Nalacharitham Moonnam Divasam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Nalacharitham Moonnam Divasam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 25, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan, Margi Vijayakumar as Sudevan and Kalamandalam Prasanth as Rithuparnan.
മെയ് 17, 2011: ദൃശ്യവേദിയുടെ മെയ് മാസക്കളിയായി ഉണ്ണായി വാര്യരുടെ 'നളചരിതം മൂന്നാം ദിവസം' അവതരിക്കപ്പെട്ടു. നളന്റെ പദഭാഗങ്ങളായ "ലോകപാലന്മാരേ...", "ഘോരവിപിനം..." എന്നിവ ഒഴിവാക്കി കാര്‍ക്കോടകന്റെ രംഗം മുതല്‍ക്കാണ്‌ ഇവിടെ കഥ ആരംഭിച്ചത്. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ബാഹുകന്‍, മാര്‍ഗി വിജയകുമാറിന്റെ സുദേവന്‍ എന്നിവയായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. കലാമണ്ഡലം മുകുന്ദന്‍ (ദമയന്തി), കലാമണ്ഡലം പ്രശാന്ത് (നളന്‍ / ഋതുപര്‍ണന്‍), മാര്‍ഗി സുരേഷ് (കാര്‍ക്കോടകന്‍), കലാമണ്ഡലം അരുണും വിപിനും (ജീവലവാര്‍ഷ്ണേയന്മാര്‍) എന്നിവരായിരുന്നു ഇതര കലാകാരന്മാര്‍. കോട്ടക്കല്‍ മധുവും കലാമണ്ഡലം വിനോദും പിന്നണിയില്‍ പദങ്ങള്‍ ആലപിച്ചു. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണ‍ദാസ്, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവരും; മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍, ശ്രീകണ്ഠേശ്വരം മോഹനചന്ദ്രന്‍ എന്നിവരുമൊരുമിച്ച് മേളമൊരുക്കി. മാര്‍ഗിയുടെ കോപ്പുകളും ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയുമായിരുന്നു അണിയറയില്‍.

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

പഴവീട്ടിലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan and Kalamandalam Ramachandran Unnithan as Sudevan. An appreciation by Haree for Kaliyarangu Blog.
സെപ്റ്റംബര്‍ 27, 2009: ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക. ഋതുപര്‍ണന്റെ സമീപമെത്തുന്ന ബാഹുകന്‍, തനിക്ക് സാരഥ്യത്തിലും പാചകത്തിലുമുള്ള സാമര്‍ത്ഥ്യം അറിയിക്കുന്നു. ബാഹുകന്റെ വാക്ചാതുരിയില്‍ സം‌പ്രീതനാവുന്ന രാജാവ് തന്റെ സാരഥിമാരായ ജീവലവാര്‍ഷ്ണേയന്മാര്‍ക്കോപ്പം കൂടിക്കൊള്ളുവാന്‍ ബാഹുകനെ അനുവദിക്കുന്നു. കലാമണ്ഡലം ശ്രീകുമാറാണ് ഋതുപര്‍ണനായി വേഷമിട്ടത്. ജീവലനുമാത്രമാണ് ഇവിടുത്തെ കളിയില്‍ വേഷമുണ്ടായിരുന്നത്. “മാരോപമീതാകൃതേ!” എന്നൊക്കെ ബാഹുകന്‍ വിശേഷിപ്പിക്കുമ്പോളും പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ എല്ലാം കേട്ടിരിക്കുന്ന ജീവനില്ലാത്ത ഋതുപര്‍ണനായിരുന്നു ശ്രീകുമാറിന്റേത്. ആദ്യഭാഗങ്ങളെ അപേക്ഷിച്ച് കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ മികവു പുലര്‍ത്തി.


ജീവലനോടൊത്ത് വീട്ടിലെത്തുന്ന ബാഹുകന്‍, ചില കാര്യങ്ങളൊക്കെ ജീവലനോട് ചോദിക്കുന്നതായി ആടാറുണ്ട്. ഇവിടെ ചന്ദ്രശേഖര വാര്യരുടെ ബാഹുകന്‍ ചോദിച്ചത്, “മുന്‍പെവിടെയായിരുന്നു? ഭാര്യയും കുടുംബവുമൊക്കെ?”. ഉത്തരമായി ജീവലന്‍ “ഇവിടെ വന്നിട്ട് നാളേറെയായെന്നും, ഭാര്യയും കുംടുംബവുമൊക്കെയായി ഇവിടെ തന്നെയാണ് വസിക്കുന്നത്.” എന്നുമാണ്. ഈ മറുപടി ബാഹുകനെയെന്നപോലെ ചന്ദ്രശേഖര വാര്യരേയും അത്ഭുതപ്പെടുത്തി എന്നാണ് മുഖഭാവത്തില്‍ നിന്നും തോന്നിയത്. “ഭാര്യയും മക്കളുമൊക്കെ ഇവിടെ തന്നെയാണെന്നോ?”, “അതെ!” എന്ന ഉത്തരം കൂടി ലഭിച്ചപ്പോള്‍, എങ്കില്‍ പിന്നെ ഉറങ്ങാമെന്നായി ബാഹുകന്‍.









ഉറക്കത്തിലെഴുന്നേറ്റ് ദമയന്തിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ബാഹുകന്റെ “വിജനേ ബത!...” എന്ന പദമാണ് തുടര്‍ന്ന്. ബാഹുകന്റെ വിലാപം കേട്ടുണര്‍ന്ന് കാര്യം തിരക്കുന്ന ജീവലനോട്, ഇത് താനെഴുതിയ ഒരു കഥയാണെന്നു പറഞ്ഞൊഴിയുന്നു. നേരം പുലര്‍ന്നെന്നു കാണിച്ച്, ഇരുവരും എഴുനേറ്റ് കൊട്ടാരത്തിലേക്ക് തിരിക്കുന്നതോടെ രംഗം അവസാനിക്കുന്നു. കഥാപാത്രത്തെ ഉള്‍ക്കൊണ്ട്, അനുയോജ്യമായ സ്ഥായിയോടെയാണ് ചന്ദ്രശേഖര വാര്യര്‍ ഈ ഭാഗങ്ങളിലെ ബാഹുകനെ അവതരിപ്പിച്ചത്. ദുഃഖസ്ഥായിയും അനായാസം തനിക്ക് വഴങ്ങുമെന്നിരിക്കെ, ആദ്യഭാഗങ്ങളിലെ ബാഹുകനെ സന്തോഷവാനായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ന്യായമായും സംശയിച്ചു പോവുന്നു. അദ്ദേഹത്തിന്റെ ശൈലിയില്‍ കാര്‍ക്കോടകനെ കാണുമ്പോഴും, തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിക്കുമ്പോഴുമൊന്നും ബാഹുകന് ദുഃഖസ്ഥായി വേണ്ട എന്നാണെങ്കില്‍ അതിനോട് യോജിപ്പില്ല.


ഇതേ സമയം അങ്ങകലെ കുണ്ഡിനത്തില്‍ നളനെ തന്റെ പക്കലെത്തിക്കുവാനുള്ള ഉപായങ്ങളാലോചിക്കുകയാണ് ദമയന്തി. പര്‍ണാദനില്‍ നിന്നും ബാഹുകനെക്കുറിച്ചറിയുന്ന ദമയന്തി, അത് തന്റെ നളനല്ലേ എന്നു സംശയിക്കുന്നു. സുദേവനോട് ഋതുപര്‍ണന്റെ സഭയിലെത്തി, നളനെ ഇങ്ങെത്തിക്കുവാന്‍ പാകത്തിന് എന്തെങ്കിലും പറഞ്ഞു വരിക എന്നു ദമയന്തി അപേക്ഷിക്കുന്നു. നളനാല്‍ ഉപേക്ഷിക്കപ്പെട്ട ദമയന്തി രണ്ടാംസ്വയംവരത്തിനൊരുങ്ങുന്നു എന്നു താന്‍ പോയി പറയാമെന്ന് സുദേവന്‍ അറിയിക്കുന്നു. അതു കളവല്ലേ, അതു പാടുണ്ടോ എന്നൊക്കെ സന്ദേഹിക്കുന്ന ദമയന്തിയെ, അഞ്ചു കാര്യങ്ങള്‍ക്ക് കളവു പറയുന്നതില്‍ തെറ്റില്ലെന്നും, കാന്തനെ നിന്നോടു ചേര്‍ക്കാന്‍ ഇങ്ങിനെയൊരു ചെറിയ കളവാകാമെന്നും സുദേവന്‍ സമാധാനിപ്പിക്കുന്നു.

ആലപ്പുഴ ക്ലബ്ബ് വാര്‍ഷികത്തിനും, തോന്നക്കല്‍ നാട്യഗ്രാമം വാര്‍ഷികത്തിനും അവതരിപ്പിച്ച സുദേവന്മാരേക്കാള്‍ ഉത്സാഹത്തോടെയായിരുന്നു കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ഇവിടെ പ്രവര്‍ത്തിച്ചത്. “യാമി, യാമി ഭൈമി!” എന്ന സുദേവന്റെ പദം വളരെ ഉണര്‍വ്വോടു കുടിതന്നെ അദ്ദേഹം രംഗത്ത് അവതരിപ്പിച്ചു. ദമയന്തിക്കു ചേര്‍ന്ന ദുഃഖഭാവത്തോടെ, എന്നാല്‍ സുദേവന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തുന്ന ദമയന്തിയെ മാത്തൂര്‍ മുരളീകൃഷ്ണനും ഭംഗിയാക്കി. കലാനിലയം രാജീവനും കലാമണ്ഡലം സുധീഷും ഈ ഭാഗങ്ങള്‍ മനോഹരമായി ആലപിക്കുകയും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്ചുത വാര്യര്‍ മദ്ദളത്തിലും നന്നായി പിന്തുണയ്ക്കുകയും കൂടി ചെയ്തപ്പോള്‍ ഇവിടുത്തെ കളിയിലെ ഏറ്റവും മികച്ച രംഗമായി ഇതു മാറി. സങ്കടപ്പെടാതെ കഴിയുക എന്നാശ്വസിപ്പിച്ച് സുദേവന്‍ ഋതുപര്‍ണന്റെ രാജധാനിയിലേക്ക് തിരിക്കുന്നു.

ഋതുപര്‍ണന്റെ രാജധാനിയില്‍ ദമയന്തിയുടെ രണ്ടാം വിവാഹവാര്‍ത്ത അറിയിക്കുന്ന സുദേവന്‍, സ്വയംവരം ഒരു ദിവസം ഒരാളെക്കരുതി മാറ്റിയിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. അത് തന്നെയാണെന്ന് ഉറപ്പിക്കുന്ന ഋതുപര്‍ണന്‍ ഉടന്‍ തന്നെ തിരിക്കുവാനൊരുങ്ങുന്നു. തേരു തയ്യാറാക്കി വരുവാന്‍ ബാഹുകനെ നിയോഗിച്ച്, ഋതുപര്‍ണന്‍ യാത്രയ്ക്ക് ഒരുങ്ങുവാനായി പോവുന്നു. ദമയന്തി മറ്റൊരാളെ വരിക്കുവാനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ അസ്വസ്ഥനാവുന്ന ബാഹുകന്റെ വിചാരപ്പദമാണ് തുടര്‍ന്ന്. ഒരിക്കലും ഇങ്ങിനെയൊരു അനുചിതമായ പ്രവര്‍ത്തി ദമയന്തിയില്‍ നിന്നും ഉണ്ടാവില്ല എന്നു ബാഹുകന്‍ ഉറച്ചു വിശ്വസിക്കുന്നു. അപ്പോഴേക്കും തയ്യാറായെത്തുന്ന ഋതുപര്‍ണനോടും ജീവലനോടും ചേര്‍ന്ന്, ബാഹുകന്‍ തേര് കുണ്ഡിനത്തിലേക്ക് തെളിക്കുന്നു.


വന്നകാര്യം രാജാവിനോട് ഉണര്‍ത്തിച്ച് മടങ്ങുവാന്‍ തുടങ്ങുന്ന സുദേവനോട് ഊണു കഴിഞ്ഞേ പോകാവൂ എന്ന് ബാഹുകന്‍ ഓര്‍മ്മപ്പെടുത്തുന്നു. ആ സമയത്ത് ബാഹുകനില്‍ നിന്നും അത്തരമൊരു ചോദ്യം അനുചിതമാണെന്ന് കഴിഞ്ഞൊരു ആസ്വാദനത്തില്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇവിടെ അതിലധികം രസമായി തോന്നിയത് സുദേവന്‍ നല്‍കിയ മറുപടിയാണ്. താന്‍ ബ്രാഹ്മണനായതിനാല്‍ ഇവിടെ നിന്നൊന്നും കഴിക്കില്ലത്രേ! ഋതുപര്‍ണന്റെ കൊട്ടാരത്തില്‍ ബാഹുകന്‍ കൂടുന്നതു തന്നെ, പചിച്ച് ഭൂസുരരെ ഭുജിപ്പിച്ചു കൊള്ളാം എന്നു പറഞ്ഞാണ്. അപ്പോള്‍ അവിടെ നിന്നും ബ്രാഹ്മണനായതിനാല്‍ താന്‍ ആഹാരം കഴിക്കില്ലെന്നു പറയുന്നത് എങ്ങിനെ ശരിയാവും? അതിനു പകരം, “ഞാനൂണു കഴിക്കാം, രാജാവിനൊപ്പം താങ്കളും അങ്ങെത്തുമല്ലോ, അല്ലേ?” എന്നോ മറ്റോ ചോദിക്കാവുന്നതാണ്. (“ഞാനെന്തിനാണ്?” എന്ന് ബാഹുകന്‍ ചോദിച്ചാല്‍, കൈയിലിരിക്കുന്ന ചാട്ട ചൂണ്ടി, “സാരഥിയല്ലേ, അപ്പോള്‍ വരാതെ തരമില്ലല്ലോ...” എന്നോ മറ്റോ ചേര്‍ക്കുകയും ചെയ്യാം.)ചുരുക്കത്തില്‍, ബാഹുകനെ കുണ്ഡിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ദ്യോതിപ്പിക്കുന്ന എന്തെങ്കിലും ഒരു ആട്ടമാവും അവിടെ കൂടുതല്‍ ചേരുക.

അവസാന ഭാഗങ്ങളില്‍ കലാമണ്ഡലം ഹരീഷിന് പലയിടത്തും നാവുപിഴയ്ക്കുന്നുണ്ടായിരുന്നു. മുതിര്‍ന്ന കലാകാരന്മാര്‍ പങ്കെടുക്കുന്ന ഒരു കളിയില്‍ പൊന്നാനി പാടുവാന്‍ കിട്ടുന്ന അവസരങ്ങള്‍ കഴിയുന്നത്രയും മികച്ചതാക്കുവാന്‍ ഹരീഷിനു കഴിയേണ്ടതാണ്. കലാനിലയം രാജീവന്‍ അവസരത്തിനൊത്തുയര്‍ന്ന് നന്നായി പിന്തുണച്ചതിനാല്‍ അധികം കല്ലുകടിയുണ്ടാവാതെ കഴിഞ്ഞു. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, കലാമണ്ഡലം അച്ചുതവാര്യരും ഈ ഭാഗങ്ങളിലും മേളത്തില്‍ മികച്ചു നിന്നു. അവസാനരംഗത്തിനായി വീണ്ടുമെത്തിയ കിടങ്ങൂര്‍ രാജേഷിനും കലാമണ്ഡലം അജികുമാറിനും കാര്യമായൊന്നും ചെയ്യുവാനില്ല. മാര്‍ഗി ശ്രീകുമാര്‍ തയ്യാറാക്കിയ ബാഹുകന്റെയും ഋതുപര്‍ണന്റെയും ചുട്ടിക്ക് പതിവിലും വലിപ്പം തോന്നിച്ചു. ബാഹുകന്റെ മുഖത്തെഴുത്തില്‍ അല്പം കൂടി നീലം ചേര്‍ത്ത് കടുപ്പിക്കാമായിരുന്നു എന്നും തോന്നി. ആലപ്പുഴ ജില്ലാ കഥകളിക്ലബ്ബിന്റെ വസ്ത്രാഭരണങ്ങള്‍ക്കും ശരാശരി നിലവാരമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെയോ നാലാമത്തെയോ വര്‍ഷമാണ് പഴവീട് വിജ്ഞാനപ്രദായിനി വായനശാല വാര്‍ഷികത്തിനു കഥകളി നടത്തുന്നത്. തടി കൂട്ടിക്കെട്ടിയ വേദി കഥകളിക്ക് ഒട്ടും യോജിക്കില്ല എന്ന് ഇനിയും ഭാരവാഹികള്‍ മനസിലാക്കാത്തത് കഷ്ടം തന്നെ. തൊട്ടു മുന്‍പില്‍ തന്നെ ബാഡ്‌മിന്റണായി കെട്ടിയിട്ടുള്ള തറയുണ്ടെന്നിരിക്കെ അവിടെ നടത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. ഉയരത്തില്‍ നടത്തി, താഴെയിരുന്ന് കാണണമെന്ന് നിര്‍ബന്ധമുള്ള ഒന്നല്ല കഥകളി. വേഷക്കാരും കാണികളും ഒരേ നിരപ്പിലാവുന്നതില്‍ ഒരു തെറ്റുമില്ല. അതുപോലെ തന്നെ പിന്നില്‍ വെളുത്ത കര്‍ട്ടന്‍ ഉപയോഗിക്കുന്നതും ഒരു കഥകളി അരങ്ങിന് ഒട്ടും യോജിച്ചതല്ല. ചുരുക്കത്തില്‍, ഋതുപര്‍ണ സവിധത്തില്‍ ബാഹുകന്‍ എത്തുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളുടെ മികവില്‍ കാണികള്‍ക്ക് തൃപ്തി തോന്നിയ ഒരു കളിയായിരുന്നു വിജ്ഞാനപ്രദായിനി ഗ്രന്ഥശാലാങ്കണത്തില്‍ നടത്തപ്പെട്ടത്.

Description: Nalacharitham Moonnam Divasam Kathakali: Organized by Vijnanapradayini Vayanasala as part of Anniversary Celebrations. Kalamandalam Sreekumar as Rithuparnan, Kottackal Chandrasekhara Warrier as Bahukan, Kalamandalam Ramachandran Unnithan as Sudevan, Mathur Muralikrishnan as Damayanthi, RLV Sunil as Jeevalan. Vocal by Kalamandalam Harish Namboothiri, Kalanilayam Rajeevan, Kalamandalam Sudhish; Chenda by Kurur Vasudevan Namboothiri, Kidangur Rajesh; Maddalam by Kalamandalam Aji Kumar; Idayka by ; Chutty by Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. Septemer 27, 2009.
--

2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

പഴവീട്ടിലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan; An appreciation by Haree for Kaliyarangu Blog.
സെപ്റ്റംബര്‍ 27, 2009: ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നളചരിതം മൂന്നാം ദിവസം കഥകളി അവതരിക്കപ്പെട്ടു. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (ബാഹുകന്‍), കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കാര്‍ക്കോടകന്‍, സുദേവന്‍), കലാമണ്ഡലം ശ്രീകുമാര്‍ (വെളുത്ത നളന്‍, ഋതുപര്‍ണന്‍), മാത്തൂര്‍ മുരളീകൃഷ്ണന്‍ (ദമയന്തി) തുടങ്ങിയവാരായിരുന്നു പ്രധാന അഭിനേതാക്കള്‍. കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാനിലയം രാജീവന്‍ എന്നിവര്‍ സംഗീതവും കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം അച്ചുത വാര്യര്‍ എന്നിവര്‍ മേളവും നയിച്ച ഇവിടുത്തെ കളിയില്‍ മാര്‍ഗി ശ്രീകുമാറായിരുന്നു ചുട്ടി ഒരുക്കിയത്. കലാമണ്ഡലം സുധീഷ് (പാട്ട്), കിടങ്ങൂര്‍ രാജേഷ് (ചെണ്ട), കലാമണ്ഡലം അജികുമാര്‍ (മദ്ദളം), ചേര്‍ത്തല സുനില്‍ (വേഷം - ജീവലന്‍) തുടങ്ങിയവരായിരുന്നു പങ്കെടുത്ത മറ്റ് കലാകാരന്മാര്‍.


നൈഷധേന്ദ്രനായ തനിക്കു വന്നുചേര്‍ന്ന വിധിവൈപരീത്യമോര്‍ത്ത് ദുഃഖിക്കുന്ന നളന്റെ “ലോകപാലന്മാരേ! ലളിത...” എന്ന വിചാരപദത്തോടെയാണ് ‘നളചരിതം മൂന്നാം ദിവസം’ ആരംഭിക്കുന്നത്. ഈ പദഭാഗത്ത് ദുഃഖസ്ഥായി നിലനിര്‍ത്തി നളനെ അവതരിപ്പിക്കുന്നതില്‍ കലാമണ്ഡലം ശ്രീകുമാര്‍ ശ്രദ്ധവെച്ചു. തുടര്‍ന്ന് “ഘോരവിപിനം, എന്നാലെഴു...” എന്ന പദം. ഈ ഭാഗത്ത് ശ്രീകുമാറിന്റെ സ്ഥായി ദുഃഖത്തില്‍ നിന്നും അല്പം സന്തോഷത്തിലേക്കു മാറി. കഴിഞ്ഞതോരോന്ന് ഓര്‍ത്തോര്‍ത്ത് വിലപിക്കുന്നതു നിര്‍ത്തി സമനില വീണ്ടെടുക്കുന്നു എന്നല്ലാതെ, തന്റെ സങ്കടങ്ങളില്‍ നിന്നും നളന്‍ മുക്തനാവുന്നില്ല. തന്റെ അവസ്ഥകളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന നളന്റെ മനോധര്‍മ്മങ്ങളാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. വൈരികളായ നിരവധി രാജാക്കന്മാരുടെ ഗളച്ഛേദം ചെയ്ത, ധാരാളം ദാനം ചെയ്ത, സിംഹാസനത്തിലിരുന്ന് ജനങ്ങളുടെ ആവലാതികള്‍ തീര്‍ത്ത, ധര്‍മ്മപത്‌നിയായി ദമയന്തിയെ സ്വീകരിച്ച ഈ കൈകൊണ്ടു തന്നെ ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെടുത്തി, ദമയന്തിയെ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തുവല്ലോ എന്നു നളന്‍ പരിതപിക്കുന്നു. എല്ലാം തലയിലെഴുത്ത് എന്നു കരുതി നളന്‍ വനത്തിലൂടെ തന്റെ സഞ്ചാരം തുടരുന്നു. കാട്ടരുവി, ഫലങ്ങളുടെ ഭാരത്താല്‍ ശിഖിരങ്ങള്‍ താഴ്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍, പാറനിറഞ്ഞ കുന്ന്; ഇതൊക്കെ കണ്ട് വെള്ളവും കുടിച്ച്, ഫലങ്ങള്‍ ഭക്ഷിച്ച്, പാറപ്പുറത്തുറങ്ങി കഴിയുക തന്നെ എന്നു നളന്‍ ഉറയ്ക്കുന്നു. വെള്ളം കുടിയ്ക്കാനായി പിടിയാനയുടെ തുമ്പിക്കൈ പിടിച്ചെത്തുന്ന കുട്ടിയാന. അവരെക്കാത്തുകൊണ്ട് ഒരു കൊമ്പനാന മുന്‍പില്‍ നടക്കുന്നു. ഈ കാഴ്ച കണ്ട് തന്റെ കുട്ടികളെക്കുറിച്ചും നളന്‍ ചിന്തിക്കുന്നു. കുഞ്ഞുങ്ങള്‍ക്കു പാലൂട്ടുന്ന പേടമാനും തന്റെ മക്കളുടെ സ്മരണ നളനിലുണര്‍ത്തുന്നു. പിന്നെയും കാട്ടിലലയുന്ന നളന്‍ അങ്ങകലെ കാട്ടുതീ കാണുന്നു. പേടിച്ചിരണ്ടു പായുന്ന മൃഗങ്ങളുടെ രോദനങ്ങള്‍ക്കിടയില്‍ തന്റെ പേരു വിളിച്ചാരോ സഹായത്തിനു കേഴുന്നതു കേട്ട്, അതാരാണെന്നു തേടിയറിയുക തന്നെ എന്നാടി രംഗത്തു നിന്നും മാറുന്നു.

വെളുത്ത നളന്റെ ഈ ആട്ടങ്ങളൊക്കെയും കലാമണ്ഡലം ശ്രീകുമാര്‍ അല്പം ധൃതിയില്‍ കഴിക്കുന്നതായാണ് അനുഭവപ്പെട്ടത്. ഓരോ ആട്ടത്തിന്റേയും അന്തഃസത്ത ഉള്‍ക്കൊണ്ട്, വേണ്ടത്ര സമയം നല്‍കി, അവ നളനിലുണ്ടാക്കുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ പ്രേക്ഷകന് അനുഭവപ്പെടുന്നവണ്ണമാവണം ഇവയുടെ അവതരണം. അങ്ങിനെയല്ലാതെ കൂടുതലെണ്ണം ആട്ടങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്താണ് കാര്യം? മാത്രവുമല്ല, അവസാനത്തെ രണ്ട് ആട്ടങ്ങളും കുഞ്ഞുങ്ങളുടെ സ്മരണ തന്നെ ഉണര്‍ത്തുമ്പോള്‍ ആവര്‍ത്തനവുമാവുന്നു. മുദ്രപിടിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും പാലിക്കുന്ന അകലം, ഇരുകൈകളും തമ്മിലുള്ള അകലം എന്നിവയിലൊക്കെ അല്പം കൂടി ശ്രദ്ധ പുലര്‍ത്താവുന്നതാണ്. ഉദാഹരണത്തിന് ‘ദിനം’ എന്നതിന്‌‍, പതാക പിടിച്ച്, ഇരുകൈകളും വൃത്താകൃതിയില്‍ ചലിപ്പിക്കുന്നു. ഈ വൃത്തം ഉടലും തലയും ഉഴിയുന്ന രീതിയില്‍ വ്യാസമെടുത്തായാല്‍ ആ മുദ്രയുടെ സൌന്ദര്യം തന്നെ നഷ്ടമാവുന്നു. ഈ രീതിയില്‍ മറ്റു ചില മുദ്രകള്‍ ശ്രീകുമാര്‍ അവതരിപ്പിച്ചതിലും ഭംഗിക്കുറവു തോന്നിച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ സാമാന്യം ഭേദപ്പെട്ട അവതരണമായിരുന്നു കലാമണ്ഡലം ശ്രീകുമാറില്‍ നിന്നുമുണ്ടായത്.


നളന്‍ കാര്‍ക്കോടകനെ കണ്ടെത്തി രക്ഷിക്കുന്നു. പത്താമത്തെ ചുവടില്‍ കാര്‍ക്കോടകദംശമേറ്റ് വിഷബാധയാല്‍ നളന്‍ വിരൂപനാവുന്നു. ഇതില്‍ കോപിക്കുന്ന നളനോട് കാര്‍ക്കോടകന്‍ താനാരെന്നും താനെന്തിനിതു ചെയ്തെന്നും വിശദീകരിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ച കാര്‍ക്കോടകന്‍, തോന്നക്കലെ മൂന്നാം ദിവസത്തേക്കാള്‍ മികവു പുലര്‍ത്തി. മുനിയെ ചതിച്ചതായി പറയുന്ന ഭാഗത്ത്, ഒളിച്ചിരുന്ന് മുനിയെത്തിയപ്പോള്‍ താന്‍ ഫണം വിടര്‍ത്തി കൊത്താനാഞ്ഞു; ഇതു കണ്ട് മുനി നീണ്ടകാലത്തേക്ക് ഒരു ശാപം നല്‍കി എന്നാണ് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ചത്. മുനിയെ ചതിച്ചു, ഒരു കടുത്തശാപം നല്‍കി എന്നു പറഞ്ഞങ്ങ് പോവുകയാണ് സാധാരണ കാര്‍ക്കോടകന്മാര്‍ പതിവ്. എന്തായിരുന്നു ചതിവെന്നോ, എന്താണ് മുനി നല്‍കിയ ശാപമെന്നോ വ്യക്തമായി എവിടെയും പറഞ്ഞു കണ്ടിട്ടില്ല. ഈ രീതിയില്‍ പരിപോഷിപ്പിച്ചുള്ള അവതരണം രസകരമായി തോന്നി.


കാര്‍ക്കോടകനെക്കുറിച്ച് അറിയുന്ന ബാഹുകന്‍ വന്ദിച്ച് തന്റെ അവസ്ഥയുടെ കാരണങ്ങള്‍ ചോദിച്ചറിയുന്നു. ഋതുപര്‍ണന്റെ രാജധാനിയില്‍ സേവകനായി കഴിയുവാന്‍ ഉപദേശിച്ച്, സ്വരൂപം തിരിച്ചു ലഭിക്കുവാനുള്ള വസ്ത്രവും, നാണം മറയ്ക്കുവാന്‍ മറ്റൊരു വസ്ത്രവും നല്‍കി കാര്‍ക്കോടകന്‍ മറയുന്നു. ഋതുപര്‍ണന്റെ രാജധാനിയിലേക്ക് ബാഹുകന്‍ വനമാര്‍ഗം യാത്ര തുടരുന്നു. യാത്രയില്‍ ബാഹുകന്‍ കാണുന്ന വിവിധ കാഴ്ചകളാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. നളന്റെ ആട്ടത്തില്‍ പരാമര്‍ശിക്കപ്പെട്ട, പിടിയാനയേയും കൂട്ടി വെള്ളം കുടിയ്ക്കുവാനെത്തുന്ന കൊമ്പനെ ബാഹുകന്‍ വീണ്ടും കാണുന്നുണ്ടിവിടെ! വണ്ടുകളുടെ കൂട്ടത്തെ കണ്ട് ദമയന്തിയുടെ കാര്‍കൂന്തല്‍ കാറ്റത്തിളകുന്നതാണോയെന്ന് ബാഹുകന്‍ സംശയിക്കുന്നു. അതുവഴി ഋതുപര്‍ണന്റെ ദാനശീലത്തെ വാഴ്ത്തി കടന്നു പോവുകയായിരുന്ന ബ്രാഹ്മണിരില്‍ നിന്നും വഴി ചോദിച്ചറിഞ്ഞ് യാത്ര തുടരുന്ന ബാഹുകന്റെ മുന്നില്‍ വഴി മൂന്നായി പിരിയുന്നു. രഥമുരുളുന്ന, കുതിരക്കുളമ്പുകള്‍ പതിഞ്ഞ പാത തന്നെ ഋതുപര്‍ണന്റെ രാജധാനിയിലേക്കുള്ളത് എന്നുറച്ച് ആ വഴി തിരഞ്ഞെടുക്കുന്നു.

കാറ്റത്തിളകുന്ന കൊടിക്കൂറ, അശരണരെ രാജധാനിയിലേക്ക് ആനയിക്കുകയല്ലേ എന്നു സംശയിച്ച് ബാഹുകന്‍ ഗോപുരവാതില്‍ക്കലെത്തുന്നു. അവിടെ ഭടന്മാരോട് രാജാവിനെ കാണുവാനായി അകത്തേക്ക് വിടുക എന്നപേക്ഷിക്കുന്നെങ്കിലും ആദ്യം അവര്‍ സമ്മതിക്കുന്നില്ല. പെട്ടെന്നു തിരികെയെത്താമെന്ന ഉറപ്പിന്മേല്‍ ഒടുവില്‍ ഭടന്മാര്‍ കടത്തിവിടുന്നു. രാജമന്ദിരത്തില്‍ രാജാക്കന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്റെയും ചിത്രം കണ്ട്, ആരെങ്കിലും തന്നെ തിരിച്ചറിയുമോയെന്ന് ബാഹുകന്‍ സന്ദേഹിക്കുന്നു. തന്റെ രൂപം ഒന്നു നോക്കി, ഇല്ല എന്നു മനസുറപ്പിച്ച് മുന്നോട്ടു പോവുന്ന ബാഹുകന്റെ ശ്രദ്ധ, ഒരുഭാഗത്ത് അന്തഃപുരസ്ത്രീകള്‍ അവതരിപ്പിക്കുന്ന പാട്ടിലും നൃത്തത്തിലും പതിയുന്നു. വീണയും മൃദംഗവും കൈമണിയുമൊക്കെ കൊട്ടിയുള്ള അവരുടെ പാട്ടിലും നൃത്തത്തിലും തനിക്കു താത്പര്യം തോന്നുന്നില്ല എന്നാടി ഋതുപര്‍ണന്‍ ഇരിക്കുന്നയിടത്തേക്ക് ബാഹുകന്‍ നീങ്ങുന്നു.


ബാഹുകനായെത്തിയ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ആദ്യ ഭാഗങ്ങളിലെ അവതരണം തീര്‍ത്തും നിരാശപ്പെടുത്തി. കഥാപാത്രത്തിന്റെ സ്ഥായി ഒട്ടും തന്നെ ഉള്‍ക്കൊണ്ടായിരുന്നില്ല ചന്ദ്രശേഖര വാര്യര്‍ ബാഹുകനെ അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുമായി ഒരു താരതമ്യത്തില്‍ അര്‍ത്ഥമില്ലെങ്കിലും, കലാശങ്ങള്‍ക്കിടയില്‍ പോലും സ്ഥായി നിലനിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അവതരണം, അനുകരണീയമായ മാതൃകയായി ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. (ചിത്രം ശ്രദ്ധിക്കുക: വനഭംഗി ആസ്വദിച്ച് ആഹ്ലാദവാനായി സഞ്ചരിക്കുന്ന ചന്ദ്രശേഖര വാര്യരുടെ ബാഹുകനും കലാശങ്ങളില്‍ പോലും കഥാപാത്രത്തെ മറക്കാത്ത കലാമണ്ഡലം ഗോപിയുടെ ബാഹുകനും.) “മാമകദശകളെ എല്ലാം...” എന്നൊക്കെ കാര്‍ക്കോടകനോട് പറയുമ്പോള്‍, ബാഹുകന്‍ തന്റെ ദുര്‍വിധിയെല്ലാം കാര്‍ക്കോടകന്‍ മനസുകൊണ്ട് അറിഞ്ഞു എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചന്ദ്രശേഖര വാര്യര്‍ അവതരിപ്പിച്ചു വന്നപ്പോള്‍ അത്, തന്റെ സുഖകരമായ അവസ്ഥയെല്ലാം കാര്‍ക്കോടകന്‍ കണ്ടറിഞ്ഞു എന്ന രീതിയിലായി! ‘മാന്‍പ്രസവം’ എന്ന ആട്ടം, കാണുന്നത് ബാഹുകനാണ് എന്നത് കണക്കാക്കാതെയിരുന്നാല്‍, തരക്കേടില്ലാതെ അവതരിപ്പിച്ചു എന്നു പറയാം. കൊടിക്കൂറ പോലും അശരണരെ ആനയിക്കുന്നു എന്നാടിയിട്ട്, ഭടന്മാര്‍ ബാഹുകനെ തടയുന്നതായി കാണിച്ചതിന്റെ യുക്തിയെന്താണ്? അന്തഃപുരസ്ത്രീകളുടെ പാട്ടും നൃത്തവുമൊക്കെ വിസ്തരിച്ച് പകര്‍ന്നാടുന്നതും സന്ദര്‍ഭത്തിനു യോജിക്കുന്നില്ല. കൂടുതല്‍ യുക്തിപൂര്‍വ്വമായ ആട്ടങ്ങളും അവതരണവും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരെപ്പോലെ മുതിര്‍ന്ന ഒരു കലാകാരനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനൊത്ത് ഉയരുവാനായില്ലെങ്കിലും, അതിനുള്ള ശ്രമമെങ്കിലും കലാകാരനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നുമുണ്ടാവാഞ്ഞത് ഖേദകരമായി.

വെളുത്ത നളന്റെ പദഭാഗങ്ങള്‍ കലാമണ്ഡലം ഹരീഷ്, കലാമണ്ഡലം സുധീഷ് എന്നിവരും; “കത്തുന്ന വനശിഖി...” എന്ന ഭാഗം കലാനിലയം രാജീവനും സുധീഷും; തുടര്‍ന്നുള്ള ഭാഗങ്ങള്‍ കലാമണ്ഡലം ഹരീഷ്, രാജീവന്‍ എന്നിവരും ചേര്‍ന്നാണ് ആലപിച്ചത്. ആദ്യഭാഗങ്ങള്‍ തരക്കേടില്ലാതെ പാടിയെങ്കിലും, “കാദ്രവേയകുലതിലക!” എന്ന ഭാഗത്തൊക്കെ ഭാവത്തില്‍ കലാമണ്ഡലം ഹരീഷിന്റെ പാട്ട് അല്പം പിന്നിലായിരുന്നു. അല്പം കൂടി ശബ്ദനിയന്ത്രണത്തോടെ ഭാവം കൊടുത്തു പാടുവാന്‍ ശ്രമിച്ചാല്‍ ഹരീഷിന് ഇനിയും തന്റെ പാട്ട് മികച്ചതാക്കുവാന്‍ കഴിയും. കലാനിലയം രാജീവന്‍ തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കിയപ്പോള്‍, തുടക്കക്കാരന്റെ പരിഗണനകൂടി നല്‍കാമെങ്കില്‍ കലാമണ്ഡലം സുധീഷിന്റെ ആലാപനം തെറ്റില്ലായിരുന്നെന്നു പറയാം. കിടങ്ങൂര്‍ രാജേഷ്, കലാമണ്ഡലം അജി കുമാര്‍ എന്നിവരൊരുക്കിയ ആദ്യഭാഗങ്ങളിലെ മേളം ശരാശരിയിലും താഴെയായിരുന്നു. നടന്റെ മുദ്രയ്ക്ക് കൊട്ട് കിട്ടിയാല്‍ കിട്ടി എന്ന രീതിയ്ക്കായിരുന്നു ഇരുവരുടേയും പ്രവര്‍ത്തി. “പേടിക്കേണ്ട വരുവനരികെ...” എന്ന ഭാഗം മുതല്‍ക്ക് ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും മദ്ദളത്തില്‍ കലാമണ്ഡലം അച്ചുതവാര്യരും അരങ്ങിലെത്തി. ശ്ലോകഭാഗത്ത് അല്പം പതറിച്ച തോന്നിച്ചെങ്കിലും പിന്നീട് ഇരുവരും നന്നായിത്തന്നെ മേളം കൈകാര്യം ചെയ്തു. ദമയന്തിയുടെ കാര്‍കൂന്തലിനു സമമായ വണ്ടുകളുടെ നിരയേയും, മാന്‍‌പ്രസവത്തിലെ മാനും വേടനും സിംഹവും കാട്ടുതീയും പുഴയും മാറിമാറിയുള്ള ആട്ടങ്ങളും, അന്തഃപുരസ്ത്രീകള്‍ വിവിധ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും മറ്റും നടന്‍ അവതരിപ്പിച്ചപ്പോള്‍; ഇരുവരും അവസരത്തിനൊത്തുയര്‍ന്ന് ഇവയൊക്കെയും പ്രേക്ഷകര്‍ക്ക് കൂടുതല്‍ അനുഭവവെദ്യമാക്കി. ഋതുപര്‍ണനെ മുഖം കാണിക്കുന്ന ബാഹുകന്റെ “ഋതുപര്‍ണ! ധരണീപാല...” മുതല്‍ക്കുള്ള ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Nalacharitham Moonnam Divasam Kathakali: Organized by Vijnanapradayini Vayanasala as part of Anniversary Celebrations. Kalamandalam Sreekumar as Nalan, Kalamandalam Ramachandran Unnithan as Karkodakan, Kottackal Chandrasekhara Warrier as Bahukan. Vocal by Kalamandalam Harish Namboothiri, Kalanilayam Rajeevan, Kalamandalam Sudhish; Chenda by Kurur Vasudevan Namboothiri, Kidangur Rajesh; Maddalam by Kalamandalam Aji Kumar; Idayka by ; Chutty by Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 22, 2009.
--

2009 ജൂലൈ 30, വ്യാഴാഴ്‌ച

തോന്നക്കലെ നളചരിതം മൂന്നാം ദിവസം

Nalacharitham Moonnam Divasam Kathakali Appreciation by Haree for Kaliyarangu. Sadanam Krishnankutty as Bahukan, Kalamandalam Ramachandran Unnithan as Karkodakan & Sudevan etc.

ജൂലൈ 19, 2009: തോന്നക്കല്‍ നാട്യഗ്രാമത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ‘നളചരിതം മൂന്നാം ദിവസം’ കഥകളി അരങ്ങേറി. സദനം കൃഷ്ണന്‍‌കുട്ടി ബാഹുകനേയും; കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ കാര്‍ക്കോടകന്‍, സുദേവന്‍ എന്നീ വേഷങ്ങളും; കലാമണ്ഡലം രാജീവന്‍ നളന്‍, ഋതുപര്‍ണന്‍ എന്നിവരേയും അവതരിപ്പിച്ചു. കലാഭാരതി വാസുദേവന്‍ ദമയന്തിയായും; കലാമണ്ഡലം അരുണ്‍‌ജിത്ത്, കലാമണ്ഡലം അമല്‍‌രാജ് എന്നിവര്‍ ജീവലവാര്‍ഷ്ണേയന്മാരായും അരങ്ങിലെത്തി. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം സജീവന്‍ എന്നിവര്‍ സംഗീതത്തിലും; കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവര്‍ മേളത്തിലും കളിക്ക് പിന്നണികൂടി. വെളുത്ത നളന്റെ ആദ്യ രണ്ടു പദങ്ങളൊഴിവാക്കി “അന്തികേ വന്നിടേണം...” എന്ന കാര്‍ക്കോടകന്റെ പദത്തോടെയാണ് ഇവിടെ കളി ആരംഭിച്ചത്.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കാര്‍ക്കോടകനും കലാമണ്ഡലം രാജീവന്റെ വെളുത്ത നളനും ഒത്തുചേര്‍ന്ന ആദ്യ രംഗത്തിന് പറയത്തക്ക ആകര്‍ഷണീയതയൊന്നും പറയുവാനുണ്ടായില്ല. മൂന്നാം ദിവസത്തെ നളന്റെ സ്ഥായീഭാവം രാജീവന്റെ വേഷത്തില്‍ കാണുവാനില്ലായിരുന്നു. പദങ്ങളൊക്കെ മുദ്രകാട്ടി തീര്‍ത്തുവെന്നുമാത്രം. “എന്നുടെ കഥകളെ എങ്ങിനെ...” എന്ന ഭാഗമൊക്കെ എത്തുമ്പോള്‍, നളനിലൂടെ കഴിഞ്ഞതെല്ലാം ഒന്ന് മിന്നിമറയുകയെങ്കിലും വേണ്ടേ? രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കാര്‍ക്കോടകനില്‍ വളരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, ഇവിടുത്തെ വേഷം നിരാശപ്പെടുത്തി. തീയില്‍ വെന്തുനീറുന്ന കാര്‍ക്കോടകന്റെ വിഷാദഭാവം സ്ഥിരമായി നിര്‍ത്തി എന്നതുമാത്രം ഒരു മേന്മയായി പറയാം. അതൊഴിച്ചാല്‍ പദങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി മുദ്രയില്‍ അവതരിപ്പിക്കുന്നതില്‍ പോലും അദ്ദേഹം പിന്നിലായിരുന്നു.


സദനം കൃഷ്ണന്‍‌കുട്ടിയുടെ മൂന്നാം ദിവസം ബാഹുകനെപ്പോലെ സന്തോഷവാനായ ഒരു ബാഹുകനെ ഇതുവരെ അരങ്ങില്‍ കാണുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ആ വേഷത്തെക്കുറിച്ച് പറയേണ്ട പ്രഥമകാര്യം. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിയായി ചെയ്തു തീര്‍ക്കേണ്ട ഒരു വേഷമല്ലല്ലോ മൂന്നാം ദിവസം ബാഹുകന്‍. കുറച്ചു കൂടി പക്വമായ സമീപനം ഇത്രയും മുതിര്‍ന്ന കലാകാരനായ അദ്ദേഹത്തില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട്. “മനസുകൊണ്ടു കണ്ടു...” എന്നതൊക്കെ അതുപോലെ മുദ്രകാട്ടുകയല്ലാതെ, ‘മനക്കണ്ണുകൊണ്ട് അറിഞ്ഞു...’ എന്നിങ്ങനെ വിപുലീകരിച്ച അര്‍ത്ഥകല്പനകളും കൃഷ്ണന്‍‌കുട്ടിയുടെ ബാഹുകനില്‍ നിന്നുമുണ്ടായില്ല. എന്നാല്‍ “ഇന്ദുമൌലീഹാരമേ! നീ...” എന്ന ഭാഗത്ത് ഹാരത്തെ വിശേഷിപ്പിച്ച് മുത്തുമാലയെന്നാക്കുകയും ചെയ്തു! ശിവന്റെ കഴുത്തില്‍ ഹാരമായി വസിക്കുന്ന കാര്‍ക്കോടകനെ പറയുവാന്‍, മുത്തുമാല എന്തിനാണ്?


പദാവസാനത്തിനു ശേഷം ഇരുവരും ചേര്‍ന്ന് ചെറിയ ചില മനോധര്‍മ്മങ്ങളും ആടുകയുണ്ടായി. ശിവന്റെ ഹാരമായ തനിക്ക് ഇപ്രകാരമൊരു ഗതി വന്നില്ലേ, അതിനാല്‍ ധാരാളം ദാനധര്‍മ്മങ്ങള്‍ ചെയ്ത കൈകൊണ്ട് മറ്റൊരു രാജാവിന് സേവ ചെയ്യേണ്ടി വരുന്നതില്‍ ദുഃഖിക്കേണ്ടതില്ല എന്നാണ് കാര്‍ക്കോടകന്‍ ബാഹുകനെ സമാധാനിപ്പിക്കുന്നത്. ബാഹുകന് നാണം മറയ്ക്കുവാന്‍ ഒരു വസ്ത്രവും പിന്നീട് സ്വരുപം തിരികെ ലഭിക്കുവാന്‍ മറ്റൊരു വസ്ത്രവും, ഇങ്ങിനെ രണ്ടു വസ്ത്രം കാര്‍ക്കോടകന്‍ നല്‍കുകയുണ്ടായി. ഏതായാലും ഒരു വസ്ത്രം ഉടുത്ത്, അടുത്ത വസ്ത്രം ഒളിപ്പിക്കുന്നതായി ആടുവാനുള്ള ഔചിത്യം സദനം കൃഷ്ണന്‍‌കുട്ടി കാണിച്ചു. അത്രയും ഭാഗ്യം! കാര്‍ക്കോടകന്‍ മറഞ്ഞതിനു ശേഷം ബാഹുകന്‍ ഇപ്രകാരം ചിന്തിക്കുന്നു: ‘കഷ്ടം! ചന്ദ്രവംശത്തില്‍ പിറന്ന ഞാന്‍ സൂര്യവംശത്തിലെ മറ്റൊരു രാജാവിന്റെ സേവകനായി കഴിയേണ്ടി വരിക! ഇതില്പരമൊരു ദുര്‍ഗതി വേറെയെന്തു വരുവാനാണ്. ആവട്ടെ, ഋതുപര്‍ണനെ ചെന്നു കാണുക തന്നെ!’. ഇത്രയുമാടി വനത്തില്‍ യാത്ര തുടരുന്ന ബാഹുകന്‍ കാണുന്ന കാഴ്ചകളാണ് തുടര്‍ന്ന് അവതരിപ്പിക്കുന്നത്.


സൂര്യപ്രകാശം പോലും കടക്കാത്തവണ്ണം തിങ്ങിനിറഞ്ഞ കാട്ടില്‍ ഒരു തെളിനീരുറവ, മാനുകള്‍ വെള്ളം കുടിക്കുവാനായെത്തുന്നു. ഇവിടെയെത്തുന്ന ബാഹുകന്‍ കാണുന്നതായുള്ള ‘മാന്‍‌പ്രസവ’മെന്ന ആട്ടമാണ് തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. കലാമണ്ഡലം ഗോപിയുമായി താരതമ്യം ചെയ്താല്‍, അത്രയൊന്നും തീവ്രത കൈവരിക്കുവാനായില്ലെങ്കിലും മോശമാവാതെ ഈ ഭാഗം ആടുവാന്‍ സദനത്തിനായി. പക്ഷെ, മുദ്രകള്‍ കൃത്യമായി കാട്ടുന്നതില്‍ അദ്ദേഹം കാട്ടുന്ന അലംഭാവം ആട്ടങ്ങളുടെ ഭംഗി കുറയ്ക്കുന്നു. ഉദാഹരണത്തിന് മുഷ്ടിയില്‍ തുടങ്ങി പതാകയില്‍ അവസാനിപ്പിക്കേണ്ട ‘ജനന’ത്തിനെ ഹംസപക്ഷത്തില്‍ അവസാനിപ്പിച്ചാല്‍ ആ അര്‍ത്ഥമുദ്രയുടെ മുഴുവന്‍ ഭംഗിയും നഷ്ടമാവുന്നു. കാട് അവസാനിച്ചതായി അറിഞ്ഞ്, വഴിയില്‍ കണ്ടുമുട്ടുന്നവരോട് വഴി തിരക്കി ബാഹുകന്‍ ഋതുപര്‍ണന്റെ രാജധാനിയിലെത്തുന്നു. ഇവിടെ, ഒരു കൊടിയല്ല നിരവധി കൊടിക്കൂറകളാണ് സഹായാര്‍ത്ഥികളെ സ്വാഗതം ചെയ്തു നില്‍ക്കുന്നതായി ബാഹുകന്‍ കാണുന്നത്. സേവകരോട് അനുവാദം വാങ്ങി, സുന്ദരിമാരുടെ പാട്ടും നൃത്തവും അവഗണിച്ച് ബാഹുകന്‍ രാജസഭയിലെത്തുന്നു.


ബാഹുകന്മാരെല്ലാവരും സഭാമന്ദിരത്തിലെ സുവര്‍ണസിംഹാസനത്തില്‍ ജീവലവാര്‍ഷ്ണേയന്മാരോടൊത്ത് വസിക്കുന്ന ഋതുപര്‍ണനെയാണ് കാണുന്നത്. കേവലം സാരഥികള്‍ മാത്രമായ ജീവലനും വാര്‍ഷ്ണേയനും രാജസഭയില്‍ എന്താണ് കാര്യം? കുതിരലായത്തിലാണ് രാജാവെന്നോ മറ്റോ സേവകന്‍ പറയുന്നതായി ആടി, അങ്ങോട്ടേക്ക് ബാഹുകന്‍ പോവുന്നതല്ലേ കൂടുതല്‍ ഉചിതം? ഋതുപര്‍ണനോടൊപ്പമുള്ള വാര്‍ഷ്‌ണേയനെ, ‘ഇവന്‍ എന്റെ സേവകനായി ഉണ്ടായിരുന്നവനല്ലേ!’ എന്നു സദനത്തിന്റെ ബാഹുകന്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട് ഇവിടെ. ബാഹുകന്റെ വാക്‍ചാതുരിയില്‍ സം‌പ്രീതനായ രാജാവ് സാരഥിയായി കഴിയുവാന്‍ ബാഹുകന് അനുമതി നല്‍കുന്നു. ആദ്യമെത്തിയ വെളുത്ത നളന്റെ അതേ ഭാവത്തിലാണ് കലാമണ്ഡലം രാജീവന്റെ ഋതുപര്‍ണനും അരങ്ങിലെത്തിയത്. “പ്രതിരധരാമരികള്‍ ചതുരതയായ് വരികില്‍, വിധുരതയേതും അരുതേ!” എന്നയിടത്ത്, ബാഹുകന് വിധുരത പാടില്ലെന്നാണ് ഇവിടെ ഋതുപര്‍ണന്‍ ആടിയത്. എന്നാല്‍ ജീവലവാര്‍ഷ്ണേയന്മാരുടെ പരിചരണത്തിലുള്ള കുതിരകളുടെ കുറവുകളാണ് ചരണത്തിലെ വിഷയമെന്നതിനാല്‍, യുദ്ധക്കളത്തിലെത്തുന്ന കുതിരകള്‍ വിരണ്ടോടാത്തവണ്ണം പരിശീലിപ്പിക്കണം എന്നതാണ് ഇവിടെ ആടേണ്ടത്.

ബാഹുകനെ ജീവലവാര്‍ഷ്ണേയന്മാരോടൊപ്പമയച്ച് രാജാവ് വിടവാങ്ങുന്നു. വാര്‍ഷ്ണേയന്‍ ബാഹുകനോട് പീഠം ചൂണ്ടിക്കാട്ടി ഇരുന്നുകൊള്ളുവാന്‍ പറയുന്നു. ഉടനെ ബാഹുകന്‍; ‘രാജാവിരിക്കുന്ന സിംഹാസനത്തില്‍ ഞാനിരിക്കുകയോ! അതു വേണ്ട...’ മറ്റൊരു പീഠം ചൂണ്ടിക്കാട്ടി, ‘അവിടെ ഇരിക്കട്ടെയോ?’, തൊട്ടടുത്ത പീഠത്തില്‍ ഇരിക്കുന്നു. എന്താണിവിടെ സദനം കൃഷ്ണന്‍‌കുട്ടി ഉദ്ദേശിച്ചതെന്നു മനസിലായില്ല. രാജാവ് വിടവാങ്ങി, മൂവരും കൂടി തിരിഞ്ഞു വന്നാല്‍ പിന്നെ അവര്‍ ഋതുപര്‍ണന്റെ കൊട്ടാരത്തിലല്ല, ജീവലവാര്‍ഷ്ണേയന്മാരുടെ വാസസ്ഥലത്താണ്. (ഒടുവില്‍ ഉറങ്ങുവാന്‍ പോവുന്നതിനു മുന്‍പ് വീട്ടില്‍ പോയി ഉറങ്ങാമെന്നു പറഞ്ഞുമില്ല!) ഇനി കൊട്ടാരത്തിനുള്ളില്‍ ആണെങ്കില്‍ തന്നെ, രാജാവു മാറിക്കഴിഞ്ഞാല്‍ പിന്നെ അതിനെ സിംഹാസനമായി കണക്കാക്കേണ്ടതുണ്ടോ? ഇത്തരം വിവരക്കേടുകള്‍ അരങ്ങില്‍ കാട്ടുന്നത്, ഒരു കലാകാരനെന്ന നിലയില്‍ തന്റെ മതിപ്പു കുറയ്ക്കുകയേയുള്ളൂ എന്നെങ്കിലും അദ്ദേഹം മനസിലാക്കുന്നത് നന്ന്. വാര്‍ഷ്ണേയനോട് നളനെക്കുറിച്ചൊക്കെ ചെറുതായി കാര്യങ്ങള്‍ തിരക്കി മൂവരും ഉറങ്ങുവാന്‍ കിടക്കുന്നു. ബാഹുകന്റെ വിലാപം കേട്ടുണരുന്ന ജീവലന്‍ കാര്യം തിരക്കുന്നു. താന്‍ രചിച്ച ഒരു കഥയാണെന്നു പറഞ്ഞ്, നായകനുണ്ടായ കാലദോഷത്തെ ബാഹുകന്‍ വിശദീകരിക്കുന്നു. “കണ്ടവരാര്‍ വിധിദുശീലം!” എന്ന ഭാഗത്തുള്‍പ്പടെ ബാഹുകന്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. കലാമണ്ഡലം അമല്‍‌രാജ് തുടക്കത്തില്‍ വാര്‍ഷ്ണേയനായി, പിന്നീട് ജീവലനും. മുദ്രകളൊക്കെ കാണിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വെപ്രാളത്തില്‍ പലതും കാര്യമായി പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.


അകലെ കുണ്ഡിനത്തില്‍ ദമയന്തി സുദേവനോട് നളനെ തിരിച്ചുകൊണ്ടുവരുവാനുള്ള ഉപായം ആലോചിക്കുന്നു. ഇവിടുത്തെ കളിയില്‍ തൃപ്തികരമായി അവതരിപ്പിക്കപ്പെട്ട ഏകഭാഗം ദമയന്തിയും സുദേവനും ചേര്‍ന്ന ഈ രംഗമായിരുന്നു. കലാഭാരതി വാസുദേവനാണ് ദമയന്തിയെ അവതരിപ്പിച്ചത്. ദമയന്തിയുടെ വിഷാദഭാവം തുടര്‍ച്ചയായി നിര്‍ത്തുവാന്‍ വാസുദേവന്‍ ആയാസപ്പെടുന്നുണ്ടായിരുന്നു. “സാധുശീല! വരിക നീ...” എന്ന ഭാഗത്ത്, സാധുശീലനായ സുദേവനെ വീരനാക്കിക്കളഞ്ഞു ദമയന്തി. ഏതായാലും, സുദേവനുടനെ ‘അങ്ങിനെയല്ല, ഞാനൊരു സാധു!’ എന്നാടിയത് നന്നായി. ആലപ്പുഴയില്‍ നടന്ന മൂന്നാം ദിവസത്തെ ബ്രാഹ്മണനെ അപേക്ഷിച്ച് ഇവിടുത്തെ സുദേവന്‍ അത്ര മികവു പുലര്‍ത്തിയില്ലെങ്കിലും, അന്നത്തെ കളിയില്‍ മികച്ചതായി എന്നു പറയാവുന്ന ഏകവേഷം കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബ്രാഹ്മണനായിരുന്നു. കുളിച്ചൊരുങ്ങി സന്തോഷവതിയായിരിക്കുക, നിന്റെ ആവശ്യം ഞാന്‍ എത്രയും വേഗം നിറവേറ്റി തരുന്നുണ്ടെന്നു പറഞ്ഞ് സുദേവന്‍ അയോധ്യയിലേക്ക് തിരിക്കുന്നു.


നടന്നും, തേരിലും, കുതിരപ്പുറത്തും, സേവകരുടെ ചുമലിലെ പല്ലക്കിലേറിയുമൊക്കെ ദമയന്തിയെ വരിക്കുവാനുള്ള മോഹവുമായി കുണ്ഠിനത്തില്‍ രാജാക്കന്മാര്‍ വന്നുവന്നു നിറയുകയാണെന്ന് സുദേവന്‍ ഋതുപര്‍ണനെ അറിയിക്കുന്നു. ഒരാളുമൂലം ദിവസമൊന്നു മുന്നോട്ടാക്കിയിട്ടുണ്ടെന്നും, രണ്ടര്‍ത്ഥത്തില്‍ ബാഹുകനേയും ഋതുപര്‍ണനേയും കാട്ടി മടങ്ങുന്ന സുദേവനോട് ബാഹുകന് ചോദിച്ചറിയുവാനുണ്ടായിരുന്നത് അദ്ദേഹം ഊണുകഴിച്ചുവോ എന്നു മാത്രമായിരുന്നു! ഇത്തരം കുശല സംഭാഷണങ്ങള്‍ക്കുള്ള മാനസികാവസ്ഥയിലാണല്ലോ ബാഹുകനപ്പോള്‍! “മറിമാന്‍‌കണ്ണി മൌലിയുടെ...” എന്ന അവസാന ഭാഗത്തെ നളന്റെ വിചാരപ്പദമൊക്കെ ഇതിലും എത്രയോ ഭംഗിയാക്കാം! “ഓര്‍ത്തുചൊല്ലുമോരോന്നേ...” കഴിഞ്ഞു മുദ്രപിടിച്ചു നിര്‍ത്തിയത് ‘കണിശം’ എന്ന അര്‍ത്ഥത്തിന്. “പേര്‍ത്തു കര്‍ണ്ണാകര്‍ണ്ണികയാല്‍...” എന്ന വരിക്കുപകരം, “തീര്‍ത്തുചൊല്ലാം നിന്ദ്യകര്‍മ്മം...” എന്നതു തുടങ്ങിവെച്ചതാണിവിടെ! മിതമായി പറഞ്ഞാല്‍, നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകന്‍ സദനം കൃഷ്ണന്‍‌കുട്ടിക്ക് പ്രാപ്യമായ വേഷമല്ല. ഒടുവില്‍ മൂന്നു പേരും തേര്‍ കയറി കുണ്ഡിനത്തിലേക്ക് തിരിക്കുന്നതോടെ ധനാശി, കാണികള്‍ക്ക് ആശ്വാസവും!


പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം സജീവന്‍ എന്നിവരുടെ സംഗീതവും അന്നേ ദിവസം ശരാശരിയില്‍ നിന്നുമുയര്‍ന്നില്ല. ശബ്ദനിയന്ത്രണം തീരെയില്ലാതെയുള്ള ആലാപനമാണ് സജീവന്റെ പ്രശ്നം. അത് പാട്ടിന്റെ ഭാവം കുറയ്ക്കുന്നു. “മറിമാന്‍കണ്ണിമൌലിയുടെ...” എന്ന അവസാനപദം മാത്രം തരക്കേടില്ലായിരുന്നെന്നു തോന്നി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം തമ്പി എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം രവീന്ദ്രന്‍ മദ്ദളത്തിലും ചേര്‍ന്നൊരുക്കിയ മേളം പിന്നിലായിരുന്നെങ്കിലും, ഇവിടുത്തെ കളിക്ക് അതു തന്നെ അധികം! ‘പേര്‍ത്തു’വെന്ന് കാണിക്കേണ്ടയിടത്ത്, ‘തീര്‍ത്തു’മെന്ന് നടന്‍ മുദ്രകാട്ടുമ്പോള്‍ മേളം നടനു കൂടണോ കൂടാതിരിക്കണമോ? RLV സോമദാസും മാര്‍ഗി രവീന്ദ്രനും ചേര്‍ന്നൊരുക്കിയ ചുട്ടി, മാര്‍ഗിയുടെ അണിയറസാമഗ്രികള്‍ എന്നിവ പതിവു പോലെ മികവു പുലര്‍ത്തി. യാത്രയും ചെയ്ത്, ഉറക്കവും കളഞ്ഞെത്തുന്നവരെ തീര്‍ത്തും നിരാശരാക്കുന്ന ഇതു പോലെയുള്ള കളികള്‍ കഴിയുമ്പോള്‍, കാണാന്‍ വരേണ്ടിയിരുന്നില്ല എന്നു തോന്നാറുണ്ട്. ലഭ്യമായ കലാകാരന്മാര്‍ക്കിണങ്ങുന്ന വേഷം നല്‍കിക്കൊണ്ടുള്ള കഥ നിശ്ചയിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധ പുലര്‍ത്തിയാലും ഇത്തരം സന്ദര്‍ഭങ്ങള്‍ കുറേയൊക്കെ ഒഴിവാക്കാം. അത്തരമൊരു ശ്രദ്ധ അടുത്ത തവണ മുതല്‍ ‘നാട്യഗ്രാമ’വും പുലര്‍ത്തുമെന്നു പ്രത്യാശിക്കുന്നു.

Description: Nalacharitham Moonnam Divasam Kathakali: Organized by Natyagramam, Thonnackal. Sadanam Krishnankutty as Bahukan, Kalamandalam Ramachandran Unnithan as Karkodakan & Sudevan, Kalamandalam Rajeevan as Nalan & Rithuparnan, Kalabharathi Vasudevan as Damayanthi, Kalamandalam Amalraj & Arunjith as Jeevalan & Varshneyanan. Pattu by Pathiyur Sankarankutty and Kalamandalam Sajeevan. Chenda by Kalamandalam Krishnadas & Kalamandalam Thampi. Maddalam by Kalamandalam Raveendran. Chutty by RLV Somadas & Margi Raveendran. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 18, 2009.
--

2009 ഏപ്രിൽ 19, ഞായറാഴ്‌ച

ആലപ്പുഴയിലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam Kathakali - Part One: Kalamandalam Gopi as Bahukan, Kalamandalam Shanmukhadas as Rithuparnan.
ഏപ്രില്‍ 09, 2009: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആദ്യഭാഗങ്ങളുടെ ആസ്വാദനം ഇവിടെ കാണാം. നളനെ തിരയുവാനായി പലദേശങ്ങളിലേക്കും ഭീമരാജാവ് പല ബ്രാഹ്മണരെ അയയ്ക്കുന്നു. അതിലൊരു ബ്രാഹ്മണനായ പര്‍ണാദന്‍ ദമയന്തിയുടെ പക്കല്‍ വന്ന്, അയോധ്യയില്‍ ഋതുപര്‍ണ്ണന്റെ ഇഷ്ടസാരഥിയായി നളന്‍ വസിക്കുന്നുവെന്ന വാര്‍ത്ത അറിയിക്കുന്നു. പര്‍ണാദന്‍ ചൊന്നതു കേട്ട് താനിനി എന്താണ് ചെയ്യേണ്ടതെന്ന് ദമയന്തി അമ്മയോടു തിരക്കുന്നു. ഒരു ബ്രാഹ്മണനെ വീണ്ടും ഋതുപര്‍ണസവിധത്തിലേക്ക് അയയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് രാജമാതാവ് ഉപദേശിക്കുന്നു.


അരങ്ങില്‍ സാധാരണയായി പതിവില്ലാത്ത ഈ രംഗങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയുണ്ടായി. കലാഭാരതി ഹരികുമാര്‍ പര്‍ണാദനായും കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി രാജമാതാവായും വേഷമിട്ടു. നളചരിതം രണ്ടാം ദിവസത്തിലെ അവസാനരംഗങ്ങളുടെ ആവര്‍ത്തനഛായയുള്ള രംഗങ്ങളാണിവ. പര്‍ണാദന്റെയും ദമയന്തിയുടേയും പദങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതുപോലും അതേപടിയാണ്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ ആ രംഗങ്ങള്‍ക്കുള്ള പ്രാധാന്യമോ മികവോ ഇവയ്ക്ക് അവകാശപ്പെടുവാനുമില്ല. അരങ്ങില്‍ നിന്നും ഒഴിവാക്കപ്പെടുന്ന രംഗങ്ങള്‍ ‘ഒഴിവാക്കിയത് കാര്യമില്ലാതല്ല’ എന്ന പ്രതീതിയാണ് ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ ഉണ്ടായത്. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു ഈ പദങ്ങള്‍ ആലപിച്ചത്. കലാമണ്ഡലം കൃഷ്ണകുമാര്‍ ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ മേളമൊരുക്കി.


ദമയന്തിയുടെ സമീപം സുദേവനെന്ന ബ്രാഹ്മണനെത്തുന്നു. യഥാവിധി സ്വീകരിച്ചിരുത്തി തന്റെ ആവശ്യം ദമയന്തി സുദേവനെ അറിയിക്കുന്നു. നൈഷധനെ വീണ്ടും ദര്‍ശിക്കുവാന്‍ സംഗതിവരത്തക്ക വിധത്തില്‍ ഋതുപര്‍ണസവിധത്തില്‍ ചെന്ന് ഒന്നു പറയണമെന്നതാണ് ദമയന്തിയുടെ ആവശ്യം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സുദേവനായെത്തിയത്. ഇവളുടെ മനസ് ആകെ ഇളകിയിരിക്കുന്നു, ഓരോന്നു പറഞ്ഞ് ഇവളുടെ മനസ് ഉറപ്പിക്കുന്നുണ്ട് എന്നൊരു ചെറിയ ആട്ടത്തോടെയാണ് അദ്ദേഹം “യാമി, യാമി, ഭൈമീകാമിതം...” എന്നതിലേക്ക് കടന്നത്. നിത്യസഞ്ചാരമെന്നതില്‍ നിരാസം തോന്നരുതെന്ന ദമയന്തിയുടെ വാക്കുകള്‍ക്കു മറുപടിയോടെയാണ് സുദേവന്‍ തുടങ്ങുന്നത്. എത്രവഴിമണ്ടിയാലും അത്തലതുകൊണ്ടില്ല, ഉത്തരകോസലമാവട്ടെ രണ്ടോമൂന്നോ ദിവസത്തെ യാത്രയുടെ കാര്യമേയുള്ളൂ താനും എന്നു പറഞ്ഞ്, ദമയന്തിയുടെ കാമിതം സാധിച്ചു തരുന്നുണ്ടെന്ന് സുദേവന്‍ ഉറപ്പുകൊടുക്കുന്നു.


“ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും...” എന്ന സുദേവന്റെ ഭാഗം വിസ്തരിച്ചു തന്നെ നടന്മാര്‍ ആടുക പതിവുണ്ട്. എന്നാല്‍ വെറുതേ കുറേ പടയാളികള്‍ അകമ്പടി സേവിക്കുന്നു എന്നുമാത്രമല്ല രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടിയത്. സേവകര്‍ അകമ്പടി സേവിക്കുന്നതിനൊപ്പം, വാളും പരിചയും കൊണ്ട് വേലകളിക്കു സമാനമായ രീതിയില്‍ ചില ചുവടുകളും അദ്ദേഹത്തിന്റെ സുദേവന്‍ ചെയ്യുകയുണ്ടായി. അതുപോലെ മേളവാദ്യമെന്നു പറഞ്ഞ് കുറേ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുകയല്ല ഉണ്ടായത്, പഞ്ചവാദ്യഘോഷവുമുണ്ടെന്നാടി അഞ്ച് വാദ്യങ്ങളും വിസ്തരിച്ച് ആടുകയാണ് ചെയ്തത്. ഈ രീതിയില്‍ തന്റേതായ രീതിയില്‍ സുദേവനെ മികച്ചതാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സുദേവന്റെ ഉപായം ദമയന്തിക്ക് ആദ്യം സ്വീകാര്യമാവുന്നില്ല. ഇതു കേട്ടാല്‍ അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്നുപോവും എന്നു ദമയന്തി പറയുന്നു. ഒരു നല്ലകാര്യത്തിനായി ഈ ചെറിയ കള്ളമാവാം, ഒരു കുഴപ്പവുമില്ല എന്നു സുദേവന്‍ ആശ്വസിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് ഋതുപര്‍ണനെ കുണ്ഡിനത്തിലെത്തിക്കുവാന്‍ തന്റെ കാന്തനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്ന വിശ്വാസത്തില്‍ സുദേവന്റെ ഉപായത്തിനു ദമയന്തി വഴങ്ങുന്നു. തേരു വരുന്ന ശബ്ദവും കാത്ത് താനിവിടെ തന്നെയിരിക്കും എന്നു പറയുന്ന ദമയന്തിയോട്, വിഷമിക്കാതെ കുളിച്ചൊരുങ്ങി സുന്ദരിയായി ഇരിക്കുകയെന്നു പറഞ്ഞ് സുദേവന്‍ അയോധ്യയിലേക്ക് തിരിക്കുന്നു.


ഋതുപര്‍ണസവിധത്തിലെത്തി സുദേവന്‍ കാര്യങ്ങള്‍ ഉണര്‍ത്തിക്കുന്നു. ദമയന്തിയുടെ സ്വയംവരവാര്‍ത്തയറിഞ്ഞ് നിരവധി രാജാക്കന്മാര്‍ ഇപ്പോള്‍ തന്നെ കുണ്ഡിനത്തില്‍ വന്നു നിറഞ്ഞുവെന്നു പറയുന്നതിന്റെ കൂടെ താഴെ വിളക്കിന്റെ ചുവട്ടില്‍ കിടന്ന ഒരു താമരയിതളെടുത്ത്, ഒരു താമരയില കടത്തുവാന്‍ കൂടി ഇടമില്ലാത്തവിധം കുണ്ഡിനത്തില്‍ രാജാക്കന്മാര്‍ വന്നു നിറഞ്ഞിരിക്കുന്നു എന്നൊരു മനോധര്‍മ്മവും ഉണ്ണിത്താന്‍ ആടുകയുണ്ടായി. തുടര്‍ന്ന് ഇന്നു നിശ്ചയിച്ചിരുന്ന സ്വയംവരം ഒരാളു കാരണം നാളേക്ക് മാറ്റിയിരിക്കുന്നു എന്നും പറഞ്ഞ് സുദേവന്‍ നിര്‍ത്തുന്നു. പ്രത്യക്ഷത്തില്‍ ഋതുപര്‍ണനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്ന രീതിയിലാണ് ഈ സുദേവവാക്യം, എന്നാല്‍ ഗൂഢമായി ഉദ്ദേശിക്കുന്നത് ബാഹുകനേയും. കലാനിലയം വിജയനാണ് ഈ ഭാഗങ്ങളില്‍ ബാഹുകനായെത്തിയത്. സുദേവന്റെ വാക്യങ്ങളോരോന്നും കേള്‍ക്കുമ്പോള്‍ മനസിടറുകയും എന്നാലെല്ലാം ഒളിപ്പിച്ച് നില്‍ക്കേണ്ടിവരികയുമെന്ന പരിതാപകരമായ അവസ്ഥയിലാണ് ബാഹുകന്‍. ഇടയ്ക്കിടെ ഞെട്ടുകയും വാര്‍ഷ്ണേയന്റെ കൈപിടിച്ച് ഒന്നുമില്ലെന്നു കാട്ടലും, ഇതിങ്ങനെ രണ്ടു മൂന്നു പ്രാവശ്യം കാട്ടിയെന്നല്ലാതെ സ്വാഭാവികമായി നളന്റെ മാനസികാവസ്ഥ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ വിജയന്‍ ശ്രമിച്ചു കണ്ടില്ല. “...നാളെയിന്നതൊരാളുമൂലമിതെന്നതും.” ഇത് സുദേവന് അഭിനയിപ്പിച്ചു ഫലിപ്പിക്കണമെങ്കില്‍ ബാഹുകന്റെകൂടി സഹകരണം ആവശ്യമാണ്. അതുപോലെ പദം കഴിഞ്ഞ് സുദേവന്‍ പോവുന്നതിനു മുന്‍പായും ബാഹുകനുമായി ചില്ലറ മനോധര്‍മ്മങ്ങള്‍ പതിവുണ്ട്. എന്നാലിവിടെ ബാഹുകന്‍ സുദേവനെ ശ്രദ്ധിച്ചതേയില്ല. എന്തെങ്കിലും ബാഹുകന്‍ ചോദിക്കുന്നെങ്കില്‍ മറുപടി പറയാമെന്നു കരുതി ഉണ്ണിത്താന്റെ സുദേവന്‍ മൂന്നു പ്രാവശ്യത്തോളം അരങ്ങു വിടുന്നതിനു മുന്‍പ് അവിടെയുമിവിടെയുമൊക്കെ നിന്ന് തിരിഞ്ഞു നോക്കിയെങ്കിലും ബാഹുകന് ഒരു അനക്കവും കണ്ടില്ല. കാണികളിലൊരാള്‍ ചോദിച്ചതുപോലെ ‘ഈ ബാഹുകനെന്താണ് മൂന്നാം ദിവസം കണ്ടിട്ടു കൂടിയില്ലേ?’ എന്നുതന്നെയാണ് ഭൂരിപക്ഷം ആസ്വാദകര്‍ക്കും തോന്നിയത്. സുദേവന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ച് അതിനനുസരിച്ചുള്ള ഭാവത്തില്‍, ഇടയ്ക്കിടെ ചെറിയ മനോധര്‍മ്മങ്ങളുമായി കലാമണ്ഡലം ഷണ്മുഖദാസ് ഋതുപര്‍ണനെ ഈ രംഗത്തില്‍ മികച്ചതാക്കി.


സുദേവന്‍ പോയയുടനെ, ബാഹുകനെ അരികില്‍ വിളിച്ച് കുണ്ഡിനത്തിലേക്ക് പുറപ്പെടുവാനായി തയ്യാറാകുവാന്‍ പറയുന്നു ഋതുപര്‍ണന്‍. ‘താന്‍ വരണമോ, വാര്‍ഷ്ണേയന്‍ പോരേ?’ എന്ന് “തെളിവിനോടു തേര്‍ നീ തെളിക്കേണം.” എന്ന ഋതുപര്‍ണവചനം കേള്‍ക്കുമ്പോള്‍ ബാഹുകന്‍ സംശയിക്കാറുണ്ട്. ഇത് കാട്ടിത്തുടങ്ങിയെങ്കിലും പൂര്‍ണ്ണമായി കാണിക്കുവാന്‍ കലാനിലയം വിജയന്‍ ശ്രമിച്ചില്ല. ദമയന്തിയോടുള്ള കാമപരവശതയാല്‍ തന്നെ തന്നെ മറക്കുന്ന അവസ്ഥയിലാണ് ഈ പദഭാഗത്ത് ഋതുപര്‍ണന്‍. എന്നാല്‍ ഷണ്മുഖദാസിന്റെ ഋതുപര്‍ണന്‍ തികച്ചും മാന്യനായി, വികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ടു നില്‍ക്കുന്നതുപോലെ തോന്നിച്ചു. ബാഹുകന്റെ നീറുന്ന മനസിന് എണ്ണയായി ഭവിക്കുന്ന രീതിയിലാവണം ഋതുപര്‍ണന്റെ അഭിനയം ഈ ഭാഗത്തില്‍. ഇവിടെ ഷണ്മുഖദാസിന് ഇനിയും മെച്ചപ്പെടുത്തുവാന്‍ കഴിയുമായിരുന്നെന്നു തോന്നി. “മറിമാന്‍‌കണ്ണിമൌലീയുടെ...” എന്ന ബാഹുകന്റെ പദം കലാനിലയം വിജയന്‍ മോശമാവാതെ അവതരിപ്പിച്ചു. ചുണ്ടു വല്ലാതെ കടിച്ചുപിടിച്ച് എപ്പോഴും അഭിനയിക്കുന്നത് അഭംഗിയായി തോന്നി. മുദ്രാഭിനയത്തിലും പദങ്ങള്‍ക്കനുസരിച്ച് മുദ്രകള്‍ വിന്യസിക്കുന്നതിലുമെല്ലാം വിജയന്‍ തരക്കേടില്ലെന്നു തോന്നി.


ഋതുപര്‍ണനും ബാഹുകനും വാര്‍ഷ്ണേയനും ചേര്‍ന്ന് കുണ്ഡിനത്തിലേക്കുള്ള യാത്രയും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഉത്തരീയം വീണതെടുക്കുവാനായി രഥം നിര്‍ത്തുവാനാവശ്യപ്പെടുന്ന ഋതുപര്‍ണനോട്, ഒരു ഉത്തരീയമാണോ താര്‍ത്തേന്‍‌വാണിതന്‍ പാണിഗ്രഹണമാണോ വലുതെന്ന് ബാഹുകന്‍ ചോദിക്കുന്നു. ‘തോര്‍ത്തുന്ന വസ്ത്രം പ്രധാനമല്ല, എങ്കിലും ഞാന്‍ ധൂര്‍ത്തനല്ല. ഈ പറഞ്ഞത് കളവല്ല, നിനക്കതു ബോധ്യം വരുവാനായി ഒന്നു പറയാം, ഞാന്‍ നിനച്ചപ്പോള്‍ അകലെക്കാണുന്ന താന്നിമരത്തിലെ ഇലകളുടേയും ഫലങ്ങളുടേയും എണ്ണം മൂന്നുലക്ഷത്തിമുപ്പതിനായിരമെന്ന് തോന്നി.’ എന്നു ഋതുപര്‍ണന്‍ ബഹുകന് മറുപടി നല്‍കുന്നു. ഇതു കേട്ട് ബാഹുകന്‍ തേരു നിര്‍ത്തുന്നു. പിന്നീടുള്ള പദങ്ങള്‍ പാടുകയുണ്ടായില്ല. തുടര്‍ന്നുള്ള ഭാഗങ്ങളെക്കുറിച്ച് കലാനിലയം വിജയന്‍ പൂര്‍ണ്ണമായും അജ്ഞനാണെന്നു തോന്നുന്ന രീതിയിലായിരുന്നു അരങ്ങിലെ പ്രവര്‍ത്തികള്‍. ഈ വിദ്യ തന്നെയും പഠിപ്പിക്കണമെന്ന് ബാഹുകന്‍ ഋതുപര്‍ണനെ നിര്‍ബന്ധിക്കുകയാണ് തുടര്‍ന്ന് ചെയ്യേണ്ടത്. അതുണ്ടാവാത്തതിനാലാവണം, താന്‍ പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ എണ്ണിനോക്കുവാന്‍ ബാഹുകനോട് ഋതുപര്‍ണന്‍ ആവശ്യപ്പെടുന്നു. എങ്കില്‍ ശരി ഞാന്‍ പോയി എണ്ണിയിട്ടുവരാമെന്നു പറഞ്ഞ് ബാഹുകന്‍ പോകുവാനൊരുങ്ങുന്നു. ഇതു കണ്ട് ഋതുപര്‍ണന്‍, എണ്ണുവാന്‍ മന്ത്രം വേണ്ടേ, ഞാന്‍ പറഞ്ഞുതരാം എന്നുപറഞ്ഞ് നളനെ മന്ത്രം പഠിപ്പിക്കുന്നു. ഋതുപര്‍ണന്റെ ആവശ്യമായിരുന്നു നളനെ മന്ത്രം പഠിപ്പിക്കല്‍ എന്നു തോന്നി ഇവിടുത്തെ അവതരണം കണ്ടപ്പോള്‍. ‘ഇന്നുതന്നെ എനിക്കു പഠിക്കേണം’ എന്ന് നിര്‍ബന്ധബുദ്ധിയോടെയുള്ള നളന്റെ ആവശ്യപ്രകാരമാണ് ഋതുപര്‍ണന്‍ നളന് അക്ഷഹൃദയം ഉപദേശിക്കുന്നത്.

തുടര്‍ന്ന് ഋതുപര്‍ണന്‍ ബാഹുകനോട് അശ്വഹൃദയം പഠിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നു. സത്യത്തില്‍ അങ്ങിനെയൊരു ആവശ്യം ഋതുപര്‍ണന്‍ നടത്തുന്നതായി നളചരിതം മൂന്നാം ദിവസം ആട്ടക്കഥയില്‍ പറയുന്നില്ല, എന്നിരുന്നാലും അങ്ങിനെയൊരു ആവശ്യം ഋതുപര്‍ണനില്‍ നിന്നുമുണ്ടാവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഋതുപര്‍ണനത് പഠിക്കണമെന്നുണ്ടെങ്കില്‍, ബാഹുകന് അക്ഷഹൃദയം ഉപദേശിക്കുന്നതിനു മുന്‍പായി, നളന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, ‘നീയെന്നെ അശ്വഹൃദയം ഉപദേശിക്കുക, എങ്കില്‍ നിനക്ക് അക്ഷഹൃദയം ഞാനും നല്‍കാം.’ എന്നു ഋതുപര്‍ണന്‍ പറയുന്നതാണ് കൂടുതല്‍ നല്ലത്. കാര്‍ക്കോടകന്റെ വചനം തന്നെ അങ്ങിനെയാണല്ലോ! (“അശ്വഹൃദയം അവനായ് നല്‍കീടുകില്‍, അക്ഷഹൃദയം വശമായ്‌ വരും തവ...”‌) ഇവിടെ നളന് അക്ഷഹൃദയം പഠിക്കുവാന്‍ താത്പര്യം ഉണ്ടാവാത്തതിനാല്‍ ഋതുപര്‍ണനാണ് യഥാര്‍ത്ഥത്തില്‍ വെട്ടിലായത്! നളന് അക്ഷഹൃദയം ഉപദേശിച്ചതിനു ശേഷം അശ്വഹൃദയം ഉപദേശിക്കുവാന്‍ ഋതുപര്‍ണന്‍ ബാഹുകനോട് ആവശ്യപ്പെടാതിരിക്കാമായിരുന്നു. കലിയുടെ വേഷമുണ്ടായില്ലെങ്കിലും, കലിയെ കാണുന്നതായും മറ്റും ബാഹുകന്‍ ആട്ടത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് മൂവരും വീണ്ടും തേരില്‍ കയറി കുണ്ഡിനത്തിലേക്കുള്ള യാത്ര തുടരുന്നു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു സുദേവന്‍ ദമയന്തിയെ കാണുന്നയിടം മുതല്‍ പാടിയത്. “യാമി, യാമി, ഭൈമീ! കാമിതം...”, “മാന്യമതേ...”, “മറിമാന്‍‌കണ്ണി...” തുടങ്ങിയ പദങ്ങളെല്ലാം തന്നെ ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിച്ചു. കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരൊരുക്കിയ ഈ രംഗങ്ങളിലെ മേളവും മികവുപുലര്‍ത്തി. മേളവാദ്യങ്ങളുടെ ഘോഷം മേളത്തില്‍ വളരെ നന്നായിത്തന്നെ അനുഭവവേദ്യമാക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. പതിവില്ലാത്ത രംഗങ്ങള്‍ കാണിക്കുവാനായി വെളുത്ത നളന്റെ ഭാഗം ഒഴിവാക്കിയതാണ് ഇവിടുത്തെ മൂന്നാം ദിവസത്തിലെ ഒരു പ്രധാന കുറവായി തോന്നിയത്. രാജമാതാവ്, പര്‍ണാദന്‍ എന്നിവരുടെ രംഗങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ അവസാന രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ നിന്നും കലാമണ്ഡലം ഗോപി ഒഴിവായതിനാല്‍ തന്നെ തുടര്‍ന്നുള്ള ബാഹുകന്റെ രംഗങ്ങള്‍ക്ക് ആദ്യഭാഗത്തെ നിലവാരം ഉണ്ടായതുമില്ല. ഈയൊരു നഷ്ടം ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ നല്ലരീതിയില്‍ അരങ്ങേറിയ ‘നളചരിതം മൂന്നാം ദിവസ’മായിരുന്നു ഇവിടെ അരങ്ങേറിയത്.

Description: Alappuzha District Kathakali Club Anniversary 2009: Nalacharitham Moonnam Divasam Kathakali - Kalamandalam Shanmukhadas (Nalan, Rithuparnan), Kalanilayam Vasudeva Panicker (Karkodakan, Jeevalan), Kalamandalam Gopi (Bahukan), RLV Pramod (Varshneyan), Margi Vijayakumar (Damayanthi), Kalabharathi Harikumar (Parnadan), Kalakendram Muraleedharan Nampoothiri (Rajamathavu), Kalamandalam Ramachandran Unnithan (Sudevan), Kalanilayam Vijayan (Bahukan 2); Pattu: Pathiyur Sanakarankutty, Kottackal Madhu, Kalanilayam Rajeevan; Chenda: Kurur Vasudevan Nampoothiri, Kalamandalam Krishnadas; Maddalam: Kottackal Radhakrishnan, Kalamandalam Achutha Varier; Chutti: Cherthala Viswanathan Nair, Kalanilayam Saji; Kaliyogam: Alappuzha District Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. April 09, 2009.
--

2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

ആലപ്പുഴയിലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam Kathakali - Part One: Kalamandalam Gopi as Bahukan, Kalamandalam Shanmukhadas as Rithuparnan.
ഏപ്രില്‍ 09, 2009: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്പത്തിനാലാമത് വാര്‍ഷികം ആലപ്പുഴ എസ്.ഡി.വി. ബെസന്റ് ഹാളില്‍ രണ്ടുദിവസങ്ങളിലായി ആഘോഷിക്കുകയുണ്ടായി. കലാമണ്ഡലം ഗോപി ബാഹുകനായെത്തിയ നളചരിതം മൂന്നാം ദിവസമായിരുന്നു ആദ്യ ദിവസത്തെ പ്രധാന കഥ. കഥാവതരണത്തിനു മുന്‍പു നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പത്മശ്രീ പുരസ്കാരാര്‍ഹനായ കലാമണ്ഡലം ഗോപിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും, കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പ്രഥമ കളര്‍കോട് നാരായണന്‍ നായര്‍ സ്മാരക അവാര്‍ഡ് നല്‍കുകയും ചെയ്തു. നളചരിതം മൂന്നാം ദിവസം സമ്പൂര്‍ണ്ണമായി അവതരിപ്പിക്കുന്നു എന്നാണ് നോട്ടീസില്‍ കണ്ടിരുന്നതെങ്കിലും, സാധാരണയായി ഉണ്ടാവാറുള്ള വെളുത്ത നളന്റെ ഭാഗങ്ങള്‍ ഇവിടെ ഒഴിവാക്കുകയാണ് ഉണ്ടായത്. “അന്തികേ വന്നിടേണം...” എന്നു തുടങ്ങുന്ന കാര്‍ക്കോടകന്റെ പദത്തോടെയാണ് കഥ ആരംഭിച്ചത്.


കലാനിലയം വാസുദേവ പണിക്കരാണ് കാര്‍ക്കോടകനായെത്തിയത്. തുടര്‍ന്ന് കത്തുന്ന വനശിഖിമദ്ധ്യത്തില്‍ നില്‍ക്കുന്ന കാര്‍ക്കോടകനെ കണ്ട് ആരെന്നു തിരക്കുന്ന നളനെയാണ് കാണുന്നത്. കലാമണ്ഡലം ഷണ്മുഖദാസ് ഈ ഭാഗത്ത് നളനായെത്തി. പീഠത്തില്‍ നില്‍ക്കുന്ന കാര്‍ക്കോടകനെ കൈപിടിച്ചിറക്കി, ഇരുത്തിയതിനു ശേഷമാണ് ഷണ്മുഖദാസ് പദത്തിലേക്ക് കടന്നത്. പദത്തിനു മുന്‍പുള്ള ശ്ലോകത്തില്‍ തനിക്കും താന്‍ തൊടുന്നവര്‍ക്കും അഗ്നിഭയമുണ്ടാവില്ലെന്ന് പറയുന്നതിനാലാവാം ഈ രീതിയില്‍ ആടിയത്. എന്നാല്‍ ശ്ലോകത്തില്‍ തന്നെ പറയുന്നതു പ്രകാരം, തേടിക്കാണുക മാത്രം ചെയ്യുന്ന ഉരഗപതിയോടാണ് നളന്‍ ഓരോന്ന് ചോദിക്കുന്നത്. നളന്‍ പൊള്ളലേല്‍ക്കാതിരിക്കുവാനായി കാര്‍ക്കോടകനെ സ്പര്‍ശിക്കുന്നതായി ശ്ലോകത്തില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നില്ല. “എരിഞ്ഞതീയില്‍ നിന്നല്ലിനി വേണ്ടൂ സല്ലാപം...” എന്നു നളന്‍ പിന്നീട് പറയണമെങ്കില്‍, കാര്‍ക്കോടകന് അഗ്നിഭയം മാറിയിരിക്കുവാന്‍ സാധ്യതയും ഉണ്ടാവരുതല്ലോ. സാധാരണയായി കാണുന്നതുപോലെ പദാവസാനം കാര്‍ക്കോടകനെ രക്ഷിക്കുന്നതു തന്നെയാണ് ഉചിതം.


ദംശനത്താല്‍ തന്നെ വിരൂപനാക്കിയ കാര്‍ക്കോടകനോട് ബാഹുകന്‍ കോപിക്കുന്നു. ഇങ്ങിനെയുണ്ടാകുവാനുള്ള കാരണവും താനാരെന്നതും കാര്‍ക്കോടകന്‍ “നൈഷധേന്ദ്ര! നിന്നോടു ഞാന്‍...” എന്ന പദത്തിലൂടെ അറിയിക്കുന്നു. ഊക്കേറും അഹിവരരില്‍ പ്രമുഖനായ കാര്‍ക്കോടകനാണ് താനെന്ന് അറിയിക്കുമ്പോള്‍, നളന്‍ ഇടതുഭാഗത്തേക്കു മാറി കാര്‍ക്കോടകന് മാന്യസ്ഥാനം നല്‍കുന്നു. “കാദ്രവേയകുലതിലക! നിന്‍...” എന്ന ബാഹുകന്റെ മറുപടി പദമാണ് തുടര്‍ന്ന്. കാര്‍ക്കോടകന്റെ ദംശനത്താല്‍ വിരൂപമായ തന്റെ രൂപം കണ്ട് അത്യധികം വിഷമത്തോടെയും ദേഷ്യത്തോടെയും കാര്‍ക്കോടകനോട് കയര്‍ക്കുന്ന ബാഹുകനേയും, പിന്നീട് കാര്‍ക്കോടകനാരെന്നറിഞ്ഞ് ഭയഭക്തിബഹുമാനങ്ങളോടെ തന്റെ കഷ്ടതകള്‍ക്ക് എന്നറുതിവരുമെന്നു കേഴുന്ന ബാഹുകനേയും ഗോപി മനോഹരമാക്കി. ഋതുപര്‍ണസേവകനായി, അവന് അശ്വഹൃദയം നല്‍കി അക്ഷഹൃദയം വശമാക്കുക വഴി കലിബാധ അകറ്റുവാന്‍ കാര്‍ക്കോടകന്‍ അറിയിക്കുന്നു. കൂടാതെ ഒരു വിശേഷ വസ്ത്രം നല്‍കി, സ്വരൂപം തിരിച്ചു കിട്ടുവാനായി അതുടുത്താല്‍ മതിയെന്നും അനുഗ്രഹിക്കുന്നു. കലാനിലയം വാസുദേവ പണിക്കരുടെ കാര്‍ക്കോടകന്‍ മുദ്ര കാട്ടുകയല്ല, എറിയുകയാണ് ചെയ്യുന്നതെന്നു പറയണം. മുദ്രകാണിക്കുന്നതില്‍ അല്പം കൂടി ശ്രദ്ധ നല്‍കുവാന്‍ വാസുദേവ പണിക്കര്‍ മനസുവെച്ചെങ്കില്‍ നന്നായിരുന്നു.


വസ്ത്രം നല്‍കി കാര്‍ക്കോടകന്‍ മറഞ്ഞതിനു ശേഷം, കാര്‍ക്കോടകന്റെ നിര്‍ദ്ദേശപ്രകാരം ഋതുപര്‍ണന്റെ രാജ്യത്തേക്ക് നളന്‍ പുറപ്പെടുന്നു. അതിനു മുന്‍പായി മറ്റാരും കാണാതെ വസ്ത്രം ഒളിപ്പിക്കുക തന്നെ എന്നു പറഞ്ഞ് ഉള്ളിലേക്ക് തിരുകി വസ്ത്രം ഒളിപ്പിക്കുന്നതായും കലാമണ്ഡലം ഗോപി ആടുകയുണ്ടായി‍. അല്പവസ്ത്രം മാത്രം ധരിച്ച നളന്‍ ഏതുരീതിയില്‍ വസ്ത്രം ഒളിപ്പിക്കുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു മനസിലായില്ല. തന്റെ ദയിതയായ ദമയന്തിയെ വനത്തില്‍ ഏകയായി ഉപേക്ഷിച്ചത് നളനെ ഇപ്പോഴും അലട്ടുന്നു. വേര്‍പാട് രംഗം മറ്റൊരു രൂപത്തില്‍ ഇവിടെ ഗോപി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നു. ക്രൂരജന്തുക്കള്‍ നിറഞ്ഞ കാട്ടില്‍ ദമയന്തിക്ക് എന്തെങ്കിലും ആപത്തുപിണയുമോ എന്നു ശങ്കിക്കുന്നെങ്കിലും, പതിവ്രതയായ അവള്‍ക്ക് ഒരു ആപത്തും വരില്ല എന്നു നളന്‍ പിന്നീട് സ്വയം ആശ്വസിക്കുന്നു. ഓരോന്ന് ചിന്തിച്ചിരിക്കാതെ ഋതുപര്‍ണ രാജധാനിയിലേക്ക് ഗമിക്കുക തന്നെ എന്നാടി, യാത്ര തുടങ്ങുന്ന ബാഹുകന്‍ കാട്ടില്‍ പലതും കാണുന്നു. ഇവിടെ ‘മാന്‍പ്രസവം’ മാത്രമാണ് വനവര്‍ണ്ണനയായി ഉണ്ടായത്. വിശന്നുവലഞ്ഞ വേടന്‍, ക്രൂരനായ സിംഹം, കാട്ടുതീ, നിറഞ്ഞൊഴുകുന്ന പുഴ ഇവയ്ക്കു നടുവില്‍ അശരണയായ ഒരു പേടമാന്‍, അതാവട്ടെ പൂര്‍ണ്ണഗര്‍ഭിണിയും. ഏകാശ്രയമായ ഈശ്വരന്‍ എങ്ങിനെ ഇവള്‍ക്ക് തുണയാവും എന്ന് നളന്‍ ഓര്‍ക്കുന്നു. മിന്നലേറ്റ് വേടന്‍ മരിക്കുന്നു, വില്ലില്‍ നിന്നും ലക്ഷ്യം തെറ്റി പാഞ്ഞ അമ്പുകൊണ്ട് സിഹവും ചാവുന്നു, മഴയില്‍ കാട്ടുതീ അണയുന്നു, പേടമാന്‍ രണ്ടു മാന്‍‌കിടാക്കളെ പ്രസവിക്കുന്നു; ഈ രീതിയില്‍ ഈശ്വരന്‍ പേടമാനെ കാക്കുന്നതുകണ്ട് തന്റെ ദയിതയേയും ആപത്തുകളില്‍ നിന്നും ഈശ്വരന്‍ കാക്കുകതന്നെ ചെയ്യും എന്നു നളന്‍ ഉറയ്ക്കുന്നു. വേടന്‍, സിംഹം, തീ, പുഴ എന്നിവ മാറിമാറി അഭിനയിക്കുക എന്നതിലുപരിയായി ഇവയുടെ സൂക്ഷ്മാംശങ്ങള്‍ കൂടി കൃത്യതയോടെ അവതരിപ്പിക്കുവാന്‍ കലാമണ്ഡലം ഗോപി ശ്രദ്ധ ചെലുത്തുകയുണ്ടായി. അതിനാല്‍ തന്നെ ഈ ഭാഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വളരെ അനുഭവത്താവുകയും ചെയ്തു.

മാര്‍ഗമദ്ധ്യേ കാണുന്നവരോട് ഋതുപര്‍ണരാജ്യത്തിലേക്കുള്ള വഴി തിരക്കി ബാഹുകന്‍ യാത്രതുടരുന്നു. അകലെ നിന്നു തന്നെ ആകാശം മുട്ടുന്ന കൊടിമരം ബാഹുകന്‍ കാണുന്നു. കാറ്റത്ത് ഇളകുന്ന കൊടിക്കൂറ അശരണരെ രക്ഷിക്കുവാനായി രാജാവ് വരൂ, വരൂ എന്ന് കൈകാട്ടി ക്ഷണിക്കുന്നതുപോലെയെന്ന് ബാഹുകന് തോന്നുന്നു. ഗോപുരങ്ങളോട് കൂടിയ മന്ദിരത്തില്‍, കാവല്‍ക്കാരുടെ അനുവാദം വാങ്ങി ബാഹുകന്‍ പ്രവേശിക്കുന്നു. ഉള്ളില്‍ സ്ത്രീകള്‍ വീണയും മറ്റു വാദ്യങ്ങളും മനോഹരമായി വായിക്കുന്നെങ്കിലും ബാഹുകന് അതില്‍ താത്പര്യം തോന്നുന്നില്ല. സേവകരോടൊപ്പം സ്ഥിതി ചെയ്യുന്ന ഋതുപര്‍ണ്ണനെ ബാഹുകന്‍ കാണുന്നു. രാജാവിന്റെ സമീപമെത്തി താനൊരു സാരഥിയാണെന്നും, പാചകവും വശമുണ്ടെന്നും ബാഹുകന്‍ അറിയിക്കുന്നു. “മാരോപമീതാകൃതേ...” എന്നതിന്, ‘കാമദേവന്‍ അങ്ങയെക്കണ്ടാല്‍ ഓടിയൊളിക്കും...’ എന്നൊരു പുകഴ്തലും ഗോപിയുടെ ബാഹുകനില്‍ നിന്നുമുണ്ടായി.


ബാഹുകനെ ബോധിക്കുന്ന ഋതുപര്‍ണന്‍, ജീവലവാര്‍ഷ്ണേയന്മാരെ കാട്ടി, അവരോടൊപ്പം വസിക്കുക എന്ന് ബാഹുകനോട് പറയുന്നു. കലാമണ്ഡലം ഷണ്മുഖദാസാണ് ഋതുപര്‍ണനായെത്തിയത്. ബാഹുകന്റെ വാക്കുകള്‍ താത്പര്യത്തോടെ കേട്ട്, തന്നെപ്പറ്റിയുള്ള പുകഴ്ത്തലുകള്‍ ആസ്വദിച്ചിരിക്കുന്ന ഋതുപര്‍ണ്ണനെ ഷണ്മുഖദാസ് ഭംഗിയായിത്തന്നെ അവതരിപ്പിച്ചു. കലാനിലയം വാസുദേവ പണിക്കര്‍, ആര്‍.എല്‍.വി. പ്രമോദ് എന്നിവരവതരിപ്പിച്ച ജീവലവാര്‍ഷ്ണേയന്മാര്‍ നിരുത്തരവാദിത്തപരമായി കലാ‍കാരന്മാര്‍ അരങ്ങിലെത്തുന്നതിനു തെളിവായിരുന്നു. ആര്‍.എല്‍.വി. പ്രമോദ്, ഒന്നുമില്ലെങ്കിലും കഴുത്താരവും പടിയരഞ്ഞാണവുമെങ്കിലും ധരിച്ചിട്ടുണ്ടായിരുന്നു എന്നതൊരു സമാധാനം. എന്നാല്‍ ജീവലവേഷമിട്ട, മുതര്‍ന്ന കലാകാരനായ കലാനിലയം വാസുദേവ പണിക്കരാവട്ടെ, മുഖമൊന്നു മിനുക്കുവന്‍ പോലും മിനക്കെടാതെ, തോന്നിയപോലെ എന്തൊക്കെയോ എടുത്തു ചുറ്റിയാണ് അരങ്ങിലെത്തിയത്. നാല്പത്തിനാലു വര്‍ഷം പിന്നിടുന്ന ഒരു കഥകളി ക്ലബ്ബിന്റെ വാര്‍ഷികവേദിയിലാണ് ഇത്തരത്തില്‍ കലാകാരന്മാര്‍ പെരുമാറുന്നതെന്നത് സംഘാടകര്‍ക്കു കൂടി അപമാനകരമാണ്.

രാത്രിയില്‍ ഉറക്കം വരാതെ ബാഹുകന്‍ തന്റെ അവസ്ഥയോര്‍ത്ത് വിലപിക്കുന്നു. ഇതു കേട്ടുണരുന്ന ജീവലന്‍ കാര്യം തിരക്കുന്നു. താനെഴുതിയ ഒരു കഥയാണിതെന്ന് പറഞ്ഞ് ബാഹുകന്‍ ഒഴിയുന്നു. ബാഹുകന്റെ വിലാപം കേട്ടാണ് ജീവലന്‍ ഉണരേണ്ടത്. എന്നാലിവിടെ പദം കഴിഞ്ഞ് ബാഹുകന്‍ വീണ്ടും ഉറങ്ങാന്‍ കിടക്കുന്നു. ഉടന്‍ ജീവലനെഴുനേറ്റ് ഉറക്കമുണര്‍ത്തി ബാഹുകനോട് കാര്യം തിരക്കുന്നു. പദം തീര്‍ന്നതിനു ശേഷം മനോധര്‍മ്മമായി പിന്നെയും എന്തെങ്കിലുമൊക്കെ ഓര്‍ത്തു ദുഃഖിക്കുകയും, ഇതു കേട്ട് ജീവലന്‍ ഉറക്കമുണര്‍ന്ന് വിലപിക്കുന്ന ബാഹുകനെ കാണുകയും; ഇങ്ങിനെയാവുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു. നേരം പുലര്‍ന്നു, ഉടന്‍ രാജാവിന്റെ സമീപമെത്തുക തന്നെ എന്നു പറഞ്ഞ്, ഉറങ്ങുന്ന വാര്‍ഷ്ണേയനേയുമുണര്‍ത്തി മൂവരും മാറുന്നതോടെ രംഗം അവസാനിക്കുന്നു.


പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ ചേര്‍ന്നാണ് ഋതുപര്‍ണ സവിധത്തില്‍ ബാഹുകനെത്തുന്നതുവരെയുള്ള രംഗങ്ങള്‍ക്ക് പാടിയത്. “വിജനേ ബത! മഹതി!” മുതല്‍ക്ക് ശങ്കരന്‍കുട്ടിയോടൊപ്പം കലാനിലയം രാജീവനും പാടുവാനെത്തി. കലാമണ്ഡലം ഗോപി ഒഴികെയുള്ള മറ്റു വേഷക്കാര്‍ക്ക് പാടുമ്പോള്‍ ഗായകര്‍ അനാവശ്യ ധൃതി കാട്ടുന്നതായി തോന്നി. “വസ, വസ സൂത!” എന്ന പദത്തിനാണ് ഇത് ഏറ്റവും പ്രകടമായത്. കാലം കയറ്റി ഈ പദം പാടുമ്പോള്‍, രാജാവിനു ചേര്‍ന്ന ഗൌരവം നല്‍കുവാന്‍ നടന് നന്നേ ക്ലേശിക്കേണ്ടതായി വരുന്നു. കാര്‍ക്കോടകന്‍, ജീവലന്‍ തുടങ്ങിയ ചെറുവേഷക്കാര്‍, മുദ്ര ആടിക്കഴിയുന്നതിനു മുന്‍പു തന്നെ അടുത്ത വരിയിലേക്ക് നീങ്ങുന്നതും കാണാമായിരുന്നു. ഈ ന്യൂനത ഒഴിച്ചു നിര്‍ത്തിയാല്‍ മൂവരും ഈ ഭാഗങ്ങള്‍ വളരെ ഭംഗിയായി പാടുകയുണ്ടായി. “കാര്‍ദ്രവേയകുലതിലക!...” എന്ന പദമാണ് ഏറെ ശ്രദ്ധേയമായത്. ബാഹുകന്റെ അവസ്ഥ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം കഥാപാത്രാവതരണത്തില്‍ കുറച്ചൊന്നുമാവില്ല നടന് സഹായകരമായത്.

വനവര്‍ണ്ണനവരെ ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസാണ് പ്രവര്‍ത്തിച്ചത്. വേര്‍പാട് രംഗവും മറ്റും ഇത്രമേല്‍ വികാരതീവ്രമായി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്നതില്‍ കൃഷ്ണദാസിന്റെ ചെണ്ടയ്ക്കുള്ള പങ്ക് ചെറുതല്ല. കാട്ടുതീ കാണുന്ന ബാഹുകനെ അവതരിപ്പിക്കുമ്പോള്‍, കണ്ണുകൊണ്ട് തീ കത്തി പടര്‍ന്നു കയറുന്നതായി കലാമണ്ഡലം ഗോപി ആടാറുണ്ട്. ഈ ഭാഗത്തു മാത്രം ശബ്ദവ്യതിയാനം നല്‍കുവാന്‍ കൃഷ്ണദാസ് ശ്രദ്ധിച്ചു കണ്ടില്ല. പ്രത്യേക താളത്തില്‍ ശബ്ദം ഉയര്‍ന്നും താഴ്‌ന്നും ചെണ്ടയില്‍ കേള്‍ക്കുമ്പോളാണ് തീ കാണുന്ന ബാഹുകനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ രസിക്കുക. “ഋതുപര്‍ണ! ധരണീപാല” മുതല്‍ക്ക് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയായിരുന്നു ചെണ്ടയില്‍. കൈക്കു കൂടുന്നതിലും മറ്റും കാര്യമായി അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. കൃഷ്ണദാസ് മാറി ചെണ്ടയില്‍ കുറൂരെത്തുന്നത് വളരെ പ്രകടമായി അറിയുവാനുണ്ടായിരുന്നു. മദ്ദളത്തില്‍ ഇത്രയും ഭാഗത്ത് പ്രവര്‍ത്തിച്ച കോട്ടക്കല്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തി മോശമായില്ല. ഭീമരാജ്യത്ത് നളനെ കാണാഞ്ഞ് ഖിന്നയായി വസിക്കുന്ന ദമയന്തിയുടെ സമീപം പര്‍ണാദന്‍ എത്തുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളുടെ ആസ്വാദനം അടുത്ത പോസ്റ്റില്‍.

Description: Alappuzha District Kathakali Club Anniversary 2009: Nalacharitham Moonnam Divasam Kathakali - Kalamandalam Shanmukhadas (Nalan, Rithuparnan), Kalanilayam Vasudeva Panicker (Karkodakan, Jeevalan), Kalamandalam Gopi (Bahukan), RLV Pramod (Varshneyan), Margi Vijayakumar (Damayanthi), Kalabharathi Harikumar (Parnadan), Kalakendram Muraleedharan Nampoothiri (Rajamathavu), Kalamandalam Ramachandran Unnithan (Sudevan), Kalanilayam Vijayan (Bahukan 2); Pattu: Pathiyur Sanakarankutty, Kottackal Madhu, Kalanilayam Rajeevan; Chenda: Kurur Vasudevan Nampoothiri, Kalamandalam Krishnadas; Maddalam: Kottackal Radhakrishnan, Kalamandalam Achutha Varier; Chutti: Cherthala Viswanathan Nair, Kalanilayam Saji; Kaliyogam: Alappuzha District Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. April 09, 2009.
--