
![]() ![]() |
ലജ്ജ, വിനയം, ഭക്തി, പശ്ചാത്താപം, അദ്ഭുതം എന്നിങ്ങനെ വിവിധഭാവങ്ങളുടെ ബാഹുല്യത്തിനിടയില്‍പ്പോലും മദ്ദളവും ചെണ്ടയുടെ വലന്തലയും ഉപയോഗിച്ചുള്ള ഹരം പിടിപ്പിക്കുന്ന മേളത്തില്‍ സ്വയം രമിച്ചുകൊണ്ടാണ് പ്രധാനഭാവങ്ങളായ രതിയും ഉത്സാഹവും ഇദ്ദേഹം ആവിഷ്ക്കരിക്കുന്നത്. മേളത്തിന്റെ ക്രമികമായ കാലപരിണാമവും നടന്റെ ചലനങ്ങളിലെ ലയപരിണാമവും എങ്ങനെ പരസ്പരം ചേര്‍ന്നുപോകുന്നുവെന്ന് അനുഭവിച്ചുതന്നെ അറിയേണ്ടിവരും.
![]() ![]() |
കലാമണ്ഡലം രാജീവനാണ് ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. പദഭാഗത്തിലെ ഓരോ വരിയും കേട്ടു മനസിലാക്കിയിട്ടു വേണം അതാടുവാന്‍ എന്നു തോന്നിക്കുമായിരുന്നു രാജീവന്റെ ആട്ടം കണ്ടാല്‍. അര്‍ജ്ജുനന്‍ വിശദമായി കഷ്ടതയും, ഞെട്ടലും, ലജ്ജയുമൊക്കെ ആടിയപ്പോഴും ശ്രീകൃഷ്ണനില്‍ യാതൊരു ഭാവമാറ്റവും കൊണ്ടുവരുവാന്‍ രാജീവന്‍ ശ്രമിച്ചു കണ്ടില്ല. ഒരുപക്ഷെ അരങ്ങുപരിചയം ആവശ്യത്തിനില്ലാത്ത ഒരു വേഷമായതുകൊണ്ടാവാം ഈ കുറവുകള്‍ ഇത്രയും പ്രകടമായി തോന്നിയത്. വേഷഭംഗിയും നല്ല വൃത്തിയായി മുദ്രകാട്ടുവാന്‍ കഴിവുമുള്ള കലാമണ്ഡലം രാജീവന്‍ ഈ കാര്യങ്ങളില്‍ കൂടി മനസിരുത്തിയാല്‍ വേഷങ്ങള്‍ കൂടുതല്‍ മികച്ചതാവുമെന്ന് നിസംശയം പറയാം.
അര്‍ജ്ജുനന്റെ സുഭദ്രയോടുള്ള ശൃംഗാരരസപ്രധാനമായ “കഞ്ജദളലോചനേ! മഞ്ജുതരഭാഷിണീ!” എന്നുതുടങ്ങുന്ന പതിഞ്ഞ പദമാണ് തുടര്‍ന്നു വരുന്നത്. “കുഞ്ജരസമാനഗമനേ!” എന്ന ഭാഗത്ത് ആനയുടെ നടപ്പിനിടയില്‍ വരുന്ന വിവിധ ചേഷ്ടകളും മറ്റും കലാമണ്ഡലം ഗോപി അവതരിപ്പിക്കുകയുണ്ടായി. ഒരു യഥാര്‍ത്ഥ ആനയെക്കാണുമ്പോഴും ആനയുടെ നടത്തം പോലെയെന്ന് നായികയുടെ ചലനത്തെ വിശേഷിപ്പിക്കുമ്പോളും ആന എന്നതിനു ഒരേ അവതരണം എത്രമാത്രം യോജിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇനി ആനയെ വിശദമായി കാണിച്ചാല്‍ പോലും, സുഭദ്രയുടെ നടത്തത്തിനെ വിശേഷിപ്പിക്കുവാന്‍ തക്കവണ്ണം ആനയുടെ നടത്തയേയും അവതരിപ്പിക്കേണ്ടതല്ലേ? “കാന്തമുഖാംബുജം, ഹന്ത! മറയ്ക്കുന്നതെന്തേ?”, “കാന്തേ! പദാംബുജം നോക്കി നില്‍ക്കുന്നിതോ?” ഈ ഭാഗങ്ങളിലൊക്കെ അര്‍ജ്ജുനന്‍ സുഭദ്രയെ നോക്കിക്കണ്ടാണ് ആടുന്നത്. സുഭദ്ര വെറുതേ ലജ്ജ നടിച്ച് നിന്നാല്‍ മതിയാവുമെന്നു തോന്നുന്നില്ല ഇവിടെയൊക്കെയും. ‘നമ്രശിരസ്കയായി കാല്‍വിരല്‍ കൊണ്ടു കളം വരച്ചു നില്‍ക്കുന്നതെന്തേ?’ എന്ന് അര്‍ജ്ജുനന്‍ വിശദമായി ചോദിക്കുമ്പോഴും, അത്രയൊന്നും ലജ്ജയോ ചലനങ്ങളോ സുഭദ്രയില്‍ കാണുവാനുണ്ടായില്ല. സുഭദ്രയായെത്തിയ കലാമണ്ഡലം അനില്‍കുമാര്‍ അല്പം കൂടി പാത്രബോധത്തോടെ അരങ്ങില്‍ പ്രവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യേണ്ടതുണ്ടായിരുന്നു എന്നു തോന്നി.
![]() ![]() |
![]() ![]() |
ദൈവതകം എന്ന ദ്വീപില്‍ ഉത്സവത്തിനു പോയ ബലഭദ്രനാണ് അടുത്ത രംഗത്തില്‍ എത്തുന്നത്. ‘ഉത്സവമൊക്കെ ഭംഗിയായിക്കഴിഞ്ഞു, ഇനി ദ്വാരകയിലേക്ക് തിരിക്കുക തന്നെ’ എന്നാടിയ ശേഷം തോണി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ട്, അതിലേറി തുഴഞ്ഞ് ബലഭദ്രന്‍ ദ്വാരകയിലെത്തുന്നു. ‘അതാ ധാരാളം ബ്രാഹ്മണര്‍. ഉത്സാഹത്തോടെ ഓരോന്നു പറഞ്ഞു ചിരിച്ചു കൊണ്ടു പോവുന്നു. അവരെന്താണ് പറയുന്നത്? സന്യാസി സുഭദ്രയെ അപഹരിച്ചു പോയെന്നോ! അത് സന്യാസിവേഷത്തിലെത്തിയ അര്‍ജ്ജുനനെന്നോ! സഹായിച്ചത് കൃഷ്ണനെന്നോ!’. അത്യധികം ക്രുദ്ധനാവുന്ന ബലരാമന്‍ പെട്ടെന്ന് ഒന്നു ചിന്തിക്കുന്നു, ‘കൃഷ്ണനോ! അതാകുവാന്‍ ഒരു വഴിയുമില്ല.’ വീണ്ടും ശ്രദ്ധിച്ച്, ‘കൃഷ്ണന്‍ തന്നെയെന്നോ!’, വീണ്ടും ക്രുദ്ധനായി കൃഷ്ണന്റെ സമീപത്തേക്ക് തിരിക്കുന്നു. “കുത്രവദ! കുത്രവദ!” എന്ന ബലരാമന്റെ ശ്രീകൃഷ്ണനോടുള്ള പദമാണ് തുടര്‍ന്ന്. ശ്രീകൃഷ്ണന്‍ ജേഷ്ഠനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇരുവരുടേയും ചരണങ്ങള്‍ക്കിടയില്‍ ബലഭദ്രന്‍ ഓരോ കാര്യങ്ങളോര്‍ത്ത് കോപിക്കുകയും ശ്രീകൃഷ്ണന്‍ അവയ്ക്കൊക്കെ ന്യായം പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ വിവിധ ആട്ടങ്ങളും പതിവുണ്ട്. ഒടുവില്‍, അര്‍ജ്ജുനനെ വധിച്ചാല്‍ സുഭദ്രയ്ക്ക് വൈധവ്യം വന്നു ചേരും എന്ന കൃഷ്ണന്റെ വാക്കുകളില്‍ ശാന്തനായി ബലഭദ്രന്‍ ഇരുവരേയും കണ്ട് അനുഗ്രഹിച്ച്, സ്വര്‍ണ്ണവും വസ്ത്രങ്ങളും നല്‍കുക തന്നെ എന്നുറച്ച് കൃഷ്ണനോടൊപ്പം തിരിക്കുന്നു. അര്‍ജ്ജുനന്‍ മുറിവേല്‍പ്പിക്കാതെ യോദ്ധാക്കളെ തുരത്തിയതും മറ്റും ശ്രീകൃഷ്ണന്‍ ജേഷ്ഠനെ കാണിക്കുകയും ചെയ്യുന്നു. നമ്മുടെ അര്‍ജ്ജുനന്‍ ഒരു വീരന്‍ തന്നെ എന്ന് അംഗീകരിച്ചാണ് ബലഭദ്രന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നത്.
![]() ![]() |
ബലരാമന്റെ മറുപടി. ബലരാമനും ശ്രീകൃഷ്ണനും കൂടി നൃത്തം ചെയ്യുകയാണെന്നാണ് ഇരുവരുടേയും ധാരണയെന്നു തോന്നി ഈ ചോദ്യവും ഉത്തരവും കണ്ടപ്പോള്‍!
![]() ![]() |
പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ബ്രാഹ്മണര്‍ വരെയുള്ള ഭാഗങ്ങളും; പത്തിയൂര്‍ ശങ്കരന്‍കുട്ടിയും വിനോദുമായി തുടര്‍ന്നുള്ള ഭാഗങ്ങളും ആലപിച്ചു. അടന്തയിലുള്ള അര്‍ജ്ജുനന്റെ ആദ്യ പതിഞ്ഞ പദവും, നാല്പത് അക്ഷരകാലം ചമ്പയിലുള്ള രണ്ടാമത്തെ പതിഞ്ഞ പദവും വളരെ നന്നായിത്തന്നെ പത്തിയൂരും ബാബു നമ്പൂതിരിയും ചേര്‍ന്ന് പാടുകയുണ്ടായി. സാഹിത്യവും താളവും വളരെ ബന്ധപ്പെടുത്തി ചിട്ട ചെയ്തിരിക്കുന്ന പദങ്ങളായതിനാല്‍ തന്നെ വളരെ ശ്രദ്ധയോടു കൂടി പാടേണ്ട ഒന്നാണ് ‘സുഭദ്രാഹരണം’ ആട്ടക്കഥ. തുടര്‍ന്നുള്ള രംഗങ്ങളുടെ ആലാപനവും മികച്ചു നിന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം രാധാകൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം നാരായണന്‍, കലാമണ്ഡലം വേണുക്കുട്ടന്‍ തുടങ്ങിയവര്‍ മദ്ദളത്തിലും മേളമൊരുക്കി. മേളപ്രധാനമായ ഈ കഥയില്‍ ഇവരെല്ലാവരും വളരെ നന്നായി തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി. മുതുപിലാക്കാട് ചന്ദ്രശേഖരന്‍പിള്ളയുടെ ചുട്ടി മൊത്തത്തില്‍ മികച്ചു നിന്നെങ്കിലും, കലാമണ്ഡലം ഗോപിയുടേതിനു മാത്രം അത്ര ഭംഗി തോന്നിച്ചില്ല. സാധാരണ മൂന്നിതളാണ് ഗോപിയാശാന് വെയ്ക്കാറുള്ളത്, ഇവിടെ നാലെണ്ണം വെച്ചതുകൊണ്ടാണോ എന്നു സംശയം.
കൊല്ലം കഥകളി ക്ലബ്ബിന്റെ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത്. മൊത്തത്തിലെല്ലാം ഒന്ന് പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അരങ്ങ് സജ്ജീകരണവും ശബ്ദവും വെളിച്ചവുമെല്ലാം പതിവുപോലെ അശ്രദ്ധമായിരുന്നു. പലക കൂട്ടിക്കെട്ടിയ വേദി, അതുതന്നെ പലകകള്‍ ഇളകുന്ന പരുവത്തിലായിരുന്നു ഉണ്ടായിരുന്നത്. അഷ്ടകലാശവും മറ്റും വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ കഴിയാത്തതില്‍ ഇതും ഒരു കാരണമാണ്. കഥകളി ഉയരത്തില്‍ അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള ഒന്നല്ല. പ്രത്യേകിച്ചും ഇരുപതോ മുപ്പതോ കാണികളുള്ളപ്പോള്‍, നിലത്തു തന്നെ അവതരിപ്പിക്കുന്നതാണ് ഇതിലും ഉചിതം. ഇങ്ങിനെ മൊത്തത്തില്‍ നോക്കുമ്പോള്‍, ഒടുവില്‍ കൊണ്ട് കലമുടച്ച കാര്യം മറക്കാമെങ്കില്‍, വളരെ നല്ല ഒരു അസ്വാദനാനുഭവമായിരുന്നു തിരുമുല്ലവാരത്തെ ‘സുഭദ്രാഹരണം’ കഥകളി നല്‍കിയത്.
Description: Thirumullavaram SriMahavishnuSwamy Temple, Thiruvona Maholsavam'09: SubhadraHaranam Kathakali - Kalamandalam Gopi (Arjunan 1), Kalamandalam Rajeevan (Mayyanadu Rajeevan) (SriKrishnan 1), Kalamandalam Anilkumar (Subhadra), Kalanilayam Gopan (Indran, Arjunan 2), Kalamandalam Ramachandran Unnithan (Brahmanan 1), Mayyanad Kesavan Nampoothiri (Brahmanan 2), Kalamandalam Prasanth (Brahmanan 3), Thonnackal Peethambaran (Balaraman / Balabhadran), Fact Padmanabhan (SriKrishnan 2); Pattu: Pathiyur Sanakarankutty, Kalamandalam Babu Nampoothiri, Kalamandalam Vinod; Chenda: Kalamandalam Unnikrishnan, Kalamandalam Radhakrishnan; Maddalam: Kalamandalam Narayanan Nair, Kalamandalam Venukkuttan; Chutti: Muthupilakkad Chandrasekharan Pillai; Kaliyogam: Kollam Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 17, 2009.
--