2008, മാർച്ച് 26, ബുധനാഴ്‌ച

തോന്നയ്ക്കലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
മാര്‍ച്ച് 12, 2008: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍, കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി അവതരിക്കപ്പെട്ട നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനം തുടരുന്നു. ഒന്നാം ഭാഗം ഇവിടെ വായിക്കാം. കാര്‍ക്കോടക നിര്‍ദ്ദേശപ്രകാരം നളന്‍, സൂര്യവംശരാജാവായ ഋതുപര്‍ണ്ണന്റെ സേവകനാകുവാന്‍ അയോധ്യയിലെത്തുന്നതുവരെയാണ് കഴിഞ്ഞ ഭാഗത്ത് പ്രതിപാദിച്ചത്. ഋതുപര്‍ണ്ണന്റെ മുന്നില്‍ നളന്‍, തന്റെ ആവശ്യം അറിയിക്കുന്ന പദമായ ‘ഋതുപര്‍ണ്ണ! ധരണീപാല നീ ജയിക്കേണം’ എന്ന പദം മുതല്‍ക്കുള്ള ഭാഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

‘ഋതുപര്‍ണ്ണ! ധരണീപാല’ എന്ന പദവും; ഋതുപര്‍ണ്ണന്റെ മറുപടി പദമായ, ‘വസ, വസ, സൂത!’ എന്ന പദവും വളരെ വേഗത്തില്‍ കഴിച്ചുകൂട്ടി. നാടകീയമായി കാര്യമായൊന്നും ചെയ്യുവാനില്ലാത്ത ഭാഗമായതിനാലാവണം കലാമണ്ഡലം ഗോപി ഈ ഭാഗത്ത് വേഗത കൂട്ടുന്നത്. ‘വസ, വസ, സൂത!’ എന്ന പദത്തിന്റെ ചരണത്തില്‍ ‘എന്നെ രക്ഷിക്ക! എന്നു ചൊന്നാലുപേക്ഷിക്കുന്നോര്‍, എന്റെ കുലത്തിലുണ്ടോ?’ എന്ന് ഋതുപര്‍ണ്ണന്‍ ചോദിക്കുമ്പോള്‍, ബാഹുകന്‍ പറയുന്നു; “ഇല്ല, മന്ദിരത്തിനു മുകളില്‍ പാറുന്ന കൊടി കാണുമ്പോള്‍ തന്നെ അതു മനസിലാവും” എന്ന്. ഇതിനു മുന്‍പുണ്ടായ മനോധര്‍മ്മാട്ടവുമായി ഈ രംഗത്തെ എത്ര സമര്‍ത്ഥമായാണ് ഗോപി ബന്ധിപ്പിച്ചിരിക്കുന്നതെന്നു നോക്കൂ. താ‍ന്‍ രാജാവായിരുന്നപ്പോള്‍ തന്റെ സാരഥിയായിരുന്ന വാര്‍ഷ്ണേയന്‍ തന്നെ തിരിച്ചറിഞ്ഞേക്കുമോ എന്ന സന്ദേഹത്താല്‍, “ഇവര്‍ക്കതൊരു ബുദ്ധിമുട്ടായാലോ, ഞാന്‍ മറ്റെവിടെയെങ്കിലും താമസിക്കാം” എന്നു ബാഹുകന്‍ ഇടയ്ക്ക് പറയുന്നുണ്ട്. “അതിന്റെയൊന്നും ആവശ്യമില്ല, ‘ഇവര്‍ നല്ല സൌജന്യവാരിധികള്‍!’” എന്ന് ഋതുപര്‍ണന്‍ പദത്തിലൂടെ മറുപടി നല്‍കുകയും ചെയ്യുന്നു. അങ്ങിനെ ബാഹുകനെ ജീവലനോടും വാര്‍ഷ്ണേയനോടുമൊപ്പം താമസിക്കാമെന്ന് നിര്‍ദ്ദേശിച്ച് ഋതുപര്‍ണ്ണന്‍ രംഗത്തുനിന്നും മാറുന്നു.

കലാമണ്ഡലം സുകുമാരന്‍, നാട്യഗ്രാമം എസ്. അരുണ്‍ജിത്ത് എന്നിവരാണ് യഥാക്രമം ജീവലവാര്‍ഷ്ണേയന്മാരായി രംഗത്തെത്തിയത്. വാര്‍ഷ്ണേയനെ കണ്ട് മനസിലാക്കുന്ന ബാഹുകന് തന്റെ കുഞ്ഞുങ്ങളെക്കുറിച്ച് അറിയുവാന്‍ വല്ലാത്ത ആഗ്രഹം. ഒന്നും പുറത്തു കാണിക്കാതെ, സാന്ദര്‍ഭികമായി ചോദിക്കുന്നു; “ഇവിടെ വന്നിട്ട് അധിക കാലമായോ?”. വാര്‍ഷ്ണേയന്‍ പറയുന്നു, “ഇല്ല, കുറച്ചായി. അത്രമാത്രം. ഇതിനു മുന്‍പ് നളമഹാരാജാവിന്റെ കൊട്ടാരത്തിലായിരുന്നു.” ഇതുകേട്ട് ബാഹുകന്‍, “ഉം... ചൂതില്‍ തോറ്റ് വനവാസത്തിനു പോയി, അല്ലേ? ആട്ടെ, അവര്‍ക്ക് കുട്ടികള്‍?”; “ഉണ്ട്, രണ്ടുപേര്‍.” ബാഹുകന്‍ ഉടന്‍ തന്നെ, “അവര്‍ക്ക് എന്തു സംഭവിച്ചു?”, മറുപടിയായി വര്‍ഷ്ണേയന്‍, “അവരെ ഭീമരാജാവിന്റെ കൊട്ടാരത്തിലാക്കിയ ശേഷമാണ് താന്‍ ഇവിടെ എത്തിയത്.” ഇത്രയും കാണിച്ചതൊക്കെ നന്നായി. പക്ഷെ, ഒരൊറ്റ കുഴപ്പം. തുടര്‍ന്ന് ജീവലന്റെ ഭാഗം കൈകാര്യം ചെയ്തയാളോടാണ് ഇതൊക്കെയും ബാഹുകന്‍ ചോദിച്ചത്, അദ്ദേഹം തന്നെ അതിനൊക്കെ ഈ രീതിയില്‍ മറുപടി നല്‍കുകയും ചെയ്തു! വാര്‍ഷ്ണേയനോട് ചോദിക്കേണ്ട ചോദ്യം ജീവലനോട് ചോദിച്ച ബാഹുകനും കൊള്ളാം; അതിനുത്തരം വിസ്‌തരിച്ചു തന്നെ പറഞ്ഞ ജീവലനും കൊള്ളാം. ജീവലന് “ഞാനിവിടെ അനവധി നാളുകളായുണ്ട്; ദാ, ഇവന്‍ വാര്‍ഷ്ണേയന്‍ കുറച്ചു നാളേ ആയുള്ളൂ ഇവിടെയെത്തിയിട്ട്.” എന്നോ മറ്റോ ആടി, ഗോപിയാശാനെ ഓര്‍മ്മപ്പെടുത്താവുന്നതായിരുന്നു, ആരാണ് ജീവലന്‍ ആരാണ് വാര്‍ഷ്ണേയനനെന്ന്. വാര്‍ഷ്ണേയനായി രംഗത്തെത്തിയ അരുണ്‍ജിത്തിന്റെ പരിചയക്കുറവാകാം, ആ രംഗത്തിന്റെ അവതരണം ഇങ്ങിനെയാകുവാന്‍ ഹേതുവായത്. വേഷം നിശ്ചയിക്കുമ്പോള്‍, അതാത് വേഷം കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരായവരെ അതിനായി കണക്കാക്കേണ്ടത് സംഘാടകരുടെ ചുമതലാണ്. ഇതുപോലെയുള്ള വിഡ്ഢിത്തങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ കഥാപാത്രത്തിനനുയോജ്യമായി നടന്മാരെ നിശ്ചയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Kalamandalam Gopi as Bahukan, performing 'VijaneBatha, Mahathi!' in Nalacharitham Moonnam Divasam Kathakali
കഥാഭാഗത്തിനു പുറമേ, “ഇവിടെമൊത്തം പ്രാണികളാണല്ലോ, വൃത്തിയാക്കലൊന്നുമില്ലേ?” എന്ന് ജീവലനോട് ചോദിച്ച്, ഇടയ്ക്കലോസരമായെത്തിയ പ്രാണികളെ രംഗത്തോടിണക്കിയതും പ്രേക്ഷകരെ രസിപ്പിച്ചു. കുശലങ്ങളൊക്കെ പറഞ്ഞതിനു ശേഷം, ധാരാളം യാത്ര ചെയ്തതിനാല്‍ താന്‍ ക്ഷീണിതനാണെന്നാടി, ബാഹുകന്‍ ജീവലവാര്‍ഷ്ണേയന്മാര്‍ക്കൊപ്പം ഉറങ്ങുവാന്‍ കിടക്കുന്നു. രാത്രിയില്‍ ഉറക്കം വിട്ടെഴുന്നേല്‍ക്കുന്ന ബാഹുകന്‍, ഭൈമിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നു. ‘വിജനേബത, മഹതി!’ എന്ന പദഭാഗത്തെ കലാമണ്ഡലം ഗോപിയുടെ അഭിനയം വര്‍ണ്ണനാതീതമായിരുന്നു. അത്രയും ഭംഗിയായി അദ്ദേഹത്തിന്റെ മുഖത്ത് നളന്റെ പാരവശ്യവും, ദൈന്യതയും, ഖിന്നതയും എല്ലാം പ്രതിഫലിച്ചു എന്നു പറഞ്ഞാല്‍, ഒട്ടും അധികമാവില്ല. പ്രസ്തുത രംഗത്തില്‍ നിന്നുമുള്ള ഒരുചിത്രമാണ് മുകളില്‍. നളന്റെ വിലാപം കേട്ടുണരുന്ന ജീവലന്‍ കാരണം തിരക്കുന്നു. ബാഹുകന്‍ ഓര്‍ത്തോര്‍ത്ത് വിലപിക്കുന്ന ആ സുന്ദരി ആരെന്നായിരുന്നു ജീവലന്റെ ചോദ്യം. ‘അവളെ ഏതൊരു കാമിനി? ഹേ, ബാഹുക!’ എന്നതാണ് പദം. സാധാരണയായി പന്തുവരാളി രാഗത്തിലാണ് ഈ പദം ആലപിക്കാറുള്ളത്. എന്നാലിവിടെ, അതില്‍ നിന്നും വ്യത്യസ്തമായി വൃന്ദാവനസാരംഗിയിലാണ് പത്തിയൂര്‍ ശങ്കരന്‍‌കുട്ടി പദം ആലപിച്ചത്. ശ്ലോകം ആലപിച്ചപ്പോള്‍ ഈ രാഗമാറ്റം കുഴപ്പമില്ലെന്നു തോന്നിയെങ്കിലും, പദഭാഗത്ത് ഒട്ടും യോജിപ്പു തോന്നിയില്ല. ആ പദത്തിന്റെ രാഗം മാറ്റേണ്ടതുണ്ടെന്ന് തോന്നുന്നില്ല. താനെഴുതിയ, ഭാര്യയെ കാട്ടിലുപേക്ഷിക്കേണ്ടിവന്ന ഒരുവന്റെ, കഥയാണിതെന്ന് ഉത്തരം നല്‍കുന്ന ബാഹുകന്റെ മറുപടി പദമായ, ‘സ്വൈരവചനം, സുകൃതരചനം, ഭണിതം ജീവല!’ എന്ന പദമാണ് തുടര്‍ന്ന്. ഈ പദത്തിനു ശേഷം, നേരം പുലരുവാനായെന്നാടി മൂവരും എഴുന്നേറ്റ് രാജസന്നിധിയിലേക്ക് പുറപ്പെടുവാന്‍ തയ്യാറാവുന്നതോടെ രംഗം അവസാനിക്കുന്നു.

ഇതേസമയം; സാര്‍ത്ഥവാഹക സംഘം ചേദി രാജധാനിയിലും, തുടര്‍ന്ന് സുദേവ ബ്രാഹ്മണന്‍ കുണ്ഡിനത്തിലുമെത്തിച്ച ദമയന്തി, നളനെക്കുറിച്ചുള്ള വിവരങ്ങളറിയാതെ ഉത്കണ്ഠാകുലയായി കഴിയുകയാണ്. പര്‍ണ്ണാദന്‍ എന്ന ബ്രാഹ്മണന്‍, ഋതുപര്‍ണ്ണ രാജധാനിയില്‍ കണ്ടെത്തിയ ബാഹുകന്‍, നളനാണോ എന്ന് ദമയന്തി സംശയിക്കുന്നു. ബാഹുകന്‍ നളനാ‍ണോ എന്നുറപ്പു വരുത്തുവാനും, ആണെങ്കില്‍ ബാഹുകവേഷത്തില്‍ നിന്നും നളനെ തിരികെക്കൊണ്ടുവരാനും ഉപായമെന്തെന്ന് ആലോചിച്ച്, തന്നെ ഇവിടെയെത്തിച്ച സുദേവന്റെ തന്നെ സഹായം തേടുന്നു. ഋതുപര്‍ണ്ണനോട് ദമയന്തിയുടെ പുഃനര്‍വിവാഹം തൊട്ടടുത്ത ദിവസം നടക്കുന്നുവെന്ന് അറിയിക്കാമെന്നും; ഭൈമിയില്‍ കാമാതുരനായ ഋതുപര്‍ണ്ണന്‍ ഉടന്‍ തന്നെ ചാടിപ്പുറപ്പെടുമെന്നും; ഒരുദിവസം കൊണ്ട് അയോധ്യയില്‍ നിന്നും കുണ്ഡനത്തില്‍ ഋതുപര്‍ണ്ണനെ എത്തിക്കുവാന്‍ അശ്വഹൃദയം വശമുള്ള നളനുമാത്രമേ സാധിക്കുകയുള്ളൂവെന്നും സുദേവന്‍ ഭൈമിയെ അറിയിക്കുന്നു. മനസില്ലാമനസോടെ ഉപായം നടപ്പിലാക്കുവാന്‍ അനുവാദം നല്‍കി, സുദേവനെ ദമയന്തി യാത്രയാക്കുന്നു. ‘കരണീയം ഞാനൊന്നും ചൊല്ലുവന്‍’, ‘യാമി, യാമി, ഭൈമീ! കാമിതം’ എന്നീ പദങ്ങളാണ് ഈ രംഗത്തിനുള്ളത്.

Margi Vijayakumar as Sudevan and Margi Harivalsan as Damayanthi in Nalacharitham Moonnam Divasam Kathakali
മാര്‍ഗി ഹരിവത്സനാണ് ദമയന്തിയായി രംഗത്തെത്തിയത്. ദമയന്തിക്കു വേണ്ട ആകാരസൌഷ്ഠവമൊന്നും അദ്ദേഹത്തിന്റെ വേഷത്തിനു തോന്നിയില്ല. ഭര്‍ത്താവിനാല്‍ കാട്ടിലുപേക്ഷിക്കപ്പെട്ട, ഖിന്നയായ ദമയന്തിയുടെ സ്ഥായി നിലനിര്‍ത്തുന്നതിലും ഹരിവത്സന്‍ പരാജയപ്പെട്ടു. പഠിച്ചുവെച്ചിരുന്ന മുദ്രകള്‍ അതുപോലെ അരങ്ങില്‍ കാട്ടി എന്നതിലപ്പുറമായി ഒന്നും തന്നെ അദ്ദേഹത്തിനു ചെയ്യുവാനും ഉണ്ടായിരുന്നില്ല. മാര്‍ഗി വിജയകുമാറാണ് സുദേവബ്രാഹ്മണനായി രംഗത്തെത്തിയത്. സ്ത്രീ വേഷങ്ങളില്‍ മാത്രം കണ്ടുപരിചയിച്ച അദ്ദേഹത്തിന്റെ ബ്രാഹ്മണവേഷവും നന്നായിരുന്നു. രസികനായ, രാജഭക്തി വേണ്ടുവോളമുള്ള, ചുറുചുറുക്കോടെ കാര്യങ്ങള്‍ക്കോടി നടക്കുവാന്‍ മിടുക്കുള്ള സുദേവന്റെ ശരീരഭാഷയും ഭാവവും വിജയകുമാറിന്റെ സുദേവനില്‍ തെളിഞ്ഞു കാണാമായിരുന്നു. ‘ആളകമ്പടികളോടും, മേളവാദ്യഘോഷത്തോടും’ എന്ന സാധാരണയായി വിശദീകരിച്ച് ആട്ടം പതിവുള്ള പദഭാഗം തന്നെ ഇവിടെയും വിസ്‌തരിച്ചു. എന്നാല്‍, കുഴലൂത്തുകാരന്‍ തുപ്പലു തുടയ്ക്കുന്നതും, ഭടന്മാര്‍ പലരീതിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും മറ്റുമൊക്കെ കാണിച്ച്, സുദേവനെ ഒരു കോമാളിയാക്കിയില്ലെന്നത് എടുത്തു പറയേണ്ടതായി തോന്നുന്നു. കഥാപാത്രത്തിന്റെ വ്യക്തിത്വം നഷ്ടപ്പെടുത്താതെയുള്ള പാത്രാവതരണമായിരുന്നെന്നു സാരം.

Kalamandalam Gopi as Bahukan, Kalamandalam Balasubrahmaniam as Rithuparnan and Margi Vijayakumar as Sudevan in Nalacharitham Moonnam Divasam Kathakali
സുദേവന്‍ ഋതുപര്‍ണ്ണ രാജധാനിയിലെത്തി ദമയന്തിയുടെ പുഃനര്‍വിവാഹ കാര്യം അറിയിക്കുന്നു. ‘മാന്യമതേ! അഖിലഭുവനതതകീര്‍ത്തേ!’ എന്നതാണ് സുദേവന്റെ പദം. നളന്‍ കാനനത്തില്‍ ഉപേക്ഷിച്ചു പോയ ദമയന്തി, ‘താന്തരാക്കി നൃപാന്തരം, വരിപ്പാന്‍ തുനിഞ്ഞു സഭാന്തരേ’ എന്നു സുദേവന്‍ അറിയിക്കുമ്പോള്‍, ബാഹുകന്‍ ഞെട്ടുന്നു, ഋതുപര്‍ണ്ണന്‍ സന്തോഷിക്കുന്നു. തലചുറ്റുന്നതായും, കൈയിലിരിക്കുന്ന ചാട്ട കൈവിട്ടു താഴെ വീഴുന്നതായുമൊക്കെയാണ് ഗോപി ഈ ഭാഗത്ത് അവതരിപ്പിക്കുക. വാര്‍ഷ്ണേയന്‍ എന്താ, എന്തുപറ്റിയെന്നോ മറ്റോ ചോദിച്ചാല്‍ മാത്രമേ കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ ബാഹുകനു സാധിക്കുകയുള്ളൂ. ഇവിടെ അങ്ങിനെ വാര്‍ഷ്ണേയന്‍ ചോദിക്കാഞ്ഞതിനാല്‍ തന്നെ, കൂടുതലായി ഒന്നും തന്നെ ബാഹുകന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. വിവാഹം ഒരു ദിവസത്തേക്ക് മാറ്റി വെച്ചത്, ഒരാളുമൂലമാണെന്ന് സുദേവന്‍ അറിയിക്കുന്നു. ഋതുപര്‍ണ്ണനാണ് ആ ഒരാളെന്ന് ഋതുപര്‍ണ്ണന്‍ ധരിക്കുന്നു, എന്നാല്‍ ബാഹുകനെ ഉദ്ദേശിച്ചാണെന്ന് വ്യംഗ്യമായി സുദേവന്‍ അറിയിക്കുകയാണ് ചെയ്തത്. സുദേവ ബ്രാഹ്മണനെ മാര്‍ഗി വിജയകുമാര്‍ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു എന്നു പറയണം; എന്നിരുന്നാലും, ‘വന്നുവന്നു നിറഞ്ഞു കുണ്ഡിനം, ഇന്നതെന്നുറച്ചിന്നലേ...’ എന്ന ഭാഗത്ത് സാധാരണ കാണിക്കാറുള്ള, “ഇപ്പോള്‍ കുണ്ഡിനത്തില്‍ ഒരു നുള്ളു മണ്ണിട്ടാല്‍, അതു നിലത്തു വീഴില്ല, അത്രയും രാജാക്കന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.”, എന്നിങ്ങനെയുള്ള അതിശയോക്തി കലര്‍ന്ന പരിപോഷിപ്പിക്കലുകളൊന്നും വിജയകുമാറിന്റെ സുദേവനില്‍ നിന്നും ഉണ്ടായില്ല എന്നത് അല്പം നിരാശപ്പെടുത്തി.

Kalamandalam Balasubrahmanian as Rithuparnan and Kalamandalam Gopi as Bahukan in Nalacharitham Moonnam Divasam Kathakali
‘വരിക ബാഹുക! എന്നരികില്‍ വരിക ബാഹുക!’ എന്ന പദം തുടങ്ങുന്നതിനു മുന്‍പായി, സുദേവന്‍ രംഗത്തു നിന്നും മാറുവാന്‍ തുടങ്ങുമ്പോള്‍, ബാഹുകന്‍ പിന്നാലെ ചെന്ന് “അങ്ങു പറഞ്ഞതൊക്കെയും സത്യം തന്നെയോ?” എന്നൊക്കെ ചോദിക്കാറുണ്ട്. വളരെ ഹൃസ്വമായുണ്ടാവാറുള്ള ഈ സംഭാഷണം ഇവിടെ വല്ലാതെ നീണ്ടുപോയി. അത്രയും നീട്ടി അവര്‍ പിന്നിലായി പോയി സംസാരിച്ചത്, പ്രേക്ഷകരില്‍ പലര്‍ക്കും കാണുവാന്‍ തന്നെ സാധിച്ചതുമില്ല! ആദ്യവരിയുടെ രാണ്ടാമത്തെ ആവര്‍ത്തനത്തിലാണ് വിളികേട്ട് ബാഹുകന്‍ ഋതുപര്‍ണ്ണന്റെ സമീപമെത്തുന്നത്. ഋതുപര്‍ണ്ണന്‍ ആദ്യം വരി തുടങ്ങുമ്പോള്‍ മുതല്‍ ബാഹുകനെ വിളിച്ചുകൊണ്ടിരിക്കുകയുമാണ്. ഭൈമിയുടെ സൌന്ദര്യത്തെക്കുറിച്ച് ഒന്നോര്‍ത്ത്, കോരിത്തരിച്ച്, ആദ്യവരി ഒരുവട്ടം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഋതുപര്‍ണ്ണന്‍, ബാഹുകനെ വിളിച്ചു തുടങ്ങേണ്ടിയിരുന്നത്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍, ബാഹുകന് ആവശ്യത്തിനുള്ള സമയം ലഭിക്കുകയും ചെയ്യുമായിരുന്നു. ഇതു രണ്ടും ഒത്തുവരാത്തതിനാല്‍, ഈ ഭാഗത്തെ ആട്ടം വേണ്ടും വണ്ണം ശോഭിച്ചില്ല. കാമാതുരനായ മറ്റൊരു രാജാവ്, സ്വന്തം ഭാര്യയെ കാമിച്ച് ഒരോന്നു പറയുന്നതു കേള്‍ക്കേണ്ടി വരുന്ന ഒരുവന്റെ, ബാഹുകന്റെ; നിഃസഹായാവസ്ഥയും, വേദനയും ഒട്ടും ചോര്‍ന്നുപോവാതെ രംഗത്തവതരിപ്പിക്കുവാന്‍ കലാമണ്ഡലം ഗോപിക്കു കഴിഞ്ഞു.

സുദേവന്‍ വന്നു പറഞ്ഞ വാര്‍ത്തയും, ഋതുപര്‍ണ്ണന്റെ ഇംഗിതങ്ങളും കേട്ട് തരളഹൃദയനായ ബാഹുകന്റെ വിലാപപദമായ ‘മറിമാന്‍കണ്ണീ, മൌലിയുടെ...’ എന്ന പദമാണ് തുടര്‍ന്ന്. ബാഹുകന്‍ ആദ്യം രംഗത്തെത്തുന്ന ‘നൈഷധേന്ദ്ര! നിന്നോടു ഞാന്‍’ എന്ന പദഭാഗം തൊട്ട്, ഒടുവില്‍ ‘മറിമാന്‍‌കണ്ണീ’ എന്ന പദം വരെ ബാഹുകന്റെ ശോകസ്ഥായി നിലനിര്‍ത്തിയുള്ള കലാമണ്ഡലം ഗോപിയുടെ അഭിനയം പുതുതലമുറയിലെ കലാകാരന്മാര്‍ക്ക് മാതൃകയാവേണ്ടതാണ്. സംഗീതത്തിനു ശ്രുതിയെന്നതുപോലെ, കഥകളി അഭിനയത്തില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട, വളരെ പ്രാഥമികമായ ഒരു സംഗതിയാണ് ‘സ്ഥായി’. ഓരോ കഥാപാത്രത്തെയും ഉള്‍ക്കൊണ്ട്, ഓരോ സന്ദര്‍ഭത്തിലും ഉണ്ടാവേണ്ട സ്ഥായി മുഖത്തും ശരീരഭാഷയിലും വരുത്തി രംഗത്തവതരിപ്പിക്കാതെ, ആ കഥാപാത്രത്തെ പ്രേക്ഷകരിലേക്കെത്തിക്കുക സാധ്യമല്ല. കഥകളി നടന്മാര്‍ക്ക് നളന്‍ ഒരു വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാവുന്നതും, അധികം പേര്‍ക്ക് നളനെ അവതരിപ്പിച്ചു വിജയിക്കുവാന്‍ സാധിക്കാതിരിക്കുന്നതും, നളചരിതം ഓരോ ദിവസത്തിലും മാറി മാറി വരുന്ന നളന്റെ ഭാവങ്ങള്‍ ഉള്‍ക്കോണ്ട് അഭിനയിക്കുവാന്‍ സാധിക്കാത്തതിനാലാണ്. അതിനോടൊപ്പം നളന്റെ വേഷം, കളരിയില്‍ ചൊല്ലിയാടിക്കുന്ന കഥാപാത്രങ്ങളുടെ ഗണത്തില്‍ വരുന്നതല്ല എന്നതും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാവുന്നു. വളര്‍ന്നു വരുന്ന കലാകാരന്മാരാവട്ടെ, കൂടുതല്‍ അരങ്ങുകള്‍ കണ്ടു പരിചയിക്കുവാന്‍ ശ്രമിക്കുന്നതായും കാണുന്നില്ല. ഇവയെല്ലാം കൂടി, ‘കലാമണ്ഡലം ഗോപിയെ മാറ്റി നിര്‍ത്തിയാല്‍, പിന്നെ നളനാര്?’ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാക്കുന്നു.

സോമദാസ്, മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു ചുട്ടി. ബാഹുകന്റെ മുഖത്തു തേപ്പ്, സാധാരണ കണ്ടുവരുന്നതില്‍ നിന്നും വ്യത്യസ്തമായി മഞ്ഞകൂടിയ പച്ചയായിരുന്നു. ഇത് ബാഹുകവേഷത്തിന് ഒട്ടും ചേരുന്നതായി തോന്നിയില്ല. കണ്ടുശീലിച്ചവയില്‍ നിന്നും ഈ കാര്യത്തിലൊക്കെ മാറ്റം കൊണ്ടുവരുന്നതിന്റെ ഔചിത്യമെന്തെന്ന് മനസിലാവുന്നില്ല. ബാഹുകന്റേതെന്നല്ല, കഥകളിയിലെ പച്ച വേഷങ്ങള്‍ക്ക് മുഖത്തു തേപ്പിനുപയോഗിക്കുന്ന പച്ചനിറവും ഇതല്ല. ഒരുപക്ഷെ, മറ്റെന്തെങ്കിലും കാരണത്താലാവാം ഇവിടെ മുഖത്തുതേപ്പ് ഇങ്ങിനെയായിപ്പോയത്. എന്നാല്‍ അനുകരണീയമായ മാതൃകയായി തോന്നാത്തതിനാല്‍ ഇവിടെ സൂചിപ്പിച്ചുവെന്നു മാത്രം. ഉടുത്തുകെട്ടും, കോപ്പുകളുമൊക്കെ നന്നായിരുന്നു. നളചരിതം മൂന്നാം ദിവസത്തിനു ശേഷം, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ശിശുപാലനായെത്തിയ, വടക്കന്‍ ചിട്ടയിലുള്ള ‘രാജസൂയം’ കഥകളിയും അരങ്ങേറി. വെളുപ്പിന് നാലുമണിയോളമായി മൂന്നാം ദിവസം കഴിഞ്ഞപ്പോള്‍ തന്നെ. പിറ്റേന്ന് പ്രവര്‍ത്തി ദിവസവും. അതിനാല്‍ തന്നെ രണ്ടാമത്തെ കഥ കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്കു പോലും കാണുവാന്‍ കഴിഞ്ഞില്ല. സന്ധ്യയോടു കൂടി തുടങ്ങി അര്‍ദ്ധരാത്രിയോടെയെങ്കിലും അവസാനിക്കുന്ന രീതിയില്‍ കഥകളികള്‍ സംഘടിപ്പിക്കുകയെന്നതാണ് ഈ കാലത്തിനു ചേരുന്നതെന്ന് മുന്‍പൊരിക്കലും സൂചിപ്പിച്ചിരുന്നതാണ്. ആദ്യത്തെ കഥയ്ക്ക് നിറഞ്ഞ സദസു കണ്ടശേഷം, അതു കഴിയുമ്പോള്‍ ശുഷ്കമായ സദസിനു മുന്നില്‍ കഥകളി അവതരിപ്പിക്കേണ്ടി വരുന്ന കലാകാരന്മാരുടെ മാനസികവിഷമമോര്‍ത്തെങ്കിലും സംഘാടകര്‍ വേണ്ടതു ചെയ്യുമെന്നു കരുതുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍; ചിലഭാഗങ്ങള്‍ പ്രേക്ഷകരെ നന്നായി തൃപ്തിപ്പെടുത്തുന്നവയും, ചിലത് തരക്കേടില്ലാത്തവയും, മറ്റു ചിലത് ഒട്ടും തന്നെ ശോഭിക്കാത്തതുമായിരുന്നു. തോന്നയ്ക്കലെ നളചരിതം വന്നു കണ്ടത്, തീര്‍ച്ചയായും ഒരു പ്രേക്ഷനും നഷ്ടമായി തോന്നുകയില്ലെന്ന് നിഃസംശയം പറയാം; എന്നാല്‍ കാണുവാന്‍ സാധിക്കാതിരുന്ന കഥകളി ആസ്വാദകര്‍ക്കും കാര്യമായൊന്നും നഷ്ടമായിട്ടില്ല!


Description: Nalacharitham Moonnam Divasam Appreciation: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)" title="Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
--

4 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ നടന്ന നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാ‍ദനത്തിന്റെ രണ്ടാം ഭാഗം.
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

പതിവുപോലെ ഒന്നാന്തരം, ഹരീ!
നളചരിതം ഈ ഭാഗങ്ങളൊക്കെ പല തവണ കണ്ട് പ്രേക്ഷകര്‍ക്ക് അഭിനയപാഠങ്ങള്‍ പരിചിതമായി വന്നിരിക്കുന്നതുകൊണ്ട് നടന്മാര്‍ പ്രത്യേക്ം ശ്രദ്ധിക്കേണ്ടതാണ്. ജീവല-വാര്‍ഷ്ണേയ പ്രശ്നമൊക്കെ ഒഴിവാക്കാവുന്നതാണ്.

ചെറിയ തിരുത്ത്: കുണ്ഡിനം എന്നാണ്, “കുണ്ഠിനം” എന്നല്ല.

Jyothi പറഞ്ഞു...

Haree!! Aswadanam kalakki!!

I'm sure it would have been a different experience for both Margi Vijayakumar and his fans to have him don the role of Sudevan instead of Damayanti in Nalacharitham. And it is also great to know that he didnt over-do the "melavadhyaghosham" part and reduce Sudevan to some sort of a mock-up artist rather than a royal messenger!That is a common danger with almost all Sudevans i've seen recently!

Seems like the Jeevalan-Varshneyan mix-up is also common to almost all performances of Moonnam Divasam- Even though it might miss the notice of a novice, it certainly hampers the experience of a knowledgable aswadakan...


‘കലാമണ്ഡലം ഗോപിയെ മാറ്റി നിര്‍ത്തിയാല്‍, പിന്നെ നളനാര്?’ ---Now, THAT is a million dollar question...!!! :)

Haree പറഞ്ഞു...

@ എതിരന്‍ കതിരവന്‍,
വളരെ നന്ദി. :)
കുണ്ഠിനമോ, കുണ്ഡിനമോ, കുണ്ഢിനമോ എന്ന് ഞാനുമൊന്ന് സംശയിച്ചിരുന്നു. അപ്പോള്‍ തോന്നി കുണ്ഠിനമാവുമെന്ന്! :) തിരുത്തിയിട്ടുണ്ട്.

@ ജ്യോതി,
നന്ദി. :) Royal Messenger - രാജദൂതന്‍, അതുതന്നെയായിരുന്നു ഇവിടുത്തെ സുദേവന്‍. ജീവലവാര്‍ഷ്ണേയനന്റെ പ്രശ്നം ഒഴിവാക്കേണ്ടതാണ്. അല്ലെങ്കില്‍ കാലക്രമത്തില്‍ ജീവലനായിരുന്നു നളന്റെ പൂര്‍വ്വകാല സാരഥി എന്നാവും പിന്നെ വാര്‍ഷ്ണേയനന്‍ രംഗത്താവശ്യമില്ലെന്നുമാവും! :)
കാത്തിരിക്കാം, കാലം മറ്റൊരു നളനെ നമുക്കു നല്‍കാതിരിക്കില്ല. :)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--