2008 ജൂലൈ 23, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം

Purappadu, Melappadam & PoothanaMoksham Kathakali: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini and Kalamandalam Mukundan as Poothana.

ജൂലൈ 10, 2008: പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഭാഗമായി കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ‘പൂതനാമോക്ഷം’ കഥകളി അരങ്ങേറി. കഥാവതരണത്തിനു മുന്‍പായി നാലുനോക്കോടു കൂടിയ പുറപ്പാടും, ഡബിള്‍ മേളപ്പദവും അവതരിക്കപ്പെട്ടു. കലാമണ്ഡലം മുകുന്ദന്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ ഒന്നിക്കുന്ന പുറപ്പാട്, അതിനു ശേഷം മാര്‍ഗി വിജയകുമാര്‍ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ എന്നിവയാണ് നിശ്ചയിച്ചിരുന്നതെങ്കിലും; അനാരോഗ്യം നിമിത്തം മാര്‍ഗി വിജയകുമാര്‍ കളിയില്‍ നിന്നും മാറിയതിനാല്‍ കലാമണ്ഡലം മുകുന്ദനാണ് ‘പൂതനാമോക്ഷം’ അവതരിപ്പിച്ചത്. പുറപ്പാട്; കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവര്‍ ചെര്‍ന്നും അവതരിപ്പിച്ചു.



Purappadu: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini.

നാലുനോക്കോടു കൂടി, സമ്പൂര്‍ണ്ണമായി അവതരിക്കപ്പെട്ട പുറപ്പാടായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണീയത. കൃഷ്ണവേഷവും, സ്ത്രീവേഷവും ചേര്‍ന്നാണ് ഇവിടെ പുറപ്പാട് അവതരിക്കപ്പെട്ടത്. “ദേവദേവന്‍! വാസുദേവന്‍!” എന്ന ചരണത്തോടെയാണ് ഒന്നാം നോക്കിന്റെ തുടക്കം. ഇവിടെ ആലവട്ടവും, മേല്‍ക്കട്ടിയും മറ്റും ഉപയോഗിക്കാറുണ്ട്. കൃഷ്ണവേഷം മുരളിയൂതുന്ന മുദ്രപിടിച്ചും, സ്ത്രീവേഷം കൃഷ്ണനെ തൊഴുതുമാണ് പ്രവേശിക്കുന്നത്. “രേവതീരമണനാകും, രാമനോടും കൂടി...” എന്നു തുടങ്ങുന്ന രണ്ടാം ചരണത്തിലാണ് രണ്ടാം നോക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ ഇരുവേഷങ്ങളും തിരശീല പിടിച്ചു താഴ്ത്തുന്നതായാണ്‍` അവതരണം.



Purappadu: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini.

“ഉത്തമബുദ്ധിമാന്‍ ഭക്തരിൽ...” എന്ന മൂന്നാം ചരണത്തോടെ മൂന്നാം നോക്ക് ആരംഭിക്കുന്നു. ഇവിടെ ഇരുവരും ഒരുവശമുള്ള കൈകള്‍ കോര്‍ത്തിണക്കി, മറ്റു കരങ്ങളാല്‍ തിരശീല താഴ്ത്തിയാണ് പ്രവേശിക്കുന്നത്. തിരശീല മാറ്റിയതിനു ശേഷമുള്ള ആട്ടങ്ങളും കൈകള്‍ കോര്‍ത്തു തന്നെയാണ് അവതരിപ്പിക്കുന്നത്. നാലാം നോക്ക് വീണ്ടും സാധാരണ രീതിയില്‍ തിരശീല ഇരുകൈകളും ഉപയോഗിച്ച് പിടിച്ചു താഴ്ത്തിയാണ് തുടങ്ങുന്നത്. “വാരിജലോചനമാരാകും നാരികളുമായി...” എന്ന ചരണമാണ് ഈ ഭാഗത്ത് പാടുന്നത്. തുടര്‍ന്ന് “രാമപാലയ മാം, ഹരേ...” എന്ന നിലപ്പദത്തോടെ പുറപ്പാട് അവസാനിക്കുന്നു. കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവരിരുവരും നന്നായി തന്നെ പുറപ്പാട് അവതരിപ്പിച്ചു. കലാശങ്ങളും, മുദ്രകളും ഒരുപോലെ വിന്യസിച്ച്; നൃത്തങ്ങള്‍ ഗ്രാമ്യമായിപ്പോവാതെ; ഒരുമിച്ച് ഇരുവരും അരങ്ങില്‍ പ്രവര്‍ത്തിച്ചു. ചില അവസരങ്ങളില്‍ അരുണ്‍ വാര്യര്‍ക്ക്, ശുചീന്ദ്രനെ നോക്കേണ്ടി വന്നുവെങ്കിലും, അത് കാര്യമായ ഒരു കുറവായി അനുഭവപ്പെട്ടില്ല.



“മഞ്ജുതര! കുഞ്ജദള!” എന്ന പദത്തോടെ മേളപ്പദം ആരംഭിക്കുന്നു. പദാ‍ലാപനത്തിനു ശേഷം മദ്ദളത്തില്‍ ഇരുവരുടേയും ഇടവിട്ടുള്ള പ്രയോഗമാണ്. “നവഭവ, അശോകദളശയന” ഒന്നാം കാലത്തില്‍ പാടി തുടങ്ങി, ചെണ്ടയിലും ഇടവിട്ട് കൊട്ടി ചരണം പൂര്‍ത്തിയാക്കുന്നു. “കുസുമചയ രചിതശുചി” എന്ന ചരണമാണ് അടുത്തത്. രണ്ടാം കാലത്തിലുള്ള ഈ ചരണം അല്പം വിസ്തരിക്കാറുണ്ട്. അവസാനചരണമായ, മൂന്നാം കാലത്തിലുള്ള “ചലമാലയമൃദുപവന” വളരെ വിസ്തരിച്ച് പാടാറുണ്ട്. ഇതിനുമുന്‍പുള്ള ചരണമായ “വിരതബഹുവല്ലി നവ പല്ലവധനേ...” സാധാരണയായി അവതരിപ്പിക്കാറില്ല, ഇവിടെയും ഇത് ഉണ്ടായില്ല. രണ്ടാം കാലത്തിനും, മൂന്നാം കാലത്തിനും ഇടക്കുള്ള കാലത്തിലാണ് ഈ ചരണം നിശ്ചയിച്ചിട്ടുള്ളത്. പാട്ടുകാരുടെ സംഗീതത്തിലുള്ള കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരമായാണ് മേളപ്പദത്തിലെ പദങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. കോട്ടക്കല്‍ മധുവും, കലാനിലയം രാജീവനും വളരെ നന്നായി തന്നെ ഈ അവസരം ഉപയോഗിച്ചുവെന്നു പറയണം. “ചലമാലയമൃദുപവന” തുടങ്ങിയത് അല്പം ശുഷ്കമായിപ്പോയെങ്കിലും പിന്നീട് ഇരുവരും ഉണര്‍ന്നു പാടി. ഈ വരി പല രാഗങ്ങളില്‍ പാടുക എന്ന സമ്പ്രദായം അരങ്ങില്‍ പരീക്ഷിക്കുവാന്‍ ധൈര്യം കാട്ടിയത് കോട്ടക്കല്‍ മധുവാണ്. ഇവിടെയും പതിനഞ്ചോളം രാഗങ്ങളില്‍ ഈ വരി ആലപിക്കുകയുണ്ടായി. യാഥാസ്ഥിതിക കലാസ്വാദകര്‍ക്ക് മധുവിന്റെ ആലാപനം കല്ലുകടിയായാണ് അനുഭവപ്പെടാറുള്ളത് എന്നു കേള്‍ക്കാറുണ്ടെങ്കിലും; നവതലമുറയിലെ ആസ്വാകരെ കഥകളിയോട് അടുപ്പിച്ചു നിര്‍ത്തുന്നതില്‍ മധുവിന്റെ സംഗീതപരീക്ഷണങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കത്തക്കതല്ല. കലാനിലയം രാജീവനും വളരെ നല്ല രീതിയില്‍ മധുവിനെ പിന്തുണച്ചു. നാലാം കാലത്തിൽ‍, മധ്യമാവതി രാഗത്തിലുള്ള “വിഹിതപത്മാവതീം...” എന്ന അവസാന ചരണത്തോടെ മേളപ്പദത്തിലെ പദഭാഗം അവസാനിക്കുന്നു.



Melappadam: Kalamandalam Sasi, Kalanilayam Manoj in Maddalam and Kalamandalam Krishnadas, Margi Venugopal in Chenda; Pattu by Kottackal Madhu and Kalanilayam Rajeevan.

മദ്ദളത്തില്‍ കലാമണ്ഡലം ശശി, കലാനിലയം മനോജ് എന്നിവരും; ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി വേണുഗോപാല്‍ എന്നിവരുമാണ് പ്രവര്‍ത്തിച്ചത്. അരങ്ങുപരിചയം കൊണ്ട് കലാനിലയം മനോജ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ നിന്നും മനസിലാക്കാവുന്നതാണ്. മാര്‍ഗി വേണുഗോപാലും നന്നായി തന്നെ ചെണ്ടയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. കലാമണ്ഡലം ശശി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ പതിവുപോലെ തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. എന്നിരുന്നാല്‍ തന്നെയും, ഇതിലും മികച്ചതാക്കുവാന്‍ കഴിവുള്ള കലാകാരന്മാരാണ് ഇവരിരുവരും. കൃഷ്ണദാസിന്റേത് വീശുചെണ്ടയായും, വേണുഗോപാലിന്റേത് ഉരുട്ടുചെണ്ടയായും; ഇരുവരും പൂര്‍ണ്ണമായും വീശ്, ഉരുട്ട് എന്നീ വിഭാഗങ്ങളില്‍ വരുന്നില്ലെങ്കിലും; കണക്കാക്കാം. ഈ രണ്ട് ശൈലിയിലുള്ള ചെണ്ടകളുടെ സമന്വയമായിരുന്നു മേളമെന്നത്, ഇവിടുത്തെ മേളപ്പദത്തിന്റെ ആകര്‍ഷണീയത കൂട്ടി.



PoothanaMoksham Kathakali: Kalamandalam Mukundan as Poothana.

ശ്രീകൃഷ്ണനെ കൊല്ലുവാനായി കംസനയയ്ക്കുന്ന പൂതന എന്ന രാക്ഷസി, ലളിതയായി ഗോകുലത്തിലെത്തുന്നു. അമ്പാടിയുടെ മനോഹാരിത വര്‍ണ്ണിക്കുന്ന “അമ്പാടിഗുണം വര്‍ണ്ണിച്ചീടുവാന്‍, വമ്പനല്ല ഫണിരാജനും!” എന്നുതുടങ്ങുന്ന കാംബോജിയിലുള്ള പദമാണ് ആദ്യം. പദാന്ത്യത്തില്‍ നന്ദനിലയം കണ്ട് അങ്ങോട്ടു ഗമിക്കുക തന്നെ എന്നാടി, ശ്രീകൃഷ്ണന്‍ ഉറങ്ങുന്ന മുറിയില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് “സുകുമാര! നന്ദകുമാര!” എന്ന പദം. പദാന്ത്യന്തില്‍ പൈദാഹമുണ്ടെങ്കില്‍ തന്റെ മുലപ്പാല്‍ കുടിക്കുക എന്നാടി മുലയൂട്ടുന്നു. ശ്രീകൃഷ്ണനെ കൊല്ലുവാനും വയ്യ, കൊല്ലാതിരിക്കുവാനും വയ്യ എന്ന അവസ്ഥയിലാവുന്ന പൂതന, ഒടുവില്‍ താന്‍ രാക്ഷസിയാണെന്നും അതിനാല്‍ താന്‍ ചെയ്യുവാന്‍ വന്ന കാര്യം ചെയ്തല്ലാതെ മടങ്ങുകയില്ലെന്നും ഉറച്ച്, മുലക്കണ്ണില്‍ വിഷം തേച്ച് കുഞ്ഞിനെ മുലയൂട്ടുന്നു. എന്നാല്‍ ശ്രീകൃഷ്ണന്‍ മുലപ്പാലിനോടൊപ്പം, പൂതനയുടെ ജീവനും ഊറ്റിയെടുക്കുന്നു.



കഥകളി അരങ്ങേറ്റത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒരു കഥയാണ് ‘പൂതനാമോക്ഷം’. അതിനാല്‍ തന്നെ കലാമണ്ഡലം മുകുന്ദനെപ്പോലെ അരങ്ങുപരിചയമുള്ള ഒരു കലാകാരന്‍ അവതരിപ്പിക്കുന്നു എന്നു പറയുമ്പോള്‍, സാധാരണ അരങ്ങേറ്റം കളികളിലുള്ള ആട്ടങ്ങളല്ല ഒരു ആസ്വാദകന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുകുന്ദന്‌ ആ തരത്തില്‍ ഉയരുവാനായില്ല എന്നത് സങ്കടകരമായി. ഒരു സ്ത്രീവേഷത്തിന്റെ ശരീരഭാഷയുമായിരുന്നില്ല മുകുന്ദന്റെ പൂതനയ്ക്ക് ഉണ്ടായിരുന്നത്. “ഏഴുനിലമണിഗൃഹം, അതിരുചിരം...” എന്ന ഭാഗത്ത് ഏഴുനിലകളുള്ള ഉയരമേറിയ മന്ദിരം എന്നാടേണ്ടിയിടത്ത്, ഏഴു നിലകള്‍ കാണിച്ചെങ്കിലും, വിസ്താരത്തിന് പ്രാധാന്യം നല്‍കിയാണ് അവതരിപ്പിച്ചത്. ഇവിടെ ഉയരമുള്ള മന്ദിരങ്ങളെയാണല്ലോ പൂതന കാണേണ്ടത്! “നര്‍ത്തകരുടെ കളി ചാതുരിയും...” എന്ന ഭാഗങ്ങളില്‍ നൃത്തം ചെയ്യുമ്പോഴും മറ്റും മുഖത്ത് പുഞ്ചിരിയും ഉണ്ടായില്ല. വളരെ ഗൌരവത്തിലായിരുന്നു ഗോപസ്ത്രീകള്‍ അന്ന് നൃത്തമാടിയതെന്നു തോന്നുന്നു! ഗോപസ്ത്രീകള്‍ സ്വയം ആസ്വദിച്ച് സന്തോഷിച്ച് നൃത്തമാടുന്നതും, കളിക്കുന്നതുമാണല്ലോ പൂതനകാണുന്നത്. ഇത് മുകുന്ദന്‍ മനസിലാക്കിയതായി തോന്നിയില്ല. തുടര്‍ന്ന് പന്തുകളി അവതരിപ്പിച്ചതിലും സ്വാഭാവികത പ്രകടമായില്ല.



PoothanaMoksham Kathakali: Kalamandalam Mukundan as Poothana.

ഗോപസ്ത്രീകളോട് അനുവാദം വാങ്ങിയാണ് പൂതന അകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് വാതിലുകളും, ജനാലകളുമൊക്കെ ഭംഗിയായി ബന്ധിക്കുന്നു. കൃഷ്ണന്റെ രൂപമൊന്ന് ചെറുതായി വര്‍ണ്ണിച്ച്, ആ കണ്ണുകള്‍ തന്നെ വല്ലാതെ പിടിച്ചു വലിക്കുന്നു, കാമദേവന്‍ രൂപമെടുത്തപോലെ സുന്ദരമായ രൂപം തുടങ്ങിയ ആട്ടങ്ങളും ഇവിടെയുണ്ടായി. പൂതനയ്ക്ക് കൃഷ്ണനെ ആദ്യം കൊല്ലുവാന്‍ കഴിയുന്നില്ല. തനിക്കിവനെ കൊല്ലാനാവില്ല എന്നുറച്ച് മടങ്ങുവാന്‍ തുടങ്ങുന്നതായി ആടി, കംസനെ ഓര്‍മ്മിച്ച് തിരിച്ചു വരുന്നു. ഇതുപോലെയുള്ള എത്രയെത്ര കുഞ്ഞുങ്ങളെ തരിമ്പും മടിയില്ലാതെ കഴുത്തൊടിച്ചു ചോരകുടിച്ചിട്ടുളതാണ്, അതുപോലെ ഇതും നിസാരം എന്നാലോചിച്ച് കൊല്ലുവാനായുന്നു. പിന്നെയും സന്ദേഹിച്ച്. കഷ്ടം! ഈ പാപഭാരവും എന്റെ തലയില്‍ വന്നു ചേരുമല്ലോ എന്നു പരിതപിച്ച്; കഴുത്തൊടിച്ച് കൊല്ലുവാന്‍ തനിക്കാവില്ല, മുലകളില്‍ വിഷം പിരട്ടി മുലയൂട്ടി കൊല്ലുകതന്നെ എന്നുറയ്ക്കുന്നു. മുലകളില്‍ വിഷം പിരട്ടി കൊല്ലുവാന്‍ പൂതന തുനിയുന്നതെന്ത് എന്നതിന് ഈ രീതിയിലൊരു വിശദീകരണം നല്‍കിയത് നന്നായി. അവസാനം പൂതനയുടെ മരണവെപ്രാളവും, മോക്ഷപ്രാപ്തിയും ആടിയതിലും, പ്രേക്ഷകനെ പിടിച്ചിരുത്തുവാന്‍ തക്കവണ്ണം ഒന്നും തന്നെ ഉണ്ടായില്ല.



കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവര്‍ തന്നെയായിരുന്നു കഥയ്ക്കും പാടിയത്. “അമ്പാടിഗുണം വര്‍ണിച്ചീടുവാന്‍...” എന്ന പദത്തിന്റെ അവസാന ചരണം, “നന്ദനിലയം, ഇതാ കാണുന്നു...” എന്ന ഭാഗം തോടിയില്‍ പാടിയത് അത്രയ്ക്ക് ആകര്‍ഷകമായി അനുഭവപ്പെട്ടില്ല. ആനന്ദഭൈരവിയിലുള്ള “സുകുമാര നന്ദകുമാര” എന്ന പദമാവട്ടെ, പല്ലവി മാത്രം ആനന്ദഭൈരവിയിലും മറ്റുള്ള ചരണങ്ങള്‍ മറ്റു രാഗങ്ങളിലുമാണ് ആലപിച്ചത്. “പല്ലവമൃദുലമാവും പാദം...” എന്ന ചരണം ഒഴിവാക്കുകയും ചെയ്തു. ‘പൂതനാമോക്ഷം’ കഥ മാത്രമായി അവതരിക്കപ്പെടുമ്പോൾ‍, ഈ ചരണം ഒഴിവാക്കേണ്ടതില്ലായിരുന്നു. പൂതനാമോക്ഷത്തിന്റെ ആദ്യഭാഗത്തിന് കലാമണ്ഡലം ശശിയും, തുടര്‍ന്ന് കലാനിലയം മനോജും മദ്ദളത്തില്‍ പ്രവര്‍ത്തിച്ചു. അവസാനഭാഗത്ത് മാര്‍ഗി വേണുഗോപാലാണ് ചെണ്ട കൈകാര്യം ചെയ്തത്. മേളം കഥാഭാഗത്തും മികച്ചുനിന്നു.



ശ്രീകൃഷ്ണനെ പ്രതിനിധീകരിച്ച് പാവയോ, തുണിക്കെട്ടോ ഒന്നും ഉപയോഗിച്ചില്ല എന്നതും ഇവിടുത്തെ കളിയില്‍ കണ്ട, ഒരു നല്ല മാതൃകയായി തോന്നി. ചുരുക്കത്തില്‍ മാര്‍ഗി വിജയകുമാറിന്റെ പൂതനയെ പ്രതീക്ഷിച്ചെത്തിയവര്‍ക്ക് തരിമ്പും തൃപ്തിനല്‍കുന്നതായില്ല കലാമണ്ഡലം മുകുന്ദന്റെ പൂതന. എന്നിരുന്നാലും, പുറപ്പാടും മേളപ്പദവും അവസരത്തിനൊത്തുയര്‍ന്നത് ആസ്വാദകരെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.





Description: Purappadu, Melappadam and PoothanaMoksham Kathakali organized by DrisyaVedi, Thiruvananthapuram. Purappadu by Kalamandalam Sucheendran and Kalamandalam Arun Varier. Pattu by Kottackal Madhu and Kalanilayam Rajeevan. Maddalam by Kalamandalam Sasi and Kalanilayam Manoj. Chenda by Kalamandalam Krishnadas and Margi Venugopal. Kalamandalam Mukundan as Poothana.

--


2008 ജൂലൈ 10, വ്യാഴാഴ്‌ച

മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം രണ്ട്

DuryodhanaVadham Kathakali staged at SriVallabhaKshethram, Mathilbhagam, Thiruvalla: Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmanian as SriKrishnan, Kalamandalam Shanmukhadas as Panchali, Kalamandalam Ramachandran Unnithan as RaudraBhiman.

ദുര്യോധനവധത്തിലെ ചൂത് വരെയുള്ള രംഗങ്ങളുടെ ആസ്വാദനം കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ. യുദ്ധം ഒഴിവാക്കുവാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ശ്രീകൃഷ്ണന്‍ ദൂതുപറയുവാനായി കൌരവസഭയിലേക്ക് തിരിക്കുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കണ്ട് തനിക്ക് കൌരവന്മാരില്‍ നിന്നും നേരിട്ട അപമാനത്തെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ ശാപം ഫലിക്കണമെങ്കില്‍ യുദ്ധം നടക്കണമെന്നാണ് പാഞ്ചാലിയുടെ മതം. നവരസം രാഗത്തിലുള്ള “പരിപാഹിമാം ഹരേ! പത്മാലയ പതേ!” എന്ന പദമാണ് പാഞ്ചാലിയുടേത്. “കേശമിതു കണ്ടു നീ, കേശവാ! ഗമിക്കേണം.” എന്നുപറയുന്ന പാഞ്ചാലിയെ സമാശ്വസിപ്പിച്ചുകൊണ്ടുള്ള ശ്രീകൃഷ്ണന്റെ പദം, “പാര്‍ഷതി! മമ സഖി!” എന്ന പദമാണ് തുടര്‍ന്ന്.



DuryodhanaVadham Kathakali: Kalamandalam Balasubrahmanian as SriKrishnan, Kalamandalam Shanmukhadas as Panchali.

കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ശ്രീകൃഷ്ണനായി വേഷമിട്ടത്. വേഷഭംഗികൊണ്ടും, അരങ്ങിലെ പ്രവര്‍ത്തികൊണ്ടും ഇതിനോടകം ആസ്വാദകരുടെ ശ്രദ്ധ നേടിയ ഒരു കലാകാരനാണദ്ദേഹം. കലാമണ്ഡലം ഗോപിയുടെ ശിഷ്യന്മാരില്‍ പ്രഥമഗണനീയനാണെന്നതും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. ഈ സവിശേഷതകളോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇവിടെയും അദ്ദേഹം അരങ്ങത്തു പ്രവര്‍ത്തിച്ചത്. പദത്തിന്റെ അവസാനം ഒരു ചെറിയ മനോധര്‍മ്മാട്ടവുമുണ്ടായി. നിന്റെ പതിയായ ഭീമസേനന്‍ തീര്‍ച്ചയായും ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ചോര കുടിക്കും, അതു നിന്റെ തലമുടിയില്‍ തൂവി, മുടി കെട്ടുകയും ചെയ്യും. അതിനുള്ള സമയം വളരെ അടുത്തു കഴിഞ്ഞു. നീ സമാധാനമായി വസിക്കുക, എന്നാണ് ആട്ടത്തിന്റെ രത്നച്ചുരുക്കം. ഇപ്രകാരം പറഞ്ഞ് പാഞ്ചാലിയെ യാത്രയാക്കിയ ശേഷം, ഇനി വേഗം ദൂതിനുപോകുവാന്‍ തയ്യാറെടുക്കുക തന്നെ എന്നാടി; സേവകരെ തേരു തയ്യാറാക്കി കൊണ്ടുവരുവാന്‍ നിയോഗിക്കുന്നു.



സേവകര്‍ തയ്യാറാക്കി കൊണ്ടുവരുന്ന തേര് വിശദമായി നോക്കിക്കാണുന്ന ആട്ടം സാധാരണ പതിവുള്ളതാണ്. ഗരുഡനെ സ്മരിച്ച്, കൊടിക്കൂറയില്‍ ഇരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതും മറ്റുമാണ് ആടാറുള്ളത്. എന്നാല്‍ ഇവയൊന്നും ഇവിടെ ഉണ്ടായില്ല. തേരു കണ്ട് തൃപ്തിപ്പെട്ട്, അതില്‍ കയറി വേഗം തന്നെ തിരിക്കുന്നതായാണ് ആടിയത്. കലാമണ്ഡലം ഷണ്മുഖദാസിന്റെ പാഞ്ചാലിയും കാര്യമായ മനോധര്‍മ്മമൊന്നും ആടുകയുണ്ടായില്ല. അക്ഷയപാത്രവും, ദുര്‍വ്വാസാവുമായി ബന്ധപ്പെട്ട കഥയും, ശ്രീകൃഷ്ണന്‍ അന്നും പാഞ്ചാലിയെ സഹായിക്കുന്നതിനായെത്തിയതും മറ്റും സ്മരിക്കാവുന്നതാണ്. അതൊന്നും ഇവിടെ ഉണ്ടായില്ല. ശ്രീകൃഷ്ണനും, പാഞ്ചാലിയും തമ്മിലുള്ള രംഗം ദുര്യോധനവധത്തിലെയെന്നല്ല, സമസ്ത കഥകളിലേയും മികച്ച ഒന്നാണ്. ആ ഭാഗങ്ങള്‍ ലോപിപ്പിക്കുന്നതും, വേണ്ടും വണ്ണം ആടാതിരിക്കുന്നതും തികച്ചും ഖേദകരമാണ്.



തുടര്‍ന്ന് ദുര്യോധനന്റെ രണ്ടാം സഭയും കഥയിലുണ്ടെങ്കിലും, ആ രംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. യാദവനായ ശ്രീകൃഷ്ണന്‍ സഭയില്‍ പ്രവേശിക്കുമ്പോള്‍, രാജാക്കന്മാരാരും തന്താങ്ങളുടെ സ്ഥാനം വിട്ടെഴുന്നേല്‍ക്കരുതെന്നും, അങ്ങിനെ ചെയ്യുന്നവര്‍ തനിക്ക് പിഴ നല്‍കണമെന്നും മറ്റും പറയുന്ന രംഗമാണിത്. ഏറിയാല്‍ പത്തോ പതിനഞ്ചോ മിനിറ്റെടുത്ത് ആടി തീര്‍ക്കാവുന്ന ഈ രംഗം ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീകൃഷ്ണന്റെ സഭയിലേക്കുള്ള പ്രവേശനത്തിന്റെ മാറ്റ് ഈ രംഗം ഒഴിവാക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു. തുടര്‍ന്ന് ധൃതരാഷ്ട്രരുമായുള്ള രംഗം മിക്കയിടത്തും അവതരിപ്പിച്ചുകാണാറില്ല. മറ്റൊരു വേഷം അല്പസമയത്തേക്കായി വേണ്ടിവരും എന്ന പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുവാനായി, ഈ രംഗം ഒഴിവാക്കുന്നത് മനസിലാക്കാം. എങ്കിലും; ദുര്യോധനന്‍, ദുശ്ശാസനന്‍ എന്നിവരെക്കൊണ്ട് മാത്രം അവതരിപ്പിക്കാവുന്ന തൊട്ടു മുന്‍പുള്ള രംഗം ഒഴിവാക്കേണ്ടതില്ല.



DuryodhanaVadham Kathakali: Kottackal Chandrasekhara Varier as Duryodhanan, Kalamandalam Balasubrahmanian as SriKrishnan.

ശ്രീകൃഷ്ണന്‍ ദൂതിനായി സഭയിലേക്ക് പ്രവേശിക്കുകയാണ് തുടര്‍ന്ന്. പാതിരാജ്യം, അഞ്ചു ദേശങ്ങള്‍, അഞ്ചു ഗ്രാമങ്ങള്‍, അഞ്ചു ഗൃഹങ്ങള്‍, ഇതൊന്നുമല്ലെങ്കില്‍ ഒരു ഗൃഹമെങ്കിലും പാണ്ഡവര്‍ക്കു നല്‍കണമെന്നു പറയുന്ന ശ്രീകൃഷ്ണനോട്; സൂചികുത്തുവാന്‍ പോലും അവരെ അനുവദിക്കില്ലെന്ന് ദുര്യോധനന്‍ അറിയിക്കുന്നു. തുടര്‍ന്ന് പാണ്ഡുവിന്റെ പുത്രന്മാരല്ല പാണ്ഡവരെന്നും, അതിനാല്‍ അവര്‍ക്ക് ഭൂമിയില്‍ അവകാശമില്ലെന്നും ദുര്യോധനന്‍ അറിയിക്കുന്നു. വിചിത്രവീര്യജന്റെ പുത്രനല്ല ദുര്യോധനന്റെ താതനും, അതിനാല്‍ ദുര്യോധനനും ഈ ഭൂമിയില്‍ അവകാശമൊന്നുമില്ലെന്ന് അറിയിക്കുന്നു. ഇതുകേട്ട് കോപിക്കുന്ന ദുര്യോധനാദികള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഒരുങ്ങുന്നു. തുടര്‍ന്ന് വിശ്വരൂപം കാട്ടുന്ന ശ്രീകൃഷ്ണന്റെ പ്രഭയില്‍ ദുര്യോധനാദികളുടെ ബോധം നഷ്ടപ്പെടുന്നു. മുമുക്ഷു ശ്രീകൃഷ്ണനെ സ്തുതിക്കുന്നു.



DuryodhanaVadham Kathakali: Kalamandalam Ramachandran Unnithan as RaudraBhiman, Kottackal Devadas as Dussasanan.

രൌദ്രഭീമന്റെ തിരനോക്കാണ് അടുത്തത്. രൌദ്രഭീമന്‍, തിരനോട്ടത്തിനു ശേഷം ദുശ്ശാസനന്‍ എവിടെയാണെങ്കിലും അവനെ കണ്ടുപിടിച്ച് നിഗ്രഹിക്കുക തന്നെ ചെയ്യുമെന്നാടി, ദുശ്ശാസനനെ ദൂരെ കാണുന്നു. “നില്ലെടാ, നില്ലെടാ, നീയല്ലോ പണ്ടെന്റെ...” എന്നു പദത്തിനൊടുവിലായി ദുശ്ശാസനന്റെ മാറുപിളര്‍ന്ന് കൊല്ലുന്നു. തുടര്‍ന്ന് പാഞ്ചാലിയുടെ സമീപമെത്തി രക്തം തലമുടിയില്‍ തൂവി തലമുടി ബന്ധിക്കുന്നു. ദുര്യോധനനുമായുള്ള യുദ്ധമാണ് അടുത്ത രംഗത്തില്‍. ഇതിനിടയില്‍ ശ്രീകൃഷ്ണന്‍ രംഗത്തെത്തി തുടയിലടിക്കുവാന്‍ പറയുന്നുമുണ്ട്. ദുര്യോധനനെയും വധിച്ച ശേഷം ഭീമന്‍ വീണ്ടും ശ്രീകൃഷ്ണന്റെ സമീപമെത്തുന്നു. ശ്രീകൃഷ്ണന്‍ ഭീമനെ ആശ്വസിപ്പിച്ചയയ്ക്കുന്നു.



കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് രൌദ്രഭീമനായി അരങ്ങിലെത്തിയത്. അദ്ദേഹത്തിന്റെ രൌദ്രഭീമന് ഇനിയും രൌദ്രത ആവാമെന്നു തോന്നി. നാടകീയത കൂടുതലായി കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതുമൂലം, ഭാവത്തില്‍ സ്ഥായി കൈവരിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. കലാമണ്ഡലം അരുണാണ് രണ്ടാമത് ശ്രീകൃഷ്ണനായെത്തിയത്. ബാലസുബ്രഹ്മണ്യന് ട്രയിന്‍ നഷ്ടപ്പെടുവാതിരിക്കുവാനാണ് നേരത്തേ പോയത് എന്നാണ് പറഞ്ഞുകേട്ടത്. ഇവരൊക്കെ ട്രയിനില്‍ യാത്ര ചെയ്യുവാനാണോ, അതോ കഥകളി അവതരിപ്പിക്കുവാനാണൊ വരുന്നതെന്ന് സംശയിച്ചു പോവും ഇതൊക്കെ കാണുമ്പോള്‍. അരുണിനെപ്പോലെ ഒരു അരങ്ങുപരിചയം ആയിട്ടില്ലാത്ത ഒരു കലാകാരന് ചെയ്യുവാന്‍ സാധിക്കുന്നതല്ല ദുര്യോധനവധത്തിലെ അവസാന രംഗം. ഭീമനുമായി ചേര്‍ന്ന് നല്ല രീതിയില്‍ ഒരു മനോധര്‍മ്മാട്ടത്തിനു സാധ്യതയുള്ള രംഗം അവതരിപ്പിക്കുവാന്‍ നില്‍ക്കാതെ; ട്രയിനിന്റെ സമയം നോക്കി വേഷം കെട്ടുന്നതും, അഴിക്കുന്നതും കലയോടുള്ള ആത്മാര്‍ത്ഥതക്കുറവായി മാത്രമേ കാണുവാന്‍ കഴിയൂ. (അദ്ദേഹത്തിനൊരു പക്ഷെ, ഒഴിവാക്കുവാന്‍ കഴിയാത്ത അത്യാവശ്യം ഉണ്ടായിരുന്നിരിക്കാം; എന്നാല്‍ അദ്ദേഹം മാത്രമല്ല മറ്റു പല കലാകാരന്മാരും ഇതൊരു പതിവാക്കിയിരിക്കുന്നത് കാണുവാന്‍ കഴിയും.) കളിയുടെ അവസാനമായപ്പോഴേക്കും പാട്ടും, മേളവും എല്ലാം വഴിപാടുമാത്രമായി തീര്‍ന്നു. ഒരു നല്ല കളിയായി അവസാനിക്കേണ്ടിയിരുന്ന ‘ദുര്യോധനവധം’; പ്രഗല്‍ഭരായ ഒട്ടുമിക്ക കലാകാരന്മാരും അണിനിരന്നിട്ടും, ഓര്‍ത്തിരിക്കുവാന്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കളിയായിമാറുകയും ചെയ്തു.



DuryodhanaVadham Kathakali: Kalamandalam Ramachandran Unnithan as RaudraBhiman.

തിരുവല്ല ഗോപിനാഥന്‍ നായര്‍, ചിങ്ങോലി പുരുഷോത്തമന്‍ എന്നിവരുടേതായിരുന്നു ചുട്ടി. ദുശ്ശാസനന്റേയും, രൌദ്രഭീമന്റേയും ചുട്ടി കളിക്കിടയില്‍ ഇളകിപ്പോയി. കലാകാരന്മാര്‍ ആവശ്യത്തിനു സമയം ചുട്ടി ഉണങ്ങുവാന്‍ നല്‍കാത്തതും ഇതിനൊരു കാരണമാണ്. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, എല്ലാ രസവും കളയുന്നതാണ് ഇതുപോലെ ചുട്ടി ഇളകിപ്പോവുന്നതും മറ്റും. സ്ഥിരം കഥകളി നടക്കുവാറുള്ള വേദിയായിട്ടു കൂടി രംഗസജ്ജീകരണം വളരെ അലംഭാവത്തോടെയാണ് ചെയ്തിരിക്കുന്നതെന്നു തോന്നി. വേഷങ്ങളുടെ ഉടുത്തുകെട്ടും വളരെ മോശമായി അനുഭവപ്പെട്ടു. വസ്ത്രങ്ങളും, കോപ്പുകളുമെല്ലാം വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനാല്‍ ഭംഗി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കഥകളി നടക്കുന്ന ഒരു വേദി എന്നതെങ്കിലും കണക്കിലെടുത്ത് ഈ കാര്യങ്ങളിലെല്ലാം, ഇതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ ഈ കാര്യങ്ങളില്‍ നല്‍കിയെങ്കില്‍ എന്നാശിച്ചു പോവുന്നു. അല്ലെങ്കില്‍, ഒരു വഴിപാടു നടത്തിയെന്നതിനപ്പുറം കഥകളിക്ക് ഒരു നേട്ടവും ശ്രീവല്ലഭക്ഷേത്രത്തിലെ അവതരണം കൊണ്ട് ഉണ്ടാവുകയില്ല. ചുരുക്കത്തില്‍ മോശമെന്നു പറയുവാനാവാത്ത ഒന്നു മാത്രമായി മതില്‍ഭാഗത്ത് അവതരിക്കപ്പെട്ട ദുര്യോധനവധം.





Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmaniam and Kalamandalam Arun as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Mumukshu, Kalamandalam Ramachandran Unnithan as RaudraBhiman. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.

--

2008 ജൂൺ 23, തിങ്കളാഴ്‌ച

മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം ഒന്ന്

DuryodhanaVadham Kathakali staged at SriVallabha Kshethram, Mathilbhagam, Thiruvalla: Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmaniam as SriKrishnan, Kalamanndalam Shanmukhadas as Panchali.

ജൂണ്‍ 7, 2008: തിരുവല്ല മതില്‍ഭാഗം ശ്രീവല്ലഭക്ഷേത്ര സന്നിധിയില്‍ വഴിപാടുകളിയായി ‘ദുര്യോധനവധം’ അവതരിക്കപ്പെട്ടു. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാമണ്ഡലം അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പുറപ്പാടോടെയായിരുന്നു ദിവസത്തെ കളി തുടങ്ങിയത്. അതിനു ശേഷം പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ പാട്ടിലും; കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദവും അരങ്ങേറി. ‘കുസുമചയരചിതശുചി’ എന്ന ചരണത്തിന്റെ ഹമീര്‍ കല്യാണിയിലുള്ള ആലാപനം വളരെ ഹൃദ്യമായി അനുഭവപ്പെട്ടു.



‘പാന്‌ഥോജലോചനേ!’ എന്ന ദുര്യോധനന്റെ ഭാനുമതിയോടുള്ള പതിഞ്ഞ പദത്തോടെയാണ് കഥയുടെ ആരംഭം. പാണ്ഡവര്‍ക്കു വന്നു ചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ പദത്തില്‍ സൂചിപ്പിക്കുന്നു. കൂട്ടത്തില്‍ അവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തിന്റെ മനോഹാരിതയും വര്‍ണ്ണിക്കുന്നു. അവിടെ പാഞ്ചാലി അഞ്ചുപേരുടെയും രാജ്ഞിയായി വാഴുന്നു എന്നറിയുമ്പോള്‍ ഭാനുമതിയുടെ ഭാവം മാറുന്നു. കാരണം അന്വേഷിക്കുന്ന പതിയോടുള്ള ഭാനുമതിയുടെ പദമായ “വല്ലഭ! മുല്ലശരോപമ! കേള്‍ക്ക നീ!” എന്ന പദമാണ് തുടര്‍ന്ന്. പാഞ്ചാലി അവിടെ, സര്‍വ്വസുഖങ്ങളോടും കൂടി, തന്നേക്കാള്‍ നല്ല രീതിയില്‍ വാഴുന്നു എന്നത് തനിക്ക് അപമാനവും, കോപവും, സങ്കടവുമാണെന്ന് ഭാനുമതി അറിയിക്കുന്നു.



DuryodhanaVadham Kathakali: Kottackal Chandrasekhara Varier as Duryodhanan, Kalakendram Muraleedharan Nampoothiri as Bhanumathi.

കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ദുര്യോധനനായും, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി ഭാനുമതിയായും അരങ്ങിലെത്തി. ദുര്യോധനനെ വാര്യര്‍ വളരെ നന്നായി രംഗത്തവതരിപ്പിച്ചു. ഒരുപക്ഷെ, കലാമണ്ഡലം ഗോപി പച്ചയിലെന്നതുപോലെ, വാര്യര്‍ കത്തിവേഷങ്ങളില്‍ മാത്രം അരങ്ങിലെത്തുന്നതാവും നല്ലതെന്നു തോന്നുന്നു. വാര്യരുടെ പച്ച വേഷങ്ങളെക്കുറിച്ച് കളിയരങ്ങില്‍ മുന്‍പെഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടാവുമല്ലോ. ‘കോപമോടീര്‍ഷ്യ, അപത്രപതാപവും’ എന്നതാണ് ഭാനുമതിയുടെ അവസ്ഥ. എന്നാല്‍ മുരളീധരന്റെ ഭാനുമതിയില്‍ കോപം മാത്രമേ കണ്ടുള്ളൂ. ഭാവവും, ആട്ടവുമൊക്കെ ഉണ്ടെങ്കിലും മുരളീധരന്‍ നമ്പൂതിരിക്ക് പ്രേക്ഷകരുടെ മനസില്‍ ഭാനുമതിയായി മാറുവാന്‍ സാധിക്കുന്നില്ല എന്നത് ഒരു ന്യൂനതയായി നിലനില്‍ക്കുന്നു. മുരളീധരന്‍ ഭാനുമതിയായി അഭിനയിക്കുന്നു എന്ന തോന്നലാണ് പ്രേക്ഷകര്‍ക്കുണ്ടാവുന്നത്. ഭാനുമതിയാ‍ണത് എന്ന തോന്നലുണ്ടാവുന്നില്ലെന്നു സാരം.



ഭാനുമതിയുടെ കോപം അടക്കുവാനുള്ള ദുര്യോധനന്റെ ശ്രമങ്ങളെല്ലാം വൃഥാവിലാവുന്നതാണ് നാം കാണുന്നത്. ദുര്യോധനന്‍ പറയുന്നു; “നീ നിസ്സാ‍രയായ ഒരു പെണ്ണല്ല. രാജ്ഞിയാണെന്നത് ഓര്‍മ്മവേണം. നിസ്സാരരായ സ്ത്രീകള്‍ സ്തനവലുപ്പത്തിന്റെ പേരില്‍, കട്ടി കൂടിയ മുലക്കച്ച ധരിച്ച് പരസ്പരം കലഹിക്കുന്ന പ്രകാരം നീ പെരുമാറരുത്. നിന്റെ ദുര്‍വിചാരങ്ങള്‍, വളരെ വിചിത്രമായി തോന്നുന്നു. ഞാന്‍ അവര്‍ എങ്ങിനെയുമാവട്ടെ എന്ന് ഉപേക്ഷിച്ചിരിക്കുകയാണ്, അതിനാല്‍ അവര്‍ നന്മയോടെ വാഴുന്നു.” ഇത്രയൊക്കെ ആയിട്ടും ഭാനുമതിക്ക് ഭാവമാറ്റമേതുമില്ലെന്ന് മനസിലാക്കി, ഞാനെന്താണ് നിന്നെ സന്തോഷിപ്പിക്കുവാനായി ചെയ്യേണ്ടതെന്ന് ആരായുന്നു. കൂട്ടത്തില്‍, പാഞ്ചാലിയെ കട്ടുകൊണ്ടു വരട്ടെ എന്നൊരു ചോദ്യവും ചോദിക്കുന്നു. ഇതുകേട്ട് ഭാനുമതിയുടെ കോപം ഇരട്ടിക്കുന്നു. പാഞ്ചാലിയില്‍ പണ്ടേയൊരു കണ്ണുണ്ട് എന്നും മറ്റും ഭാനുമതി പരിഭവിക്കുന്നു. ദുരോധനന്‍, “അങ്ങിനെ വരട്ടെ, എന്റെ മനസില്‍ ഇപ്പോളും അവളുണ്ടോ എന്ന ശങ്കയാണ് ഇവളുടെ കോപത്തിനു കാരണം”. സഹോദരന്മാരോടൊത്ത് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന് അവരെ അപമാനിക്കുന്നുണ്ട് എന്നു പറഞ്ഞ് ഭാനുമതിയെ സമാധാനിപ്പിച്ച്, ദുര്യോധനന്‍ സഹോദരന്മാരുടെ സമീപത്തേക്ക് ഗമിക്കുന്നു.



പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇത്രയും ഭാഗത്തിനു പാടിയത്. ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, മദ്ദളത്തില്‍ കോട്ടക്കല്‍ രവിയും മേളമൊരുക്കി. ഇവരെല്ലാവരും തന്നെ വളരെ നന്നായി രംഗത്തു പ്രവര്‍ത്തിച്ചു. ദുശ്ശാസനന്റെ തിരനോക്കുമുതല്‍ കോട്ടക്കല്‍ മധു, മംഗലം നാരായണന്‍ എന്നിവര്‍ സംഗീതവും, കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും, കലാഭാരതി ജയന്‍ മദ്ദളവും കൈകാര്യം ചെയ്തു. മംഗലം നാരായണന്‍, സംഗീതത്തില്‍ രാഗഭാവം കൊണ്ടുവരുവാന്‍ തന്നെ നന്നേ യത്നിക്കുന്നതായി തോന്നി. കഥാപാത്രങ്ങളുടെ ഭാവത്തിന് അനുസരിച്ചുള്ള, രാഗഭാവം മാത്രം സംഗീതത്തില്‍ കൊണ്ടുവരുവാന്‍ ഇനിയും നാരായണന്‍ പരിശീലിക്കേണ്ടിയിരിക്കുന്നു. മദ്ദളത്തില്‍ കലാഭാരതി ജയന്‍, വളരെ മോശമായാണ് അരങ്ങില്‍ പ്രവര്‍ത്തിച്ചത്. കൈക്കു കൂടുന്നതോ, കലാശത്തിനു വൃത്തിയായി കൊട്ടുന്നതോ പോവട്ടെ; കൊട്ടണ്ടേ! ഇതു വെറുതെ മദ്ദളത്തില്‍ തട്ടുകയായിരുന്നെന്നു പറയാം. അരങ്ങിലെ കഥാപാത്രങ്ങളെക്കൂടുതല്‍ ചുറ്റും നടക്കുന്ന കാര്യങ്ങളിലും മറ്റുമായിരുന്നു ജയനു ശ്രദ്ധ. ഇതൊന്നും പോരാഞ്ഞ് ഇടയ്ക്കിടെ പിന്നില്‍ വന്നു വിളിക്കുന്ന സുഹൃത്തക്കളോട്, മദ്ദളത്തോടെ തന്നെ നീങ്ങി നിന്നുള്ള സംസാരവും. അത്ര ബുദ്ധിമുട്ടാണെങ്കില്‍, ഈ പണി ഉപേക്ഷിക്കുന്നതല്ലേ ജയനു നല്ലത്? വെറുതെ, കാണികളെക്കൂടി ബുദ്ധിമുട്ടിക്കണോ? ജയന്‍ അവിടെ മദ്ദളവും തട്ടി നിന്നില്ലെങ്കില്‍, കഥകളിക്ക് ഒരു നഷ്ടവും വരാനില്ല എന്നത് ഓര്‍ക്കുക.



DuryodhanaVadham as Kathakali: Kottackal Devdadas as Dussasanan.

ദുശ്ശാസനനോട് ദുര്യോധനന്റെ പദമാണ് തുടര്‍ന്ന്; ‘സോദരന്മാരേ, ഇതു സാദരം കണ്ടിതോ?’ എന്നു തുടങ്ങുന്നു ഈ പദം. ഈ പദത്തിന്റെ ചരണങ്ങളിലൊന്ന് ഇപ്രകാരമാണ്; ‘ശില്പി മയാസുര കല്പിതമല്‍ഭുതം!’. ഈ ഭാഗത്ത് പദം ആടുന്നതിനു പുറമേ ഒരു ചെറിയ മനോധര്‍മ്മവുമുണ്ടായി. ഒരു ശില്പം ചൂണ്ടിക്കാണിച്ചിട്ട്, എന്തു തോന്നുന്നു എന്ന് ദുര്യോധനന്‍ ദുശ്ശാസനനോട് ചോദിക്കുന്നു. ഒരു സുന്ദരിയുടെ ശില്പമാണ് എന്നു ദുശ്ശാസനന്‍ മറുപടി കൊടുക്കുന്നു. ദുര്യോധനന്‍ വീണ്ടും, ഒന്നു കൂടി സൂക്ഷിച്ചു നോക്കുവാന്‍ സഹോദരനോട് പറയുന്നു. നോക്കിയിട്ടു വന്നിട്ട്, അതൊരു സുന്ദരിയുടെ ശില്പം തന്നെ എന്നു ഉറപ്പിക്കുന്നു, ദുശ്ശാസനന്‍. ദുര്യോധനന്‍ നിരാശയോടെ, “എടാ, ആ ശില്പത്തിനു തുണിയില്ല, പൂര്‍ണ്ണ നഗ്നയാണ്, അതു നീ കണ്ടില്ലേ?” എന്നു ചോദിക്കുന്നു. ദുശ്ശാസനന്‍, “ഹ ഹ ഹ, ശരി തന്നെ. ഞാന്‍ മുഖം മാത്രമേ നോക്കിയുള്ളൂ.” എന്നു നിഷ്കളങ്കനായി പറയുന്നു. അതിനു മറുപടിയായി ദുര്യോധനന്‍, “ഹൊ! ഇവനൊരു പൊണ്ണന്‍. ഭാര്യയുടെ അടുത്തും ഇങ്ങിനെ തന്നെ? അവളുടേയും മുഖം മാത്രമേ താന്‍ കണ്ടിട്ടുള്ളോ?”. ദുശ്ശാസനന്‍, ചിരിച്ച് ഇളഭ്യത നടിക്കുന്നു. വിശദമായി ഇന്ദ്രപ്രസ്ഥം കണ്ടതിനു ശേഷം, ഇവരെ അവമാനിക്കുവാന്‍ എന്തുവഴിയെന്ന് മാതുലനോട് ആലോചിച്ച് വേണ്ടതു ചെയ്യാം എന്നു പറഞ്ഞു മാറുന്നു.



കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ദുര്യോധനനും, കോട്ടക്കല്‍ ദേവദാസിന്റെ ദുശ്ശാസനനും; ഇവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാര്‍ തന്നെയാണോ എന്നു തോന്നിപ്പിക്കും വിധമാണ് രംഗത്തു പ്രവര്‍ത്തിച്ചത്. ഒരേ കളരിയില്‍ നിന്നുമാണ് ഇരുവരുമെന്നതും, നിരവധിയരങ്ങുകളില്‍ ഇവര്‍ ഈ വേഷങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതും ഇവരുടെ ദുര്യോധന-ദുശ്ശാസന വേഷങ്ങളുടെ മികവിന് പ്രധാന കാരണങ്ങളാണ്. യുധിഷ്ഠിരനും, പാഞ്ചാലിയും, ഭീമനും ഇരിക്കുന്ന സഭയിലേക്ക് ദുര്യോധനാദികള്‍ പ്രവേശിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതു കണ്ട് ദുര്യോധനാദികള്‍ കോപത്തോടെ അവിടെ നിന്നും നിഷ്‌ക്രമിക്കുന്നു. കലാഭാരതി ഹരികുമാര്‍ യുധിഷ്ഠിരനായും, കലാമണ്ഡലം ഷണ്മുഖദാസ് പാഞ്ചാലിയായും, കലാമണ്ഡലം അരുണ്‍കുമാര്‍ കുട്ടിഭീമനായും വേഷമിട്ടു. അരുണ്‍കുമാറിന് കുട്ടിഭീമന്റെ വേഷമൊന്നും കൈകാര്യം ചെയ്യുവാനുള്ള പാകമായിട്ടില്ല എന്നതുമൂലമുള്ള രസക്കുറവൊഴിച്ചാല്‍, ഈ രംഗം വളരെ നന്നായിത്തന്നെ അവതരിക്കപ്പെട്ടു.



DuryodhanaVadham Kathakali: Kalabharathi Harikumar as Yudhishtiran, Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Nedumudi Vasudeva Panikker as Sakuni.

തങ്ങള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ ദുര്യോധനന്‍ മാതുലനായ ശകുനിയെ അറിയിക്കുന്നു. അവരെ ചൂതില്‍ തോല്‍പ്പിച്ച്, അവരുടെ സമ്പത്തും, ഐശ്വര്യവും കൈക്കലാക്കുവാന്‍ ശകുനി ദുര്യോധനനെ ഉപദേശിക്കുന്നു. ദുര്യോധനന്‍ അപ്രകാരം യുധിഷ്ഠിരനെ ചൂതിനു ക്ഷണിക്കുന്നു. ചൂത് നല്ലതല്ലെങ്കിലും, അത് രാജധര്‍മ്മത്തില്‍ പെടുന്നതാകയാല്‍ കളിക്കാം, എന്നാല്‍ ചതിപാടില്ലെന്നും മറ്റും, യുധിഷ്ഠിരന്‍ ദുര്യോധനനോട് പറയുന്നു. തുടര്‍ന്ന് ചൂതുകളി. എല്ലാ സമ്പത്തുകളും നഷ്ടപ്പെടുന്ന യുധിഷ്ഠിരന്‍, സഹോദരന്മാരെ പണയപ്പെടുത്തി കളി തുടരുന്നു. സഹോദരന്മാരേയും നഷ്ടപ്പെടുമ്പോള്‍, തന്നെയും ഭാര്യയേയും പണയം വെച്ച് ചൂതുകളിക്കുന്നു. അവിടെയും യുധിഷ്ഠിരന്‍ തോല്‍ക്കുന്നു. തങ്ങളെ ഇന്ദ്രപ്രസ്ഥത്തില്‍ വെച്ച് അപമാനിച്ചതോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസ്യവേല ചെയ്യുവാനായി ശാസിക്കുവാന്‍ ദുശ്ശാസനനോട് അജ്ഞാപിക്കുന്നു. തൊട്ടുകൂടാതെ മാറിയിരിക്കുന്ന പാഞ്ചാലിയെ, മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് ദുശ്ശാസനന്‍ സഭയിലെത്തിക്കുന്നു. ഇതൊന്നും പോരാഞ്ഞ് ഏവരുടേയും മുന്നില്‍ വസ്ത്രാക്ഷേപത്തിനും മുതിരുന്നു. പഞ്ചാലി ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നു. ശ്രീകൃഷ്ണന്‍ ദുശ്ശാസനന്‍ വസ്ത്രമഴിക്കുന്ന മുറക്ക്, വസ്ത്രം നല്‍കി പാഞ്ചാലിയെ അപമാനത്തില്‍ നിന്നും രക്ഷിക്കുന്നു. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും, തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും രണത്തില്‍ വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. അതിനു ശേഷം മാത്രമേ തന്റെ അഴിഞ്ഞ മുടി കെട്ടുകയിള്ളൂവെന്നും പാഞ്ചാലി ശപഥമെടുക്കുന്നു.



DuryodhanaVadham Kathakali: Kottackal Devadas as Dussasanan, Kalamandalam Shanmukhadas as Panchali.

ഇതൊക്കെ കേട്ട് ദുര്യോധനന്‍ കോപത്തോടെ, ദാ‍സരായ പാണ്ഡവരെ പന്ത്രണ്ടുകൊല്ലം വനവാസത്തിനും, അതിനു ശേഷം അജ്ഞാത വാസത്തിനുമയയ്ക്കുന്നു. അജ്ഞാതവാസത്തില്‍ പിടിക്കപ്പെട്ടാല്‍, ഇത് പിന്നെയും ആവര്‍ത്തിക്കുമെന്നും ദുര്യോധനന്‍ അറിയിക്കുന്നു. അപമാനഭാരത്തോടെ പാണ്ഡവര്‍ പാഞ്ചാലിയോടൊപ്പം വനവാസത്തിനു പുറപ്പെടുന്നു. നെടുമുടി വാസുദേവ പണിക്കരാണ് ശകുനിയെ അവതരിപ്പിച്ചത്. ചതിയും, കൌശലവും കൈമുതലായുള്ള ശകുനിയെ, ആ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നു കരുതുവാന്‍ വയ്യ. കുറച്ചു കൂടി ഗൌരവപൂര്‍ണ്ണമാ‍യ സമീപനം ഈ കഥാപാത്രത്തിന് ആവശ്യമാണ്. ചൂതുമുതലുള്ള ഭാഗങ്ങള്‍ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും, കോട്ടക്കല്‍ മധുവും ചേര്‍ന്നാണ് ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അജ്ഞാതവാസത്തിനു ശേഷം, ദുര്യോധനന്‍ പാണ്ഡവര്‍ക്ക് അവകാശപ്പെട്ട രാജ്യം തിരിച്ചു നല്‍കുവാന്‍ തയ്യാറാവുന്നില്ല. യുദ്ധം ഒഴിവാക്കുവാനായി യത്നിക്കുവാന്‍, ശ്രീകൃഷ്ണന്‍ കൌരവസഭയിലേക്ക് ദൂതിനു പോകുവാന്‍ ഒരുങ്ങുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കാണുവാനെത്തുന്ന ഭാഗം തൊട്ടുള്ള കളിയുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.





Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kalakendram Muraleedharan Nampoothiri as Bhanumathi, Kottackal Devadas as Dussasanan, Kalabharathi Harikumar as Yudhishtiran, Kalabharathi Arun Kumar as KuttiBhiman, Kalamandalam Balasubrahmaniam as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Sakuni. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.

--

2008 ജൂൺ 18, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം - ഭാഗം രണ്ട്

KeechakaVadham performed as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna, Fact Jayadeva Varma as Valalan.
ജൂണ്‍ 6, 2008: കേരള രംഗകലോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ടയില്‍ അവതരിപ്പിക്കപ്പെട്ട ‘കീചകവധം’ കഥകളിയുടെ ആദ്യഭാഗങ്ങളുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? തന്റെ ആഗ്രഹസഫലീകരണത്തിനായി കീചകന്‍, തന്റെ സഹോദരിയായ സുദേഷ്ണയുടെ അടുത്തെത്തി തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ആഗ്രഹമറിയിക്കുന്ന കീചകനെ പറഞ്ഞുമനസിലാക്കുവാന്‍ സുദേഷ്ണ യത്നിക്കുന്നു. അഞ്ചു ഗന്ധര്‍വ്വന്മാര്‍ അവള്‍ക്ക് പതിമാരായി ഉണ്ടെന്നും, അതിനാല്‍ തന്നെ നിന്റെ ഈ ആഗ്രഹം നിന്റെ തന്നെ നാശത്തിനാണെനും മറ്റും സുദേഷ്ണ പറയുന്നു. എന്നാല്‍, അഞ്ചു ഗന്ധര്‍വ്വന്മാരെ ജയിക്കുവാന്‍ താന്‍ ഒറ്റയ്ക്കുമതിയെന്നും; എന്നാല്‍ കാമദേവനെ ജയിക്കുവാന്‍ തനിക്കാവതില്ലെന്നും പറഞ്ഞു നില്‍ക്കുന്ന സഹോദരനോട് ഇനിയെന്തെങ്കിലും പറയുന്നതില്‍ കാര്യമില്ലെന്നു മനസിലാക്കി, വല്ല വിധത്തിലും മാലിനിയെ കീചകന്റെ മന്ദിരത്തിലേക്ക് അയക്കാമെന്ന് ഉറപ്പുകൊടുത്ത് സഹോദരനെ അയക്കുന്നു.

KeechakaVadham Kathakali: Kalamandalam Anilkumar as Sudeshna, Kalamandalam Vijayakumar as Sairandhri.
സുദേഷ്ണ മാലിനിയെ വിളിച്ച്, കീചകസവിധത്തില്‍ പോയി മദ്യം വാങ്ങിവരുവാന്‍ അറിയിക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ദണ്ഡകമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂതസുതനുടെ മന്ദിരത്തില്‍ മാലിനി എത്തുന്നതുവരെയാണ് ദണ്ഡകം. സാധാരണയായി സുദേഷ്ണയായി രംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക്, സുദേഷ്ണയുടേതായ ഒരു വ്യക്തിത്വം ആ കഥാപാത്രത്തിനു നല്‍കുവാന്‍ സാധിക്കാറില്ല. എന്നാല്‍ കലാമണ്ഡലം അനില്‍കുമാറിന് അതിവിടെ സാധിച്ചു. സുദേഷ്ണയും, സൈരന്ധ്രിയുമൊത്തുള്ള ആദ്യരംഗം ഇവിടെ അവതരിക്കപ്പെട്ടതുകൊണ്ടു കൂടിയാണ് ഇത് അനില്‍കുമാറിനു സാധിച്ചത് എന്നതും ഓര്‍ക്കേണ്ടതാണ്. ആദ്യ ഭാഗത്തില്‍ സൂചിപ്പിച്ച, ചില മനോധര്‍മ്മത്തിലെ പിഴവുകളും മറ്റും ഒഴിവാക്കിയാല്‍ മികച്ച ഒരു അവതരണമായിരുന്നു സുദേഷ്ണയായി അനില്‍കുമാര്‍ നടത്തിയത്.

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri.
‘ഹരിണാക്ഷി! ജനമൌലിമണേ!’ എന്ന കീചകന്റെ ശൃംഗാരപദമാണ് അടുത്തത്. നടന്നു തളര്‍ന്ന നിന്റെ പാദങ്ങള്‍ ഞാന്‍ പരിചരിക്കാം, മാലിനി വന്നതിനാല്‍ തന്റെ മന്ദിരം ധന്യമായി, തന്റെ ജന്മം സഫലമായി തുടങ്ങി പലതും പറഞ്ഞ് മാലിനിയെ വശത്താക്കുവാന്‍ കീചകന്‍ യത്നിക്കുന്നെങ്കിലും, ഒന്നും ഫലം കാണുന്നില്ല. സൈരന്ധ്രി “വേഗം മദ്യം തരിക, ഞാന്‍ പോവട്ടെ...” എന്ന രീതിയില്‍ കീചകനോട് കോപിച്ചു തന്നെ എതിര്‍ത്തു പറയുകയും ചെയ്യുന്നു. എങ്കില്‍, ഗുണശീല ചമയുന്ന നിന്നെയിന്ന് കൊന്നിട്ടു തന്നെ കാര്യം എന്നുറച്ച് കൊല്ലുവാനായുന്നു. മാലിനി വല്ലവിധേനയും കീചകന്റെയടുത്തു നിന്നും ഓടി രക്ഷപെടുന്നു.

ശ്ലോകം കഴിഞ്ഞ് തിരശ്ശീല മാറ്റുമ്പോള്‍ മാലിനി രംഗപ്രവേശം ചെയ്യുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. കീചകന്റെ ഒരുക്കം, സേവകന്‍ ഒരു സൈരന്ധ്രി കാണുവാന്‍ അനുവാദം ചോദിക്കുന്നു തുടങ്ങിയ ഭാഗങ്ങളൊന്നും ആടുകയുണ്ടായില്ല. മൂന്നുവട്ടം കലാശം കൊട്ടിക്കഴിഞ്ഞതിനു ശേഷമാണ് പദം തുടങ്ങേണ്ടത്. എന്നാല്‍ പാലനാട് ദിവാകരന് അവിടെ പിഴവുപറ്റി. രണ്ടാമത്തെ കലാശത്തിനു ശേഷം തന്നെ അറിയാതെ തുടങ്ങിപ്പോയി. എന്നാല്‍, ഒരു ഭാവമാറ്റവും കൂടാതെ തന്റെ പ്രവര്‍ത്തി തുടര്‍ന്ന ചന്ദ്രശേഖര വാര്യര്‍ അനുകരണീയമായ മാതൃകയാണ്. ഉടനെ ഭാഗവതരോട് തിരിഞ്ഞ് തന്റെ നീരസം പ്രകടിപ്പിക്കുകയും മറ്റും ചെയ്താല്‍ എത്ര അരോചകമായിരിക്കും?

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri.
പദാവസാനം മാലിനി ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നു. കീചകന്‍ അവളെ തടയുന്നു. ശേഷം അണച്ചു നില്‍ക്കുന്ന മാലിനിയെനോക്കി കീചകന്റെ മനോധര്‍മ്മം ഇങ്ങിനെ: “ഇവള്‍ അണയ്ക്കുമ്പോള്‍ സ്തനങ്ങള്‍ ഉയര്‍ന്നു താഴുന്നു; ഇതു കണ്ടാല്‍ കൂമ്പി നില്‍ക്കുന്ന താമരകള്‍, പൊയ്കയില്‍ ഓളത്തിനൊത്ത് പൊങ്ങിത്താഴുന്നതു പോലെ തോന്നുന്നു.” രാജ്ഞിയുടെ സേവകയായി കഷ്ടപ്പെടാതെ തന്റെ രാജ്ഞിയായി വാഴാം തുടങ്ങി മോഹനവാഗ്ദാനങ്ങളിലൊന്നും സൈരന്ധ്രിയുടെ മനസുമാറ്റുവാന്‍ കഴിയുന്നില്ല എന്നു മനസിലാക്കുന്ന കീചകന്‍, അവളെ ബലാല്‍ പ്രാപിക്കുവാന്‍ ഒരുങ്ങുന്നു. മാലിനി ഓടി രക്ഷപെടുന്നു. സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസന്‍ കീചകനെ തടയുന്നതിനാലാണ് മാലിനിക്ക് രക്ഷപെടുവാന്‍ സാധിക്കുന്നത്, എന്നാലിവിടെ അത് ആടുകയുണ്ടായില്ല. തീര്‍ച്ചയായും അത് ആടാതിരിക്കുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല.

KeechakaVadham Kathakali: Fact Jayadeva Varma as Valalan, Kalamandalam Vijayakumar as Sairandhri.
കീചകന്റെ പക്കല്‍ നിന്നും രക്ഷപെടുന്ന മാലിനി, വിരാടരാജാവിന്റെ പാചകശാലയില്‍ ‘വലലന്‍’ എന്ന പേരില്‍ വസിക്കുന്ന തന്റെ പതിയായ ഭീമസേനന്റെ പക്കലെത്തുന്നു. ‘കാന്താ! കൃപാലോ’ എന്ന മാലിനിയുടെ പദമാണ് തുടര്‍ന്ന്. കീചകന്റെ ദുര്‍വൃത്തികള്‍ കാരണമായി, മാലിനിക്കുണ്ടായ കഷ്ടതകള്‍ക്ക് പകരം ചോദിക്കുമെന്ന് വലലന്‍ അറിയിക്കുന്നു. എന്നാല്‍ വെളിച്ചത്തില്‍ നേരിടുക ഈ അവസ്ഥയില്‍ സാധ്യമല്ലെന്നതിനാല്‍, ഉപായത്തിലൂടെ അവന്റെ കഥകഴിക്കാമെന്ന് നിശ്ചയിച്ച്, കീചകനെ നാട്യഗൃഹത്തിലേക്ക് എത്തിക്കുവാന്‍ മാലിനിയോട് ആവശ്യപ്പെടുന്നു. അവിടെ കാത്തു നിന്ന് അവനെ നിഗ്രഹിക്കുവാനാണ് വലലന്റെ ഉദ്ദേശം. അപ്രകാരം ചെയ്യാമെന്ന് പറഞ്ഞ് മാലിനി രംഗത്തു നിന്നും മാറുന്നു.

ഈ ഭാഗങ്ങളെല്ലാം, ഈ വേദിയിലെന്നല്ല മിക്ക വേദികളിലും, വളരെ വേഗത്തില്‍ കഴിക്കുന്നതാ‍യാണ് കണ്ടിട്ടുള്ളത്. മാലിനിയുടെ വിലാപമായി അനുഭവപ്പെടേണ്ട ‘കാന്താ! കൃപാലോ’ എന്ന പദത്തിന് ആ ഭാ‍വം നല്‍കുവാന്‍ പലപ്പോഴും കലാകാരന്മാര്‍ക്ക് കഴിയാറുമില്ല. ‘മതി, മതി, മതിമുഖി! പരിതാപം’ എന്ന വലലന്റെ പദവും വല്ലാതെ ധൃതിപിടിച്ചു തീര്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്. വളരെ അത്യാവശ്യമായി വേണ്ട പദങ്ങള്‍ മാത്രമേ ഇവിടങ്ങളില്‍ പാടാറുമുള്ളൂ. പദത്തിനു ശേഷം, ഇവര്‍ തമ്മില്‍ കാര്യമായ മനോധര്‍മ്മങ്ങളൊന്നും ആടാറുമില്ല. വലലന്, മാലിനിയോടുള്ള സ്നേഹം; കീചകനോടുള്ള കോപം; മാലിനിക്ക് വലലനിലുള്ള വിശ്വാസം ഇങ്ങിനെ വിവിധ ഭാവങ്ങള്‍ പ്രകടമാക്കേണ്ട ഈ രംഗം; ഒട്ടും പ്രാധാന്യമില്ലാത്തതെന്ന മട്ടില്‍ ഓടിച്ചു തീര്‍ക്കുന്നത് വളരെ കഷ്ടമാണ്. അല്പം കൂടി വിസ്‌തരിച്ച്, പദമൊക്കെ ഭംഗിയായി പാടിയാല്‍ തന്നെ, ഏറിയാല്‍ പതിനഞ്ച്-ഇരുപതി മിനിറ്റ് അധികമെടുക്കുമായിരിക്കും. അത്രയും സമയം ലാഭിക്കുന്നതിനായി ഈ രംഗം ഈ രീതിയില്‍ ചുരുക്കേണ്ടതുണ്ടോ?

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Fact Jayadeva Varma as Valalan.
കീചകന്‍ മാലിനിയെ പ്രതീക്ഷിച്ച് നാട്യഗൃഹത്തിലെത്തുന്നു. കീചകന്റെ പദമായ ‘കണ്ടിവാര്‍കുഴലീ!’യുടെ അവസാനം, നാട്യഗൃഹത്തില്‍ ഒളിച്ചിരിക്കുന്ന വലലന്‍, കീചകനെ ശരീരം ഞെരിച്ച് കൊലപ്പെടുത്തുന്നു. ഇരുട്ടില്‍ തപ്പി-തപ്പി നാട്യഗ്രഹത്തിലെത്തുന്ന കീചകനെ വാര്യര്‍ നന്നായി അവതരിപ്പിച്ചു. പദത്തിനു ശേഷം, ഇവളോടൊപ്പം ശയിക്കുക എന്നുറച്ച്, നാട്യഗൃഹത്തിന്റെ വാതില്‍ അടക്കുവാന്‍ പോകുമ്പോളാവട്ടെ, നല്ല വെളിച്ചത്തില്‍ പോയി അടച്ചു വരുന്നതുപോലെയാണ് ആടിയത്! അപ്പോഴും കണ്ണുകാണുവാന്‍ വയ്യാത്തത്ര ഇരുട്ടു തന്നെയാണല്ലൊ, അതു മറന്നതുപോലെ തോന്നി. കീചകന്‍, വലലനാല്‍ കൊല്ലപ്പെടുന്ന രംഗവും വാര്യര്‍ മനോഹരമാക്കി. വലലനായുള്ള ഫാക്ട് ജയദേവവര്‍മ്മയുടെ രംഗത്തെ പ്രവര്‍ത്തി തൃപ്തികരം എന്നേ പറയുവാനുള്ളൂ. ഇതിലും മനോഹരമായി അവതരിപ്പിക്കുവാന്‍ സാധ്യതയുള്ള കഥാപാത്രം തന്നെയാണ് ‘കീചകവധ’ത്തിലെ വലലന്‍.

പാലനാട് ദിവാകരന്‍, കലാനിലയം രാജീവന്‍ എന്നിവരാണ് കഥക്കു പാടിയത്. ഇരുവരുടേയും ആലാപനം മോശമായില്ല. എങ്കിലും ഹൈദരാലിയും മറ്റും പാടിക്കേട്ടിട്ടുള്ള ആസ്വാദകര്‍ക്ക് ഇത്രയും മതിയോ എന്നും സംശയമാണ്. മാര്‍ഗി രവിന്ദ്രന്‍ മദ്ദളത്തിലും, കോട്ടക്കല്‍ വിജയരാഘവന്‍ ചെണ്ടയിലും കളിക്ക് മേളമൊരുക്കി. ഇരുവരും, പ്രത്യേകിച്ച് വിജയരാഘവന്‍, വളരെ നന്നായി കൈക്കുകൂടി അരങ്ങില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അരങ്ങില്‍ നടനാടുന്നത് ആസ്വദിച്ചാണ് മേളത്തില്‍ ഏര്‍പ്പെടുന്നതെന്നതും വിജയരാഘവന്റെ ഒരു നല്ല വശമായി കണക്കാക്കാം. മേളത്തെയും, നടനത്തേയും എന്നതുപോലെ തന്നെ കഥാപാത്രങ്ങളുടെ ചുട്ടിയും, വേഷങ്ങളും, ഉടുത്തുകെട്ടും വളരെ മികച്ചതാ‍യിരുന്നു. എങ്ങിനെയെങ്കിലുമൊക്കെ മതി എന്ന അലസത ഒരു കഥാപാത്രത്തിലും കണ്ടില്ല. മാലിനിക്കും, സുദേഷ്ണയ്ക്കും ഉചിതമായ അലങ്കാരങ്ങള്‍ നല്‍കുവാന്‍ ശ്രദ്ധിച്ചുവെന്നതും എടുത്തുപറയേണ്ടുന്ന ഒന്നാണ്. ചുട്ടിയില്‍ പ്രവര്‍ത്തിച്ച ആ‍ര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍ പിള്ള, മാര്‍ഗി ശ്രീകുമാര്‍, മാര്‍ഗി രവികുമാര്‍; അണിയറയില്‍ ഗോപന്‍, തങ്കപ്പന്‍ പിള്ള, തങ്കപ്പന്‍ എന്നിവരും അഭിനന്ദനാര്‍ഹരാണ്. ചുരുക്കത്തില്‍ കഥകളി ആസ്വാദകര്‍ക്ക് മികച്ച ഒരു അനുഭവമാണ്, രംഗകലോത്സവത്തിന്റെ ഭാഗമയി ദൃശ്യവേദി ഒരുക്കിയ ‘കീചകവധം’ കഥകളി നല്‍കിയത്.


കളിയരങ്ങില്‍:
കിഴക്കേക്കോട്ടയിലെ കീചകവധം: ഭാഗം 1 - ജൂണ്‍ 6, 2008
കോട്ടക്കലെ കീചകവധം - ഏപ്രില്‍ 2, 2008


Description: KeechakaVadham staged at SriKarthikaThirunal Theater, East Fort, Thiruvananthapuram; as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna, Fact Jayadeva Varma as Valalan. Pattu by Palanadu Divakaran and Kalanilayam Rajeevan. Kottackal Vijayaraghavan in Chenda and Margi Raveendran in Maddalam. Appreciation by Hareesh N. Nampoothiri aka Haree|ഹരീ.
--

2008 ജൂൺ 11, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം - ഭാഗം ഒന്ന്

KeechakaVadham Kathakali: Organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam AnilKumar as Sudeshna.
ജൂണ്‍ 6, 2008: ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കേരള രംഗകലോത്സവത്തിന് കഴിഞ്ഞ ആഴ്ച ആരംഭമായി. പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഒന്നാം ദിവസം ശ്രീകാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ‘കീചകവധം’ കഥകളി അരങ്ങേറി. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ കീചകന്‍, കലാമണ്ഡലം വിജയന്റെ സൈരന്ധ്രി; പാലനാട് ദിവാകരന്‍, കലാനിലയം രാജീവന്‍ തുടങ്ങിയവരുടെ പാട്ട് എന്നിവയായിരുന്നു മുഖ്യ ആകര്‍ഷണങ്ങള്‍. ഉദ്യാനത്തില്‍ പുഷ്പമിറക്കുന്ന സൈരന്ധ്രിയെ കണ്ട് അടുത്തെത്തുന്ന കീചകനില്‍ നിന്നുമാണ് സാധാരണ ഈ കഥ അവതരിക്കപ്പെടാറുള്ളത്. എന്നാല്‍ ഇതിനു മുന്‍പുള്ള; സുദേഷ്ണയും, സൈരന്ധ്രിയും തമ്മിലുള്ള രംഗം കൂടി ഇവിടെ അവതരിക്കപ്പെട്ടു.

KeechakaVadham Kathakali: Kalamandalam AnilKumar as Sudeshna, Kalamandalam Vijayakumar as Sairandhri.
കേകയരാജപുത്രിയായ സുദേഷ്ണയുടെ സമീപത്തേക്ക്, രാജ്ഞിയുടെ സൈരന്ധ്രിയാകുവാനുള്ള അനുവാദത്തിനായി, മാലിനിയെന്ന പേരില്‍ പാഞ്ചാലി എത്തുന്നു. ‘ശശിമുഖി! വരിക, സുശീലേ!’ എന്ന സുദേഷ്ണയുടെ പദമാണ് ആദ്യം. പാഞ്ചാലിയുടെ സൌന്ദര്യം വര്‍ണ്ണിച്ചശേഷം, ആരാണെന്ന് തിരക്കുകയാണ് സുദേഷ്ണ ഈ പദത്തില്‍. ‘കേകയഭൂപതികന്യേ! കേള്‍ക്കമേ ഗിരം’ എന്ന സൈരന്ധ്രിയുടെ മറുപടി പദമാണ് തുടര്‍ന്ന്. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞാകാരിണിയായിരുന്ന സൈരന്ധ്രിയാണ് താനെന്നും, മാലിനിയെന്നാണ് തന്റെ പേരെന്നും, കാലഭേദം കൊണ്ട് ഇവിടെ വന്നുപെട്ടതാണെന്നും സൈരന്ധ്രി സുദേഷ്ണയെ അറിയിക്കുന്നു. താന്‍ പത്രലേഖനത്തിലും മറ്റും വളരെ നിപുണയാണെന്നും, തോഴിയായി ഇവിടെ വാഴുവാന്‍ തനിക്ക് അനുവാദം നല്‍കണമെന്നും സൈരന്ധ്രി അപേക്ഷിക്കുന്നു. സുദേഷ്ണ അപ്രകാരം മാലിനിയെ തന്റെ സൈരന്ധ്രിയായി കൂടെ വസിപ്പിക്കുന്നു.

കലാമണ്ഡലം അനില്‍കുമാര്‍ സുദേഷ്ണയായും, കലാമണ്ഡലം വിജയകുമാര്‍ സൈരന്ധ്രിയായും വേഷമിട്ടു. ഇരുവരുടേയും വേഷം, രാജ്ഞിക്കും തോഴിക്കും ഇണങ്ങുന്ന രീതിയിലായിരുന്നത് എടുത്തു പറയേണ്ടതാണ്. ചിത്രം ശ്രദ്ധിക്കുക. തന്റെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി, രാജ്ഞിക്കുമുന്നില്‍ ചിരിക്കുവാന്‍ ശ്രമിക്കുന്ന മാലിനിയെ കലാമണ്ഡലം വിജയകുമാര്‍ വളരെ നന്നായി തന്നെ അവതരിപ്പിച്ചു. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞാകാരിണിയായ സൈരന്ധ്രിയാണെന്നു പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ, “ഇവിടെ വന്നത് എന്തിന്?” എന്ന ചോദ്യമാണ് സുദേഷ്ണയില്‍ നിന്നുണ്ടായത്. എന്നാല്‍ “എന്താണ് നിന്റെ നാമം?” എന്നായിരുന്നു ചോദിക്കേണ്ടത്. അടുത്ത പദം വരുന്നത് ‘നീലവേണി! എനിക്കിന്നു മാലിനിയെന്നല്ലോ നാമം.’ എന്നാണ്. ഇവിടെ വീണ്ടും “ഇവിടെ വന്നത് എന്തിന്?” എന്ന് ആവര്‍ത്തിക്കുകയും ചെയ്തു സുദേഷ്ണ. ആദ്യം വരിമാറി അബദ്ധത്തില്‍ ആ ചോദ്യം ചോദിച്ച സ്ഥിതിക്ക് അനില്‍കുമാര്‍ വീണ്ടും അത് ആവര്‍ത്തിക്കേണ്ടിയിരുന്നില്ല. അതുപോ‍ലെ അടുത്ത ഭാഗത്ത് ചോദിച്ചത് “നിനക്ക് എന്തൊക്കെ അറിയാം?” എന്നാ‍ണ്. ഇതും അത്ര യോജിപ്പുള്ളതായി തോന്നിയില്ല. “നിനക്കെന്തു സഹായമാണ് ഞാന്‍ ചെയ്യേണ്ടത്?” എന്നോ “ഇവിടെ വരുവാ‍ന്‍ കാരണം എന്ത്?” എന്നോ മറ്റോ ചോദിക്കുന്നതായിരുന്നു ഉചിതം. സൈരന്ധ്രിയുടെ അടുത്ത ചരണം അവസാനിക്കുന്നത്, “നിന്നോടൊത്തു വാഴുവാന്‍ എന്നെ അനുവദിക്കുക.” എന്ന അപേക്ഷയോടെയാണെന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്.

പദങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ കാര്യമായ മനോധര്‍മ്മങ്ങളൊന്നും ഉണ്ടായില്ല എന്നതും ഒരു ന്യൂനതയായി. പന്ത്രണ്ടു വര്‍ഷം മുന്‍പാണല്ലോ പാഞ്ചാലിക്ക് ഇന്ദ്രപ്രസ്ഥം വിട്ടു പോവേണ്ടി വരുന്നത്. പാണ്ഡവര്‍ക്കു വന്ന ദുര്യോഗം കേകയരാജകന്യയ്ക്ക് അറിയാതിരിക്കുവാനും തരമില്ല. പാണ്ഡവര്‍ക്കു വന്ന ദുര്യോഗം ഒന്നു സ്മരിച്ച ശേഷം, “ഇത്രയും കാലം നീ എവിടെയായിരുന്നു?” എന്നൊരു ചോദ്യം ന്യായമായും സുദേഷ്ണയ്ക്ക് ചോദിക്കുവാന്‍ കഴിയും. താന്‍ ദേശയാത്രയിലായിരുന്നു, അനേകം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു എന്നോ മറ്റോ സൈരന്ധ്രിക്ക് മറുപടി നല്‍കുകയുമാവാം.

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri.
മാലിനി പുഷ്പമിറക്കുന്നത് തിരശീലയ്ക്കു പിന്നില്‍ നിന്നു നോക്കി കാണുന്ന രീതിയിലാണ് ഇവിടെ അവതരിക്കപ്പെട്ടത്. തിരശീല മാറുമ്പോള്‍, കീചകന്‍ ചുറ്റും കണ്ണോടിച്ച് ആരുമില്ലെന്ന് ഉറപ്പു വരുത്തുന്നുമുണ്ട്. കീചകന്‍ പുറകിലൂടെ വന്ന് മാലിനിയെ കൈമുട്ടുകൊണ്ടു തട്ടുന്നു. സംഭ്രമത്തോടെ മാലിനി വശത്തേക്ക് ഒതുങ്ങുന്നു. കലാമണ്ഡലം വിജയകുമാറിന്റെ മാലിനി കീചകനെ കാണുന്ന സമയം മുതല്‍ക്കു തന്നെ അത്യധികം ഭീതയായി കാണപ്പെട്ടു. അത്രയും പരിഭ്രമം ആദ്യം തന്നെ കാണിക്കേണ്ടതുണ്ടോ? കാണിച്ചാല്‍, കീചകന്റെ ഇംഗിതം മനസിലാക്കുമ്പോള്‍, താന്‍ പറയുന്നത് ഇവനില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്നറിയുമ്പോള്‍, കൂടുതല്‍ വിഷമിക്കുന്നതായി കാണിക്കുവാന്‍ ബുദ്ധിമുട്ടാവും. ക്രമാനുഗതമായി മാലിനിയുടെ ഭീതി വളരുന്നതായി അവതരിപ്പിക്കുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു.

KeechakaVadham Kathakali: Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri.
കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരാണ് കീചകനെ അവതരിപ്പിച്ചത്. ‘മാലിനി! രുചിരഗുണശാലിനി!’ എന്ന കീചകന്റെ പതിഞ്ഞ പദം വളരെ മനോഹരമായി അവതരിപ്പിച്ചു. എന്നാല്‍ മാലിനിയെക്കണ്ട് ഇവളാരെന്ന് സന്ദേഹിക്കുകയോ, മാലിനിയാണെന്ന് മനസിലാക്കുകയോ ഒന്നും ചെയ്യുകയുണ്ടായില്ല. പദം തുടങ്ങുന്നത് ‘മാലിനി!’ എന്ന് സൈരന്ധ്രിയെ അഭിസംബോധന ചെയ്തു കൊണ്ടാകയാല്‍, രാജ്ഞിയുടെ സമീപം മാലിനിയെന്ന പേരില്‍ ഒരു സുന്ദരിയായ സൈരന്ധ്രി വന്നിട്ടുണ്ടെന്നു കേട്ടു, ഇവളെ ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടിട്ടില്ല, ഇവള്‍ അതിസുന്ദരിയുമാണ് - അതിനാല്‍ ഇവള്‍ തന്നെ മാലിനി എന്നുറയ്ക്കുന്നതായി ആടുന്നത് ഉചിതമായി തോന്നുന്നു. മുദ്രകളെ നൃത്തത്തിലൂടെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഒരു രീതി ചന്ദ്രശേഖര വാര്യര്‍ക്കുണ്ട്. ‘ഗുണശാലിനി! കേള്‍ക്ക നീ!’ എന്ന ഭാഗവും, ‘ചില്ലികൊണ്ടു തല്ലിടാതെ ധന്യേ!’ എന്ന ഭാഗവും വളരെ മനോഹരമായി വാര്യര്‍ രംഗത്തവതരിപ്പിച്ചു.

‘സാദരം നീ ചൊന്നൊരു മൊഴിയിതു, സാധുവല്ല കുമതേ!’ എന്ന പദാരംഭത്തില്‍ വാര്യരുടെ കീചകന്‍ ഇങ്ങിനെയാടി; “കുയിലുകള്‍ ഒന്നും മിണ്ടുന്നില്ല. ഹ, ഇവളുടെ വാണിയോളം വരുമോ അവയുടെ കൂജനം!”. ‘ഖേദമതിനുടയ, വിവരമിതറിക നീ!’ എന്ന ഭാഗത്ത് കീചകന്‍ പറയുന്നു, “എന്റെ ജാതകത്തില്‍ ഖേദം കുറിക്കപ്പെട്ടിട്ടീല്ല.”, അതുപോലെ ‘കേവലം പരനാരിയില്‍ മോഹം’ എന്നു സൈരന്ധ്രി പറയുമ്പോള്‍, “നീ എന്റെ പെണ്ണു തന്നെ.” എന്നു കീചകന്‍ പ്രതിവചിക്കുന്നു. ഇത്തരത്തിലുള്ള ഉചിതമായ ഇടപെടലുകളാല്‍ വാര്യര്‍ രംഗം സമ്പന്നമാക്കി.

മാലിനി ഇത്രയും പറഞ്ഞ്, ഉപായത്തില്‍ രംഗത്തു നിന്നും മാറുന്നു. കീചകന്റെ ആത്മഗതമാണ് മനോധര്‍മ്മമായി പിന്നീട് അവതരിപ്പിക്കുന്നത്. “എന്തൊക്കെയോ കോപവാക്കുകള്‍ പറഞ്ഞ് അവള്‍ മറഞ്ഞു. മാലിനിയുടെ ചന്ദ്രതുല്യമായ മുഖം, തളിരിലസമാനമായ ചുണ്ടുകള്‍, പന്തുകള്‍ പോലെ വികസിച്ച സ്തനങ്ങള്‍, ഇവയൊക്കെ തന്നെ കാമപരവശനാക്കുന്നു. കാമന്‍ എന്നെ ദഹിപ്പിച്ചു ഭസ്മമാക്കുന്നു. ഇവളെ ഒരിക്കല്‍ കൂടി കാണുവാന്‍ ഉപായമെന്ത്?”. തന്റെ സഹോദരിക്ക് ദാസ്യവൃത്തി ചെയ്യുകയാണല്ലോ ഇവള്‍, സഹോദരിയോടു പറഞ്ഞ് ഇതിനൊരു വഴി കാണുകതന്നെ എന്നുറച്ച് കീചകന്‍ രംഗം വിടുന്നു. മാലിനിയുടെ കൈയില്‍ നിന്നും തെറിച്ചു വീണ പൂക്കള്‍ എടുത്ത് തന്റെ മേലിട്ട് നിര്‍വിതി കൊള്ളുന്ന കീചകനെയൊന്നും ഇവിടെ അവതരിപ്പിച്ചുമില്ല. വിടനാ‍യ ഒരു കാമുകനെന്ന ഭാവമായിരുന്നില്ല ഇവിടെ കീചകന്. സ്ത്രീലമ്പടത്വവും അത്രയൊന്നും പ്രകടമായില്ല. ‘ഛായാമുഖി’ നാടകത്തിന്റെ സ്വാധീനം കഥകളിയിലെ കീചകനും വന്നതാണോ, ആവോ!

സുദേഷ്ണയെ കീചകന്‍ കണ്ട്, തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍; നാട്യഗ്രഹത്തില്‍ വലലനാല്‍ കൊല്ലപ്പെടുന്നതുവരെയുള്ള കഥാഭാഗത്തിന്റെ ആസ്വാദനം അടുത്ത ഭാഗത്തില്‍.



കളിയരങ്ങില്‍:
കോട്ടക്കലെ കീചകവധം - ഏപ്രില്‍ 2, 2008


Description: KeechakaVadham staged at SriKarthikaThirunal Theater, East Fort, Thiruvananthapuram; as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna. Pattu by Palanadu Divakaran and Kalanilayam Rajeevan. Kottackal Vijayaraghavan in Chenda and Margi Raveendran in Maddalam. Appreciation by Hareesh N. Nampoothiri aka Haree|ഹരീ.
--

2008 മേയ് 31, ശനിയാഴ്‌ച

ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം രണ്ട്

KirmeeraVadham Kathakali: Kalamandalam Ramachandran Unnithan as Simhika, Margi Vijayakumar as Lalitha, Kalamandalam Shanmukhadas as Panchali.
ഏപ്രില്‍ 20, 2008: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ‘കിര്‍മ്മീരവധം’ കഥകളിയുടെ ‘പാത്രചരിതം’ വരെയുള്ള ഭാഗം ഇവിടെ വായിച്ചുവല്ലോ. സിംഹികയുടെ വരവുമുതല്‍ ആരംഭിക്കുന്ന രണ്ടാം ഭാഗത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ആദ്യഭാഗം കഥകളിയെ ഗൌരവമായി സമീപിക്കുന്ന, ജ്ഞാനിയായ പ്രേക്ഷകര്‍ക്കായുള്ളതാണെങ്കില്‍; രണ്ടാം ഭാ‍ഗം, കഥകളി ആസ്വദിച്ചു തുടങ്ങിയിട്ടുള്ളവര്‍ക്കു പോലും കാണ്ടുമനസിലാക്കുവാനും, രസിക്കുവാനും കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതല്‍ ജനകീയമാണ് ഈ ഭാഗങ്ങളെന്നു സാരം.

സിംഹിക, നക്രതുണ്ഢി തുടങ്ങിയ പെണ്‍കരി വേഷങ്ങള്‍ക്ക് കലാപരമായ സാധ്യതകള്‍ കുറവാണെങ്കിലും, പ്രേക്ഷകരെ രസിപ്പിക്കുന്നരീതിയില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്നവയാണിവ. സിംഹികയുടെ തിരനോക്കോടു കൂടിയാണ് രംഗം ആരംഭിക്കുന്നത്. തുടര്‍ന്ന് സിംഹികയുടെ തന്റേടാട്ടമാണ്. ഒരുക്കം, പന്തുകളി എന്നിങ്ങനെ സാധാരണ രംഗത്തു കാണാറുള്ളവ തന്നെയാണ് ഇവിടെയുമാടിയത്. അവസാനം വിശക്കുന്നതായാടി, ആഹാരം അന്വേഷിച്ചു തിരിക്കുന്നു. മനുഷ്യഗന്ധം ലഭിക്കുന്നതായി കാണിച്ച്, ദൂരെ ധാരാളം പേര്‍ ഒരുമിച്ചു കഴിയുന്നതായി കാണുന്നു. ആരാണിവര്‍ എന്നടുത്തു ചെന്നു നോക്കുന്നു. ബ്രാഹ്മണരാണ്, ഇവിടെ ഈ വിജനമായ വനത്തില്‍ യാതൊരു ഭയാശങ്കകളും കൂടാതെ വസിക്കുവാന്‍ ഇവര്‍ക്കെങ്ങിനെ ധൈര്യം വന്നുവെന്ന് സിംഹിക അത്ഭുതപ്പെടുന്നു. അവരില്‍ കുറച്ചു പേര്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതായി ഭാവിച്ച്, അവര്‍ പറഞ്ഞത് ആടുന്നു. അവരില്‍ നിന്നും പാണ്ഡവരാണിവരെന്നും; ഇവര്‍ തങ്ങളെ ഏതാപത്തില്‍ നിന്നും, രാക്ഷസന്മാരില്‍ നിന്നും കാത്തുകൊള്ളും എന്നും പറയുന്നതും കേള്‍ക്കുന്നു. കൂട്ടത്തില്‍ തന്റെ പതിയായ ശാര്‍ദ്ദൂലനെ അര്‍ജ്ജുനനും, മൂത്ത ജ്യേഷ്ഠനായ ബകനെ ഭീമനും വധിച്ചതും അറിയുന്നു. തന്റെ പതിയുടെ മരണവാര്‍ത്ത അറിഞ്ഞ് ആദ്യം ദുഃഖിക്കുന്ന സിംഹിക, പിന്നീട് കോപിച്ച് ഇവരോട് പ്രതികാരം ചെയ്യുകതന്നെയെന്നുറയ്ക്കുന്നു. എന്നാല്‍ ബകനെപ്പോലും വധിച്ച ഇവരെ ശക്തികൊണ്ട് ജയിക്കുവാന്‍ തനിക്കാവില്ലെന്ന് തിരിച്ചറിഞ്ഞ്, ഇവരുടെ എല്ലാവരുടേയും പത്നിയായി കഴിയുന്ന പാഞ്ചാലിയെ കൌശലത്തില്‍ ജ്യേഷ്ഠനായ കിര്‍മ്മീ‍രന്റെയടുത്ത് എത്തിക്കുക തന്നെയെന്നുറയ്ക്കുന്നു.

KirmeeraVadham Kathakali: Kalamandalam Ramachandran Unnithan as Simhika.
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സിംഹികയായി അരങ്ങിലെത്തിയത്. സിഹികയെ വളരെ സ്വാഭാവികതയോടെ അദ്ദേഹം അരങ്ങില്‍ അവതരിപ്പിച്ചു. കണ്മഷിയെഴുതി കണ്ണുനീറി, ധാരയായി പുറത്തുവരുന്ന കണ്ണുനീര്‍ കൈയില്‍ കോരി കളയുന്നതും; ചിരട്ട പൊട്ടിച്ച് കമ്മലായി അണിയുന്നതും മറ്റും വളരെ ആസ്വാദ്യകരമായി ഉണ്ണിത്താന്‍ ആടുകയുണ്ടായി. എന്നാല്‍ അത്യധ്വാനം മൂലം, പദമാടുവാനായപ്പോഴേക്കും നന്നേ ക്ഷീണിച്ചുപോയതായും തോന്നിച്ചു. കലാനിലയം രാജീവന്‍, കോട്ടക്കല്‍ സന്തോഷ് എന്നിവരാണ് ഈ ഭാഗത്തിനു പാടിയത്. മദ്ദളത്തില്‍ കലാനിലയം മനോജും, ചെണ്ടയില്‍ കലാമണ്ഡലം രതീഷും മോശമില്ലാതെ ഉണ്ണിത്താനെ പിന്തുണച്ചു. എങ്കിലും സിംഹിക നൃത്തമാടുന്ന ഭാഗത്തും മറ്റും, മേളം നൃത്തത്തിനോടിണങ്ങിയതായും തോന്നിയില്ല.

KirmeeraVadham Kathakali: Kalamandalam Shanmukhadas as Panchali, Margi Vijayakumar as Lalitha.
സിംഹിക ഒരു സുന്ദരിയായ സ്ത്രീയുടെ രൂപം പൂണ്ട് പാഞ്ചാലിയുടെ സമീപമെത്തുന്നു. ആരെന്നുള്ള ചോദ്യത്തിന്; താനൊരു വനകന്യകയാണെന്നും, ലളിതയെന്നാണ് തന്റെ പേരെന്നും അറിയിക്കുന്നു. ആകാശത്തിലൂടെ താന്‍ സഞ്ചരിക്കവേ, താഴെ ദുഃഖിച്ചിരിക്കുന്ന പാഞ്ചാലിയെക്കണ്ട് എത്തിയതാണെന്നും പറയുന്നു. ദുഃഖങ്ങള്‍ക്ക് ആശ്വാസം ലഭിക്കുവാന്‍ വനത്തിനുള്ളില്‍ ഒരു ദുര്‍ഗാക്ഷേത്രമുണ്ടെന്നും, അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ തിര്‍ച്ചയായും ഫലമുണ്ടാവുമെന്നും അറിയിക്കുന്നു. ഭര്‍ത്താ‍ക്കന്മാരോട് പറഞ്ഞിട്ടു വരാമെന്നു പറയുന്ന പാഞ്ചാലിയെ, പെട്ടെന്നു തിരിച്ചെത്താമെന്ന ഉറപ്പിന്മേല്‍ ലളിത കാട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ ഉള്ളിലേക്ക് പോവുന്തോറും കാടിന്റെ ഭാവം മാറുന്നതുകണ്ട് പേടിച്ച്, തിരികെപ്പോകാമെന്ന് പാഞ്ചാലി ലളിതയോട് പറയുന്നു. എന്നാല്‍ കൂടുതല്‍ ഉള്ളിലേക്കു പോകുവാന്‍ ലളിത നിര്‍ബന്ധിക്കുന്നു. വിസമ്മതിക്കുന്ന പാഞ്ചാലിക്കു മുന്‍പില്‍ തന്റെ സ്വന്തം രൂപം സിംഹിക പുറത്തെടുക്കുന്നു. ചതി മനസിലാവുന്ന പാഞ്ചാലി സഹദേവനെ വിളിച്ചു വിലപിക്കുന്നു. സഹദേവനെത്തി പാഞ്ചാലിയെ രക്ഷിച്ച്, സിംഹികയുടെ മൂക്കും മുലയും ഖണ്ഡിച്ചയയ്ക്കുന്നു.

KirmeeraVadham Kathakali: Kalamandalam Shanmukhadas as Panchali, Kalamandalam Ramachandran Unnithan as Simhika.
മാര്‍ഗി വിജയകുമാറാണ് ലളിതയായി അരങ്ങിലെത്തിയത്. പാഞ്ചാലിക്കു മുന്‍പില്‍ ലളിതഭാവത്തോടെ നില്‍ക്കുമ്പോളും, ഉള്ളിലെ പക, പാഞ്ചാലിയുടെ ശ്രദ്ധയില്‍ പെടാതെ, ഇടയ്ക്കിടെ വെളിവാക്കുന്ന രീതിയിലാണ് വിജയകുമാര്‍ ലളിതയെ അവതരിപ്പിച്ചത്. പാഞ്ചാലിയുടെ സ്ഥായി കൈമോശം വരാതെ ഷണ്മുഖദാസും നന്നായി അരങ്ങില്‍ പ്രവര്‍ത്തിച്ചു. കഥകളി ആസ്വാദകര്‍ക്ക് വളരെ പ്രിയങ്കരമായ, ‘കണ്ടാലതിമോദമുണ്ടായ് വരും...’ എന്ന പദം ഇരുവരും ചേര്‍ന്ന് വളരെ മനോഹരമായി ആടുകയുണ്ടായി. പാഞ്ചാലിയുടെ മനോഹരമായ കേശം കണ്ടു, വണ്ടുകളുടെ കൂട്ടം ദുഃഖിച്ചു മടങ്ങുന്നു എന്നര്‍ത്ഥം വരുന്ന; “നീണ്ടുചുരുണ്ടൊരു കചമിന്നു പലവണ്ടുകളുടനുടനിഹവന്നുമൃദു, കണ്ടിവാര്‍കുഴലി കണ്ടുകണ്ടു പുനരിണ്ടല്‍ പൂണ്ടു ബതമണ്ടീടുന്നു.”, എന്ന ഭാഗം വളരെ വിശദമായും മനോഹരമായും വിജയകുമാര്‍ അവതരിപ്പിച്ചു. കോട്ടക്കല്‍ മധു, കലാനിലയം രാജീ‍വന്‍ എന്നിവരുടെ ഈ ഭാഗത്തെ ആലാപനവും വളരെ നന്നായി. നൃത്തത്തിനും, കരചരണവിന്യാസങ്ങള്‍ക്കും അനുസൃതമായി മദ്ദളത്തില്‍ മേളമൊരുക്കിയ അച്ചുതവാര്യരും പ്രശംസയര്‍ഹിക്കുന്നു.

KirmeeraVadham Kathakali: Cherthala Sunil as Sahadevan, Kalamandalam Ramachandran Unnithan as Simhika.
ലളിത ക്രുദ്ധയാവുമ്പോള്‍ ചെണ്ടയും മേളത്തിനെത്തുന്നു. കലാഭാരതി ഉണ്ണികൃഷ്ണനാണ് ഈ ഭാഗത്ത് ചെണ്ടയില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് ഉണ്ണിത്താന്റെ പെണ്‍കരി വേഷം വീണ്ടുമെത്തുന്നു. ചേര്‍ത്തല സുനിലാണ് സഹദേവനായി രംഗത്തെത്തിയത്. ‘ഇന്‍സ്റ്റന്റ്’ കഥകളിയായി ധാരാളം അവതരിപ്പിക്കപ്പെടാറുള്ള ഒന്നാണ് ഈ കഥാഭാഗം. അവിടെ കാണുവാന്‍ കഴിയുന്നതിലും വളരെ മികച്ച രീതിയില്‍ ഷണ്മുഖന്‍ പാഞ്ചാലിയേയും, രാമചന്ദ്രന്‍ ഉണ്ണിത്താന്‍ സിംഹികയേയും അവതരിപ്പിച്ചുവെങ്കിലും; സഹദേവനായി ചേര്‍ത്തല സുനില്‍ വേണ്ടത്ര ശോഭിച്ചില്ല. വേഷത്തിനു പോലും അപക്വത പ്രകടമായിരുന്നു. എങ്ങിനെയൊക്കെയോ വേഷം വാരിച്ചുറ്റി, എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്നല്ലാതെ, അവസാനരംഗത്തിന് അതര്‍ഹിക്കുന്ന തീവ്രത നല്‍കുവാന്‍ സുനിലിനു കഴിഞ്ഞില്ല. പദത്തിലുള്ളത്രയുമല്ലാതെ, കൂടുതലായെന്തെങ്കിലും അരങ്ങില്‍ കാണിച്ചതായും ശ്രദ്ധയില്‍ പെട്ടില്ല. ഈയൊരു പോരായ്മ ഒഴിച്ചു നിര്‍ത്തിയാല്‍, ആദ്യഭാഗത്തെ മുഷിച്ചില്‍ പൂര്‍ണ്ണമായും കളഞ്ഞ്, പ്രേക്ഷകനെ നന്നായി രസിപ്പിച്ച ഒന്നായിരുന്നു, ആലപ്പുഴ ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട ‘കിര്‍മ്മീരവധം’ കഥകളിയുടെ രണ്ടാം ഭാഗം.


കളിയരങ്ങില്‍:
ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം 1 - ഏപ്രില്‍ 20, 2008
കോട്ടക്കലെ കിര്‍മ്മീരവധം - ഏപ്രില്‍ 2, 2008


Description: KirmeeraVadham Kathakali staged at SDV Besant Hall as part of 43rd Annual Celebrations of District Kathakali Club, Alappuzha. Kalamandalam Ramachandran Unnithan as Simhika, Margi Vijayakumar as Lalitha, Kalamandalam Shanmukhadas as Panchali, Cherthala Sunil as Sahadevan. Singers: Kottackal Madhu, Kalanilayam Rajeevan, Kottackal Santhosh. Melam: Kalamandalam AchuthaVarier (Maddalam), Kalanilayam Manoj (Maddalam), Kalabharathi Unnikrishnan(Chenda), Kalamandalam Ratheesh (Chenda). Kaliyogam: Alappuzha District Kathakali Club.
--

2008 മേയ് 15, വ്യാഴാഴ്‌ച

ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം ഒന്ന്

KirmeeraVadham Kathakali: Kalamandalam Gopi as Dharmaputhrar, Kalamandalam Shanmukhadas as Panchali, Kalamandalam Mukundan as SriKrishnan.
ഏപ്രില്‍ 20, 2008: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്പത്തിമൂന്നാമത് വാര്‍ഷികാഘോഷം, ആലപ്പുഴ എസ്.ഡി.വി. ബെസന്റ് ഹാളില്‍, ഏപ്രില്‍ ഇരുപതാം തീയതി നടത്തപ്പെട്ടു. ആലപ്പുഴ ക്ലബ്ബ് മണ്മറഞ്ഞ കഥകളി സംഗീതപ്രതിഭകളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ‘സോപാനസംഗീതലയം’ പുരസ്കാരം, സമകാലീന സംഗീതജ്ഞരില്‍ പ്രഥമഗണനീയനായ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിക്ക് നല്‍കുകയുണ്ടായി. തുടര്‍ന്ന് പുലരും വരെ കഥകളിയും അരങ്ങേറി. ‘കിര്‍മ്മീ‍രവധം’, ‘ദുര്യോധനവധം’ എന്നിവയാണ് അവതരിക്കപ്പെട്ടത്. കോട്ടക്കല്‍ ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ‘കിര്‍മ്മീരവധം’ കളിയുടെ ഓര്‍മ്മകള്‍ മായും മുന്‍പു തന്നെ മറ്റൊരു കളി കാണുവാന്‍ അവസരം ലഭിച്ചത് ഒരു ആസ്വാദകനെന്ന നിലയില്‍ സന്തോഷം നല്‍കിയ കാര്യമായിരുന്നു. ഇവിടെ പാത്രചരിതത്തിനു ശേഷം, സിംഹികയുടെ നാസാകുചഛേദനം വരെയുള്ള ഭാഗങ്ങളും ഉണ്ടെന്നറിഞ്ഞത് കൂടുതല്‍ സന്തോഷത്തിനുള്ള വക നല്‍കി.

KirmeeraVadham: Kalamandalam Gopi(Dharmaputhrar), Kalamandalam Shanmukhadas(Panchali)
ധര്‍മ്മപുത്രരായി കലാമണ്ഡലം ഗോപിയും, പാഞ്ചാലിയായി കലാമണ്ഡലം ഷണ്മുഖദാസുമാണ് അരങ്ങിലെത്തിയത്. ‘പാത്രചരിതം’എന്ന പേരില്‍ അറിയപ്പെടുന്ന ആദ്യഭാഗത്തെ കഥ കോട്ടക്കലെ ഉത്സവത്തിനരങ്ങേറിയ ‘കിര്‍മ്മീരവധ’ത്തെക്കുറിച്ചുള്ള പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. പാഞ്ചാലിയുടെ കൈപിടിച്ച് ധര്‍മ്മപുത്രര്‍ പ്രവേശിക്കുന്നതായാണ് രംഗത്തിന്റെ തുടക്കം. തനിക്കു വന്നുഭവിച്ച വിധിവൈപരീത്യം മനസിലോര്‍ത്ത് വിഷമിച്ചുകൊണ്ടാണ് ധര്‍മ്മപുത്രര്‍ പ്രവേശിക്കുന്നത്. ശോകസ്ഥായിയില്‍; കണ്ണുകളുടേയും, പുരികങ്ങളുടേയും, ചുണ്ടുകളുടേയും സൂക്ഷ്മ ചലനങ്ങളിലൂടെ, ധര്‍മ്മപുത്രരുടെ വിചാരവികാരങ്ങള്‍ ഗോപി പ്രേക്ഷകനിലെത്തിച്ചു. പല്ലവിക്കു ശേഷം ‘ഇങ്ങിനെയൊക്കെ വന്നു ഭവിച്ചല്ലോ! ആവട്ടെ, തലയിലെഴുത്തു തന്നെ!’ എന്ന ധര്‍മ്മപുത്രരുടെ ആത്മഗതവും പാത്രത്തിനിണങ്ങുന്ന രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചു.

പാഞ്ചാലിയായി കലാമണ്ഡലം ഷണ്മുഖദാസും വളരെ നന്നായി രംഗത്തു പ്രവര്‍ത്തിച്ചു. പാഞ്ചാലിയുടെ ശോകസ്ഥായിയും, കാട്ടിനുള്ളില്‍ കഴിയുന്നതു മൂലമുള്ള പരവശതയും അദ്ദേഹത്തിന്റെ പാഞ്ചാലിയില്‍ പ്രകടമായിരുന്നു. സാധാരണയായി “ബാലേ! കേള്‍ നീ!” എന്ന പല്ലവിക്കും, അനുപല്ലവിക്കും ശേഷം, “മണിമയസദനേ, മോഹനശയനേ...” എന്ന അവസാന ചരണമാണ് അവതരിപ്പിക്കുവാറുള്ളത്. എന്നാലിവിടെ ഇടയ്ക്കുള്ള ഒരു ചരണം കൂടി പാടുകയുണ്ടായി. എന്നാല്‍, മറ്റെല്ലാ ചരണങ്ങളിലും അഭിസംബോധനകളും, വിശേഷണങ്ങളും മാത്രമാണെന്നതിനാല്‍ ആ ചരണങ്ങള്‍ ഒഴിവാക്കിയാലും കാര്യമായൊന്നും സംഭവിക്കുവാനില്ലെന്നു തോന്നി. വളരെ സുഖസൌകര്യങ്ങളോടെ വസിക്കേണ്ടിയിരുന്ന നിനക്ക്, ഇപ്രകാരം കാട്ടിലെ കഷ്ടതകള്‍ അനുഭവിച്ചു വസിക്കേണ്ടിവന്നുവല്ലോ എന്ന ധര്‍മ്മപുത്രരുടെ സങ്കടവും, നിസ്സഹായതയും മാത്രമാണ് ആദ്യപദത്തില്‍ ആകെയുള്ള പ്രതിപാദ്യം. അതു വരുന്നതാവട്ടെ, അവസാന ചരണത്തില്‍ മാത്രവും!

ധര്‍മ്മപുത്രര്‍ സൂചിപ്പിച്ച വിഷമതകളൊക്കെ സഹിക്കാവുന്നതാണെങ്കിലും, മറ്റൊരു ഖേദമാണ് തന്റെ മനസില്‍ അധികമായി വളരുന്നതെന്ന് പാഞ്ചാലി അറിയിക്കുന്നു. തങ്ങളുടെ കൂടെ കാട്ടിലെത്തിയിട്ടുള്ള ആബാലവൃദ്ധം ബ്രാഹ്മണര്‍ക്ക് എങ്ങിനെ അന്നം നല്‍കുവാന്‍ സാധിക്കും എന്നതാണ് പാഞ്ചാലിയുടെ വിഷമം. ഇതുകേട്ട്, പാഞ്ചാലിയുടെ മഹത്വത്തെ സ്മരിച്ച് ധര്‍മ്മപുത്രര്‍ പറയുന്നു; “താന്‍ ഇപ്പോള്‍ തന്നെ കുലഗുരുവാന ധൌമ്യമഹര്‍ഷിയെ കണ്ട്, ഇതിനൊരു പരിഹാരം ആരായുന്നുണ്ട്.” ഇത്രയും പറഞ്ഞ്, ധൌമ്യനെ കാണുവാനായി വിടവാങ്ങുന്നിടത്ത് ആദ്യ രംഗം അവസാനിക്കുന്നു.

KirmeeraVadham: Kalamandalam Balakrishnan(Dhaumyan), Kalamandalam Gopi(Dharmaputhrar)
ആലപ്പുഴ ക്ലബ്ബിന്റെ കളികള്‍ക്ക്, വേഷഭംഗി കുറവാണെന്നത് ഒരു പ്രധാന പോരായ്മയായി തുടരുന്നു. കലാമണ്ഡലം ഗോപിയുടെ ഉടുത്തുകെട്ടിനു പോലും അത്രയൊന്നും ഭംഗി തോന്നിച്ചില്ല. അപ്പോള്‍ മറ്റുള്ള വേഷങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ! സ്ത്രീവേഷങ്ങളുടെ പ്രധാന വേഷസാമഗ്രികളെല്ലാം കലാകാരന്മാര്‍ തന്നെ കൊണ്ടുവരുന്നതിനാല്‍, സ്ത്രീവേഷങ്ങള്‍ക്ക് ഈ ന്യൂനത ഇല്ലായിരുന്നു താനും. അതുപോലെ മുടി(കിരീടം)കളും, ചാമരവും(തലമുടി) എല്ലാം താരതമ്യേന മോശമായിരുന്നു. എങ്ങിനെയൊക്കെയോ വലിച്ചുകീറിയിട്ടിരിക്കുന്ന ചാമരത്തിന് കഥകളിത്തം തന്നെ നഷ്ടപ്പെട്ടതുപോലെ തോന്നി. വടക്കന്‍ സമ്പ്രദായത്തിലുള്ള കിരീടങ്ങള്‍ ഒന്നുപോലും തയ്യാറാക്കുവാന്‍ സംഘാടകര്‍ക്ക് കഴിയാത്തതും ദുഃഖകരമായി. പ്രധാനകഥാപാത്രങ്ങള്‍ക്കെല്ലാം വടക്കന്‍ കിരീടമാണ് യോജിക്കുന്നതും, ഭംഗിയും. ഹംസം, കാര്‍ക്കോടകന്‍ തുടങ്ങിയ ചെറുവേഷങ്ങള്‍ക്ക് തെക്കന്‍ കിരീടവുമിണങ്ങും. അതുപോലെ ഇളം നിറത്തിലുള്ള പിന്നിലെ തിരശീലയും കഥകളിക്ക് യോജിച്ചതല്ല. ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ, അതുകൊണ്ട് ദൃശ്യാനുഭവത്തിനുണ്ടാവുന്ന കുറവ് വ്യക്തമാവും.

KirmeeraVadham: Kalamandalam Mukundan(SriKrishnan), Kalamandalam Gopi(Dharmaputhrar)
ധൌമ്യനായി കലാമണ്ഡലം ബാലകൃഷ്ണനും, സൂര്യനായി വാരനാട് സനലും വേഷമിട്ടു. ധൌമ്യന്‍ ഉപദേശിച്ച മന്ത്രം ജപിച്ച്, സൂര്യനെ ധ്യാനിച്ച്, പ്രത്യക്ഷപ്പെടുത്തുന്നു. അക്ഷയപാത്രം വരമായി വാങ്ങി ആദ്യം ധൌമ്യസവിധത്തിലും തുടര്‍ന്ന് പാഞ്ചാലിയുടെ സമീപത്തും യുധിഷ്ഠിരനെത്തുന്നു. പാത്രത്തിന്റെ സവിശേഷതകള്‍ ഇരുവരേയും ധരിപ്പിക്കുന്നുമുണ്ട്, ധര്‍മ്മപുത്രര്‍. അതിനു ശേഷം ശ്രീകൃഷ്ണനെ സ്മരിക്കുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണന്റെ ശംഖനാദം കേള്‍ക്കുന്നതായി ആടി, കൃഷ്ണന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആനയിച്ചിരുത്തി വണങ്ങുന്നു. ഇത്രയും ഭാഗത്തെ ചെണ്ടയെകുറിച്ച് ഒന്നു സൂചിപ്പിക്കേണ്ടതുണ്ട്. സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതു മുതല്‍, ശ്രീകൃഷ്ണനെ ആനയിച്ചിരുത്തുന്നതു വരെയും വലന്തലയിലായിരുന്നു കൊട്ടിയതു മുഴുവനും. ഇത് എത്രമാത്രം ശരിയാണെന്ന് സംശയമുണ്ട്. മംഗളമുഹൂര്‍ത്തങ്ങളിലാണല്ലോ വലന്തല ഉപയോഗിക്കേണ്ടത്. സൂര്യന്റെ കൈയില്‍ നിന്നും അക്ഷയപാത്രം വാങ്ങിയ ശേഷം, ധൌമ്യനേയും, പാഞ്ചാലിയേയും കാണുന്ന ഭാഗങ്ങളില്‍ വലന്തലയുടെ ആവശ്യമുണ്ടോ? അതുകഴിഞ്ഞ്, ശ്രീകൃഷ്ണന്‍ പ്രത്യക്ഷനാവുമ്പോള്‍ പോരേ, വലന്തലയുടെ പിന്നീടുള്ള പ്രയോഗം?

കലാമണ്ഡലം മുകുന്ദനാണ് ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. വേഷഭംഗിയുണ്ടെന്നുള്ളതൊഴിച്ചാല്‍, മുകുന്ദന്റെ അരങ്ങത്തെ പ്രവര്‍ത്തികള്‍ അത്രമെച്ചമായി തോന്നിയില്ല‍. “ഒരു നാണമില്ലയോ?” എന്ന് ധര്‍മ്മപുത്രര്‍ ചോദിക്കുമ്പോള്‍, എഴുന്നേറ്റ് തന്റെ കൌരവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുവാന്‍ മറന്നിരുന്ന ശ്രീകൃഷ്ണനെ, കലാമണ്ഡലം ഗോപി കൈമുട്ടുകൊണ്ടുന്തി എഴുനേല്‍പ്പിക്കേണ്ടിയും വന്നു. മാത്രവുമല്ല ആദ്യം മുതല്‍ ഒടുക്കം വരേയും ശ്രീകൃഷ്ണന്റെ ഭാവത്തിന് കാര്യമായ മാറ്റമൊന്നും തോന്നിയതുമില്ല. ഇത്രയും പാത്രബോധമില്ലാതെ അരങ്ങത്തു പ്രവര്‍ത്തിക്കുവാന്‍, ഭാവിയിലെ പ്രതീക്ഷയായ മുകുന്ദനെപ്പോലെയുള്ളവര്‍ തുനിയുന്നതു ദൌര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. നെടുമുടി വാസുദേവ പണിക്കരാണ് സുദര്‍ശനത്തെ അവതരിപ്പിച്ചത്. സുദര്‍ശനത്തിനു വേണ്ട ഉഗ്രതയൊന്നും അദ്ദേഹത്തിന്റെ വേഷത്തില്‍ കണ്ടില്ല. മുഖത്തെഴുത്തും അത്ര ആകര്‍ഷകമായി തോന്നിയില്ല. നൃത്തം മാത്രം തരക്കേടില്ലാതെ അവതരിപ്പിച്ചു.

KirmeeraVadham: Kalamandalam Mukundan(SriKrishnan), Kalamandalam Gopi(Dharmaputhrar)
പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കോട്ടക്കല്‍ മധു എന്നിവരാണ് ആദ്യ ഭാഗത്തിനു പാടിയത്. ഇരുവരും വളരെ മനോഹരമായി എല്ലാ പദങ്ങളും ആലപിച്ചു. പ്രത്യേകിച്ചും, “ബാലേ! കേള്‍ നീ!” എന്ന ആദ്യപതിഞ്ഞ പദം. സുദര്‍ശനത്തിന്റെ പദമായ “മാധവ! ജയശൌരേ!” മാത്രം പ്രതീ‍ക്ഷയ്ക്കൊത്തുയര്‍ന്നില്ല. മദ്ദളത്തില്‍ കലാമണ്ഡലം അച്ചുതവാര്യരും, ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുമാണ് പ്രവര്‍ത്തിച്ചത്. മദ്ദളം തെറ്റുകുറ്റങ്ങളില്ലാതെ കൈക്കുകൂടിയെങ്കിലും, ചെണ്ട വളരെ മോശമായെന്നത് പറയാതെ വയ്യ. കൈക്കു കൂടുന്നതുപോയിട്ട് കലാശങ്ങളില്‍ പോലും വേണ്ടത്ര ശ്രദ്ധ നല്‍കുന്നതായി തോന്നിയില്ല. സുദര്‍ശനത്തിന്റെ പദഭാഗത്തെ കലാശങ്ങളിലാവട്ടെ, ചുവടുകള്‍ പകുതിയായ ശേഷമാണ് ചെണ്ട തുടങ്ങിയതു തന്നെ!

ചെണ്ട മോശമായതിലും മറ്റും അസ്വസ്ഥമായിരിക്കുമ്പോളാണ്, കലാമണ്ഡലം ഗോപിയുടെ വക മറ്റു കോപ്രായങ്ങള്‍. പലഭാഗത്തും ചെണ്ട കൈക്കുകൂടാത്തതിലും, താളത്തിനൊക്കാത്തതിലും തനിക്കുള്ള അസ്വസ്ഥത ഗോപി അരങ്ങില്‍ പ്രകടമാക്കി. കൂടാതെ മുകുന്ദന്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കാഞ്ഞപ്പോഴും ഗോപിക്കു പാത്രബോധം നഷ്ടപ്പെട്ടു. ഇവയൊക്കെ കഥാപാത്രത്തോടും കലയോടുമുള്ള പ്രതിബന്ധതയായി കണക്കാക്കാമെന്നു വെച്ചാല്‍ പോലും; സുദര്‍ശനം പന്തവുമായെത്തിയപ്പോള്‍ ചൂടു സഹിക്കുവാന്‍ വയ്യെന്നു പറഞ്ഞ് പിന്നിലോട്ടു മാറിയതും, പകുതി കഴിഞ്ഞപ്പോള്‍ പന്തം മാറ്റുവാന്‍ ആവശ്യപ്പെട്ടതും, പന്തം കെടുത്തിയപ്പോള്‍ പുകമൂലം വീണ്ടും അസ്വസ്ഥത പ്രകടമാക്കിയതുമൊന്നും ന്യായീകരിക്കത്തക്കതല്ല. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, ഇവയെല്ലാം തന്റെ ആസ്വാദനത്തെ ബാധിക്കുന്നവയാണ്. ചെണ്ടയ്ക്കോ, കൂട്ടുവേഷത്തിനോ തെറ്റുപറ്റിയെങ്കില്‍; തന്റെ കഥാപാത്രത്തിനു കോട്ടം വരാത്ത രീതിയില്‍ വിവരം ധരിപ്പിക്കുവാന്‍ ശ്രമിക്കാവുന്നതാണ്. എന്നാലുടനെ കലാമണ്ഡലം ഗോപിയായി അവരെ അരങ്ങില്‍ ശകാരിക്കുന്നത് ഒട്ടും അഭിലഷണീയമല്ല. പ്രഗല്‍ഭനായ ഒരു നടനെന്ന രീതിയില്‍, എവിടെ ചെന്നാലും നല്ല പരിഗണനയും, ശ്രദ്ധയും സംഘാടക്കര്‍ ഗോപിക്കു നല്‍കാറുണ്ട്. അവയ്ക്കൊന്നും വില കല്പിക്കാത്ത രീതിയില്‍, ചൂടിനേയും മറ്റും പരാതിപറഞ്ഞ്, അതു പുറത്തു കാണിച്ച് അരങ്ങില്‍ പ്രവര്‍ത്തിക്കുന്നത് സങ്കടകരമാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍, വലിയ തരക്കേടില്ലാത്ത ആദ്യഭാഗമായിരുന്നു ആലപ്പുഴയില്‍ വെച്ചുണ്ടായത്. അരങ്ങിലെ കല്ലുകടികള്‍ ഒഴിവാക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍, വളരെ മികച്ച ഒരു അവതരണമായി കണക്കാക്കപ്പെടേണ്ടിയിരുന്ന ഒരു കളി, ഇങ്ങിനെയായതില്‍ കുണ്‌ഠിതപ്പെടുകയല്ലാതെ വേറെന്തു ചെയ്യുവാന്‍!


കളിയരങ്ങില്‍:
കോട്ടക്കലെ കിര്‍മ്മീരവധം - ഏപ്രില്‍ 2, 2008

Description: KirmeeraVadham Kathakali staged as part of 43rd Annual Celebrations of Alappuzha District Kathakali Club. An appreciation by Haree (Hareesh N. Nampoothiri). Kalamandalam Gopi as Dharmaputhrar, Kalamandalam Shanmukhadas as Panchali, Kalamandalam Balakrishnan as Dhaumyan, Varanad Sanal as Suryan, Kalamandalam Mukundan as SriKrishnan, Nedumudi Vasudeva Panicker as Sudarsanan. Pattu by Pathiyoor Sankarankutty and Kottackal Madhu. Melam Kalamandalam AchuthaVarier in Maddalam and Kuroor Vasudevan Nampoothiri in Chenda.
--