2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

കളര്‍കോട്ടെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam Kathakali at Kalarcode SriMahadeva Temple - An appreciation by Haree for Kaliyarangu blog.
ഒക്ടോബര്‍ 14, 2009: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ‘നളചരിതം രണ്ടാം ദിവസം’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപി നളനായെത്തിയ കളിയില്‍ മാര്‍ഗി വിജയകുമാര്‍ ദമയന്തിയേയും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ പുഷ്കരനേയും അവതരിപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കോട്ടക്കല്‍ ദേവദാസ് തുടങ്ങിയവര്‍ യഥാക്രമം കലിയും ചുവന്നതാടിയുമായി അരങ്ങിലെത്തി. കലാമണ്ഡലം ശ്രീകുമാര്‍ (കാട്ടാളന്‍), കലാനിലയം വാസുദേവ പണിക്കര്‍ (ഇന്ദ്രന്‍) തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായെത്തിയ കളിക്ക് പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം സജീവന്‍, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ പ്രസാദ് തുടങ്ങിയവര്‍ ചെണ്ടയിലും കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാനിലയം മനോജ്, ഏവൂര്‍ മധു എന്നിവര്‍ മദ്ദളത്തിലും മേളത്തിനു കൂടി. മാര്‍ഗി ശ്രീകുമാര്‍, കലാനിലയം സജി എന്നിവരുടേതായിരുന്നു ചുട്ടി. കളിയോഗം: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ്.“കുവലയവിലോചനേ!” എന്ന നളന്റെ പതിഞ്ഞ ശൃംഗാരപദത്തോടെ കഥ ആരംഭിക്കുന്നു. കലാമണ്ഡലം ഗോപിയുടെ മുഖത്ത് പ്രകടമാവാറുള്ള ശൃംഗാരരസം സാധാരണയായി ആ രംഗങ്ങളില്‍ കാണാറുള്ളതുപോലെ ആദ്യരംഗത്ത് അനുഭവവേദ്യമായില്ല. വളരെ മന്ദഗതിയില്‍ അരങ്ങത്തു പ്രവര്‍ത്തിക്കുവാറുള്ള മാര്‍ഗി വിജയകുമാറിന്റെ ചലനങ്ങളും ദ്രുതമായിരുന്നു. “സാമ്യമകന്നോരു ഉദ്യാനം...” എന്ന ദമയന്തിയുടെ പദത്തിന്റെ ആലാപനത്തിലും അല്പം കാലം കയറിയിരുന്നു. എടുത്തു പറയുവാന്‍ കഴിയുന്ന ഒരു ഭാഗമായി ആദ്യരംഗത്തില്‍ തോന്നിയത് “മങ്ങി മയങ്ങി, അനംഗരുജ...” എന്നതു മാത്രമാണ്. അല്പം കൂടി സമയമെടുത്ത്, നളന്റെ മങ്ങിമയങ്ങല്‍ കൂടുതലായി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുവാന്‍ കലാമണ്ഡലം ഗോപിക്കു കഴിഞ്ഞു. സമയം കൂടുതലെടുത്തപ്പോള്‍ ആ വരിയുടെ ആവര്‍ത്തനങ്ങള്‍ കൂടിയെങ്കിലും, ആലാപനം വിരസമാവാതിരിക്കുവാന്‍, ആ ഭാഗങ്ങള്‍ ആലപിച്ച പത്തിയൂര്‍ ശങ്കരന്‍‌കുട്ടിക്കും കോട്ടക്കല്‍ മധുവിനും സാധിക്കുകയും ചെയ്തു. ഈ ഭാഗങ്ങളില്‍ മേളമൊരുക്കിയ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തി അന്നേ ദിവസം വിരസമായി തോന്നി. ഗോപിയാശാന്റെ മുദ്രകളുടെ വേഗവ്യതിയാനങ്ങള്‍ക്കൊപ്പിച്ചു കൊട്ടുന്നതില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി പിന്നിലായിരുന്നു. മാര്‍ഗി വിജയകുമാറിന്റെ ദമയന്തിക്ക് വേണ്ടും വണ്ണം കൂടുവാന്‍ കോട്ടക്കല്‍ രാധാകൃഷ്ണനും ശ്രമിച്ചു കണ്ടില്ല.

ആദ്യരംഗത്തിനു ശേഷമുള്ള നളദമയന്തിമാരുടെ മനോധര്‍മ്മങ്ങള്‍ പദാവതരണത്തേക്കാളും മികവു പുലര്‍ത്തി. നളന്‍ പറയുകയാണ്; “അത്യധികം പ്രഭയോടെ വിളങ്ങുന്ന ചന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുവാനായി, വിശിഷ്ടവസ്തുക്കള്‍ ചേര്‍ത്ത് നിന്നെ ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രനിലേക്കെറിഞ്ഞു. അങ്ങിനെ ചന്ദ്രന്‍ കളങ്കിതനായി. കൈ കഴുകിയപ്പോള്‍ പൊയ്കയില്‍ താമരപ്പൂക്കള്‍ വിരിഞ്ഞു, കൈ കുടഞ്ഞപ്പോള്‍ തെറിച്ച നക്ഷത്രങ്ങളാവട്ടെ നക്ഷത്രങ്ങളായും വിളങ്ങി. ദമയന്തിയുടെ സൌന്ദര്യത്തില്‍ ആകൃഷ്ടനായി ദേവേന്ദ്രന്‍ സുരകന്യകകളെ വെടിഞ്ഞു. ഇതു കണ്ട് ദേവനാരികള്‍ ബ്രഹ്മാവിനോട് തങ്ങള്‍ക്ക് അല്പം കൂടി സൌന്ദര്യം നല്‍കുവാന്‍ അപേക്ഷിച്ചു. എന്നാല്‍ തന്റെ കൈയിലെ സൌന്ദര്യമെല്ലാം ദമയന്തിക്കു നല്‍കിയെന്നും, അതിനാല്‍ നളന്റെ രാജ്യത്തു ചെന്ന് ദമയന്തിയോട് സൌന്ദര്യത്തിനായി അപേക്ഷിക്കുവാനും ബ്രഹ്മാവ് ദേവനാരികളെ ഉപദേശിച്ചു വിട്ടു.” തുടര്‍ന്ന് ഹംസത്തിന്റെ ഇടപെടലുകളും, തന്റെ രൂപം ധരിച്ചെത്തിയ ദേവന്മാരില്‍ നിന്നും നളനെ തിരിച്ചറിഞ്ഞ ദമയന്തിയുടെ വിശേഷങ്ങളും അറിഞ്ഞതിനു ശേഷം നളന്‍ ദമയന്തിയോടൊപ്പം ഉദ്യാനത്തിലേക്ക് തിരിക്കുന്നു.ഉദ്യാനത്തില്‍ പൊയ്കയില്‍ കൂമ്പി നില്‍ക്കുന്ന താമരകളെ കാട്ടി നളന്‍ ദമയന്തിയോട് ചോദിക്കുന്നു; “ഈ താമരകളെ കണ്ടിട്ട് നിനക്കെന്തു തോന്നുന്നു?”; അങ്ങയെ വണങ്ങുകയാണെന്ന ദമയന്തിയുടെ ഉത്തരം തിരുത്തി, “മുന്‍പ് ബ്രഹ്മാവ് ദേവനാരികളോട് സൌന്ദര്യത്തിനായി ദമയന്തിയോട് അപേക്ഷിക്കുവാന്‍ പറഞ്ഞില്ലേ, സൌന്ദര്യത്തിനായി അവര്‍ താമരമൊട്ടുകളായി ഇവിടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുകയാണ്” എന്നു നളനും പറയുന്നു. ഒരു മനോധര്‍മ്മത്തില്‍ നിന്നും മറ്റൊന്നിനു കൂടി വക കണ്ടെത്തുന്ന ഗോപിയാശാന്റെ വൈഭവമാണ് ഇവിടെ ശ്രദ്ധേയമായുള്ളത്. അതു മനസിലാക്കി, തന്മയത്വത്തോടെ പ്രതികരിക്കുന്നതില്‍ മാര്‍ഗി വിജയകുമാറും മികച്ചു നിന്നു. തുടര്‍ന്ന് സാധാരണ കാണാറുള്ള മരത്തില്‍ ചുറ്റുന്ന വള്ളിയും, മുലയൂട്ടുന്ന പേടമാനെ നോക്കി സ്വയം മറക്കുന്ന ദമയന്തിയുമൊക്കെ ആടുകയുണ്ടായി. വിരഹത്തെ സൂചിപ്പിച്ചു കൊണ്ട് ഒന്നും ആടുകയുണ്ടായില്ല എന്നതു മാത്രം ഈ ഭാഗത്തെ ഒരു കുറവായി പറയാം.കാണികളുടെ ഇടയില്‍ കൂടിയുള്ള ചുവന്നതാടിയുടെ പ്രവേശനവും, കലിയും ചുവന്നതാടിയും പരസ്പരം സ്ഥാനം മാറി വിളിക്കലുമൊക്കെയായി കാണുന്നത് ‘നളചരിത’മാണോ എന്നു സംശയം തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഈ ഭാഗങ്ങളുടെ അവതരണം. കോട്ടക്കല്‍ ദേവദാസിന്റെ ചുവന്നതാടിയാവട്ടെ, ഉഗ്രനായ ഒരു നീചകഥാപാത്രത്തിന്റെ രൂപഭാവാദികളോടെയാണ് അരങ്ങിലെത്തിയത്. നളനോട് കലിയേക്കാളധികം പക ഈ ചുവന്നതാടിക്കാണെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തിയും. പതിവുശൈലിയില്‍ തന്റെ കലി വേഷത്തെ മികച്ചതാക്കുവാന്‍ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനു കഴിഞ്ഞു. പക്ഷെ, കഥാപാത്രത്തെ മറന്നുള്ള കോട്ടക്കല്‍ ദേവദാസിന്റെ സാന്നിധ്യം കലിയുടെ പ്രസക്തി കുറച്ചു. കലാനിലയം വാസുദേവ പണിക്കരായിരുന്നു ഇന്ദ്രനായെത്തിയത്. കോട്ടക്കല്‍ പ്രസാദ്, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും കലാനിലയം മനോജ്, ഏവൂര്‍ മധു എന്നിവര്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ മേളമൊരുക്കി. കോട്ടക്കല്‍ മധു, കലാമണ്ഡലം സജീവന്‍ എന്നിവരായിരുന്നു ഈ ഭാഗങ്ങള്‍ ആലപിച്ചത്.

കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെയായിരുന്നു അന്നേ ദിവസത്തെ പുഷ്കരന്‍. തികച്ചും ഗ്രാമ്യമായ ചില മുദ്രാപ്രയോഗങ്ങളും, ചില മുഖഭാവങ്ങളും ചന്ദ്രശേഖര വാര്യരുടെ പുഷ്കരന്റെ ഗൌരവം കുറയ്ക്കുന്നു. ഉദാഹരണത്തിന്; “അറികയില്ല എങ്കിലും...” എന്നതില്‍ ‘ഇല്ല’ എന്നു കാണിക്കുവാന്‍, മുദ്രാഖ്യം മുകളില്‍ പിടിച്ച് താഴെ വിടുക എന്ന കഥകളിയിലെ ശാസ്ത്രീയ മുദ്രവിട്ട് മുകുളം പിടിച്ചുവിടുന്ന തികച്ചും ലോകധര്‍മ്മിയായ പ്രയോഗമൊക്കെ വേഷത്തെ കുറച്ചൊന്നുമല്ല അപഹാസ്യമാക്കുന്നത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും കലാനിലയം മനോജ് മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ മേളമൊരുക്കി. “അരികില്‍ വന്നു നിന്നതാര്‍? എന്തഭിമതം?” എന്നു തുടങ്ങുന്ന പുഷ്കരന്റെ പദത്തിലെ ചരണങ്ങളില്‍ കേട്ടുശീലമില്ലാത്ത ചില സഞ്ചാരങ്ങള്‍ കോട്ടക്കല്‍ മധുവിന്റെ ആലാപനത്തിലുണ്ടായി. സാധാരണ കേള്‍ക്കാറുള്ള രീതിയില്‍ അധികം സംഗീതപ്രയോഗമില്ലാത്ത ആലാപനമാണ് ഇതുപോലെയുള്ള പദങ്ങള്‍ക്ക് ചേരുക.കലിയുടെ പ്രേരണയാല്‍ നളനെ ചൂതുകളിക്കുവാന്‍ പുറപ്പെടുന്ന പുഷ്കരന്‍ മാര്‍ഗമദ്ധ്യേ വീണ്ടും താന്‍ ചെയ്യുവാന്‍ പോവുന്നത് ശരിയാണോ എന്ന് ആലോചിക്കുന്നുണ്ട്. എനിക്ക് ആഹാരവും വസ്ത്രവുമെല്ലാം നല്‍കിയ നളനോട് ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ലോകരെന്ന പാലുകൊടുത്ത കൈക്ക് കൊത്തിയവന്‍ എന്നു വിളിക്കുകയില്ലേ എന്നും പുഷ്കരന്‍ സംശയിക്കുന്നു. ഇതൊക്കെയോര്‍ത്ത് തിരികെ പോകുവാന്‍ ഒരുങ്ങുന്ന പുഷ്കരന്‍, “ഇല്ല, ഞാന്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. ഒരു സഹോദരനായി നളനെന്നെ കണ്ടിട്ടില്ല. ഔദാര്യമായി ആഹാരവും വസ്ത്രവുമൊക്കെ ഇട്ടുതന്നിട്ടുണ്ട്, അത്രമാത്രം. അതിനാല്‍ ചൂതിനു വിളിക്കുക തന്നെ...” എന്നാടി വീണ്ടും നളനെ ചൂതുവിളിക്കുവാനായി യാത്ര തുടരുന്നു. സാധാരണ പുഷ്കരന്മാര്‍ ചെയ്തു കണ്ടിട്ടില്ലാത്ത ഈ ആട്ടം നന്നെന്നു തന്നെ അനുഭവപ്പെട്ടു. പുഷ്കരന്‍ തിരിച്ചു പോയി വീണ്ടും വരുന്നതു മാത്രം ഒഴിവാക്കാവുന്നതാണ്, അത്രയും വീണ്ടുവിചാരം തോന്നിയതായി ആടേണ്ടതുണ്ടോ? താന്‍ ചെയ്യുന്നതു ശരിയോ എന്നൊന്ന് ആലോചിച്ചതിനു ശേഷം നളനോടുള്ള പുഷ്കരന്റെ ഇപ്പോഴത്തെ മനോഭാവം വെളിവാക്കിയാല്‍ മതിയാവും.വനത്തില്‍ ദമയന്തിയോടെത്തുന്ന നളന്‍, കുണ്ഡിനത്തിലേക്കുള്ള വഴി ദമയന്തിക്കു കാണിച്ചു കൊടുത്ത് പിരിയുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ ദമയന്തി പിരിഞ്ഞു പോകുവാന്‍ കൂട്ടാക്കുന്നില്ല. തന്നെ അനുഗമിച്ചാല്‍ ഇവള്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുമെന്ന തോന്നലില്‍, കലി ബാധിതനായ നളന്‍ ഉറങ്ങിക്കിടക്കുന്ന ദമയന്തിയെ ഉപേക്ഷിച്ചു നടന്നകലുന്നു. മുന്‍പു കണ്ടിട്ടുള്ള കലാമണ്ഡലം ഗോപിയുടെ രണ്ടാം ദിവസം നളന്മാരുമായി താരതമ്യമെടുത്താല്‍ ഏറെയൊന്നും മികവ് ഈ രംഗത്തിനും അവകാശപ്പെടുവാനില്ല. പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാനിലയം രാജീവനും ചേര്‍ന്നുള്ള ആലോപനവും; ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസും മദ്ദളത്തില്‍ കോട്ടക്കല്‍ രാധാകൃഷ്ണനും ചേര്‍ന്നൊരുക്കിയ മേളവും ചേരുംപടി ചേര്‍ന്നപ്പോള്‍ അന്നേ ദിവസത്തെ കളിയില്‍ ഏറ്റവും മികച്ചു നിന്നത് ‘വേര്‍പാട്’ രംഗമായിരുന്നു താനും.മേളത്തിനും സംഗീതത്തിനുമെന്നതുപോലെ അണിയറയില്‍ നടക്കുന്ന മുഖത്തെഴുത്തിനും ഉടുത്തുകെട്ടിനും കഥകളിയില്‍ വളരെയേറെ പ്രാധാന്യമുണ്ട്. പുറമേ നിന്നുള്ള കോപ്പുകള്‍ ഉപയോഗിച്ച്, പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ ഒരുക്കിയ കലാമണ്ഡലം ഗോപിയുടെ നളവേഷം ഒഴിച്ചു നിര്‍ത്തിയാല്‍ വേഷഭംഗിയില്‍ മറ്റു വേഷങ്ങള്‍ പിന്നിലായിരുന്നു. ഏറെ അസഹ്യമായി തോന്നിയത് കലാമണ്ഡലം ശ്രീകുമാര്‍ അവതരിപ്പിച്ച കാട്ടാളന്റെ ഉടുത്തുകെട്ടായിരുന്നു. (ചിത്രം കാണുക.) കലിക്ക് ചുവന്ന കുപ്പായവും വെള്ള ഉത്തരീയങ്ങളും, കാട്ടാളനു വെള്ള ഉത്തരീയം തുടങ്ങിയവയും വേഷങ്ങളിലെ കല്ലുകടിയായി. കഥകളി വിദ്യാലയങ്ങളില്‍ ചുട്ടിയോടൊപ്പം ഉടുത്തുകെട്ടുകൂടി പരിശീലിപ്പിക്കുകയും, അങ്ങിനെ പരിശീലനം കിട്ടിയവര്‍ തന്നെ ഉടുത്തുകെട്ടുവാന്‍ മുതിരുകയും ചെയ്യുകയെന്നതാണ് അഭിലഷണീയം. കഥകളി സംഘടിപ്പിക്കുന്നവരും അണിയറക്കാരും ഒപ്പം വേഷമിടുന്നവരും കൂടുതല്‍ ശ്രദ്ധ വേഷകാര്യങ്ങളില്‍ പുലര്‍ത്തേണ്ടതുണ്ടെന്ന് കളര്‍ക്കോട്ടെ അരങ്ങ് ഓര്‍മ്മപ്പെടുത്തുന്നു. ചുരുക്കത്തില്‍ കഥകളി ആസ്വാദകര്‍ക്ക് പല കാരണങ്ങള്‍കൊണ്ടും ഏറെയൊന്നും തൃപ്തി നല്‍കാത്ത ‘നളചരിതം രണ്ടാം ദിവസ’മായിരുന്നു കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തില്‍ അരങ്ങേറിയത്.

Description: Kathakali: Organized by Alappuzha District Kathakali Club as part of Kalarkode SriMahadeva Temple Festival. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali, Kottackal Devadas as Dwaparan, Kalanilayam Vasudeva Panicker as Indran, Kalamandalam Sreekumar as Kattalan; Vocal by Pathiyur Sankarankutty, Kottackal Madhu, Kalamandalam Sajeevan, Kalanilayam Rajeevan; Chenda by Kurur Vasudevan Namboothiri, Kalamandalam Krishnadas, Kottackal Prasad; Maddalam by Kottackal Radhakrishnan, Kalanilayam Manoj, Evur Madhu; Idayka by ; Chutty by Margi Sreekumar, Kalanilayam Saji. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. October 14, 2009.
--

3 അഭിപ്രായങ്ങൾ:

Haree | ഹരീ പറഞ്ഞു...

കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തിരുവുത്സവത്തോട് അനുബന്ധിച്ചു നടന്ന ‘നളചരിതം രണ്ടാം ദിവസം’ കഥകളിയുടെ ആസ്വാദനം.
--

മണി,വാതുക്കോടം. പറഞ്ഞു...

ഹരീ,
കളി മികച്ചതല്ലാത്തതിനാവാം ആസ്വാദനവും അത്ര മികച്ചതാവാഞ്ഞത് അല്ലെ?

‘ചുവന്നതാടി’, ‘ചുവന്നതാടി’ എന്ന് എഴുതാതെ ദ്വാപരന്‍ എന്ന് അഴുതികൂടെ? അതല്ലെ കഥാപാത്രത്തിന്റെ പേര്.

ചൂതുകളിഭാഗത്തെപറ്റി എന്തേ എഴുതാതെവിട്ടുകളഞ്ഞത്? ചിത്രങ്ങളും കണ്ടില്ല.

ആലപ്പുഴകഥകളിക്ലബ്ബിന്റെ കോപ്പുകള്‍-പ്രത്യേകിച്ച് തുണിത്തരങ്ങള്‍ വളരെ പരിതാപകരമാണ്. ഈ കളികളുടെ ചിത്രങ്ങള്‍ ഞാന്‍ നേരത്തെതന്നെ കണ്ടിരുന്നു. അപ്പോഴേ തോന്നിയിരുന്നു ഇത്. ഗോപിയാശാന്റെവേഷം മാത്രം ഇതില്‍ നിന്നും വെത്യസ്തമായി തോന്നിയിരുന്നു. അതിനുകാരണം പള്ളിപ്പുറം ഉണ്ണികൃഷ്ണനും അദ്ദേഹത്തിന്റെ കോപ്പുമ്മായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്. മറ്റുള്ളവരുടെ ഉടുത്തുകെട്ടുകള്‍ വളരെ മോശം. കിരാതത്തില്‍ കാട്ടാളന്റെ ചിത്രം കണ്ടു. കാട്ടാളന്‍ നീലഞൊറിയാണ് ധരിച്ചുകണ്ടത്.

ഉത്സവത്തിന്റെ ബാക്കി കളികളെക്കുറിച്ചുകൂടി എഴുതൂ ഹരീ.

Haree | ഹരീ പറഞ്ഞു...

@ മണി,വാതുക്കോടം.,
സമയക്കുറവു മൂലമുള്ള കുഴപ്പങ്ങള്‍ കണ്ടേക്കാം. എവിടെയാണ് മോശമായിപ്പോയത്? ദ്വാപരന്‍ ചുവന്നതാടിയല്ലല്ലോ, ശരിക്കുള്ള വേഷം കെട്ടിയാല്‍ ദ്വാപരന്‍ എന്നെഴുതാം. :-) ചൂതികളി ഭാഗത്തെക്കുറിച്ച് എന്തെങ്കിലും എഴുതുവാനായി കണ്ടില്ല. കഥ പറയേണ്ടതില്ലല്ലോ! അഭിപ്രായം പങ്കുവെച്ചതിന് വളരെ നന്ദി. :-)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--