
KeechakaVadham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KeechakaVadham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 മേയ് 6, വെള്ളിയാഴ്‌ച
ആലപ്പുഴയിലെ മല്ലയുദ്ധം

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച
കിഴക്കേക്കോട്ടയിലെ കീചകവധം

2010 ഫെബ്രുവരി 16, ചൊവ്വാഴ്ച
കനകക്കുന്നിലെ മല്ലയുദ്ധം

2009 ഫെബ്രുവരി 25, ബുധനാഴ്‌ച
പേരാമംഗലത്തെ മല്ലയുദ്ധം

തന്റെ കൈക്കരുത്തിലും അഭ്യാസപാടവത്തിലും അത്യധികം അഹങ്കരിക്കുന്ന ജിനൂതന്‍ എന്ന ഒരു മല്ലന്‍ ഒരിക്കല്‍ വിരാടരാജ്യത്തിലെത്തുന്നു. മല്ലന്റെ പരാക്രമങ്ങളെക്കുറിച്ച് കേട്ടറിവുള്ള ദേശത്തെ പ്രധാനമല്ലന്മാരാരും അയാളോട് എതിര്‍ക്കുവാന്‍ തയ്യാറാവുന്നില്ല. ഈ സമയം, പാചകക്കാരനായി വിരാടദേശത്ത് അജ്ഞാതവാസം കഴിക്കുന്ന വലലന്‍ മല്ലയുദ്ധത്തിനൊരുങ്ങുന്നു. ജിനൂതനെ പരാജയപ്പെടുത്തി വലലന്‍ വിരാടരാജാവിന്റെ പ്രീതിക്ക് പാത്രമാവുന്നു. ഇത്രയുമാണ് ‘മല്ലയുദ്ധം’ കഥയുടെ ഉള്ളടക്കം. തന്റെ സ്വൈര്യജീവിതത്തിനു കാരണം തേടിയുള്ള മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥ ആരംഭിക്കുന്നത്. തന്നോടെതിര്‍ത്ത പല പേരുകേട്ട മല്ലന്മാരെയും കാലപുരിയ്ക്കയച്ച പരാക്രമശാലിയായ തന്നോടെതിര്‍ക്കുവാന്‍ ഇവിടെയെങ്ങും ആരുമില്ലെന്ന തന്റെ സുഖത്തിന്റെ ഹേതു അയാള്‍ മനസിലാക്കുന്നു. ഏറെ നാളായി ആരോടും എതിര്‍ക്കാത്തതിനാല്‍ കൈതരിക്കുന്നു, ദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ആരെയെങ്കിലും എതിര്‍ക്കുവാന്‍ കിട്ടുമോയെന്നു നോക്കുകതന്നെ എന്നാടി ഭാണ്ഡവുമെടുത്ത് മല്ലന്‍ പുറപ്പെടുന്നു.
“ആരൊരു പുരുഷനഹോ! എന്നോടെതിര്‍പ്പാന്‍?” എന്നു തുടങ്ങുന്ന മല്ലന്റെ പദമാണ് തുടര്‍ന്ന്. ആരെങ്കിലും യുദ്ധത്തിനു തയ്യാറുണ്ടോ എന്നു ചോദിച്ച്, ഇനിയാരെങ്കിലും തയ്യാറായാല്‍ അവന്റെ ‘മദമടക്കി ലഘുമടക്കും...’ എന്നു വീമ്പിളക്കുന്ന മല്ലന്റെ മുന്നിലേക്ക് വലലന്‍ പ്രവേശിക്കുന്നു. സമര്‍ത്ഥനെന്നൊരു തെറ്റിദ്ധാരണയോടെ ഇവിടെ നിന്ന് വീമ്പിളക്കുന്ന നിന്നെ കാലന്റെ അതിഥിയാക്കുവാനാണ് താന്‍ വന്നത് എന്നാണ് വലലന്റെ പദം. തുടര്‍ന്ന് ഇരുവരും പരസ്പരം പരിഹാസവാക്കുകള്‍ ചൊരിഞ്ഞ് യുദ്ധത്തിലേക്ക് കടക്കുന്നു. വിവിധ യുദ്ധമുറകള്‍ക്കൊടുവില്‍ വലലന്‍ മല്ലനെ കീഴ്പ്പെടുത്തുന്നു.
പലകകള്‍ കൂട്ടിക്കെട്ടി നിര്‍മ്മിച്ച താല്‍കാലിക വേദിയില്‍ ‘മല്ലയുദ്ധം’ പോലെയൊരു കഥ വെയ്ക്കേണ്ടിയിരുന്നില്ല. ഇരുവര്‍ക്കും ആത്മവിശ്വാസത്തോടെ ആഞ്ഞു ചവിട്ടി കലാശങ്ങളെടുക്കുവാന്‍ അതിനാല്‍ തന്നെ സാധിച്ചതുമില്ല. ചെണ്ടയുടെ ശബ്ദത്തിലും മുഴക്കത്തില്‍ പലകയില്‍ ചവിട്ടുന്നതിന്റെ ശബ്ദമായിരുന്നു കേള്‍ക്കുവാനുണ്ടായിരുന്നത്. കഥകളി അരങ്ങുകള്‍ സാധാരണ ഉപയോഗിക്കുന്നതിലും മികച്ച ശബ്ദനിയന്ത്രണ സംവിധാനങ്ങളായിരുന്നു ഇവിടെ ഉപയോഗിച്ചത്. വെളിച്ചത്തിനായി ധാരാളം ലൈറ്റുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, വേദിയില്‍ എല്ലായിടവും പ്രകാശമെത്തുന്ന രീതിയിലായിരുന്നില്ല അവയുടെ ക്രമീകരണം എന്നതിനാല്‍ തന്നെ ഉദ്ദേശിച്ച പ്രയോജനം അവകൊണ്ടുണ്ടായില്ല. ചുരുക്കത്തില്‍ വളരെ മികച്ചതെന്നു പറയുവാനില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു ‘മല്ലയുദ്ധ’മായിരുന്നു പേരാമംഗലത്ത് അരങ്ങേറിയത്.
Description: Mallayudham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kottackal Devadas as Mallan, Kalamandalam Pradeep Kumar as Valalan; Pattu: Kalamandalam Babu Nampoothiri and Kalamandalam Vinod; Chenda: Kottackal Prasad and Kottackal Vijayaraghavan; Maddalam: Kottackal Radhakrishnan and Kottackal Sabarish; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--
2008 ജൂൺ 18, ബുധനാഴ്‌ച
കിഴക്കേക്കോട്ടയിലെ കീചകവധം - ഭാഗം രണ്ട്

ജൂണ്‍ 6, 2008: കേരള രംഗകലോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ടയില്‍ അവതരിപ്പിക്കപ്പെട്ട ‘കീചകവധം’ കഥകളിയുടെ ആദ്യഭാഗങ്ങളുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? തന്റെ ആഗ്രഹസഫലീകരണത്തിനായി കീചകന്‍, തന്റെ സഹോദരിയായ സുദേഷ്ണയുടെ അടുത്തെത്തി തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ആഗ്രഹമറിയിക്കുന്ന കീചകനെ പറഞ്ഞുമനസിലാക്കുവാന്‍ സുദേഷ്ണ യത്നിക്കുന്നു. അഞ്ചു ഗന്ധര്‍വ്വന്മാര്‍ അവള്‍ക്ക് പതിമാരായി ഉണ്ടെന്നും, അതിനാല്‍ തന്നെ നിന്റെ ഈ ആഗ്രഹം നിന്റെ തന്നെ നാശത്തിനാണെനും മറ്റും സുദേഷ്ണ പറയുന്നു. എന്നാല്‍, അഞ്ചു ഗന്ധര്‍വ്വന്മാരെ ജയിക്കുവാന്‍ താന്‍ ഒറ്റയ്ക്കുമതിയെന്നും; എന്നാല്‍ കാമദേവനെ ജയിക്കുവാന്‍ തനിക്കാവതില്ലെന്നും പറഞ്ഞു നില്‍ക്കുന്ന സഹോദരനോട് ഇനിയെന്തെങ്കിലും പറയുന്നതില്‍ കാര്യമില്ലെന്നു മനസിലാക്കി, വല്ല വിധത്തിലും മാലിനിയെ കീചകന്റെ മന്ദിരത്തിലേക്ക് അയക്കാമെന്ന് ഉറപ്പുകൊടുത്ത് സഹോദരനെ അയക്കുന്നു.

സുദേഷ്ണ മാലിനിയെ വിളിച്ച്, കീചകസവിധത്തില്‍ പോയി മദ്യം വാങ്ങിവരുവാന്‍ അറിയിക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ദണ്ഡകമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂതസുതനുടെ മന്ദിരത്തില്‍ മാലിനി എത്തുന്നതുവരെയാണ് ദണ്ഡകം. സാധാരണയായി സുദേഷ്ണയായി രംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക്, സുദേഷ്ണയുടേതായ ഒരു വ്യക്തിത്വം ആ കഥാപാത്രത്തിനു നല്‍കുവാന്‍ സാധിക്കാറില്ല. എന്നാല്‍ കലാമണ്ഡലം അനില്‍കുമാറിന് അതിവിടെ സാധിച്ചു. സുദേഷ്ണയും, സൈരന്ധ്രിയുമൊത്തുള്ള ആദ്യരംഗം ഇവിടെ അവതരിക്കപ്പെട്ടതുകൊണ്ടു കൂടിയാണ് ഇത് അനില്‍കുമാറിനു സാധിച്ചത് എന്നതും ഓര്‍ക്കേണ്ടതാണ്. ആദ്യ ഭാഗത്തില്‍ സൂചിപ്പിച്ച, ചില മനോധര്‍മ്മത്തിലെ പിഴവുകളും മറ്റും ഒഴിവാക്കിയാല്‍ മികച്ച ഒരു അവതരണമായിരുന്നു സുദേഷ്ണയായി അനില്‍കുമാര്‍ നടത്തിയത്.

‘ഹരിണാക്ഷി! ജനമൌലിമണേ!’ എന്ന കീചകന്റെ ശൃംഗാരപദമാണ് അടുത്തത്. നടന്നു തളര്‍ന്ന നിന്റെ പാദങ്ങള്‍ ഞാന്‍ പരിചരിക്കാം, മാലിനി വന്നതിനാല്‍ തന്റെ മന്ദിരം ധന്യമായി, തന്റെ ജന്മം സഫലമായി തുടങ്ങി പലതും പറഞ്ഞ് മാലിനിയെ വശത്താക്കുവാന്‍ കീചകന്‍ യത്നിക്കുന്നെങ്കിലും, ഒന്നും ഫലം കാണുന്നില്ല. സൈരന്ധ്രി “വേഗം മദ്യം തരിക, ഞാന്‍ പോവട്ടെ...” എന്ന രീതിയില്‍ കീചകനോട് കോപിച്ചു തന്നെ എതിര്‍ത്തു പറയുകയും ചെയ്യുന്നു. എങ്കില്‍, ഗുണശീല ചമയുന്ന നിന്നെയിന്ന് കൊന്നിട്ടു തന്നെ കാര്യം എന്നുറച്ച് കൊല്ലുവാനായുന്നു. മാലിനി വല്ലവിധേനയും കീചകന്റെയടുത്തു നിന്നും ഓടി രക്ഷപെടുന്നു.
ശ്ലോകം കഴിഞ്ഞ് തിരശ്ശീല മാറ്റുമ്പോള്‍ മാലിനി രംഗപ്രവേശം ചെയ്യുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. കീചകന്റെ ഒരുക്കം, സേവകന്‍ ഒരു സൈരന്ധ്രി കാണുവാന്‍ അനുവാദം ചോദിക്കുന്നു തുടങ്ങിയ ഭാഗങ്ങളൊന്നും ആടുകയുണ്ടായില്ല. മൂന്നുവട്ടം കലാശം കൊട്ടിക്കഴിഞ്ഞതിനു ശേഷമാണ് പദം തുടങ്ങേണ്ടത്. എന്നാല്‍ പാലനാട് ദിവാകരന് അവിടെ പിഴവുപറ്റി. രണ്ടാമത്തെ കലാശത്തിനു ശേഷം തന്നെ അറിയാതെ തുടങ്ങിപ്പോയി. എന്നാല്‍, ഒരു ഭാവമാറ്റവും കൂടാതെ തന്റെ പ്രവര്‍ത്തി തുടര്‍ന്ന ചന്ദ്രശേഖര വാര്യര്‍ അനുകരണീയമായ മാതൃകയാണ്. ഉടനെ ഭാഗവതരോട് തിരിഞ്ഞ് തന്റെ നീരസം പ്രകടിപ്പിക്കുകയും മറ്റും ചെയ്താല്‍ എത്ര അരോചകമായിരിക്കും?

പദാവസാനം മാലിനി ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നു. കീചകന്‍ അവളെ തടയുന്നു. ശേഷം അണച്ചു നില്‍ക്കുന്ന മാലിനിയെനോക്കി കീചകന്റെ മനോധര്‍മ്മം ഇങ്ങിനെ: “ഇവള്‍ അണയ്ക്കുമ്പോള്‍ സ്തനങ്ങള്‍ ഉയര്‍ന്നു താഴുന്നു; ഇതു കണ്ടാല്‍ കൂമ്പി നില്‍ക്കുന്ന താമരകള്‍, പൊയ്കയില്‍ ഓളത്തിനൊത്ത് പൊങ്ങിത്താഴുന്നതു പോലെ തോന്നുന്നു.” രാജ്ഞിയുടെ സേവകയായി കഷ്ടപ്പെടാതെ തന്റെ രാജ്ഞിയായി വാഴാം തുടങ്ങി മോഹനവാഗ്ദാനങ്ങളിലൊന്നും സൈരന്ധ്രിയുടെ മനസുമാറ്റുവാന്‍ കഴിയുന്നില്ല എന്നു മനസിലാക്കുന്ന കീചകന്‍, അവളെ ബലാല്‍ പ്രാപിക്കുവാന്‍ ഒരുങ്ങുന്നു. മാലിനി ഓടി രക്ഷപെടുന്നു. സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസന്‍ കീചകനെ തടയുന്നതിനാലാണ് മാലിനിക്ക് രക്ഷപെടുവാന്‍ സാധിക്കുന്നത്, എന്നാലിവിടെ അത് ആടുകയുണ്ടായില്ല. തീര്‍ച്ചയായും അത് ആടാതിരിക്കുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല.

കീചകന്റെ പക്കല്‍ നിന്നും രക്ഷപെടുന്ന മാലിനി, വിരാടരാജാവിന്റെ പാചകശാലയില്‍ ‘വലലന്‍’ എന്ന പേരില്‍ വസിക്കുന്ന തന്റെ പതിയായ ഭീമസേനന്റെ പക്കലെത്തുന്നു. ‘കാന്താ! കൃപാലോ’ എന്ന മാലിനിയുടെ പദമാണ് തുടര്‍ന്ന്. കീചകന്റെ ദുര്‍വൃത്തികള്‍ കാരണമായി, മാലിനിക്കുണ്ടായ കഷ്ടതകള്‍ക്ക് പകരം ചോദിക്കുമെന്ന് വലലന്‍ അറിയിക്കുന്നു. എന്നാല്‍ വെളിച്ചത്തില്‍ നേരിടുക ഈ അവസ്ഥയില്‍ സാധ്യമല്ലെന്നതിനാല്‍, ഉപായത്തിലൂടെ അവന്റെ കഥകഴിക്കാമെന്ന് നിശ്ചയിച്ച്, കീചകനെ നാട്യഗൃഹത്തിലേക്ക് എത്തിക്കുവാന്‍ മാലിനിയോട് ആവശ്യപ്പെടുന്നു. അവിടെ കാത്തു നിന്ന് അവനെ നിഗ്രഹിക്കുവാനാണ് വലലന്റെ ഉദ്ദേശം. അപ്രകാരം ചെയ്യാമെന്ന് പറഞ്ഞ് മാലിനി രംഗത്തു നിന്നും മാറുന്നു.
ഈ ഭാഗങ്ങളെല്ലാം, ഈ വേദിയിലെന്നല്ല മിക്ക വേദികളിലും, വളരെ വേഗത്തില്‍ കഴിക്കുന്നതായാണ് കണ്ടിട്ടുള്ളത്. മാലിനിയുടെ വിലാപമായി അനുഭവപ്പെടേണ്ട ‘കാന്താ! കൃപാലോ’ എന്ന പദത്തിന് ആ ഭാവം നല്‍കുവാന്‍ പലപ്പോഴും കലാകാരന്മാര്‍ക്ക് കഴിയാറുമില്ല. ‘മതി, മതി, മതിമുഖി! പരിതാപം’ എന്ന വലലന്റെ പദവും വല്ലാതെ ധൃതിപിടിച്ചു തീര്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്. വളരെ അത്യാവശ്യമായി വേണ്ട പദങ്ങള്‍ മാത്രമേ ഇവിടങ്ങളില്‍ പാടാറുമുള്ളൂ. പദത്തിനു ശേഷം, ഇവര്‍ തമ്മില്‍ കാര്യമായ മനോധര്‍മ്മങ്ങളൊന്നും ആടാറുമില്ല. വലലന്, മാലിനിയോടുള്ള സ്നേഹം; കീചകനോടുള്ള കോപം; മാലിനിക്ക് വലലനിലുള്ള വിശ്വാസം ഇങ്ങിനെ വിവിധ ഭാവങ്ങള്‍ പ്രകടമാക്കേണ്ട ഈ രംഗം; ഒട്ടും പ്രാധാന്യമില്ലാത്തതെന്ന മട്ടില്‍ ഓടിച്ചു തീര്‍ക്കുന്നത് വളരെ കഷ്ടമാണ്. അല്പം കൂടി വിസ്‌തരിച്ച്, പദമൊക്കെ ഭംഗിയായി പാടിയാല്‍ തന്നെ, ഏറിയാല്‍ പതിനഞ്ച്-ഇരുപതി മിനിറ്റ് അധികമെടുക്കുമായിരിക്കും. അത്രയും സമയം ലാഭിക്കുന്നതിനായി ഈ രംഗം ഈ രീതിയില്‍ ചുരുക്കേണ്ടതുണ്ടോ?

കീചകന്‍ മാലിനിയെ പ്രതീക്ഷിച്ച് നാട്യഗൃഹത്തിലെത്തുന്നു. കീചകന്റെ പദമായ ‘കണ്ടിവാര്‍കുഴലീ!’യുടെ അവസാനം, നാട്യഗൃഹത്തില്‍ ഒളിച്ചിരിക്കുന്ന വലലന്‍, കീചകനെ ശരീരം ഞെരിച്ച് കൊലപ്പെടുത്തുന്നു. ഇരുട്ടില്‍ തപ്പി-തപ്പി നാട്യഗ്രഹത്തിലെത്തുന്ന കീചകനെ വാര്യര്‍ നന്നായി അവതരിപ്പിച്ചു. പദത്തിനു ശേഷം, ഇവളോടൊപ്പം ശയിക്കുക എന്നുറച്ച്, നാട്യഗൃഹത്തിന്റെ വാതില്‍ അടക്കുവാന്‍ പോകുമ്പോളാവട്ടെ, നല്ല വെളിച്ചത്തില്‍ പോയി അടച്ചു വരുന്നതുപോലെയാണ് ആടിയത്! അപ്പോഴും കണ്ണുകാണുവാന്‍ വയ്യാത്തത്ര ഇരുട്ടു തന്നെയാണല്ലൊ, അതു മറന്നതുപോലെ തോന്നി. കീചകന്‍, വലലനാല്‍ കൊല്ലപ്പെടുന്ന രംഗവും വാര്യര്‍ മനോഹരമാക്കി. വലലനായുള്ള ഫാക്ട് ജയദേവവര്‍മ്മയുടെ രംഗത്തെ പ്രവര്‍ത്തി തൃപ്തികരം എന്നേ പറയുവാനുള്ളൂ. ഇതിലും മനോഹരമായി അവതരിപ്പിക്കുവാന്‍ സാധ്യതയുള്ള കഥാപാത്രം തന്നെയാണ് ‘കീചകവധ’ത്തിലെ വലലന്‍.
പാലനാട് ദിവാകരന്‍, കലാനിലയം രാജീവന്‍ എന്നിവരാണ് കഥക്കു പാടിയത്. ഇരുവരുടേയും ആലാപനം മോശമായില്ല. എങ്കിലും ഹൈദരാലിയും മറ്റും പാടിക്കേട്ടിട്ടുള്ള ആസ്വാദകര്‍ക്ക് ഇത്രയും മതിയോ എന്നും സംശയമാണ്. മാര്‍ഗി രവിന്ദ്രന്‍ മദ്ദളത്തിലും, കോട്ടക്കല്‍ വിജയരാഘവന്‍ ചെണ്ടയിലും കളിക്ക് മേളമൊരുക്കി. ഇരുവരും, പ്രത്യേകിച്ച് വിജയരാഘവന്‍, വളരെ നന്നായി കൈക്കുകൂടി അരങ്ങില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അരങ്ങില്‍ നടനാടുന്നത് ആസ്വദിച്ചാണ് മേളത്തില്‍ ഏര്‍പ്പെടുന്നതെന്നതും വിജയരാഘവന്റെ ഒരു നല്ല വശമായി കണക്കാക്കാം. മേളത്തെയും, നടനത്തേയും എന്നതുപോലെ തന്നെ കഥാപാത്രങ്ങളുടെ ചുട്ടിയും, വേഷങ്ങളും, ഉടുത്തുകെട്ടും വളരെ മികച്ചതായിരുന്നു. എങ്ങിനെയെങ്കിലുമൊക്കെ മതി എന്ന അലസത ഒരു കഥാപാത്രത്തിലും കണ്ടില്ല. മാലിനിക്കും, സുദേഷ്ണയ്ക്കും ഉചിതമായ അലങ്കാരങ്ങള്‍ നല്‍കുവാന്‍ ശ്രദ്ധിച്ചുവെന്നതും എടുത്തുപറയേണ്ടുന്ന ഒന്നാണ്. ചുട്ടിയില്‍ പ്രവര്‍ത്തിച്ച ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍ പിള്ള, മാര്‍ഗി ശ്രീകുമാര്‍, മാര്‍ഗി രവികുമാര്‍; അണിയറയില്‍ ഗോപന്‍, തങ്കപ്പന്‍ പിള്ള, തങ്കപ്പന്‍ എന്നിവരും അഭിനന്ദനാര്‍ഹരാണ്. ചുരുക്കത്തില്‍ കഥകളി ആസ്വാദകര്‍ക്ക് മികച്ച ഒരു അനുഭവമാണ്, രംഗകലോത്സവത്തിന്റെ ഭാഗമയി ദൃശ്യവേദി ഒരുക്കിയ ‘കീചകവധം’ കഥകളി നല്‍കിയത്.
കളിയരങ്ങില്‍:
• കിഴക്കേക്കോട്ടയിലെ കീചകവധം: ഭാഗം 1 - ജൂണ്‍ 6, 2008
• കോട്ടക്കലെ കീചകവധം - ഏപ്രില്‍ 2, 2008
Description: KeechakaVadham staged at SriKarthikaThirunal Theater, East Fort, Thiruvananthapuram; as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna, Fact Jayadeva Varma as Valalan. Pattu by Palanadu Divakaran and Kalanilayam Rajeevan. Kottackal Vijayaraghavan in Chenda and Margi Raveendran in Maddalam. Appreciation by Hareesh N. Nampoothiri aka Haree|ഹരീ.
--
2008 ജൂൺ 11, ബുധനാഴ്‌ച
കിഴക്കേക്കോട്ടയിലെ കീചകവധം - ഭാഗം ഒന്ന്

ജൂണ്‍ 6, 2008: ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കേരള രംഗകലോത്സവത്തിന് കഴിഞ്ഞ ആഴ്ച ആരംഭമായി. പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഒന്നാം ദിവസം ശ്രീകാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ‘കീചകവധം’ കഥകളി അരങ്ങേറി. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ കീചകന്‍, കലാമണ്ഡലം വിജയന്റെ സൈരന്ധ്രി; പാലനാട് ദിവാകരന്‍, കലാനിലയം രാജീവന്‍ തുടങ്ങിയവരുടെ പാട്ട് എന്നിവയായിരുന്നു മുഖ്യ ആകര്‍ഷണങ്ങള്‍. ഉദ്യാനത്തില്‍ പുഷ്പമിറക്കുന്ന സൈരന്ധ്രിയെ കണ്ട് അടുത്തെത്തുന്ന കീചകനില്‍ നിന്നുമാണ് സാധാരണ ഈ കഥ അവതരിക്കപ്പെടാറുള്ളത്. എന്നാല്‍ ഇതിനു മുന്‍പുള്ള; സുദേഷ്ണയും, സൈരന്ധ്രിയും തമ്മിലുള്ള രംഗം കൂടി ഇവിടെ അവതരിക്കപ്പെട്ടു.

കേകയരാജപുത്രിയായ സുദേഷ്ണയുടെ സമീപത്തേക്ക്, രാജ്ഞിയുടെ സൈരന്ധ്രിയാകുവാനുള്ള അനുവാദത്തിനായി, മാലിനിയെന്ന പേരില്‍ പാഞ്ചാലി എത്തുന്നു. ‘ശശിമുഖി! വരിക, സുശീലേ!’ എന്ന സുദേഷ്ണയുടെ പദമാണ് ആദ്യം. പാഞ്ചാലിയുടെ സൌന്ദര്യം വര്‍ണ്ണിച്ചശേഷം, ആരാണെന്ന് തിരക്കുകയാണ് സുദേഷ്ണ ഈ പദത്തില്‍. ‘കേകയഭൂപതികന്യേ! കേള്‍ക്കമേ ഗിരം’ എന്ന സൈരന്ധ്രിയുടെ മറുപടി പദമാണ് തുടര്‍ന്ന്. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞാകാരിണിയായിരുന്ന സൈരന്ധ്രിയാണ് താനെന്നും, മാലിനിയെന്നാണ് തന്റെ പേരെന്നും, കാലഭേദം കൊണ്ട് ഇവിടെ വന്നുപെട്ടതാണെന്നും സൈരന്ധ്രി സുദേഷ്ണയെ അറിയിക്കുന്നു. താന്‍ പത്രലേഖനത്തിലും മറ്റും വളരെ നിപുണയാണെന്നും, തോഴിയായി ഇവിടെ വാഴുവാന്‍ തനിക്ക് അനുവാദം നല്‍കണമെന്നും സൈരന്ധ്രി അപേക്ഷിക്കുന്നു. സുദേഷ്ണ അപ്രകാരം മാലിനിയെ തന്റെ സൈരന്ധ്രിയായി കൂടെ വസിപ്പിക്കുന്നു.
കലാമണ്ഡലം അനില്‍കുമാര്‍ സുദേഷ്ണയായും, കലാമണ്ഡലം വിജയകുമാര്‍ സൈരന്ധ്രിയായും വേഷമിട്ടു. ഇരുവരുടേയും വേഷം, രാജ്ഞിക്കും തോഴിക്കും ഇണങ്ങുന്ന രീതിയിലായിരുന്നത് എടുത്തു പറയേണ്ടതാണ്. ചിത്രം ശ്രദ്ധിക്കുക. തന്റെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി, രാജ്ഞിക്കുമുന്നില്‍ ചിരിക്കുവാന്‍ ശ്രമിക്കുന്ന മാലിനിയെ കലാമണ്ഡലം വിജയകുമാര്‍ വളരെ നന്നായി തന്നെ അവതരിപ്പിച്ചു. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞാകാരിണിയായ സൈരന്ധ്രിയാണെന്നു പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ, “ഇവിടെ വന്നത് എന്തിന്?” എന്ന ചോദ്യമാണ് സുദേഷ്ണയില്‍ നിന്നുണ്ടായത്. എന്നാല്‍ “എന്താണ് നിന്റെ നാമം?” എന്നായിരുന്നു ചോദിക്കേണ്ടത്. അടുത്ത പദം വരുന്നത് ‘നീലവേണി! എനിക്കിന്നു മാലിനിയെന്നല്ലോ നാമം.’ എന്നാണ്. ഇവിടെ വീണ്ടും “ഇവിടെ വന്നത് എന്തിന്?” എന്ന് ആവര്‍ത്തിക്കുകയും ചെയ്തു സുദേഷ്ണ. ആദ്യം വരിമാറി അബദ്ധത്തില്‍ ആ ചോദ്യം ചോദിച്ച സ്ഥിതിക്ക് അനില്‍കുമാര്‍ വീണ്ടും അത് ആവര്‍ത്തിക്കേണ്ടിയിരുന്നില്ല. അതുപോലെ അടുത്ത ഭാഗത്ത് ചോദിച്ചത് “നിനക്ക് എന്തൊക്കെ അറിയാം?” എന്നാണ്. ഇതും അത്ര യോജിപ്പുള്ളതായി തോന്നിയില്ല. “നിനക്കെന്തു സഹായമാണ് ഞാന്‍ ചെയ്യേണ്ടത്?” എന്നോ “ഇവിടെ വരുവാന്‍ കാരണം എന്ത്?” എന്നോ മറ്റോ ചോദിക്കുന്നതായിരുന്നു ഉചിതം. സൈരന്ധ്രിയുടെ അടുത്ത ചരണം അവസാനിക്കുന്നത്, “നിന്നോടൊത്തു വാഴുവാന്‍ എന്നെ അനുവദിക്കുക.” എന്ന അപേക്ഷയോടെയാണെന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്.
പദങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ കാര്യമായ മനോധര്‍മ്മങ്ങളൊന്നും ഉണ്ടായില്ല എന്നതും ഒരു ന്യൂനതയായി. പന്ത്രണ്ടു വര്‍ഷം മുന്‍പാണല്ലോ പാഞ്ചാലിക്ക് ഇന്ദ്രപ്രസ്ഥം വിട്ടു പോവേണ്ടി വരുന്നത്. പാണ്ഡവര്‍ക്കു വന്ന ദുര്യോഗം കേകയരാജകന്യയ്ക്ക് അറിയാതിരിക്കുവാനും തരമില്ല. പാണ്ഡവര്‍ക്കു വന്ന ദുര്യോഗം ഒന്നു സ്മരിച്ച ശേഷം, “ഇത്രയും കാലം നീ എവിടെയായിരുന്നു?” എന്നൊരു ചോദ്യം ന്യായമായും സുദേഷ്ണയ്ക്ക് ചോദിക്കുവാന്‍ കഴിയും. താന്‍ ദേശയാത്രയിലായിരുന്നു, അനേകം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു എന്നോ മറ്റോ സൈരന്ധ്രിക്ക് മറുപടി നല്‍കുകയുമാവാം.

മാലിനി പുഷ്പമിറക്കുന്നത് തിരശീലയ്ക്കു പിന്നില്‍ നിന്നു നോക്കി കാണുന്ന രീതിയിലാണ് ഇവിടെ അവതരിക്കപ്പെട്ടത്. തിരശീല മാറുമ്പോള്‍, കീചകന്‍ ചുറ്റും കണ്ണോടിച്ച് ആരുമില്ലെന്ന് ഉറപ്പു വരുത്തുന്നുമുണ്ട്. കീചകന്‍ പുറകിലൂടെ വന്ന് മാലിനിയെ കൈമുട്ടുകൊണ്ടു തട്ടുന്നു. സംഭ്രമത്തോടെ മാലിനി വശത്തേക്ക് ഒതുങ്ങുന്നു. കലാമണ്ഡലം വിജയകുമാറിന്റെ മാലിനി കീചകനെ കാണുന്ന സമയം മുതല്‍ക്കു തന്നെ അത്യധികം ഭീതയായി കാണപ്പെട്ടു. അത്രയും പരിഭ്രമം ആദ്യം തന്നെ കാണിക്കേണ്ടതുണ്ടോ? കാണിച്ചാല്‍, കീചകന്റെ ഇംഗിതം മനസിലാക്കുമ്പോള്‍, താന്‍ പറയുന്നത് ഇവനില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്നറിയുമ്പോള്‍, കൂടുതല്‍ വിഷമിക്കുന്നതായി കാണിക്കുവാന്‍ ബുദ്ധിമുട്ടാവും. ക്രമാനുഗതമായി മാലിനിയുടെ ഭീതി വളരുന്നതായി അവതരിപ്പിക്കുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു.

കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരാണ് കീചകനെ അവതരിപ്പിച്ചത്. ‘മാലിനി! രുചിരഗുണശാലിനി!’ എന്ന കീചകന്റെ പതിഞ്ഞ പദം വളരെ മനോഹരമായി അവതരിപ്പിച്ചു. എന്നാല്‍ മാലിനിയെക്കണ്ട് ഇവളാരെന്ന് സന്ദേഹിക്കുകയോ, മാലിനിയാണെന്ന് മനസിലാക്കുകയോ ഒന്നും ചെയ്യുകയുണ്ടായില്ല. പദം തുടങ്ങുന്നത് ‘മാലിനി!’ എന്ന് സൈരന്ധ്രിയെ അഭിസംബോധന ചെയ്തു കൊണ്ടാകയാല്‍, രാജ്ഞിയുടെ സമീപം മാലിനിയെന്ന പേരില്‍ ഒരു സുന്ദരിയായ സൈരന്ധ്രി വന്നിട്ടുണ്ടെന്നു കേട്ടു, ഇവളെ ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടിട്ടില്ല, ഇവള്‍ അതിസുന്ദരിയുമാണ് - അതിനാല്‍ ഇവള്‍ തന്നെ മാലിനി എന്നുറയ്ക്കുന്നതായി ആടുന്നത് ഉചിതമായി തോന്നുന്നു. മുദ്രകളെ നൃത്തത്തിലൂടെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഒരു രീതി ചന്ദ്രശേഖര വാര്യര്‍ക്കുണ്ട്. ‘ഗുണശാലിനി! കേള്‍ക്ക നീ!’ എന്ന ഭാഗവും, ‘ചില്ലികൊണ്ടു തല്ലിടാതെ ധന്യേ!’ എന്ന ഭാഗവും വളരെ മനോഹരമായി വാര്യര്‍ രംഗത്തവതരിപ്പിച്ചു.
‘സാദരം നീ ചൊന്നൊരു മൊഴിയിതു, സാധുവല്ല കുമതേ!’ എന്ന പദാരംഭത്തില്‍ വാര്യരുടെ കീചകന്‍ ഇങ്ങിനെയാടി; “കുയിലുകള്‍ ഒന്നും മിണ്ടുന്നില്ല. ഹ, ഇവളുടെ വാണിയോളം വരുമോ അവയുടെ കൂജനം!”. ‘ഖേദമതിനുടയ, വിവരമിതറിക നീ!’ എന്ന ഭാഗത്ത് കീചകന്‍ പറയുന്നു, “എന്റെ ജാതകത്തില്‍ ഖേദം കുറിക്കപ്പെട്ടിട്ടീല്ല.”, അതുപോലെ ‘കേവലം പരനാരിയില്‍ മോഹം’ എന്നു സൈരന്ധ്രി പറയുമ്പോള്‍, “നീ എന്റെ പെണ്ണു തന്നെ.” എന്നു കീചകന്‍ പ്രതിവചിക്കുന്നു. ഇത്തരത്തിലുള്ള ഉചിതമായ ഇടപെടലുകളാല്‍ വാര്യര്‍ രംഗം സമ്പന്നമാക്കി.
മാലിനി ഇത്രയും പറഞ്ഞ്, ഉപായത്തില്‍ രംഗത്തു നിന്നും മാറുന്നു. കീചകന്റെ ആത്മഗതമാണ് മനോധര്‍മ്മമായി പിന്നീട് അവതരിപ്പിക്കുന്നത്. “എന്തൊക്കെയോ കോപവാക്കുകള്‍ പറഞ്ഞ് അവള്‍ മറഞ്ഞു. മാലിനിയുടെ ചന്ദ്രതുല്യമായ മുഖം, തളിരിലസമാനമായ ചുണ്ടുകള്‍, പന്തുകള്‍ പോലെ വികസിച്ച സ്തനങ്ങള്‍, ഇവയൊക്കെ തന്നെ കാമപരവശനാക്കുന്നു. കാമന്‍ എന്നെ ദഹിപ്പിച്ചു ഭസ്മമാക്കുന്നു. ഇവളെ ഒരിക്കല്‍ കൂടി കാണുവാന്‍ ഉപായമെന്ത്?”. തന്റെ സഹോദരിക്ക് ദാസ്യവൃത്തി ചെയ്യുകയാണല്ലോ ഇവള്‍, സഹോദരിയോടു പറഞ്ഞ് ഇതിനൊരു വഴി കാണുകതന്നെ എന്നുറച്ച് കീചകന്‍ രംഗം വിടുന്നു. മാലിനിയുടെ കൈയില്‍ നിന്നും തെറിച്ചു വീണ പൂക്കള്‍ എടുത്ത് തന്റെ മേലിട്ട് നിര്‍വിതി കൊള്ളുന്ന കീചകനെയൊന്നും ഇവിടെ അവതരിപ്പിച്ചുമില്ല. വിടനായ ഒരു കാമുകനെന്ന ഭാവമായിരുന്നില്ല ഇവിടെ കീചകന്. സ്ത്രീലമ്പടത്വവും അത്രയൊന്നും പ്രകടമായില്ല. ‘ഛായാമുഖി’ നാടകത്തിന്റെ സ്വാധീനം കഥകളിയിലെ കീചകനും വന്നതാണോ, ആവോ!
സുദേഷ്ണയെ കീചകന്‍ കണ്ട്, തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍; നാട്യഗ്രഹത്തില്‍ വലലനാല്‍ കൊല്ലപ്പെടുന്നതുവരെയുള്ള കഥാഭാഗത്തിന്റെ ആസ്വാദനം അടുത്ത ഭാഗത്തില്‍.
കളിയരങ്ങില്‍:
• കോട്ടക്കലെ കീചകവധം - ഏപ്രില്‍ 2, 2008
Description: KeechakaVadham staged at SriKarthikaThirunal Theater, East Fort, Thiruvananthapuram; as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna. Pattu by Palanadu Divakaran and Kalanilayam Rajeevan. Kottackal Vijayaraghavan in Chenda and Margi Raveendran in Maddalam. Appreciation by Hareesh N. Nampoothiri aka Haree|ഹരീ.
--
2008 ഏപ്രിൽ 13, ഞായറാഴ്‌ച
കോട്ടക്കലെ കീചകവധം

ഏപ്രില്‍ 2, 2008: കോട്ടക്കല്‍ വിശ്വംഭരക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനം, ‘കീചകവധം’ ആട്ടക്കഥ രണ്ടാമതായി അവതരിക്കപ്പെട്ടു. മടവൂര്‍ വാസുദേവന് നായരുടെ കീചകനും, കലാമണ്ഡലം രാജശേഖരന്റെ സൈരന്ധ്രിയുമായിരുന്നു കോട്ടക്കലെ ‘കീചകവധ’ത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ‘മാലിനി! രുചിരഗുണശാലി’ എന്നുതുടങ്ങുന്ന പതിഞ്ഞ പദം, ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ...’ എന്ന ദണ്ഡകം, ‘സഭ’ എന്ന വാക്ക് നാലുവരികളിലും ആവര്‍ത്തിക്കുന്ന ശ്ലോകം, തുടര്‍ന്നു വരുന്ന ‘ഹരിണാക്ഷി! ജനമൌലീമണേ!’ എന്ന കാംബോജി രാഗത്തിലുള്ള ശൃംഗാരപദം, ‘കണ്ടിവാര്‍കുഴലീ!’ എന്ന അവസാനപദം; ഇങ്ങിനെ ഒട്ടുമിക്ക പദങ്ങളും ആലാപനസാധ്യതകൊണ്ടും, അഭിനയസാധ്യതകൊണ്ടും ഒന്നിനൊന്നു ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ കഥകളിയധികം കണ്ടിട്ടില്ലാത്ത ആസ്വാദകര്‍ക്കുപോലും നന്നായി രസിക്കുന്ന ഒരു ആട്ടക്കഥയാണിത്.

പാണ്ഡവര്‍ വനവാസം കഴിഞ്ഞതിനു ശേഷം, വേഷപ്രച്ഛന്നരായി വിരാടപുരിയില്‍ അജ്ഞാതവാസത്തെ കഴിക്കുന്ന കാലം. വിരാടരാജാവിന്റെ ഭാര്യാസഹോദരനായ കീചകന്‍, രാജ്ഞിയുടെ സൈരന്ധ്രിയായി, മാലിനിയെന്ന പേരില്‍ കൊട്ടാരത്തില്‍ കഴിഞ്ഞുവരുന്ന പാഞ്ചാലിയെക്കണ്ട് ഭ്രമിക്കുന്നു. സാധാരണയായി, പൂന്തോട്ടത്തില്‍ പുഷ്പമിറുക്കുന്ന മാലിനിയെ ദൂരെനിന്ന് കണ്ട്, ഭ്രമിച്ചരികിലെത്തുന്ന കീചകനില്‍ നിന്നുമാണ് ‘കീചകവധം’ ആരംഭിക്കാറുള്ളത്. എന്നാല്‍ ഇവിടെ കീചകനായി വേഷമിട്ട മടവൂര്‍ വാസുദേവന്‍ നായര്‍ കഥ ആരംഭിച്ചത് കീചകന്റെ ഒരു തന്റേടാട്ടത്തോടെയായിരുന്നു. പാഞ്ചാലിയെ ദൂരെനിന്നു കാണുന്ന കീചകന്‍ ഇപ്രകാരം വിചാരിക്കുന്നു: “ദൂരെ കാണുന്നതെന്താണ്. രണ്ട് താമരയിലകളോ, അതോ കാമന്റെയമ്പുകളോ... അല്ല, ഇത് രണ്ട് കണ്ണുകളാണല്ലോ! അതിനു താഴെ രണ്ട് വാകപ്പക്ഷികളാണോ? അതോ കൂമ്പി നില്‍ക്കുന്ന പൂങ്കുലകളോ? അതുമല്ലെങ്കില്‍ രണ്ട് കനകകുംഭങ്ങളോ? അല്ല, അതൊരു സ്ത്രീയുടെ സ്തനങ്ങള്‍ തന്നെ! ഇവളാര്? രാജ്ഞിയുടെ ദാസിയാണെന്നു തോന്നുന്നല്ലോ. ഇതിനുമുന്‍പ് ഇവിടെയെങ്ങും ഇവളെ കണ്ടിട്ടില്ലല്ലോ. ഏതായാലും അടുത്തു ചെന്ന് കൂടുതല്‍ ചോദിച്ചറിഞ്ഞ് ഇവളെ പ്രാപിക്കുക തന്നെ.” ഈയൊരു ഹൃസ്വമായ തന്റേടാട്ടത്തിലൂടെ കീചകന്‍ എന്ന വിടനായ കാമുകനെ പ്രേക്ഷകന് അനായേസേന പരിചയപ്പെടുത്തുകയാണ് മടവൂര്‍ ചെയ്തത്.

സൈരന്ധ്രി വലതുവശത്തുകൂടി പ്രവേശിക്കുന്നു. പുഷ്പമിറുത്തുകൊണ്ടിരിക്കുന്ന സൈരന്ധ്രിയുടെ സമീപത്തേക്ക് കീചകനെത്തുന്നു. തുടര്‍ന്നാണ് ‘മാലിനീ! രുചിരഗുണശാലിനീ!’ എന്നു തുടങ്ങുന്ന കീചകന്റെ പതിഞ്ഞ പദം. കലാമണ്ഡലം രാജശേഖരനായിരുന്നു സൈരന്ധ്രിയായി അരങ്ങിലെത്തിയത്. പന്ത്രണ്ടുകൊല്ലത്തെ വനവാസവും, അജ്ഞാതവാസവുമൊന്നും സൈരന്ധ്രിയെ ദുഃഖിപ്പിക്കുന്നതായി തോന്നിയില്ല. രാജ്ഞിയുടെ ദാസ്യവൃത്തിചെയ്യേണ്ടി വന്നുവെന്ന അപമാനവും സൈരന്ധ്രിയില്‍ കണ്ടില്ല. വളരെ സന്തോഷത്തോടെ അജ്ഞാതവാസകാലം കഴിക്കുന്ന, പുഞ്ചിരിച്ചുകൊണ്ട് പുഷ്പമിറുക്കുന്ന സൈരന്ധ്രിയെയാണ് രാജശേഖരന്‍ അവതരിപ്പിച്ചത്! ഇത്രയും ബോധമില്ലാതെ, രാജശേഖരനെപ്പോലെയുള്ള ഒരു കലാകാരന്‍ രംഗത്തുപ്രവര്‍ത്തിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്. എന്നൊടു പറഞ്ഞതൊന്നും ശരിയല്ലെന്നു പറഞ്ഞ് സൈരന്ധ്രി കീചകസമീപത്തു നിന്നും മാറുന്നു.
സൈരന്ധ്രി പോയതിനു ശേഷം, ഇച്ഛാഭംഗത്തോടെയുള്ള കീചകന്റെ മനോധര്‍മ്മാട്ടമാണ് തുടര്‍ന്ന്. “ഒന്നും നടന്നില്ല! അവളുടെ പിരികം കൊണ്ടുള്ള കടാക്ഷങ്ങള്‍ എന്റെ ഹൃദയത്തെ മുറിക്കുന്നു. അവളുടെ കണ്ണുകളാവട്ടെ തന്റെ മനസിനെ പിടിച്ചു വലിക്കുന്നു. ചുണ്ടുകള്‍ നുകരുവാനായി എന്നില്‍ കൊതി പെരുകുന്നു.” കീചകന്‍ കടന്നു വരുമ്പോള്‍ സൈരന്ധ്രി പൂവിറുക്കുകയായിരുന്നുവല്ലോ? സംഭ്രമിച്ച് താഴെ തൂവിയ പൂവുകളെടുത്ത് തലോടി, തുടരുന്നു. “അവളുടെ കരസ്പര്‍ശമേറ്റ ഈ പൂവുകള്‍ സുകൃതം ചെയ്തവ തന്നെ. എന്നെയാവട്ടെ അവളൊന്നു തൊട്ടതുകൂടിയില്ല!” തന്നോടു തന്നെ അല്പം നീരസം തോന്നിയെന്നു ഭാവിച്ച്, “ഞാനെന്തിന് ഇവിടെ ഇങ്ങിനെ വിഷമിച്ചിരിക്കണം. അവള്‍ കേവലമൊരു ദാസി. പോയി പിടിച്ചുകൊണ്ടുവന്നങ്ങു പ്രാപിക്കുക തന്നെ! ഛെ! ഒരു സ്ത്രീയോട് അങ്ങിനെയൊക്കെ പെരുമാറാമോ. സഹോദരിയെ തന്റെ ഇംഗിതം അറിയിക്കുകയാണുചിതം!”. ഇത്രയുമാടി കീചകന്‍ മാറുന്നാതോടെ ആ രംഗത്തിനു തിരശീല വീഴുന്നു.

തുടര്‍ന്ന് കീചകന്‍ തന്റെ സഹോദരി, സുദേഷ്ണയുടെ സമീപമെത്തി, തനിക്ക് സൈരന്ധ്രിയില്‍ തോന്നിയ താല്പര്യം അറിയിക്കുന്നു. വല്ല വിധേനയും അവളെ തന്റെ സമീപത്തേക്ക് അയയ്ക്കുവാന്‍ കരുണകാണിക്കണമെന്നും കീചകന്‍ അപേക്ഷിക്കുന്നു. എന്നാല്‍ ഇത് കീചകന്റെ ഗുണത്തിനല്ല, അവള്‍ക്ക് ഭര്‍ത്താക്കന്മാരായി അഞ്ചു ഗന്ധര്‍വ്വന്മാരാണുള്ളത്, അവരിതറിഞ്ഞാന്‍ അനര്‍ത്ഥം ഭവിക്കുമെന്ന് സുദേഷ്ണ സഹോദരനെ ഉപദേശിക്കുന്നു. എന്നാല്‍ അഞ്ചു ഗന്ധര്‍വ്വന്മാരെ വെല്ലുവാന്‍ താന്‍ ധാരാളമാണെന്നും, എന്നാല്‍ കാമദേവനെ വെല്ലുവാന്‍ തനിക്ക് കഴിയില്ലെന്നും കീചകന്‍ പ്രതിവചിക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും കീചകന്‍ തന്റെ ആവശ്യത്തില്‍ നിന്നും പിന്മാറുന്നില്ലെന്നു മനസിലാക്കുന്ന സുദേഷ്ണ, താന്‍ വല്ല വിധത്തിലും സൈരന്ധ്രിയെ കീചകന്റെ മന്ദിരത്തിലേക്ക് പറഞ്ഞയയ്ക്കാമെന്നു പറഞ്ഞ് കീചകനെ യാത്രയാക്കുന്നു. അടുത്ത രംഗത്തില്‍ സുദേഷ്ണ, മാലിനിയെ വിളിച്ച്, കീചകന്റെ മന്ദിരത്തില്‍ പോയി തനിക്ക് മദ്യം വാങ്ങിവരുവാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ ഭാഗം മുതല്‍ കീചകസമീപം മാലിനിയെത്തുന്നതുവരെയുള്ള ഭാഗങ്ങള്‍ ദണ്ഡകമായാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്ഞിയുടെ നിര്‍ദ്ദേശം കേട്ട്, ‘പലതടവുമതിനു പുനരവളൊടു പറഞ്ഞളവു, പരുഷമൊഴികേട്ടുനടങ്ങി’, കണ്ണീരാല്‍ മലിനമായ വേഷത്തില്‍, കൈയില്‍ പാത്രവുമായി, സിംഹത്തിന്റെ ഗുഹയിലേക്ക് യാത്രയാവുന്ന മാന്‍പേടയുടെ വിവശതയോടെ, മാലിനി കീചകസവിധത്തിലെത്തി.
മാലിനി, രജ്ഞിയുടെ ദാസിയാണ്. എന്നാല്‍ രാജശേഖരന്റെ വേഷം കണ്ടാല്‍ തിരിച്ചാണ് തോന്നുക. എല്ലാ സ്ത്രീവേഷത്തിനും ഒരേ മാതൃകയില്‍, വര്‍ണശബളമായ അലങ്കാരങ്ങള്‍ ഉചിതമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതിപ്പോള്‍ സൈരന്ധ്രിയായാലും, ദമയന്തിയായാലും, കേശിനിയായാലും, മോഹിനിയായാലും; കലാമണ്ഡലം രാജശേഖരനാണോ, അദ്ദേഹത്തിന്റെ വേഷം ഒരേ രീതിയില്‍! കഥാപാത്രത്തിനനുയോജ്യമായ വേഷം ധരിക്കുവാന്‍ കലാകാരന്മാര്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാതെ, തന്റെ വേഷഭംഗി പ്രകടിപ്പിക്കുകയാവരുത് ലക്ഷ്യം. കോട്ടക്കല്‍ ഹരികുമാറിന്റെ സുദേഷ്ണയ്ക്കും ഈ പറഞ്ഞത് ബാധകമാണ്. വെറുതെ ഒരു വെളുത്ത തുണി മാറത്തു ചുറ്റിയെത്തിയപ്പോള്‍, പട്ടുതുണി ചുറ്റിയെത്തിയ സൈരന്ധ്രിയുടെ ദാസിയുടെ രൂപമായിരുന്നു സുദേഷ്ണയ്ക്കുണ്ടായിരുന്നത്.
മാലിനിയെ പ്രതീക്ഷിച്ച് കീചകന്‍ സ്വഗൃഹത്തില്‍ വസിക്കുന്നു. അല്പം മദ്യമൊക്കെ സേവിച്ചാണിരിപ്പ്. സാധാരണയായി, കീചകന്റെ വിസ്തരിച്ചുള്ള ഒരുക്കമൊക്കെ ആടാറുണ്ട്. ഇവിടെ അതൊക്കെ വേഗത്തില്‍ കഴിച്ചുകൂട്ടി. ഒരു സേവകന്‍ രാജ്ഞിയുടെ ഒരു സൈരന്ധ്രി മദ്യം വാങ്ങുവാനായി വന്നു നില്‍ക്കുന്നു എന്നറിയിക്കുന്നതായി ആടി, അവള്‍ മാലിനി തന്നെയെന്നുറച്ച്, വേഗം അകത്തേക്ക് കടത്തിവിടുവാന്‍ നിര്‍ദ്ദേശിക്കുന്നു. മാലിനി പ്രവേശിക്കുന്നു. “ഹരിണാക്ഷീജനമൌലീമണേ! നീ!” എന്നു തുടങ്ങുന്ന കീചകന്റെ ശൃംഗാരപദമാണ് തുടര്‍ന്ന്. പലതും പറഞ്ഞ് മാലിനിയെ തനിക്കു വഴങ്ങുവാന്‍ കീചകന്‍ പ്രേരിപ്പിക്കുന്നു. നിന്റെ അനുചിതമായ വചനങ്ങള്‍, വൃഥാവിലാവുമെന്ന് മാലിനി തിരിച്ചുപറയുന്നു. ഇതുകേട്ട് കുപിതനാവുന്ന കീചകന്‍, ഇവളെ കൊല്ലുക തന്നെയെന്നുറച്ച് പലതരത്തിലും ഉപദ്രവിക്കുന്നു. തദവസരത്തില്‍ സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസന്‍ മാലിനിയെ രക്ഷിക്കുന്നു.
സിംഹത്തിന്റെ ഗുഹയിലെത്തിയ മാന്‍പേടയുടെ അവസ്ഥയാണ് മാലിനിക്കെന്നാണ് കവിവചനം. എന്നാല്‍ രാജശേഖരന്റെ മാലിനിയാവട്ടെ, സിംഹത്തിന്റെ മുന്നില്‍ നില്‍ക്കുന്ന മദം പൊട്ടിയ ആനയുടെ ശൌര്യത്തോടെയാണ് കീചകന്റെ മുന്‍പില്‍ നിന്നത്. തന്റെ മടിയില്‍ വന്നിരിക്കുവാന്‍ ക്ഷണിക്കുന്ന കീചകനോട് മാലിനി പറയുന്നതു നോക്കൂക: “ഞാനിവിടെ തന്റെ മടിയിലിരിക്കുവാന്‍ വന്നതല്ല, വേഗം മദ്യം തരിക, ഞാന്‍ പോവുകയായി”. ഇതും പോരാഞ്ഞ്, “നീയൊരു എലിമാത്രം, സര്‍പ്പം എലിയെ ഭക്ഷിക്കുന്നതുപോലെ എന്റെ പതികള്‍ നിന്റെ കഥ കഴിക്കും” എന്നും മാലിനി പറയുന്നു. ഇതിനു മറുപടിയായി, “സര്‍പ്പങ്ങളെ കൊത്തിനുറുക്കുന്ന ഗരുഡനെപോലെ ഞാന്‍ അവരെ വകവരുത്തും.” എന്നു കീചകനും പറയുന്നു.
ഇവിടെയൊന്നും ഇങ്ങിനെ പറയുവാനുള്ള ധൈര്യവും തന്റേടവും മാലിനിക്കു വരുവാന്‍ സാധ്യത കാണുന്നില്ല. ഒന്നും മിണ്ടാതെ എല്ലാം സഹിച്ച്, വേഗം മദ്യം തന്നയയ്ക്കുവാനപേക്ഷിക്കുവാന്‍ മാത്രമേ സൈരന്ധ്രിക്കാവുകയുള്ളൂ. ഇതൊന്നും പോരാഞ്ഞ് ഒരവസരത്തില്‍ കീചകനെ അടിക്കുവാനും രാജശേഖരന്റെ സൈരന്ധ്രി തുനിഞ്ഞു! ഇത്രയും പാത്രബോധമില്ലാതെ; ഇത്രനാളത്തെ അരങ്ങു പരിചയമുള്ള; കലാമണ്ഡലത്തിലെ വേഷാധ്യാപകനും, വൈസ്-പ്രിന്‍സിപ്പാളുമായ ഒരു നടന്‍; അരങ്ങത്തു പ്രവര്‍ത്തിച്ചത് വളരെ അത്ഭുതമായി തോന്നി. ‘ആശാനക്ഷരമൊന്നു പിഴച്ചാല്‍, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.’ എന്നാണല്ലോ ചൊല്ല്. ഇവിടെ അമ്പത്തൊന്നും പിഴച്ചു നില്‍ക്കുന്ന ആശാന്റെ കളരിവിട്ടിറങ്ങുന്ന ശിഷ്യന്മാര്‍ അരങ്ങില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്ന് കാത്തിരുന്നു തന്നെ കാണണം.
കീചകന്റെ വധത്തിനു ശേഷം; ഉപകീചകന്‍, ഭീരു എന്നിവരുടെ ഭാഗങ്ങളും കോട്ടക്കല്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ മദോല്‍ക്കടന്റെ ഭാഗം അവതരിപ്പിച്ചതുമില്ല! എന്നാല്‍ ഈ ഭാഗത്ത് മനോധര്‍മ്മമായിപ്പോലും അങ്ങിനെയൊരു കഥാപാത്രത്തിന്റെ വരവ്, കീചകവേഷം കെട്ടുന്ന കലാകാരന്‍ ആടാറുമില്ല. കീചകന്റെ സവിധത്തില്‍ നിന്നും, കേവലമൊരു സൈരന്ധ്രിയായ മാലിനിക്ക് അത്ര എളുപ്പത്തില്‍, പരസഹായമില്ലാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ലല്ലോ! അങ്ങിനെയൊരു സൂചന പോലും നല്‍കാതിരിക്കുന്നത് ഉചിതമാണെന്നു തോന്നുന്നില്ല.

മാലിനി, വലലനായി വസിക്കുന്ന ഭീമന്റെ സമീപമെത്തി കീചകന്റെ നീചവൃത്തിയെക്കുറിച്ച് പരാതിപ്പെടുന്നു. തനിക്ക് അവനെ വസിക്കുക പ്രയാസകരമല്ലെങ്കിലും, ജേഷ്ഠന്റെ നിര്‍ദ്ദേശത്തെ മറികടക്കുകവയ്യല്ലോ. അതിനാല്‍ ഉപായത്തില്‍ വേണം അവനെ വകവരുത്തുവാന്‍. നൃത്തശാലയിലേക്ക് അവനെ വിളിച്ചുവരുത്തുവാനും, അവിടെ മാലിനിയെ പ്രതീക്ഷിച്ചെത്തുന്ന കീചകനേയും കാത്ത് താനിരുന്നുകൊള്ളാമെന്നും, അവിടെവെച്ച് അവനെ കൊന്നുകൊള്ളാമെന്നും സമാധാനിപ്പിച്ച് വലലന്‍ മാലിനിയെ അയയ്ക്കുന്നു. മാലിനിയെ പ്രതീക്ഷിച്ച് നൃത്തശാലയിലെത്തുന്ന കീചകന്റെ പദമായ “കണ്ടിവാര്‍ കുഴലീ...” എന്ന പദമാണ് തുടര്‍ന്ന്. പദാന്ത്യത്തില്‍, വലലന്‍ കീചകനെ പിന്നില്‍ നിന്നും ഞെരിച്ച്, ശ്വാസം മുട്ടിച്ചു കൊല്ലുന്നു.
കോട്ടയ്ക്കല്‍ മുരളിയാണ് വലലനെ രംഗത്തവതരിപ്പിച്ചത്. വെറുതെ വന്നാടി എന്നതിനപ്പുറം, പാഞ്ചാലിയോടുള്ള സ്നേഹമോ, കീചകനോടുള്ള ദേഷ്യമോ ഒന്നും വേണ്ടും വണ്ണം ഭാവത്തിലൂടെ ധ്വനിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ വലലനു കഴിഞ്ഞില്ല. മുഖത്തു തേപ്പും അത്ര നന്നായതായി തോന്നിയില്ല. കീചകവധത്തിലെ, കീചകന്റെ അന്ത്യരംഗം വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ കലാകാരന്മാര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ മടവൂര്‍ അവതരിപ്പിച്ച കീചകന്റെ അന്ത്യരംഗം അത്രയൊന്നും പ്രേക്ഷകരെ സ്പര്‍ശിച്ചില്ല. അദ്ദേഹം തന്നെ ഈ ഭാഗം ഇതിനു മുന്‍പ് ഇതിലും ഭംഗിയായി അവതരിപ്പിച്ച് കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഇവിടുത്തെ അരങ്ങ് തൃപ്തിനല്‍കുമെന്ന് കരുതുക വയ്യ.

കീചകന്‍ നൃത്തശാലയില്‍ മരിച്ചു കിടക്കുന്നതു കാണുന്ന, നൃത്തശാലയിലെ സൂക്ഷിപ്പുകാരന്‍ ഉപകീചകന്റെ സമീപമെത്തി കാര്യമുണര്‍ത്തിക്കുന്നു. നൃത്തശാലയില്‍ മാലിനി കീചകന്റെ ശവത്തിനു സമീപം കരഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട്, ഇവളാണ് കീചകന്റെ മരണത്തിനു കാരണക്കാരിയെന്നു മനസിലാക്കി, ഇവളെയും കീചകന്റെ ചിതയില്‍ ദഹിപ്പിക്കുകയെന്നുറച്ച് ശ്മശാനത്തിലേക്കു ഗമിക്കവെ, വലലന്‍ ഒരു വലിയ മരം പിഴുതുകൊണ്ടുവന്ന് ഏവരേയും വധിക്കുന്നു.
കോട്ടയ്ക്കല്‍ കേശവന്‍ എമ്പ്രാന്തിരി ഉപകീചകനായും, കോട്ടയ്ക്കല്‍ ബാലനാരായണന്‍ ഭീരുവായും (നൃത്തശാല സൂക്ഷിപ്പുകാരന്‍) വേഷമിട്ടു. ഉപകീചകന്റേയും, ഭീരുവിന്റേയും തിരനോക്കു കഴിഞ്ഞ്, ഉപകീചകന്റെ ഹൃസ്വമായ ഒരു തന്റേടാട്ടം. അതിന്റെയൊടുവില്‍ നിലവിളിച്ചുവരുന്ന ഭീരുവിനെ കാണുന്നു. ബാലനാരായണന്റെ ഭീരുവില്‍ ഭീരുത്വമൊഴികെ മറ്റെല്ലാമുണ്ടായിരുന്നു എന്നു വേണം പറയുവാന്‍. ഈ വേഷത്തില്‍ വന്ന് എന്തും കാട്ടാം എന്നാണെന്നു തോന്നുന്നു അദ്ദേഹത്തിന്റെ ധാരണ. പാത്രബോധമില്ലാതെ, ഉപകീചകന്റെ മുന്‍പില്‍ കാലുകയറ്റിയിരിക്കുന്നതും, വെള്ളം കൊണ്ടുവരുവാന്‍ ഉപകീചകനോട് ആജ്ഞാപിക്കുന്നതും മറ്റും ഒട്ടും ഉചിതമായില്ല. പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നിരിക്കാം ഉദ്ദേശം. എന്നാല്‍ ഇങ്ങിനെയൊക്കെ കോമാളിത്തം കാട്ടിയല്ല പ്രേക്ഷകരെ രസിപ്പിക്കേണ്ടത്, ഭീരുവിന്റെ ഭീരുത്വത്തിലൂന്നിയുള്ള ചേഷ്ടകളാവണം കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തേണ്ടത്. അതുപോലെ വേഷത്തിലും അല്പം കൂടി അടക്കും ചിട്ടയുമാവാമായിരുന്നു. എങ്ങിനെയെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ എടുത്തണിയുക എന്നാണോ ഭീരുവിന്റെ വേഷമായി നിശ്ചയിച്ചിരിക്കുന്നത്! അരങ്ങില്‍ സംസാരിക്കുവാന്‍ അനുവദിച്ചിരിക്കുന്ന ചുരുക്കം ചില വേഷങ്ങളിലൊന്നാണ് ഭീരു. എന്നാല്‍ ആ സാധ്യതയും ഇവിടെ പ്രയോജനപ്പെടുത്തി കണ്ടില്ല.

വളരെയധികം സംഗീതപ്രധാനമായ കഥയാണ് ‘കീചകവധം’ എന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. കോട്ടക്കല്‍ മധു, കോട്ടക്കല്‍ സുരേഷ് എന്നിവരാണ് ഉപകീചകന്റെ ഭാഗം വരെ പാടിയത്. എന്നാല്‍ മടവൂര്‍ പലഭാഗങ്ങളും വിശദീകരിച്ചുള്ള ആട്ടമൊഴിവാക്കി, പ്രത്യേകിച്ചും ‘ഹരിണാക്ഷീജനമൌലീമണേ!’ എന്ന പദത്തില്‍. അതിനാല്‍ തന്നെ ഗായകര്‍ക്ക് കാര്യമായ സ്വരസഞ്ചാരത്തിനോ, മനോധര്‍മ്മ പ്രയോഗങ്ങള്‍ക്കോ അവസരമുണ്ടായില്ല. ഇതൊഴിച്ചു നിര്‍ത്തിയാല്‍ നന്നായിത്തന്നെ ഇരുവരും അരങ്ങില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ കോട്ടക്കല്‍ കൊച്ചുനാരായണനും, കോട്ടക്കല്‍ സുരേഷുമാണ് പാടിയത്. കലാഭാരതി ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ ഹരിനാരായണന്‍ എന്നിവര്‍ ആദ്യഭാഗത്ത്; യഥാക്രമം ചെണ്ടയിലും, മദ്ദളത്തിലും മികവുകാട്ടി. കലാമണ്ഡലം ശിവരാമന്‍, ആര്‍.എല്‍.വി. സോമദാസ് എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തത്. ചുരുക്കത്തില്‍, കലാമണ്ഡലം രാജശേഖരന്റെ സൈരന്ധ്രിയുടെ പ്രവര്‍ത്തി ദൂഷ്യം ഒന്നുകൊണ്ടുമാത്രം മറക്കുവാനാഗ്രഹിക്കുന്ന ഒരു ‘കീചകവധ’മായിരുന്നു കോട്ടക്കല്‍ അരങ്ങേറിയത്.
ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.
Description: KeechakaVadham Kathakali staged at Kottackal SriViswambhara Temple: Madavoor Vasudevan Nair(Keechakan), Kalamandalam Rajasekharan(Malini/Sairandhri), Kottackal Murali(Valalan), Kottackal Kesavan Embranthiri(UpaKeechakan), Kottackal Harikumar(Sudeshna), Kottackal Balanarayanan(Bheeru)| Pattu: Kottackal Madhu, Kottackal KochuNarayanan, Kottackal Suresh | Melam: Guruvayoor Harinarayanan(Maddalam), Kalabharathi Unnikrishnan(Chenda) | Chutti: Kalamandalam Sivaraman, R.L.V. Somadas
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri