ജനുവരി 14, 2009: കുരുക്ഷേത്രയുദ്ധത്തിനായി ജയദ്രഥന്‍ സൈനസമേതനായി പുറപ്പെടുന്നതുവരെയുള്ള, ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടക്കഥയുടെ ആദ്യഭാഗത്തിന്റെ ആസ്വാദനം
ഇവിടെ കാണാം. അടുത്ത രംഗത്തില്‍ നാം കാണുന്നത് കുരുക്ഷേത്രയുദ്ധത്തിന്റെ ഇടയില്‍ നില്‍ക്കുന്ന അര്‍ജ്ജുനനേയും, ശ്രീകൃഷ്ണനേയുമാണ്. പതിമൂന്നാം ദിവസം യുദ്ധഭൂമിയുടെ ദക്ഷിണഭാഗത്തുനിന്നും തന്നെ പോരിനുവിളിച്ച സംശപ്തകരെ പരാജയപ്പെടുത്തി അര്‍ജ്ജുനനും ശ്രീകൃഷ്ണനും പടകുടീരത്തിലേക്ക് മടങ്ങുന്നു. എന്നാല്‍ അര്‍ജ്ജുനന്റെ മനസില്‍ ആശങ്കകള്‍ നിറയുന്നു, ദുഃശകുനങ്ങള്‍ കാണുന്നു. തന്റെ സഹോദരന്മാര്‍ക്ക് ആപത്തുപിണഞ്ഞുവോ എന്നു തിരക്കുന്ന അര്‍ജ്ജുനനെ, ധര്‍മ്മയുദ്ധത്തില്‍ പങ്കെടുക്കുന്ന സോദരര്‍ക്ക് ഒരപകടവും വരില്ലെന്ന് പറഞ്ഞ് ശ്രീകൃഷ്ണന്‍ സമാധാനിപ്പിക്കുന്നു. അശ്രാന്തയുദ്ധമാണ് നിന്റെ ആധിക്കു കാരണമെന്നും ശ്രീകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇരുവരും തേര്‍ തെളിച്ച് പടകുടീരങ്ങള്‍ക്ക് സമീപമെത്തുന്നു. എല്ലാവരും മൂകരായി തലകുമ്പിട്ടു നില്‍ക്കുന്നു. അര്‍ജ്ജുനനെ കണ്ട് എല്ലാവരും എന്തോ പരസ്പരം പറയുന്നു, ചിലര്‍ അര്‍ജ്ജുനനെ നോക്കി കരയുന്നു. ഭടന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന അര്‍ജ്ജുനന്‍, ജയദ്രഥന്റെ ചതിയാല്‍ അഭിമന്യു മൃതനായ വിവരം മനസിലാക്കുന്നു. അഭിമന്യുവിനെ ഓര്‍ത്തുള്ള അര്‍ജ്ജുനന്റെ വിലാപ പദം; തന്റെ സുതനായ അഭിമന്യുവിന്റെ ദുരന്തം നീയറിയുന്നില്ലയോ എന്ന കൃഷ്ണനോടുള്ള ചോദ്യത്തോടെയാണ് അവസാനിക്കുന്നത്. “തീരാദുഃഖമിതെങ്കിലുമിങ്ങിനെ...” എന്ന കൃഷ്ണന്റെ മറുപടിപദമാണ് തുടര്‍ന്ന്. വീരന്മാര്‍ ഇങ്ങിനെ കരയുകയല്ല, ധീരമായി പോരാടി പോരില്‍ വിജയിക്കുകയാണ് വേണ്ടതെന്ന് അര്‍ജ്ജുനനെ കൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തുന്നു. മന്ദിരത്തില്‍ ചെന്നു നിന്റെ ഭഗിനിയോടെന്താണ് പറയേണ്ടത്; ഇനി എന്തിനാണ് രണവും ഭരണവും; മരണമാണ് തനിക്കിനി ഉചിതം എന്നൊക്കെ അര്‍ജ്ജുനന്‍ വിലാപം തുടരുന്നു. നിന്റെ മകനെ കനിവില്ലാതെ വധിക്കുവാന്‍ കാരണമായവന്‍ ഇനി അധികകാലം ഭൂമിയിലുണ്ടാവരുത് എന്നു പറഞ്ഞ് കൃഷ്ണന്‍ അര്‍ജ്ജുനനെ വീണ്ടും ഉത്തേജിതനാക്കുന്നു. തുടര്‍ന്ന് ജയദ്രഥനെ നാളെ സൂര്യാസ്തമയത്തിനു മുന്‍പ് വധിക്കുമെന്ന് അര്‍ജ്ജുനന്‍ ശപഥം ചെയ്യുന്നു.
കലാമണ്ഡലം കൃഷ്ണകുമാര്‍ അര്‍ജ്ജുനനേയും, കലാമണ്ഡലം വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍ ശ്രീകൃഷ്ണനേയും അവതരിപ്പിച്ചു. ദുഃശകുനങ്ങള്‍ കണ്ട് വ്യാകുലപ്പെടുന്ന, മകന്റെ മരണവാര്‍ത്തയറിഞ്ഞു ദുഃഖാര്‍ത്തനായ, ജയദ്രഥനോടുള്ള കോപത്താല്‍ പ്രതികാരം ചെയ്യുമെന്നു ശപഥമെടുക്കുന്ന; ഇങ്ങിനെ വിവിധ ഭാവങ്ങളില്‍ അര്‍ജ്ജുനനെ രംഗത്തവതരിപ്പിക്കുന്നതില്‍ കൃഷ്ണകുമാര്‍ വിജയിച്ചു. കലാമണ്ഡലം ഗോപിയുടെ ചുണ്ടു കൂര്‍പ്പിച്ചുള്ള നോട്ടവും, കൈവിറപ്പിക്കലുമെല്ലാം അതേപടി പകര്‍ത്തുവാന്‍ കൃഷ്ണകുമാര്‍ ശ്രദ്ധപുലര്‍ത്തുന്നു. കൃഷ്ണകുമാറിനെപ്പോലെയൊരു നടന്‍, സ്വന്തമായൊരു ശൈലി കൊണ്ടുവരാതെ ഇപ്രകാരം അനുകരണങ്ങളില്‍ അഭിരമിക്കുന്നതെന്തിനെന്നു മനസിലാവുന്നില്ല. അര്‍ജ്ജുനന്റെ ഭാവത്തിനനുസരിച്ച് തന്റെ ശരീരഭാഷയോ, മുഖഭാവമോ പ്രകടിപ്പിക്കുവാന്‍ വിജയകൃഷ്ണന്‍ ഉണ്ണിത്താന്റെ ശ്രീകൃഷ്ണന്‍ ശ്രമിച്ചു കണ്ടില്ല. അര്‍ജ്ജുനനോട് ഒരു ദയയുമില്ലാത്ത, നിര്‍വ്വികാരനായ കൃഷ്ണനായതിനാല്‍ തന്നെ, പ്രേക്ഷകനെ ഉലയ്ക്കുവാന്‍ തക്കവണ്ണം രംഗങ്ങള്‍ ശോഭിച്ചില്ല.
അര്‍ജ്ജുനന്റെ ശപഥവാര്‍ത്തയറിഞ്ഞ് ജയദ്രഥന്‍ യുദ്ധഭൂമിയില്‍ വരാതെ ഒളിച്ചിരിക്കുന്നു. സന്ധ്യയോടടുത്തിട്ടും ജയദ്രഥനെ പോരിനു കിട്ടാഞ്ഞ് അര്‍ജ്ജുനന്‍ വിഷമിക്കുന്നു. ശ്രീകൃഷ്ണന്‍ വീണ്ടും അര്‍ജ്ജുനന്റെ രക്ഷയ്ക്കെത്തുന്നു. സുദര്‍ശന ചക്രത്താല്‍ സൂര്യനെമറച്ച് കൃത്രിമശ്യാമ ചമച്ചിടാം, അതുകണ്ട് പുറത്തുവരുന്ന സൈന്ധവനെ വധിക്കുക എന്ന് ശ്രീകൃഷ്ണന്‍ വഴി പറഞ്ഞു നല്‍കുന്നു. ജയദ്രഥന്റെ ശിരസ് ഭുമിയില്‍ വീഴ്തരുത്, വൃദ്ധനായ പിതാവിന്റെ മടിയില്‍ ചേര്‍ക്കുകയാണ് വേണ്ടതെന്ന് കൂട്ടത്തില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. “കുന്തിതനയ! നിന്റെ ശപഥമെങ്ങുപോയിതെങ്ങുപോയി?” എന്നു പരിഹസിച്ചെത്തുന്ന ജയദ്രഥനെ കണ്ട് സൂര്യനസ്തമിക്കുവാന്‍ ഇനിയും നാഴികകള്‍ ബാക്കിയുണ്ടെന്ന് അര്‍ജ്ജുനന്‍ അറിയിക്കുന്നു. ശ്രീകൃഷ്ണന്‍ സുദര്‍ശനത്തെ പിന്‍വലിച്ച് സൂര്യനെ പിന്നെയും ദൃശ്യമാക്കുന്നു. ഇരുവരും ചേര്‍ന്നുള്ള യുദ്ധത്തിനൊടുവില്‍ ജയദ്രഥന്റെ ശിരസസ്ത്രമയിച്ചറുത്ത്, അകലെ തപസുചെയ്യുകയായിരുന്ന ജയദ്രഥന്റെ പിതാവായ വൃദ്ധക്ഷത്രന്റെ മടിയില്‍ വീഴ്ത്തുന്നു. ഞെട്ടിയെഴുനേല്‍ക്കുന്ന അയാളുടെ മടിയില്‍ നിന്നും ജയദ്രഥന്റെ ശിരസ് താഴെ വീഴുന്നു, ശിരസ് താഴെ വീഴുവാന്‍ കാരണമായ വൃദ്ധക്ഷത്രന്‍ ശിരസ് പൊട്ടിത്തകര്‍ന്ന് മരിക്കുന്നു.
അര്‍ജ്ജുനനെ പരിഹസിച്ചുള്ള ജയന്ദ്രഥന്റെ, “കുന്തിതനയ! നിന്റെ ശപഥമെങ്ങുപോയി....” എന്നു തുടങ്ങുന്ന പദം നാട്ടക്കുറിഞ്ഞിയില്‍ കാലംകയറ്റിയാണ് പാടാറുള്ളത്. ഒരു തമാശപ്പാട്ടായാണ് ഈ പദം കേട്ടാല്‍ തോന്നുക. പരിഹാസമാണ് ഉദ്ദേശിക്കുന്നതെങ്കിലും, ഒരു രാജാവായ ജയദ്രഥന്‍ പരിഹസിക്കുമ്പോള്‍, അതിനൊരു ആഢ്യത്വം വേണമല്ലോ! ഇതിപ്പോള്‍ മീശപിരിച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ നായകവേഷം, സലിംകുമാറിന്റെ വളിപ്പിറക്കുന്നതു പോലെയിരിക്കുന്നു! ജയദ്രഥന്റെ മരണം അരങ്ങില്‍ കാണിക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ച് കാര്യമായ ധാരണ തിരശ്ശീലക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. എങ്ങിനെയൊക്കെയോ ആ ഭാഗങ്ങള്‍ അവതരിപ്പിച്ചു തീര്‍ത്തു എന്നേ പറയുവാനുള്ളൂ. ജയദ്രഥവധത്തിനു ശേഷം അര്‍ജ്ജുനനും, ശ്രീകൃഷ്ണനുമായി ചില മനോധര്‍മ്മാട്ടങ്ങളുമുണ്ടായി. സൂര്യനെ മറയ്ക്കുവാനുള്ള കാരണം, പാപമുക്തിക്കായി യജ്ഞം നടത്തുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയവയൊക്കെ ആടുകയുണ്ടായി. (ഈ ഭാഗങ്ങള്‍ ശരിയായി മനസിലാക്കുവാന്‍ എനിക്കായില്ല!)
രണ്ടു ബ്രാഹ്മണര്‍ മാര്‍ഗമദ്ധ്യേ കണ്ടുമുട്ടി സംസാരിക്കുന്ന രംഗമാണ് അടുത്തത്. അശ്വമേധയാഗവാര്‍ത്തയും, യാഗാശ്വവുമായി അര്‍ജ്ജുനന്‍ തിരിച്ചിരിക്കുന്നതുമൊക്കെയാണ് ഇവരുടെ സംഭാഷണത്തില്‍ വരുന്നത്. രുഗ്മാംഗദചരിതത്തിലേയോ, സുഭദ്രാഹരണത്തിലേയോ ബ്രാഹ്മണരുടെ രംഗങ്ങള്‍ക്കുള്ള പ്രാധാന്യം ഇതിനുള്ളതായി തോന്നിയില്ല. ദുശ്ശളയുടെ മടിയില്‍ സുരഥപുത്രനുറങ്ങുന്നു. മകനായ സുരഥന്‍ പ്രവേശിക്കുന്നു. തന്റെ വിധിയോര്‍ത്തു ദുഃഖിച്ചിരിക്കുന്ന അമ്മയെക്കണ്ട്, പാണ്ഡവരോട് പ്രതികാരം ചെയ്യുവാന്‍ താന്‍ മതിയെന്ന് സുരഥന്‍ അമ്മയെ സമാധാനിപ്പിക്കുവാനായി പറയുന്നു. എന്നാല്‍ അവരോട് വൈരമരുതെന്നും; ശത്രുതയും, മാത്സര്യവും പാരില്‍ സുഖം തരികയില്ലെന്നും; മിത്രതകൊണ്ടുമാത്രമേ കുലത്തിന് അഭിവൃദ്ധിയുണ്ടാവുകയുള്ളൂ എന്നും മറ്റും ദുശ്ശള പുത്രനെ ഉപദേശിക്കുന്നു. ഈ അവസരത്തില്‍ ദ്വാരപാലകര്‍ വന്ന് ശത്രുവായ അര്‍ജ്ജുനന്‍ പടയോടുകൂടി രാജ്യത്തെത്തിയിരിക്കുന്നു എന്നറിയിക്കുന്നു. ഇതുകേട്ട് ഹൃദയാഘാതത്താല്‍ സുരഥന്‍ വീണുമരിക്കുന്നു.
പതിയും, സഹോദരന്മാരുമുള്‍പ്പടെ സകലരേയും യുദ്ധത്തില്‍ നഷ്ടപ്പെട്ട തനിക്ക്, തന്റെ പുത്രനെക്കൂടി നഷ്ടമായതുകണ്ട് പൌത്രനേയും കൂട്ടി ദുശ്ശള അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തന്റെ മകനും മരിച്ചു, ഇനി അവശേഷിക്കുന്ന സുരഥപുത്രനെയെങ്കിലും ശത്രുവായിക്കണ്ട് വധിക്കരുതെന്ന് അര്‍ജ്ജുനനോട് ദുശ്ശള അപേക്ഷിക്കുന്നു. സുരഥന്‍ മരിച്ചതെങ്ങിനെയെന്ന് ആരായുന്നതിനോടൊപ്പം, വധിച്ചതാരാണെങ്കിലും അവനെ താന്‍ വകവരുത്തുന്നുണ്ടെന്നും അര്‍ജ്ജുനന്‍ അറിയിക്കുന്നു. പിതാവിനെ വധിച്ച താന്‍ രാജ്യത്തെത്തിയതറിഞ്ഞാണ് സുരഥന്‍ മരിച്ചത് എന്നു കേട്ട് അര്‍ജ്ജുനന്‍ വിവശനാവുന്നു. ദുശ്ശളയുടെ വിലാപം കണ്ട്, യുദ്ധത്തില്‍ അച്ഛനെ, മകനെ, ഭര്‍ത്താവിനെ നഷ്ടപ്പെട്ട അബലകളായ നിരവധി സ്ത്രീകള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നതായി അര്‍ജ്ജുനനു തോന്നുന്നു. താന്‍ മൂലം സുരഥനു നേരിട്ട ദുര്‍ഗതിയില്‍ അര്‍ജ്ജുനന്‍ ദുശ്ശളയോട് മാപ്പപേക്ഷിക്കുന്നു, കൂടാതെ രാജ്യത്തെ രാജാവായി സുരഥപുത്രനെ വാഴിക്കുകയും ചെയ്യുന്നു.
ജയദ്രഥന്റെ വധത്തിനു ശേഷമുള്ള രംഗങ്ങളാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. വിജയികളുടെ ഭാഗത്തുകൂടിയാണ് സാധാരണ കഥകള്‍ മുന്നേറാറുള്ളത്. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയായ, ദുശ്ശളയുടെ വശമാണ് ‘അര്‍ജ്ജുനവിഷാദവൃത്ത’ത്തില്‍ തുടര്‍ന്നു പ്രതിപാദിക്കുന്നത്. എന്നാല്‍ അവസാനരംഗം ഇരുവരും ചേര്‍ന്നുള്ള സാധാരണ സംഭാഷണം എന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. ഇനി ശത്രുത പാടില്ല, മൈത്രി പുലരേണം എന്നൊക്കെ ദുശ്ശളയും; കഴിഞ്ഞതെല്ലാം മറക്കുക, തന്റെ ചെയ്തികള്‍ക്ക് മാപ്പുനല്‍കണം എന്നിങ്ങനെ അര്‍ജ്ജുനനും പലരീതികളില്‍ പറയുന്നുവെന്നു മാത്രം. ബാഹുകനും, കേശിനിയും കൂടിയുള്ള സംഭാഷണം; കുന്തിയും, കര്‍ണ്ണനും തമ്മിലുള്ള രംഗം ഇവയൊക്കെയും ഇതുപോലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ദീര്‍ഘമായ സംഭാഷണങ്ങളാണ്. എന്നാല്‍ അത്രയൊന്നും തീവ്രത ഈ രംഗത്തിനു വരുന്നില്ല. അര്‍ജ്ജുനനോ, ദുശ്ശളയ്ക്കോ കാര്യമായ ഭാവവ്യതിയാനങ്ങളും രംഗത്തില്‍ സംഭവിക്കുന്നില്ല. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് പദമാടുക എന്നതിനപ്പുറം ഇവിടെ ഒന്നും ചെയ്യുവാനില്ല. ഒരേ സ്വഭാവമുള്ള പദങ്ങളുടെ ആവര്‍ത്തനം പ്രേക്ഷകന് രംഗത്തോടുള്ള താത്പര്യം കുറയ്ക്കുകയും ചെയ്യുന്നു.
പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു ഈ ഭാഗങ്ങളുടെ ആലാപനം. കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും, കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മേളത്തിനു കൂടി. വേദിയും, ശബ്ദസംവിധാനവും മിക്ക കഥകളി അരങ്ങുകളിലേയും പോലെ നിലവാരം കുറഞ്ഞതായിരുന്നെങ്കിലും; സംഘാടകരുടെ ആത്മാര്‍ത്ഥത നോട്ടീസില്‍ ദൃശ്യമാണ്. രംഗം തിരിച്ച് കഥാഭാഗം വിശദമായി പ്രതിപാദിക്കുവാനായി, ഈ കഥയ്ക്കു മാത്രം, ആറോളം പേജുകളാണ് അവര്‍ നീക്കിവെച്ചിരിക്കുന്നത്. കാണികള്‍ എല്ലാവര്‍ക്കും കഥയെക്കുറിച്ച് നല്ല ധാരണയുണ്ടാക്കുവാന്‍ ഇത് സഹായിക്കും. മുതുപിലാക്കാട് ചന്ദ്രശേഖരന്‍പിള്ള, മാര്‍ഗി ശ്രീകുമാര്‍ എന്നിവരുടെ ചുട്ടി നിലവാരം പുലര്‍ത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിന്റെ വേഷങ്ങളും, അലങ്കാരങ്ങളും അത്രയൊന്നും മെച്ചമെന്നു പറയുവാനില്ല. ചുരുക്കത്തില്‍, ശൈശവദിശയിലുള്ള കഥയുടെ ബാലാരിഷ്ടതകള്‍ ഒഴിവാക്കി നോക്കിയാല്‍; കഥയുടേയും, പദങ്ങളുടേയും പരിമിതികള്‍ക്കുള്ളില്‍ നിന്ന്, തങ്ങള്‍ക്കാവും വിധം കലാകാരന്മാര്‍ ആടിഫലിപ്പിച്ച ഒരു അരങ്ങായിരുന്നു മൈലംകുളത്തേത്.
Description: ArjunaVishadaVritham Kathakali staged at Mailamkulam Sri NagarajaKshethram, Kottarakkara. Kalamandalam Ramachandran Unnithan (Jayadrathan), Margi Vijayakumar (Dussala), Kalamandalam Krishnakumar (Arjunan), Kalamandalam Vijayakrishnan Unnithan (SriKrishnan), Mangad Vishnuprasad (Surathan), Kalabharathi Vasudevan (Doothan); Pattu: Pathiyoor Sankarankutty, Kalamandalam Vinod, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Venukkuttan, Kalamandalam Achuthavarier; Chutti: Muthupilakkad Chandrasekharan Pillai, Margi Sreekumar; Kaliyogam: Poruvazhi SriKrishnaVilasam Kathakaliyogam. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--