത്തിന്റെ വേഷക്കാരുടെ ഭാഗത്തു നിന്നുമുള്ള ഏകമികവായി പറയാം. കഥകളിയില്‍ നിശ്ചയിച്ചിട്ടുള്ള യുദ്ധമുറകള്‍, ഒരല്പമൊക്കെ മറ്റു ചിലതുമാവാം, ഭംഗിയായി അധികം വലിച്ചു നീട്ടാതെ അവതരിപ്പിച്ചാല്‍; അതുമതിയാവും 'മല്ലയുദ്ധം' നല്ലൊരു അനുഭവമാകുവാന്‍. അതല്ലാതെയുള്ള കാട്ടിക്കൂട്ടലുകള്‍ കളി നന്നാകുവാന്‍ അത്രയൊന്നും സഹായിക്കില്ല എന്നാണ് ഇവിടുത്തെ 'മല്ലയുദ്ധം' കണ്ടുകഴിഞ്ഞപ്പോള്‍ മനസിലാക്കുവാനായത്.
മല്ലന്റെ വീര്യമൊക്കെ പാട്ടിലും പ്രകടമാക്കിയുള്ള കോട്ടക്കല്‍ മധുവിന്റെയും രാജീവന്റെയും ആലാപനവും; കോട്ടക്കല്‍ പ്രസാദ്, കലാമണ്ഡലം അച്യുതവാര്യര്‍, കലാമണ്ഡലം രവിശങ്കര്‍, കലാനിലയം രാകേഷ് എന്നിവരുടെ മേളവും മികവുപുലര്‍ത്തി. ഇടയ്ക്കിടെ കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് താളം ശരിയല്ലെന്ന മട്ടില്‍ പാട്ടുകാരോട് ആംഗ്യം കാണിച്ചുവെങ്കിലും, എന്തായിരുന്നു കുഴപ്പമെന്ന് മനസിലാക്കുവാന്‍ കഴിഞ്ഞില്ല. താളം മുറുകണമെന്നോ അല്ലെങ്കില്‍ അല്പം വലിക്കണമെന്നോ മറ്റോ ആണെന്നു തോന്നുന്നു ഉദ്ദേശിച്ചത്. (ഇനിയിത് കോട്ടക്കല്‍, കലാമണ്ഡലം ശൈലികളുടെ വ്യത്യാസമോ മറ്റോ ആണോ?) കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്, കോട്ടക്കല്‍ ദേവദാസ് - ഇന്ന് മല്ലനേയും വലലനേയും അവതരിപ്പിക്കുവാന്‍ ഒരുപക്ഷെ ഇവരെ കഴിഞ്ഞേ മറ്റാരെയെങ്കിലും കുറിച്ച് ചിന്തിക്കുവാന്‍ കഴിയൂ. എന്നാല്‍ ആ പ്രതീക്ഷയൊക്കെ തെറ്റിച്ച ഒരു അവതരണമായിപ്പോയി, ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് അരങ്ങേറിയ 'മല്ലയുദ്ധം'.
കളിയല്ലാതെ ഒരു കാര്യം കൂടി. കലാമണ്ഡലം ഗോപിയാശാന്റെ വേഷം കഴിഞ്ഞതും എണ്പതു ശതമാനം ആളുകളും സ്ഥലം വിടുന്ന കാഴ്ചയാണ് കണ്ടത്. കളി കാണുവാന്‍ ആഗ്രഹമില്ലാഞ്ഞോ അതല്ലെങ്കില്‍ പിന്നാലെ വരുന്നവര്‍ മികച്ച കലാകാരന്മാരോ അല്ലാത്തതിനാലല്ല അത്. ഒരു മണിക്കു ശേഷവും കളി കണ്ടിരുന്നാല്‍ പിറ്റേ ദിവസത്തെ കാര്യങ്ങള്‍ നടക്കില്ല എന്ന നിവൃത്തികേടുകൊണ്ടാണ്. എല്ലാ കലാകാരന്മാരേയും ഉള്‍പ്പെടുത്തി ഒന്നോ രണ്ടൊ ദിവസത്തില്‍ കുറേയധികം കഥകള്‍ അവതരിപ്പിക്കാതെ, മൂന്ന്/നാല് മാസത്തെ ഇടവേളകളില്‍, ചെറിയ കളികളിലായി വിവിധ കലാകാരന്മാരെ പങ്കെടുപ്പിക്കുകയാവും ഉചിതം. വഴിപാട് കളിയൊക്കെയെങ്കില് കാണുവാനാളില്ലെങ്കിലും കളിക്കാതെ പറ്റില്ല, പക്ഷെ ക്ലബ്ബ് കളിക്കൊക്കെ ഒഴിഞ്ഞ കസേരകള്‍ നോക്കി കളിക്കേണ്ടി വരുന്നത് കഷ്ടമാണ്!
--
16 അഭിപ്രായങ്ങൾ:
ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അവതരിക്കപ്പെട്ട 'മല്ലയുദ്ധം' കഥയുടെ ഒരു ആസ്വാദനം.
--
കഥയറിഞ്ഞു കളികണ്ടതിന്റെ അനുഭൂതി..!
ശ്രീ. ഉണ്ണിത്താനും ശ്രീ. കലാമണ്ഡലം രാമകൃഷ്ണനും, ശ്രീ. ഉണ്ണിത്താനും ശ്രീ. ഏറ്റുമാനൂര്‍ കണ്ണനും മല്ല വലലന്മാരായി ധാരാളം ഉണ്ടായിട്ടുണ്ട്.
"ഒടുവില്‍ മല്ലയുദ്ധത്തിന്റെ പാരമ്യത്തില്‍ മല്ലനെ വലലന് ബന്ധിക്കുന്നെങ്കിലും, പിന്നീട് കുങ്കനായി വിരാടനോടൊപ്പം കഴിയുന്ന യുധിഷ്ഠിരന്റെ ആജ്ഞ മാനിച്ച് കൊല്ലാതെ വിടുകയും ചെയ്യുന്നു."
മല്ലനെ വധിച്ചതായല്ലേ ആട്ടക്കഥയില്‍ പറയുന്നത്? ഇതുവരെ എല്ലായിടത്തും അങ്ങനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ദേവദാസ് അതു മാറ്റിയതിന്റെ സാംഗത്യം എന്താണാവോ? ഒരുകാലത്ത് രാമകൃഷ്ണനാശാന് തന്നെയാണ് കോട്ടയം, ആലപ്പുഴ ഭാഗത്ത് മല്ലന് "സ്പെഷ്യലിസ്റ്റ്" ആയി അറിയപ്പെട്ടിരുന്നത്.
വലലൻ മല്ലനെ വധിക്കുന്നതായാണ് ആട്ടക്കഥയിൽ പറയുന്നത്. യുദ്ധാന്ത്യത്തിൽ
“മിത്രപുത്രസഹിത: പുനരേക-
ശ്ശത്രുരസ്തി ഭുവിമാസ്തു തഥാന്യ:
ഇത്ഥമേവ കിമമുത്രചമല്ലം
മിത്രപുത്രസഹിതം വിദധേ സ:“
{മിത്രപുത്രനായ കര്‍ണ്ണനെന്റെ ശത്രുവാണ്. ഇനിഅത്തരത്തില്‍ മറ്റൊരു ശത്രുകൂടിഉണ്ടായിക്കൂടാ എന്നു കരുതിയ പോലെ ഭീമൻ മല്ലനെ കാലപുരിയ്ക്കയച്ചു}എന്ന ശോകവും കവി ഇഴുതിയിട്ടുണ്ട്. ചിട്ടകൾ എല്ലാം മാറ്റംവരുത്തിയുള്ള ഇപ്പോഴത്തെ കഥാവതരണത്തിൽ ശ്ലോകം ഉപേക്ഷിക്കപ്പെടുന്നു, കഥതന്നെ മാറ്റുന്നു. ഇനി മല്ലൻ വലലനെ തോൽപ്പിക്കുന്നു എന്ന് കാട്ടാതിരുന്നാൽ ഭാഗ്യം!
ഉണ്ണിത്താൻ മേളക്കാരോട് കാലം വലിക്കുവാനാണ് ആവശ്യപ്പെട്ടിരുന്നത് എന്നു തോന്നുന്നു.
ഗോപിയാശാന്റെ കളികഴിഞ്ഞപ്പോൾ പോയവർ ഭാഗ്യവാന്മാർ...ഈ കൊപ്രായങ്ങൾ കാണാതെ കഴിഞ്ഞല്ലൊ...
മല്ലയുദ്ധത്തിന്റെ ഭാഗം മധു തരക്കേറ്റില്ലാതെ പാടിയെങ്കിലും കീചകവധത്തിന്റെ തുടർന്നുള്ളഭാഗം അത്ര നന്നായിരുന്നില്ല.
youdha wattanagal onnum ayirnnilla awatahripichath...kadhakalitham illatha oru mallayudahm enne parayan pattullu
മല്ലനെ വലലന് വധിച്ചു എന്നത് കഥ. കഥയില്‍ കഥാകൃത്ത് എഴുതിയിരിന്ന ആശയത്തിനു അനുസരിച്ച് ആവണം അവതരണം എന്നത് കഥകളിയുടെ നിയമം. "അവതരണം " എങ്ങിനെ എന്നതിനെ ആശ്രയിച്ചു നാം കലാകാരന്മാരെ വിലയിരുത്തുന്നത് .
ഇന്ന് ആര്‍ക്കു വേണം കഥ? ആര്‍ക്കു വേണം ശ്ലോകം.?
കീചകവധം, ദുശാസനവധം, ബകവധം, ജരാസന്ധവധം എന്നിങ്ങനെ എത്ര നാള് ഭീമന്റെ കൊലപാതകങ്ങള്‍ കണ്ടു ആസ്വാദകര്‍ സഹിക്കണം? അതുകൊണ്ടാവാം ഇങ്ങിനെ മാന്യമായി മല്ലനെ മോചിപ്പിക്കുന്ന അവതരണം കാഴ്ചവെച്ചത്.
മല്ലനെ ഓടിച്ചു വിടുന്നതായും വധിക്കുന്നതായും കണ്ടിട്ടുണ്ട്.
• ഇരയിമ്മന്‍ തമ്പി വധിക്കുന്നതായാണ് എഴുതിയിട്ടുള്ളത്; മാത്രമല്ല 'മഹാഭാരത'ത്തിലും ജീമൂതനെ കൊല്ലുന്നതായാണ് പറഞ്ഞിട്ടുള്ളത്. അതിനാല്‍ മല്ലനെ കൊല്ലുന്നതായി തന്നെ അവതരിപ്പിക്കുകയാണ് ഉചിതം. ജീമൂതനെ കൊല്ലാതെ വിടുകയാണുണ്ടായത് എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
• "പിന്നീട് കുങ്കനായി വിരാടനോടൊപ്പം കഴിയുന്ന യുധിഷ്ഠിരന്റെ ആജ്ഞ മാനിച്ച് കൊല്ലാതെ വിടുകയും ചെയ്യുന്നു." - ഇത് കോട്ടക്കല്‍ ദേവദാസ് ഇവിടെ ആടുകയുണ്ടായില്ല. കൊല്ലേണ്ടതല്ലേ, എന്താണ് കൊല്ലാതെ വിടുന്നത് എന്നു ചോദിച്ചപ്പോള്‍ ഇങ്ങിനെയൊരു ഉത്തരമാണ് മുന്‍പെപ്പോഴോ ലഭിച്ചത്. ആ ഒരു ധാരണയില്‍, കൊല്ലാതെ വിടുന്നത് ഇതു കാരണമാവാം എന്ന ഉദ്ദേശത്തില്‍ അങ്ങിനെ എഴുതി എന്നുമാത്രം. കൊല്ലാതെ വിടുന്നതില്‍ പ്രത്യേകിച്ചൊരു കാരണവും ഇവിടെ ആടുകയുണ്ടായില്ല. അജ്ഞാതവാസക്കാലത്ത് ആരേയും വധിക്കുകയില്ല എന്നൊരു ധാരണ പാണ്ഡവന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നും പറയുന്നു. അവര്‍ ആയുധം ഒളിപ്പിച്ചാണല്ലോ വിരാടന്റെ രാജ്യത്തില്‍ പ്രവേശിക്കുന്നതും. (ആയുധങ്ങള്‍ കണ്ട് അവരെ തിരിച്ചറിയാതിരിക്കുവാനാണ് അങ്ങിനെ ചെയ്യുന്നത്. ഇങ്ങിനെയൊരു ധാരണ ഉണ്ടാക്കിയ കാര്യം മഹാഭാരതത്തിലുണ്ടോ?)
--
"അജ്ഞാതവാസക്കാലത്ത് ആരേയും വധിക്കുകയില്ല എന്നൊരു ധാരണ പാണ്ഡവന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നും പറയുന്നു. അവര്‍ ആയുധം ഒളിപ്പിച്ചാണല്ലോ വിരാടന്റെ രാജ്യത്തില്‍ പ്രവേശിക്കുന്നതും.(ആയുധങ്ങള്‍ കണ്ട് അവരെ തിരിച്ചറിയാതിരിക്കുവാനാണ് അങ്ങിനെ ചെയ്യുന്നത്. ഇങ്ങിനെയൊരു ധാരണ ഉണ്ടാക്കിയ കാര്യം മഹാഭാരതത്തിലുണ്ടോ?)"
സാധ്യത ഇല്ല. ഈ കഥ തന്നെ 'കീചകവധം' ആണല്ലോ! ദേവദാസിനു പെട്ടെന്ന് താന്‍ ഉത്തരാസ്വയംവരത്തിലെ വലലനാണെന്നു തോന്നിപ്പോയിക്കാണും!
കീചകനെക്കൊല്ലുന്നത് എക്സപ്ഷനാണ്. നേരിട്ടെതിര്‍ത്തല്ല, ആളറിയിക്കാതെയാണ് കീചകനെ കൊല്ലുന്നതും. അങ്ങിനെ ഉപായത്തില്‍ കൊല്ലുവാനായി ഭീമന് ഒരുമ്പിട്ടതു തന്നെ യുധിഷ്ഠിരന്റെ ഈയൊരു വിലക്ക് ഉള്ളതുകൊണ്ടല്ലേ?
കൊല്ലണ്ടാ...പേടിപ്പിച്ചുവിട്ടാൽമതി എന്ന് കമ്മറ്റിക്കാർ പറഞ്ഞിട്ടുണ്ടാകും :-)
കൊല്ലണമെങ്കിൽ നടന് റേറ്റ് കൂടുമായിരിക്കും :-)
“മിത്രപുത്രസഹിത:...” എന്നു തുടങ്ങുന്ന ശ്ളോകത്തിൽ, ആദ്യപാദത്തിലെ “മിത്രപുത്ര” എന്ന പദഭാഗം കർണ്ണനെയായിരിയ്ക്കില്ല സൂചിപ്പിയ്ക്കുന്നത് (കർണ്ണൻ സൂര്യപുത്രനാണെന്ന് ആ സന്ദർഭത്തിൽ ഭീമനറിയില്ല എന്നാണു കരുതേണ്ടത്). “മിത്രങ്ങളും പുത്രന്മാരും കൂടെയുള്ള ഒരുവൻ എനിയ്ക്ക് ശത്രുവായിട്ട് ഭൂമിയിലുണ്ട്” എന്നാകണം ഇവിടെ അർത്ഥം (ദുര്യോധനനെ ഉദ്ദേശിച്ച്). അവസാനപാദത്തിലെ “മിത്രപുത്രസഹിതം വിദധേ” എന്നതിന്ന്` “സൂര്യപുത്രനായ യമന്റെ കൂടെയാക്കി” (വധിച്ചു) എന്നർത്ഥം, ശ്രീ മണി സൂചിപ്പിച്ചതു പോലെ.
ആട്ടക്കഥയുടെ വ്യാഖ്യാനങ്ങളിൽ എങ്ങിനെയാണ് ആദ്യപദത്തിന് അർത്ഥം കൊടുത്തിരിയ്ക്കുന്നത് എന്നറിയില്ല, ഏതായാലും കർണ്ണസൂചകമായ അർത്ഥമല്ല ഇവിടെ യോജിയ്ക്കുന്നത് എന്നുതന്നെ പറയട്ടെ....
--ശ്രീകൃഷ്ണൻ
ഭീമൻ അറിഞ്ഞു എന്ന് കവി പറഞ്ഞിട്ടില്ല. "മിത്രപുത്രനായ കര്‍ണ്ണനെന്റെ ശത്രുവാണ്. ഇനിഅത്തരത്തില്‍ മറ്റൊരു ശത്രുകൂടിഉണ്ടായിക്കൂടാ എന്നു കരുതിയ പോലെ" എന്നത് കവിവാക്ക്യമാണ്. കവി അങ്ങിനെ പറയുന്നു. ശ്ലോകങ്ങൾ ഭൂരിഭാഗവും കവിവാക്ക്യങ്ങൾ ആണല്ലൊ.
“മിത്രപുത്രനായ കർണ്ണനെന്റെ ശത്രുവാണ്” എന്നല്ല ശ്ളോകത്തിൽ. “മിത്രപുത്രസഹിതനായ ഒരു ശത്രു ഭൂമിയിലുണ്ട്” എന്നാണ്. (സഹിത: എന്നതു ശ്രദ്ധിയ്ക്കുക - മിത്രപുത്രനല്ല ശത്രു, “മിത്രപുത്രസഹിത”നായ ഒരാളാണ്). ശത്രുവിനെ “മിത്രപുത്രസഹിതൻ” എന്നു കവി വിശേഷിപ്പിയ്ക്കുന്നത് ഭീമന്റെ വീക്ഷണത്തിൽ തന്നെയാണ് (കവി കഥാപാത്രത്തിന്റെ ചിന്തയായി സന്ദേഹിയ്ക്കുന്ന വാക്യമാണിത്).
ഈ പോസ്റ്റിൽ ചർച്ച ചെയ്യുന്ന വിഷയത്തിൽ, ഈ “മിത്രപുത്ര”പ്രശ്നം പ്രസക്തമല്ലെങ്കിലും താല്പര്യമുണ്ടെങ്കിൽ ചർച്ച തുടരാം; ഭാഷാപരവും സാഹിത്യപരവുമായ ചില കാര്യങ്ങൾ കൂടിയുണ്ട്, ആദ്യപദത്തിലെ “മിത്രപുത്ര(ൻ)” കർണ്ണനല്ലെന്നു സമർത്ഥിയ്ക്കുവാൻ... വിഷയബാഹ്യമല്ലേ എന്ന സംശയം കൊണ്ട് ചുരുക്കുകയാണ്; താല്പര്യമുണ്ടെങ്കിൽ തുടരാം. (രണ്ടാം പാദത്തിലെ “ഭുവി” (ഭൂമിയിൽ), മൂന്നാം പാദത്തിലെ “അമുത്ര” (പരലോകത്ത്) എന്നീ പദങ്ങളും “മിത്രപുത്ര”പദവും പ്രധാനമാണ് ഈ ശ്ളോകത്തിന്റെ ചമൽകാരത്തിൽ എന്നുകൂടി പറയട്ടെ). നന്ദി !
ആയുധങ്ങളുമായി വിരാട രാജ്യത്ത് ചെന്നു അഭയം തേടാന്‍ പറ്റില്ല. അത് കൊണ്ട് ആയുധങ്ങള്‍ ഒളിപ്പിച്ചു. കഥ എങ്ങിനെ ആയാലും കഥകളിക്കു വേണ്ടി കഥാകൃത്ത് എഴുതി വെച്ചിട്ടുള്ളതിനു മുന്‍തൂക്കം നല്‍കണം. MGR സിനിമയില്‍ അദ്ദേഹം കഴിവതും ആരെയും കൊല്ലുന്നതായി നടിക്കയില്ല. അദ്ദേഹം ക്ഷമിച്ചു രക്ഷപെട്ടോളൂ എന്ന് വില്ലനോട് പറയും. വില്ലന്‍ രക്ഷപെടുന്നതിനിടയില്‍ എന്തെങ്കിലും അപകടത്തില്‍ മരിക്കും. ഇനി ഇങ്ങിനെ ഒരു മരണം അടുത്ത കളിക്ക് മല്ലന് ലഭിച്ചേക്കാം.
"മിത്രപുത്ര സഹിത" എന്നതിന് "മിത്രപുത്രനോടു കൂടിയ" അതായത് "കര്‍ണ്ണനോടു കൂടിയ" എന്നര്‍ത്ഥത്തില്‍ ദുര്യോധനനെ ആയിരിയ്ക്കുമോ കവി ഉദ്ദേശിച്ചിരിയ്ക്കുക? അതിന് കൂടുതല്‍ യുക്തി തോന്നുന്നു. സൂര്യപുത്രനാണ് കര്ണ്ണന് എന്നത് ഭീമന് അറിയുമോ എന്നതത്ര പ്രശ്നമാക്കേണ്ടതായി തോന്നുന്നില്ല. ശബ്ദസുഖത്തിനായി ഇങ്ങനെ പര്യായ പദങ്ങള്‍ കഥകളിയില്‍ ഉപയോഗിയ്ക്കാറില്ലേ, ശ്ലോകങ്ങളില്‍ പ്രത്യേകിച്ചും.
ഹരേ, നാല്പത് ദിവസം കഴിഞിട്ട് മാസങ്ങളായി എന്നറിയാം, എന്നാലും.
സുനില്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--