2008 മാർച്ച് 26, ബുധനാഴ്‌ച

തോന്നയ്ക്കലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
മാര്‍ച്ച് 12, 2008: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍, കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി അവതരിക്കപ്പെട്ട നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനം തുടരുന്നു. ഒന്നാം ഭാഗം ഇവിടെ വായിക്കാം. കാര്‍ക്കോടക നിര്‍ദ്ദേശപ്രകാരം നളന്‍, സൂര്യവംശരാജാവായ ഋതുപര്‍ണ്ണന്റെ സേവകനാകുവാന്‍ അയോധ്യയിലെത്തുന്നതുവരെയാണ് കഴിഞ്ഞ ഭാഗത്ത് പ്രതിപാദിച്ചത്. ഋതുപര്‍ണ്ണന്റെ മുന്നില്‍ നളന്‍, തന്റെ ആവശ്യം അറിയിക്കുന്ന പദമായ ‘ഋതുപര്‍ണ്ണ! ധരണീപാല നീ ജയിക്കേണം’ എന്ന പദം മുതല്‍ക്കുള്ള ഭാഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

‘ഋതുപര്‍ണ്ണ! ധരണീപാല’ എന്ന പദവും; ഋതുപര്‍ണ്ണന്റെ മറുപടി പദമായ, ‘വസ, വസ, സൂത!’ എന്ന പദവും വളരെ വേഗത്തില്‍ കഴിച്ചുകൂട്ടി. നാടകീയമായി കാര്യമായൊന്നും ചെയ്യുവാനില്ലാത്ത ഭാഗമായതിനാലാവണം കലാമണ്ഡലം ഗോപി ഈ ഭാഗത്ത് വേഗത കൂട്ടുന്നത്. ‘വസ, വസ, സൂത!’ എന്ന പദത്തിന്റെ ചരണത്തില്‍ ‘എന്നെ രക്ഷിക്ക! എന്നു ചൊന്നാലുപേക്ഷിക്കുന്നോര്‍, എന്റെ കുലത്തിലുണ്ടോ?’ എന്ന് ഋതുപര്‍ണ്ണന്‍ ചോദിക്കുമ്പോള്‍, ബാഹുകന്‍ പറയുന്നു; “ഇല്ല, മന്ദിരത്തിനു മുകളില്‍ പാറുന്ന കൊടി കാണുമ്പോള്‍ തന്നെ അതു മനസിലാവും” എന്ന്. ഇതിനു മുന്‍പുണ്ടായ മനോധര്‍മ്മാട്ടവുമായി ഈ രംഗത്തെ എത്ര സമര്‍ത്ഥമായാണ് ഗോപി ബന്ധിപ്പിച്ചിരിക്കുന്നതെന്നു നോക്കൂ. താ‍ന്‍ രാജാവായിരുന്നപ്പോള്‍ തന്റെ സാരഥിയായിരുന്ന വാര്‍ഷ്ണേയന്‍ തന്നെ തിരിച്ചറിഞ്ഞേക്കുമോ എന്ന സന്ദേഹത്താല്‍, “ഇവര്‍ക്കതൊരു ബുദ്ധിമുട്ടായാലോ, ഞാന്‍ മറ്റെവിടെയെങ്കിലും താമസിക്കാം” എന്നു ബാഹുകന്‍ ഇടയ്ക്ക് പറയുന്നുണ്ട്. “അതിന്റെയൊന്നും ആവശ്യമില്ല, ‘ഇവര്‍ നല്ല സൌജന്യവാരിധികള്‍!’” എന്ന് ഋതുപര്‍ണന്‍ പദത്തിലൂടെ മറുപടി നല്‍കുകയും ചെയ്യുന്നു. അങ്ങിനെ ബാഹുകനെ ജീവലനോടും വാര്‍ഷ്ണേയനോടുമൊപ്പം താമസിക്കാമെന്ന് നിര്‍ദ്ദേശിച്ച് ഋതുപര്‍ണ്ണന്‍ രംഗത്തുനിന്നും മാറുന്നു.

കലാമണ്ഡലം സുകുമാരന്‍, നാട്യഗ്രാമം എസ്. അരുണ്‍ജിത്ത് എന്നിവരാണ് യഥാക്രമം ജീവലവാര്‍ഷ്ണേയന്മാരായി രംഗത്തെത്തിയത്. വാര്‍ഷ്ണേയനെ കണ്ട് മനസിലാക്കുന്ന ബാഹുകന് തന്റെ കുഞ്ഞുങ്ങളെക്കുറിച്ച് അറിയുവാന്‍ വല്ലാത്ത ആഗ്രഹം. ഒന്നും പുറത്തു കാണിക്കാതെ, സാന്ദര്‍ഭികമായി ചോദിക്കുന്നു; “ഇവിടെ വന്നിട്ട് അധിക കാലമായോ?”. വാര്‍ഷ്ണേയന്‍ പറയുന്നു, “ഇല്ല, കുറച്ചായി. അത്രമാത്രം. ഇതിനു മുന്‍പ് നളമഹാരാജാവിന്റെ കൊട്ടാരത്തിലായിരുന്നു.” ഇതുകേട്ട് ബാഹുകന്‍, “ഉം... ചൂതില്‍ തോറ്റ് വനവാസത്തിനു പോയി, അല്ലേ? ആട്ടെ, അവര്‍ക്ക് കുട്ടികള്‍?”; “ഉണ്ട്, രണ്ടുപേര്‍.” ബാഹുകന്‍ ഉടന്‍ തന്നെ, “അവര്‍ക്ക് എന്തു സംഭവിച്ചു?”, മറുപടിയായി വര്‍ഷ്ണേയന്‍, “അവരെ ഭീമരാജാവിന്റെ കൊട്ടാരത്തിലാക്കിയ ശേഷമാണ് താന്‍ ഇവിടെ എത്തിയത്.” ഇത്രയും കാണിച്ചതൊക്കെ നന്നായി. പക്ഷെ, ഒരൊറ്റ കുഴപ്പം. തുടര്‍ന്ന് ജീവലന്റെ ഭാഗം കൈകാര്യം ചെയ്തയാളോടാണ് ഇതൊക്കെയും ബാഹുകന്‍ ചോദിച്ചത്, അദ്ദേഹം തന്നെ അതിനൊക്കെ ഈ രീതിയില്‍ മറുപടി നല്‍കുകയും ചെയ്തു! വാര്‍ഷ്ണേയനോട് ചോദിക്കേണ്ട ചോദ്യം ജീവലനോട് ചോദിച്ച ബാഹുകനും കൊള്ളാം; അതിനുത്തരം വിസ്‌തരിച്ചു തന്നെ പറഞ്ഞ ജീവലനും കൊള്ളാം. ജീവലന് “ഞാനിവിടെ അനവധി നാളുകളായുണ്ട്; ദാ, ഇവന്‍ വാര്‍ഷ്ണേയന്‍ കുറച്ചു നാളേ ആയുള്ളൂ ഇവിടെയെത്തിയിട്ട്.” എന്നോ മറ്റോ ആടി, ഗോപിയാശാനെ ഓര്‍മ്മപ്പെടുത്താവുന്നതായിരുന്നു, ആരാണ് ജീവലന്‍ ആരാണ് വാര്‍ഷ്ണേയനനെന്ന്. വാര്‍ഷ്ണേയനായി രംഗത്തെത്തിയ അരുണ്‍ജിത്തിന്റെ പരിചയക്കുറവാകാം, ആ രംഗത്തിന്റെ അവതരണം ഇങ്ങിനെയാകുവാന്‍ ഹേതുവായത്. വേഷം നിശ്ചയിക്കുമ്പോള്‍, അതാത് വേഷം കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരായവരെ അതിനായി കണക്കാക്കേണ്ടത് സംഘാടകരുടെ ചുമതലാണ്. ഇതുപോലെയുള്ള വിഡ്ഢിത്തങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ കഥാപാത്രത്തിനനുയോജ്യമായി നടന്മാരെ നിശ്ചയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Kalamandalam Gopi as Bahukan, performing 'VijaneBatha, Mahathi!' in Nalacharitham Moonnam Divasam Kathakali
കഥാഭാഗത്തിനു പുറമേ, “ഇവിടെമൊത്തം പ്രാണികളാണല്ലോ, വൃത്തിയാക്കലൊന്നുമില്ലേ?” എന്ന് ജീവലനോട് ചോദിച്ച്, ഇടയ്ക്കലോസരമായെത്തിയ പ്രാണികളെ രംഗത്തോടിണക്കിയതും പ്രേക്ഷകരെ രസിപ്പിച്ചു. കുശലങ്ങളൊക്കെ പറഞ്ഞതിനു ശേഷം, ധാരാളം യാത്ര ചെയ്തതിനാല്‍ താന്‍ ക്ഷീണിതനാണെന്നാടി, ബാഹുകന്‍ ജീവലവാര്‍ഷ്ണേയന്മാര്‍ക്കൊപ്പം ഉറങ്ങുവാന്‍ കിടക്കുന്നു. രാത്രിയില്‍ ഉറക്കം വിട്ടെഴുന്നേല്‍ക്കുന്ന ബാഹുകന്‍, ഭൈമിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നു. ‘വിജനേബത, മഹതി!’ എന്ന പദഭാഗത്തെ കലാമണ്ഡലം ഗോപിയുടെ അഭിനയം വര്‍ണ്ണനാതീതമായിരുന്നു. അത്രയും ഭംഗിയായി അദ്ദേഹത്തിന്റെ മുഖത്ത് നളന്റെ പാരവശ്യവും, ദൈന്യതയും, ഖിന്നതയും എല്ലാം പ്രതിഫലിച്ചു എന്നു പറഞ്ഞാല്‍, ഒട്ടും അധികമാവില്ല. പ്രസ്തുത രംഗത്തില്‍ നിന്നുമുള്ള ഒരുചിത്രമാണ് മുകളില്‍. നളന്റെ വിലാപം കേട്ടുണരുന്ന ജീവലന്‍ കാരണം തിരക്കുന്നു. ബാഹുകന്‍ ഓര്‍ത്തോര്‍ത്ത് വിലപിക്കുന്ന ആ സുന്ദരി ആരെന്നായിരുന്നു ജീവലന്റെ ചോദ്യം. ‘അവളെ ഏതൊരു കാമിനി? ഹേ, ബാഹുക!’ എന്നതാണ് പദം. സാധാരണയായി പന്തുവരാളി രാഗത്തിലാണ് ഈ പദം ആലപിക്കാറുള്ളത്. എന്നാലിവിടെ, അതില്‍ നിന്നും വ്യത്യസ്തമായി വൃന്ദാവനസാരംഗിയിലാണ് പത്തിയൂര്‍ ശങ്കരന്‍‌കുട്ടി പദം ആലപിച്ചത്. ശ്ലോകം ആലപിച്ചപ്പോള്‍ ഈ രാഗമാറ്റം കുഴപ്പമില്ലെന്നു തോന്നിയെങ്കിലും, പദഭാഗത്ത് ഒട്ടും യോജിപ്പു തോന്നിയില്ല. ആ പദത്തിന്റെ രാഗം മാറ്റേണ്ടതുണ്ടെന്ന് തോന്നുന്നില്ല. താനെഴുതിയ, ഭാര്യയെ കാട്ടിലുപേക്ഷിക്കേണ്ടിവന്ന ഒരുവന്റെ, കഥയാണിതെന്ന് ഉത്തരം നല്‍കുന്ന ബാഹുകന്റെ മറുപടി പദമായ, ‘സ്വൈരവചനം, സുകൃതരചനം, ഭണിതം ജീവല!’ എന്ന പദമാണ് തുടര്‍ന്ന്. ഈ പദത്തിനു ശേഷം, നേരം പുലരുവാനായെന്നാടി മൂവരും എഴുന്നേറ്റ് രാജസന്നിധിയിലേക്ക് പുറപ്പെടുവാന്‍ തയ്യാറാവുന്നതോടെ രംഗം അവസാനിക്കുന്നു.

ഇതേസമയം; സാര്‍ത്ഥവാഹക സംഘം ചേദി രാജധാനിയിലും, തുടര്‍ന്ന് സുദേവ ബ്രാഹ്മണന്‍ കുണ്ഡിനത്തിലുമെത്തിച്ച ദമയന്തി, നളനെക്കുറിച്ചുള്ള വിവരങ്ങളറിയാതെ ഉത്കണ്ഠാകുലയായി കഴിയുകയാണ്. പര്‍ണ്ണാദന്‍ എന്ന ബ്രാഹ്മണന്‍, ഋതുപര്‍ണ്ണ രാജധാനിയില്‍ കണ്ടെത്തിയ ബാഹുകന്‍, നളനാണോ എന്ന് ദമയന്തി സംശയിക്കുന്നു. ബാഹുകന്‍ നളനാ‍ണോ എന്നുറപ്പു വരുത്തുവാനും, ആണെങ്കില്‍ ബാഹുകവേഷത്തില്‍ നിന്നും നളനെ തിരികെക്കൊണ്ടുവരാനും ഉപായമെന്തെന്ന് ആലോചിച്ച്, തന്നെ ഇവിടെയെത്തിച്ച സുദേവന്റെ തന്നെ സഹായം തേടുന്നു. ഋതുപര്‍ണ്ണനോട് ദമയന്തിയുടെ പുഃനര്‍വിവാഹം തൊട്ടടുത്ത ദിവസം നടക്കുന്നുവെന്ന് അറിയിക്കാമെന്നും; ഭൈമിയില്‍ കാമാതുരനായ ഋതുപര്‍ണ്ണന്‍ ഉടന്‍ തന്നെ ചാടിപ്പുറപ്പെടുമെന്നും; ഒരുദിവസം കൊണ്ട് അയോധ്യയില്‍ നിന്നും കുണ്ഡനത്തില്‍ ഋതുപര്‍ണ്ണനെ എത്തിക്കുവാന്‍ അശ്വഹൃദയം വശമുള്ള നളനുമാത്രമേ സാധിക്കുകയുള്ളൂവെന്നും സുദേവന്‍ ഭൈമിയെ അറിയിക്കുന്നു. മനസില്ലാമനസോടെ ഉപായം നടപ്പിലാക്കുവാന്‍ അനുവാദം നല്‍കി, സുദേവനെ ദമയന്തി യാത്രയാക്കുന്നു. ‘കരണീയം ഞാനൊന്നും ചൊല്ലുവന്‍’, ‘യാമി, യാമി, ഭൈമീ! കാമിതം’ എന്നീ പദങ്ങളാണ് ഈ രംഗത്തിനുള്ളത്.

Margi Vijayakumar as Sudevan and Margi Harivalsan as Damayanthi in Nalacharitham Moonnam Divasam Kathakali
മാര്‍ഗി ഹരിവത്സനാണ് ദമയന്തിയായി രംഗത്തെത്തിയത്. ദമയന്തിക്കു വേണ്ട ആകാരസൌഷ്ഠവമൊന്നും അദ്ദേഹത്തിന്റെ വേഷത്തിനു തോന്നിയില്ല. ഭര്‍ത്താവിനാല്‍ കാട്ടിലുപേക്ഷിക്കപ്പെട്ട, ഖിന്നയായ ദമയന്തിയുടെ സ്ഥായി നിലനിര്‍ത്തുന്നതിലും ഹരിവത്സന്‍ പരാജയപ്പെട്ടു. പഠിച്ചുവെച്ചിരുന്ന മുദ്രകള്‍ അതുപോലെ അരങ്ങില്‍ കാട്ടി എന്നതിലപ്പുറമായി ഒന്നും തന്നെ അദ്ദേഹത്തിനു ചെയ്യുവാനും ഉണ്ടായിരുന്നില്ല. മാര്‍ഗി വിജയകുമാറാണ് സുദേവബ്രാഹ്മണനായി രംഗത്തെത്തിയത്. സ്ത്രീ വേഷങ്ങളില്‍ മാത്രം കണ്ടുപരിചയിച്ച അദ്ദേഹത്തിന്റെ ബ്രാഹ്മണവേഷവും നന്നായിരുന്നു. രസികനായ, രാജഭക്തി വേണ്ടുവോളമുള്ള, ചുറുചുറുക്കോടെ കാര്യങ്ങള്‍ക്കോടി നടക്കുവാന്‍ മിടുക്കുള്ള സുദേവന്റെ ശരീരഭാഷയും ഭാവവും വിജയകുമാറിന്റെ സുദേവനില്‍ തെളിഞ്ഞു കാണാമായിരുന്നു. ‘ആളകമ്പടികളോടും, മേളവാദ്യഘോഷത്തോടും’ എന്ന സാധാരണയായി വിശദീകരിച്ച് ആട്ടം പതിവുള്ള പദഭാഗം തന്നെ ഇവിടെയും വിസ്‌തരിച്ചു. എന്നാല്‍, കുഴലൂത്തുകാരന്‍ തുപ്പലു തുടയ്ക്കുന്നതും, ഭടന്മാര്‍ പലരീതിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും മറ്റുമൊക്കെ കാണിച്ച്, സുദേവനെ ഒരു കോമാളിയാക്കിയില്ലെന്നത് എടുത്തു പറയേണ്ടതായി തോന്നുന്നു. കഥാപാത്രത്തിന്റെ വ്യക്തിത്വം നഷ്ടപ്പെടുത്താതെയുള്ള പാത്രാവതരണമായിരുന്നെന്നു സാരം.

Kalamandalam Gopi as Bahukan, Kalamandalam Balasubrahmaniam as Rithuparnan and Margi Vijayakumar as Sudevan in Nalacharitham Moonnam Divasam Kathakali
സുദേവന്‍ ഋതുപര്‍ണ്ണ രാജധാനിയിലെത്തി ദമയന്തിയുടെ പുഃനര്‍വിവാഹ കാര്യം അറിയിക്കുന്നു. ‘മാന്യമതേ! അഖിലഭുവനതതകീര്‍ത്തേ!’ എന്നതാണ് സുദേവന്റെ പദം. നളന്‍ കാനനത്തില്‍ ഉപേക്ഷിച്ചു പോയ ദമയന്തി, ‘താന്തരാക്കി നൃപാന്തരം, വരിപ്പാന്‍ തുനിഞ്ഞു സഭാന്തരേ’ എന്നു സുദേവന്‍ അറിയിക്കുമ്പോള്‍, ബാഹുകന്‍ ഞെട്ടുന്നു, ഋതുപര്‍ണ്ണന്‍ സന്തോഷിക്കുന്നു. തലചുറ്റുന്നതായും, കൈയിലിരിക്കുന്ന ചാട്ട കൈവിട്ടു താഴെ വീഴുന്നതായുമൊക്കെയാണ് ഗോപി ഈ ഭാഗത്ത് അവതരിപ്പിക്കുക. വാര്‍ഷ്ണേയന്‍ എന്താ, എന്തുപറ്റിയെന്നോ മറ്റോ ചോദിച്ചാല്‍ മാത്രമേ കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ ബാഹുകനു സാധിക്കുകയുള്ളൂ. ഇവിടെ അങ്ങിനെ വാര്‍ഷ്ണേയന്‍ ചോദിക്കാഞ്ഞതിനാല്‍ തന്നെ, കൂടുതലായി ഒന്നും തന്നെ ബാഹുകന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. വിവാഹം ഒരു ദിവസത്തേക്ക് മാറ്റി വെച്ചത്, ഒരാളുമൂലമാണെന്ന് സുദേവന്‍ അറിയിക്കുന്നു. ഋതുപര്‍ണ്ണനാണ് ആ ഒരാളെന്ന് ഋതുപര്‍ണ്ണന്‍ ധരിക്കുന്നു, എന്നാല്‍ ബാഹുകനെ ഉദ്ദേശിച്ചാണെന്ന് വ്യംഗ്യമായി സുദേവന്‍ അറിയിക്കുകയാണ് ചെയ്തത്. സുദേവ ബ്രാഹ്മണനെ മാര്‍ഗി വിജയകുമാര്‍ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു എന്നു പറയണം; എന്നിരുന്നാലും, ‘വന്നുവന്നു നിറഞ്ഞു കുണ്ഡിനം, ഇന്നതെന്നുറച്ചിന്നലേ...’ എന്ന ഭാഗത്ത് സാധാരണ കാണിക്കാറുള്ള, “ഇപ്പോള്‍ കുണ്ഡിനത്തില്‍ ഒരു നുള്ളു മണ്ണിട്ടാല്‍, അതു നിലത്തു വീഴില്ല, അത്രയും രാജാക്കന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.”, എന്നിങ്ങനെയുള്ള അതിശയോക്തി കലര്‍ന്ന പരിപോഷിപ്പിക്കലുകളൊന്നും വിജയകുമാറിന്റെ സുദേവനില്‍ നിന്നും ഉണ്ടായില്ല എന്നത് അല്പം നിരാശപ്പെടുത്തി.

Kalamandalam Balasubrahmanian as Rithuparnan and Kalamandalam Gopi as Bahukan in Nalacharitham Moonnam Divasam Kathakali
‘വരിക ബാഹുക! എന്നരികില്‍ വരിക ബാഹുക!’ എന്ന പദം തുടങ്ങുന്നതിനു മുന്‍പായി, സുദേവന്‍ രംഗത്തു നിന്നും മാറുവാന്‍ തുടങ്ങുമ്പോള്‍, ബാഹുകന്‍ പിന്നാലെ ചെന്ന് “അങ്ങു പറഞ്ഞതൊക്കെയും സത്യം തന്നെയോ?” എന്നൊക്കെ ചോദിക്കാറുണ്ട്. വളരെ ഹൃസ്വമായുണ്ടാവാറുള്ള ഈ സംഭാഷണം ഇവിടെ വല്ലാതെ നീണ്ടുപോയി. അത്രയും നീട്ടി അവര്‍ പിന്നിലായി പോയി സംസാരിച്ചത്, പ്രേക്ഷകരില്‍ പലര്‍ക്കും കാണുവാന്‍ തന്നെ സാധിച്ചതുമില്ല! ആദ്യവരിയുടെ രാണ്ടാമത്തെ ആവര്‍ത്തനത്തിലാണ് വിളികേട്ട് ബാഹുകന്‍ ഋതുപര്‍ണ്ണന്റെ സമീപമെത്തുന്നത്. ഋതുപര്‍ണ്ണന്‍ ആദ്യം വരി തുടങ്ങുമ്പോള്‍ മുതല്‍ ബാഹുകനെ വിളിച്ചുകൊണ്ടിരിക്കുകയുമാണ്. ഭൈമിയുടെ സൌന്ദര്യത്തെക്കുറിച്ച് ഒന്നോര്‍ത്ത്, കോരിത്തരിച്ച്, ആദ്യവരി ഒരുവട്ടം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഋതുപര്‍ണ്ണന്‍, ബാഹുകനെ വിളിച്ചു തുടങ്ങേണ്ടിയിരുന്നത്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍, ബാഹുകന് ആവശ്യത്തിനുള്ള സമയം ലഭിക്കുകയും ചെയ്യുമായിരുന്നു. ഇതു രണ്ടും ഒത്തുവരാത്തതിനാല്‍, ഈ ഭാഗത്തെ ആട്ടം വേണ്ടും വണ്ണം ശോഭിച്ചില്ല. കാമാതുരനായ മറ്റൊരു രാജാവ്, സ്വന്തം ഭാര്യയെ കാമിച്ച് ഒരോന്നു പറയുന്നതു കേള്‍ക്കേണ്ടി വരുന്ന ഒരുവന്റെ, ബാഹുകന്റെ; നിഃസഹായാവസ്ഥയും, വേദനയും ഒട്ടും ചോര്‍ന്നുപോവാതെ രംഗത്തവതരിപ്പിക്കുവാന്‍ കലാമണ്ഡലം ഗോപിക്കു കഴിഞ്ഞു.

സുദേവന്‍ വന്നു പറഞ്ഞ വാര്‍ത്തയും, ഋതുപര്‍ണ്ണന്റെ ഇംഗിതങ്ങളും കേട്ട് തരളഹൃദയനായ ബാഹുകന്റെ വിലാപപദമായ ‘മറിമാന്‍കണ്ണീ, മൌലിയുടെ...’ എന്ന പദമാണ് തുടര്‍ന്ന്. ബാഹുകന്‍ ആദ്യം രംഗത്തെത്തുന്ന ‘നൈഷധേന്ദ്ര! നിന്നോടു ഞാന്‍’ എന്ന പദഭാഗം തൊട്ട്, ഒടുവില്‍ ‘മറിമാന്‍‌കണ്ണീ’ എന്ന പദം വരെ ബാഹുകന്റെ ശോകസ്ഥായി നിലനിര്‍ത്തിയുള്ള കലാമണ്ഡലം ഗോപിയുടെ അഭിനയം പുതുതലമുറയിലെ കലാകാരന്മാര്‍ക്ക് മാതൃകയാവേണ്ടതാണ്. സംഗീതത്തിനു ശ്രുതിയെന്നതുപോലെ, കഥകളി അഭിനയത്തില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട, വളരെ പ്രാഥമികമായ ഒരു സംഗതിയാണ് ‘സ്ഥായി’. ഓരോ കഥാപാത്രത്തെയും ഉള്‍ക്കൊണ്ട്, ഓരോ സന്ദര്‍ഭത്തിലും ഉണ്ടാവേണ്ട സ്ഥായി മുഖത്തും ശരീരഭാഷയിലും വരുത്തി രംഗത്തവതരിപ്പിക്കാതെ, ആ കഥാപാത്രത്തെ പ്രേക്ഷകരിലേക്കെത്തിക്കുക സാധ്യമല്ല. കഥകളി നടന്മാര്‍ക്ക് നളന്‍ ഒരു വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാവുന്നതും, അധികം പേര്‍ക്ക് നളനെ അവതരിപ്പിച്ചു വിജയിക്കുവാന്‍ സാധിക്കാതിരിക്കുന്നതും, നളചരിതം ഓരോ ദിവസത്തിലും മാറി മാറി വരുന്ന നളന്റെ ഭാവങ്ങള്‍ ഉള്‍ക്കോണ്ട് അഭിനയിക്കുവാന്‍ സാധിക്കാത്തതിനാലാണ്. അതിനോടൊപ്പം നളന്റെ വേഷം, കളരിയില്‍ ചൊല്ലിയാടിക്കുന്ന കഥാപാത്രങ്ങളുടെ ഗണത്തില്‍ വരുന്നതല്ല എന്നതും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാവുന്നു. വളര്‍ന്നു വരുന്ന കലാകാരന്മാരാവട്ടെ, കൂടുതല്‍ അരങ്ങുകള്‍ കണ്ടു പരിചയിക്കുവാന്‍ ശ്രമിക്കുന്നതായും കാണുന്നില്ല. ഇവയെല്ലാം കൂടി, ‘കലാമണ്ഡലം ഗോപിയെ മാറ്റി നിര്‍ത്തിയാല്‍, പിന്നെ നളനാര്?’ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാക്കുന്നു.

സോമദാസ്, മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു ചുട്ടി. ബാഹുകന്റെ മുഖത്തു തേപ്പ്, സാധാരണ കണ്ടുവരുന്നതില്‍ നിന്നും വ്യത്യസ്തമായി മഞ്ഞകൂടിയ പച്ചയായിരുന്നു. ഇത് ബാഹുകവേഷത്തിന് ഒട്ടും ചേരുന്നതായി തോന്നിയില്ല. കണ്ടുശീലിച്ചവയില്‍ നിന്നും ഈ കാര്യത്തിലൊക്കെ മാറ്റം കൊണ്ടുവരുന്നതിന്റെ ഔചിത്യമെന്തെന്ന് മനസിലാവുന്നില്ല. ബാഹുകന്റേതെന്നല്ല, കഥകളിയിലെ പച്ച വേഷങ്ങള്‍ക്ക് മുഖത്തു തേപ്പിനുപയോഗിക്കുന്ന പച്ചനിറവും ഇതല്ല. ഒരുപക്ഷെ, മറ്റെന്തെങ്കിലും കാരണത്താലാവാം ഇവിടെ മുഖത്തുതേപ്പ് ഇങ്ങിനെയായിപ്പോയത്. എന്നാല്‍ അനുകരണീയമായ മാതൃകയായി തോന്നാത്തതിനാല്‍ ഇവിടെ സൂചിപ്പിച്ചുവെന്നു മാത്രം. ഉടുത്തുകെട്ടും, കോപ്പുകളുമൊക്കെ നന്നായിരുന്നു. നളചരിതം മൂന്നാം ദിവസത്തിനു ശേഷം, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ശിശുപാലനായെത്തിയ, വടക്കന്‍ ചിട്ടയിലുള്ള ‘രാജസൂയം’ കഥകളിയും അരങ്ങേറി. വെളുപ്പിന് നാലുമണിയോളമായി മൂന്നാം ദിവസം കഴിഞ്ഞപ്പോള്‍ തന്നെ. പിറ്റേന്ന് പ്രവര്‍ത്തി ദിവസവും. അതിനാല്‍ തന്നെ രണ്ടാമത്തെ കഥ കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്കു പോലും കാണുവാന്‍ കഴിഞ്ഞില്ല. സന്ധ്യയോടു കൂടി തുടങ്ങി അര്‍ദ്ധരാത്രിയോടെയെങ്കിലും അവസാനിക്കുന്ന രീതിയില്‍ കഥകളികള്‍ സംഘടിപ്പിക്കുകയെന്നതാണ് ഈ കാലത്തിനു ചേരുന്നതെന്ന് മുന്‍പൊരിക്കലും സൂചിപ്പിച്ചിരുന്നതാണ്. ആദ്യത്തെ കഥയ്ക്ക് നിറഞ്ഞ സദസു കണ്ടശേഷം, അതു കഴിയുമ്പോള്‍ ശുഷ്കമായ സദസിനു മുന്നില്‍ കഥകളി അവതരിപ്പിക്കേണ്ടി വരുന്ന കലാകാരന്മാരുടെ മാനസികവിഷമമോര്‍ത്തെങ്കിലും സംഘാടകര്‍ വേണ്ടതു ചെയ്യുമെന്നു കരുതുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍; ചിലഭാഗങ്ങള്‍ പ്രേക്ഷകരെ നന്നായി തൃപ്തിപ്പെടുത്തുന്നവയും, ചിലത് തരക്കേടില്ലാത്തവയും, മറ്റു ചിലത് ഒട്ടും തന്നെ ശോഭിക്കാത്തതുമായിരുന്നു. തോന്നയ്ക്കലെ നളചരിതം വന്നു കണ്ടത്, തീര്‍ച്ചയായും ഒരു പ്രേക്ഷനും നഷ്ടമായി തോന്നുകയില്ലെന്ന് നിഃസംശയം പറയാം; എന്നാല്‍ കാണുവാന്‍ സാധിക്കാതിരുന്ന കഥകളി ആസ്വാദകര്‍ക്കും കാര്യമായൊന്നും നഷ്ടമായിട്ടില്ല!


Description: Nalacharitham Moonnam Divasam Appreciation: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)" title="Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
--

2008 മാർച്ച് 20, വ്യാഴാഴ്‌ച

തോന്നയ്ക്കലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
മാര്‍ച്ച് 12, 2008: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍, കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി ഒരു ദിവസത്തെ കഥകളി അവതരിക്കപ്പെട്ടു. നളചരിതം മൂന്നാം ദിവസം, രാജസൂയം എന്നിവയായിരുന്നു കഥകള്‍. തോന്നയ്ക്കല്‍ പീ‍താംബരന്‍ വെളുത്ത നളനായും, കലാമണ്ഡലം ഗോപി ബാഹുകനായും അരങ്ങിലത്തിയ മൂന്നാം ദിവസമായിരുന്നു ആദ്യം. മാര്‍ഗി വിജയകുമാര്‍(സുദേവന്‍), കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍(ഋതുപര്‍ണന്‍), മാര്‍ഗി ഹരിവത്സന്‍(ദമയന്തി), കലാമണ്ഡലം സുകുമാരന്‍(ജീവലന്‍), നാട്യഗ്രാമം എസ്. അരുണ്‍ജിത്ത്(വാര്‍‌ഷ്ണേയനന്‍) എന്നിവരായിരുന്നു മറ്റു വേഷക്കാര്‍.

Nalan(Thonnackal Peethambaran) in Nalacharitham Moonnam Divasam
സ്വന്തം വിധിയോര്‍ത്ത് ദുഃഖിക്കുന്ന നളനില്‍ നിന്നുമാണ് മൂന്നാം ദിവസം ആരംഭിക്കുന്നത്. സഹോദരനോടു ചൂതില്‍ തോറ്റ്, സര്‍വ്വം നഷ്ടപ്പെട്ട്, ഭാര്യയേയും പുത്രന്മാരേയും ഉപേക്ഷിച്ച്, കാട്ടില്‍ അലയേണ്ടിവന്ന തന്റെ അവസ്ഥയില്‍ മനം നൊന്തു വിലപിക്കുകയാണ് നളനിവിടെ. ‘ലോകപാലന്മാരേ!’ എന്ന വിലാപപദത്തെ തുടര്‍ന്നുള്ള പദമായ ‘ഘോരവിപിനം, എന്നാലെഴു പാരിതാകില്‍ നഗരം!’ എന്നതിലാവട്ടെ, ആത്മവിശ്വാസം വീണ്ടെടുത്ത്, തന്റെ ദുര്‍ഗതിക്കൊരു അന്ത്യം കാണുവാന്‍ ശ്രമിക്കുക തന്നെ എന്നുറക്കുന്ന നളനെയാണ് നാം കാണുന്നത്. നളന്‍ കാട്ടിലൂടെ തന്റെ യാത്ര തുടരുന്നു. യാത്രയ്ക്കിടയില്‍ നളന്‍ കാണുന്ന കാഴ്ചകളാണ് തുടര്‍ന്ന് മനോധര്‍മ്മമായി അവതരിപ്പിക്കുക. ‘വനവര്‍ണ്ണന’ എന്ന പേരില്‍ പ്രസിദ്ധമാണ് ഈ ഭാഗം. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന പേടമാനെയാണ് നളന്‍ ആദ്യം കാണുന്നത്. കലമാനാകട്ടെ, അവര്‍ക്ക് സംരക്ഷണം നല്‍കി നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ താനോ എന്ന് നളന്‍ ചിന്തിക്കുന്നു. തന്റെ കുട്ടികള്‍ ഉണ്ടോ, ഉറങ്ങിയോ, ഉടുക്കുവാന്‍ വസ്ത്രങ്ങളുണ്ടോ എന്നൊന്നും തിരക്കുവാനുള്ള ഗതി തനിക്കില്ലാതെ പോയല്ലോ എന്ന് കുണ്ഠിതപ്പെടുകയും ചെയ്യുന്നു.

പിന്നൊരിടത്ത്, പേടമാന്റെ കണ്ണിന്റെ ചുവട്ടില്‍ തന്റെ കൊമ്പ് കൊണ്ടു തടവിക്കൊടുക്കുന്ന കലമാനെ നളന്‍ കാണുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് കാട്ടിലേക്ക് തിരിച്ച തന്നോടൊപ്പം ദമയന്തിയും ഇറങ്ങിവന്നു. ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ, യാത്രചെയ്ത്; ആ ക്ഷീണത്തിലുറങ്ങിയ അവളുടെ വസ്ത്രവും മുറിച്ചെടുത്ത്, നിര്‍ദാക്ഷണ്യം ഘോരമായ കാട്ടില്‍ ഉപേക്ഷിച്ച് താന്‍ നടന്നകന്നു. ഇവിടെ, ഉപേക്ഷിക്കുക എന്നു കാണിച്ചു തുടങ്ങിയ ശേഷമാണ് വസ്ത്രം മുറിച്ചെടുത്തത് വിട്ടുപോയല്ലോ എന്ന് തോന്നയ്ക്കല്‍ പീതാംബരന്‍ ഓര്‍മ്മിച്ചതെന്നു തോന്നുന്നു. ഉപേക്ഷിച്ചു എന്നും മറ്റും കാണിക്കുമ്പോള്‍, മുദ്ര പകുതിക്കു നിര്‍ത്തി പലപ്പോഴും തീവ്രത നല്‍കുന്നതായി കണ്ടിട്ടുണ്ടെങ്കിലും, ഇവിടെ അതല്ല ഉണ്ടായതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുമായിരുന്നു. ഇനി അങ്ങിനെ തീവ്രത നല്‍കുക എന്നുതന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ തന്നെ, ഇവിടെ അതിനു സാധുതയുമില്ല. വസ്ത്രം മുറിച്ചെടുക്കുന്നതു വിട്ടുപോയെങ്കില്‍, പിന്നീട് അതിലേക്ക് തിരിച്ചുപോയി അവതരിപ്പിക്കാതിരിക്കുകയായിരുന്നു കൂടുതല്‍ ഉചിതം. അതുപോലെ തന്നെ, ഈ കാഴ്ച കാണുമ്പോള്‍; പേടമാന്‍ തന്റെ ആണ്‍‌തുണയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും, കലമാന്‍ ആ വിശ്വാസം കാക്കുന്നതുമാണ് നളനെ ഉലയ്ക്കുന്നത്. തന്നില്‍ ദമയന്തി അര്‍പ്പിച്ച വിശ്വാസം കാക്കുവാന്‍ തനിക്കായില്ലല്ലോ, എന്ന് നളന്‍ ആടിയാല്‍ മാത്രമേ ആ മനോധര്‍മ്മാട്ടത്തിനു അര്‍ത്ഥം വരുന്നുള്ളൂ. അങ്ങിനെയൊരു കാഴ്ച കണ്ടു, താന്‍ ദമയന്തിയെ കാട്ടില്‍ ഉപേക്ഷിച്ചു, ഇങ്ങിനെ രണ്ട് കാര്യങ്ങള്‍ മാത്രമാടുന്നതില്‍ കാര്യമില്ലല്ലോ!

മുദ്രകളുടെ വ്യക്തതക്കുറവും, പിടിക്കുന്നതിലെ ഭംഗിക്കുറവും, കൂടാതെ ആവര്‍ത്തനവിരസത തോന്നാത്തവണ്ണം മുദ്രകള്‍ വിന്യസിക്കുന്നതിലെ ശ്രദ്ധക്കുറവുമാണ് തോന്നയ്ക്കല്‍ പീതാംബരന്റെ ആട്ടത്തിലെ ന്യൂനതകളായി തോന്നിയത്. ഒരു ഉദാഹരണം; ആദ്യ പദത്തില്‍, ‘ശോകകാലം മമ വന്ന നാള്‍ എന്നില്‍’ എന്ന ഭാഗത്തെ ‘നാള്‍’ എന്നതിനും, അടുത്ത ചരണം ‘ദിനമനു നിങ്ങളെഞാന്‍ സേവിപ്പതും’ എന്ന ഭാഗത്തെ ‘ദിനമനു’ എന്നതിനും ഒരേ മുദ്രയും ആട്ടവുമാണ് ഉണ്ടായത്. ഇവ രണ്ടും വളരെയടുത്തു വരുന്നതാണെന്നതും ഓര്‍ക്കുക. ഒരുഭാഗത്ത് ചുരുക്കിയും, അടുത്തഭാഗത്ത് വിസ്തരിച്ചും ‘ദിനം’ അല്ലെങ്കില്‍ ‘നാള്‍’ എന്നതിനു മുദ്രകാട്ടിയാല്‍ മതിയാവും. വെളുത്ത നളന്റെ സ്ഥായിഭാവമായ ശോകം നിലനിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും, പ്രേക്ഷകര്‍ക്ക് ഒരു നൊമ്പരമായി തീരുവാന്‍ അദ്ദേഹത്തിന്റെ വെളുത്ത നളനു കഴിഞ്ഞുവോ എന്ന് സംശയമാണ്.

Karkodakan(Kalamandalam Hari R. Nair) in Nalacharitham Moonnam Divasam
കലാമണ്ഡലം ഹരി ആര്‍. നായരായിരുന്നു കാര്‍ക്കോടകനായി രംഗത്തെത്തിയത്. കാര്‍ക്കോടകന്റെ ദൈന്യത ആദ്യ ഭാഗത്ത് വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ ഹരി ആര്‍. നായര്‍ക്ക് കഴിഞ്ഞില്ല. നളനെ ദംശിച്ചതിനു ശേഷമാവട്ടെ, ബാഹുകന്റെ മുന്നില്‍ ആഢ്യതയോടെ നില്‍ക്കണ്ട കാര്‍ക്കോടകന്‍ ‘അയ്യോ! പാവം’ എന്ന മട്ടിലുമായിപ്പോയി! മുഖത്തുതേപ്പിലും ആകര്‍ഷണീയത തോന്നിയില്ല. ചിത്രം ശ്രദ്ധിക്കുക. (ഉള്ളില്‍ ചെറുതായി, മറ്റൊരിടത്തു കണ്ട കാര്‍ക്കോടകന്റെ തേപ്പും നല്‍കിയിട്ടുണ്ട്.) കാര്‍ക്കോടകന്റെ തേപ്പ് വേഷക്കാരന്റെ മനോധര്‍മ്മമനുസരിച്ചാണ് ഇപ്പോള്‍ എഴുതിവരുന്നതെന്നു തോന്നുന്നു. കാര്‍ക്കോടകന് നിശ്ചയിച്ചിരിക്കുന്ന തേപ്പ് ഏതാണാവോ! സ്ഥായി ഉണ്ടായിരുന്നില്ല എന്നതൊഴിച്ചു നിര്‍ത്തി‍‍; ആട്ടവും, മുദ്രകാട്ടുന്നതും മറ്റും നോക്കിയാല്‍ ഹരി ആര്‍. നായരുടെ കാര്‍ക്കോടകന്‍ തരക്കേടില്ലായിരുന്നു എന്നു പറയാം.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാനിലയം നന്ദകുമാര്‍ എന്നിവരായിരുന്നു ഇത്രയും ഭാഗത്തെ വായ്പ്പാട്ട്. വളരെ വ്യക്തതയുള്ള, ഉച്ചാരണശുദ്ധിയുള്ള ആലാപനശൈലിയാണ് കൃഷ്ണന്‍‌കുട്ടിയുടേത്. ഭാവത്തില്‍ മാത്രം അല്പം കുറവ് അനുഭവപ്പെട്ടു. പലയിടത്തും ഭാവം കൊടുക്കുന്നത് അനുയോജ്യമായ രീതിയിലാണെന്നും തോന്നിയില്ല. ഉദാഹരണം; ‘അധീരനെന്നാരും അപഹസിക്കരുതേ’ എന്ന ഭാഗത്തെ ‘അധീരനെന്നാരും‍’ എന്നത് പാടിവന്നപ്പോള്‍ വന്ന ഭാവം ‘ധീരനെന്നാരും’ എന്നായിപ്പോയി! അവിടെ ധീരനെന്ന വാക്കിന് ശക്തി കൊടുക്കേണ്ടതില്ല. ഇതുപോലെയുള്ള ചില പ്രശ്നങ്ങളൊഴിവാക്കിയാല്‍ കഥകളിക്കു ചേരുന്ന സംഗീതമായി തോന്നി അദ്ദേഹത്തിന്റേത്. കളിയരങ്ങുകളില്‍ ഇപ്പോള്‍ ലഭിക്കുന്നതിലും ശ്രദ്ധ അദ്ദേഹത്തിനു ലഭിക്കേണ്ടതുണ്ടെന്നും തോന്നുന്നു. കൂടെപ്പാടിയ നന്ദകുമാറിന്റെ സംഗീതം വളരെ നിരാശപ്പെടുത്തുന്നതായിരുന്നെന്നും പറയാതെ വയ്യ. ഇത്രയും ഭാഗത്തെ മേളം കൈകാര്യം ചെയ്ത മാര്‍ഗി രത്നാകരന്(മദ്ദളം)‍, ആര്‍.എല്‍.വി. സോമദാസ്(ചെണ്ട) എന്നിവരുടെ പ്രവര്‍ത്തിയും അത്രയൊന്നും മികച്ചതായിരുന്നില്ല. കൈക്കുകൂടുന്നതിലെ അലംഭാവം തന്നെയായിരുന്നു ഏറ്റവും പ്രകടമായ പോരായ്മ.

Bahukan(Kalamandalam Gopi) in Nalacharitham Moonnam Divasam
ബാഹുകനായി കലാമണ്ഡലം ഗോപി എത്തിയതുമുതല്‍ക്കാണ് അരങ്ങുണര്‍ന്നതെന്നു പറയാം. കാര്‍ക്കോടകദംശനമേറ്റ് അത്യധികം കോപത്തോടെ ഞെട്ടി നില്‍ക്കുന്ന ബാഹുകനിലേക്ക് എത്ര പെട്ടെന്നാണ് പ്രേക്ഷകരെ കലാമണ്ഡലം ഗോപി കൂട്ടിക്കൊണ്ടു പോയത്! ‘ഊക്കേറും അഹിവരരില്‍, കാര്‍ക്കോടകാഖ്യനഹം!’, ‘ഓര്‍ക്കേണം ഒരു മുനിയെ, മാര്‍ഗേ ചതിച്ചീതഹം’; എന്നീഭാഗങ്ങളിലൊക്കെ ബാഹുകന്‍ ‘അങ്ങേക്ക് ഈ ദുഃര്‍ഗതി വരുവാന്‍?’, ‘എന്നിട്ട് എന്തുണ്ടായി?’ എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ രംഗം കൂടുതല്‍ സജീവമാക്കി. ‘കാദ്രവേയകുലതിലക!’ എന്ന ബാഹുകന്റെ മറുപടിപദമാണ് തുടര്‍ന്ന്. ഈ ഭാഗങ്ങള്‍ കലാമണ്ഡലം ഗോപി സാധാരണ വിസ്തരിക്കാറുള്ളത്രയും വിസ്തരിച്ചുള്ള ആട്ടം ഉണ്ടായില്ല, വിശേഷിച്ചും ‘ഇന്ദുമൌലിഹാരമേ! നീ’ എന്ന ഭാഗം. ബാഹുകന്റെ ഭാഗം മുതല്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു സംഗീതം. പത്തിയൂരിന്റെ ശബ്ദം അല്പം അടപ്പുണ്ടായിരുന്നതായി അനുഭവപ്പെട്ടു. ആദ്യകാലങ്ങളില്‍ ശബ്ദനിയന്ത്രണം തീരെ പ്രകടമല്ലാതെയുള്ള ആലാപനമായിരുന്നു ശങ്കരന്‍‌‌കുട്ടി തുടര്‍ന്നു പോന്നിരുന്നത്. പക്ഷെ, ഇവിടെ വളരെയധികം ശബ്ദനിയന്ത്രണം തന്റെ ആലാപനത്തില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ സംഗീതം ഭാവപൂര്‍ണ്ണവും, ആസ്വാദ്യകരവുമായിത്തീര്‍ന്നു. കലാനിലയം രാജീവന്‍ വളരെ നല്ല രീതിയില്‍ പത്തിയൂരിനെ പിന്തുണച്ചു എന്നതും എടുത്തു പറയേണ്ടതുതന്നെ.

Bahukan(Kalamandalam Gopi) & Karkodakan(Kalamandalam Hari R. Nair) in Nalacharitham Moonnam Divasam
വസ്ത്രം നല്‍കി കാര്‍ക്കോടകന്‍ മറഞ്ഞ ശേഷം, ബാഹുകന്‍ തന്റെ അവസ്ഥയെപ്പറ്റി ആലോചിക്കുന്നുണ്ട്. തന്റെ മനസില്‍ എത്രയധികം കുടിലത വന്നുചേര്‍ന്നുവെന്ന് ബാഹുകന്‍ കുണ്ഠിതപ്പെടുന്നു. ചൂതില്‍ അനുജനോട് തോറ്റ് സര്‍വ്വതും നഷ്ടപ്പെട്ടു; കുട്ടികളേയും വേര്‍പിരിഞ്ഞു; ഞാന്‍ തുണയെന്നുറച്ച് എന്റെയൊപ്പം വനത്തിലെത്തിയ ദമയന്തിയെ; വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ, തളര്‍ന്ന് തന്റെ മടിയിലുറങ്ങവെ; വന്യജീവികള്‍ നിറഞ്ഞ ഘോരവനത്തില്‍; അവളുടെ പാതിവസ്ത്രവും മുറിച്ചെടുത്ത്; ഉപേക്ഷിച്ച് രാത്രിയില്‍ കടന്നു കളഞ്ഞു. “അവള്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ? ചതിക്കുഴികളില്‍ അവള്‍ വീണിട്ടുണ്ടാവുമോ?” എന്നു ശങ്കിച്ച് “ഇല്ല, പതിവ്രതാരത്നമായ അവളെ ഈ ലോകത്തൊന്നിനും അപായപ്പെടുത്താനാവില്ല!” എന്നു സമാധാനിച്ച് കാര്‍ക്കോടക നിര്‍ദ്ദേശപ്രകാരം ഋതുപര്‍ണ്ണ രാജധാനിയിലേക്ക് തിരിക്കുന്നു. വെളുത്ത നളനാടിയ വേര്‍പാടുവരെയുള്ള ഭാഗം തന്നെ ഇവിടെ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. രണ്ടു കലാകാരന്മാരും കാണിച്ചതൊന്നുതന്നെയെങ്കിലും, വികാരപരമായി പ്രേക്ഷകരെ സ്പര്‍ശിക്കുവാന്‍ ഗോപിക്കാണ് കഴിഞ്ഞതെന്ന് നിഃസംശയം പറയാം. വളരെ മന്ദതയില്‍ തുടങ്ങി, ഉപേക്ഷിച്ച് രാത്രിയില്‍ കടന്നു കളഞ്ഞു എന്ന ഭാഗത്തെത്തുമ്പോഴേക്കും, വളരെ തീവ്രമായ ഉന്മാദാവസ്ഥയിലേക്ക് മാറി, കടന്നു കളഞ്ഞുവെന്ന മുദ്രയോടൊപ്പം പിന്നിലോട്ട് തിരിഞ്ഞ്, വീണ്ടും ശോകസ്ഥായിയില്‍ തിരിച്ചെത്തുന്ന ബാഹുകന്‍ പ്രേക്ഷകരെ ഉലയ്ക്കുക തന്നെചെയ്യും. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസ് എത്ര ഭംഗിയായാണ് ഗോപിയുടെ ബാഹുകനെ പിന്തുണയ്ക്കുന്നതെന്ന് കണ്ടും കേട്ടും തന്നെ അറിയണം. ഭാവത്തിനനുസരിച്ച്, ശബ്ദം നിയന്ത്രിച്ച് ചെണ്ടയില്‍ കൊണ്ടുവരുന്ന വ്യതിയാനങ്ങളാണ് ഗോപിയുടെ ആട്ടത്തെ ഇത്രയും ഉജ്വലമാക്കുന്നതെന്നതെന്നതില്‍ തര്‍ക്കത്തിനിടമില്ല. കലാമണ്ഡലം രവീന്ദ്രന്റെ മദ്ദളം നന്നായിരുന്നു, എങ്കിലും എടുത്തുപറയുവാനായി എന്തെങ്കിലും ഉള്ളതായി തോന്നിച്ചില്ല.

Bahukan(Kalamandalam Gopi) in Nalacharitham Moonnam Divasam
തുടര്‍ന്നു ബാഹുകന്റെ ‘വനവര്‍ണ്ണന’യാണ്. കാട്ടരുവിയില്‍ വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടത്തെയാണ് ആദ്യം കാണുന്നത്. അതിലൊരു കൊമ്പനാന തന്റെ പിടിയുടെ തുമ്പിക്കൈ കൊമ്പില്‍ കോര്‍ത്ത് നടക്കുന്നു. താന്‍ ദമയന്തിയുടെ കൈപിടിച്ച് ഉദ്യാനത്തിലൂടെ നടന്ന കാലം ഓര്‍മ്മിച്ച്, തന്റെ ജീവിതത്തില്‍ അങ്ങിനെയൊരു സുദിനം എന്നിനിയുണ്ടാവുമെന്ന് ദുഃഖത്തോടെ ചിന്തിച്ച് യാത്ര തുടരുന്നു. തുടര്‍ന്ന് പ്രസിദ്ധമായ ‘മാന്‍പ്രസവം’ എന്ന മനോധര്‍മ്മാട്ടമാണ് കലാമണ്ഡലം ഗോപി അവതരിപ്പിച്ചത്. പ്രസവവേദനയാല്‍ പ്രയാസപ്പെടുന്ന ഒരു മാന്‍ പേട; ഒരു ഭാഗത്ത് ഇരയൊന്നും കിട്ടാതെ വിശന്നു വലഞ്ഞെത്തുന്ന ഒരു വേടന്‍, മാനിനെ എയ്യുവാന്‍ ഉന്നം പിടിക്കുന്നു; മറ്റൊരു ഭാഗത്ത് ഒരു സിംഹം മാനിനു മേല്‍ ചാടിവീഴുവാന്‍ തക്കം പാര്‍ത്തിരിക്കുന്നു; ഇനിയുമൊരു ഭാഗത്ത് കാട്ടുതീ; എതിര്‍ദിശയില്‍ കാട്ടാറ്‌. “ഇങ്ങിനെ നാലുഭാഗത്തും അപകടം, എല്ലാവരേയും കാത്തുരക്ഷിക്കുന്ന ഈശ്വരന്‍, ഈ പേടമാനെ എങ്ങിനെ രക്ഷിക്കും?” എന്നു ചിന്തിച്ചിരിക്കുന്ന ബാഹുകന്‍ മഴയുടെ വരവായെന്നാടുന്നു. കൂട്ടത്തില്‍ ഇടിയും മിന്നലുമുണ്ട്. ഒരു മിന്നല്‍പ്പിണര്‍ വേടനേല്‍ക്കുന്നു, ഉന്നം തെറ്റിയ അസ്ത്രം തറച്ച് സിംഹം മരിക്കുന്നു, മഴയില്‍ കാട്ടുതീയുമണഞ്ഞു, കാട്ടാറ് ശാന്തമായി ഒഴുക്കു തുടര്‍ന്നു. അതാ, മാന്‍പേട രണ്ട് മാന്‍‌കുട്ടികളെ പ്രസവിച്ചു കഴിഞ്ഞു. “എല്ലാ ജീവജാലങ്ങളേയും ഈ രീതിയില്‍ കാത്തുരക്ഷിക്കുന്ന ഈശ്വരന്‍ തന്റെ ദയിതയായ ഭൈമിയേയും കത്തുരക്ഷിക്കുകയില്ലേ?” എന്നു പ്രാര്‍ത്ഥിച്ച് ബാഹുകന്‍ യാത്ര തുടരുന്നു. നാലുഭാഗത്തേയും അപായങ്ങളേയും, നടുവിലെ മാന്‍‌പേടയേയും മാറി മാറി അവതരിപ്പിച്ച് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കലാമണ്ഡലം ഗോപിയുടെ തന്നെ മറ്റരങ്ങുകളില്‍ കണ്ടത്രയും ഇവിടെ ഉണ്ടായോ എന്ന് സംശയമാണ്; നന്നായി, അത്രമാത്രം.

കുയിലിന്റെ കൂജനങ്ങള്‍ കേള്‍ക്കുന്നതായി നടിച്ച്, കാടവസാനിക്കാറായി എന്നാടുന്നു. അതാ ദൂരെ വിസ്തൃതമായ ഋതുപര്‍ണ്ണരാജ്യം. ബ്രാഹ്മണര്‍ ഭാണ്ഡക്കെട്ടുകളുമായി വരുന്നു, അവരോട് രാജധാനിയിലേക്കുള്ള വഴി ചോദിച്ചറിയുന്നതായി നടിച്ച്, ആ വഴി തിരിക്കുന്നു. ഋതുപര്‍ണ്ണന്റെ രാജ്യത്തെ സമ്പല്‍‌സമൃദ്ധി വിളിച്ചോതുന്ന കാഴ്ചകളാണെങ്ങും. സന്തുഷ്ടരായ ജനങ്ങളെക്കടന്ന് ചെല്ലുന്ന ബാഹുകന്‍ ദൂരെ രാജകൊട്ടാരം കാണുന്നു. വിസ്തൃതമായ, നാലുദിക്കിലും ഗോപുരങ്ങളോടു കൂടിയ, വിവിധനിലകളുള്ള മന്ദിരം അത്യധികം ശോഭിച്ചു കാണപ്പെടുന്നു. മന്ദിരത്തിനു മുകളില്‍ കാണുന്ന പതാക; അവശരായവരേയും, അബലരേയും, അശരണരേയും താന്‍ ക്ലേശങ്ങളകറ്റി സംരക്ഷിച്ചുകൊള്ളാം എന്നു പറഞ്ഞ് രാജാവുതന്നെ കൈകാട്ടി വിളിക്കുന്നതുപോലെ കാണപ്പെടുന്നു. രാജാവിന്റെ പ്രജാവാത്സല്യവും വിശാലമനസ്സും കൊടിയില്‍ പോലുമുണ്ട് എന്ന് ബാഹുകന്‍ ആശ്ചര്യപ്പെടുന്നു. പ്രധാനഗോപുര കവാടത്തില്‍ കാവല്‍ നില്‍ക്കുന്ന ഭടന്മാരുടെ അനുവാദം ചോദിച്ച് അകത്തു കടക്കുന്ന ബാഹുകന്‍ ഉദ്യാനത്തിലൂടെ സഞ്ചരിക്കുന്നു. ഉദ്യാനത്തിന്റെ മനോഹാരിത ബാഹുകനില്‍ കാര്യമായ താത്പര്യമുണര്‍ത്തുന്നില്ല. ഉദ്യാനത്തില്‍ സുന്ദരികളായ സ്ത്രീകള്‍ പാട്ടും നൃത്തവും ചെയ്യുന്നുണ്ട്, അവരിലും ബാഹുകന്‍ തത്പരനല്ല. ഈ കാഴ്ചകളൊക്കെ വിശദമായി ബാഹുകന്‍ വര്‍ണ്ണിക്കുന്നതിലെ അഭംഗി ഒന്നാലോചിച്ചു നോക്കൂ, അതിനാല്‍ തന്നെ കലാമണ്ഡലം ഗോപി പിന്തുടരുന്ന ഈ രീതി തന്നെയാണ്, മനോഹരങ്ങളായ ഇത്തരം കാഴ്ചകള്‍ വര്‍ണ്ണിച്ചാടുന്നതിലും അവിടെ അനുയോജ്യം. ദൂരെ കനകസിംഹാസനത്തില്‍ രണ്ട് സേവകരോടൊപ്പം ഉപവിഷ്ഠനായ ഋതുപര്‍ണ്ണനെ കണ്ടതായി നടിച്ച്, “താന്‍ രാജാവായിരുന്നപ്പോള്‍, തന്റെ മുന്നില്‍ കാഴ്ചദ്രവ്യങ്ങള്‍ വെച്ചുവണങ്ങിയ രാജാവാണ്, ഇനി അദ്ദേഹത്തിന്റെ സേവകനായി... വൈകാതെ അദ്ദേഹത്തിനു മുന്നിലെത്തി തന്റെ കാര്യം ഉണര്‍ത്തിക്കുക തന്നെ” എന്നുറച്ച് ബാഹുകന്‍ മാറുന്നതോടെ രംഗം അവസാനിക്കുന്നു.


Description: Nalacharitham Moonnam Divasam Appreciation: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)" title="Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
--

2008 ഫെബ്രുവരി 14, വ്യാഴാഴ്‌ച

കഴക്കൂട്ടത്തെ പ്രഹ്ലാദചരിതം

Prahladacharitham Kathakali - Ravikumar as HiranyaKashipu, Attingal Manu as Sukracharyar (Sukran), Kalamandalam Ramachandran Unnithan as Narasimham and Master Arjun as Prahladan. Music rendered by Kottackal Madhu and Kalanilayam Rajeevan. Melam by Kalamandalam Krishnadas, Kottackal Radhakrishnan in Chenda and Kottackal Vijayaraghavan, Kalamandalam Harikumar in Maddalam. Kathakali organized by Kaliyarangu, Kazhakkoottam, Thiruvananthapuram in association with 6th Anniversary.
ഫെബ്രുവരി 02, 2008: കളിയരങ്ങിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ കഥകളിയില്‍, ആദ്യ കഥയായി അവതരിപ്പിച്ച ‘നളചരിതം രണ്ടാം ദിവസ’ത്തെക്കുറിച്ച് ഇവിടെ വായിച്ചുവല്ലോ. അപൂര്‍വ്വമായി മാത്രം അവതരിക്കപ്പെടാറുള്ള, ‘പ്രഹ്ലാദചരിതം’ കഥയാണ് രണ്ടാമതാ‍യി അവിടെ അവതരിക്കപ്പെട്ടത്. ഹിരണ്യകശിപുവായി കോട്ടയ്ക്കല്‍ രവികുമാര്‍, ശുക്രാചാര്യരാ‍യി ആറ്റിങ്ങല്‍ മനു, പ്രഹ്ലാദനായി മാസ്റ്റര്‍ അര്‍ജ്ജുന്‍, നരസിംഹമായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ എന്നിവരാണ് ഈ കഥയില്‍ വേഷമിട്ടത്.

Kottackal Ravikumar as HiranyaKashipu
പ്രഹ്ലാദനെ വിദ്യ അഭ്യസിപ്പിക്കുവാനായി ശുക്രാചാര്യരെ ഏല്‍പ്പിക്കുവാന്‍ ഹിരണ്യകശിപു എത്തുന്നതാണ് ആദ്യ രംഗം. “മാമുനിവര! തവപാദയുഗളം വന്ദേ” എന്ന ഹിരണ്യകശിപുവിന്റെ പദത്തോടെയാണ് രംഗം ആരംഭിക്കുന്നത്. തന്റെ ആഗമനോദ്ദേശം ഹിരണ്യകശിപു ശുക്രാചാര്യരെ അറിയിക്കുന്നതിനോടൊപ്പം ഇങ്ങിനെ കൂടി പറയുന്നു; “എന്നുടയ ചരിതത്തെ നന്നായി അഭ്യസിപ്പിക്ക!”. ശുക്രാചാര്യര്‍ രാജാവിന്റെ ഇംഗിതം നിറവേറ്റുന്നതാണെന്ന് ഉറപ്പു കൊടുക്കുന്നു.

ഹിരണ്യകശിപുവും ശുക്രാചാര്യരുമൊത്തുള്ള ഒരു ചെറിയ മനോധര്‍മ്മമാണ് അടുത്തത്. ‘ഗുരുമന്ദിരത്തില്‍ ഏവര്‍ക്കും സൌഖ്യം തന്നെയല്ലേ? ആരെങ്കിലും ദുഃഖിതരായുണ്ടോ?’ എന്നുള്ള ഹിരണ്യകശിപുവിന്റെ ചോദ്യത്തിന്, ‘അങ്ങയുടെ കൃപയാല്‍ എല്ലാവര്‍ക്കും സൌഖ്യം തന്നെ’ എന്നു ശുക്രാചാര്യര്‍ മറുപടി പറയുന്നു. ‘കുട്ടികള്‍ക്കൊക്കെ അന്നം സമയാസമയം ലഭിക്കുന്നുണ്ടല്ലോ?’ എന്നതിന് ‘അതിനും മുട്ടുവരാറില്ല’. ഒടുവിലായി ഹിരണ്യകശിപു ചോദിക്കുന്നു; ‘പിന്നെ, എന്റെ ചരിതങ്ങള്‍ വേണ്ടും വണ്ണം ഇവരെ അഭ്യസിപ്പിക്കുന്നുണ്ടല്ലോ? അല്ലേ?’. മറുപടിയായി ശുക്രാചാര്യര്‍, ‘ഉണ്ട്. അങ്ങയുടെ വീരചരിതമാണ് ഇവര്‍ അഭ്യസിക്കുന്നത്. അങ്ങയുടെ നാമമാണ് ഇവര്‍ ജപിക്കുന്നത്.’ ഗുരുവിന്റെ മറുപടിയില്‍ സം‌പ്രീതനായി ഹിരണ്യകശിപു മകനെ ശുക്രാചാര്യരുടെ പക്കലേല്‍പ്പിച്ച് മടങ്ങുന്നു.

Master Arjun as Prahladan & Other Students
ശുക്രാചാര്യര്‍ ഹിരണ്യകശിപുവിന്റെ നാമം ചൊല്ലിക്കൊടുത്ത്, ശിഷ്യരോടൊപ്പം പ്രഹ്ലാദനേയും ചേര്‍ത്ത്, ചൊല്ലിപ്പഠിക്കുവാന്‍ നിര്‍ദ്ദേശിച്ച് പോവുന്നു. പ്രഹ്ലാദന്‍ സഹപാഠികള്‍ക്കൊപ്പം പഠിക്കുന്നതാണ് അടുത്ത രംഗം. “ബാലകന്മാരേ നിങ്ങള്‍, സാദരം കേള്‍പ്പിന്‍...” എന്ന പദത്തിന്റെ ഒടുവിലായി “ജപിപ്പിന്‍ നാരായണനാമത്തെ, ഭജിപ്പിന്‍ ശ്രീവല്ലഭപാദയുഗളം.” എന്നു പ്രഹ്ലാദന്‍ കൂട്ടുകാര്‍ക്ക് ഉപദേശിക്കുന്നു. മടങ്ങിയെത്തുന്ന ശുക്രാചാര്യര്‍ കാണുന്നത്, എല്ലാവരും ഹിരണ്യകശിപുവിന്റെ നാമം ഒഴിവാക്കു വിഷ്ണുനാമം ജപിക്കുന്നതാണ്. ഇതുകണ്ട് കോപിഷ്ഠനായ ഗുരു പ്രഹ്ലാദനെ ശാസിക്കുന്നു. എത്രയൊക്കെ ശാസിച്ചിട്ടും പ്രഹ്ലാദന്‍ വിഷ്ണുനാമം ജപിക്കാതെയിരിക്കുന്നില്ല. ഒടുവില്‍ സഹികെട്ട്, പ്രഹ്ലാദനെ ഹിരണ്യകശിപുവിനു തിരിച്ചു നല്‍കുക തന്നെ എന്നുറച്ച് കൊട്ടാരത്തിലേക്ക് തിരിക്കുന്നു.

തന്റെ മകന്‍ അഭ്യസനം കഴിഞ്ഞ് തിരികെയെത്തുന്നത് (വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരികെയെത്തുന്നത്) ഹിരണ്യകശിപുവിനെ സന്തോഷിപ്പിക്കുന്നു. ഗുരുവിനോട് എല്ലാം നന്നായി ഉപദേശിച്ചില്ലേ എന്നും മറ്റും ചോദിക്കുന്നു. ഗുരുപറയുന്നു, ‘തന്നെക്കൊണ്ടാവുന്നതു പോലെ എല്ലാം നന്നായി ഉപദേശിച്ചിട്ടുണ്ട്.’. സന്തോഷത്തോടെ കശിപു, പ്രഹ്ലാദനോട് പഠിച്ചത് ഉരുവിടുവാന്‍ ആവശ്യപ്പെടുന്നു. പ്രഹ്ലാദന്‍ തുടങ്ങുന്നതു തന്നെ നാരായണനാമം ജപിച്ചാണ്. ഇതു കേട്ട് അത്യധികം കോപിഷ്ഠനാവുന്ന കശിപു ശുക്രാചാ‍ര്യരോട് കാര്യം തിരക്കുന്നു. ഇവന്‍ കുട്ടിക്കാലം മുതല്‍ തന്നെ ഇങ്ങിനെയാണെന്നും, എത്രയൊക്കെ ശാസിച്ചിട്ടും വിഷ്ണുനാമമല്ലാതെ മറ്റൊരു നാമവും ജപിക്കുന്നില്ലെന്നും ഗുരു അറിയിക്കുന്നു. എന്നാലിവിനെ കൊല്ലുകതന്നെ എന്നുറച്ച് കിങ്കരന്മാരെ വരുത്തി കൊല്ലുവാനേല്‍പ്പിക്കുന്നു.

പക്ഷെ, പ്രഹ്ലാദനെ കൊല്ലുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പാമ്പിനെക്കൊണ്ട് കൊത്തിക്കുക, കൊക്കയിലേക്കെറിയുക എന്നിവയാണ് ഇവിടെ അവതരിപ്പിച്ചത്. മദയാനയെക്കൊണ്ട് ചവിട്ടിക്കുക, അഗ്നിയിലേക്കെറിയുക എന്നിവയൊക്കെയും സാധാരണ കാണിക്കാറുണ്ട്. ഇടയ്ക്ക് സര്‍പ്പത്തിന്റെ കടിയേറ്റ് മരിക്കുന്ന ഒരു കിങ്കരനെ ജീവിപ്പിക്കുന്നതായും ഇവിടെ ആടി. അങ്ങിനെയൊരു ഭാഗം സത്യത്തില്‍ ആവശ്യമുണ്ടായിരുന്നോ എന്ന് സംശയമുണ്ട്. ഒടുവില്‍ പരാജയപ്പെട്ട് ഹിരണ്യകശിപുവിന്റെ സമീപം പ്രഹ്ലാദനെ എത്തിക്കുന്നു. ഹിരണ്യകശിപു പ്രഹ്ലാദനോട് ചോദിക്കുന്നു; ‘ആരാണ് നിന്റെ നാരായണന്‍? എവിടെയാണവന്‍?’. നാരായണന്‍ സര്‍വ്വവ്യാപിയാണെന്നും, തൂണിലും തുരുമ്പിലും നാരായണന്റെ സാന്നിധ്യമുണ്ടെന്ന് പ്രഹ്ലാദന്‍ മറുപടി പറയുന്നു. ഇതുകേട്ട് കോപിഷ്ഠനാവുന്ന കശിപു, മുന്‍പിലുള്ള തൂണിനെ വാളാല്‍ വെട്ടി പിളര്‍ക്കുന്നു.

സദസ്യരുടെ ഇടയില്‍ തിരശീലയ്ക്കു പിന്നിലാണ് നരസിംഹം നില്‍ക്കുക. ഹിരണ്യകശിപു തിരശീല വാളുകൊണ്ട് മാറ്റുന്നു. തിരശീല മാറുമ്പോള്‍ നരസിംഹം പന്തത്തിന്റേയും മറ്റും പ്രഭയില്‍ ദൃശ്യമാവുന്നു. ഈ രീതിയിലാണ് ഇവിടെ ഈ ഭാഗം അവതരിപ്പിച്ചത്. നരസിംഹം പ്രത്യക്ഷപ്പെടുന്നതുമുതല്‍ മാറു പിളരുന്നതുവരെയുള്ള രംഗങ്ങളില്‍, സിംഹത്തിന്റെ അമറല്‍ റിക്കാര്‍ഡ് ചെയ്തത് കേള്‍പ്പിച്ചത് കഥകളിയില്‍ ആവശ്യമോ എന്ന് സംശയിക്കാമെങ്കിലും, രസകരമായി അനുഭവപ്പെട്ടു. തുടര്‍ന്ന് ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്ന് കുടല്‍മാല പുറത്തെടുത്ത്, കശിപുവിനെ വധിക്കുന്നു. പ്രഹ്ലാദന്‍ നരസിംഹത്തെ സ്തുതിക്കുന്നു. ശാന്തനാവുന്ന നരസിംഹം, പൃതൃവധത്തില്‍ ഖേദമരുതെന്ന് പ്രഹ്ലാദനെ ഉപദേശിച്ച ശേഷം രാജാവായി വാഴിക്കുന്നു. സര്‍വ്വവിധ ഐശ്വൈര്യവും ഉണ്ടാവട്ടെ എന്ന് പ്രഹ്ലാദനെ അനുഗ്രഹിച്ച് നരസിംഹം മറയുന്നു.

Kalamandalam Ramachandran Unnithan as Narasimham
നരസിംഹത്തിന്റെ വേഷവും, അവസാന രംഗവുമാണ് പ്രഹ്ല്ലാദചരിതത്തിലെ ആകര്‍ഷകമായ ഭാഗം. കാര്യമാ‍യ മനോധര്‍മ്മങ്ങളൊന്നും ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. സമയക്കുറവും ഒരു കാര്യമായിരുന്നിരിക്കാം. നരസിഹത്തിന്റെ ചുട്ടിയും വേഷവും അത്ര മികച്ചതായി തോന്നിയില്ല. കുരുത്തോല ഉപയോഗിച്ചുള്ള തോള്‍പ്പൂട്ടും, വളയുമെല്ലാം നരസിംഹത്തിനുള്ളതായാണ് എന്റെ ഓര്‍മ്മ. എന്നാലിവിടെ അതൊന്നും കണ്ടില്ല. മുഖത്തെഴുത്തും അത്ര ഉഗ്രമായി തോന്നിയില്ല. കൃഷ്ണന്‍നായര്‍ കോലിയക്കോട്, മാര്‍ഗ്ഗി രവീന്ദ്രന്‍, കരീയ്ക്കകം ത്രിവിക്രമന്‍ തുടങ്ങിയവരായിരുന്നു ചുട്ടി. നരസിംഹത്തിന്റെ വേഷമിട്ടത് കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായതുകൊണ്ട്, ഭാവത്തിന് കുറവുണ്ടായിരുന്നില്ലെന്നു മാത്രം. കരി, താടി വേഷങ്ങളും, ഇതുപോലെയുള്ള പ്രത്യേക വേഷങ്ങളും ഉണ്ണിത്താന് നന്നായിണങ്ങും. ഈ വേഷങ്ങളിലെത്തുന്ന സാധാരണ കലാകാരന്മാരില്‍ നിന്നും വിഭിന്നമായി, നന്നായി കഥാപാത്രത്തെ മനസിലാക്കി അവതരിപ്പിക്കുവാന്‍ ഉണ്ണിത്താന്‍ ശ്രമിക്കാറുണ്ടെന്നുള്ളതും അഭിനന്ദനാര്‍ഹമാണ്. മധു, കലാനിലയം രാജീവന്‍ എന്നിവരുടെ ആലാപനവും നിലവാരം പുലര്‍ത്തി. ആട്ടക്കഥയുടെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവതരിപ്പിക്കുവാറുള്ളത്, അതിനാല്‍ തന്നെ പദഭാഗങ്ങള്‍ വളരെക്കുറച്ചു മാത്രമേ ഉണ്ടാവാറുള്ളൂ. ചുരുക്കത്തില്‍ കളിയരങ്ങിന്റെ വാര്‍ഷികത്തില്‍ അവതരിക്കപ്പെട്ട ‘പ്രഹ്ലാദചരിതം’ പ്രേക്ഷകരെ ഒട്ടൊക്കെ തൃപ്തിപ്പെടുത്തിയ ഒന്നായിരുന്നു.


Description: Prahladacharitham Kathakali - Ravikumar as HiranyaKashipu, Attingal Manu as Sukracharyar (Sukran), Kalamandalam Ramachandran Unnithan as Narasimham and Master Arjun as Prahladan. Music rendered by Kottackal Madhu and Kalanilayam Rajeevan. Melam by Kalamandalam Krishnadas, Kottackal Radhakrishnan in Chenda and Kottackal Vijayaraghavan, Kalamandalam Harikumar in Maddalam. Kathakali organized by Kaliyarangu, Kazhakkoottam, Thiruvananthapuram in association with 6th Anniversary.
--

2008 ഫെബ്രുവരി 7, വ്യാഴാഴ്‌ച

കഴക്കൂട്ടത്തെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam : Kottackal Chandrasekhara Varier(Nalan), Margi Vijayakumar(Damayanthi), Kalamandalam Ramachandran Unnithan(Kali), Kalamandalam Krishnakumar(Pushkaran)
ഫെബ്രുവരി 02, 2008: കളിയരങ്ങിന്റെ ആറാമത് വാര്‍ഷികാഘോഷങ്ങള്‍, കഴക്കൂട്ടം ജ്യോതിസ് സ്കൂളില്‍ നടത്തുകയുണ്ടായി. നളചരിതം രണ്ടാം ദിവസം, പ്രഹ്ലാദചരിതം എന്നീ കഥകളാണ് വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുടെ നളനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, അനാരോഗ്യം മൂലം അദ്ദേഹത്തിന് പങ്കെടുക്കുവാന്‍ കഴിയാതിരുന്നത് ദൌര്‍ഭാഗ്യകരമായി. ഗോപിയുടെ അഭാവത്തില്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരാണ് നളനായി അരങ്ങിലെത്തിയത്. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ കലിയായും, കലാമണ്ഡലം കൃഷ്ണകുമാര്‍ പുഷ്കരനായും വേഷമിട്ടു. ആറ്റിങ്ങല്‍ മനു, ചിറയന്‍‌കീഴ് മുരളി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ യഥാക്രമം ദ്വാപരന്‍, ഇന്ദ്രന്‍, കാട്ടാളന്‍ എന്നിവരെ അവതരിപ്പിച്ചു.

Purappadu-Kathakali
നാലുകൃഷ്ണവേഷങ്ങള്‍ ചേരുന്ന പുറപ്പാടോടുകൂടിയാണ് കഥകളി ആരംഭിച്ചത്. വളരെ പ്രായം കുറഞ്ഞ കുട്ടികള്‍ വേഷമിട്ട് അരങ്ങിലെത്തുന്നത് കൌതുകകരമാണെങ്കിലും, അത് എത്രമാത്രം നല്ല ഒരു പ്രവണതയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നാടോടിനൃത്തം പഠിക്കുന്നതുപോലെയോ, സിനിമാറ്റിക് ഡാന്‍സ് പഠിക്കുന്നതുപോലെയോ; ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് പുറപ്പാട് മാത്രം പഠിച്ച് അരങ്ങിലെത്തുന്നത് കഥകളിക്ക് പ്രയോജനകരമാണെന്നു കരുതുവാനാവില്ല. അങ്ങിനെയുള്ള അഭ്യസനം ഭാവിയിലെ കലാകാരന്മാരെ സൃഷ്ടിക്കുമെന്നും തോന്നുന്നില്ല. കഥകളിക്കു മാത്രമായി ജീവിതം ഉഴിഞ്ഞുവെയ്ക്കുക എന്നതൊന്നും ഈ കാ‍ലത്ത് സാധിക്കില്ലെങ്കിലും, കുറച്ചുകൂടി ചിട്ടയോടെയുള്ള സമീപനമാണ് നല്ലതെന്നു തോന്നുന്നു. അങ്ങിനെയല്ലെങ്കില്‍, കഥകളി പഠിച്ചിട്ടുണ്ടെന്ന് പറയാമെന്നല്ലാതെ, മറ്റൊരു പ്രയോജനവും ഉണ്ടാവില്ല.

പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കോട്ടയ്ക്കല്‍ മധു എന്നിവരാണ് പുറപ്പാടിനു പാടിയത്. സാധാരണ ഇവരുടെ കൂട്ടുകെട്ട് വളരെ നന്നാവാറുണ്ടെങ്കിലും, ഇവിടെ അത്ര ആസ്വാദ്യകരമായി അനുഭവപ്പെട്ടില്ല. ശേഷം കലാമണ്ഡലം കൃഷ്ണദാസ്, കോട്ടയ്ക്കല്‍ രാധാകൃഷ്ണന്‍, കോട്ടയ്ക്കല്‍ വിജയരാഘവന്‍, കലാമണ്ഡലം ഹരികുമാര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഡബിള്‍ മേളപ്പദവും അരങ്ങേറി. കൃഷ്ണദാസിന്റെ ചെണ്ടയും, കോട്ടയ്ക്കല്‍ രാധാകൃഷ്ണന്റെ മദ്ദളവുമായിരുന്നു മേളപ്പദം കൊഴുപ്പിച്ചത്. കോട്ടയ്ക്കല്‍ വിജയരാഘവന്‍, കലാമണ്ഡലം ഹരികുമാര്‍ എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും നന്നായിത്തന്നെ ഇവരെ പിന്തുണച്ചു. മേളപ്പദം ആസ്വാദ്യകരമായെങ്കിലും, ഇത്രയും വിശദമായി പുറപ്പാടും മേളപ്പദവും അവതരിപ്പിച്ചപ്പോള്‍, കഥാഭാഗം തുടങ്ങുവാന്‍ വളരെ വൈകി. പല ആസ്വാദകരും, ഇതു കഴിയാന്‍ കാത്തുനില്‍ക്കാതെ സ്ഥലം വിടുന്നതും കാണാമായിരുന്നു. ഇന്നത്തെ ആസ്വാദകര്‍ക്ക് സൌകര്യപ്രദമാ‍യ സമയത്ത് കഥകളി അവതരിപ്പിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധ ചെലുത്തിയാല്‍; അത് ആസ്വാദകര്‍ക്കും, കലാകാരന്മാര്‍ക്കും ഒരുപോലെ ഗുണകരമായിത്തീരും.

NalaDamayanthi - Kottackal Chandrasekhara Varier, Margi Vijayakumar
കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരുടെ പച്ചവേഷങ്ങള്‍ ഒരിക്കലും മികച്ചത് എന്നു പറയുവാന്‍ സാധിക്കുന്നതല്ല. അദ്ദേഹത്തിന്റെ മുഖത്തു തേപ്പിനും അത്ര ഭംഗി തോന്നാറില്ല. ചന്ദ്രശേഖരവാര്യരുടെ രണ്ടാം ദിവസത്തിലെ നളന്‍, ആദ്യമായാണ് അവതരിപ്പിച്ചു കാണുന്നത്. വളരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നുമുണ്ടായത്.
• “കുവലയവിലോചനേ! ബാലേ! ഭൈമീ!” എന്ന പതിഞ്ഞപദത്തോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്. ഉത്തമശൃംഗാരമാണ് നളന്റെ ഭാവം, പക്ഷെ വാര്യരുടെ മുഖത്തു വന്നത് ചപലശൃംഗാരമായിരുന്നു. ആ ഭാവം കാട്ടാളനാണ് വരേണ്ടത്, നളനല്ല.
• “ഇനിയോ, നിന്‍ ത്രപയൊന്നേ...” എന്ന ഭാഗത്ത് ‘നിന്റെ ലജ്ജയൊന്നുമാത്രമാണ് എനിക്ക് ശത്രുവായി ഇനിയുള്ളത്‘ എന്നു നളന്‍ പറയുന്നു. അതിനെ ജയിച്ചു വേണം ദമയന്തിയെ ആദ്യമായി നളന്‍ പുണരുവാന്‍. അതിനു മുന്‍പ് സ്പര്‍ശനം തന്നെ ഉണ്ടാവാറില്ല, സാധാരണയായി. എന്നാലിവിടെ ആദ്യ ചരണം കഴിഞ്ഞുള്ള കലാശത്തിനൊടുവില്‍ തന്നെ ദമയന്തിയെ പുണരുന്നതായാണ് അവതരിപ്പിച്ചത്.
• “പുരാപുണ്യം...” എന്ന പദഭാഗത്തിന് മുദ്രകാട്ടിയത് ‘പുരാതനമായ പുണ്യം’ എന്നായിരുന്നു. അങ്ങിനെയൊരു പുണ്യമുണ്ടോ? ‘പൂര്‍വ്വജന്മത്തില്‍ എനിക്കു ലഭിച്ച പുണ്യം’ എന്നല്ലേ ശരിയായ അര്‍ത്ഥം. ജന്മം എന്ന പദം മുദ്രയില്‍ കാണിക്കാതിരുന്നപ്പോള്‍ അര്‍ത്ഥം വല്ലാതെ മാറി.
• പച്ചവേഷങ്ങള്‍ സാധാരണയായി പട്ടുത്തരീയം കൈയിലെടുത്ത് കലാശമെടുക്കാറില്ല. പട്ടുത്തരീയത്തിന്റെ രണ്ടു വശവും പിടിച്ചുള്ള ഇരിപ്പും, കലാശവുമൊക്കെ കത്തിവേഷങ്ങള്‍ക്കാണ് സാധാരണയായി കാണുവാറുള്ളത്. നളന്‍ അങ്ങിനെ ചെയ്യുന്നത് വളരെ അരോചകമായി തോന്നി.
• “സാമ്യമകന്നോരു ഉദ്യാനം...” എന്ന ദമയന്തിയുടെ പദാരംഭത്തില്‍ കലാമണ്ഡലം ഗോപി കാണിക്കാ‍റുള്ള; ‘എത്ര മധുരമായ ശബ്ദം, എന്റെ കര്‍ണ്ണങ്ങള്‍ക്ക് അമൃതുപോലെ’, കുരുവികള്‍ ചിലയ്ക്കുന്നതായി നടിച്ച്, ‘കിളികളേ, നിങ്ങള്‍ ശബ്ദമുണ്ടാക്കാതെയിരിക്കുവിന്‍. എന്റെ പ്രിയതമ സംസാരിക്കുന്നതു കാണുന്നില്ലേ, ഞാനതു ശ്രവിക്കട്ടെ.’ എന്ന രീതിയിലുള്ള ആട്ടങ്ങളൊന്നും ഉണ്ടായില്ലന്നതു പോട്ടെ; പകരമായി ‘ആഹ, ഇവളുടെ നാവനങ്ങുമോ?’ എന്നുള്ള ചോദ്യം എന്തായാലും അവിടെ ചേരുന്നതായില്ല.
• “ദയിതേ! നീ കേള്‍, കമനീയാകൃതേ!” എന്ന പദാവതരണമാവട്ടെ, കലാമണ്ഡലം ഗോപി അവതരിപ്പിച്ചു കണ്ടത് മനസില്‍ കിടക്കുമ്പോള്‍, ചന്ദ്രശേഖരവാര്യരുടെ അവതരണം തീരെ ആസ്വാദ്യകരമായില്ല. ഇടയ്ക്ക് കലാശമെടുത്ത്, പല്ലവി ആവര്‍ത്തിക്കുമ്പോള്‍ മുദ്രപിടിച്ചതുമില്ല.

പദങ്ങള്‍ക്കു ശേഷമുള്ള മനോധര്‍മ്മങ്ങളും മികച്ചതായില്ല. നളചരിതം ഒന്നാം ദിവസത്തിലെ കഥാഭാഗം മുഴുവനും, നളനും ദമയന്തിയും പരസ്പരം പങ്കുവെയ്ക്കുന്നതായായിരുന്നു ആദ്യത്തെ മനോധര്‍മ്മം. ആടിയത് നന്നായെങ്കിലും, അതവിടെ ആവശ്യമുള്ളതായി തോന്നിയില്ല. ഇന്ദ്രാദികള്‍ സ്വയംവരസമയത്ത് വന്നു വലച്ചതും മറ്റും ആദ്യ പദത്തിലുണ്ട്. “ദയിതേ! നീ കേള്‍...” എന്ന പദത്തിലാവട്ടെ, വിവാഹത്തിനു മുന്‍പുള്ള കാര്യങ്ങളാണ് വിവരിക്കുന്നത്. വീണ്ടും ഒന്നാം ദിവസത്തെ കഥ പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തുടര്‍ന്ന് ഉദ്യാനം നടന്ന് കാണുന്നതായി ആടുന്നു. പീലിവിരിച്ചാടുന്ന മയിലുകള്‍, ദമയന്തിയെ കണ്ടതും പീലി താഴ്ത്തി നടന്നു നീങ്ങുന്നു. ഇതിനു കാരണമെന്ത് എന്നാലോചിച്ച്, ദമയന്തിയോട് പറയുന്നു. ‘പണ്ട് മയിലും തലമുടിയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. മയില്‍‌പീലിയാണോ, മുടിയാണോ കൂടുതല്‍ സുന്ദരം എന്നതായിരുന്നു തര്‍ക്കവിഷയം. പ്രശ്നവുമായി മയിലും തലമുടിയും ബ്രഹ്മാവിന്റെ മുന്‍പിലെത്തി. തലമുടിക്കാണ് ഭംഗികൂടുതലെന്ന ബ്രഹ്മദേവന്റെ വിധികേട്ട മയില്‍ പരിഭവിച്ചു. ഇതില്‍ കോപിച്ച് ബ്രഹ്മാവ്‌ മയിലിന്റെ കഴുത്തില്‍ പിടിച്ച് പുറത്തേക്കു തള്ളി. അങ്ങിനെയാണ് മയിലിന്റെ കഴുത്തില്‍ കലകളുണ്ടായത്. നിന്റെ മുടികണ്ട്, ഈ സംഭവമോര്‍ത്ത് പരിഭവിച്ചാണ് മയിലുകള്‍ പീലിതാഴ്ത്തി മറയുന്നത്.’

‘മരത്തില്‍ വള്ളിപടര്‍ന്നു കയറിയിരിക്കുന്നു, എന്തു തോന്നുന്നു?’ എന്നു തുടങ്ങുന്ന ആട്ടമായിരുന്നു അടുത്തത്. തുടര്‍ന്ന് ഉദ്യാനത്തിലെ പൊയ്ക കണ്ടതായി ആടി, ദമയന്തിയോട് പറയുന്നു; ‘അതാ, അതു നോക്കൂ. അവിടെ ഒരു പെണ്‍പക്ഷി ഖിന്നയായിരിക്കുന്നു. ആണ്‍പക്ഷി ഒരു താമരയിലയാല്‍ മറഞ്ഞിരിക്കുന്നു, അവനെ കാണാതെയാണ് പെണ്‍പക്ഷി വിഷമിച്ചിരിക്കുന്നത്. അവരുടെ സ്നേഹം എത്ര ദൃഢമാണ്.’ ഇതു കണ്ട് ദമയന്തി സന്ദേഹിക്കുന്നു, ‘നമുക്കും ഇങ്ങിനെ പിരിഞ്ഞിരിക്കേണ്ടി വരുമോ?’. നളന്റെ മറുപടി, ‘സൂര്യചന്ദ്രന്മാര്‍ പ്രഭചൊരിഞ്ഞുള്ളടത്തോളം കാലം നാം പിരിയില്ല.’ എന്നാല്‍ ഈ ആട്ടം ഇതിലും മനോഹരമാക്കാമെന്നു തോന്നുന്നു. ‘നാം പിരിയില്ല’ എന്നു പറയുന്നത് സത്യമായി വരില്ലല്ലോ! നളന് അങ്ങിനെയൊരു സത്യഭംഗം വരുത്താതെ നോക്കേണ്ടത് കലാകാരന്റെ കടമയാണ്. അതിനാല്‍ ആ ആട്ടത്തിന്റെ അവസാനം ഇങ്ങിനെയാവാം, ദമയന്തി സംശയിക്കുമ്പോള്‍, നളന്‍ സൂക്ഷിച്ചു നോക്കി ‘അതാ‍, നോക്കൂ... കാറ്റടിച്ച് താമരയില മാറിയിരിക്കുന്നു. അവര്‍ പരസ്പരം ഒന്നിച്ചു ചേര്‍ന്നു. കളങ്കമില്ലാത്ത സ്നേഹത്തോടെയിരിക്കുന്നവര്‍ പിരിഞ്ഞാലും വീണ്ടും ഒന്നിക്കുക തന്നെ ചെയ്യും. അധികകാലം അവരെ ഒരു ശക്തിക്കും പിരിക്കുവാന്‍ സാധിക്കുകയില്ല.’ ഇങ്ങിനെയാടുമ്പോള്‍ കുറച്ചു കൂടി യുക്തി പ്രകടമാവും.

രംഗം അവസാനിപ്പിച്ച രീതിയാണ് ഏറെ വിചിത്രമായത്. ‘സന്ധ്യാവന്ദനത്തിനുള്ള വിളംബരം കേള്‍ക്കുന്നു. സന്ധ്യാവന്ദനത്തിനു ശേഷം നിന്നരുകിലെത്തുന്നതാണ്‘, എന്നു പറഞ്ഞു പിരിയുന്നതായാണ് ആടിയത്. ദമയന്തിയുടെ ത്രപയെ ജയിച്ച് ആലിംഗനം ചെയ്തതേയുള്ളൂ, അവരുടെ ഒരുമിച്ചുള്ള ആദ്യദിനങ്ങളിലാണ് ഈ ഭാഗം നടക്കുന്നത്. തീര്‍ച്ചയായും സന്ധ്യാവന്ദനമൊക്കെ കഴിഞ്ഞാവണം അവര്‍ ഉദ്യാനത്തില്‍ ഉല്ലസിക്കുന്നത്. അതിനു ശേഷം ശയനഗൃഹത്തിലേക്ക് ഒരുമിച്ചു പോവുന്നതായുള്ള ആട്ടമാണ് ഉചിതമായുള്ളത്. ശൃംഗാരപ്രധാനമായ രംഗം അങ്ങിനെ തന്നെ അവസാനിക്കുന്നതാ‍ണ് സുന്ദരവും. പെട്ടെന്നു തോന്നിയത്, കലി നളനില്‍ പ്രവേശിക്കുന്നത്, സന്ധ്യാവന്ദനം തിടുക്കത്തില്‍ കഴിക്കുമ്പോള്‍ കാലിന്റെ മടമ്പ് നനയാത്തതിനാലാണല്ലോ! അതോര്‍ത്താണ് വാര്യര്‍ ഈ ആട്ടം ആടിയതെന്നാണ്. പന്ത്രണ്ടു കൊല്ലത്തിനു ശേഷം, കുട്ടികളൊക്കെ ഉണ്ടായ ശേഷമാണ് അതു നടക്കുന്നത് എന്നോര്‍മ്മയുണ്ടാവുമെന്നും, അതല്ല ഇവിടെ ഉദ്ദേശിച്ചതെന്നും ഞാന്‍ സമാധാനിക്കുന്നു.

Kali - Kalamandalam Ramachandran Unnithan
കലിദ്വാപരന്മാരുടെ തിരനോട്ടമാണ് തുടര്‍ന്ന്. കലിയും ദ്വാപരനും ഇരുവശത്തുനിന്നും വന്ന് മാര്‍ഗമദ്ധ്യേ കണ്ടു മുട്ടുന്നു. കുശലപ്രശ്നങ്ങള്‍ക്കു ശേഷം ഇരുവരും എങ്ങോട്ടാണ് യാത്രയെന്നു ചോദിച്ച്, എങ്കില്‍ ഒരുമിച്ചു പോവുകതന്നെ എന്നുറയ്ക്കുന്നു. യാത്രാമദ്ധ്യേ ദൂരെയൊരു പ്രകാശം കാണുന്നു. ദേവന്മാരാണെന്ന് തിരിച്ചറിഞ്ഞ്, അവരുടെ അനുഗ്രഹവും കൂടി വാങ്ങിയാവാം എന്നുറച്ച് പ്രകാശം കണ്ട ഭാഗത്തേക്ക് നടക്കുന്നു. “ഭൂമിതന്നിലുണ്ടു ഭീമസുതയെന്നൊരു...” എന്ന പദാരംഭത്തില്‍, വട്ടംവെച്ചു കലാശമെടുക്കുന്നതിനു മുന്‍പ് ദമയന്തിയുടെ രൂപഗുണമൊക്കെ വിശദമായി രാമചന്ദ്രന്‍ ഉണ്ണിത്താന്‍ രംഗത്തവതരിപ്പിച്ചു. ‘ബ്രഹ്മാവ് അതിവിശിഷ്ടമായ വസ്തുക്കള്‍, വളരെ ശുദ്ധമാക്കിയെടുത്ത് ഉണ്ടാക്കിയ രൂപം. കാമദേവന്റെ വില്ലൊടിച്ചു വെച്ചതുപോലെയുള്ള പുരികങ്ങള്‍, മാന്‍‌മിഴികള്‍, കിളിച്ചുണ്ട് ഒടിച്ചുവെച്ചതുപോലെയുള്ള നാസിക, തളിരുപോലെ മനോഹരമായ ചുണ്ടുകള്‍, മുത്തുപോലെ തിളങ്ങുന്ന പല്ലുകള്‍, പൂങ്കുലപോലെ വിടര്‍ന്നു കൂര്‍ത്ത മുലകള്‍, സിംഹത്തിന്റെ വയറുപോലെ നേര്‍ത്ത ഉദരം, അന്ന നട’. ഇങ്ങിനെ കലി വര്‍ണന തുടരവേ, ദ്വാപരന്‍ വിളിച്ച് രഹസ്യമായി പറയുന്നു, ‘വര്‍ണ്ണിച്ചതു മതി, ഇനി വര്‍ണ്ണന കേട്ട് ഇവരും ചാടിപ്പുറപ്പെടും.’ കലിയുടന്‍ തന്നെ, ‘അനന്തനു പോലും വര്‍ണ്ണിക്കുവാന്‍ സാധ്യമല്ല, അത്രയ്ക്കു സുന്ദരമായ രൂപം!’ എന്നു പറഞ്ഞു നിര്‍ത്തുന്നു.

Pushkaran(Kalamandalam Krishnakumar), Kali, Dwaparan
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, പലപ്പോഴും മനോധര്‍മ്മങ്ങള്‍ അധികമാടി മടുപ്പിക്കാറുണ്ടെങ്കിലും, ഇവിടെ അതുണ്ടായില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആട്ടങ്ങളൊക്കെയും വളരെ ആസ്വാദ്യകരമായിരുന്നു താനും. ഇന്ദ്രാദികള്‍ എന്തൊക്കെ പറഞ്ഞിട്ടും, മുന്നോട്ടു വെച്ച കാല്‍ പിന്‍‌വലിക്കുവാന്‍ കലി തയ്യാറാവുന്നില്ല. തുടര്‍ന്ന് ദ്വാപരനുമായി നളനെയും, ദമയന്തിയേയും, രാജ്യത്തേയും പിരിക്കുവാനുള്ള വഴി ആലോചിക്കുന്നു. നളന്റെ അര്‍ദ്ധ സഹോദരനായ പുഷ്ക്കരനെ മുഷ്ക്കരനാക്കി കാര്യം സാധിക്കാം എന്നുറയ്ക്കുന്നു. നളനില്‍ പ്രവേശിക്കുവാനായി കലി യാത്രയാവുന്നു.

നളനില്‍ പ്രവേശിക്കുവാന്‍ പുറപ്പെടുന്ന കലി, വിചാരിച്ചതുപോലെ എളുപ്പമാവുന്നില്ല കാര്യങ്ങള്‍. നളന്റെ രാജ്യത്തു പ്രവേശിക്കുവാന്‍ തന്നെ കലിക്ക് നന്നേ പ്രയാസപ്പെടേണ്ടി വരുന്നു. ഈ ഭാഗത്ത് ഉണ്ണിത്താന്‍ ആടിയ ഒരു മനോധര്‍മ്മം ഇവിടെ പരാമര്‍ശിക്കാം. ‘ദൂരെ സ്ത്രീകള്‍ ഏങ്ങലടിച്ചു കരയുന്നു. ഒരു മൃതദേഹം ആള്‍ക്കാ‍ര്‍ ചുമന്നുകോണ്ട് ചിതയില്‍ വെയ്ക്കുന്നു. ചിതയില്‍ വിറകുകള്‍ അടുക്കി, ഒരു ചെറിയ ബാലന്‍ തീകൊളുത്തുന്നു. അഗ്നി ആകാശത്തോളം ഉയരുന്നു. ഒരു സ്ത്രീ ചിതയില്‍ ചാടി ആത്മാഹൂതി നടത്തുന്നു. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി, ഭര്‍ത്താ‍വിനൊപ്പം മരിക്കുന്ന പതിവ്രതാരത്നങ്ങളായ സ്ത്രീകളുള്ള ഈ നളരാജ്യത്ത്, നളനേയും ദമയന്തിയേയും പിരിക്കുന്നതെങ്ങിനെ!’. ഇവിടെ എനിക്കൊരു അഭിപ്രായമുള്ളത്, സതി പോലെയുള്ള ദുരാചാരങ്ങളെ സ്തുതിക്കുന്ന ആട്ടങ്ങള്‍ ഈ കാലത്ത് പാടില്ല എന്നുള്ളതാണ്. സതി എന്ന ദുരാചാരത്തെയും പാതിവ്രത്യത്തേയുമൊക്കെ ബന്ധിപ്പിക്കുന്നത് പ്രാകൃതമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ആട്ടങ്ങളാണ് കൂടുതല്‍ അനുയോ‍ജ്യം. ഇങ്ങിനെ ഓരോന്നു കണ്ടും ആലോചിച്ചും ഒടുവില്‍ താന്നിമരത്തില്‍, പറ്റിയ സന്ദര്‍ഭത്തിനായി കാ‍ത്തിരിക്കുക തന്നെ എന്നുറച്ച്, മരത്തില്‍ കയറിപ്പറ്റുന്നു.

Nalan & Damayanthi - Kottackal Chandrasekhara Varier, Margi Vijayakumar
തുടര്‍ന്ന്, വര്‍ഷങ്ങള്‍ മുന്നോട്ടു പോവുന്നതും, പല ഋതുക്കള്‍ വന്നുപോവുന്നതും, നളനും ദമയന്തിക്കും കുട്ടികള്‍ ജനിക്കുന്നതും, അങ്ങിനെ പതിവുള്ള ആട്ടങ്ങളൊക്കെ ആടി, നളനില്‍ പ്രവേശിച്ച ശേഷം പുഷ്കരന്റെ സമീപത്തേക്ക് തിരിക്കുന്നു. കലാമണ്ഡലം കൃഷ്ണകുമാറിന്റെ പുഷ്ക്കരന്‍ നന്നായി, എന്നാലത്രയ്ക്ക് നന്നായതുമില്ല എന്നുപറയാം. നളനോടൊത്തു നില്‍ക്കുന്ന പുഷ്ക്കരനെയാണ് രംഗത്ത് കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. നളനാര്, പുഷ്കരനാര് എന്നത് വേദിയിലെ അവരുടെ സ്ഥാനം കൊണ്ടുമാത്രമേ വേര്‍തിരിച്ചറിയുവാന്‍ കഴിയുമായിരുന്നുള്ളൂ. കലാമണ്ഡലം ഗോപി നളനായെത്തുമ്പോള്‍, ഇടയ്ക്കിടെ ഭയത്തോടെ ഒതുങ്ങുന്ന പുഷ്ക്കരനെയാണ് കൃഷ്ണകുമാര്‍ അവതരിപ്പിക്കാറുള്ളത്. വാര്യരോട് അങ്ങിനെയൊരു ഭയമില്ലാത്തതുകൊണ്ടാണോ ഇങ്ങിനെയായത്?

Kattalan - Kalamandalam Balasubrahmanian
മാര്‍ഗി വിജയകുമാറിന്റെ ദമയന്തി നന്നായെങ്കിലും, നളന്‍ നന്നാവാത്തതിനാല്‍, നിറം മങ്ങിയതായി തോന്നി. കാട്ടാളനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (കലാമണ്ഡലത്തില്‍ അധ്യാപകനായ ബാലസുബ്രഹ്മണ്യനല്ല) സാധാരണ ഉണ്ടാവാറുള്ള ആട്ടങ്ങളൊക്കെ തന്നെ അവതരിപ്പിച്ചു. കാട്ടാളന്റെ കൂക്കുവിളി സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഉപയോഗിച്ചത് അരോചകമായി. മിതമായി, ആവശ്യമുള്ളയിടത്ത് ഉപയോഗിച്ചാല്‍ മാത്രമേ കൂക്കിവിളിക്ക് ഭംഗിയുണ്ടാവൂ. കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു വേര്‍പാടു രംഗത്തിനു ശേഷമുള്ള ഭാഗങ്ങള്‍ പാടിയത്. മധുവിന്റെ സംഗീത പരീക്ഷണങ്ങള്‍ ചിലതൊക്കെ നന്നെങ്കിലും, പലതും അത്രയ്ക്ക് അസ്വാദ്യകരമായി തോന്നുന്നില്ല. എമ്പ്രാന്തിരിയും ഹരിദാസും ഹൈദരാലിയുമൊക്കെ രാഗം മാറ്റിയിട്ടുണ്ടെങ്കിലും, അവരൊക്കെ ചിന്തിച്ചാലോചിച്ചാണ് രാഗം മാറ്റാറുള്ളത്. പക്ഷെ, മധുവിന്റെ പരീക്ഷണങ്ങള്‍ പലപ്പോഴും, അപ്പോള്‍ തോന്നുന്ന രാഗത്തില്‍ പാടുന്നു എന്നാണ് തോന്നിയിട്ടുള്ളത്.

വേഷവും ചുട്ടിയും അത്രയ്ക്ക് മികച്ചതായി തോന്നിയില്ല. കലിയുടെ കിരീടമായി ചുവന്നതാടിയുടെ കിരീടമായിരുനന്നു ഉപയോഗിച്ചത്. അത് കഥാപാത്രത്തിനു തീരെ യോജിച്ചതായി തോന്നിയില്ല. ഞൊറിയുടെ ഇരുവശവും കിടക്കുന്ന പട്ടുവാല്‍ ഒരു കഥാപാത്രത്തിന്റെ പോലും ശരിയായി കിടന്നില്ല. ഉടുത്തുകെട്ടില്‍ മൊത്തമായും അലംഭാവം പ്രകടമായിരുന്നു. വേഷഭംഗി കഥകളിക്ക് ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒന്നാണെന്നത് മറന്നതുപോലെ തോന്നി. കൃഷ്ണന്‍നായര്‍ കോലിയക്കോട്, മാര്‍ഗ്ഗി രവീന്ദ്രന്‍, കരീയ്ക്കകം ത്രിവിക്രമന്‍ തുടങ്ങിയവരായിരുന്നു ചുട്ടി. ചുരുക്കത്തില്‍, പ്രതീക്ഷയോടെയെത്തിയ പ്രേക്ഷകരെ വളരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു കഴക്കൂട്ടത്തെ നളചരിതം രണ്ടാം ദിവസം.


കളിയരങ്ങില്‍:
കിഴക്കേക്കോട്ടയിലെ നളചരിതം രണ്ടാം ദിവസം - ജനുവരി 4, 2008


Keywords: Nalacharitham Randam Divasam, Kathakali, Nalan, Damayanthi, Kali, Dwaparan, Kattalan, Pushkaran, Kottackal Chandrasekharavarier, Chandrasekhara Varier, Margi Vijayakumar, Kalamandalam Ramachandran Unnithan, Kalamandalam Krishnakumar, Appreciation.
--

2008 ജനുവരി 29, ചൊവ്വാഴ്ച

കനകക്കുന്നിലെ രുഗ്മാംഗദചരിതം

RugmangadaCharitham - Nishagandhi Festival'08 @ Kanakakkunnu, Thiruvananthapuram
ജനുവരി 21, 2008: ടൂറിസം വകുപ്പ് വര്‍ഷാവര്‍ഷം നടത്തിവരുന്ന നിശാഗന്ധി ഉത്സവത്തിന്റെ ഭാഗമായി, കനകക്കുന്ന് കൊട്ടാരത്തില്‍ കഥകളിമേള എന്ന പേരില്‍ ഏഴുദിവസത്തെ കഥകളിയും ഒരുക്കുകയുണ്ടായി. രണ്ടാമത്തെ ദിവസം അവതരിപ്പിച്ച ‘രുഗ്മാംഗദചരിതം’ കഥകളിയെക്കുറിച്ചാണ് ഈ ആസ്വാദകക്കുറിപ്പ്. കലാമണ്ഡലം ഗോപി രുഗ്മാംഗദനായും, മാര്‍ഗി വിജയകുമാര്‍ മോഹിനിയായും അരങ്ങിലെത്തി. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് നമ്പൂതിരി എന്നിവര്‍ സംഗീതവും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി - ചെണ്ട, മാര്‍ഗി രവീന്ദ്രന്‍- മദ്ദളം എന്നിങ്ങനെ മേളവിഭാഗവും കൈകാര്യം ചെയ്തു.

RugmangadaCharitham - Kalamandalam Gopi (Rugmangadan), Margi Vijayakumar (Mohini)
കാട്ടില്‍ നായാട്ടിനെത്തുന്ന രുഗ്മാംഗദന്‍ വിശ്രമിക്കുന്ന അവസരത്തില്‍ മോഹിനി രംഗപ്രവേശം ചെയ്യുന്നു. “കല്യാണാംഗി അണിഞ്ഞിടും, ഉല്ലാസശാലിനി...” എന്നു തുടങ്ങുന്ന സാരി പദത്തോടെയാണ് രംഗം ആരംഭിക്കുന്നത്. ‘വനത്തിലാകെ പൂക്കളുടെ പ്രഭ പരന്നിരിക്കുന്നു, വണ്ടുകള്‍ തേന്‍ നുകരുവാനായി പറന്നു കളിക്കുന്നു, കൂടാതെ ഹൃദ്യമായ സുഗന്ധവും, ഇതിനു കാരണമെന്ത്?’ എന്നു ചിന്തിക്കുന്ന രുഗ്മാംഗദന്‍ ‘ഒരു സുന്ദരിയുടെ നൃത്തച്ചുവടുകളല്ലേ, കേള്‍ക്കുന്നത്’ എന്നു സന്ദേഹിക്കുന്നു. അല്പ നിമിഷത്തിനകം ‘മിന്നല്‍ പോലെ മിന്നിടുന്ന ഒരു സുന്ദരി’ രുഗ്മാംഗദ മഹാരാജാവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. “മധുരതരകോമളവദനേ!” എന്നു തുടങ്ങുന്ന രുഗ്മാംഗദന്റെ പതിഞ്ഞ പദമാണ് തുടര്‍ന്ന്. “മദസിന്ധുരഗമനേ!” എന്ന ഭാഗം വിശദമായിത്തന്നെ കലാമണ്ഡലം ഗോപി രംഗത്ത് അവതരിപ്പിച്ചു. മദയാനയുടെ നടപ്പിനോട് സുന്ദരിമാരുടെ ഗമനത്തെ ഉപമിക്കുന്നത്, രുഗ്മാംഗദചരിതത്തില്‍ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. “താനേ വിപിനേ...” എന്ന ഭാഗത്ത്, ‘ഒരു തുണപോലുമില്ലാതെ ഈ കാട്ടില്‍ എത്തുവാന്‍ എന്താണ് കാരണം?’ എന്ന രുഗ്മാംഗദന്റെ ചോദ്യത്തിന് ‘അങ്ങയെക്കാണുവാനായിത്തന്നെ...’ എന്നു മോഹിനി ഉത്തരം നല്‍കുന്നു. ‘നേരോ?’ എന്ന് അത്ഭുതത്തോടെ രുഗ്മാംഗദന്‍ തിരിച്ചു ചൊദിക്കുന്നു. ഈ രീതിയില്‍ പദത്തോടു ചേരുന്ന, എന്നാല്‍ അമിതമാവാത്ത ഒരുപിടി മനോധര്‍മ്മങ്ങള്‍ ഗോപി-വിജയകുമാര്‍ സഖ്യത്തില്‍ നിന്നുണ്ടായി. അവയായിരുന്നു കനകക്കുന്നിലെ രുഗ്മാംഗദചരിതത്തെ ജീവസുറ്റ ഒന്നാക്കി മാറ്റിയത്.

RugmangadaCharitham - Kalamandalam Gopi (Rugmangadan), Margi Vijayakumar (Mohini)
കലാമണ്ഡലം ഗോപി കഥാപാത്രമായി മാറുന്നതിലെ പൂര്‍ണ്ണതയാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. രുഗ്മാംഗദനായെത്തുമ്പോള്‍, അദ്ദേഹത്തിന്റെ വേഷം ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ തന്നെ നളനേയോ കര്‍ണ്ണനേയോ അര്‍ജ്ജുനനേയോ ഓര്‍മ്മപ്പെടുത്തുന്നില്ല. “മുദിരദതികബരിപരിചയപദവിയോ!” എന്ന നളചരിതത്തിലെ പദാഭിനയം തന്നെയാണ് “വണ്ടാര്‍ക്കുഴലാളേ! നിന്നെ...”, “ചരണാംബുജേ, ദാസ്യം കുര്യാം!” എന്നീ ഭാഗങ്ങളിലും വരുന്നതെങ്കിലും; ദമയന്തിയോടുള്ള പ്രേമത്താല്‍ ദീനനായ നളന്‍, മോഹിനിയുടെ സൌന്ദര്യത്തില്‍ ഭ്രമിച്ച് കാമപരവശനായ രുഗ്മാംഗദന്‍; ഇവര്‍ രണ്ടുപേരുടേയും ഭാവത്തിലുണ്ടാവേണ്ട വ്യത്യസ്‌തത ഗോപിയുടെ വേഷത്തില്‍ പ്രകടമാണ്. തന്റെ ദയിതയാകുവാനുള്ള രാജാ‍വിന്റെ ഇംഗിതത്തോട് യോജിക്കുന്ന മോഹിനി പക്ഷെ ഒരു കാര്യം ആവശ്യപ്പെടുന്നു, ‘എനിക്ക് അപ്രിയം തോന്നുന്ന കാര്യങ്ങള്‍ ഒരിക്കലും അങ്ങില്‍ നിന്നും ഉണ്ടാവരുത്. ഇതെനിക്ക് ഉറപ്പു നല്‍ക്കാമെങ്കില്‍ ഞാന്‍ അങ്ങയുടെ ഭാര്യയായിരിക്കാം.’ ‘നിന്നോട് അപ്രിയം ചെയ്യുവാനോ, ഒരിക്കലുമില്ല’, എന്നു പറയുന്ന രാജാവിനോട് വെറുതെ പറഞ്ഞതുകൊണ്ടായില്ല, തനിക്ക് സത്യം ചെയ്തു തരണമെന്ന് മോഹിനി അറിയിക്കുന്നു. അപ്രകാരം രുഗ്മാംഗദന്‍ സത്യം ചെയ്യുന്നു.

RugmangadaCharitham - Kalamandalam Gopi (Rugmangadan), Margi Vijayakumar (Mohini)
മന്ദിരത്തിലേക്ക് മോഹിനിയുമായി ചെല്ലുമ്പോള്‍, തന്റെ ഭാര്യയും മകനും എന്തു വിചാരിക്കുമെന്ന് ഇടയ്ക്ക് രുഗ്മാംഗദന്‍ സന്ദേഹിക്കുന്നുണ്ട്. പിന്നെ, തന്റെ ഇഷ്ടത്തിന് അവരൊരിക്കലും എതിരുനില്‍ക്കില്ല എന്ന് രുഗ്മാംഗദന്‍ ഉറയ്ക്കുന്നു. തനിക്ക് അനേകം ഭാര്യമാരില്ലെന്നും, ഒരു ഭാര്യയും ഒരു മകനുമേ തനിക്കുള്ളൂ എന്നും പറയുന്ന രുഗ്മാംഗദനോട് മോഹിനി ചോദിക്കുന്നു, ‘അങ്ങയുടെ ഭാര്യ ദേഷ്യത്തോടെയാവുമോ എന്നോട് പെരുമാറുക?’. ‘ഒരിക്കലും ഇല്ല, എന്റെ ഇഷ്ടം തന്നെ അവരുടേയും ഇഷ്ടം’ എന്ന് രുഗ്മാംഗദന്‍ ഉറപ്പുകൊടുക്കുന്നു. ‘നിന്നെപ്പോലെ സുന്ദരിയായ ഒരു സ്ത്രീയെ ഞാനിന്നുവരെ കണ്ടിട്ടില്ല. സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍ സ്വന്തം കരം കൊണ്ട്, അതിവിശിഷ്ടമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതുപോലെ തോന്നും നിന്നെ കണ്ടാല്‍’ എന്നു പറയുന്ന രുഗ്മാംഗദനോട് മോഹിനി പറയുന്നു, ‘അല്ലേയല്ല, ബ്രഹ്മാവിന്റെ മാനസപുത്രിയാണ് താന്‍.’ രുഗ്മാംഗദന് സംശയം തോന്നുന്നു. ‘ഇത്രയും സുന്ദരിയായ നീ, എന്തുകൊണ്ട് ഇന്ദ്രാദികളാ‍യ ദേവന്മാരെ വിട്ട് എന്നരികിലെത്തി?’. മോഹിനി പറയുന്നു, ‘അങ്ങയുടെ കീര്‍ത്തി ദേവലോകത്തുപോലും എത്തിയിരിക്കുന്നു. അങ്ങയെ ഇവിടെ കണ്ട്, അങ്ങയുടെ കീര്‍ത്തിയില്‍ പ്രഭാവതിയായി, അങ്ങയോടുള്ള പ്രേമത്താല്‍ എത്തിയതാണ്’. ‘അങ്ങനെയോ! ദേവന്മാര്‍ മുനിമാരുടെ തപസ് ഭംഗം വരുത്തുവാനായി സുന്ദരികളെ അയയ്ക്കാറുള്ളതായി കേട്ടിട്ടുണ്ട്. ഇതെന്നെ പരീക്ഷിക്കുവാനായല്ലോല്ലോ?’ എന്നു സംശയിക്കുന്ന രുഗ്മാംഗദന്‍, ‘അല്ലേയല്ല!’ എന്ന മോഹിനിയുടെ വാക്കില്‍ വിശ്വസിച്ച് മോഹിനിയുമായി കൊട്ടാരത്തിലേക്ക് തിരിക്കുന്നു.

രണ്ടു ബ്രാഹ്മണന്മാര്‍ തമ്മിലുള്ള സംഭാഷണമാണ് അടുത്ത രംഗം. ദ്വാദശി ഊട്ടിനായി കൊട്ടാരത്തിലേക്കുള്ള യാത്രാമദ്ധ്യേയാണവര്‍. ഈ രംഗത്തിന് കാര്യമായ പ്രാധാന്യമൊന്നും കഥയിലില്ലെങ്കിലും, രുഗ്മാംഗദനായും മോഹിനിയായും വേഷമിടുന്ന കലാകാരന്മാര്‍ക്ക് ഒരല്പം വിശ്രമിക്കുവാന്‍ ഈ രംഗം വഴിയൊരുക്കുന്നു. “മോഹിനിയോട് ചേര്‍ന്നിട്ടും ഭൂപന്‍, ഏകാദശീവൃത ലോപം ചെയ്യുന്നില്ല.” എന്ന പദഭാഗം മാത്രമാണ് ശ്രദ്ധിക്കേണ്ടതായുള്ളത്.

ഏകാദശീവൃതമെടുത്ത് ധ്യാനനിരതനായിരിക്കുന്ന രുംഗ്മാംഗദനെയാണ് അടുത്ത രംഗത്തില്‍ നാം കാണുന്നത്. മോഹിനി പ്രവേശിക്കുന്നു. ‘താനിവിടെ വന്നിട്ട് വളരെ നാളുകളായി. തന്റെ ആഗമനോദ്ദേശമായ, രുഗ്മാംഗദന്റെ ഏകാദശീവൃതം മുടക്കുക, ഇതുവരെ സാധ്യമായിട്ടില്ല. ഇന്നതിന് ഉദ്യമിക്കുക തന്നെ’ എന്നാടി രുഗ്മാംഗദനെ പുണരുവാനൊരുങ്ങുന്നു. രുഗ്മാംഗദന്‍ ഞെട്ടലോടെ മോഹിനിയെ തടയുന്നു. കാര്യമാരായുന്ന മോഹിനിയോട് രുഗ്മാംഗദന്‍ കാര്യം പറയുന്ന “ചെയ്‌വേന്‍ താവക അഭിലാഷം!” എന്ന പദമാണ് തുടര്‍ന്ന്. എന്തൊക്കെ പറഞ്ഞിട്ടും മോഹിനി കൂട്ടാക്കുന്നില്ല. തന്റെ ഇംഗിതം സാധിപ്പിച്ചു തന്നില്ലെങ്കില്‍ സത്യഭംഗം വന്നുഭവിക്കുമെന്ന് മോഹിനി ഓര്‍മ്മപ്പെടുത്തുന്നു. ‘ഇനി സത്യഭംഗം ഉണ്ടാവാതെ വൃതം നോല്‍ക്കുവാന്‍ അങ്ങ് ഇച്ഛിക്കുന്നെങ്കില്‍, അമ്മയുടെ മടിയില്‍ വെച്ച്, ഏകമകനായ ധര്‍മ്മാംഗദനെ, ഒരിറ്റു കണ്ണുനീര്‍ പോലും പൊഴിക്കാതെ, അങ്ങു തന്നെ ഗളച്ഛേദം ചെയ്യുക.’ എന്നു പറയുന്ന മോഹിനിയോട് ‘സ്നേഹാമൃതാനന്ദാത്മികേ’ എന്നു ദീനനായും, ‘ദുഷ്ടാത്മികേ’ എന്നു ക്രോധത്തോടെയും ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിയുവാന്‍ രുഗ്മാംഗദന്‍ അപേക്ഷിക്കുന്നു. എന്നാല്‍ മോഹിനി തന്റെ ഇംഗിതത്തില്‍ ഉറച്ചു നില്‍ക്കുന്നു.

"നാഥ! ജനാര്‍ദ്ദന! സാദരം ഭൂതദയ...” എന്ന പ്രശസ്തമായ പദത്തിനു ശേഷം ധര്‍മ്മാംഗദന്‍ പ്രവേശിക്കുന്നു. അച്ഛന്റെ അവസ്ഥ നന്നായി മനസിലാക്കുന്ന മകന്‍, സത്യഭംഗം വരാതിരിക്കുവാനായി തന്നെ വധിക്കുവാന്‍ അച്ഛനോട് ആവശ്യപ്പെടുന്നു. അമ്മയെ ഇരുത്തി, വെട്ടുവാനായി മടിയില്‍ കിടക്കുന്ന മകനെ നോക്കി ഒരുപിടി മനോധര്‍മ്മാട്ടങ്ങള്‍ രുഗ്മാംഗദന്റേതായുണ്ട്. ‘ഒരു പുത്രനുണ്ടാകുവാനായി എത്ര ആശിച്ചു. പൂജകള്‍, ദാനങ്ങള്‍ ആദിയായവ ധാരാളമായി ചെയ്തതിന്റെ ഫലമായി ഒരു സല്പുത്രനെ തന്നെ തനിക്കു ലഭിച്ചു. ഏവര്‍ക്കും സന്തോഷം നല്‍കി അവന്‍ വളര്‍ന്നു. ഭാവിയില്‍ തന്റെ രാജ്യം പരിപാലിക്കേണ്ട രാജാവായി, പീഠത്തിലിരുത്തി അഭിഷേകം ചെയ്യുവാന്‍ കൊതിച്ചിരുന്ന ഈ കൈകൊണ്ട് തന്നെ ഗളച്ഛേദം നടത്തണമെന്നോ!’ എന്നു വിഷമിക്കുന്ന രുഗ്മാംഗദന്‍ മോഹിനിയോടായി പറയുന്നു; ‘അല്ലയോ മോഹിനി, എന്റെ രാജ്യവും സമസ്ത ധനവും നിന്റെ കാല്‍ക്കല്‍ വെയ്ക്കാം. ഞങ്ങള്‍ കാട്ടില്‍ പോയി വസിക്കുകയും ചെയ്യും. കനിവു തോന്നി ഈ ശാഠ്യത്തില്‍ നിന്നും നീ പിന്തിരിയുക.’ തന്റെ നിലപാടില്‍ മോഹിനി ഉറച്ചു നില്‍ക്കുന്നു. പിന്നെയും രുഗ്മാംഗദന്‍ കോപത്തോടെ തുടരുന്നു; ‘മോഹിനിയുടെ രൂപവും, രാക്ഷസിയുടെ മനസും.’ ഭാര്യയെ നോക്കി, ‘കഷ്ടം! പതിവ്രതാരത്നമായ ഇവളേയും, യുവരാജാവായ ഏകമകനേയും ഓര്‍ക്കാതെ, കാട്ടില്‍ വെച്ച് കണ്ടമാത്രയില്‍, സുന്ദരമായ രൂപത്തില്‍ ഭ്രമിച്ച് ഇവളെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നുവല്ലോ! ദേവനാരിയെന്നാണ് കരുതിയത്, പക്ഷെ രാക്ഷസസ്ത്രീയാണെന്ന് ഇപ്പോള്‍ മനസിലാവുന്നു.’

RugmangadaCharitham - Kalamandalam Gopi (Rugmangadan), Margi Vijayakumar (Mohini)
മോഹിനിയുടെ നേര്‍ക്ക് തിരിഞ്ഞ്; ‘ഞാന്‍ ഈ കര്‍മ്മം ചെയ്യുകയില്ല, ഏകാദശീവ്രതം മുടക്കുകയുമില്ല. സത്യഭംഗം വരുന്നതിനെ ഞാന്‍ കണക്കിലെടുക്കുന്നുമില്ല. നിനക്കെന്തു ചെയ്യുവാന്‍ കഴിയും’. മോഹിനി, ‘ഞാനിവിടെ വിഷം കുടിച്ചു മരിക്കും!’. രുഗ്മാംഗദന്‍ ചിന്തിക്കുന്നു; ‘ഒരു നാരി അപമൃത്യു വരിക്കുക, അതും സത്യഭംഗം വരുത്തിയ ഒരു രാജാവു കാരണം. അതില്‍പരമൊരു ദുഷ്‌കീര്‍ത്തി തന്റെ കുലത്തിനു വരുവാനില്ല. താന്‍ അതിനൊരു നിമിത്തമായിക്കൂട. ഏകാദശീവ്രതം മുടക്കാതെ കഴിയണമെങ്കില്‍, തന്റെ മകനെ വധിക്കുക തന്നെ വേണം. വിധിനിശ്ചയം അങ്ങിനെയാ‍വും’. തുടര്‍ന്ന്, മകന്‍ തന്റെ കൈയിലേല്പിച്ച വാളിനോടായി, ‘എത്രയോ യുദ്ധങ്ങളില്‍, വൈരികളുടെ രക്തം കുടിച്ചതാണ്. എന്നിട്ടും തൃപ്തിയാവാതെ, ഇപ്പോളെന്റെ തന്നെ മകന്റെ രക്തം നിന്റെ ദാഹമടക്കുവാനായി വേണമോ! ഇതാ, എടുത്തുകൊള്ളുക’; വെട്ടുവാനായി തയ്യാറായി വിഷ്ണുഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു; ‘അങ്ങയുടെ പാദസേവ ചെയ്ത എന്നെ രക്ഷിക്കുക. എന്റെ ജീവന്‍ ഈ നിമിഷം തന്നെ എടുത്തുകൊള്‍ക്ക. തന്റെ മകനെ രക്ഷിക്കുക.’. തന്റെ രക്ഷയ്ക്ക് വിഷ്ണുഭഗവാന്‍ എത്തുന്നില്ലെന്നു കണ്ട്, ‘പണ്ട്, പ്രഹ്ലാദനെ രക്ഷിക്കുവാനായി അങ്ങ് നരസിംഹാവതാരമെടുത്തു. തൂണുപിളര്‍ന്നെത്തി, ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്ന് പ്രഹ്ലാദനെ രക്ഷിച്ചതുപോലെ, ബാലനായ എന്റെ മകനെയും രക്ഷിക്കുക.’ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ലെന്നുകണ്ട് മകനെ വെട്ടുവാന്‍ ഒരുങ്ങുന്നു. വെട്ടുവാന്‍ തുടങ്ങുമ്പോള്‍, വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ട് തടയുന്നു. തുടര്‍ന്ന് മോഹിനിയുടെ അവതാ‍രോദ്ദേശം അറിയിച്ച്, ധര്‍മ്മാംഗദനെ രാജാവായി വാഴിച്ച്, രുഗ്മാംഗദനും ഭാര്യയ്ക്കും മോക്ഷം നല്‍കുന്നു.

മാര്‍ഗി വിജയകുമാര്‍ മോഹിനിയെ അവസാന രംഗങ്ങളില്‍ അവതരിപ്പിച്ച രീതിയും ശ്രദ്ധിക്കേണ്ടതാണ്. മകനെ കൊല്ലുവാനായി നിര്‍ബന്ധം പിടിക്കുകയല്ല വിജയകുമാറിന്റെ മോഹിനി ചെയ്തത്. വൃതഭംഗം വരുത്തുക എന്നതാണല്ലോ മോഹിനിയുടെ ലക്ഷ്യം, രാജാവിനെക്കൊണ്ട് മകനെ കൊല്ലിക്കുകയല്ല. വൃതം ഉപേക്ഷിച്ച് ഭക്ഷണം കഴിക്കുവാനാണ് രുഗ്മാംഗദനോട് വിജയകുമാറിന്റെ മോഹിനി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതിനു കഴിയില്ലെങ്കില്‍ മാത്രം, മകനെ ഒരിറ്റു കണ്ണീരുപോലും വീഴ്ത്താതെ, അമ്മയുടെ മടിയില്‍ വെച്ച്, ഗളച്ഛേദം ചെയ്യുക. രുഗ്മാംഗദനെ സ്നേഹിക്കുന്ന മോഹിനി, ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ വിഷമം കാണുമ്പോള്‍ തളരുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ മകനെ വെട്ടുവാനോങ്ങുമ്പോള്‍, മോഹിനിയും പ്രാര്‍ത്ഥിക്കുന്നു, രാജാവിനെ കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിക്കരുതേയെന്ന്. ധര്‍മ്മാംഗദനെ വധിക്കുവാന്‍ ഉത്സാ‍ഹം കാണിക്കുന്ന മോഹിനിമാരേക്കാള്‍, കുറച്ചുകൂടി യുക്തി ഈ രീതിയില്‍ അവതരിപ്പിക്കുന്നതിനാണെന്നതില്‍ സന്ദേഹം വേണ്ട.

കലാമണ്ഡലം ഗോപി, അദ്ദേഹത്തിന്റെ പൂര്‍ണ്ണ ആരോഗ്യത്തിലല്ലായിരുന്നെങ്കിലും, ഒട്ടും തന്നെ അലംഭാവം അരങ്ങില്‍ കാട്ടിയില്ല. ആദ്യ രംഗത്തിനു ശേഷം, അവസാന രംഗമാവുമ്പോളേക്ക് അവശത വരുവാതിരിക്കുവാന്‍ ശ്രദ്ധിച്ചാണ് അദ്ദേഹം ആടിയത്. കലാംണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് എന്നിവരുടെ ആലാപനവും നിലവാരം പുലര്‍ത്തി. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, മാര്‍ഗി രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ മേളവും മോശമായില്ല. ചുരുക്കത്തില്‍ കഥകളിപ്രേമികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഒന്നായിരുന്നു കനകക്കുന്ന് കൊട്ടാരത്തില്‍ അവതരിക്കപ്പെട്ട രുഗ്മാംഗദചരിതം.

കളിയിലല്പം കാര്യം: ഇടയ്ക്കൊരവസരത്തില്‍, ദേഷ്യം വന്ന് പിന്നില്‍ തിരശ്ശീല പിടിച്ചു നിന്നയാളെ (വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത്) കലാമണ്ഡലം ഗോപി തള്ളിയതും മറ്റും ഒട്ടും ഭംഗിയായില്ല. തിരശ്ശീല പിടിക്കുവാന്‍ നില്‍ക്കുന്നവര്‍ക്ക് എപ്പോള്‍ പിടിക്കണം, എങ്ങിനെ പിടിക്കണം എന്നൊന്നും കാര്യമായ അറിവുണ്ടാകുവാന്‍ വഴിയില്ല. ജീവിക്കുവാനുള്ള തത്രപ്പാടിലാവണം വളരെ തുച്ഛമായ വരുമാനത്തിനായി തിരശ്ശീല പിടിക്കുവാന്‍ നില്‍ക്കുന്നത്. അങ്ങിനെയുള്ള ഒരു പ്രായം ചെന്ന മനുഷ്യനെ അരങ്ങില്‍ ഇത്രയും പേരുടെ മുന്‍പില്‍ വെച്ച് പിടിച്ചു തള്ളുകയും മറ്റും ചെയ്യുന്നത്, എത്ര വലിയ കലാകാരനാണെങ്കിലും അംഗീകരിക്കുവാന്‍ കഴിയില്ല. ചുറ്റുമുള്ളവരെ, അവരെത്ര നിസ്സാരരാണെങ്കിലും, ബഹുമാനിക്കുകതന്നെ വേണം.


Keywords: RugmangadaCharitham, Rugmangada Charitham, Kalamandalam Gopi, Margi Vijayakumar, Kalamandalam Babu Nampoothiri, Kalamandalam Harish Nampoothiri, Kurur Vasudevan Nampoothiri, Margi Raveendran, Nishagandhi Festival, Kanakakkunnu, Rugmangadan, Mohini, Dharmangadan.
--

2008 ജനുവരി 5, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam (Upto Verpadu) - Presented in NalacharithaMela organized by Drisyavedi, Thiruvananthapuram
ഡിസംബര്‍ 27, 2007: നളചരിതമേളയുടെ രണ്ടാമതുദിനം, നളചരിതം രണ്ടാം ദിവസം ആട്ടക്കഥയിലെ വേര്‍പാടുവരെയുള്ള രംഗങ്ങളാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപി നളനായും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും ആദ്യരംഗത്തില്‍ അരങ്ങിലെത്തി. “കുവലയവിലോചനേ! ബാലേ! ഭൈമി!” എന്ന പ്രശസ്തമായ പതിഞ്ഞ പദത്തോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്. ദമയന്തിയുടെ കരംഗ്രഹിച്ചുകൊണ്ട് അരങ്ങില്‍ പ്രവേശിക്കുന്ന നളന്‍, ദമയന്തിയെ നോക്കിക്കണ്ട ശേഷം പദം ആരംഭിക്കുന്നു. ശൃംഗാരരസപ്രധാനമായ ഈ പദം ഏതൊരു കലാകാരനും ഒരു വെല്ലുവിളി തന്നെയാണ്. കലാമണ്ഡലം ഗോപി - മാര്‍ഗി വിജയകുമാര്‍, ഇവരുടെ നളദമയന്തിമാരെ വെല്ലുവാന്‍ ഈ കാലത്ത് മറ്റൊരു കൂട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടേയും ആദ്യ രംഗത്തെ അഭിനയം.

NalaDamayanthi - Kalamandalam Gopi & Margi Vijayakumar
“കുവലയവിലോചനേ!” എന്ന നളന്റെ പദത്തിനു ശേഷം, ദമയന്തിയുടെ “സാമ്യമകന്നോരുദ്യാനം...” എന്നു തുടങ്ങുന്ന മറുപടി പദമാണ്. ആ പദത്തില്‍ “കങ്കേളി ചെമ്പകാദികള്‍ പൂത്തു നില്‍ക്കുന്നു,” എന്നൊരു ഭാഗമുണ്ട്. ദമയന്തിയിതു പറയുമ്പോള്‍, നളന്‍ ചോദിക്കുന്നു; ‘പൂത്തുനില്‍ക്കുന്നതു കണ്ടിട്ട് എന്തു തോന്നുന്നു?’. ഇതിന്റെ മറുപടി അടുത്ത വരിയാണ്, “ശങ്കേ, വസന്തം ആയാതം.”. ‘വസന്തത്തിന്റെ വരവായില്ലേയെന്ന് താന്‍ സംശയിക്കുന്നു’ എന്നു സാരം. ‘അതുതന്നെ!’ എന്ന് നളന്‍ തിരിച്ചുപറയുന്നു. എത്ര മനോഹരമായാണ് കലാമണ്ഡലം ഗോപി, മനോധര്‍മ്മം വരികള്‍ക്കിടയില്‍ പ്രയോഗിച്ചതെന്നു നോക്കുക. ഈ രീതിയിലുള്ള പ്രയോഗങ്ങള്‍ മറ്റു കലാകാരന്മാര്‍ ചെയ്യുന്നതുകാണാറില്ല. വളര്‍ന്നു വരുന്ന പുതുതലമുറക്കാരെങ്കിലും, ഇവയൊക്കെ കണ്ടു മനസിലാക്കി അരങ്ങില്‍ പ്രയോഗിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. അരങ്ങുകള്‍ കണ്ടുള്ള പരിചയം ഒരു കഥകളി കലാകാരന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പക്ഷെ, കഥകളി പഠിക്കുന്നവര്‍, കളി കാണുവാനെത്തുക എന്നത് അപൂര്‍വ്വമാണ്.

MangiMayangi - Padam in Nalacharitham Randam Divasam
“ദയിതേ! നീ കേള്‍, കമനീയാകൃതേ!” എന്ന മനോഹരമായ പദമാണടുത്തത്. ദമയന്തിയോടുള്ള പ്രണയത്താല്‍ ദീനനായ തന്റെ വിവാഹത്തിനു മുന്‍പുള്ള അവസ്ഥ ദമയന്തിയോടു പറയുകയാണിതില്‍ നളന്‍. ഈ പദത്തിലെ “ഓരോ ജനങ്ങള്‍ ചൊല്ലി, നിന്‍‌ഗുണമങ്ങു നിശമ്യസദാ; ധീരോപി, ഞാനധികം; മങ്ങിമയങ്ങി അനംഗരുജ!” എന്ന ചരണമാണ് വിശദമായി ആടാറുള്ളവയിലൊന്ന്. ഓരോരുത്തര്‍ ദമയന്തിയുടെ ഗുണങ്ങള്‍ പറഞ്ഞതുകേട്ട്, ധൈര്യവാനായ ഞാന്‍ കാമദേവന്റെ അസ്ത്രങ്ങളേറ്റ് നിരുത്സാഹവാനായി കാണപ്പെട്ടു എന്നിതിന് അര്‍ത്ഥം പറയാം. ഇവിടെ ‘മങ്ങിമയങ്ങി’ എന്ന ഭാഗം വളരെ നന്നായി കലാമണ്ഡലം ഗോപി അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഈ സമയം, മാര്‍ഗി വിജയകുമാറിന്റെ മുഖഭാവവും ശ്രദ്ധിക്കേണ്ടതുണ്ട്. ദമയന്തി എന്ന പേരിലൊരു സ്ത്രീവേഷം വെറുതേ അരങ്ങില്‍ നില്‍ക്കുകയല്ല, നളന്‍ പറയുന്നത് ഓരോന്നും സശ്രദ്ധം കേട്ട്, അതിലുള്‍ക്കൊണ്ടിരിക്കുന്ന ഭാവം മുഖത്തുവരുത്തുകയാണ് മാര്‍ഗി വിജയകുമാര്‍ ചെയ്യുക. ‘ഭംഗിതിരയടിക്കുന്ന നിന്റെ രൂപമോര്‍ത്ത് ഓരോ ദിനവും എനിക്ക് യുഗങ്ങളായി അനുഭവപ്പെട്ടു’ എന്നു നളന്‍ പറയുമ്പോള്‍ ദമയന്തിയായി അഭിനയിക്കുന്ന കലാകാരന്റെ മുഖത്ത് ലജ്ജവരുന്നില്ലെങ്കില്‍ എത്ര അരോചകമായിരിക്കും ഇത്രയും മനോഹരമായ ഒരു ശൃംഗാരപദമെന്നു ചിന്തിച്ചു നോക്കൂ. ഓരോ വരിക്കും അതിനനുസൃതമായി ഭാവം മുഖത്തുകൊണ്ടുവരുന്ന മാര്‍ഗി വിജയകുമാറിന്റെ ദമയന്തി എന്തുകൊണ്ടും മറ്റുള്ളവര്‍ക്ക് അനുകരണീയമായ മാതൃകയാണ്.

ഈ മൂന്നുപദങ്ങളും അഭിനയപ്രധാനമാണ്, അതുപോലെ തന്നെ സംഗീതപ്രധാനവുമാണ്. എന്നാല്‍ കലാമണ്ഡലം സുബ്രഹ്മണ്യന്‍, കലാമണ്ഡലം ഹരീഷ് നമ്പൂതിരി എന്നിവരുടെ പാട്ട് തീരെ ശരിയായില്ല. ഹരീഷിനേക്കാള്‍ ഇതിന്റെ ഉത്തരവാദിത്തം സുബ്രഹ്മണ്യനാണു താനും. “ദയിതേ! നീ കേള്‍” എന്ന പദത്തില്‍ ചരണത്തിനു ശേഷമുള്ള ആദ്യവരിയുടെ ആവര്‍ത്തനമൊക്കെ വിട്ടുപോവുക എന്നതൊക്കെ ക്ഷമിക്കുവാന്‍ കഴിയാത്ത തെറ്റുകളാണ്. മുദ്രയ്ക്കനുസരിച്ച് പദത്തിലെ വാക്കുകള്‍ വിന്യസിക്കുന്നതില്‍ ഒട്ടും തന്നെ ശ്രദ്ധിക്കുകയുമുണ്ടായില്ല. കലാമണ്ഡലം ഗോപി മുദ്രകള്‍ വാക്കിനനുസരിച്ചു വിന്യസിക്കുന്നതില്‍ വളരെ നിഷ്കര്‍ഷ പുലര്‍ത്തുന്ന കലാകാരനായതിനാല്‍, ഇത് കുറച്ചൊന്നുമല്ല അഭിനയത്തെ ബാധിച്ചത്. ഇത്രയും അരങ്ങുപരിചയവും അനുഭവസമ്പത്തുമുള്ള കലാകാരന്മാര്‍, ഉത്തരവാദിത്തമില്ലാതെ അരങ്ങത്തു പ്രവര്‍ത്തിക്കുന്നത് വളരെ കഷ്ടമാണ്! കലാമണ്ഡലം സുബ്രഹ്മണ്യന്റെ പാട്ടില്‍ ആകെ കണ്ടൊരു മെച്ചം വാക്കുകള്‍ മുറിക്കുന്നതിലെ ഔചിത്യമാണ്. ഉദാഹരണത്തിന് “നാള്‍തോറും വളരുന്നു...” എന്ന ഭാഗം പലപ്പോഴും “നാള്‍തോ.....റും... വളരുന്നു...” എന്നാണ് പാടാറുള്ളത്. എന്നാല്‍ സുബ്രഹ്മണ്യന്‍ പാടിയത് “നാള്‍തോറും........ വളരുന്നു...” എന്നാണ്. പദം പാടിക്കേള്‍ക്കുമ്പോള്‍ അര്‍ത്ഥം വ്യക്തമായിത്തന്നെ മനസിലാക്കുവാന്‍ ഈ രീതിയില്‍ വാക്കുകള്‍ ഉചിതമായി മുറിക്കുന്നതിലൂടെ സാധിക്കുന്നു.

NalaDamayanthi - Kalamandalam Gopi & Margi Vijayakumar
ആദ്യരംഗത്തിലെ ഇത്രയും പദങ്ങള്‍ക്കു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മമാണ്. ആദ്യം നളന്‍ ചോദിക്കുന്നു, ‘വിവാഹത്തിന്, തന്റെ രൂപത്തിലുള്ള അഞ്ചുപേരില്‍ നിന്നും എന്നെയെങ്ങിനെ കൃത്യമായി നീ വരിച്ചു?’ എന്ന്. ദമയന്തിയുടെ മറുപടി, ‘താന്‍ കുട്ടിക്കാലത്തുതന്നെ മനസാവരിച്ച നളനെ തനിക്കു തന്നെ ലഭിക്കുവാന്‍ കനിവുണ്ടാവണമെന്ന് ദേവന്മാരോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോളവര്‍ തങ്ങളുടെ ചിഹ്നങ്ങള്‍ കാട്ടിത്തന്നു. അങ്ങിനെയാണ് താന്‍ അങ്ങയെ തിരിച്ചറിഞ്ഞത്.’ നളനും ദമയന്തിയും ദേവന്മാരെ വന്ദിച്ചശേഷം, നളന്‍ തുടരുന്നു; ‘അതിവിശിഷ്ടമായ പദാര്‍ത്ഥങ്ങളുടെ നീരെടുത്ത് ദൈവം നിന്റെ അംഗങ്ങള്‍ മനോഹരമാക്കി. കൊന്ത് എറിഞ്ഞത് ചന്ദ്രനില്‍ പതിച്ചു. അവ ചന്ദ്രനില്‍ കറുത്ത പാടുകളായി കാണപ്പെടുന്നു. തളികയില്‍ ശേഷിച്ചവ താമരപ്പൂവുകളായി. കൈ കുടഞ്ഞപ്പോള്‍ തെറിച്ച തുള്ളികള്‍ നക്ഷത്രങ്ങളായി ആകാശത്തില്‍ വിളങ്ങി. ഇതുകണ്ട് പരിഭവിച്ച് താമര കൂമ്പി നിന്നു. പകല്‍ സൂര്യനുദിച്ച്, നക്ഷത്രങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ താമര വീണ്ടും വിരിയുന്നു.’ തുടര്‍ന്ന് ഉദ്യാനത്തിലെ വിവിധ കാഴ്ചകള്‍ കാണുവാനായി ഇരുവരും തിരിക്കുന്നു. നിലത്തുകിടക്കുന്ന വാടിയപൂവുകള്‍ കണ്ട്, നളന്‍ ദമയന്തിയോട് പറയുന്നു: ‘ഇവ നിന്നെ വരവേല്‍ക്കുവാനായി താഴെവീണു കിടക്കുകയാണ്’. വാടിയ പൂവുകളെ നളന്‍ തലോടുമ്പോള്‍ അവ വീണ്ടും വിടര്‍ന്ന് സുഗന്ധം പരത്തുന്നു. ദേവന്മാര്‍ വിവാഹത്തിനു ശേഷം തനിക്കു നല്‍കിയ വരങ്ങളെ നളന്‍ സ്മരിക്കുന്നു.

ഉദ്യാനത്തിലൂടെ നടക്കുമ്പോള്‍ കാണുന്ന കാഴ്ചകളുടെ വര്‍ണ്ണന തുടരുന്നു. നളന്‍, ‘ഒരു അരയന്നം നിന്റെ നടപ്പിന്റെ ഭംഗികണ്ട്, അത്രയും ഭംഗിയായി നടക്കുവാന്‍ തനിക്കാവുന്നില്ലല്ലോ എന്നു ദുഃഖിച്ച് വേഗം നടന്നു മറഞ്ഞു. അതാ, നോക്കൂ ഒരു മരത്തില്‍ വള്ളി പടര്‍ന്നു കയറിയിരിക്കുന്നു, ഇതു കണ്ടിട്ട് നിനക്കെന്തു തോന്നുന്നു?’. മറുപടിയായി ദമയന്തി, ‘മരത്തില്‍ വള്ളിയെന്നതുപോലെ പുണരുവാന്‍.’ അപ്പോള്‍ നളന്‍, ‘അത്രയും മാത്രമല്ല, പിന്നീടൊരിക്കലും പിരിയാതിരിക്കുവാനും!’. ഇങ്ങിനെയൊക്കെ ഓരോന്നു പറഞ്ഞു നടക്കുമ്പോള്‍ ഒരു മാന്‍പേട കുട്ടികള്‍ക്ക് മുലയൂട്ടുന്നതു കാണുന്നു. ഇതുകണ്ട് സ്വയം മറന്നു നില്‍ക്കുന്ന ദമയന്തിയോട് നളന്‍ കാര്യം തിരക്കുന്നു. ‘ഒന്നുമില്ല, വെറുതെ...’ എന്നു പറയുന്ന ദമയന്തിയോട് നളന്‍, ‘കാര്യമൊക്കെ എനിക്കു മനസിലായി. നമ്മുടെ കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനെക്കുറിച്ചല്ലേ ചിന്തിച്ചത്, അധികം വൈകാതെ നമുക്കും കുട്ടികളാവും’. ദൂരെയൊരു വള്ളിക്കുടില്‍ കണ്ട്, ‘അതിന്റെ ശിഖരങ്ങള്‍ നമ്മെ വിളിക്കുന്നതുപോലെയില്ലേ? അങ്ങോട്ടു പോവുകയല്ലേ?’ എന്നു ചോദിച്ച് രണ്ടാളും കൂടി അങ്ങോട്ടു മാറുന്നിടത്ത് ആദ്യരംഗം അവസാനിക്കുന്നു.

Indran, Kali & Dwaparan - Nalacharitham Randam Divasam
മറ്റൊരിടത്ത് കലിയും ദ്വാപരനും ഭൈമീവിവാഹത്തില്‍ പങ്കെടുക്കുവാനായി ഭൂമിയിലേക്കുള്ള യാത്രാമദ്ധ്യേയാണ്. വഴിയില്‍ ഇന്ദ്രാദികളായ ദേവന്മാരെ കണ്ടുമുട്ടുന്നു. ദമയന്തിയുടെ വിവാഹം കേവലം ഒരു മനുഷ്യനായ നളനുമായി നടന്നു എന്നറിഞ്ഞ് അത്യധികം കോപിഷ്ഠനാവുന്ന കലി, ഭൈമിയേയും നളനേയും രാജ്യത്തേയും വേര്‍പിരിക്കുമെന്ന് മനസിലുറപ്പിക്കുന്നു. ദ്വാപരനോട് അതിനെന്തുവഴിയെന്നാലോചിച്ച്, പുഷ്കരന്‍ എന്ന നളന്റെ അര്‍ദ്ധസഹോദരനെ മുഷ്കരനാക്കി, ചൂതില്‍ നളനെ പരാജയപ്പെടുത്താം എന്നുറയ്ക്കുന്നു. കലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും, ദ്വാപരനായി മാര്‍ഗി സുരേഷുമാണ് രംഗത്തെത്തിയത്. ഇന്ദ്രനായി കലാമണ്ഡലം മുകുന്ദന്‍ വേഷമിട്ടു. പുഷ്കരനെ കാണുന്നതിനു മുന്‍പായി നളനില്‍ ആവേശിക്കുവാനായി കലി പുറപ്പെടുന്നു. എന്നാല്‍ എങ്ങും പുണ്യകര്‍മ്മങ്ങള്‍ മാത്രം നടക്കുന്ന നളന്റെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ തന്നെ കലിക്ക് കഷ്ടപ്പെടേണ്ടി വരുന്നു. ഈ ഭാഗത്തെ കലിയുടെ ആട്ടത്തെക്കുറിച്ച് മണി എഴുതിയിരിക്കുന്നത് ഇവിടെ വായിക്കുക.

Nelliyodu Vasudevan Nampoothiri as Kali in Nalacharitham Randam Divasam
ദ്വാപരന്റെ വേഷത്തെക്കുറിച്ച് ഗൌരവമായ ഒരു ചര്‍ച്ച ആവശ്യമാണെന്നു തോന്നുന്നു. ഓരോയിടത്തും ഓരോ രീതിയിലാണ് വേഷം, ചുട്ടിയും പല തരത്തില്‍. ഇവിടെ ദു:ശ്ശാസ്സനനും മറ്റും നിശ്ചയിച്ചിട്ടുള്ള ചുവപ്പു താടി വേഷമായിരുന്നു ദ്വാപരന്റേത്. അല്പം പ്രായക്കൂടുതലുള്ള, കുശാഗ്രബുദ്ധിയുള്ള ഒരാളാണ് ദ്വാപരന്‍ എന്നാണല്ലോ സങ്കല്പം. അപ്പോളതിന് യോജിക്കുക, ചെറിയ കിരീടവും, വെള്ള സന്യാസി താടിയും മറ്റുമുള്ള വേഷമല്ലേ? ചുട്ടി, കുറിയകത്തിയുമാവാം. ദ്വാപരന്റെ വേഷം ചുവപ്പുതാടിയാവുമ്പോള്‍, കലിയുടെ പ്രാധാന്യം മങ്ങുകയും ചെയ്യും. കലിയുടെ ചുട്ടി വളരെ മികച്ചു നിന്നു. ചിത്രം ശ്രദ്ധിക്കുക. സാധാരണ ചുട്ടിയില്‍, കൂര്‍ത്ത അഗ്രങ്ങളായാണ് പേപ്പറില്‍ മുറിക്കുക. എന്നാലിവിടെ ജ്വാലയുടെ ആകൃതിയിലാണ് പേപ്പര്‍ മുറിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് ഈ വ്യത്യാസം മനസിലാക്കുവാന്‍ സാധിക്കുകയില്ലെങ്കിലും, കലിയുടെ ചുട്ടിക്ക് ഒരു പ്രത്യേക ഭംഗി ഈ രീതിയില്‍ മുറിക്കുമ്പോള്‍ തോന്നുന്നുണ്ട്. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി ശ്രീകുമാര്‍ എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തിരുന്നത്. ഇരുവരില്‍ ആരുടെയാണ് ഈ കരവിരുത് എന്നറിയില്ല, രണ്ടാളും അഭിനന്ദനമര്‍ഹിക്കുന്നു. കലിയുടെ കിരീടം പുതുക്കിപ്പണിയുവാന്‍ നേരമായി എന്നതും സൂചിപ്പിക്കട്ടെ.

തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നളനായി ഏറ്റുമാനൂര്‍ കണ്ണനും പുഷ്കരനായി കലാമണ്ഡലം മുകുന്ദനും അരങ്ങിലെത്തി. തുടര്‍ന്നുള്ള ഭാഗങ്ങള്‍ കാണുവാന്‍ സാധിച്ചില്ല. മണിയുടെ ബ്ലോഗില്‍ തുടര്‍ന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ? ഈ ദിവസത്തെ കളിയുടെ മേളം കൈകാര്യം ചെയ്തത്, മദ്ദളത്തില്‍; കോട്ടയ്ക്കല്‍ രാധാകൃഷ്ണന്‍, മാര്‍ഗി ബേബി തുടങ്ങിയവരും, ചെണ്ടയില്‍; കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശ്രീകാന്ത് തുടങ്ങിയവരുമായിരുന്നു. മേളവിഭാഗം നന്നായെങ്കിലും, എടുത്തുപറയുവാന്‍ ഒന്നുമുള്ളതായി തോന്നിച്ചില്ല. ആദ്യരംഗത്തില്‍ ദമയന്തി സംസാരിച്ചു തുടങ്ങുമ്പോള്‍, കിളികളോട് ഇനി മിണ്ടാതിരിക്കുവാന്‍ നളന്‍ ആംഗ്യം കാട്ടാറുണ്ട്. ഈ ഭാഗത്ത് മദ്ദളം വേണ്ടവണ്ണം നളനെ പിന്തുണച്ചതുമില്ല. കണ്ടടത്തോളം വെച്ച്, പ്രേക്ഷകനെ അത്രയൊന്നും തൃപ്തിപ്പെടുത്തുന്ന ഒന്നായില്ല ദൃശ്യവേദി സംഘടിപ്പിച്ച നളചരിതമേളയിലെ, നളചരിതം രണ്ടാം ദിവസം ആട്ടക്കഥയുടെ വേര്‍പാടുവരെയുള്ള ഭാഗം.


Keywords: Nalacharitham Randam Divasam, NalacharithaMela, Drisyavedi, Thiruvananthapuram, Kalamandalam Gopi, Margi Vijayakumar, Nelliyodu Vasudevan Nampoothiri, Margi Sukumaran, Margi Suresh
--

2007 ഡിസംബർ 30, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം ഒന്നാം ദിവസം

Nalacharitham Onnam Divasam @ Kizhakkekotta, Organized by Drisyavedi, Thiruvananthapuram
ഡിസംബര്‍ 26, 2007: ദൃശ്യവേദി, തിരുവനന്തപുരം വര്‍ഷാവര്‍ഷം സംഘടിപ്പിച്ചുവരുന്ന കേരളനാട്യോത്സവം ശ്രീ. നെടുമുടിവേണു ഉദ്ഘാടനം ചെയ്തു. നളചരിതം കഥകളി, അഞ്ചുദിവസങ്ങളിലായി അവതരിപ്പിക്കുന്ന ‘നളചരിതമേള’യാണ് ഇരുപതാമത് കേരളനാട്യോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഡിസംബര്‍ മുപ്പതിന് ‘നളചരിതസംവാദ’വും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെടുമുടിവേണു ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞതുപോലെ; നളചരിതം പാടുവാന്‍ കൊതിക്കാത്ത ഗായകരില്ല, ആടുവാന്‍ കൊതിക്കാത്ത നടന്മാരില്ല, കാണുവാന്‍ കൊതിക്കാത്ത കാണികളുമില്ല, എന്നതു ശരിവെയ്ക്കുന്നതായി കളികാണുവാനായെത്തിയ കാണികളുടെ തിരക്ക്.

Nalan & Naradan in Nalacharitham Onnam Divasam
നളനെക്കാണുവാനായി നാരദനെത്തുന്ന രംഗത്തോടെയാണ് നളചരിതം ഒന്നാം ദിവസം ആരംഭിക്കുന്നത്. കലാമണ്ഡലം ഗോപി നളനായും, ആറ്റിങ്ങല്‍ പീതാംബരന്‍ നാരദനായും അരങ്ങിലെത്തി. നളന്‍ നാരദനെ സ്വീകരിച്ചിരുത്തി കുശലങ്ങളന്വേഷിക്കുന്ന, “ഭഗവല്‍ നാരദ! വന്ദേഹം!” എന്നതാണ് ആദ്യപദം. ഒന്നാം ചരണത്തിലുള്ള “വരവിതിന്നെങ്ങു നിന്നിപ്പോള്‍” എന്ന പദം, നേരിട്ട് മുദ്രകാട്ടിയാടാതെ; നാരദന്‍ പല സ്ഥലങ്ങളിലും സഞ്ചരിക്കുന്നതും, കാര്യങ്ങള്‍ മനസിലാക്കുന്നതും മറ്റുമാമാടിയത് നന്നായിരുന്നു. “പാഴിലാക്കീടൊല്ല ജന്മം” എന്നു നാരദന്‍ പറയുമ്പോള്‍, ‘താനെന്തെങ്കിലും അനര്‍ത്ഥം പ്രവര്‍ത്തിച്ചുവോ?’, എന്നു ശങ്കിച്ച്; “കുണ്ഠിനപുരിയിലുണ്ടു, സുന്ദരി ദമയന്തി!” എന്നു പറയുമ്പോള്‍ ‘അങ്ങിനെവരട്ടെ, അപ്പോള്‍ വരവു വെറുതെയല്ല. അവളെക്കുറിച്ച് നിരവധി പറഞ്ഞു കേട്ടിരിക്കുന്നു.’ എന്നു ചിന്തിച്ച്; “വൃന്ദാരകന്‍ മാര്‍ക്കു മോഹം.” എന്നു പറയുമ്പോള്‍, ‘ഇതൊക്കെ എന്നോടു പറയുവാനെന്താണ് കാരണം?’ എന്നു നളന്‍ നാരദനോട് ചോദിക്കുന്നു. ഈ ചോദ്യം സാധാരണയുണ്ടാവാറില്ല. ഈ ചോദ്യം ചോദിക്കുന്നത് വളരെ ഭംഗിയായി തോന്നി. ‘പറയാം’ എന്നു മുദ്രകാട്ടി, കലാശമെടുത്ത് അടുത്ത പദം, “രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകള്‍ക്കുള്ളൂ” എന്നാടുമ്പോള്‍ ആ ചോദ്യം വളരെ ഔചിത്യമുള്ളതാവുന്നു.

ആറ്റിങ്ങല്‍ പീതാംബരന്റെ നാരദനും മോശമായില്ല. “അരവിന്ദഭവയോനേ...”, “ഹരിമന്ദിരത്തില്‍ നിന്നോ?” എന്നീ ഭാഗങ്ങളില്‍ ബ്രഹ്മാവിനേയും വിഷ്ണുവിനേയും സ്മരിച്ച് വന്ദിക്കുന്നതും; “ഉന്നത തപോനിധേ!” എന്നഭാഗത്ത്, നളനില്‍ സം‌പ്രീതനാവുന്നതുമൊക്കെ വേണ്ടും വണ്ണം പീതാംബരന്റെ നാരദന്‍ അരങ്ങില്‍ കാണിച്ചു. എന്നാല്‍ മുദ്രകള്‍ താളത്തിനൊത്തു വിന്യസിക്കുന്നതില്‍ മികവു തോന്നിയതുമില്ല. ആ കാര്യം കൂടി കുറച്ചു ശ്രദ്ധിച്ചാല്‍ ഇനിയും മനോഹരമാക്കുവാന്‍ സാധിക്കും അദ്ദേഹത്തിന്. നാരദന്റെ മറുപടിപദത്തിനു ശേഷം, നളനും നാരദനും തമ്മിലുള്ള ഹൃസ്വമായ ഒരു മനോധര്‍മ്മാട്ടമാണ്. ‘താന്‍ നിത്യവും പൂജിക്കുന്ന ദേവന്മാരുടെ ഇഷ്ടത്തിനു വിഘാതം നിന്നാല്‍ അനര്‍ത്ഥം സംഭവിക്കുകയില്ലേ? അവരെന്നെ ശപിക്കില്ലേ?’ എന്നുള്ള നളന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നാരദന്‍ പറയുന്നതിങ്ങിനെ: ‘ഒരിക്കലുമില്ല, മനസുകൊണ്ട് ഇഷ്ടപ്പെടുന്ന നാരിയെ ലഭിക്കുവാനുള്ള യത്നം വീരന്മാര്‍ക്കു ചേര്‍ന്ന പ്രവര്‍ത്തി തന്നെ. അതില്‍ ദേവന്മാര്‍ സന്തോഷിക്കുകയേയുള്ളൂ.’ നളന്റെ ഈ ചോദ്യത്തിനും; ‘യജ്ഞമേ ദേവകള്‍ക്കുള്ളൂ, രത്നമെല്ലാം നിനക്കുള്ളൂ’ എന്നു തന്നെ വീണ്ടും പറയുന്ന നാരദന്മാരാണധികവും എന്നതിനാല്‍ തന്നെ ആറ്റിങ്ങല്‍ പീതാംബരന്റെ നാരദന്‍ ശ്രദ്ധേയമായി.

Mudiradathi Kabari - Nalan (Kalamandalam Gopi)
നാരദനെ യാത്രയാക്കി രാജ്യകാരണങ്ങളില്‍ മുഴുകുന്ന നളന്റെ മനസ് അസ്വസ്ഥമാവുന്നു. ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടമായ, “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...” എന്ന പദമാണ് അടുത്തത്. “എന്തൊരു കഴിവെനിക്കിന്ദുമുഖിക്കുമെന്നില്‍, അന്തഃരംഗത്തില്‍ പ്രേമം വന്നീടുവാന്‍” എന്ന പദഭാഗം സാധാരണയിലും ഭംഗിയായി ഗോപി അവതരിപ്പിച്ചു. “വിധുമുഖിയുടെ രൂപമധുരത കേട്ടു മമ, വിധുരത വന്നു, കൃത്യചതുരത പോയി” എന്ന ഭാഗം അത്രയ്ക്ക് ആസ്വാദ്യകരമായതുമില്ല. ഇതില്‍ തന്നെ “കൃത്യചതുരത പോയി” എന്ന പദഭാഗം ‘രാജ്യഭരണം മങ്ങിപ്പോയി’ എന്നാണ് ആടിയത്. എന്നാലത് യോജ്യമാണോ? ‘രാജ്യഭരണത്തില്‍ തനിക്കുണ്ടായിരുന്ന കഴിവ് ഇപ്പോള്‍ നഷ്ടമായി’ എന്ന അര്‍ത്ഥം, മങ്ങിപ്പോയി എന്നു പറയുമ്പോള്‍ പൂര്‍ണ്ണമായി ലഭിക്കുന്നുണ്ടോ? ഇല്ല, എന്നാണ് എന്റെ അഭിപ്രായം. പദത്തിനു ശേഷം നളന്റെ മനോധര്‍മ്മാട്ടമാണ്. ‘സുന്ദരിയുടെ വാര്‍ത്തകള്‍ കേട്ട്, മനസ് അവളില്‍ ഉടക്കിയിരിക്കുന്നു. മറ്റൊന്നിലും ശ്രദ്ധ കിട്ടുന്നില്ല. അവളെ ദയിതയായി ലഭിക്കുവാന്‍ എന്താണൊരുപായം. ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ!’ എന്നൊക്കെ ആടി മന്ദിരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുന്ന നളന്‍ ഒരു വീണ കാണുന്നു. ‘വീണവായിച്ചാല്‍ ഒരല്പം ആശ്വാസം കിട്ടുമായിരിക്കും’ എന്നാടി വീണവായന തുടങ്ങുന്നു.

വീണയെടുത്ത് മടിയില്‍ വെച്ച്, ശ്രുതി നോക്കി, വായന തുടങ്ങുന്നു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയാണ് ഈ ഭാഗത്ത് വളരെ ശ്രദ്ധേയമായത്. ഗോപിയുടെ വിരലുകള്‍ക്കൊപ്പിച്ച് കൃത്യമായി ചെണ്ടക്കോലുവീഴ്ത്തുവാന്‍ കൃഷ്ണദാസിനുള്ള മിടുക്ക് കണ്ടും-കേട്ടും തന്നെ അറിയണം. കലാനിലയം മനോജിന്റെ മദ്ദളവും ഒട്ടും മോശമായില്ല. വീണവായനയ്ക്കിടയില്‍, ‘വീണയുടെ നാദം എന്റെ മനസിന് അമൃതമായി ഭവിച്ചു, മനസ് സ്വസ്ഥമായി. എന്നാല്‍, ഈ വീണയ്ക്കു പകരം അവളായിരുന്നു എന്റെ മടിയിലെങ്കിലോ! ഈ കരങ്ങള്‍കൊണ്ട് അവളെ പുണര്‍ന്ന്, അവളുടെയധരങ്ങളില്‍ ചുംബിച്ച്...’ പൂര്‍ത്തിയാക്കാതെ വീണ്ടും വീണവായിച്ചു തുടങ്ങുന്നു. ഇടയ്ക്ക്, ബോധത്തിലേക്കെത്തുന്ന നളന്‍, തന്റെ കൈയില്‍ വീണ തന്നെയാണ്, ദമയന്തിയല്ല എന്നു മനസിലാക്കി, വീണ നിലത്തുവെയ്ക്കുന്നു. വീണ്ടും മനസ് അസ്വസ്ഥമായതായി ആടി, കാമാഗ്നിയില്‍ തന്നെ നീറ്റുന്ന കാമദേവനെ പഴിക്കുന്നു. ‘തന്റെ നേര്‍ക്ക് അഞ്ചസ്ത്രങ്ങളുമയയ്ക്കാതെ, നാലെണ്ണം എന്റെ നേര്‍ക്കയച്ച്; ഒരണ്ണം, ഒരേയൊരണ്ണം അവളുടെ നേര്‍ക്കയച്ചെങ്കില്‍’ എന്നൊക്കെയുള്ള സാധാരണയാടാറുള്ള മനോധര്‍മ്മങ്ങള്‍ ഇവിടെയുമുണ്ടായി. തുടര്‍ന്ന് മന്ത്രിയെവിളിച്ച് രാജ്യകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ ഉത്തരവിട്ട് ഉദ്യാനത്തിലേക്ക് ഗമിക്കുന്നു.

Hamsam by Madavoor Vasudevan Nair
‘നിര്‍ജ്ജനമെന്നതേയുള്ളൂ ഗുണമോ...’ എന്ന പദമാണ് അടുത്തത്. പദത്തിന്റെ അവസാനത്തില്‍ സുവര്‍ണഹംസത്തെ കണ്ട് അതില്‍ ആകൃഷ്ടനാവുന്നതായി ആടുന്നു. അവന്‍ കേളികള്‍ കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുമ്പോള്‍ പിടിക്കുക തന്നെ എന്നുറച്ച്, വള്ളിച്ചാര്‍ത്തുകള്‍ക്കിടയില്‍ നളന്‍ മറഞ്ഞിരിക്കുന്നു. തുടര്‍ന്ന് ഹംസത്തിന്റെ തന്റേടാട്ടം; അതില്‍ വിവിധ കേളികളാടി, ആഹാരമൊക്കെ തേടി തളരുന്ന ഹംസം ഉറങ്ങുവാന്‍ തുടങ്ങുന്നു. മടവൂര്‍ വാസുദേവന്‍ നാ‍യരായിരുന്നു ഹംസമായി രംഗത്തെത്തിയത്. പ്രായാധിക്യം മൂലമുള്ള അവശതകളുള്ളതിനാല്‍, ഹംസത്തിന്റെ നൃത്തങ്ങള്‍ അത്രയ്ക്ക് ശോഭിച്ചില്ല. എന്നാല്‍ പദാഭിനയവും മനോധര്‍മ്മങ്ങളും വളരെ നന്നാവുകയും ചെയ്തു.

BheemaNarendraSutha, Damayanthi! - Nalan & Hamsam
നളന്റെ കൈയിലകപ്പെടുന്ന ഹംസത്തിന്റെ വിലാപം, “ശിവ ശിവ എന്തു ചെയ്‌വു” എന്ന പദമാണ് അടുത്തത്. ഇതില്‍ “ജനകന്‍ മരിച്ചു പോയി...” എന്ന് ഹംസം പറയുമ്പോള്‍, നളന്‍ പറയുന്നു, ‘എന്റേയും പിതാവ് ജീവിച്ചിരിപ്പില്ല.’ ഉടന്‍ തന്നെ മടവൂരിന്റെ ഹംസം ചോദിക്കുന്നു: ‘അതിനു ഞാനെന്തു വേണം?’, ‘ഒരു കരുണയുമില്ലാത്ത ഹംസം’ എന്നു നളന്‍ പരിഭവിക്കുന്നു. ഹംസം ഇങ്ങിനെ തിരിച്ചു ചോദിക്കുന്നത്, അത്രയ്ക്ക് ഉചിതമായി തോന്നുന്നില്ലെങ്കിലും, വേദിയില്‍ അവതരിപ്പിച്ചു കണ്ടപ്പോള്‍ രസിക്കാതിരുന്നില്ല. “മനസി രുചിജനകം, എന്റെ ചിറകുമണികനകം; ഇതുകൊണ്ടാക നീ ധനികന്‍” എന്ന ഭാഗത്ത്, ആദ്യം ഹംസം കളിയായി ‘എന്റെ ചിറകുകൊണ്ട് നീ ധനികനാവുക’ എന്നാടി പിന്നീട് തിരുത്തി ‘ഇതു വെറും നിറം മാത്രം, ഇതു നിന്നെ ധനികനാക്കില്ല’ എന്നാടിയത് വളരെ നന്നായതായി തോന്നി. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി പാട്ടില്‍ ഈ അര്‍ത്ഥഭേദം കൊണ്ടുവരികയും ചെയ്തു. ഹംസത്തിന്റെ തുടര്‍ന്നുള്ള പദമായ “ഊര്‍ജ്ജിത ആശയ, പാര്‍ത്ഥിവ തവ!” എന്നതിന്റെ പദാര്‍ത്ഥാഭിനയവും വളരെ മികച്ചു നിന്നു. "കെല്‍പ്പുള്ള ഭീമനു ചൊല്പേറുമൊരുമകള്‍” എന്നു ഹംസം പറയുമ്പോള്‍, ‘അതെയോ, ഒരു മകളേയുള്ളൂ?’ എന്ന് നളനൊന്നുമറിയാത്തതുപോലെ ചോദ്യം. അതുകണ്ട് ഹംസം ‘ഒന്നുമറിയില്ല, അല്ലേ? ഒരൊറ്റ മകളേയുള്ളൂ’ എന്ന് അര്‍ത്ഥം വെച്ചുപറയുന്നതും രസകരമായി. ഇത്ര നന്നായി ഹംസത്തെ ആടി ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. നൃത്തഭാഗങ്ങള്‍ മികച്ചതാക്കുവാനുള്ള ആരോഗ്യം കൂടി മടവൂരിനുണ്ടായിരുന്നെങ്കില്‍, ഈ കാലത്തെ മികച്ച ഹംസമായി കണക്കാക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ഹംസം എന്നു നിഃസംശയം പറയാം.

“പ്രിയമാനസ! നീ പോയ് വരേണം” എന്ന ഭാഗവും ഇവിടെ നന്നായി. സാധാരണയായി ഗോപി ഈ ഭാഗം പെട്ടെന്നു തീര്‍ക്കുകയാണ് പതിവ്. പദത്തിന്റെ ഒടുവില്‍ നളനും ഹംസവും ചേര്‍ന്ന് ഒരു ഹൃസ്വമാ‍യ മനോധര്‍മ്മമുണ്ട്. ‘നീയല്ലാതെ എനിക്ക് മറ്റൊരാശ്രയമില്ല. നിന്റെ മധുരമായ വചനങ്ങള്‍ കൊണ്ട് അവളെ എനിക്കു നല്‍കുക’ എന്നു നളനും, ‘ഒട്ടും ശങ്ക വേണ്ട. അവളുടെ ഹൃദയത്തെ അങ്ങയിലേക്ക് അടുപ്പിക്കുവാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്’ എന്നു ഹംസവും പറയുന്നു. യാത്രയാക്കുവാനൊരുങ്ങുന്ന നളന്‍ ഹംസത്തോട് പറയുന്നു, ‘ഭൈമിയുടെ ഇംഗിതമറിഞ്ഞ് പെട്ടെന്നു വരിക, ഞാനിവിടെ നിന്നെയും കാത്തിരിക്കാം’; അപ്പോള്‍ ഹംസം, ‘ഇവിടെയോ, അപ്പോള്‍ ആഹാരം?’. ‘അവളെക്കുറിച്ചോര്‍ത്ത് ആഹാരത്തോടൊന്നും ഒരു താത്പര്യവും തോന്നുന്നില്ല, ഞാനിവിടെയിരിക്കാം.’ എന്നു നളന്‍ മറുപടിപറയുന്നു. ഇങ്ങിനെയുള്ള ചെറിയ സംഭാഷണങ്ങളാണ് ഇരുനടന്മാരുടേയും വേഷത്തെ കൂടുതല്‍ പ്രേക്ഷകരോടടുപ്പിച്ചത്. തുടര്‍ന്ന് ഹംസത്തെ യാത്രയാക്കി നളന്‍ ഉദ്യാനത്തില്‍, ഹംസത്തിന്റെ മടങ്ങിവരവും പ്രതീക്ഷിച്ചിരിക്കുന്നു. എന്നാലിവിടെ ഹംസം സ്വര്‍ണരേഖയായി, ഒടുവില്‍ മറഞ്ഞുവെന്നാടുന്നതിനൊപ്പം രംഗം വിടുന്നതായാണ് അവതരിക്കപ്പെട്ടത്. ഹംസത്തിന്റെ വരവും പ്രതീക്ഷിച്ച് ഇരിപ്പിടത്തില്‍ നളനിരിക്കുമ്പോള്‍ തിരശീല പിടിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നു തോന്നുന്നു.

Damayanthi & Thozhimar - Shahilal, Kalamandalam Shanmukhadas, Kalamandalam Sucheendran
ദമയന്തിയും തോഴിമാരും ഉദ്യാനത്തില്‍ ദേവന്മാരെ സ്തുതിക്കുന്ന “പൂമകനും മൊഴിമാതും, ഭൂമിദേവി താനും!” എന്ന പദമാണ് അടുത്തത്. ഉദ്യാനം വിരസമായി തോന്നുന്നതിനാല്‍, രാജ്യസഭയിലേക്ക് പോവാം എന്നുപറയുന്ന ഭൈമിയോട് തോഴിമാര്‍ ചോദിക്കുന്നു; ‘അവിടെ നിന്നുമല്ലേ ഇപ്പോളിങ്ങു വന്നത്? എവിടെയും മനസുറക്കാത്തതെന്ത്?’ വണ്ടുകളുടെ മൂളല്‍, പൂക്കളുടെ സുഗന്ധം തുടങ്ങിയവയൊക്കെ ദമയന്തിക്ക് ക്ലേശകരമായി അനുഭവപ്പെടുന്നു. ഒടുവില്‍ രാജധാനിയിലേക്ക് മടങ്ങുവാനൊരുങ്ങുമ്പോള്‍, ആകാശത്ത് ഒരു പ്രകാശം കാണുന്നു. മിന്നല്‍ക്കൊടിയായും, ചന്ദ്രനായും കല്പിക്കുന്ന തോഴിമാരോട്, അതൊരു സുവര്‍ണഹംസമാണെന്ന് ദമയന്തി തിരുത്തുന്നു. “നിങ്ങള്‍ ദൂരെ നില്‍പ്പിന്‍, എന്നരികില്‍ ആരും വേണ്ട” എന്നുപറഞ്ഞ് ദമയന്തി തോഴിമാരെ യാത്രയാക്കുന്നു.

Thottene Njan Kaikal Kondu - Hamsam & Damayanthi
തോഴിമാര്‍, ദമയന്തിയെ അനുകരിച്ച് ഹംസത്തിന് ആഹാരം നല്‍കുവാന്‍ നോക്കുമ്പോള്‍ അല്ലെങ്കില്‍ തൊടുവാന്‍ ശ്രമിക്കുമ്പോള്‍ ഹംസം അവരെ കൊത്തിയോടിക്കുന്നു, അതു കാണുമ്പോള്‍ ദമയന്തി അവരോട് ദൂരേയ്ക്കുമാറുവാന്‍ പറയുന്നു. ഈ രീതിയിലാണ് സാധാരണയായി അവതരിപ്പിക്കുവാറുള്ളത്. എന്നാലിവിടെ തോഴിമാര്‍ അങ്ങിനെയൊന്നും ചെയ്തു കണ്ടില്ല. ദമയന്തി എന്തുകൊണ്ടാണ് തോഴിമാരെ ദൂരേയ്ക്കു മാറ്റുന്നത് എന്നതിന് വിശദീകരണം രംഗത്തുണ്ടായില്ല. തോഴിമാരായി ആടുന്നവര്‍ ഇതുപോലെയുള്ള യുക്തികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കലാമണ്ഡലം ശുചീന്ദ്രന്‍, ഷാഹിലാല്‍ എന്നിവരാണ് തോഴിമാരായെത്തിയത്. ഇവരില്‍ ശുചീന്ദ്രന്റെ തോഴി വേഷഭംഗികൊണ്ടും, തരക്കേടില്ലാത്ത അഭിനയം കൊണ്ടും ശ്രദ്ധേയമായി. തുടര്‍ന്ന് ഹംസവും ദമയന്തിയും തമ്മിലുള്ള പദങ്ങളും ഒടുവില്‍ ചെറിയൊരു മനോധര്‍മ്മവുമാണുള്ളത്. നളനെ താമരയിലയില്‍ വരച്ചുകാണിക്കുന്നതും മറ്റുമാടി ഒടുവിലെ മനോധര്‍മ്മം ഇപ്പോളധികം നീട്ടാറില്ല. ഇത്രയും നേരം കഥകളി ശ്രദ്ധിച്ചിരിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇതൊരാശ്വാസമാണ്.

പത്തിയൂ‍ര്‍ ശങ്കരന്‍‌‌കുട്ടിയ്ക്കൊപ്പം, കലാമണ്ഡലം സജീവനായിരുന്നു പാട്ട്. പത്തിയൂരിന്റെ പാട്ട് സാധാരണപോലെ തന്നെ മികച്ചു നിന്നു. ശബ്ദനിയന്ത്രണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുവാന്‍ സജീവന്‍ ശ്രദ്ധിക്കുമെങ്കില്‍, അദ്ദേഹത്തിന്റെ പാട്ട് ഇനിയും മികച്ചതാക്കാം. ശബ്ദവ്യതിയാനം കൊണ്ടുവരാതെ, പാട്ട് ഭാവപൂര്‍ണ്ണമാക്കുക അസാധ്യമാണല്ലോ! വെണ്മണി ഹരിദാസിന് ഭാവഗായകനെന്നുള്ള വിശേഷണം ലഭിക്കുവാനുള്ള കാരണം തന്നെ, അദ്ദേഹം സംഗീതത്തില്‍ കൊണ്ടുവന്ന ശബ്ദവ്യതിയാനങ്ങളായിരുന്നുവല്ലോ! കഥാപാത്രങ്ങളുടെ വേഷത്തില്‍ കുറവുകളൊന്നും ചൂണ്ടിക്കാണിക്കുവാനില്ല. ഞൊറി അധികമുപയോഗിക്കാതെയുള്ള ഹംസത്തിന്റെ ഉടുത്തുകെട്ടും നന്നായിരുന്നു. ആര്‍.എല്‍.വി. സോമദാസായിരുന്നു ഈ ദിവസത്തെ ചുട്ടി. പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും നല്ലൊരനുഭവമാണ് ദൃശ്യവേദി സംഘടിപ്പിച്ച ‘നളചരിതമേള’യിലെ നളചരിതം ഒന്നാം ദിവസം നല്‍കിയത്.


കളിയരങ്ങില്‍:
കളര്‍കോട്ടെ നളചരിതം ഒന്നാം ദിവസം - നവംബര്‍ 3, 2007


Keywords: Nalacharitham Onnam Divasam, NalacharithaMela, Drisyavedi, Thiruvananthapuram, Kalamandalam Gopi, Madavur Vasudevan Nair, Madavoor, Kalamandalam Shanmukhan, Kalamandalam Sucheendran, Shahilal, Nalan, Hamsam, Damayanthi, Thozhimar.
--