2008, ജൂൺ 18, ബുധനാഴ്‌ച
കിഴക്കേക്കോട്ടയിലെ കീചകവധം - ഭാഗം രണ്ട്
ജൂണ്‍ 6, 2008: കേരള രംഗകലോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ടയില്‍ അവതരിപ്പിക്കപ്പെട്ട ‘കീചകവധം’ കഥകളിയുടെ ആദ്യഭാഗങ്ങളുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? തന്റെ ആഗ്രഹസഫലീകരണത്തിനായി കീചകന്‍, തന്റെ സഹോദരിയായ സുദേഷ്ണയുടെ അടുത്തെത്തി തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ആഗ്രഹമറിയിക്കുന്ന കീചകനെ പറഞ്ഞുമനസിലാക്കുവാന്‍ സുദേഷ്ണ യത്നിക്കുന്നു. അഞ്ചു ഗന്ധര്‍വ്വന്മാര്‍ അവള്‍ക്ക് പതിമാരായി ഉണ്ടെന്നും, അതിനാല്‍ തന്നെ നിന്റെ ഈ ആഗ്രഹം നിന്റെ തന്നെ നാശത്തിനാണെനും മറ്റും സുദേഷ്ണ പറയുന്നു. എന്നാല്‍, അഞ്ചു ഗന്ധര്‍വ്വന്മാരെ ജയിക്കുവാന്‍ താന്‍ ഒറ്റയ്ക്കുമതിയെന്നും; എന്നാല്‍ കാമദേവനെ ജയിക്കുവാന്‍ തനിക്കാവതില്ലെന്നും പറഞ്ഞു നില്‍ക്കുന്ന സഹോദരനോട് ഇനിയെന്തെങ്കിലും പറയുന്നതില്‍ കാര്യമില്ലെന്നു മനസിലാക്കി, വല്ല വിധത്തിലും മാലിനിയെ കീചകന്റെ മന്ദിരത്തിലേക്ക് അയക്കാമെന്ന് ഉറപ്പുകൊടുത്ത് സഹോദരനെ അയക്കുന്നു.
സുദേഷ്ണ മാലിനിയെ വിളിച്ച്, കീചകസവിധത്തില്‍ പോയി മദ്യം വാങ്ങിവരുവാന്‍ അറിയിക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ദണ്ഡകമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂതസുതനുടെ മന്ദിരത്തില്‍ മാലിനി എത്തുന്നതുവരെയാണ് ദണ്ഡകം. സാധാരണയായി സുദേഷ്ണയായി രംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക്, സുദേഷ്ണയുടേതായ ഒരു വ്യക്തിത്വം ആ കഥാപാത്രത്തിനു നല്‍കുവാന്‍ സാധിക്കാറില്ല. എന്നാല്‍ കലാമണ്ഡലം അനില്‍കുമാറിന് അതിവിടെ സാധിച്ചു. സുദേഷ്ണയും, സൈരന്ധ്രിയുമൊത്തുള്ള ആദ്യരംഗം ഇവിടെ അവതരിക്കപ്പെട്ടതുകൊണ്ടു കൂടിയാണ് ഇത് അനില്‍കുമാറിനു സാധിച്ചത് എന്നതും ഓര്‍ക്കേണ്ടതാണ്. ആദ്യ ഭാഗത്തില്‍ സൂചിപ്പിച്ച, ചില മനോധര്‍മ്മത്തിലെ പിഴവുകളും മറ്റും ഒഴിവാക്കിയാല്‍ മികച്ച ഒരു അവതരണമായിരുന്നു സുദേഷ്ണയായി അനില്‍കുമാര്‍ നടത്തിയത്.
‘ഹരിണാക്ഷി! ജനമൌലിമണേ!’ എന്ന കീചകന്റെ ശൃംഗാരപദമാണ് അടുത്തത്. നടന്നു തളര്‍ന്ന നിന്റെ പാദങ്ങള്‍ ഞാന്‍ പരിചരിക്കാം, മാലിനി വന്നതിനാല്‍ തന്റെ മന്ദിരം ധന്യമായി, തന്റെ ജന്മം സഫലമായി തുടങ്ങി പലതും പറഞ്ഞ് മാലിനിയെ വശത്താക്കുവാന്‍ കീചകന്‍ യത്നിക്കുന്നെങ്കിലും, ഒന്നും ഫലം കാണുന്നില്ല. സൈരന്ധ്രി “വേഗം മദ്യം തരിക, ഞാന്‍ പോവട്ടെ...” എന്ന രീതിയില്‍ കീചകനോട് കോപിച്ചു തന്നെ എതിര്‍ത്തു പറയുകയും ചെയ്യുന്നു. എങ്കില്‍, ഗുണശീല ചമയുന്ന നിന്നെയിന്ന് കൊന്നിട്ടു തന്നെ കാര്യം എന്നുറച്ച് കൊല്ലുവാനായുന്നു. മാലിനി വല്ലവിധേനയും കീചകന്റെയടുത്തു നിന്നും ഓടി രക്ഷപെടുന്നു.
ശ്ലോകം കഴിഞ്ഞ് തിരശ്ശീല മാറ്റുമ്പോള്‍ മാലിനി രംഗപ്രവേശം ചെയ്യുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. കീചകന്റെ ഒരുക്കം, സേവകന്‍ ഒരു സൈരന്ധ്രി കാണുവാന്‍ അനുവാദം ചോദിക്കുന്നു തുടങ്ങിയ ഭാഗങ്ങളൊന്നും ആടുകയുണ്ടായില്ല. മൂന്നുവട്ടം കലാശം കൊട്ടിക്കഴിഞ്ഞതിനു ശേഷമാണ് പദം തുടങ്ങേണ്ടത്. എന്നാല്‍ പാലനാട് ദിവാകരന് അവിടെ പിഴവുപറ്റി. രണ്ടാമത്തെ കലാശത്തിനു ശേഷം തന്നെ അറിയാതെ തുടങ്ങിപ്പോയി. എന്നാല്‍, ഒരു ഭാവമാറ്റവും കൂടാതെ തന്റെ പ്രവര്‍ത്തി തുടര്‍ന്ന ചന്ദ്രശേഖര വാര്യര്‍ അനുകരണീയമായ മാതൃകയാണ്. ഉടനെ ഭാഗവതരോട് തിരിഞ്ഞ് തന്റെ നീരസം പ്രകടിപ്പിക്കുകയും മറ്റും ചെയ്താല്‍ എത്ര അരോചകമായിരിക്കും?
പദാവസാനം മാലിനി ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നു. കീചകന്‍ അവളെ തടയുന്നു. ശേഷം അണച്ചു നില്‍ക്കുന്ന മാലിനിയെനോക്കി കീചകന്റെ മനോധര്‍മ്മം ഇങ്ങിനെ: “ഇവള്‍ അണയ്ക്കുമ്പോള്‍ സ്തനങ്ങള്‍ ഉയര്‍ന്നു താഴുന്നു; ഇതു കണ്ടാല്‍ കൂമ്പി നില്‍ക്കുന്ന താമരകള്‍, പൊയ്കയില്‍ ഓളത്തിനൊത്ത് പൊങ്ങിത്താഴുന്നതു പോലെ തോന്നുന്നു.” രാജ്ഞിയുടെ സേവകയായി കഷ്ടപ്പെടാതെ തന്റെ രാജ്ഞിയായി വാഴാം തുടങ്ങി മോഹനവാഗ്ദാനങ്ങളിലൊന്നും സൈരന്ധ്രിയുടെ മനസുമാറ്റുവാന്‍ കഴിയുന്നില്ല എന്നു മനസിലാക്കുന്ന കീചകന്‍, അവളെ ബലാല്‍ പ്രാപിക്കുവാന്‍ ഒരുങ്ങുന്നു. മാലിനി ഓടി രക്ഷപെടുന്നു. സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസന്‍ കീചകനെ തടയുന്നതിനാലാണ് മാലിനിക്ക് രക്ഷപെടുവാന്‍ സാധിക്കുന്നത്, എന്നാലിവിടെ അത് ആടുകയുണ്ടായില്ല. തീര്‍ച്ചയായും അത് ആടാതിരിക്കുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല.
കീചകന്റെ പക്കല്‍ നിന്നും രക്ഷപെടുന്ന മാലിനി, വിരാടരാജാവിന്റെ പാചകശാലയില്‍ ‘വലലന്‍’ എന്ന പേരില്‍ വസിക്കുന്ന തന്റെ പതിയായ ഭീമസേനന്റെ പക്കലെത്തുന്നു. ‘കാന്താ! കൃപാലോ’ എന്ന മാലിനിയുടെ പദമാണ് തുടര്‍ന്ന്. കീചകന്റെ ദുര്‍വൃത്തികള്‍ കാരണമായി, മാലിനിക്കുണ്ടായ കഷ്ടതകള്‍ക്ക് പകരം ചോദിക്കുമെന്ന് വലലന്‍ അറിയിക്കുന്നു. എന്നാല്‍ വെളിച്ചത്തില്‍ നേരിടുക ഈ അവസ്ഥയില്‍ സാധ്യമല്ലെന്നതിനാല്‍, ഉപായത്തിലൂടെ അവന്റെ കഥകഴിക്കാമെന്ന് നിശ്ചയിച്ച്, കീചകനെ നാട്യഗൃഹത്തിലേക്ക് എത്തിക്കുവാന്‍ മാലിനിയോട് ആവശ്യപ്പെടുന്നു. അവിടെ കാത്തു നിന്ന് അവനെ നിഗ്രഹിക്കുവാനാണ് വലലന്റെ ഉദ്ദേശം. അപ്രകാരം ചെയ്യാമെന്ന് പറഞ്ഞ് മാലിനി രംഗത്തു നിന്നും മാറുന്നു.
ഈ ഭാഗങ്ങളെല്ലാം, ഈ വേദിയിലെന്നല്ല മിക്ക വേദികളിലും, വളരെ വേഗത്തില്‍ കഴിക്കുന്നതായാണ് കണ്ടിട്ടുള്ളത്. മാലിനിയുടെ വിലാപമായി അനുഭവപ്പെടേണ്ട ‘കാന്താ! കൃപാലോ’ എന്ന പദത്തിന് ആ ഭാവം നല്‍കുവാന്‍ പലപ്പോഴും കലാകാരന്മാര്‍ക്ക് കഴിയാറുമില്ല. ‘മതി, മതി, മതിമുഖി! പരിതാപം’ എന്ന വലലന്റെ പദവും വല്ലാതെ ധൃതിപിടിച്ചു തീര്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്. വളരെ അത്യാവശ്യമായി വേണ്ട പദങ്ങള്‍ മാത്രമേ ഇവിടങ്ങളില്‍ പാടാറുമുള്ളൂ. പദത്തിനു ശേഷം, ഇവര്‍ തമ്മില്‍ കാര്യമായ മനോധര്‍മ്മങ്ങളൊന്നും ആടാറുമില്ല. വലലന്, മാലിനിയോടുള്ള സ്നേഹം; കീചകനോടുള്ള കോപം; മാലിനിക്ക് വലലനിലുള്ള വിശ്വാസം ഇങ്ങിനെ വിവിധ ഭാവങ്ങള്‍ പ്രകടമാക്കേണ്ട ഈ രംഗം; ഒട്ടും പ്രാധാന്യമില്ലാത്തതെന്ന മട്ടില്‍ ഓടിച്ചു തീര്‍ക്കുന്നത് വളരെ കഷ്ടമാണ്. അല്പം കൂടി വിസ്‌തരിച്ച്, പദമൊക്കെ ഭംഗിയായി പാടിയാല്‍ തന്നെ, ഏറിയാല്‍ പതിനഞ്ച്-ഇരുപതി മിനിറ്റ് അധികമെടുക്കുമായിരിക്കും. അത്രയും സമയം ലാഭിക്കുന്നതിനായി ഈ രംഗം ഈ രീതിയില്‍ ചുരുക്കേണ്ടതുണ്ടോ?
കീചകന്‍ മാലിനിയെ പ്രതീക്ഷിച്ച് നാട്യഗൃഹത്തിലെത്തുന്നു. കീചകന്റെ പദമായ ‘കണ്ടിവാര്‍കുഴലീ!’യുടെ അവസാനം, നാട്യഗൃഹത്തില്‍ ഒളിച്ചിരിക്കുന്ന വലലന്‍, കീചകനെ ശരീരം ഞെരിച്ച് കൊലപ്പെടുത്തുന്നു. ഇരുട്ടില്‍ തപ്പി-തപ്പി നാട്യഗ്രഹത്തിലെത്തുന്ന കീചകനെ വാര്യര്‍ നന്നായി അവതരിപ്പിച്ചു. പദത്തിനു ശേഷം, ഇവളോടൊപ്പം ശയിക്കുക എന്നുറച്ച്, നാട്യഗൃഹത്തിന്റെ വാതില്‍ അടക്കുവാന്‍ പോകുമ്പോളാവട്ടെ, നല്ല വെളിച്ചത്തില്‍ പോയി അടച്ചു വരുന്നതുപോലെയാണ് ആടിയത്! അപ്പോഴും കണ്ണുകാണുവാന്‍ വയ്യാത്തത്ര ഇരുട്ടു തന്നെയാണല്ലൊ, അതു മറന്നതുപോലെ തോന്നി. കീചകന്‍, വലലനാല്‍ കൊല്ലപ്പെടുന്ന രംഗവും വാര്യര്‍ മനോഹരമാക്കി. വലലനായുള്ള ഫാക്ട് ജയദേവവര്‍മ്മയുടെ രംഗത്തെ പ്രവര്‍ത്തി തൃപ്തികരം എന്നേ പറയുവാനുള്ളൂ. ഇതിലും മനോഹരമായി അവതരിപ്പിക്കുവാന്‍ സാധ്യതയുള്ള കഥാപാത്രം തന്നെയാണ് ‘കീചകവധ’ത്തിലെ വലലന്‍.
പാലനാട് ദിവാകരന്‍, കലാനിലയം രാജീവന്‍ എന്നിവരാണ് കഥക്കു പാടിയത്. ഇരുവരുടേയും ആലാപനം മോശമായില്ല. എങ്കിലും ഹൈദരാലിയും മറ്റും പാടിക്കേട്ടിട്ടുള്ള ആസ്വാദകര്‍ക്ക് ഇത്രയും മതിയോ എന്നും സംശയമാണ്. മാര്‍ഗി രവിന്ദ്രന്‍ മദ്ദളത്തിലും, കോട്ടക്കല്‍ വിജയരാഘവന്‍ ചെണ്ടയിലും കളിക്ക് മേളമൊരുക്കി. ഇരുവരും, പ്രത്യേകിച്ച് വിജയരാഘവന്‍, വളരെ നന്നായി കൈക്കുകൂടി അരങ്ങില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അരങ്ങില്‍ നടനാടുന്നത് ആസ്വദിച്ചാണ് മേളത്തില്‍ ഏര്‍പ്പെടുന്നതെന്നതും വിജയരാഘവന്റെ ഒരു നല്ല വശമായി കണക്കാക്കാം. മേളത്തെയും, നടനത്തേയും എന്നതുപോലെ തന്നെ കഥാപാത്രങ്ങളുടെ ചുട്ടിയും, വേഷങ്ങളും, ഉടുത്തുകെട്ടും വളരെ മികച്ചതായിരുന്നു. എങ്ങിനെയെങ്കിലുമൊക്കെ മതി എന്ന അലസത ഒരു കഥാപാത്രത്തിലും കണ്ടില്ല. മാലിനിക്കും, സുദേഷ്ണയ്ക്കും ഉചിതമായ അലങ്കാരങ്ങള്‍ നല്‍കുവാന്‍ ശ്രദ്ധിച്ചുവെന്നതും എടുത്തുപറയേണ്ടുന്ന ഒന്നാണ്. ചുട്ടിയില്‍ പ്രവര്‍ത്തിച്ച ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍ പിള്ള, മാര്‍ഗി ശ്രീകുമാര്‍, മാര്‍ഗി രവികുമാര്‍; അണിയറയില്‍ ഗോപന്‍, തങ്കപ്പന്‍ പിള്ള, തങ്കപ്പന്‍ എന്നിവരും അഭിനന്ദനാര്‍ഹരാണ്. ചുരുക്കത്തില്‍ കഥകളി ആസ്വാദകര്‍ക്ക് മികച്ച ഒരു അനുഭവമാണ്, രംഗകലോത്സവത്തിന്റെ ഭാഗമയി ദൃശ്യവേദി ഒരുക്കിയ ‘കീചകവധം’ കഥകളി നല്‍കിയത്.
കളിയരങ്ങില്‍:
• കിഴക്കേക്കോട്ടയിലെ കീചകവധം: ഭാഗം 1 - ജൂണ്‍ 6, 2008
• കോട്ടക്കലെ കീചകവധം - ഏപ്രില്‍ 2, 2008
Description: KeechakaVadham staged at SriKarthikaThirunal Theater, East Fort, Thiruvananthapuram; as part of Kerala Rangakalolsavam organized by DrisyaVedi, Thiruvananthapuram. Kottackal Chandrasekhara Varier as Keechakan, Kalamandalam Vijayakumar as Sairandhri, Kalamandalam Anilkumar as Sudeshna, Fact Jayadeva Varma as Valalan. Pattu by Palanadu Divakaran and Kalanilayam Rajeevan. Kottackal Vijayaraghavan in Chenda and Margi Raveendran in Maddalam. Appreciation by Hareesh N. Nampoothiri aka Haree|ഹരീ.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri
7 അഭിപ്രായങ്ങൾ:
ദൃശ്യവേദി തിരുവനന്തപുരത്ത് നടത്തി വരുന്ന കേരള രംഗകലോത്സവത്തിന്റെ ഭാഗമായി, കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിക്കപ്പെട്ട ‘കീചകവധം’ കഥകളിയുടെ ആസ്വാദനത്തിന്റെ രണ്ടാം ഭാഗം.
--
Haree,
I read your write up of Keechakavadham part 2 held at Drisyavedi ,Thiruvananthapuram. In my messages I already projected about Sri. Anilkumar after seeing his Sudeshna in Keechakavadham a few years back at Kanchipuram in Tamilnadu. Really he is good actor.
His good quality is that he always watch other's performance.
C.Ambujakshan Nair
ഹരീ,വിവരണം നന്നായിട്ടുണ്ട്.
*കീചകന്റെ ഇരുന്നാട്ടം(തിരനോക്ക് കഴിഞ്ഞുടന്‍)ഇപ്പോള്‍ സാധാരണയായി(മടവൂര്‍ ഒഴിച്ച്) ആരും ചെയ്തുവരുന്നതു കാണുന്നില്ല.
*കീചകന്റെ ഒരുക്കം, സേവകന്‍ ഒരു സൈരന്ധ്രി കാണുവാന്‍ അനുവാദം ചോദിക്കുന്നു തുടങ്ങിയ ഭാഗങ്ങളൊന്നും ആടിയില്ല എന്നുകണ്ടു.ഈ ആട്ടങ്ങള്‍ വടക്കന്‍ ചിട്ടയില്‍ ഇല്ലാത്തവയാണ്.
*ഹരിണാക്ഷിക്കുമുന്‍പ് 3 കലാശങ്ങള്‍ ഉണ്ടോ? 2"കിടതകധീം താം” അല്ലെ ഇവിടെ പതിവുള്ളു.
*"സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസന്‍ കീചകനെ തടയുന്നതിനാലാണ് മാലിനിക്ക് രക്ഷപെടുവാന്‍ സാധിക്കുന്നത്, എന്നാലിവിടെ അത് ആടുകയുണ്ടായില്ല."
ഇതു സാധാരണ ആടാറുണ്ടോ? മദോത്കടന്‍ എന്ന വേഷം ഇല്ലാതെ ഇത് എങ്ങിനെ ആടും.ഇത് അടുത്ത രംഗമാണല്ലൊ,ആ രംഗം പതിവുമില്ലല്ലൊ.(വെറുതേ ഒരു വേഷത്തിന്റെ മിനക്കേടോര്‍ത്തിട്ടാവും ഈ രംഗം ഉപേക്ഷിച്ചത്.)
*‘മതി, മതി, മതിമുഖി! പരിതാപം’ എന്ന വലലന്റെ പദം ‘കാന്താ! കൃപാലോ’ യുടെ ഇരട്ടിക്കാലത്തിലാണ് ചിട്ടപ്രകാരം എടുക്കേണ്ടത്.എന്നാല്‍ പലപ്പോഴും അതിലും കാലംകേറ്റിയാണ് എടുഇടുത്തുകാണുന്നത്.ഈ പദത്തിനുശേഷം സ്വല്‍പ്പം മനോധര്‍മ്മ ആട്ടവും വേണ്ടതാണ്.ഇന്നാല്‍ ഇതും പലപ്പോഴും കാണാറില്ല.വലലവേഷം ചെയ്യുന്ന നടന്റെ പ്രാഗ്തഭ്യക്കുറവായിരിക്കും പലപ്പോഴും ഇതിനു കാരണം.
*വലലനാല്‍ കൊല്ലപ്പെടുന്ന രംഗവും വാര്യര്‍ മനോഹരമാക്കി എന്നുകണ്ടു. ചിത്രം കണ്ടിട്ട് ചായം ഒലിപ്പിക്കലൊക്കെയുണ്ടായി എന്നു തോന്നുന്നു.
*"എങ്കിലും ഹൈദരാലിയും മറ്റും പാടിക്കേട്ടിട്ടുള്ള ആസ്വാദകര്‍ക്ക് ഇത്രയും മതിയോ എന്നും സംശയമാണ്."-എന്തുചെയ്യാം ഇവര്‍ ഇവരുടെ കഴിവനുസ്സരിച്ചു പാടുന്നു.ഇതു കേള്‍ക്കുക,അതൊക്കെ ഓര്‍ക്കുക,ഇതേ നമുക്കുചെയ്യാനാകു.കീചകവധത്തെ സംഭന്ധിച്ച് നന്വീശനും കുറുപ്പുമൊക്കെ പാടികേട്ടിട്ടുള്ളവര്‍ക്ക് മറ്റാരുപാടിയാലും പോരാ എന്നുതന്നെ തോന്നും.
@ നായര്‍,
കമന്റിന് നന്ദി. :) അനില്‍കുമാര്‍ ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
@ മണി,
നന്ദി.
• മറ്റുള്ളവര്‍ക്ക് മടവൂരിനെ മാതൃകയാക്കാമല്ലോ!
• കീചകവധം അത്ര ചിട്ടപ്രധാനമല്ലല്ല്ലോ. തന്നെയുമല്ല, കഥയ്ക്ക് ആവശ്യമുള്ള ഭാഗങ്ങള്‍ മനോധര്‍മ്മമായി ആടുന്നതില്‍, ചിട്ട നോക്കേണ്ടതില്ല. നന്നെന്നു തോന്നുന്നവ ആട്ടത്തില്‍, ചിട്ട നോക്കാതെ ചേര്‍ക്കാവുന്നതാണ്, ചേര്‍ക്കേണ്ടതാണ്.
• രണ്ടെണ്ണമോ? ഒന്നുകില്‍ ഒരുവട്ടം, അല്ലെങ്കില്‍ മൂന്ന് അങ്ങിനെയല്ലേ എണ്ണം?
• മദോല്‍ക്കടനെ ആടാറില്ല. അത്, വേഷം രംഗത്തില്ലെങ്കിലും, പകര്‍ന്നാടാവുന്നതേയുള്ളൂ. മാലിനിക്ക് കീചകസവിധത്തില്‍ നിന്നും ഒറ്റയ്ക്ക് രക്ഷപെടുവാന്‍ സാധിക്കുകയില്ല എന്നതിനാല്‍ തന്നെ, അത് സൂചിപ്പിക്കാതിരിക്കുന്നത് ശരിയായ കാര്യമല്ല. അവിടെ കഥയുടെ ‘ലോജിക്ക്’ നഷ്ടപ്പെടുന്നു.
• അല്പം ചായമൊക്കെ ഉപയോഗിച്ചു, വൃത്തികേടാക്കിയില്ല.
--
*തീച്ചയായും മടവൂരിനെ പുതുതലമുറക്കാര്‍ മാത്യകയാക്കേണ്ടതാണ്.
*തീര്‍ച്ചയായും ചിട്ടപ്രധാനമാണ് കീചകവധം.അതുമാത്രമല്ല തന്വിയുടെ മറ്റു 2 കഥകളും ചിട്ടപ്രധാനം തന്നെ.
*2"കിടതകധീം താം” എന്നാണ് കലാമണ്ഡലം ചിട്ട.(പതമനാഭന്‍ നായരാശാന്റെ ‘ചൊല്ലിയാട്ടം’ പുസ്തകത്തില്‍ കാണുന്നത്.)
*കഥകളിപോലെ ഒരു ക്ലാസിക്കല്‍ കലയില്‍ അത്ര ലോജിക്കൊക്കെയെ വേണ്ടു. കാരണം ഇവിടെ കഥയേക്കാള്‍ പ്രാധാന്യം കളിക്കാണല്ലൊ!
പകര്‍ന്നാട്ടം എന്ന സബ്രദായം വടക്കര്‍ക്കില്ല.
മണി,വാതുക്കോടം.
"പകര്‍ന്നാട്ടം എന്ന സബ്രദായം വടക്കര്‍ക്കില്ല"
ശരിയാണോ മണീ?
രാവണോത്ഭവം,ബാലിവിജയം എന്നിവയിലെ കുട്ടിരാവണന്‍, രാവണന്‍
നിണമില്ലാതെയാടുന്ന നരകാസുരവധത്തിലെ നരകന്‍
......... എല്ലാം കണ്ടിട്ടൂണ്ടാവും എന്ന് കരുതുന്നു. ഇതിനൊന്നും വടക്കും തെക്കും ഭേദമില്ല.
നരകാസുര വധത്തില്‍ വടക്കന്‍ ചിട്ടയില്‍ നരകാസുരനു പകര്‍ന്നാട്ടം ഇല്ല ... നിണം ഇല്ലെങ്കില്‍, പറയുന്നതു കേള്‍ക്കുന്നതായെ നടിക്കറുള്ളു.
പിന്നെ പകര്‍ന്നാട്ടം ആകാം... അതു മുന്‍പു നടന്നതോ, സങ്കല്പത്തിലുള്ളതോ ആയ കാര്യങ്ങള്‍ ആടുന്ന സമയത്തു മാത്രം ... ഉദാഹരണത്തിനു രാവണോത്ഭവത്തിലെ തപസ്സാട്ടം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--