
ജൂണ്‍ 7, 2008: തിരുവല്ല മതില്‍ഭാഗം ശ്രീവല്ലഭക്ഷേത്ര സന്നിധിയില്‍ വഴിപാടുകളിയായി ‘ദുര്യോധനവധം’ അവതരിക്കപ്പെട്ടു. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാമണ്ഡലം അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പുറപ്പാടോടെയായിരുന്നു ദിവസത്തെ കളി തുടങ്ങിയത്. അതിനു ശേഷം പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ പാട്ടിലും; കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദവും അരങ്ങേറി. ‘കുസുമചയരചിതശുചി’ എന്ന ചരണത്തിന്റെ ഹമീര്‍ കല്യാണിയിലുള്ള ആലാപനം വളരെ ഹൃദ്യമായി അനുഭവപ്പെട്ടു.
‘പാന്‌ഥോജലോചനേ!’ എന്ന ദുര്യോധനന്റെ ഭാനുമതിയോടുള്ള പതിഞ്ഞ പദത്തോടെയാണ് കഥയുടെ ആരംഭം. പാണ്ഡവര്‍ക്കു വന്നു ചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ പദത്തില്‍ സൂചിപ്പിക്കുന്നു. കൂട്ടത്തില്‍ അവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തിന്റെ മനോഹാരിതയും വര്‍ണ്ണിക്കുന്നു. അവിടെ പാഞ്ചാലി അഞ്ചുപേരുടെയും രാജ്ഞിയായി വാഴുന്നു എന്നറിയുമ്പോള്‍ ഭാനുമതിയുടെ ഭാവം മാറുന്നു. കാരണം അന്വേഷിക്കുന്ന പതിയോടുള്ള ഭാനുമതിയുടെ പദമായ “വല്ലഭ! മുല്ലശരോപമ! കേള്‍ക്ക നീ!” എന്ന പദമാണ് തുടര്‍ന്ന്. പാഞ്ചാലി അവിടെ, സര്‍വ്വസുഖങ്ങളോടും കൂടി, തന്നേക്കാള്‍ നല്ല രീതിയില്‍ വാഴുന്നു എന്നത് തനിക്ക് അപമാനവും, കോപവും, സങ്കടവുമാണെന്ന് ഭാനുമതി അറിയിക്കുന്നു.

കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ദുര്യോധനനായും, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി ഭാനുമതിയായും അരങ്ങിലെത്തി. ദുര്യോധനനെ വാര്യര്‍ വളരെ നന്നായി രംഗത്തവതരിപ്പിച്ചു. ഒരുപക്ഷെ, കലാമണ്ഡലം ഗോപി പച്ചയിലെന്നതുപോലെ, വാര്യര്‍ കത്തിവേഷങ്ങളില്‍ മാത്രം അരങ്ങിലെത്തുന്നതാവും നല്ലതെന്നു തോന്നുന്നു. വാര്യരുടെ പച്ച വേഷങ്ങളെക്കുറിച്ച് കളിയരങ്ങില്‍ മുന്‍പെഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടാവുമല്ലോ. ‘കോപമോടീര്‍ഷ്യ, അപത്രപതാപവും’ എന്നതാണ് ഭാനുമതിയുടെ അവസ്ഥ. എന്നാല്‍ മുരളീധരന്റെ ഭാനുമതിയില്‍ കോപം മാത്രമേ കണ്ടുള്ളൂ. ഭാവവും, ആട്ടവുമൊക്കെ ഉണ്ടെങ്കിലും മുരളീധരന്‍ നമ്പൂതിരിക്ക് പ്രേക്ഷകരുടെ മനസില്‍ ഭാനുമതിയായി മാറുവാന്‍ സാധിക്കുന്നില്ല എന്നത് ഒരു ന്യൂനതയായി നിലനില്‍ക്കുന്നു. മുരളീധരന്‍ ഭാനുമതിയായി അഭിനയിക്കുന്നു എന്ന തോന്നലാണ് പ്രേക്ഷകര്‍ക്കുണ്ടാവുന്നത്. ഭാനുമതിയാണത് എന്ന തോന്നലുണ്ടാവുന്നില്ലെന്നു സാരം.
ഭാനുമതിയുടെ കോപം അടക്കുവാനുള്ള ദുര്യോധനന്റെ ശ്രമങ്ങളെല്ലാം വൃഥാവിലാവുന്നതാണ് നാം കാണുന്നത്. ദുര്യോധനന്‍ പറയുന്നു; “നീ നിസ്സാരയായ ഒരു പെണ്ണല്ല. രാജ്ഞിയാണെന്നത് ഓര്‍മ്മവേണം. നിസ്സാരരായ സ്ത്രീകള്‍ സ്തനവലുപ്പത്തിന്റെ പേരില്‍, കട്ടി കൂടിയ മുലക്കച്ച ധരിച്ച് പരസ്പരം കലഹിക്കുന്ന പ്രകാരം നീ പെരുമാറരുത്. നിന്റെ ദുര്‍വിചാരങ്ങള്‍, വളരെ വിചിത്രമായി തോന്നുന്നു. ഞാന്‍ അവര്‍ എങ്ങിനെയുമാവട്ടെ എന്ന് ഉപേക്ഷിച്ചിരിക്കുകയാണ്, അതിനാല്‍ അവര്‍ നന്മയോടെ വാഴുന്നു.” ഇത്രയൊക്കെ ആയിട്ടും ഭാനുമതിക്ക് ഭാവമാറ്റമേതുമില്ലെന്ന് മനസിലാക്കി, ഞാനെന്താണ് നിന്നെ സന്തോഷിപ്പിക്കുവാനായി ചെയ്യേണ്ടതെന്ന് ആരായുന്നു. കൂട്ടത്തില്‍, പാഞ്ചാലിയെ കട്ടുകൊണ്ടു വരട്ടെ എന്നൊരു ചോദ്യവും ചോദിക്കുന്നു. ഇതുകേട്ട് ഭാനുമതിയുടെ കോപം ഇരട്ടിക്കുന്നു. പാഞ്ചാലിയില്‍ പണ്ടേയൊരു കണ്ണുണ്ട് എന്നും മറ്റും ഭാനുമതി പരിഭവിക്കുന്നു. ദുരോധനന്‍, “അങ്ങിനെ വരട്ടെ, എന്റെ മനസില്‍ ഇപ്പോളും അവളുണ്ടോ എന്ന ശങ്കയാണ് ഇവളുടെ കോപത്തിനു കാരണം”. സഹോദരന്മാരോടൊത്ത് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന് അവരെ അപമാനിക്കുന്നുണ്ട് എന്നു പറഞ്ഞ് ഭാനുമതിയെ സമാധാനിപ്പിച്ച്, ദുര്യോധനന്‍ സഹോദരന്മാരുടെ സമീപത്തേക്ക് ഗമിക്കുന്നു.
പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇത്രയും ഭാഗത്തിനു പാടിയത്. ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, മദ്ദളത്തില്‍ കോട്ടക്കല്‍ രവിയും മേളമൊരുക്കി. ഇവരെല്ലാവരും തന്നെ വളരെ നന്നായി രംഗത്തു പ്രവര്‍ത്തിച്ചു. ദുശ്ശാസനന്റെ തിരനോക്കുമുതല്‍ കോട്ടക്കല്‍ മധു, മംഗലം നാരായണന്‍ എന്നിവര്‍ സംഗീതവും, കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും, കലാഭാരതി ജയന്‍ മദ്ദളവും കൈകാര്യം ചെയ്തു. മംഗലം നാരായണന്‍, സംഗീതത്തില്‍ രാഗഭാവം കൊണ്ടുവരുവാന്‍ തന്നെ നന്നേ യത്നിക്കുന്നതായി തോന്നി. കഥാപാത്രങ്ങളുടെ ഭാവത്തിന് അനുസരിച്ചുള്ള, രാഗഭാവം മാത്രം സംഗീതത്തില്‍ കൊണ്ടുവരുവാന്‍ ഇനിയും നാരായണന്‍ പരിശീലിക്കേണ്ടിയിരിക്കുന്നു. മദ്ദളത്തില്‍ കലാഭാരതി ജയന്‍, വളരെ മോശമായാണ് അരങ്ങില്‍ പ്രവര്‍ത്തിച്ചത്. കൈക്കു കൂടുന്നതോ, കലാശത്തിനു വൃത്തിയായി കൊട്ടുന്നതോ പോവട്ടെ; കൊട്ടണ്ടേ! ഇതു വെറുതെ മദ്ദളത്തില്‍ തട്ടുകയായിരുന്നെന്നു പറയാം. അരങ്ങിലെ കഥാപാത്രങ്ങളെക്കൂടുതല്‍ ചുറ്റും നടക്കുന്ന കാര്യങ്ങളിലും മറ്റുമായിരുന്നു ജയനു ശ്രദ്ധ. ഇതൊന്നും പോരാഞ്ഞ് ഇടയ്ക്കിടെ പിന്നില്‍ വന്നു വിളിക്കുന്ന സുഹൃത്തക്കളോട്, മദ്ദളത്തോടെ തന്നെ നീങ്ങി നിന്നുള്ള സംസാരവും. അത്ര ബുദ്ധിമുട്ടാണെങ്കില്‍, ഈ പണി ഉപേക്ഷിക്കുന്നതല്ലേ ജയനു നല്ലത്? വെറുതെ, കാണികളെക്കൂടി ബുദ്ധിമുട്ടിക്കണോ? ജയന്‍ അവിടെ മദ്ദളവും തട്ടി നിന്നില്ലെങ്കില്‍, കഥകളിക്ക് ഒരു നഷ്ടവും വരാനില്ല എന്നത് ഓര്‍ക്കുക.

ദുശ്ശാസനനോട് ദുര്യോധനന്റെ പദമാണ് തുടര്‍ന്ന്; ‘സോദരന്മാരേ, ഇതു സാദരം കണ്ടിതോ?’ എന്നു തുടങ്ങുന്നു ഈ പദം. ഈ പദത്തിന്റെ ചരണങ്ങളിലൊന്ന് ഇപ്രകാരമാണ്; ‘ശില്പി മയാസുര കല്പിതമല്‍ഭുതം!’. ഈ ഭാഗത്ത് പദം ആടുന്നതിനു പുറമേ ഒരു ചെറിയ മനോധര്‍മ്മവുമുണ്ടായി. ഒരു ശില്പം ചൂണ്ടിക്കാണിച്ചിട്ട്, എന്തു തോന്നുന്നു എന്ന് ദുര്യോധനന്‍ ദുശ്ശാസനനോട് ചോദിക്കുന്നു. ഒരു സുന്ദരിയുടെ ശില്പമാണ് എന്നു ദുശ്ശാസനന്‍ മറുപടി കൊടുക്കുന്നു. ദുര്യോധനന്‍ വീണ്ടും, ഒന്നു കൂടി സൂക്ഷിച്ചു നോക്കുവാന്‍ സഹോദരനോട് പറയുന്നു. നോക്കിയിട്ടു വന്നിട്ട്, അതൊരു സുന്ദരിയുടെ ശില്പം തന്നെ എന്നു ഉറപ്പിക്കുന്നു, ദുശ്ശാസനന്‍. ദുര്യോധനന്‍ നിരാശയോടെ, “എടാ, ആ ശില്പത്തിനു തുണിയില്ല, പൂര്‍ണ്ണ നഗ്നയാണ്, അതു നീ കണ്ടില്ലേ?” എന്നു ചോദിക്കുന്നു. ദുശ്ശാസനന്‍, “ഹ ഹ ഹ, ശരി തന്നെ. ഞാന്‍ മുഖം മാത്രമേ നോക്കിയുള്ളൂ.” എന്നു നിഷ്കളങ്കനായി പറയുന്നു. അതിനു മറുപടിയായി ദുര്യോധനന്‍, “ഹൊ! ഇവനൊരു പൊണ്ണന്‍. ഭാര്യയുടെ അടുത്തും ഇങ്ങിനെ തന്നെ? അവളുടേയും മുഖം മാത്രമേ താന്‍ കണ്ടിട്ടുള്ളോ?”. ദുശ്ശാസനന്‍, ചിരിച്ച് ഇളഭ്യത നടിക്കുന്നു. വിശദമായി ഇന്ദ്രപ്രസ്ഥം കണ്ടതിനു ശേഷം, ഇവരെ അവമാനിക്കുവാന്‍ എന്തുവഴിയെന്ന് മാതുലനോട് ആലോചിച്ച് വേണ്ടതു ചെയ്യാം എന്നു പറഞ്ഞു മാറുന്നു.
കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ദുര്യോധനനും, കോട്ടക്കല്‍ ദേവദാസിന്റെ ദുശ്ശാസനനും; ഇവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാര്‍ തന്നെയാണോ എന്നു തോന്നിപ്പിക്കും വിധമാണ് രംഗത്തു പ്രവര്‍ത്തിച്ചത്. ഒരേ കളരിയില്‍ നിന്നുമാണ് ഇരുവരുമെന്നതും, നിരവധിയരങ്ങുകളില്‍ ഇവര്‍ ഈ വേഷങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതും ഇവരുടെ ദുര്യോധന-ദുശ്ശാസന വേഷങ്ങളുടെ മികവിന് പ്രധാന കാരണങ്ങളാണ്. യുധിഷ്ഠിരനും, പാഞ്ചാലിയും, ഭീമനും ഇരിക്കുന്ന സഭയിലേക്ക് ദുര്യോധനാദികള്‍ പ്രവേശിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതു കണ്ട് ദുര്യോധനാദികള്‍ കോപത്തോടെ അവിടെ നിന്നും നിഷ്‌ക്രമിക്കുന്നു. കലാഭാരതി ഹരികുമാര്‍ യുധിഷ്ഠിരനായും, കലാമണ്ഡലം ഷണ്മുഖദാസ് പാഞ്ചാലിയായും, കലാമണ്ഡലം അരുണ്‍കുമാര്‍ കുട്ടിഭീമനായും വേഷമിട്ടു. അരുണ്‍കുമാറിന് കുട്ടിഭീമന്റെ വേഷമൊന്നും കൈകാര്യം ചെയ്യുവാനുള്ള പാകമായിട്ടില്ല എന്നതുമൂലമുള്ള രസക്കുറവൊഴിച്ചാല്‍, ഈ രംഗം വളരെ നന്നായിത്തന്നെ അവതരിക്കപ്പെട്ടു.

തങ്ങള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ ദുര്യോധനന്‍ മാതുലനായ ശകുനിയെ അറിയിക്കുന്നു. അവരെ ചൂതില്‍ തോല്‍പ്പിച്ച്, അവരുടെ സമ്പത്തും, ഐശ്വര്യവും കൈക്കലാക്കുവാന്‍ ശകുനി ദുര്യോധനനെ ഉപദേശിക്കുന്നു. ദുര്യോധനന്‍ അപ്രകാരം യുധിഷ്ഠിരനെ ചൂതിനു ക്ഷണിക്കുന്നു. ചൂത് നല്ലതല്ലെങ്കിലും, അത് രാജധര്‍മ്മത്തില്‍ പെടുന്നതാകയാല്‍ കളിക്കാം, എന്നാല്‍ ചതിപാടില്ലെന്നും മറ്റും, യുധിഷ്ഠിരന്‍ ദുര്യോധനനോട് പറയുന്നു. തുടര്‍ന്ന് ചൂതുകളി. എല്ലാ സമ്പത്തുകളും നഷ്ടപ്പെടുന്ന യുധിഷ്ഠിരന്‍, സഹോദരന്മാരെ പണയപ്പെടുത്തി കളി തുടരുന്നു. സഹോദരന്മാരേയും നഷ്ടപ്പെടുമ്പോള്‍, തന്നെയും ഭാര്യയേയും പണയം വെച്ച് ചൂതുകളിക്കുന്നു. അവിടെയും യുധിഷ്ഠിരന്‍ തോല്‍ക്കുന്നു. തങ്ങളെ ഇന്ദ്രപ്രസ്ഥത്തില്‍ വെച്ച് അപമാനിച്ചതോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസ്യവേല ചെയ്യുവാനായി ശാസിക്കുവാന്‍ ദുശ്ശാസനനോട് അജ്ഞാപിക്കുന്നു. തൊട്ടുകൂടാതെ മാറിയിരിക്കുന്ന പാഞ്ചാലിയെ, മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് ദുശ്ശാസനന്‍ സഭയിലെത്തിക്കുന്നു. ഇതൊന്നും പോരാഞ്ഞ് ഏവരുടേയും മുന്നില്‍ വസ്ത്രാക്ഷേപത്തിനും മുതിരുന്നു. പഞ്ചാലി ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നു. ശ്രീകൃഷ്ണന്‍ ദുശ്ശാസനന്‍ വസ്ത്രമഴിക്കുന്ന മുറക്ക്, വസ്ത്രം നല്‍കി പാഞ്ചാലിയെ അപമാനത്തില്‍ നിന്നും രക്ഷിക്കുന്നു. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും, തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും രണത്തില്‍ വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. അതിനു ശേഷം മാത്രമേ തന്റെ അഴിഞ്ഞ മുടി കെട്ടുകയിള്ളൂവെന്നും പാഞ്ചാലി ശപഥമെടുക്കുന്നു.

ഇതൊക്കെ കേട്ട് ദുര്യോധനന്‍ കോപത്തോടെ, ദാസരായ പാണ്ഡവരെ പന്ത്രണ്ടുകൊല്ലം വനവാസത്തിനും, അതിനു ശേഷം അജ്ഞാത വാസത്തിനുമയയ്ക്കുന്നു. അജ്ഞാതവാസത്തില്‍ പിടിക്കപ്പെട്ടാല്‍, ഇത് പിന്നെയും ആവര്‍ത്തിക്കുമെന്നും ദുര്യോധനന്‍ അറിയിക്കുന്നു. അപമാനഭാരത്തോടെ പാണ്ഡവര്‍ പാഞ്ചാലിയോടൊപ്പം വനവാസത്തിനു പുറപ്പെടുന്നു. നെടുമുടി വാസുദേവ പണിക്കരാണ് ശകുനിയെ അവതരിപ്പിച്ചത്. ചതിയും, കൌശലവും കൈമുതലായുള്ള ശകുനിയെ, ആ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നു കരുതുവാന്‍ വയ്യ. കുറച്ചു കൂടി ഗൌരവപൂര്‍ണ്ണമായ സമീപനം ഈ കഥാപാത്രത്തിന് ആവശ്യമാണ്. ചൂതുമുതലുള്ള ഭാഗങ്ങള്‍ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും, കോട്ടക്കല്‍ മധുവും ചേര്‍ന്നാണ് ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അജ്ഞാതവാസത്തിനു ശേഷം, ദുര്യോധനന്‍ പാണ്ഡവര്‍ക്ക് അവകാശപ്പെട്ട രാജ്യം തിരിച്ചു നല്‍കുവാന്‍ തയ്യാറാവുന്നില്ല. യുദ്ധം ഒഴിവാക്കുവാനായി യത്നിക്കുവാന്‍, ശ്രീകൃഷ്ണന്‍ കൌരവസഭയിലേക്ക് ദൂതിനു പോകുവാന്‍ ഒരുങ്ങുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കാണുവാനെത്തുന്ന ഭാഗം തൊട്ടുള്ള കളിയുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.
Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kalakendram Muraleedharan Nampoothiri as Bhanumathi, Kottackal Devadas as Dussasanan, Kalabharathi Harikumar as Yudhishtiran, Kalabharathi Arun Kumar as KuttiBhiman, Kalamandalam Balasubrahmaniam as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Sakuni. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.
--