KrishnaLeela എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KrishnaLeela എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 നവംബർ 16, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ കൃഷ്ണലീല

KrishnaLeela Kathakali: Margi Vijayakumar as Devaki, Kalamandalam Shanmukhadas as Yasoda and Kalamandalam Mukundan as SriKrishnan; Pattu by Kalamandalam Babu Nampoothiri and Kalanilayam Rajeevan; Organized by DrisyaVedi, Thiruvananthapuram.
11 നവംബര്‍, 2008: പുതിയതായി ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ച കഥകളില്‍ ഏറെ ശ്രദ്ധ നേടിയ കൃഷ്ണലീലയുടെ അഞ്ചാം വാര്‍ഷികവും, ഇരുനൂറ്റിയമ്പതാമത് അരങ്ങുമായിരുന്നു ഇവിടുത്തേത്. കഥയുടെ കര്‍ത്താവായ ഡോ. പി. വേണുഗോപാലനെയും, അവതരണത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കലാകാരന്മാരെയും വേദിയില്‍ ആദരിച്ചു. ദൃശ്യവേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സി.ആര്‍. ഹരിയുടെ സ്മരണാര്‍ത്ഥം, ‘ഹരിചന്ദനം’ എന്ന സ്മരണിക പ്രകാശനം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. കലാമണ്ഡലം മുകുന്ദന്‍ ശ്രീകൃഷ്ണനേയും; മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ് എന്നിവര്‍ യഥാക്രമം ദേവകിയേയും, യശോദയേയും അവതരിപ്പിച്ച ‘കൃഷ്ണലീല’ തുടര്‍ന്ന് അവതരിപ്പിച്ചു. കഥയുടെ സംഗീതം ചിട്ടപ്പെടുത്തിയ ബാബു നമ്പൂതിരി, കലാമണ്ഡലം രാജീവന്‍ എന്നിവരായിരുന്നു ഇവിടെ പാടിയത്. കലാനിലയം മനോജ് മദ്ദളത്തിലും, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ ചെണ്ടയിലും മേളമൊരുക്കി.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Mukundan as SriKrishnan.
കംസനെ കൊന്നതിനു ശേഷം ദേവകിയെ കാണുവാനായി ശ്രീകൃഷ്ണന്‍ എത്തുന്നതു മുതലാണ് ‘കൃഷ്ണലീല’ തുടങ്ങുന്നത്. ദേവകി ഇരുന്നുകൊണ്ടും, ശ്രീകൃഷ്ണന്‍ വലതുവശത്തുകൂടിയും രംഗാരംഭത്തില്‍ പ്രവേശിക്കുന്നു. ‘അമ്മയെ ചെന്നു കാണുക തന്നെ, എവിടെയാണ് അമ്മ?’ എന്നു ശ്രീകൃഷ്ണനും; ‘ശ്രീകൃഷ്ണന്‍ തന്നെക്കാണുവാനായി വരുന്നുണ്ട്’ എന്ന് ദേവകിയും ആടുന്നു. ഇരുവരും കാണുമ്പോള്‍, ഭഗവാനെന്നോര്‍ത്ത് ദേവകി മകനായ ശ്രീകൃഷ്ണനെ തൊഴുന്നു. “ജനനീ! താവക തനയോഗം...” എന്ന ശ്രീകൃഷ്ണന്റെ പദമാണ് ആദ്യം. തന്നെ തൊഴുകയല്ല മറിച്ച് അമ്മയുടെ കരലാളനസൌഖ്യം തരികയാണ് വേണ്ടതെന്ന് ശ്രീകൃഷ്ണന്‍ ഇതില്‍ പറയുന്നു. തുടര്‍ന്ന് ദേവകി കല്‍ത്തുറങ്കില്‍ കഴിയേണ്ടി വന്നതും, തന്റെ പുത്രന്മാരെയെല്ലാം കംസന്‍ കൊന്നതും സ്മരിക്കുന്നു. ഇവയൊക്കെ കേട്ട്, പുത്രധര്‍മ്മം പാലിക്കാതെ വിവിധ ലീലകളാടി ദ്വാരകയില്‍ വസിക്കുകയാണല്ലോ താന്‍ ചെയ്തതെന്ന് ശ്രീകൃഷ്ണന്‍ പശ്ചാത്തപിക്കുന്നു. ശ്രീകൃഷ്ണനെ മകനായി സ്മരിച്ചുള്ള പദമായ “കണ്ണാ! കണ്ണാ! എന്‍ ആരോമലെ” എന്ന പദത്തിനൊടുവില്‍ തനിക്കൊരു ഖേദമുള്ളതായി ദേവകി അറിയിക്കുന്നു. എന്തെന്നു തിരക്കുന്ന കൃഷ്ണനോട്, കണ്ണന്റെ ബാലലീലകള്‍ കാണുവാന്‍ തനിക്കായില്ല എന്നതാണ് ദുഃഖമെന്ന് മറുപടി നല്‍കുന്നു. ഒട്ടും വിഷമിക്കേണ്ട, തന്നെ വളര്‍ത്തിയ യശോദ, എല്ലാം വിസ്തരിച്ച് പറയുന്നതാണ് എന്നാണ് ശ്രീകൃഷ്ണന്റെ സമാധാനം. യശോദയെ കൂട്ടിക്കൊണ്ടുവരുവാനായി ശ്രീകൃഷ്ണന്‍ പോവുന്നതോടെ ആദ്യ രംഗം അവസാനിക്കുന്നു.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Mukundan as SriKrishnan.
മകനെ ഇത്രയും കാലം വേര്‍പിരിഞ്ഞു കഴിയേണ്ടി വന്ന അമ്മയുടെ ദുഃഖം അതുപോലെ പ്രകടമാക്കുവാന്‍ വിജയകുമാറിനായി. ‘തരിക ജനനീഭവല്‍, കരലാളനസൌഖ്യം’ എന്നു കൃഷ്ണന്‍ യാചിക്കുമ്പോള്‍, തന്റെ വിധിയോര്‍ത്ത് ദുഃഖിക്കുന്ന അമ്മയാകുവാന്‍ മാര്‍ഗി വിജയകുമാറിന് ഒരു പ്രയാസവുമുണ്ടായില്ല(ചിത്രം ശ്രദ്ധിക്കുക). ‘കൃഷ്ണലീല’-യിലെ കൃഷ്ണനായി വളരെയധികം അരങ്ങുപരിചയമുള്ള കലാമണ്ഡലം മുകുന്ദനാവട്ടെ, പലയിടത്തും മുദ്രയ്ക്ക് ഒഴുക്കുകിട്ടുവാന്‍ പ്രയാസപ്പെടുന്നതുപോലെ തോന്നി. പുത്രധര്‍മ്മം ഓര്‍ക്കാതെ, ലീലകളാടി കാലം കളഞ്ഞു എന്നയിടത്ത്, ‘കളഞ്ഞു’ എന്നു മുദ്രകാട്ടാതെ ‘നശിച്ചു’ എന്നാണ് ആടിയത്. ‘കാലം നശിച്ചു/നശിപ്പിച്ചു’ എന്നാടുന്നതിലെ അഭംഗി ആര്‍ക്കും മനസിലാവുമല്ലോ!

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Shanmukhadas as Yasoda.
ദേവകിയുടെ സമീപത്തേക്ക് യശോദയെത്തുന്നു. ദേവകിയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണന്റെ ബാലലീലകള്‍ ഓരോന്നായി യശോദ വിശദീകരിക്കുന്നു. മുലപ്പാലില്‍ വിഷം ചേര്‍ത്ത് കൊല്ലുവാന്‍ നോക്കിയ പൂതനയെന്ന രാക്ഷസിക്ക് മോക്ഷം നല്‍കിയത്, ബാലന്റെ വായയില്‍ ഈരേഴ് പതിനാലുലോകങ്ങളും കണ്ടത്, തൈരു കടയുമ്പോള്‍ വന്ന് മുലപ്പാല്‍ ചോദിച്ചതു കിട്ടാത്തതിന്റെ ദേഷ്യത്തില്‍ കുസൃതി കാട്ടിയത്, ദേഷ്യം വന്ന് താന്‍ കൃഷ്ണനെ ഉരലില്‍ കെട്ടിയിട്ടത്, ഉരല്‍ വലിച്ചു നടന്ന് മരങ്ങള്‍ മറിച്ചിട്ട് കുബേരപുത്രന്മാര്‍ക്ക് ശാപമോക്ഷം നല്‍കിയത്, ഉഗ്രവിഷമുള്ള കാളിയന്റെ ഫണത്തില്‍ നൃത്തമാടിയത്, ഗോവര്‍ദ്ധനമുയര്‍ത്തി ഗോകുലനിവാസികളെ രക്ഷിച്ചത്; ഇങ്ങിനെ കൃഷ്ണന്റെ ലീലകളോരോന്നായി യശോദ ദേവകിക്ക് വിശദീകരിക്കുന്നു.

KrishnaLeela Kathakali: Margi Vijayakumar as Devaki and Kalamandalam Shanmukhadas as Yasoda.
വളരെ മനോഹരമായാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. ഈ കഥയെ ആകര്‍ഷകമാക്കുന്നതും ഈ രംഗം തന്നെ. ഓരോ ചരണത്തിലും ഓരോ ബാലലീല എന്ന കണക്കില്‍, കാംബോജിയില്‍ പദം ചിട്ടപ്പെടുത്തിയിരിക്കുന്നു. യശോദയായി ആടുന്ന നടനും, അതുകേട്ടിരിക്കുന്ന ദേവകിയെ അവതരിപ്പിക്കുന്ന നടനും ആടുവാന്‍ വേണ്ടുവോളമുണ്ട് ഇവിടെ. യശോദ പറയുന്ന ഓരോന്നിനും അതിനൊത്ത പ്രതിഫലനങ്ങള്‍ നടിക്കുവാന്‍ വിജയകുമാര്‍ മറന്നില്ല. കലാമണ്ഡലം ഷണ്മുഖന്റെ യശോദ മോശമായില്ലെങ്കിലും, അല്പം നിറം മങ്ങിയതായി തോന്നിച്ചു. മകനെ ലഭിച്ചതില്‍ സന്തോഷിക്കുന്ന ദേവകിയുടേയും, മകനെ പിരിയേണ്ടതില്‍ വിഷമിക്കുന്ന യശോദയുടേയും സ്ഥായി സൂക്ഷിക്കുവാനും ഇരുവര്‍ക്കുമായി. ‘ഇന്നുകേള്‍ക്കണമവന്‍ ബാലചരിതമെല്ലാം...‍’ എന്നതിന്റെ അര്‍ത്ഥം കണ്ണുകളുടെ ചലനങ്ങളാല്‍ ദ്യോതിപ്പിക്കുന്ന ഒരാട്ടവും വളരെ മനോഹരമായി വിജയകുമാര്‍ അവതരിപ്പിക്കുകയുണ്ടായി.

SriKrishnaLeela Kathakali: Margi Vijayakumar as Devaki,  Kalamandalam Mukundan as SriKrishnan and Kalamandalam Shanmukhadas as Yasoda.
ശ്രീകൃഷ്ണന്‍ അമ്മമാരുടെ സമീപത്തേക്ക് തിരികെയെത്തി, ഇരുവരേയും യഥാവിധി വന്ദിക്കുന്നു. തിരികെ ഗോകുലത്തിലേക്ക് മടങ്ങുന്ന യശോദയെ; ദേവകിയും, കൃഷ്ണനും ചേര്‍ന്ന് യാത്രയാക്കുന്നു. “മാതൃകൃപാധാരം ജഗതഖിലം” എന്ന ചരണത്തോടെയാണ് കഥ അവസാനിക്കുന്നത്. ഈ രംഗം അനുഭവത്താക്കി അവതരിപ്പിക്കുന്നതില്‍ മൂവരും വിജയിച്ചു. ഇവിടുത്തെ കഥകളിയരങ്ങ് ഇത്രയും അനുഭവവേദ്യമായതില്‍; കലാമണ്ഡലം ബാബു നമ്പൂതിരി, കലാനിലയം രാജീവന്‍ എന്നിവരുടെ ആലാപനത്തിനുള്ള പങ്കും ചെറുതല്ല. രേവതി രാഗത്തിലുള്ള ‘മായാതെ മാമക മാനസേചേര്‍ക്ക...’ എന്ന പദം, ‘നന്ദകുമാരലീലകള്‍ ചൊല്‍‌വാന്‍ വന്നുയോഗം...’ എന്ന കാംബോജിയിലുള്ള പദം, അവസാനഭാഗത്തുള്ള യശോദയുടെ ശുഭപന്തുവരാളിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ‘നന്ദനനെ മാതാവിനായ് നല്‍കുവാന്‍ വന്നവള്‍...’ എന്ന പദവും വളരെ മികച്ചു നിന്നു. ചിലഭാഗങ്ങളില്‍ വാക്കുകളുടെ ഉച്ചാരണത്തില്‍ വ്യക്തതയുണ്ടായില്ല എന്നതുമാത്രം ഒരു കുറവായി തോന്നി.

മദ്ദളത്തില്‍ കലാനിലയം മനോജ്, ചെണ്ടയില്‍ കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവരുടെ പ്രവര്‍ത്തിയും തരക്കേടില്ലായിരുന്നു. ചിലയിടങ്ങളിലൊക്കെ മുദ്രയ്ക്കോ, ചുവടുകള്‍ക്കോ അനുസരിച്ച് കൊട്ടാതെ, ഇരുവരും താളം പിടിക്കുന്നതായി കണ്ടു. സ്ത്രീകഥാപാത്രങ്ങളുടെ പദങ്ങള്‍ക്ക് ഇടയ്ക്ക ചിലപ്പോഴൊക്കെ ഉപയോഗിച്ചു കാണാറുണ്ട്. ഇവിടെയുമതുണ്ടായി. ഇടയ്ക്കയുടെ ശബ്ദം കേള്‍ക്കുവാനായി മൈക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇടയ്ക്കയുടെ ശബ്ദം വളരെ ഉയര്‍ന്നു കേള്‍ക്കുന്നത് മേളത്തിന്റെ ഭംഗികുറയ്ക്കുന്നു. അതുപോലെ ഇടയ്ക്ക ശ്രുതി ചേര്‍ക്കാതെ ഉപയോഗിക്കുന്നതും നന്നല്ല. ശ്രുതി ചേരാത്ത ഇടയ്ക്ക ഗായകര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മാര്‍ഗി രവീന്ദ്രന്റെ ചുട്ടി, മാര്‍ഗി കളിയോഗത്തിന്റെ കോപ്പുകള്‍ എന്നിവ സാധാരണപോലെ നിലവാരം പുലര്‍ത്തി. മൊത്തത്തില്‍ വളരെ മികച്ചൊരു കഥകളിവിരുന്നായിരുന്നു, കാര്‍ത്തിക തിരുനാളില്‍ അവതരിപ്പിക്കപ്പെട്ട ‘കൃഷ്ണലീല’ ആസ്വാദകര്‍ക്കു നല്‍കിയത്.

Description: SreeKrishnaLeela Kathakali @ Karthika Thirunal Theater, East Fort, Thiruvananthapuram. Margi Vijayakumar (Devaki), Kalamandalam Shanmukhan (Yasoda), Kalamandalam Mukundan (SriKrishnan). Pattu: Kalamandalam Babu Nampoothiri, Kalanilayam Rajeevan; Maddalam: Kalanilayam Manoj; Chenda: Kalamandalam Sreekanth Varma; Chutti: R.L.V. Somadas; Organized by Drisyavedi. An appreciation (aswadanam) by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu blog.
--