2008, ജൂൺ 11, ബുധനാഴ്ച
കിഴക്കേക്കോട്ടയിലെ കീചകവധം - ഭാഗം ഒന്ന്
ജൂണ്‍ 6, 2008: ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കേരള രംഗകലോത്സവത്തിന് കഴിഞ്ഞ ആഴ്ച ആരംഭമായി. പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഒന്നാം ദിവസം ശ്രീകാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ‘കീചകവധം’ കഥകളി അരങ്ങേറി. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ കീചകന്, കലാമണ്ഡലം വിജയന്റെ സൈരന്ധ്രി; പാലനാട് ദിവാകരന്, കലാനിലയം രാജീവന് തുടങ്ങിയവരുടെ പാട്ട് എന്നിവയായിരുന്നു മുഖ്യ ആകര്ഷണങ്ങള്. ഉദ്യാനത്തില്‍ പുഷ്പമിറക്കുന്ന സൈരന്ധ്രിയെ കണ്ട് അടുത്തെത്തുന്ന കീചകനില്‍ നിന്നുമാണ് സാധാരണ ഈ കഥ അവതരിക്കപ്പെടാറുള്ളത്. എന്നാല്‍ ഇതിനു മുന്‍പുള്ള; സുദേഷ്ണയും, സൈരന്ധ്രിയും തമ്മിലുള്ള രംഗം കൂടി ഇവിടെ അവതരിക്കപ്പെട്ടു.
കേകയരാജപുത്രിയായ സുദേഷ്ണയുടെ സമീപത്തേക്ക്, രാജ്ഞിയുടെ സൈരന്ധ്രിയാകുവാനുള്ള അനുവാദത്തിനായി, മാലിനിയെന്ന പേരില്‍ പാഞ്ചാലി എത്തുന്നു. ‘ശശിമുഖി! വരിക, സുശീലേ!’ എന്ന സുദേഷ്ണയുടെ പദമാണ് ആദ്യം. പാഞ്ചാലിയുടെ സൌന്ദര്യം വര്‍ണ്ണിച്ചശേഷം, ആരാണെന്ന് തിരക്കുകയാണ് സുദേഷ്ണ ഈ പദത്തില്‍. ‘കേകയഭൂപതികന്യേ! കേള്‍ക്കമേ ഗിരം’ എന്ന സൈരന്ധ്രിയുടെ മറുപടി പദമാണ് തുടര്‍ന്ന്. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞാകാരിണിയായിരുന്ന സൈരന്ധ്രിയാണ് താനെന്നും, മാലിനിയെന്നാണ് തന്റെ പേരെന്നും, കാലഭേദം കൊണ്ട് ഇവിടെ വന്നുപെട്ടതാണെന്നും സൈരന്ധ്രി സുദേഷ്ണയെ അറിയിക്കുന്നു. താന്‍ പത്രലേഖനത്തിലും മറ്റും വളരെ നിപുണയാണെന്നും, തോഴിയായി ഇവിടെ വാഴുവാന്‍ തനിക്ക് അനുവാദം നല്‍കണമെന്നും സൈരന്ധ്രി അപേക്ഷിക്കുന്നു. സുദേഷ്ണ അപ്രകാരം മാലിനിയെ തന്റെ സൈരന്ധ്രിയായി കൂടെ വസിപ്പിക്കുന്നു.
കലാമണ്ഡലം അനില്‍കുമാര്‍ സുദേഷ്ണയായും, കലാമണ്ഡലം വിജയകുമാര്‍ സൈരന്ധ്രിയായും വേഷമിട്ടു. ഇരുവരുടേയും വേഷം, രാജ്ഞിക്കും തോഴിക്കും ഇണങ്ങുന്ന രീതിയിലായിരുന്നത് എടുത്തു പറയേണ്ടതാണ്. ചിത്രം ശ്രദ്ധിക്കുക. തന്റെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി, രാജ്ഞിക്കുമുന്നില്‍ ചിരിക്കുവാന്‍ ശ്രമിക്കുന്ന മാലിനിയെ കലാമണ്ഡലം വിജയകുമാര്‍ വളരെ നന്നായി തന്നെ അവതരിപ്പിച്ചു. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞാകാരിണിയായ സൈരന്ധ്രിയാണെന്നു പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ, “ഇവിടെ വന്നത് എന്തിന്?” എന്ന ചോദ്യമാണ് സുദേഷ്ണയില്‍ നിന്നുണ്ടായത്. എന്നാല്‍ “എന്താണ് നിന്റെ നാമം?” എന്നായിരുന്നു ചോദിക്കേണ്ടത്. അടുത്ത പദം വരുന്നത് ‘നീലവേണി! എനിക്കിന്നു മാലിനിയെന്നല്ലോ നാമം.’ എന്നാണ്. ഇവിടെ വീണ്ടും “ഇവിടെ വന്നത് എന്തിന്?” എന്ന് ആവര്‍ത്തിക്കുകയും ചെയ്തു സുദേഷ്ണ. ആദ്യം വരിമാറി അബദ്ധത്തില്‍ ആ ചോദ്യം ചോദിച്ച സ്ഥിതിക്ക് അനില്‍കുമാര്‍ വീണ്ടും അത് ആവര്‍ത്തിക്കേണ്ടിയിരുന്നില്ല. അതുപോലെ അടുത്ത ഭാഗത്ത് ചോദിച്ചത് “നിനക്ക് എന്തൊക്കെ അറിയാം?” എന്നാണ്. ഇതും അത്ര യോജിപ്പുള്ളതായി തോന്നിയില്ല. “നിനക്കെന്തു സഹായമാണ് ഞാന്‍ ചെയ്യേണ്ടത്?” എന്നോ “ഇവിടെ വരുവാന്‍ കാരണം എന്ത്?” എന്നോ മറ്റോ ചോദിക്കുന്നതായിരുന്നു ഉചിതം. സൈരന്ധ്രിയുടെ അടുത്ത ചരണം അവസാനിക്കുന്നത്, “നിന്നോടൊത്തു വാഴുവാന്‍ എന്നെ അനുവദിക്കുക.” എന്ന അപേക്ഷയോടെയാണെന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്.
പദങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ കാര്യമായ മനോധര്‍മ്മങ്ങളൊന്നും ഉണ്ടായില്ല എന്നതും ഒരു ന്യൂനതയായി. പന്ത്രണ്ടു വര്‍ഷം മുന്പാണല്ലോ പാഞ്ചാലിക്ക് ഇന്ദ്രപ്രസ്ഥം വിട്ടു പോവേണ്ടി വരുന്നത്. പാണ്ഡവര്‍ക്കു വന്ന ദുര്യോഗം കേകയരാജകന്യയ്ക്ക് അറിയാതിരിക്കുവാനും തരമില്ല. പാണ്ഡവര്‍ക്കു വന്ന ദുര്യോഗം ഒന്നു സ്മരിച്ച ശേഷം, “ഇത്രയും കാലം നീ എവിടെയായിരുന്നു?” എന്നൊരു ചോദ്യം ന്യായമായും സുദേഷ്ണയ്ക്ക് ചോദിക്കുവാന്‍ കഴിയും. താന്‍ ദേശയാത്രയിലായിരുന്നു, അനേകം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു എന്നോ മറ്റോ സൈരന്ധ്രിക്ക് മറുപടി നല്കുകയുമാവാം.
മാലിനി പുഷ്പമിറക്കുന്നത് തിരശീലയ്ക്കു പിന്നില്‍ നിന്നു നോക്കി കാണുന്ന രീതിയിലാണ് ഇവിടെ അവതരിക്കപ്പെട്ടത്. തിരശീല മാറുമ്പോള്‍, കീചകന് ചുറ്റും കണ്ണോടിച്ച് ആരുമില്ലെന്ന് ഉറപ്പു വരുത്തുന്നുമുണ്ട്. കീചകന് പുറകിലൂടെ വന്ന് മാലിനിയെ കൈമുട്ടുകൊണ്ടു തട്ടുന്നു. സംഭ്രമത്തോടെ മാലിനി വശത്തേക്ക് ഒതുങ്ങുന്നു. കലാമണ്ഡലം വിജയകുമാറിന്റെ മാലിനി കീചകനെ കാണുന്ന സമയം മുതല്ക്കു തന്നെ അത്യധികം ഭീതയായി കാണപ്പെട്ടു. അത്രയും പരിഭ്രമം ആദ്യം തന്നെ കാണിക്കേണ്ടതുണ്ടോ? കാണിച്ചാല്‍, കീചകന്റെ ഇംഗിതം മനസിലാക്കുമ്പോള്‍, താന്‍ പറയുന്നത് ഇവനില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്നറിയുമ്പോള്‍, കൂടുതല്‍ വിഷമിക്കുന്നതായി കാണിക്കുവാന്‍ ബുദ്ധിമുട്ടാവും. ക്രമാനുഗതമായി മാലിനിയുടെ ഭീതി വളരുന്നതായി അവതരിപ്പിക്കുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു.
കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരാണ് കീചകനെ അവതരിപ്പിച്ചത്. ‘മാലിനി! രുചിരഗുണശാലിനി!’ എന്ന കീചകന്റെ പതിഞ്ഞ പദം വളരെ മനോഹരമായി അവതരിപ്പിച്ചു. എന്നാല്‍ മാലിനിയെക്കണ്ട് ഇവളാരെന്ന് സന്ദേഹിക്കുകയോ, മാലിനിയാണെന്ന് മനസിലാക്കുകയോ ഒന്നും ചെയ്യുകയുണ്ടായില്ല. പദം തുടങ്ങുന്നത് ‘മാലിനി!’ എന്ന് സൈരന്ധ്രിയെ അഭിസംബോധന ചെയ്തു കൊണ്ടാകയാല്‍, രാജ്ഞിയുടെ സമീപം മാലിനിയെന്ന പേരില്‍ ഒരു സുന്ദരിയായ സൈരന്ധ്രി വന്നിട്ടുണ്ടെന്നു കേട്ടു, ഇവളെ ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടിട്ടില്ല, ഇവള് അതിസുന്ദരിയുമാണ് - അതിനാല്‍ ഇവള് തന്നെ മാലിനി എന്നുറയ്ക്കുന്നതായി ആടുന്നത് ഉചിതമായി തോന്നുന്നു. മുദ്രകളെ നൃത്തത്തിലൂടെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഒരു രീതി ചന്ദ്രശേഖര വാര്യര്‍ക്കുണ്ട്. ‘ഗുണശാലിനി! കേള്‍ക്ക നീ!’ എന്ന ഭാഗവും, ‘ചില്ലികൊണ്ടു തല്ലിടാതെ ധന്യേ!’ എന്ന ഭാഗവും വളരെ മനോഹരമായി വാര്യര്‍ രംഗത്തവതരിപ്പിച്ചു.
‘സാദരം നീ ചൊന്നൊരു മൊഴിയിതു, സാധുവല്ല കുമതേ!’ എന്ന പദാരംഭത്തില്‍ വാര്യരുടെ കീചകന് ഇങ്ങിനെയാടി; “കുയിലുകള്‍ ഒന്നും മിണ്ടുന്നില്ല. ഹ, ഇവളുടെ വാണിയോളം വരുമോ അവയുടെ കൂജനം!”. ‘ഖേദമതിനുടയ, വിവരമിതറിക നീ!’ എന്ന ഭാഗത്ത് കീചകന് പറയുന്നു, “എന്റെ ജാതകത്തില്‍ ഖേദം കുറിക്കപ്പെട്ടിട്ടീല്ല.”, അതുപോലെ ‘കേവലം പരനാരിയില്‍ മോഹം’ എന്നു സൈരന്ധ്രി പറയുമ്പോള്‍, “നീ എന്റെ പെണ്ണു തന്നെ.” എന്നു കീചകന് പ്രതിവചിക്കുന്നു. ഇത്തരത്തിലുള്ള ഉചിതമായ ഇടപെടലുകളാല്‍ വാര്യര്‍ രംഗം സമ്പന്നമാക്കി.
മാലിനി ഇത്രയും പറഞ്ഞ്, ഉപായത്തില്‍ രംഗത്തു നിന്നും മാറുന്നു. കീചകന്റെ ആത്മഗതമാണ് മനോധര്‍മ്മമായി പിന്നീട് അവതരിപ്പിക്കുന്നത്. “എന്തൊക്കെയോ കോപവാക്കുകള്‍ പറഞ്ഞ് അവള് മറഞ്ഞു. മാലിനിയുടെ ചന്ദ്രതുല്യമായ മുഖം, തളിരിലസമാനമായ ചുണ്ടുകള്‍, പന്തുകള്‍ പോലെ വികസിച്ച സ്തനങ്ങള്‍, ഇവയൊക്കെ തന്നെ കാമപരവശനാക്കുന്നു. കാമന് എന്നെ ദഹിപ്പിച്ചു ഭസ്മമാക്കുന്നു. ഇവളെ ഒരിക്കല്‍ കൂടി കാണുവാന്‍ ഉപായമെന്ത്?”. തന്റെ സഹോദരിക്ക് ദാസ്യവൃത്തി ചെയ്യുകയാണല്ലോ ഇവള്, സഹോദരിയോടു പറഞ്ഞ് ഇതിനൊരു വഴി കാണുകതന്നെ എന്നുറച്ച് കീചകന് രംഗം വിടുന്നു. മാലിനിയുടെ കൈയില്‍ നിന്നും തെറിച്ചു വീണ പൂക്കള്‍ എടുത്ത് തന്റെ മേലിട്ട് നിര്‍വിതി കൊള്ളുന്ന കീചകനെയൊന്നും ഇവിടെ അവതരിപ്പിച്ചുമില്ല. വിടനായ ഒരു കാമുകനെന്ന ഭാവമായിരുന്നില്ല ഇവിടെ കീചകന്. സ്ത്രീലമ്പടത്വവും അത്രയൊന്നും പ്രകടമായില്ല. ‘ഛായാമുഖി’ നാടകത്തിന്റെ സ്വാധീനം കഥകളിയിലെ കീചകനും വന്നതാണോ, ആവോ!
സുദേഷ്ണയെ കീചകന് കണ്ട്, തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍; നാട്യഗ്രഹത്തില്‍ വലലനാല്‍ കൊല്ലപ്പെടുന്നതുവരെയുള്ള കഥാഭാഗത്തിന്റെ ആസ്വാദനം അടുത്ത ഭാഗത്തില്‍.
കളിയരങ്ങില്‍:
• കോട്ടക്കലെ കീചകവധം - ഏപ്രില്‍ 2, 2008
Description: KeechakaVadham staged at SriKarthikaThirunal Theater, East Fort, Thiruvananthapuram; as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna. Pattu by Palanadu Divakaran and Kalanilayam Rajeevan. Kottackal Vijayaraghavan in Chenda and Margi Raveendran in Maddalam. Appreciation by Hareesh N. Nampoothiri aka Haree|ഹരീ.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri
4 അഭിപ്രായങ്ങൾ:
ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന, പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ആദ്യ ദിവസം അവതരിക്കപ്പെട്ട ‘കീചകവധം’ കഥകളിയുടെ ആസ്വാദനം (ഒന്നാം ഭാഗം).
--
ഹരീ,
കോട്ടയ്ക്കല്‍ ശിവരാമന് മാതൃഭൂമിയില്‍ എഴുതുന്ന “സ്ത്രൈണം” (ലക്കം കൃത്യമായി ഓര്‍ക്കുന്നില്ല) ത്തില്‍ കീചകവധത്തിലെ സൈരന്ധ്രിയുടെ പാത്രസ്വഭാവത്തെപ്പറ്റി എഴുതിയിരുന്നത് വായിച്ചിരുന്നുവോ? കലാ: വിജയന്റെ സൈരന്ധ്രി പൊതുവെ നന്നായിരുന്നെങ്കിലും കീചകന്റെ സാന്നീധ്യത്തില് അമിതമായി പരിഭ്രമിച്ചും ഭയപ്പെട്ടും കാണപ്പെട്ടു. വിജയന് “സ്ത്രൈണം” വായിച്ചിരുന്നെങ്കില്‍ എന്നു വിചാരിച്ചു അപ്പോള്‍. വീരശൂരപരാക്രമികളായ തന്റെ അഞ്ചു ഭര്ത്താക്കന്മാരും ധൈര്യ്യപൂര്വ്വം പറയാന്‍ മടിയ്ക്കുന്ന കാര്യം (നീ എന്റെ കൂടെ പോരുക. നിന്നെ ഞാന്‍ “രക്ഷിയ്ക്കാം“) എന്നാണ് കീചകന് തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ പറയുന്നത്. അയാളെ തന്നെ തൊടുന്നതില്‍ നിന്നും ആദ്യം സൌമ്യമായി വിലക്കിനിര്ത്താനുള്ള “അനുഭവ സമ്പത്തും” ആര്‍ജ്ജവവും (ഭയപ്പെടാതെ തന്നെ) സൈരന്ധ്രിയ്ക്കുണ്ട്. “സാദരം നീ” എന്ന പദത്തിന്റെ “ടോണ്‍” തന്നെ മൃദുവായ ശകാരമായാണ് എന്നും ഓര്‍ക്കുക.
ശ്രീ. വാര്യരുടെ ആട്ടമൊക്കെ തരക്കേടീല്ലായിരുന്നെങ്കില്ത്തന്നെയും “നില” അരോചകമാണ. മുട്ടു മടക്കാതെ (ഒട്ടും) പാദങ്ങള്‍ അല്പം പോലും വക്കിലല്ലാതെയുള്ള നില്‍പ്പ് വേഷത്തിന്റെയും ആട്ടത്തിന്റെയും ഭംഗി കുറച്ചു എന്നു പറയേണ്ടിയിരിയ്ക്കുന്നു. ആദ്യവസാന വേഷങ്ങള്‍ മുഴുവന്‍ താഴ്ന്ന്നിന്ന് കാല്‍പ്പടം വക്കിലായി നിന്ന് ആടണം എന്നല്ല. അഭംഗിയില്ലാതെ.. എന്നാല്‍ ക്ഷീണം വരാതെ ആടാന്‍ കഴിയണം. കളരിയാശാനായ വാര്യര്‍ക്ക് ഇതൊന്നും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.
@ നിഷ്കളങ്കന്,
‘സ്ത്രൈണം’ വായിച്ചിട്ടില്ല. തീര്‍ച്ചയായും, മാലിനി ആദ്യം മുതല്ക്കുതന്നെ അത്രയും പരിഭ്രമിച്ച്, ഭയപ്പെട്ട് നില്‍ക്കേണ്ടതില്ല. എന്നാല്‍ ഒരു കൂസലുമില്ലാതെ നില്‍ക്കുകയും സാധ്യമല്ല. തനിക്കു പതികളായി അഞ്ചുപേരുണ്ടെങ്കിലും അവര്‍ക്ക് തന്നെ രക്ഷിക്കുവാന്‍ സാധിക്കുമെന്ന് പാഞ്ചാലി കരുതുന്നുണ്ടാവില്ലല്ലോ! (സഭയിലെ വസ്ത്രാക്ഷേപസമയത്ത് അതാണല്ലോ ഉണ്ടായത്.) അതിനാല്‍ അങ്ങിനെയൊരു സാഹചര്യം വരണമെന്ന് മാലിനി കരുതുന്നുണ്ടാവില്ല. അതാണല്ലോ ‘സാദരം നീ’ എന്ന പദത്തില്‍ മൃദുവായി ശകാരിക്കുന്നത്. എന്നാല്‍ ഹരിണാക്ഷിയൊക്കെ കഴിയുമ്പോഴേക്കും മാലിനി നന്നായി പരിഭ്രമിച്ചും, ഭയപ്പെട്ടും തന്നെ കാണപ്പെടണം.
:) വാര്യരുടെ കാര്യം രണ്ടാം ഭാഗത്തില്‍ പറയണമെന്നു കരുതിയതാണ്. കത്തിവേഷങ്ങള്‍ക്ക് വായ തുറക്കാമെങ്കിലും, വാര്യര്‍ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും അനാവശ്യമായി വായ തുറന്നു നില്ക്കുന്നതു കാണാം. അതും വളരെ അരോചകമാണ്.
--
Haree,
Your write up is very very use full to the Kathakali lovers.
Any way best wishes.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--