
ഒക്ടോബര്‍ 23, 2008: നളചരിതം ഒന്നാം ദിവസം പൂര്‍വ്വഭാഗത്തിന്റെ തുടര്‍ച്ചയായ ഉത്തരഭാഗമാണ് ദൃശ്യവേദിയുടെ മാസപരിപാടിയായി ഒക്ടോബര്‍ മാസത്തില്‍ അവതരിപ്പിച്ചത്. കലാമണ്ഡലം കൃഷ്ണകുമാറിന്റെ നളന്‍, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി, പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടെ പാട്ട് എന്നിവയായിരുന്നു മുഖ്യ ആകര്‍ഷണങ്ങള്‍. ഹംസം നളന്റെ പക്കല്‍ തിരിച്ചെത്തുന്ന രംഗം ഒഴിവാക്കി, ദേവന്മാര്‍ നളനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു മുതല്‍ക്കുള്ള ഭാഗമാണ് ഇവിടെ അവതരിക്കപ്പെട്ടത്. ഒന്നാം ദിവസം കഥയെ രണ്ടായി വിഭജിച്ച് അവതരിപ്പിക്കുമ്പോളെങ്കിലും, രംഗങ്ങള്‍ ഒഴിവാക്കാതെയിരുന്നാല്‍ നന്നായിരുന്നു.
ദമയന്തിയില്‍ തങ്ങള്‍ക്കുള്ള താത്പര്യം ദേവേന്ദ്രാദികള്‍ നളനെ അറിയിക്കുന്നു. തങ്ങളുടെ ദൂതനായി ദമയന്തിയെ ചെന്നു കാണണമെന്നതാണ് ദേവന്മാരുടെ ആവശ്യം. എന്നാല്‍ ഭൈമീകാമുകനായ തന്നെ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന് നളന്‍ അപേക്ഷിക്കുന്നു. മുന്‍പ് എന്തു പറഞ്ഞാലും ചെയ്യാം എന്നു പറഞ്ഞിട്ട്, ഇനിയിതു ചെയ്യാതിരുന്നാല്‍ ധര്‍മ്മച്യുതിവരുമെന്ന് യമധര്‍മ്മന്‍ ഓര്‍മ്മപ്പെടുത്തുന്നു. ധര്‍മ്മസങ്കടത്തിലാവുന്ന നളന്‍ ഒടുവില്‍ ദേവന്മാരുടെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാമെന്ന് നിശ്ചയിക്കുന്നു. ദേവേന്ദ്രനില്‍ നിന്നും തിരസ്കരണി വശമാക്കിയ ശേഷം, അദൃശ്യനായി നളന്‍ ദമയന്തിയുടെ അന്തഃപുരത്തിലെത്തുന്നു.

കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ഇന്ദ്രനായി അരങ്ങിലെത്തിയത്. പദത്തിനു ശേഷം തിരസ്കരണി നളന് ഉപദേശിക്കുന്നതായി ആടുവാന്‍ അദ്ദേഹം മറന്നില്ല. “തിരസ്കരണി ഉപയോഗിച്ച് അന്തഃപുരത്തില്‍ കടന്നാല്‍ അവള്‍ക്ക് ദേഷ്യം തോന്നില്ലേ?” എന്ന ചോദ്യവും കൃഷ്ണകുമാറിന്റെ നളനില്‍ നിന്നുമുണ്ടായി. “ഒരിക്കലുമില്ല, എന്റെ ദൂതനെന്നറിയുമ്പോള്‍ അവള്‍ അത്യധികം സന്തോഷിക്കും” എന്ന് ഉചിതമായി ബാലസുബ്രഹ്മണ്യന്‍ മറുപടി നല്‍കുകയും ചെയ്തു. ‘അരുള്‍ ചെയ്തതു കേട്ടില്ലെന്നരുതേ കോപം...’ എന്ന പദഭാഗത്ത് കൃഷ്ണകുമാര്‍ കാട്ടിയത് ‘കേട്ടില്ല’ എന്നായിരുന്നു. ‘പറഞ്ഞത് ചെയ്തില്ല എന്നു കരുതരുതേ...’ എന്നാണ് നളന്‍ അപേക്ഷിക്കുന്നത്. അല്ലാതെ, ‘തനിക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞില്ല എന്നു കരുതരുതേ...’ എന്നല്ല! കലാമണ്ഡലം കൃഷ്ണകുമാറില്‍ നിന്നും പ്രേക്ഷകര്‍ ഇതല്ല പ്രതീക്ഷിക്കുന്നത്.

തന്റെ അന്തഃപുരത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷന് നളന്റെ ഛായയുണ്ടെങ്കിലും, ഇപ്രകാരത്തില്‍ അദൃശ്യനായി വന്നതിനാല്‍ മര്‍ത്യനല്ല എന്നു നിനച്ച് ദമയന്തി ആരെന്ന് തിരക്കുന്നു. ആഗമനോദ്ദേശം അറിയിക്കുമ്പോള്‍, ദമയന്തിക്കു താത്പര്യം ദൂതന്റെ വിശേഷങ്ങള്‍ അറിയുവാനാണ്. സൌമ്യഭാവത്തില്‍ തുടങ്ങി ഒടുവില്‍ കോപത്തോടെയും ദമയന്തിയുടെ മനസ് ഇളക്കുവാന്‍ നളന്‍ ശ്രമിക്കുന്നു. എന്നാല്‍ നളന്‍ എന്തൊക്കെ പറഞ്ഞിട്ടും ദമയന്തി കൂട്ടാക്കുന്നില്ല. രാജകന്യകയായ താന്‍ മനസില്‍ നിരൂപിച്ചിരിക്കുന്ന രാജാവിനെയല്ലാതെ മറ്റൊരാളെ വരിക്കുകയില്ല എന്ന് ദമയന്തി തീര്‍ത്തു പറയുന്നു.
തിരുനക്കരയിലെ ഒന്നാം ദിവസത്തിലെന്നപോലെ പോലെ മാര്‍ഗി വിജയകുമാറിന്റെ ദമയന്തി ഇവിടെയും അത്ര പ്രസന്നമായ മുഖഭാവത്തോടെയല്ല തുടങ്ങിയത്. എന്നാല്‍ ദൌത്യം കഴിഞ്ഞു നളന്‍ മടങ്ങുമ്പോള്‍, നളനെ ഓര്‍ത്തിരിക്കുന്ന ദമയന്തിയാകുവാന്‍ വിജയകുമാറിന് ആവുകയും ചെയ്തു. ‘തന്നെ നിനച്ചിരിക്കുകയാണിവള്‍, താന്‍ സുകൃതം ചെയ്തവന്‍ തന്നെ!’ എന്നൊരു ആട്ടവും ഇവിടെ കൃഷ്ണകുമാറില്‍ നിന്നുമുണ്ടായി. കലാമണ്ഡലം കൃഷ്ണകുമാറിന്റെ നളന്‍ ആദ്യം ദമയന്തിയോട് തുടങ്ങുന്നതു മുതല്‍, അവസാനം വരെയും ഒരേ ഭാവത്തിലാണ് പ്രവര്‍ത്തിച്ചത്. ദമയന്തി മറുപടി നല്‍കുമ്പോളാവട്ടെ, കാര്യമായ താത്പര്യമൊന്നും കാട്ടാതെ വെറുതെ നില്‍ക്കുകയുമായിരുന്നു നളന്‍. കൃഷ്ണകുമാര്‍, വേഷത്തോട് പൂര്‍ണ്ണമായും ആത്മാര്‍ത്ഥത കാട്ടുന്നില്ല എന്നതാണ് സങ്കടകരം. ഇത്രയൊക്കെ മതി എന്ന രീതിയിലാണ് അരങ്ങിലെ പ്രവര്‍ത്തി. ഇന്ദ്രനെ സ്വീകരിച്ചാല്‍ സ്വര്‍ഗീയസുഖങ്ങള്‍ യഥേഷ്ടം ലഭിക്കും; വരുണനെ വരിച്ചാലാവട്ടെ സമുദ്രത്തിന്റെ അഗാധതയിലുള്ള മുത്തുകളും മറ്റും ലഭിക്കും; അഗ്നിയെയാണ് വരിക്കുന്നതെങ്കിലോ പിന്നെ അഗ്നിഭയം ഒട്ടും വേണ്ട, അത്യധികം ശോഭയുണ്ടാവുകയും ചെയ്യും; ഇനി യമനാണ് പതിയെങ്കില്‍ ഒരിക്കലും മൃത്യു ഉണ്ടാവുകയുമില്ല; ഈ രീതിയില്‍ ഓരോ ദേവന്മാരെ സ്വീകരിക്കുന്നതു കൊണ്ടും ദമയന്തിക്കുണ്ടാകാവുന്ന സൌഭാഗ്യങ്ങള്‍ നളന്‍, ദമയന്തിയെ അവസാനം ഓര്‍മ്മപ്പെടുത്തുകയുമുണ്ടായി. ഈ ആട്ടം മാത്രമാണ് ഇവിടെ കൃഷ്ണകുമാറിന്റെ നളനില്‍ കണ്ട മികവ്.

സ്വയംവരമാണ് അടുത്ത രംഗം. ഇവിടെ സരസ്വതീദേവി സ്വയംവരത്തിനായെത്തിയിരിക്കുന്ന രാജാക്കന്മാരെ ദമയന്തിക്ക് പരിചയപ്പെടുത്തുന്നു. നളന്റെ രൂപത്തില്‍ അഞ്ചുപേരെക്കണ്ട്, തനിക്ക് ശരിയായ നളനെ മനസിലാക്കിത്തരുവാന്‍ ദമയന്തി ദേവന്മാരോട് പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥന കൈക്കൊണ്ട്, ദേവന്മാര്‍ തന്താങ്ങളുടെ ചിഹ്നങ്ങള്‍ ദമയന്തിക്ക് ദൃശ്യമാക്കുന്നു. ദമയന്തി നളനെ വരിക്കുന്നു. സരസ്വതിയായി ഇവിടെ അരങ്ങിലെത്തിയത് മാര്‍ഗി സുകുമാരനായിരുന്നു. ആട്ടം തരക്കേടില്ലായിരുന്നെങ്കിലും, ദമയന്തിയുടെ പക്കല്‍ നിന്നും പുഷ്പമാല മേടിച്ച് പിടിച്ചു നില്‍ക്കേണ്ടതില്ലായിരുന്നു. ഒരു സാധാരണ ദാസിയല്ലല്ലോ സരസ്വതി. അഗ്നിയായി കലാമണ്ഡലം ഷണ്മുഖദാസ്, യമനായി മാര്‍ഗി സുരേഷ്, വരുണനായി മാര്‍ഗി ഹരിവത്സന്‍ എന്നിവരാണ് അരങ്ങിലെത്തിയത്. മാര്‍ഗി സുരേഷിന്റെ യമന് ഗൌരവം കുറവായിരുന്നു. ‘നീ വാക്കു പറഞ്ഞതല്ലയോ, ഇപ്പോള്‍ മാറുവാന്‍ പാടുണ്ടോ?’ എന്നുള്ള ചോദ്യമൊക്കെ രസികസ്വഭാവമുള്ള കഥാപാത്രങ്ങള്‍ ചോദിക്കുന്ന രീതിയിലായിപ്പോയി.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം വിനോദ് എന്നിവരുടെ ആലാപനത്തില്‍, പദങ്ങള്‍ നോക്കി പാടുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. ഉത്തരഭാഗവും ഇപ്പോള്‍ പലയിടത്തും അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഈ ഭാഗത്തെ പദങ്ങളും കാണാതെ പഠിക്കുന്നതാവും അഭികാമ്യം. സംഗീതം അനുഭവത്താക്കുവാന്‍ ഇവ ഹൃദിസ്ഥമാക്കേണ്ടത് അനിവാര്യവുമാണ്. മാര്‍ഗി രത്നാകരന്റെ മദ്ദളവും, മാര്‍ഗി രത്നാകരന്റെ മദ്ദളവും ശരാശരി നിലവാരം പുലര്‍ത്തി. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയും, മാര്‍ഗിയുടെ വേഷാലങ്കാരങ്ങളും പതിവുപോലെ മികച്ചു നിന്നു. ഇങ്ങിനെയെല്ലാം നോക്കുമ്പോള്‍; ഏറെയൊന്നും പ്രേക്ഷകര്‍ക്ക് തൃപ്തിനല്‍കാത്ത നളചരിതം ഒന്നാം ദിവസം ഉത്തരഭാഗമായിരുന്നു ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
Description: Nalacharitham Randam Divasam - Uthara Bhagam Kathakali: Kalamandalam Krishnakumar (Nalan), Margi Vijayakumar (Damayanthi), Kalamandalam Balasubrahmanian (Indran), Kalamandalam Shanmukhadas (Agni), Margi Suresh (Yaman), Margi Harivalsan (Varunan), Margi Sukumaran (Saraswathi); Music: Pathiyoor Sankarankutty, Kalamandalam Vinod; Maddalam: Margi Rathnakaran; Chenda: Margi Venugopal; Chutti: R.L.V. Somadas; Presented by Drisyavedi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--