2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

പഴവീട്ടിലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan; An appreciation by Haree for Kaliyarangu Blog.
സെപ്റ്റംബര്‍ 27, 2009: ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നളചരിതം മൂന്നാം ദിവസം കഥകളി അവതരിക്കപ്പെട്ടു. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (ബാഹുകന്‍), കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കാര്‍ക്കോടകന്‍, സുദേവന്‍), കലാമണ്ഡലം ശ്രീകുമാര്‍ (വെളുത്ത നളന്‍, ഋതുപര്‍ണന്‍), മാത്തൂര്‍ മുരളീകൃഷ്ണന്‍ (ദമയന്തി) തുടങ്ങിയവാരായിരുന്നു പ്രധാന അഭിനേതാക്കള്‍. കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാനിലയം രാജീവന്‍ എന്നിവര്‍ സംഗീതവും കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം അച്ചുത വാര്യര്‍ എന്നിവര്‍ മേളവും നയിച്ച ഇവിടുത്തെ കളിയില്‍ മാര്‍ഗി ശ്രീകുമാറായിരുന്നു ചുട്ടി ഒരുക്കിയത്. കലാമണ്ഡലം സുധീഷ് (പാട്ട്), കിടങ്ങൂര്‍ രാജേഷ് (ചെണ്ട), കലാമണ്ഡലം അജികുമാര്‍ (മദ്ദളം), ചേര്‍ത്തല സുനില്‍ (വേഷം - ജീവലന്‍) തുടങ്ങിയവരായിരുന്നു പങ്കെടുത്ത മറ്റ് കലാകാരന്മാര്‍.


നൈഷധേന്ദ്രനായ തനിക്കു വന്നുചേര്‍ന്ന വിധിവൈപരീത്യമോര്‍ത്ത് ദുഃഖിക്കുന്ന നളന്റെ “ലോകപാലന്മാരേ! ലളിത...” എന്ന വിചാരപദത്തോടെയാണ് ‘നളചരിതം മൂന്നാം ദിവസം’ ആരംഭിക്കുന്നത്. ഈ പദഭാഗത്ത് ദുഃഖസ്ഥായി നിലനിര്‍ത്തി നളനെ അവതരിപ്പിക്കുന്നതില്‍ കലാമണ്ഡലം ശ്രീകുമാര്‍ ശ്രദ്ധവെച്ചു. തുടര്‍ന്ന് “ഘോരവിപിനം, എന്നാലെഴു...” എന്ന പദം. ഈ ഭാഗത്ത് ശ്രീകുമാറിന്റെ സ്ഥായി ദുഃഖത്തില്‍ നിന്നും അല്പം സന്തോഷത്തിലേക്കു മാറി. കഴിഞ്ഞതോരോന്ന് ഓര്‍ത്തോര്‍ത്ത് വിലപിക്കുന്നതു നിര്‍ത്തി സമനില വീണ്ടെടുക്കുന്നു എന്നല്ലാതെ, തന്റെ സങ്കടങ്ങളില്‍ നിന്നും നളന്‍ മുക്തനാവുന്നില്ല. തന്റെ അവസ്ഥകളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന നളന്റെ മനോധര്‍മ്മങ്ങളാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. വൈരികളായ നിരവധി രാജാക്കന്മാരുടെ ഗളച്ഛേദം ചെയ്ത, ധാരാളം ദാനം ചെയ്ത, സിംഹാസനത്തിലിരുന്ന് ജനങ്ങളുടെ ആവലാതികള്‍ തീര്‍ത്ത, ധര്‍മ്മപത്‌നിയായി ദമയന്തിയെ സ്വീകരിച്ച ഈ കൈകൊണ്ടു തന്നെ ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെടുത്തി, ദമയന്തിയെ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തുവല്ലോ എന്നു നളന്‍ പരിതപിക്കുന്നു. എല്ലാം തലയിലെഴുത്ത് എന്നു കരുതി നളന്‍ വനത്തിലൂടെ തന്റെ സഞ്ചാരം തുടരുന്നു. കാട്ടരുവി, ഫലങ്ങളുടെ ഭാരത്താല്‍ ശിഖിരങ്ങള്‍ താഴ്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍, പാറനിറഞ്ഞ കുന്ന്; ഇതൊക്കെ കണ്ട് വെള്ളവും കുടിച്ച്, ഫലങ്ങള്‍ ഭക്ഷിച്ച്, പാറപ്പുറത്തുറങ്ങി കഴിയുക തന്നെ എന്നു നളന്‍ ഉറയ്ക്കുന്നു. വെള്ളം കുടിയ്ക്കാനായി പിടിയാനയുടെ തുമ്പിക്കൈ പിടിച്ചെത്തുന്ന കുട്ടിയാന. അവരെക്കാത്തുകൊണ്ട് ഒരു കൊമ്പനാന മുന്‍പില്‍ നടക്കുന്നു. ഈ കാഴ്ച കണ്ട് തന്റെ കുട്ടികളെക്കുറിച്ചും നളന്‍ ചിന്തിക്കുന്നു. കുഞ്ഞുങ്ങള്‍ക്കു പാലൂട്ടുന്ന പേടമാനും തന്റെ മക്കളുടെ സ്മരണ നളനിലുണര്‍ത്തുന്നു. പിന്നെയും കാട്ടിലലയുന്ന നളന്‍ അങ്ങകലെ കാട്ടുതീ കാണുന്നു. പേടിച്ചിരണ്ടു പായുന്ന മൃഗങ്ങളുടെ രോദനങ്ങള്‍ക്കിടയില്‍ തന്റെ പേരു വിളിച്ചാരോ സഹായത്തിനു കേഴുന്നതു കേട്ട്, അതാരാണെന്നു തേടിയറിയുക തന്നെ എന്നാടി രംഗത്തു നിന്നും മാറുന്നു.

വെളുത്ത നളന്റെ ഈ ആട്ടങ്ങളൊക്കെയും കലാമണ്ഡലം ശ്രീകുമാര്‍ അല്പം ധൃതിയില്‍ കഴിക്കുന്നതായാണ് അനുഭവപ്പെട്ടത്. ഓരോ ആട്ടത്തിന്റേയും അന്തഃസത്ത ഉള്‍ക്കൊണ്ട്, വേണ്ടത്ര സമയം നല്‍കി, അവ നളനിലുണ്ടാക്കുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ പ്രേക്ഷകന് അനുഭവപ്പെടുന്നവണ്ണമാവണം ഇവയുടെ അവതരണം. അങ്ങിനെയല്ലാതെ കൂടുതലെണ്ണം ആട്ടങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്താണ് കാര്യം? മാത്രവുമല്ല, അവസാനത്തെ രണ്ട് ആട്ടങ്ങളും കുഞ്ഞുങ്ങളുടെ സ്മരണ തന്നെ ഉണര്‍ത്തുമ്പോള്‍ ആവര്‍ത്തനവുമാവുന്നു. മുദ്രപിടിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും പാലിക്കുന്ന അകലം, ഇരുകൈകളും തമ്മിലുള്ള അകലം എന്നിവയിലൊക്കെ അല്പം കൂടി ശ്രദ്ധ പുലര്‍ത്താവുന്നതാണ്. ഉദാഹരണത്തിന് ‘ദിനം’ എന്നതിന്‌‍, പതാക പിടിച്ച്, ഇരുകൈകളും വൃത്താകൃതിയില്‍ ചലിപ്പിക്കുന്നു. ഈ വൃത്തം ഉടലും തലയും ഉഴിയുന്ന രീതിയില്‍ വ്യാസമെടുത്തായാല്‍ ആ മുദ്രയുടെ സൌന്ദര്യം തന്നെ നഷ്ടമാവുന്നു. ഈ രീതിയില്‍ മറ്റു ചില മുദ്രകള്‍ ശ്രീകുമാര്‍ അവതരിപ്പിച്ചതിലും ഭംഗിക്കുറവു തോന്നിച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ സാമാന്യം ഭേദപ്പെട്ട അവതരണമായിരുന്നു കലാമണ്ഡലം ശ്രീകുമാറില്‍ നിന്നുമുണ്ടായത്.


നളന്‍ കാര്‍ക്കോടകനെ കണ്ടെത്തി രക്ഷിക്കുന്നു. പത്താമത്തെ ചുവടില്‍ കാര്‍ക്കോടകദംശമേറ്റ് വിഷബാധയാല്‍ നളന്‍ വിരൂപനാവുന്നു. ഇതില്‍ കോപിക്കുന്ന നളനോട് കാര്‍ക്കോടകന്‍ താനാരെന്നും താനെന്തിനിതു ചെയ്തെന്നും വിശദീകരിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ച കാര്‍ക്കോടകന്‍, തോന്നക്കലെ മൂന്നാം ദിവസത്തേക്കാള്‍ മികവു പുലര്‍ത്തി. മുനിയെ ചതിച്ചതായി പറയുന്ന ഭാഗത്ത്, ഒളിച്ചിരുന്ന് മുനിയെത്തിയപ്പോള്‍ താന്‍ ഫണം വിടര്‍ത്തി കൊത്താനാഞ്ഞു; ഇതു കണ്ട് മുനി നീണ്ടകാലത്തേക്ക് ഒരു ശാപം നല്‍കി എന്നാണ് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ചത്. മുനിയെ ചതിച്ചു, ഒരു കടുത്തശാപം നല്‍കി എന്നു പറഞ്ഞങ്ങ് പോവുകയാണ് സാധാരണ കാര്‍ക്കോടകന്മാര്‍ പതിവ്. എന്തായിരുന്നു ചതിവെന്നോ, എന്താണ് മുനി നല്‍കിയ ശാപമെന്നോ വ്യക്തമായി എവിടെയും പറഞ്ഞു കണ്ടിട്ടില്ല. ഈ രീതിയില്‍ പരിപോഷിപ്പിച്ചുള്ള അവതരണം രസകരമായി തോന്നി.


കാര്‍ക്കോടകനെക്കുറിച്ച് അറിയുന്ന ബാഹുകന്‍ വന്ദിച്ച് തന്റെ അവസ്ഥയുടെ കാരണങ്ങള്‍ ചോദിച്ചറിയുന്നു. ഋതുപര്‍ണന്റെ രാജധാനിയില്‍ സേവകനായി കഴിയുവാന്‍ ഉപദേശിച്ച്, സ്വരൂപം തിരിച്ചു ലഭിക്കുവാനുള്ള വസ്ത്രവും, നാണം മറയ്ക്കുവാന്‍ മറ്റൊരു വസ്ത്രവും നല്‍കി കാര്‍ക്കോടകന്‍ മറയുന്നു. ഋതുപര്‍ണന്റെ രാജധാനിയിലേക്ക് ബാഹുകന്‍ വനമാര്‍ഗം യാത്ര തുടരുന്നു. യാത്രയില്‍ ബാഹുകന്‍ കാണുന്ന വിവിധ കാഴ്ചകളാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. നളന്റെ ആട്ടത്തില്‍ പരാമര്‍ശിക്കപ്പെട്ട, പിടിയാനയേയും കൂട്ടി വെള്ളം കുടിയ്ക്കുവാനെത്തുന്ന കൊമ്പനെ ബാഹുകന്‍ വീണ്ടും കാണുന്നുണ്ടിവിടെ! വണ്ടുകളുടെ കൂട്ടത്തെ കണ്ട് ദമയന്തിയുടെ കാര്‍കൂന്തല്‍ കാറ്റത്തിളകുന്നതാണോയെന്ന് ബാഹുകന്‍ സംശയിക്കുന്നു. അതുവഴി ഋതുപര്‍ണന്റെ ദാനശീലത്തെ വാഴ്ത്തി കടന്നു പോവുകയായിരുന്ന ബ്രാഹ്മണിരില്‍ നിന്നും വഴി ചോദിച്ചറിഞ്ഞ് യാത്ര തുടരുന്ന ബാഹുകന്റെ മുന്നില്‍ വഴി മൂന്നായി പിരിയുന്നു. രഥമുരുളുന്ന, കുതിരക്കുളമ്പുകള്‍ പതിഞ്ഞ പാത തന്നെ ഋതുപര്‍ണന്റെ രാജധാനിയിലേക്കുള്ളത് എന്നുറച്ച് ആ വഴി തിരഞ്ഞെടുക്കുന്നു.

കാറ്റത്തിളകുന്ന കൊടിക്കൂറ, അശരണരെ രാജധാനിയിലേക്ക് ആനയിക്കുകയല്ലേ എന്നു സംശയിച്ച് ബാഹുകന്‍ ഗോപുരവാതില്‍ക്കലെത്തുന്നു. അവിടെ ഭടന്മാരോട് രാജാവിനെ കാണുവാനായി അകത്തേക്ക് വിടുക എന്നപേക്ഷിക്കുന്നെങ്കിലും ആദ്യം അവര്‍ സമ്മതിക്കുന്നില്ല. പെട്ടെന്നു തിരികെയെത്താമെന്ന ഉറപ്പിന്മേല്‍ ഒടുവില്‍ ഭടന്മാര്‍ കടത്തിവിടുന്നു. രാജമന്ദിരത്തില്‍ രാജാക്കന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്റെയും ചിത്രം കണ്ട്, ആരെങ്കിലും തന്നെ തിരിച്ചറിയുമോയെന്ന് ബാഹുകന്‍ സന്ദേഹിക്കുന്നു. തന്റെ രൂപം ഒന്നു നോക്കി, ഇല്ല എന്നു മനസുറപ്പിച്ച് മുന്നോട്ടു പോവുന്ന ബാഹുകന്റെ ശ്രദ്ധ, ഒരുഭാഗത്ത് അന്തഃപുരസ്ത്രീകള്‍ അവതരിപ്പിക്കുന്ന പാട്ടിലും നൃത്തത്തിലും പതിയുന്നു. വീണയും മൃദംഗവും കൈമണിയുമൊക്കെ കൊട്ടിയുള്ള അവരുടെ പാട്ടിലും നൃത്തത്തിലും തനിക്കു താത്പര്യം തോന്നുന്നില്ല എന്നാടി ഋതുപര്‍ണന്‍ ഇരിക്കുന്നയിടത്തേക്ക് ബാഹുകന്‍ നീങ്ങുന്നു.


ബാഹുകനായെത്തിയ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ആദ്യ ഭാഗങ്ങളിലെ അവതരണം തീര്‍ത്തും നിരാശപ്പെടുത്തി. കഥാപാത്രത്തിന്റെ സ്ഥായി ഒട്ടും തന്നെ ഉള്‍ക്കൊണ്ടായിരുന്നില്ല ചന്ദ്രശേഖര വാര്യര്‍ ബാഹുകനെ അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുമായി ഒരു താരതമ്യത്തില്‍ അര്‍ത്ഥമില്ലെങ്കിലും, കലാശങ്ങള്‍ക്കിടയില്‍ പോലും സ്ഥായി നിലനിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അവതരണം, അനുകരണീയമായ മാതൃകയായി ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. (ചിത്രം ശ്രദ്ധിക്കുക: വനഭംഗി ആസ്വദിച്ച് ആഹ്ലാദവാനായി സഞ്ചരിക്കുന്ന ചന്ദ്രശേഖര വാര്യരുടെ ബാഹുകനും കലാശങ്ങളില്‍ പോലും കഥാപാത്രത്തെ മറക്കാത്ത കലാമണ്ഡലം ഗോപിയുടെ ബാഹുകനും.) “മാമകദശകളെ എല്ലാം...” എന്നൊക്കെ കാര്‍ക്കോടകനോട് പറയുമ്പോള്‍, ബാഹുകന്‍ തന്റെ ദുര്‍വിധിയെല്ലാം കാര്‍ക്കോടകന്‍ മനസുകൊണ്ട് അറിഞ്ഞു എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചന്ദ്രശേഖര വാര്യര്‍ അവതരിപ്പിച്ചു വന്നപ്പോള്‍ അത്, തന്റെ സുഖകരമായ അവസ്ഥയെല്ലാം കാര്‍ക്കോടകന്‍ കണ്ടറിഞ്ഞു എന്ന രീതിയിലായി! ‘മാന്‍പ്രസവം’ എന്ന ആട്ടം, കാണുന്നത് ബാഹുകനാണ് എന്നത് കണക്കാക്കാതെയിരുന്നാല്‍, തരക്കേടില്ലാതെ അവതരിപ്പിച്ചു എന്നു പറയാം. കൊടിക്കൂറ പോലും അശരണരെ ആനയിക്കുന്നു എന്നാടിയിട്ട്, ഭടന്മാര്‍ ബാഹുകനെ തടയുന്നതായി കാണിച്ചതിന്റെ യുക്തിയെന്താണ്? അന്തഃപുരസ്ത്രീകളുടെ പാട്ടും നൃത്തവുമൊക്കെ വിസ്തരിച്ച് പകര്‍ന്നാടുന്നതും സന്ദര്‍ഭത്തിനു യോജിക്കുന്നില്ല. കൂടുതല്‍ യുക്തിപൂര്‍വ്വമായ ആട്ടങ്ങളും അവതരണവും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരെപ്പോലെ മുതിര്‍ന്ന ഒരു കലാകാരനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനൊത്ത് ഉയരുവാനായില്ലെങ്കിലും, അതിനുള്ള ശ്രമമെങ്കിലും കലാകാരനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നുമുണ്ടാവാഞ്ഞത് ഖേദകരമായി.

വെളുത്ത നളന്റെ പദഭാഗങ്ങള്‍ കലാമണ്ഡലം ഹരീഷ്, കലാമണ്ഡലം സുധീഷ് എന്നിവരും; “കത്തുന്ന വനശിഖി...” എന്ന ഭാഗം കലാനിലയം രാജീവനും സുധീഷും; തുടര്‍ന്നുള്ള ഭാഗങ്ങള്‍ കലാമണ്ഡലം ഹരീഷ്, രാജീവന്‍ എന്നിവരും ചേര്‍ന്നാണ് ആലപിച്ചത്. ആദ്യഭാഗങ്ങള്‍ തരക്കേടില്ലാതെ പാടിയെങ്കിലും, “കാദ്രവേയകുലതിലക!” എന്ന ഭാഗത്തൊക്കെ ഭാവത്തില്‍ കലാമണ്ഡലം ഹരീഷിന്റെ പാട്ട് അല്പം പിന്നിലായിരുന്നു. അല്പം കൂടി ശബ്ദനിയന്ത്രണത്തോടെ ഭാവം കൊടുത്തു പാടുവാന്‍ ശ്രമിച്ചാല്‍ ഹരീഷിന് ഇനിയും തന്റെ പാട്ട് മികച്ചതാക്കുവാന്‍ കഴിയും. കലാനിലയം രാജീവന്‍ തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കിയപ്പോള്‍, തുടക്കക്കാരന്റെ പരിഗണനകൂടി നല്‍കാമെങ്കില്‍ കലാമണ്ഡലം സുധീഷിന്റെ ആലാപനം തെറ്റില്ലായിരുന്നെന്നു പറയാം. കിടങ്ങൂര്‍ രാജേഷ്, കലാമണ്ഡലം അജി കുമാര്‍ എന്നിവരൊരുക്കിയ ആദ്യഭാഗങ്ങളിലെ മേളം ശരാശരിയിലും താഴെയായിരുന്നു. നടന്റെ മുദ്രയ്ക്ക് കൊട്ട് കിട്ടിയാല്‍ കിട്ടി എന്ന രീതിയ്ക്കായിരുന്നു ഇരുവരുടേയും പ്രവര്‍ത്തി. “പേടിക്കേണ്ട വരുവനരികെ...” എന്ന ഭാഗം മുതല്‍ക്ക് ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും മദ്ദളത്തില്‍ കലാമണ്ഡലം അച്ചുതവാര്യരും അരങ്ങിലെത്തി. ശ്ലോകഭാഗത്ത് അല്പം പതറിച്ച തോന്നിച്ചെങ്കിലും പിന്നീട് ഇരുവരും നന്നായിത്തന്നെ മേളം കൈകാര്യം ചെയ്തു. ദമയന്തിയുടെ കാര്‍കൂന്തലിനു സമമായ വണ്ടുകളുടെ നിരയേയും, മാന്‍‌പ്രസവത്തിലെ മാനും വേടനും സിംഹവും കാട്ടുതീയും പുഴയും മാറിമാറിയുള്ള ആട്ടങ്ങളും, അന്തഃപുരസ്ത്രീകള്‍ വിവിധ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും മറ്റും നടന്‍ അവതരിപ്പിച്ചപ്പോള്‍; ഇരുവരും അവസരത്തിനൊത്തുയര്‍ന്ന് ഇവയൊക്കെയും പ്രേക്ഷകര്‍ക്ക് കൂടുതല്‍ അനുഭവവെദ്യമാക്കി. ഋതുപര്‍ണനെ മുഖം കാണിക്കുന്ന ബാഹുകന്റെ “ഋതുപര്‍ണ! ധരണീപാല...” മുതല്‍ക്കുള്ള ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Nalacharitham Moonnam Divasam Kathakali: Organized by Vijnanapradayini Vayanasala as part of Anniversary Celebrations. Kalamandalam Sreekumar as Nalan, Kalamandalam Ramachandran Unnithan as Karkodakan, Kottackal Chandrasekhara Warrier as Bahukan. Vocal by Kalamandalam Harish Namboothiri, Kalanilayam Rajeevan, Kalamandalam Sudhish; Chenda by Kurur Vasudevan Namboothiri, Kidangur Rajesh; Maddalam by Kalamandalam Aji Kumar; Idayka by ; Chutty by Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 22, 2009.
--

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി വായനശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അവതരിക്കപ്പെട്ട ‘നളചരിതം മൂന്നാം ദിവസ’ കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യ ഭാഗം.
--

encyclopedia5 പറഞ്ഞു...

i learned a lot, by watching the performance and reading your article... thanx

Haree പറഞ്ഞു...

@ unnisreedalam,
Thank you. :-)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--