
ജൂലൈ 10, 2008: പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഭാഗമായി കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ‘പൂതനാമോക്ഷം’ കഥകളി അരങ്ങേറി. കഥാവതരണത്തിനു മുന്‍പായി നാലുനോക്കോടു കൂടിയ പുറപ്പാടും, ഡബിള്‍ മേളപ്പദവും അവതരിക്കപ്പെട്ടു. കലാമണ്ഡലം മുകുന്ദന്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ ഒന്നിക്കുന്ന പുറപ്പാട്, അതിനു ശേഷം മാര്‍ഗി വിജയകുമാര്‍ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ എന്നിവയാണ് നിശ്ചയിച്ചിരുന്നതെങ്കിലും; അനാരോഗ്യം നിമിത്തം മാര്‍ഗി വിജയകുമാര്‍ കളിയില്‍ നിന്നും മാറിയതിനാല്‍ കലാമണ്ഡലം മുകുന്ദനാണ് ‘പൂതനാമോക്ഷം’ അവതരിപ്പിച്ചത്. പുറപ്പാട്; കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവര്‍ ചെര്‍ന്നും അവതരിപ്പിച്ചു.

നാലുനോക്കോടു കൂടി, സമ്പൂര്‍ണ്ണമായി അവതരിക്കപ്പെട്ട പുറപ്പാടായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണീയത. കൃഷ്ണവേഷവും, സ്ത്രീവേഷവും ചേര്‍ന്നാണ് ഇവിടെ പുറപ്പാട് അവതരിക്കപ്പെട്ടത്. “ദേവദേവന്‍! വാസുദേവന്‍!” എന്ന ചരണത്തോടെയാണ് ഒന്നാം നോക്കിന്റെ തുടക്കം. ഇവിടെ ആലവട്ടവും, മേല്‍ക്കട്ടിയും മറ്റും ഉപയോഗിക്കാറുണ്ട്. കൃഷ്ണവേഷം മുരളിയൂതുന്ന മുദ്രപിടിച്ചും, സ്ത്രീവേഷം കൃഷ്ണനെ തൊഴുതുമാണ് പ്രവേശിക്കുന്നത്. “രേവതീരമണനാകും, രാമനോടും കൂടി...” എന്നു തുടങ്ങുന്ന രണ്ടാം ചരണത്തിലാണ് രണ്ടാം നോക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ ഇരുവേഷങ്ങളും തിരശീല പിടിച്ചു താഴ്ത്തുന്നതായാണ്‍` അവതരണം.

“ഉത്തമബുദ്ധിമാന്‍ ഭക്തരിൽ...” എന്ന മൂന്നാം ചരണത്തോടെ മൂന്നാം നോക്ക് ആരംഭിക്കുന്നു. ഇവിടെ ഇരുവരും ഒരുവശമുള്ള കൈകള്‍ കോര്‍ത്തിണക്കി, മറ്റു കരങ്ങളാല്‍ തിരശീല താഴ്ത്തിയാണ് പ്രവേശിക്കുന്നത്. തിരശീല മാറ്റിയതിനു ശേഷമുള്ള ആട്ടങ്ങളും കൈകള്‍ കോര്‍ത്തു തന്നെയാണ് അവതരിപ്പിക്കുന്നത്. നാലാം നോക്ക് വീണ്ടും സാധാരണ രീതിയില്‍ തിരശീല ഇരുകൈകളും ഉപയോഗിച്ച് പിടിച്ചു താഴ്ത്തിയാണ് തുടങ്ങുന്നത്. “വാരിജലോചനമാരാകും നാരികളുമായി...” എന്ന ചരണമാണ് ഈ ഭാഗത്ത് പാടുന്നത്. തുടര്‍ന്ന് “രാമപാലയ മാം, ഹരേ...” എന്ന നിലപ്പദത്തോടെ പുറപ്പാട് അവസാനിക്കുന്നു. കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവരിരുവരും നന്നായി തന്നെ പുറപ്പാട് അവതരിപ്പിച്ചു. കലാശങ്ങളും, മുദ്രകളും ഒരുപോലെ വിന്യസിച്ച്; നൃത്തങ്ങള്‍ ഗ്രാമ്യമായിപ്പോവാതെ; ഒരുമിച്ച് ഇരുവരും അരങ്ങില്‍ പ്രവര്‍ത്തിച്ചു. ചില അവസരങ്ങളില്‍ അരുണ്‍ വാര്യര്‍ക്ക്, ശുചീന്ദ്രനെ നോക്കേണ്ടി വന്നുവെങ്കിലും, അത് കാര്യമായ ഒരു കുറവായി അനുഭവപ്പെട്ടില്ല.
“മഞ്ജുതര! കുഞ്ജദള!” എന്ന പദത്തോടെ മേളപ്പദം ആരംഭിക്കുന്നു. പദാലാപനത്തിനു ശേഷം മദ്ദളത്തില്‍ ഇരുവരുടേയും ഇടവിട്ടുള്ള പ്രയോഗമാണ്. “നവഭവ, അശോകദളശയന” ഒന്നാം കാലത്തില്‍ പാടി തുടങ്ങി, ചെണ്ടയിലും ഇടവിട്ട് കൊട്ടി ചരണം പൂര്‍ത്തിയാക്കുന്നു. “കുസുമചയ രചിതശുചി” എന്ന ചരണമാണ് അടുത്തത്. രണ്ടാം കാലത്തിലുള്ള ഈ ചരണം അല്പം വിസ്തരിക്കാറുണ്ട്. അവസാനചരണമായ, മൂന്നാം കാലത്തിലുള്ള “ചലമാലയമൃദുപവന” വളരെ വിസ്തരിച്ച് പാടാറുണ്ട്. ഇതിനുമുന്‍പുള്ള ചരണമായ “വിരതബഹുവല്ലി നവ പല്ലവധനേ...” സാധാരണയായി അവതരിപ്പിക്കാറില്ല, ഇവിടെയും ഇത് ഉണ്ടായില്ല. രണ്ടാം കാലത്തിനും, മൂന്നാം കാലത്തിനും ഇടക്കുള്ള കാലത്തിലാണ് ഈ ചരണം നിശ്ചയിച്ചിട്ടുള്ളത്. പാട്ടുകാരുടെ സംഗീതത്തിലുള്ള കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരമായാണ് മേളപ്പദത്തിലെ പദങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. കോട്ടക്കല്‍ മധുവും, കലാനിലയം രാജീവനും വളരെ നന്നായി തന്നെ ഈ അവസരം ഉപയോഗിച്ചുവെന്നു പറയണം. “ചലമാലയമൃദുപവന” തുടങ്ങിയത് അല്പം ശുഷ്കമായിപ്പോയെങ്കിലും പിന്നീട് ഇരുവരും ഉണര്‍ന്നു പാടി. ഈ വരി പല രാഗങ്ങളില്‍ പാടുക എന്ന സമ്പ്രദായം അരങ്ങില്‍ പരീക്ഷിക്കുവാന്‍ ധൈര്യം കാട്ടിയത് കോട്ടക്കല്‍ മധുവാണ്. ഇവിടെയും പതിനഞ്ചോളം രാഗങ്ങളില്‍ ഈ വരി ആലപിക്കുകയുണ്ടായി. യാഥാസ്ഥിതിക കലാസ്വാദകര്‍ക്ക് മധുവിന്റെ ആലാപനം കല്ലുകടിയായാണ് അനുഭവപ്പെടാറുള്ളത് എന്നു കേള്‍ക്കാറുണ്ടെങ്കിലും; നവതലമുറയിലെ ആസ്വാകരെ കഥകളിയോട് അടുപ്പിച്ചു നിര്‍ത്തുന്നതില്‍ മധുവിന്റെ സംഗീതപരീക്ഷണങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കത്തക്കതല്ല. കലാനിലയം രാജീവനും വളരെ നല്ല രീതിയില്‍ മധുവിനെ പിന്തുണച്ചു. നാലാം കാലത്തിൽ, മധ്യമാവതി രാഗത്തിലുള്ള “വിഹിതപത്മാവതീം...” എന്ന അവസാന ചരണത്തോടെ മേളപ്പദത്തിലെ പദഭാഗം അവസാനിക്കുന്നു.

മദ്ദളത്തില്‍ കലാമണ്ഡലം ശശി, കലാനിലയം മനോജ് എന്നിവരും; ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി വേണുഗോപാല്‍ എന്നിവരുമാണ് പ്രവര്‍ത്തിച്ചത്. അരങ്ങുപരിചയം കൊണ്ട് കലാനിലയം മനോജ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ നിന്നും മനസിലാക്കാവുന്നതാണ്. മാര്‍ഗി വേണുഗോപാലും നന്നായി തന്നെ ചെണ്ടയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. കലാമണ്ഡലം ശശി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ പതിവുപോലെ തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. എന്നിരുന്നാല്‍ തന്നെയും, ഇതിലും മികച്ചതാക്കുവാന്‍ കഴിവുള്ള കലാകാരന്മാരാണ് ഇവരിരുവരും. കൃഷ്ണദാസിന്റേത് വീശുചെണ്ടയായും, വേണുഗോപാലിന്റേത് ഉരുട്ടുചെണ്ടയായും; ഇരുവരും പൂര്‍ണ്ണമായും വീശ്, ഉരുട്ട് എന്നീ വിഭാഗങ്ങളില്‍ വരുന്നില്ലെങ്കിലും; കണക്കാക്കാം. ഈ രണ്ട് ശൈലിയിലുള്ള ചെണ്ടകളുടെ സമന്വയമായിരുന്നു മേളമെന്നത്, ഇവിടുത്തെ മേളപ്പദത്തിന്റെ ആകര്‍ഷണീയത കൂട്ടി.

ശ്രീകൃഷ്ണനെ കൊല്ലുവാനായി കംസനയയ്ക്കുന്ന പൂതന എന്ന രാക്ഷസി, ലളിതയായി ഗോകുലത്തിലെത്തുന്നു. അമ്പാടിയുടെ മനോഹാരിത വര്‍ണ്ണിക്കുന്ന “അമ്പാടിഗുണം വര്‍ണ്ണിച്ചീടുവാന്‍, വമ്പനല്ല ഫണിരാജനും!” എന്നുതുടങ്ങുന്ന കാംബോജിയിലുള്ള പദമാണ് ആദ്യം. പദാന്ത്യത്തില്‍ നന്ദനിലയം കണ്ട് അങ്ങോട്ടു ഗമിക്കുക തന്നെ എന്നാടി, ശ്രീകൃഷ്ണന്‍ ഉറങ്ങുന്ന മുറിയില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് “സുകുമാര! നന്ദകുമാര!” എന്ന പദം. പദാന്ത്യന്തില്‍ പൈദാഹമുണ്ടെങ്കില്‍ തന്റെ മുലപ്പാല്‍ കുടിക്കുക എന്നാടി മുലയൂട്ടുന്നു. ശ്രീകൃഷ്ണനെ കൊല്ലുവാനും വയ്യ, കൊല്ലാതിരിക്കുവാനും വയ്യ എന്ന അവസ്ഥയിലാവുന്ന പൂതന, ഒടുവില്‍ താന്‍ രാക്ഷസിയാണെന്നും അതിനാല്‍ താന്‍ ചെയ്യുവാന്‍ വന്ന കാര്യം ചെയ്തല്ലാതെ മടങ്ങുകയില്ലെന്നും ഉറച്ച്, മുലക്കണ്ണില്‍ വിഷം തേച്ച് കുഞ്ഞിനെ മുലയൂട്ടുന്നു. എന്നാല്‍ ശ്രീകൃഷ്ണന്‍ മുലപ്പാലിനോടൊപ്പം, പൂതനയുടെ ജീവനും ഊറ്റിയെടുക്കുന്നു.
കഥകളി അരങ്ങേറ്റത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒരു കഥയാണ് ‘പൂതനാമോക്ഷം’. അതിനാല്‍ തന്നെ കലാമണ്ഡലം മുകുന്ദനെപ്പോലെ അരങ്ങുപരിചയമുള്ള ഒരു കലാകാരന്‍ അവതരിപ്പിക്കുന്നു എന്നു പറയുമ്പോള്‍, സാധാരണ അരങ്ങേറ്റം കളികളിലുള്ള ആട്ടങ്ങളല്ല ഒരു ആസ്വാദകന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുകുന്ദന് ആ തരത്തില്‍ ഉയരുവാനായില്ല എന്നത് സങ്കടകരമായി. ഒരു സ്ത്രീവേഷത്തിന്റെ ശരീരഭാഷയുമായിരുന്നില്ല മുകുന്ദന്റെ പൂതനയ്ക്ക് ഉണ്ടായിരുന്നത്. “ഏഴുനിലമണിഗൃഹം, അതിരുചിരം...” എന്ന ഭാഗത്ത് ഏഴുനിലകളുള്ള ഉയരമേറിയ മന്ദിരം എന്നാടേണ്ടിയിടത്ത്, ഏഴു നിലകള്‍ കാണിച്ചെങ്കിലും, വിസ്താരത്തിന് പ്രാധാന്യം നല്‍കിയാണ് അവതരിപ്പിച്ചത്. ഇവിടെ ഉയരമുള്ള മന്ദിരങ്ങളെയാണല്ലോ പൂതന കാണേണ്ടത്! “നര്‍ത്തകരുടെ കളി ചാതുരിയും...” എന്ന ഭാഗങ്ങളില്‍ നൃത്തം ചെയ്യുമ്പോഴും മറ്റും മുഖത്ത് പുഞ്ചിരിയും ഉണ്ടായില്ല. വളരെ ഗൌരവത്തിലായിരുന്നു ഗോപസ്ത്രീകള്‍ അന്ന് നൃത്തമാടിയതെന്നു തോന്നുന്നു! ഗോപസ്ത്രീകള്‍ സ്വയം ആസ്വദിച്ച് സന്തോഷിച്ച് നൃത്തമാടുന്നതും, കളിക്കുന്നതുമാണല്ലോ പൂതനകാണുന്നത്. ഇത് മുകുന്ദന്‍ മനസിലാക്കിയതായി തോന്നിയില്ല. തുടര്‍ന്ന് പന്തുകളി അവതരിപ്പിച്ചതിലും സ്വാഭാവികത പ്രകടമായില്ല.

ഗോപസ്ത്രീകളോട് അനുവാദം വാങ്ങിയാണ് പൂതന അകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് വാതിലുകളും, ജനാലകളുമൊക്കെ ഭംഗിയായി ബന്ധിക്കുന്നു. കൃഷ്ണന്റെ രൂപമൊന്ന് ചെറുതായി വര്‍ണ്ണിച്ച്, ആ കണ്ണുകള്‍ തന്നെ വല്ലാതെ പിടിച്ചു വലിക്കുന്നു, കാമദേവന്‍ രൂപമെടുത്തപോലെ സുന്ദരമായ രൂപം തുടങ്ങിയ ആട്ടങ്ങളും ഇവിടെയുണ്ടായി. പൂതനയ്ക്ക് കൃഷ്ണനെ ആദ്യം കൊല്ലുവാന്‍ കഴിയുന്നില്ല. തനിക്കിവനെ കൊല്ലാനാവില്ല എന്നുറച്ച് മടങ്ങുവാന്‍ തുടങ്ങുന്നതായി ആടി, കംസനെ ഓര്‍മ്മിച്ച് തിരിച്ചു വരുന്നു. ഇതുപോലെയുള്ള എത്രയെത്ര കുഞ്ഞുങ്ങളെ തരിമ്പും മടിയില്ലാതെ കഴുത്തൊടിച്ചു ചോരകുടിച്ചിട്ടുളതാണ്, അതുപോലെ ഇതും നിസാരം എന്നാലോചിച്ച് കൊല്ലുവാനായുന്നു. പിന്നെയും സന്ദേഹിച്ച്. കഷ്ടം! ഈ പാപഭാരവും എന്റെ തലയില്‍ വന്നു ചേരുമല്ലോ എന്നു പരിതപിച്ച്; കഴുത്തൊടിച്ച് കൊല്ലുവാന്‍ തനിക്കാവില്ല, മുലകളില്‍ വിഷം പിരട്ടി മുലയൂട്ടി കൊല്ലുകതന്നെ എന്നുറയ്ക്കുന്നു. മുലകളില്‍ വിഷം പിരട്ടി കൊല്ലുവാന്‍ പൂതന തുനിയുന്നതെന്ത് എന്നതിന് ഈ രീതിയിലൊരു വിശദീകരണം നല്‍കിയത് നന്നായി. അവസാനം പൂതനയുടെ മരണവെപ്രാളവും, മോക്ഷപ്രാപ്തിയും ആടിയതിലും, പ്രേക്ഷകനെ പിടിച്ചിരുത്തുവാന്‍ തക്കവണ്ണം ഒന്നും തന്നെ ഉണ്ടായില്ല.
കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവര്‍ തന്നെയായിരുന്നു കഥയ്ക്കും പാടിയത്. “അമ്പാടിഗുണം വര്‍ണിച്ചീടുവാന്‍...” എന്ന പദത്തിന്റെ അവസാന ചരണം, “നന്ദനിലയം, ഇതാ കാണുന്നു...” എന്ന ഭാഗം തോടിയില്‍ പാടിയത് അത്രയ്ക്ക് ആകര്‍ഷകമായി അനുഭവപ്പെട്ടില്ല. ആനന്ദഭൈരവിയിലുള്ള “സുകുമാര നന്ദകുമാര” എന്ന പദമാവട്ടെ, പല്ലവി മാത്രം ആനന്ദഭൈരവിയിലും മറ്റുള്ള ചരണങ്ങള്‍ മറ്റു രാഗങ്ങളിലുമാണ് ആലപിച്ചത്. “പല്ലവമൃദുലമാവും പാദം...” എന്ന ചരണം ഒഴിവാക്കുകയും ചെയ്തു. ‘പൂതനാമോക്ഷം’ കഥ മാത്രമായി അവതരിക്കപ്പെടുമ്പോൾ, ഈ ചരണം ഒഴിവാക്കേണ്ടതില്ലായിരുന്നു. പൂതനാമോക്ഷത്തിന്റെ ആദ്യഭാഗത്തിന് കലാമണ്ഡലം ശശിയും, തുടര്‍ന്ന് കലാനിലയം മനോജും മദ്ദളത്തില്‍ പ്രവര്‍ത്തിച്ചു. അവസാനഭാഗത്ത് മാര്‍ഗി വേണുഗോപാലാണ് ചെണ്ട കൈകാര്യം ചെയ്തത്. മേളം കഥാഭാഗത്തും മികച്ചുനിന്നു.
ശ്രീകൃഷ്ണനെ പ്രതിനിധീകരിച്ച് പാവയോ, തുണിക്കെട്ടോ ഒന്നും ഉപയോഗിച്ചില്ല എന്നതും ഇവിടുത്തെ കളിയില്‍ കണ്ട, ഒരു നല്ല മാതൃകയായി തോന്നി. ചുരുക്കത്തില്‍ മാര്‍ഗി വിജയകുമാറിന്റെ പൂതനയെ പ്രതീക്ഷിച്ചെത്തിയവര്‍ക്ക് തരിമ്പും തൃപ്തിനല്‍കുന്നതായില്ല കലാമണ്ഡലം മുകുന്ദന്റെ പൂതന. എന്നിരുന്നാലും, പുറപ്പാടും മേളപ്പദവും അവസരത്തിനൊത്തുയര്‍ന്നത് ആസ്വാദകരെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.
Description: Purappadu, Melappadam and PoothanaMoksham Kathakali organized by DrisyaVedi, Thiruvananthapuram. Purappadu by Kalamandalam Sucheendran and Kalamandalam Arun Varier. Pattu by Kottackal Madhu and Kalanilayam Rajeevan. Maddalam by Kalamandalam Sasi and Kalanilayam Manoj. Chenda by Kalamandalam Krishnadas and Margi Venugopal. Kalamandalam Mukundan as Poothana.
--