2008, ജൂലൈ 10, വ്യാഴാഴ്‌ച

മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം രണ്ട്

DuryodhanaVadham Kathakali staged at SriVallabhaKshethram, Mathilbhagam, Thiruvalla: Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmanian as SriKrishnan, Kalamandalam Shanmukhadas as Panchali, Kalamandalam Ramachandran Unnithan as RaudraBhiman.

ദുര്യോധനവധത്തിലെ ചൂത് വരെയുള്ള രംഗങ്ങളുടെ ആസ്വാദനം കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ. യുദ്ധം ഒഴിവാക്കുവാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ശ്രീകൃഷ്ണന്‍ ദൂതുപറയുവാനായി കൌരവസഭയിലേക്ക് തിരിക്കുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കണ്ട് തനിക്ക് കൌരവന്മാരില്‍ നിന്നും നേരിട്ട അപമാനത്തെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ ശാപം ഫലിക്കണമെങ്കില്‍ യുദ്ധം നടക്കണമെന്നാണ് പാഞ്ചാലിയുടെ മതം. നവരസം രാഗത്തിലുള്ള “പരിപാഹിമാം ഹരേ! പത്മാലയ പതേ!” എന്ന പദമാണ് പാഞ്ചാലിയുടേത്. “കേശമിതു കണ്ടു നീ, കേശവാ! ഗമിക്കേണം.” എന്നുപറയുന്ന പാഞ്ചാലിയെ സമാശ്വസിപ്പിച്ചുകൊണ്ടുള്ള ശ്രീകൃഷ്ണന്റെ പദം, “പാര്‍ഷതി! മമ സഖി!” എന്ന പദമാണ് തുടര്‍ന്ന്.



DuryodhanaVadham Kathakali: Kalamandalam Balasubrahmanian as SriKrishnan, Kalamandalam Shanmukhadas as Panchali.

കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ശ്രീകൃഷ്ണനായി വേഷമിട്ടത്. വേഷഭംഗികൊണ്ടും, അരങ്ങിലെ പ്രവര്‍ത്തികൊണ്ടും ഇതിനോടകം ആസ്വാദകരുടെ ശ്രദ്ധ നേടിയ ഒരു കലാകാരനാണദ്ദേഹം. കലാമണ്ഡലം ഗോപിയുടെ ശിഷ്യന്മാരില്‍ പ്രഥമഗണനീയനാണെന്നതും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. ഈ സവിശേഷതകളോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇവിടെയും അദ്ദേഹം അരങ്ങത്തു പ്രവര്‍ത്തിച്ചത്. പദത്തിന്റെ അവസാനം ഒരു ചെറിയ മനോധര്‍മ്മാട്ടവുമുണ്ടായി. നിന്റെ പതിയായ ഭീമസേനന്‍ തീര്‍ച്ചയായും ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ചോര കുടിക്കും, അതു നിന്റെ തലമുടിയില്‍ തൂവി, മുടി കെട്ടുകയും ചെയ്യും. അതിനുള്ള സമയം വളരെ അടുത്തു കഴിഞ്ഞു. നീ സമാധാനമായി വസിക്കുക, എന്നാണ് ആട്ടത്തിന്റെ രത്നച്ചുരുക്കം. ഇപ്രകാരം പറഞ്ഞ് പാഞ്ചാലിയെ യാത്രയാക്കിയ ശേഷം, ഇനി വേഗം ദൂതിനുപോകുവാന്‍ തയ്യാറെടുക്കുക തന്നെ എന്നാടി; സേവകരെ തേരു തയ്യാറാക്കി കൊണ്ടുവരുവാന്‍ നിയോഗിക്കുന്നു.



സേവകര്‍ തയ്യാറാക്കി കൊണ്ടുവരുന്ന തേര് വിശദമായി നോക്കിക്കാണുന്ന ആട്ടം സാധാരണ പതിവുള്ളതാണ്. ഗരുഡനെ സ്മരിച്ച്, കൊടിക്കൂറയില്‍ ഇരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതും മറ്റുമാണ് ആടാറുള്ളത്. എന്നാല്‍ ഇവയൊന്നും ഇവിടെ ഉണ്ടായില്ല. തേരു കണ്ട് തൃപ്തിപ്പെട്ട്, അതില്‍ കയറി വേഗം തന്നെ തിരിക്കുന്നതായാണ് ആടിയത്. കലാമണ്ഡലം ഷണ്മുഖദാസിന്റെ പാഞ്ചാലിയും കാര്യമായ മനോധര്‍മ്മമൊന്നും ആടുകയുണ്ടായില്ല. അക്ഷയപാത്രവും, ദുര്‍വ്വാസാവുമായി ബന്ധപ്പെട്ട കഥയും, ശ്രീകൃഷ്ണന്‍ അന്നും പാഞ്ചാലിയെ സഹായിക്കുന്നതിനായെത്തിയതും മറ്റും സ്മരിക്കാവുന്നതാണ്. അതൊന്നും ഇവിടെ ഉണ്ടായില്ല. ശ്രീകൃഷ്ണനും, പാഞ്ചാലിയും തമ്മിലുള്ള രംഗം ദുര്യോധനവധത്തിലെയെന്നല്ല, സമസ്ത കഥകളിലേയും മികച്ച ഒന്നാണ്. ആ ഭാഗങ്ങള്‍ ലോപിപ്പിക്കുന്നതും, വേണ്ടും വണ്ണം ആടാതിരിക്കുന്നതും തികച്ചും ഖേദകരമാണ്.



തുടര്‍ന്ന് ദുര്യോധനന്റെ രണ്ടാം സഭയും കഥയിലുണ്ടെങ്കിലും, ആ രംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. യാദവനായ ശ്രീകൃഷ്ണന്‍ സഭയില്‍ പ്രവേശിക്കുമ്പോള്‍, രാജാക്കന്മാരാരും തന്താങ്ങളുടെ സ്ഥാനം വിട്ടെഴുന്നേല്‍ക്കരുതെന്നും, അങ്ങിനെ ചെയ്യുന്നവര്‍ തനിക്ക് പിഴ നല്‍കണമെന്നും മറ്റും പറയുന്ന രംഗമാണിത്. ഏറിയാല്‍ പത്തോ പതിനഞ്ചോ മിനിറ്റെടുത്ത് ആടി തീര്‍ക്കാവുന്ന ഈ രംഗം ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീകൃഷ്ണന്റെ സഭയിലേക്കുള്ള പ്രവേശനത്തിന്റെ മാറ്റ് ഈ രംഗം ഒഴിവാക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു. തുടര്‍ന്ന് ധൃതരാഷ്ട്രരുമായുള്ള രംഗം മിക്കയിടത്തും അവതരിപ്പിച്ചുകാണാറില്ല. മറ്റൊരു വേഷം അല്പസമയത്തേക്കായി വേണ്ടിവരും എന്ന പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുവാനായി, ഈ രംഗം ഒഴിവാക്കുന്നത് മനസിലാക്കാം. എങ്കിലും; ദുര്യോധനന്‍, ദുശ്ശാസനന്‍ എന്നിവരെക്കൊണ്ട് മാത്രം അവതരിപ്പിക്കാവുന്ന തൊട്ടു മുന്‍പുള്ള രംഗം ഒഴിവാക്കേണ്ടതില്ല.



DuryodhanaVadham Kathakali: Kottackal Chandrasekhara Varier as Duryodhanan, Kalamandalam Balasubrahmanian as SriKrishnan.

ശ്രീകൃഷ്ണന്‍ ദൂതിനായി സഭയിലേക്ക് പ്രവേശിക്കുകയാണ് തുടര്‍ന്ന്. പാതിരാജ്യം, അഞ്ചു ദേശങ്ങള്‍, അഞ്ചു ഗ്രാമങ്ങള്‍, അഞ്ചു ഗൃഹങ്ങള്‍, ഇതൊന്നുമല്ലെങ്കില്‍ ഒരു ഗൃഹമെങ്കിലും പാണ്ഡവര്‍ക്കു നല്‍കണമെന്നു പറയുന്ന ശ്രീകൃഷ്ണനോട്; സൂചികുത്തുവാന്‍ പോലും അവരെ അനുവദിക്കില്ലെന്ന് ദുര്യോധനന്‍ അറിയിക്കുന്നു. തുടര്‍ന്ന് പാണ്ഡുവിന്റെ പുത്രന്മാരല്ല പാണ്ഡവരെന്നും, അതിനാല്‍ അവര്‍ക്ക് ഭൂമിയില്‍ അവകാശമില്ലെന്നും ദുര്യോധനന്‍ അറിയിക്കുന്നു. വിചിത്രവീര്യജന്റെ പുത്രനല്ല ദുര്യോധനന്റെ താതനും, അതിനാല്‍ ദുര്യോധനനും ഈ ഭൂമിയില്‍ അവകാശമൊന്നുമില്ലെന്ന് അറിയിക്കുന്നു. ഇതുകേട്ട് കോപിക്കുന്ന ദുര്യോധനാദികള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഒരുങ്ങുന്നു. തുടര്‍ന്ന് വിശ്വരൂപം കാട്ടുന്ന ശ്രീകൃഷ്ണന്റെ പ്രഭയില്‍ ദുര്യോധനാദികളുടെ ബോധം നഷ്ടപ്പെടുന്നു. മുമുക്ഷു ശ്രീകൃഷ്ണനെ സ്തുതിക്കുന്നു.



DuryodhanaVadham Kathakali: Kalamandalam Ramachandran Unnithan as RaudraBhiman, Kottackal Devadas as Dussasanan.

രൌദ്രഭീമന്റെ തിരനോക്കാണ് അടുത്തത്. രൌദ്രഭീമന്‍, തിരനോട്ടത്തിനു ശേഷം ദുശ്ശാസനന്‍ എവിടെയാണെങ്കിലും അവനെ കണ്ടുപിടിച്ച് നിഗ്രഹിക്കുക തന്നെ ചെയ്യുമെന്നാടി, ദുശ്ശാസനനെ ദൂരെ കാണുന്നു. “നില്ലെടാ, നില്ലെടാ, നീയല്ലോ പണ്ടെന്റെ...” എന്നു പദത്തിനൊടുവിലായി ദുശ്ശാസനന്റെ മാറുപിളര്‍ന്ന് കൊല്ലുന്നു. തുടര്‍ന്ന് പാഞ്ചാലിയുടെ സമീപമെത്തി രക്തം തലമുടിയില്‍ തൂവി തലമുടി ബന്ധിക്കുന്നു. ദുര്യോധനനുമായുള്ള യുദ്ധമാണ് അടുത്ത രംഗത്തില്‍. ഇതിനിടയില്‍ ശ്രീകൃഷ്ണന്‍ രംഗത്തെത്തി തുടയിലടിക്കുവാന്‍ പറയുന്നുമുണ്ട്. ദുര്യോധനനെയും വധിച്ച ശേഷം ഭീമന്‍ വീണ്ടും ശ്രീകൃഷ്ണന്റെ സമീപമെത്തുന്നു. ശ്രീകൃഷ്ണന്‍ ഭീമനെ ആശ്വസിപ്പിച്ചയയ്ക്കുന്നു.



കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് രൌദ്രഭീമനായി അരങ്ങിലെത്തിയത്. അദ്ദേഹത്തിന്റെ രൌദ്രഭീമന് ഇനിയും രൌദ്രത ആവാമെന്നു തോന്നി. നാടകീയത കൂടുതലായി കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതുമൂലം, ഭാവത്തില്‍ സ്ഥായി കൈവരിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. കലാമണ്ഡലം അരുണാണ് രണ്ടാമത് ശ്രീകൃഷ്ണനായെത്തിയത്. ബാലസുബ്രഹ്മണ്യന് ട്രയിന്‍ നഷ്ടപ്പെടുവാതിരിക്കുവാനാണ് നേരത്തേ പോയത് എന്നാണ് പറഞ്ഞുകേട്ടത്. ഇവരൊക്കെ ട്രയിനില്‍ യാത്ര ചെയ്യുവാനാണോ, അതോ കഥകളി അവതരിപ്പിക്കുവാനാണൊ വരുന്നതെന്ന് സംശയിച്ചു പോവും ഇതൊക്കെ കാണുമ്പോള്‍. അരുണിനെപ്പോലെ ഒരു അരങ്ങുപരിചയം ആയിട്ടില്ലാത്ത ഒരു കലാകാരന് ചെയ്യുവാന്‍ സാധിക്കുന്നതല്ല ദുര്യോധനവധത്തിലെ അവസാന രംഗം. ഭീമനുമായി ചേര്‍ന്ന് നല്ല രീതിയില്‍ ഒരു മനോധര്‍മ്മാട്ടത്തിനു സാധ്യതയുള്ള രംഗം അവതരിപ്പിക്കുവാന്‍ നില്‍ക്കാതെ; ട്രയിനിന്റെ സമയം നോക്കി വേഷം കെട്ടുന്നതും, അഴിക്കുന്നതും കലയോടുള്ള ആത്മാര്‍ത്ഥതക്കുറവായി മാത്രമേ കാണുവാന്‍ കഴിയൂ. (അദ്ദേഹത്തിനൊരു പക്ഷെ, ഒഴിവാക്കുവാന്‍ കഴിയാത്ത അത്യാവശ്യം ഉണ്ടായിരുന്നിരിക്കാം; എന്നാല്‍ അദ്ദേഹം മാത്രമല്ല മറ്റു പല കലാകാരന്മാരും ഇതൊരു പതിവാക്കിയിരിക്കുന്നത് കാണുവാന്‍ കഴിയും.) കളിയുടെ അവസാനമായപ്പോഴേക്കും പാട്ടും, മേളവും എല്ലാം വഴിപാടുമാത്രമായി തീര്‍ന്നു. ഒരു നല്ല കളിയായി അവസാനിക്കേണ്ടിയിരുന്ന ‘ദുര്യോധനവധം’; പ്രഗല്‍ഭരായ ഒട്ടുമിക്ക കലാകാരന്മാരും അണിനിരന്നിട്ടും, ഓര്‍ത്തിരിക്കുവാന്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കളിയായിമാറുകയും ചെയ്തു.



DuryodhanaVadham Kathakali: Kalamandalam Ramachandran Unnithan as RaudraBhiman.

തിരുവല്ല ഗോപിനാഥന്‍ നായര്‍, ചിങ്ങോലി പുരുഷോത്തമന്‍ എന്നിവരുടേതായിരുന്നു ചുട്ടി. ദുശ്ശാസനന്റേയും, രൌദ്രഭീമന്റേയും ചുട്ടി കളിക്കിടയില്‍ ഇളകിപ്പോയി. കലാകാരന്മാര്‍ ആവശ്യത്തിനു സമയം ചുട്ടി ഉണങ്ങുവാന്‍ നല്‍കാത്തതും ഇതിനൊരു കാരണമാണ്. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, എല്ലാ രസവും കളയുന്നതാണ് ഇതുപോലെ ചുട്ടി ഇളകിപ്പോവുന്നതും മറ്റും. സ്ഥിരം കഥകളി നടക്കുവാറുള്ള വേദിയായിട്ടു കൂടി രംഗസജ്ജീകരണം വളരെ അലംഭാവത്തോടെയാണ് ചെയ്തിരിക്കുന്നതെന്നു തോന്നി. വേഷങ്ങളുടെ ഉടുത്തുകെട്ടും വളരെ മോശമായി അനുഭവപ്പെട്ടു. വസ്ത്രങ്ങളും, കോപ്പുകളുമെല്ലാം വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനാല്‍ ഭംഗി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കഥകളി നടക്കുന്ന ഒരു വേദി എന്നതെങ്കിലും കണക്കിലെടുത്ത് ഈ കാര്യങ്ങളിലെല്ലാം, ഇതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ ഈ കാര്യങ്ങളില്‍ നല്‍കിയെങ്കില്‍ എന്നാശിച്ചു പോവുന്നു. അല്ലെങ്കില്‍, ഒരു വഴിപാടു നടത്തിയെന്നതിനപ്പുറം കഥകളിക്ക് ഒരു നേട്ടവും ശ്രീവല്ലഭക്ഷേത്രത്തിലെ അവതരണം കൊണ്ട് ഉണ്ടാവുകയില്ല. ചുരുക്കത്തില്‍ മോശമെന്നു പറയുവാനാവാത്ത ഒന്നു മാത്രമായി മതില്‍ഭാഗത്ത് അവതരിക്കപ്പെട്ട ദുര്യോധനവധം.





Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmaniam and Kalamandalam Arun as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Mumukshu, Kalamandalam Ramachandran Unnithan as RaudraBhiman. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.

--

8 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

മതില്‍ഭാഗം ശ്രീവല്ലഭക്ഷേത്രത്തില്‍ അവതരിപ്പിക്കപ്പെട്ട ‘ദുര്യോധനവധം’ കഥകളിയുടെ ആസ്വാദനം, രണ്ടാം ഭാഗം.
--

Haree പറഞ്ഞു...

smitha adharsh said...
ട്ടോ..ട്ടോ..തേങ്ങയുടച്ചു...ആദ്യമായാണ്‌ ഈ വഴി....ശരിക്കും വ്യത്യസ്തമായ ഒരു പോസ്റ്റ്....നന്നായിരിക്കുന്നു..
July 10, 2008 1:13 PM

AMBUJAKSHAN NAIR പറഞ്ഞു...

Haree,
I read your write up on Duryodhanavadham at Thiruvalla. The rangam Krishna and Dritharashtrar was stopped very long back. But the ilakiyattam at the rangam with Krishna and Panchali also reducing now a days.
Why I dont know all the artists now not taking interest for the very beautiful ilakiyattams.
Thank You
C.Ambujakshan Nair

vadavosky പറഞ്ഞു...

ഹരി,
ഞാന്‍ പലതവണ ദുര്യോധനവധം കണ്ടിട്ടും ദുശ്ശാസനനെ കൊല്ലുന്നതോടുകൂടി കളി അവസാനിക്കുന്നതാണ്‌ കണ്ടിട്ടുള്ളത്‌. ദുര്യോധനവധം കഥകളിയില്‍ ദുര്യോധനനെ കൊല്ലുന്നത്‌ കാണിക്കാറില്ല ഒരിക്കലും എന്ന് ഞാന്‍ ധരിച്ചിരിക്കുകയായിരുന്നു

engineering consultant പറഞ്ഞു...

I remeber to have seen Duryodhana Vadham ending with the killing of Duryodhana with Krishanana acted by gret Maankulam and Duryodhanan by Chengannor Aassan.But many times it ended with Rodrabheeman killing Dussasanan.
PGPanikkar

Haree പറഞ്ഞു...

@ സ്മിത ആദര്‍ശ്,
നന്ദി. വ്യത്യസ്തമായ ബ്ലോഗ് എന്നാണ് ഉദ്ദേശിച്ചതെന്നു കരുതട്ടെ. ചില സാങ്കേതിക കാരണങ്ങളാല്‍, ഒന്നുകൂടി പോസ്റ്റ് ചെയ്യേണ്ടതുണ്ടായതിനാലാണ്, കമന്റ് ഈ രീതിയില്‍ എടുത്ത് ചേര്‍ത്തത്. :)

@ നായര്‍,
നന്ദി. :) ആസ്വാദകര്‍ കൂടുതല്‍ ഗൌരവത്തോടെ ഇതിനെ സമീപിച്ചാല്‍, കലാകാരന്മാര്‍ ആട്ടം ചുരുക്കുകയില്ലെന്നു കരുതാം.

@ വഡവോസ്കി,
അങ്ങിനെ ഒരിക്കലും കാണിക്കാറില്ല എന്നില്ല. കാണിക്കണം എന്നുമില്ല. ഒരു ആസ്വാദകനെന്ന നിലയില്‍, അത് കാണിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. എങ്കില്‍ തന്നെയും ശ്രീകൃഷ്ണന്‍ വശത്തായി വന്നിരുന്ന ശേഷം, മനോധര്‍മ്മമായി ഭീമന്‍ ദുര്യോധനനെ കൊല്ലുന്നതും ആടിയ ശേഷം (വിവരമുള്ള കൃഷ്ണനാണെങ്കില്‍ ആ സമയം, ആട്ടം മനസിലാക്കി തുടയില്‍ തട്ടി ഭീമനെ കാണിക്കുകയും ചെയ്യും); ശ്രീകൃഷ്ണന്റെ മുന്നിലെത്തുന്നതായി ആടാറുണ്ട്.

@ എഞ്ചിനീറിംഗ് കണ്‍സള്‍ട്ടന്റ്,
നന്ദി. :) അന്നാരായിരുന്നു രൌദ്രഭീമന്‍? അന്ന് ഇന്നു കാണുന്നതിലപ്പുറമായി ആട്ടങ്ങളും മറ്റും ഉണ്ടായിരുന്നുവോ?

-- ഓര്‍മ്മ --
ഞാന്‍ ജോലി ചെയ്യുന്ന സെന്ററില്‍, കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് ഒരു ദുര്യോധനവധം അവതരിപ്പിച്ചു. ‘ഇന്‍സ്റ്റന്റ് കഥകളി’യാണേ... “പരിപാഹിമാം...”, “നില്ലെടാ നില്ലെടാ...”, ദുശ്ശാസനനെ വധിക്കുന്നു - ഇത്രയുമേ ഉണ്ടായുള്ളൂ. ഒരു സെമിനാറിന്റെ ഭാഗമായാണ് അതു നടത്തിയത്. അതിനു ശേഷം, അതിനെക്കുറിച്ചുള്ള വിലയിരുത്തലുകളും മറ്റും വന്നപ്പോള്‍, ഞാന്‍ വലിയ ഒരു തെറ്റ് വരുത്തി എന്നാണ് ചൂണ്ടിക്കാട്ടിയത്. ദുര്യോധനവധം എന്ന് നോട്ടീസിലും, ബ്രോഷറുകളിലും, വെബ് സൈറ്റിലും മറ്റും പറഞ്ഞിട്ട്; ദുശ്ശാസനവധമാണ് നടത്തിയതെന്ന്! കഥ മാറിപ്പോയി എന്ന രീതിയിലാണ് എല്ലാവരും അതിനെ കണ്ടത്! ദുശ്ശാസനനെവരെയേ കൊല്ലാറുള്ളൂ എങ്കിലും, കഥയുടെ പേരു മാറ്റാറില്ലല്ലോ! ഞാന്‍ കാര്യം വിശദീകരിച്ചു. രസകരമായ കാര്യം, ഇപ്പോളും അവരില്‍ പലരുടേയും തെറ്റിദ്ധാരണ മാറിയിട്ടില്ല എന്നതാണ്.
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

നാടകീയത, ക്ലൈമാക്സ് എന്നിവയൊക്കെ നന്നായി മനസ്സിലാക്കിയവര്‍ തന്നെ തീരുമാനിച്ചതാണ്‍ ദുശ്ശാസന വധത്തൊടെ അവസാനിപ്പിക്കുക എന്ന്ത. ദുശ്ശാസനവധംസംഭവബഹുലവും അതിഭീകരവും ബീഭത്സദൃശ്യസമ്പാന്നവുമാണ്. അതിനു ശേഷം വേറൊരു വധം ഈ അതിഭാവുകത്വദര്‍ശനത്തിന്റെ മാറ്റു കുറ്യ്ക്കും.

കൃഷ്ണന്‍ നായരുടെ രൌദ്രഭീമനെ പല തവണ കണ്ടിട്ടുണ്ട്. ദുര്യോധന വധം ആടിക്കണ്ടിട്ടില്ല.

ചെറിയ തിരുത്തുകള്‍:
പരി പാഹിമാം ഹരേ പദ്മാലയാപതേ...എന്നാണ്.

”ഗ്രഹം“ എന്നല്ല “ഗൃഹം” എന്നാണ്. ഇത് ഹരിയ്ക്ക് അറിയാഞ്ഞിട്ടല്ല.

Haree പറഞ്ഞു...

@ എതിരൻ കതിരവൻ,
:-) ഗൃഹം എന്നു തിരുത്തിയിട്ടുണ്ട്. ‘പദ്മാലയപതേ!’ എന്നാണോ ‘പത്മാലയപതേ!’ എന്നാണോ? ‘പത്മാലയപതേ!’ എന്നാണ് ശരി എന്നു തോന്നുന്നു.

ദുര്യോധനനെ കൊല്ലുന്നത് അവതരിപ്പിക്കുന്നത് തികച്ചും അനാവശ്യമാണ്. മറ്റൊരു കാര്യം സൂചിപ്പിക്കുവാൻ വിട്ടുപോയത്, കഥയിൽ ഒരു ദുര്യോധനനേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. പതിഞ്ഞരംഗം മുതൽ, വധം വരെ വാര്യർ ദുര്യോധനവേഷത്തിൽ ഇരുന്നു. ഇങ്ങിനെ സംഘാടകർ കാട്ടിയത് വളരെ കടന്നുപോയി. ഒരിക്കൽ ഹൃദയാഘാതം വന്നിട്ടുള്ള ഒരു കലാകാരനെ, വധം കാണിക്കുവാനായി മാത്രം ഏതാണ്ട് ഒരു മണിക്കൂറോളം അധികം, വേഷത്തിൽ ഇരുത്തുന്നത് കഷ്ടമാണ്. അങ്ങിനെ വേണം എന്നു നിർബന്ധമായിരുന്നെങ്കിൽ, മറ്റൊരു ദുര്യോധനനെക്കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു. ഇതേ അവസരത്തിലാണ്, കൃഷ്ണനായി രണ്ട് കലാകാരന്മാർ അരങ്ങിലെത്തിയതെന്നും ഓർക്കുക. ഈ രീതിയിലുള്ള ചൂഷണങ്ങൾക്ക് ചന്ദ്രശേഖര വാര്യരെപ്പോലെയുള്ള സീനിയർ കലാകാരന്മാർ നിന്നുകൊടുക്കേണ്ടതില്ല.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--