2008, ഫെബ്രുവരി 14, വ്യാഴാഴ്‌ച

കഴക്കൂട്ടത്തെ പ്രഹ്ലാദചരിതം

Prahladacharitham Kathakali - Ravikumar as HiranyaKashipu, Attingal Manu as Sukracharyar (Sukran), Kalamandalam Ramachandran Unnithan as Narasimham and Master Arjun as Prahladan. Music rendered by Kottackal Madhu and Kalanilayam Rajeevan. Melam by Kalamandalam Krishnadas, Kottackal Radhakrishnan in Chenda and Kottackal Vijayaraghavan, Kalamandalam Harikumar in Maddalam. Kathakali organized by Kaliyarangu, Kazhakkoottam, Thiruvananthapuram in association with 6th Anniversary.
ഫെബ്രുവരി 02, 2008: കളിയരങ്ങിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ കഥകളിയില്‍, ആദ്യ കഥയായി അവതരിപ്പിച്ച ‘നളചരിതം രണ്ടാം ദിവസ’ത്തെക്കുറിച്ച് ഇവിടെ വായിച്ചുവല്ലോ. അപൂര്‍വ്വമായി മാത്രം അവതരിക്കപ്പെടാറുള്ള, ‘പ്രഹ്ലാദചരിതം’ കഥയാണ് രണ്ടാമതാ‍യി അവിടെ അവതരിക്കപ്പെട്ടത്. ഹിരണ്യകശിപുവായി കോട്ടയ്ക്കല്‍ രവികുമാര്‍, ശുക്രാചാര്യരാ‍യി ആറ്റിങ്ങല്‍ മനു, പ്രഹ്ലാദനായി മാസ്റ്റര്‍ അര്‍ജ്ജുന്‍, നരസിംഹമായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ എന്നിവരാണ് ഈ കഥയില്‍ വേഷമിട്ടത്.

Kottackal Ravikumar as HiranyaKashipu
പ്രഹ്ലാദനെ വിദ്യ അഭ്യസിപ്പിക്കുവാനായി ശുക്രാചാര്യരെ ഏല്‍പ്പിക്കുവാന്‍ ഹിരണ്യകശിപു എത്തുന്നതാണ് ആദ്യ രംഗം. “മാമുനിവര! തവപാദയുഗളം വന്ദേ” എന്ന ഹിരണ്യകശിപുവിന്റെ പദത്തോടെയാണ് രംഗം ആരംഭിക്കുന്നത്. തന്റെ ആഗമനോദ്ദേശം ഹിരണ്യകശിപു ശുക്രാചാര്യരെ അറിയിക്കുന്നതിനോടൊപ്പം ഇങ്ങിനെ കൂടി പറയുന്നു; “എന്നുടയ ചരിതത്തെ നന്നായി അഭ്യസിപ്പിക്ക!”. ശുക്രാചാര്യര്‍ രാജാവിന്റെ ഇംഗിതം നിറവേറ്റുന്നതാണെന്ന് ഉറപ്പു കൊടുക്കുന്നു.

ഹിരണ്യകശിപുവും ശുക്രാചാര്യരുമൊത്തുള്ള ഒരു ചെറിയ മനോധര്‍മ്മമാണ് അടുത്തത്. ‘ഗുരുമന്ദിരത്തില്‍ ഏവര്‍ക്കും സൌഖ്യം തന്നെയല്ലേ? ആരെങ്കിലും ദുഃഖിതരായുണ്ടോ?’ എന്നുള്ള ഹിരണ്യകശിപുവിന്റെ ചോദ്യത്തിന്, ‘അങ്ങയുടെ കൃപയാല്‍ എല്ലാവര്‍ക്കും സൌഖ്യം തന്നെ’ എന്നു ശുക്രാചാര്യര്‍ മറുപടി പറയുന്നു. ‘കുട്ടികള്‍ക്കൊക്കെ അന്നം സമയാസമയം ലഭിക്കുന്നുണ്ടല്ലോ?’ എന്നതിന് ‘അതിനും മുട്ടുവരാറില്ല’. ഒടുവിലായി ഹിരണ്യകശിപു ചോദിക്കുന്നു; ‘പിന്നെ, എന്റെ ചരിതങ്ങള്‍ വേണ്ടും വണ്ണം ഇവരെ അഭ്യസിപ്പിക്കുന്നുണ്ടല്ലോ? അല്ലേ?’. മറുപടിയായി ശുക്രാചാര്യര്‍, ‘ഉണ്ട്. അങ്ങയുടെ വീരചരിതമാണ് ഇവര്‍ അഭ്യസിക്കുന്നത്. അങ്ങയുടെ നാമമാണ് ഇവര്‍ ജപിക്കുന്നത്.’ ഗുരുവിന്റെ മറുപടിയില്‍ സം‌പ്രീതനായി ഹിരണ്യകശിപു മകനെ ശുക്രാചാര്യരുടെ പക്കലേല്‍പ്പിച്ച് മടങ്ങുന്നു.

Master Arjun as Prahladan & Other Students
ശുക്രാചാര്യര്‍ ഹിരണ്യകശിപുവിന്റെ നാമം ചൊല്ലിക്കൊടുത്ത്, ശിഷ്യരോടൊപ്പം പ്രഹ്ലാദനേയും ചേര്‍ത്ത്, ചൊല്ലിപ്പഠിക്കുവാന്‍ നിര്‍ദ്ദേശിച്ച് പോവുന്നു. പ്രഹ്ലാദന്‍ സഹപാഠികള്‍ക്കൊപ്പം പഠിക്കുന്നതാണ് അടുത്ത രംഗം. “ബാലകന്മാരേ നിങ്ങള്‍, സാദരം കേള്‍പ്പിന്‍...” എന്ന പദത്തിന്റെ ഒടുവിലായി “ജപിപ്പിന്‍ നാരായണനാമത്തെ, ഭജിപ്പിന്‍ ശ്രീവല്ലഭപാദയുഗളം.” എന്നു പ്രഹ്ലാദന്‍ കൂട്ടുകാര്‍ക്ക് ഉപദേശിക്കുന്നു. മടങ്ങിയെത്തുന്ന ശുക്രാചാര്യര്‍ കാണുന്നത്, എല്ലാവരും ഹിരണ്യകശിപുവിന്റെ നാമം ഒഴിവാക്കു വിഷ്ണുനാമം ജപിക്കുന്നതാണ്. ഇതുകണ്ട് കോപിഷ്ഠനായ ഗുരു പ്രഹ്ലാദനെ ശാസിക്കുന്നു. എത്രയൊക്കെ ശാസിച്ചിട്ടും പ്രഹ്ലാദന്‍ വിഷ്ണുനാമം ജപിക്കാതെയിരിക്കുന്നില്ല. ഒടുവില്‍ സഹികെട്ട്, പ്രഹ്ലാദനെ ഹിരണ്യകശിപുവിനു തിരിച്ചു നല്‍കുക തന്നെ എന്നുറച്ച് കൊട്ടാരത്തിലേക്ക് തിരിക്കുന്നു.

തന്റെ മകന്‍ അഭ്യസനം കഴിഞ്ഞ് തിരികെയെത്തുന്നത് (വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരികെയെത്തുന്നത്) ഹിരണ്യകശിപുവിനെ സന്തോഷിപ്പിക്കുന്നു. ഗുരുവിനോട് എല്ലാം നന്നായി ഉപദേശിച്ചില്ലേ എന്നും മറ്റും ചോദിക്കുന്നു. ഗുരുപറയുന്നു, ‘തന്നെക്കൊണ്ടാവുന്നതു പോലെ എല്ലാം നന്നായി ഉപദേശിച്ചിട്ടുണ്ട്.’. സന്തോഷത്തോടെ കശിപു, പ്രഹ്ലാദനോട് പഠിച്ചത് ഉരുവിടുവാന്‍ ആവശ്യപ്പെടുന്നു. പ്രഹ്ലാദന്‍ തുടങ്ങുന്നതു തന്നെ നാരായണനാമം ജപിച്ചാണ്. ഇതു കേട്ട് അത്യധികം കോപിഷ്ഠനാവുന്ന കശിപു ശുക്രാചാ‍ര്യരോട് കാര്യം തിരക്കുന്നു. ഇവന്‍ കുട്ടിക്കാലം മുതല്‍ തന്നെ ഇങ്ങിനെയാണെന്നും, എത്രയൊക്കെ ശാസിച്ചിട്ടും വിഷ്ണുനാമമല്ലാതെ മറ്റൊരു നാമവും ജപിക്കുന്നില്ലെന്നും ഗുരു അറിയിക്കുന്നു. എന്നാലിവിനെ കൊല്ലുകതന്നെ എന്നുറച്ച് കിങ്കരന്മാരെ വരുത്തി കൊല്ലുവാനേല്‍പ്പിക്കുന്നു.

പക്ഷെ, പ്രഹ്ലാദനെ കൊല്ലുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പാമ്പിനെക്കൊണ്ട് കൊത്തിക്കുക, കൊക്കയിലേക്കെറിയുക എന്നിവയാണ് ഇവിടെ അവതരിപ്പിച്ചത്. മദയാനയെക്കൊണ്ട് ചവിട്ടിക്കുക, അഗ്നിയിലേക്കെറിയുക എന്നിവയൊക്കെയും സാധാരണ കാണിക്കാറുണ്ട്. ഇടയ്ക്ക് സര്‍പ്പത്തിന്റെ കടിയേറ്റ് മരിക്കുന്ന ഒരു കിങ്കരനെ ജീവിപ്പിക്കുന്നതായും ഇവിടെ ആടി. അങ്ങിനെയൊരു ഭാഗം സത്യത്തില്‍ ആവശ്യമുണ്ടായിരുന്നോ എന്ന് സംശയമുണ്ട്. ഒടുവില്‍ പരാജയപ്പെട്ട് ഹിരണ്യകശിപുവിന്റെ സമീപം പ്രഹ്ലാദനെ എത്തിക്കുന്നു. ഹിരണ്യകശിപു പ്രഹ്ലാദനോട് ചോദിക്കുന്നു; ‘ആരാണ് നിന്റെ നാരായണന്‍? എവിടെയാണവന്‍?’. നാരായണന്‍ സര്‍വ്വവ്യാപിയാണെന്നും, തൂണിലും തുരുമ്പിലും നാരായണന്റെ സാന്നിധ്യമുണ്ടെന്ന് പ്രഹ്ലാദന്‍ മറുപടി പറയുന്നു. ഇതുകേട്ട് കോപിഷ്ഠനാവുന്ന കശിപു, മുന്‍പിലുള്ള തൂണിനെ വാളാല്‍ വെട്ടി പിളര്‍ക്കുന്നു.

സദസ്യരുടെ ഇടയില്‍ തിരശീലയ്ക്കു പിന്നിലാണ് നരസിംഹം നില്‍ക്കുക. ഹിരണ്യകശിപു തിരശീല വാളുകൊണ്ട് മാറ്റുന്നു. തിരശീല മാറുമ്പോള്‍ നരസിംഹം പന്തത്തിന്റേയും മറ്റും പ്രഭയില്‍ ദൃശ്യമാവുന്നു. ഈ രീതിയിലാണ് ഇവിടെ ഈ ഭാഗം അവതരിപ്പിച്ചത്. നരസിംഹം പ്രത്യക്ഷപ്പെടുന്നതുമുതല്‍ മാറു പിളരുന്നതുവരെയുള്ള രംഗങ്ങളില്‍, സിംഹത്തിന്റെ അമറല്‍ റിക്കാര്‍ഡ് ചെയ്തത് കേള്‍പ്പിച്ചത് കഥകളിയില്‍ ആവശ്യമോ എന്ന് സംശയിക്കാമെങ്കിലും, രസകരമായി അനുഭവപ്പെട്ടു. തുടര്‍ന്ന് ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്ന് കുടല്‍മാല പുറത്തെടുത്ത്, കശിപുവിനെ വധിക്കുന്നു. പ്രഹ്ലാദന്‍ നരസിംഹത്തെ സ്തുതിക്കുന്നു. ശാന്തനാവുന്ന നരസിംഹം, പൃതൃവധത്തില്‍ ഖേദമരുതെന്ന് പ്രഹ്ലാദനെ ഉപദേശിച്ച ശേഷം രാജാവായി വാഴിക്കുന്നു. സര്‍വ്വവിധ ഐശ്വൈര്യവും ഉണ്ടാവട്ടെ എന്ന് പ്രഹ്ലാദനെ അനുഗ്രഹിച്ച് നരസിംഹം മറയുന്നു.

Kalamandalam Ramachandran Unnithan as Narasimham
നരസിംഹത്തിന്റെ വേഷവും, അവസാന രംഗവുമാണ് പ്രഹ്ല്ലാദചരിതത്തിലെ ആകര്‍ഷകമായ ഭാഗം. കാര്യമാ‍യ മനോധര്‍മ്മങ്ങളൊന്നും ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. സമയക്കുറവും ഒരു കാര്യമായിരുന്നിരിക്കാം. നരസിഹത്തിന്റെ ചുട്ടിയും വേഷവും അത്ര മികച്ചതായി തോന്നിയില്ല. കുരുത്തോല ഉപയോഗിച്ചുള്ള തോള്‍പ്പൂട്ടും, വളയുമെല്ലാം നരസിംഹത്തിനുള്ളതായാണ് എന്റെ ഓര്‍മ്മ. എന്നാലിവിടെ അതൊന്നും കണ്ടില്ല. മുഖത്തെഴുത്തും അത്ര ഉഗ്രമായി തോന്നിയില്ല. കൃഷ്ണന്‍നായര്‍ കോലിയക്കോട്, മാര്‍ഗ്ഗി രവീന്ദ്രന്‍, കരീയ്ക്കകം ത്രിവിക്രമന്‍ തുടങ്ങിയവരായിരുന്നു ചുട്ടി. നരസിംഹത്തിന്റെ വേഷമിട്ടത് കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായതുകൊണ്ട്, ഭാവത്തിന് കുറവുണ്ടായിരുന്നില്ലെന്നു മാത്രം. കരി, താടി വേഷങ്ങളും, ഇതുപോലെയുള്ള പ്രത്യേക വേഷങ്ങളും ഉണ്ണിത്താന് നന്നായിണങ്ങും. ഈ വേഷങ്ങളിലെത്തുന്ന സാധാരണ കലാകാരന്മാരില്‍ നിന്നും വിഭിന്നമായി, നന്നായി കഥാപാത്രത്തെ മനസിലാക്കി അവതരിപ്പിക്കുവാന്‍ ഉണ്ണിത്താന്‍ ശ്രമിക്കാറുണ്ടെന്നുള്ളതും അഭിനന്ദനാര്‍ഹമാണ്. മധു, കലാനിലയം രാജീവന്‍ എന്നിവരുടെ ആലാപനവും നിലവാരം പുലര്‍ത്തി. ആട്ടക്കഥയുടെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവതരിപ്പിക്കുവാറുള്ളത്, അതിനാല്‍ തന്നെ പദഭാഗങ്ങള്‍ വളരെക്കുറച്ചു മാത്രമേ ഉണ്ടാവാറുള്ളൂ. ചുരുക്കത്തില്‍ കളിയരങ്ങിന്റെ വാര്‍ഷികത്തില്‍ അവതരിക്കപ്പെട്ട ‘പ്രഹ്ലാദചരിതം’ പ്രേക്ഷകരെ ഒട്ടൊക്കെ തൃപ്തിപ്പെടുത്തിയ ഒന്നായിരുന്നു.


Description: Prahladacharitham Kathakali - Ravikumar as HiranyaKashipu, Attingal Manu as Sukracharyar (Sukran), Kalamandalam Ramachandran Unnithan as Narasimham and Master Arjun as Prahladan. Music rendered by Kottackal Madhu and Kalanilayam Rajeevan. Melam by Kalamandalam Krishnadas, Kottackal Radhakrishnan in Chenda and Kottackal Vijayaraghavan, Kalamandalam Harikumar in Maddalam. Kathakali organized by Kaliyarangu, Kazhakkoottam, Thiruvananthapuram in association with 6th Anniversary.
--

6 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കളിയരങ്ങിന്റെ ആറാമത് വാ‍ര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രഹ്ലാദചരിതം കഥകളിയുടെ ആസ്വാദനം.
--

നിലാവര്‍ നിസ പറഞ്ഞു...

നന്നായി.. കഥകളി കണ്ട പോലെ എന്നു പറയുന്നില്ലെങ്കിലും..

സു | Su പറഞ്ഞു...

നരസിഹത്തിന്റെ വേഷം എനിക്കും അത്ര ഇഷ്ടമായില്ല. ഇനിയും നന്നാവുമായിരുന്നു.

എതിരന്‍ കതിരവന്‍ പറഞ്ഞു...

നരസിംഹത്തിന്റെ മുഖം ഒരു മോഡേണ്‍ പെയിന്റിങ് പോലെ തോന്നുന്നല്ലൊ. ആ കടലാസു ചെവി വികൃതം തന്നെ.

റെക്കോര്‍ഡു ചെയ്ത സിംഹ അമറല്‍ കേള്‍പ്പിക്കുന്നതിനു ശ്രീ ഉണ്ണിത്താന്‍ കൂട്ടു നിന്നെങ്കില്‍ കഷ്ടം എന്നേ പറയേണ്ടു.

Haree പറഞ്ഞു...

@ നിലാവര്‍ നിസ,
ശരിയായില്ല, അല്ലേ? അടുത്തതില്‍ ശരിയാക്കാം. :)

@ സു,
അതെയതെ. :)

@ എതിരന്‍ കതിരവന്‍,
കടലാസു ചെവിയല്ല, പാളയാണ്. അതുണ്ടാവാറുണ്ട്, പക്ഷെ ഇങ്ങിനെയല്ല. ചെവിയുടെ സ്ഥാനമാണെന്നു തോന്നുന്നു കുഴപ്പമായത്. ഉണ്ണിത്താന്‍ ഞെട്ടിക്കാണും അതുകേട്ട്... ഹി ഹി ഹി :) അദ്ദേഹം അറിഞ്ഞുപോലും കാണില്ല ഒരു പക്ഷെ, ഇങ്ങിനെയൊരു പണി ഒപ്പിക്കുമെന്ന്. പക്ഷെ, നല്ല ഇഫക്ടായിരുന്നു കേട്ടോ... :)
--

Rajeeve Chelanat പറഞ്ഞു...

സുനില്‍ വഴി ഇവിടെയെത്തി. ചില പോസ്റ്റുകള്‍ കണ്ടു. നല്ല സംരംഭം ഹരീ. തുടരുക.

അഭിവാദ്യങ്ങളോടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--