ജൂലൈ 22, 2009: തിരുവനന്തപുരം കോട്ടക്കകത്ത് മാര്‍ഗി അങ്കണത്തില്‍ ‘നിവാതകവചകാലകേയവധം’(അഥവാ ‘കാലകേയവധം’) ആട്ടക്കഥയിലെ ‘ഉര്‍വ്വശീശാപം’ എന്ന ഭാഗം അരങ്ങേറി. രൂപഗുണവാനും വീരനുമായ അര്‍ജ്ജുനനില്‍ അനുരക്തയാവുന്ന ഉര്‍വ്വശി, സഖിയുടെ നിര്‍ദ്ദേശാനുസരണം തന്റെ ഇംഗിതം അര്‍ജ്ജുനനെ അറിയിക്കുന്നതും, ഉര്‍വ്വശിയുടെ ആവശ്യം പല കാരണങ്ങള്‍ പറഞ്ഞ് അര്‍ജ്ജുനന്‍ നിഷേധിക്കുന്നതും, ഇതില്‍ കോപിച്ച് ഉര്‍വ്വശി അര്‍ജ്ജുനനെ നപുംസകമാകുവാന്‍ ശപിക്കുന്നതുമായ ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മാര്‍ഗി വിജയകുമാര്‍ നായികയായ ഉര്‍വ്വശിയെ അവതരിപ്പിച്ച കളിയില്‍ മാര്‍ഗി സുകുമാരന്‍ (സഖി), ആറ്റിങ്ങല്‍ പീതാംബരന്‍ നായര്‍ (അര്‍ജ്ജുനന്‍), മാര്‍ഗി രവികുമാര്‍ (ഇന്ദ്രന്‍) എന്നിവരായിരുന്നു മറ്റു വേഷക്കാര്‍. കലാമണ്ഡലം കൃഷ്ണന്‍കുട്ടി, മാര്‍ഗി ദാമു, മാര്‍ഗി നന്ദകുമാര്‍ എന്നിവര്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍; ചെണ്ടയില്‍ മാര്‍ഗി വേണുഗോപാലും മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍, മാര്‍ഗി ബേബി എന്നിവരും ഇടയ്ക്കയില്‍ മാര്‍ഗി കൃഷ്ണകുമാറും ഇവിടുത്തെ കളിക്ക് മേളമൊരുക്കി. മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തത്.
ഉര്‍വ്വശിയും സഖിയും ചേര്‍ന്നുള്ള രംഗത്തോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. “പാണ്ഡവന്‍! അവന്റെ രൂപം...” എന്ന ശങ്കരാഭരണം രാഗത്തിലുള്ള ഉര്‍വ്വശിയുടെ പദമാണ് ആദ്യം. തന്റെ അഭിലാഷം സഖിയെ അറിയിക്കുകയാണ് ഉര്‍വ്വശി ഇതില്‍. പവിഴനിറമുള്ള തൊണ്ടിപ്പഴം പോലും ഇവന്റെ അധരശോണിമ കണ്ട് സങ്കടത്തോടെ പാലായനം ചെയ്യും എന്നാണ് ഉര്‍വ്വശി പറയുന്നത്. അതിധീരനും പുരുഷോത്തമനും ഉദാരനുമായ അവനില്‍ നിനക്കുണ്ടായിരിക്കുന്ന താത്പര്യം ഉചിതം തന്നെ എന്നു സഖി പ്രതിവചിക്കുമ്പോള്‍, തനിക്കു ദോഷം വരാതെ അവനെ ലഭിക്കുവാനൊരു ഉപായം പറഞ്ഞു കൊടുക്കുവാന്‍ ഉര്‍വ്വശി ആവശ്യപ്പെടുന്നു. നിനക്കുണ്ടായിട്ടുള്ള പരവശം, ചുണ്ടില്‍ പുഞ്ചിരിയോടെ ഏകനായിരിക്കുന്ന അവനെ അറിയിക്കുക; അവന്‍ നിനക്ക് വശനായി വരും എന്ന് സഖി മറുപടി നല്‍കുന്നു.
ഉര്‍വ്വശിയും സഖിയും പ്രവേശിച്ചതിനു ശേഷം, അര്‍ജ്ജുനനെ നിനച്ച് കാമപരവശയായി തീരുകയാണ് ഉര്‍വ്വശി. കേവലം കാമപൂരണത്തിലുപരി, അര്‍ജ്ജുനനോടു തോന്നിയ പ്രേമത്തിന്റെ പാരമ്യത്തിലുളവാകുന്ന കാമമോഹമാണ് ഉര്‍വ്വശിയില്‍ കാണുന്നത്. പുരുഷശരീരം കണ്ടമാത്രയില്‍, മറ്റൊന്നുമോര്‍ക്കാതെ രമിക്കുവാനാര്‍ത്തി പിടിക്കുന്ന ലളിതകളില്‍ നിന്നും ഉര്‍വ്വശി വ്യത്യസ്തയാവുന്നതും ഇവിടെയാണ്. ഈ വ്യത്യസ്തത പ്രകടമാകുന്ന തരത്തിലായിരുന്നു മാര്‍ഗി വിജയകുമാര്‍ ഉര്‍വ്വശിയെ ഇവിടെ അവതരിപ്പിച്ചത്. ‘സംസ്കൃതിഭവനിലെ കല്യാണസൌഗന്ധിക’ത്തില്‍ ഭീമന്റെ പദവും കലാശവും ഇടകലരുന്ന ഇരട്ടിയെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. സമാനമായ നൃത്തവിശേഷങ്ങള്‍ ഉര്‍വ്വശിയുടെ ആദ്യ പതിഞ്ഞ പദത്തിലും കാണാം. അത്രത്തോളം വിസ്തരിച്ചല്ല അവതരണമെന്നു മാത്രം. “തൊണ്ടിപ്പവിഴമിവ മണ്ടുമധരമതു കണ്ടിടുന്നളവിലിണ്ടല്‍...” എന്ന ഭാഗം വിസ്തരിച്ചു തന്നെ വിജയകുമാര്‍ ആടുകയുണ്ടായി. ഇണ്ടലോടെ മണ്ടുന്ന തൊണ്ടിപ്പഴങ്ങളെ, താളത്തോടു ചേരുന്ന നൃത്തച്ചുവടുകളോടിണക്കിയുള്ള അവതരണം ഏറെ ഹൃദ്യമായിരുന്നു. അവസരോചിതമായ ഇടപെടലുകളിലൂടെ രംഗത്ത് സജീവമാകുവാന്‍ സഖിയായെത്തുന്ന നടന് സാധ്യതകളേറെയാണ്. എന്നാല്‍ മാര്‍ഗി സുകുമാരന്റെ സഖിയാവട്ടെ, പലപ്പോഴും അരങ്ങിലുണ്ടെന്നു തന്നെ തോന്നിയില്ല. സഖിയെ എങ്ങിനെ രംഗത്തു ചെയ്തു ഫലിപ്പിക്കാമെന്ന് അല്പമൊന്ന്‍ ചിന്തിച്ച് അരങ്ങിലെത്തിയിരുന്നെങ്കില്‍ ഈ വേഷം സുകുമാരന് ഇതിലും ഭംഗിയാക്കാമായിരുന്നു.
തന്റെ ആഗ്രഹനിവര്‍ത്തിക്കായി ഉര്‍വ്വശി അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തന്റെ ഉദ്ദേശം ഫലിക്കുമോയെന്ന ശങ്കയോടെയാണ് ഉര്‍വ്വശി പ്രവേശിക്കുന്നത്. കാംബോജിയിലുള്ള “സ്മരസായകദൂന!” എന്ന ഉര്‍വ്വശിയുടെ പതിഞ്ഞ പദമാണിവിടെ. നിനക്ക് അധീനയായ എന്നെ ചുംബിക്കുവാന്‍ ഒട്ടും തന്നെ താമസിക്കരുത് എന്നാണ് ഉര്‍വ്വശിയുടെ അര്‍ജ്ജുനനോടുള്ള അപേക്ഷ. വില്ലിനു സമാനം ഭംഗിയുള്ള നിന്റെ പുരികക്കൊടികള്‍ കൊണ്ട് തന്നെ തല്ലരുതെന്ന് ശൃംഗരിക്കുന്നുമുണ്ട് ഉര്‍വ്വശിയിവിടെ. കാമകേളി ചെയ്യാം എന്ന് നേരിട്ടൊരു അഭ്യര്‍ത്ഥനയല്ല ഉര്‍വ്വശിയില്‍ നിന്നിവിടെ ഉണ്ടാവുന്നതെന്നത് ശ്രദ്ധേയമാണ്. നിന്നില്‍ അനുരക്തയായ എന്നെ കൈവെടിയരുതേ എന്നപേക്ഷിക്കുന്ന ഉര്‍വ്വശിയെയാണ് മാര്‍ഗി വിജയകുമാര്‍ ഇവിടെ അവതരിപ്പിച്ചത്. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ യോഗ്യമായവയല്ലെന്നാണ് അര്‍ജ്ജുനന്‍ മറുപടി നല്‍കുന്നത്. അതെന്തുകൊണ്ടെന്ന ഉര്‍വ്വശിയുടെ ചോദ്യത്തിനാവട്ടെ, ‘ഹംസങ്ങള്‍ താമരനാരുകളല്ലാതെ ആഹാരത്തിനു പായല്‍ കൊതിക്കുമോ?’, ‘പിടിയാന മാനിനെ ആഗ്രഹിക്കുമോ?’ എന്നിങ്ങനെയുള്ള മറുചോദ്യങ്ങളാണ് അര്‍ജ്ജുനനുള്ളത്.
തന്റെ ഇംഗിതത്തിന് അനുകൂലമായി വരുവാന്‍ അര്‍ജ്ജുനന്‍ കൂട്ടാക്കുന്നില്ല എന്നതു കണ്ട് ഉര്‍വ്വശി ക്രുദ്ധയാവുന്നു. മറ്റൊരു പ്രധാനകാര്യം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നത് ഒരിക്കല്‍ മാത്രമേ തന്റെ ആവശ്യം ഉര്‍വ്വശി പറയുന്നുള്ളൂ എന്നതാണ്. അര്‍ജ്ജുനന്റെ മറുപടി കേള്‍ക്കുന്ന മാത്രയില്‍ തന്നെ തന്റെ സ്വന്തം നില ഉര്‍വ്വശി വീണ്ടെടുക്കുന്നുണ്ട്. ‘കല്ലിനോട് തുല്യമായ ഹൃദയമുള്ള നീ കാമനെ നിഗ്രഹിച്ച ശിവനോട് മത്സരിക്കുകയാണോ? അതോ ശ്രീകൃഷ്ണന്‍ നിന്റെ സുഹൃത്താണെന്ന ഭാവമാണോ? ഇതൊന്നുമല്ലെങ്കില്‍ തന്നെ ത്യജിക്കുവാന്‍ എന്താണ് മറ്റൊരു കാരണം?’ എന്നിങ്ങനെ പരുഷവാക്കുകള്‍ പറയുന്ന ഉര്‍വ്വശി ഒരു പടി കൂടികടന്ന്; പലദേവന്മാരോട് രമിച്ച കുന്തിയല്ലേ നിന്റെയമ്മ എന്നും ചോദിക്കുന്നുണ്ട്. (ഇവിടെ ദിനകരനുമായി കുന്തി രമിച്ചു എന്ന് ഉര്‍വ്വശി പറയുന്നു. കുന്തി സൂര്യനേയും പ്രാപിച്ചിരുന്നു, പുത്രനാണ് കര്‍ണ്ണന്‍ ഇതൊന്നും ആ സമയം അര്‍ജ്ജുനനറിയില്ലല്ലോ! അപ്പോള്‍ അര്‍ജ്ജുനന്‍ എങ്ങിനെ പ്രതികരിക്കണം എന്നൊരു സംശയമുണ്ട്. ഇവിടെ അസഹ്യത നടിക്കുക മാത്രമേ ചെയ്തു കണ്ടുള്ളൂ.) സുന്ദരിമാരോട് ഈ വിധം ഒരു പുരുഷന്‍ പറയാമോ, എന്നാലതിന്റെ ഫലം കണ്ടുകൊള്‍ക എന്നു പറഞ്ഞ് ഷണ്ഢനായി തീരുവാന്‍ അര്‍ജ്ജുനനെ ശപിക്കുന്നു.
ഉര്‍വ്വശിയെ കണ്ട് ഇരിപ്പിടത്തിലിരുന്നു തന്നെ അര്‍ജ്ജുനന്‍ വണങ്ങുന്നു. ഉര്‍വ്വശിയെ മാതൃതുല്യയായി അല്ലെങ്കില്‍ ദേവനാരിയായി കണ്ട് അര്‍ജ്ജുനന്‍ മാനിക്കുന്നെങ്കില്‍ എന്തുകൊണ്ട് ഇടത്തേക്കു മാറി വലതുസ്ഥാനം ഉര്‍വ്വശിക്കു നല്‍കുന്നില്ല എന്ന് മറ്റൊരു സംശയം ഇവിടെ തോന്നാറുണ്ട്. അങ്ങിനെ അര്‍ജ്ജുനന്‍ മാറുവാന്‍ നോക്കുകയും, ഉര്‍വ്വശി സ്നേഹപൂര്‍വ്വമതു നിരസിച്ച് തന്റെ ഇംഗിതത്തിന്റെ സൂചന നല്‍കുകയും ചെയ്യുക എന്ന രീതിയില്‍ പോലും ഇവിടെ ചിട്ടപ്പെടുത്താത്തതിന് കാരണമെന്താവാം? അര്‍ജ്ജുനനായെത്തിയ ആറ്റിങ്ങല്‍ പീതാംബരന്‍ നായരുടെ പ്രവൃത്തിയില്‍ മികവ് പറയുവാനില്ല. ഉര്‍വ്വശിയോടുള്ള ഭക്തി, ആദരവ്; ഇങ്ങിനെയൊരു അവസ്ഥയില്‍ വന്നു പെട്ടുവല്ലോ എന്ന വിഷമം; ആവശ്യത്തോടുള്ള നിരാസം; ഇവയൊക്കെ മാറി മാറി അര്‍ജ്ജുനനില്‍ പ്രകടമാവേണ്ടതാണ്. എന്നാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഇങ്ങിനെയുള്ള ഭാവവ്യതിയാനങ്ങളെന്നല്ല, പ്രത്യേകിച്ചൊരു ഭാവവും പീതാംബരന്റെ മുഖത്തു കണ്ടില്ല.
ശാപഗ്രസ്തനായ അര്‍ജ്ജുനന്റെ വിലാപമാണ് തുടര്‍ന്ന്. ‘അനുജരെ താനെങ്ങിനെയാണ് ചെന്നു കാണുക’, ‘ഗാണ്ഡീവവും ഇവിടെ പ്രയോജനം ചെയ്തില്ല’, ‘വൈരികള്‍ തന്നെ ഇതില്‍ പരിഹസിക്കുകയില്ലേ?’, ‘ക്ഷത്രിയനായ തനിക്ക് ഇതിലും വലിയ അപമാനമെന്തുവരുവാന്‍!’, ‘തന്റെ കര്‍മ്മഫലം ഇതോ’ എന്നിങ്ങനെയൊക്കെയാണ് അര്‍ജ്ജുനന്‍ വിലപിക്കുന്നത്. പിതാവായ ഇന്ദ്രന്‍ ഈ സമയം അര്‍ജ്ജുനന്റെ സമീപമെത്തി; ‘ധൈര്യവാനായിരിക്കുക’, ‘അനുചിതമായ ഈ ശാപം നിനക്ക് ഉപകാരമായി ഭവിക്കും’, ‘ഉര്‍വ്വശിയുടെ ശാപം ഉപകാരപ്പെടും’, ‘അജ്ഞാതവാസക്കാലത്ത് ഇത് അനുഭവിക്കുക’ എന്നിങ്ങനെയൊക്കെ പറഞ്ഞ് പുത്രനെ ആശ്വസിപ്പിക്കുന്നു. ഇന്ദ്രന്റെ പദത്തിലെ ആദ്യ ചരണങ്ങളുടെയെല്ലാം അര്‍ത്ഥം ഏകദേശം ഒന്നു തന്നെയാണ്. വേണമെങ്കില്‍ ചിലത് ഒഴിവാക്കാവുന്നതാണെന്നു തോന്നുന്നു. അഭിസംബോധനകളാണ് പിന്നെയുള്ള ഒരു ചരണം. ഇന്ദ്രനായെത്തിയ മാര്‍ഗി രവികുമാര്‍, പദങ്ങള്‍ക്ക് മുദ്രകാട്ടുന്നതിലപ്പുറം എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിച്ചു കണ്ടില്ല. അവസാന ഭാഗങ്ങളില്‍ അര്‍ജ്ജുനനായുള്ള ആറ്റിങ്ങല്‍ പീതാംബരന്റെ പ്രവര്‍ത്തി ആദ്യഭാഗങ്ങളുമായി താരതമ്യം ചെയ്താല്‍ മെച്ചമായിരുന്നു. “താത! തവ വചനേന, താപവും അകന്നു...” എന്ന അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള മറുപടിയോടെ കഥാഭാഗം അവസാനിക്കുന്നു.
കലാമണ്ഡലം കൃഷ്ണന്‍കുട്ടിക്കൊപ്പം ഉര്‍വ്വശിയും സഖിയുമായുള്ള ഭാഗം വരെ മാര്‍ഗി നന്ദകുമാറും തുടര്‍ന്ന് മാര്‍ഗി ദാമുവും പദങ്ങള്‍ ആലപിച്ചു. മുദ്രകള്‍ നോക്കി പാടുന്നതില്‍ അല്പം ഉപേക്ഷ കലാമണ്ഡലം കൃഷ്ണന്‍കുട്ടിക്ക് ഉണ്ടായിരുന്നു. നന്ദകുമാറിന്റെയും ദാമുവിന്റെയും ആലാപനത്തിലാവട്ടെ ഭാവം നന്നേ കുറവുമായിരുന്നു. ഉര്‍വ്വശിയും അര്‍ജ്ജുനനുമായുള്ള രംഗം വരെ മാര്‍ഗി രത്നാകരനായിരുന്നു മദ്ദളത്തില്‍. ഉര്‍വ്വശിയുടെ “നിരുപമനയഗുണശീലേ!” എന്ന സഖിയോടുള്ള പദത്തില്‍ “എന്നാലതിനൊരു ഉപായം...” എന്നയിടത്ത് ‘ഉപായം’ എന്ന വാക്കിനൊക്കെ മദ്ദളം കൊട്ടിയമര്‍ത്തി നീട്ടുകയും മറ്റും ചെയ്ത് മേളത്തിനു ജീവന്‍ നല്‍കുവാന്‍ രത്നാകരന്‍ ശ്രമിച്ചു കണ്ടു. “തൊണ്ടിപ്പവിഴമിവ മണ്ടും...” എന്ന ഭാഗം ഒടുവില്‍ വീണ്ടുമെടുത്ത് കലാശിക്കുന്നയിടത്തു മാത്രം രത്നാകരന് എന്തോ പിശകു പറ്റിയതായി തോന്നിച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ നല്ല രീതിയില്‍ തന്നെ അദ്ദേഹം മദ്ദളത്തില്‍ നടനെ പിന്തുണച്ചു. മാര്‍ഗി കൃഷ്ണകുമാറിന്റെ ഇടയ്ക്ക മേളത്തിനൊരു അനിവാര്യതയായി തോന്നിയില്ല. മാര്‍ഗി വേണുഗോപാലിന്റെ ചെണ്ട തരക്കേടില്ലാതെ മേളത്തിനു കൂടിയപ്പോള്‍ അവസാന ഭാഗങ്ങളിലെ മാര്‍ഗി ബേബിയുടെ മദ്ദളത്തിന് ഉണര്‍വു കുറവായിരുന്നു. മാര്‍ഗി രവീന്ദ്രനും മാര്‍ഗി ശ്രീകുമാറും ചേര്‍ന്നൊരുക്കിയ ചുട്ടി ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍, അര്‍ജ്ജുനന്റേതുള്‍പ്പടെയുള്ള പുരുഷവേഷങ്ങളുടെ ഉടുത്തുകെട്ട് പരിതാപകരമായിരുന്നു. മാര്‍ഗി പോലെയൊരു കഥകളി വിദ്യാലയം നടത്തുന്ന കളിയില്‍ പോലും ഉടുത്തുകെട്ടിന് ശ്രദ്ധകൊടുക്കുന്നില്ലെങ്കില്‍, മറ്റു കളികളുടെ കാര്യം പറയേണ്ടതില്ലല്ലോ! ചുരുക്കത്തില്‍; ഉര്‍വ്വശിക്ക് പ്രാധാന്യമുള്ള രംഗങ്ങളായതിനാലും, ഉര്‍വ്വശിയായി മാര്‍ഗി വിജയകുമാര്‍ മികവുപുലര്‍ത്തിയതിനാലും ആസ്വാദ്യകരമായി അനുഭവപ്പെട്ട ഒരു കളിയായിരുന്നു മാര്‍ഗിയില്‍ അവതരിക്കപ്പെട്ട ‘ഉര്‍വ്വശീശാപം’.
Description: UrvaseeSaapam from KalakeyaVadham Kathakali: Organized by Margi, Thiruvananthapuram. Margi Vijayakumar as Urvasi, Margi Sukumaran as Sakhi, Attingal Peethambaran Nair as Arjunan and Margi Ravikumar as Indran. Vocal by Kalamandalam Krishnankutty, Margi Damu and Margi Nandakumar. Chenda by Margi Venugopal. Maddalam by Margi Rathnakaran and Margi Baby. Idayka by Margi Krishnakumar. Chutty by Margi Raveendran and Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 22, 2009.
--
6 അഭിപ്രായങ്ങൾ:
തിരുവനന്തപുരം കോട്ടക്കകത്ത് ‘മാര്‍ഗി’യില്‍ അവതരിക്കപ്പെട്ട, ‘കാലകേയവധം’ കഥകളിയില്‍ നിന്നും എടുത്തിട്ടുള്ള ‘ഉര്‍വ്വശീശാപം’ എന്ന കഥാഭാഗത്തിന്റെ ഒരു ആസ്വാദനം.
ഉര്‍വ്വശിയുടെ അവതരണ സമ്പ്രദായത്തെക്കുറിച്ചും, ലളിതകളുമായുള്ള സ്വഭാവസാദൃശ്യത്തെക്കുറിച്ചും ഡോ. ടി.എസ്. മാധവന്‍കുട്ടി ഇവിടെ വിശദമായി നല്‍കിയിരിക്കുന്നത് കാണുക.
--
ഹരി,
ഭംഗിയായ താങ്കളുടെ നിരൂപണം
എന്നെ കിഴക്കേകോട്ടയിൽ എത്തിച്ചു.
ആസ്വാദനം ഇഷ്ടായി...
ഹരീ,
ആസ്വാദനം പതിവുപോലെ നന്നായിട്ടുണ്ട്.പതിഞ്ഞ സവിശേഷമായ ഇരട്ടിപോലെയുള്ള നൃത്ത്യവിശേഷങ്ങളും ഭാവപ്രകടനസധ്യതയുമുള്ള ഉര്‍വ്വശി എന്നും ഒരു സ്ത്രീവേഷക്കാരന്റെ മുന്നില്‍ ഒരു വെല്ലുവിളി തന്നെയാണ്. മാര്‍ഗ്ഗി ഈ വേഷം ഭംഗിയായി അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.ഇനിയും
മാര്‍ഗ്ഗിയുടെ ‘ഉര്‍വ്വശി’ ആഗസ്റ്റ് എട്ടിന് കാണാം എന്ന പ്രതീക്ഷയില്‍ ഇരിക്കുന്നു.
സഖി എന്തു ചെയ്താലും ഇല്ലെങ്കിലും ഈ രംഗത്തിലൊനും കാര്യമില്ല. ഉര്‍വ്വശിയില്‍നിന്നും(നന്നായി അഭ്നയിക്കുന്ന നടന്മാരുടെ) കണ്ണെടുത്തിട്ടുവേണമല്ലോ സഖിയെ നോക്കാന്‍:)
തന്നെയുമല്ല സഖി ഇവിടെ എന്തെങ്കിലുമൊക്കെ കാട്ടി ശ്രദ്ധ തിരിക്കുന്നത് പ്രേക്ഷകര്‍ക്ക് സുഖിക്കും എന്നും തോന്നുന്നില്ല.
അജ്ജുനന്‍ ഉര്‍വ്വശിയെ മാതൃഭാവത്തിലാണ് കാണുന്നത്. പൂര്‍വീകനായ പുരൂറവസ്സിന്റെ പത്നിയാണല്ലോ ഉര്‍വ്വശി. എന്നിട്ടും എഴുന്നേറ്റ് വന്ന്ദിക്കുകയോ, വശം മാറുകയോ ചെയ്യാത്തതെന്ത് എന്ന് ഹരി പറഞ്ഞതുപോലെ ചിന്തനീയമായ വിഷയമാണ്.
@ nair, ചാണക്യന്‍,
നന്ദി. :-)
@ മണി,വാതുക്കോടം.,
കൂട്ടുവേഷങ്ങളുടെ പ്രസക്തി ഇതിനു മുന്‍പും ‘കളിയരങ്ങില്‍’ ചര്‍ച്ചയ്ക്കു വന്നിട്ടുള്ളതാണ്. കലാകാരന്‍ അണിയറയില്‍ വേഷമിട്ടിരിക്കുന്ന രീതിയില്‍ അരങ്ങില്‍ വന്നു നില്‍ക്കുന്നതിനോട് യോജിക്കുവാനാവില്ല. സഖി സഖിയായി നില്‍ക്കണം. അതിനായാവണമല്ലോ രചയിതാവ് ആ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുക. അതല്ലെങ്കില്‍, ഒരു ഉര്‍വ്വശിയുടെ വിചാരപ്പദം, ഒടുവില്‍ അവനെ തന്റെ ഇംഗിതം ധരിപ്പിക്കുക എന്നുറച്ച് ഉര്‍വ്വശിക്ക് അര്‍ജ്ജുനന്റെ സമീപത്തേക്ക് പോയാല്‍ മതിയല്ലോ! സഖിയെന്തിനാണ്! സഖിയില്‍ നിന്നുമുള്ള റിയാക്ഷനുകള്‍ (അത് ഉര്‍വ്വശിയെ കടന്നാവരുത്, ശ്രദ്ധതിരിക്കുക എന്നതുമല്ല ഉദ്ദേശിക്കുന്നത്.), അത് ഉര്‍വ്വശിയുടെ അഭിനയത്തെ ഉജ്വലമാക്കുകയേയുള്ളൂ. കൂടുതല്‍ ആസ്വാദ്യകരമാവും എന്നാണ് എന്റെ പക്ഷം.
സംശയങ്ങള്‍ക്ക് മറുപടി ആരെങ്കിലുമൊക്കെ നല്‍കുമായിരിക്കും. നന്ദി. :-)
(എട്ടാം തീയതി കണ്ടിട്ട് എഴുതൂ... എനിക്കു വരുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. )-:)
--
hello... hapi blogging... have a nice day! just visiting here....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--